September 6, 2008

ജീവിതത്തിന്റെ മറ്റേ വശം



വേദന ഒരു പങ്കാളിത്തം ആവശ്യപ്പെടുന്നുണ്ട്. ട്രാജഡികളില്‍ നിങ്ങള്‍ കൂടി ഭാഗഭാക്കാണ്. അതല്ല തമാശകളുടെ സ്ഥിതി. അവിടെ നമുക്കുള്ളത് ദൃക്‌സാക്ഷിത്വമാണ്. ആള്‍ഡസ് ഹക്‍സ്‌ലി ആ വഴിയ്ക്ക് ആലോചിച്ചിട്ടുണ്ട്. മറ്റൊരുത്തന്റെ മാത്രമല്ല, സ്വന്തം ദുരന്തത്തെ തന്നെ ഒരുവനു മാറിനിന്നു കണ്ടു ചിരിക്കാം. അതെക്കുറിച്ച് പറഞ്ഞ് ചിരിപ്പിക്കുകയും ചെയ്യാം. അങ്ങനെ അയാള്‍ക്ക് ഒറ്റപ്പെടുക എന്ന അവസ്ഥയില്‍ നിന്നു രക്ഷപ്പെടാം. ‘ശവക്കുഴിയിലേയ്ക്ക് എത്തിനോക്കിയ ഒരുവന്റെ തൊപ്പി അതിലേയ്ക്കു വീഴുന്നതു കണ്ടും നമ്മള്‍ ചിരിക്കും എന്ന് കുന്ദേര. തീക്ഷ്ണമായ ക്രോധത്തിലും തീവ്രമായ ദുഃഖത്തിലും ഇച്ഛാഭംഗങ്ങളിലും ലൈംഗികതയിലുമൊക്കെ വേരുകളാഴ്ത്തി നിന്നു കൊണ്ടാണ് ചിരി നമ്മുടെ തലയുടെ നെരിയാണി തെറ്റിക്കുന്നത്. ‘ഹാളിന്റെ മൂലയില്‍ നിന്ന് വിലാപം പോലെ ചിരിയുയര്‍ന്നു’ എന്നു പറഞ്ഞാല്‍ പ്രസംഗവഴിപാട് നടത്തിക്കൊണ്ടിരുന്നവനു കാര്യങ്ങള്‍ തീരെ പ്രോത്സാഹനപരമായിരുന്നില്ലെന്ന് അര്‍ത്ഥമുണ്ട്. അതിനെ ആഖ്യാതാവ് നേരിട്ട ഒരു വഴിയാണ് ഈ തമാശ. എതിരില്‍ വരുന്ന വിപരീതങ്ങള്‍ക്ക് നേരെ ആത്മവിശ്വാസത്തോടെയിരിക്കാനുള്ള മൂലധനം സ്വരൂപിക്കലാണ് കോമാളിയായിരിക്കുക എന്നത്. ജീവിതത്തിന്റെ മറ്റേ വശം. ജീവിച്ചിരിക്കുന്നതിന്റെ ‘സഹനീയമായ ലാഘവത്വം’. ദ ബെയറബിള്‍ ലൈറ്റ്‌നെസ്സ് ! അതു കൊണ്ടാവും, തനിക്ക് കോമാളിയായിരുന്നാല്‍ മതിയെന്ന് ചാപ്ലിന്‍ പറഞ്ഞു. ( ലോകമറിയുന്ന സൂപ്പര്‍സ്റ്റാറായിട്ടെന്ത്? അമ്മയ്ക്ക് വേണ്ടിയിരുന്ന സമയത്ത് ആഹാരം വാങ്ങിക്കൊടുക്കാനുള്ള ചില്ലി കൈയിലുണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് ഭ്രാന്ത് വരില്ലായിരുന്നു എന്ന് ആത്മകഥയില്‍ നെടുവീര്‍പ്പിട്ട പുള്ളിയാണ് ചുള്ളന്‍! )

മൂത്രാശയസംബന്ധമായ രോഗത്തിന്റെ നിഴലുപിടിച്ച് വി കെ എന്‍ ‘പാത്രാശയ സംബന്ധമായ രോഗ’മെന്നെഴുതി വിട്ടത് ഒരു പാരഡിയാണ്. രാജീവ് ചേലാട്ടിന്റെ നിശ്ശബ്ദവും ഗൌരവമുള്ളതുമായ ‘അഭിവാദ്യങ്ങളെ’ കുഴല്‍‌വാദ്യങ്ങളും തകില്‍ വാദ്യങ്ങളും പഞ്ചവാദ്യങ്ങളുമൊക്കെയാക്കി ‘മഞ്ഞ ഒതളങ്ങ’ അനോനിമാഷുടെ ബ്ലോഗില്‍ ഒച്ചയും ബഹളവുമുണ്ടാക്കി. വാക്കുകളുടെ പാരഡിയില്‍ നിന്നാണ് അവിടെയെമ്പാടും ചിരി പെയ്തത്. വര്‍മ്മാലയത്തിന്റെ പൂട്ടു തകര്‍ത്തും
കെട്ടു പൊട്ടിച്ചും ഇറങ്ങിവന്ന വര്‍മ്മമാര്‍ ഭ്രാന്തു പറഞ്ഞ് കൂട്ടചിരിയും കൂക്കുവിളിയുമുയര്‍ത്തി. ‘വി കെ എന്‍-ന്റെ‘ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ഗൌരവങ്ങള്‍ അത് തലങ്ങും വിലങ്ങും ചത്തു വീഴുന്ന ശബ്ദമായിരുന്നു. ബ്ലോഗെന്ന അതിവാസ്തവ ലോകത്തില്‍, അനോനിമാഷെന്ന ഏതു നിമിഷവും രൂപം മാറാവുന്ന അജ്ഞാതവ്യക്തിത്വത്തിന് തത്ത്വചിന്താപരമായ ആഴമുണ്ട്. വെറുമൊരു കുട്ടിക്കളിയല്ല അയാള്‍/അവള്‍. അജ്ഞാതര്‍ വര്‍മ്മമാരും കരടികളും മറ്റും മറ്റുമായി അവിടെയ്ക്കൊഴുകിയത് അതിന്റെ കാര്‍ണിവല്‍ സ്വഭാവം കൊണ്ടാണ്. അതു വിശദമായി പഠിക്കപ്പെടേണ്ടതാണ്. ‘കേറിനിരങ്ങിയവര്‍’ എന്ന വിശേഷണം കൊണ്ട് അയാള്‍ തന്റെ പക്ഷത്തേയ്ക്കും കല്ലു പായിച്ചിട്ടുണ്ട്. അതും ചിരിയാണ്. അതു കണ്ടാലും ചിരിവരും. പലതരത്തിലുള്ള ‘ഗൌരവ’ങ്ങളെ കൊല്ലുന്നതിലൂടെ അധികാരത്തെ വെല്ലുവിളിക്കുകയാണ് ഹാസ്യം ചെയ്യുന്നത്. സുകുമാരവദനനായ നിഷേധം?

സ്വയം പുറപ്പെടുവിച്ച അതിവികാരത്തിന്റെ തീപിടിച്ചവാക്കുകളില്‍ പുകഞ്ഞ്, ടംബ്ലറില്‍ കുറച്ചുവെള്ളമെടുത്തു കുടിച്ചിട്ട് ബാക്കി കാലുറയ്ക്കകത്തേയ്ക്കും ഒഴിക്കുന്നുണ്ട്, ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ ചാര്‍ലി ചാപ്ലിന്റെ ഹിറ്റ്ലര്‍, ‘ദ ഗ്രേറ്റ് ഡിക്ടേറ്ററി’ല്‍. എവിടെയൊക്കെയാണ് ചൂട് ! അതുകണ്ട് സാക്ഷാല്‍ ഹിറ്റ്ലറിനു പിന്നെയും ചൂടു കയറിയതില്‍ വല്ല അദ്ഭുതവുമുണ്ടോ? ‘യുദ്ധം ചെയ്യാന്‍ അഭ്യസിക്കുവിന്‍ എന്ന ഉപദേശം ജര്‍മ്മനിയിലെ യുവാള്‍ക്ക് നല്‍കിയ ഡോക്ടര്‍ ഗീബത്സിനെ നോക്കി സഞ്ജയന്‍ (മാണിക്കോത്ത് രാമുണ്ണിനായരാണ് ഈ സഞ്ജയന്‍. ശ്രദ്ധിക്കണം അനോനികളും അവരുടെ മാഷും അന്നേയുണ്ട്, കാലം മുപ്പതുകള്‍. സഞ്ജയന്‍ 1943-ല്‍ മരിച്ചു) പറഞ്ഞു : ‘നീന്തുവാന്‍ അഭ്യസിക്കുവിന്‍’ എന്ന് ഡോക്ടര്‍ ഗീബത്സ് ജര്‍മ്മനിയിലെ മത്സ്യങ്ങളോട് ഉപദേശിക്കുന്ന ശോഭനമുഹൂര്‍ത്തത്തെ ഞങ്ങള്‍ സകൌതുകം പ്രതീക്ഷിക്കുന്നു! “ലോകത്തിലെ മറ്റൊരു സ്വേച്ഛാധിപതിയും ചെയ്യാന്‍ ധൈര്യപ്പെടാത്ത വിധത്തിലാണ് ഹിറ്റ്‌ലര്‍ ജൂതരെ മര്‍ദ്ദിക്കുന്നത്” എന്ന പത്ര വാര്‍ത്തയ്ക്ക് സഞ്ജയന്റെ കമന്റ് : ‘സചിവോത്തമന് അവമാനകരമായ ഈ പ്രസ്താവന പ്രസ്തുതപത്രം ഉടനെ പിന്‍‌വലിക്കുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു.’ഇന്ത്യക്കാരെ കാടന്മാരും പ്രാകൃതരുമായി വിചാരിച്ച് ഭരിച്ചുവെളുപ്പിച്ചുകൊണ്ടിരുന്നവരാണല്ലോ വെള്ളയാന്മാര്‍.അധികാരത്തെ വെറുതെവിടാന്‍ ഉദ്ദേശിച്ചിട്ടില്ലാത്ത ‘തമാശയ്ക്ക് ’ അവരെ വെറുതേ വിടാന്‍ കഴിയുമോ? ‘റാന്തല്‍ക്കാര്‍’ എന്ന കഥ നോക്കുക : ഇന്ത്യയില്‍ കപ്പലിറങ്ങിയ ആദ്യദിവസം രാത്രി രണ്ടു ഇംഗ്ലീഷുക്കാര്‍ തമ്പില്‍ ഉറങ്ങാന്‍ പോയിക്കിടന്നു. പക്ഷേ കൊതുകുകടി കൊണ്ട് ഉറക്കം തീരെ വന്നില്ല. ഒടുക്കം പൊറുതിമുട്ടിയ പാശ്ചാത്യര്‍ ചൂട് അസഹ്യമായിരുന്നുവെങ്കിലും ഓരോ കമ്പിളിയെടുത്ത് ആപാദചൂഡം മൂടിപ്പുതച്ചു കിടന്നു. കൊതുകുശല്യവും നിന്നു. അങ്ങനെ കുറെക്കഴിഞ്ഞപ്പോള്‍ ആ നരകപ്രാണികള്‍ തിരിച്ചുപോയോ എന്നറിയുവാന്‍ ഒരു വിദ്വാന്‍ തന്റെ കമ്പിളിയുടെ അറ്റം അല്പം പൊന്തിച്ച് ഇരുട്ടിലേയ്ക്ക് നോക്കി. നാലഞ്ചു മിന്നാമിനുങ്ങുകള്‍ പറക്കുന്നതാണ് അയാള്‍ കണ്ടത്. ഭയവിഹ്വലനായ ആ മനുഷ്യന്‍ പെട്ടെന്ന് വിളിച്ചു പറഞ്ഞു: “ഐ സേ ഡിക് ! നമുക്കു രക്ഷയില്ല. ആ നശിച്ച പ്രാണികള്‍ റാന്തലും കൊളുത്തി നമ്മളെ തിരയുവാന്‍ വരുന്നുണ്ട്.”

കമ്മ്യുണിസത്തോട് അത്രയല്ല, ഒട്ടും പഥ്യമുണ്ടായിരുന്നില്ല സഞ്ജയന്. അതുകൊണ്ട് കിട്ടിയ ദിക്കിലൊക്കെ വച്ച് തമാശപൊട്ടിച്ചു. “പണ്ടു കുറുക്കന്മാര്‍ ഓളിവിളിച്ച മുക്കുകളിലും മൂലകളിലും ഇപ്പോള്‍ ഇങ്ക്വിലാബ് സിന്ദാബാദ് വിളികള്‍ മുഴങ്ങുന്നു. എന്തു വ്യത്യാസം !”
സോഷ്യലിസ്റ്റ് നേതാവ് രങ്കയുടെതായി പത്രത്തില്‍ വന്ന ഈ വാര്‍ത്ത ഉദ്ധരിച്ചിട്ട് സഞ്ജയന്‍ ചോദിക്കുന്നു. “എന്തുവ്യത്യാസം?”
പ്രസംഗവുമായി ബന്ധപ്പെട്ട മറ്റു തമാശകള്‍ ഇങ്ങനെയാണ് :
ചാരുകസേരകളില്‍ കിടന്ന് ആലോചിച്ചെഴുതുന്നതുകൊണ്ടു മാത്രം തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടില്ലെന്ന് ഒരു പ്രാസംഗികന്‍ പറയുന്നു. പ്ലാറ്റ്ഫോറങ്ങളില്‍ നിന്ന് ആലോചനയില്ലാതെ പ്രസംഗിക്കുന്നതുകൊണ്ട് അവ എത്രമാത്രം പരിഹരിക്കപ്പെടുമെന്നാണ് ഇനി ആലോചിക്കാനുള്ളത് !

“ആകപ്പാടെ ആലോചിക്കുമ്പോള്‍ നമ്മള്‍ എന്തു വിഡ്ഢികളാണ് !” എന്ന് ഒരു പ്രസംഗകന്‍. “ഏകവചനം മതി സാറേ” എന്ന് സദസ്സിലിരുന്ന ഒരാള്‍ വിളിച്ചു പറഞ്ഞു.
അപ്പോള്‍ പ്രാസംഗികന്‍ “ശരി. ആകപ്പാടെ ആലോചിക്കുമ്പോള്‍ താനെന്തൊരു വിഡ്ഢിയാണ്!”

സമസ്യാപൂരണക്കാര്‍ക്കുമിട്ട് താങ്ങിയിട്ടുണ്ട് പാറപ്പുറത്ത് സഞ്ജയന്‍. അതന്നത്തെ പതിവായിരുന്നതുകൊണ്ടാവും. “ആറും പിന്നെയൊരാറും ഗണിച്ചീടുമ്പോളേഴായ് വരും !“ എന്ന സമസ്യയ്ക്ക് ചില പൂരണ നിര്‍ദ്ദേശങ്ങള്‍ വഴിയാണത്. ഗദ്യത്തിലാണ് പൂരണം. അതു പിന്നെ പദ്യത്തിലാക്കാവുന്നതേയുള്ളൂ. ‘ഞാന്‍ ഈയിടെ ഒരു ദിവസം കുതിരവട്ടത്ത് റോഡിന്മേലൂടെ നടക്കുകയായിരുന്നു.(ഒരു വരി സന്ധ്യാവര്‍ണ്ണനം). ആ സമയത്ത് അകത്തു നിന്ന് വളരെ ഗംഭീരസ്വരത്തില്‍, തലയുടെ കല്ലിളകിപ്പോയതിനാല്‍ ചികിത്സാര്‍ത്ഥം അവിടെ ആനയിക്കപ്പെട്ട ഒരു മാത്തമാറ്റിക്സ് പ്രൊഫസര്‍ ഇങ്ങനെ പറയുന്നതു കേട്ടു : ‘ആറും പിന്നെ.....”
അല്ലെങ്കില്‍
ഈയിടെ എലിമെന്ററി സ്കൂളിന്റെ വരാന്തയില്‍ ഞാന്‍ ചെന്നു നിന്നപ്പോള്‍ അകത്തു നിന്ന് കണക്കുക്ലാസിലുള്ള ഒരു കുട്ടിയുടെ ഉത്തരവും തുടര്‍ന്നുകൊണ്ട് ഗംഭീരമായ പ്രഹരത്തിന്റെ ശബ്ദവും കേള്‍ക്കുകയുണ്ടായി. അടിയ്ക്ക് ഇടയുണ്ടാക്കിയ ഉത്തരം ഇതായിരുന്നു : ‘ആറും പിന്നെ...’
‘കേരളത്തിലെ സമസ്യക്കാരുടെ ഇടയില്‍ പണ്ടുണ്ടായിരുന്ന ഇമ്മാതിരി ദ്രോഹികളാണ്, കര്‍മ്മത്തിന്റെ തിരിഞ്ഞു ചവിട്ടു ഹേതുവായി, പദക്ഷാമമുള്ള യുവകവികളായി ഇക്കാലത്തു വന്നു പിറന്നു വങ്കത്തമെഴുതി മറ്റുള്ളവരുടെ ചീത്തപ്പറച്ചില്‍ കേട്ടു നശിക്കുന്നതെന്നാണ് എന്റെ സ്വകാര്യമായ അഭിപ്രായം’ (സമസ്യാപൂരനങ്ങള്‍) എന്നും പറഞ്ഞ് പുതിയ കവികള്‍ക്കും കൊടുത്തു ചവിട്ട്. അന്ന് ആധുനികനായിരുന്ന ചങ്ങമ്പുഴയെയും സഞ്ജയന് ഇഷ്ടമായിരുന്നില്ല എന്നോര്‍ക്കുക.

തെങ്ങു വീണു മരിച്ചു എന്ന പത്രവാര്‍ത്തയ്ക്ക് സഞ്ജയന്‍ കൊടുത്ത അടിക്കുറിപ്പ് ഹാര്‍ട്ട് ഫെയ്‌ല്യര്‍
കാരണമാവും എന്നാണ്. അല്ലാതെ ‘ആരോഗദൃഢപാത്രമായിരുന്ന’തെങ്ങ് നിന്ന നിലയില്‍ നിന്ന് വീണ് വടിയാവുമോ? വിഷമില്ലാത്ത പാമ്പുകടിച്ചു മരിക്കുന്നവര്‍ ശരിക്കും വിഷം തീണ്ടിയല്ല മരിക്കുന്നതെന്നപോലെ സാധുക്കളായ പുലികള്‍ ഒന്നു മാന്തുകയൊ മറ്റോ ചെയ്യുമ്പോള്‍ പേടിച്ചു കാഞ്ഞുപോകുന്ന മനുഷ്യ ദുഷ്ടാത്മാക്കളുടെ അന്ധവിശ്വാസമാണത്രേ പുലിപ്പേടി. ( അന്ധവിശ്വാസികള്‍) അലസഗമനകളാണ് സ്ത്രീകള്‍ എന്ന കാര്യത്തില്‍ കവികളെ പോലെ സഞ്ജയനും സംശയമില്ല. എന്നാല്‍ അങ്ങനെയല്ലാത്ത ചില സ്ഥലങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ അദ്ദേഹം മടിക്കുന്നില്ല. ‘കുളിച്ചുവരുന്ന വഴിയില്‍ ഒരു മഹാഗംഭീരനായ തവളയുടെ പുറത്തു കാലെടുത്തുവച്ച ഒരു ഘനശ്രോണിപയോധര ആശാരിക്കോലിന്ന്‍ അഞ്ചകലം ദൂരത്ത് ഒരൊറ്റ ചാട്ടത്തിനു ചാടിവീഴുന്ന മനോഹരക്കാഴ്ച കണ്ടു നിന്നവനാണ് പി. എസ് ’ എന്ന്. (ഭര്‍ത്തൃജാഥ)
സാക്ഷി വിസ്താരത്തിനായി പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന കൂലിപ്പണിക്കാരനോട് വക്കീലിന്റെ ചോദ്യം. “നിങ്ങള്‍ കണ്ടതുപോലെയല്ലാതെ അതിനെതിരായ മറ്റു വല്ലതും ഇവിടെ വച്ച് നിങ്ങളെക്കൊണ്ട് പറയിക്കാന്‍ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോ?”
“ഇല്ല”
“നല്ലവണ്ണം ആലോചിച്ചു നോക്കൂ”
“പുറമേ ആരും ശ്രമിച്ചിട്ടില്ല. പക്ഷെ കുറേ നേരമായി അവിടുന്നു ആവുന്ന കളിയൊക്കെ കളിക്കുന്നതെന്നു തോന്നുന്നു.”(എതിര്‍വിസ്താരം)
‘‘ഞങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നു’ എന്ന തലക്കെട്ടില്‍ കുറെ അന്വേഷണങ്ങള്‍. അതില്‍ ആദ്യത്തേതിങ്ങനെ : ‘യുക്തിവാദിയോട് തളിയല്‍ അമ്പലത്തില്‍ അപ്പം നിവേദിക്കുന്നതോ പായസം നിവേദിക്കുന്നതോ അധികം ഫലപ്രദം എന്ന്വേഷിച്ച വഴിപാടുകാരനെ.’

വ്യക്തിയുടെ വൈകല്യങ്ങളും പൊരുത്തക്കേടുകളും പെരുപ്പിച്ചുകാട്ടി ചിരിയുണ്ടാക്കാം. അതല്ല, വിഷയങ്ങളെ മുള്ളും മുനയുമായി കൊമ്പുമായി സമീപിക്കുമ്പോള്‍ സംഭവിക്കുന്നത്. തമാശയ്ക്ക് ഒരു പാരമ്പര്യമുണ്ട്. വിമര്‍ശനത്തിന്റെ ജനപക്ഷമായിരുന്നു നമ്മുടെ തമാശകള്‍. സ്ത്രീവിരുദ്ധതയും ജാതി പക്ഷപാതവും അതില്‍ കലരാന്‍ കാരണം ഒരു പക്ഷേ അതില്‍ ചാലിക്കപ്പെട്ട ഭൂരിപക്ഷതാത്പര്യങ്ങളുടെ കാര്‍ണിവല്‍ സ്വഭാവമായിരിക്കണം. താന്‍പോരിമയുടെ കുംഭഗോപുരങ്ങളെ ആള്‍ക്കൂട്ടത്തിന്റെ കൂടെ നിന്ന് കണ്ട് കല്ലെറിയുകയാണ് വിശുദ്ധനായ കോമാളി. ജനത്തെ കൂടെ നിര്‍ത്താന്‍ അയാള്‍ക്കുള്ള ആയുധമാണ് ഹാസ്യം. അയാളുടെ തമാശ ജനാധിപത്യപരവും ചരിത്രത്തോടുള്ള പ്രതികരണവുമാവുന്നതങ്ങനെയാണ്. അതു സ്വയം ഒരു യാഥാര്‍ത്ഥ്യം സൃഷ്ടിക്കുന്നുണ്ട്. സ്വകാര്യമായ യാഥാര്‍ത്ഥ്യം. എന്നാല്‍ ആളുകളിരമ്പുന്നത്. സഞ്ജയന് ചങ്ങലം പരണ്ട എന്നൊരു സാങ്കല്പിക ദേശമുണ്ടായിരുന്നു. കാലിക സംഭവങ്ങളുടെ പാരഡികള്‍ സംഭവിച്ചത് അവിടെയാണ്. വി കെ എന്നിന്റെ ഭ്രാന്തന്‍ കല്പനകളും അരങ്ങേറിയത് ഒരു അതിവാസ്തവിക ലോകത്തായിരുന്നില്ലേ? അതു തന്നെയല്ലേ വിലാസിനി അമ്മാളുടെ കല്‍പ്പാത്തിയും ?

പിന്‍‌കുറിപ്പ് :
‘ഈയിടെ മുതലയായി വേഷം മാറിക്കളഞ്ഞ ഒരു സന്ന്യാസിയുടെ കഥ ‘സണ്‍‌ഡേ ടൈംസ്’ പത്രത്തില്‍ കാണുന്നു.
- അതുസാരമില്ല. വേഷം മാറി നടക്കുന്ന മുതലകളാണെന്ന് അനുമാനിക്കാവുന്ന എത്രയോ സന്ന്യാസിമാരെ ഞങ്ങള്‍ കണ്ടിട്ടുണ്ട്.’
( സഞ്ജയന്‍)
***************************************************************************
-“ആശ്രമത്തിനുപുറത്ത് നിരത്തില്‍ ഒരു മ്ലാനത നീ ദര്‍ശിച്ചിട്ടുണ്ടോ?”
-“ഉണ്ട്.”
-“എന്താണു കാരണം?”
-“അറിയില്ല.”
-“ മൈനസ് പോയന്റ്. എട മണുക്കൂസേ. ആനന്ദം മുഴുവന്‍ ആശ്രമത്തില്‍ സ്റ്റോക്ക് ചെയ്തിരിക്കയല്ലേ? പുറം ലോകത്ത് പിന്നെ മ്ലാനതയല്ലാതെ എന്തോന്ന് ഉലുവാച്ചെടിയുണ്ടാവാനാണ്?”
(വി കെ എന്‍)

13 comments:

  1. മാഷെ,
    ഈ എണ്ണയില്‍ ഞാനിത്തിരി കടുക് ഇട്ടിട്ട് പോകുന്നു..പൊട്ടണേല്‍ പൊട്ടട്ടേ....

    ReplyDelete
  2. ഇസ് ദുനിയാ മേംകോയി നഹീ ഹെ-- ഈ ദുനിയാവില്‍ കോഴി ഇല്ല.
    കോയി ബാത്ത് നഹി ഹെ-- കോഴി കുളീക്കാറില്ല
    വോ മുച്സെ പൂച്ചാ-- അവന്‍ എന്റെ പൂച്ചയെ ചോദീച്ചു.
    വോ ബാര്‍ ബാര്‍ പൂച്ചാ-- അവന്‍ ബാറിലും പൂച്ചയെ ചോദിച്ചു.
    കെ തും ഫി മേരെ സാത്ത് ആവൊ-- നീ എന്റെ കൂടെ തുമ്പിയെ പിടിക്കാന്‍ വരണം..

    മുതലായ ഹിന്ദി വാക്യങ്ങളൂടെ അനുക്രമമായ തര്‍ജ്ജമയിലൂടെ വര്‍മ്മ കുലത്തിന്റെ അന്തസും ആഭിജാത്യവും ഉയര്‍ത്തുവാന്‍ കഴിഞ്ഞതില്‍ വര്‍മ്മ കുലം അഭിമാനിക്കുന്നു. പള്ളെഴുത്തിന്റെ കഴിഞ്ഞ പോസ്റ്റില്‍ കമന്റ്റിടാന്‍ അവസരം കിട്ടാതെ വിഷമിച്ചു നടന്ന അനേകമനേകം വര്‍മ്മമാരുടെ കണ്ണീരില്‍ കുതിര്‍ന്ന ഒരു ആദരാഞ്ജലിയാ‍ണ് ഇതിലൂടെ യശശരീരനായ നമ്മുടെ പള്ളെഴുത്തിനു നല്‍കാന്‍ വര്‍മ്മ കുലം തീരുമാനിച്ചിരിക്കുന്നതു.

    ReplyDelete
  3. വേദന എല്ലാവര്‍ക്കും മനസ്സിലാകുന്ന ഒന്നാണ്, പ്രതികരിക്കുന്ന രീതികള്‍ വ്യത്യസ്തങ്ങളാകുന്നെങ്കില്‍ കൂടി.

    ഹാസ്യത്തിന്‍റെ (വിശിഷ്യാ അച്ചടി ഹാസ്യവും, ബ്ലോഗ് ഹാസ്യവും)ഏറ്റവും വലിയ പരിമിതി ഒരു സ്വാംശീകരണം പലപ്പോഴും സാധ്യമാകുന്നില്ല എന്നതാണ്. പ്രി-അമ്മാള്‍ സ്വാശ്രയബ്ലോഗിലെ ചില പോസ്റ്റുകളും പല കമന്‍റുകളും ഈ കാഴ്ചയ്ക്ക് സാക് ഷ്യം വഹിച്ചു. എന്നെക്കുറിച്ചുള്ള ഒരു ചിരിയില്‍ എനിക്ക് പങ്കുചേരാന്‍ കഴിയാതാകുമ്പോള്‍ ആ ചിരി എനിക്ക് വേദനയാകുന്നു എന്നതല്ലേ സത്യം. ഒതളങ്ങ മഞ്ഞ ആയാലും നീല ആയാലും വിഷം തന്നെ എന്നതും ലോകസത്യം.

    എന്തായാലും വെള്ളെഴുത്തിന്‍റെ ഹാസ്യം ക്ഷ പിടിച്ചു. രാ‍ജീവ് ചേലനാട്ടിന്‍റെ “നിശ്ശബ്ദ”മായ അഭിവാദ്യങ്ങള്‍. കിടിലം.

    പി എസ് ഫലിതങ്ങള്‍ ഷെയര്‍ ചെയ്തതിന് ഒത്തിരി നന്ദി

    ReplyDelete
  4. "സ്ത്രീവിരുദ്ധതയും ജാതി പക്ഷപാതവും അതില്‍ കലരാന്‍ കാരണം ഒരു പക്ഷേ അതില്‍ ചാലിക്കപ്പെട്ട ഭൂരിപക്ഷതാത്പര്യങ്ങളുടെ കാര്‍ണിവല്‍ സ്വഭാവമായിരിക്കണം. താന്‍പോരിമയുടെ കുംഭഗോപുരങ്ങളെ ആള്‍ക്കൂട്ടത്തിന്റെ കൂടെ നിന്ന് കണ്ട് കല്ലെറിയുകയാണ് വിശുദ്ധനായ കോമാളി. ജനത്തെ കൂടെ നിര്‍ത്താന്‍ അയാള്‍ക്കുള്ള ആയുധമാണ് ഹാസ്യം."


    ഇതിലെ ആദ്യ രണ്ട് വാചകങ്ങള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് ശ്രദ്ധിച്ചിരുന്നോ? കാര്‍ണിവല്‍ സ്വഭാവത്തിനുപിന്നാലെ പോകുന്ന വിദൂഷകന്‍ ‘വിശുദ്ധനായ കോമാളി’ അല്ല എന്നുതന്നെ ആണോ ഉദ്ധേശിച്ചിരുന്നത്?

    ഒന്നുരണ്ടുകാര്യങ്ങള്‍: ഹാസ്യത്തില്‍ ഉണ്ടെന്ന്‍ നിരീക്ഷിക്കപ്പെട്ടിട്ടുള്ള സ്ത്രീ വിരുദ്ധതയും ജാതീയതയും മിക്കപ്പോഴും ഭൂരിപക്ഷ-നിലപാടുകളെ അല്ല സൂചിപ്പിക്കുന്നത്. മിക്ക സമൂഹങ്ങളിലും ഭൂരിപക്ഷം സ്ത്രീകളും പരിഹാസപാത്രങ്ങളാവുന്ന അധഃകൃതരോ ആവാം. മറിച്ച് ഹാസ്യം ദുര്‍ബലരെയാണ് ലക്ഷ്യം വയ്ക്കുക മിക്കപ്പോഴും. ഗൌരവമായ സാമൂഹ്യ ഉത്തരവാദിത്തത്തില്‍ നിന്ന് നിര്‍ദ്ദോഷമായി കൈകഴുകാനുള്ള വഴികളാണവ. ഉദാ: സ്ത്രീക്ക് ബുദ്ധി കുറവാണെന്ന് സ്ഥാപിക്കുന്ന ഹാസ്യത്തിന്റെ ഉദ്ദേശ്യം അവള്‍ അധികാരത്തില്‍ നിന്നും വിദ്യാഭ്യാസത്തില്‍ നിന്നും അകറ്റപ്പെടുന്ന സാഹചര്യങ്ങളെ നിസ്സാരവല്‍ക്കരിക്കുക എന്നതാണ്. അത്തരം പക്ഷപാതങ്ങള്‍ അധികാരകേന്ദ്രങ്ങളെ (താന്‍പോരിമയുടെ കുംഭഗോപുരങ്ങളെ) അല്ല ആക്രമിക്കുന്നത്.

    മറിച്ച് ജനകീയ പക്ഷത്തുള്ള ഹാസ്യോക്തി എന്നും സാഹിത്യത്തിന്റെയും കലയുടെയും ഭാഗമായിരുന്നു എന്നും കാണാം.


    അതിന് ഒരുദാഹരണം ഞാന്‍ ഇടയ്ക്ക് പോകാറുള്ള ഒരു നാട്ടിന്‍ പുറത്ത് (ഇവിടെ ഇറ്റലിയില്‍) കണ്ടതോര്‍ക്കുന്നു. ശൈത്യകാലത്ത് കിടക്ക ചൂടാക്കാന്‍ ഇവിടത്തു കാര്‍ ഈ ചിത്രത്തില്‍ കാണുന്നതരത്തിലുള്ള തടിഫ്രെയിമിനുള്ളില്‍ തീ നിറച്ച നെരിപ്പോടുകള്‍ വച്ച് കിടക്ക മൂടിയിടുമായിരുന്നു - കിടക്കാന്‍ പോകുന്നതിനു മുന്‍പ് കുറേ നേരം. എന്നിട്ട് ചൂടുനില്‍ക്കുന്ന മേല്‍‌വിരിപ്പുകള്‍ ഉയര്‍ത്തി അതിനുള്ളിലേക്ക് വലിഞ്ഞു കയറും. ഹാസ്യം വരുന്നത് അതിനു നല്‍കിയ പേരിലാണ്. ഇല്‍ പ്രേത്തേ. എന്ന് വച്ചാല്‍ പുരോഹിതന്‍. കിടക്ക ചൂടാക്കാനുള്ള സംവിധാനത്തെ പുരോഹിതന്‍ എന്നു വിളിക്കുന്നതിലെ പരിഹാസം വിശദീകരിക്കണ്ടല്ലോ. :)

    ReplyDelete
  5. എന്തു വിരുദ്ധത? മിഖായേല്‍ ബക്തിന്റെ ആശയമാണ് കാര്‍ണിവല്‍.
    ഹാസ്യത്തിനു ഏകതാനമായ് സ്വരമല്ല ഉള്ളത്. ഭൂരിപക്ഷത്തിന്റെ പക്ഷത്തായതുകൊണ്ടാണ് അയാളെ വിശുദ്ധന്‍ എന്നു വിശേഷിപ്പിച്ചത്. അയാള്‍ വിശേഷജ്ഞനാണെങ്കിലും സാമാന്യബോധവുമായി സന്ധിചെയ്യുന്നുണ്ട്. അല്ലെങ്കില്‍ ചിരിയുണ്ടാക്കാനാവില്ല. മിക്ക സമൂഹങ്ങളിലും ഭൂരിപക്ഷം സ്ത്രീകളും പരിഹാസപാത്രങ്ങളാവുന്ന അധഃകൃതരോ ആവാം. മറിച്ച് ഹാസ്യം ദുര്‍ബലരെയാണ് ലക്ഷ്യം വയ്ക്കുക മിക്കപ്പോഴും. ഗൌരവമായ സാമൂഹ്യ ഉത്തരവാദിത്തത്തില്‍ നിന്ന് നിര്‍ദ്ദോഷമായി കൈകഴുകാനുള്ള വഴികളാണവ. മറിച്ച് ഈ വാക്യങ്ങളിലല്ലേ വൈരുദ്ധ്യമുള്ളത്?
    (സ്ത്രീകളും അധഃകൃതരും ദുര്‍ബലരാവുന്ന വീക്ഷണക്കോണ്‍ ആരുടേതെന്ന പ്രശ്നം.) ഹാസ്യം എപ്പോഴും സാമൂഹിക ഉത്തരവാദത്തില്‍ നിന്നു കൈകഴുകുകയല്ല ചെയ്യുന്നതെന്നല്ലേ ഞാന്‍ പറയാന്‍ ശ്രമിച്ചത്? ഉദാഹരണങ്ങള്‍ നോക്കുക.

    ReplyDelete
  6. കാര്‍ണിവല്‍ സങ്കല്പം ഞാന്‍ ശരിക്ക് മനസ്സിലാക്കിയിരുന്നില്ല എന്ന് തോന്നുന്നു. എങ്കിലും ഭൂരിപക്ഷം എന്നതിനെക്കാള്‍ ശക്തന്റെ ഭാഷ എന്നാണ് ഷോവനിസ്റ്റിക് ചായ്‌വുള്ള ഹാസ്യത്തെ (ഷോവനിസ്റ്റിക് ഹാസ്യത്തെ മാത്രം) ഞാന്‍ വിളിക്കാന്‍ ഇഷ്ടപ്പെടുന്നത്. ഹാസ്യത്തിന്റെ സ്വഭാവത്തില്‍ തന്നെയുള്ള ജനകീയത പരിമിതമായ ഒരു അര്‍ത്ഥത്തിലെ ഭൂരിപക്ഷം അനിവാര്യമാക്കുന്നുണ്ട്. അതായത് ഹാസ്യം പങ്കുവയ്ക്കപ്പെടുന്ന നിശ്ചിതസംഘത്തിലെ ‘ഭൂരിപക്ഷം’ (പത്തുപേര്‍ വട്ടം കൂടി നില്‍ക്കുന്നിടത്തെ എട്ടു പേര്‍ എന്നപോലെ) ആ ഹാസ്യത്തിന്റെ ഘടനയോട് - രാഷ്ട്രീയഘടനയോട്- പൊരുത്തപ്പെടുന്നവരായിരിക്കണം. അത്രയും ശരി.

    പക്ഷെ ആ പരിമിത ഗ്രൂപ്പിനെ അധികരിച്ചല്ല ജാതീയതയും സ്ത്രീവിരുദ്ധതയും പോലെയുള്ള ഷോവനിസ്റ്റിക് മനോഭാവങ്ങള്‍ വിലയിരുത്തപ്പെടുന്നത്. പരിമിതമായ ‘വെടിവട്ട’ ഗ്രൂപ്പിന്റെ പ്രയോരിറ്റികളില്‍ വരാത്ത ഗൌരവതരമായ ചിലവിഷയങ്ങളുമായും കുറേക്കൂടി വിശാലമായ ഒരു സമൂഹത്തിന്റെ അവസ്ഥകളുമായും ബന്ധപ്പെടുന്ന വിലയിരുത്തലാണത്. പരിമിതമായ വെടിവട്ടങ്ങളില്‍ രൂപപ്പെടുന്ന പ്രയോഗങ്ങളും ഹാസ്യോക്തികളും സമൂഹഭാഷയിലേക്ക് കടന്നു കയറുന്നതിന്റെ മാനദണ്ഡം ഭൂരിപക്ഷമല്ല; ഷോവനിസ്റ്റിക് ഗ്രൂപ്പിന് പൊതുസമൂഹത്തിന്റെ ഭാഷയെയും സംസ്കാരത്തെയും രൂപപ്പെടുത്താനുള്ള ശക്തിയാണ്. അതുകൊണ്ടാണ് പെണ്‍ബുദ്ധി പിന്‍ബുദ്ധി തുടങ്ങിയ പ്രയോഗങ്ങള്‍ സ്ത്രീകള്‍ തന്നെ ആ‍വര്‍ത്തിക്കുന്നതും ആ ആശയം ഉയര്‍ത്തിപ്പിടിക്കുന്ന ‘ഹാസ്യ’പോസ്റ്റുകള്‍ സ്ത്രീകള്‍ തന്നെ എഴുതിക്കൂട്ടുന്നതും.

    ഇത്തരം ഹാസ്യത്തിന്റെ ഘടനയോ സാമൂഹ്യബോധമോ അല്ല മാഷിന്റെ പോസ്റ്റില്‍ ഉദാഹരിക്കപ്പെട്ട ഹാസ്യത്തിനുള്ളത്. അത് ഏതു കൊമ്പനെയും പിടിച്ചുകുലുക്കാന്‍ ശക്തിയുള്ള ജനകീയ വിദൂഷക വേഷമാണ്. അവിടെ ചിരി ഭൂരിപക്ഷത്തിന്റെ ചിരി എന്നതുപോലെ തികച്ചും ജനകീയമായ ചിരികൂടി ആണ്.

    (ഓഫ്: ഷോവനിസ്റ്റിക് ചുവയുള്ള ഹാസ്യം എന്നത് ഒരുപക്ഷെ തെറ്റിദ്ധരിക്കപ്പെട്ടേക്കാവുന്ന ഒരു പദപ്രയോഗമാണ്. ലൈംഗിക വിവേചനം ആയിരിക്കും ഒരുപക്ഷെ എളുപ്പമുള്ള ഉദാഹരണം. പുരുഷന്റേത് എന്ന് മുദ്രകുത്തപ്പെട്ട സംസാരശൈലി (സ്തീകളുടെ മുന്നില്‍ പറയാന്‍ കൊള്ളാത്തത് എന്ന സുന്ദരപ്രയോഗം!) ഉള്‍പെടുന്ന ഹാസ്യമോ തമാശയോ പലപ്പോഴും ഷോവനിസ്റ്റിക് ആയി മുദ്രകുത്തപ്പെടാറുണ്ട്. യഥാര്‍ത്ഥത്തില്‍ അങ്ങനെ ഭാഷയെ/ഹാസ്യത്തെ വേര്‍തിരിക്കുന്ന പ്രക്രിയക്കുള്ളിലാണ് ഷോവനിസം. രതിബദ്ധമായതോ ലൈംഗികമായതോ ആയ സാഹചര്യങ്ങളില്‍ രൂപം കൊള്ളുന്ന ഹാസ്യം സ്ത്രീക്ക് കേള്‍ക്കുകയോ പറയുകയോ പാടില്ലാത്തതെന്ന് വിധിച്ചത് ആരാണ്? പുരുഷന് അഭിമാനമായി കൊണ്ടാടാറുള്ള ലൈംഗിക കൃത്യങ്ങള്‍ സ്ത്രീക്ക് അപമാനം ആണെന്ന് വിധികല്‍പ്പിച്ച പരമ്പരാഗത നീതിബോധമാണത്.

    അതേ സമയം സ്ത്രീസ്വത്വത്തെ സ്റ്റീരിയോറ്റൈപ്പ് ചെയ്ത് അധീശത്വം ഉറപ്പിക്കാനുള്ള ഗൂഡഭാഷ ഹാസ്യത്തിനുള്ളില്‍ ഒളിപ്പിച്ചുവയ്ക്കുന്നതിനെ സാമൂഹ്യമായ ജാഗ്ര്തയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്.

    ജാതീയമോ വംശീയമോ ആയ ഹാസ്യത്തിന്റെ കാര്യത്തിലും ഭൂരിപക്ഷത്തിന്റെ ചിരി എന്നത് ഒരു മിസ്നോമര്‍ ആ‍വുന്നത് അങ്ങനെയാണ്. സര്ദാര്‍ജി തമാശപങ്കുവച്ച് ചിരിക്കുന്ന സിക്കുകാരന്‍ ഭൂരിപക്ഷത്തിന്റെ പ്രതിനിധി അല്ല; അത് ഒരു ദുര്‍ബലന്റെ സര്‍വൈവല്‍ ഇന്‍സ്റ്റിംക്റ്റ് അവനെ കൊണ്ടെത്തിക്കുന്ന കുഴികളില്‍ ഒന്നു മാത്രമാണ്. അത്തരം ചിരിയുടെ ‘ഭൂരിപക്ഷം’ ജനകീയതയെ അല്ല ഒരു സാമൂഹ്യപ്രശ്നത്തെ ആണ് സൂചിപ്പിക്കുന്നത്)

    ReplyDelete
  7. സഞ്ജയനും വി. കെ. എന്നും ഹാസ്യം സ്വകാര്യദുഃഖങ്ങളോടുള്ള പ്രതികരണം കരണം മറിഞ്ഞതാവാന്‍ സാദ്ധ്യത്യുണ്ട്. സഞ്ജയന് വേണ്ടപ്പെട്ടവരെ എല്ലാം ഒന്നൊന്നായി മരണം വിഴുങ്ങുന്നത് കണ്ടു നില്‍ക്കേണ്ടി വന്നിട്ടുണ്ട്. ഭ്ര്ത്താവ്, അച്ഛന്‍ എന്ന നിലയില്‍ ദയനീയ പരാജയമായിരുന്നു വി. എകെ. എന്‍ എന്ന് അദ്ദെഹത്തിനു തന്നെ അറിയാമായിരുന്നു.

    വി. എക്. എന്‍-ന്റെ ഒരു “കോയി” ജോക്ക് വാദ്യഘോഷവര്‍മ്മയ്ക്കു വേണ്ടി (ഓര്‍മ്മയില്‍ നിന്നും):

    നാണ്വാര് ഒരു “നേരമ്പോക്ക്”നു ശേഷം തിരിഞ്ഞു കിടന്നു. ഉടന്‍ ആ‍ നാടന്‍ സ്ത്രീ ചോദിച്ചു:
    ” പോസ്റ്റ് കോയിറ്റസ് ഹെയ്ട്രഡ് ആണോ?“
    നാണ്വാര്:
    “കോയി ന കോയി. കോയീന്റെ വിദ്യ നമുക്ക് പണ്ടേ ഇഷ്ടമാണെന്ന് അറീല്യേ”

    ReplyDelete
  8. നല്ലൊരു കോമാളിയാണ്‌ ഓരോ വ്യതിയും. ഗൌരവത്തിന്റെ മുഖമൂടിയണിഞ്ഞ്‌ ഇല്ലാത്ത വായുസമ്മര്‍ദം ഉണ്ടാക്കിയെടുക്കുമ്പോള്‍ അത്‌ പൊട്ടിവീഴുന്നതിന്റെ തീക്ഷണത കൂടും.
    മരിച്ച്‌ കിടക്കുന്ന വാപ്പനെ നോക്കി ചിരിക്കുന്നത്‌ ഭ്രാന്ത്‌ കൊണ്ട്‌ മാത്രമാവില്ല.
    ആസ്വദിച്ചു.

    ReplyDelete
  9. ഹാസ്യത്തിന്റെ ഇതിലെ ഒരുവശം എന്നെ ഒരുപാടാകര്‍ഷിക്കുന്ന വിഷയമാണ്. അധികാരത്തോടും നിലവിലുള്ള സാമൂഹിക-സാംസ്കാരിക സാഹചര്യങ്ങളോടും പൊട്ടിച്ചിരിയിലൂടെ കലഹിക്കുകയും കാര്‍ണിവല്‍ മനോഭാവം ഉല്പാദിപ്പിക്കുകയും ചെയ്യുന്ന വശമല്ല; മനുഷ്യജന്മത്തോടും അതീവഗൌരവമെന്ന് നമ്മള്‍ നിനച്ചുവശപ്പെടുന്ന എല്ലാത്തിനോടുമുള്ള ആഴമുള്ള ചിരി. മനുഷ്യാവസ്ഥയും അതില്‍നിന്നുളവാകുന്ന തെറ്റിദ്ധാരണകളെയും ദര്‍ശനപദ്ധതികളേയും കൊഞ്ഞനം കുത്തുകയും, ആ ദര്‍ശനങ്ങളിലൊന്നിനും അനുഭവവേദ്യമാക്കാനാവാത്ത ‘മോചനം’ സാദ്ധ്യമാക്കുകയും ചെയ്യുന്ന ഒന്ന്. പലപ്പോഴും തോന്നിയിട്ടുണ്ട്, ഈ നേര്‍ത്ത അതിര്‍വരമ്പിലൂടെ സഞ്ചരിച്ചയാളെന്ന നിലയിലാവും, ഒരിക്കല്‍ നീത്ഷെ എഴുതിയത് : “സത്യം ഒരു സ്ത്രീയാണെങ്കില്‍? കടുംപിടുത്തക്കാരായ തത്വചിന്തകരെല്ലാം സ്ത്രീകളുടെ മനംകവരുന്നതിന്ന് കഴിയാത്തവരായിരുന്നു എന്ന് വിചാരിക്കാന്‍ ന്യായമില്ലേ [...]“. ഇതിന്ന് ഈ പറയുന്ന രണ്ട് മാനങ്ങളും കൈവരുന്നത് ആരിലേക്കാണ് ഈ വാക്കുകള്‍ ചെന്ന് പതിക്കുന്നത് എന്ന് ആലോചിക്കുമ്പോഴാണ്. കാന്റും ഹെഗലും വോള്‍ഫും ഉറപ്പായും ലക്ഷ്യമാണ്. അതാണതിന്റെ കാര്‍ണിവല്‍ സ്വഭാവം. മറ്റൊരാള്‍ ഇതിഹാസകാരനാണ്, ഭഗവദ്ഗീതയുടെ ഉല്‍ഭവത്തെപ്പറ്റി പാരഡി എഴുതിയ, ശ്രീകൃഷ്ണനെയും ഗുരുവിനെയും കോമിക് കഥാപാത്രങ്ങളാക്കി മാറ്റിയ എഴുത്ത്.
    ----
    അനോണിആന്റണി ഒരു പ്രതിഭാസമാണ്, ശശി എന്നൊരു ബ്ലോഗറില്ലായിരുന്നോ, അതുപോലെ മറ്റൊരു ജീനിയസ്.

    ReplyDelete
  10. oops! അനോണി ആന്റണിയല്ല, അനോണി മാഷ് അഥവാ അമ്മാളുക്കുട്ടി.

    ReplyDelete
  11. ഓഫ് ടോപ്പിക്ക് കേലിയെ ഖേദ് ഹൈ !

    വേറെ ഒന്നു രണ്ടെണ്ണം ... എന്‍റെ ഒരു സുഹൃത്ത് മലയാളം വാധ്യാര്‍ തര്‍ജിമ ചെയ്തത് !

    മേം ഗാന്ധിജി കാ നാലായക് ബേട്ട ഹും - ഞാന്‍ ഗാന്ധിജി യുടെ നാലാമത്തെ പുത്രനാണ്

    കാശ് ഏക് ലട്ക മുജെ ഭി പ്യാര്‍ കര്‍ത്താ തോ - കാശുള്ള ഏതെങ്കിലും ചെറുക്കന്‍ എന്നെ പ്രേമിച്ചിരുന്നെങ്കില്‍...

    ReplyDelete
  12. ഒരു പുതുമുഖമാണ്......“ തുടര്‍ച്ചയായി വരുന്ന വിപരീതങ്ങ്ളെ നോക്കി അല്ലെങ്കില്‍ ഓര്‍മ്മിച്ചു ചിരിക്കലല്ലെ..ഭ്രാന്ത്? .....ആണോ? മാഷെ....

    ReplyDelete
  13. അങ്ങനെയുമായിരിക്കാം മാഹിഷ്മതീ.. അറിയില്ല.

    ReplyDelete