August 1, 2008
ഉറങ്ങാന്‍ കിടന്നാല്‍...
സല്‍മാന്‍ റഷ്ദിയുടെ പുതിയ കഥയില്‍ (The Shelter of the World) ജോധ്പൂരിലെ രാജാവിന്റെ മകള്‍ ജോധാഭായി അക്‍ബറിന്റെ സദസ്സിലെ വിദേശിസന്ദര്‍ശകരെക്കുറിച്ചു പറയുന്ന ഒരു വാക്യം ഇങ്ങനെയാണ് : “ നമ്മള്‍ അവരുടെ സ്വപ്നമാണ്, അവര്‍ നമ്മുടെ സ്വപ്നങ്ങളും.“ നൂലുപൊട്ടിയ ഒരു സ്വപ്നത്തിന്റെ വാലില്‍ തൂങ്ങി, ലോകം മുഴുവന്‍ അലയുകയും ഒടുവില്‍ തനിക്കുവേണ്ടത് വീണ്ടെടുക്കാന്‍ വീട്ടുമുറ്റത്തേയ്ക്കു മടങ്ങുകയും ചെയ്യുന്ന പ്രവാസികളുടെ ചിരന്തനമായ പൊറുതിയില്ലായ്മ എന്ന അവസ്ഥയ്ക്കപ്പുറം കഥയില്‍ ഈ വാക്യത്തിന് മറ്റൊരു തലമുണ്ട്. പക്ഷേ അതിനു വസ്തു യാഥാര്‍ത്ഥ്യവുമായല്ല, നീക്കുപോക്ക്. ഒരു തരം അതിഭൌതികത. അതീതയാഥാര്‍ത്ഥ്യം. അതിങ്ങനെയാണ്. നമ്മളെല്ലാം, എന്നുവച്ചാല്‍ ഈ പ്രകൃതിയിലെ സകലതും, പരസ്പരാശ്രിതമായ സ്വപ്നങ്ങളുടെ അവശേഷിപ്പുകളാണ്. ആരൊക്കെയോ കണ്ടു കഴിഞ്ഞ, കണ്ടുകൊണ്ടിരിക്കുന്ന, കാണാന്‍ പോകുന്ന സ്വപ്നങ്ങള്‍ ! ഒരു വൈകുന്നേരം റാണിയോടൊപ്പമിരുന്ന് ഗഞ്ചിഫാ കാര്‍ഡ് കളിക്കുന്നതിനിടയില്‍ അക്‍ബര്‍ അതിനു മറുപടി പറഞ്ഞു. “പക്ഷേ സങ്കല്‍പ്പിച്ചു നോക്കൂ, ജോധാ, നമുക്ക് മറ്റൊരാളുടെ സ്വപ്നങ്ങളില്‍ ഉണരാനും അവയെ മാറ്റാനും കഴിഞ്ഞാല്‍, നമ്മുടെ സ്വപ്നങ്ങളിലേയ്ക്ക് അവരെ ക്ഷണിക്കാനുള്ള ധൈര്യമുണ്ടായാല്.... ലോകം മുഴുവന്‍ ഒന്നിച്ചുണരാവുന്ന ഒരു സ്വപ്നമായിരുന്നെങ്കില്‍..”
പഴയൊരു ചോദ്യമില്ലേ, ‘ഞാന്‍ ആരുടെ തോന്നലാണെന്ന്..’ അല്പം കൂടി മുന്നോട്ട് നീങ്ങി നിന്ന് ചോദിക്കാവുന്ന ചോദ്യമാണ് ‘ആരു കാണുന്ന സ്വപ്നമാണ് താന്‍’ എന്ന്. എവിടെയോ ഒരാള്‍ കണ്ണൂ തിരുമി എഴുന്നേല്‍ക്കുമ്പോഴേയ്ക്കും തീര്‍ന്നു പോകുന്ന ഒരു സ്വപ്നമാണ് താന് ( പിന്നെ ഈ പശ്ചാത്തലവും!) എന്നാലോചിക്കുന്നത് അല്പം പാടാണ്. ഒരല്പം ആശയവാദവും ഭൌതിക വിരുദ്ധതയും രക്തത്തില്‍ വേണം. ജൂലിയോ കോര്‍ത്തസറുടെ ഒരു കഥയില്‍ (The Night Face Up) മോട്ടോര്‍ സൈക്കിള്‍ ഓടിച്ചുപോകുന്ന ഒരു മനുഷ്യന്‍ തീരെ ശ്രദ്ധയില്ലാതെ വഴിനടക്കുകയായിരുന്ന ഒരു സ്ത്രീയെ വണ്ടി വെട്ടിച്ച് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഗുരുതരമായ അപകടത്തില്‍പ്പെട്ടു. ആകെ മുറിവേറ്റ് ആശുപത്രില്‍ കിടക്കുന്ന അയാളുടെ ബോധാബോധങ്ങളില്‍ പെട്ടെന്ന് ഒരു സ്വപ്നം നിറയുന്നു. വളരെ മുന്‍പ്, ഒരു പക്ഷേ നൂറ്റാണ്ടുകള്‍ക്കു മുന്‍പ്, കാട്ടില്‍ നടന്നിരിക്കാവുന്ന ഭീതിദമായ ഒരു നരവേട്ടയുടെ സ്വപ്നം. കൂട്ട നരബലിനടത്താന്‍ വേട്ടയാടുന്ന ആസ്ടെക് നായാട്ടുകാരുടെ കൈകളില്‍ നിന്ന് രക്ഷപ്പെടാന്‍ കിതച്ചുകൊണ്ടോടുന്ന റെഡ് ഇന്ത്യന്‍ യുവാവിനെയാണയാള്‍ കാണുന്നത്. അത് അയാള്‍ തന്നെയാണ്. വേട്ടക്കാരുടെ കൈയില്‍പ്പെട്ട് കയ്യും കാലും വരിഞ്ഞു കെട്ടിയ നിലയില്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ ആടിക്കളിച്ചുകൊണ്ടിരിക്കുന്ന നിസ്സാരമായ ഇടവേളകളില്‍ ആ പഴയ ഇന്ത്യന്‍ യുവാവ് താന്‍ മുരളുന്ന, ചിറകില്ലാതെ പറക്കുന്ന ഒരു യന്ത്രവണ്ടിന്റെ പുറത്തു സവാരി ചെയ്യുന്നത് സ്വപ്നം കാണുന്നു. ഫ്രാക്ച്ചറുകളുമായി കൈയ്യും കാലും അനക്കാനാവാതെ ആശുപത്രിയില്‍ കിടക്കുന്ന അതേ അവസ്ഥയിലാണ് ഒരു കമ്പില്‍ കെട്ടിവച്ച പഴയ ഇന്ത്യന്റെയും നില. രണ്ടുപേര്‍ക്കും ദാഹിക്കുന്നുണ്ട്. വിയര്‍ക്കുന്നുണ്ട്. കിതപ്പുണ്ട്. കാഴ്ചകള്‍ ഏറെക്കുറെ തുല്യമാവുന്നുണ്ട്. അനുഭവങ്ങള്‍ ഒന്നാവുന്നുണ്ട്. വിചിത്രമായ മണങ്ങള്‍ അവര്‍ അനുഭവിക്കുന്നുണ്ട്, (ഒരാള്‍ ഗുഹയിലെയും മറ്റേയാള്‍ ആശുപത്രിയിലെയും) ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ട്. ഒരാള്‍ തന്നെയാണ് മറ്റേയാള്‍. ഒരാളുടെ സ്വപ്നമായിരുന്നു മറ്റേയാളിന്റെ ജീവിതം. ആസ്ടെക് പുരോഹിതന്റെ കല്ലുകൊണ്ടു നിര്‍മ്മിച്ച കത്തിയ്ക്കു താഴെ വിറങ്ങലിച്ചു കിടക്കുന്നവന്‍ കാണുന്ന സ്വപ്നമാണ് ശസ്ത്രക്രിയമേശമേല്‍ ആധുനിക ഉപകരണങ്ങള്‍ക്കു കീഴെ ചലനരഹിതനായി കിടക്കുന്നവന്‍. അല്ലെങ്കില്‍ തിരിച്ച്. ഉണരാനാവാത്തെ രണ്ടു സ്വപ്നങ്ങള്‍ക്കിടയില്‍ കാലത്തിന് സ്പ്രിംഗുപോലെ ചുരുങ്ങാനല്ലാതെ മറ്റെന്തിനു കഴിയും?
ഏതു കാലത്തും മനുഷ്യന്‍ അത്യന്തികമായി ഇരയാണെന്ന സങ്കല്പം മാത്രമാണ് കോര്‍ത്തസര്‍ കഥയാക്കിയതെന്നു ചിന്തിക്കുന്നത് ചുരുക്കിയെഴുത്താവും. സാന്തിയാഗോ എന്ന ആട്ടിടയക്കാരനായ ബാലനെ സ്പെയിനില്‍ നിന്ന് ഈജിപ്തുവരെ ഓടിച്ചത് രണ്ടു പ്രാവശ്യം ആവര്‍ത്തിച്ചുകണ്ട ഒരു സ്വപ്നമായിരുന്നു.(ആല്‍ക്കെമിസ്റ്റ്) അവനെ കൊള്ളയടിച്ച സംഘത്തിന്റെ തലവനും അതേ സ്വപ്നം, അതുപോലെ രണ്ടു പ്രാവശ്യം, കണ്ടിരുന്നു. അങ്ങനെയാണ് അവന്‍ മറ്റൊരാളിന്റെ സ്വപ്നത്തിന്റെ ഭാഗഭാക്കായത്. തന്റെ സ്വപ്നമല്ല, പിടിച്ചുപറിക്കാരന്റെ സ്വപ്നമായിരുന്നു അവന്റെ ജീവിതം. ചുവാങ് സു പറഞ്ഞു : “ഒരിക്കല്‍ ഞാന്‍ ഒരു കിനാവു കണ്ടു. ഞാന്‍ ഒരു ചിത്രശലഭമാണെന്ന്. പറന്നുകളിച്ച് സ്വയം രസിച്ചങ്ങനെ നടക്കുന്നു. ഞാനാണ് ചുവാങ് സു എന്നൊരു ധാരണയും എനിക്കുണ്ടായിരുന്നില്ല. പെട്ടെന്ന് ഞാന്‍ ഉണര്‍ന്നു. അപ്പോഴാതാ ചുവാങ് സു വീണ്ടും! വാസ്തവത്തില്‍ ഞാനെന്ന ചുവാങ് സു ചിത്രശലഭമായതായി സ്വപ്നം കണ്ടതാണോ, ചിത്രശലഭം ചുവാങ് സു ആയതായി സ്വപ്നം കണ്ടതാണോ എന്നൊന്നും എനിക്കറിയില്ല.“ വസ്തുക്കളുടെ രൂപപരിണാമം എന്നാണിതിനെ പറയുക. ഗ്രിഗര്‍ സംസ ധാരാളം ദുഃസ്വപ്നങ്ങള്‍ കാണുന്നവനായിരുന്നു എന്ന് കാഫ്ക തന്നെ പറഞ്ഞിട്ടുണ്ട്. അതിലൊരു സ്വപ്നമായിരുന്നു അയാളെ കുടുക്കിയത്. അയാള്‍ സ്വന്തം സ്വപ്നത്തില്‍ നിന്നുണരുകയല്ല, മറ്റുള്ളവരുടെ സ്വപ്നത്തിലേയ്ക്ക് കൂടുമാറുകയാണുണ്ടായത്. മൂന്നു ‘ഞാന്‍‘ ഉണ്ടെന്നാണു പറയുക. 1. യഥാര്‍ത്ഥത്തിലുള്ള ഞാന്‍ തന്നെ. 2. ഞാന്‍ എന്തായിരിക്കണമെന്നു വിചാരിക്കുന്നോ ആ ‘ഞാന്‍’. 3. മറ്റുള്ളവരുടെ ഉള്ളിലുള്ള ‘ഞാന്‍’. അപ്പോള്‍ താനായിരിക്കുന്ന അവസ്ഥയില്‍ നിന്ന് മറ്റുള്ളരുടെ അബോധത്തിലെ താനായിരിക്കുക എന്ന അവസ്ഥയിലേയ്കാണ് ഗ്രിഗര്‍സംസ ബോധത്തോടെ മാറി ചവിട്ടിയത്. വലിയ പാറ്റയായിരിക്കുക എന്ന ചീത്ത സ്വപ്നത്തില്‍ നിന്ന് അയാള്‍ക്ക് പിന്നെ മോചനം കിട്ടിയില്ല. ഇതാണ് മെറ്റമൊര്‍ഫൊസിസ്- രൂപാന്തരപ്രാപ്തി. കഥയുടെ വഴികളാലോചിച്ചാല്‍ ഒരന്തവുമില്ല. പ്രാചീനനും അപരിഷ്കൃതനുമായ ഒരു മോട്ടെക് ഇന്ത്യന്‍, പരിഷ്കാരിയായ ഒരു നഗരവാസിയാവുന്നു. പച്ചപരിഷ്കാരി, ഒരു വനവാസിയുടെ അതേ കിതപ്പുകളും വിധിയും പങ്കിടുന്നു. (The Night Face Up) ഒക്കെയും സ്വപ്നങ്ങള്‍. അവിടത്തെ വൈകാരികാനുഭവങ്ങള്‍.
ഗഞ്ചിഫാ കാര്‍ഡു കളിക്കുന്നതിനിടയില്‍ തന്റെ മുന്നിലിരുന്നു്, എല്ലാവരും ഒന്നിച്ചുണരുന്ന ഒരു കിനാവിനെ ദിവാസ്വപ്നം കാണുന്ന മഹാനായ അക്‍ബര്‍ ചക്രവര്‍ത്തിയെ ‘കാല്‍പ്പനികാ.. ‘എന്നു വിളിച്ചു കളിയാക്കാന്‍ തോന്നിയില്ല ജോധയ്ക്ക് എന്ന് റഷ്ദി എഴുതുന്നു. കാരണം ‘ലോകത്തിന്റെ ആശ്രയം’ എന്ന കഥയിലെ ജോധ, യഥാര്‍ത്ഥത്തിലുള്ളവളായിരുന്നില്ല. അബ്ദുല്‍ ഫദ് ജലാലുദീന്‍ മുഹമ്മദ് എന്ന അക്‌ബര്‍ താന്‍ കണ്ടതും അനുഭവിച്ചതുമായ സുന്ദരികളെ അല്പാല്പം ചേര്‍ത്തു നിര്‍മ്മിച്ചെടുത്ത ഭാവനയായിരുന്നു അവള്‍. ഒച്ചയനക്കങ്ങളില്ലാത്ത കവിത പോലെ മധുരമായൊരു സ്വപ്നം. എഴുത്തും വായനയുമറിയാത്ത അക്‍ബറുടെ ഏറ്റവും കാവ്യാത്മകവും സൌന്ദര്യാത്മകവുമായ രചന. ചോരയും വെറിയും കണ്ട് മടുത്തു മടങ്ങുമ്പോള്‍, ഏകാകിതയുടെ ചിരപരിചിതനായ പിശാച് ആവേശിച്ച് പനിക്കുമ്പോള്‍, രഹസ്യമായി തലചായ്ക്കാനും വിതുമ്പാനും പട്ടുപോലെ നനുത്ത മടിത്തട്ട്. തന്റെ വിഷയ(പ്രജ)ങ്ങളുടെയെല്ലാം പ്രതിരൂപമായ ‘നാം’ എന്ന ബഹുവചനത്തിന്റെയുള്ളിലെ “ഞാന്‍’ മാത്രമായ ഒരു ഏകവചനം. അക്‍ബറിന്റെ ജോധ, ചക്രവര്‍ത്തിയുടെ എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധയുള്ളവളാണ്, ഒരിക്കലും ഒന്നും ആവശ്യപ്പെടാത്തവളാണ്, ഏതു സമയവും പ്രാപിക്കാവുന്നവളാണ്, സൌമ്യയാണ്. ഇങ്ങനെയുണ്ടോ ഒരു സ്ത്രീ? മറ്റുള്ളവരുടെ കണ്ണില്‍ ഉള്ളുപൊള്ളയായ ഒരു പുകച്ചുരുളിന് അക്‍ബര്‍ ഒരു സ്ത്രീയ്ക്കും ഉണ്ടാവാനിടയില്ലാത്ത വ്യക്തിത്വം നല്‍കി. സ്വന്തം ശ്വാസകോശത്തില്‍ നിന്നും ജീവവായു നല്‍കി. എന്നിട്ട് അവളുടെ സ്വപ്നത്തില്‍ ഉറങ്ങി എഴുന്നേറ്റു. ആരാണ് അങ്ങനെയല്ലാത്തത്? മറ്റാരോ കാണുന്ന സ്വപ്നത്തിലെ കഥാപാത്രങ്ങളായതു കൊണ്ടല്ലേ നമ്മളിങ്ങനെ നെടുവീര്‍പ്പുകളിട്ട് അന്ധാളിക്കുന്നത്. കയ്യില്‍ നിന്നു വഴുതുന്ന കടിഞ്ഞാണുകള്‍ കണ്ട് വിധിയെ പഴിക്കുന്നത്. ‘അമീര്‍ ഹംസ‘ എന്ന ബൃഹദാഖ്യായികയിലെ തുടക്കത്തില്‍ സുല്‍ത്താന്‍ താന്‍ രാത്രി കണ്ട സ്വപ്നം രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോഴേയ്ക്കും മറന്നു പോകുന്നുണ്ട്. അയാള്‍ അപ്പോള്‍ ഭ്രാന്തനെപ്പോലെയായി. മറന്നുപോയ സ്വപ്നം എന്താണെന്നു പറഞ്ഞില്ലെങ്കില്‍ പ്രധാനമന്ത്രിയുള്‍പ്പടെ എല്ലാവരെയും കൊല്ലുമെന്നു പറഞ്ഞു. സുല്‍ത്താന്‍ മറന്നത് കേവലമായ ഒരു സ്വപ്നമല്ല. തന്റെ സ്വത്വമാണെന്ന് ആലോചിച്ചാല്‍ അറിയാം. ഐഡന്റിറ്റി ക്രൈസിസ് ആയിരുന്നു അയാളുടെ പ്രശ്നം. മറ്റുള്ളവരുടെ എന്തു തരം തോന്നലിലാണ് താന്‍ എന്നറിയാന്‍ വയ്യായ്ക. അധികാരത്തിന്റെ ബഹുവചനങ്ങള്‍ക്ക് അതറിഞ്ഞേ പറ്റൂ. ആ നിലയ്ക്കാണവര്‍ നമ്മുടെ സ്വപ്നങ്ങളില്‍ ഇടിച്ചു കയറാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അവകളെ മാറ്റാന്‍ പറ്റുമോ എന്നു ശ്രമിക്കുന്നത്. പറ്റുമോ? ഉണ്ടും ഉറങ്ങിയും തുപ്പലുതൊട്ട് നെടുവീര്‍പ്പിട്ടും ഓ.. എന്നാ പറയാനാ എന്ന മട്ടില്‍ ജീവിച്ചു പോകുന്ന ഇട്ടാവട്ടത്തിലെ അശടുകള്‍ക്ക് തങ്ങള്‍ ആരുടെ സ്വപ്നത്തിന്റെ ഭാഗമാണെന്നത് ഗൌരവമുള്ള പ്രശ്നമല്ല. ആരുടെ ആയാലെന്ത്?
അതുകൊണ്ട് നമ്മള്‍ ഉറങ്ങുന്നു. ആരുടെയെങ്കിലും സ്വപ്നത്തിലുണരാന്‍. ആരെയൊക്കെയോ നമ്മുടെ സ്വപ്നത്തില്‍ ഉണര്‍ത്താന്‍............... ചിലപ്പോള്‍.. ചിലപ്പോള്‍ മാത്രം.. ഇങ്ങനെ ഒരു ശബ്ദമില്ലാത്ത നിലവിളി ഉള്ളില്‍ നിന്ന് മുള കീറും പോലെ... ‘ഞാന്‍ ആരുടെ സ്വപ്നത്തിന്റെ ഭാഗമാണ്...?’
നല്ല, വിസ്മയിപ്പിയ്ക്കുന്ന ചിന്തകള്‍ തന്നെ മാഷേ... നല്ല പോസ്റ്റ്.
ReplyDelete“മൂന്നു ‘ഞാന്‍’ ഉണ്ടെന്നാണു പറയുക. 1. യഥാര്‍ത്ഥത്തിലുള്ള ഞാന്‍ തന്നെ. 2. ഞാന്‍ എന്തായിരിക്കണമെന്നു വിചാരിക്കുന്നോ ആ ‘ഞാന്‍’. 3. മറ്റുള്ളവരുടെ ഉള്ളിലുള്ള ‘ഞാന്‍’.”
:)
good post abhi
ReplyDeleteഗ്രിഗര്‍ സാംസ ഒരു സെയിത്സ് റെപ്രസെന്റേറ്റീവ് ആയിരുന്നു...
ReplyDelete:) സുഖിച്ചു...
ReplyDelete“ഞാന്‍ ഒറ്റയ്ക്കാകുമ്പോള്‍ അവള്‍ എന്‍റെ സ്വപ്നമാണ്, അവള്‍ ഒറ്റയ്ക്കാകുമ്പോള്‍ അവള്‍ എന്‍റെ ജീവിതവും”
ReplyDeleteഗ്രിഗര്‍സംസ സെയില്‍സ്റെപ്പായിരുന്നെങ്കില്‍ സാന്‍റിയാഗോ സേയില്‍സ്മാനായിരുന്നു. ക്രിസ്റ്റല്‍ പാത്രങ്ങളുടെയും പിന്നെ സ്വപ്നങ്ങളുടെയും.
വില്‍ക്കാന്‍ വെച്ച സ്വപ്നങ്ങള്‍ എനിക്കെന്തായാലും വേണ്ട. :)
ReplyDeleteസ്വപ്നത്തെ നിയന്ത്രിക്കാന്‍ കഴിയുന്നവരുണ്ടോ ആവോ? അതായത് ഇന്ന വിഷയത്തില്‍ സ്വപ്നം കാണണം എന്ന് തീരുമാനിക്കുക, കാണുക, അതിന്റെ ഗതി നിയന്ത്രിക്കുക.. രാവിലെ എണീക്കുമ്പോള്‍ ഒന്നും ഓര്‍മ്മയില്ലാതിരിക്കുക ..
ഓ:ടോ : ഒരു ഭാഷാ സംശയം. “മാരകമായ അപകടം” എന്ന് ഉപയോഗിക്കുമ്പോള്‍ ആള്‍ മരിച്ചിരിക്കണ്ടേ? ഫേറ്റല്‍ എന്നതിന്റ്നെ മലയാളമല്ലേ മാരകം? ആള്‍ മരിക്കാത്ത വലിയ അപകടത്തിന് ഗുരുതരമായ അപകടം അല്ലേ കൂടുതല്‍ ചേരുക?
മരിപ്പിക്കാന്‍ (കൊല്ലാന്‍) പോന്ന തരത്തിലുള്ള എന്നര്‍ത്ഥമല്ലേ മാരകത്തിന്? അയാള്‍ മരിക്കുകയാണല്ലോ കഥയില്‍. ചിലവാക്കുകള്‍ക്ക് അതു പ്രദാനം ചെയ്യുന്ന ഭാവമാണ് പ്രധാനം. ഞാനതു തിരുത്തി. അയല്‍ക്കാരാ അതു സുഖിച്ചു. ഗോപീ പഴയൊരു വിവര്‍ത്തനത്തില്‍ ഗ്രിഗര്‍, ബാങ്ക് ജോലിക്കാരനാണ്, അയാള്‍ പാറ്റയും വലിയ ഷട്പദവും ചാണകപ്പുഴുവും ആയതുപോലെ !
ReplyDelete“സ്വപ്നത്തെ നിയന്ത്രിക്കാന്‍ കഴിയുന്നവരുണ്ടോ ആവോ? അതായത് ഇന്ന വിഷയത്തില്‍ സ്വപ്നം കാണണം എന്ന് തീരുമാനിക്കുക, കാണുക, അതിന്റെ ഗതി നിയന്ത്രിക്കുക.. രാവിലെ എണീക്കുമ്പോള്‍ ഒന്നും ഓര്‍മ്മയില്ലാതിരിക്കുക ...”
ReplyDelete:)
സ്വപ്നം അങ്ങനെ Voluntary ആയല്ല വർക്ക് ചെയ്യുന്നത് എന്ന് കണ്ണൂസ് ജീക്കറിയാമെന്ന് കരുതുന്നു... പിന്നെ ഇനിയത്തെ കാലത്ത് സെലക്ടീവ് ആയി പല മസ്തിഷ്ക ഭാഗങ്ങളും ഉത്തേജിപ്പിച്ച് സ്വപ്നങ്ങൾ കാണാൻ ‘പ്രേരിപ്പിക്കാം’... (ഒന്നു രണ്ട് പോസ്റ്റിനുള്ള വിഷയമായി; ഇതൊക്കെ എപ്പ എഴുതുവോ ?!)
ഓ.ടോ
സ്വപ്നങ്ങൾ നഷ്ടമാകുന്ന ഒരു മസ്തിഷ്കാഘാതാവസ്ഥയും ഉണ്ട് - ഷാർക്കട്ട് വിൽബ്രാന്റ് സിൻഡ്രോം.
:(
ഷാര്‍ക്കട്ട് വില്‍ബ്രാന്റ് സിന്‍ഡ്രോം.
ReplyDelete:( അപ്പോള്‍ ആ അബോധചോദനകള്‍ എവിടെ പോയി ആവിഷ്കാരം നേടും? അയാള്‍ എന്തുതരം അവസ്ഥയിലായിരിക്കും? (അഗ്രസീവ്? വെജിറ്റബിള്‍?നോര്‍മല്‍? ) പ്രതീക്ഷകളുടെ ‘സ്വപ്നവും‘ അയാളില്‍ അതു വഴി തകര്‍ന്നിരിക്കുമോ?
ബോധം എന്ന അതിര്‍ത്തിക്കെതിരെ. സ്വപ്നം എന്നത് ബോധപൂര്‍വ്വമാകുന്നത്,(അതൊരു വൈരുദ്ധ്യമാണോ?) അതില്‍ അകപ്പെട്ടുപോകുന്നത്. അതില്‍ അഭിരമിക്കുന്നത്. ഒരുപക്ഷെ പുനര്‍ജന്മമെന്ന മിത്തിന്റെ മറ്റൊരുവകഭേദമാവും സ്വപ്നം എന്ന ആഗ്രഹം. എന്താണ് എന്നതില്‍ അസംതൃപ്തി. അവസാനിക്കാത്ത സാദ്ധ്യതകളിലേക്കുള്ള കിളിവാതില്‍. അത്തരത്തില്‍ കലപോലെ മനുഷ്യന്റെ ‘സ്പിരിറ്റ്വല്‍ പ്രോജെക്റ്റ്’ എന്ന് സൊണ്‍ടാഗ് പറയുന്നവയില്‍ ഇതും പെടുത്താം. നാഗരികത മുറിച്ചുമാറ്റുന്ന ചിറകുകള്‍ വെച്ചുപിടിപ്പിക്കാനൊരു ശ്രമം.
ReplyDeleteവായിച്ചതായി സ്വപ്നം കണ്ടതാകുമോ, അതോ സ്വപ്നം കണ്ടതുപോലെ വായിച്ചതോ?
ReplyDeleteപ്രിയ വെള്ളെഴുത്ത് മാഷേ,
ReplyDeleteദാ ഇവിടെ സ്വപ്നത്തെക്കുറിച്ച് ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. മാഷുക്കും കണ്ണൂസ് ജീക്കും സമർപ്പിക്കുന്നു.
സ്വപ്നത്തെപ്പറ്റി ഒരു പഴയ പോസ്റ്റ്
ReplyDeletehttp://vaayanaykkitayil.blogspot.com/2006/01/blog-post.html
ഇതു കൂടി
http://www.extremefunnyhumor.com/pics/impossible%20illusion.jpg
Good Post!
ReplyDeleteസൂരജിന്റെ പോസ്റ്റിൽനിന്നാണ് ഇങ്ങോട്ടോടി വന്നത്. എല്ലാം കൂടി വായിച്ചപ്പോൾ ഒരു സ്വപ്നം കണ്ട പ്രതീതി.
ReplyDelete