May 23, 2008
വഴിവക്കില്‍ തങ്ങിയത്
ഇന്ത്യയിലുടനീളം, നഗരങ്ങളില്‍ പോലും വഴിവക്കില്‍ നിരവധി അമ്മദൈവങ്ങളുടെ ചെറുതോ വലുതോ ആയ ക്ഷേത്രങ്ങള്‍ കാണാം. ചിലപ്പോള്‍ വെറും പ്രതിഷ്ഠമാത്രമായി വെയിലും കാറ്റും മഞ്ഞും കൊണ്ട്. കേരളത്തില്‍ നാലുഭാഗത്തു നിന്നും വഴികള്‍ വന്നു സന്ധിക്കുന്ന നാലു ഗോപുരങ്ങളോടു കൂടിയ മേജര്‍ ക്ഷേത്രങ്ങളുടെ കേന്ദ്രീകൃത പടുതിയില്‍ നിന്നും പ്രകടമായ വ്യത്യാസമിവയാര്‍ജ്ജിക്കുന്നത് വഴിയരികിലെ ആര്‍ഭാടമില്ലാത്ത ഇരിപ്പുകൊണ്ടാണ്. സാംസ്കാരികപരിണാമത്തിന്റെ കുത്തൊഴുക്കില്‍ ഇവരില്‍ ചിലര്‍ സമ്പന്നരാവുകയും ആചാരരീതികളെ സംസ്കരിച്ചെടുക്കുകയും പേരു പോലും പുതുക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും യശക്കി, ഉച്ചുമാളി, മാരി, മീനാക്ഷി എന്നൊക്കെ അറിയപ്പെടുന്ന ദ്രാവിഡഗോത്രചിഹ്നങ്ങള്‍ പേറുന്ന അമ്മദൈവങ്ങള്‍ ഇന്നും നിശ്ശേഷം കേരളത്തിന്റെ തെരുവോരങ്ങളില്‍ നിന്ന് കുറ്റിയറ്റു പോയിട്ടില്ല. സാംസ്കാരിക പരിണാമത്തിന്റെ വിശാലമായ ഒരു ഭൂതകാലം ഈ അമ്മദൈവങ്ങളെ ചുറ്റിപ്പറ്റി നിലനില്‍പ്പുണ്ട്. അവയ്ക്കുമേല്‍ അടരുകള്‍ വന്നുനിറഞ്ഞ നാമത് തിരിച്ചറിയാതായെങ്കിലും.
വഴിക്കവലകളിലെ അമ്മദൈവങ്ങളെക്കുറിച്ച് ഗാഢമായ അന്വേഷണം നടത്തിയ ഡി ഡി കോസാംബി പരയുന്നത് നോമാഡുകളായി മനുഷ്യന്‍ അലഞ്ഞുതിരിഞ്ഞു നടന്ന കാലത്തിന്റെ അവക്ഷിപ്തങ്ങളാണ് ഈ ദൈവങ്ങള്‍ എന്നാണ്. കുടിയിരിപ്പ് അസ്ഥിരമായതുകൊണ്ട് വഴിക്കവലകള്‍ പ്രാര്‍ത്ഥനാലയങ്ങളായി. എവിടെയും ലഭ്യമാകുന്ന കല്ലുകള്‍ ബിംബങ്ങളായി. (ഭൂമാതാവാണ് കല്ല്) ജലസ്രോതസ്സിന്റെ സമീപം, മരച്ചുവട്, (കാവ്) എന്നിവിടങ്ങളിലാണ് സ്ത്രീദൈവങ്ങള്‍ കുടിയിരുത്തപ്പെടുന്നത്. ജലം സാര്‍വലൌകികമായ മാതൃബിംബമാണ്. മരം പ്രപഞ്ചത്തിന്റെ പ്രതീകവും. ഉരുണ്ടക്കല്ലുകള്‍ മുലകളെ പ്രതിനിധീകരിക്കുന്നുണ്ട്. എന്നാല്‍ കൊസാംബി ഇവയ്ക്ക് മറ്റൊരു പ്രതീകാത്മക അര്‍ത്ഥമാണ് നല്‍കുന്നത്. ഉരുണ്ട ഒറ്റക്കല്ല് ഭര്‍ത്താവു മരിച്ച് കുറേനാളുകള്‍ക്ക് ശേഷം മരിച്ച് ദേവിയായ സ്ത്രീയെയും മുലകള്‍ പോലുള്ള രണ്ടുകല്ലുകള്‍ ഭര്‍ത്താവുമരിച്ച അതേ ചിതയില്‍ എരിഞ്ഞ് ദേവിയായവരെയും ആണ് സൂചിപ്പിക്കുന്നത്. അപഹരിക്കപ്പെട്ട ദൈവങ്ങളില്‍ ആനന്ദ് നാടോടികള്‍ക്കൊപ്പം സഞ്ചരിക്കുന്ന ഉരുളന്‍ കല്ലുകളുടെ ദൈവത്വവും കാലഹരണപ്പെടുമ്പോള്‍ അവയ്ക്ക് സംഭവിക്കുന്ന പൈശാചികത്വവും ചിത്രീകരിച്ചിട്ടുണ്ട്. അത് മറ്റൊരു കൈവഴിയാണ്. ആറ്റുകാല്‍ ദേവി, മധുര നശിപ്പിച്ച് ഇറങ്ങി നടന്ന കണ്ണകിയാണ്. ശങ്കരാചാര്യരുടെ പിന്നാലെ ഇറങ്ങി നടന്ന സരസ്വതിയുടെ ഐതിഹ്യമാണ് മൂകാംബികയ്ക്കുള്ളത്. ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ഇതേ ഐതിഹ്യത്തിന്റെ തുടര്‍ച്ചയെ പിന്‍പറ്റുന്നുണ്ട്. തെക്കന്‍ കലാരൂപവും യക്ഷിയമ്മന്‍ ക്ഷേത്രങ്ങളില്‍ ഉത്സവത്തോടനുബന്ധിച്ച് പാടിവരികയും ചെയ്യുന്ന വില്ലടിച്ചാന്‍ പാട്ടിലെ പ്രധാന വിവരണം ദേവതയുടെ ഈ ക്ഷേത്രം വരെയുള്ള യാത്രയാണ്. ഒരു സമൂഹം ദേശം വിട്ടുപോയതിന്റെ (അലഞ്ഞു തിരിഞ്ഞതിന്റെ) പ്രതീകവത്കരണമാണ് ഈ അമ്മ ദൈവങ്ങളില്‍ നിഹിതമായിട്ടുള്ളത്. അല്ലാതെ ഒരു സ്ത്രീ ഒറ്റയ്ക്ക് ഇറങ്ങി നടന്നതല്ല.
മറ്റൊന്ന് ഭര്‍ത്താക്കന്മാരില്ലാത്തവരാണീ അമ്മ ദൈവങ്ങള്‍ എന്നുള്ളതാണ്. മിക്ക ക്ഷേത്രങ്ങളുടെയും ശിവന്റെ മകളോ (കാളി, ഉച്ചുമാളിയമ്മ)കൃഷ്ണന്റെ സഹോദരിയോ (പാല്‍ക്കുളങ്ങര ദേവി) ഒക്കെയായി പ്രാദേശിക കഥാവിവരണങ്ങളില്‍ കടന്നു വരുന്ന ഇവര്‍ക്ക് ഇതിഹാസ-പുരാണങ്ങളില്‍ പരതിയാല്‍ ഒരു പശ്ചാത്തലം കണ്ടുപിടിക്കുക പ്രയാസമായി തീരൂം. ശാന്തയായ ഒരു ജ്യേഷ്ഠത്തിയും ഉഗ്രയായ അനുജത്തിയും എന്ന രീതിയിലാണ് കേരളത്തിലെ അമ്മദൈവങ്ങളുടെ ഘടന. (നമ്മുടെ കേരളീയമായ യക്ഷി സങ്കല്‍പ്പത്തിലും സ്ത്രീയുടെ ദ്വന്ദ്വഭാവം കുടിയേറിയിരിക്കുന്നതു കാണാം. വെളുത്ത പാലയിലും (സൌമ്യമാതാവ്) കറുത്ത പനയിലുമാണ് (ഘോരമാതാവ്) അവളുടെ വാസം. പുരുഷന്മാരെ കൊന്നു കൊലവിളിക്കുന്ന യക്ഷികള്‍ക്കൊപ്പം നല്ലയക്ഷിയുമുണ്ട്, വെണ്മണികുടുംബത്തിലെ തലമുറകളില്‍ രണ്ടു പേരുടെ മന്ദബുദ്ധിത്വത്തിനു കാരണമായ ശാപം വരുന്നത് നല്ലവളായ ഒരു യക്ഷിയില്‍ നിന്നാണ് എന്നൊരു കഥ ഐതിഹ്യമാലയില്‍ കാണാം. അവള്‍ കാമരൂപിണിയാണ്. യക്ഷിയുടെ പുരുഷനായ യക്ഷന്‍ അവളില്‍ നിന്നകന്നു. അവള്‍ക്ക് ആരെയും സ്വീകരിക്കാന്‍ പ്രയാസമില്ല. എന്നാല്‍ പുരുഷന്‍ കഷ്ടപ്പെടും. യക്ഷി ഒരു അമ്മദൈവമാണ്. ഉപദൈവമായും പ്രധാനദൈവമായുമുള്ള കുടിയിരിപ്പുകളുണ്ട്. ) പുരുഷന്‍ ഇല്ലാതിരിക്കുക, നിത്യകന്യകാത്വമുണ്ടാവുക (വറ്റാത്ത ലൈംഗികതാ സങ്കല്‍പ്പമാണ് ഈ നിത്യകന്യകാത്വത്തിനു പിന്നില്‍ ) എന്നാല്‍ അമ്മയായിരിക്കുക എന്ന അവസ്ഥ ഇവര്‍ക്ക് പൊതുവാണ്. (കുടുംബ ക്ഷേത്രങ്ങളിലും ഇതേ കഥ ഈഷദ്ഭേദങ്ങളോടെ നിലനില്‍പ്പുണ്ട്. ചില ഉരുവങ്ങള്‍ക്കൊപ്പം ചെറിയ ശിശുരൂപവും കാണാം. സ്ഥിരമായൊരു ക്ഷേത്രമില്ലാതെ വര്‍ഷത്തിലൊരിക്കല്‍ അല്ലെങ്കില്‍ മൂന്നു വര്‍ഷത്തിലൊരിക്കല്‍ എഴുന്നള്ളിച്ചു കൊണ്ടിരുത്തി പൂജിച്ച് മടങ്ങുന്ന രീതിയും തെക്കന്‍ ഭാഗങ്ങളില്‍ സുലഭമാണ്. )പരിമിതപ്പെടുത്താത്ത ലൈംഗികതയാണ് ഭര്‍ത്താവില്ലാതെ അമ്മയായിരിക്കുക എന്നതിനര്‍ത്ഥം. അതി പുരാതനമായ മാതൃദായക്രമത്തിന്റെ കൃത്യമായ അവതരണമാണിത്. അമ്മയാണ് സമൂഹത്തിന്റെ കേന്ദ്രം. അവര്‍ ശിക്ഷിക്കാനും രക്ഷിക്കാനും ശേഷിയുള്ള വറ്റാത്ത ഫലഭൂയിഷ്ഠതയുടെ ഉറവിടമാണ്. കൃഷി, കന്നുകാലികള്‍ , പ്രകൃതി, ഊര്‍ജം, സസ്യങ്ങള്‍ , ലൈംഗികത എന്നിവയുടെയൊക്കെ ശ്രദ്ധാകേന്ദ്രം അവരായി തീരുന്നത് സ്വാഭാവികം. ‘പിതാവിന്റെ’ നിയന്ത്രണാധികാരത്തില്‍ നിന്നു വ്യത്യസ്തമാണിത്.
‘അമ്മന്‍’ എന്ന ദ്രാവിഡശബ്ദത്തിലെ പുരുഷപ്രത്യയം കൂടി ശ്രദ്ധയര്‍ഹിക്കുന്നുണ്ട്. കേരളത്തിലെ വെളിച്ചപ്പാടുകളുടെ രൂപം സ്ത്രീയുടേതാണ്, നീണ്ടമുടി, ചുവന്ന വസ്ത്രം, മാറുമറച്ച ഉടുത്തുകെട്ട്. പ്രാചീനകാലത്ത് വെളിച്ചപ്പാടുകള്‍ സ്ത്രീകളായിരുന്നിരിക്കാം എന്ന സൂചന നല്‍കുന്നുണ്ട്. കൊടുങ്ങലൂരിലെ കോമരം തുള്ളലില്‍ ഈ വസ്തുത നിലനില്‍ക്കുകയും ചെയ്യുന്നു. അമ്മയുടെ ‘നായകത്വം’ അന്‍ എന്ന പുരുഷപ്രത്യയചേര്‍ച്ചയിലുണ്ട്. അമ്മദൈവങ്ങളുടെ പുരോഹിതന്മാര്‍ ഏറിയകൂറും അവര്‍ണ്ണരാണ്. അസ്പൃശ്യത തീക്ഷ്ണമായി തന്നെ നിലനിന്നിരുന്നതുകൊണ്ട് അധിനിവേശങ്ങള്‍ തീണ്ടാതെ, ഗോത്രസംസ്കൃതിയുടെ മിച്ചം ഇവിടങ്ങളില്‍ അങ്ങനെ ശേഷിച്ചതാവാം.
ബലി, (നരബലി) അമ്മദൈവങ്ങള്‍ക്കാണ് പ്രധാനമായും നല്‍കിയിരുന്നത്. ഇന്നത് ഗുരുസി, ഗുരുതി, എന്നൊക്കെ കുമ്പലങ്ങ വെട്ടും ചുണ്ണാമ്പു വെള്ളം കലക്കിയൊഴിക്കലുമായി പല പേരുകളില്‍ നിലനില്‍പ്പുണ്ട്. സംസ്കൃതരാണെങ്കിലും അതു ‘കുരുതി’യാണെന്ന് തെറ്റുകൂടാതെ പറയാനുള്ള വിവേകം നഷ്ടപ്പെടുത്തിക്കൊണ്ട്. ചോരയൊഴുക്ക് ആര്‍ത്തവത്തിന്റെ പ്രതീകം കൂടിയാണ്. ഋതുവിനു ശേഷം ലൈംഗികതയ്ക്കായി പെണ്ണൊരുങ്ങുന്നതു വച്ചാണ് ബലികൊടുത്താല്‍ ‘ഫലം’ നന്നാവും ചിന്ത പ്രാകൃതബോധത്തില്‍ വേരൂന്നത്. ( ഋതൌ എന്ന വാക്കിന് ‘പോകല്‍ ’ എന്നാണര്‍ത്ഥം. രക്തമൊഴുക്കും കാലവും സമാനാര്‍ത്ഥത്തില്‍ ആ സംസ്കൃതപദത്തില്‍ സന്ധിക്കുന്നുണ്ട്) ദേവീപ്രസാദം കുങ്കുമമായിരിക്കുന്നതും ഈ അര്‍ത്ഥത്തിലാണ്. ചുവന്ന പട്ട് ആ അര്‍ത്ഥത്തില്‍ ആര്‍ത്തവം പുരണ്ട പവിത്രവസ്ത്രമാണ്. ചെങ്ങന്നൂരിലെ ദേവി തൃപ്പൂത്താവുന്നതു മാത്രമാണ് ഈ വിഷയത്തില്‍ ഉദാത്തീകരണം സംഭവിക്കാതെ അവശേഷിക്കുന്ന ചടങ്ങ്. ചേര്‍ത്തലയിലും കൊടുങ്ങലൂരുമുള്ള തെറിപ്പാട്ടുകള്‍ ബഹുകാര്യവ്യഗ്രയായ അമ്മയുടെ ഉള്ളിലെ രതിയുണര്‍ത്താന്‍ വേണ്ടിയുള്ളവയാണ്. അതുവഴിയാണ് അവള്‍ പുഷ്കലയാവുന്നതും. മാതൃദായക്രമത്തില്‍ രതി തെറ്റാവുകയില്ല. പുരുഷകേന്ദ്രിതമായ ഘടനയിലാണ് രതി സംബന്ധമായ ‘അശ്ലീലം‘ കടന്നു വരുന്നത്. ‘എട്ടുമടങ്ങാണ് സ്ത്രീയുടെ കാമം’ എന്നത് (സ്ത്രീണാമഷ്ട ഗുണഃ കാമഃ) അഗമ്യഗമനഭീരുവായ പുരുഷന്റെ ഭയമാണ്. അവന്‍ ഭയപ്പെടുന്നത് പ്രാഥമികമായും അമ്മയുമായുള്ള ബന്ധത്തെയാണ്. ഫ്രോയ്‌ഡ് ‘വിലക്കുകളും കുലചിഹ്നങ്ങളും’ എന്ന കൃതിയില്‍ പരിചയപ്പെടുത്തുന്ന ആദിമമായ രണ്ടു വിലക്കുകളിലൊന്ന് സ്വന്തം ഗോത്രത്തിലുള്ളവരുമായുള്ള ഇണചേരലാണ്. അമ്മയുമായോ സഹോദരിയുമായോ ഉള്ള ബന്ധത്തെ വിലക്കുന്നതിനാണ് നാളിതുവരെയുള്ള എല്ലാ ലൈംഗികസെന്‍സര്‍ഷിപ്പുകളും ഉണ്ടായിട്ടുള്ളത്. ആ ഭയം ക്രമേണ മറ്റിടങ്ങളിലേയ്ക്കും പരക്കുന്നതും വിലക്കുകള്‍ വര്‍ദ്ധിക്കുന്നതും നാം നാഗരികതയായി കണ്ടു. പക്ഷേ വിലക്കുകള്‍ ഒന്നും ഇല്ലാതാക്കുന്നില്ല. അബോധത്തിലെയ്ക്കു ചുരുണ്ടു കൂടി അവ പുതിയ സാമൂഹിക രൂപകങ്ങളായി പിറവിയെടുക്കുന്നു.
കേരളത്തിലെ മിക്ക രാജാക്കന്മാരുടെയും പരദൈവങ്ങള്‍ സ്ത്രീകളാണെന്നുള്ളത് പ്രാചീനാവസ്ഥയില്‍ നാം തുടര്‍ന്നിരുന്ന ഗോത്രപരസംസ്കൃതിയുടെ തുടര്‍ച്ചയാണെന്ന് പറയപ്പെടുന്നു. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ വിവാഹം കഴിക്കുന്ന പതിവില്ലായിരുന്നു. അവര്‍ക്ക് പറയാന്‍ ഭാര്യമാരില്ല. സംബന്ധങ്ങള്‍ ഉണ്ട്. സംബന്ധങ്ങളെ വിവാഹമായി കണക്കാക്കേണ്ടതില്ല എന്നായിരുന്നു ബ്രിട്ടീഷ് കോടതികളുടെ നിലപാട്. മാതൃദായക്രമത്തില്‍ സ്ത്രീയില്‍ അധിഷ്ഠിതമായിരിക്കുന്ന ലൈംഗികതയെ തെറ്റായി വ്യാഖ്യാനിച്ചാണ് വിദേശസഞ്ചാരികള്‍ ഇവിടെ വേശ്യാവൃത്തി വ്യാപകമാണെന്ന് എഴുതിപിടിപ്പിച്ചത്. അവര്‍ക്കു പരിചിതമായിരുന്ന പുരുഷദായക്രമത്തിന്റെ ഒരു നോട്ടമാണത്. സംഗീതം, നൃത്തം, ഇവയെല്ലാം സ്ത്രീകള്‍ക്ക് ആകര്‍ഷണീയതകൂട്ടുമെന്നതിനാല്‍ അവ നിരോധിക്കേണ്ടതാണെന്നു ഇന്നും മുറവിളി ഉയരുന്നത് മറ്റു പല വിലക്കുകളുമെന്നപോലെ അഗമ്യഗമനഭീതിയുടെ സാമൂഹികരൂപകമായി തിരിച്ചറിയണം.
വിട്ടുപോന്ന ചിലയിടങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട് ഇന്നും വഴിവക്കില്‍ ചിലതെല്ലാം തങ്ങുന്നുണ്ടെന്ന വാസ്തവം നമ്മെ കുറച്ചൊക്കെ വിനീതരാക്കേണ്ടതല്ലേ?
പുസ്തകങ്ങള്‍
മിത്തും യാഥാര്‍ത്ഥ്യവും
പ്രാചീനഭാരതത്തിന്റെ സംസ്കാരവും നാഗരികതയും
-ഡി ഡി കോസാംബി
അമ്മദൈവവും സംസ്കാരവും
-പി സോമന്‍
അനിയത്തി ജ്യേഷ്ഠത്തി സങ്കല്പങ്ങളിലെ ദേവീപ്രതിഷ്ഠകൾക്കിടയിൽ നടത്തിപ്പോരുന്ന യാത്രയും മറ്റും പൂരക്കാഴ്ചകളിൽ ഇത്രയേറെ പ്രാധാന്യമുള്ളതായിത്തീർന്നതും ദേവീസങ്കല്പങ്ങളുടെ യഥാർത്ഥബിംബങ്ങൾ ഗോത്രബോധത്തെയും മാതൃദായക്രമത്തെയും (ഗോത്രങ്ങൾ മാതൃരൂപങ്ങൾ വഴി കുടുംബങ്ങളായി വേരുകൾ പടർത്തുന്നത്) സൂചിപ്പിക്കുന്നുണ്ടെന്നു തോന്നുന്നു. നല്ല ലേഖനം വെള്ളെഴുത്തേ.
ReplyDeleteവളരെ നല്ല ലേഖനം വെള്ളെഴുത്തേ, ശ്രമത്തിന് അഭിനന്ദനങ്ങള്‍
ReplyDeleteമോഹഞ്ചദാരോയിലെ ദേവിയ്ക്കും മുന്നേ ഇവിടെ അമ്മ ദൈവങ്ങള്‍ ഉണ്ടായിരുന്നു അന്ന് കരുതാം അല്ലേ?
ജേഷ്ഠത്തി-അനുജത്തിമാര്‍ തമ്മിലുള്ള വഴക്കും, സൌഹൃദങ്ങളും പല മിത്തുകളിലൂടെയും പ്രശസ്തമാണ്.
ഒരു സംശയം. ഈ യക്ഷി ശരിക്കും യക്ഷന്റെ ഭാര്യ തന്നെ ആണോ. യക്ഷിണി അല്ലേ യക്ഷന്റെ ഭാര്യ? കേരളത്തില്‍ മാത്രമാണ് യക്ഷി എന്ന “In South India, Yakshis are not considered benevolent beings“ സങ്കല്‍പ്പം എന്ന് തോന്നുന്നു. ശിഷ്യനും, മകനും എന്ന വള്ളത്തോള്‍ കൃതിയില്‍ കുബേരന്റെ അളകാപുരി താണ്ടി പരശുരാമന്‍ കൈലാസത്തില്‍ ചെല്ലുന്നത് വിവരിക്കുമ്പോള്‍ , പരശുരാമനെ കണ്ട യക്ഷിണികള്‍
“സ്വമനസി .... പുത്രലബ്‌ദി നേര്‍ന്നു” എന്ന് പറയുന്നുണ്ട്. കാമരൂപിണിയായ, ലൈംഗിക സ്വാതന്ത്ര്യമുള്ള യക്ഷി ആണെങ്കില്‍ “ഇവന്‍ പുത്രനായി പിറന്നെങ്കില്‍“ എന്ന് ആഗ്രഹിക്കുമോ പ്രാപിക്കാനല്ലേ ശ്രമിക്കൂ? അതോ യക്ഷികള്‍ അങ്ങനെ ചിന്തിക്കുമെന്ന് കരുതാന്‍ മാത്രം വിവരദോഷിയായിരുന്നോ കേള്‍വികുറഞ്ഞ മേനോന്‍? യക്ഷിയും, യക്ഷിണിയും തമ്മില്‍ വ്യത്യാസമുണ്ടെന്ന് തന്നെയാണ് തോന്നുന്നത്.
യക്ഷികള്‍,സ്ത്രീ/അമ്മ ദൈവങ്ങള്‍ എന്നിവ നദീതട സംസ്ക്കാരവും, ആര്യന്‍ എസ്റ്റാബ്ലിഷ്മെന്റുകളും വരുന്നതിന് മുന്നെ ഇവിടെ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് നല്‍കിയ പ്രാധാന്യത്തേയും സൂചിപ്പിക്കുന്നു എന്ന് തോന്നുന്നു.
ആനന്ദിന്റെ പരാമര്‍ശത്തിന് ഒരൊപ്പ് ചാര്‍ത്തുന്നു. ഗോത്രങ്ങള്‍ പരസ്പരം ആക്രമിക്കുമ്പോള്‍ ആദ്യം നശിപ്പിക്കാന്‍ ശ്രമിക്കുന്ന കല്‍/മണ്‍ ദൈവങ്ങളും, അവയെ സംരക്ഷിക്കാനും സ്വന്തം ഗോത്രസംസ്ക്കാരം നിലനിര്‍ത്താനും ശ്രമിക്കുന്ന ദൈവത്തിന്റെ കാവല്‍ക്കാര്‍ :)
ആനന്ദിന്റേയും കൊസാംബിയുടേയും സോമന്റേയും ശ്രീജന്റേയും പുസ്തകങ്ങള്‍ പോലെ പ്രധാനപ്പെട്ട മറ്റൊരു പുസ്തകത്തിന്റെ ഡ്രാഫ്റ്റായി ഈ പോസ്റ്റ് കാത്തുവെയ്ക്കുന്നു.
ReplyDelete[വി. സി. ശ്രീജന്‍/യാ ദേവി സര്‍വ ഭൂതേഷു]
നായര്‍സ്ത്രീകള്‍ അനുഭവിച്ചിരുന്ന ലൈംഗിക സ്വാതന്ത്ര്യം ഫെമിനിസത്തിന്റെ എക്കാലത്തെയും എവിടത്തെയും പരമമായ ആവിഷ്കാരമായി വായിച്ചെടുക്കാം എന്നും തോന്നുന്നു.
വെള്ളിയാഴ്ചത്തെ ഒരു ഉച്ചയുറക്കം കഴിഞ്ഞ് ഉണര്‍ന്നെണീറ്റപ്പോള്‍ കാളീടെ മോന്‍ അയ്യപ്പനും മറ്റും കെട്ടി വരാറുള്ള മഞ്ഞക്കാളി, കരിങ്കാളിമാരെയും അവരുടെ ഓട്ടുമുലകളേയും അതിന്റേതുമാത്രമായ സംഗീതമുള്ള ചിലമ്പുകളേയും അനുഭവിപ്പിച്ച്, സ്പ്നമാണോ യാഥാര്‍ത്ഥ്യമാണൊ എന്ന് അമ്പരിപ്പിച്ച എഴുത്ത്.
കര്‍ക്കടകത്തില്‍, ബൈക്കില്‍, മേലാങ്ങോട്ടു പോയി ചേച്ചിയേയും അനിയത്തിയേയും കാണാതെ ഞാനിത് വിശ്വസിക്കുകയില്ല.
നിങ്ങള്‍ മനുഷ്യനെ വെറുതെ വിടില്ലാ? എന്താ,എന്താ ഒരു ലേഖനം മാഷെ..ഒരു പത്തു പ്രാവശ്യമെങ്കിലും വായിക്കേണ്ടിവരും, എല്ലാ കൈവഴികളും കണ്ടുപിടിക്കാന്‍. നന്നായി. വളരെ.
ReplyDeleteസൂക്ഷിച്ചോ..You will be quoted as reference.
നന്ദി.
വളരെ നന്നായി ഈ ലേഖനം. ചേച്ചി/അനിയത്തി ദ്വന്ദ്വങ്ങള്‍ വടക്കന്‍ മലബാറിലെ തെയ്യങ്ങളുടെ ഇടയിലും കാണാം. ചീറുമ്പ എന്ന അനിയത്തി വസൂരി വരുത്തുമ്പോള്‍ അത് ഭേദമാക്കി തരുന്നവളാണ് ചേച്ചിയായ പുതിയോതി .പിന്നെ
ReplyDeleteവെളിച്ചപ്പാടന്‍ ശിവന്റെ മകളാണല്ലോ.
നല്ല ലേഖനം മാഷെ.
ReplyDeleteശങ്കരന്‍റെ കാലത്തു കണ്‍വെര്‍ട്ടുചെയ്യപ്പെട്ട ചില ബുദ്ധ-ജൈന ക്ഷേത്രങ്ങളിലും അമ്മ പ്രതിഷ്ഠ വന്നിട്ടുണ്ടല്ലോ.. (ഉദാ. കൊടുങ്ങല്ലൂര്‍, കല്ലില്‍)..
നല്ല ഒരു ലേഖനത്തിനു നന്ദി.
ReplyDeleteഡിങ്കന്‍. യക്ഷിയും യക്ഷണിയും രണ്ടും രണ്ടാണ്. കേരളത്തിലെ യക്ഷിക്കും മുകളില്‍ പറഞ്ഞവര്‍ക്കും അക്ഷരസാദൃശ്യം മാത്രമാണുള്ളത്.ആര്യ ഹിന്ദു മത അധിനിവേശത്തോടെയാണ് അമ്മ ദൈവങ്ങള്‍ പിന്നണിയിലേക്കു നീങ്ങുന്നത്. ദായക്രമം കുറെ കാലം കൂടെ നിലനിന്നു. അതിനു വികസിതമായ ചാതുര്‍വര്‍ണ്യത്തില്‍ പ്രസക്തിയുണ്ടായിരുന്നു. അഗമ്യത അവിടെ വരുന്നില്ല. പകരം അധികാരമാണ് ഘടകമെന്നു തോന്നുന്നു. ബ്രാഹ്മണ അധിനിവേശത്തിന്‍റെ ഫലമായ ഒരു അറേഞ്ചുമെന്‍റ്.
നല്ല ഒരു വായന അനുഭവത്തിനു നന്ദി.
അഭിനന്ദനങ്ങള്. excellent
ReplyDeleteകനപ്പെട്ട സാധനം!
ReplyDeleteതനത് ദേവിമാര്‍ (?) ഇനിയും കുറേയില്ലേ? വിഗ്രഹം പോലുമില്ലാതെ ദെവിയെ ആരാധിക്കുന്ന വിചിത്രതയും കണ്ടിട്ടുണ്ട്. പണ്ട് മഴ പെയ്യാനായി കൊടുംപാപിയുടെ ഡമ്മി നാടൊട്ടുക്ക് കെട്ടിവലിക്കുന്ന ഒരു ചടങ്ങുണ്ടായിരുന്നു. ഗൊപ്പിയളാ എന്ന് ആവര്‍ത്തിച്ചു വരുന്ന പ്രാര്ത്ഥനയും ഗാനവും അല്ലാത്ത ഒരു സംഭവം അതില്‍ പാടിക്കൊണ്ടെയിരിക്കും. ഏതാ ഭാഷയെന്നോ ഏതു ദേവിയേയാണ് പ്രീതിപ്പെടുത്താന്‍ നോക്കുന്നതെന്നോ ചോദിച്ചറിയാനുള്ള പ്രായം ഇല്ലാത്ത കാലത്ത് കണ്ടിട്ടുള്ള കാര്യങ്ങളാണ്. ആ ദേവി അപഹരിക്കപ്പെട്ടു!
പിന്നെ കുടുംബ ദേവിമാര്‍. നിലവിളക്കെരിയുന്ന തെക്കിനിയില്‍, അടച്ച മുറിയില്‍ ചന്ദനത്തിരിക്കും കര്‍പ്പൂരത്തിനും ഇടയില്‍ വിഭൂഷിതയായി ഇരിക്കുന്ന ദേവിയെ സിനിമയിലേ കണ്ടിട്ടുള്ളൂ. ഞാന്‍ കണ്ട കുടുംബ ദേവിമാര്‍, വൈന്നേരം രണ്ടെണ്ണം വിട്ട് വരുന്ന കാരണവര്‍ക്ക് ദൈവപ്പുരയുടെ വാതില്‍ ചവിട്ടിത്തുറന്ന് "എന്തിനാണ്ടീ കൂത്തിച്ചി എന്നെ ഇങ്ങനെ ബുദ്ധിമുട്ടിക്കണ്?" എന്ന് ആവലാതി പറയാനുള്ള സുഹൃത്തുക്കളാണ്.
നൊമാദുകളോടൊപ്പം സഞ്ചരിച്ച ദേവീസങ്കല്പ്പം കല്ലിലൊതുങ്ങി!
ഡിങ്കാ, ദേവിയുടെ ഷോക്ക് അബ്‌സോര്‍ബര്‍ കൂടിയാണ് യക്ഷി. മിക്ക ദേവീക്ഷേത്രങ്ങളിലും നാലമ്പലത്തിന് വെളിയില്‍ യക്ഷിയമ്പലം പതിവായിരുന്നു. ആര്‍ക്കും കയറാം. കല്ലു നിരത്താം, ആണിയടിക്കാം, വിളക്ക് വെക്കാം. ഈ സങ്കല്പ്പവും അപഹരിക്കപ്പെട്ടു!
ReplyDeleteവെള്ളെഴുത്തേ, പ്രവാചകന്റെ പ്രവചനവും കൂടി ശ്രദ്ധിക്കണേ. ഉദ്ദേശിച്ച രീതിയിലല്ലാതെ ഈ ലേഖനം വായിക്കപ്പെടാന്‍ സാധ്യതയുണ്ട്. :)
ReplyDeleteഗോത്രവര്‍ഗ്ഗം എന്നാല്‍ വനവാസികള്‍ എന്നാണല്ലേ എല്ലാവരും ധരിക്കുന്നത്? ബ്രാഹ്മണരു ക്ഷത്രിയരും ഇപ്പോഴും ഗോത്രനാമം വെടിഞ്ഞിട്ടില്ല.ബ്രാഹ്മണര്‍ക്കു ഇപ്പോഴും സ്വഗോത്രത്തില്‍നിന്നു വിവാഹം പാടില്ല എന്ന കര്‍ശന നിയമമുണ്ട്. ഓരോആളും അഭിവാദ്യം ചെയ്യുമ്പോള്‍ (വിപ്ലവമല്ല; ദേവന്റെയും ഗുരുസ്ഥാനീയരുടെയും മുമ്പില്‍ ആദരവോടെ സ്വയം പരിചയപ്പെടുത്തുന്നത്) ഗോത്രനാമം പറയാറുണ്ട്.
ReplyDeleteഇടക്കാലത്തു ബൌദ്ധരുടെ (അശോകന്റെയും മറ്റും)തിയോക്രാറ്റിക് ഭരണം വന്നപ്പോള്‍ പലരും ഗോത്രാചാരങ്ങള്‍ വെടിഞ്ഞു.അശോകന്റെ ഭരണകാലത്താണ് സ്റ്റേറ്റിന്റെ അസഹിഷ്ണുത ഏറ്റവും കൂടിയതു എന്നുകരുതാം. വിഗ്രഹങ്ങളെ ദേവതാപ്രതീകങ്ങളായി ആരാധിച്ചിരുന്നതിനെ നിരോധിച്ചത് ഇക്കാലത്താണ്. രാത്രികാലത്തു നടത്തി, വെളിച്ചമാകുമ്പോളേക്കു കഴിയുന്ന കളംവരച്ചൂപാട്ട്,ദേവന്റെ രൂപം ധരിച്ച് നൃത്തം തുടങ്ങിയവ ബൌദ്ധകാലത്തു അടിച്ചമറ്ത്തപ്പെട്ട വിഗ്രഹാരാധകന്റെ ക്രിയേറ്റീവ് മൈന്‍ഡില്‍ ഉറവെടുത്ത ആരാധനാവിശേഷങ്ങളാണ്.ബൌദ്ധകാലത്തിനും മുഗളകാലത്തിനും അമിതപ്രാധാന്യം കൊടുത്തുകൊണ്ടുള്ള ചരിത്രരചന ബ്രിട്ടീഷുകാറ് രാഷ്ട്രീയകാരണങ്ങളാല്‍ സ്വീകരിച്ച തന്ത്രങ്ങളായിരുന്നുവെന്നു ടിലോട്സണ്‍ തുടങ്ങിയ ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ തുറന്നു സമ്മതിച്ചിട്ടുണ്ട്. സ്വതന്ത്രഭാരതത്തിലും ഈ രാഷ്ട്രീയ ആവശ്യമുള്ളവര്‍ അധികാരത്തില്‍ വന്നു എന്നതു മറ്റൊരു ദു:ഖസത്യവും.
എം.ജി.ശശിഭൂഷണ്‍ ന്റെ “കേരളത്തിലെ ദേവതാസങ്കല്പം” എന്ന പുസ്തകത്തില്‍പ്പോലും അഭാരതീയമായ പരിപ്രേക്ഷ്യത്തില്‍നിന്നു രക്ഷപ്പെടാന്‍ കഴിയാത്തതിന്റെ ദയനീയമായ തെളിവുകളുന്ണ്ട്.
ഇതൊക്കെ എനിക്ക് പുതിയ അറിവുകളാണ്...നന്ദി...
ReplyDeleteഈ വഴിവക്കിലെന്നു തങ്ങാതെ വയ്യ..... വിജു, ഉഗ്രന്‍ പോസ്റ്റ്
ReplyDeleteവെളിവുനല്‍കുന്ന കമന്റുകള്‍. ചീത്തപറയാനായി അനോനി മുഖമൂടിയ്ക്കു പിന്നില്‍ ഒളിഞ്ഞിരിക്കുന്നതു മനസ്സിലാക്കാം.ഇത്തരം ആധികാരികമായി കാര്യങ്ങള്‍ പറയുന്ന ഒരാള്‍ എന്തിനാണ് അനൊനിയാവുന്നത്? അതുകൊണ്ട് നഷ്ടമാവുന്നത് ഇമ്മാതിരി വല്ല കാര്യങ്ങളിലും ചര്‍ച്ചചെയ്യാനോ സംശയം ചോദിക്കാനോ ഉള്ള ഒരവസരമല്ലേ. നമത്, യക്ഷി, യക്ഷിണി രണ്ടും ഒന്നായിട്ടാണ് ശബ്ദതാരാവലി, ഗുണ്ടട്ട് നിഘണ്ടു, എന്നിവയില്‍. കുബേരന്റെ ഭാര്യ യക്ഷിണിയാണ്. ആ അര്‍ത്ഥത്തിലാവും വള്ളത്തോളിന്റെ യക്ഷി, മകനെ കാംക്ഷിച്ചത്. അനുഗ്രഹിക്കപ്പെട്ടത്. എന്നാല്‍ യക്ഷിയുടെ മകന്‍ ഏതെങ്കിലും കഥയിലുണ്ടോ എന്നറിയണം. ഉപദേവതമാരില്‍ ഒരാളാണ് യക്ഷന്‍. പൂജിക്കപ്പെടുന്നതു കൊണ്ടും ,പൂജിക്കുന്നതു കൊണ്ടും ഈ പേരെന്ന് നിരുക്തം. (പ്രധാനദേവതമാരെ പൂജിക്കുന്ന നിലയ്ക്കാണ് കണ്ണൂസ് എഴുതിയപോലെ, അവര്‍ അമ്പലത്തിനു പുറത്ത് പ്രതിഷ്ഠയായി നില്‍ക്കുന്നത്) കേരളത്തിലെ യക്ഷിസങ്കല്പം ഈ ഉപദേവതാ സങ്കല്‍പ്പത്തില്‍ നിന്ന് വ്യത്യസ്തമാണ്. ബുദ്ധമത സങ്കല്‍പ്പത്തില്‍ നിന്നാണത്രേ നമ്മുടെ യക്ഷിമാര്‍ വരുന്നത്. അവര്‍ സസ്യദേവതമാരാണെന്ന് ‘അമ്മസങ്കല്പവും സംസ്കാരവും’ എന്ന പുസ്തകം പറയുന്നു. അമ്മദൈവ സങ്കല്‍പ്പവും യക്ഷിയും (യക്ഷിയമ്മ) ഇവിടെ കൂടിക്കുഴഞ്ഞു. യക്ഷിയെ മരവുമായി ബന്ധപ്പെടുത്തിയേ കാണാനാവൂ എന്നതോര്‍ക്കുക. പാല, കരിമ്പന, കാവ്...കാവുകളില്‍ പണ്ട് സ്ത്രീകള്‍ കാമുകന്മാരെ സന്ധിച്ചിരുന്നോ എന്നു സംശയിക്കണം. പിതൃദായക്രമം ഉറച്ചതോടെ ലൈംഗികബന്ധം ചോരയൂറ്റലായി മാറിയതാവാം. പാല്‍ക്കുളങ്ങര ഖ്സേത്രം വളരെ പഴക്കമുള്‍ലതാണ്. ഉണ്ണുനീലി സന്ദെശത്തില്‍ ഇവിടത്തെ ദേവിയെപ്പറ്റി ഒരു പരാമര്‍ശമുണ്ട്. പക്ഷേ ഇപ്പോഴുള്ള പ്രതിഷ്ഠ അതിനെ അനുസരിക്കുന്നതല്ല. കൈയില്‍ പാമ്പും കോമ്പല്ലും ധരിച്ച ഒരു കല്ലു വിഗ്രഹം അവിടെയുണ്ട് ഇപ്പോഴും അറിയപ്പെടുന്നത് യക്ഷിയമ്മയെന്ന്. കര്‍ക്കിടകമാസത്തില്‍ ചിറപ്പുമുണ്ട്. ഇവിടെ തന്നെ ജ്യേഷ്ഠത്തി അനുജത്തി സങ്കല്‍പ്പമുണ്ട്. ഉഗ്രരൂപിണിയായ അനുജത്തിയെ മൂന്നുവര്‍ഷത്തിലൊരിക്കല്‍ പുറത്തെഴുന്നള്ളിച്ച് 7 ദിവസം പൂജിക്കുന്നു. ഒരു നാട്ടു ദൈവം ആര്യനൈസേഷനു വിധേയമായത്തിന്റെ പ്രത്യക്ഷമായ ഉദാഹരണം. എം പി ശങ്കുണ്ണിനായരുടെ കാളിദാസ പഠനത്തില്‍ ഗന്ധര്‍വന്മാരെയും അപ്സരസ്സുകളെയും പറ്റി നല്ലൊരു പഠനം കണ്ടിട്ടുണ്ട്. നചികേതസ്സേ, വിജൂ എന്നു വിളിച്ചത് ആരെ?
ReplyDeleteരാജ്, രാം, പ്രവാചകാ, പ്രമോദേ, പാമരന്‍ (ലിങ്കിനു നന്ദി) ആദര്‍ശേ, ശിവാ.. എല്ലാവര്‍ക്കും അനുഗ്രഹം! രാം മേലാങോട്ടു പോകാന്‍ എന്നെയും കൂട്ടണേ.. അവിടങ്ങളില്‍ എവിടെ തൊട്ടാലും ചരിത്രം പൊടിയും.മാര്‍ത്താണ്ഡവര്‍മ്മയെയും കൈയില്‍ കരുതണം.
വെള്ളെഴുത്ത് വിജു.വി.നായരാണെന്ന് ഒരു ഗോസിപ്പ് ആദ്യകാലങ്ങളില്‍ ഞാനും കേട്ടതാണ് :)
ReplyDeleteമാനാ ഹോ തും ബേഹത് ഹസീ
ഐസേ ബുരേ, ഹം ഭീ നഹീം
എന്ന പാട്ട് പാടട്ടേ വെള്ളെഴുത്തിന് വേണ്ടി? :)
പോണ വഴിക്ക് (ബൈ ദ വേ മലയാളീകരിച്ചതാണ്), ആ യക്ഷിയമ്മ സങ്കല്പ്പം കലക്കി. ഞങ്ങടെ അമ്പലത്തില്‍ (പരക്കാട്ട് കാവ്, കാവശ്ശേരി, പാലക്കാട് ജില്ല) യക്ഷിക്ക് രൂപമില്ല. അതാണ് പ്രത്യേകത. ആര്‍ക്കും അകത്തു കയറി വിളക്ക് വെക്കാം. ഉഗ്രരൂപിണിയായ ദേവി, ചെയ്ത കൊലപാതകങ്ങളുടെയൊക്കെ ബാധ്യത ഈ പാവത്തിനാണ്. പ്രേതം വന്നാല്‍ ഇവര്‍ വേണം സമാധാനിപ്പിക്കാന്‍.
ReplyDeleteശാന്തരൂപിണി പ്രതിഷ്ഠ ആണെങ്കിലും, ലക്ഷാര്‍ച്ചന ഒക്കെ കഴിഞ്ഞാല്‍ യക്ഷിക്ക് ഒരു കുരുതി പതിവുണ്ട്. ദേവിയെ സമാധാനിപ്പിക്കാന്‍. തെക്കോട്ട് ഉണ്ടോ ഈ ആചാരം?
അമ്മദൈവസങ്കല്പം (കാളി, കൂളി,മറുത)ബൌദ്ധപാരമ്പര്യാധിനിവേശങ്ങളില്‍ക്കൂടിയും ആര്യവല്‍ക്കരണത്തിലൂടെയും യക്ഷ-യക്ഷിണി യും ഗന്ധര്‍വന്‍-അപ്സരസ്സുകളായി മാറിമറിഞ്ഞും കുഴഞ്ഞുമറിഞ്ഞു. വൃക്ഷ-ജലദേവതാാരാധനയുമായി ബന്ധപ്പെട്ടായിരിക്കണം ഇതിന്റെ ആവിര്‍ഭാവം. ആര്യ്‌വല്‍ക്കരണത്തിന്റെ ഭാഗമായിട്ടയിരിക്കണം യക്ഷിയമ്പലം ശ്രീകോവിലിനു പുറത്ത് മതില്‍ക്കെട്ടില്‍ ഒരു കോണില്‍ ആയത്. ബൌദ്ധരുടെ സാലഭഞ്ജിക സങ്കല്‍പ്പവുമായി ഇപ്പോഴും യക്ഷി-അമ്മദൈവങ്ങള്‍ ചേര്‍ന്നു കിടക്കുന്നു. കാവുകള്‍ക്കടുത്ത് ഒരു മരം മാത്രമായി ഇളംകാവുകള്‍ ഉണ്ട്. അതിലും ദേവി കുടികൊള്ളുന്നു. അത്തി അരയാല്‍ ഒക്കെ യക്ഷപ്രതീകങ്ങള്‍. യക്ഷിണി അശോകമരത്തിലുമുണ്ട്.ദക്ഷിണേന്ത്യയിലെ ഗാനനൃത്തങ്ങള്‍ യക്ഷഗാനങ്ങള്‍ ആയിരുന്നു. ഇവര്‍ ഇന്ദ്രന്റെ സദസ്സില്‍ ഗന്ധര്‍വ്വ-അപ്സരസ്സുകളായി പാടിക്കളിച്ച് ആഢ്യത്തം കൈവരിച്ചപ്പോള്‍ അയിത്തം കിട്ടിയ യക്ഷികള്‍ നിശാചരികളായി.
ReplyDelete‘കഥകളിസ്വരൂപ‘ത്തില്‍ നിന്നു:“നമ്മുടെ കാളിയുടേയും ദേവിയുടേയും മുന്‍ രൂപം യക്ഷി ആയിരുന്നിരിക്കണം....തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിന്റെ ഒരു ഉപക്ഷേത്രമായ ഏറങ്കാവ് ഭഗവതിക്ഷേത്രത്തിലെ മഹാമായ പ്രതിഷ്ഠയെ സംബന്ധിച്ചുള്ള പ്രസിദ്ധമായ ഐതിഹ്യമിതാണ്‍ സൂചിപ്പിക്കുന്നത്...തിരുവല്ല ചെപ്പേടുകളില്‍ ഈ യക്ഷിയുടെ വഴിപാടുകളും പരാമര്‍ശിക്കപ്പെടുന്നുണ്ട്.യക്ഷികളെ മാറ്റിയാണ് ദേവിമാര്‍ പ്രതിഷ്ഠിതരായതെന്ന സത്യം ഐതിഹ്യത്തില്‍ സംരക്ഷിക്കപ്പെട്ടിരിക്കയാണെന്നു തോന്നുന്നു....ജൈനര്‍ക്ക് കാമന്‍ യക്ഷാപ്ധിപനാണ്. ബദ്ധരുടെ മാരയക്ഷന്‍ കാമദേവനാണ്....അമ്മദൈവാരാധനയുടെ വൈവിധ്യത്തെ കളീപൂജയില്‍ ഏകീകരിച്ചചരിത്രഘട്ടം കേരളപ്പഴമയില്‍ ഒരു യുഗസന്ധിയായിരുന്നു....മുടിയേറ്റിലും മറ്റുമുള്ള ബൌദ്ധപ്രഭാവകാലസ്വാധീനങ്ങള്‍ തിരിച്ചറിയാന്‍ വയ്യാത്ത നിലയില്‍ സ്വാംശീകരിക്കപ്പെട്ടു ......അമ്മദൈവങ്ങളും വൃക്ഷങ്ങളും മൃഗങ്ങളും ഉള്‍പ്പെടെ പ്രകൃത്യാരാധനയുടെ വിവ്ധതലങ്ങള്‍ ഉള്‍ക്കൊള്ളുന്ന തെയ്യം -തിറ, പരോക്ഷമായ വൃക്ഷ-മൃഗസര്‍പ്പാരാധനയുടെ പശ്ചാത്തലത്തില്‍ മന്ത്രവാദകാലാവശിഷ്ടങ്ങല്ലായ ഭൂതപ്രേതപിശാചുക്കളും അമ്മദൈവപരിണതികളായ യക്ഷികളും ആദിശൈവാംശ്ഭൂതങ്ങളായ മാതൃമൂര്‍ത്തികളും... ...”
(കഥകളിസ്വരൂപം-മങ്കൊമ്പ് ശിവശങ്കപ്പിള്ള, സി. കെ. ശിവരാമപിള്ള. മാതൃഭൂമി ബുക്സ്, 2006.അനുഷ്ഠാനകലകളിലൂടെ കാളി-യക്ഷിദേവീസങ്കല്‍പ്പങ്ങള്‍ വിവിധമാനങ്ങളും സ്വരൂപങ്ങളും കൈവരിയ്ക്കുന്നതിന്റെ ഏറ്റവും നല്ല പഠനം ഈ പുസ്തകത്തില്‍ കാണാം.)
----------------------------
ഞാനും വെള്ളെഴുത്തും അനോണികളല്ലെ, വ്ജു വി. നായര്‍?
ഞങ്ങടെ നാട്ടിലെ ശിവക്ഷേത്രത്തിലെ യക്ഷിയമ്പലം ഒരു അശോകത്തിന്റെ ചുവട്ടിലാണ്. നാഗപ്രതിഷ്ഠയും ഒരുമിച്ച്. (ചില അമ്പലങ്ങളില്‍ നാഗയക്ഷി എന്ന ഒറ്റ പ്രതിഷ്ഠയാണ്.) അടുത്ത (ഭഗവതി) കാവിലേക്ക് കുഭകുടം എഴുന്നെള്ളുമ്പോള്‍ ഈ യക്ഷിയ്ക്ക് പൂജയില്ല. എന്നാല്‍ വയലിനു നടുവിലുള്ള ഇളം കാവ് എന്ന മരത്തില്‍ ആണ് വെളിച്ചപ്പാട് ഉറഞ്ഞാവേശിച്ച് കയറാന്‍ ശ്രമിക്കുന്നത്. ഈ മരത്തിന്റെ ചില്ലകളും വെട്ടിയാണ് പ്രധാന ഭഗവതിയുടെ അടുത്തേയ്ക്ക് ഓടുന്നത്.
ReplyDeleteഎതിരവന്‍ ‘കഥകളിസ്വരൂപം‘ കണ്ടിട്ടില്ല. നന്ദി ആ പുസ്തകം പരിചയപ്പെടുത്തിയതിന്. കണ്ണൂസേ ഏറ്റക്കുറച്ചിലുകളോടെ അതൊക്കെയുണ്ട് തെക്കും. ‘ബഹുത്’ ‘എന്നതിന്റെ അര്‍ത്ഥമറിയാമെങ്കിലും ‘ബേഹത്.. ‘അറിയില്ല..അതുകൊണ്ട് മൊത്തത്തില്‍ എന്താണാവോ പാട്ടിന്റെ അര്‍ത്ഥം? വിജുവിന് എന്നെപോലൊരാളാകേണ്ട വല്ല കാര്യവുമുണ്ടോ? അത്രയും മനോവേഗവും ധൈര്യവും അടുത്തകാലത്തൊന്നും എനിക്കു കിട്ടാനും പോകുന്നില്ല.
ReplyDeleteബഹുത് എന്നു തന്നെയാണ് വെള്ളെഴുത്തേ. സംഗീതം ബപ്പി ലാഹിരി ആയതുകൊണ്ടാവും അതിനെ അങ്ങേര്‍ ബേഹത് എന്നാക്കിയത്. യേശുദാസ് പാടുന്നതാണെങ്കില്‍ ബേഹദ് എന്നും. (ഇനി വേറെ വല്ല അര്‍ത്ഥവുമുണ്ടോ ആ വാക്കിന് ആവോ?)
ReplyDeleteഓഫാണേ...ബേഹദ് എന്നാല്‍ ഹദ്(ലിമിറ്റ്) ഇല്ലാത്തത് എന്നല്ലേ കണ്ണൂസെ(ബേക്കസൂര്‍, ബേദര്‍ദ് എന്നൊക്കെപ്പോലെ) അപ്പോ ഇവിടെ ആരാണാവോ limitless beauty?
ReplyDeleteലേഖനവും അനോണിക്കമ്മെന്റുകളും മുഴുവന്‍ എന്റെ തലയില്‍ക്കേറാന്‍ ഇനീം കുറേ വായനവേണ്ടിവരും. ഓരോരോ limits!
നായര്‍ സ്ത്രീകളുടേത് ലൈംഗീകസ്വാതന്ത്ര്യമായിരുന്നു എന്നു പറയുന്നത് കല്ലാക്കി ആരാധിച്ചിരുന്ന ദേവിമാരാണ് ലോകം ഭരിച്ചിരുന്നത് എന്നു പറയുന്നപോലെയല്ലെ ഉള്ളു സ്വാളോ?
kaNNoos:
ReplyDeleteIt is "bEhad". Look in smriti.com/hindi-songs the most comprehensive site.
നല്ല ലേഖനം മാഷെ.
ReplyDeleteവള്ളുവനാട്ടിലും ഏറനാട്ടിലും പെടാതെ കിടക്കുന്ന വെട്ടത്തുനാട്ടില്‍ പൊതുവെ, ദേവിമാരെല്ലാം തണ്ണീര്‍ഭഗവതിമാരാണ്. ഈ നാട്ടില്‍ തണ്ണീര്‍ ഭഗവതി പല കുടുംബങ്ങളുടെയും പരദേവതയാവുന്നു. വെള്ളത്തില്‍ ഒഴുകിവന്ന് ഇലയില്‍ തങ്ങി അടുത്തുള്ള തിട്ടില്‍ കുടിയിരുന്നതായാണ് ഒരുവിധം എല്ലാ തണ്ണീര്‍ ഭഗവതിമാരെയും പറ്റിയുള്ള ഐതിഹ്യം. ചെറിയചെറിയ വ്യതിയാനങ്ങളോടെ എല്ലാ ഭഗവതിമാരും ജലപാത പിന്തുടരുന്നു, അഥവാ തണ്ണീര്‍ ഭഗവതിമാരെല്ലാം നമ്മുടെ ജല സംസ്‌ക്രിതിയുറ്റെ ഭാഗമാണ്. അമ്പലങ്ങള്‍ / മണ്ഡപങ്ങള്‍ പക്ഷെ, പൊതുവെ, പുഴക്കരയിലല്ല കാണുന്നത്, അമ്പലത്തോട് ചേര്‍ന്ന് കുളവുമില്ല. ഒരു പ്രധാനകാര്യം എന്താച്ചാല്‍, തണ്ണീര്‍ഭഗവതി പല നായര്‍കുടുമ്പങ്ങുളുടെയും പരദേവത ആയിരിക്കുമ്പോള്‍ അവിടെ ഉത്സവങ്ങളില്‍ പ്രധാന അവകാശികളാവുന്നത് അധ:സ്ഥിതജാതികളീല്‍ പെട്ടവരാണ്. പിന്നെ, പല ഭഗവതിക്ഷേത്രങ്ങളിലും കരിങ്കുട്ടി തുടങ്ങിയ കൂടിയ ഐറ്റങ്ങളെ ചങ്ങലയ്ക്കിട്ടിരിക്കും, ഭഗവതി മെരുക്കിയെടുത്ത അറുകൊലകള്‍.
വെള്ളമുണ്ട്, നേര്യത്, പഞ്ചവാദ്യം, ആന, കഥകളി എന്നിങ്ങനെ ആഢ്യത്വത്തിന്റെ ഉത്സവങ്ങളും പൂതം, തിറ, കളം, കനലാട്ടം, വെളിച്ചപ്പാട്, പൊയ്ക്കുതിര, കള്ള്, വാറ്റ്, മുച്ചീട്ട്, കിലുക്കിക്കുത്ത്, കത്തിക്കുത്ത് തുടങ്ങി ഉത്സവങ്ങളുടെ ജനകീയമുഖങ്ങളും നേര്‍ക്കുനേര്‍ നിന്നപ്പോള്‍ തണ്ണീര്‍ ഭഗവതിമാരും മിക്കാവാറും ചാര്‍ച്ചക്കാരും ജനപക്ഷത്ത് നിലയുറപ്പിച്ചു. ഭഗവതിയുടെ ഉത്സവങ്ങള്‍ ഭഗവതിയാട്ടുകളും തിയ്യാട്ടുകളുമായി, ജാതിമതഭേദമന്യേ ജനകീയ ആഘോഷങ്ങളായി.
പറഞ്ഞത് വളരെയധികം ശരിയാണ്..... വെട്ടത്തു നാട്ടിൽ മാത്രം കാണപ്പെടുന്ന തണ്ണീർ ഭഗവതി സങ്കല്പവും ഭഗവതിയാട്ട് സംമ്പ്രദായത്തെ പറ്റിയും വളരെയധികം വിശദീകരിച്ചു.... തണ്ണീർ ഭഗവതി സങ്കേതങ്ങൾ കാണുമ്പോൾ പലപ്പോഴും വിചാരിച്ചിട്ടുണ്ട് ഇതിന്റെ പിന്നിലെ കഥയെന്താണെന്ന് വിശദീകരിച്ചു തന്നതിന് നന്ദി.... വെട്ടത്തു നാട് മുഴുവൻ ജലാശയങ്ങളുടെ നാടായത് കാരണമായിരിക്കാം ഇങ്ങനൊരു ദൈവ സങ്കല്‌പങ്ങളുണ്ടായത്...മലപ്പുറം ജില്ലയിലെ വെട്ടം, താനൂർ, തിരൂർ, താനാളൂർ, പരപ്പനങ്ങാടി, പുതിയങ്ങാടി ഭാഗങ്ങളിലാണ് ഭഗവതി സങ്കേതങ്ങൾ കൂടുതൽ കാണുന്നതെന്ന് തോന്നുന്നു.
DeleteThis comment has been removed by the author.
ReplyDelete