May 4, 2008

"നമുക്കൊരു ധാരണയുമില്ല മനസ്സുകളെപ്പറ്റി"



ആകസ്മികമായി രണ്ടു പുസ്തകങ്ങള്‍ ഒന്നിച്ചു കൈയില്‍ വന്നു. 1. സ്വതന്ത്ര പത്രപ്രവര്‍ത്തകനായ സുന്ദര്‍ (ഇദ്ദേഹമാണ് ഒബ്രിമേനന്റെ ‘ഹൃദയത്തിനുള്ളിലെ ഇടം‘ വിവര്‍ത്തനം ചെയ്തത്. ഇപ്പോള്‍ ആസ്ട്രേലിയയില്‍) എഴുതിയ ഒരു പഴയ ഫീച്ചറിന്റെ ഗ്രന്ഥരൂപം ‘ഈ ഭ്രാന്താലയത്തിനു നാവുണ്ടായിരുന്നെങ്കില്‍’. 2. കോട്ടയം മെഡിക്കല്‍ കോളേജിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. ജോസഫ് ഐസക്ക് എഴുതിയ’ഭ്രാന്താക്കുന്ന ചികിത്സ’

തിരുവനന്തപുരം, തൃശ്ശൂര്‍, കോഴിക്കോട് മാനസിക രോഗാശുപത്രികളിലെ മനുഷ്യത്വരഹിതമായ ചുറ്റുപാടുകളെക്കുറിച്ച് 1985-ല്‍ സുന്ദര്‍ എഴുതിയ അന്വേഷണാത്മക റിപ്പോര്‍ട്ടാണ് ‘ഈ ഭ്രാന്താലയത്തിനു നാവുണ്ടായിരുന്നെങ്കില്‍.‘കെ വി സുരേന്ദ്രനാഥ് എം എല്‍ എയ്ക്കൊപ്പം മാനസികരോഗാശുപത്രി സന്ദര്‍ശിച്ച് കലാകൌമുദിയ്ക്കുവേണ്ടിയാണ് സുന്ദര്‍ അന്ന് ഈ റിപ്പോര്‍ട്ട് തയാറാക്കിയത്. മൃഗശാലയേക്കാള്‍ പരിതാപകരമായ അവസ്ഥയില്‍ ആയിരത്തിലധികം അന്തേവാസികളാണ് ഉറ്റോര്‍ക്കു പോലും വേണ്ടാതെ അവിടെ കിടന്നിരുന്നത്. തുണിയില്ലാതെ, ടോയ്‌ലറ്റ് സൌകര്യങ്ങളില്ലാതെ, ആഹാരമില്ലാതെ, മരുന്നില്ലാതെ. കൂടെ അടിമപ്പണിയും. മാറാവ്യാധികളും ത്വക്‌രോഗങ്ങളും പിടിച്ച്, നനഞ്ഞ തറയില്‍ ചുരുണ്ടുകൂടാന്‍ പോലുമാവാതെ, പറയാന്‍ നാവില്ലാതെ, കേള്‍ക്കാന്‍ കാതില്ലാതെ. ആണ്‍-പെണ്‍ വ്യത്യാസമില്ല ദുരിതങ്ങള്‍ക്ക്. അതിനുവേണ്ടി എന്തു പാപമാണിക്കൂട്ടര്‍ ചെയ്തത്. സമൂഹത്തിന്റെ തന്നെ സമ്മര്‍ദ്ദം എറ്റുവാങ്ങാനാവാതെ സ്വബോധത്തിന്റെ വിളക്കണച്ചതോ? അന്ന് ഈ റിപ്പോര്‍ട്ട് ഒച്ചപ്പാടുണ്ടാക്കിയിരുന്നു. അതിന്റെ ഫലമായി ചിലമാറ്റങ്ങളുണ്ടായി.

2000-ല്‍ ഒന്നുകൂടി ഊളമ്പാറ സന്ദര്‍ശിച്ച് ഉണ്ടായ മാറ്റങ്ങളെ ഒരു ലേഖനമാക്കി കൂട്ടിച്ചേര്‍ത്തിട്ടുണ്ട് സുന്ദര്‍ ഈ പുസ്തകത്തില്‍. ഊളമ്പാറ ആശുപത്രിയെ കോണ്‍സന്റ്‌ട്രേഷന്‍ ക്യാമ്പെന്ന (അസൈലം) നിലയില്‍ നിന്ന് ഉയര്‍ത്താന്‍ പണിപ്പെട്ട ഡോ. പി. എന്‍ ഗോപാലകൃഷ്ണന്റെ കുറിപ്പും ബാംഗ്ലൂരിലെ നിംഹാന്‍സ് (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സ്) ചെന്നൈയിലെ സര്‍ക്കാരിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് എന്നിവയില്‍ രോഗം ഭേദമാവുന്നതിനവലംബിക്കുന്ന ആധുനിക രീതികളെയും സൌകര്യങ്ങളെയും കുറിച്ച് ഒരു അവലോകനവും. മാറിയകാലത്തില്‍ പോലും അവ നമ്മുടെ സര്‍ക്കാര്‍ വക ആശുപത്രികളുമായി വല്ല താരതമ്യവുമര്‍ഹിക്കുന്നുണ്ടോ എന്നു, വായിച്ചു കഴിഞ്ഞതു ശേഷം നെടുവീര്‍പ്പിടാന്‍ വേണ്ടി മാത്രം !

പത്രപ്രവര്‍ത്തകന്റെ സാമൂഹികഉത്തരവാദിത്വത്തില്‍ നിന്ന് കുറച്ചുദൂരമുണ്ട്, ഒരു ഡോക്ടറുടെ മനുഷ്യത്വപരമായ ഉള്‍ക്കാഴ്ചകള്‍ക്ക്. ആദ്യ പുസ്തകത്തില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്ന ഒരു വിഭാഗത്തിന്റെ പ്രതിനിധി, മാനസികചികിത്സയുടെ നീതികേടിലേയ്ക്ക് വിരല്‍ചൂണ്ടുന്നതാണ് നാം രണ്ടാം പുസ്തകത്തില്‍ കാണുന്നത്‍. എണ്‍പതുകളില്‍ നിന്ന് കേരളസമൂഹം ഒരു പാട് മുന്നോട്ടു പോയി. അതിനനുസരിച്ച് മാനസിക സമ്മര്‍ദ്ദങ്ങളും ഏറിയിട്ടുണ്ട്. മാനസികരോഗങ്ങളും മദ്യവും ആത്മീയതയും രാഷ്ട്രീയവും സാര്‍വത്രികമായി.ബ്രോഡ്ബാന്‍ഡും മൊബൈലും ചേര്‍ന്ന് പുതിയ കൂട്ടായ്മ പാകപ്പെടുത്തി. കമ്മ്യൂണിക്കേഷനില്‍ വിപ്ലവം തന്നെ വന്നു. എന്നാല്‍ നമ്മുടെ തന്നെ മനസ്സിനെക്കുറിച്ചുള്ള ധാരണകളോ? സ്വയം തിരിച്ചറിഞ്ഞിട്ടു വേണമല്ലോ അന്യനെ മനസ്സിലാക്കാന്‍ !

‘ഭ്രാന്താക്കുന്ന ചികിത്സ‘ മരുന്നുകൊണ്ടു മാനസിക രോഗം മാറ്റാന്‍ ശ്രമിക്കുന്ന സൈക്ക്യാട്രിയ്ക്കെതിരെ എഴുതിയ പുസ്തകമാണ്. മരുന്നിന് തത്കാലം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കാന്‍ കഴിഞ്ഞു എന്നു വരും. പക്ഷേ രോഗത്തിനുകാരണമായ ഇംപള്‍സുകളെ വിശകലനം ചെയ്യാതെ, പരിഹരിക്കാനുള്ള മാര്‍ഗം തേടാതെയുള്ള ചികിത്സ എന്തുഫലം ചെയ്യും? ഫലത്തിലിത് മനശ്ശാസ്ത്രവും (Psychology) മനോരോഗ ചികിത്സയും (psychiatry) തമ്മിലുള്ള ഒരു വഴക്കാണ്. ( ഡോ. പീറ്റര്‍ ആര്‍ ബ്രഗ്ഗിന്‍, പ്രൊ.ഡോ. മോഷര്‍, ഡോ.ജോസഫ് ഗ്ലെന്‍ മുള്ളന്‍, ഡോ. സിഡ്നി സാമന്റ്, ഡോ. തോമസ് സാസ്സ് തുടങ്ങി സൈക്യാട്രിയ്ക്കെതിരെ, അതെ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഭിഷഗ്വരരുടെ/അദ്ധ്യാപകരുടെ വാക്കുകള്‍ സമൃദ്ധമായി ഉദ്ധരിച്ചിട്ടുണ്ട് പുസ്തകത്തില്‍) ബയോ കെമിക്കല്‍ ഇംബാലന്‍സുകളാണ് മനോരോഗങ്ങള്‍ക്കു നിദാനം എന്നു വന്നാല്‍ ഏതു രോഗവും ഗുളികകഴിച്ചാല്‍ മാറും. സാമ്പത്തിക സാമൂഹിക അസമത്വങ്ങളാലുള്ള ആത്മഹത്യകളെ വരെ രക്ഷിച്ചെടുക്കാന്‍ പ്രൊസാക്കിനും സോളോഫ്ടിനും ലാവോക്സിനും കഴിയുമെന്ന് വിശ്വസിക്കേണ്ടി വരില്ലേ? (എന്നിട്ടും നമ്മുടെ നാട്ടിലുണ്ടോ ആത്മഹത്യ ചെയ്യുന്നവര്‍ക്ക് വല്ല കുറവും?) സ്ത്രീയുടെ അവസ്ഥകളെക്കുറിച്ച് അവള്‍ക്കുണ്ടായ ബോധോദയങ്ങള്‍, പഴയ യജമാന-അടിമവ്യവസ്ഥയിലുള്ള ഭാര്യാഭര്‍ത്തൃ ബന്ധത്തെ തകര്‍ക്കാതിരിക്കാന്‍ Xanax, Halcion തുടങ്ങിയ ഉത്കണ്ഠാവിരുദ്ധമരുന്നുകള്‍ക്കു കഴിയില്ലേ? കഴിയുമായിരിക്കും. പക്ഷേ അതെന്തുമാതിരി രക്ഷപ്പെടലാണ്?

സ്തെതസ്കോപ്പോ രക്തപരിശോധനയോ എക്സ് റേയോ ഒന്നും വേണ്ടാത്ത, വസ്തുനിഷ്ഠതയില്ലാത്ത, വെറും ഊഹത്തിന്റെ മാത്രം ബലത്തില്‍ ചികിത്സ നിര്‍ണ്ണയിക്കേണ്ട സൈക്ക്യാട്രിയെ മെഡിക്കല്‍ സയന്‍സ് വിഭാഗമായി ഉളപ്പെടുത്തുന്നതു ശരിയോ എന്നൊരു പ്രശ്നം ഈ പുസ്തകം മുന്നിലേയ്ക്കു വയ്ക്കുന്നുണ്ട്. പക്ഷേ ആശുപത്രികളില്‍ മനോരോഗത്തിന്റെ ആധികാരിക വക്താവ്, വൈദ്യശാസ്ത്രം പഠിച്ചയാളാണ്, മനശ്ശാസ്ത്രം പഠിച്ചയാളല്ല. ( എം ബി ബി എസ് കഴിഞ്ഞ് മനോരോഗ മരുന്നുനിര്‍ണ്ണയത്തില്‍ ഡിപ്ലോമയെടുത്താല്‍ -ഡി പി എം - സൈക്യാട്രിസ്റ്റ് ആയി) എവിടെവച്ചാണപ്പോള്‍ മനുഷ്യമനസ്സിനെ ഒരു ഡോക്ടര്‍ അറിയുന്നത്? സൈക്കാട്രിസ്റ്റ് ഗുളികകളെഴുതാന്‍ എടുക്കുന്ന കാലതാമസത്തിലാണ് മനശ്ശാസ്ത്രജ്ഞന്റെ (-ജ്ഞയുടെയും) പൊറുതി. ‘സൂഫി പറഞ്ഞ കഥ’യെഴുതിയ കെ പി രാമനുണ്ണിയെപ്പോലുള്ളവര്‍ മനോരോഗത്തിനുള്ള മരുന്നുകളാലും ഷോക്ക് ചികിത്സയാലും (ECT-ഇലക്ട്രോ കണ്‍‌വള്‍സീവ് തെറാപ്പി - ഓര്‍മ്മശക്തിയെയും ബുദ്ധിപരമായ ശേഷിയേയും കാര്യമായി കുറയ്ക്കുന്ന പീഡനകരമായ ഒരു ചികിത്സാവിധിയാണിത്) ജീവിതത്തിലനുഭവിച്ച കഷ്ടപ്പാടിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. ആകെ അദ്ദേഹത്തിനു വേണ്ടിയിരുന്നത് താന്‍ പറയുന്നതു ക്ഷമയോടെ കേള്‍ക്കാന്‍ സന്നദ്ധനായ ഒരാളിനെ മാത്രമായിരുന്നു. വ്യക്തിത്വ-മനോരോഗ നിര്‍ണ്ണയനത്തിനും ബുദ്ധിപരത, വികാരപരത എന്നിവ അളക്കാനുമുള്ള നിരവധി ഉപാധികള്‍ മനശ്ശാസ്ത്രം വികസിപ്പിച്ചെടുത്തിട്ടുണ്ട്. കോഗ്നിറ്റീവ് തെറാപ്പിയും, ബിഹേവിയര്‍ തെറാപ്പിയും, ഹിപ്നോട്ടിക് ചികിത്സയും സൈക്കോ അനാലിസിസും എച്ച് ആര്‍ ടിയും (ഹോമിയോ സ്റ്റാസിസ് റിയലിസ്റ്റിക് തെറാപ്പി) ബയോ ഫീഡ് ബാക്കും, സൈക്കാട്രിയിലെ മരുന്നുകള്‍ തോറ്റു തുന്നം പാടിയയിടത്തു നിന്നും മനുഷ്യമനസ്സുകളെ രക്ഷിച്ചു കരകയറ്റിയതെങ്ങനെ എന്ന് നിരവധി ഉദാഹരണങ്ങളിലൂടെ ‘ഭ്രാന്താക്കുന്ന ചികിത്സ’ വാദിക്കുന്നുണ്ട്.

ശരിയായിരിക്കും. മനസ്സിനെ അറിയുന്നയാള്‍ മനുഷ്യനെ അറിയുമല്ലോ. എങ്കിലും ഒരു മനശ്ശാസ്ത്രജ്ഞന്‍ മനസ്സറിയുന്നവന്‍ മാത്രമല്ല, ചരിത്രവും നരവംശശാസ്ത്രവും സംസ്കാരവും രാഷ്ട്രീയവും വളരെ ആഴത്തിലറിയുന്ന ഒരു സാമൂഹികപ്രവര്‍ത്തകനാണ്, ആയിരിക്കണം എല്ലാത്തിനുമുപരി എന്ന കാര്യം ഈ പുസ്തകം എങ്ങനെയോ വിട്ടു പോയിരിക്കുന്നു. ഇങ്ങനെ പറയാന്‍ കാരണമുണ്ട്.

അറിയപ്പെടുന്ന ഒരു മനശ്ശാസ്ത്രജ്ഞന്‍ കുറച്ചു ദിവസങ്ങള്‍ക്കുമുന്‍പ് ഒരു ടി വി പരിപാടിയില്‍ പ്രത്യക്ഷപ്പെട്ടിരുന്ന് കുടുംബത്തിന്റെ പവിത്രതയെയും അച്ഛനമ്മമാരെ അനുസരിക്കേണ്ട ആവശ്യകതയെയും പറ്റി ഘോരമായി ഉപന്യസിക്കുന്നതു കണ്ടു. ബന്ധുക്കള്‍ ഉപദ്രവിച്ച ഒരു കൌമാരക്കാരിയുടെ, ശരീരം ചീത്തയായിപ്പോയതുകൊണ്ട് ആത്മഹത്യയ്ക്കു ശ്രമിച്ചവളുടെ, മനസ്സില്‍ ഈ ഗീര്‍വാണം എന്തു പരിണാമമാണുണ്ടാക്കുക എന്നാലോചിച്ചു പോയി, അതു കണ്ട്. താന്‍ കൂടെ പഠിക്കുന്ന ഒരു കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ട് എന്നു നിര്‍ബന്ധിച്ചു, തുറന്നു പറയിച്ചിട്ട്, അത് മാതാപിതാക്കളോട് പറഞ്ഞ് മകളെ പാപിയും വഴിപിഴച്ചവളുമൊക്കെയാക്കി അവരുടെ സമാധാനം കൂടിക്കെടുത്തിയ ഒരാള്‍ എന്തായാലും മനസ്സറിയാവുന്ന ആളാണ് എന്നു വിശ്വസിക്കന്‍ പ്രയാസം. ( ആ പെണ്‍‌കുട്ടി പിന്നെ അയാളെ കാണാന്‍ സമ്മതിച്ചതേയില്ല). ധാരാളം സമയം കമ്പ്യൂട്ടറിനു മുന്നില്‍ ലൈംഗിക സൈറ്റുകള്‍ കാണാന്‍ ചെലവാക്കുന്നതില്‍ വിഷമിച്ചും ഉത്കണ്ഠപ്പെട്ടും ഒരു കൂട്ടുകാരന്‍ മനശ്ശാസ്ത്രജ്ഞനെ കാണാന്‍ ചെന്നു. കഥ പറഞ്ഞു പറഞ്ഞ് ഒടുവില്‍ മനശ്ശാസ്ത്രജ്ഞന് രോഗിയേക്കാള്‍ താത്പര്യമായി. സൈറ്റുകളേതൊക്കെയാണെന്നും എങ്ങനെ അവയില്‍ കയറിപ്പറ്റാമെന്നും ആക്രാന്തത്തോടെ പേനയും പേപ്പറും വച്ചു കുറിച്ചെടുക്കുന്നതുകണ്ടപ്പോള്‍ കൂട്ടുകാരനു സംശയമായി, രോഗിയാര്?

കുടുംബകോടതിയില്‍ നിന്ന് കൌണ്‍സിലിംഗിനു വേണ്ടി എത്തിയ ദമ്പതികളെ നോക്കി അക്ഷമയോടെ മനശാസ്ത്രജ്ഞന്‍ പറഞ്ഞത്രെ : “വല്ലതും പറയാനുണ്ടെങ്കില്‍ വേഗം പറഞ്ഞു തീര്‍ത്തോണം. എനിക്ക് സമയമില്ല.” ഇയാളോട് ഇനി ആരെന്തു പറയാനാണ്? അയച്ചതു കുടുംബക്കോടതിയായതുകൊണ്ടു ഒരു കണ്‍സള്‍ട്ടേഷനു ഫീസ് 500 രൂപയാണ്. അതുകൊണ്ടെന്തെങ്കിലും പറഞ്ഞാലായി. ഇയാളുടെ റിപ്പോര്‍ട്ടിലാണല്ലോ അവരുടെ ഭാവിയുടെ കളി.

ഭര്‍ത്താവ് കുളിക്കാത്തതു കൊണ്ടും പുറത്തിരിക്കുന്ന വാഹനം ആരെങ്കിലും മോഷ്ടിക്കുമെന്ന ഭയത്താല്‍ കിടപ്പുമുറിയുടെ കതകടയ്ക്കാത്തതിനാലും ലൈംഗികബന്ധത്തിനു സമ്മതിക്കാത്ത ഭാര്യയ്ക്ക് ‘ഹിസ്റ്റീരിയ’യാണെന്ന് ഭര്‍ത്താവിനോട് മനശ്ശാസ്ത്രജ്ഞന്‍ പറഞ്ഞുകൊടുത്തത് ഭാര്യയ്ക്ക് പറയാനുള്ളത് ഒട്ടും കേള്‍ക്കാതെയാണ്. അമ്മായിയമ്മയ്ക്ക് ചീത്തപറയാന്‍ ഒരു വാക്കു കൂടികിട്ടി അതോടെ. തന്റെ മകന്റെ ജീവിതം നശിപ്പിക്കന്‍ ഒരുത്തി ഇവിടെ വന്നു കയറിയത് ‘ഹിസ്റ്റീരിയ‘യുമായാണെന്ന്!!! ഭര്‍ത്താവിന്റെ ലൈംഗിക ശൈത്യത്തിന് ഭാര്യയെ ചികിത്സിച്ച കഥകള്‍ അനേകമാണ്. മനശ്ശാസ്ത്രവിദഗ്ധന്റെ അടഞ്ഞു കിടക്കുന്ന ഉള്ളിലെ ‘മൊറാലിറ്റി‘യാണ് ഇവിടെ വില്ലന്‍. അയാള്‍ പഠിച്ച പാഠങ്ങള്‍ മറ്റൊന്നായിരിക്കും. പക്ഷേ ഉപദേശസമയത്ത് തന്റെ മുന്നില്‍, താന്‍ അനാവൃതനായിപ്പോയല്ലോ എന്ന മട്ടില്‍ ചൂളിയിരിക്കുന്ന സാധാരണക്കാരനു വേണ്ടി പുറത്തേയ്ക്കൊഴുക്കുന്നത് ഉള്ളില്‍ കെട്ടിക്കിടക്കുന്ന മൊറാലിറ്റിയാണ്. ഇത് ഒരു വലിയ പ്രശ്നമാണ്. അറച്ചറച്ച് കുട്ടി പറഞ്ഞ സ്വയംഭോഗ കഥ കേട്ടിട്ട് ‘ഡോക്ടര്‍’ പറഞ്ഞത് ‘പഠിക്കേണ്ട സമയത്ത് നീ ഇമ്മാതിരി വൃത്തികേടുകള്‍ കാട്ടരുതെന്നാണ്.‘ അതു പാപമാണെന്നു കൂടി അയാള്‍ പറഞ്ഞു പിടിപ്പിച്ചു കൊടുത്തു. ഫലം വര്‍ഷങ്ങള്‍ക്കു ശേഷം നിയന്ത്രിക്കാനാവത്ത തരത്തിലുള്ള കൈവിറയല്‍.

ആനയെയും ചങ്ങലെയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ആ പഴയ ആഭാണകത്തില്‍ ഭ്രാന്തെന്ന വാക്കു തന്നെ വന്നെതെങ്ങനെ എന്നാണ് ഇപ്പോള്‍ എന്റെ ചിന്ത മുഴുവന്‍. ആര് ആരെ ചികിത്സിക്കും? ആന ചങ്ങലയെയോ തിരിച്ചോ?

അനു:
തളര്‍ന്നു വീണ ഒരു കുട്ടി ക്ഷീണം കൊണ്ട് ആളൊഴിഞ്ഞ ക്ലാസ് മുറിയില്‍ കിടന്നുറങ്ങിപ്പോയി. അതു കണ്ട് ഇഷ്ടപ്പെടാത്ത ഒരു സീനിയര്‍ അദ്ധ്യാപിക, കുട്ടിയുടെ അതേ പ്രായത്തില്‍ മകളുള്ള അമ്മ, അദ്ധ്യാപികയാവാനുള്ള പഠനത്തിന്റെ ഭാഗമായി മനശ്ശാസ്ത്രം അഭ്യസിച്ചിട്ടുള്ള മദ്ധ്യവയസ്ക, സ്കൂള്‍ വിട്ട്, പെണ്‍കുട്ടികളെല്ലാം പോയശേഷം മാത്രമേ ആണ്‍കുട്ടികള്‍ ക്ലാസുമുറി വിട്ട് പുറത്തിറങ്ങാന്‍ പാടുള്ളൂ എന്ന നിയമം അസന്ദിഗ്ദ്ധമായി നടപ്പാക്കുന്നതില്‍ മുന്‍‌കൈയെടുത്ത പരിഷ്കര്‍ത്താവ്, ലോകത്തിലെ സകല പുച്ഛവും മുഖത്തു വാരിത്തേച്ചുകൊണ്ട് കുട്ടികളുടെയും മറ്റദ്ധ്യാപകരുടെയും മുന്നില്‍ വച്ച് പറഞ്ഞത് ഇങ്ങനെ : ‘ദാ അവളവിടെ കിടപ്പൊണ്ട്, എന്തിനും തയ്യാറായി.”


നമുക്കൊരു ധാരണയുമില്ല മനസ്സുകളെപ്പറ്റി.

17 comments:

  1. പഠിച്ചിട്ടും പ്രാക്റ്റീസ് ചെയ്യാന്‍ ഒരിക്കലും ധൈര്യം കാണിക്കാത്ത കാര്യമാണ് കൌണ്‍സലിംഗ്. പഠിച്ചത് ഫ്രോയിറ്റിന്റെ സ്കൂളില്‍ തുടങ്ങിയ ടി.എ ആധാരമായ ഒരു മെതേഡ് ആയതുകൊണ്ടുള്ള തിയറെറ്റിക്കല്‍ ബുദ്ധിമുട്ട് ഒരുവശം. ഒരു മനസ്സിന്റെ താക്കോല്‍ കയ്യിലെടുക്കാന്‍ ആ മനസ്സിന്റ്റെ ഉടയവനേ ആകൂഎന്ന ബോധ്യം മറുവശത്ത്.

    മനഃശാസ്ത്രജ്ഞര്‍ മിസ്‌ഹാന്‍ഡില്‍ ചെയ്ത മനസ്സുകള്‍ക്ക് ഒരു ഓണ്‍ലൈന്‍ അസോസിയേഷന്‍ ഉണ്ട്. ഫാന്റസികളില്‍ നിന്നും സ്വപ്നങ്ങളില്‍ നിന്നും ഓര്‍മ്മത്തുണ്ടുകള്‍ ചികഞ്ഞെടുത്ത് ഒരു പൂര്‍ണ്ണമായ ‘ഓര്‍മ്മയാക്കി’ വിദഗ്ദ്ധനായ മനഃശാസ്ത്രജ്ഞന്‍ വ്യക്തിയുടെ ചരിത്രത്തോട് തുന്നിച്ചേര്‍ക്കുന്നു. ഇല്ലാത്ത ഭൂതകാലത്തോട് പോരാടി വ്യക്തി ഒരിക്കലുമുണ്ടാകാന്‍ പാടില്ലാത്ത പ്രതിസന്ധികളില്‍ എത്തുന്നു. അവരുടെ കേയ്സുകളില്‍ നിയമസഹായവും മാനസിക സഹായവും നല്‍കുകയാണ് ലക്ഷ്യം (അഡ്രസ് സെര്‍ച്ച് ചെയ്തിട്ട് കിട്ടുന്നില്ല. ക്ഷമ)

    ഏറ്റവും കുപ്രസിദ്ധമായ കേയ്സ് റഷ്യക്കാരനായ ഒരു മുപ്പത്തിരണ്ടുവയസ്സുകാരന്റെ മനസ്സില്‍ മനഃശസ്ത്രജ്ഞന്‍ ‘തുന്നിച്ചേര്‍ത്ത’ ഓര്‍മയാണ്. കുട്ടിക്കാലത്ത് സ്വമാതാവ് തന്നെ ദുരുപയോഗം ചെയ്തു എന്നായിരുന്നു അത്. ആ‍ കുടുംബം തകര്‍ന്നു. നിരാലംബയായ ആ വൃദ്ധസ്ത്രീ കോടതിയില്‍ മനഃശാസ്ത്രജ്ഞനെതിരെ കേസ് കൊടുത്തിരുന്നു ഞാന്‍ വായിച്ച ലേഖനം പുറത്തിറങ്ങുമ്പോള്‍- എന്തായി ഫലം എന്നറിയില്ല.

    മുറിച്ചുമാറ്റം കേട് ബാധിച്ചൊരവയവം പക്ഷെ കൊടും കേട് ബാധിച്ച പാവം മനസ്സോഎന്ന് സുഗതകുമാരി. ഫിസിഷ്യനു പിഴച്ചാല്‍ അന്വേഷണവും ശിക്ഷയും ഉണ്ട്. മനശാസ്ത്രജ്ഞനു പിഴച്ചാലോ ?

    ReplyDelete
  2. നേരത്തെ പറഞ്ഞ അസോസിയേഷന്റെ ഓസ്ട്രേലിയന്‍ ഹോം പേജ് കിട്ടി. ഒരു ഉദാഹരണത്തിന് അതിവിടെ ചേര്‍ക്കുന്നു. (പക്ഷെ ഉദ്ദേശിച്ചത് ഇതല്ല. മറ്റൊരു ഇന്റര്‍നാഷനല്‍ പ്ലാറ്റ്ഫോം ഉണ്ട്)

    http://www.afma.asn.au/index.html

    ഓര്‍മകള്‍ തുന്നിച്ചേര്‍ക്കുക എന്ന ആശയം ഭാവനയായി ആര്‍ക്കെങ്കിലും തോന്നിയാല്‍ http://faculty.washington.edu/eloftus/Articles/sciam.htm ഈ പേജ് കൂടി നോക്കുക.

    ReplyDelete
  3. ഒരു ചെറിയ തിരുത്ത്.ഡോ.പി.എന്‍.ഗോപാലകൃഷ്ണനേയാണ് സുന്ദറിന്റെ പുസ്തകത്തില്‍ പറയുന്നത്.
    സുന്ദറിന്റെ ഒരു ഫോട്ടോപ്രദര്‍ശനം ഉണ്ടായിരുന്നു.തിരുവനന്തപുരത്ത്.ഒരു ഫോട്ടോ മാനസികാരോഗ്യകേന്ദ്രത്തില്‍ അടക്കപ്പെട്ടവരുടെ വസ്തുവകകള്‍ നിറച്ച പെട്ടികള്‍.തിരിച്ചുപോകാന്‍ പാകത്തില്‍ വന്നവര്‍ പിന്നീട് പുറം ലോകം കണ്ടിട്ടില്ല.അവരുടെ പെട്ടികള്‍ ആശുപത്രിയിലെ ഒരു മുറിയില്‍ പാതി തുറന്നും നശിച്ചും...
    സുന്ദറിന്റെ പുസ്തകം മറ്റൊരു തരത്തിലും പ്രസക്തം.നമ്മുടെ പത്രപ്രവര്‍ത്തനം ഇപ്പോള്‍ എവിടെയെത്തി എന്നത് ഓര്‍മ്മിപ്പിക്കും.വളരെ,വളരെ...

    ReplyDelete
  4. ആശാന്‍റെ കൂടെപ്പോയി ഒരു പത്രപ്രവര്‍ത്തകന്‍ അന്നു കലാ കൌമുദിയില്‍ എഴുതിയ ഫീച്ചര്‍ വായിച്ചിരുന്നു. ഇന്നതു വീണ്ടും ഓര്‍മ്മിപ്പിച്ചു വെള്ളെഴുത്തു്. പേടി തോന്നുന്നു വെള്ളെഴുത്തേ..

    ReplyDelete
  5. എത്രയോ വര്‍ഷം സ്കിസോഫ്രീനിയ എന്ന പേരും ചാര്‍ത്തി ഷോക്ക് ട്രീറ്റ്മെന്റ് നല്‍കിയും ഓവര്‍ ഡോസ് മരുന്നുകള്‍ നല്‍കിയും മൃതമായിപ്പോയ മനസ്സുകളോട്, ഒടുക്കം 'ഇറ്റ്സ് എ ഹാംഫുള്‍ കണ്‍സപ്റ്റ്' എന്ന് കുറ്റസമ്മതം നടത്തിയ ബിര്‍മ്മിംഗ്‌ഹാം യൂനിവേഴ്സിറ്റിക്കാരും കോണ്‍ഗ്രഗേഷന്‍ ഓഫ് മെന്റല്‍ ഹെല്‍ത്ത് എക്സ്പര്‍ട്ട്സും(?) എന്ത് സമാധാനം പറയും?

    സൈക്യാട്രി എന്ന ശാസ്ത്രവിഭാഗത്തോടും സൈക്യാട്രിസ്റ്റ് എന്ന ജീവിയോടും ചോദിക്കാന്‍ ഒരു ചോദ്യമേ ഉള്ളൂ - മനസ്സിന്റെ പ്രവര്‍ത്തനങ്ങളെ ബയോ കെമിക്കല്‍ ഇന്ററാക്ഷന്‍സിന്റെ ഇക്വേഷന്‍ ആയി നിര്‍‌വചിക്കാന്‍ കഴിയാത്തിടത്തോളം കാലം ഒരു കെമിക്കല്‍ സബ്സ്റ്റന്‍സ് കൊണ്ട് നിങ്ങള്‍ അതിനെ 'ചികിത്സി'ക്കുന്നതെങ്ങനെയാണ്?

    ReplyDelete
  6. ഇന്ന് പുറത്തിറങ്ങിയ മാധ്യമം ആഴ്ചപ്പതിലെ കവര്‍ സ്റ്റോറി ഇതുതന്നെ. ലേഖനരചനയ്ക്ക് അവലംബിക്കപ്പെട്ട പുസ്തകങ്ങളിലൊന്നു് ‘ഭ്രാന്താക്കുന്ന ചികിത്സ‘. മഞ്ചേരി ജില്ലാ ആശുപത്രിയിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ.രാജ് കുമാറിനെതിരെ സൈക്യാട്രി വിഭാഗം നടത്തിയ തരവഴികളെക്കുറിച്ചാണെങ്കിലും സമഗ്രമായ മാനസികാരോഗ്യ ചികിത്സയ്ക്കുള്ള സംവാദത്തിനു തുടക്കം കുറിക്കുക എന്ന ലക്ഷ്യം എം .ഋജു എഴുതിയ ലേഖനത്തിനുണ്ട്. മഞ്ചേരി ആശുപത്രിയില്‍ സൈക്കോളജി ഓ.പി പുനഃസ്ഥാപിക്കാന്‍ സമരം നടക്കുകയാണ്.
    ഗുപ്താ, ഓര്‍മ്മകളുടെ തുന്നിച്ചേര്‍ക്കല്‍ പുതിയ അറിവായിരുന്നു. ആലോചിക്കുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ ഓര്‍മ്മ വരുന്നുണ്ട്. പിന്നെയാവട്ടേ.
    യാരിദ്, ഹരിത്, രജീഷ്....
    ഗോപീ, ഇത്തരമൊരു റിപ്പോര്‍ട്ടിനെ ഉത്തരവാദിത്വമായി ഏറ്റെടുത്ത ഒരു സമൂഹം അന്ന് ഉണ്ടായിരുന്നു. അത് 20 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ എവിടെപോയി എന്നല്ലേ അന്വേഷിക്കേണ്ടത്. ഈ വരി ഞാന്‍ എഴുതിയിട്ടു മായ്ച്ചു കളഞ്ഞതാണ്.
    പലപ്രാവശ്യം സുന്ദറിന്റെ പുസ്തകം മറിച്ചു നോക്കിയിട്ടും പി എന്‍ എന്ന ഇനിഷ്യലില്‍ കുടുങ്ങി ഗോപാലകൃഷ്ണന്‍, ഗോപീകൃഷ്ണനായതാണ്. അതു തിരുത്തി. എങ്കിലും നമ്മുടെ അബോധത്തിന്റെയൊക്കെ ഒരു സ്വാധീനമേ!!!

    ReplyDelete
  7. '0 - 1' എന്ന ബൈനറിയിലേക്കു്, 'to be or not to be' എന്ന ദ്വന്ദ്വത്തിലേക്കു് reduce ചെയ്യാവുന്ന physical quantities ഉണ്ടു്. പക്ഷേ ദശലക്ഷം വര്‍ഷങ്ങളിലൂടെ വളര്‍ന്ന, ഒരു biochemical complexity ആയ psyche-യെ മറ്റൊരു psyche ഉപയോഗിച്ചു് ശിഷ്ടമില്ലാതെ മനസ്സിലാക്കാനുള്ള ശ്രമം absurdity ആണെന്നു് പറഞ്ഞാല്‍ അതൊരു metaphysical bundle ആവണമെന്നില്ല.

    Alfred Adler, Sigmund Freud, Carl Gustav Jung മുതലായവരടക്കമുള്ള മനഃശാസ്ത്രജ്ഞര്‍ക്കു് മനുഷ്യമനസ്സിന്റെ ഭാഗികമായ പഠനം മാത്രമേ കഴിഞ്ഞുള്ളു. ഇവരെയെല്ലാം പഠിക്കുന്നവര്‍ക്കു് മനുഷ്യമനസ്സിലേക്കുള്ള ഒരു ചെറിയ ടോര്‍ച്ച് ലഭിച്ചേക്കാം. ഒരു psychologist-നോ, psychiatrist-നോ ഒരിക്കലും മനുഷ്യമനസ്സിനെ പൂര്‍ണ്ണമായി 'തുറന്നു്' പരിശോധിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ രോഗി ഗുണത്തിനുപകരം ദോഷം അനുഭവിക്കേണ്ടിയും വരാം.

    Aggression, depression, neurosis, schizophrenia മുതലായവക്കു് ചികിത്സയും മരുന്നും ഇല്ലെന്നോ അവ എപ്പോഴും പരാജയപ്പെടും എന്നോ അല്ല. മാനസികരോഗം hereditary ആവാം, ബാല്യകാല trauma മൂലമാവാം, അവ ഏല്പിച്ച പരിക്കുകളുടെ ആഴം വ്യത്യസ്തമാവാം. രോഗികള്‍ പലപ്പോഴും‍ ശുദ്ധരും നിര്‍മ്മലഹൃദയരും വളരെ പെട്ടെന്നു് പരിക്കു് പറ്റുന്ന മനസ്സിന്റെ ഉടമകളുമായിരിക്കുമെന്നതിനാല്‍, മനോരോഗവിദഗ്ദ്ധര്‍ രോഗിയുമായി പരമാവധി ശ്രദ്ധയോടെ ഇടപെടണം. രോഗിയോടു് എന്തു് പറയണം, എന്തു് പറയരുതു് എന്നതായിരിക്കണം ഒരു psychiatry clinic-ലെ ജീവനക്കാര്‍ ആദ്യം പഠിക്കേണ്ടതു് എന്നു് തോന്നുന്നു. മറ്റൊന്നു്, മനുഷ്യരില്‍ "The Normal" എന്നൊരു അവസ്ഥ ഇല്ലെന്നു് മനസ്സിലാക്കുകയാണു്. "ഞാന്‍ നോര്‍മലാണോ?" എന്നു് തന്നോടുതന്നെ ചോദിക്കുന്ന ആത്മാര്‍ത്ഥതയുള്ള ആര്‍ക്കും "അല്ല" എന്ന മറുപടിയേ ലഭിക്കൂ! 'normal' എന്നതിനു് അടിസ്ഥാനം എപ്പോഴും മറ്റാരോ നിശ്ചയിച്ചുറപ്പിച്ച ചില 'norms' മാത്രമാണു്. അതു് പാലിക്കാന്‍ മടിക്കുന്നവര്‍ 'abnormal' ആയി മുദ്ര കുത്തപ്പെടുന്നു, ശിക്ഷിക്കപ്പെടുന്നു. പലരെ സംബന്ധിച്ചും അതു് ജീവിതകാലം മുഴുവന്‍ അനുഭവിക്കേണ്ടിവരുന്ന ക്രൂരമായ ശിക്ഷയായി മാറുകയും ചെയ്യുന്നു!

    നല്ലൊരു പരിധിവരെ മനുഷ്യരെ മാനസികരോഗികള്‍ ആക്കിത്തീര്‍ക്കുന്നതു് സമൂഹവും കുടുംബവുമാണു്. ഏതര്‍ത്ഥത്തിലായാലും ചെറുപ്പത്തില്‍ ഉണ്ടാവുന്ന അനുഭവങ്ങള്‍ മനുഷ്യനെ അവന്റെ മരണം വരെ പിന്തുടരും എന്നു് തെല്ലും അതിശയോക്തിയില്ലാതെ പറയാം. ഒരു സമൂഹം അതിലെ അംഗങ്ങളോടു് ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ തനിമുഖങ്ങളാണു്
    മാന‍സികരോഗാശുപത്രികളില്‍‍ നമ്മള്‍ ദര്‍ശിക്കുന്ന ചിത്രങ്ങളില്‍‍ അധികവും! പക്ഷേ ഇവിടെ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നു.

    മാനസികരോഗാശുപത്രികളില്‍ രോഗികള്‍ക്കു് മനുഷ്യാന്തസ്സിനു് അനുസൃതമായി കഴിയാനുള്ള‍ അവസരം സമൂഹം നല്‍കേണ്ടതു് വെറും കടമ എന്ന പേരിലല്ല, അതു് സമൂഹം തന്നെ‍ ചെയ്ത തെറ്റിനുള്ള ശിക്ഷയാണെന്നതിനാല്‍ സമൂഹത്തിന്റെ നിഷേധിക്കാനാവാത്ത ഉത്തരവാദിത്വം പോലുമാണെന്നു് എനിക്കു് തോന്നുന്നു.

    ReplyDelete
  8. ബാബുവിനോട് അല്‍പ്പം വിയോജിക്കേണ്ടിവരും. ഭ്രാന്തില്‍ പാരമ്പര്യം എന്നൊരു ഘടകമില്ലെന്നുതന്നെയാണ് അറിഞ്ഞിടത്തോളം വെച്ച് തോന്നുന്നത്. പേടി ഒരു പക്ഷേ അതിലേക്ക് നയിച്ചേക്കാമെന്നു മാത്രം. ‘തനിയാവര്‍ത്തന’ങ്ങള്‍കൊണ്ട് നമ്മള്‍ ആ ഒരു പരിവേഷം ജനമനസ്സുകളില്‍ തിരുകിക്കയറ്റുകയും ചെയ്തുകഴിഞ്ഞു.

    ഭ്രാന്തിന്റെയും സുബോധത്തിന്റെയും അതിരുകളെക്കുറിച്ച് ആലോചിക്കുമ്പോള്‍ അത്ഭുതം തോന്നും. എത്ര നേര്‍ത്തതാണ് ആ വരമ്പ്. ഒന്നു കാല്‍തെന്നിയാല്‍ ചെന്നെത്തുന്ന ആ ലോ‍കം എത്ര ഭയങ്കരമാണ്. അവിടെ മരുന്നുകളേക്കാള്‍ അധികം ഗുണം ചെയ്യാനാവുക മനസ്സറിയുന്ന ഒരു മനശ്ശാസ്തജ്ഞനുതന്നെയാണ്. മരുന്നുകള്‍ക്ക് ഒരു താത്ക്കാലിക സെഡറ്റീവിന്റെ കര്‍മ്മം മാത്രമേ ഉദ്ദേശിച്ചിട്ടുള്ളു.

    മനോരോഗികളോടും മനോരോഗത്തോടും സമൂഹം ഇപ്പോഴും പുലര്‍ത്തുന്നത് ആ പഴയ മനോഭാവം തന്നെയാണ്. പുതിയ പഠനങ്ങളും അതിലേക്കുതന്നെയാണ് മിക്കപ്പോഴും വിരല്‍ചൂണ്ടുന്നത്.

    എന്നും നോര്‍മലായിരിക്കുന്ന ഒരാളാണ് ശരിക്കുള്ള മനോരോഗി എന്നും ചില വേള തോന്നാറുണ്ട്. ഒരല്‍പ്പമെങ്കിലും ഭ്രാന്തില്ലാതെ എങ്ങിനെയാണ് ഈ ലോകത്ത് കഴിഞ്ഞുകൂടുക?

    പഠനാര്‍ഹമായ മറ്റൊരു പോസ്റ്റുകൂടി തന്നതിന് നന്ദി.

    അഭിവാദ്യങ്ങളോടെ

    ReplyDelete
  9. രാജീവ്,

    'ഭ്രാന്തു്' എന്ന വാക്കിനോടുതന്നെ എനിക്കു് വിപ്രതിപത്തി ഉണ്ടു്. ഞാന്‍ ഉദ്ദേശിച്ചതു്, due to purely physiological reasons, genetically determined and inherited 'mental‍ disorder' ആണു്. അല്ലാതെ, sensitive ആയ ഒരുവനു് ക്രൂരനായ ഒരു പിതാവിന്റെയോ മാതാവിന്റെയോ 'വളര്‍ത്തല്‍' മൂലം 'ഭ്രാന്തു്' വന്നാല്‍ അവന്റെ പിന്നത്തെ സകല തലമുറകളും 'ഭ്രാന്തന്മാര്‍' ആയിരിക്കും എന്ന അര്‍ത്ഥത്തിലല്ല.

    ReplyDelete
  10. Last week I went to see an exhibition of consumer products conducted at Trivandrum chandranair stadium.At the enterance of the stall I saw a poster explaining about homosexuality,first I thought it may be from any homosexual groups ,then I thought it may be from any N.G.O s functioning at tvm giving awareness,after reading the end of matter I read the name of a psychiatrist specialising in sexual matters. Next floor also I saw a poster stating about many psychiatric symptoms and if they are worried about any these sympoms they can contact the psychologist by the contact number given.Inside the hall there I saw a stall decorated with potted plants and an empty chair and a poster about symptoms of mental illness and the contact address of the same psychiatrist I read at the enterance.Both the psychiatrist and psychologist working together in the same firm.As I am also working in the same field,I felt pity about them that they are using marketing techniques to get patients.Advertisements like this dosent need for an experienced mental health professionals.

    ReplyDelete
  11. സെക്സോളജിസ്റ്റുകളും സൈക്കോളജിസ്റ്റുകളും സൈക്യാട്രിസ്റ്റുകളുമെല്ലാം സമൂഹത്തോട് ഒരു ജനറല്‍ ഫിസിഷ്യന്‍ കാട്ടേണ്ടതിലും ബാധ്യതയും ഉത്തരവാദിത്തവും കാട്ടേണ്ടവരാണ്.മുന്നേ ഉദ്ധരിച്ച സുഗതകുമാരിയുടെ വരികള്‍ ശ്രദ്ധിക്കുക!
    ആ പ്രതിബദ്ധത അവരില്‍ പലര്‍ക്കും നഷ്ടപ്പെടുകയും മൂന്നാങ്കിട അശ്ലീലചിത്രത്തിന്റെ പോസ്റ്ററുകള്‍ക്ക് സമം മനോരോഗവിദഗ്ദ്ധന്റെ പരസ്യചിത്രങ്ങള്‍ വരികയും ചെയ്യുന്നിടത്ത് ആര്‍ക്കാണ് രോഗമെന്നും ചിന്തിക്കേണ്ടിവരുന്നു.ഗുപ്തന്‍ പറഞ്ഞ അതേ ‘ദുരുപയോഗം’തന്നെയാണിതും എന്നു തോന്നുന്നു.

    താളവട്ടം പോലുള്ള(ഒറിജിനലും ഡ്യൂപ്പും)സിനിമകള്‍ തമാശകലര്‍ത്തി ഇതുപറഞ്ഞത് നമ്മുടെ കാലം ചിരിച്ചുതള്ളി.
    സുഗതകുമാരിയും സുന്ദറും പറഞ്ഞതും വായിച്ചുവിട്ടു.
    കാശുള്ളവന്റെ മനോരോഗം പഞ്ചനക്ഷത്രാ‍ാശുപത്രികളിലേക്കും പാവപ്പെട്ടവന്റേത് ശവപ്പറമ്പുകളിലേക്കും പറിച്ചുനടപ്പെടുമ്പോള്‍ ചികിത്സവേണ്ടത് നമ്മുടെ സാമൂഹ്യപ്രതിബദ്ധതയില്ലാത്ത ‘ചികിത്സകര്‍ക്കാ’ണെന്ന് തോന്നിപ്പോവുന്നു.

    ReplyDelete
  12. ഇത്രയധികം പ്രസക്തിയുള്ളതും ഇത്രയും അവഗണിക്കപ്പെട്ടിട്ടുള്ളതുമായ ഒരു വിഷയമില്ല. “ഒരു മനശ്ശാസ്ത്രജ്ഞന്‍ മനസ്സറിയുന്നവന്‍ മാത്രമല്ല, ചരിത്രവും നരവംശശാസ്ത്രവും സംസ്കാരവും രാഷ്ട്രീയവും വളരെ ആഴത്തിലറിയുന്ന ഒരു സാമൂഹികപ്രവര്‍ത്തകനാണ്, ആയിരിക്കണം എല്ലാത്തിനുമുപരി.” സത്യമാണ്. സമൂഹസൃഷ്ടി, നിയമം എന്നൊക്കെ അര്‍ത്ഥം വരുന്ന norm എന്ന വാക്കില്‍ തൂങ്ങിയാണ് normal-abnormal എന്ന ദ്വന്ദ്വം. ഇവിടെ ബാബു കമെന്റില്‍ പറഞ്ഞതുപോലെ എല്ലാ sanity ക്കും നിദാനം സമൂഹനിയമങ്ങളാണെന്നതുകൊണ്ടായിരിക്കണം ഒരു ഭ്രാന്തന്‍ ചങ്ങലക്കിടേണ്ടവനാണെന്നും, isolate ചെയ്യപ്പെടേണ്ടവനാണെന്നും ഒക്കെ നമ്മുടെ ധാരണയില്‍ അമര്‍ന്നത്. ഭ്രാന്ത്തിന്റെ ചരിത്രം അന്വേഷിക്കുന്ന ഫൂക്കോ പറയുന്നുണ്ട് കുഷ്ഠരോഗം ഒഴിഞ്ഞുമാറിത്തുടങ്ങിയ നൂറ്റാണ്ടുകളില്‍ ഭ്രാന്ത് തത്സ്ഥാനത്ത് ഇടം പിടിക്കുന്നതെങ്ങനെ എന്ന രസകരമായ കാര്യം. ആതു വരെ profetic എന്നും intuitive എന്നും വിളിച്ചു വന്നിരുന്നത് പതുക്കെ നഗരവാതിലിനപ്പുറം ഭ്രാന്ത് എന്ന പുതിയ പേരില്‍ കൊട്ടിയടക്കപ്പെട്ടു. അയലത്തുള്ളവനെ പിടിച്ചുകെട്ടിയല്ല സ്വന്തം ബോധം ഉറപ്പിക്കണ്ടത് എന്ന് ദോസ്തോവെസ്കി!

    ഇനി rape, incest,homosexuality തുടങ്ങിയവയോടുള്ള മനശ്ശാസ്ത്രത്തിന്റെ സമീപനമാണെങ്കില്‍ പറയാനുണ്ടോ? പഴയ judo-christian morality യുടെ ഭാഗമായ പാപബോധമാണ് ഇന്നും ഇക്കാര്യങ്ങളില്‍ നമ്മളെയൊക്കെ നയിക്കുന്ന വികാരം എന്നത് വിശ്വസിക്കാന്‍ വയ്യ.

    ReplyDelete
  13. ഇന്നും വളരെ പ്രസക്തമായ ഒരു വിഷയത്തേപ്പറ്റി നല്ലൊരു പോസ്റ്റ് നല്‍കിയതിനു നന്ദി. കേരളത്തിലെ മാത്രമല്ല, ഇന്ത്യ‍യിലെ തന്നെ മാനസികരോഗാശുപത്രികളിലെ സ്ഥിതി പരിതാപകരമാണ്, ഇന്നും. കേരളത്തിലെ മാനസികരോഗാശുപത്രികളിലെ സ്ഥിതി സുന്ദര്‍ പണ്ടു കണ്ടതില്‍ നിന്നും ഭേദപ്പോട്ടിട്ടുണ്ടാകാം - നേരിട്ടറിയില്ല. പക്ഷെ ഇന്ത്യ‍യിലെ പല മനോരോഗാശുപത്രികളിലെയും സ്ഥിതി വളരെ വ്യ‍ത്യ‍സ്ഥമാകാന്‍ വഴിയില്ല. പല റിപ്പോര്‍ട്ടുസളും സൂചിപ്പിക്കുന്നതതാണ്‍. അഞ്ജന മിശ്ര മാനുഷി എന്ന മാസികയില്‍ എഴുതിയ സ്വ‍ന്തം കഥയും പറയുന്നത് അതു തന്നെ. സുന്ദറിന്റെ സ്വാധീനത്താല്‍ ഈ വിഷയത്തില്‍ താത്പര്യ‍മുണ്ടായ ഒരു വ്യ‍ക്തിയാണ് ഞാന്‍. താത്പര്യ‍മുള്ളവരെ എന്റെ ബ്ലോഗില്‍ (http://chithariyachinthakal.blogspot.com) മാനസികരോഗവുമായി ബന്ധപ്പെട്ടുള്ള പോസ്റ്റുകളിലേക്ക് ക്ഷണിക്കുന്നു.

    ReplyDelete
  14. ശാസ്ത്രം പരീക്ഷണങ്ങളിലൂടെ വളരുന്നു.ആവി എഞ്ജിനും രാസവളവും ശാസ്ത്രത്തിന്റ്റെ പ്രതീകങ്ങളായിരുന്നു. ആന്ന് നമ്മള്‍ “രണ്ട് കൃഷിക്കാറ്” എന്ന മൂന്നാംക്ലാസ് മലയാളപാഠത്തിലൂടെ കുട്ടികളോട് പറഞ്ഞു- കാളയോ? എന്തിനു? നിലമൂഴാന്‍ ട്രാക്റ്റര്‍ ഉള്ളപ്പോള്‍? ചാണകം വളമെന്നോ? പഴഞ്ചന്‍! നമുക്കു രാസവളമില്ലേ? (വയസ്സന്‍ കാളകളെ അറവുകാരനു കൊടുക്കുകയേ നിവൃത്തിയുള്ളുവെന്നും അതിനെക്കൊല്ലുന്നതു പുരോഗതിക്ക് അനിവാര്യമാണെന്നും പു രോഗമനസമൂഹം എന്നെ പരിഹസിച്ചുകൊണ്ടുപറയുന്നതായി എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്.) അവര്‍പരീക്ഷണങ്ങള്‍ കൊണ്ട് ഭൂമിയെ കൊന്നു. ഭൂമിയുടെ ഉപയോഗം പണമുണ്ടാക്കാനെന്നു വന്നപ്പോള്‍ കെട്ടിടങ്ങള്‍ക്കുള്ളതായി ഭൂമി. അങ്ങനെയാണു ഇടങ്ങള്‍കെട്ടതു. ആതുപോലെത്തന്നെ ജീവനെന്തെന്നും മനസ്സെന്തെന്നും അറിയാത്തവര്‍ (PAUL DAVIS: THE FIFTH MIRRACLE- PENGUIN BOOKS 1999) ജീവിതത്തെക്കൊണ്ട് എന്തുചെയ്യണമെന്നു ശാസ്ത്രസാഹിത്യങ്ങളിലുടെ ഉദ്ബോധിപ്പിച്ചുകൊണ്ടിരുന്നു.അതുവിശ്വസിച്ചവര്‍ തന്റേടം കെടുത്തി. (i TAKE IT TO THE EXTREME TO CONVEY MY POINT))ശാസ്ത്രം പരീക്ഷണങ്ങളിലൂടെ വളരുന്നു എന്നതു മനസ്സിലാക്കിയവരില്‍ ചിലR ബുദ്ധിപൂര്‍വം പരീക്ഷകരായി- ബുദ്ധിയേക്കാള്‍, പുരോഗമനശാസ്ത്രസാഹിത്യങ്ങളെ “വിശ്വസിച്ചവര്‍” സ്വയം പരീക്ഷണവസ്തുക്കളായി. അതില്‍ച്ചിലര്‍ ഇപ്പോല്‍ രക്തസാക്ഷിത്വവും കൂടി ആവേശപൂര്‍വം സ്വീകരിക്കുന്നു! എന്നാല്‍ ശാസ്ത്രവും സാഹിത്യവുമൊന്നും വിശ്വസിക്കാത്ത പിന്തിരിപ്പന്മാര്‍, രാസവളം ഇട്ടില്ല.റബ്ബര്‍ വെച്ചില്ല. (വിശന്നാലും സാരമില്ല;പയ്യിനെക്കൊല്ലില്ല-ഇനിയുമുണ്ടല്ലൊ ജന്മം എന്നാശ്വസിച്ചിട്ടുണ്ടാവാം!) അവര്‍ക്കു മാനസികരോഗം “വെറും ഭ്രാന്ത്” -ഭ്രമിച്ച അവസ്ഥ ആയിരുന്നു. ഒരുചരടു കെട്ടാം, ഭസ്മം കഴിക്കാം,തകിടു കെട്ടാം- വളരെ നിര്‍ബ്ബന്ധമാണെങ്കില്‍ റിവേഴ്സ് ഡിരെക്ഷനില്‍ ഭ്രമിപ്പിക്കാം-ഭ്രമണം-തിരിയലേയ്!
    ആളെ ഉപദ്രവിക്കുകയൊന്നുമില്ലെങ്കില്‍ സാരമില്ല- അങ്ങട്ടു അഡ്ജുസ്റ്റ് ചെയ്യുകതന്നെ.പാരമ്പര്യമാണേ. അതായത് കുടുംബത്തില്‍ ഉള്ളതാണു; അതു നിങ്ങള്‍ക്കായില്ലല്ലോ എന്നു സമാധാനിക്കാം- മാത്രമല്ല ആ പാരമ്പര്യഭാരം ചുമക്കുന്ന ആളോടു പാരമ്പര്യത്തിന്റെ നല്ല ഭാഗങ്ങള്‍ അനുഭവിക്കുന്നവര്‍ സഹാനുഭൂതിയോടെ പെരുമാറുകയും ചെയ്യുക.

    താടിക്കാരൊക്കെ വിവരം കെട്ടവരാണ്;(കടപ്പാറ്ട്: ഡോ.എന്‍.വീ.പി. ഉണിത്തിരി) സമ്മതിച്ചു. എന്നാലും ആ നിത്യചൈതന്യയതിയുടെ “മനോവിജ്ഞാനീയത്തിനൊരാമുഖം” വായിക്കുമോ, മഹാമനീഷികളായ പ്സൈക്കോളജിസ്റ്റുകളും പ്സൈക്കിയാട്രിസ്റ്റുകളും? അതുകഴിഞ്ഞാല്‍ പിന്നെ, വല്ലാത്ത ജാള്യത തോന്നില്ലെങ്കില്‍, പതഞ്ജലിമഹര്‍ഷിയുടെ യോഗസൂത്രങ്ങള്‍ക്ക് വിവേകാനന്ദനോ മഞ്ചേരി വെങ്കടരായ അയ്യരോ ജോണ്‍ വുഡ്രോഫോ എഴുതിയ വ്യാഖ്യാനം?
    പിന്നെ ആ പുരോഗമനവും ആഢ്യത്തവും ഒരുപോലെ കൊണ്ടുനടക്കാന്‍ ശ്രമിച്ചു രണ്ടില്‍നിന്നും ചണ്ടികിട്ടിയ ആ നമ്പൂരിയില്ലെ, എന്താ അദ്ദ്യത്തിന്റെ പേര്‍? അദ്ദ്യം ഓരൂട്ടം ഈവഹ എഴ്തീണ്ടത്രേ.(മാതൃഭൂമി ആഴ്ചപ്പതിപ്പു) അതും?..ആ കാട്ടുമാടം...കാട്ടുമാടം.

    ReplyDelete
  15. എന്റെ മുമ്പത്തെ കമന്റില്‍ പോള്‍ ഡേവിസിന്റെ പുസ്തകത്തെപരാമര്‍ശിച്ച സ്ഥാനം അത്ര ശരിയായില്ലെന്നു തോന്നി. ജീവന്റെ ഉറവിടത്തെപ്പറ്റി ഏറ്റവും (1999) ആധുനികമായ വ്യത്യസ്തങ്ങളായ ചില തിയറികളാണു ഈ പുസ്തകത്തില്‍;അവസാനവാക്കെന്നനിലക്കു ഞാനൊക്കെ സ്കൂളില്‍ പഠിച്ച പലകാര്യങ്ങളുംതിരസ്കരിക്കപ്പെട്ടതാണെന്നു അറിഞ്ഞപ്പോളാണു എന്റെ‘ശാസ്ത്രസാഹിത്യപുച്ഛം” അതിരുകടന്നതു.അതായതു deterministic proof ഉള്ള മട്ടില്‍ അവതരിപ്പിക്കപ്പെട്ട പല “ശാസ്ത്ത്രീയ സത്യങ്ങള്‍ക്കും”stochastic proof മാത്രമേ ഉള്ളൂ എന്നതു എന്നെസംബന്ധിച്ചിടത്തോളം ഒരു വിശ്വാസവഞ്ച്ചനയെ തിരിച്ചറിഞ്ഞതായിരുന്നു.നമ്മുടെ നാട്ടിലെ ശാസ്ത്രസാഹിത്യജ്ഞരുടെ അവിനയത്തെ മാത്രം പുച്ഛിച്ചാല്‍ മതിയായിരുന്നു. (പോള്‍ ദാവീസ് പേടിക്കുന്നുണ്ട്, പഴയ പല തിയറികളുടേയും തിരസ്കാരവും പുതിയ ചിലകണ്ടെത്തലുകളും മതമൌലികവാദികളെ പ്രചോദിപ്പിച്ചേക്കാമെന്ന്!) ബോറാവില്ലെങ്കില്‍ യുങ്ങിനെ ക്വ്വോട്ട് ചെയ്യട്ടെ, അടുത്ത കമന്റില്‍?
    അനോണിയായിരിക്കട്ടെ; ഒരു പക്ഷേ ഡാലിക്കറിയാന്‍ കഴിയുമായിരിക്കും ഞാനാരാണെന്നു;പറയരുതേ പ്ലീസ്.

    ReplyDelete
  16. " I remember the case of an alcoholic, who had come under the laudable influence of a ceartain religious movement, and, fascinated by its enthusiasm, had forgotten that he needed a drink. He was obviously and miraculously cured by Jesus, and he was correspondingly displayed as a witness to divine grace or to the efficiency of the said religious organisation. But after a few weeks of public confessions, the novelty began to pale, and some alcoholic refreshments seemed to be indicated, and so he drank again. But this time the helpful organisation came to the conclusion that the case was "pathological" and obviously not suitable for an intervention of Jesus; so they put him into a clinic, to let the doctor do better than the divine healer. This is an aspect of modern 'cultural' mind that is worth looking into. It shows an alarming dissociation and psychological confusion"

    Quoted from the article "Approaching the unconscious" by Carl.G.Jung, from a collection titled Man and His Symbols--
    Note: There may be a word or two missing as I gather this from my notes hurriedly written a few years back.
    Thanks and
    No more comments: I promise.
    Sorry for mis-spelt title of Paul Davies' book

    ReplyDelete
  17. interesting observations, Anonymus. i was wondering about the deep philosophy in Paul Davies's statement that its not the molecules that create life, but the interdependability between them. ("just right", like the baby bear's porridge and bed in goldilocks' story that he compares universe to!)Here i found science being reduced from a bundle of laws to a communion of them, where everyone needs everyone else in the right milieu.

    the dissociation from the collective cultural mind that the jungian instance shows, perhaps also shows how insanity, sometimes is the loss of that live link of intrdependency. the ultimate solitude!

    ReplyDelete