October 15, 2021
റോസാപ്പൂവിന്റെ പേര്
October 14, 2021
മായപ്പൊന്ന്
‘മായപ്പൊന്നി’ലെ കഥകൾക്കെല്ലാം ഒരേതരത്തിലുള്ള ഒരു സവിശേഷതയുണ്ട്. മുഖ്യകഥാപാത്രങ്ങൾ വിശേഷസിദ്ധികളാൽ അനുഗ്രഹിക്കപ്പെട്ടവരാണെന്നതാണ്. ജയമോഹന്റെ കഥകൾക്കും നോവലുകൾക്കും ഇങ്ങനെയൊരു ഗർഭഗൃഹം പൊതുവേ ഉണ്ടെങ്കിലും (ആനഡോക്ടർ നല്ല ഉദാഹരണമാണ്) ‘മായപ്പൊന്നിലെ’ കഥകളെ ആകെ സവിശേഷമാക്കുന്ന ഒരു പ്രത്യേകതയെന്ന നിലയിൽ അതിനു പ്രാധാന്യം കൂടുതലാണ്. കഥാപാത്രങ്ങളുടെ ഈ സവിശേഷ സിദ്ധി അഥവാ അവർക്ക് ജന്മസിദ്ധമായി ലഭിച്ച പ്രതിഭ അവർ ജീവിക്കുന്ന സാമൂഹിക സാഹചര്യങ്ങളാൽ മറഞ്ഞു കിടക്കുന്ന ഒന്നാണ്. അതു മനസ്സിലാക്കാൻ കഴിയുന്ന വളരെക്കുറച്ച് ആളുകൾക്കു മുന്നിൽ ആകസ്മികമായോ അല്ലാതെയോ പെട്ടെന്ന് തെളിഞ്ഞ് വൈകാതെ മറഞ്ഞുപോകുന്ന ഒന്നുമാണ്. പത്തു കഥകൾക്കും പൊതുവേയുള്ളതാണ് ഈ ആന്തരികസ്വഭാവം. ദേവനിലെ മാണിക്കം ആശാരി ലക്ഷണം തികഞ്ഞ ദൈവവരകളിൽ, കുരുവിയിലെ അറുമുഖം ടെലിഫോൺ കേബിളുകൾ കലാപരമായി ഒട്ടിച്ചു ചേർക്കുന്നതിൽ, നിറപൊലിയിലെ നാണുക്കുട്ടൻ നായർ ആഹാരം വയ്ക്കുന്നതിൽ, ഏദനിലെ സാം ജെപത്തുരൈ ഉദാരതയിൽ, തേനീച്ചയിലെ അപ്പൻ കുടുംബം പോറ്റുന്നതിൽ സ്വയം സമർപ്പിക്കുന്നതിൽ, കോട്ടയിലെ അണഞ്ചിയമ്മ നാട്ടുമരുന്നു പ്രയോഗിക്കുന്നതിൽ, മായപ്പൊന്നിലെ നേശയ്യൻ ചാരായം കാച്ചുന്നതിൽ- ഇങ്ങനെ ചില അസാധാരണവും എന്നാൽ തീരെ ശ്രദ്ധ പിടിച്ചു പറ്റാത്തതുമായ കഴിവുകളുടെയും ജീവിതാനുഭവത്തിന്റെയും രേഖകളാണ് കഥകളിലുള്ളത്. വ്യത്യസ്തമെന്ന് തോന്നിയേക്കാവുന്ന തീവണ്ടിയെന്ന കഥ ജോൺ എബ്രഹാമിനെപ്പറ്റിയുള്ളതാണ്. അദ്ദേഹം താമസിച്ച ഒരു മുറി ഇപ്പോഴും അലങ്കോലമായി കിടക്കുന്നതിനെപ്പറ്റിയാണത്. ഇപ്പോഴില്ലാത്ത ജോൺ, കാല്പനികമെങ്കിലും ഭൗതികമായ ഒരു ഊർജ്ജമായി മുറിക്കുള്ളിലും അദ്ദേഹത്തെ ചുറ്റിനിന്ന മനുഷ്യരുടെ ഉള്ളിലും ജീവിക്കുന്നു. അവിടെ മുറി ശരീരത്തിന്റെയും അവിടെ ജീവിച്ചിരുന്ന ജോൺ പ്രതിഭാശക്തിയുടെയും പദവി കൈയാളുന്നു. ഇച്ചയുടെ ഉള്ളിലെ ജോൺ അസാധാരണമായ പെരുമാറ്റങ്ങളുടെ സിദ്ധിവിശേഷമാണ്. ‘കുഞ്ഞിയുടെ സ്വന്തം ആന’യെന്ന കഥയിൽ പ്രകടമായി ഇത്തരം പ്രത്യേകതകളൊന്നും പുറമേയ്ക്ക് കാണാനില്ല. ബാക്കി ഒൻപതു കഥകളെയും വച്ചു നോക്കുമ്പോൾ, വീട്ടുകാർ ഒന്നിച്ചിരുന്നു് ആന വീട്ടിനുള്ളിൽ കുടുങ്ങിപ്പോയ കഥ പറയുകയും സങ്കല്പത്തിലെ ആനയെ വണ്ടു പോലെ ചെറുതാക്കി ഡപ്പിയിടച്ച് എവിടെയോ ഒളിച്ചുവയ്ക്കുകയും ചെയ്യുന്ന കുഞ്ഞിയുടെ വിവരണത്തിന് ഒരു മെറ്റഫറിന്റെ സ്വഭാവമുണ്ട്. “എല്ലാ ആനകളും കുടുങ്ങി നിൽക്കുന്ന ഒരു വീടുണ്ട്” എന്ന അതിലെ കഥാപാത്രം പറയുന്ന തത്ത്വശാസ്ത്രം ദാമ്പത്യത്തെ കളിയാക്കുന്നതല്ല, മറിച്ച് അതിന് മനുഷ്യരുടെ സ്വാഭാവിക മാനസികവികാസത്തിനു ഇടം കൊടുക്കാതെ വന്നുകുടുക്കുന്ന സാമൂഹിക സമ്മർദ്ദങ്ങളിലേക്ക് നീട്ടിയെടുക്കാവുന്ന അർത്ഥമുണ്ട്.
ഇവിടെ എഴുതിയതുപോലെ അത്ര ഋജുവല്ല കാര്യങ്ങൾ, കഥയിൽ ആവിഷ്കൃതമാകുന്ന ജീവിതങ്ങളെ ചുറ്റിപ്പിടിക്കുകയും ഗതി തിരിച്ചു വിടുകയും ചെയ്യുന്ന മറ്റു സങ്കീർണ്ണതകളുമുണ്ട്. ‘കോട്ട’ എന്ന കഥയിൽ നവവധുവിനോട് ലൈംഗികശേഷി പ്രകടിപ്പിച്ച് ‘നൊന്താൽ തന്നെയേ പെണ്ണ് അടങ്ങുള്ളൂ’ എന്നു വിശ്വസിച്ചുറയ്ക്കുന്ന താണപ്പൻ ലഭിച്ച ശേഷിയുടെ വിപരീതഭാവമാണെങ്കിൽ ‘തേനീച്ച’യിൽ ജീവിതം മുഴുവൻ കുഞ്ഞിരുന്ന് സ്വർണ്ണപ്പണി ചെയ്ത് കുടുംബം നോക്കിയതിനാൽ സംഗീതം ക്ഷണനേരം പോലും ആസ്വദിക്കാൻ കഴിയാതെ എരിഞ്ഞുപോയ അപ്പനുമായി തിരുവാവുടുതുറ നാഗരത്തിനം പിള്ള എന്ന നാഗസ്വരവിദ്വാനുള്ളത് സമാന്തരഭാവമാണ്. രണ്ടാത്മാക്കളായി, കലാകാരനും ആസ്വാദകനുമായി അവർ ശുചീന്ദ്രം ക്ഷേത്രത്തിൽ കഥാവസാനം അവശേഷിക്കുന്നു. ‘തീവണ്ടി’ കഥയിൽ ജോൺ എബ്രഹാമിന്റെ കാര്യത്തിൽ കണ്ടതുപോലെ.
ദാരിദ്ര്യവും അപമാനവും അവഗണനയും പ്രാരാബ്ദവുമെല്ലാം അനുഭവിക്കുമ്പോഴും ഉള്ളിൽ തിളങ്ങുന്ന സവിശേഷമായ സിദ്ധികൾ, കാടും ചപ്പും നീക്കി പുറത്തുവരാൻ അമാന്തിക്കുന്ന ശേഷികൾ, അവ തിരിച്ചറിയാൻ കഴിയുന്ന അപൂർവം ചില അതിസാധാരണക്കാരായ മനുഷ്യരുടെ മുന്നിൽ പ്രകടമാവുന്നതിനെപ്പറ്റി പറയുന്ന കഥകൾ ഫലത്തിൽ തനിക്കു യോജിച്ച അനുവാചകനെ തേടുന്ന ആഴത്തിൽ അപകർഷം വേട്ടയാടുന്ന രചയിതാവിനെ സംബന്ധിക്കുന്ന വൈകാരികമായ രൂപകം തന്നെയല്ലേ? ഉരച്ചും എരിഞ്ഞും അപ്രസക്തമായതെല്ലാം കളഞ്ഞ് അവസാനം തന്നെതന്നെ പ്രതിഫലിപ്പിക്കുക, സ്വയം പ്രതിനിധീകരിക്കുക എന്ന അവസ്ഥയിൽ എത്തുന്ന കഥാപാത്രങ്ങൾ ആത്മഘാതിയായ ഒരു സാക്ഷാത്കാരത്തിലേക്ക് എത്തുന്നവരാണ്. ‘മായപ്പൊന്ന്’ എന്ന കഥയിൽ നേശയ്യൻ കാച്ചിയെടുക്കുന്ന അമൃതുപോലെയുള്ള ലഹരി, കാടിനുള്ളിലെ ഏകാന്തത, പുലിയുടെ ഭ്രമിപ്പിക്കുന്ന സൗന്ദര്യവുമായെത്തുന്ന രചനാസമാധിയുടെ മൂർച്ഛാമുഹൂർത്തം ഇവയെല്ലാം ചേർത്തുവച്ചാൽ വഴി പെട്ടെന്ന് തെളിഞ്ഞു കിട്ടും.
അസാധാരണമായ പ്രതിഭാവിശേഷം പ്രകടിപ്പിക്കുകയും എന്നാൽ അദൃശ്യരായിരിക്കുകയും ചെയ്ത പഴയകാല മനുഷ്യരിൽനിന്ന് കലയെ മോചിപ്പിച്ച് ബഹുജനങ്ങളിലേക്ക് എത്തിച്ചതിൽ യാന്ത്രിക പുനരുത്പാദനത്തിന്റെ യുഗത്തിന് വലിയ പങ്കുണ്ട് എന്ന് പറഞ്ഞത് വാൾട്ടർ ബെഞ്ചമിനാണ്. സ്വന്തം സംവേദകരെ മാത്രമായി ആസ്വദിപ്പിക്കുന്നിടത്തുനിന്ന് എല്ലാവർക്കുമായി പങ്കുവയ്ക്കപ്പെട്ടിടത്തുനിന്നാണ് കലയുടെ ആധുനികവത്കരണം ആരംഭിക്കുന്നത്. കലയുടെ അനന്യത (സിംഗുലാരിറ്റി) തിരിച്ചറിയാൻ കഴിയുന്ന കുറച്ചുപേരെ രസിപ്പിക്കുക എന്ന നിലയിൽനിന്ന് എല്ലാവരെയും രസിപ്പിക്കാൻ കഴിയുക എന്നത് കലയുടെ/പ്രതിഭയുടെ യോഗ്യതയായി മാറി. കലയും അതിന്റെ ആസ്വാദകരും തമ്മിലുള്ള ബന്ധത്തെയാണ് പുതിയ കാലം തിരിച്ചിട്ടത്. എന്നാൽ ജയമോഹന്റെ ‘മായപ്പൊന്നിലെ‘ കഥകൾ, രണ്ടു തരത്തിൽ തിരിച്ചു പോക്കിനെ ഭാവന ചെയ്യുന്നു. 1. ജയമോഹന്റെ ‘കലാകാരന്മാർ’ അവരുടേതു മാത്രമായ ആസ്വാദകരെ കണ്ടെത്തി അവരിൽ ചാരിതാർത്ഥ്യം അടയുന്നു. 2. പുനരുത്പാദിപ്പിക്കാനാവാത്തതാണ് (കലാകാരൻ മരിക്കുന്നതോടെ അയാളിലെ പ്രതിഭയും എന്നെന്നേയ്ക്കുമായി അവസാനിക്കുന്നു. അത് മറ്റൊരാളിലേക്ക് പകരാൻ കഴിയാത്തതാണ്. അതിനനുസരിച്ചുള്ള ഇന്ദ്രിയവേദ്യതയാണ് അവയ്ക്കു കല്പിച്ചു കൊടുത്തിരിക്കുന്നത്) ഈ മാനുഷികമായ ശേഷികൾ എന്ന തീർപ്പിൽ കഥകൾ ചാരിതാർത്ഥ്യം അനുഭവിക്കുന്നു. കലാകാരനെ മാത്രമല്ല, അയാളുടെ ആസ്വാദകരെയും മഹത്വപ്പെടുത്തുകയാണ് കഥാകൃത്ത് ചെയ്യുന്നത്. ദേവനിലെ മാണിക്യം ആശാരിയുടെയോ മായപ്പൊന്നിലെ നേശയ്യന്റെയോ നിറപൊലിയിലെ നാണുകുട്ടൻ നായരുടെയോ കഴിവുകളെ ഇനിയൊരാൾക്ക് ആസ്വദിക്കാൻ കഴിയില്ല, അവ ആസ്വദിച്ചവർ ഭാഗ്യവാന്മാരാണെന്ന് കഥകൾ പറയാതെ പറഞ്ഞു വയ്ക്കുകയാണല്ലോ ചെയ്യുന്നത്.
തീരെ ഒച്ചക്കുറഞ്ഞതും ആത്മാനുരാഗപരമെന്നു പറയാവുന്നതുമായ ഈ സൂക്ഷ്മവൈകാരികത കവിതകൾക്കു മാത്രമല്ല കഥകൾക്കും ഇണങ്ങുമെന്നതിന്റെ രാഷ്ട്രീയമാണ് ‘മായപ്പൊന്നിലെ’ കഥകളിലെ സൗന്ദര്യം. അത് പ്രത്യേക രീതിയിൽത്തന്നെ അഴിച്ചെടുക്കേണ്ടതുണ്ട്.
(എഫ് ബി