ഫോട്ടോ : മാതൃഭൂമി
ചെറുകഥ ഇന്നു വായിക്കപ്പെടുന്നത് നാം ഇതുവരെ അനുശീലിച്ചുവന്ന കാലഹരണപ്പെട്ട ശാഠ്യങ്ങളുടെ പാട്ടവെളിച്ചത്തിലല്ല. യഥാസ്ഥിതികരായ ആസ്വാദകപക്ഷത്തിന്റെ മുൻധാരണകളും നിർബന്ധങ്ങളും നല്ല കഥകളെ കണ്ടെത്താനുള്ള ശ്രമങ്ങളെ നിരന്തരം നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. ഇതിനൊരു ഉദാഹരണമാണ് ചെറുകഥ ഭാവഗാനം പോലെയാണെന്ന താരതമ്യം. ഈ ഋജുവായ നിർവചനത്തിൽ അഭിരമിക്കുമ്പോൾ ലളിതബുദ്ധികളായ നാം ഒരേ സ്വഭാവവിശേഷത്തോടുകൂടിയ രണ്ടു സാഹിത്യരൂപങ്ങൾ എന്തിനെന്ന ചോദ്യം സ്വയം ചോദിക്കുന്നില്ല. ഭാവഗാനത്തിന്റെ മുഴക്കോലുമായി കണ്ണുകെട്ടിയ കുതിരകളെപ്പോലെ ചെറുകഥയുടെ വിശാലസ്ഥലികളിൽ നിസ്സഹായരായി നടന്നു മരിക്കുന്നു. ഭേദപ്പെട്ട എഴുത്തുകാർപോലും ചെറുകഥയ്ക്ക് യോജിച്ച ഉപമ ഭാവഗീതമോ മറ്റോ ആണെന്ന വിശ്വാസപ്രമാണക്കാരാണ്. കാല്പനികതയുടെ ഉദയകാലവും സാഹിത്യരൂപം എന്ന നിലയിൽ ചെറുകഥയുടെ പിറവിയും തമ്മിൽ കാലികസാമീപ്യമുള്ളതുകൊണ്ടാണ് പ്രഭാവസമഗ്രത, ഏകാഗ്രത, ആത്മപരത, വിഷാദാത്മകത്വം തുടങ്ങിയ റൊമാന്റിസത്തിന്റെ ഓമനസന്താനങ്ങളെ കഥയുമായി ചേർത്തുവച്ചു ലാളിക്കാൻ നാം ശ്രമിച്ചത്. ഇന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കാല്പനികത ഗുണപരം എന്നു കരുതുന്ന മൂല്യങ്ങളാണ് (അതു മാത്രമാണ്) ഒരു കലാസൃഷ്ടിയുടെ മേന്മകളെങ്കിൽ ആധുനികതതൊട്ട് ആധുനികോത്തരതവരെ തുടരുന്ന അകാല്പനികമായ ഒരു നീണ്ട കാലയളവിൽ ആ കലാസൃഷ്ടിയുടെ പ്രസക്തിയും നിലനില്പും സംശയാസ്പദമാകേണ്ടതാണ്. എന്നാൽ ഈ കാഴ്ചയല്ല നാമിന്ന് കഥാസാഹിത്യത്തിൽ കാണുന്നത്.
പരമമായ ഒരു യാഥാർത്ഥ്യം ഉണ്ടെന്നു വിശ്വസിക്കുകയും ആ യാഥാർത്ഥ്യത്തെ സൗന്ദര്യതലത്തിൽ മാറ്റി പ്രതിഷ്ഠിക്കാനുള്ള മാധ്യമമായി ഭാഷയെ കണക്കാക്കുകയും ചെയ്യുമ്പോഴാണ് എഴുത്തുകാരന്റെ /രിയുടെ ഭാഷ വ്യക്തിഗതവും ആത്മനിഷ്ഠവുമാണെന്ന പ്രതീതിയുണ്ടാക്കുന്നത്. ഭാഷ ഒരു പ്രായോഗികബോധമാണ്. സവിശേഷമായ പദഘടനയിലൂടെ എഴുത്തുകാർ സൃഷ്ടിക്കാൻ ശ്രമിക്കുന്ന അർത്ഥമായിരിക്കില്ല വായാനാസമൂഹം രൂപീകരിക്കുന്ന അർത്ഥഭേദങ്ങൾ. ഭാവഗാനങ്ങളുടെ ഇഷ്ടക്കാർ വിചാരിക്കുന്നതുപോലെ കതഹ്യുടെ ഇതിവൃത്തഘടനയ്ക്കുള്ളിൽ ഒരു പ്രതിസന്ധി അവതരിപ്പിക്കുകയും അതിനെ വികാരവിക്ഷോഭങ്ങളുടെ നിറച്ചാർത്തണിയിച്ച് സാന്ദ്രമാക്കുകയും ചെയ്യുന്ന ജോലിയല്ല കഥാകാരുടേത്. ‘ഉദാരമായ മാനവികതയുടെ ആശയനിക്ഷേപമുള്ള സാഹിത്യരൂപം’ എന്ന നിലയിലാണ് ചെറുകഥകൾ ചർച്ച ചെയ്യപ്പെടുന്നത്. വാമൊഴികളെയും ആത്മഗതങ്ങളെയും ഭാഷാഭേദങ്ങളെയും ആഖ്യാനത്തിന്റെ നടവഴികളായി അതു കൂട്ടിയിണക്കുന്നു. കേന്ദ്രീയം ഐച്ഛികം എന്നീ ഘടകങ്ങളിൽനിന്ന് കേന്ദ്രീയങ്ങളെമാത്രം ഉള്ളടക്കിക്കൊണ്ട് സ്ഥൂലതയുടെ ദുർമ്മേദസ്സുകളെ എരിച്ചു കളയുന്നു. വാക്കുകളുടെ വിനിമയത്തിൽ കാണിക്കുന്ന കൃത്യതകൊണ്ടാണ് കഥ മറ്റു ഗദ്യാഖ്യാനങ്ങളിൽനിന്ന് വേറിട്ടു നിൽക്കുന്നത്. അതുകൊണ്ട് ‘സമൂഹത്തിൽ പരസ്പരം പോരടിച്ചുകൊണ്ടു നിൽക്കുന്ന ചിഹ്നവ്യവസ്ഥകളുടെ വിരുദ്ധഭാവങ്ങൾ ഉൾക്കൊള്ളാൻ കെല്പുള്ള ശബ്ദമുഖരിതമായ ഭാഷാവ്യവഹാരം’ എന്ന നിർവചനത്തെ കഥകളെ കൂടുതൽ മനസിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നാം സ്വീകരിക്കേണ്ടതുണ്ട്.
ടി പത്മനാഭന്റെ കഥകളെ കാല്പനികതയുടെയും ഭാവഗാനത്തിന്റെയും അഴിവിലലത്ത തടവുമുറികളിൽ അടച്ചിടാനുള്ള ഉത്സാഹം ഇന്നും നിലനിന്നു പോരുന്നുണ്ട്. മലയാള കഥാസാഹിത്യത്തിലെ ഏകാകികളായ എഴുത്തുകാരുടെ സൃഷ്ടികളും അവയുടെ ആഖ്യാനപരമായ സവിശേഷതകളും ഉയർത്തുന്ന പ്രശ്നങ്ങളും പുതിയ വെളിച്ചത്തിൽ പഠിക്കാനുള്ള ശ്രമം ചില ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽനിന്നുണ്ടായിട്ടുണ്ടെങ്കിലും അവ നമ്മുടെ പൊതുബോധത്റ്റിന്റെ ഭാഗമായി തീർന്നിട്ടില്ല. അസംബന്ധം നിറഞ്ഞ ജീവിതത്തിനു മുന്നിൽ കരയുകയാണോ ചിരിക്കുകയാണോ വേണ്ടതെന്നറിയാതെ കുഴങ്ങുന്ന ലോർക്കയെ ഓർമ്മിപ്പിക്കുന്ന രീതിയിൽ ഒറ്റപ്പെടുന്ന മനുഷ്യന്റെ ജീവിതസമസ്യകളാണ് പത്മനാഭൻ തന്റെ മഷിയായി ഉപയോഗിച്ചത്. കഥകൾ കുറുക്കിയെഴുതുന്നത് ശീലമാക്കിയ വ്യക്തി, ഭാഷയെക്കുറിച്ചുള്ള വേവലാതിയും സന്ദേഹവും തന്റെ എഴുത്തിലെ രൂക്ഷമായ സാന്നിദ്ധ്യമായി തിരിച്ചറിഞ്ഞ പ്രതിഭയാണ്. ഇത്തരം കഥകൾക്ക് ഭാവഗാനം ഒരിക്കലും ഉപമാനമാവുന്നില്ല.
ഒരു മനുഷ്യൻ തന്നോട് സഫലമായി സംസാരിക്കുന്നതെങ്ങനെയെന്നും അങ്ങനെ സംസാരിച്ചുകൊണ്ട് സമൂഹത്തോട് എങ്ങനെ സംസാരിക്കാമെന്നും സമൂഹം ഏകാകിയായ വ്യക്തിയിലൂടെ സംസാരിക്കുന്നതെങ്ങനെയെന്നും ഈ കഥകൾ വെടിപ്പായി വെളിവാക്കി തരുന്നു. ആന്തരിക അനുഭവങ്ങളുമായി കഥാകൃത്തിന്റെ ആത്മവത്ത (സെൽഫ്) നടത്തുന്ന സംവാദങ്ങളാണിവ. അതേ സമയം ആ സംഭാഷണങ്ങൾ വായനക്കാരനോടുംകൂടിയാണ്. ഒറ്റ വ്യക്തിയായ ആഖ്യാതാവ് നിലനിൽക്കുന്ന സ്ഥലവും കാലവുമായി ബന്ധപ്പെടുത്തി തന്നിൽത്തന്നെയുള്ള അന്യനോട് സംസാരിക്കുന്നു എന്ന നിലയിലാണ് ഈ ഭാഷണക്രമം പ്രവർത്തിക്കുന്നത്. ഒപ്പം സമൂഹത്തിന്റെ ശീലവഴക്കങ്ങളിൽ ചിലത് ശസ്ത്രക്രിയയ്ക്ക് സന്നദ്ധമാവേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താനും ആഖ്യാനത്തിന്റെ സ്വരഘടനയ്ക്ക് കഴിയുന്നു. താരതമ്യേന ലളിതമായ ആഖ്യാനത്തിനുള്ളിൽ പരസ്പരം പോരടിക്കുന്ന വ്യവസ്ഥകൾ ഇത്തരത്തിലാന് ഉരുത്തിരിയുന്നത്. കഥ പറച്ചിലിന്റെ മാധ്യമങ്ങൾക്കപ്പുറം ഭാഷ നിർമ്മിക്കുന്ന അദൃശ്യമായ ലാവണ്യപ്പൊയ്കകളാണിവ.
പത്മനാഭൻ പദങ്ങളെ പരീക്ഷണവിധേയമായി മാത്രം പ്രയോഗിക്കുന്നു. അവ നിലവിലുള്ള അർത്ഥത്തെ ഭേദിക്കുന്ന ബഹുസ്വരമായ ഭാഷാശില്പത്തെ അനാവരണം ചെയ്യുന്നു. അപൂർണ്ണവാക്യങ്ങളുടെ സവിശേഷധ്വനികൾ നിലനിൽപ്പിന്റെ വിഷമാവസ്ഥകളെ അപഗ്രഥനം ചെയ്യുന്നതായി മനസിലാക്കണം. തന്റെ കഥയ്ക്ക് ‘സ്വപ്നസന്നിഭം’ എന്നു പേരിടുന്ന കഥാകൃത്ത് അനുഭവത്തിന്റെ സ്വപ്നാത്മകമായ ചേരുവകൾ നിർമ്മിക്കുന്ന ആവിഷ്കാരകലയെക്കുറിച്ച് ബോധവാനാണ്. തീരുവ കൊടുക്കേണ്ടതില്ലാത്ത സംവേദനത്തിന്റെ പ്രസരണിയായി നിന്നുകൊണ്ട് ഭാഷ ഇങ്ങനെയെല്ലാം മറ്റു മനുഷ്യർക്കായുള്ള പ്രായോഗികബോധം തീർക്കുന്നു.
പരാജയത്തിന്റെ മൂല്യം എന്തെന്ന് അനുഭവിപ്പിക്കുന്ന വാക്കുകളുടെ സൗമ്യകലയാണ് പത്മനാഭന്റെ കഥകൾ. അവ നഗരവത്കരണത്തിന്റെയും കൺസ്യൂമറിസത്തിന്റെയും ആഘാതത്താൽ തകരുന്ന സാമൂഹികവും കുടുംബപരവുമായ ബന്ധങ്ങൾക്കിടയിൽ മനുഷ്യത്വത്തിന്റെ അഗാധയാഥാർത്ഥ്യം തിരയുന്നു. ജീവിതം നാം വിചാരിക്കുന്നതിനേക്കാൾ കൂടുതൽ ഹിംസാത്മകമായതുകൊണ്ട് പെട്ടെന്നുള്ള കടന്നാക്രമണങ്ങളെ നേരിടാനാകാതെ പോകുന്ന നിസ്സഹായനായ മനുഷ്യൻ പലപ്പോഴും ഈ കഥകളിൽ കടന്നുവരുന്നു. ഇയാൾ യുക്തിഭംഗം ബാധപോലെ ആവേശിച്ച ഒരു ലോകത്തെ കരുണാർദ്രമായ മനസ്സോടെ നോക്കിക്കാണുന്നവനാണ്. തകർച്ചയും കാരുണ്യവുമാണ് ഇയാൾ നേരിടുന്ന പ്രതിസന്ധി. ജീവിതത്തിന്റെ വാസ്തവങ്ങളേക്കാൾ മരണത്തിന്റെയും ഹിംസയുടെയും ഉണ്മകളെക്കുറിച്ച് നമ്മെ തെര്യപ്പെടുത്താനാണ് ഇയാൾ മുന്നിൽ വരുന്നത്.
ഈ ലോകത്തിന് നിരവധി അർത്ഥങ്ങളുണ്ടെന്നും ഒരർത്ഥവുമില്ലെന്നും പറഞ്ഞ് ചിരിച്ചത് നീഷേയാണ്. പത്മനാഭന്റെ കേന്ദ്രകഥാപാത്രങ്ങളെല്ലാം സന്ദേഹികളാണ്. തങ്ങൾ ചെയ്തത്, ചെയ്തുകൊണ്ടിരിക്കുന്നത് ശരിയാണോ എന്നവർക്ക് നിശ്ചയിക്കാൻ കഴിയുന്നില്ല. ഈ സന്ദിഗ്ദ്ധതയുടെ രൂക്ഷതയിൽത്തന്നെ ഒടിഞ്ഞു വീണ മുരിങ്ങയും വഴിവക്കിലെ പൂച്ചക്കുറ്റികളും പശുക്കളും നനഞ്ഞ മാടത്തയും കിണറ്റിലെ മീനെന്ന, വെടിയേറ്റു മരിച്ച അന്ധനായ കുട്ടിയും രാമേട്ടന്റെ മാവും അങ്ങനെ പലതും അവരുൾപ്പെടുന്ന വലിയൊരു ആവാസവ്യവസ്ഥയിലെ ഭാഗങ്ങളാണ്. മനുഷ്യനപ്പുറത്തേക്ക് നീളുന്ന സ്നേഹസ്പർശിനിയായി ഭാഷ ഇവിടെ പ്രച്ഛന്നവേഷം ധരിക്കുന്നു. വിലോമതകൾ ഉയർത്തുന്ന ലോകത്തിൽനിന്നു പിണങ്ങി അകലാനും അതേ ലോകത്തെ കാരുണ്യപൂർവം വാരിപുണരാനും ആഗ്രഹിക്കുന്ന ചേതന സൃഷ്ടിക്കുന്ന അനുഭവസമസ്യകളാണ് പത്മനാഭന്റെ കഥകളുടെ ദാർശനിക പരിസരം. പാപം-പുൺയ്യം, വ്യക്തി-സമൂഹം, നിഷ്കളങ്കത-സൂത്രശാലിത്തം, പ്രകൃതി-യാന്ത്രികത, സ്വാഭാവികത-കൃത്രിമത്വം എന്നിങ്ങനെ അനേകങ്ങളായ വിപരീതങ്ങളിൽപ്പെട്ടുഴലുന്ന മനുഷ്യരാണ് ഈ കഥകലിലെ പ്രത്യക്ഷങ്ങൾ. പിൽക്കാലത്ത് മലയാളസാഹിത്യത്തിൽ വളർച്ചമുറ്റിയ പല സങ്കല്പങ്ങളും പത്മനാഭന്റെ ആദ്യകാലകഥകളിലൂടെ ആവിഷ്കാരം നേടിയവയായിരുന്നെന്നു കാണാം. അധികാരം പീഡനയന്ത്രമായി വരുന്നു, അറ്റുപോകുന്ന ബന്ധങ്ങൾ, കജീവിക്കാൻ മറന്ന മനുഷ്യൻ എന്നീ കഥകളിൽ. തത്ത്വചിന്താപരമായ ആകുലതയിൽനിന്നു പിറക്കുന്ന ഫലിതബോധം, ‘ഒരു പിഎച്ച് ഡി പുരാണം’, ‘മനുഷ്യൻ എത്ര മഹത്തായ പദം’ എന്നിവയിൽ പ്രവർത്തിക്കുന്നു. കാല്പനികമായ തരളഭാവത്തോടെയല്ല, പ്രവചനസ്വഭാവമുള്ള ദുരന്തചിഹ്നങ്ങളായാണ് മഴ പോലും ആ കഥാലോകത്ത് പ്രത്യക്ഷപ്പെടുന്നത്. ഉദാഹരണത്തിന് ഭോലാറാം, യാത്ര, വനവാസം തുടങ്ങിയ കഥകൾ നോക്കുക.
കാലികമനുഷ്യന്റെ ദുരന്തബോധത്തിന്റെ കാരണങ്ങളുടെ നേർക്കാഴ്ചയ്ക്ക് ഈ കഥകളിലൂടെയുള്ള പ്രയാണം സഹായിച്ചേക്കും. മൂല്യത്തിനും സമഗ്രതയ്ക്കും വേണ്ടിയുള്ള അന്വേഷണത്തിന് സ്വയം സമർപ്പിതനാവുക എന്നതല്ലാതെ നമ്മുടെ ദുരന്തങ്ങൾക്ക് മരുന്നില്ലെന്നു പറഞ്ഞ ലൂഷ്യൻ ഗോൾഡ്മാനെ ഓർമ്മിക്കുക. ദുരിതത്തിന്റെ കറുത്തപ്പൂക്കളിൽ മരവിച്ച ലോഹച്ചിറകുകളുമായി ദുഃസ്വപ്നങ്ങളിരിക്കുന്ന തകരാറുപിടിച്ച കാലത്ത് ജ്ഞേയമല്ലാത്ത ആധികളെ അതിജീവിക്കാൻ ഭാഷയെ നിലനിൽപ്പിന്റെ അനുഭവമായി മനസിലാക്കുമ്പോഴാണ് നമ്മുടെ വായന അന്ധതയിൽനിന്ന് മോചനം നേടുന്നത്.