October 3, 2015

കേൾക്കാത്ത ഏടുകൾ



1910 -ലാണ് വള്ളത്തോൾ ബധിരവിലാപം പ്രസിദ്ധപ്പെടുത്തിയത്. അതിനു മുൻപ് അവിശ്വസനീയമായ രീതിയിൽ ശബ്ദത്തിന്റെ  ലോകം, അദ്ദേഹത്തിന്റെ മുന്നിൽ കൊട്ടിയടഞ്ഞു. അവിശ്വസനീയം എന്ന് വെറുതെ എഴുതിയതല്ല. പരമദൈവഭക്തനായിരുന്ന തനിക്ക് അങ്ങനെയൊരു ദുരന്തം വന്നതിന്റെ മുഴുവൻ ദുഃഖവും വള്ളത്തോൾ ദേവിയെ വിളിച്ച് നിവൃത്തിക്കുന്നതിന്റെ ലിഖിതരേഖയാണ് ബധിരവിലാപം എന്ന കാവ്യം.  കഠിനമായ നിലവിളിയോടൊപ്പം സ്വയം വിശ്വസിക്കാനാവാത്ത തരത്തിൽ ആശ്ചര്യം അദ്ദേഹത്തെ പൊതിഞ്ഞു നിൽപ്പുണ്ട്, അന്നത്തെ നിലക്ക് അല്പസ്വല്പം വൈദ്യമൊക്കെ അറിയാവുന്ന ആളും ആയിരുന്നു. വള്ളത്തോളിനെപ്പറ്റി ചരമാനന്തര പഠനം എഴുതിയ സുകുമാർ അഴീക്കോട്, ഈ ബാധിര്യം, സൂക്ഷ്മശബ്ദങ്ങൾ കേൾക്കാൻ അദ്ദേഹത്തെ സഹായിച്ചു എന്നാണ് വിശദീകരിച്ചത്. ഒച്ചയുടെ അലങ്കോലങ്ങൾ  കവിയെ വിട്ടൊഴിഞ്ഞു പോയി. പിന്നെ അദ്ദേഹം കേട്ടതൊക്കെ പട്ടിണിയുടെ മർമ്മരങ്ങൾ, ദാരിദ്ര്യത്തിന്റെ ഞരക്കം, അനചാരങ്ങളുടെ ദീനസ്വരങ്ങൾ, പ്രകൃതിയുടെ സുന്ദരഗാനം. പക്ഷികളുടെയും അരുവികളുടെയും കളകളം.. വള്ളത്തോൾ തന്റെ ദൈന്യത്തെ മുഴുവൻ ബധിരവിലാപത്തിൽ ഇറക്കിവച്ചു. മലയാളത്തിന്റെ തലയായി തല വിവർത്തിപ്പിടിച്ചു നിന്നു. ദീർഘമായ ഒരായുഷ്കാലത്തോളം.. ഒരുപക്ഷേ അതിനു ശേഷവും.

'കക്കാടിന്റെ പുരാവൃത്തം' എഴുതിയ സുനിൽ ഉപാസനയുടെ ആത്മകഥാപരമായ പുസ്തകമാണ് 'ചില അറിയപ്പെടാത്ത ഏടുകൾ'. ജീവിതത്തെയല്ല, രോഗത്തെക്കുറിച്ചാണ് (കേൾവിയില്ലായ്മ രോഗമല്ലായിരിക്കാം, എങ്കിൽക്കൂടി ശാരീരിക വൈകല്യം, ന്യൂനത എന്നിങ്ങനെ സുനിൽ തന്നെ പുസ്തകത്തിൽ ആവർത്തിക്കുന്ന വാക്കുകളെക്കാൾ  ഉചിതമാണിവിടെ രോഗം എന്ന പദം) ഒഴിവാക്കാനാവാത്ത അതിന്റെ നീരാളിവലയത്തിലിരുന്നുകൊണ്ട് സുനിൽ എഴുതുന്നത്. രോഗത്തെ അതായിതന്നെ കണ്ടാൽ പോരേ എന്ന് രോഗത്തിന്റെ സാഹിതീയ രൂപകങ്ങൾക്കുനേരെ കണ്ണുരുട്ടിയ സൂസൻ സൊണ്ടാഗിന്റെയും, മാരകമായ ഒരു ലൈംഗിക സാംക്രമികരോഗമായി ജീവിതത്തെ ഒരു രൂപകത്തിലേക്കു ചുരുക്കിക്കെട്ടിയ ക്രിസ്റ്റോഫ് സനൂസിയുടെയും ഇടയിൽനിന്നുകൊണ്ട് രോഗത്തിലേക്കും ജീവിതത്തിലേക്കും തത്ത്വചിന്താപരമായി മാറി മാറി നോക്കിയാലും ശരി, അതുതാനല്ലയോ ഇതെന്ന ആശങ്ക പൂർണ്ണമായും ഒഴിവാക്കാനാവില്ല. ചിലപ്പോഴെങ്കിലും. 

സ്വന്തം ജീവിതത്തെക്കുറിച്ച് വിലയിരുത്താനുള്ള സമയമാണോ ഈ മുപ്പത്തിമൂന്നാം വയസ്സെന്നൊക്കെയുള്ള ചോദ്യത്തിനു നല്ല ഉത്തരം കിട്ടാനിടയില്ല. അല്ലെങ്കിൽ ഏതാണ് ആത്മകഥയെഴുതാനുള്ള പ്രായം? സമൂഹത്തിന്റെ മുൻധാരണയുടെ ഗതാഗതങ്ങളിൽപ്പെട്ട് കേൾവിന്യൂനതയുള്ള ഒരു ചെറുപ്പക്കാരന്റെ  കഴിവുകൾ പരിഗണിക്കപ്പെടാതെ പോകുന്നു, എങ്ങനെ അയാൾ അരികിലേക്ക് മാറ്റി നിർത്തപ്പെടുന്നു എന്നതിനെ വിവരിക്കുകയാണ് സുനിൽ. എങ്കിലും പുസ്തകം എഴുതാനായിട്ട് ഒരു ഇടത്താവളത്തിൽ സുനിൽ എത്തിച്ചേർന്നു. അതുകൊണ്ടു തിരിഞ്ഞ് നോക്കാൻ പറ്റുന്നു.  എഴുത്തെന്ന താവളമാണ് അത്. ബ്ലോഗെഴുതി തുടങ്ങിയ സുനിലിന്റെ രണ്ടാമത്തെ പുസ്തകമാണ് 'ചില അറിയപ്പെടാത്ത ഏടുകൾ'. പുസ്തകത്തിൽ പലയിടത്തും 'അറിയപ്പെടാത്ത ഏടുകൾ എഴുതാനായി' എന്ന് സുനിൽ സ്വയം ഓർമ്മിക്കുന്നുണ്ട്. അത് ആ താവളത്തെക്കുറിച്ചുള്ള സുരക്ഷിതസ്മരണയാലാണ്. അനുഭവത്തിന്റെ തീക്ഷ്ണതയല്ല, അതുള്ളിലുണ്ടാക്കുന്ന വൈകാരിക ക്ഷോഭത്തിന്റെ അളവാണ് ഇവിടെ ഗൗരവമുള്ള വിഷയം. ശരീരം മുഴുവൻ തളർന്ന് കിടന്നപ്പോഴും ഇടതുകണ്ണിലെ ഇമ മാത്രം ചലിപ്പിച്ച് ഒരു പുസ്തകം പൂർത്തിയാക്കുകയും അതു പ്രസിദ്ധീകരിച്ചതിന്റെ രണ്ടാം ദിവസം (1997 മാർച്ച് 9 -നു) ന്യുമോണിയ ബാധിച്ച് മരിക്കുകയും ചെയ്ത ഴാങ് ഡൊമിനിക് ബോബി എഴുത്തൊരു ശക്തമായ താവളമാണെന്ന് പറഞ്ഞുതന്നിട്ടുണ്ട്. 'ദ ഡൈവിങ് ബെൽ ആൻഡ് ദ ബട്ടർഫ്ലൈ' എന്ന പുസ്തകം എഴുതാൻ എന്നല്ല കണ്ണുചിമ്മി അക്ഷരങ്ങൾ പറഞ്ഞുകൊടുക്കാൻ അദ്ദേഹം പത്തുമാസം എടുത്തു. 'കഥ പറയാൻ വേണ്ടി ജീവിച്ചു' എന്നത് ഒരു ഓർമ്മക്കുറിപ്പിന്റെ പേരല്ല. അതിന്റെ പേരിൽ ഊറ്റം കൊള്ളുമ്പോഴും (നിസ്സാരവത്കരിക്കുമ്പോഴും) അനുഭവത്തെ വസ്തുനിഷ്ഠമാക്കിത്തീർക്കാനുള്ള ഒരു ശ്രമത്തിന് സാധ്യത കിടക്കുന്നുണ്ട്.  തന്റെ അനുഭവങ്ങൾക്ക് വിലയിടാനുള്ള വലിപ്പം വായിക്കുന്നവർക്കു നൽകിക്കൊണ്ട് അതിൽ വൈകാരികമായി മുഴുകാനോ അതിൽനിന്ന് അകന്നു നിൽക്കാനോ എഴുതുന്നയാളിന് സ്വാതന്ത്ര്യമുണ്ട്. വൈകാരികതയെ പകർത്തിവയ്ക്കുമ്പോൾ വായിക്കുന്നവർ കാണുന്നത്, കേവലാനുഭവത്തെയല്ല, അതിന്റെ തരതമഭേദങ്ങളെയുമല്ല, അതൊരാളിൽ ഏൽപ്പിക്കുന്ന ആഘാതങ്ങളുടെ സംഘാതത്തെയാണ്. ഒറ്റയ്ക്കു സൈക്കിളിൽ ലോകം ചുറ്റിയ മനുഷ്യന്റെ കഥയിലെ അദ്ഭുതം, കുട്ടിക്കാലം മുതൽ വിവേചനങ്ങളുടെ പേരിൽ നീക്കി നിർത്തപ്പെട്ട മനുഷ്യന്റെ കഥയിൽനിന്നും കിട്ടില്ല. അവിടെ ഒരു താദാത്മ്യം ആവശ്യമാണ്. അയാളുടെ ചെരിപ്പിട്ട് കുറേനേരം നിന്നു നോക്കണം. അതിന്റെ എല്ലാ അപകൃഷ്ടതകളോടുംകൂടി. 

 തെരെഞ്ഞെടുക്കപ്പെട്ട അപൂർവ അനുഭവങ്ങളിലൂടെ സഞ്ചരിച്ചു കോൾമയിർ കൊള്ളുന്നതുപോലെയല്ല, അനൈച്ഛികമായ മാറ്റങ്ങൾ ജീവിതത്തിൽ പണിയുന്ന മരുഭൂമികളോട് സമരസപ്പെടുന്നത്.  തന്നോടുതന്നെ സംസാരിക്കുക എന്നതാണ് പുറം ലോകം കൊട്ടിയടയ്ക്കപ്പെടുമ്പോൾ ആകെ ചെയ്യാനുള്ളത്. കേൾക്കാൻ ആളുണ്ടാവുക എന്ന സന്തോഷകരമായ അവസ്ഥ ഇല്ലാതാവുന്നതിനെപ്പറ്റി സുനിൽ ഈ പുസ്തകത്തിൽ  പറയുന്നുണ്ട്. 'ശ്രോതും ഇച്ഛ'യാണ് ശുശ്രൂഷയായത്. കേൾക്കുക തന്നെയാണ് ചികിൽസ. അത് ആർക്കാണു വേണ്ടാത്തത്? നമ്മുടെ (എല്ലാവരുടെയും) യഥാർത്ഥ പ്രശ്നം നമ്മളെ കേൾക്കാനുള്ള ആളില്ലെന്നതാണ്. 

'എനിക്കൊരു സിദ്ധാന്തമുണ്ട്, അതായത് നല്ല സുഹൃത്ത് നല്ല ശ്രോതാവുകൂടി ആയിരിക്കണം'.
 എന്തിനു കേൾക്കണം എന്നുകൂകിയാർക്കുന്ന സമൂഹം അപ്പുറത്തുണ്ട്, അല്ലെങ്കിൽ എന്നെ കേൾക്കുക എന്നു മാത്രം പറഞ്ഞുകൊണ്ടിരിക്കുന്ന സമൂഹം. ഒരർത്ഥത്തിൽ അവർ, അവരുടെ ശുശ്രൂഷകരെ അന്വേഷിക്കുകയാണ്. ആ തിരക്കിൽ അവർക്കെങ്ങനെ മറ്റൊരാളിന്റെ ശുശ്രൂഷകനാകാൻ പറ്റും? തന്നിലേക്ക് നോക്കുന്നതുകൊണ്ട് സുനിൽ തന്നോടുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു. അതുകൊണ്ട് ഈ പുസ്തകം നീണ്ട ഒരാത്മഗതമാണ് എന്നു പറയാം. ഉറക്കെ ചിന്തിക്കലാണ് (താൻ പറയുന്നത് കേൾക്കാൻ മറ്റാരുമില്ലെന്ന അവസ്ഥയാണ് അത്.)
'എനിക്കു ചുറ്റും നടക്കുന്നത് എനിക്കറിയാം; പക്ഷേ പ്രതികരിക്കാനാവുന്നില്ല.
ഭാര്യയോടും മകനോടും അമ്മയോടും ഞാൻ കരയരുതെന്ന് പറയുന്നുണ്ട്; പക്ഷേ അവരത് കേൾക്കുന്നില്ല.
മണ്ണു വാരിയെറിയരുതെന്ന് കൂട്ടുകാരനോട് ഞാൻ വിളിച്ചുകൂവുന്നുണ്ട്; അവൻ ശ്രദ്ധിക്കുന്നില്ല.
എനിക്ക് ഇവിടെ നിന്ന് ഓടി പോകണമെന്നുണ്ട്; പക്ഷേ എന്റെ ശരീരം ചതിക്കുന്നു.
ഇപ്പോൾ അവസാനം ഞാൻ തിരിച്ചറിയുന്നു; അതേ ഞാൻ മരിച്ചിരിക്കുന്നു.'

കൂട്ടുകാരൻ രാജു എഴുതിയതെന്ന് പറഞ്ഞ് ഇംഗ്ലീഷിൽ പുസ്തകത്തിൽ കൊടുത്തിട്ടുള്ള കവിതയാണിത്. വശത്തേക്ക് നീക്കി എറിയുമ്പോൾ അനുഭവിക്കുന്ന മായാദൃശ്യങ്ങൾ,  ചലനങ്ങൾ അറ്റുപോകുന്ന അവസ്ഥയെ മുന്നിൽ കൊണ്ടു നിർത്തുന്നു. സുനിലിന്റെ കുറിപ്പുകൾ സാമൂഹികമായ ഒഴിച്ചുനിർത്തലിനെ കുടഞ്ഞെറിയാനുള്ള പിടച്ചിലുകളെ കാര്യമായിത്തന്നെ അനുഭവിപ്പിക്കുന്നു. എഴുതുകയെന്നാൽ തന്നോടു സംസാരിക്കുക എന്നർത്ഥമാണെന്ന് മുൻപേ പറഞ്ഞു. അതു ചിലപ്പോൾ ഡയറി എഴുത്തുപോലെയാണ്
ഇന്നും ദീർഘനേരം നടന്നു. ഒന്നരമണിക്കൂർ. ഉലാത്തലിനെ വ്യായാമത്തിന്റെ കള്ളിയിൽപ്പെടുത്താനാകില്ലെങ്കിലും ഉലാത്തൽ മാനസികമായി എനിക്ക് വ്യായാമമാകുന്നുണ്ട്.
ചിലയിടത്ത് ഇതേ കുറിപ്പുകൾ വിശദീകരണങ്ങളാവുന്നു. അവ മറ്റുള്ളവർക്കുള്ളതാണ്. സ്വയം സംസാരിക്കുമ്പോൾ സ്വന്തം അനുഭവങ്ങളെ സംഗ്രഹിച്ച്, അതിന്റെ അർത്ഥം മനസ്സിലാക്കാനാവും മനസ്സു ശ്രമിക്കുന്നത്. അതൊരു അതിജീവനതന്ത്രമാണ്. പലപ്പോഴും തത്ത്വവിചാരങ്ങൾ എന്നു തോന്നുന്ന, ജീവിതത്തിന്റെ സാരസംഗ്രഹങ്ങളിലൂടെയാണ് സ്വന്തം അവസ്ഥയെ മനുഷ്യർ വിലയിരുത്തുന്നത്.  
-അതിനാൽ ദീർഘകാലം നീണ്ടു നിൽക്കുന്ന പ്രതീക്ഷകൾ വച്ചുപുലർത്തുന്നവർ സ്വയം വിശകലനം നടത്തുക.
- ജീവിതത്തിൽ നമ്മൾ ആരോടെങ്കിലുമൊക്കെ കടപ്പെട്ടിരിക്കുന്നത് നല്ലതാണ്.
- ഏകാന്തതടവിനു ശിക്ഷിക്കപ്പെട്ട തടവുകാരന്റെ സെല്ലിനു പുറത്തുനിന്നു നോക്കൂ. ലോകത്തിൽ ഇന്നുവരെ എഴുതപ്പെട്ടിട്ടില്ലാത്ത വേറിട്ട ചിന്തകൾ ഒരു പക്ഷേ തടവുകാരൻ ഉച്ചത്തിൽ പറയുന്നത് നമുക്കു കേൾക്കാം.
- ചില രീതിയിൽ ചിന്തിച്ചാൽ ജീവിതം ഒരു ചാക്രിക പ്രക്രിയയാണ്. അവസാനം എന്നത് ആരംഭവുമാണ്.
-ഓർക്കുക ആദ്യമെത്തുന്നവർ എന്നും വിശേഷപ്പെട്ടവരാണ്.
മറ്റൊരു തരത്തിൽ ആലോചിച്ചാൽ ഈ ഉപദേശങ്ങളും മറ്റുള്ളവർക്കുള്ളതല്ല, തനിക്കുതന്നെയുള്ളതാണ്. ജീവിതത്തിൽ പിടിച്ചുനിൽക്കുന്നതിനെപ്പറ്റിയുള്ള ഗാഢമായ ആലോചനകളാണിവ.

ഗീതുമോഹൻ ദാസിന്റെ ദേശീയ അവാർഡ് നേടിയ ഹ്രസ്വചിത്രം 'കേൾക്കുന്നുണ്ടോ'യിൽ കണ്ണുകാണാൻ വയ്യാത്ത ആറുവയസ്സുകാരി പെൺകുട്ടി ഹസ്ന, (ഹസ്ന, യഥാർത്ഥത്തിൽ അന്ധയായ ഒരു കുട്ടിയാണ്) ഇവിടെ ഒച്ചയൊന്നും ഇല്ലല്ലോ എന്ന് ആവർത്തിച്ചു പറയുന്നതു കാണാം.  സിനിമയുടെ സാമൂഹിക - പാരിസ്ഥിതിക വിവക്ഷകൾക്കപ്പുറവും ഒച്ച അവളുടെ ഏകാന്തത അകറ്റാനുള്ള ഒരു ഉപാധിയാണ്.  ബഹായി ക്ഷേത്രത്തിലെ കെട്ടിയേൽപ്പിക്കപ്പെട്ട മൂകതയിൽനിന്ന് എഴുന്നേറ്റോടി വന്നുനിന്നു കിതക്കുന്ന സുനിലിനെ പുസ്തകത്തിലൊരിടത്ത് കാണുമ്പോൾ കേൾവിയില്ലാത്തൊരാൾ ഒച്ചയന്വേഷിക്കുന്നതിന്റെ വൈരുദ്ധ്യം മനസ്സിലുടക്കുന്നു. പുസ്തകത്തിലെ വിഷാദത്തിന്റെ ആധാരശ്രുതി ഒറ്റപ്പെടലിന്റെയും ഏകാന്തതയുടെയുമാണ്. മാറ്റിനിർത്തപ്പെടുന്നവന്റെ വേദനകൾ, ഏറിയും കുറഞ്ഞും അനുഭവിക്കാത്തവരായി ആരുമില്ലെന്ന ആത്മകഥാപശ്ചാത്തലത്തിലാണ്, ഒരാളുടെ അതിന്റെ കൂടിയ അളവിലുള്ള   നൊമ്പരം നാം വായിച്ചെടുക്കുന്നത്. പുസ്തകങ്ങൾ അങ്ങനെയാണ് അനുഭവങ്ങളെ സാധാരണീകരിക്കുന്നത്. ചെവിക്കുള്ളിലെ നിർജ്ജീവ കോശങ്ങളെ പുനരുദ്ധരിക്കാനായി മൊട്ടുസൂചി കുത്തിക്കയറ്റിയുള്ള ഹോളിസ്റ്റിക് ചികിൽസകരുടെ വിഫലശ്രമത്തെയും,  സ്പീച്ച് തെറാപ്പിസ്റ്റുകളുടെ ചികിൽസാരീതികളെയും, അഭിമുഖങ്ങളിൽ ന്യൂനതയെപ്പറ്റിയുള്ള വിശദീകരണങ്ങളെയും സുനിൽ വ്യക്തമാക്കിയിട്ടുണ്ട്. വള്ളത്തോൾ ദേവീപാദത്തെ ആശ്രയിച്ചതുപോലെ സുനിൽ ആധ്യാത്മികമായ വിചാരങ്ങളിൽ അഭയം തേടാൻ ദുർബലമായി ശ്രമിക്കുന്നുണ്ട്. അതു വഴി നിസ്സംഗനാവാനും. ഗീതയും ബുദ്ധനും കാന്റും കുമാരിലഭട്ടനും സുനിലിന്റെ അത്താണികളാണ്. വിചാരങ്ങളുടെ ഭാരമായിരിക്കാം ഒരുപക്ഷേ, തന്നെ നോക്കി ചിരിക്കാനേ കഴിയാതെ സുനിലിനെ  വിഷാദമഗ്നനാക്കുന്നത്. വള്ളത്തോൾ നെഞ്ചുകലക്കിയൊരു കണ്ണീർ വാർപ്പിനു ശേഷം ജീവിതത്തിലേയ്ക്കു മടങ്ങിവന്നു, ചിരിച്ചുംകൊണ്ട്. പിന്നീടൊരിക്കലും പൂർവകാണ്ഡത്തിലേക്ക് നോക്കാതെ, നേടാവുന്നതൊക്കെ പേന വച്ച് നേടിയെടുക്കുകയും ചെയ്തു. സുനിലിന്റെ സാമൂഹികമായ അനുഭവങ്ങൾ സ്വയം അത്ര പ്രസാദാത്മകനാവാൻ ജീവിതത്തെ ആലയിൽനിന്ന് കെട്ടഴിച്ചു വിടുന്നില്ല. മാറ്റി നിർത്തപ്പെടേണ്ടവനാണെന്ന ബോധം ഓരോ അനുഭവവും വച്ചു നീട്ടുന്ന മട്ടിലുള്ളതാണ് സുനിലിന്റെ ജീവിതചക്രം. തൊഴിൽരഹിതമായ രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം ഉമാമാർത്താണ്ഡൻ എന്ന ഹ്യൂമൻ റിസോഴ്സ് ചീഫിന്റെ സഹായത്തോടെ നേടിയ ബാംഗ്ലൂരിലെ ജോലി, യോഗ്യതയ്ക്കനുസരിച്ചുള്ളതല്ലാതിരുന്നിട്ടും, ടെക്നിക്കൽ മൽസര ക്ഷമതയെ വല്ലാതെ ചോർത്തിക്കളയുന്നു എന്ന ബോധ്യം ഉണ്ടായിട്ടും ഒരു ആശ്വാസമായിരുന്നത്. പ്രോജക്ട് അവസാനിച്ചതോടെ നിലച്ചു. വീണ്ടും തൊഴിൽതേടി ജീവിതത്തിന്റെ ചാക്രികതയിലേക്ക്, പിന്നെയും ഒന്നേന്നുള്ള ആ പഴയ ബാല്യകാല കണക്കിന്റെ സങ്കീർണ്ണമായ ലാളിത്യത്തിൽ പേന മുട്ടിച്ചാണ് സുനിൽ പുസ്തകത്തിന്റെ അവസാനവാക്യം എഴുതുന്നത് :
 'നൈരാശ്യത്തിൽ അവസാനിക്കാതെ, ശുഭമായി തന്നെ അവസാനിക്കുന്ന ഒരു ചാക്രിക പ്രക്രിയയ്ക്കു ഞാൻ കാത്തിരിക്കുന്നതിൽ അപാകതയില്ലെന്നു തോന്നുന്നു. എല്ലാം കാലം വിധിക്കട്ടെ.'
 തന്റെ പ്രശ്നത്തെ സാമൂഹികമായ ഒരു പശ്ചാത്തലത്തിൽ വച്ച് വിശകലനം ചെയ്യാനാണ് എഴുത്തുകാരൻ കൂടുതലും ശ്രമിക്കുന്നത്.  വീണുപോയ പടുകുഴിയിൽനിന്ന് വായനയും എഴുത്തുംകൊണ്ട് കരേറാൻ ശ്രമിക്കുന്നതിന്റെ പിടച്ചിലുകളാണ് 'ചില അറിയപ്പെടാത്ത ഏടുകളുടെ' ഹൃദയത്താളം. എന്നാൽ ഏകാകിയായ വ്യക്തിയുടെ അനുഭവവിവരണം എന്ന നിലയ്ക്കല്ലാതെ പുസ്തകത്തെ ശ്രദ്ധേയമാക്കുന്ന ഒരു തലം കൂടി അറിയപ്പെടാത്ത ഏടുകൾക്കുണ്ട്. അത് തന്റെ കേൾവിയെപ്പറ്റിയുള്ള (കേൾവിയില്ലായ്മയെപ്പറ്റിയുള്ള) വിശദമായ നിരീക്ഷണം എന്ന നിലയ്ക്കാണ്. സ്പീച്ച് തെറാപ്പിസ്റ്റിനോടും കൂട്ടുകാരനോടും ഡോക്ടറോടും താൻ എങ്ങനെയാണ് കേൾക്കുന്നതെന്ന് വിവരിക്കുന്ന വ്യക്തി, ആ നിലയിൽ നൽകുന്ന രോഗവിവരണം അപൂർവമായ ലോകത്തെ മുന്നിൽകൊണ്ടുവന്നു വയ്ക്കുന്നു. ഇത് മലയാളത്തിൽ അത്ര പതിവുള്ള എഴുത്തല്ല. ബാഹ്യാനുഭവങ്ങളെയാണ് നാം കൂടുതലായി ആശ്രയിക്കുന്നത് ആന്തരികാനുഭവങ്ങളുടെ സൂക്ഷ്മശ്രുതികൾ ശ്രദ്ധിക്കാൻ വേണ്ട പ്രായം നമുക്കായിട്ടില്ലെന്നു തോന്നുന്നു. ആലീസിന്റെ അദ്ഭുതലോകത്തിലെ ചെഷയർ പൂച്ച മാഞ്ഞുപോകുകയും അതിന്റെ ചിരി മാത്രമായി അവശേഷിക്കുകയും ചെയ്യുന്നത് വെറും ഭാവനാത്മകമായ വിവരണമല്ലെന്നും കാഴ്ചയ്ക്ക് അങ്ങനെ ഒരു വ്യത്യസ്തതയുണ്ടെന്നും (കാഴ്ചയെ ഏകോപിപ്പിക്കാനുള്ള കഴിവു തലച്ചോറിലെ കേന്ദ്രങ്ങൾക്ക് നഷ്ടപ്പെടുക) ഡോ. ഇക്ബാലിന്റെയും ഡോ രാജശേഖരൻ നായരുടെയും വിവരണങ്ങൾ പറഞ്ഞു വയ്ക്കുന്നതുപോലെ സമാനമായ ഒരു കേൾവിയനുഭവത്തെ സുനിൽ വരച്ചിടുന്നുണ്ട്. കേൾക്കുന്നുണ്ട്, എന്നാൽ എന്താണെന്ന് വ്യക്തമാവാത്ത അവസ്ഥ,  അവയെ പരസ്പരം ബന്ധിപ്പിച്ച് ക്രോഡീകരിക്കുന്നതിൽ വരുന്ന തകരാറിലാണ് കിടക്കുന്നത് എന്ന് പുസ്തകത്തിലൂടെ നമ്മെ വന്ന് ഒരു ആന്തലുണ്ടാക്കിക്കൊണ്ട് തൊടുന്നു. സൂസന്ന കഹലാന്റെ 'ബ്രയിൻ ഓൺ ഫയർ - മൈ മന്ത്സ് ഓഫ് മാഡ്നസ്സ്' എന്ന രചന, ആ രോഗത്തെപ്പറ്റിയുള്ള (ആന്റി എൻ എം ഡി എ റിസെപ്റ്റർ എൻസഫാലിറ്റീസ്) ഏതു ക്ലിനിക്കൽ റിപ്പോർട്ടിനെയുംകാൾ വിശദവും പഠനീയവുമാണെന്ന് ന്യൂറോളജി പ്രഫസർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.   'ചില അറിയപ്പെടാത്ത ഏടുകൾ' എന്ന പേരിലെ ആ അറിയപ്പെടായ്കകൾക്ക് അങ്ങനെയും ചില മാനങ്ങളുണ്ട്.

ശാസ്ത്രവും സാഹിത്യവും രണ്ടു കൈത്തോടുകളിലൂടെ ഒഴുകുന്ന ജീവനങ്ങളാണെന്ന് ധരിച്ചു വശായതുകൊണ്ട് ആര്, ആരുടെ പതാകാവാഹകയാണെന്ന കാര്യത്തിൽ കുഴമറിഞ്ഞ് നമ്മുടെ ബോധ്യങ്ങൾക്കിനിയും ദൂരങ്ങൾ താണ്ടേണ്ടി വരും. അതുവരെ വൈകാരിക വിക്ഷോഭങ്ങളാൽ ഓപ്പമിട്ട അനുഭവകഥനങ്ങളുടെ വസ്തുനിഷ്ഠമൂല്യം, അറിയപ്പെടാത്ത ഏടുകളായി തീരും. പരിഗണിക്കേണ്ടതില്ലാത്ത ഒരു പ്രകടനമായി  അവ മാറി നിന്നുപോവുകയും ചെയ്യും.