ചരിത്രം ഒരു പുരപണിയാണെങ്കിൽ അതിനു പാകമായ എലുകകൾ മാത്രമായിരിക്കും ഓരോരുത്തരും ഭൂതകാലത്തിന്റെ മണ്ണിൽ തിരയുന്നത്. വ്യക്തിയുടെ മാത്രമല്ല, സമൂഹങ്ങളുടെയും സ്ഥിതി ഇതാണ്. അതുകൊണ്ട് ചരിത്രത്തിനു അപരിചിതനാവുക എന്നതിന് പ്രത്യേകമായൊരു അർത്ഥം വന്നു ഭവിക്കുന്നു. പാകമല്ലാത്തൊരു തച്ചിനു കീഴിൽ സ്വാഭാവികമായും ഒരു മൂന്നാം കണ്ണു മിഴിയും. ഇന്ത്യക്കാരിയും പത്രപ്രവർത്തകയുമായ അമ്മ. പാകിസ്താനിയും രാഷ്ട്രീയപ്രവർത്തകനുമായ പിതാവ്. പാസ്പോർട്ട് ബ്രിട്ടന്റേത്. ആതിഷ് തസീറിന്റെ ‘ചരിത്രവ്യാഖ്യാനം പുതിയൊരു മാനം കൈയാളുന്നതിന്റെ കാരണം ഈയൊരു കാഴ്ചവട്ടത്തിന്റെ അപൂർവത കൊണ്ടാണ്. പാകിസ്താനിൽ വച്ചു കണ്ട കഠിനമാർഗിയായ ഒരു ബുദ്ധിജീവിയുടെ വാക്കുകളെ നിർമമനായി ആതിഷ് കേട്ടിരിക്കുന്ന ഒരു സന്ദർഭം അദ്ദേഹത്തിന്റെ പുസ്തകത്തിലുണ്ട്. ബുദ്ധിജീവി ചരിത്രത്തെ രണ്ടായിട്ടാണ് തിരിച്ചത്. മ്യൂസിയങ്ങളിലും അലമാരികളിലും ഇരിക്കുന്ന ചത്ത ചരിത്രം ഒന്നാമത്തേത്. രക്തത്തിലലിഞ്ഞ് അനുനിമിഷം പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്ന, ബോധത്തിന്റെ ഭാഗമായ ജീവിക്കുന്ന ചരിത്രം മറ്റൊന്ന്. രണ്ടാമത്തേതിനെയാണ് അയാൾ വിശ്വാസത്തിന്റെ ചരിത്രം എന്നു വിളിച്ചത്.
ടൈം മാഗസീന്റെ റിപ്പോർട്ടറായിരുന്ന ആതിഷ് തസീറിന്റെ ആദ്യപുസ്തകം, ‘ചരിത്രത്തിനു അപരിചിതൻ’ “ഇസ്ലാമിന്റെ സാംസ്കാരികഭൂമികയിലൂടെയുള്ള കേവലമൊരു യാത്രാവിവരണം ലക്ഷ്യമാക്കുന്ന ഒന്നല്ല. ഏതാണ്ട് രണ്ടു വയസ്സുള്ളപ്പോൾ പിരിഞ്ഞ പിതാവിനെ കാണാനുള്ള 21 വയസ്സുകാരൻ മകന്റെ ആത്മാലാപനങ്ങളുമല്ല. വ്യക്തിബന്ധങ്ങൾ രാജ്യാതിർത്തികളുടെ ഭൂമിശാസ്ത്രവുമായി ഇഴപിരിക്കാനാവാത്ത വിധം ബന്ധപ്പെട്ടു കിടക്കുന്നതിന്റെ നേർ ചിത്രങ്ങളാണ് പുസ്തകത്തിൽ കൂടുതലും. ബന്ധങ്ങളിൽ ആതിഷ് ഏറെക്കുറെ നിർമമനാണ്. അമ്മ, ഒരു പക്ഷേ ഇന്ത്യ കൂടിയാണ്. പിതാവും പൈതൃകവും പാകിസ്താനും. ഇന്ത്യയിൽ വച്ച് കുട്ടിക്കാലത്ത് ലിംഗാഗ്രത്തിലെ ചർമ്മ നഷ്ടത്തെ ചൂണ്ടി കൂട്ടുകാരായ കുട്ടികൾ നടത്തിയ പരിഹാസം, വിശ്വാസത്തിന്റെ ചരിത്രത്തിൽ നിന്നും താൻ പുറത്തുപോകുന്നതിന്റെ ആദിമചിത്രമായി ആതിഷ് കോറിയിടുന്നുണ്ട്. ഗോവയിൽ വച്ച് ഭുജത്തിൽ പച്ച കുത്തിയ ശിവന്റെ ചിത്രം മറച്ചുകൊണ്ട് വെളുത്തവസ്ത്രവും പുതച്ചാണ് മെക്കയിൽ ഉംറയ്ക്ക് പോകുന്നത്. എന്നിട്ടും കൈകളിൽ കെട്ടിയിരുന്ന രക്ഷാചരടുകളെ ചൂണ്ടിക്കാട്ടി ഒരു വിശ്വാസി അറിയാത്ത ഭാഷയിൽ അപലപിച്ചത് ആതിഷ് എടുത്തെഴുതുന്നു. കൈകളിൽ കിടന്നിരുന്ന ഇരുമ്പുവളയെക്കുറിച്ചായിരുന്നു തീവണ്ടിയിൽ വച്ചു കണ്ട അദിലിനും പാകിസ്താൻ പത്രപ്രവർത്തകനായ സെയ്ദിനും അറിയേണ്ടിരുന്നത്. വിശ്വാസത്തിന്റെ അതിരുകളിലെ ജീവിതം വിചാരിക്കുന്നതിനേക്കാൾ സങ്കീർണ്ണമാണ്. പാകിസ്താനിലെ പ്രാചീന സിന്ധ്പ്രവിശ്യകൾ കാണാൻ ആതിഷിനെ കൂട്ടിക്കൊണ്ടു പോകുന്നത് ഒരു പാകിസ്താനി ഹിന്ദുവായ ലക്ഷ്മൺ ആണ്. ആതിഷ് എഴുതുന്നു : ഞാനും ലക്ഷ്മണനും സാദൃശ്യമില്ലാത്തവരാണ്. പാകിസ്താൻ ബന്ധമുള്ള ഒരിന്ത്യാക്കാരന് ഒരു പാകിസ്താനി ഹിന്ദു പാകിസ്താൻ കാണിച്ചുകൊടുക്കുന്നു. അവിടുള്ള ഭൂരിപക്ഷത്തെപോലെ അയാൾക്കും സിന്ധികളല്ലാത്തവരെ സംശയമാണ്. ആ മനോഭാവം മതപരമല്ല, സാംസ്കാരികമാണ്. അയാൾ പഴയ മിശ്രസിദ്ധസംകാരത്തിന്റെ ജീവിച്ചിരിക്കുന്ന ചരിത്രവസ്തുവാണ്.
തുർക്കിയിൽ അത്താത്തുർക്കിന്റെ മതേതരത്വത്തിനു പുറത്ത് ഒളിച്ച് പർദ്ദ ധരിക്കാനും നിസ്കരിക്കാനും വട്ടം കൂട്ടുന്ന വിശ്വാസികൾക്കൊപ്പം ഇറാനിൽ മതനിഷ്ഠയിൽ നിന്ന് രക്ഷപ്പെടാൻ വെമ്പുന്ന തലമുറയെയും അദ്ദേഹം ചേർത്തു വയ്ക്കുന്നു. ടെഹ്റാനിൽ വച്ച് ഹരേകൃഷ്ണപ്രസ്ഥാനക്കാരുടെ സജീവമായ കൂട്ടായ്മയിലേയ്ക്ക് ആതിഷിനെ കൂട്ടിക്കൊണ്ടു പോകുന്നത് നർഗീസാണ്. മതം ഉപേക്ഷിച്ചാൽ വധശിക്ഷയുള്ള രാജ്യത്താണ് ഈ കൂട്ടായ്മ നിർബാധം നടന്നു വരുന്നത്. അവിടെ യുവാക്കൾ മാത്രമല്ല, അമ്മമാരും വൃദ്ധരും ഉണ്ട്. സൌദിയിൽ ഉംറയ്ക്കുവേണ്ടിയുള്ള മതപരമായ കാര്യങ്ങൾ വള്ളിപുള്ളി വിടാതെ പറഞ്ഞു കൊടുക്കാൻ നിയുക്തനായ ഹനിയാണ് കന്തുറയുടെ പോക്കറ്റിൽ നിന്ന് രണ്ടു ജോയിന്റുകൾ (മയക്കുമരുന്ന്) എടുത്തുകാട്ടി അദ്ഭുതപ്പെടുത്തിയതും. ലാഹോറിൽ നിന്ന് തീരെ വ്യത്യസ്തമായ ഉൾനാടൻ ഗ്രാമചിത്രങ്ങളുണ്ട് പുസ്തകത്തിൽ. അതിർത്തിയ്ക്കപ്പുറത്ത് വാഹനങ്ങളോടിക്കുകയും ജോലിക്കുപോവുകയും ചെയ്യുന്ന സ്ത്രീകളെ കണ്ട് ഏതാനും കിലോമീറ്ററുകൾ പിന്നിടുമ്പോൾ ഒരൊറ്റ സ്ത്രീയെപോലും പുറത്തുകാണാനാവാത്ത തികഞ്ഞ പുരുഷലോകം സാക്ഷാത്കരിക്കപ്പെടുന്ന അവസ്ഥയും ഉണ്ട്. ഒരേ രാജ്യത്ത് ഒരേ വിശ്വാസത്തിനു കീഴെയാണ് രണ്ടു ലോകവും. ചവറ്റുകൂനയിൽ കിടന്നു ഉറങ്ങിപ്പോയതിനാൽ അതു കത്തിച്ചപ്പോൾ ദേഹമാസകലം വെന്ത് നഗ്നനായി നിന്നു നിലവിളിക്കുന്ന ഒരു മനുഷ്യനെ പത്രമാഫീസിനു പുറത്തുവച്ച് ആതിഷ് കണ്ടു. സിവിൽ ആശുപത്രിയിൽ നിന്ന് തനിക്ക് ശരിയായ ചികിത്സകിട്ടുന്നില്ലെന്ന് പത്രപ്രവർത്തകരോട് പറഞ്ഞതിനാൽ അധികാരികൾ അയാളെ 20 ദിവസം അവിടെ മരുന്നൊന്നും കൊടുക്കാതെ വെറുതേ കിടത്തിയത്രേ. ഇതൊരു സാധാരണസംഭവമാണെന്നാണ് പത്രപ്രവർത്തകനായ സെയ്ദിന്റെ മൊഴി. പ്രതിസ്ഥാനത്ത് ഉദ്യോഗസ്ഥപ്രഭുത്വം മാത്രമല്ല. മാധ്യമങ്ങളുടെ തരവഴികൾ കൂടിയാണ്. ബേനസീറിന്റെ മരണത്തിനു ശേഷമുള്ള നിശ്ശബ്ദതയിലും നാം കാണുന്നു മാധ്യമങ്ങളുടെ ചുവന്ന ഇരട്ടനാവുകൾ.
ആതിഷിന്റെ പിതാവ് സൽമാൻ തസീർ പാകിസ്താനിലെ ഭൂട്ടോയുടെ അനുയായിയായ അറിയപ്പെടുന്ന നേതാവാണ്. രാഷ്ട്രീയം മതത്തെയും ഭൂമിശാസ്ത്രത്തെയും പോലെ മാറി മറിയുന്ന കാഴ്ച കൂടി പുസ്തകം പങ്കുവയ്ക്കുന്നു. ബേനസീർ ഭൂട്ടോയുടെ കൊലപാതകത്തിനു ശേഷം ആതിഷ് കാണുന്ന മറ്റൊരു കാഴ്ച സ്വന്തം പിതാവ് മുഷാരഫിന്റെ മന്ത്രിസഭയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതാണ്. കറാച്ചിയിൽ വച്ച് കണ്ട മാമ്പഴരാജാവിന്റെ കൂടെ ഉൾനാടൻ സിന്ധിലേയ്ക്ക് അയാളുടെ സാമ്രാജ്യം സന്ദർശിക്കുന്നതിനിടയിൽ താൻ രജപുത്രനാണെന്ന് പറഞ്ഞ് അഭിമാനിക്കുന്ന ഒരു ലഫ്റ്റനന്റിനെയും ആതിഷ് കാണിച്ചു തരുന്നുണ്ട്. മതത്തിന്റെ സാഹോദര്യം ജാതിയെയും ഫ്യൂഡലിസത്തെയും പൂർണ്ണമായി തുടച്ചു നീക്കാൻ ഇന്നും കഴിഞ്ഞിട്ടില്ല. വിശ്വാസം ആന്തരികമായും ബാഹ്യമായും പലതായി പിരിഞ്ഞ് സങ്കീർണ്ണമാവുകയാണ് ചെയ്യുന്നത്. ഇന്ത്യയെയും പാകിസ്താനെയും തമ്മിൽ കൂടുതൽ അകറ്റിയത് ഇന്ത്യയിൽ ഉദയം ചെയ്ത മധ്യവർഗത്തിന്റെ ശക്തിയാണെന്ന് മനസ്സിലാക്കാൻ 6000 ഏക്കർ വരുന്ന ഈ മാമ്പഴസാമ്രാജ്യം സഹായിക്കുന്നു. അവിടെ രണ്ടു വർഗമേ ഉള്ളൂ. നിർണ്ണായകത്വം അതുകൊണ്ട് എപ്പോഴും ഒരു വിഭാഗത്തിന്റെ കൈയിൽ സുരക്ഷിതം. അതുകൊണ്ട് ഇനിയുള്ള 50 വർഷത്തേയ്ക്ക് ഇതെല്ലാം ഇങ്ങനെ തന്നെയായിരിക്കും എന്ന് മാമ്പഴരാജാവിന് ആത്മവിശ്വാസത്തോടെ പറയാം.
ദില്ലിയിൽ നിന്നു തുടങ്ങി ദമാസ്കസ്, മെക്ക, ടെഹ്റാൻ വഴി കറാച്ചിയിലേയ്ക്കുള്ള ഒരു യാത്രയാണ് ‘ചരിത്രത്തിനു അപരിചിതൻ’. വിദേശത്തുള്ള പത്രപ്രവർത്തന പരിചയത്തിന്റെ ഫലമായി കിട്ടിയ വിശകലനാത്മകമായ നിലപാടാണ് ആതിഷിന്റെ വീക്ഷണസ്ഥാനങ്ങളെ പൂർവനിശ്ചിതങ്ങൾ ആക്കാതിരിക്കുന്നത്. മനുഷ്യന്റെ വിഹ്വലതകൾ ഏതു ചട്ടക്കൂട്ടിനകത്തും പരിഹാരമില്ലാത്തതും നിരാധാരവും തന്നെയായിരിക്കുമെന്നാണ് അപൂർവക്കാഴ്ചകളുടെ ഈ തുടർക്കണിയും വെളിപ്പെടുത്തുന്നത്. 2009 ൽ പുറത്തിറങ്ങിയ ഈ കൃതിയുടെ വിവർത്തനം നിർവഹിച്ചിരിക്കുന്നത്, എം കെ ഗംഗാധരനാണ്.