വികെ പ്രകാശിന്റെ ‘ബ്യൂട്ടിഫുൾ’ എന്ന സിനിമയുടെ അസന്തുലിതത്വം, അതിലെ ശരീരപരമായ കാഴ്ചപ്പാടുകളുടെ പക്ഷപാതിത്വമാണ്. അതിൽ ആശ്ചര്യത്തിന് വകയൊന്നുമില്ല. സുഖിക്കാനുള്ള വസ്തു എന്ന നിലയിൽ പെൺശരീരഭാഗങ്ങൾക്കു പിന്നാലെ അപകൃഷ്ടമായ ആർത്തിയുമായി പാഞ്ഞുകൊണ്ടിരുന്ന കണ്ണുകൾ ചില തിരിവുകളിലും വിലക്കുകളിലുംപ്പെട്ട് പിൻവലിയേണ്ടി വന്നതിനാൽ സ്വാഭാവികമായുണ്ടാവുന്ന ബദലുകളാണ് നമ്മുടെ സിനിമകളുടെ തിരക്കഥകളും സംഭാഷണങ്ങളും തീർക്കുന്ന പുതിയ കൊതികെർവുകൾ. കണ്ണടച്ചുകൊണ്ട് വാ തുറക്കുന്നതുപോലെയൊരു പ്രക്രിയ സാംസ്കാരികമായി സാധൂകരിക്കപ്പെടുന്നു എന്നർത്ഥം.
കുറച്ചു സ്ത്രീകളെ നമ്മൾ ഈ സിനിമയിൽ കാണുന്നുണ്ട്. സ്ത്രീകളെല്ലാം ഒരു പോലെ ഉപഗ്രഹങ്ങളായി പോകുന്ന ഒരു ആഖ്യാനഘടനയാണ് സിനിമയ്ക്കുള്ളത്. പ്രധാനറോളിലുള്ള അഞ്ജലി പോലും അലക്സിന്റെ ഇച്ഛയ്ക്കൊത്തു കളിക്കുന്ന പാവ മാത്രമായിരുന്നു എന്ന് അവസാനം നാം മനസ്സിലാക്കുന്നു. ‘ഹിസ് ഹൈനസ്സ് അബ്ദുള്ള’യിലൊക്കെ കണ്ടതുപോലെ സ്വയം തീരുമാനത്തിൽ കഥയിൽ വഴിത്തിരിവുണ്ടാക്കാനുള്ള പ്രാപ്തി, മലയാളിപ്പെണ്ണിനു ഇനിയും സിനിമകളിൽ വന്നുചേർന്നിട്ടില്ല. മാത്രമല്ല, ബുദ്ധികെട്ട ഈ കളി അവൾ കളിക്കുന്നതാകട്ടെ അലക്സിന്റെ ഭാര്യാപദ പ്രാപ്തിയ്ക്കു വേണ്ടിയും. അവളുടെ ആകാശങ്ങൾ അത്ര താഴെയാണെങ്കിൽ തന്നെ, അലക്സിനെപ്പോലൊരു വിഷയലമ്പടന്റെ അതിലേറെ പണക്കൊതിയന്റെ അതിലുമേറെ ക്രൂരന്റെ രണ്ടാം ഭാര്യയാകുന്നതിനേക്കാൾ അവൾക്ക് സ്വന്തം വശീകരണശേഷി ഉപയോഗിച്ച് ജോണിന്റെയോ സ്റ്റീഫന്റെയോ ഇഷ്ടം - ഭാര്യാപദലബ്ധി തന്നെ- നേടിയെടുക്കാവുന്നതേയുള്ളൂ. അതിനവൾ കഴിവുറ്റവളുമാണ്. എന്നിട്ടും അലസിപോകുന്ന ഒരു നീക്കം അവൾ നടത്തിയതിനു പിന്നിൽ എഴുത്തുകാരന്റെ ‘പെൺബുദ്ധി പിൻ ബുദ്ധി’ സങ്കൽപ്പത്തിനു മേൽക്കൈയുണ്ടെന്നു വേണം നാം മനസ്സിലാക്കാൻ. അതുകൊണ്ടാണ് അവളുടേത് ‘ക്രിമിനൽ ബുദ്ധി’ ആയിട്ടുപോലും പോലും നേരെ പ്രവർത്തിക്കാതിരിക്കുന്നത്.
മലയാള സിനിമയിൽ, നാം മുൻപും കണ്ട് പരിചയിച്ചിട്ടുള്ള സ്ത്രീകളെയെന്നപോലെ അഞ്ജലിയും ശരീരം മാത്രമായതുകൊണ്ടാണിങ്ങനെ. അലക്സിനോടുള്ള അവളുടെ വിധേയത്വം ലൈംഗികമാണ്. സൂചനകൾ അവരുടെ കിടപ്പറരംഗത്തിലുണ്ട്. അയാൾ കൊടുക്കുന്ന സുഖത്തിന്റെ സ്ഥായിക്കുവേണ്ടിയാണ്, അയാൾ പറയുന്ന ആളിനെ - സ്റ്റീഫനെ- കൊല്ലാൻ അവൾ വേലക്കാരിവേഷം - ഫലത്തിൽ ഹോം നേഴ്സ് വേലക്കാരി തന്നെ- കെട്ടുന്നത്. ആണ്, സുഖത്തിന്റെ ദാതാവും പെണ്ണ് സ്വീകർത്താവും ആണെന്നും പെണ്ണിന്റെ വിധേയത്വം സുഖത്തിന്റെ ഉൽപ്പാദനവും വിതരണവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നുമാണ് ശരീരത്തിന്റെ ഈ സാമ്പത്തികശാസ്ത്രം പറഞ്ഞു തരുന്നത്. മേൽക്കൈ ആണിനാണെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഉപഭോക്താവെന്ന പങ്കുമാത്രമാണ് പെണ്ണിന്. ഈ സങ്കൽപ്പത്തിലെ ഏനക്കേടാണ് ബ്യൂട്ടിഫുൾ എന്ന സിനിമയുടെ അസന്തുലിതത്വമായി നാം കാണുന്നത്. ചലനശേഷിയില്ലാതെ കിടക്കുന്ന സ്റ്റീഫനു മുന്നിൽ കമലു പല ജോലികൾക്കായി സ്ത്രീകളെക്കൊണ്ടു നിർത്തുന്ന ഒന്നിലധികം രംഗങ്ങൾ സിനിമയിലുണ്ട്. തെരെഞ്ഞെടുപ്പുകൾക്കായുള്ള അണിനിരത്തലിനപ്പുറം ഇവയ്ക്ക് സിനിമയിൽ ചില ദൌത്യങ്ങളുണ്ട്. തെരെഞ്ഞെടുപ്പുകൾ കൃത്യമായും ലൈംഗിക സൂചനകളിലേയ്ക്ക് വിരൽ ചൂണ്ടുന്നവയുമാണ്. ‘കന്യക’യെ സ്റ്റീഫൻ വീട്ടുവേലക്കാരിയായി തെരെഞ്ഞെടുക്കുന്നത് അവളുടെ കാൽപ്പാദങ്ങളുടെ വൃത്തി നോക്കിയും കറുത്ത ബ്രായുടെ പുറത്തുകാണാവുന്ന വള്ളി നോക്കിയുമാണ്. അഞ്ജലിയെ ഹോം നേഴ്സായി വയ്ക്കുന്നതിനുള്ള തീരുമാനത്തെ അവളുടെ ഇടുപ്പിന്റെ വശത്തുകൂടിയുള്ള കാഴ്ചയാണ് അടയാളപ്പെടുത്തുന്നത്.
സ്റ്റീഫനിലെ കാമാതുരത്വത്തെ അയാളുടെ നിസ്സഹായമായ അവസ്ഥയുടെ പശ്ചാത്തലത്തിലാണ് നമ്മുടെ സദാചാരം ക്ഷമിച്ചുകൊടുക്കേണ്ടതെന്നും കൊടിപ്പടം താഴ്ത്താൻ വിസ്സമ്മതിക്കുന്നതരം ജീവിതം അയാളിൽ കത്തി നിൽക്കുന്നതിന്റെ സൂചനയാണ് സ്ത്രീകളോടുള്ള അയാളുടെ ലൈംഗികപരമായ അന്വേഷണങ്ങൾഎന്നു സിനിമ വിശ്വസിപ്പിക്കുന്നു. എന്നാൽ അത്ര ലളിതമല്ല കാര്യങ്ങൾ എന്ന നിലയിലും ചിലതെല്ലാം സിനിമയിലുണ്ട്. മറ്റൊരാളോടും പറയാതെ സൂക്ഷിക്കുന്ന കാമുകന്റെ രഹസ്യം ഡോക്ടർ സ്റ്റീഫനോട് പറയുമ്പോൾ തൊട്ടടുത്ത് കമലുവുമുണ്ട്. എന്തുകൊണ്ട് ഡോക്ടർ അയാളുടെ സാന്നിദ്ധ്യം അവഗണിക്കുന്നു? അതോ ഡോക്ടർ അത്ര തുറന്ന മനസ്ഥിതിയുള്ള ആളാണോ? എന്തായാലും ആ സംഭവത്തിന് തുടർച്ചയില്ല. പക്ഷേ ഈ കമലു അത്ര ശരിയായ ആളല്ലെന്ന് കന്യക പറയുന്നുണ്ട്. ഒരിക്കൽ അവളെ ‘ട്രൈ’ ചെയ്തിട്ട് കിട്ടാത്തതാണ് അവളോടുള്ള ചൊരുക്കിന്റെ കാരണം എന്ന് അവൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. സഹകരിക്കാത്തതിന്റെ കാരണവും അവൾ വ്യക്തമാക്കുന്നുണ്ട്. ‘ഒരു മൂഡില്ലായിരുന്നു’ എന്ന്. കന്യക പറയുന്ന ഇക്കാര്യം എത്രത്തോളം സത്യമാണെന്ന് നമുക്കറിയില്ല. പക്ഷേ കമലു മറ്റൊരിക്കൽ ഐശ്വര്യാറായിയുടെ ‘വയറിളക്കത്തെ’പ്പറ്റി പറയുന്നുണ്ട്. സ്ത്രീകൾക്കു നേരെയുള്ള പുരുഷന്മാരുടെ ആകർഷണം അവസാനിക്കാൻ ആ ഒരൊറ്റ കാര്യം ചിന്തിച്ചാൽ മതിയെന്ന്. ആൺസദസ്സുകളിൽ പരക്കെ ഉയരാറുള്ള ജനകീയമായ ഈ വിരക്തിചിന്തയ്ക് സിനിമയിൽ സവിശേഷമായ ചില അർത്ഥങ്ങൾ ഉണ്ട്. ഒന്ന്, സിനിമ പങ്കുവയ്ക്കുന്ന ശരീരസാമ്പത്തിക ശാസ്ത്രത്തിൽ ‘ലൈംഗികദാരിദ്ര്യ’വുമായി സമരസപ്പെടാനുള്ള ‘പാഠ’മാണ് അതിലുള്ളത്. പെണ്ണിന്റെ അൽക്കിടം മാസാമാസം ചോരയൊഴുക്കുന്നതും തൊലി, വ്രണങ്ങൾ വന്ന് പുഴു നുളയ്ക്കാവുന്നതും മിനുപ്പുള്ള ശരീരം മറ്റൊരവസരത്തിൽ അഴുകുന്ന മാംസത്തിന്റെയും പഴുപ്പിന്റെയും മറ്റും മറ്റും സമാഹാരമാണെന്നു പറഞ്ഞുകൊണ്ടാണ് നമ്മുടെ വൈരാഗ്യശതകങ്ങൾ ലൈംഗികസുഖം ക്ഷണികമാണെന്ന് പറഞ്ഞു പഠിപ്പിച്ചുകൊണ്ടിരുന്നത്. ആണ്, ചോരയുടെയോ പുഴുവരിക്കുന്ന ഇറച്ചിയുടെയോ കൂമ്പാരമല്ലേ എന്ന യുക്തി ചിന്തയെ ഈ തരം ആത്മീയചിന്തകൾ അവഗണിക്കുന്നു. സുഖം എന്ന മൂലധനത്തെ വിതരണത്തിനു നൽകാതെ തന്നിലേയ്ക്ക് ഈട്ടം കൂട്ടാനുള്ള കനപ്പെട്ട നിർദ്ദേശമാണ് ഫലത്തിൽ ഈ ദാർശനിക ചിന്തകൾ. ഈ ചിന്തയുടെ ബാക്കിയാണ് കമലുവിന്റെ തത്ത്വചിന്തയും. തീറ്റപ്രിയനായിരുന്ന അച്ഛന്റെ ചിതാഭസ്മം കാപ്പിഡപ്പിയിലാക്കി അടുക്കളയിൽ സൂക്ഷിക്കുന്ന സ്വഭാവം അയാൾക്കുണ്ട്. ആ വഴിക്കും അയാൾക്ക് ഒരു ജനപ്രിയ അതിഭൌതിക പരിവേഷം ലഭിക്കുന്നു.
സ്റ്റീഫൻ കേന്ദ്രമാവുന്ന, കമലുവിന്റെ പൌരോഹിത്യത്തിലും മറ്റൊരു ജോലിക്കാരനായ കുമാരന്റെ കൈകാര്യത്വത്തിലും പ്രവർത്തിക്കുന്ന ശാരീരികസാമ്പത്തികശാസ്ത്രമാണ് ബ്യൂട്ടിഫുളിന്റെ പശ്ചാത്തലം. ശരീരത്തിൽ അധിഷ്ഠിതമായ സുഖചിന്തയ്ക്ക് സമാന്തരമായി പണം, കേന്ദ്രമാവുന്ന സിദ്ധാന്തം കൂടി സിനിമയിൽ പ്രവർത്തിക്കുന്നുണ്ട്. സ്റ്റീഫനിൽ കെട്ടിക്കിടക്കുന്ന പണം അയാളുടെ അദ്ധ്വാനത്തിന്റെ ഫലമല്ല. അതിൽ നിന്നും അയാൾക്കൊന്നും നിർമ്മിക്കാനും സാദ്ധ്യമല്ല. വിതരണം മാത്രമാണ് അയാൾക്ക് ആകെ സാദ്ധ്യമായ കാര്യം എന്നതുപോലെ ലൈംഗികതയിലും കെട്ടിക്കിടപ്പ് വ്യക്തമാണ്. ആ നിലയ്ക് സ്റ്റീഫൻ പ്രതീകമാണ്. പുറത്തെടുക്കാനോ പ്രകടിപ്പിക്കാനോ വയ്യാത്ത ലൈംഗികതയാണ്, അതിനെ ചുറ്റിയുള്ള വിലക്കുകളാണ് അയാളുടെ നിശ്ചലത്വം. ഒരു രാത്രി സ്റ്റീഫന്റെ വീട്ടിൽ കള്ളൻ കയറുന്നുണ്ട്. കള്ളന്റെ ശാരീരികമായ വഴക്കം അയാളെ അദ്ഭുതപ്പെടുത്തുന്നുണ്ട്. കടൽത്തീരത്ത് ലംബമായി കുത്തിനിർത്തിയ കഴയിൽ കള്ളന്റെ ശാരീരികാഭ്യാസം മായക്കാഴ്ചയായി പിന്നീട് അയാൾ ദർശിക്കുന്നുമുണ്ട്. ശാരീരികമായ മോചനത്തെപ്പറ്റിയുള്ള സ്വപ്നചിന്തയായി പലതരത്തിൽ സിനിമകൾമുൻപും അവതരിപ്പിച്ചിട്ടുണ്ട്, സമാന ദൃശ്യങ്ങൾ. കള്ളൻ വീട്ടിൽ നിന്നും ഒന്നും എടുത്തതായി സൂചനയില്ല. അയാളുടെ ‘ ചെറിയ അണ്ടർവെയറിനകത്തുകൊള്ളുന്ന എന്തെങ്കിലുമാണ് അയാൾ എടുത്തതെങ്കിൽ കൊണ്ടുപൊയ്ക്കോട്ടെ’ എന്നാണ് ആശ്ചര്യസ്തിമിതനായ സ്റ്റീഫന്റെ ആത്മഗതം. ആ സമയം അത്രയും ഒന്നും അറിയാതെ ഉറങ്ങുകയായിരുന്ന ‘കന്യക’യുടെ അഭിനയവുമായി ചേർത്തു വായിച്ചാൽ ഇരുട്ടിൽ മെയ്‌വഴക്കമുള്ളവനുമാത്രം പ്രാപ്യമായ ഒന്നിന്, കോടികളുടെ ആസ്തികളുടെ അത്ര തന്നെ വിലയുണ്ടെന്ന ‘മൂല്യ’ത്തെ സിനിമ വച്ചു നീട്ടുന്നുണ്ട്. യുവാവായ സ്റ്റീഫന്റെ കഴിവുകേടിനെക്കുറിച്ചുള്ള പരാമർശം സിനിമയിൽ പലയിടത്തും ഉണ്ട്. ‘അനക്കേണ്ടതൊന്നും അനക്കാൻ പറ്റാത്തവൻ’ - എന്നാണ് ഒരു ബന്ധുവിന്റെ പരാമർശം.
സ്റ്റീഫൻ ജീവിതത്തോട് പ്രസാദാത്മകമായ സമീപനം വച്ചു പുലർത്തുന്ന ആളാണ്. അങ്ങനെയൊരു സമീപനം തനിക്കുണ്ടായത് ഇഷ്ടം പോലെ പണം തന്റെ കയ്യിലുള്ളതുകൊണ്ടാണെന്ന് ടി വി അഭിമുഖകാരിയോട് അയാൾ വെളിപ്പെടുത്തുന്നു. പണം, സന്തോഷത്തിനു പകരം വയ്ക്കാൻ പറ്റുന്ന സംഗതിയല്ലെന്നാണ് നമ്മുടെ ഗുണപാഠകഥകൾ നമുക്ക് പറഞ്ഞു തന്നിട്ടുള്ളത്. അതും ഉള്ളിലിട്ടു കിലുക്കിക്കൊണ്ടിരിക്കുന്ന നമുക്ക്, ശരീരമാസകലം തളർന്ന ഒരാൾ സന്തുഷ്ടനായിരിക്കും എന്നു വിശ്വസിക്കുന്നതിൽ പൊരുത്തക്കേടുണ്ട് എന്നു നമുക്കറിയാം. ഈ പൊരുത്തക്കേടിൽ നിന്ന് സിനിമ രക്ഷപ്പെടുന്നത് ജോണിനെ പകരം വച്ചുകൊണ്ടാണ്. അയാളുടെ നായകത്വത്തെ പൊലിപ്പിച്ചെടുക്കാനാണ് പണക്കാരനായ സ്റ്റീഫന് ശാരീരികമായ ശേഷിയില്ലാതെ വരുന്നത് എന്നു പറയാം. മറ്റൊരു തരത്തിൽ അസാധാരണമായ കഴിവുകളും വിപുലമായ സൌഹൃദവും കരിങ്കല്ലിലും തേൻ കിനിയിക്കുന്ന സൌമനസ്യവും അടക്കമുള്ള കാമാതുരതയും സഹോദരവാത്സല്യവും (എന്നു വച്ചാൽ കുടുംബസ്നേഹം തന്നെ) കുട്ടിക്കാലത്തേ പൂത്തു വിരിഞ്ഞു വേരുപ്പടത്തിയ നന്മയുമൊക്കെയുണ്ടെങ്കിലും ദാരിദ്ര്യം കെടുത്തിക്കളഞ്ഞ പ്രകാശം അയാളുടെ ജീവിതത്തിലേയ്ക്ക് വച്ചു നീട്ടാനുള്ള ഒരു ഉപഗ്രഹമാണ് സ്റ്റീഫൻ. ആ നിലയ്ക്ക് സിനിമ ഒരു കണ്ണുപൊത്തിക്കളി കളിച്ചിട്ടുണ്ട്. ശരീരം തളർന്ന സ്റ്റീഫനാണ് നന്മയുള്ളവനായ ജോണല്ല നായകൻ എന്ന ആഖ്യാനത്തിന്റെ ഭാവാഭിനയമാണ് ആ കള്ളക്കളി. നായകത്വത്തെ സംബന്ധിച്ച് മലയാള ജനപ്രിയ സിനിമാച്ചേരുവകളുടെ സ്ഥിരം ഫോർമുല വച്ചാണ് ബ്യൂട്ടിഫുളിന്റെയും കളി.
നായകത്വങ്ങളെ സൃഷ്ടിക്കുന്നതിന് ജനപ്രിയ സിനിമകൾ കൈക്കൊള്ളുന്ന മാർഗങ്ങളിലൊന്ന് ശാരീരികമായ ശേഷിക്കൂടുതലാണല്ലോ. ഇവിടെ ജോണിനു വന്നിരിക്കുന്ന സൌഭാഗ്യം, പണം പ്രധാനമൂല്യമായ ഒരു സമൂഹത്തിൽ ഒന്നിനും കൊള്ളാതെ തളർന്നു കിടക്കുന്ന ഒരുവനുമായി മാത്രം അയാൾ താരതമ്യം ചെയ്യപ്പെടും എന്നതാണ്. അതുകൊണ്ട് തന്റെ വണ്ടി പിടിക്കാൻ വന്നവരോട് സുരേഷ്‌ഗോപിയെപ്പോലെ വാചകകസർത്ത് നടത്താനോ മോഹൻലാലിനെപോലെ കയറിൽ കെട്ടിത്തൂങ്ങി പറന്നിറങ്ങി അടിച്ചു പരിശാക്കാനോ മെനക്കെടേണ്ടതില്ല. അതൊന്നും കൂടാതെ തന്നെ അയാൾക്ക് ആ വണ്ടി തിരികെ കിട്ടുന്നുണ്ട്. ലക്ഷ്യമാണല്ലോ പ്രധാനം. ജോൺ എന്ന സ്നേഹത്തിന്റെ മാലാഖയ്ക്ക് - സിനിമയിൽ ഒരിക്കലും അയാൾ ദേഷ്യപ്പെടുന്നില്ല. തനിക്ക് ഇവിടെ അത്ര നല്ല പേരല്ലെന്ന് ബൈക്കിന്റെ പിന്നിൽ കയറിയിരിക്കുന്ന പെണ്ണിനോട് നസ്യം പറയുന്നുണ്ടെങ്കിലും ഏതു ക്രൂശിത ശമര്യാക്കാരനെയും പോലെ ദുരാരോപണത്തിനു വിധേയമാവുന്നതല്ലാതെ തെറ്റൊന്നും അയാൾ ചെയ്യുന്നതായി സിനിമയിൽ സൂചനയില്ല - ആലോചിച്ചു നോക്കിയാൽ അത്ര കരുത്തുള്ള ചിറകൊന്നും ഇല്ലെന്ന് മനസ്സിലാവും. പാട്ടാണ് അയാളുടെ സൌഹൃദത്തിനുള്ള ഏക ഉപകരണം. അതു വച്ച് തനിക്കു ചുറ്റുമുള്ള ദരിദ്ര്യവാസികളെയും പരാജിതന്മാരെയും അയാൾ ചൂഷണം ചെയ്തിരുന്നതായി അവർ തന്നെ ഒരു നിർണ്ണായക നിമിഷത്തിൽ തുറന്നടിക്കുന്നുണ്ട്. ഇപ്പോൾ അയാൾ വന്നുപ്പെട്ടിരിക്കുന്നിടത്ത് നിന്ന് 50 ലക്ഷം രൂപ ചോദിച്ചു വാങ്ങാൻ പറ്റുന്നില്ലെന്നതാണ് അയാൾ ആകെ അനുഭവിക്കുന്ന പ്രതിസന്ധി. അതാകട്ടെ കൂട്ടുകാരുമായി ചേർന്നുള്ള ആൽബം നിർമ്മാണത്തിനാണ്. ഇത്രതന്നെ തുക അയാളുടെ നാട്ടിലെ വീടും പറമ്പും വിറ്റാലും കിട്ടും. പക്ഷേ അതയാൾ ചെയ്യില്ല. കാരണം അത്, അനുജത്തിയെ ഡോക്ടറാക്കാൻ വേണ്ടി മാറ്റി വച്ചിരിക്കുകയാണ്. അയാൾക്കു വേണ്ടി പലതും സഹിച്ചു എന്നു വീമ്പിളക്കുന്ന യുക്തിവാദികളായ കൂട്ടുകാർ ഇക്കാര്യം മനസ്സിലാക്കതെ പോകുന്നതാണ് അയാളുടെ നായകത്വത്തിന്റെ വിജയം. അയാൾ തികഞ്ഞ സ്വാർത്ഥനാണ്. തന്റെ ‘ഛായ’ തകർന്നാലോ എന്ന ഒരൊറ്റ ഭയമാണ് സ്റ്റീഫനോട് പണം ചോദിക്കുന്നതിൽ നിന്ന് അയാളെ വിലക്കുന്നത്. ഒരു ഉപയോഗവും ഇല്ലാത്തവന്റെ കൈയിലെ പൂത്തകാശിന്റെ ഭാവി അവകാശിത്തെപ്പറ്റിയുള്ള ഹോട്ടൽ കാവൽക്കാരന്റെ ആത്മഗതത്തിനു തൊട്ടടുത്ത സീനിലാണ് നാം ജോണിനെ കാണുന്നത്. വിൽപ്പത്രത്തിൽ അയാൾക്കു നീക്കി വച്ചിരിക്കുന്ന തുകയെപ്പറ്റി കേട്ട വാർത്ത തെറ്റാണെന്ന് സ്റ്റീഫൻ തന്നെ അറിയിക്കുമ്പോൾ കൊറിച്ചുകൊണ്ടിരുന്ന കയ്യിലിരുന്ന കടല കടലിലേയ്ക്ക് അയാൾ വലിച്ചെറിയുന്നിടത്താണ് സിനിമ അവസാനിക്കുന്നതും. അയാൾക്ക് പണം കിട്ടുക തന്നെ ചെയ്യും എന്ന സൂചനയാണ് സിനിമയെ ശുഭ പര്യവസായി ആക്കുന്നത്. സത്യൻ അന്തിക്കാടിന്റെ ‘ഭാഗ്യദേവത’യിലെന്നപോലെ പണം മുഖ്യ മൂല്യമായ സമൂഹത്തിന്റെ അബോധ താലങ്ങൾക്ക് അത്തരം പാളങ്ങൾ വേണം ചക്രങ്ങളുരുട്ടാൻ. എന്നാലും ഈ ദൃശ്യങ്ങളുടെ വിന്യാസം വ്യക്തമാക്കുന്ന അയാളുടെ ആന്തരസ്ഥിതി അയാളുടെ നന്മയെ പൊലിപ്പിക്കുന്നതാണെന്ന് വിചാരിച്ച് നാം കളങ്കിതരാവേണ്ട കാര്യമില്ല.
സിനിമയിലെ വച്ചുമാറ്റക്കളിയിൽ ശ്രദ്ധേയമായ മറ്റൊന്നു കൂടി ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. ലൈംഗികതയെ ചെന്നു തൊടാൻ ഒട്ടും മടിക്കാത്ത, എപ്പോഴും സന്തോഷവാനായിരിക്കുന്ന സ്റ്റീഫൻ ജോണിനെ കൂടെക്കൂട്ടുന്നത്, കൂട്ടുകാരനായിരുന്ന ശ്രീനിവാസന്റെ ശബ്ദത്തിന്റെ ഓർമ്മയാലാണ്. സ്റ്റീഫനുമായുള്ള ജോണിന്റെ ആകസ്മികമായ കൂട്ടുച്ചേരലിന് പഴയ ഒരു കഥ വൈകാരിക തീവ്രതയോടെ അനുബന്ധപ്പെടുത്തിയിട്ടുണ്ട് സംവിധായകൻ. നിസ്സഹായനായി ക്ലാസിൽ മൂത്രമൊഴിച്ചുപോയ സ്റ്റീഫനെ വാട്ടർബോട്ടിലിലെ വെള്ളമൊഴിച്ച് ജോൺ മുൻപ് അപമാനത്തിൽ നിന്ന് രക്ഷപ്പെടുത്തിയതാണ് ഫ്ലാഷ്‌ബാക്ക് കഥ. അപ്പോൾ ടീച്ചറും മദ്യം കഴിപ്പിച്ചതിന്റെ പേരിൽ പിന്നീട് (മുഴുക്കള്ളിയായ) അഞ്ജലിയും ജോണിനെ തല്ലി. അർഹതയില്ലാത്ത തല്ലുകൾ - അതും കാര്യവിവരമില്ലാത്ത സ്ത്രീകളുടെ - ഏറ്റുവാങ്ങിക്കൂടിയാണ് അയാൾ നല്ല ശമര്യാക്കാരനും മിശിഹയുമാവുന്നത്. അതുപോട്ടെ, സ്ത്രീകളോട് ലൈംഗികകാര്യങ്ങൾ തുറന്നു ചോദിക്കാൻ മടിയില്ലാത്ത സ്റ്റീഫന്റെ കൂട്ടെല്ലാം ആണുങ്ങളാവുന്നതിൽ ഒരു വച്ചുമാറ്റമുണ്ട്. അതൊരു നിവൃത്തികേടാണെന്ന് തോന്നുന്നില്ല. വേണ്ടത് എത്ര വില കൊടുത്തയാലും വാങ്ങിക്കുന്ന അയാൾക്ക്, പെണ്ണ് കളിമ്പത്തിനപ്പുറത്ത് ഒരു വിഷയമല്ല. വായ പ്രധാനപ്പെട്ട അവയവമായി സന്നിഹിതമാവുന്നതിന്റെ സൂചനയാണ് അടുക്കളക്കാഴ്ചകളിലും ഊട്ടിക്കൊടുക്കലുകളിലും തന്റെയടുത്തെത്തുന്നവർക്ക് ആഹാരം കൊടുക്കണമെന്നുള്ളത് അയാളുടെ നിർബന്ധത്തിലും ഒക്കെയുള്ളത്. അയാൾ ഇഷ്ടപ്പെടുന്ന ശബ്ദങ്ങൾ (ശ്രീനിവാസന്റെ, പിന്നെ ജോണിന്റെ) ഇതിന്റെ മറ്റൊരു വശമാണ്. അയാൾക്ക് പെണ്ണ് രസിക്കാനുള്ളതും ആണ്, അനുഭവിക്കുന്നുള്ളതുമാകുന്നു. കുളിച്ചിട്ട് ദിവസങ്ങളായ കന്യകയും സ്റ്റീഫന്റെ കുളിമുറിയിൽ കുളിക്കാനെത്തുന്ന അഞ്ജലിയും ഒരു പോലെ ആകർഷണീയരായി കാണിക്കുന്നതിന്റെ പൊരുത്തക്കേട് സാധൂകരിക്കപ്പെടുന്നത് അവിടെയാണ്.
ഫോണിൽ അലക്സിനോട് സംസാരിക്കുന്ന ഒരു ബന്ധു ഇച്ചായന്റെ അടുത്തിരിക്കുന്ന പെണ്ണിനെപോലെയും രാത്രി മുഴുവൻ ഇരുന്നു കുടിച്ചിട്ട് രാവിലെ എഴുന്നേറ്റ് കസർത്ത് നടത്തുന്ന അലക്സിന് ഫോൺ കൊണ്ടുകൊടുക്കുന്ന മച്ചിയായ ഭാര്യയെപ്പോലെയും ഇരുട്ടിൽ മങ്ങി ഒതുങ്ങി നിൽക്കുന്ന സ്ത്രീശരീരത്തിന്റെ അസന്തുലിതത്വമാണ് ബ്യൂട്ടിഫുളിനെ ആകെ ആവേശിച്ചു നിൽക്കാനുള്ള കാരണം വെറും ആൺക്കോയ്മാപരമായ നിലപാടു മാത്രമല്ലെന്നാണ് ഇതുവരെ പറഞ്ഞു വച്ചതിന്റെ ചുരുക്കം.