April 30, 2011
കാഴ്ചകൾക്കൊപ്പവും കാഴ്ചകൾക്കപ്പുറവും
പദ്മരാജന്റെ ‘സ്വയം’, ജീവിച്ചിരിക്കുമ്പോൾ ശവത്തിനു ലഭിക്കുന്ന പരിഗണനകൾ അനുഭവിക്കാനാഗ്രഹിച്ച ഒരു വൃദ്ധയുടെ കഥയുടെ തിരക്കഥാരൂപമാണ്. ശവത്തിനെ ചുമക്കാൻ ആളുകളുണ്ട്. അതുംകൊണ്ടു പോകുന്ന വഴിയിൽ പൂക്കൾ വിതറുന്നുണ്ട്. അതിനു കടന്നുപോകാനായി വാഹനങ്ങളും ആളുകളും വഴി മാറിക്കൊടുക്കുന്നുണ്ട്. ഏറ്റവും പ്രധാനപ്പെട്ട സംഗതി അതിനു് ആകാശം നോക്കി കിടക്കാം എന്നുള്ളതാണ് എന്ന് വൃദ്ധ പറയുന്നുണ്ട്. കാറിലോ മറ്റോ മലർന്നു കിടന്ന് സഞ്ചരിച്ചാലും ആ സൌകര്യമില്ല. ജീവിതപ്രാരാബ്ദങ്ങൾ നടുവൊടിച്ച ഒരു സ്ത്രീയുടെ ഭ്രാന്തമായ സങ്കൽപ്പങ്ങൾക്കപ്പുറം ജീവിച്ചിരിക്കുന്നവരോടും മരിച്ചവരോടുമുള്ള സമൂഹത്തിന്റെ പെരുമാറ്റരീതികൾ ഗൌരവമുള്ള നർമ്മത്തിൽ ചാലിക്കുകയായിരുന്നു പദ്മരാജൻ എന്ന ന്യായമായും സംശയിക്കാം. ശവഘോഷയാത്രകൾ അതുവരെ അപകൃഷ്ടമായ ജീവിതം നയിച്ച ഒരാളിനെയും ‘തണ്ടിലേറ്റു’കയാണ്. ശവത്തിന്മേലണഞ്ഞ പൂമാല കൊണ്ട് അതിനെന്തുപ്രയോജനമെന്ന ദാർശനിക പ്രശ്നത്തെയാണ് ഈ കൃതിയിലെ വൃദ്ധ പരിഹരിച്ചത്. രണ്ടാമത്തെ മകൻ സുകുമാരൻ അമ്മയുടെ ആഗ്രഹം സഫലമാക്കിക്കൊടുക്കാൻ തയ്യാറായി. അയാൾ കലാകാരനും കൂടിയാണ്. മരണം വരെയും അതിനപ്പുറത്തേയ്ക്കും സഞ്ചരിക്കുന്ന ഭാവനകളുടെ മെയ്ക്കാട്ടു പണിയാണല്ലോ അയാളുടെ ദിനസരി. ജീവിച്ചിരിക്കുന്ന വൃദ്ധയുടെ മരണാനന്തരച്ചടങ്ങുകൾ അരങ്ങേറി. “ഒള്ളൊള്ള കാലം കൂടീട്ടുണ്ടായ പൂതി’ നിറവേറിയ വൃദ്ധ ചാരിതാർത്ഥ്യത്തോടെ മരിച്ചു. ‘പട്ടു’കിടക്കയിൽ നിന്നവർ ജീവിതത്തിലേയ്ക്ക് എഴുന്നേറ്റില്ല എന്നർത്ഥം. ജീവിതം തന്നെയാണ് ഇവിടെ മരണം. മരണം തന്നെയാണ് ജീവിതം. ‘ജീവിതമെന്നാൽ ആശകൾ ചത്തൊരു ചാവടിയന്തിരമുണ്ടുനടക്കൽ’ എന്നാണ് വൈലോപ്പിള്ളി പാടിയത്. മരണവും ജീവിതവും ഒന്നാകുന്നതിനെപ്പറ്റിയാണ് വൃദ്ധ കിനാവു കണ്ടത്.
തെക്കൻ തിരുവിതാം കൂറിലെ ഭാഷ അതേപടി ആവിഷ്കരിച്ചിട്ടുള്ള രചനകൂടിയാകുന്നു ഇത്. പുസ്തകത്തിൽ ഈ ഹ്രസ്വചിത്രത്തിന്റെ തിരക്കഥ പദ്മരാജൻ എഴുതിയതെന്നാണെന്നുള്ള സൂചനയില്ല. സങ്കീർണ്ണമായ കഥാരീതിയോ സംഘർഷങ്ങളോ ഇല്ലാത്തതിനാൽ തന്നെ ചലച്ചിത്രം എന്ന നിലയിൽ ‘സ്വയ’ത്തിന്റെ നിലനിൽപ്പ് സംശയാസ്പദമാണ്. എന്നാൽ തിരക്കഥാകൃത്തെന്ന നിലയിൽ പിൽക്കാലത്തെ പദ്മരാജൻ നേടിയ കൈത്തഴക്കത്തിലേയ്ക്കുള്ള അഭ്യാസമാതൃകകളിലൊന്നായി ഇതിനെ കാണുന്നതിൽ തെറ്റില്ലെന്നു തോന്നുന്നു. ‘പിറന്നാളുകുട്ടി’ എന്ന കഥ കൂടി ‘സ്വയ’ ത്തിന്റെ തിരക്കഥയോടൊപ്പം ഈ പുസ്തകത്തിൽ നൽകിയിട്ടുണ്ട്. മാധ്യമസംബന്ധിയായ അതിരു വഴക്കുകൾ അപ്രസക്തമാവുന്നത് ഇങ്ങനെയുള്ള ചില സ്ഥലങ്ങളിലാണ്. പക്ഷേ അതിനേക്കാൾ പ്രധാനപ്പെട്ട മറ്റൊരു കാര്യം ഈ മിശ്രിതത്തിലുണ്ട്. പിറന്നാളുകുട്ടി ‘വൺ ലൈനാ’ണെന്നുള്ള കാര്യമാണത്. ഇന്ത്യയിലെ ആദ്യ ത്രിഡി ചിത്രം ‘മൈഡിയർ കുട്ടിച്ചാത്തന്റെ’യാവേണ്ടിയിരുന്നതാണാ കഥ. നവോദയ അപ്പച്ചനും ജിജോയും പദ്മരാജനെ കാണാൻ വന്നതും അവർ ചാത്തൻ മഠങ്ങൾ സന്ദർശിച്ചതും ആമുഖത്തിൽ പദ്മരാജന്റെ മകൻ അനന്തപദ്മനാഭൻ എഴുതിയിട്ടുണ്ട്. കാട്ടുമാടം നാരായണൻ ഒരു അനുസ്മരണക്കുറിപ്പിൽ ഇക്കാര്യം മുൻപ് സൂചിപ്പിച്ചിരുന്നു. കുട്ടിച്ചാത്തന്റെ കഥയ്ക്ക് പദ്മരാജന്റെ ‘പിറന്നാളുകുട്ടിയുമായി’ അടുത്ത ചാർച്ച അവകാശപ്പെടാനില്ല. എങ്കിലും ചില ചിറകടിയൊച്ചകളെ കേൾക്കാതിരിക്കേണ്ട കാര്യവുമില്ല. തിരക്കഥയുടെയും കഥയുടെയും പിതൃത്വത്തെ സംബന്ധിച്ച് നിരവധി വിവാദങ്ങൾ അടുത്തകാലത്ത് മലയാള സിനിമാരംഗവുമായി ബന്ധപ്പെട്ട് അരങ്ങേറുകയുണ്ടായി. ഇതൊരു പുതിയ പ്രതിഭാസമല്ലെന്ന് മനസ്സിലാക്കാൻ ഇത്തരത്തിലുള്ള വീണ്ടെടുപ്പുകളും പുനരാലോചനകളും സഹായിക്കും.
മൂന്ന് അന്തർദേശീയ പുരസ്കാരങ്ങളും ദേശീയ അവാർഡും അഞ്ചു സംസ്ഥാന അവാർഡുകളും നേടിയ ‘ബയസ്കോപ്പി’ന്റെ തിരക്കഥയാണ് മറ്റൊരു പുസ്തകം. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചത് കെ എം മധുസൂദനനാണ്. 2008 ലെ ലോകത്തിലെ മികച്ച പത്തു ചിത്രങ്ങളിലൊന്നായി ലിസ്റ്റോളജി ബയസ്കോപ്പിനെതെരെഞ്ഞെടുത്തിരുന്നു. മലയാളത്തിലെ ആദ്യ ചലച്ചിത്രം വിഗതകുമാരനു തൊട്ടു മുൻപുള്ള കാലമാണ് ബയസ്കോപ്പിന്റെ പശ്ചാത്തലം. അതുവരെ പരിചയമില്ലാതിരുന്ന ചലിക്കുന്ന ചിത്രങ്ങൾ മലയാളിയെ കാണിക്കാൻ ഒരു ബയസ്കോപ്പുമായിറങ്ങിയ വാറുണ്ണി ജോസഫിനെ ഭാവനാത്മകമായി പുനഃസൃഷ്ടിക്കുകയല്ല, മധുസൂദനനിവിടെ. തീർത്തും കൽപ്പിതമാണ് കഥ. ‘ആധുനികത’യുടെ കടന്നു വരവുമായി ബന്ധപ്പെട്ടുള്ള സങ്കീർണ്ണതകൾക്കാണ് സിനിമയിൽ പ്രാധാന്യം വരുന്നത്. പോണ്ടിച്ചേരിയിൽ വച്ച് ഫ്രഞ്ചുകാരനായ ഡ്യുപോണ്ടിന്റെ ബയസ്കോപ്പ് പ്രദർശനത്തിൽ ആകൃഷ്ടനായി ‘കടലു കടന്നെത്തിയ’ ആ ഉപകരണവുമായി സ്വന്തം നാട്ടുകാരെ ചലിക്കുന്ന ചിത്രങ്ങളുടെ വിസ്മയം കാണിക്കാനെത്തിയ ദിവാകരന്റെ കഥയാണ് ബയസ്കോപ്പ്. അയാളുടെ ഭാര്യ നളിനി നിത്യരോഗിയാണ്. കുട്ടിക്കാലത്ത് കടൽത്തീരത്ത് വച്ചു കണ്ട വെള്ളക്കാരന്റെ ശവമാണ് അവളെ ഈ രീതിയിലാക്കിയതെന്നൊരു പരാമർശം മുരുകൻ നായർ (ദിവാകരന്റെ അച്ഛൻ) നടത്തുന്നുണ്ട്. നളിനിയെ സംബന്ധിക്കുന്ന ഭ്രമാത്മക കൽപ്പനകളിൽ കടലും നാവികനും പൂച്ചകളും വാസ്കോടിഗാമയും കൂടിക്കലർന്നിരിക്കുന്നതു കാണാം. ബയസ്കോപ്പ് നളിനിയുടെ അസ്വാതന്ത്ര്യത്തിന്റെയും ദിവാകരന്റെ സ്വാതന്ത്ര്യത്തിന്റെയും മൂലകമായി തീരുന്നു. കൊളോണിയൽ ഘടകങ്ങളോടുള്ള പാരമ്പര്യബദ്ധവും ആധുനികവുമായ രണ്ടു സമീപനങ്ങൾ തമ്മിൽ കലമ്പുന്നത് കാണാം ഇവിടെ. കടലുകടന്നെത്തിയ ഒരു സാധനമാണ് വീടിന്റെ ശാപമെന്നും നളിനിയുടെ അസുഖം മാറാൻ അതു കളയുകയാണു വേണ്ടതെന്നും ആയഞ്ചേരി കൈമൾ ഉപദേശിക്കുന്നതും മരിച്ചാലും പോകാത്ത നിഴൽ രൂപങ്ങളാണ് പോട്ടോത്തിൽ തെളിയുന്നതെന്നും അതെല്ലാം പിടിച്ചെടുത്ത് ആൾക്കാരെ കാണിക്കുന്നത് പ്രാന്താണെന്നും നാരായണിയമ്മ (ദിവാകരന്റെ അമ്മായി) പറയുന്നതും പാരമ്പര്യത്തിന്റെ ‘അപര’ഭയം നിമിത്തമാണ്. ശീമക്കാര് ഭൂതത്താൻമാരാണെന്നാണ് വേലക്കാരി മാളുവിന്റെ പ്രതികരണം. ഇതിന്റെ മൂർത്തമായ അനുഭവമാണ് നളിനിയുടെ അസുഖം.
സിനിമയെന്ന ആധുനിക വിസ്മയത്തിനു വേണ്ടി ജീവിതം തുലച്ച ഒട്ടനവധി ആളുകളുണ്ട്. അവരുടെ ദുരന്തങ്ങൾക്കുള്ളത് കലാപരമായ മാനവുമാണ്. ബയസ്കോപ്പിന്റെ വരവിനു മുൻപ് നടന്ന അനേകം പരീക്ഷണങ്ങളെക്കുറിച്ച് ഡ്യുപോണ്ട് ദിവാകരനോട് സംസാരിക്കുന്നുണ്ട്. ഫിനാക്കിസ്റ്റോസ്കോപ്പ് എൺപതുവയസ്സുള്ള അന്ധനായ മനുഷ്യനാണ് കണ്ടുപിടിച്ചത്, ഭാര്യയുടെ സഹായത്തോടെ. ലൂമിയർ സഹോദരന്മാർ ചലചിത്രപ്രദർശനം നടത്തിത്തുടങ്ങിയ കാലത്ത് താൻ കണ്ടു പിടിച്ച ഉപകരണം -പ്രാക്സിനോസ്കോപ്പ്- എമിലി റയ്നൌസ് സീൻ നദിയിലെറിഞ്ഞ് വിഷാദരോഗം മൂർച്ഛിച്ചു മരിച്ചു. ജെ സി ഡാനിയൽ ഉൾപ്പടെ ഇവിടത്തെയും ആദ്യകാല ചലച്ചിത്രപ്രവർത്തകരുടെ സ്ഥിതി വ്യത്യസ്തമല്ലായിരുന്നു. മലയാളത്തിലെ ആദ്യ നായിക റോസിയെ പാരമ്പര്യവാദികൾ ഉപദ്രവിച്ചതെങ്ങനെയെന്ന കഥ സുവിദിതമാണല്ലോ. കാലത്തിന്റെ ഓർമ്മകളുമായി ചേർന്നു നിൽക്കുന്ന കഥകളിലെ ദുരന്തങ്ങൾക്ക് ചരിത്രപരമായ പ്രാധാന്യം ഏറും. മലയാള സിനിമാചരിത്രത്തിന്റെ നിറം മങ്ങി മാഞ്ഞുകൊണ്ടിരിക്കുന്ന ഒരു ഖണ്ഡത്തെ ഓർത്തെടുക്കുകയാണ് ബയസ്കോപ്പ് ചെയ്യുന്നത്. കെ ഗോപിനാഥന്റെയും (സിനിമയുടെ നോട്ടങ്ങൾ) സനിൽ വിയുടെയും (വെളിച്ചത്തിന്റെ താളം) ഗൌരവമുള്ള രണ്ടു പഠനങ്ങൾ കൂടിചേർന്നാണ് ഈ പുസ്തകത്തെ കനപ്പെടുത്തുന്നതെന്ന കാര്യം എടുത്തുപറയട്ടെ.
-----------------------------------------------------------------------------
സ്വയം
തിരക്കഥ
പി പദ്മരാജൻ
മാതൃഭൂമി ബുക്സ്
വില : 40 രൂപ
ബയസ്കോപ്പ്
തിരക്കഥ
കെ എം മധുസൂദനൻ
മാതൃഭൂമി ബുക്സ്
വില : 50 രൂപ
April 10, 2011
രണ്ടായ നിന്നെയിഹ...
എതിരാളിയുടെ കുറവുകൊണ്ടല്ല സ്വന്തം മികവുകൊണ്ട് ജയിക്കണമെന്നാണ് പഴയ യുദ്ധതന്ത്രത്തിൽ പറയുക. സാധാരണ ജീവിതത്തിൽ പോലും അത്ര ധാർമ്മികതയൊന്നും പുലർത്താൻ മനുഷ്യനു കഴിയാറില്ല. കടുത്ത സത്യസന്ധനായ മനുഷ്യനും ദിവസം മിനിമം രണ്ടു കള്ളങ്ങളെങ്കിലും പറയുമെന്നാണ് കണക്ക്. സുഖമല്ലേ എന്നു ചോദിക്കുന്നവനോട് സുഖമാണെന്ന് പറയുമ്പോൾ തന്നെ തീരുന്നു സത്യസന്ധത! പിന്നല്ലേ, ജീവന്മരണ പോരാട്ടങ്ങളിൽ. അപ്പോൾ അല്പസ്വല്പം കള്ളത്തരങ്ങൾ നടക്കും. എതിരാളി നല്ലവനാണെന്ന് ഉള്ളിലറിയാമെങ്കിലും കുത്തുവാക്കുകളും ദ്വയാർത്ഥങ്ങളും പ്രയോഗിക്കും. ഒത്താലൊക്കട്ടെ. കൊള്ളരുതാത്തവന്റെ കൊള്ളരുതായ്മകൾക്കു മേലെ കണ്ണടച്ചുകൊടുക്കുകയും ചെയ്യും. യുദ്ധത്തിൽ എന്തും സാധ്യമാണ്. ഓന്തൊരു തുള്ളി മുതലയാണെന്ന് പറയും പോലെയാണ്, തെരെഞ്ഞെടുപ്പുകളും. യുദ്ധമാണ്. ജനായത്തത്തിലും നെറികേടുകൾ പൂത്തുലയും. നീതിബോധം തീപോലെ ആവേശിച്ച ഒരു തെരെഞ്ഞെടുപ്പ് ലോകത്തെവിടെയെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്തോ? വിജയവും അധികാരവുമാണ് നിർണ്ണയകം. മാർഗം ലക്ഷ്യത്തെ സാധൂകരിക്കും എന്ന് നാഴികയ്ക്ക് നാൽപ്പതുവട്ടം ഉരുവിട്ടുകൊണ്ടിരിക്കുന്ന ഒരു സംവിധാനത്തിൽ പിഴച്ച മാർഗങ്ങളുമായി ജയിക്കാൻ പുറപ്പെടുന്ന സംഘങ്ങളുടെ പ്രാഥമിക ലക്ഷ്യം - അവയുടെ കൊടിയുടെ നിറം എന്തായാലും - എങ്ങനെ ധാർമ്മികമായി അവശേഷിക്കുമെന്നാണ്?
കണ്ണാടിയ്ക്കു മുന്നിൽ മറ്റൊരു കണ്ണാടി പിടിക്കും പോലെയൊരു പരിപാടിയാണിത്. ന്യായത്തിനും ധർമ്മത്തിനും പകരം അവയിൽ പ്രതിഫലിച്ചു കാണുന്ന അന്യായവും അധർമ്മവും, സ്വന്തം മുഖം മിനുക്കാൻ സഹായിക്കുന്ന തരം സംഗതിയായി മാറ്റിക്കൊണ്ടിരിക്കുന്നു നമ്മുടെ രീതികൾ. അതായത് എന്റെ കുറവ് ഒരു കുറവല്ല, നീ അപരന്റെ മുഖം കണ്ടില്ലേ എന്ന ആപേക്ഷികതകൊണ്ട് നീതിയുടെ വായടക്കാം. എല്ലാവരും കാണ്ടാമൃഗമാവാൻ വെമ്പുന്ന സമൂഹത്തിൽ ഒരാൾക്കു മാത്രമായി - ഒരു കൂട്ടത്തിനു മാത്രമായി - മനുഷ്യനായിരിക്കുക സാധ്യമാണോ എന്നു ചോദിക്കാം. തെരെഞ്ഞെടുപ്പുകളുടെ കടമ്പ കടന്നു കയറാൻ കക്ഷി രാഷ്ട്രീയം പയറ്റാത്ത അടവുകളൊന്നുമില്ല. നാളുക്ക് നാളുക്ക് അവയുടെ എണ്ണവും സങ്കീർണ്ണതയും കൂടി വരുന്നു. സമ്പത്തിന്റെ പിൻബലത്തിലോ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലോ ഒരാൾ സ്ഥാനാർത്ഥിയാവുന്നതുപോലെ പ്രാധാന്യമുള്ളതും എന്നാൽ അത്ര ശ്രദ്ധ അർഹിക്കാത്തതുമായ ഒരു പ്രവണതയാണ് അപരനെ നിർത്തി എതിരാളിയുടെ വോട്ട് വിഭജിക്കുക എന്നത്. സർവസമ്മതനായ വ്യക്തികളിൽ പാർട്ടികൾ കൂടുതൽ ശ്രദ്ധയൂന്നിയിരുന്ന മുൻ കാലങ്ങളിൽ അപരന്മാർ ഒരു പക്ഷേ അത്ര ഭീകരന്മാരായിരുന്നിരിക്കില്ല. അതല്ല ഇപ്പോഴത്തെ സ്ഥിതി. പ്രതിഫലങ്ങൾ കൂടുതൽ പ്രലോഭനപരമാണ്. വ്യക്തിമഹത്വം കാലഹരണപ്പെടുകയും തെരെഞ്ഞെടുപ്പുകളിൽ മറ്റു താത്പര്യങ്ങൾ അകത്തു നിന്നും പുറത്തുനിന്നും പലതരത്തിൽ കടന്നുകയറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. വരും നാളുകൾ സുകരമായിരിക്കില്ല. അതനുസരിച്ച് അപരന്മാരെ മുൻ നിർത്തിയുള്ള യുദ്ധതന്ത്രത്തിനു പ്രാധാന്യം കൂടും. 2009 ലെ ലോകസഭാമത്സരത്തിൽ തിരുവനന്തപുരത്ത് മൂന്നു ശശിമാരുണ്ടായിരുന്നു. കോൺഗ്രസ്സിന്റെ ശശി തരൂരിനു പുറമേ ശശി കളപ്പുരയ്ക്കലും ശശി ജാനകിസദനും. രണ്ടും സ്വതന്ത്രന്മാർ. രണ്ടാളും കൂടി പ്രബുദ്ധമായ 2080 വോട്ടു നേടിയെടുത്തു. വടകരയിൽ സി പി എമിന്റെ സതീദേവിയെ പറ്റിക്കാൻ സ്വതന്ത്രരായ മറ്റു രണ്ടു സതീദേവിമാർ. ഹുസ്സൈൻ രണ്ടത്താണിയും ഇ ടി മുഹമ്മദ് ബഷീറും കൂടി മത്സരിച്ച പൊന്നാനിയിൽ ഹുസൈന്മാരുടെ എട്ടുകളിയായിരുന്നു. രണ്ടത്താണി ഉൾപ്പടെ ആകെ മൊത്തം 6 ഹുസ്സൈന്മാർ. കോഴിക്കോട് സി പി എം സ്ഥാനാർത്ഥി പി എ മുഹമ്മദ് റിയാസ് തോറ്റത് 838 വോട്ടിന്. അവിടെ റിയാസ്, പി എ മുഹമ്മദ് റിയാസ്, പി മുഹമ്മദ് റിയാസ്, പിന്നൊരു മുഹ്ഹമദ് എന്നിങ്ങനെ അപരന്മാരുടെ ജാഥയായിരുന്നു. അപര റിയാസുകളെല്ലാരും കൂടി വാരിക്കൂട്ടിയ വോട്ട് 4843. ആരായിരുന്നു അപ്പോൾ കോഴിക്കോട് ജയിക്കേണ്ടിയിരുന്നത്?
2004 ലെ തെരെഞ്ഞെടുപ്പിൽ ആലപ്പുഴയിൽ മത്സരിച്ചു തോറ്റ വി എം സുധീരനു കുറവുണ്ടായിരുന്നത് 1009 വോട്ടുകളാണ്. അപരൻ വി എസ് സുധീരനു കിട്ടിയത് 8282 വോട്ടുകൾ! പലപ്പോഴും അപരനായ സ്വതന്ത്രനെക്കുറിച്ച് ഒരറിവും ഉള്ള ആളായിരിക്കില്ല സാധാരണ വോട്ടർമാർ. ആകെ കേട്ട രണ്ടോ മൂന്നോ സ്ഥാനാർത്ഥിയുടെ പേരുമായി വോട്ടിംഗ് കമ്പാർട്ടുമെന്റിൽ ചെന്നു നിൽക്കുന്ന പാവത്തിനെ തുറിച്ചു നോക്കുന്നത് നിരവധി സ്ഥാനാർത്ഥികളും കണ്ടും കേട്ടും പരിചയമില്ലാത്ത ചിഹ്നങ്ങളുമാണ്. 2009 -ൽ ലോകസഭയിലേയ്ക്ക് തിരുവനന്തപുരത്തു നിന്നും മത്സരിച്ച അജിത് കുമാർ കെ എന്ന സ്ഥാനാർത്ഥിയുടെ ചിഹ്നം എത്തും പിടിയും തരാത്ത ഒന്നായിരുന്നു. സ്ഥാനാർത്ഥിപ്പട്ടികയും ചിഹ്നങ്ങളും പോളിംഗ് ബൂത്തിനു മുന്നിൽ എഴുതി പ്രദർശിപ്പിക്കേണ്ട പോളിങ് ഉദ്യോഗസ്ഥർ ബാലറ്റു പേപ്പറിലെ ചിഹ്നം കണ്ടു പകച്ചു. ഇതെന്താണ് സാധനം? പിന്നീട് സെക്ടറൽ ഉദ്യോഗസ്ഥർ വന്നാണ് ചിഹ്നം എന്താണെന്ന് വിശദീകരിക്കുന്ന ഫോട്ടോസ്റ്റാറ്റ് പേപ്പറുകൾ വിതരണം ചെയ്തത്. അത് ‘പൂക്കളും പുല്ലും’ എന്ന അത്യപൂർവവും വിശിഷ്ടവുമായ ചിഹ്നമായിരുന്നു. ഉദ്യോഗസ്ഥരുടെ തന്നെ കാര്യം ഇങ്ങനെ. അപ്പോൾ ഏതാനും മിനുട്ടുകൾ പോളിംഗ് ബൂത്തിനകത്ത് ചെലവഴിക്കാൻ കിട്ടുന്ന സാധാരണ മനുഷ്യരുടെ കാര്യം എന്താണ്? മൊബൈൽ ഫോണിന്റെയും ക്രിക്കറ്റു ബാറ്റിന്റെയും യഥാതഥമായ വലിപ്പചെറുപ്പങ്ങൾ ബാലറ്റു പേപ്പറിനോ വോട്ടിംഗ് യന്ത്രത്തിലെ സ്റ്റിക്കറിനോ ബാധകമല്ല. കണ്ടാൽ എല്ലാം ഒരു പോലെയിരിക്കും. ഓന്തും ദിനോസോറും ചീങ്കണ്ണിയും തവളയും തുല്യ വലിപ്പത്തിൽ വന്നു നിന്നു ചിരിക്കും. 1980 ലെ ലോകസഭാ തെരെഞ്ഞെടുപ്പിൽ മാണിവിഭാഗത്തിന്റെ സ്ഥാനാർത്ഥി ജോർജ്ജ് ജെ മാത്യുവിന്റെ കുതിര ചിഹ്നത്തിനു പാരയായത് അപരനായ സ്വതന്ത്രസ്ഥാനാർത്ഥി എൻ വി ജോർജ്ജിന്റെ ഒട്ടകമായിരുന്നത്രേ. 11859 വോട്ട് സ്വതന്ത്രനായ ഒട്ടകം വിഴുങ്ങിയപ്പോൾ സിറ്റിംഗ് എം പിയായിരുന്ന ജോർജ്ജ് മാത്യുവിന്റെ കുതിര തോറ്റു, 4330 വോട്ടിന്. ആസൂത്രിതമായ നീക്കങ്ങൾ വീഴ്ത്തിയ യുദ്ധതന്ത്രങ്ങളാണ് ഈ സ്വതന്ത്രരുടെ സ്ഥാനാർത്ഥിത്വത്തിലും അവരുടെ ചിഹ്നങ്ങളുടെ തെരെഞ്ഞെടുപ്പിലുമുണ്ടായിരുന്നത് എന്നു പറയപ്പെടുന്നു. ജോർജ്ജിനെ തറപറ്റിച്ച ബുദ്ധി ടി എം ജേക്കബിന്റേതായിരുന്നെങ്കിൽ വി എം സുധീരന്റെ കാര്യത്തിൽ കരുക്കൾ നീക്കിയത് എം എ ബേബിയായിരുന്നെന്ന് മലയാള മനോരമ ഊഹം പറയുന്നു.
2011ലെ നിയമസഭാ തെരെഞ്ഞെടുപ്പിലും ഒട്ടും കുറവല്ല അപരന്മാരുടെ എണ്ണം. സമാനമായ പേരുള്ള എതിരാളികൾ മുഖാമുഖം നിൽക്കുന്നത് കൌതുകകരമാണ്, പാലായിൽ കെ എം മാണിയും മാണി സി കാപ്പനും, പത്തനം തിട്ടയിൽ വിക്ടർ ടി തോമസും മാത്യൂ ടി തോമസും. അതല്ല അപരന്മാരുടെ കാര്യത്തിൽ സ്ഥിതി. 60 ൽ അധികം സ്ഥലങ്ങളിൽ ഇരു മുന്നണികളും ( ബി ജെ പി വോട്ടു ബാങ്ക് ഇതുവരെ തുറക്കാത്തതുകൊണ്ടാവും ഒരിടത്തും അപരന്മാരില്ല) മത്സരിച്ച് ഒരേ പേരുകാരെ നിർത്തിയിട്ടുണ്ട്. പേരിലെ സാമ്യം മാത്രമല്ല, ഇനിഷ്യലുൾപ്പടെ ഒരേ പേരുള്ളവർ അവരിൽ തീരെ കുറവല്ല. കൂത്തുപറമ്പിലെ കെ പി മോഹനന്റെ എതിരാളി സ്വതന്ത്രൻ കെ പി മോഹനൻ. അഴീക്കോടിൽ മുസ്ലീം ലീഗിലെ കെ എം ഷാജിയ്ക്ക് മറ്റൊരു കെ എം ഷാജിയാണ് അപരൻ. പേരാവൂരിൽ കോൺഗ്രസ്സും സ്വതന്ത്രനുമായി രണ്ടു സണ്ണി ജോസഫുമാർ. കൊയിലാണ്ടിയിൽ കെ പി അനിൽകുമാർമാർ രണ്ട്. ഒർജിനൽ അനില് കോൺഗ്രസ്സ്. ഒറ്റപ്പാലത്ത് എം ഹംസമാർ രണ്ട്. (യഥാർത്ഥ ഹംസ, സി പി എം) അവിടെ തന്നെ ഒരു എൻ ഹംസയുമുണ്ട്. ചിറ്റൂര് കെ അച്യുതന്മാർ രണ്ട്. ഗുരുവായൂരിൽ കെ വി അബ്ദുൾഖാദർ രണ്ട്, കോതമഗലത്ത് സ്കറിയ തോമസ് രണ്ട്.
അപരന്മാർക്ക് രാഷ്ട്രീയയുദ്ധത്തിൽ മറയാവുന്ന ദൌത്യമേയുള്ളൂ. അതു കഴിഞ്ഞാൽ ആരെങ്കിലും അവരെ ഓർമ്മിക്കുമോ? പാടു കിടന്നാൽ പോലും കിട്ടുന്നതല്ല ജയിക്കുന്ന ഒരു കക്ഷിയുടെ കൊള്ളാവുന്ന സ്ഥാനാർത്ഥിത്വം. എന്തെല്ലാം കടമ്പകൾ. എന്നാൽ പ്രസിദ്ധനായ ഒരു സ്ഥാനാർത്ഥിയ്ക്ക് തുല്യമായ പേരുണ്ടായാൽ സ്ഥാനാർത്ഥിത്വവും ചെല്ലും ചെലവും വീട്ടിലന്വേഷിച്ചു വരും. തൊടുപുഴയിലൊരു പി ജെ ജോസഫ്, സ്വതന്ത്രൻ യഥാർത്ഥ ജോസഫിനായി പിന്മാറിക്കൊടുത്തതു പോലെ പിന്നീട് പിന്മാറാം. അല്ലെങ്കിൽ വോട്ടു ചിതറിച്ച് സ്ഥാനാർത്ഥിയെ തോൽപ്പിച്ചു കൊടുത്ത് അവതാരലക്ഷ്യം നിറവേറ്റാം. ചുമ്മാ നിന്ന് തന്നെ അറിഞ്ഞുകൂടാത്തവരെല്ലാം കൂടി തന്ന വോട്ടു കണ്ട് സൈക്കിളിൽ നിന്നു വീണ ചിരി ചിരിക്കാം. പക്ഷേ മാറി നിന്ന് ആലോചിച്ചാൽ തെരെഞ്ഞെടുപ്പുകളിലെ നെറികേടും ചതിയും ഈ മറപിടിച്ചുള്ള ഒറ്റ് പയറ്റുകളിലുമുണ്ട്. എന്നാലും ആകെ നനഞ്ഞവർക്ക് മഞ്ഞു കൊണ്ട് കുളിരുമെന്ന് വിചാരിക്കാമോ ?
ചിത്രം : www.newshopper.sulekha.com