March 16, 2017

പാഠം പ്രക്രിയ പഠനനേട്ടം

പാഠപുസ്തകമെന്നാൽ മികച്ച എഴുത്തുകാരുടെ ഏറ്റവും മികച്ച രചനകളുടെ സമാഹാരമാണ് എന്നു വിശ്വസിക്കുന്നവർ ഇപ്പോഴുമുണ്ട്. അദ്ധ്യാപക പരിശീലനങ്ങളിൽ പലപ്പോഴും ഒരു പ്രത്യേക പാഠത്തെപ്പറ്റിയുള്ള അതുവരെ ലഭ്യമായ മുഴുവൻ വിവരങ്ങളും നൽകാത്തതിന്റെ പേരിൽ നിരാശരാവുന്ന അധ്യാപകരുണ്ട്. ക്ലാസ് മുറികളിൽ പാഠങ്ങൾ വിനിമയം ചെയ്യുമ്പോൾ കുട്ടികൾക്ക് ആ പാഠത്തെപ്പറ്റിയുള്ള സകല റെഫറൻസുകളും നൽകിക്കൊണ്ട് അറിവിന്റെ കേന്ദ്രമാകാൻ അദ്ധ്യാപകർക്കു അപ്പോഴല്ലേ കഴിയുക എന്നൊരു സംശയം തോന്നാം.  ക്ലാസ് മുറികളിൽ വിദ്യാർത്ഥികളുടെ മുന്നിൽ വിനിമയം ചെയ്യുന്ന ഭാഗങ്ങളെപ്പറ്റി യാതൊരു സംശയവും കൂടാതെ സർവജ്ഞാനിയായി വിരാജിക്കുന്ന  ഒരു അദ്ധ്യാപകനെ/അധ്യാപികയെ വിഭാവന ചെയ്യുക നല്ല കാര്യമാണെങ്കിലും ഫലത്തിലത് അധ്യാപക കേന്ദ്രിതമായ പാരമ്പര്യ ചട്ടക്കൂടിനെ ഉറപ്പിക്കുക മാത്രമാണ് ചെയ്യുന്നത് എന്നു മനസ്സിലാക്കുന്നതാണ് അഭികാമ്യം. സാംസ്കാരിക ഉത്പ്പന്നം എന്ന നിലക്ക് പാഠങ്ങൾക്ക് പല തലങ്ങൾ ഉണ്ടാവും. അവയ്ക്ക് സ്ഥിരമായ ഒരർഥമല്ല ഉള്ളത്.  പാഠ്യപദ്ധതികൾ ബോധനോദ്ദേശ്യത്തെയും പഠനനേട്ടത്തെയും ലക്ഷ്യമാക്കി കാലാകാലങ്ങളിൽ രൂപപ്പെടുത്തുന്നവയാണ്. ഒരു പാഠം എങ്ങനെ വിനിമയം ചെയ്യണമെന്ന് വിശദീകരിക്കുന്നതിനുമാത്രമാണ് പരിശീലനങ്ങൾ ഊന്നൽ നൽകുന്നത്. അതിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടതും അവ ലക്ഷ്യാധിഷ്ഠിതമായോ എന്നു വിലയിരുത്തേണ്ടതും അദ്ധ്യാപകരുടെ കടമയാണ്. അദ്ധ്യാപകന്റെ കൈയിലുള്ള വസ്തുതകളെല്ലാം നിറച്ചുവിടാനുള്ള ശൂന്യമായ ചാക്കായി കുട്ടിയെ  പരിണമിപ്പിക്കുന്നതിനു പകരം എന്താണ് വേണ്ടത്? ക്ലാസ് റൂം വിനിമയങ്ങൾ അദ്ധ്യാപക കേന്ദ്രിതമാകാതെ കുട്ടിയെ കേന്ദ്രീകരിക്കുന്നതാവണം. എങ്ങനെ? വിവിധതരം പ്രക്രിയകളിലൂടെ.

          ഒരു പാഠത്തിനെ തുടർന്ന് ധാരാളം ചോദ്യങ്ങളുണ്ടാവും. ആ പാഠം ഉൾപ്പെടുന്ന യൂണിറ്റിനെ ഒന്നായി പരിഗണിച്ചും ചോദ്യങ്ങളുണ്ട്. ചോദ്യങ്ങൾ, 2012 -ലെ പാഠ്യപദ്ധതിയനുസരിച്ച് പഠനനേട്ടമായി അതിരുകൾ ചുരുങ്ങി വേഷം മാറിയ, മുൻപ് ബോധനോദ്ദേശ്യങ്ങൾ എന്നു വിശാലമായ അർത്ഥത്തിൽ വിളിച്ചിരുന്ന ഉത്പന്നത്തെയാണ് ലക്ഷ്യമാക്കുന്നത്. പഠനനേട്ടങ്ങൾ എന്നു വിളിക്കുമ്പോൾ ഈ ലക്ഷ്യത്തിന് അളക്കാവുന്നതും നിരീക്ഷിക്കാവുന്നതുമായ രൂപം ഉണ്ടാവും. മുൻകൂട്ടി നിശ്ചയിച്ച കാലയളവിനുള്ളിൽ കുട്ടിക്ക് (പഠിതാവിന്) വെളിവാക്കാൻ കഴിയുന്ന അറിവും പ്രവൃത്തിയും എന്തെന്നോ എങ്ങനെയെന്നോ വ്യക്തമാക്കിയാൽ അതു പഠനനേട്ടമായി (ടൊറെന്റോ സർവകലാശാലയുടെ പഠനനേട്ടങ്ങൾക്കുള്ള ഉദാഹരണങ്ങൾ എന്ന പ്രബന്ധം നോക്കുക) ഒരു പക്ഷേ ക്ലാസിൽ കുട്ടികൾ സാമൂഹിക പ്രശ്നം വിശകലനം ചെയ്യുന്നുണ്ടാകും. കാവ്യഭാഷയെപ്പറ്റി സംവാദങ്ങൾ നടത്തുന്നുണ്ടാകും. ആ വിശകലനത്തിലൂടെയും ചർച്ചയിലൂടെയും വ്യക്തമായ വസ്തുതകൾ ഒരു കുറിപ്പാക്കിയാൽ അതിൽ ക്രമപ്പെടുത്തിവച്ച് ആശയങ്ങൾക്ക് എടുത്തു കാണിക്കാവുന്ന തെളിവായി. അതിലെ വാദഗതിക്ക് എത്ര മൂർച്ചയുണ്ടെന്നും എത്രമാത്രം യുക്തിസഹമാണെന്നും വിലയിരുത്താം. മറ്റൊരാളിന്റെ ചർച്ചാകുറിപ്പുമായി അതിനെ താരതമ്യം ചെയ്യുകയും ആവാം. അതുകൊണ്ടതിനെ നിരീക്ഷിക്കാവുന്നതും അളക്കാവുന്നതുമായ  പഠനനേട്ടം എന്നു വിളിക്കാം 

          പന്ത്രണ്ടാം തരത്തിൽ മലയാളം ഉപഭാഷയായി പഠിക്കുന്ന ഒരു കുട്ടി നാലു യൂണിറ്റുകളിലായി 17 മുഖ്യരചനകളിലൂടെ കടന്നു പോകുന്നുണ്ട്. പ്രവേശകമായും പാഠപ്രവർത്തനത്തിനുള്ള ഉപാദാനമായും പരിചയപ്പെടുന്നവ വേറെ. അവയിലൂടെ കുട്ടിക്കു നേടേണ്ടത് പലതരത്തിലുള്ള പഠനനേട്ടങ്ങളാണ്. അനുബന്ധരചനകളും പുറമേയുള്ള വായനയും അദ്ധ്യാപകനിൽനിന്നും വായനശാലകളിൽനിന്നും മറ്റു വ്യക്തികളിൽനിന്നും ഇന്റെർനെറ്റുപോലുള്ളിടങ്ങളിൽനിന്നും ലഭിക്കുന്ന വിവരങ്ങളും വസ്തുതകളും കുട്ടികളുടെ വിശകലന- വിമശനാത്മക ചിന്തകൾക്ക് വളമായി നിന്നുകൊണ്ട് അവരുടെ ഉത്പന്നങ്ങളെ അക്കാദമികമൂല്യമുള്ളതാക്കി മാറ്റുന്നു. അതിന്റെ ക്രമാനുഗതമായ വളർച്ചയെ നിരീക്ഷിക്കാനും മെച്ചപ്പെടുത്താനുമുള്ളതാണ് നിരന്തരവും സമഗ്രവുമായ മൂല്യനിർണ്ണയം. പാഠത്തിലെ ഉള്ളടക്കങ്ങൾ മനസിലാക്കിക്കൊണ്ടുള്ള ജ്ഞാനപരമായ (ആശയപരമായ) പഠനനേട്ടമാണ് ഇക്കൂട്ടത്തിൽ പ്രധാനമെങ്കിലും പ്രക്രിയകളിലൂടെ നേടുന്നവയും  സാമൂഹികവും വൈകാരികവുമായ ശേഷികളും പഠനനേട്ടമായി മാറുന്നുണ്ട്.  നിരന്തരമൂല്യനിർണ്ണയത്തിൽ ഇവയും പ്രധാനമാണ്. 

          പാഠഭാഗത്തിന്റെ ഉള്ളടക്കത്തിനൊപ്പം കുട്ടിക്കു ലഭിക്കുന്ന മനോഭാവങ്ങളും ശേഷികളും നൈപുണികളും പഠനപ്രക്രിയയിൽ പ്രധാനമാണ്. ചിന്താശേഷിയാണ് അവയിലൊന്ന്. ഓർമ്മിക്കുക എന്നത് സാധാരണ നിലയിൽ കീഴേത്തട്ടിൽ നിൽക്കുന്ന ചിന്താപ്രവർത്തനമാണ്. താരതമ്യം ചെയ്യുക, പഠിച്ചവ പുതിയ സന്ദർഭങ്ങളിൽ പ്രയോഗിക്കുക, വിശകലനം ചെയ്യുക, സൃഷ്ടിക്കുക തുടങ്ങിയവ താരതമ്യേന ഉയർന്ന ചിന്താശേഷികൾ ആവശ്യപ്പെടുന്ന പ്രക്രിയകളുമാണ്.
ചിന്താശേഷികളുടെയും അതിനനുസരിച്ചുള്ള പ്രവർത്തനങ്ങളുടെയും പട്ടിക
ഓർമ്മിക്കുന്നു
നിർവചിക്കുന്നു
പട്ടികപ്പെടുത്തുന്നു
മനസ്സിലാക്കുന്നു
തെരെഞ്ഞെടുക്കുന്നു വിവരിക്കുന്നു
ചർച്ച ചെയ്യുന്നു
പ്രയോഗിക്കുന്നു
വ്യാഖ്യാനിക്കുന്നു
നിർദ്ദേശിക്കുന്നു
ചിത്രീകരിക്കുന്നു
അപഗ്രഥിക്കുന്നു
ആസ്വാദനം തയാറാക്കുന്നു
താരതമ്യം ചെയ്യുന്നു
വിമർശിക്കുന്നു
വിലയിരുത്തുന്നു
വാദിക്കുന്നു
പ്രതിരോധിക്കുന്നു
തീർപ്പുകല്പിക്കുന്നു
സൃഷ്ടിക്കുന്നു
ആസൂത്രണം ചെയ്യുന്നു കൂട്ടിയിണക്കുന്നു
വികസിപ്പിക്കുന്നു
നിർമ്മിക്കുന്നു


          ഓരോ ഘട്ടത്തിനുമനുസരിച്ചുള്ള ചിന്താശേഷികൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള ക്രമാനുഗതമായ പ്രവർത്തനങ്ങളാണ് ഒരു പാഠപുസ്തകത്തിന്റെ മൂല്യത്തെയും സ്വഭാവത്തെയും നിർണ്ണയിക്കുന്നത്. ഒപ്പം കുട്ടിയിൽ വളർന്നു വരേണ്ട മനോഭാവങ്ങൾക്കും ക്ലാസ് റൂം പ്രവർത്തനം ദിശാമാർഗം നൽകുന്നുണ്ട്. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യം, പാർശ്വവത്കൃതരായ ജനങ്ങളോടും അവശരോടുമുള്ള സമീപനം, വർഗ - ലിംഗ സമത്വത്തെപ്പറ്റിയുള്ള ധാരണകൾ, യുക്തിബോധവും ശാസ്ത്രീയ വീക്ഷണവും വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയുള്ള അനേകം ധാരണകളും ശേഷികളും കുട്ടികൾ ക്ലാസ് റൂം പ്രവർത്തനങ്ങളിലൂടെയാണ് കുട്ടിയുടെ മനസ്സിൽ പതിയേണ്ടത്. പാഠങ്ങളല്ല, അവയെ ഉപയോഗിച്ചുകൊണ്ട് എന്തു ചെയ്യണമെന്ന നിർദ്ദേശങ്ങൾ അതുകൊണ്ടാണ് ആ രചനകളെക്കാൾ പ്രധാനമാണെന്നു പറയുന്നത്. കുട്ടികളുടെ വളർച്ചാഘട്ടത്തെ ശരിയായി നിർണ്ണയിച്ച്, അവർക്ക് നിശ്ചിതശേഷി കൈവരിക്കാൻ പര്യാപ്തമായ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിക്കുക എന്നതാണ് സത്യത്തിൽ ഒരു പാഠപുസ്തകവിനിമയം നേരിടുന്ന യഥാർത്ഥ വെല്ലുവിളി.

          അതോടൊപ്പം സംഭവിക്കുന്ന മറ്റൊരു കാര്യം മൂല്യങ്ങളുടെ വിനിമയമാണ്. മൂല്യങ്ങൾ പലപ്പോഴും അപകടകരമായ ഒരു സങ്കല്പമാണ്. വ്യക്തിമൂല്യങ്ങളും മതപരമായ മൂല്യങ്ങളും സാമൂഹിക മൂല്യങ്ങളും ഉണ്ടല്ലോ. പലപ്പോഴും അവ തമ്മിൽ പൊരുത്തപ്പെടാതെ സംഘർഷങ്ങളിൽ ഏർപ്പെടുകയും ചെയ്യും. ആൺകുട്ടിയും പെൺകുട്ടിയും ഒന്നിച്ചിരിക്കാൻ പാടില്ലെന്നും പരസ്പരം സംസാരിക്കാൻ പാടില്ലെന്നും അനുശാസിക്കുന്നതും ഒരു തരം മൂല്യബോധത്തിന്റെ ഭാഗമാണ്. ലിംഗ വിവേചനം, സമത്വം തുടങ്ങിയ ഉയർന്ന മൂല്യങ്ങൾക്ക് എതിരാണ് അത്തരം പ്രായോഗിക മൂല്യങ്ങൾ. പഠിക്കാത്തതിനു ശാരീരിക ശിക്ഷ നൽകുന്നതും കുട്ടികളിലെ സ്വഭാവ വ്യതിയാനങ്ങൾക്ക് തടയിടുക എന്ന ഉദ്ദേശ്യത്തോടെ അവരുടെ ബാഗുകൾ പരിശോധിക്കുന്നതും ഒരു തരത്തിൽ മൂല്യബോധത്തിന്റെ പ്രകടനം തന്നെയാണ്. കുട്ടികളുടെ സ്വഭാവത്തെ രൂപീകരിക്കുന്നതിൽ (വർത്തന വ്യതിയാനം) അധ്യാപകർക്കുള്ള പ്രസക്തിയും പ്രാധാന്യവും കണക്കിലെടുത്താണ് ഈ ശിക്ഷാവിധികളേറെയും നടപ്പായിട്ടുള്ളത്.  നമ്മുടെ ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളിൽ സമത്വവും, സ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും വിദ്യാഭ്യാസത്തിനുള്ള അവകാശവും ഉൾപ്പെടുന്നു. അവയ്ക്കനുസൃതമായ ആശയങ്ങളിലൂടെ കുട്ടികളിൽ വളർന്നുവരേണ്ട മനോഭവങ്ങളെപ്പറ്റിയാണ് ക്ലാസ് മുറികൾ  ആകുലപ്പെടേണ്ടത്. പ്രത്യക്ഷത്തിൽ പ്രതിലോമകരം എന്നു തോന്നുന്ന പാഠങ്ങളിലെ ആശയങ്ങൾപോലും സ്വന്തം വിവേചനശക്തി ഉപയോഗിച്ചുകൊണ്ട് കാലോചിതമായി വിശകലനം ചെയ്തുകൊണ്ട്, കുട്ടികൾക്ക് യുക്തമായ തീരുമാനത്തിലെത്താൻ പറ്റുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിൽ അവരെ പങ്കാളിയാക്കണം. അനുഭവപരിസരങ്ങളെക്കുറിച്ചുള്ള ബോധ്യവും കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളും ഉൾക്കൊണ്ടുകൊണ്ടു മാത്രമെ മൂല്യബോധത്തെപ്പറ്റി ഉറക്കെ സംസാരിക്കാനാവുകയുള്ളൂ എന്നു ചുരുക്കം.

   സഹനം സാധാരണ കുട്ടികൾ പരിശീലിക്കേണ്ട മൂല്യമായിട്ടാണ് നാം കണക്കാക്കി വരുന്നത്. ആറ്റൂരിന്റെ സംക്രമണം എന്ന കവിതയുടെ ആദ്യഭാഗത്ത്, കുറ്റിച്ചൂലും നാറത്തേപ്പുമൊക്കെയായി മാറുന്ന സ്ത്രീയെ ചൂണ്ടി,  സഹനം എന്ന മൂല്യത്തെപ്പറ്റി ബോധമുണ്ടാക്കുന്നതരം പ്രവർത്തനം അദ്ധ്യാപിക വിഭാവനം ചെയ്യുന്നത് കടന്ന കൈയായിരിക്കും. പുസ്തകം തിന്നുന്നവൻ പുസ്തകപ്പുഴുവാകാം, പക്ഷേ മണ്ണു തിന്നുന്നവൻ ഞാഞ്ഞൂലായി തീരുന്നു (എം എൻ വിജയൻ, കാവ്യകലയെപ്പറ്റി ചില നിരീക്ഷണങ്ങൾ, പ്ലസ് വൺ മലയാളം) എന്ന വാക്യത്തെ പുസ്തകവായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന ഒരു പ്രവർത്തനത്തിന്റെ ഉപാധിയായി സ്വീകരിച്ചാൽ വിപരീത ഫലമായിരിക്കും ഉണ്ടാവുക എന്നു വ്യക്തമാണല്ലോ.  

          മുൻ വർഷങ്ങളിൽ ആറാം ക്ലാസിൽ കുട്ടികൾ പഠിച്ച ഹൈദരാലിയുടെ മഞ്ജുതരത്തിലെ ഒരു ഭാഗം തന്നെയാണ് ഇപ്പോൾ പന്ത്രണ്ടാം ക്ലാസിലും കുട്ടി പഠിക്കുന്നത് (പദത്തിന്റെ പഥത്തിൽ) . പത്താം ക്ലാസിലെ വിശ്വരൂപം എന്ന കഥയിൽ തിരിച്ചറിഞ്ഞ ലളിതാംബിക അന്തർജ്ജനത്തിന്റെ എഴുത്തുശൈലിയിലേക്കുതന്നെയാണ് പതിനൊന്നാം ക്ലാസിൽ ലാത്തിയും വെടിയുണ്ടയും എന്ന നോവൽഭാഗം പഠിച്ചുകൊണ്ട് കുട്ടി എത്തിച്ചേരുന്നത്. എന്നാൽ പാഠങ്ങളാകുന്നതോടെ രചനാഭാഗങ്ങൾ വായനാനുഭവം എന്ന നിലവിട്ട് അനുഭവത്തിന്റെ ഭാഗമായി മാറുന്നു. ആറാം ക്ലാസിലെ കുട്ടിയുടെ അനുഭവത്തിന്റെ തലമല്ല, പന്ത്രണ്ടാം ക്ലാസിലെ കുട്ടിക്ക് എന്നുള്ളതിനാൽ അവന്റെ/അവളുടെ ചിന്താപ്രക്രിയയ്ക്ക് കൂടുതൽ പ്രചോദനം ആവശ്യമാണ്. ഹൈദരാലിയെ ബകവധം പഠിപ്പിച്ച അദ്ധ്യാപകന്റെ പേരു പറയാൻ കഴിയുമോ എന്നു പരിശോധിക്കുന്നതിലൂടെ ആറാം ക്ലാസിലെ കുട്ടിയുടെ മനസിലാക്കൽ (ധാരണ) എന്ന പ്രക്രിയയുടെ പ്രാഥമിക പരിശോധന നിർവഹിക്കാൻ പറ്റുമെങ്കിൽ, ക്ലാസിൽ കുട്ടികൾ ആദ്യമൊക്കെ തന്നിൽനിന്ന് അകന്നിരുന്നിരുന്നു എന്ന ഹൈദരാലിയുടെ പ്രസ്താവനയുടെ സാമൂഹികമായ വിവക്ഷകൾ അപഗ്രഥിക്കുന്നതരം ഉയർന്ന പ്രവർത്തനങ്ങളിലൂടെയാണ് പന്ത്രണ്ടാംതരത്തിലെ കുട്ടി കടന്നുപോകുന്നത്. അതോടൊപ്പം കലാമണ്ഡലം എന്ന സ്ഥാപനം മതനിരപേക്ഷമാകുന്നതിന്റെ ചരിത്രവും അതിനു പിന്നിലെ സാമൂഹികശക്തികളും അതിന്റെ ഫലങ്ങളുമെല്ലാം പന്ത്രണ്ടാം തരത്തിലെ ക്ലാസ് റൂം വിനിമയത്തിൽ പ്രധാനമാവും.
          മറ്റൊരു ഉദാഹരണത്തിലൂടെ ഈ കാര്യം കുറച്ചുകൂടി വ്യക്തമാക്കാം. പ്ലസ് ടുവിലെ മാധ്യമം എന്ന യൂണിറ്റിലെ നവമാധ്യമങ്ങൾ ശക്തിയും സാധ്യതയും എന്ന വി കെ ആദർശിന്റെ ലേഖനം നോക്കുക. നവമാധ്യമങ്ങളുടെ പ്രത്യേകതകൾ വിവരിക്കുന്ന ആ ലേഖനം, പരമ്പരാഗതമായ മാധ്യമങ്ങളിലല്ല, ബ്ലോഗായിട്ടാണ് പ്രസിദ്ധീകരിച്ചതെന്ന ഒരു പ്രത്യേകതയുണ്ട്. അതിലെ പ്രതിപാദ്യത്തെ ആശയഭൂപടമാക്കിയാൽ നമുക്കു കിട്ടുന്ന പോയിന്റുകൾ ഇവയായിരിക്കും.
1. പരമ്പരാഗതമാധ്യമങ്ങളിൽനിന്നും നവമാധ്യമങ്ങൾക്കു് വ്യത്യാസമുണ്ട്
2. നവമാധ്യമങ്ങൾ എന്ന പേരിനേക്കാൾ സാമൂഹികസമ്പർക്ക മാധ്യമങ്ങൾ എന്ന പേരാണ് ഉചിതം
3, മൊബൈൽ ഇന്റെർനെറ്റിന്റെ വ്യാപനവും സ്മാർട്ട് ഫോണുകളുടെ പ്രചാരവുമാണ് നവമാധ്യമങ്ങളുടെ സാർവത്രികതയ്ക്കു കാരണം
4. കാലതാമസമില്ലാത്ത വിവരലഭ്യത,
ഉടൻ പ്രതികരണത്തിനുള്ള സൗകര്യം,
പത്രാധിപരുടെ മേൽനോട്ടമില്ലായ്മ,
പങ്കുവയ്ക്കുന്ന വിവരങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരം,
സമാനമനസ്കരെ കണ്ടെത്താനും ഒന്നിക്കാനുമുള്ള സാഹചര്യം,
ജനാധിപത്യവേദികൾ എന്ന നിലക്ക് കൈവന്ന പ്രാധാന്യം
- തുടങ്ങിയവയാണ് സാമൂഹികസമ്പർക്ക മാധ്യമങ്ങളെ വ്യത്യസ്തമാക്കുന്നത്.
5. ഇന്റെർനെറ്റിന്റെ വ്യാപനം മലയാളം ഉൾപ്പടെയുള്ള പ്രാദേശികഭാഷകളെ തളർത്തുകയല്ല, വളർത്തുകയാണ് ചെയ്തത്
6. നവമാധ്യമങ്ങൾ നൽകുന്ന എണ്ണമറ്റ സൗകര്യങ്ങളും സാധ്യതകളും പരിഗണിക്കുമ്പോൾ ദുരുപയോഗത്തിനുള്ള സാഹചര്യത്തെ അവഗണിക്കാവുന്നതേയുള്ളൂ.

          ഈ ആശയങ്ങളിൽനിന്ന് കുട്ടികൾ എത്തിച്ചേരേണ്ട മേഖലകൾ ഏതു വേണമെന്ന് അദ്ധ്യാപികയ്ക്കു തീരുമാനിക്കാവുന്നതാണ്. ഏത് ആശയത്തെയും വിശദമായി പരിശോധിച്ച് പഠനനേട്ടങ്ങൾക്ക് അനുസൃതമായി ക്ലാസ് റൂം പ്രവർത്തനങ്ങൾ ഒരുക്കാവുന്നതാണ്. ഇന്റെർനെറ്റ് ദുരുപയോഗത്തിനു സാധ്യതയുള്ളതാണെന്ന പരാമർശം നോക്കുക. മുതിർന്ന തലമുറയുടെ അഭിപ്രായഗതിക്കൊപ്പം പോകുന്ന ഒരു സങ്കല്പമാണത്. അതു മാത്രം കുട്ടികളിൽ ശക്തിയായി പതിയണമെന്നുറച്ച്, ഒരു അദ്ധ്യാപികയ്ക്ക് ലേഖനത്തിലെ മറ്റു ഭാഗങ്ങളെ അവഗണിച്ചുകൊണ്ട് ഇന്റെർനെറ്റുകളുടെ ദൂഷ്യവശംമാത്രം കുട്ടികളുടെ മനസ്സിൽ പതിയക്കത്തവിധത്തിൽ ഒരു പത്രവാർത്തയും വിദഗ്ധരുടെ അഭിപ്രായവും കൂട്ടിച്ചേർത്ത് മൂന്നോ നാലോ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാം. പകരം, വിക്കി പീഡിയ വിക്കി സോഴ്സ്, ഓളം ഓൺ ലൈൻ നിഘണ്ടു എന്നിവ പരിചയപ്പെടുത്തിക്കൊണ്ട് മലയാള പഠനത്തിന് ഇവയെ എങ്ങനെ ഉപയോഗിക്കാം എന്ന് കൂട്ടായി ചിന്തിക്കുന്ന തരത്തിലും അവയ്ക്ക് കുട്ടികൾ സംഭാവന നൽകുന്നതരത്തിലും ഘട്ടം ഘട്ടമായി, മലയാളം ടൈപ്പിങ് ടൂളുകൾ, മലയാളം ടൈപ്പിങ്, പഴയ പുസ്തകങ്ങൾ തേടി പിടിക്കൽ, അവയുടെ സ്കാനിങ്, വിക്കി സോഴ്സിലേക്ക് അവയുടെ അപ് ലോഡിങ്, സ്കൂൾ സമയം കഴിഞ്ഞും മറ്റ് അവധികൾക്കും കൂട്ടായി അവ ടൈപ്പു ചെയ്യൽ, അങ്ങനെ സ്കൂളിന്റെ വകയായി പകർപ്പവകാശം കഴിഞ്ഞ ഒരു മലയാള പുസ്തകം ലോകത്തിന്റെ ഏതു കോണിൽ ഇരിക്കുന്ന ആളിനും ലഭിക്കത്തക്കവിധത്തിൽ വിക്കി (ഓൺ ലൈൻ) വായനശാലയിൽ' ചേർക്കുന്ന സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനത്തിൽ അവരെ പങ്കാളിയാക്കുകയും ചെയ്യാം.
          ഇതേ പാഠത്തിന്റെ ഒരു പ്രവർത്തനമായി 'ഇന്റെർനെറ്റ് ദുരുപയോഗം കുട്ടികൾക്കിടയിൽ' എന്ന വിഷയത്തിൽ ഒരു സർവേ നടത്തി അതിന്റെ ഫലം സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കാൻ നൽകിയിട്ടുണ്ട്. ക്ലാസ് റൂമിൽ മൾട്ടി മീഡിയ ഉപയോഗിച്ചുകൊണ്ട് ഗൂഗിൾ ഫോം എന്ന ആപ്ലിക്കേഷൻ പരിചയപ്പെടുത്തിയാൽ ഒരു സർവേ ഫോം തയാറാക്കുന്നതിനു മാത്രമല്ല. ഫലങ്ങൾ അപഗ്രഥിക്കാനും അതിനെ ഒരു റിപ്പോർട്ടാക്കാനും കാലതാമസമില്ലാതെ കുട്ടികൾക്കു കഴിയും. ഇനി അവരുടെ ഉന്നതപഠനവുമായി ബന്ധപ്പെട്ട അനേകം സർവേകൾ നടത്തുന്നതിനും വിവരങ്ങൾ അപഗ്രഥിക്കുന്നതിനും അത് മാർഗദർശകമാവുകയും ചെയ്യും. നവമാധ്യമങ്ങളുടെ സാധ്യത ജീവിതസന്ദർഭങ്ങളിൽ ഗുണപരമായി പ്രയോജനപ്പെടുത്തുന്നു എന്ന പഠനനേട്ടത്തിന് യോജിച്ച പ്രവർത്തനമായി അതു മാറുകയും ചെയ്യും.

രണ്ടു കാര്യങ്ങൾക്ക് ഊന്നൽ നൽകാനാണ് ഇത്രയും എഴുതിയത്.
1. ഒരു പുസ്തകത്തെ പാഠപുസ്തകമാക്കുന്നത് അതിലെ രചനകളല്ല, ബോധനോദ്ദേശ്യങ്ങൾ പഠനനേട്ടങ്ങളാക്കാനുദ്ദേശിച്ച് എഴുതിച്ചേർക്കുന്ന പ്രവർത്തനങ്ങളാണ്.
2. രചനയെപ്പറ്റിയുള്ള പരമാവധി വിവരങ്ങൾ സമാഹരിച്ചല്ല ക്ലാസ് മുറികൾ സമ്പന്നമാകുന്നത് പകരം പുതുമയുള്ളതും രസകരമായതും പഠനത്തെ ഉത്തേജിപ്പിക്കുന്നതും മുഴുവൻ കുട്ടികളുടെയും പങ്കാളിത്തത്തെ ഉറപ്പാക്കുന്നതും ഉയർന്ന ചിന്താശേഷി കൈവരിക്കാവുന്നതുമായ പഠനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തുകൊണ്ടാണ്.

വെളുപ്പെങ്ങനെ ചുവപ്പായി ?തിരുവഞ്ചൂർ രാധാകൃഷ്ണൻ ചലച്ചിത്രപുരസ്കാരം പ്രഖ്യാപിക്കുന്നതായി ഭാവിക്കുന്നൊരു ട്രോളിൽ സിനിമയുടെ പേര് ‘മെക്സിക്കൻ അപാകത’ എന്നാണ് പിള്ളേര് എഴുതിവച്ചിരിക്കുന്നത്. ഓർത്താൽ അതൊരു സത്യപ്രസ്താവനയാണ്. തമാശയല്ല. തിരുവഞ്ചൂരു പറയുന്നതായി ഭാവിക്കുന്നതിലേ അപാകതയുള്ളൂ. ഖദറിട്ടുകൊണ്ടിരുന്ന് ‘ഒരു മെക്സിക്കൻ അപാകത‘യ്ക്ക് ‘മികച്ഛ ചിത്ര’ത്തിനുള്ള അവാർഡു പ്രഖ്യാപിക്കുന്നതു വഴിക്കുള്ള ചെറിയ ഹാസ്യവും. ബാക്കിയെല്ലാം ശരിയാണ്. ഇത്തവണത്തെ സമകാലിക മലയാളം വാരികയുടെ പിന്നാമ്പുറം പേജിലും ഈ അപാകതയാണ്. മഹാരാജാസിന്റെ വർത്തമാനകാലം നിന്നു കത്തുമ്പോൾ, എങ്ങനെ കുളിരുന്നൂ മി.ഇമ്മട്ടിയ്ക്ക് ഈ ഭൂതകാലം എന്നു ചോദിച്ചുകൊണ്ടുള്ള പോസ്റ്റാണ് അവിടെ. 

അനുഭവത്തെ വിശകലനം ചെയ്യുന്നതു വേറൊരു രീതിയാണ്. അനുഭവത്തെ ഉൾക്കുളിരാക്കുന്നത് മറ്റൊന്നും. തീവ്രമായ ചില വിശ്വാസങ്ങൾ വന്നു തള്ളുമ്പോൾ അതാവിഷ്കരിച്ചുപോവുക വലിയ അപരാധമൊന്നും അല്ല. കണ്ടിട്ടില്ലേ, പിള്ളാരുടെ ഉൾക്കുളിർ പോസ്റ്റുകൾ? ‘ബസ്സിൽ വച്ച് ചേച്ചി, ഒരു മാതൃകാ ആദർശം കണ്ട് ‘ആർ എസ് എസ് കാരനാണോ’ എന്നു ചോദിച്ചത്, അതേ ചേച്ചി തിരിച്ചു വരുമ്പോൾ അതേ വോൾടേജിലുള്ള മറ്റൊരു ആദർശം കണ്ട് ‘കമ്മ്യൂണിസ്റ്റുകാരനാണോ’ എന്നും ചോദിച്ചത്. ഫോൺ വിളിക്കുന്നതിനു മുൻപേ, സാക്ഷാൽ പിണറായി വിജയൻ തന്നെ വന്ന് ലൈൻ നന്നാക്കിക്കൊടുത്തിട്ട് ഒരു നന്ദിവാക്കുപോലും കേൾക്കാൻ നിൽക്കാതെ ഓട്ടോറിക്ഷയിൽ കേറി ഗൃഹാതുരത്വം ഇല്ലാതെ മടങ്ങി പോകുന്നത് ! അതിന്റെ കൂടിയ രൂപമായും സിനിമയ്ക്ക് അവതരിച്ചുകൂടേ? വിശ്വാസമല്ലേ എല്ലാം..  അതുകൊണ്ട് വിശ്വാസികൾക്ക് അകത്തിരുന്ന് കൈപൊക്കി ‘ഹാലേലൂയാ’ വിളിക്കാം. അല്ലാത്തവർക്ക് പുറത്തു നിന്ന് തമാശ കാണാം..ഏതു നിലയ്ക്കായാലും  സംസ്കാരപഠനത്തിന് നല്ല വിഭവവുമാണ്.. പൊടി തട്ടിയെടുക്കണമെന്നേയുള്ളൂ..

മെക്സിക്കോ എന്ന മുറിയിലെ പ്രേതസാന്നിദ്ധ്യം വിപ്ലവവീര്യം കൂട്ടാൻ ഇറങ്ങി നടക്കുന്നത് ഒരു വഴിതെറ്റലാണ്. ആദർശത്തിന്റെ ആൾരൂപമായ കമ്മ്യൂണിസ്റ്റ് സഖാവിനെ അനാക്രികളുടെ പാട്ടിന്റെ ഉദ്ഘാടനത്തിനു വരുത്തിയതും അനാമത്താണ്.  വിപ്ലവം തീപാറിക്കണമെങ്കിൽ പെണ്ണിൽനിന്നു വിടുതിവേണമെന്നൊരു കാൽപ്പനിക സ്വപ്നംകൂടി അകത്തു പാറി കളിക്കുന്നുണ്ട്. മറ്റൊരാളിന്റെകൂടെ പോയതല്ല, പ്രണയം അസ്ഥിക്കു പിടിക്കും മുൻപ് തന്റെ കാമുകനെ ഉപകാരിയായ സുഹൃത്തിനു പരിചയപ്പെടുത്തിക്കൊടുക്കുകയാണ് അനു ചെയ്തത്. എന്നിട്ടും അതിലൊരു വഞ്ചനയുണ്ടെന്ന മട്ടിലാണ് പോളിന്റെ തദ്വാരാ കഥാകൃത്തിന്റെ മസിലു പിടിത്തം. ആത്മീയ ജീവിതത്തിനുതകാത്തതാണ് പെണ്ണെന്ന് നമ്മുടെ ആചാര്യന്മാർ വിചാരിച്ചുവശായിരുന്നതുപോലെ വിപ്ലവംകൊണ്ട് മസിലുപിടിക്കാൻ പെണ്ണ് ഒരു അപാര തടസ്സമാണെന്ന് ടോം ഇമ്മട്ടിക്ക് ദർശനംകിട്ടിയതുപോലെയുണ്ട്.

 ജോമീ എന്ന കറുത്ത കഥാപാത്രമുണ്ട് സിനിമയിൽ ആദ്യാവസാനക്കാരനായിട്ട്, അയാളെ എവിടെയും പിന്നെ കാണുന്നില്ല. സിനിമയുടെ ഒരു ആഘോഷത്തിലും അയാളില്ല. അയാൾക്ക് വീട്ടിൽ അഞ്ചു സഹോദരിമാരാണ്. പോരാത്തതിന് ഇവരഞ്ചുപേരും വീട്ടിൽ ‘ഒറ്റയ്ക്കായതുകൊണ്ടാവണം‘ അയല്പക്കത്തുനിന്നൊരു ചേച്ചികൂടി ആ വീട്ടിലെ ഒറ്റമുറിയിൽ വന്നു കൂട്ടു കിടക്കുന്നുണ്ട്. ഇയാൾ മഹാരാജാസിൽ പഠിച്ച് ജയിച്ച് ഒരു ജോലി കിട്ടിയിട്ടുവേണം ഇവരെ ഓരോരുത്തരെയായി വിവാഹം കഴിച്ചയയ്ക്കാൻ.. ചുവപ്പു കൊടി നാട്ടുക എന്ന ഭീകര ക്ലൈമാക്സിലേക്ക് കണ്ണും തുറുപ്പിച്ച് ഓടുന്നതിനിടയിൽ സിനിമ വിട്ടുപോയ യഥാർത്ഥ ചരിത്രങ്ങളുടെ കൂട്ടത്തിൽ ഈ സ്ത്രീകളുടെയുമുണ്ട്. സിനിമയിൽ ഈ പറഞ്ഞ സീൻ ഒരു ആറ്റൻ തമാശയാണ്.. വല്യമ്മയോളം പ്രായമായ സ്ത്രീകൾ ദാരിദ്ര്യംകൊണ്ട് കൂരയിൽ മൂത്തുനരച്ചിരിക്കുന്നു. പ്രത്യേകിച്ച് കഴിവൊന്നും ഇല്ലാത്ത അനിയൻ അന്തംവിട്ട് ഒരു പാളയത്തിൽ ചെന്നു കൂടിയിരിക്കുന്നു. മുല്ലനേഴി മാഷ് അവനെന്തോ കഴിവുണ്ടെന്നു പറഞ്ഞിരുന്നു. ഒരിക്കൽ കഞ്ചാവോ കള്ളോ എന്തോ തലയ്ക്കു പിടിച്ചിരിക്കുന്ന അവസ്ഥയിൽ അവൻ ഉരുവിട്ട്  കേൾക്കുന്നവരുടെ കണ്ണുതള്ളിക്കുന്ന ഡയലോഗിൽ ആ കഴിവ് സുപ്തമായി, നിലീനമായി കിടക്കുന്നത് സിനിമ കാണിച്ചുതരുന്നു. എവിടെയും ഗുണം പിടിക്കാതെ പോകുന്നതാണ് ആ കഴിവ്. ക്യാമ്പസ്സിൽ ഒരു കൊടി കുത്തുന്നത്  (അതു മാത്രമേ പിന്നീട് കുത്താൻ പാടുള്ളൂ എന്നതും) വലിയ കാര്യമാണെന്ന് സ്ഥാപിച്ചു കാറി വിളിക്കുന്നതിനിടയിൽ  ഇതുപോലെയുള്ള ജീവിതങ്ങളെ മറന്നുപോകുന്നതോ അതു കാണാൻ ഗൗരവക്കണ്ണില്ലാതാവുന്നതോ ആണ് നമ്മുടെ നവ സിനിമകൾക്കുള്ള പല പോരായ്മകളിലൊരു ഘടകം ! 

പക്ഷേ ആലോചിച്ചാൽ ഇങ്ങനെയൊരു അന്തമില്ലാത്ത ഒരു പടപ്പിനകത്ത് ചികഞ്ഞു നോക്കിയാൽമാത്രം കാണാവുന്ന കഷ്ണങ്ങൾ വെറുതേ വന്നു കിടന്ന് തിളച്ചതാണോ?

സിനിമകളിലൊന്നും കഥയില്ലെന്നാണ് പുതിയ പറച്ചില്.. കഥാപരമായി നോക്കിയാൽ പൊളി. ബാക്കിയെല്ലാം കൊള്ളാം ! കഥാപരമായി അപഗ്രഥിക്കാൻ നിന്നാൽ കഥകളിയുടെ കാര്യമാണ് ഏറ്റവും കഷ്ടത്തിലാവുക. പേരിൽതന്നെ പകുതിയിലധികം കഥയാണ്. എന്നാൽ കഥയുണ്ടോ എന്നു ചോദിച്ചാൽ.. തിത്തിത്തെയ്..എന്നാവും താളം... എല്ലാത്തിലും വധമാണ്. സുപ്രസിദ്ധമായ നളചരിതത്തിൽ വധമില്ല, എങ്കിലും കലിയെ ഒന്ന് പേടിപ്പിച്ചു വിടുന്നുണ്ട്.. പാതി ദേവദേഹമായതുകൊണ്ടാണ് ആ കരിയെ വിഖ്യാതവംശജനും അതിപ്രതാപ ഗുണവാനുമായ നായകൻ, നാഥൻ കൊല്ലാതെ വിട്ടത്...

ഉന്നത കുലജാതരായ ആളുകൾ ഭക്ഷണം കഴിക്കുന്നിടത്ത് കൊണ്ടു വയ്ക്കുന്ന ക്യാമറ അഭിജാതമാണ്. അവർ തന്നെ  കഴിക്കുന്ന ചിക്കൻ നഗ്ഗെറ്റ്സ് ഉണ്ടാക്കാനായി കോഴിയെ കൊല്ലുന്നിടത്താണ് ക്യാമറ വച്ചെതെങ്കിൽ അതു മ്ലേച്ഛമായി. വർണ്ണാങ്കിത വസ്ത്രമണിഞ്ഞ നായികയെ കൂട്ടുകാരൻ കെട്ടിപ്പിടിക്കുന്ന ചിത്രം  കുടുംബികമാണ്.  കുഞ്ഞുകുട്ടി പരാതീനങ്ങളോടെ ചെന്നിരുന്ന് രോമാഞ്ചം കൊള്ളാം. അതിനു ശേഷം പ്രസ്തുത ആൺപെൺ വർഗങ്ങൾ കട്ടിലിൽ കിടന്നു കുലുങ്ങുകയും ചൂടുകാരണം വസ്ത്രം മാറ്റിയിട്ട് ഉറങ്ങുകയും ചെയ്യുന്നത് പോണുമായി. വെളുപ്പ് കാണാൻ കൊള്ളാവുന്നതുകൊണ്ട് കൊള്ളാം, കറുപ്പു കാണാൻ കൊള്ളാത്തതുകൊണ്ട് കൊള്ളൂലാ എന്ന ബൈനറി ഒരിടത്തുമാത്രമല്ല പ്രവർത്തിക്കുന്നതെന്നു പറയുകയായിരുന്നു. അവനവന്റെ/വളുടെ ചട്ടക്കൂടിൽനിന്നു പുറത്തുവന്നാലേ ആസ്വാദന തടസ്സങ്ങൾ എന്ന ബാധകളിൽനിന്ന് രക്ഷപ്പെടാൻ പറ്റൂ..   കാർട്ടൂണിന്റെ ജനുസ്സ് വേറെ, ചിത്രങ്ങളുടെ ജനുസ്സുവേറെ.. കാർട്ടൂൺ ഒരു ലോ ആർട്ടാകുന്നത് അതിനു (എണ്ണച്ചായാ- ജലച്ചായാ) ചിത്രവുമായി  പാഠാന്തരത എളുപ്പമല്ലാത്തതുകൊണ്ടാണ് അതേ സമയം ചിത്രത്തിന് കാർട്ടൂണുമായോ, ഫോട്ടോഗ്രാഫിയുമായോ ബന്ധം വയ്ക്കാൻ അത്ര പ്രയാസവുമില്ല. അങ്ങനെ ചെയ്യുമ്പോൾ അതിന്റെ അതിരുകളാണ് വലുതാവുന്നത്.. ‘ഒരു മെക്സിക്കൻ അപാരത‘ വിപ്ലവ യുവത്വത്തിന് ഒരു പാട് പ്രതീക്ഷകൾ നൽകിയിട്ട് കാര്യമായി കൊഞ്ഞനം കുത്തിക്കാണിച്ച പടമാണ്.  ന്യുജനറേഷൻ സിനിമകൾ എന്നു വിളിക്കപ്പെടുന്ന നവയുവത്വത്തിന്റെ സിനിമകൾ അവയുടെ ആഖ്യാനഭാഷയിലൂടെ ലോകസിനിമയുടെ ചലച്ചിത്രഭാഷയെ എത്തിപ്പിടിക്കാൻ വല്ലാതെ കിണഞ്ഞു പണിയെടുക്കുന്നുണ്ട്. അതവരുടെ അനുഭവവുമായി ബന്ധപ്പെട്ട സംഗതിയാണ്. അതിന്റെ ഒരു സാക്ഷിപത്രമാണ് ഇംഗ്ലീഷിൽ മാത്രമുള്ള ടൈറ്റിലുകൾ. വിദേശസിനിമകളുമായി പരിചയമുള്ള ഒരു സമൂഹത്തെയാണ് ഇവർ മുന്നിൽ കാണുന്നത്, അതുകൊണ്ടാണ് സിറ്റി ഓഫ് ഗോഡെന്നും ആമേനെന്നും ട്രാഫിക്കെന്നും ഫ്രൈഡേയെന്നും അങ്കമാലി ഡയറീസെന്നും ഒക്കെ യുള്ള പേരുകൾക്കുതന്നെയും പ്രത്യേകതയുള്ളതായി വരുന്നത്.. പക്ഷേ ഒരു മെക്സിക്കാൻ അപാരതയുടെ ടൈറ്റിൽ പൂർണ്ണമായും മലയാളത്തിലാണ്. അതിന്റെ കാരണം ആ സിനിമ അങ്കമാലി ഡയറീസിനേക്കാൾ കട്ട ലോക്കലാണെന്ന് ടോം ഇമ്മട്ടിക്ക് അന്തരാ ഒരു വെളിച്ചമുണ്ട്.. വിപ്ലവം സമം കാൽപ്പനികത സമം വീരം എന്ന ഇക്വേഷൻ മറ്റൊരിടത്ത് ചിലവാക്കാൻ പറ്റുന്നതാനോ എന്ന സംശയമാണ് ഈ ലോക്കലൈസേഷന്റെ അടിസ്ഥാന പ്രേരണം.. മറ്റൊന്ന് യൂട്യൂബ് പറയുന്ന വാസ്തവങ്ങളെ വച്ചു നോക്കിയാൽ (കെ എസ് യു കാരനായ റെയ്സൺ കുരിയാക്കോസിന്റെ യഥാർത്ഥ പ്രസംഗമാണ് സിനിമയിൽ എസ് എഫ് വൈകാരനായ പോളിന്റെ പ്രസംഗമാവുന്നത്, കെ എസ് യു കാരനായ ജിനോ ജോണിന്റെ എസ് എഫ് ഐയുടെ കൊടിയൊടിക്കലാണത്രേ സിനിമയിൽ കെ  എസ് ക്യുവിന്റെ കൊടിമരം തകർക്കലായി തീരുന്നത്) ഏതുസമയവും ഇടതായും വലതായും രൂപം മാറാവുന്ന പ്രായോഗിക രാഷ്ട്രീയത്തെക്കുറിച്ചുള്ള സാമാന്യധാരണകളാണ്, സിനിമയുടെ അബോധത്തെ നിശ്ചയിച്ചിരിക്കുന്നത്. ഇത് നമ്മൽ പുതിയകാലത്ത് കാണുന്നത് ട്രോളുകളിലാണ്. 

അടുത്തകാലത്തിറങ്ങിയ ഒരു ട്രോൾ ഇക്കാര്യം മനസ്സിലാക്കുന്നതിനു വേണ്ട ദിശാസൂചി നൽകും. വീട്ടിനകത്ത് ചെയ്യേണ്ട അടുപ്പുകത്തിക്കൽ പരിപാടി  തെരുവിൽ ചെയ്യുന്നതിനെ കളിയാക്കിക്കൊണ്ട് ആറ്റുകാൽ പൊങ്കാല വിഷയമായി ഇറങ്ങിയ ട്രോളിനെ ഏറ്റവും അധികം ഷെയർ ചെയ്തത്  മതാധികബോധത്തെ കുറവായി കാണുന്ന ഇടതുപക്ഷക്കാരുമാണ്. അതേ സമയം ആ ട്രോൾ ഉള്ളിൽ (ഒളിപ്പിച്ചു) വച്ചിരിക്കുന്നത് ചുംബനസമരത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ ഒരു വാചകവുമാണ്. അതുംകൂടി ചേർത്തുവായിച്ചാലേ ട്രോളിന്റെ ഉദ്ദേശ്യം വ്യക്തമാവുകയുള്ളൂ..  തങ്ങളുടെ നേതാവിനെയുംകൂടി അതു തോണ്ടുന്നുണ്ടെന്നു മനസ്സിലാക്കാതെഅതു ഷെയർ ചെയ്തവരും പ്രചരിപ്പിച്ചവരും ഉണ്ട്. അതേ ആളുകളാണ് ഒരു മെക്സിക്കൻ അപാരത കാണാൻ ചുവപ്പുകൊടിയും പിടിച്ച് തിയേറ്ററിലെത്തിയതെന്ന് മനസിലാക്കിയാൽ പോസ്റ്റ് മോഡേൺ ആഗോളീകരണത്തിൽ വിരുദ്ധദ്വന്ദ്വങ്ങളുടെ പ്രസക്തി എങ്ങനെ ആളുകളെ മക്കാറാക്കിക്കൊണ്ട് പൊതുയിടങ്ങളിൽ സ്ഥാനം പിടിക്കുന്നു എന്നു മനസ്സിലാവും ( ആഗോളീകരണത്തിന്റെ സന്തതിയായ മലാലാ യൂസഫ്‌സായി, ആഗോളീകരണത്തിന്റെ മുതിർന്ന സന്തതിയായ ട്രമ്പിനെ വെല്ലുവിളിച്ചതാണ് ഇതിന്റെ ആഗോളതലത്തിലുള്ള മറ്റൊരു ഉദാഹരണം എന്ന് ഒരു പ്രസംഗത്തിൽ കേട്ടു)

 അതുകൊണ്ട് ഒരു മെക്സിക്കൻ അപാരത ഒരു മുഴുനീള ട്രോളാണ്. അതിന്റെ ആഖ്യാനഭാഷയെ അങ്ങനെ മനസ്സിലാക്കുന്നതാണ് ഉചിതം.