July 22, 2017

മോദസ്ഥിതനായും സ്ഥിരനായും അങ്ങ്...




          എസ് ഹരീഷിന്റെ 'മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ' എന്ന കഥയിലെ സൂക്ഷ്മ സാന്നിദ്ധ്യമായ ശ്രീ നാരായണ ഗുരു വർഷങ്ങൾക്കുമുൻപ് അദ്ദേഹത്തിന്റെ മറ്റൊരു കഥയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.  ഹരീഷിന്റെ ആദ്യകഥാ സമാഹാരമായ 'രസവിദ്യയുടെ ചരിത്ര'ത്തിലെ അതേ പേരുള്ള കഥയിൽ, ആദിദ്രാവിഡനായ തൈക്കാട് അയ്യാസ്വാമികളുടെ ശിഷ്യന്മാരായ നാണുവും കുഞ്ഞനും വിജയിച്ച ഒരു ആത്മീയപരീക്ഷണത്തിന്റെ ഉത്പന്നങ്ങളായി നിന്ന് പുഞ്ചിരിക്കുന്നു. ലോകസഞ്ചാരിയായ ഡച്ചുകാരൻ ഹൂസ്റ്റാർഡിന്റെ സഞ്ചാരക്കുറിപ്പുകളുടെ ഒൻപതാം അദ്ധ്യായം എന്ന നിലയിലാണ് ആ കഥ എഴുതിയിരിക്കുന്നത്. മലബാർ തീരത്തിന്റെ തെക്കേയറ്റത്ത് വിലകുറഞ്ഞ ലോഹങ്ങളെ സ്വർണ്ണമാക്കുന്ന വിദ്യ കരഗതമാക്കിയ ഒരു ദിവ്യനെ രഹസ്യമായി പിന്തുടർന്നും വിദ്യ മോഷ്ടിക്കാൻ ശ്രമിച്ചും വിദേശികൾ നിലമ്പരിശായിപോകുന്നതിനെപ്പറ്റിയാണ് രസവിദ്യയുടെ ചരിത്രം പറയുന്നത്. അയ്യാസ്വാമികൾ വാസ്തവത്തിൽ ഇരുമ്പിനെ ആയിരുന്നില്ല, മനുഷ്യരെയായിരുന്നു സ്വർണ്ണമാക്കിയിരുന്നത്. ആളുകൾ തെറ്റിദ്ധരിച്ചതുപോലെ ആ വിദ്യ അദ്ദേഹം രഹസ്യമായി സൂക്ഷിച്ചതുമില്ല. സൃഷ്ടിയ്ക്കുള്ള സാമഗ്രിയും സൃഷ്ടിജാലവും സൃഷ്ടാവും ഒരാൾതന്നെ ആയിത്തീരുന്ന അവസ്ഥയെപ്പറ്റി ദൈവദശകത്തിൽ) ഗുരു എഴുതിയതുപോലെ അയ്യാസ്വാമിയുടെ പരീക്ഷണശാലയിലെ ഉത്പ്പന്നങ്ങളായ അവർ, പിന്നീട് മനുഷ്യരെ സ്വർണ്ണമാക്കുന്ന യജ്ഞത്തിന്റെ നിർവാഹകരായി മാറി.
അവിടെനിന്നും മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ കഥയിലേയ്ക്കുള്ള ദൂരം കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിലേയ്ക്കുള്ള ഇടവഴികൂടിയാണ്. 2005 -ൽ തൃശൂർ കറന്റ് ഹരീഷിന്റെ ആദ്യസമാഹാരം രസവിദ്യയുടെ ചരിത്രം പ്രസിദ്ധീകരിക്കുന്നു.  2017 - ലാണ് മോദസ്ഥിതൻ.. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വരുന്നത്. 12 വർഷത്തെ അകലമുണ്ട്, രസവിദ്യയുടെ ചരിത്രത്തിലെയും മോദസ്ഥിതനിലേയും ഗുരു ചിത്രണങ്ങൾക്ക്. കേരളത്തിലെ പ്രബലരായ രണ്ടു സമുദായങ്ങളുടെ സാംസ്കാരിക ചരിത്രം വിവാഹമെന്ന സാമൂഹികസ്ഥാപനത്തെ മുൻനിർത്തി വിചാരണയ്ക്കെടുക്കുന്ന ഈ കഥ, ആധുനിക കേരളത്തെ രൂപപ്പെടുത്തിയ പരീക്ഷണശാലകളുടെ കാലികമായ അവസ്ഥാന്തരത്തെപ്പറ്റിയുള്ള വിചാരങ്ങളെ പങ്കുവയ്ക്കുന്നു എന്ന നിലയിലാണ് ശ്രദ്ധേയമാകുന്നത്. ജാതിയില്ലാ സമൂഹത്തിലേയ്ക്ക് കുതിക്കാൻ വെമ്പിയ സാമൂഹിക സാഹചര്യങ്ങളെയെല്ലാം അപ്രസക്തമാക്കിക്കൊണ്ട് ജാതി നമ്മുടെ സമൂഹത്തിൽ ആന്തരികവത്കരിക്കപ്പെട്ടിരിക്കുന്നതെങ്ങനെയെന്ന് കഥ ആലോചിക്കുന്നു. അതേസമയം പ്രതിബദ്ധതാ സാഹിത്യത്തിന്റെ പ്രകടമായ ആധുനിക ഭാവങ്ങളെ കഥ പക്ഷപാതപരമായി പിൻപറ്റുന്നുമില്ല. ഭാഷയിലെ സൂക്ഷ്മമായ പണിത്തരമാണ് ഹരീഷിന്റെ കഥയുടെ സവിശേഷത.  ശരിതെറ്റുകളെക്കുറിച്ചുള്ള തീർപ്പുകളേക്കാൾ, ഭാഷ, സംസ്കാരം, ചരിത്രം, കുടുംബം, ഭൗതികവും ആത്മീയവുമായ വ്യവഹാരങ്ങൾ, ആൺ - പെൺ ബന്ധം, സാമ്പത്തികകാര്യങ്ങൾ തുടങ്ങിയ ഇടങ്ങളിൽ കേരളീയസമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന വൈരുദ്ധ്യങ്ങളെ സൂക്ഷ്മമായി പിടിച്ചെടുക്കാനാണ് മോദസ്ഥിതനായങ്ങ്.. ശ്രമിക്കുന്നത്.
മുകളിലേക്ക് എത്തിപ്പിടിക്കാൻ വെമ്പുന്ന വളരെ സ്വാഭാവികം എന്നു കരുതപ്പെടുന്ന ഒരു സാമൂഹിക നിലപാടും പാരമ്പര്യത്തിന്റെ ഊരിമാറ്റാനാവാത്ത കെട്ടുപാടുകളും ചേർന്നാണ് കഥയിലെ സംഘർഷത്തെ നിർണ്ണയിക്കുന്നത്. ഗുരുവിന്റെ ദർശനങ്ങളിൽനിന്നുള്ള പിന്മടക്കം എന്നു സംശയിക്കാവുന്ന ചില സന്ധികൾ (വർക്കലയിലെത്തിയ വണ്ടിയുടെ പാളൽ, വിലക്കിയ കള്ളുകച്ചവടത്തിലൂടെത്തന്നെ കുടുംബം നേടിയ സാമ്പത്തികഭദ്രത, പൂമുഖത്തെ ചിത്രം മാറ്റൽ) ആ സംഘർഷത്തെ നിർണ്ണായകമാക്കിത്തീർക്കുകയും ചെയ്യുന്നു.
സമകാലിക കഥകളുടെ സ്വഭാവത്തിനു വിരുദ്ധമായി ഈ കഥ സൂക്ഷിക്കുന്ന നിർമമത്വം പ്രധാനമാണ്. സംഘർഷങ്ങളിലില്ലാത്ത ഒത്തുച്ചേരലിനെയാണ് കഥ ആഘോഷിക്കുന്നത്. അനുനയങ്ങളുടെ ഈ വിദ്യയെ സംശയത്തോടെ നോക്കിക്കാണാൻ പ്രേരിപ്പിക്കുന്ന ഏക സൂചകം, ഗുരു ചിത്രത്തിന്റെ സ്ഥാനമാറ്റമാണ്. വാദങ്ങൾ ചെവിക്കൊണ്ടും മത(ജാതി)പ്പോരുകൾ കണ്ടും ഭേദാദികൾ കൈവിട്ട് മലപോലെ ഒന്നിലും കുലുങ്ങാതെ, മോദത്തിൽ വസിക്കുന്ന ഒരാളായാണ് കുമാരനാശാൻ ഗുരുവിനെ വിഭാവന ചെയ്യുന്നത്. ആത്മീയമായ ധ്വനികളെ മാറ്റി നിർത്തിയാൽ ഇതിന്റെ ആശയം സ്ഥിരമായ ദൃക്സാക്ഷിത്വമാണ്. രസവിദ്യയുടെ ചരിത്രത്തിൽ മനുഷ്യരെ സ്വർണ്ണമാക്കുന്ന അപൂർവസിദ്ധിയോടെ അയ്യാസ്വാമികളുടേ ആലയിൽനിന്നും പുറത്തിറങ്ങുന്ന നാണു എന്ന സന്ന്യാസി, മോദസ്ഥിതനിൽ.. ഇടപെടൽശേഷി നശിച്ച ബിംബമായും മാറ്റിവയ്ക്കപ്പെടാവുന്ന ഒരു ചിത്രമായും മാറുന്നതിന്റെ ചരിത്രം, കേരളത്തിന്റെ സാമൂഹികപരിണാമങ്ങളോട് അനുബന്ധിച്ചുള്ള ഒട്ടനവധി കാര്യങ്ങളിലേക്ക് ചുഴിഞ്ഞു നോക്കാൻ പ്രേരിപ്പിക്കുന്ന ക്ഷണപത്രംകൂടിയാകുന്നു. നിർവാഹകത്വത്തിൽനിന്ന് ദൃക്സാക്ഷിത്വത്തിലേക്ക് നവോഥാന നേതൃത്വങ്ങളെ  വഴി നടത്താനുള്ള ഉത്സാഹങ്ങളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ഈ കഥ, അനുനയത്തിന്റെ പാതയിലൂടെ വിചാരണയും കുലുക്കവുമൊന്നുമില്ലാതെ സ്വച്ഛന്ദം കടന്നുപോകാൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തിന്റെ ദൃക്സാക്ഷിത്വത്തെയും അതിന്റെ ശീർഷകംകൊണ്ടുതന്നെ ഒന്നു കളിയാക്കി വിടുന്നുണ്ട്.




ചിത്രം : http://tasveergharindia.net

July 14, 2017

മലയാളഭാഷയ്ക്കുള്ള ഉത്തരേന്ത്യൻ ടിക്കറ്റ്



പ്രമേയപരമായോ സൗന്ദര്യശാസ്ത്രപരമായോ അത്ര കൊണ്ടാടപ്പെടേണ്ട സിനിമയല്ല 'ടിയാൻ' എന്ന് ഇതിനകം തീരുമാനമായിട്ടുണ്ട്. അതേ സമയത്ത് അതിനുള്ളിൽ കയറിപ്പറ്റിയിരിക്കുന്ന സാംസ്കാരിക രാഷ്ട്രീയ വിവക്ഷകൾ നല്ല പാഠ്യവസ്തുക്കളാണെന്നുള്ളതുകൊണ്ട് ഉദാസീനമായി തള്ളിക്കളയേണ്ട വകയുമല്ല.

പ്രാഥമികമായി രണ്ടു വൈരുദ്ധ്യങ്ങളെ ഈ 'ടിയാൻ' എന്ന പദത്തിന്റെ ഉടമസ്ഥാവകാശികൾ ഉറപ്പിക്കുന്നു. അതിലൊന്ന് ഭൗതികമായ സ്വത്തിന്റെ മണ്ണിന്റെ ഉടമസ്ഥാവകാശമാണ്. മലബാറിയായ പട്ടാഭിരാമനിൽ (ശ്രേഷ്ഠ ഹിന്ദുവിൽ) നിക്ഷിപ്തമാണ് ആ അവകാശം. അതാരും കവർന്നെടുക്കാൻ പാടില്ലെന്നിടത്താണ് സംഘർഷം. മറ്റേത് ദൈവശക്തിയാണ്. അത് കുണ്ഡലിനിയൊക്കെ ഉണർന്ന് സഹസ്രാരപദ്മത്തിലെത്തിയ (അഘോരി ടൈപ്പ് സ്വാമിമാർ തടിപിടിച്ച് നട്ടെലിൽ ഉഴിഞ്ഞ് എത്തിച്ച എന്നു പറയുന്നതാണ് ശരി) കമ്പിനു കമ്പ് ഫിലോസഫി പറയുന്ന അസ്ലൻ മുഹമ്മദിനുള്ളതാണ്. ഇയാളുടെ കഥാപാത്രം മുസ്ലീമായിരിക്കുന്നതിന്റെ അടിസ്ഥാനം ദൈവവിശ്വാസത്തിൽ ഇസ്ലാം മതവിശ്വാസകളെപ്പറ്റിയുള്ള പൊതുബോധത്തിലധിഷ്ഠിതമായ ചിന്തയാണ്. അയാൾക്ക് ഹിന്ദുവായും കഴിഞ്ഞുകൂടാം. അതുവേണ്ടെന്ന് കനിഞ്ഞ് അനുഗ്രഹം നല്കുന്നത് മേല്പടിയാന്മാരായ അഘോരിസ്വാമികളാണ്. ദൈവത്തിന്റെ സ്വന്തം ആൾക്കാർ. മതമൈത്രിയുടെ ചെലവിൽ സിനിമയ്ക്ക് സ്വയം ഒരു ഒത്തുതീർപ്പ് വ്യവസ്ഥയിലെത്താനും പറ്റും.

ദൈവത്തിന്റെ ശരിയായ പ്രതിപുരുഷന്മാരല്ലാത്ത ആൾദൈവങ്ങളുടെ തോലുരിക്കുക, അവരെ തുരത്തുക എന്ന സോദ്ദേശ്യം മേല്‌‌നെറ്റിയിൽ ചാർത്തിയിട്ടുള്ള സിനിമ, ആൾ ദൈവം എന്ന അടിസ്ഥാന ആശയത്തെ ഉറപ്പിക്കുകയാണ് യഥാർത്ഥത്തിൽ ചെയ്യുന്നതെന്ന് ആര്ക്കും എളുപ്പം മനസ്സിലാവും. ഒരുത്തൻ – രമാകാന്തൻ- കൃത്രിമമായി ചെയ്യുന്നു, മറ്റൊരുത്തൻ - പട്ടാഭിരാമൻ - ദൈവസഹായത്തോടെ ചെയ്യുന്നു. എന്തു വ്യത്യാസം? സാമൂഹികമായ അനീതിയെ എതിർക്കാൻ ഈ ടൈപ്പ് സാധനങ്ങൾ വേണം എന്നു തന്നെയാണ് മുരളീഗോപിയുടെ ഉള്ളിലിരിപ്പ്. നീതികേടുകൾക്കെതിരെ മാരകമായ പ്രഹരശേഷി പ്രദർശിപ്പിക്കുന്ന അസ്ലത്തിന്റെ തലയിലും ദൈവത്തിന്റെ കൈയുണ്ട്. സൂഫിയും അഘോരികളും ഭാവി തിരിച്ചറിഞ്ഞ് തേരാ പാരാ നടക്കുന്നുണ്ട്. മരുന്ന് ഒന്നു തന്നെ. സർക്കാർ വിലാസത്തിൽ വേണോ, സ്വകാര്യ ആശുപത്രിയിൽ വേണോ ചികില്സ എന്നു തീരുമാനിക്കാൻ ജനത്തെ സഹായിക്കാനാണ് സിനിമ.
ഇതിനിടയിൽ കടന്നു വരുന്ന കാലിക രാഷ്ട്രീയത്തിന്റെ കോഡുകൾ കൃത്യമാണ്.

1. ആധാരം കൈവശമുള്ളവരെ പട്ടാഭിരാമൻ സഹായിക്കാമെന്നാണ് പറയുന്നത്.. ആധികാരികത ഉറപ്പിക്കുന്ന രേഖ ആധാർ കൈവശം വേണമെന്നാണ്.
2. നാട്ടിൽ പ്രശ്നങ്ങൾ പറഞ്ഞ് ശരിയാക്കാൻ ഡിഫിക്കാരുണ്ട് എന്ന് പട്ടാഭിരാമന്റെ ഭാര്യ, ഗംഗ. ഇവിടെ അവരില്ലാത്തത് എന്തുകൊണ്ടോ എന്തോ എന്നത് കണിശമായും ഒരു കുത്താണ്.
3. കുഞ്ഞിന് പട്ടാഭിരാമൻ ആധുനിക ചികില്സയാണ് നല്കിയത്. അതിനെ രക്ഷിക്കാൻ സയന്സിനും ആയില്ല. മഹാശയൻ പ്രസാദം കൊടുത്ത് അരുക്കാക്കിയ കുട്ടിയെ രക്ഷിക്കുന്നത് സയന്സല്ല, പട്ടാഭിരാമനിൽ പിന്നീടു വന്നു കേറിയ ദിവ്യശക്തിയാണ്. സോ അതുണ്ട്... സയന്സിനും മേലേ...
4. താന്ത്രികമത പ്രതിനിധിയായ രമാദേവി തീപ്പെട്ടി ഇല്ലാതെ തീ കത്തിക്കാൻ വിദഗ്ധയാണ്. (പാവത്തിനു പക്ഷേ അണയ്ക്കാൻ പറ്റിയില്ല) സോ അതും ശാസ്ത്രത്തിനു വിശദീകരിക്കാനാവാതെ നില നില്ക്കുന്നുണ്ട്.
5. ദൈവപരീക്ഷണത്തെക്കുറിച്ചുള്ള ഉഡായിപ്പ് വാചകം ഇതിലും തിരുകി വച്ചിട്ടുണ്ട്. ദൈവം തെരെഞ്ഞെടുത്തവരുടെ എല്ലാ യുദ്ധങ്ങളും പരാജയപ്പെട്ടുകൊണ്ടു തുടങ്ങുന്നത് അഹന്ത ഇല്ലാതാക്കാനാണെന്ന്. (എങ്കിൽ ഇതേ അഹന്താരാഹിത്യംകൊണ്ട് രമാകാന്തന്മാരുമായി രമ്യതയിൽ കഴിഞ്ഞ് ജീവിതം സുഖകരമാക്കിക്കൂടേ?)
6. ബ്രാഹ്മണൻ ദളിതനെ പാടത്തും പറമ്പിലും കെട്ടി വലിച്ചു, കാലികളെപ്പോലെ വിറ്റു എന്നൊക്കെയുള്ളത് തത്പരകക്ഷികളുടെ പ്രചരണമാണെന്ന് വ്യക്തമായും സിനിമയിലുണ്ട്. യഥാർത്ഥ ബ്രാഹ്മണനെ പോലെ യഥാർത്ഥ ദളിതനുമുണ്ട്. അവൻ ശ്രേഷ്ഠബ്രാഹ്മണന്റെ മഹത്വമറിഞ്ഞ് തൊഴും !

  തീരുന്നില്ല. ഇത്ര പ്രതിലോമപരമായ ഉള്ളടക്കങ്ങളുള്ള ഈ സിനിമയിൽ താരതമ്യേന പ്രാധാന്യം കുറഞ്ഞ ഇനമായി ഭാഷാപരമായി കടന്നുകയറിരിക്കുന്ന ഒരു കാര്യത്തെപ്പറ്റി പറയാനാണ് വന്നത്.  ശരിയായ മലയാളം അറിയാത്തതുകൊണ്ടോ എന്തോ വടക്കു കിഴക്കൻ മേഖലയിലെ 'ഒരു പ്രതലം' എന്ന് വികലമായ ഒരു മലയാള പരിഭാഷകൊണ്ടാണ് സിനിമ തുടങ്ങുന്നത്. പിന്നെ വരുന്ന ശീർഷകങ്ങളാവട്ടെ, ഇംഗ്ലീഷിലും. മേല്പടിയാൻ എന്നതിന്റെ ചുരുക്കെഴുത്തായ ടിയാൻ ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ സംഭാഷണഭാഷയായി ഉപയോഗിക്കുന്ന, കീഴെഴുത്തുകളുടെ ഉടമയെയും ഒരു ശീർഷകമായി ക്രെഡിറ്റിൽ അവതരിപ്പിക്കുന്ന സിനിമയിൽ പ്രാചീനമായ മണമുള്ള ഒരു ഔദ്യോഗികവാക്ക് മലയാളമായി കയറിപ്പറ്റുന്നതിൽ ചില കാര്യങ്ങളുണ്ട്. അത് ആ സിനിമയുടെ അവസാനം ഉറപ്പിക്കുന്നുമുണ്ട്. ഹിന്ദുസ്താൻ എന്നാൽ ഹിന്ദിസ്താനല്ലെന്നും എല്ലാ ഭാഷകൾക്കും എന്നു വച്ചാൽ അതതു ഭാഷ സംസാരിക്കുന്ന സ്വത്വങ്ങൾക്ക് പ്രാധാന്യം കൂടിയുള്ള മണ്ണാണിതെന്ന്. ഇതു പറയുന്നത് ഒരു ബ്രാഹ്മണനാണ്. ചില്ലറക്കാരനല്ല. പുന‌ർജന്മമുള്ള ആളാണ്. ദിവ്യപരമ്പരകളുടെ ഇങ്ങേയറ്റത്തെ കണ്ണിയാണ്. സർവോപരി വർത്തമാനകാലത്തിൽ, ദൈവികചൈതന്യം ദുഷ്ടശക്തിയെ തുരത്താൻ മാധ്യമമായി തെരെഞ്ഞെടുത്ത ഒരു ദേഹമാണ്. ആധികാരികമാണ് ആ പ്രസ്താവന.

മണ്ണിന്റെ മക്കൾ വാദത്തെപ്പറ്റി സാന്ദർഭിക പരാമർശമുള്ള സിനിമയിൽ ഇതുപോലെ ഭാഷാപരമായ പരാമർശം കടന്നു വന്നാൽ അത് അപകടമാണ്. ഭാഷയെ മുൻനിര്ത്തി സമരത്തിലേർപ്പെട്ടിരിക്കുന്നവർക്കും പ്രാദേശികഭാഷകളെ എതിർക്കുന്നവർക്കും അതു നല്കുന്ന സന്ദേശം തെറ്റാണ്. മതാത്മകദേശീയതയുടെ ഭാഗമായിട്ട് ഇന്ത്യയിലെ ഭാഷാവാദങ്ങളെ അണിച്ചേർക്കാനുള്ള ഉദ്ദേശ്യം അത്ര പാവനമായിരിക്കില്ല. മാവോയിസ്റ്റുകളെ കുറിച്ചുള്ള സൂചനയും അവരുടേതായി കാണിക്കുന്ന പ്രവൃത്തിയും കുറച്ച് മയപ്പെടുത്തി ശരിയാക്കിയിട്ടുണ്ട്. തെറ്റിദ്ധാരണയ്ക്കിടയില്ലാത്ത വിധം. അതെ സമയം മാവോവാദികൾ എന്താണ് ചെയ്യുക എന്നതിനെപ്പറ്റി സൂചന നല്കാൻ ദൃശ്യങ്ങൾക്ക് കഴിയുകയും ചെയ്യും. പ്രത്യയശാസ്ത്രം ‌‌ - വലതായാലും ഇടതായാലും - വിഴുങ്ങി ജീവിക്കുന്ന കുറേ മെഗലോമാനിയാക്കുകൾക്ക് ഭാഷാപരമായ സ്വത്വവാദം ഇപ്പോഴേ മേലും കീഴും തിരയേണ്ടതില്ലാത്ത, ഫാസിസത്തിന്റെ മുഖപടങ്ങളാണ്. കൂട്ടത്തിൽ മലയാളം സംസ്കൃതജന്യമാണെന്ന തെറ്റായ പ്രസ്താവനയും ആധികാരികമായിതന്നെ സിനിമയിലുണ്ട്. മതാത്മകദേശീയതയെ പുനരുത്പാദിപ്പിക്കാൻ വെമ്പുന്ന ഒരു സിനിമ (അങ്ങനെയുള്ള സിനിമകൾ മുന്പും ഉണ്ട്) ഭാഷാവാദത്തെ അനുകൂലിച്ചുകൊണ്ട് ഭരതവാക്യം നിർമ്മിച്ചു വച്ചിരിക്കുന്നതാണ് ടിയാനിലെ യഥാർത്ഥ അപകടം എന്നു ഞാൻ വിചാരിക്കുന്നു.