May 2, 2017

ചെലവും ചില്ലറയും


മൈക്കലാഞ്ചലോയുടെ ‘പിയത്ത‘ പോലെ സുബോധ് ഗുപ്തയുടെ തോണിയിലെ ആക്രി സാധനങ്ങളോ റൗൾ സുരീത്തയുടെ വേദനയുടെ കടൽ എന്നു പേരിട്ടിട്ടുള്ള വെള്ളം നിറച്ച ഹാളോ സുന്ദരമാകുമോ എന്ന കാര്യത്തെപ്പറ്റിയുള്ള ശാസ്ത്രീയമായ വിശകലനം ( സൗന്ദര്യശാസ്ത്രത്തിന്റെ ശാസ്ത്രീയത, ഡോപ്പോമൈൻ ഇത്യാദികൾ...) കലാസ്വാദകർക്ക് ഒരു വെല്ലുവിളിയാണ്. ആസ്വാദനം ആത്മനിഷ്ഠമാണെന്നൊക്കെ ഉഡായിപ്പുകൾ മുഴക്കിയാലും യുക്തിപരമായി വിശദീകരിക്കാനോ ബോധ്യമാവും വിധം ചെയ്തുകാണിക്കാനോ പറ്റാത്ത കാര്യങ്ങൾ ആളുകളെ കുഴപ്പത്തിൽ ചാടിക്കുന്നുണ്ട്. കുറെയൊക്കെ മോശക്കാരാക്കുന്നുമുണ്ട്.
മോണോലിസ ആസ്വദിക്കുന്നവരെല്ലാം മോണോലിസയെ ആസ്വദിക്കുകയല്ല, മറിച്ച് ആസ്വാദനമെന്ന ഒരു സാമൂഹിക ആഭിചാരത്തിൽ പങ്കുകൊള്ളുകയാണെന്നൊരു നിരീക്ഷണമുണ്ട്. അത് കൂടുതലും സാമൂഹികശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന കാര്യമാണ്. അതേസമയം ഒരു കലാസൃഷ്ടിയുടെ സൗന്ദര്യമെന്ന ഘടകത്തിനു മാത്രമല്ല, അതിനെ ചുറ്റി നിൽക്കുന്നതോ അത് വിത്തിന്റെ രൂപത്തിൽ ഉള്ളടക്കുന്നതോ ആയ ബോധത്തെ ഇഴപിരിച്ചെടുക്കാൻ ഒരു സമൂഹത്തിനു കഴിയുന്നുണ്ടെങ്കിൽ അത് ആ സമൂഹത്തിന്റെ ബൗദ്ധികമായ മുന്നോട്ടു പോക്കിന്റെ അടയാളമാണ്. ബിനാലെയിലെ പല സൃഷ്ടികളും കേവല സൗന്ദര്യശാസ്ത്രത്തിന്റെ ചെലവിൽ വിറ്റഴിക്കപ്പെടേണ്ട ഉരുപ്പടികളല്ല, അവബോധത്തിന്റെ വെളിച്ചത്തിൽ ഇഴപിരിച്ചെടുക്കേണ്ടുന്ന വഴികളാണ്. ഒരു തോണിയെ ആസ്പിൻ വാളിൽ കൊണ്ടു പ്രതിഷ്ഠിക്കാനും അതിൽ കേരളത്തിന്റെ ഭൂതകാലത്തിലേക്കു ചൂണ്ടുന്ന പാഴ് വസ്തുവകകൾ ശേഖരിച്ചു നിറയ്ക്കാനും വേണ്ടുന്ന പണം, ( അല്ലെങ്കിൽ ഇന്ത്യമുഴുവൻ നടന്ന് ശേഖരിച്ച ആട്ടുകല്ലുകളെ ക്രയിനുകളുപയോഗിച്ച് ഒരു മുറിയിൽ നിരത്തുന്നതിൽ, അതുമല്ലെങ്കിൽ ഒരു ഹാളിൽ വെള്ളം നിറച്ച് സൂക്ഷിക്കാനും അതിലൂടെ നടക്കുന്നത് വേദനയുടെ കടലിലൂടെയുള്ള യാത്രയാണെന്ന് ധ്വനിപ്പിക്കാനും ) അതിന്റെ സൗന്ദര്യമൂലകത്തിനു ഏതു നിലയ്ക്കാണു പകരമാവുന്നതെന്ന് ഒരു ചോദ്യമുണ്ട്. കോഴിക്കോട് ബാബു ഭരദ്വാജ് അനുസ്മരണം നടക്കുന്നതിനിടയിൽ ഒരു പ്രസംഗകൻ, കേരളത്തിലെ കശുവണ്ടി തൊഴിലാളികൾക്ക് ക്ഷേമപെൻഷൻ നൽകാൻ വേണ്ട തുകയും കേരളത്തിലെ ബിനാലെയ്ക്കുവേണ്ടി സർക്കാർ ചെലവഴിക്കുന്ന തുകയും തമ്മിൽ താരതമ്യം ചെയ്യുകയുണ്ടായി. സ്വാഭാവികമായും റൗൾ സുരീത്തയുടെ സാമൂഹിക പ്രതിബദ്ധതയും ( അയ്‌ലാൻ കുർദ്ദിയുടെ മരണമാണ് റൗൾ എന്ന ചിലിയൻ കവി ‘വേദനയുടെ കടലിനു പ്രമേയമാക്കിയത്. സ്വല്പം ചിന്തിച്ചാൽ മരണമല്ല, ആ മരണത്തെ, അഭയാർത്ഥിപ്രശ്നവും മതവെറിയും ഒക്കെ ചേർത്ത് ലോകശ്രദ്ധയിൽകൊണ്ടുവന്ന ഫോട്ടോഗ്രാഫാണ് ഇൻസ്റ്റലേഷന്റെ ഗൃഹപാഠം ) കശുവണ്ടിതൊഴിലാളികളുടെ ദാരിദ്ര്യത്തെപ്പറ്റിയുള്ള ഉത്കണ്ഠയിലെ സാമൂഹിക പ്രതിബദ്ധതയും തമ്മിൽ ചെറിയൊരു മൽപ്പിടിത്തമുണ്ട്.
ഇതിവിടെ പറയാൻ കാരണം, ബാഹുബലി രണ്ടിലേക്ക് ജനങ്ങളെ മൊത്തം പുറത്തിറക്കി വരി നിർത്തുന്ന ഒരു ഘടകത്തെപ്പറ്റി അത്ര സുഖകരമല്ലാത്ത ചിന്ത ഉണ്ടായതുകൊണ്ടാണ്. ടൈറ്റാനിക്കും ജുറാസിക് പാർക്കും അവതാറും സ്പൈഡർമാനും ടാൻഗിൾഡും ഹാരിപോട്ടറും കരീബിയൻ കടലിലെ കൊള്ളക്കാരുംപോലെയുള്ള പെരുമ്പടപ്പുകൾ വെറും കണ്ണൂട്ടു ഉത്സവങ്ങൾ മാത്രമല്ല. അവ അതുവരെയുള്ള സമൂഹത്തെ സാങ്കേതികമായും സൗന്ദര്യശാസ്ത്രപരമായും കുറച്ചുകൂടി ഉന്തിത്തള്ളിക്കൊണ്ടു പോകുന്നുണ്ട്. ഇഴപിരിച്ചെടുക്കാവുന്ന ചരിത്രത്തിന്റെയും ശാസ്ത്രത്തിന്റെയും മറ്റും വിവക്ഷകൾ വേറേ. ഇന്ത്യയിലെ കഥ മറ്റൊന്നാണ്. പുറന്നാടുകൾ അവരവരുടെ ആവിഷ്കാരത്തിനായി കണ്ടു പിടിച്ച്, പ്രയോഗിച്ചു വിജയിപ്പിച്ച വകകളെ കൂടിയ വിലകൊടുത്ത് എടുത്തണിയുക എന്നതിനപ്പുറം അവയ്ക്ക് വേറെ ഉദ്ദേശ്യശുദ്ധികളൊന്നും ഇല്ല. പുറംമോടി മാത്രമാണ് ഇവിടത്തെ കച്ചവടത്തിന്റെ ഹിക്മത്ത്.
ബാഹുബലി 2, യുക്തിപരമായോ ചരിത്രപരമായോ കലാപരമായോ യാതൊരു അടിസ്ഥാനവും ഇല്ലാത്ത ഒരു പേട്ടുതേങ്ങയാണ്. പൊളിച്ചു നോക്കിയാൽ മനുഷ്യനു നാണം കെടാനുള്ള എല്ലാ വകകളും അതിലുണ്ട്. (ചലച്ചിത്രങ്ങൾ സമകാലികമായി സ്വായത്തമാക്കിയ സാങ്കേതികമായ മികവുൾപ്പടെ) സാധാരണ ജനപ്രിയവകകളിൽ ആലോചനയ്ക്കുപറ്റിയ എന്തെങ്കിലും മൂലകങ്ങൾ കയറിപ്പറ്റിയിരിക്കും. തെലുങ്കിലുണ്ടായി, തമിഴിലൂടെ കേരളത്തിലെത്തിയ വകയിലാവട്ടെ അങ്ങനെ അരിച്ചെടുക്കാനുള്ള തരികൾ പോലും മിഥ്യയാവുന്നു. എങ്കിലും അവ നമ്മുടെ വീടുകളിൽനിന്ന് കുഞ്ഞുകുട്ടി പരാതീനങ്ങളെ വെളിയിലിറക്കി തിയറ്ററിലേക്ക് നടത്തിക്കുന്നു. ബാഹുബലി കണ്ടില്ലെങ്കിൽ എന്തോ കുറവ് സംഭവിക്കുന്നു എന്ന അപകർഷം ഉണർത്തുന്നു. തിയേറ്ററുകളിലല്ല മനുഷ്യരുടെ ബോധമണ്ഡലത്തിലാണ് ബാഹുബലിയും അതിന്റെ ക്ലൈമാക്സും സസ്പെൻസും പ്രേമവും പകയും നിറഞ്ഞോടുന്നത്. ഇതിന്റെ പൂർവഗാമി - ബാഹുബലി ഒന്ന് - ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രമായിരുന്നു എന്നുംകൂടി ഓർക്കുക.
ഒരു കാര്യം ഉറപ്പാണ്, വിശാഖൻ തമ്പി സെമിനാറിൽ വിശദീകരിച്ചതുപോലെ, മനുഷ്യരാശി മസ്തിഷ്കശേഷിയും കണ്ടുപിടിത്തങ്ങളുമായി കുതിച്ചുച്ചാട്ടം നടത്താൻ തുടങ്ങിയ കാര്യമൊന്നും ഒരു വർഗം എന്ന നിലയിൽ പൊതുവേ മനുഷ്യരുടെ മസ്തിഷ്കം ഉൾക്കൊണ്ടിട്ടില്ല. ഭൂരിഭാഗത്തിന്റെയും തലയിൽ ഇപ്പോഴും ആദിമനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾക്കായുള്ള താത്പര്യങ്ങളും പ്രചോദനങ്ങളുമേയുള്ളൂ.
ഇച്ചിരി എള്ളും പിണ്ണാക്ക്, ഇച്ചിരി കാടി വെള്ളം, ഇച്ചിരി തേങ്ങാപ്പിണ്ണാക്ക് എന്ന മട്ടിൽ. അമറി വിളിക്കാൻ ഒരു തൊണ്ടയും, കുത്താൻ രണ്ടു കൊമ്പും. മതി.. അതിനപ്പുറമുള്ള ആവശ്യങ്ങൾ അവർക്ക് അനാവശ്യങ്ങളാണ്... അതിന് ശാസ്ത്രീയമായ തെളിവുണ്ട് ; ബാഹുബലി 2.
Post a Comment