January 27, 2016

സദാചാര കരച്ചിലുകളുടെ രാഷ്ട്രീയം


കഥയുണ്ട് സൂക്ഷിക്കുക :

'18+' ൽ ഷാജികുമാർ അവതരിപ്പിച്ച സമൂഹത്തിന്റെ അബോധത്തിലെ പ്രശ്നങ്ങളെയാണ് 'കന്യകാടാക്കീസിൽ' മനോജ് യുവത്വത്തിന്റെ ഒഴിയാബാധയാക്കി ഒത്തുതീർപ്പാക്കിയത്. കൂടെ , സാമൂഹിക പ്രതിബദ്ധതയ്ക്കായി സിനിമ എന്ന ദൃശ്യകാവ്യം സ്ത്രീ ശരീരത്തെ നാളിതുവരെ ഉപയോഗിച്ചതിനെ ബുദ്ധിപരമായി ശകാരിക്കുകയും ചെയ്തു. സംഭവം സക്സസ്!  തുണ്ടിനായി കിടന്നു കൂവുന്ന കാണികളെ പ്രൊജക്ടർ റൂമിലെ കിളിവാതിലിലൂടെ നോക്കിയിട്ട് കുതിരവട്ടം പപ്പുവിന്റെ ഒരു കഥാപാത്രം  'കിട്ടേണ്ടതു കിട്ടിയപ്പം കൂവലു നിർത്തി, ശവങ്ങൾ' എന്നും പറഞ്ഞ് കാറിത്തുപ്പിക്കൊണ്ട് ആട്ടുന്നത് ഒരു സിനിമയിൽ ഉണ്ട്, കുത്തുവാക്കായി. അതുകേട്ടും ജനം ചിരിക്കും. കാണാനാഗ്രഹിക്കുന്നത് പുറത്തെടുത്തിടാൻ വയ്യാത്ത വകകളാണെങ്കിൽ അതിനെ കളിയാക്കുന്നതിലൂടെ ലഭിക്കുന്ന ആനദം ഒരു മുൻകൂർ ജാമ്യമെടുക്കലാണ്, മൃദുവായ ശിക്ഷ ഏറ്റുവാങ്ങിക്കൊണ്ട് തന്റെതന്നെ ആഗ്രഹങ്ങളോട് കൂടുതൽ രാജിയാകാനുള്ള മുന്നൊരുക്കം.

ശരീരം എക്കാലത്തെയും വലിയ അശ്ലീലമാണ്. സ്ത്രീയുടെ ശരീരം അതിന്റെ പ്രലോഭനം വച്ചുകൊണ്ടുതന്നെ കൂടുതൽ വെറുപ്പിക്കുന്ന ഒന്നാണെന്ന് ഒരു ഭാവം പുറമേ ചമയാൻ  വല്ലാത്ത ത്വരയുണ്ട് മനുഷ്യർക്ക്.. ('പെണ്ണിന്റെ നിറഞ്ഞമാറും പൊക്കിൾത്തടവുമൊക്കെ കണ്ട് വെറുതേ മോഹാവേശങ്ങൾ കാണിക്കരുത്'... ശങ്കരാചാര്യർ..)   മാർത്താണ്ഡന്റെ 'പാവാട' എന്ന സിനിമ, ആദ്യത്തെ പകുതിയിലെ കൊമ്പിടാൻ തമാശകൾ കഴിഞ്ഞ് രണ്ടാം പകുതിയിൽ മുഴുവൻ നാടകം കളിച്ച് വികാരം മുറുക്കുന്നത്,  ഈ (സ്ത്രീ) ശരീരത്തിന്റെ തുറന്നുകാണിക്കലിനെ സംബന്ധിച്ചുള്ള ന്യായാന്യായ വിവേചനം നടത്തിക്കൊണ്ടാണ്. പെണ്ണിന്റെ ശരീരം സ്ക്രീനിൽ  വന്നതോടെ (സമൂഹത്തിൽ അനാവൃതമായതോടേ) ഭർത്താവിനും മകനും ഉണ്ടാവുന്ന ജീവിത തകർച്ചയെയാണ് സിനിമ പൊലിപ്പിക്കുന്നത്. കല്യാണം കഴിഞ്ഞാലും ചാരിത്ര്യം തകരാതെ കാമുകിയെ രക്ഷിച്ച് കാമുകനെത്തിക്കുന്ന, നമ്മുടെ സിനിമകളിലെ കാവ്യനീതിവച്ച്, ഇവിടെ ശരീരത്തിനുള്ള പാവനത്വം മറ്റൊരു വിധത്തിൽ സംരക്ഷിക്കപ്പെടുന്നു എന്നേയുള്ളൂ. അതായത് തുറന്നു കാണിച്ചത് ഈ പറയുന്ന ഭാര്യ- കം അമ്മയുടെ സാത്വിക ശരീരമല്ല. അവരുടെ അനുവാദത്തോടെയുമല്ല, മറിച്ച് മറ്റൊരു സ്ത്രീയുടെയാണ്. അവർക്ക് ഭർത്താവുമില്ല.

ഇതിൽ ചതിയെന്ന മൂലകത്തിന് രണ്ടാം സ്ഥാനമേയുള്ളൂ. പ്രധാനം ശരീരം എന്ന ഗൂഢവസ്തുവിന്റെയാണ്. മേൽപ്പറഞ്ഞ സ്ത്രീയുമായി ബന്ധപ്പെട്ട രണ്ടാളുകൾ - അവരുടെ ഭർത്താവും മകനും - കള്ളു കുടിയന്മാരാണ്. അതൊരു തെറ്റല്ല, കാരണമവർ കുടിച്ചു തീരുക്കുന്ന കള്ളിനേക്കാൾ എത്രയോ മടങ്ങാണ് അവർ കുടിച്ച കണ്ണീർ എന്നൊരു കവിവാക്യം ( ഫെയിസ് അഹമ്മദ്) സിനിമയുടെ ആദ്യം തന്നെ എഴുതി കാണിക്കുന്നുണ്ട്. കള്ളു കുടിയനായ ഭർത്താവ് ചൊല്ലു വിളിയുള്ള ആളല്ല, അതേ മാതിരിയാണ് മകൻ.. രണ്ടും ദുർബല കഥാപാത്രങ്ങൾ. അച്ഛനെ പോലെ തന്നെ മകൻ, ദൈവഭയമുള്ള സാത്വികയായ ഭാര്യയെ സംശയിക്കുകയും ചെയ്യുന്നു, (അതും യേശു പ്രതിമയോട് ഭാവുകത്വപരമായി സംസാരിച്ചതിന്) ഇയാളുടെ പിതാവ് മുൻപ് അണ, പൈസ ചോദിച്ചു വാങ്ങിച്ചുകൊണ്ട്, പണത്തിനു വേണ്ടി ഭാര്യയെ സിനിമയിൽ വിട്ട ആളാണ്.  സിനിമയിലെ ശരീര പ്രദർശനം പ്രശ്നമായപ്പോൾ  ഭാര്യയെ കൈവിട്ടു. അതുകൊണ്ട് അയാൾ ഒരു തെറ്റുകാരനല്ലെന്ന് സിനിമ പറയുന്നു.   കള്ളുകുടിയന്മാർ സത്യസന്ധരും ഭാവനാശാലികളും ആണത്രേ. അവരുടെ പാപം പാപമല്ല, എന്നാൽ സ്ത്രീയുടെ ചാരിത്ര്യവും ശരീരവും (മറ്റുള്ളവരുടെ) ജീവിത ദുരന്തത്തിനുള്ള കാരണമാണ്. ഏതു സമയത്തും അങ്ങനെയാകാം.

പാവാട എല്ലാത്തരത്തിലുള്ള ആൾക്കാരെയും രസിപ്പിക്കുന്ന സിനിമയാണെന്നാണ് (നിർമ്മാതാവിന്റെ) അവകാശവാദം.  കാശു കൊടുത്ത് സിനിമയ്ക്കു കേറുന്നവന് രസിക്കണം, അവന് ബ്രഹ്മാണ്ഡതത്ത്വമല്ല ആവശ്യം. (എന്ന് മണിയൻ പിള്ളരാജു) സിനിമ ആദ്യപകുതിയിൽ ഈ പറഞ്ഞ ജനങ്ങളെ രസിപ്പിക്കുന്നത് അതിലെ സംഭാഷണങ്ങളിലെ  തെറിയും ദ്വയാർത്ഥങ്ങളും വച്ചാണ്. വണ്ടിയിലിരിക്കുന്ന കുണ്ടി, കൊതവും കുത്തി വീണാൽ, കമ്പി എന്നു പറയുമ്പോൾ കമ്പിയെന്നു മാത്രം അർത്ഥമെടുത്താൽ പോരേ? ഇതൊരുമാതിരി മൈ... ( മൈനാകം കടലിൽനിന്നുയരുന്നുവോ) ഇതൊരു മാതിരി പൂ.. ( പൂമാനമേ.. ഒരു രാഗമേഘം താ..) ഈ മട്ടിലാണ് തിയേറ്റർ ഇളകി ആളുകൾ ചിരിപ്പിക്കുന്ന സംഭാഷണത്തിന്റെ പോക്ക്. ആണുങ്ങളുടെ സംഭാഷണത്തിലെ അശ്ലീലം,  സിനിമയെ വിജയിപ്പിക്കുന്ന രസകരമായ ഒരു ഘടകമായിരിക്കുമ്പോൾ, സ്ത്രീ ശരീരം ഒരുതരം പ്രായശ്ചിത്തം ചെയ്യേണ്ട 'പാപ'മാണെന്ന മട്ടിലാണ് സിനിമാ സന്ദേശത്തിന്റെ പോക്ക്. അതായത് സിനിമയിലെ ഡയലോഗിൽ പറയുന്നതുപോലെ 'വേശ്യയുടെ ചാരിത്ര്യ പ്രസംഗം' എന്ന്..  സിനിമ ഉള്ളടക്കിയിരിക്കുന്നത് അത്തരമൊരു കാപട്യമാണ്. സ്ത്രീയുടെ അനുവാദമില്ലാത്ത ശരീരപ്രദർശനം എന്നൊക്കെയുള്ളത് ദുർബലമായി തിരുകിക്കേറ്റിയ നാടകീയതയാണ്. അത് പെൺകുട്ടികളുടെ അമ്മയുടെ വിജയിച്ച ജീവിതം കാണിക്കുന്നിടത്ത് പൊളിയുന്നുണ്ട്. ( സമ്മതത്തോടെ ശരീരം കാണിച്ച സ്ത്രീ ജീവിതത്തിൽ വിജയിക്കുന്നു, അല്ലാത്തവൾ ജീവിതത്തിൽ പരാജയപ്പെടുന്നു..) കള്ളത്തരം സത്യത്തേക്കാൾ രസകരമാണെന്നതുകൊണ്ട് ജനത്തിനു സുഖിക്കും. ഒപ്പം അബോധത്തിൽ കുമിഞ്ഞുകിടക്കുന്ന ഒരു ഇച്ഛാഭംഗത്തിനു തീറ്റികൊടുക്കാൻ പറ്റിയതരത്തിലുള്ള ഒരു സന്ദേശം കിട്ടിയതിന്റെ നിറവും.

സിനിമ കാണിക്കുന്ന കള്ളത്തിന് വേറൊരു ഉദാഹരണം കൂടി. മുരളിഗോപിയുടെ കഥാപാത്രത്തെ എന്തോ ഭയങ്കരൻ സംവിധായകനായിട്ടാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. അയാൾ ബാറിൽ വച്ച് പറയുന്ന കഥകേട്ടാണ് നിർമ്മാണത്തെപ്പറ്റി ഒന്നും അറിയില്ലെങ്കിൽകൂടി അനൂപ് മേനോന്റെ കഥാപാത്രം സിനിമ നിർമ്മിക്കാൻ പുറപ്പെടുന്നത്. നല്ല സിനിമയാണ് ലക്ഷ്യം. ഇനി ആ കഥ കേട്ട് ബാറിലെ മുഴുവൻ ആളുകളും കൈയടിക്കുന്ന ഒരു സീനും സിനിമയിലുണ്ട്. ഒരു സിനിമതന്നെ നല്ല സിനിമയെപ്പറ്റി അവതരിപ്പിക്കുന്ന കഥ എന്തുപൊട്ടയാണെന്ന് കേട്ടു നോക്കിയാൽ അറിയാം.  പാവാട എന്ന സിനിമ, നല്ല മലയാള സിനിമ എന്ന പേരിൽ വച്ചു പുലർത്തുന്ന സങ്കല്പം അയാളുടെ ആ പുകമറ വാചകത്തിൽ ഉണ്ടെന്നു പറഞ്ഞാൽ എല്ലാമായി. അതിനേക്കാൾ എന്തുകൊണ്ടും പ്രായോഗികമാണ് കലാഭവൻ ഷാജോണിന്റെ കഥാപാത്രത്തിന്റെ ചെയ്‌വനകൾ.. അയാൾ പഴയ പ്രസിദ്ധമായ ഒരു 'എ' ചിത്രം പുതിയ കാലത്തിനനുസരിച്ച് ത്രീഡിയിൽ റീമേക്കു ചെയ്യാനാണ് തുടങ്ങിയത്. അപ്പോൾ അതുവേണ്ടെന്നു പറഞ്ഞു ഒരു സംഘം രംഗത്തുവരുന്നു, പിരി മുറുകുന്നു. അവസാനം വേണ്ട എന്നുള്ളതു ജയിക്കുന്നു.

അമ്മ എന്ന സങ്കല്പത്തെ സമകാലിക നിരോധന രാഷ്ട്രീയങ്ങളുമായി കൂട്ടു പിടിച്ച് നമുക്ക് വാർത്തെടുക്കാവുന്ന അച്ചുകൾ നോക്കിയാൽ മതി ഈ സിനിമയുടെ ഇംഗിതങ്ങൾ അത്ര നിരുപദ്രവകരമല്ലെന്നു മനസ്സിലാക്കാൻ. ഭാരതമാതാവ്, സരസ്വതി, സീത ഇവരൊക്കെ നഗ്നരാവാൻ പാടില്ലാത്ത സ്ത്രീ സ്വത്വങ്ങളാണെന്ന് പൊതുജനത്തിനെ അറിയിക്കാൻ പലമാർഗങ്ങളിലൊന്ന്, പാരമ്പര്യം സംസ്കാരം തുടങ്ങിയ ഇരിക്കുന്ന പാത്രത്തിന്റെ ആകൃതിയിൽ രൂപം മാറുന്ന വസ്തുക്കളെ വച്ചുള്ള വൈകാരികതയാണ്. നമ്മൾ ഈ പറയുന്ന അർത്ഥത്തിലുള്ള സംസ്കാരം, ആസന്ന ഭൂതത്തിലുള്ള വൈദേശിക ചരക്കാണ്. ഇന്ത്യൻ സഭ്യത, പാരമ്പര്യം തുടങ്ങിയ കള്ളികൾക്കുള്ളിൽ നിറഞ്ഞ് ഒതുങ്ങി നിൽക്കുമെന്ന് അറിയാവുന്നതുകൊണ്ടാണ് സ്ത്രീയെ മുൻ നിർത്തിയുള്ള സദാചാര വിചാരങ്ങൾക്ക് വർത്തമാനവസ്ഥയിൽ വില കൂടുന്നത്. സിനിമയുടെ നിർമ്മാണത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിൽ അമ്മ - മകൻ ബന്ധം മലയാള സിനിമയിൽ വന്നിട്ട് കാലം കുറെ ആയതിനെപ്പറ്റിയും നിർമ്മാതാവായ മണിയൻ പിള്ള രാജു പരാമർശിക്കുകയുണ്ടായി. സ്ക്രീനിൽ സ്ത്രീയുടേതെന്നു പറഞ്ഞു വരാൻ പോകുന്ന ശരീരം തന്റെ അമ്മയുടെതാണെന്നും അതൊരിക്കലും അനുവദിക്കരുതെന്നുമാണ് മകന്റെ വിനീതമായ അപേക്ഷ,  കോടതി എന്ന അധികാരത്തോട്.. അതിന്റെ ഒരു പ്രായോഗിക വശം നമ്മൾ തെരുവിൽ കണ്ടതാണ്.. അതിന്റെ ഭാവാത്മകവശം വ്യക്തിരൂപകമായി സ്ക്രീനിൽ കാണുന്നു...

സണ്ണിലിയോണിന്റെ അശ്ലീലമല്ലാത്ത ശരീരത്തിന്റെയും നമ്മുടെ ശിരസ്സിനു മുകളിലൂടെ കടന്നുപോകുന്ന ലൗ എന്ന ത്രീഡി സിനിമയുടെയും വർത്തമാനസ്ഥിതിയിൽനിന്നുകൊണ്ട് 'പാവാട'എന്ന സിനിമ ശരീരം എന്ന പാപസങ്കല്പത്തെ ഊട്ടി ഉറപ്പിക്കാൻ നടത്തുന്ന ദയനീയവും അതിഭാവുകത്വപരവുമായ ശ്രമങ്ങളെ നോക്കിയിരിക്കുന്നത് രസകരമാണ് !


Post a Comment