March 13, 2015

രാത്രികളെ നിശ്ശബ്ദമാക്കുന്നത്





ഡോക്യുമെന്ററി സംവിധായകൻ എന്നു പേരെടുത്ത റെയിസ് സെലിക്കിന് ബെർലിൻ രാഷ്ട്രാന്തരീയ ചലച്ചിത്രോൽസവത്തിൽ  നല്ല സിനിമയ്ക്കുള്ള ക്രിസ്റ്റൽ കരടി പുരസ്കാരവും, മികച്ച തിരക്കഥയ്ക്കുള്ള ഏഷ്യാ പസഫിക് സ്ക്രീൻ അവാർഡും നേടിക്കൊടുത്ത പുതിയ തുർക്കി ചിത്രം നിശ്ശബ്ദതയുടെ രാത്രി (Lal Gece) തുർക്കിയിലെ ഉൾനാടൻ ഗ്രാമത്തിലെ ഒരു വിവാഹച്ചടങ്ങിനെ ആധാരമാക്കിയുള്ളതാണ്. രണ്ട് അഭിമാന കൊലപാതകങ്ങൾ ചെയ്ത് ജീവിതത്തിന്റെ നല്ല പങ്കും ജയിലിൽ കഴിച്ചുകൂട്ടിയ ദമത് (ഇല്യാസ് സൽമാൻ) എന്ന അറുപതുകളിലെത്തിയ മനുഷ്യൻ, പതിനാലുകാരിയായ ജെലിൻ (ദിലൻ അക്സുത്)എന്ന സുന്ദരി പെൺകുട്ടിയെ വിവാഹം കഴിച്ച രാത്രിയിലെ കഥയാണ്  92 മിനിട്ടുള്ള സിനിമയിൽ വിവരിക്കുന്നത്.  വിവാഹം രണ്ടു മനസ്സുകളുടെ ചേർച്ചയേക്കാൾ രണ്ടു കുടുംബങ്ങൾ തമ്മിലുള്ള കരാറുകൂടിയാണ്. വർഷങ്ങൾ നീണ്ടുനിന്ന കുടുംബങ്ങളുടെ പകയാണ് വിവാഹത്തോടെ തീരേണ്ടത് എന്ന് സംഭാഷണങ്ങൾ ഓർമ്മിപ്പിക്കുന്നു. കൌമാരപ്രായം കടന്നിട്ടില്ലാത്ത പെൺ കുട്ടി അവളുടെ ജീവിതത്തിലെ പ്രധാനദിവസം, ബന്ധു ജനങ്ങളിൽനിന്നും അമ്മായിയമ്മയിൽനിന്നുമൊക്കെ കേൾക്കുന്ന വാക്യം, ഇതാണ് : നീ കുടുംബത്തിനു നാണക്കേടുണ്ടാക്കരുത് !
സിനിമ ആരംഭിക്കുന്നത് ഒരു ശവപ്പറമ്പിൽനിന്നാണ്. (അദ്ഭുതകരമായി അതവസാനിച്ചേക്കാവുന്നതും അവിടെ തന്നെ) വിവാഹത്തിനു തയാറെടുക്കുന്ന മനുഷ്യൻ പ്രാർത്ഥനയോടെ പുതിയ ജീവിതം ആരംഭിക്കുന്നത് അവിടെനിന്നാണ്. ആദ്യത്തെ പതിനഞ്ചു മിനിട്ടിനു ശേഷം ക്യാമറ നവവധൂവരന്മാരുടെ മുറിയിൽ ഇരിപ്പുറപ്പിക്കുന്നു. ബാക്കി സിനിമയുടെ മുഴുവൻ ഭാഗവും പരസ്പരം ഒരു കാര്യത്തിലും പൊരുത്തമില്ലാത്ത രണ്ടുപേരുടെ ഇടുങ്ങിയ വ്യവഹാരത്തെ പ്രതീകമാക്കുന്ന മുറിയാണ്. ഏറ്റവും അവസാനത്തെ ദൃശ്യത്തിൽ മാത്രമാണ് ക്യാമറ മുറിവിട്ടു സൂര്യോദയത്തിലുള്ള ഒരു വിദൂരഗ്രാമദൃശ്യത്തിനായി മെല്ലെ പുറത്തു വരുന്നത്. പുലരിയുടെ പറഞ്ഞുവച്ച മനോഹാരിത ഒപ്പിയെടുക്കാനായല്ല,  ഒരു രാത്രിയിലെ ജീവിതം സമ്മാനിച്ച നടുക്കംകൊണ്ട് കാണികളുടെ ഹൃദയങ്ങളിലെ നിശ്ശബ്ദതയെ കൂടുതൽ മുഴക്കമുള്ളതാക്കാൻ വേണ്ടി.  
വിവാഹം ഫലപ്രാപ്തിയിലെത്തുന്നത്, പിറ്റേന്ന് മുതിർന്ന ഗ്രാമസ്ത്രീകൾ അമ്മായിയമ്മയുടെ നേതൃത്വത്തിൽ വധുവിന്റെ കിടക്കയിൽ വിരിച്ച വെളുത്തതുണിയിൽ പതിച്ച ചോര പരിശോധിച്ച് ഉറപ്പു വരുത്തുമ്പോഴാണ്. കന്യകയല്ലാത്ത വധു മറ്റൊരു അപമാനമാണ് കുടുംബത്തിന്. അതൊരു കുടുംബത്തെയല്ല രണ്ടു കുടുംബത്തെ വീണ്ടും അഭിമാനകൊലകളിലേയ്ക്ക് നയിക്കാനുള്ള സാധ്യതയുണ്ട്. ചലച്ചിത്രത്തിലാകെ വിങ്ങി നിൽക്കുന്നത് ഇത്തരം ആശങ്കകളാണ്.
പെൺകുട്ടി കൌമാരകാലം കഴിയാത്ത കളിപ്രായക്കാരിയാണ്. എങ്കിലും പാരമ്പര്യവിധിപ്രകാരം വരനെ പരിചരിക്കുന്നതെങ്ങനെ എന്നതിൽ അവൾക്ക് ശിക്ഷണം കിട്ടിയിട്ടുണ്ട്. അവൾ രാത്രിയെ സ്വാഭാവികമായി പേടിക്കുന്നു.  അവളുടെ പേടി  ആദ്യരാത്രിയിലെ നിർണ്ണായക നിമിഷത്തെപ്പറ്റിയാണ്, പ്രണയമില്ലാത്ത ലൈംഗികത കഴുത്തറുക്കുമ്പോലെയൊരു നിലവിളിയാണെന്നും എന്നാൽ ഒച്ച വെളിയിൽ കേൾപ്പിക്കാൻ പറ്റില്ലെന്നും  അവൾക്കാരും പറഞ്ഞുകൊടുക്കേണ്ടതില്ലല്ലോ. അതുകൊണ്ട് അവളത് താമസിപ്പിക്കാനുള്ള വഴികൾ നോക്കുന്നു. കളിച്ചുകൊണ്ട്, കഥകൾ പറയാൻ അയാളോട് ആവശ്യപ്പെട്ടുകൊണ്ട്. ഇത്രയും നാൾ ജീവിതം മറ്റാർക്കോ വേണ്ടി പാഴാക്കിയെന്നു വിചാരപ്പെടുന്ന അയാൾക്ക് പുരുഷത്വം തെളിയിക്കാനുള്ള രാത്രിയാണത്.  ഒരു സംഘർഷം  നിശ്ശബ്ദമായി രൂപപ്പെടുന്നത് അങ്ങനെയാണ്.
കട്ടിലിന്റെ അടിയിൽ ആരോ ഒളിച്ചിരിക്കുന്നുണ്ടാവും എന്ന പേടിയാണ് ജെലിനെ ആദ്യം അളട്ടുന്നത്, ഇന്നെ വിളക്കണച്ചാലുള്ള ഇരുട്ടിനെയായി. ദമതിന്റെ പിതാവിന്റെ ഫോട്ടോയിലെ കൊമ്പൻ മീശയായി പിന്നെ അവളുടെ പേടി. ഇതിനിടയ്ക്ക് ഷഹമറാൻ എന്ന നാഗകന്യകയുടെ പ്രണയത്തിന്റെ കഥ അയാളെക്കൊണ്ട് പറയിപ്പിച്ച് അവൾ കരയുന്നു.  പിന്നെ അവളുടെ ഭയം ഭർത്താവിന്റെ മീശതന്നെയായി മാറുന്നു. കൌമാര കുതൂഹലങ്ങൾക്കപ്പുറത്ത് അവൾ ഉൾന്നാടൻ തുർക്കിയിലെ പ്രതീകവത്കരിക്കപ്പെട്ട സ്ത്രീത്വംകൂടിയാണ്. (മതപരസമൂഹങ്ങളെ ചിത്രീകരിക്കുമ്പോൾ സംവിധായകരുടെ സർഗാത്മകത അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണിത്, 1955-ലെ, സത്യജിത് റായിയുടെ പഥേർ പാഞ്ചാലിയിൽ, തന്റെ വിവാഹത്തെക്കുറിച്ചോർത്തു ദുഃഖിക്കുന്ന പതിനഞ്ചുകാരിയായ   ദുർഗയെ ഒരിടത്തു കാണാം. അത്തരമൊരു ചിന്ത 15 കാരിക്കുണ്ടാവുമോ എന്ന യുക്തിയോ മനശ്ശാസ്ത്രബോധമോ സംവിധായകനെ അലട്ടാത്തതിനുകാരണം അത് അത്രയ്ക്ക് അന്നത്തെ സമൂഹവുമായി ഇഴുകിച്ചേർന്നിരിക്കുന്ന കാര്യമായതുകൊണ്ടാണ്)
ദമത് ചെലവഴിച്ച ജയിൽക്കാലത്തെക്കുറിച്ച് ആളുകൾ പരാമർശിക്കുന്നുണ്ടെങ്കിലും അയാൾ എന്തിനുവേണ്ടിയാണ് ജയിലിൽ പോയതെന്ന് സിനിമയുടെ അവസാനമാണ് വ്യക്തമാകുന്നത്. തന്റെ ഭാര്യയായ പെൺകുട്ടിയെ പേടിപ്പിക്കുന്ന മീശ എടുത്തുകളഞ്ഞിട്ട് അവളുടെ അടുക്കലേയ്ക്ക് വരുന്ന പുറമേ പരുക്കനായ കൈയ്യിൽ തോക്കുകൊണ്ടുണടക്കുന്ന ജീവിതത്തിന്റെ നല്ലഭാഗം മുഴുവൻ ജയിലിൽ ചെലവഴിച്ച  മനുഷ്യൻ എത്രത്തോളം നിസ്സഹായനും വിധിയുടെ ഇരയുമാണെന്ന് അയാളുടെ വാചകങ്ങളിൽനിന്നാണ് വെളിപ്പെടുന്നത്. അയാൾ ജീവിതകാലം മുഴുവൻ മറ്റുള്ളവരുടെ ഉപകരണമായിരുന്നു.  ഒരു സ്ത്രീയെ വിവാഹം കഴിക്കാൻ ഉമ്മ പറഞ്ഞപ്പോൾ അതു ചെയ്തു. അവളെ മൊഴിചൊല്ലാൻ പറഞ്ഞപ്പോൾ അയാൾ അതും ചെയ്തു. സ്വന്തം ഉമ്മ കുടുംബത്തിനു കളങ്കമാണെന്ന്  അമ്മാവൻ പറഞ്ഞു. അയാൾ അവരെ കൊന്നിട്ട് ജയിലിൽ പോയി. 20 വർഷം കഴിഞ്ഞ് തിരിച്ചിറങ്ങിയപ്പോൾ  മറ്റൊരാളെ ചൂണ്ടിക്കാട്ടിയിട്ട് അമ്മാവൻ പറഞ്ഞു  : ഇയാൾ നമ്മുടെ കുടുംബശത്രുവാണ്. കൊല്ലൂ.  അയാൾ അതു ചെയ്ത് പിന്നെയും ജയിലിൽ പോയി. നവവധുവിനോട് അയാൾ കുമ്പസരിച്ചത്, നീ ഭയപ്പെട്ട മീശയ്ക്കു പിന്നിൽ നീ വിചാരിക്കുന്നതുപോലെ ഒരാണില്ല എന്നു പറഞ്ഞാണ്.
 നമ്മിലാരാണ് കൂടുതൽ ഭയന്നിരിക്കുന്നത് എന്നായിരുന്നു അയാളുടെ അവസാന വാചകം. ആദ്യരാത്രിയിലെ ലൈംഗികകൃത്യം നടന്നു കഴിഞ്ഞാൽ ജനാലയ്ക്കടുത്തുനിന്ന് വരൻ രണ്ടു പ്രാവശ്യം തോക്കിൽനിന്നും വെടിപൊട്ടിക്കണം എന്നാണ് ചടങ്ങ്. അതുകേട്ടുവേണം കന്യകാത്വ പരിശോധകർക്കു വരാൻ. പെൺകുട്ടിയുടെ ഭയത്തേക്കാൾ ആഴമുള്ളതാണ് അയാളുടെ സമൂഹത്തെ മുൻ നിർത്തിയും അഭിമാനത്തെക്കുറിച്ചും ഉള്ള രോഗാതുരമായ ഭീതി. മണിയറയിൽ ഒന്നും നടന്നിട്ടില്ല. അതയാളെ നാണം കെടുത്തുന്നു. അയാളെ സംബന്ധിച്ചിടത്തോളം അതു കുറ്റബോധങ്ങളൂടെ രാത്രികൂടിയാണ്. അയാൾ ഇടയ്ക്ക് ക്ഷീണം കൊണ്ടൊന്നു മയങ്ങി,  ഉമ്മയെ സ്വപ്നം കണ്ട് നിലവിളിച്ചുണരുന്നുണ്ട്. ഭർത്താവിനെ പരിചരിക്കാനും അനുസരിക്കാനും മാത്രം ശിക്ഷണം കിട്ടിയ പെൺകുട്ടി അയാളുടെ ആത്മാലാപനങ്ങളിൽ മനംനൊന്ത് കിടക്കയൊരുക്കുന്നിടത്തുനിന്നാണ് ക്യാമറ പിടഞ്ഞ് എഴുന്നേൽക്കുന്നത്. ഇത്രനേരവും ചടഞ്ഞുകൂടിയ മുറിയിൽ ഇപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് അറിയിക്കാതെ ഉയരുന്ന ക്യാമറയ്ക്കിടയിൽ ഗ്രാമത്തോടൊപ്പം ഒരു വെടിയൊച്ച നാം കേൾക്കുന്നുണ്ട്. അതുവരെയുണ്ടായിരുന്ന ദൃശ്യപരമായ ചടുലതയിൽനിന്ന് വ്യത്യസ്തമായി ഉദിച്ചു വരുന്ന സൂര്യന്റെ പ്രകാശത്തിൽ വെടിയൊച്ച കേട്ട് ദൂരേനിന്നും പ്രാഞ്ചിപ്രാഞ്ചി വരുന്ന വൃദ്ധരായ സ്ത്രീകളുടെ വിദൂരക്കാഴ്ചയിൽ പ്രതികരണമൊന്നുമില്ലാത്ത കതകിൽ തട്ടിവിളിക്കുന്ന ഒച്ചയിൽ സിനിമ അവസാനിക്കുന്നു.
റെയിസ് സെലിക് സംഗീതം വിഷയമായി പഠിച്ചിട്ടുണ്ട്. എങ്കിലും നിശ്ശബ്ദതയുടെ രാത്രിയിൽ സംഗീതം തീരെ ഉപയോഗിച്ചിട്ടില്ല. സാമൂഹിക സമ്മർദ്ദങ്ങളും ആചാരങ്ങളും സ്ത്രീജീവിതങ്ങളെ എങ്ങനെ പീഡാകരമാക്കുന്നു എന്നു മാത്രമല്ല സിനിമ പറയുന്നത്, അതിനപ്പുറത്ത് വേട്ടക്കാരന്റെ നിസ്സഹായാവസ്ഥകൂടി ചേർത്തുവയ്ക്കുന്നുണ്ട്. വിധിയെന്ന വാക്ക് സിനിമയിൽ ആവർത്തിച്ചു വരുന്നത് വെറുതെയല്ല. സിഗരറ്റുപുക വിടുന്നതിനിടയിൽ ഉള്ളിൽ ഒതുക്കേണ്ടിവരുന്ന ദുഃഖത്തെക്കുറിച്ച് പരുക്കനായ ദമത്,  സുന്ദരിയായ പുതുപ്പെണ്ണിന് പറഞ്ഞുകൊടുക്കുന്ന ഒരു പുതുപാഠമുണ്ട്. ഒതുക്കിപ്പിടിക്കുന്ന ദുഃഖങ്ങളാണ് നിശ്ശബ്ദതയുടെ പാഠങ്ങൾ രാത്രിക്ക് പകർന്നു നൽകിക്കൊണ്ട് അതിനെ കട്ടിപിടിപ്പിക്കുന്നത്.

(Janayugam Varanthyam)