November 13, 2015

കവിതയിലെ പാഠശാലകൾ

പാഠ്യപദ്ധതികളും വിദ്യാലയങ്ങളും കാലഘട്ടത്തിനാവശ്യമായ ബോധത്തെയും കാഴ്ചപ്പാടുകളെയും വളർത്തിയെടുക്കാനുള്ള ഉപാധിയാണ്. സമൂഹരൂപീകരണപ്രക്രിയയിൽ വിദ്യാഭ്യാസത്തിന് ഒന്നാം സ്ഥാനമുണ്ട്. എന്നുവച്ച് സ്വന്തം മനസ്സിന്റെ അരികുപറ്റി നടക്കുന്ന കവികൾക്കും കലാകാരന്മാർക്കും ഭാവിസമൂഹത്തെ രൂപപ്പെടുത്താനുള്ള പ്രതിജ്ഞാബദ്ധമായ ബാധ്യത ഏറ്റെടുക്കാനുള്ള സന്മനസ്സ് ഉണ്ടാവണമെന്നില്ല. അത് രാഷ്ട്രതന്ത്രജ്ഞരുടെയും സമുദായ വിമോചകരുടെയും തത്ത്വചിന്തകരുടെയും ഒക്കെ ഉത്തരവാദിത്തമാണ് എന്നാണ് പൊതുവിശ്വാസം. സമൂഹത്തിന്റെ അതിർത്തിരേഖകളിൽ ഒതുങ്ങിക്കഴിഞ്ഞുകൂടാൻ പുതുതലമുറയെ അഭ്യസിപ്പിക്കുന്ന സ്കൂളുകളും കലാലയങ്ങളും കവികളുടെ സ്വച്ഛസുന്ദരമായ കാല്പനിക ലോകത്തിനു പുറത്തുള്ള യാഥാർത്ഥ്യങ്ങളാണ്.  നിലവിലിരിക്കുന്ന വർഗതാത്പര്യങ്ങളോടും പ്രത്യയശാസ്ത്രങ്ങളോടും നിരന്തരം കലഹിച്ചുകൊണ്ട്, സ്ഥിരമായ ഒരു പ്രതിപക്ഷനിലപാട് കവികൾ എഴുത്തുകാരും സൂക്ഷിക്കുന്നതിനു പിന്നിൽ പുതിയ സമൂഹത്തിന്റെ സൃഷ്ടിക്കുവേണ്ടിയുള്ള അബോധപരമായ ആഗ്രഹമുണ്ടെന്നാണ് പറയുക. നിർമ്മാണത്തിനു വേണ്ടിയുള്ള തകർക്കലിലേ സർഗാത്മകതയുള്ളൂ. പലതും വിഭാവന ചെയ്യുന്ന കൂട്ടത്തിൽ മനുഷ്യസമുദായത്തിന്റെ അനംഗീകൃത നിയമനിർമ്മാതാക്കളായ കവികളും വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സങ്കല്പങ്ങൾ പങ്കുവച്ചിട്ടുണ്ട്. കവിതകളിൽ തെളിയുന്ന ജീവിതദർശനത്തിന്റെ ഭാഗമാണ് വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങളും എന്നു മാത്രം.
അധ്യാപകവൃത്തി പരിചയമുള്ള ആളായിരുന്നു കുമാരനാശാൻ. 1907 ൽ പ്രസിദ്ധീകൃതമായ, ആശാന്റെ പ്രസിദ്ധകൃതി, വീണപൂവിൽ, പൂവിന്റെ വിദ്യാഭ്യാസ രീതി എങ്ങനെയായിരുന്നു എന്ന് എഴുതിയിടുന്നിടത്ത്, പ്രകൃതിയെ സമോസോക്തി മധുരമായി ആശാൻ  ഒരു വിദ്യാലയമാക്കി മാറ്റി. മലയാള കവിതകളിൽ കാണാവുന്ന ഏറ്റവും കുറഞ്ഞ വാക്കുകളിൽ ധ്വനി മുഖരിതമാവുന്ന ഏകവിദ്യാലയം ഒരുപക്ഷേ അതായിരിക്കും. കാലത്തെഴുന്ന കിളികളിൽനിന്ന് തലയാട്ടിക്കൊണ്ടു പൂവ് പാട്ടു പഠിച്ചു. രാത്രികാലങ്ങളിൽ മിന്നിത്തിളങ്ങുന്ന നക്ഷത്രജാലത്തെ നോക്കിനിന്ന് ഈ ലോകതത്ത്വവും പഠിച്ചു.    (വീണപൂവ്) വിശദാംശങ്ങളില്ല. ശ്രദ്ധാലുവായ ഒരു വിദ്യാർത്ഥിനിയുടെ ഭാവം പൂവ് കൈയാളുന്നതാണ് കവിതയിലെ ചമത്കാരം. എന്നാൽ പ്രകൃതി ഒരു പാഠപുസ്തകമായി നിലകൊള്ളുമ്പോൾ അതിൽനിന്ന് കുട്ടിയ്ക്ക് ഉൾക്കൊള്ളാവുന്നതെന്ത് എന്ന് ആലോചിച്ചാൽ കവിതയിൽനിന്നു കിട്ടുന്ന ഉത്തരം ഈ ലോകതത്ത്വം എന്നാണ്. അതിനു രണ്ടു പിരിവുകളുണ്ട്. പ്രയോഗജ്ഞാനം വച്ചാണെങ്കിൽ വിദൂരത്തിൽ മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങൾ പഠിപ്പിക്കുന്ന പാഠം ജീവിതത്തിൽ ആവുന്നിടത്തോളം ഉയരാനും കഴിയുന്നിടത്തോളം മിന്നിത്തിളങ്ങാനുമാണ്. അത് വിജയത്തിലേക്കുള്ള പ്രായോഗികപാഠമാണ്. ഭൗതികമാണ്. വീണപൂവിലെ ദർശനം ഉൽപ്പന്നമായതു നശിക്കും, ഗുണികൾ ഊഴിയിൽ നീണ്ടുവാഴാ.. എന്നൊക്കെ ആയതുകൊണ്ട് നക്ഷത്രങ്ങൾ പഠിപ്പിക്കുന്ന പാഠം, ജഗത് മിഥ്യയാണ് എന്നാണെന്നും വാദിക്കാം. അത് ആത്മീയ പാഠമാണ്. പണ്ടെങ്ങോ നശിച്ച നക്ഷത്രത്തിന്റെ വെളിച്ചമാണ് ഇന്ന് ഇവിടെ നിന്ന് കാണുന്നതെന്ന തത്ത്വംവച്ച്, ഒന്നിന്നുമില്ല നില, കുന്നല്ല, ആഴിയുമൊരിക്കൽ നശിക്കുമോർത്താൽ .... എന്ന് പൂവു പഠിച്ചു എന്നും പറയാം.  മറ്റൊരു കാര്യം കൂടി കവി പൂവിന്റെ വിദ്യാഭ്യാസകാര്യത്തിൽ കൂട്ടിച്ചേർത്തിരുന്നു, അത് കൂട്ടായ പഠനമാണ്. (ശീലിച്ചുഗാനമിടചേർന്നു മൗനമായ് നീ...) മൗനമായി എന്ന് എടുത്തു പറഞ്ഞത് വാചികമായി പൂവെന്ന സത്തയ്ക്കുള്ള പരിമിതിയെ വാച്യമായ തലത്തിലും, ഒരു വിദ്യാർത്ഥിയ്ക്ക് അവശ്യം വേണ്ടുന്ന ശ്രദ്ധയെന്ന ഗുണത്തെ പരോക്ഷമായും ചൂണ്ടുന്ന കാര്യം പല വ്യാഖ്യാതാക്കളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.  ഉന്മുഖതയാണ് (താരാജാലത്തോടുന്മുഖതയാർന്നു പഠിച്ചു രാവിൽ...) മറ്റൊരുവാക്ക്. പാഠ്യവിഷയത്തിലുള്ള അധ്യേതാവിന്റെ താത്പര്യത്തെ കവി ആ വാക്കിൽ ഭാവബദ്ധമായി ബന്ധിച്ചിട്ടിരിക്കുന്നു. മുഖമുയർത്തിപ്പിടിച്ച്, ഗുരുവിനെ ഉറ്റുനോക്കിയിരുന്ന്, മൗനമായി പഠിക്കുന്ന വിദ്യാർത്ഥിനിയിൽ നിരന്തരമായ അനുധ്യാനത്തിന്റെ മൂലകങ്ങളും നാലുവരികളിലായുള്ള രണ്ടു ക്രിയകളിൽ ( ശീലിച്ചു, പഠിച്ചു) ആശാൻ ചേർത്തുവച്ചു. 
പഠിതാവിന്റെ ശാരീരിക ചേഷ്ടകളിൽ പഠനപ്രക്രിയയുടെ ഘടകങ്ങളെ ലയിപ്പിച്ചുകൊണ്ടുള്ള വിവരണങ്ങൾ അദ്ധ്യാപകകേന്ദ്രിതമായ ഒരു പള്ളിക്കൂട അനുഭവമാണ് പങ്കുവയ്ക്കുന്നത്. ശരിയായ വിദ്യാർഥിയെപ്പറ്റിയുള്ള പരമ്പരാഗതമായ ധാരണതന്നെയാണ് വീണപൂവിലെയും വിദ്യാർത്ഥിസങ്കൽപ്പത്തിൽ കയറിപ്പറ്റുന്നത്. അതേസമയം  സർവജ്ഞാനിയായ ഒരാളിൽനിന്നല്ല പലരിൽനിന്നാണ് പൂവ് പാഠം ഉൾക്കൊള്ളുന്നതെന്ന യാഥാർത്ഥ്യം 1907 -ൽ എഴുതിയ ഒരു കാവ്യത്തിൽ വായിക്കുന്നത് ആകർഷകവുമാണ്.  
അക്കാദമിക്കായ ചിട്ടവട്ടങ്ങളോടുള്ള എതിർപ്പിന്റെ പേരിൽ മലയാളത്തിൽ പലപ്രാവശ്യം ഉദ്ധരിച്ചു കണ്ടിട്ടുള്ള വരികൾ ഇടശ്ശേരിയുടേതാണ്. പ്രകൃതി, പാഠങ്ങളുടെ അനന്തമായ വൈവിധ്യങ്ങളുമായി മുന്നിൽ നിൽക്കുമ്പോൾ മനുഷ്യൻ യാന്ത്രികമായി ചൊല്ലിപ്പഠിപ്പിക്കുന്ന വാക്യങ്ങളുടെ അന്തസ്സാരശൂന്യതയിലാണ് ഇടശ്ശേരി ഊന്നിയത്. നൈസർഗികതയെല്ലാം ഇല്ലാതായി മനുഷ്യൻ യന്ത്രമായി തീരുന്ന ഒരു കാലത്തെ ഇടശ്ശേരി കുറ്റിപ്പുറം പാലം എന്ന കവിതയിലും ഭീതിയോടെ നോക്കിയിട്ടുണ്ടല്ലോ. വരാൻ പോകുന്ന ഭയപ്പെടുത്തുന്ന യാന്ത്രികകാലത്തെ സ്വീകരിക്കാൻ സർവ തയാറെടുപ്പുകളുമായി നിൽക്കുകയാണ് നമ്മുടെ പള്ളിക്കൂടങ്ങൾ എന്നായിരുന്നു ഇടശ്ശേരിയുടെ വീക്ഷണം.
പോയിനാമിത്തിരി വ്യാകരണം വായിലാക്കിയിട്ടു വരുന്നു മന്ദം
നാവിൽനിന്നപ്പൊഴേ പോയ്‌മറഞ്ഞു നാനജഗന്മനോരമ്യഭാഷ എന്ന് പള്ളിക്കൂടത്തിലേയ്ക്ക് വീണ്ടും എന്ന കവിതയിൽ ഇടശ്ശേരി എഴുതി. കിളികളുമായും പൂക്കളുമായും സംവദിക്കാനുള്ള ഒരു ഭാഷ, അക്ഷരം പഠിച്ചും വായിച്ചും തുടങ്ങുന്നതോടെ എങ്ങനെ ഒരു മനുഷ്യക്കുഞ്ഞിന് കൈമോശം വരുന്നു എന്നിടത്താണ് ഇടശ്ശേരിയിലെ കവിയായ അച്ഛൻ വേദനിക്കുന്നത്. ഒളപ്പമണ്ണയുടെ പ്രസിദ്ധമായ എന്റെ വിദ്യാലയം എന്ന കവിതയിലും പ്രകൃതി ഒരു പള്ളിക്കൂടമായി ഉയർന്നു നിൽക്കുന്നതിന്റെ സ്ഥൂലമായ വിവരണമാണുള്ളത്.
തിങ്കളും താരങ്ങളും തൂവെള്ളിക്കതിർച്ചിന്നും
തുംഗമാം വാനിഞ്ചോട്ടിലാണെന്റെ വിദ്യാലയം.
പ്രപഞ്ചം ഉപയോഗശൂന്യമായ ഒന്നിനെയും ഉൾക്കൊള്ളുന്നില്ലെന്ന് പണ്ട് തക്ഷശിലയിലെ ശസ്യശാസ്ത്രവിശാരദനായ ആത്രേയാചാര്യന്റെ ചൈനാക്കാരനായ ശിഷ്യൻ കണ്ടെത്തിയതുപോലെ  പ്രകൃതിപാഠശാലയിൽ എന്തെങ്കിലുമൊക്കെ പഠിപ്പിച്ചുകൊണ്ട് എല്ലാ ജീവജാലങ്ങളും തന്റെ ഗുരുനാഥന്മാരാവുകയാണെന്നുമുണ്ട് ആ കവിതയിൽ അവസാനം. (ആരല്ലെൻ ഗുരുനാഥൻ.. ആരല്ലെൻ ഗുരുനാഥൻ...) വിദ്യാലയത്തിൽനിന്ന് ഗുരുനാഥനിലേക്കുള്ള മാറ്റം ദർശനപരമായ ഒന്നാണ്. ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടിയശേഷമുണ്ടാകുന്ന വെളിച്ചങ്ങളിൽ ഏറ്റവും പ്രധാനം വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സങ്കല്പങ്ങളുടെ സാർവത്രികതയാണ്. അറിവ് സ്വാതന്ത്ര്യമാണെന്നതിനോടൊപ്പം  പുതിയ രാഷ്ട്രത്തിന്റെ നിർമ്മിതിക്ക് ഉതകുന്ന തരത്തിൽ മൂല്യങ്ങൾ വരും തലമുറയിലേക്ക് പകരുക എന്ന ചിന്തയിൽനിന്നാണ്, മൂല്യവിചാരങ്ങളുടെ മൂർത്തരൂപമായി ഗുരുനാഥൻ പ്രത്യക്ഷനാവുന്നത്.
ഒ എൻ വി കുറുപ്പിന്റെ മോഹം എന്ന കവിതയിലെ പള്ളിക്കൂടം പൂർണ്ണമായും  അക്കാദമികബാഹ്യമായ അനുഭവത്തിന്റെ തരളതയാണ് പങ്കുവയ്ക്കുന്നത്. നെല്ലിക്കയും കിണർവെള്ളവും കുയിൽപ്പാട്ടും ചേർന്ന്, സ്കൂളെന്ന ഭൗതിക യാഥാർത്ഥ്യത്തേക്കാൾ ബാല്യാനുഭവത്തിന്റെ, തിരിച്ചുപോക്ക് എന്ന അസാധ്യമായ ഓർമ്മയെ തൊട്ടാണ് തരളമാവുന്നത്. അത് സ്കൂളിലെ സംബന്ധിക്കുന്ന വേറൊരു കാഴ്ചപ്പാടാണ്.  നമ്മുടെ കവികളിൽ ഭൂരിഭാഗവും പാഠശാലയെന്ന അനുഭവത്തെ പ്രകൃതിയുമായി ഇണക്കി വർണ്ണിക്കാനാണ് ശ്രമിച്ചതെന്ന കാര്യം വെറുമൊരു ഭാവനാവിലാസത്തിനപ്പുറത്ത് അനുഭവങ്ങളുടെ സ്മരണകളിൽനിന്ന് പുറത്തു ചാടാനുള്ള വെമ്പലായി വായിക്കുന്നതും അനുചിതമാവുകയില്ല. ആശാന്റെ വിദ്യാർത്ഥിനിയെ നമ്മൾ കണ്ടതാണ്; പിന്നീടുള്ള കവി ഭാവനകൾ അധികവും പള്ളിക്കൂടങ്ങൾക്കകത്ത് കയറിയിട്ടില്ല.  മോഹത്തിൽ സാമ്പ്രദായികമായ പഠിപ്പുരീതികളെ തന്ത്രപൂർവം പുറത്തുനിർത്തിയിരിക്കുകയാണ് കവി.

വിദ്യാഭ്യാസത്തെപ്പറ്റി ഒന്നിലധികം കവിതകളിൽ നേരിട്ട് പരാമർശം നടത്തിയ കവിയാണ് വള്ളത്തോൾ. പാഠ്യവിഷയമോ പദ്ധതിക്രമങ്ങളോ അല്ല, ദേശീയതയെപ്പറ്റി കലവറയില്ലാതെ പാടിയ വള്ളത്തോൾ ഊന്നിയത് ഗുരുനാഥന്റെ ഔന്നത്യത്തിലാണ് എന്ന കാര്യം യാദൃച്ഛികമാകാൻ തരമില്ല.  കലാമണ്ഡലം എന്ന ഒരു സ്കൂളിന്റെ സ്ഥാപനത്തിൽ, - ഇന്നത്തെ നിലയിൽ ഒരു സർവകലാശാലയായിത്തീർന്ന ഒരു സംരംഭത്തിന്റെ - സ്ഥാപകൻ കൂടിയാണെന്ന വാസ്തവം, വള്ളത്തോളിന്റെ വിദ്യാഭ്യാസസങ്കൽപ്പത്തെക്കുറിച്ച് ആലോചിക്കുന്നത് മറ്റൊരു തരത്തിലും പ്രസക്തമാക്കുന്നു. ഗാന്ധിജിയെ സ്വന്തം ഗുരുനാഥനായി അവരോധിച്ചുകൊണ്ടുള്ള എന്റെ ഗുരുനാഥൻ വള്ളത്തോളിന്റെ പ്രസിദ്ധമായ കവിതയാണല്ലോ. ഭാരതത്തിന്റെ വിദൂരഭൂതകാലസമൃദ്ധിയിൽ ഊറ്റംകൊണ്ടിരുന്ന മനസ്സായിരുന്നു വള്ളത്തോളിന്റേത്.  അതാണ് ആ കവിതകളുടെ കാൽപ്പനികത. പാരിനുള്ള അടിക്കല്ലു കണ്ടവരാണ് പൂർവികരായ ഋഷീന്ദ്രന്മാർ (പുരാണങ്ങൾ)  എന്ന കാര്യത്തിൽ അദ്ദേഹത്തിന് ഒരു സംശയവുമുണ്ടായിരുന്നില്ല. സർവസംഗപരിത്യാഗികളും യമികളുമായിരുന്നെങ്കിലും വല്ലായ്മകൾ ദേവകൾപ്പെടുത്തുന്നതും ക്ഷമിക്കുന്നവരല്ലായിരുന്നു, ഹ ഹ ഭാരതപൂർവരക്തം (ശിഷ്യനും മകനും) എന്ന് അദ്ദേഹം അഭിമാനത്തോടെ എഴുതി. അവരുടെ സ്വാതന്ത്ര്യബോധവും കൂസലില്ലായ്മയും അറിവും സ്ഥൈര്യവുമെല്ലാം, തന്റെ കാലത്ത് ഒത്തുചേർന്ന മൂർത്തിയെന്ന നിലയ്ക്കാണ് വള്ളത്തോൾ ഗാന്ധിജിയെ വന്ദിക്കുന്നത്. രക്ഷകനും പ്രവാചകനുമായ ഒരു സദ്‌ഗുരുവാണ് അദ്ദേഹം. ഗാന്ധിജിയെ മുൻനിർത്തി ബാപ്പുജി എന്ന ഖണ്ഡകാവ്യം എഴുതിയ വള്ളത്തോൾ നൈവേദ്യം, സഹവാസിയുടെ സാഹസം, ഗാന്ധിജിയുടെ തേജസ്സ്, പൊറുത്തരുളുക, ഗാന്ധിജയന്തി, പാദപാംസു, പാപമോചനം തുടങ്ങി നിരവധി കവിതകളിൽ അഭിലഷണീയമായ ആ പിതൃബിബത്തെ ആവർത്തിച്ച് അവതരിപ്പിക്കുന്നുണ്ട്. പല തരത്തിൽ ഈ കവിതകളിലൂടെ പങ്കുവയ്ക്കപ്പെട്ട, കവിയുടെ സങ്കൽപ്പത്തിലുള്ള ആദർശങ്ങളുടെ കറപുരളാത്ത മൂർത്തരൂപത്തെ അവതരിപ്പിച്ചുകൊണ്ടാണ് എന്റെ ഗുരുനാഥൻ ശ്രദ്ധപിടിച്ചുപറ്റിയത്. മറ്റു ഗാന്ധി കവിതകളെ അപേക്ഷിച്ച് കവിയുടെ ആത്മാർത്ഥത ഈ സ്തുതിഗാഥയിൽ കൂടുതലായി കലർന്നിട്ടുണ്ട്.

ഉല്ലേഖകല്പനയാണ് എന്റെ ഗുരുനാഥൻ എന്ന കവിതയിലെ മുഖ്യാഭരണം. വിശിഷ്ടവ്യക്തികളിലും വസ്തുക്കളിലും ഉള്ള ഗുണഭാവങ്ങൾ ഒത്തുച്ചേർന്ന് ഗാന്ധിജിയെ കവിതയിൽ ഒരു വിരാട്സ്വത്വമാക്കുന്നു. ലോകോത്തര ഗുണങ്ങളെയെല്ലാം ചേർത്ത് മാലകോർത്തതുപോലെ ഇണക്കി ഗാന്ധിജിയിൽ അർപ്പിച്ചുകൊണ്ടാണ് പൂജിക്കപ്പെടേണ്ട ഒരു ബിംബത്തിന്റെ തലത്തിലേക്ക് ഗാന്ധിജിയെ എന്റെ ഗുരുനാഥൻ ഉയർത്തുന്നത്. ഒറ്റനോട്ടത്തിൽത്തന്നെ വള്ളത്തോളിന്റെ കല്പനകൾ അതിശയോക്തിപരമാണ്.  വ്യക്ത്യാരാധനയിൽ അധിഷ്ഠിതമായ സങ്കല്പങ്ങൾ തുടിച്ചു നിൽക്കുന്ന വർണ്ണനകൾക്കിടയിലും ഗാന്ധിജിയെ ഗുരുനാഥനാക്കുന്നതിനെപ്പറ്റിയുള്ള പരാമർശം കടന്നു വരുന്ന വരികൾ കവിതയിലുണ്ട്.  ശ്രദ്ധേയമായ വസ്തുത അതാണ്.
ഹാ! തത്ര ഭവൽപ്പാദമൊരിക്കൽ ദർശിച്ചെന്നാൽ-
ക്കാതരനതിധീരൻ കർക്കശൻ കൃപാവശൻ
പിശുക്കൻ പ്രദാനോൽക്കൻ പിശുനൻ സുവചന-
; ശുദ്ധൻ പരിശുദ്ധ; നലസൻ സദായാസൻ

ആതതപ്രശമനാമത്തപസ്വിതൻ മുന്നി-
ലാതതായി തൻ കൈവാൾ കരിംകൂവളമാല്യം
കൂർത്തദ്രംഷ്ടകൾ ചേർന്ന കേസരിയൊരു മാൻകു-
ഞ്ഞാ; ർത്തേന്തിതടം തല്ലും വൻകടൽ കളിപ്പൊയ്ക

ഗാന്ധിജിയുടെ ദർശനം, ചപലനെ അതിധീരനും, കർക്കശക്കാരനെ കൃപാലുവും പിശുക്കനെ ഉദാരനും, മൂകനെ വാചാലനും, ശുദ്ധനെ പരിശുദ്ധനും, അലസനെ പ്രയത്നശാലിയുമാക്കു മെന്നാണ് വർണ്ണന. മനുഷ്യനുമാത്രമല്ല, പഴയ സിദ്ധാശ്രമവർണ്ണനകളുടെ ഛായയിൽ സിംഹത്തെ മാൻകുട്ടിയാക്കാനും അദ്ദേഹത്തിനു കഴിയും. ഈ വർത്തനവ്യതിയാനത്തെ സാധ്യമാക്കുന്നതിനു സാമർത്ഥ്യമുള്ള വ്യക്തിത്വം എന്ന നിലയിലാണ് അദ്ദേഹം ഗുരുനാഥനായി പരിണമിക്കുന്നത്. അധ്യാപകനിൽ അധിഷ്ഠിതമായ ഒരു വിദ്യാഭ്യാസത്തെയും കുട്ടികളിൽ അദ്ദേഹത്തിനു വരുത്താൻ കഴിയുന്ന മാറ്റത്തെയും അധ്യാപകന്റെ വ്യക്തിപ്രഭാവത്തെ മുൻനിർത്തി വിശകലനം ചെയ്യുന്ന പാരമ്പര്യം നമുക്കുണ്ട്. മൃഗങ്ങൾ പോലും സഹജഗുണങ്ങൾ കളഞ്ഞ് ഇണങ്ങി ജീവിക്കുന്ന സിദ്ധാശ്രമങ്ങളും ഗുരുകുലങ്ങളും ധാരാളം അതിശയോക്തിപരമായ വർണ്ണനകളിലൂടെ പ്രാചീന സാഹിത്യത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. വർത്തമാനകാലത്തെ പ്രതിസന്ധിക്കെല്ലാം പരിഹാരമന്വേഷിച്ച് പിന്നിലേയ്ക്ക് തിരിഞ്ഞു നോക്കുന്ന ഭാവനയ്ക്ക്, സ്വാഭാവികമായും അധ്യാപകൻ കേന്ദ്രസ്ഥാനത്തുള്ള ഒരു മാതൃകാ സമൂഹത്തെയല്ലാതെ മറ്റൊന്നും വിഭാവന ചെയ്യാൻ പറ്റിയെന്നു വരില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി  രക്ഷകനെയും പ്രവാചകനെയും സമൂഹം ആവശ്യപ്പെട്ടുകൊണ്ടിരുന്ന കാലത്താണ് വള്ളത്തോൾ ഗാന്ധിജിയിൽ ജഗദ്‌ഗുരുവിനെ ദർശിക്കുന്നത്. അദ്ധ്യാപകനിലില്ലല്ല, കുട്ടിയിലാണ് വിദ്യയുടെ അഭ്യാസം കേന്ദ്രീകരിക്കേണ്ടതെന്ന് വ്യക്തമാക്കിയ വിദ്യാഭ്യാസ ചിന്തകൻ ജോഹാൻ ഹെൻ‌ട്രിച്ച് പെസ്റ്റലോസി (1746-1827)യുടെ ചിന്തകൾക്ക് ഭൂതിമത്തായൊരു ഭൂതകാലത്തിന്റെ വിചാരധാരകളിൽ പ്രവേശനം ലഭിക്കുക എളുപ്പമല്ല. കുട്ടിയുടെ അനുഭവ പരിസരത്തുനിന്നുമല്ല, അദ്ധ്യാപകന്റെ അനുഭവപരിസരത്തിൽനിന്നുമാണ് ഇന്നും നമ്മുടെ വിദ്യാഭ്യാസ ചിന്തകൾ ആരംഭിക്കുന്നതെന്ന കാര്യം പ്രത്യേകം കണക്കിലെടുക്കണം. വള്ളത്തോളിന്റെ കവിതയെപ്പറ്റി ആലോചിക്കുന്നതിനിടയിൽ വള്ളത്തോളിനു മുൻപ്  ജീവിച്ചിരുന്ന പെസ്റ്റലോസിയെപോലെയൊരു ചിന്തകനെ കൂട്ടു പിടിക്കുന്നത് അനൗചിത്യമൊന്നുമല്ല. കാരണം, തന്റെ വിദ്യാഭ്യാസ ചിന്തകൾ അവതരിപ്പിക്കുന്ന മറ്റൊരു കവിതയിൽ വള്ളത്തോൾ ഇറ്റലിക്കാരനായ ചിന്തകൻ ഗിസ്സപ്പേ മസ്സീനിയെ ഉദ്ധരിച്ചിട്ടുണ്ട്. ഗുരുനാഥന്റെ തൂവ്വൽ(1930) എന്നു പേരുള്ള ആ കവിതയാകട്ടെ, എന്റെ ഗുരുനാഥനിൽ, ഗുരു എന്ന സങ്കൽപ്പത്തിനു ചുറ്റുമായി കവി കെട്ടിയുയർത്തിയ വിദ്യാഭ്യാസത്തെപ്പറ്റിയുള്ള ആശയത്തെ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ സഹായിക്കുന്നതുമാണ്.

ഗുരു മകനു നൽകാൻ പോകുന്ന വിദ്യാപ്രസാദത്തെപ്പറ്റി വാചാലനാകുന്ന പിതാവിന്റെ ആത്മഭാഷണങ്ങളാണ് ഗുരുനാഥന്റെ തുവ്വൽ എന്ന കവിതയുടെ വിഷയം. ആദ്യവരികളിൽ കാണുന്ന ഗുരുവിന്റെ പ്രത്യക്ഷസാന്നിദ്ധ്യം (ഗുരോ, വണങ്ങാമീ,സ്സുമുഹൂർത്തം തൊട്ടെ-ന്നരുമക്കുഞ്ഞിവൻ ഭവാന്റെയും മകൻ..) മറയുകയും കവി തന്റെ തന്നെ വിചാരങ്ങളായി കവിതയിലെ പിന്നീടുള്ള വരികളെ പരിണമിപ്പിക്കുകയും ചെയ്യുന്നു. ബ്രഹ്മാവ് മകന്റെ തലയിൽ എഴുതിയിരിക്കുന്നതെന്താണെന്നത് ദുരൂഹമാണ്. എന്നാൽ ഗുരുനാഥൻ മകന്റെ ഇളം തലയിൽ ശുഭാക്ഷരങ്ങളേ വരയ്ക്കുകയുള്ളൂ എന്ന് അച്ഛനുറപ്പാണ്. മകന്റെ മറ്റൊരു പിതാവാണ് ഗുരുനാഥൻ. വിദ്യാഭ്യാസം എന്ന നാലക്ഷരത്തിൽ അഗാധതതയിലും അപാരതയിലും തുല്യമായ നാലു കടലുകൾ ഇരമ്പുന്നുണ്ട്. വിശാലമായ ആകാശപ്പരപ്പിലെ സ്വർണ്ണ നക്ഷത്രലിപികളെയും ഭാഷാലിപികൾക്കൊപ്പം മകൻ പഠിച്ചെടുക്കണം എന്ന് അച്ഛൻ ആശിക്കുന്നു. അവന്റെ കരളിൽ പ്രകൃതീശ്വരി നിറച്ച കനലുകൾ നീറി വെളിച്ചം തെളിയണം, മറവിയുടെ മുകിൽപ്പരപ്പുകൾ നീങ്ങണം. ഇതെല്ലാം സാധിക്കാൻ സമർഥമാണ് ഗുരുനാഥന്റെ തൂലിക എന്ന കാര്യത്തിൽ ആ പിതാവിനുറപ്പുണ്ട്.

തുടർന്ന് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളെപ്പറ്റിയുള്ള ചില കാതലായ വിചാരങ്ങളിലേയ്ക്ക് കവി നീങ്ങുകയാണ്. മനുഷ്യനെ നിന്നനിലയിൽ നിൽക്കാൻ പ്രേരിപ്പിക്കുന്ന ചങ്ങലക്കെട്ടുകളെ താമരനൂലുകൾ പോലെ പൊട്ടിച്ചെറിയാനുള്ള അഭ്യാസം അവൻ പഠിക്കേണ്ടത് ഗുരുവിന്റെ ഉഴിച്ചിലിൽ നിന്നാണ്. ബലിഷ്ഠമായ ഒരു ശരീരം നേടുമ്പോഴും അവന്റെ ഉള്ളിൽ പഴയ ഭാരതം തുടിക്കണം. കുട്ടികൾ ക്ലാസ് മുറിയിലെ തടവു പുള്ളികളല്ല. വാക്കുകൾ ഏറ്റു പാടുന്ന കിളികളല്ല. ഗ്രന്ഥത്തിലെ ഏടുകൾ മാത്രമല്ല വായിക്കാനുള്ളത്. പ്രകൃതി തുറന്നു വച്ചിരിക്കുന്ന പ്രപഞ്ചകാവ്യത്തിലെ വരികളും വെളിച്ചത്തിനും പിന്നിലുള്ള വെളിച്ചത്തെയും കുട്ടി മനസ്സിലാക്കണം. ഗുരുവിനെ അനുഗമിച്ചാൽ ഇതെല്ലാം കുട്ടിക്കു സാധ്യമാവും. സകലചരാചരങ്ങളും ഒരു കുടുംബമാണെന്നും (ലോകമേ തറവാട്..)  അഗണ്യകോടിയിലിള്ള മണൽത്തരിപോലും സഹോദരനാണെന്നുമുള്ള തിരിച്ചറിവിലേക്ക് കുട്ടിയെ നയിക്കേണ്ടത് ഗുരുനാഥന്റെ പാഠനങ്ങളാണ്. പണ്ട് കാട്ടിൽ സന്ന്യാസിമാർ ആലിലകളാൽ തീർത്ത കുടീരങ്ങളിലിരുന്ന് പാടിയ ഗാഥകളും മരക്കൊമ്പിലിരുന്ന് പാടുന്ന കുയിലുകളുടെ നിരക്ഷര ഗാനങ്ങളും ഒരു പോലെ കുട്ടിക്ക് ആ പരിശീലനങ്ങളിലൂടെ സിദ്ധമാകും. അവയെല്ലാം പ്രപഞ്ചമാകെ നിറഞ്ഞിരിക്കുന്ന അറുതിയില്ലാത്ത നിശ്ശബ്ദതയുടെ മാറ്റൊലികളാണ്. പ്രകൃതിപാഠങ്ങളോരോന്നായി - വീണാനാദത്തിന്റെ ഭംഗിയിൽ നദികൾ അലകളോടെ മന്ദമായൊഴുകുന്നത്, മഴയ്ക്കു ശേഷം പച്ചപ്പുല്ലിന്റെ ചകലാസു പുതച്ച് കുന്നുകൾ നിൽക്കുന്നത്, സന്ധ്യാകാശത്തിൽ ഏതോ കൈ വർണ്ണചിത്രങ്ങൾ എഴുതി മായ്ക്കുന്നത്, സായാഹ്നസൂര്യനെ കപ്പലാക്കി കടലിൽ വാനം ഇറക്കി വിടുന്നത്, കടൽ നക്ഷത്രങ്ങളായ രത്നങ്ങളെ വാനിൽ നിരത്തി വയ്ക്കുന്നത്... - ചൂണ്ടി പഠിപ്പിക്കുന്ന ഗുരുനാഥന്റെ വർണ്ണനയിലാണ് 44 ഈരടികളുള്ള ഈ കവിത അവസാനിക്കുന്നത്.
പ്രപഞ്ചത്തിന്റെ സൃഷ്ടിയ്ക്കും പരിപാലനത്തിനും പിന്നിലുള്ള നിഗൂഢമായ ശക്തിയെ അദ്ധ്യാത്മകമായ അനുഭൂതി വിശേഷത്തോടെ അറിയുക എന്നതിനപ്പുറത്ത് വിദ്യാഭ്യാസത്തെപ്പറ്റിയുള്ള ഭാരിച്ച ആശയങ്ങളൊന്നും കവിത ഏറ്റെടുക്കുന്നില്ല. അതിന്റെ നില തീർത്തും ഭൗതികവുമല്ല. വിദ്യാഭ്യാസം എന്ന വാക്കിലെ ആശയത്തിന്റെ വലിപ്പവും ആഴവും ചൂണ്ടിക്കാണിക്കാനായി ഇറ്റാലിയൻ സാമൂഹിക-രാഷ്ട്രീയ ചിന്തകനും പത്രപ്രവർത്തകനുമായ ഗിസ്സപ്പേ മസ്സീനിയെ (1805-1872) കവിതയിലൊരിടത്ത് കവി ചൂണ്ടുന്നതിങ്ങനെയാണ് :
അതേ വിദ്യാഭ്യാസം മസ്സീനി ചൊന്നപോ-
ലി,തിലടങ്ങിയെൻ വിവക്ഷിതമെല്ലാം
മാർക്സിസത്തെയും സോഷ്യലിസത്തെയും ശക്തിയുക്തം എതിർത്ത തികഞ്ഞ ദേശീയവാദിയും ദൈവാസ്തിത്വത്തിൽ അടിയുറച്ച വിശ്വാസിയുമായിരുന്നു, മസ്സീനി. വിദ്യാഭ്യാസ ചിന്തകനായിട്ടല്ല അദ്ദേഹത്തിന്റെ പ്രശസ്തി. ദേശനിമ്മാണത്തെക്കുറിച്ചുള്ള വാദങ്ങൾക്കിടയിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ അദ്ദേഹം മനസ്സിലാക്കിയിരുന്നു. ദേശഭക്തി ഓരോരുത്തരുടെയും ചുമതലയാണെന്നതായിരുന്നു മസ്സീനിയുടെ അഭിപ്രായം. പൊതുവായ ഒരു മതം, ചരിത്രം, ഭാഷ എന്നിവ കൊണ്ട് സഹോദരീസഹോദരന്മാരെകൂട്ടിയിണക്കി ഒരു കുടുംബമാക്കി,  ഒന്നിച്ചു കഴിയാൻ ദൈവം നമുക്ക് നിർമ്മിച്ചു നൽകിയ വീടാണ് സ്വന്തം രാജ്യം എന്നാണ് മസ്സീനിയുടെ കാഴ്ചപ്പാട്.  ജീവിതാനുഭവങ്ങളുടെ ആത്മീയവശം വെളിവാക്കാനും സ്വന്തം രാഷ്ട്രീയ പ്രത്യയശാസ്ത്രം വിശദീകരിക്കാനുമായി പിന്നീട് മുസ്സോളിനിയെപ്പോലുള്ളവരെ ആകർഷിച്ച ചിന്തകളാണ് ഈ മസ്സീനിയനിസം. രാഷ്ട്രനിർമ്മാണത്തിൽ മതത്തിന്റെയും ആത്മീയതയുടെയും പങ്ക് പോലെയുള്ള മസ്സീനിയൻ ആശയങ്ങൾ, ദേശഭക്തിയാൽ പ്രചോദിതമായ സ്വാതന്ത്ര്യപൂർവ നാളുകളിൽ വള്ളത്തോളിനെ ആകർഷിച്ചതിൽ കാര്യമുണ്ട്.
പിൽക്കാലത്ത് ബോധനരീതികളെപ്പറ്റിയുള്ള പരീക്ഷണങ്ങൾ, അച്ചിലിട്ട് വാർത്തെടുക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസസമ്പ്രദായങ്ങളെ ആകെ മാറ്റി മറിച്ചതിന്റെ പശ്ചാത്തലത്തിൽ, വള്ളത്തോളിന്റെ കവിതകളിൽ അവിടവിടെയായി പ്രത്യക്ഷപ്പെടുന്ന, പരിശീലനത്തെയും വിദ്യയെയും സംബന്ധിക്കുന്ന നിരീക്ഷണങ്ങളും കാഴ്ചപ്പാടുകളും ചേർത്തു വച്ചാൽ കവിയുടെ പാഠശാലകളെപ്പറ്റിയുള്ള ചിത്രം കുറേക്കൂടി തെളിയും. അറിവ്, പാവപ്പെട്ടവരെയും അവർണ്ണരെയും അടിമത്തത്തിൽനിന്നു മോചിപ്പിക്കും എന്ന സങ്കൽപം ഇരുളിൽനിന്ന് എന്ന കവിതയിൽ കാണാം. ഇതേ ആശയത്തെ കവി യുവ വിദ്യാർത്ഥികളോട് എന്ന കവിതയിൽ അവതരിപ്പിക്കുന്നത് നോക്കുക.
ഇരുളാണ്ടുകിടക്കുന്ന പാഴ്‌കുടിലുക-
ളൊരുപാടിങ്ങുണ്ടല്ലോ നമ്മുടെ ചുഴലവും
അതുകൾക്കുള്ളിലൊരു വെളിച്ചം കാണിപ്പാനായ്
സുതരാം ജ്വലിപ്പിപ്പിൻ നിങ്ങൾതൻ വിജ്ഞാനത്തെ.

അയിത്തത്തെ ഇല്ലാതാക്കാനും അവശജനങ്ങളെ ഉദ്ധരിക്കാനും അറിവു വെളിച്ചമാണെന്ന പഴയ സങ്കല്പത്തെ ഉപയോഗിച്ച് ആഹ്വാനം ചെയ്യുകയാണ് കവിത. സ്വാതന്ത്ര്യത്തിന്റെ അലയൊലികൾ മുഴങ്ങുന്ന വേളയിൽനിന്നുകൊണ്ട് പുതിയ ദേശത്തെ നിർവചിക്കാനും നിർമ്മിക്കാനുമുള്ള ഉപാധിയായി വിദ്യാഭ്യാസത്തെ കരുതുന്നതിന്റെ ഫലങ്ങളാണ് ഈ തരത്തിലുള്ള വരികൾ. 
ഇന്ത്യയിലെയും കേരളത്തിലെയും കുഴപ്പങ്ങളെക്കുറിച്ച് എഴുതിയ ഐക്യമേ സേവ്യാൽ സേവ്യം (സാഹിത്യമഞ്ജരി 5) എന്ന കവിതയിൽ
ഉയർന്ന വിദ്യാഭ്യാസം ഉടുപ്പിൽത്തുന്നിച്ചേർക്കു
മുയർന്ന വിദ്യാഭ്യാസം എത്ര താഴ്ത്തീലാ നമ്മെ

-എന്ന് വള്ളത്തോളെഴുതുന്നത് വിനയമെന്ന ഗുണത്തിന്റെ പ്രാധാന്യത്തെ ഉദ്ഘോഷിക്കാൻ മാത്രമല്ല, വിദേശവിദ്യാഭ്യാസം ജീവിതത്തിൽനിന്നെടുത്തു മാറ്റുന്ന പാരമ്പര്യമൂല്യങ്ങളെ മുൻനിർത്തിയുള്ള വിചാരണയ്ക്കുംകൂടി വേണ്ടിയാണ്. സാമൂഹികമായ കുഴപ്പങ്ങൾ, ശരിയല്ലാത്ത ശിക്ഷണരീതിയുടെ പരിണതിയാണെന്ന സങ്കല്പത്തിന്റെ ഫലമാണ് അത്.

പ്രകൃതിയാണ് ശരിയായ വിദ്യാലയം, അതിന്റെ രഹസ്യം ധ്യാനമനനങ്ങളിലൂടെ ഉൾക്കൊള്ളുക, പ്രപഞ്ചനാഥനായ ശക്തിയുടെ സാന്നിദ്ധ്യം അറിയുക, വിശ്വചേതനയ്ക്കു മുന്നിൽ വിനയാന്വിതനാവുക, ഭാരതത്തിന്റെ വിജ്ഞാനപ്പഴമയിലും ഭൂതിമത്തായ ഭൂതകാലത്തിലും അഭിമാനിക്കുക, സനാതനമൂല്യങ്ങളെ ജീവിതത്തിലേയ്ക്കു പകർത്തുക. കേവലം പുസ്തകവായനകൊണ്ടു സ്വായത്തമാക്കാവുന്നതല്ല ജ്ഞാനം, ഭാരതീയമായ ഗുരുപാരമ്പര്യത്തിന്റെ ചങ്ങലയിലെ കണ്ണികളായ വിശുദ്ധ ഗുരുനാഥന്മാർക്ക് വഴിപ്പെട്ടും ശിഷ്യപ്പെട്ടും ജീവിതത്തിലേക്ക് പകർത്തേണ്ട സംഗതിയാകുന്നു വിദ്യ. അറിവ് അടിമത്തത്തിൽനിന്നു മോചിപ്പിക്കുന്ന വെളിച്ചമാണ്. ഇതാണ് ചുരുക്കത്തിൽ കവിതകളിലൂടെ കാൽപ്പനിക കവികളിൽ പ്രവർത്തിച്ച പൊതുവേ പങ്കു വച്ച വിദ്യാസങ്കല്പം.  വള്ളത്തോളിൽ ഈ ആശയങ്ങൾ നേരിട്ട് കവിതരൂപമായി  ആവിഷ്കാരം നേടി. വള്ളത്തോളിന്റെ കവിതയുടെ അതേ പേരുള്ള ഒരു കവിത ചങ്ങമ്പുഴ എഴുതിയിട്ടുണ്ട്. എന്റെ ഗുരുനാഥൻ. (സങ്കല്പകാന്തി എന്ന സമാഹാരം). പ്രകൃതിതന്നെയാണ് അവിടെയും പാഠം. വള്ളത്തോളിന്റെ കല്പനകളും പദാവലികളും ഏതാണ്ട് അതുപോലെയൊക്കെ തന്നെ കടന്നുവരുന്ന ആ കവിത ആശയപരമായി പങ്കുവയ്ക്കുന്നത് വളരെ വ്യത്യസ്തമായ ഒരു അനുഭവത്തെയാണ്. ഭൂമിയെ ഐശ്വര്യമണിയിക്കുന്ന കർഷകനാണ് ചങ്ങമ്പുഴയുടെ ഗുരുനാഥൻ. അയാളുടെ നിർവ്യാജമായ ത്യാഗവും കൊടുംവെയിലിലെ തപസ്സും ദയാവൽസല്യങ്ങളും ചേർന്ന് ഭൂമിയെ സുമംഗലയാക്കുന്നു. പക്ഷേ ലോകം അയാൾക്കു തിരിച്ചു നൽകുന്നത്  അവഗണനമാത്രമാണ്.
എന്നിട്ടും ലോകം മാത്രം കണ്ണടച്ചിരുന്നുകൊ-
ണ്ടിന്നിതാ, കഷ്ടം, നിന്നെ മർദ്ദിപ്പൂ ദയാഹീനം ;
 ലോകത്തിന്റെ കാപട്യത്തിനെതിരെ സദാ ജാഗരൂകനായിക്കുന്നതുകൊണ്ട് കവി കർഷകൻ എന്ന സന്ന്യാസിയെ തന്റെ ഗുരുനാഥനായി അവരോധിക്കുന്നു. അറിവിന്റെ വിളനിലമായി മഹിമാതിശയത്തോടെ വാണിരുന്ന ഒരു ഗുരുനാഥന്റെ കാലാന്തര പരിണാമവും ഗുരുനാഥനോടുള്ള കാഴ്ചപ്പാടും രണ്ടു കവിതകളെ അടുത്തടുത്തു വച്ചാൽ ലഭിക്കുമെന്നുള്ളതുകൊണ്ടാണ് അവ ആലോചനയ്ക്കു വിഷയമാകുന്നത്.


                                                        

October 3, 2015

കേൾക്കാത്ത ഏടുകൾ


1910 -ലാണ് വള്ളത്തോൾ ബധിരവിലാപം പ്രസിദ്ധപ്പെടുത്തിയത്. അതിനു മുൻപ് അവിശ്വസനീയമായ രീതിയിൽ ശബ്ദത്തിന്റെ  ലോകം, അദ്ദേഹത്തിന്റെ മുന്നിൽ കൊട്ടിയടഞ്ഞു. അവിശ്വസനീയം എന്ന് വെറുതെ എഴുതിയതല്ല. പരമദൈവഭക്തനായിരുന്ന തനിക്ക് അങ്ങനെയൊരു ദുരന്തം വന്നതിന്റെ മുഴുവൻ ദുഃഖവും വള്ളത്തോൾ ദേവിയെ വിളിച്ച് നിവൃത്തിക്കുന്നതിന്റെ ലിഖിതരേഖയാണ് ബധിരവിലാപം എന്ന കാവ്യം.  കഠിനമായ നിലവിളിയോടൊപ്പം സ്വയം വിശ്വസിക്കാനാവാത്ത തരത്തിൽ ആശ്ചര്യം അദ്ദേഹത്തെ പൊതിഞ്ഞു നിൽപ്പുണ്ട്, അന്നത്തെ നിലക്ക് അല്പസ്വല്പം വൈദ്യമൊക്കെ അറിയാവുന്ന ആളും ആയിരുന്നു. വള്ളത്തോളിനെപ്പറ്റി ചരമാനന്തര പഠനം എഴുതിയ സുകുമാർ അഴീക്കോട്, ഈ ബാധിര്യം, സൂക്ഷ്മശബ്ദങ്ങൾ കേൾക്കാൻ അദ്ദേഹത്തെ സഹായിച്ചു എന്നാണ് വിശദീകരിച്ചത്. ഒച്ചയുടെ അലങ്കോലങ്ങൾ  കവിയെ വിട്ടൊഴിഞ്ഞു പോയി. പിന്നെ അദ്ദേഹം കേട്ടതൊക്കെ പട്ടിണിയുടെ മർമ്മരങ്ങൾ, ദാരിദ്ര്യത്തിന്റെ ഞരക്കം, അനചാരങ്ങളുടെ ദീനസ്വരങ്ങൾ, പ്രകൃതിയുടെ സുന്ദരഗാനം. പക്ഷികളുടെയും അരുവികളുടെയും കളകളം.. വള്ളത്തോൾ തന്റെ ദൈന്യത്തെ മുഴുവൻ ബധിരവിലാപത്തിൽ ഇറക്കിവച്ചു. മലയാളത്തിന്റെ തലയായി തല വിവർത്തിപ്പിടിച്ചു നിന്നു. ദീർഘമായ ഒരായുഷ്കാലത്തോളം.. ഒരുപക്ഷേ അതിനു ശേഷവും.

'കക്കാടിന്റെ പുരാവൃത്തം' എഴുതിയ സുനിൽ ഉപാസന, എഴുതിയ ആത്മകഥാപരമായ പുസ്തകമാണ് 'ചില അറിയപ്പെടാത്ത ഏടുകൾ'. ജീവിതത്തെയല്ല, രോഗത്തെയാണ് (അതൊരു രോഗമല്ലായിരിക്കാം, എങ്കിൽക്കൂടി ശാരീരിക വൈകല്യം, ന്യൂനത എന്നിങ്ങനെ സുനിൽ തന്നെ പുസ്തകത്തിൽ ആവർത്തിക്കുന്ന വാക്കുകളെക്കാൾ  ഉചിതമാണിവിടെ രോഗം എന്ന പദം). അതുകൊണ്ട് സ്വന്തം ജീവിതത്തെക്കുറിച്ച് വിലയിരുത്താനുള്ള സമയമാണോ ഈ മുപ്പത്തിമൂന്നാം വയസ്സെന്നൊക്കെയുള്ള ചോദ്യത്തിനു നല്ല ഉത്തരം കിട്ടാനിടയില്ല. അല്ലെങ്കിൽ ഏതാണ് ആത്മകകഥയെഴുതാനുള്ള പ്രായം? സമൂഹത്തിന്റെ മുൻധാരണയുടെ ഗതാഗതങ്ങളിൽപ്പെട്ട് കേൾവി ന്യൂനതയുള്ള ഒരു ചെറുപ്പക്കാരന്റെ  കഴിവുകൾ പരിഗണിക്കപ്പെടാതെ പോകുന്നു, എങ്ങനെ അയാൾ അരികിലേക്ക് മാറ്റി നിർത്തപ്പെടുന്നു എന്നതിനെ വിവരിക്കുകയാണ് സുനിൽ. എങ്കിലും പുസ്തകം എഴുതാനായിട്ട് ഒരു ഇടത്താവളത്തിൽ സുനിൽ എത്തിച്ചേർന്നു. അതുകൊണ്ടു തിരിഞ്ഞ് നോക്കാൻ പറ്റുന്നു.  എഴുത്തെന്ന താവളമാണ് അത്. ബ്ലോഗെഴുതി തുടങ്ങിയ സുനിലിന്റെ രണ്ടാമത്തെ പുസ്തകമാണ് 'ചില അറിയപ്പെടാത്ത ഏടുകൾ'. പുസ്തകത്തിൽ പലയിടത്തും 'അറിയപ്പെടാത്ത ഏടുകൾ എഴുതാനായി' എന്ന് സുനിൽ സ്വയം ഓർമ്മിക്കുന്നുണ്ട്. അത് ആ താവളത്തെക്കുറിച്ചുള്ള സുരക്ഷിതസ്മരണയാലാണ്. അനുഭവത്തിന്റെ തീക്ഷ്ണതയല്ല, അതുള്ളിലുണ്ടാക്കുന്ന വൈകാരിക ക്ഷോഭത്തിന്റെ അളവാണ് ഗൗരവമുള്ള വിഷയം. (എഴുത്തൊരു ശക്തമായ താവളമാണെന്ന് ശരീരം മുഴുവൻ തളർന്ന് കിടന്നപ്പോഴും ഇടതുകണ്ണിലെ ഇമ മാത്രം ചലിപ്പിച്ച് ഒരു പുസ്തകം പൂർത്തിയാക്കുകയും അതു പ്രസിദ്ധീകരിച്ചതിന്റെ രണ്ടാം ദിവസം ( 1997 മാർച്ച് 9 -നു) ന്യുമോണിയ ബാധിച്ച് മരിക്കുകയും ചെയ്ത ഴാക് ഡൊമിനിക് ബുവോബിയെ ഓർത്തു പോയി. 'ദ ഡൈവിങ് ബെൽ ആൻഡ് ദ ബട്ടർഫ്ലൈ' എന്ന പുസ്തകം എഴുതാൻ  എന്നല്ല കണ്ണുചിമ്മി അക്ഷരങ്ങൾ പറഞ്ഞുകൊടുക്കാൻ അദ്ദേഹം പത്തുമാസം എടുത്തു. 'കഥ പറയാൻ വേണ്ടി ജീവിച്ചു' എന്നത് വെറും ഒരു ഓർമ്മക്കുറിപ്പിന്റെ പേരല്ലെന്ന് മുൻപും ആളുകൾ തെളിയിച്ചിട്ടുണ്ടല്ലോ)

  തന്നോടുതന്നെ സംസാരിക്കുക എന്നതാണ് പുറം ലോകം കൊട്ടിയടയ്ക്കപ്പെടുമ്പോൾ ആകെ ചെയ്യാനുള്ളത്. കേൾക്കാൻ ആളുണ്ടാവുക എന്ന സന്തോഷകരമായ അവസ്ഥ ഇല്ലാതാവുന്നതിനെപ്പറ്റിയും പരാമർശമുണ്ട്. 'ശ്രോതും ഇച്ഛ'യാണ് ശുശ്രൂഷയായത്. കേൾക്കുക തന്നെയാണ് ചികിൽസ. അത് ആർക്കാണു വേണ്ടാത്തത്? നമ്മുടെ (എല്ലാവരുടെയും) യഥാർത്ഥ പ്രശ്നം നമ്മളെ കേൾക്കാനുള്ള ആളില്ലെന്നതാണ്. ('എനിക്കൊരു സിദ്ധാന്തമുണ്ട്, അതായത് നല്ല സുഹൃത്ത് നല്ല ശ്രോതാവുകൂടി ആയിരിക്കണം'. പേജ് 55) എന്തിനു കേൾക്കണം എന്നുകൂകിയാർക്കുന്ന സമൂഹം അപ്പുറത്തുണ്ട്, അല്ലെങ്കിൽ എന്നെ കേൾക്കുക എന്നു മാത്രം പറഞ്ഞുകൊണ്ടിരിക്കുന്ന സമൂഹം. ഒരർത്ഥത്തിൽ അവരുടെ അവരുടെ ശുശ്രൂഷകരെ അന്വേഷിക്കുകയാണ്. അപ്പോൾ അവർക്കെങ്ങനെ മറ്റൊരാളിന്റെ ശുശ്രൂഷകനാകാൻ പറ്റും? തന്നിലേക്ക് നോക്കുന്നതുകൊണ്ട് സുനിൽ തന്നോടുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു. അങ്ങനെ ഈ പുസ്തകം നീണ്ട ഒരാത്മഗതമാണ്. ഉറക്കെ ചിന്തിക്കലാണ് ( താൻ പറയുന്നത് കേൾക്കാൻ മറ്റാരുമില്ലെന്ന അവസ്ഥയെയാണ് 'ഉറക്കെ ചിന്തിക്കുക' എന്നു പറയുന്നത്.

'എനിക്കു ചുറ്റും നടക്കുന്നത് എനിക്കറിയാം; പക്ഷേ പ്രതികരിക്കാനാവുന്നില്ല.
ഭാര്യയോടും മകനോടും അമ്മയോടും ഞാൻ കരയരുതെന്ന് പറയുന്നുണ്ട്; പക്ഷേ അവരത് കേൾക്കുന്നില്ല.
ചെളിവാരിയെറിയരുതെന്ന് കൂട്ടുകാരനോട് ഞാൻ വിളിച്ചുകൂവുന്നുണ്ട്; അവൻ ശ്രദ്ധിക്കുന്നില്ല.
എനിക്ക് ഇവിടെ നിന്ന് ഓടി പോകണമെന്നുണ്ട്; പക്ഷേ എന്റെ ശരീരം ചതിക്കുന്നു.
ഇപ്പോൾ അവസാനം ഞാൻ തിരിച്ചറിയുന്നു; അതേ ഞാൻ മരിച്ചിരിക്കുന്നു.'

കൂട്ടുകാരൻ രാജു എഴുതിയതെന്ന് പറഞ്ഞ് ഇംഗ്ലീഷിൽ പുസ്തകത്തിൽ കൊടുത്തിട്ടുള്ള കവിത. ഒരവസ്ഥയുടെ സവിശേഷമായ വിവരണമാണ് ഇത്. വശത്തേക്ക് നീക്കി എറിയുമ്പോൾ അനുഭവിക്കുന്ന മായാദൃശ്യമാണ്, ചലനങ്ങൾ അറ്റുപോകുന്ന അവസ്ഥ. സുനിലിന്റെ കുറിപ്പുകൾ അത്തരമൊരു ഒഴിച്ചുനിർത്തലിനെ കുടഞ്ഞെറിയാനുള്ള പിടച്ചിലുകളെ കാര്യമായി അനുഭവിപ്പിക്കുന്നു. എഴുതുകയെന്നാൽ തന്നോടു സംസാരിക്കുക എന്നർത്ഥമാണെന്ന് മുൻപേ പറഞ്ഞു. അതു ചിലപ്പോൾ ഡയറി എഴുത്തുപോലെയാണ് (ഇന്നും ദീർഘനേരം നടന്നു. ഒന്നരമണിക്കൂർ. ഉലാത്തലിനെ വ്യായാമത്തിന്റെ കള്ളിയിൽപ്പെടുത്താനാകില്ലെങ്കിലും ഉലാത്തൽ മാനസികമായി എനിക്ക് വ്യായാമമാകുന്നുണ്ട്.  പേജ് 57) മറ്റുള്ളവർക്കുള്ളതാണ് വിശദീകരണങ്ങൾ. സ്വയം സംസാരങ്ങളിൽ അനുഭവങ്ങളെ സംഗ്രഹിക്കാനാവും മനസ്സു ശ്രമിക്കുന്നത്. അതൊരു അതിജീവനതന്ത്രമാണ്. പലപ്പോഴും തത്ത്വവിചാരങ്ങൾ എന്നു തോന്നുന്ന, ജീവിതത്തിന്റെ സാരസംഗ്രഹങ്ങൾ ;
-അതിനാൽ ദീർഘകാലം നീണ്ടു നിൽക്കുന്ന പ്രതീക്ഷകൾ വച്ചുപുലർത്തുന്നവർ സ്വയം വിശകലനം നടത്തുക. (പേജ് 69)
- ജീവിതത്തിൽ നമ്മൾ ആരോടെങ്കിലുമൊക്കെ കടപ്പെട്ടിരിക്കുന്നത് നല്ലതാണ്. (പേജ് 117)
- ഏകാന്തതടവിനു ശിക്ഷിക്കപ്പെട്ട തടവുകാരന്റെ സെല്ലിനു പുറത്തുനിന്നു നോക്കൂ. ലോകത്തിൽ ഇന്നുവരെ എഴുതപ്പെട്ടിട്ടില്ലാത്ത വേറിട്ട ചിന്തകൾ ഒരു പക്ഷേ തടവുകാരൻ ഉച്ചത്തിൽ പറയുന്നത് നമുക്കു കേൾക്കാം. (പേജ് 129)
- ചില രീതിയിൽ ചിന്തിച്ചാൽ ജീവിതം ഒരു ചാക്രിക പ്രക്രിയയാണ്. അവസാനം എന്നത് ആരംഭവുമാണ്. (പേജ് 132 )
-ഓർക്കുക ആദ്യമെത്തുന്നവർ എന്നും വിശേഷപ്പെട്ടവരാണ്. (പേജ് 118)
-തന്നോടുതന്നെയുള്ള സ്വന്തം ഉപദേശങ്ങളാണ്, ജീവിതത്തിൽ പിടിച്ചുനിൽക്കുന്നതിനെപ്പറ്റിയുള്ള ഗാഢമായ ആലോചനകൾ.

ഗീതുമോഹൻ ദാസിന്റെ ദേശീയ അവാർഡ് നേടിയ ഹ്രസ്വചിത്രം 'കേൾക്കുന്നുണ്ടോ'യിൽ കണ്ണുകാണാൻ വയ്യാത്ത ആറുവയസ്സുകാരി പെൺകുട്ടി ഹസ്ന, (ഹസ്ന, സിനിമയിലല്ല, യഥാർത്ഥത്തിൽ അന്ധയായ കുട്ടിയാണ്) ഇവിടെ ഒച്ചയൊന്നും ഇല്ലല്ലോ എന്ന് ആവർത്തിച്ചു പറയുന്നതു കാണാം.  ഒച്ച അവളുടെ ഏകാന്തത അകറ്റാനുള്ള ഒരു ഉപാധിയാണ്.  ബഹായി ക്ഷേത്രത്തിലെ കെട്ടിയേൽപ്പിക്കപ്പെട്ട മൂകതയിൽനിന്ന് എഴുന്നേറ്റോടി വന്നുനിന്നു കിതക്കുന്ന സുനിലിനെ പുസ്തകത്തിലൊരിടത്ത് കാണുമ്പോൾ കേൾവിയില്ലാത്തൊരാൾ ഒച്ചയന്വേഷിക്കുന്നതിന്റെ വൈരുദ്ധ്യം മനസ്സിലുടക്കുന്നു. പുസ്തകത്തിലെ വിഷാദത്തിന്റെ ആധാരശ്രുതി ഒറ്റപ്പെടലിന്റെയും ഏകാന്തതയുടെയുമാണ്. മാറ്റിനിർത്തപ്പെടുന്നവന്റെ വേദനകൾ, ഏറിയും കുറഞ്ഞും അനുഭവിക്കാത്തവരായി ആരുമില്ലെന്ന ആത്മകഥാപശ്ചാത്തലത്തിലാണ്, ഒരാളുടെ അതിന്റെ കൂടിയ അളവിലുള്ള   നൊമ്പരം നാം വായിച്ചെടുക്കുന്നത്. പുസ്തകങ്ങൾ അങ്ങനെയാണ് അനുഭവങ്ങളെ സാധാരണീകരിക്കുന്നത്. ചെവിക്കുള്ളിലെ നിർജ്ജീവ കോശങ്ങളെ പുനരുദ്ധരിക്കാനായി മൊട്ടുസൂചി കുത്തിക്കയറ്റിയുള്ള ഹോളിസ്റ്റിക് ചികിൽസകരുടെ വിഫലശ്രമത്തെയും,  സ്പീച്ച് തെറാപ്പിസ്റ്റുകളുടെ ചികിൽസാരീതികളെയും, അഭിമുഖങ്ങളിൽ ന്യൂനതയെപ്പറ്റിയുള്ള വിശദീകരണങ്ങളെയും സുനിൽ വ്യക്തമാക്കിയിട്ടുണ്ട്. വള്ളത്തോൾ ദേവീപാദത്തെ ആശ്രയിച്ചതുപോലെ സുനിൽ ആധ്യാത്മികമായ വിചാരങ്ങളിൽ അഭയം തേടാൻ ദുർബലമായി ശ്രമിക്കുന്നുണ്ട്. അതു വഴി നിസ്സംഗനാവാനും. ഗീതയും ബുദ്ധനും കാന്റും കുമാരിലഭട്ടനും അത്താണികളാണ്. വിചാരങ്ങളുടെ ഭാരമായിരിക്കാം ഒരുപക്ഷേ, തന്നെ നോക്കി ചിരിക്കാനേ കഴിയാതെ സുനിലിനെ  വിഷാദമഗ്നനാക്കുന്നത്. വള്ളത്തോൾ നെഞ്ചുകലക്കിയൊരു കണ്ണീർ വാർപ്പിനു ശേഷം ജീവിതത്തിലേയ്ക്കു മടങ്ങിവന്നു, ചിരിച്ചുംകൊണ്ട്. പിന്നീടൊരിക്കലും പൂർവകാണ്ഡത്തിലേക്ക് നോക്കാതെ. നേടാവുന്നതൊക്കെ പേന വച്ച് നേടിയെടുക്കുകയും ചെയ്തു. സുനിലിന്റെ സാമൂഹികമായ അനുഭവങ്ങൾ സ്വയം അത്ര പ്രസാദാത്മകനാവാൻ ജീവിതത്തെ ആലയിൽനിന്ന് കെട്ടഴിച്ചു വിടുന്നില്ല. മാറ്റി നിർത്തപ്പെടേണ്ടവനാണെന്ന ബോധം ഓരോ അനുഭവവും വച്ചു നീട്ടുന്ന മട്ടിലുള്ളതാണ് സുനിലിന്റെ ജീവിതചക്രം. തൊഴിൽരഹിതമായ രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം ഉമാമാർത്താണ്ഡൻ എന്ന ഹ്യൂമൻ റിസോഴ്സ് ചീഫിന്റെ സഹായത്തോടെ നേടിയ ബാംഗ്ലൂരിലെ ജോലി, യോഗ്യതയ്ക്കനുസരിച്ചുള്ളതല്ലാതിരുന്നിട്ടും, ടെക്നിക്കൽ മൽസര ക്ഷമതയെ വല്ലാതെ ചോർത്തിക്കളയുന്നു എന്ന ബോധ്യം ഉണ്ടായിട്ടും ഒരു ആശ്വാസമായിരുന്നത്. പ്രോജക്ട് അവസാനിച്ചതോടെ നിലച്ചു. വീണ്ടും തൊഴിൽതേടി ജീവിതത്തിന്റെ ചാക്രികതയിലേക്ക്, പിന്നെയും ഒന്നേന്നുള്ള ആ പഴയ ബാല്യകാല കണക്കിന്റെ സങ്കീർണ്ണമായ ലാളിത്യത്തിൽ പേന മുട്ടിച്ചാണ് സുനിൽ പുസ്തകത്തിന്റെ അവസാനവാക്യം എഴുതുന്നത് :
 'നൈരാശ്യത്തിൽ അവസാനിക്കാതെ, ശുഭമായി തന്നെ അവസാനിക്കുന്ന ഒരു ചാക്രിക പ്രക്രിയയ്ക്കു ഞാൻ കാത്തിരിക്കുന്നതിൽ അപാകതയില്ലെന്നു തോന്നുന്നു. എല്ലാം കാലം വിധിക്കട്ടെ.'


 തന്റെ പ്രശ്നത്തെ സാമൂഹികമായ ഒരു പശ്ചാത്തലത്തിൽ വച്ച് വിശകലനം ചെയ്യാനാണ് എഴുത്തുകാരൻ കൂടുതലും ശ്രമിക്കുന്നത്.  വായനയും എഴുത്തുംകൊണ്ട് വീണുപോയ പടുകുഴിയിൽനിന്ന് കരേറാൻ ശ്രമിക്കുന്നതിന്റെ പിടച്ചിലുകളാണ് 'ചില അറിയപ്പെടാത്ത ഏടുകളുടെ' ഹൃദയത്താളം. എന്നാൽ ഏകാകിയായ വ്യക്തിയുടെ അനുഭവവിവരണം എന്ന നിലയ്ക്കല്ലാതെ പുസ്തകത്തെ ശ്രദ്ധേയമാക്കുന്ന ഒരു തലം കൂടി അറിയപ്പെടാത്ത ഏടുകൾക്കുണ്ട്. അത് തന്റെ കേൾവിയെപ്പറ്റിയുള്ള (കേൾവിയില്ലായ്മയെപ്പറ്റിയുള്ള) വിശദമായ നിരീക്ഷണം എന്ന നിലയ്ക്കാണ്. സ്പീച്ച് തെറാപ്പിസ്റ്റിനോടും കൂട്ടുകാരനോടും ഡോക്ടറോടും താൻ എങ്ങനെയാണ് കേൾക്കുന്നതെന്ന് വിവരിക്കുന്ന വ്യക്തി, ആ നിലയിൽ നൽകുന്ന രോഗവിവരണം അപൂർവമായ ലോകത്തെ മുന്നിൽകൊണ്ടുവന്നു വയ്ക്കുന്നു. ഇത് മലയാളത്തിൽ അത്ര പതിവുള്ള എഴുത്തല്ല. ബാഹ്യാനുഭവങ്ങളെയാണ് നാം കൂടുതലായി ആശ്രയിക്കുന്നത് ആന്തരികാനുഭവങ്ങളുടെ സൂക്ഷ്മശ്രുതികൾ ശ്രദ്ധിക്കാൻ വേണ്ട പ്രായം നമുക്കായിട്ടില്ലെന്നു തോന്നുന്നു. ആലീസിന്റെ അദ്ഭുതലോകത്തിലെ ചെഷയർ പൂച്ച മാഞ്ഞുപോകുകയും അതിന്റെ ചിരി മാത്രമായി അവശേഷിക്കുകയും ചെയ്യുന്നത് വെറും ഭാവനാത്മകമായ വിവരണമല്ലെന്നും കാഴ്ചയ്ക്ക് അങ്ങനെ ഒരു വ്യത്യസ്തതയുണ്ടെന്നും (കാഴ്ചയെ ഏകോപിപ്പിക്കാനുള്ള കഴിവു തലച്ചോറിലെ കേന്ദ്രങ്ങൾക്ക് നഷ്ടപ്പെടുക) ഡോ. ഇക്ബാലിന്റെയും ഡോ രാജശേഖരൻ നായരുടെയും വിവരണങ്ങളിലൂടെയാണ് അറിഞ്ഞത്. സമാനമായ ഒരു കേൾവിയനുഭവത്തെ സുനിൽ വരച്ചിടുന്നുണ്ട്. കേൾക്കുന്നുണ്ട്. പക്ഷേ എന്താണെന്ന് വ്യക്തമാവാത്ത അവസ്ഥ,  അവയെ പരസ്പരം ബന്ധിപ്പിച്ച് ക്രോഡീകരിക്കുന്നതിൽ വരുന്ന തകരാറിലാണ് എന്ന്.  സൂസന്ന കഹലാന്റെ 'ബ്രയിൻ ഓൺ ഫയർ - മൈ മന്ത്സ് ഓഫ് മാഡ്നസ്സ്' ആ രോഗത്തെപ്പറ്റിയുള്ള (ആന്റി എൻ എം ഡിഎ റിസെപ്റ്റർ എൻസഫാലിറ്റീസ്) ഏതു ക്ലിനിക്കൽ റിപ്പോർട്ടിനെയുംകാൾ വിശദവും പഠനീയവുമാണെന്ന് ന്യൂറോളജി പ്രഫസർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.   'ചില അറിയപ്പെടാത്ത ഏടുകൾ' എന്ന പേരിലെ ആ അറിയപ്പെടായ്കകൾക്ക് അങ്ങനെയും ചില മാനങ്ങളുണ്ട്.


September 29, 2015

വിഷാദം നമ്മുടെ കാലഘട്ടത്തിന്റെ മുഖഭാവമാണ്അഭിമുഖം

ഗുന്തർ ഗ്രാസ് - എലിസബത്ത് ഗ്രാഫ്നെ

സമകാലിക സാഹിത്യ- കലാ മേഖലകളിൽ വളരെ അപൂർവമായ നേട്ടങ്ങൾ സ്വായത്തമാക്കിയ വ്യക്തിയാണ് ഗുന്തർഗ്രാസ്. വിമർശകരുടെ ആദരവും വാണിജ്യപരമായ മികവും കൈവച്ച കലാമാധ്യമങ്ങളിലൊക്കെ അദ്ദേഹം നേടി. നോവൽ രചയിതാവ്, കവി, ഉപന്യാസകാരൻ, നാടകകൃത്ത്, ശില്പി, ഗ്രാഫിക് കലാകാരൻ  ഇതെല്ലാമായ ഗ്രാസ്, 1958-ൽ ഏറ്റവുമധികം വിറ്റഴിഞ്ഞ തകരച്ചെണ്ട (The Tin Drum) യെന്ന ആദ്യനോവലുമായിട്ടാണ് ലോകസാഹിത്യ രംഗത്ത് പ്രത്യക്ഷപ്പെട്ടത്.  അതിനെ തുടർന്ന് വന്ന ലഘു നോവൽ, എലിയും പൂച്ചയും  (Cat and Mouse 1961), ശ്വാനവർഷങ്ങൾ (Dog Years 1963) എന്നിവ ചേർന്ന് ഡാൻസിഗ് ത്രിതയം എന്നു അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ മറ്റു പുസ്തകങ്ങൾ ഒച്ചിന്റെ ഡയറിയിൽനിന്ന്( From the Diary of a Snail 1972), ഉരുൾച്ചക്കാരൻ (The Flounder 1977), ടെൽഗറ്റിലെ അഭിമുഖം (The Meeting at Telgte 1979), ശീർഷകജന്മങ്ങൾ (Headbirths)അഥവാ ജർമ്മൻ‌കാർ പുറത്ത് മരിക്കുകയാണ് (The Germans are Dying Out 1980), എലി (The Rat (1986), നിന്റെ നാവു കാണിക്കൂ (Show Your Tongue 1989) തുടങ്ങിയവയാണ്. 1999-ൽ അദ്ദേഹം എന്റെ നൂറ്റാണ്ടും (My Century)2002-ൽ ഞണ്ടു നടത്തം (Crabwalk)എന്ന നോവലും പ്രസിദ്ധപ്പെടുത്തി. ആത്മകഥാപരമായ ഓർമ്മക്കുറിപ്പുകൾ ഉള്ളി തൊലിക്കുമ്പോൾ (Peeling the Onion) എന്ന പേരിൽ 2006 -ൽ പുറത്തുവന്നു. അതിന്റെ പുനഃപ്രകാശനവുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് താൻ വാഫെൻ എസ് എസ് എന്ന കുപ്രസിദ്ധ നാസി സംഘത്തിലെ അംഗമായിരുന്നു എന്ന വിവരം ഗ്രാസ് ഏറ്റു പറഞ്ഞത്.  സ്വന്തം പുസ്തകങ്ങളുടെ ചട്ട  ഗ്രാസ് തന്നെയാണ് രൂപകല്പന ചെയ്യുന്നത്. അവയ്ക്കുള്ളിലെ രേഖാ ചിത്രങ്ങളും അദ്ദേഹം തന്നെ വരയ്ക്കുന്നു. 1965- ലെ ജോർജ്ജ് ബുഷ്നെർ സമ്മാനം, 1977 ലെ കാൾ വോൺ ഓസിറ്റ്സ്കി മെഡൽ, തുടങ്ങി നിരവധി സമ്മാനങ്ങൾ ഗ്രാസിനെ തേടിയെത്തി. അമേരിക്കൻ അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസിലെ വിദേശ വിശിഷ്ടാംഗത്വവും അദ്ദേഹത്തിനുണ്ട്. 1999-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനവും അദ്ദേഹത്തെ തേടി വന്നു.
ജർമ്മനിയിൽ പ്രസിദ്ധ നോവലുകളുടെ രചയിതാവ് എന്നതുപോലെ വിവാദരാഷ്ട്രീയത്തിന്റെയും പേരിൽ ശ്രദ്ധാകേന്ദ്രമായിരുന്നു ഗുന്തർ ഗ്രാസ്. വില്ലി ബ്രാൻഡിന്റെ മുഖ്യ പ്രസംഗമെഴുത്തുകാരനായിരുന്നു അദ്ദേഹം, പത്തുവർഷമായി. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നീണ്ടകാലത്തെ അനുഭാവിയും. തിരക്കുപിടിച്ച് ആസൂത്രണം ചെയ്ത ജർമ്മൻ ഏകീകരണത്തെ തുറന്നെതിർത്ത വളരെക്കുറച്ച് ബുദ്ധിജീവികളിൽ ഒരാളുംകൂടിയായി പിന്നീടദ്ദേഹം. 1990-ൽ ഈ വിഷയത്തെ സംബന്ധിച്ച പ്രഭാഷണങ്ങളുടെയും പ്രസംഗങ്ങളുടെയും ചർച്ചകളുടെയും രണ്ടു വാല്യമുള്ള പുസ്തകം ഗ്രാസ് ഒറ്റയ്ക്ക് പുറത്തിറക്കി.
ഈ അഭിമുഖം എലിസബത്ത് ഗ്രാഫ്നെ രണ്ടു ഘട്ടമായിട്ടാണ് നടത്തിയത്. ആദ്യഭാഗം മഹാട്ടനിലെ പൊതുപരിപാടിയ്ക്കിടയിൽ വച്ച്. ബാക്കിഭാഗം  നീഡ് സ്ടാബിലെ വീട്ടിൽ,  നീണ്ട യാത്രയ്ക്കിടയിലെ വിശ്രമവേളയിൽ നിന്നും ലഭിച്ച സമയത്ത്.  
എലിസബത്ത് ഗ്രാഫ്നെ
എങ്ങനെയാണ് ഒരു എഴുത്തുകാരനായത്?
ഗ്രാസ്
മുതിർന്നപ്പോൾ സമൂഹത്തിനായി എന്തെങ്കിലും ചെയ്യണമെന്നുണ്ടായിരുന്നു. ഇടത്തരം കുടുംബമായിരുന്നു ഞങ്ങളുടേത്. രണ്ടു മുറിക മാത്രമുള്ള ചെറിയ അപ്പാർട്ട്മെന്റാണ് വാസസ്ഥലം. പെങ്ങൾക്കും എനിക്കും പ്രത്യേകം മുറികളുണ്ടായിരുന്നില്ല. എന്നല്ല, സ്വന്തമായൊരു സ്വകാര്യസ്ഥലം പോലുമുണ്ടായിരുന്നില്ല. മുറിയിൽ ജനാലകൾക്കിടയിലുള്ള ചെറിയ മൂലയിലാണ് ഞാൻ പുസ്തകങ്ങളും എന്റെ മറ്റു വസ്തുക്കളും ജലച്ചായവും മറ്റും സൂക്ഷിച്ചിരുന്നത്. എനിക്കു വേണ്ട കാര്യങ്ങളെക്കുറിച്ച് ഞാൻ ചിലപ്പോഴൊക്കെ ആലോചിക്കും. വളരെ ചെറുപ്പത്തിലേ ഒച്ചകൾക്കിടയിലിരുന്ന് വായിക്കാൻ ഞാൻ ശീലിച്ചു. അപ്പോഴേ എഴുതാനും വരയ്ക്കാനും തുടങ്ങി.  അതിന്റെ മറ്റൊരു ഫലം, ഞാൻ മുറികളെ ഇഷ്ടപ്പെടാൻ തുടങ്ങിയെന്നതാണ്. ഇപ്പോൾ നാലു വായനാ മുറികൾ എനിക്കുണ്ട്. പലടത്തായി. കുട്ടിക്കാലത്തെ സാഹചര്യത്തിലേയ്ക്ക് മടങ്ങിപ്പോകുന്നതിനെ ക്കുറിച്ചോർക്കുമ്പോൾ പേടി തോന്നാറുണ്ട്. ചെറിയ മുറിയിലെ ഒരു മൂലയിലേയ്ക്ക്

എലിസബത്ത് ഗ്രാഫ്നെ
ഇത്തരമൊരു സാഹചര്യത്തിൽ, സ്പോട്സ് പോലെയുള്ള സംഗതികളിലേക്ക് തിരിയാതെ  എഴുത്തിലേയ്ക്കും വായനയിലേയ്ക്കും വന്നതെങ്ങനെ?
ഗ്രാസ്
ഞാനൊരു നുണയനായിരുന്നു, കുട്ടിക്കാലത്ത്. ഭാഗ്യത്തിന് അമ്മ എന്റെ കള്ളങ്ങൾ ഇഷ്ടപ്പെട്ടു. ഗംഭീരമായ സംഗതികളാണ് അവർക്ക് ഞാൻ വാഗ്ദാനം ചെയ്തിരുന്നത്. പത്തു വയസ്സുള്ളപ്പോൾ അമ്മ എന്നെ വിളിച്ചിരുന്നത് പിയർ ജിന്റ് എന്നാണ്. നേപ്പിൾസിലേക്കും മറ്റും ഞങ്ങൾ യാത്ര ചെയ്യുന്നതിനെപ്പറ്റിയുള്ള നിറം പിടിപ്പിച്ച കഥകൾ പറയുന്നതുകൊണ്ട്. ഞാൻ ഈ കള്ളങ്ങൾ അപ്പോൾ തന്നെ എഴുതാൻ തുടങ്ങി. പിന്നെ അതു തുടർന്നു. പന്ത്രണ്ടു വയസ്സുള്ളപ്പോൾ ഞാൻ കാഷുബിയൻസിനെപ്പറ്റി നോവലെഴുതി. വർഷങ്ങൾക്കുശേഷം അവർ തകരച്ചെണ്ടയിൽ തിരിച്ചുവരുന്നതു കാണാം. ഓസ്കാറിന്റെ മുത്തശ്ശി, അന്ന എന്റെ മുത്തശ്ശിയെപ്പോലെതന്നെ കാഷുബിയനാണ്. പക്ഷേ ആദ്യ നോവലിൽ ഞാനൊരു അബദ്ധം കാണിച്ചു. ആദ്യ അധ്യായത്തിൽ വരുന്ന എല്ലാ കഥാപാത്രങ്ങളും ആ അധ്യായത്തിന്റെ അവസാനം തന്നെ മരിച്ചു! പിന്നെ മുന്നോട്ടു പോകാൻ പറ്റിയില്ല. അതാണ് എന്റെ എഴുത്തിന്റെ ആദ്യ പാഠം: കഥാപാത്രങ്ങളുടെ കാര്യത്തിൽ വളരെ ശ്രദ്ധിക്കുക !!
എലിസബത്ത് ഗ്രാഫ്നെ
ഏതൊക്കെ കള്ളങ്ങളാണ് വലിയ സന്തോഷങ്ങൾ താങ്കൾക്ക് പകർന്നു നൽകിയത്?
ഗ്രാസ്
സ്വയം രക്ഷിക്കാനോ മറ്റുള്ളവരെ ഉപദ്രവിക്കാനോ ഉദ്ദേശിച്ചുള്ള നുണകളിൽനിന്നു വ്യത്യാസമുണ്ട്, ആരെയും ഉപദ്രവിക്കാത്ത കള്ളങ്ങൾക്ക്.  ഉപദ്രവമൊന്നും എന്റെ ലക്ഷ്യമല്ല. സത്യം മിക്കപ്പോഴും വളരെ മുഷിപ്പനാണ്. കള്ളങ്ങളോട് ചേർത്തുവച്ചു വേണം അതിനെ രക്ഷിക്കാൻ. അതിൽ കുഴപ്പമൊന്നുമില്ല. എന്റെ ഭയങ്കരമായ നുണകൾക്കുപോലും പുറത്തുള്ള സംഗതികൾക്കുമേൽ ഒരു സ്വാധീനവുമില്ലെന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. സമീപകാലത്തെ ജർമ്മൻ രാഷ്ട്രീയസംഭവവികാസങ്ങളെ വിഭാവന ചെയ്തുകൊണ്ട് വർഷങ്ങൾക്കുമുൻപ് ഞാൻ എഴുതിയിരുന്നെങ്കിൽ, ആളുകൾ പറയുമായിരുന്നു, ഹോ, എന്തൊരു നുണയൻ !
എലിസബത്ത് ഗ്രാഫ്നെ
പരാജയപ്പെട്ട നോവലിനെ തുടർന്നുള്ള അടുത്ത ശ്രമം എന്തായിരുന്നു?
ഗ്രാസ്
കവിതയും ചിത്രങ്ങളും ചേർന്നതാണ് എന്റെ ആദ്യത്തെ പുസ്തകം. കവിതകളുടെ പ്രാഥമിക രൂപം വരികളും വരകളും തമ്മിലുള്ള ബന്ധമാണ്. ചിലപ്പോൾ ഒരു ചിത്രത്തിൽനിന്ന് കവിത, ചിലപ്പോൾ ഒരു വാക്കിൽനിന്ന് ചിത്രം. എനിക്ക് 25 വയസ്സായപ്പോഴേക്കും ഒരു ടൈപ് റൈറ്റർ വാങ്ങിക്കാനുള്ള പ്രാപ്തിയായി. രണ്ടു വിരലുകൾ ഉപയോഗിച്ചാണ് എന്റെ ടൈപ്പിംഗ്. തകരച്ചെണ്ടയുടെ ആദ്യപ്രതി ഈ യന്ത്രമുപയോഗിച്ചാണ് ഞാൻ ചെയ്തത്. ഇപ്പോൾ വയസ്സായി, കൂട്ടുകാരായ എഴുത്തുകാർ കമ്പ്യൂട്ടർ ഉപയോഗിച്ചാണ് എഴുതുന്നത് എന്നു കേൾക്കുന്നുണ്ടെങ്കിലും ഞാൻ എന്റെ കൈകൊണ്ടുതന്നെ കരട് തയാറാക്കുന്ന ആളാണ്! അക്കാര്യത്തിൽ എനിക്ക് പിന്നിലേക്കു പോകാനാണിഷ്ടം. എലി (The Rat ) യുടെ ആദ്യ പ്രതി, വല്ലാതെ തടിച്ച പുസ്തകമായിരുന്നു, വരയിടാത്ത കടലാസ്സിൽ. അതെനിക്ക് പ്രസാധകൻ കൊണ്ടുവന്നു തന്നു. പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിനുമുൻപ്  ഞാൻ എപ്പോഴും ഒന്നും എഴുത്താത്ത വെള്ളപ്പേപ്പറുകൾകൂടി ചേർത്തിട്ടുള്ള ആദ്യകോപ്പി ചോദിച്ചു വാങ്ങാറുണ്ട്. അതു വച്ച് അടുത്ത കോപ്പിയ്ക്കുവേണ്ട തിരുത്തലുകൾ നടത്താം. ഇപ്പോൾ ആദ്യത്തെ പ്രതി എന്തായാലും ചിത്രങ്ങളും ചേർത്ത് ഞാൻ കൈകൊണ്ടുതന്നെ എഴുതും. രണ്ടാമത്തെയും മൂന്നാമത്തെയും കരടുപ്രതികൾ ടൈപ്പ് റൈറ്ററിൽ ചെയ്യും. മൂന്നു പ്രാവശ്യമെങ്കിലും തിരുത്താതെ ഞാൻ ഒരു പുസ്തകവും തീർത്തിട്ടില്ല. ചിലപ്പോൾ നാലമത്തേതിൽ പോലും ഒരു പാട് തിരുത്തലുകൾ വേണ്ടിവരും.
എലിസബത്ത് ഗ്രാഫ്നെ
കരടുകളെല്ലാം ക്രമമനുസരിച്ച് എഴുതി പോവുകയാണോ ചെയ്യുന്നത്  ?
ഗ്രാസ്
അല്ല. ആദ്യത്തെ കരട് പെട്ടെന്നെഴുതും. അതിലെന്തെങ്കിലും കുഴപ്പം ഉണ്ടെങ്കിൽ, പ്രശ്നമാണ്. രണ്ടാം പ്രതിയുടെ എഴുത്ത് വളരെ സമയമെടുത്ത് വിശദാംശങ്ങളോടെ എഴുതും. അത് പൂർണ്ണമായിരിക്കും. അതിൽ പഴുതുകളൊന്നും ഉണ്ടാവാനിടയില്ല. പക്ഷേ അത് അല്പം വിരസമായിരിക്കാൻ സാധ്യതയുണ്ട്. മൂന്നാം പ്രതിയിൽ ആദ്യത്തേതിന്റെ ഒഴുക്ക് വീണ്ടെടുക്കാൻ ഞാൻ ശ്രമിക്കും. രണ്ടാമത്തെ കരടിലുള്ള അനിവാര്യമായ സംഗതികളെ നിലനിർത്തുകയും ചെയ്യും. വളരെ പ്രയാസമുള്ള കാര്യമാണിത്.
എലിസബത്ത് ഗ്രാഫ്നെ
ദിവസം എത്ര പേജെഴുതും?
ഗ്രാസ്
ആദ്യത്തെ കരടാണ് എഴുതുന്നതെങ്കിൽ ഒരു ദിവസം അഞ്ചു മുതൽ ഏഴു പേജുകൾ വരെ ഒരു ദിവസം എഴുതും. മൂന്നാമത്തെ തിരുത്തലാണ് ചെയ്യുന്നതെങ്കിൽ ഒരു ദിവസം മൂന്നു പേജൊക്കെയേ ഉണ്ടാവൂ. അതു വളരെ പതുക്കെയായിരിക്കും.
എലിസബത്ത് ഗ്രാഫ്നെ
രാവിലെയാണോ രാത്രിയാണോ ഉച്ചയ്ക്കാണോ എഴുത്ത്?
ഗ്രാസ്
രാത്രി ഒരിക്കലുമല്ല, രാത്രി എഴുതുന്നതിൽ എനിക്കത്ര വിശ്വാസമില്ല. അത്ര എളുപ്പം എഴുത്ത് വരും. പക്ഷേ രാവിലെ വായിക്കുമ്പോൾ ശരിയായില്ലെന്ന് തോന്നും. എഴുതി തുടങ്ങാൻ എനിക്ക് പകൽ വെളിച്ചം വേണം. 9 നും 10 നും ഇടയ്ക്ക് എനിക്കൊരു നീണ്ട പ്രാതൽ പതിവുണ്ട്, സംഗീതവും വായനയുമൊക്കെയായി. അതിനുശേഷം ഞാൻ പണിയാരംഭിക്കും. ഉച്ചയ്ക്ക് കാപ്പി കുടിക്കാനായി ഒന്നു നിർത്തും. പിന്നെ തുടങ്ങിയാൽ സന്ധ്യയ്ക്ക് ഏഴുമണിയോടെ എഴുത്ത് അവസാനിപ്പിക്കും.
എലിസബത്ത് ഗ്രാഫ്നെ
പുസ്തകം എഴുതി തീർന്നു എന്ന് എങ്ങനെ അറിയാം?
ഗ്രാസ്
ഇതിഹാസത്തിന്റെയത്ര വലിപ്പമുള്ള പുസ്തകത്തിന്റെ രചനയിലായിരിക്കുമ്പോൾ എഴുതുക എന്ന പ്രക്രിയ സാമാന്യത്തിലധികം നീളും. നാലഞ്ച് വർഷം എടുക്കും, എല്ലാം വായിച്ച് തിരുത്തി കടന്നുപോകാൻ. ഇനി ഒട്ടും വയ്യ എന്ന മട്ടിൽ ഞാൻ തളരുമ്പോൾ പുസ്തകരചന പൂർത്തിയായെന്നു പറയാം.
എലിസബത്ത് ഗ്രാഫ്നെ
ബ്രഹ്ട് സ്വന്തം പുസ്തകം തിരുത്തിക്കൊണ്ടേയിരുന്നു, എല്ലായ്പ്പോഴും. അവ പ്രസിദ്ധീകരിച്ചു വന്നാൽ പോലും തിരുത്തൽ പണി തുടർന്നു. പുസ്തകത്തിന്റെ രചന എപ്പോഴെങ്കിലും തീരുന്നതായി അദ്ദേഹം കരുതിയിരുന്നില്ല..
ഗ്രാസ്
എനിക്കങ്ങനെ ചെയ്യാൻ പറ്റുമെന്നു തോന്നുന്നില്ല. ജീവിതത്തിന്റെ പ്രത്യേക ഘട്ടത്തിൽ മാത്രമേ തകരച്ചെണ്ട പോലെയോ ഒച്ചിന്റെ ഡയറിയിൽനിന്ന് പോലെയോ ഉള്ള പുസ്തകങ്ങൾ എഴുതാൻ എനിക്കുപറ്റൂ. ആ കാലയളവിലെ എന്റെ ചിന്തയും അനുഭവവുമായിട്ടാണ് പുസ്തകം പുറത്തുവരുന്നത്. ഒന്നുകൂടി തകരച്ചെണ്ടയോ ഒച്ചിന്റെ ഡയറിയോ ശ്വാന വർഷങ്ങളോ മാറ്റി എഴുതാനിരുന്നാൽ ഞാനതു നശിപ്പിക്കുമെന്നുറപ്പാണ്.
എലിസബത്ത് ഗ്രാഫ്നെ
ഭാവനയ്ക്ക് പ്രാധാന്യമുള്ള സ്വന്തം രചനകളെ, അങ്ങനെയല്ലാത്ത മറ്റു രചനകളിൽനിന്ന് എങ്ങനെയാണ് താങ്കൾ വേർതിരിച്ചു കാണുന്നത്?
ഗ്രാസ്
ഭാവനയുള്ളതും അല്ലാത്തതുമായ രചനകൾ തമ്മിൽ തല്ലുന്നതിനെക്കുറിച്ചുള്ള സങ്കൽ‌പ്പമേ ശുദ്ധ വിവരക്കേടാണ്. പുസ്തക വിൽ‌പ്പനക്കാർക്ക്, ഗണമനുസരിച്ച് അടുക്കി വയ്ക്കാൻ കൊള്ളാമെന്നല്ലാതെ എന്റെ പുസ്തകങ്ങളെ അങ്ങനെ തരം തിരിക്കുന്നത് എനിക്കിഷ്ടമല്ല. പുസ്തകക്കച്ചവടക്കാരുടെ ഒരു സമിതി, ഭാവനയുടെ ഗണത്തിൽ പെടുത്താവുന്നതേത്, അല്ലാത്തതേതെന്ന്  ഒരു മീറ്റിംഗ് വിളിച്ചുകൂടി തീരുമാനിക്കുന്നതിനെക്കുറിച്ച് ഞാൻ ആലോചിക്കാറുണ്ട്. കച്ചവടക്കാർ ചെയ്യുന്നതാണ് ഭാവന നിറഞ്ഞ പ്രവൃത്തിയെന്ന് ഞാൻ പറയും.
എലിസബത്ത് ഗ്രാഫ്നെ
അതായത്, ലേഖനങ്ങളോ പ്രസംഗമോ എഴുതുമ്പോൾ ഉപയോഗിക്കുന്ന അതേ രചനാതന്ത്രം അല്ലല്ലോ, കഥ പറയാനും അനുഭവങ്ങളെ ചിട്ടപ്പെടുത്താനും താങ്കൾ ഉപയോഗിക്കുന്നത്. അല്ലേ?
ഗ്രാസ്
അതെ, അവ വ്യത്യസ്തമാണ്, കാരണം അഭിമുഖീകരിച്ച യാഥാർത്ഥ്യങ്ങളെ എനിക്കു മാറ്റാൻ പറ്റില്ല. സാധാരണയായി ഞാൻ ഡയറി അങ്ങനെ ഉപയോഗിക്കാറില്ല. പക്ഷേ ഒച്ചിന്റെ ഡയറിയിൽനിന്ന് എഴുതാനുള്ള തയാറെടുപ്പിന്റെ ഭാഗമായി അത് ഉപയോഗിച്ചിരുന്നു. 1969 വളരെ പ്രധാനപ്പെട്ട വർഷമാണെന്ന തോന്നൽ എനിക്കുണ്ട്. പുതിയ സർക്കാരിന്റെ വന്നതിന്റെ മോടിയ്ക്കപ്പുറത്ത്, ശരിയായ ഒരു രാഷ്ട്രീയ മാറ്റം കൊണ്ടുവന്ന വർഷമാണത്. 1969-ലെ മാർച്ച് മുതൽ സെപ്തംബർ വരെയുള്ള നീണ്ട കാലത്തെ തെരുവു പ്രചാരണ സമയത്ത് ഞാൻ ഡയറി എഴുതിയിരുന്നു. അതുതന്നെയാണ് ഞാൻ കൽക്കത്തയിലായിരുന്നപ്പോഴും സംഭവിച്ചത്. ഞാൻ സൂക്ഷിച്ചിരുന്ന ഡയറിയാണ് പിന്നെ നിന്റെ നാവു കാണിക്കൂ (Show Your Tongue) ആയി വികസിച്ചത്.
എലിസബത്ത് ഗ്രാഫ്നെ
എങ്ങനെയാണ് സ്വന്തം രാഷ്ട്രീയനിലപാടുകളെ ചിത്രങ്ങളിലും എഴുത്തിലും സമർത്ഥമായി ഒളിപ്പിച്ചു വയ്ക്കുന്നത്?
ഗ്രാസ്
സ്വന്തം ആന്തരികവും ധൈഷണികവുമായ ജീവിതത്തിൽ മാത്രമല്ല എഴുത്തുകാർക്ക് പങ്കാളിത്തമുള്ളത്. അവർക്ക് ദൈനംദിനജീവിതവുമുണ്ട്. എഴുതുക, വരയ്ക്കുക, രാഷ്ട്രീയ പ്രവർത്തനങ്ങളിലേർപ്പെടുക, എനിക്ക് ഇവ മൂന്നും സ്വന്തം നിലക്ക് പ്രത്യേക പ്രാധാന്യമുള്ള മൂന്നു പ്രത്യേക അറകളാണ്. ഞാൻ ജീവിക്കുന്ന സമൂഹവുമായി യോജിച്ചും പൊരുത്തപ്പെട്ടും മുന്നോട്ടു പോകേണ്ടയാളാണു ഞാൻ.  എന്റെ എഴുത്തും ചിത്രങ്ങളും, ഞാൻ വിചാരിച്ചാലും ഇല്ലെങ്കിലും രാഷ്ട്രീയവുമായി കൂടിക്കലരും. എഴുതിക്കൊണ്ടിരിക്കുന്നതിൽ ബോധപൂർവം രാഷ്ട്രീയം കൊണ്ടുവരാനുള്ള പദ്ധതിയൊന്നും ഞാൻ ആലോചിക്കാറില്ല. ചരിത്രം ഒഴിവാക്കിക്കളഞ്ഞ കാര്യങ്ങൾ ചിലപ്പോൾ മൂന്നാമത്തെയോ നാലാമത്തെയോ തിരുത്തലിനിടക്ക് ഒഴിവാക്കിയ ഭാഗത്തുനിന്ന് കണ്ടെടുക്കാറുണ്ട്. എന്നാലും രാഷ്ട്രീയ യാഥാർത്ഥ്യവുമായി നേരിട്ടു ബന്ധപ്പെടുത്തി ഒരു കഥയും ഞാൻ എഴുതിയിട്ടില്ല. നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്ന രാഷ്ട്രീയത്തെ ഒഴിവാക്കാനുള്ള ഒരു കാരണവും എന്റെ മുന്നിലില്ല. അത് ജീവിതത്തിന്റെ എല്ലാ തലങ്ങളിലേയ്ക്കും ഊർന്നിറങ്ങിയിട്ടുള്ള യഥാർത്ഥ്യമാണ്, ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ.
എലിസബത്ത് ഗ്രാഫ്നെ
പല വ്യത്യസ്തമായ ഘടകങ്ങളെയും താങ്കൾ രചനയിൽ കൊണ്ടുവന്ന് കൂട്ടിയിണക്കിയിട്ടുണ്ട്, - ചരിത്രം, പാചകവിധികൾ, ഗാനരചന...
ഗ്രാസ്
. . . ചിത്രങ്ങൾ, കവിതകൾ, സംഭാഷണം, ഉദ്ധരണികൾ, പ്രസംഗം, കത്തുകൾ ! ഐതിഹാസികമാനങ്ങളോടെയുള്ള നോവൽ സങ്കല്പവുമായിട്ട് നീക്കുപോക്കുകൾ നടത്തുമ്പോൾ ഭാഷാവിനിമയത്തിന്റെ ഏറ്റവും വൈവിധ്യമാർന്ന രൂപങ്ങളെ മുന്നിൽ വച്ചുകൊണ്ട്, ഭാഷയുടെ എല്ലാ സാധ്യതകളെയും ഉപയോഗിക്കുക അത്യാവശ്യമാണെന്നാണ് ഞാൻ വിചാരിക്കുന്നത്.. എലിയും പൂച്ചയും (Cat and Mouse), ടെൽഗറ്റിലെ അഭിമുഖം(The Meeting at Telgte) പോലെയുള്ള എന്റെ ചില ലഘു നോവലുകൾ ഘടനാരൂപം ശുദ്ധമായി പാലിക്കുന്നവയാണെന്ന് ഓർമ്മിച്ചുകൊണ്ടുതന്നെയാണിതു പറയുന്നത്.
എലിസബത്ത് ഗ്രാഫ്നെ
താങ്കൾ പദങ്ങളെ കൂട്ടിച്ചേർക്കുന്ന രീതിക്കും താങ്കളുടെ ചിത്രങ്ങൾക്കും സമാനമായ ചില പ്രത്യേകതകളുണ്ട്.
ഗ്രാസ്
ചിത്രങ്ങളും വാക്കുകളും എന്റെ രചനാശില്പത്തിന്റെ പ്രാഥമിക ഘടകങ്ങളാണ്. എന്നാൽ അവ മാത്രമല്ല. ഒഴിവുസമയം കിട്ടുമ്പോൾ ഞാൻ ശില്പങ്ങൾ ഉണ്ടാക്കാറുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം, കലയ്ക്കും എഴുത്തിനും തമ്മിൽ വളരെ വ്യക്തമായ കൊടുക്കൽ-വാങ്ങൽ ബന്ധമുണ്ട്. ചിലപ്പോൾ ബന്ധം വളരെ ദൃഢമായിരിക്കും. മറ്റു ചിലപ്പോൾ ദുർബലം. കഴിഞ്ഞ കുറെ വർഷങ്ങളായി അത് വളരെ ശക്തമായി നിലനിൽക്കുന്നു. നിങ്ങളുടെ നാവു കാട്ടൂ  (Show Your Tongue) എന്ന രചനയുടെ പശ്ചാത്തലം കൽക്കത്തയാണ്. അതാണ് ഏറ്റവും നല്ല ഉദാഹരണം. ചിത്രങ്ങളില്ലായിരുന്നെങ്കിൽ ആ പുസ്തകം പ്രകാശം കാണില്ലായിരുന്നു. കൽക്കത്തയുടെ അവിശ്വസനീയമായ ദാരിദ്ര്യം പലപ്പോഴും സന്ദർശകനെ ഭാഷയെ ശ്വാസം മുട്ടിക്കുന്ന ഒരവസ്ഥയിലേക്കു വലിച്ചുകൊണ്ടു പോകും. നിങ്ങൾക്ക് വാക്കുകൾ കിട്ടില്ല. ഞാൻ അവിടെ ആയിരുന്നപ്പോൾ വരച്ച ചിത്രങ്ങളാണ് യോജിച്ച വാക്കുകൾ കണ്ടെത്താൻ എന്നെ സഹായിച്ചത്,
എലിസബത്ത് ഗ്രാഫ്നെ
ആ പുസ്തകത്തിൽ, കവിതയുടെ വരികൾ അച്ചടിച്ച രൂപത്തിലല്ലാതെ, കൈകൊണ്ടെഴുതിയ മട്ടിൽ ചിത്രങ്ങൾക്കുമേൽ പതിച്ചിരിക്കുന്നതു കാണാം. ചിത്രങ്ങളുടെ ഒരു ഘടകമായിതന്നെ വാക്കുകൾ പരിഗണിക്കപ്പെടുകയല്ലേ, അവിടെ?
ഗ്രാസ്
കവിതകളുടെ ചില അംശങ്ങളെ നിർദ്ദേശിക്കുകയോ കൂട്ടിയോജിപ്പിച്ച് രൂപപ്പെടുത്തുകയോ ഒക്കെ ചെയ്യുന്നത്, വരകളാണ്. അവസാനം, വാക്കുകൾ കിട്ടുമ്പോൾ  വരച്ചു വച്ചിരിക്കുന്നതിന്റെ മുകളിലായി ഞാൻ അവ എഴുതാൻ തുടങ്ങും. വാക്കുകളും വരകളും ഒന്നുമറ്റൊന്നിനു മുകളിലായി ചേർത്തുപിടിപ്പിച്ചിരിക്കുകയാണ്. വരകളിൽനിന്ന് വാക്കുകൾ മനസ്സിലാക്കാൻ കഴിഞ്ഞാൽ അതാണു നല്ലത്. അവ വായിക്കാനുള്ളതാണ്. പടങ്ങൾ മിക്കവാറും ആദ്യഘട്ട രചനയുടെ ഭാഗങ്ങളായിരിക്കും. ഞാൻ ടൈപ്പ് റൈറ്ററിനു മുന്നിൽ ഇരിക്കുന്നതിനു മുൻപ് കൈകൊണ്ട് വരഞ്ഞിട്ടത്. എന്തുകൊണ്ടാണെന്നറിയില്ല ഈ പുസ്തകം എഴുതുക വളരെ പ്രയാസകരമായിരുന്നു എനിക്ക്.  കൽക്കത്ത വിഷയമായിരുന്നതുകൊണ്ടായിരിക്കും. ഞാനവിടെ രണ്ടുപ്രാവശ്യം പോയിട്ടുണ്ട്. നിങ്ങളുടെ നാവു കാട്ടൂ എഴുതുന്നതിന് 11 വർഷങ്ങൾക്കു മുൻപാണ് ആദ്യം പോയത്. ഇന്ത്യയിലേക്കുള്ള ആദ്യത്തെ യാത്രയായിരുന്നു അത്. കുറച്ചു ദിവസമേ ഉണ്ടായിരുന്നുള്ളൂ കൽക്കത്തയിൽ. ഞെട്ടി പോയി. തുടക്കം മുതലേ എനിക്കവിടെ വീണ്ടും പോകാനുള്ള, ഒരുപാട് കാലം താമസിക്കാനുള്ള, കൂടുതൽ കാണാനുള്ള, കാര്യങ്ങൾ എഴുതിവയ്ക്കാനുള്ള ആഗ്രഹം ഉണ്ടായിരുന്നു. ഏഷ്യയിലേക്ക്, ആഫ്രിക്കയിലേയ്ക്കൊക്കെ യാത്ര ചെയ്തു. ഹോങ്കോങിലെയോ മനിലയിലെയോ ജക്കാർത്തയിലെയോ ചേരികൾ കാണുമ്പോഴൊക്കെ ഞാൻ  ഓർത്തത് കൽക്കത്തയെയാണ്. ഒന്നാം ലോകത്തിന്റെ പ്രശ്നങ്ങൾ ഇത്ര വ്യക്തമായി മൂന്നാം ലോകത്തിന്റെ പ്രശ്നങ്ങളുമായി ഇങ്ങനെ പകൽ വെളിച്ചത്തിൽ കൂടിക്കുഴയുന്ന മറ്റൊരു സ്ഥലവുമില്ല ഇതുപോലെ ഈ ലോകത്ത്.
അതുകൊണ്ട് ഞാൻ വീണ്ടും കൽക്കത്തയിൽ പോയി. ഭാഷ ഉപയോഗിക്കാനുള്ള എന്റെ കഴിവു നഷ്ടപ്പെട്ടു. ഒരു വാക്കുപോലും എഴുതാൻ കഴിഞ്ഞില്ല. ചിത്രങ്ങളാണ് അപ്പോൾ സഹായത്തിനെത്തിയത്. കൽക്കത്തയുടെ യാഥാർത്ഥ്യത്തെ പിടിച്ചെടുക്കാനുള്ള മറ്റൊരു വഴിയായിരുന്നു അത്. വരച്ച ചിത്രങ്ങളുടെ സഹായത്തോടെ പിന്നീട് വീണ്ടും എഴുതാൻ കഴിഞ്ഞു. അതാണ് പുസ്തകത്തിന്റെ ഒന്നാം ഭാഗം. ഒരുതരം ഉപന്യാസം. അതിനുശേഷം മൂന്നാം ഭാഗം എഴുതാൻ തുടങ്ങി. 12 ഭാഗങ്ങളുള്ള നീണ്ട കവിത. കൽക്കത്തയെക്കുറിച്ചുള്ള ഒരു നഗര കവിത.  ഗദ്യഭഗത്തേക്കും  ചിത്രങ്ങളിലേക്കും കവിതയിലേക്കും ഒന്നിച്ചു നോക്കുക,  അവ കൽക്കത്തയെ പരസ്പരം ബന്ധിപ്പിക്കുന്നു. എന്നാൽ വ്യത്യസ്തമായ തരത്തിൽ. മൂന്നിന്റെയും  ഘടന വേറെ വേറെയാണെങ്കിലും അവയ്ക്കിടയിൽ ഒരു വിനിമയം ഉണ്ട് .
എലിസബത്ത് ഗ്രാഫ്നെ
ഇതിലേതെങ്കിലും ഒന്ന് മറ്റവയേക്കാൾ പ്രധാനപ്പെട്ടതാണോ?
ഗ്രാസ്
എന്റെ കാര്യത്തിൽ ശരിയാവുന്ന ഒരുത്തരം എനിക്കു തരാൻ പറ്റും. എന്റെ കാര്യത്തിൽ മാത്രമാണേ. കവിത വളരെ പ്രധാനപ്പെട്ട സംഗതിയാണ്. നോവലിന്റെ ജനനം തന്നെ കവിതയുമായാണ്. അതു വളരെ പ്രധാനമാണെന്ന് അറുത്തുമുറിച്ച് പറയുകയല്ല, പക്ഷേ എനിക്കതില്ലാതെ പറ്റില്ല. എനിക്ക് കവിത ആവശ്യമാണ്.
എലിസബത്ത് ഗ്രാഫ്നെ
ഒരു പക്ഷേ, മറ്റുള്ളവയേക്കാൾ വളരെ മഹത്തായ ഒരു കലാരൂപം ?
ഗ്രാസ്
അല്ല, അല്ല, അല്ല! ഗദ്യം, കവിത, ചിത്രങ്ങൾ അടുത്തത് ജനാധിപത്യ മര്യാദയിൽ നിൽക്കുകയാണ് എന്റെ രചനകളിൽ
എലിസബത്ത് ഗ്രാഫ്നെ
എഴുത്തിൽ കൊണ്ടുവരാൻ പറ്റാത്ത അല്ലെങ്കിൽ എഴുത്തിൽ ഇല്ലാത്ത, ഭൌതികമോ ഇന്ദ്രിയ സംവേദനക്ഷമമോ ആയ എന്തെങ്കിലും ഉണ്ടോ, ഈ ചിത്രങ്ങൾ വരയ്ക്കുന്നതിൽ?
ഗ്രാസ്
ഉണ്ട്. എഴുത്ത് പ്രത്യേകമായിതന്നെ കഠിനാദ്ധ്വാനം ആവശ്യമായ അമൂർത്തമായ പ്രക്രിയയാണ്. ഒരു രസത്തിനാണ് എഴുതുന്നതെങ്കിൽ പോലും ആ രസം ചിത്രം വരയ്ക്കുമ്പോൾ കിട്ടുന്ന സന്തോഷത്തിൽനിന്ന് പാടെ വ്യത്യസ്തമാണ്. കടലാസിൽ സൂക്ഷ്മമായി ഞാനെന്തോ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്ന തോന്നലാണ് ചിത്രം വരക്കുമ്പോൾ. നമ്മുടെ ഇന്ദ്രിയങ്ങളുമായി നേരിട്ടാണ് അത് സംവദിക്കുന്നത്. എഴുത്തിൽ അതില്ല. സത്യത്തിൽ, ഇടയ്ക്കിടയ്ക്ക് ഞാൻ ചിത്രം വരയിലേക്ക് തിരിയാറുണ്ട്, എഴുത്തിൽ നിന്ന് എന്നെ വീണ്ടെടുക്കാൻ.
എലിസബത്ത് ഗ്രാഫ്നെ
എഴുത്ത് അത്രയ്ക്ക് വേദനിപ്പിക്കുന്നതാണോ ? ഒട്ടും സന്തോഷം നൽകാത്തത്?
ഗ്രാസ്
ശില്പനിർമ്മാണം പോലെയാണ് എഴുത്തും. ശില്പം നിർമ്മിക്കുമ്പോൾ എല്ലാ വശവും ശ്രദ്ധിക്കണം. ഈ ഭാഗത്ത് എന്തെങ്കിലും മാറ്റം വരുത്തിയാൽ അപ്പുറവും മാറ്റണം. സ്ഥാനം ഒന്നു മാറ്റി നോക്കുക. ശില്പം തന്നെ മറ്റെന്തെങ്കിലും ആയി മാറും. അതിനകത്തൊരു സംഗീതമുണ്ട്. അതുതന്നെയാണ് എഴുത്തിലും സംഭവിക്കുന്നത്. ഒന്നാം പകർപ്പോ രണ്ടാം പകർപ്പോ മൂന്നാം പകർപ്പോ അല്ലെങ്കിലൊരു നീണ്ട വാക്യമോ ശരിയാക്കാൻ ദിവസങ്ങളോളം പണിയെടുക്കാൻ എനിക്കൊരു പ്രയാസവുമില്ല. ഒരു കാലയളവുതന്നെ അതിനു വേണ്ടി ചെലവാക്കാം. നിങ്ങൾക്കറിയാമല്ലോ, ഒരു പ്രത്യേക കാലം മുഴുവൻ ഞാൻ പണിയെടുത്തുകൊണ്ടേയിരിക്കും. ഒരു കുഴപ്പവുമില്ല.  എല്ലാം തീർന്നാലും എന്തോ ശരിയാവാത്ത ഒരു സംഗതി അതിലുണ്ടെന്നു തോന്നും. കുറച്ചുമാറ്റങ്ങൾ അതിൽ വരുത്തും. പ്രധാനപ്പെട്ട മാറ്റമൊന്നുമായിരിക്കില്ല. എങ്കിലും അത് ശരിയാവും. അതാണ് ഞാൻ സന്തോഷം എന്നതുകൊണ്ട് ഉദ്ദേശിച്ചത്, അതുപോലെയുള്ള എന്തോ ഒന്ന്. അതു നീണ്ടു നിൽക്കും എന്നാണ് അനുഭവം.
എലിസബത്ത് ഗ്രാഫ്നെ
ഒന്നുകൂടി  കവിതകളിലേയ്ക്ക് തിരിച്ചു വരാം, നോവലിന്റെ ഭാഗമായി താങ്കൾ എഴുതുന്ന കവിതകൾ താങ്കളുടെ സ്വതന്ത്രമായ കവിതകളിൽനിന്ന് ഏതെങ്കിലും തരത്തിൽ വ്യത്യാസമുള്ളവയാണോ?
ഗ്രാസ്
ഒരുകാലത്ത്, ഞാൻ കുറച്ചു പഴഞ്ചനായിരുന്നു, കവിത എഴുത്തിൽ. നല്ല കുറച്ചു കവിതകളെഴുതിക്കഴിഞ്ഞാൽ പുറത്തുപോകുക, ഒരു പ്രസാധകനെ കണ്ടു പിടിക്കുക. കുറച്ചു ചിത്രങ്ങൾ വരയ്ക്കുക. എല്ലാം ചേർത്ത് ഒരു പുസ്തകം അച്ചടിപ്പിക്കുക.  ഇതായിരുന്നു എന്റെ വിചാരം. അപ്പോൾ കയ്യിലൊരു ഗംഭീരൻ കവിതാ പുസ്തകമായി. പക്ഷേ അത് കവിതകളെ ഇഷ്ടപ്പെടുന്നവർക്കു മാത്രമേ പ്രിയമാവൂ. തീർത്തും ഒറ്റപ്പെട്ടു നിൽക്കും. ഒച്ചിന്റെ ഡയറിയിൽനിന്ന്(From the Diary of a Snail) എഴുതി തുടങ്ങുമ്പോൾ  ഗദ്യവും കവിതയും ഒന്നിച്ച് ഞാൻ പേജുകളിൽ ചേർത്തു. ആ കവിതകൾക്ക് വേറൊരു മട്ടുണ്ട്. കവിതയെ ഗദ്യത്തിൽനിന്ന് മാറ്റി നിർത്താൻ കാരണമൊന്നും ഞാൻ കാണുന്നില്ല. ഈ രണ്ടു ഗണങ്ങളുടെയും മനോഹരമായ സങ്കരമാണ് ജർമ്മൻ സാഹിത്യ പാരമ്പര്യത്തിനുള്ളത്. അധ്യായങ്ങൾക്കിടയിൽ കവിത തിരുകാനും അതിനെ ഗദ്യത്തിന്റെ ശയ്യാഗുണം  മനസ്സിലാക്കാനുള്ള ഉരകല്ലാക്കാനും എനിക്ക് താത്പര്യം വർദ്ധിച്ചു എന്നതാണ് വാസ്തവം. ഇതിനൊക്കെ പുറമേ, കവിത നമുക്ക് പറ്റിയതല്ലെന്നു വിചാരിച്ചിരിക്കുന്ന ഗദ്യം മാത്രം വായിച്ചു പോകുന്ന ചില ആളുകൾക്ക് ചിലപ്പോൾ ഗദ്യത്തിനെ അപേക്ഷിച്ച് എത്ര മാത്രം ലളിതവും അനായാസകരവുമാണ് കവിത എന്ന് തിരിച്ചറിയാനുള്ള ഒരു അവസരവും അതു നൽകും.
എലിസബത്ത് ഗ്രാഫ്നെ
താങ്കളുടെ പുസ്തകം ഇംഗ്ലീഷിൽ വായിക്കുന്ന ആളുകൾക്ക് ശരിക്കും  നഷ്ടപ്പെടുന്നതെന്തായിരിക്കും?
ഗ്രാസ്
ഈ ചോദ്യത്തിന് ഉത്തരം പറയുക എനിക്ക് എളുപ്പമല്ല. ഞാൻ ഇംഗ്ലീഷ് വായനക്കാരനല്ല. വിവർത്തനങ്ങളിലൂടെ വായിച്ചു മനസിലാക്കാൻ ശ്രമിക്കാറുണ്ട് എന്നു മാത്രം. എന്റെ ജർമ്മൻ പ്രസാധകരിൽനിന്നു കിട്ടിയ, ഉരുൾച്ചക്കാരന്റെ (The Flounder) കൈയെഴുത്തു പ്രതിയിലൂടെ കടന്നുപോയപ്പോൾ ഞാൻ ഒരു പുതിയ കരാറുണ്ടാക്കാൻ അവരോട് ആവശ്യപ്പെട്ടു. പുസ്തകം എഴുതി, വിവർത്തനം ചെയ്യുന്നവർ അതു വായിച്ചു കഴിഞ്ഞാൽ ഉടൻ  പ്രസാധകർ ഞങ്ങളുടെ ഒരു മീറ്റിംഗ് സംഘടിപ്പിക്കുകയും അതിനുവേണ്ടുന്ന ചെലവ് വഹിക്കുകയും വേണം എന്ന് വ്യവസ്ഥ ചെയ്യുന്ന ഒരു കരാർ.  ഉരുൾച്ചകാരന്റെ (The Flounder) കാര്യത്തിലാണ് അത് ആദ്യമായി നടന്നത്. പിന്നെ ടെൽഗറ്റിലെ കൂടിക്കാഴ്ചയിലും ( The Meeting at Telgte ) എലി (The Rat) യുടെ കാര്യത്തിലും അതു നടന്നു. അതൊരു വലിയ സഹായമായിരുന്നു എന്നാണ് ഞാൻ വിചാരിക്കുന്നത്. പരിഭാഷകർക്ക് പുസ്തകത്തെപ്പറ്റി മുഴുവൻ കാര്യങ്ങളും അറിയാൻ പറ്റും. അവർ ഗംഭീരൻ ചോദ്യങ്ങൾ ചോദിക്കും. എനിക്കറിയാവുന്നതിൽ കൂടുതൽ വിവരങ്ങൾ അവർ പുസ്തകത്തെപ്പറ്റി മനസ്സിലാക്കിവച്ചിട്ടുണ്ടാവും. എനിക്കത്ര രസമുള്ള കാര്യമായിരിക്കില്ല അതു ചിലപ്പോൾ. കാരണം അവർ കുഴപ്പങ്ങൾ കണ്ടു പിടിക്കും, അവയെക്കുറിച്ച് എന്നോടു പറയും. മീറ്റിംഗിൽ ഫ്രഞ്ച്, ഇറ്റാലിയൻ, സ്പാനിഷ് വിവർത്തകർ അവരുടെ കുറിപ്പുകൾ ഒത്തു നോക്കുകയും അവരുടെ പരസ്പര സഹകരണം എല്ലാവരെയും അവരവരുടെ ഭാഷകളിലെ വിവർത്തനം മെച്ചമാക്കാൻ സഹായിക്കുകയും ചെയ്യുമെന്നാണ് അനുഭവം. വിവർത്തനമാണ് വായിക്കുന്നതെന്ന് തോന്നാത്ത വായനാനുഭവത്തിനാണ് ഞാൻ ഊന്നൽ നൽകുന്നത്. റഷ്യനിൽനിന്നുള്ള മികച്ച വിവർത്തനങ്ങളുടെ കാര്യത്തിൽ ഞങ്ങൾ ജർമ്മൻകാർ ഭാഗ്യവാന്മാരാണ്. ടോൾസ്റ്റോയിയുടെയും ഡോസ്റ്റോവ്സ്കിയുടെയും വിവർത്തനങ്ങൾ ഒരു കുറവുമില്ലാത്തവയാണ്. അവർ ജർമ്മൻ സാഹിത്യത്തിന്റെ ഭാഗവുമാണ്. ഷേക്സ്പിയറുടെയും കാൽ‌പ്പനിക എഴുത്തുകാരുടെയും പരിഭാഷകളിൽ മുഴുവൻ തെറ്റുകളാണ്. എന്നാൽ പോലും അവ കൊള്ളാം. പുതിയ പരിഭാഷകളിൽ പിഴകൾ കുറവാണ്. ചിലപ്പോൾ ഒട്ടും ഇല്ലായിരിക്കും. എന്നാലും അവയെ ഫ്രെഡ്‌റിച്ച് വോൺ ഷ്ലെഗലിന്റെയോ, ലുഡ്‌വിഗ് ടിയക്കിന്റെയോ വിവർത്തനങ്ങളുമായി താരത‌മ്യം ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല. ഒരു സാഹിത്യഗ്രന്ഥം, കവിതയോ നോവലോ ആകട്ടെ, സ്വന്തം ഭാഷയിൽ ആ പുസ്തകത്തെ വീണ്ടും നിർമ്മിക്കാൻ പ്രാപ്തിയുള്ള ഒരു വിവർത്തകനെ  ആവശ്യപ്പെടുന്നുണ്ട്. എന്റെ പരിഭാഷകരെ അങ്ങനെ ചെയ്യാൻ ഞാൻ പ്രോത്സാഹിപ്പിക്കാറുണ്ട്.
എലിസബത്ത് ഗ്രാഫ്നെ
താങ്കളുടെ പെണ്ണെലി (Die Rättin) എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ ശരിയായില്ലെന്ന് തോന്നുന്നുണ്ടോ? കാരണം അതിന്റെ എലി (The Rat)  എന്നുള്ള തലക്കെട്ട്, അത് പെൺ-എലിയാണെന്ന കാര്യം ബോധ്യപ്പെടുത്തുന്നില്ല. പെണ്ണെലി (The She-Rat) എന്ന് എഴുതിയാൽ അത് അമേരിക്കൻ വായനക്കാർക്ക് സുഖകരമാവണമെന്നില്ല. ററ്റീസ്സാ (Rattessa) എന്ന പ്രയോഗം ഉപയോഗിക്കുന്ന പ്രശ്നമേ വരുന്നില്ല. ജർമ്മൻ പേരിൽതന്നെയുള്ള ആ സ്ത്രീലിംഗ സൂചന ആകർഷകമാണ്. അതേസമയം ലിംഗത്തെ സൂചിപ്പിക്കാൻ പറ്റാത്ത ആ ഇംഗ്ലീഷ് വാക്ക് എലി മനസ്സിൽ കൊണ്ടുവരുന്നത്, ഓടയുടെ വശത്തും അഴുക്കുചാലിലും മറ്റും പരതി നടക്കുന്ന ആ നികൃഷ്ട ജീവിയുടെ ചിത്രവുമാണ്.    
ഗ്രാസ്
ജർമ്മൻ ഭാഷയിലും ആ വാക്കില്ല. ഞാനുണ്ടാക്കിയതാണ് അത്. പുതിയ വാക്കുകൾ കണ്ടെത്താൻ ഞാൻ  പരിഭാഷകരെ പ്രോത്സാഹിപ്പിക്കാറുണ്ട്. നിങ്ങളുടെ ഭാഷയിൽ ആ പദമില്ലെങ്കിൽ അതുണ്ടാക്കൂ എന്ന ഞാനവരോട് പറയാറുണ്ട്. പെണ്ണെലി - സത്യത്തിൽ എനിക്ക് രസമായി തോന്നുന്ന വാക്കാണ്.
എലിസബത്ത് ഗ്രാഫ്നെ
പുസ്തകത്തിലെ എലി, പെണ്ണെലി ആയതെന്തുകൊണ്ട്? ലൈംഗികമോ സ്ത്രീവാദപരമോ രാഷ്ട്രീയമോ ആയ എന്തെങ്കിലും കാരണം ഉണ്ടോ അതിൽ?
ഗ്രാസ്
ഉരുൾച്ചക്കാരനിൽ (The Flounder) അത് ആണായിരുന്നു.. പ്രായം കൂടിവന്നപ്പോൾ  ഞാൻ സ്ത്രീകൾക്ക് പ്രാധാന്യം കൊടുക്കാൻ തുടങ്ങി. അതങ്ങനെ സംഭവിക്കുന്നതാണ്. ഞാനത് മാറ്റാനൊന്നും പോയില്ല. മനുഷ്യസ്ത്രീ ആയാലെന്ത്? പെണ്ണെലി ആയാലെന്ത്? അതിലൊന്നും കാര്യമില്ല. കണ്ടില്ലേ? എനിക്ക് ആശയങ്ങൾ കിട്ടുന്നു. അവ എന്നെ ചാടിക്കുന്നു, നൃത്തം ചെയ്യിക്കുന്നു. അങ്ങനെ ഞാൻ വാക്കുകളും കഥകളും കണ്ടെത്തുന്നു. ഞാൻ കള്ളം പറയാൻ ആരംഭിക്കുന്നു. കള്ളം പറയുക എന്നത് വളരെ പ്രധാനമാണ്. ഒരു ആണിനോട് കള്ളം പറയുന്നതിൽ എന്തു കാര്യമാണുള്ളത്? ഒരു പുരുഷനുമായി ഒന്നിച്ച് ഇരിക്കുക, കള്ളം പറയുക.. പക്ഷേ ഒരു സ്ത്രീയാവുമ്പോൾ കാര്യങ്ങൾ വ്യത്യസ്തമാണ് !
എലിസബത്ത് ഗ്രാഫ്നെ
എലി (The Rat) ഉരുൾച്ചക്കാരൻ (The Flounder), ഒച്ചിന്റെ ഡയറിയിൽനിന്ന് (From the Diary of a Snail) ശ്വാന വർഷങ്ങൾ (Dog Years) - പല പുസ്തകങ്ങളിലും മുഖ്യ സ്ഥാനത്ത് ഒരു ജീവിയാണ്. മൃഗം. എന്തെങ്കിലും പ്രത്യേക കാരണമുണ്ടോ അതിന്?
ഗ്രാസ്
ഉണ്ടാവും. മനുഷ്യരെക്കുറിച്ച് നമ്മൾ ഒരു പാട് സംസാരിച്ചു കഴിഞ്ഞുഎന്നൊരു തോന്നൽ എനിക്കെപ്പോഴുമുണ്ട്. മനുഷ്യരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഈ ലോകം. എന്നാൽ ഇവിടെ മൃഗങ്ങളുണ്ട്, പക്ഷികളുണ്ട്, മീനുകളുണ്ട്, പ്രാണികളുണ്ട്. നമ്മളിവിടുണ്ടാവുന്നതിനും മുൻപേ അവ ഇവിടെയുണ്ട്. മനുഷ്യരെല്ലാം ഇല്ലാതാവുന്ന ഒരു ദിവസത്തിനു ശേഷവും അവ ഇവിടെയുണ്ടാവും. ഒരു വ്യത്യാസമുണ്ട്; കാഴ്ച ബംഗ്ലാവുകളിൽ ദിനോസോറുകളുടെ ഭീമാകാരങ്ങളായ അസ്ഥികൂടങ്ങൾ കാണാം. അനേകം കോടി വർഷങ്ങൾ ഇവിടെ ജീവിച്ച പെരും പടപ്പുകൾ.  അവ ചത്തപ്പോൾ മാന്യമായ രീതിയിൽ ചത്തു. ഒരു വിഷവുമില്ല. അവയുടെ അസ്ഥികൾ ശുദ്ധമാണ്. നമുക്കതു കാണാം. മനുഷ്യരുടെ കാര്യത്തിൽ ഇതായിരിക്കില്ല സംഭവിക്കുക. നമ്മളെല്ലാം ചത്തൊടുങ്ങുമ്പോൾ ഇവിടം മുഴുവൻ മാരകമായ വിഷം പരന്നിരിക്കും. ഭൂമിയിൽ നമ്മൾ മാത്രമല്ല ഉള്ളതെന്ന് നമ്മളിനിയും പഠിക്കേണ്ടിയിരിക്കുന്നു. ബൈബിൾ മോശം പാഠമാണ് പഠിപ്പിച്ചത്, മനുഷ്യൻ മത്സ്യത്തിന്റെയും വീട്ടുമൃഗങ്ങളുടെയും കന്നുകാലികളുടെയും ഇഴജന്തുക്കളുടെയും യജമാനനമാരാണെന്ന്. നമ്മൾ ഭൂമി കീഴടക്കാൻ ശ്രമിച്ചു, മോശം ഫലം കിട്ടി.
എലിസബത്ത് ഗ്രാഫ്നെ
വിമർശനങ്ങളിൽനിന്ന് എന്തെങ്കിലും തരത്തിലുള്ള ഗുണപാഠങ്ങൾ ലഭിച്ചിട്ടുണ്ടോ?
ഗ്രാസ്
നല്ല വിദ്യാർഥിയാണ് ഞാൻ എന്ന് എനിക്ക് സങ്കൽ‌പ്പിക്കാൻ ഇഷ്ടമാണെങ്കിലും വിമർശകർ സാധാരണ നിലയ്ക്ക് നല്ല അദ്ധ്യാപകരല്ല.  എന്നാലും വിമർശകരിൽനിന്ന് ഞാൻ പലതും പഠിച്ച ഒരു കാലമുണ്ടായിരുന്നു, ഇപ്പോൾ അതെനിക്കു നഷ്ടപ്പെട്ടു. ഗ്രൂപ്പ് 47 -ന്റെ കാലം. കൈയെഴുത്തു പ്രതികൾ ഉറക്കെ വായിക്കുകയും ചർച്ച ചെയ്യുകയും ചെയ്തിരുന്നു ഞങ്ങൾ അന്ന്. അവിടെനിന്നാണ് എഴുതിയഭാഗങ്ങൾ വായിക്കുന്നതെങ്ങനെ എന്നും എന്റെ അഭിപ്രായങ്ങൾക്ക് ന്യായീകരണം നൽകുന്നതെങ്ങനെയെന്നും ഞാൻ പഠിച്ചത്. എനിക്കത് ഇഷ്ടമാണ് എന്നു ഉഴപ്പി പറയുന്നതിനേക്കാൾ കുറച്ചുകൂടി ഗൌരവമുള്ള കാര്യമാണത്. വിമർശനങ്ങൾ തുടർച്ചയായി വന്നുകൊണ്ടിരിക്കും. എഴുത്തുകാർ രചനാതന്ത്രങ്ങളെപ്പറ്റി, പുസ്തകം എഴുതുന്നതിനെപ്പറ്റി.. അങ്ങനെയുള്ള കാര്യങ്ങൾ പറയും. എങ്ങനെ ഒരു എഴുത്തുകാരൻ എഴുതണം എന്നതിനെപ്പറ്റി വിമർശകർക്ക് സ്വന്തം ധാരണകളും പ്രതീക്ഷകളുമുണ്ട്. എഴുത്തുകാരുടെയും വിമർശകരുടെയും കൂട്ടം എനിക്ക് നല്ലൊരു അനുഭവമായിരുന്നു. സത്യത്തിൽ ആ കാലം പൊതുവേ യുദ്ധാനന്തര ജർമ്മൻ സാഹിത്യത്തിന് പ്രധാനപ്പെട്ടതായിരുന്നു. യുദ്ധത്തിനു ശേഷം വളരെയധികം ആശയക്കുഴപ്പങ്ങൾ നിലനിന്നിരുന്നു. പ്രത്യേകിച്ച് സാഹിത്യ വലയങ്ങളിൽ. യുദ്ധത്തോടൊപ്പം വളർന്നു വന്ന തലമുറ അതായത് എന്റെ തലമുറ, ഒന്നുകിൽ വിദ്യാഭ്യാസമില്ലാത്തവരോ, തെറ്റായ വിദ്യാഭ്യാസം നേടിയവരോ ആയിരുന്നു. ഭാഷ മലീമസമായിരുന്നു. പ്രധാനപ്പെട്ട എഴുത്തുകാരെല്ലാം വിദേശത്തേക്ക് ചേക്കേറി. ജർമ്മൻ സാഹിത്യത്തിൽനിന്ന് ആരും ഒന്നും പ്രതീക്ഷിച്ചില്ല. ഗ്രൂപ്പ് 47-ന്റെ വാർഷിക സമ്മേളനങ്ങൾ ജർമ്മൻ സാഹിത്യം വീണ്ടും ഉയർത്തിക്കൊണ്ടുവരേണ്ട ആശയങ്ങൾ ഞങ്ങൾക്ക് തന്നു. എന്റെ തലമുറയിലെ പല എഴുത്തുകാരിലും ഗ്രൂപ്പ് 47 -ന്റെ അടയാളങ്ങളുണ്ട്, കുറച്ചുപേർ അത് സമ്മതിക്കില്ലെങ്കിലും.
എലിസബത്ത് ഗ്രാഫ്നെ
ആനുകാലികങ്ങളിലും പത്രങ്ങളിലും പുസ്തകങ്ങളിലും  പ്രസിദ്ധീകരിച്ചു വരുന്ന വിമർശനങ്ങൾ ഏതെങ്കിലും തരത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടോ?
ഗ്രാസ്
ഇല്ല. പക്ഷേ മറ്റെഴുത്തുകാരിൽനിന്ന് ഞാൻ ചില കാര്യങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. ആൽഫ്രെഡ് ഡോബ്ലിൻ എന്നെ നന്നായി സ്വാധീനിച്ചിട്ടുണ്ട്, അതാണ് എന്റെ അധ്യാപകൻ ഡോബ്ലിനെപ്പറ്റി, എന്ന തലക്കെട്ടിൽ ഒരു ലേഖനം എഴുതാൻതന്നെ കാരണമായ സംഗതി. അദ്ദേഹത്തെ അനുകരിക്കുക എന്ന അപകടംകൂടാതെ തന്നെ  അദ്ദേഹത്തിൽനിന്ന് ചിലതെല്ലാം പഠിക്കാൻ സാധിക്കും. തോമസ് മാന്നിനെക്കാൾ എനിക്കു പ്രധാനപ്പെട്ട വ്യക്തിയാണ് ഡോബ്ലിൻ. ഡോബ്ലിന്റെ നോവലുകൾ സുഘടിതങ്ങളല്ല, മാനിന്റെ നോവലുകൾപോലെ ക്ലാസിക്കൽ ഘടനയുള്ളവയുമല്ല. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ സമ്പന്നമാണ്, സുതാര്യമാണ്, ആശയങ്ങൾ നിറഞ്ഞിരിക്കുന്നവയാണ്.  അമേരിക്കയിലും ജർമ്മനിയിലും ബെർലിൻ അലക്സാണ്ടർപ്ലാറ്റ്സിന്റെ (Berlin Alexanderplatz ) പേരിലാണ് വിശേഷിച്ച് അറിയപ്പെടുന്നത്. അതിലെനിക്ക് ദുഃഖമുണ്ട്. പക്ഷേ ഞാനിപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. അതുപോലെ എന്നെ പഠിപ്പിച്ചിട്ടുള്ള കുറെപേരുണ്ട്.
എലിസബത്ത് ഗ്രാഫ്നെ
അമേരിക്കൻ എഴുത്തുകാരെപ്പറ്റി?
ഗ്രാസ്
മെൽ‌വിൽ ആണ് എന്റെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരൻ. വില്യം ഫോക്‌നറെ, തോമസ് വോൾഫിനെ, ജോൺ ഡോസ് പെസ്സോസിനെ ഒക്കെ ഞാൻ രസിച്ചു വായിച്ചിട്ടുണ്ട്. ആൾക്കൂട്ടങ്ങളെ ഗംഭീരമായി വിവരിക്കാൻ പെസ്സോസിനെപ്പോലെ ഇപ്പോൾ അമേരിക്കയിൽ എഴുതുന്ന ആരുമില്ല. അമേരിക്കൻ സാഹിത്യത്തിൽ ഒരു കാലത്ത് ഉണ്ടായിരുന്ന ഐതിഹാസികമാനം ഇപ്പോഴില്ല. വല്ലാതെ ബുദ്ധിപരമായി തീർന്നിരിക്കുന്നു അത്.
എലിസബത്ത് ഗ്രാഫ്നെ
തകരച്ചെണ്ടയുടെ ചലച്ചിത്രാവിഷ്കാരത്തെപ്പറ്റി എന്താണ് അഭിപ്രായം?
ഗ്രാസ്
സ്ൿളോൻഡോർഫ് നല്ല സിനിമയാണെടുത്തത്. അദ്ദേഹം പുസ്തകത്തിന്റെ സാഹിതീയമായ വഴി പിന്തുടർന്നില്ല. സിനിമയ്ക്ക് ചിലപ്പോൾ അതായിരിക്കും ആവശ്യം. തുടർച്ചയായി ഒരു കാലത്തിൽനിന്ന് മറ്റൊരു കാലത്തിലേയ്ക്ക് ചാടിക്കൊണ്ട് കഥപറയുന്ന ഓസ്കാറിന്റെ വീക്ഷണക്കോൺ സിനിമയെ വല്ലാതെ സങ്കീർണ്ണമാക്കും. സ്ൿളോൻഡോർഫ് കാര്യങ്ങൾ വളരെ ലളിതമാക്കി. ഒറ്റവരിയിൽ കഥ പറഞ്ഞു. തീർച്ചയായിട്ടും, സിനിമയിൽനിന്ന് അദ്ദേഹം പൂർണ്ണമായി ഒഴിവാക്കിയ സംഗതികളുണ്ട്. ചിലതൊക്കെ എനിക്കു തന്നെ നഷ്ടപ്പെട്ടതായി തോന്നുന്നുണ്ട്. സിനിമയിലെ ചില കാര്യങ്ങൾ എനിക്കു ഒട്ടുമേ ഇഷ്ടമായിട്ടില്ല. കാത്തോലിക് പള്ളിയിലെ ഹ്രസ്വദൃശ്യങ്ങൾ ശരിയായിട്ടില്ല. കത്തോലിക് മതത്തെപ്പറ്റി സ്ൿളോൻഡോർഫിന്ഒരു വക അറിഞ്ഞുകൂടാത്തതാണ് കാരണം. അദ്ദേഹം ഒരു ജർമ്മൻ പ്രൊട്ടസ്റ്റന്റുമതക്കാരനാണ്. സിനിമയിലെ കാത്തോലിക് പള്ളി പ്രൊട്ടസ്റ്റന്റുകാരുടെ പള്ളിപോലെയാണിരിക്കുന്നത്, കുമ്പസാരക്കൂട് അതിൽ വന്നുപ്പെട്ടെന്നേയുള്ളൂ. പക്ഷേ ഇതൊക്കെ ചെറിയ കാര്യങ്ങളാണ്. മൊത്തത്തിൽ, പിന്നെ ഓസ്കാറിനെ അവതരിപ്പിച്ച ആ പയ്യനും ഒക്കെ ചേർന്ന്.. അതൊരു നല്ല സിനിമയാണ്.
എലിസബത്ത് ഗ്രാഫ്നെ
ചില കാഴ്ചകൾ ചിത്രീകരിക്കുന്നതിൽ താങ്കൾക്ക് പ്രത്യേക വിരുതുണ്ട്- തകരച്ചെണ്ടയിലെ കുതിരത്തലയിൽനിന്ന് പുളഞ്ഞ് ഇറങ്ങിവരുന്ന ഈൽ മത്സ്യങ്ങളുടെ പ്രസിദ്ധമായ ദൃശ്യമാണ് ഞാനിപ്പോൾ ഓർമ്മിക്കുന്നത്. എവിടെനിന്നാണത് വന്നത്? 
ഗ്രാസ്
എന്നിൽനിന്നു തന്നെ. ആറു പേജു നീണ്ട, ഈ ഖണ്ഡിക ഇത്രയും അസ്വസ്ഥജനകമായിരിക്കുന്നതെന്തെന്ന് എനിക്കിനിയും മനസ്സിലായിട്ടില്ല. ഭാവനാത്മകമായ യാഥാർത്ഥ്യത്തിന്റെ ഒരു ഖണ്ഡമാണത്. നോവലിലെ മറ്റു കാര്യങ്ങൾ എഴുതുന്നതുപോലെയാണ് അതും ഞാൻ എഴുതിയത്. ആ ദൃശ്യം ഉണർത്തിവിട്ട ലൈംഗികതയുടെയും മരണത്തിന്റെയും ഇടകലർന്ന ഓർമ്മ അസഹ്യമായ വെറുപ്പ് ജനങ്ങളിൽ സൃഷ്ടിച്ചു.
എലിസബത്ത് ഗ്രാഫ്നെ
ജർമ്മനിയുടെ ഏകീകരണം ജർമ്മൻ സാംസ്കാരിക ജീവിതത്തിൽ എന്തു സ്വാധീനമാണുണ്ടാക്കിയിട്ടുള്ളത്?
ഗ്രാസ്
അതിനെതിരെ സംസാരിച്ച ജർമ്മൻ കലാകാരന്മാരെയോ എഴുത്തുകാരെയോ ആരും വകവച്ചില്ല. നിർഭാഗ്യവശാൽ ഭൂരിപക്ഷം ബുദ്ധിജീവികളും ചർച്ചയിലേയ്ക്കു കടന്നില്ല. ഉദാസീനതകൊണ്ടാണോ മടികൊണ്ടാണോ എന്ന് എനിക്കറിയില്ല. മുൻപ്, മുൻ ചാൻസിലർ വില്ലി ബ്രാൻഡ് പ്രഖ്യാപിച്ചു, ജർമ്മൻ ഏകീകരണത്തിന്റെ തീവണ്ടി സ്റ്റേഷൻ വിട്ടു കഴിഞ്ഞു, ആർക്കും ഇനി അതിനെ തടഞ്ഞു നിർത്താൻ സാധ്യമല്ല എന്ന്. ആൾക്കൂട്ടം സന്തോഷംകൊണ്ട് ഇളകി മറിഞ്ഞു. ആ മണ്ടൻ രൂപകം സത്യമാണെന്ന് ആളുകൾ ധരിച്ചു. കിഴക്കൻ ജർമ്മനിയുടെ സംസ്കാരത്തെ എത്ര മാരകമായി ഇത് പരുക്കേൽ‌പ്പിക്കുമെന്ന് ആരും ചിന്തിച്ചില്ല. ആരും അവരുടെ സാമ്പത്തിക വശം കണക്കിലെടുത്തില്ല. ഇല്ല.... നിയന്ത്രിക്കാൻ പറ്റാത്ത, അപകട സൂചനകളോട് പ്രതികരിക്കാൻ കഴിയാത്ത തീവണ്ടിയിൽ യാത്ര ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ പ്ലാറ്റ് ഫോമിൽതന്നെ നിൽക്കുകയാണ്.
എലിസബത്ത് ഗ്രാഫ്നെ
ജർമ്മൻ ഏകീകരണത്തെപ്പറ്റി താങ്കൾക്കുള്ള അഭിപ്രായങ്ങൾക്കെതിരെയുള്ള മാധ്യമങ്ങളുടെ രൂക്ഷ വിമർശനങ്ങളോടുള്ള പ്രതികരണമെന്തായിരുന്നു?
ഗ്രാസ്
, എനിക്കതു ശീലമായി! എന്റെ നിലപാടിനെ അവ ഒരുതരത്തിലും ബാധിക്കില്ല. നമ്മുടെ അടിസ്ഥാന നിയമങ്ങളെ തകർത്തുകൊണ്ടാണ് ഏകീകരണം യാഥാർത്ഥ്യമായത്. വിഭജിച്ചുകിടന്ന ജർമ്മൻ രാജ്യങ്ങൾ ഒന്നായപ്പോൾ, ഏകീകൃത ജർമ്മനിയുടെ പ്രശ്നങ്ങൾ പരിഗണിച്ചുകൊണ്ടുള്ള ഒരു പുതിയ ഭരണഘടന തയാറാക്കണമായിരുന്നു. പുതിയ ഭരണഘടനയൊന്നും നമുക്കുണ്ടായില്ല. പകരം, കിഴക്കൻ ജർമ്മനിയുടെ സംസ്ഥാനങ്ങളെയെല്ലാം പശ്ചിമജർമ്മനിയുടെ സാമന്ത സംസ്ഥാനങ്ങളായി കൂട്ടിച്ചേർത്തു. സ്വതന്ത്രമായ ജർമ്മൻ സംസ്ഥാനങ്ങളെ പശ്ചിമ ജർമ്മനിയുടെ ഭാഗമാക്കാൻ ഉദ്ദേശിച്ച്, ഭരണഘടനാ ഖണ്ഡത്തിൽ എഴുതിച്ചേർത്തുവച്ചിരുന്ന ഒരു പഴുത് ഉപയോഗിച്ചുകൊണ്ടാണ് ഇതു സാധിച്ചെടുത്തത്.  പശ്ചിമ ജർമ്മൻ പൌരത്വത്തിനുള്ള അവകാശം ജർമ്മൻ ആദിവാസികൾക്കും കിഴക്ക് നിന്നും കൂറുമാറി വരുന്നവർക്കും നൽകാനും ഇതു വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതാണ് യാഥാർത്ഥ പ്രശ്നം. കിഴക്കൻ ജർമ്മനിയെ സംബന്ധിച്ചതെല്ലാം ദുഷിച്ചു കിടക്കുകയല്ല, സർക്കാരല്ലാതെ. ഇപ്പോൾ അവരുടെ പള്ളിക്കൂടങ്ങൾ, കല, സംസ്കാരം എല്ലാം ഇളകിമറിയും അല്ലെങ്കിൽ അടിച്ചമർത്തപ്പെടും. അവ കളങ്കപ്പെടും.  ജർമ്മൻ സംസ്കാരത്തിന്റെ ആ ഭാഗം മുഴുവൻ അപ്രത്യക്ഷമാകും.
എലിസബത്ത് ഗ്രാഫ്നെ
ജർമ്മൻ ഏകീകരണം ചരിത്ര സംഭവമാണ്. താങ്കളത് തുടർച്ചയായി പുസ്തകങ്ങളിൽ കൈകാര്യം ചെയ്തിട്ടുമുണ്ട്. ഇത്തരം കാര്യങ്ങൾ എഴുതുമ്പോൾ ചരിത്രാഖ്യാനത്തിന്റെ സത്യസന്ധത അതിനു നൽകാൻ ശ്രമിക്കാറുണ്ടോ? വർത്തമാനപത്രങ്ങളിലും പാഠപുസ്തകങ്ങളിലും നമ്മൾ വായിക്കുന്ന ചരിത്രത്തെ താങ്കളുടെ ഭാവനാത്മക ചരിത്രം പൂർത്തീകരിക്കുന്നത് എങ്ങനെയാണ്?
ഗ്രാസ്
ചരിത്രം വെറും വാർത്തയല്ല. ക്രമാനുഗതമായ ചരിത്രസംഭവങ്ങളെ ഞാൻ പ്രത്യേകമായി പരിഗണിച്ചത് രണ്ട് പുസ്തകങ്ങളിലാണ്, ഉരുൾച്ചകാരനിലും ടെൽഗറ്റിലെ കൂടിക്കാഴ്ചയിലും. ഉരുൾച്ചകാരനിൽ അത് മനുഷ്യന്റെ വളർച്ചയുടെ വികാസ ചരിത്രത്തിന്റെ കഥയാണ്. അതിനുവേണ്ടുന്ന സാമഗ്രികൾ അധികം ഇല്ല. നമ്മൾ സാധാരണ ചരിത്രമെന്നു വിളിക്കുന്നത് യുദ്ധം, സമാധാനം, രാഷ്ട്രീയ അടിച്ചമർത്തലുകൾ, കക്ഷി രാഷ്ട്രീയം തുടങ്ങിയവയുമായി ബന്ധപ്പെട്ട സംഗതികളെയാണ്. മനുഷ്യന്റെ വളർച്ചയുടെയും പോഷകാഹാരത്തിന്റെയും പ്രശ്നം കാതലായി ഇപ്പോൾ നമുക്കു മുന്നിലുണ്ട്. പട്ടിണിയും ക്ഷാമവും ജനസംഖ്യാവിസ്ഫോടനവും മൂന്നാം ലോകത്തിൽ കൈകളും കോർത്ത് പിടിച്ച് മുന്നോട്ടു പോവുകയാണ്.  എനിക്ക് ഈ ചരിത്രത്തിന് ഉചിതമായ വിവരണമാർഗം കണ്ടെത്തേണ്ടതുണ്ടായിരുന്നു. യക്ഷിക്കഥകളെ സൂചനാ രൂപകങ്ങളായി ഉപയോഗിച്ചുകൊണ്ട് അതു സാധ്യമാക്കാം എന്നു തീരുമാനിച്ചു. യക്ഷി കഥകൾ സത്യമാണ് പറയുന്നത്. അവ, നമ്മുടെ അനുഭവങ്ങളുടെ, സ്വപ്നങ്ങളുടെ, ആഗ്രഹങ്ങളുടെ, ഈ ലോകത്തിൽ നഷ്ടപ്പെട്ടുപോയ അസ്തിത്വത്തിന്റെയൊക്കെ സാരാംശത്തെ ഗുളികരൂപത്തിൽ ഉള്ളിൽ വഹിക്കുന്നു. ആ അർത്ഥത്തിൽ യാഥാർത്ഥ്യങ്ങളേക്കാളും കൂടുതൽ സത്യസന്ധങ്ങളാണ്,
എലിസബത്ത് ഗ്രാഫ്നെ
താങ്കളുടെ കഥാപാത്രങ്ങളെക്കുറിച്ച്?
ഗ്രാസ്
സാഹിത്യത്തിലെ കഥാപാത്രങ്ങൾ, പുസ്തകത്തെ മുന്നോട്ടു കൊണ്ടു പോകുന്ന കേന്ദ്ര കഥാപാത്രം, പലപ്പോഴും പല വ്യത്യസ്തരായ ആളുകളുടെ ഒരു മിശ്രിതമായിരിക്കും. ആശയങ്ങൾ, അനുഭവങ്ങൾ, എല്ലാം ഒന്നിച്ചിച്ചുകൂടും. ഗദ്യ രചയിതാവെന്ന നിലയ്ക്ക് കഥാപാത്രങ്ങളെ നമ്മൾ നിർമ്മിക്കുകയും കണ്ടെത്തുകയും വേണം കുറച്ചുപേരെ നമുക്ക് ഇഷ്ടമുണ്ടാകും, മറ്റു ചിലരെ ഇഷ്ടപ്പെടില്ല. അത് വിജയകരമായി പൂർത്തിയാക്കാൻ പറ്റുന്നത് അവരുടെ ഉള്ളിലേക്ക് നമുക്കിറങ്ങാൻ കഴിഞ്ഞാൽ മാത്രമാണ്.  അകത്തുനിന്നും എന്റെ കഥാപാത്രങ്ങളെ എനിക്കു മനസ്സിലാകാൻ കഴിഞ്ഞില്ലെങ്കിൽ, അവർ കടലാസുപാവകൾ മാത്രമായി അവശേഷിക്കും. മറ്റൊന്നുമാവില്ല.
എലിസബത്ത് ഗ്രാഫ്നെ
താങ്കളുടെ കഥാപാത്രങ്ങൾ തുടർച്ചയായി മറ്റു പല  പുസ്തകങ്ങളിലും വീണ്ടും പ്രത്യക്ഷപ്പെടാറുണ്ട്. ഉദാഹരണത്തിന്, തുള്ള, ഇത്സെബെൽ, ഓസ്കാർ, അയാളുടെ മുത്തശ്ശി അന്ന എന്നിവരെക്കുറിച്ച് വീണ്ടും ഞാൻ ചിന്തിക്കുകയാണ്. ഈ കഥാപാത്രങ്ങളെല്ലാം അതിവിശാലമായ ഒരു സാങ്കൽ‌പ്പിക ലോകത്തിലുള്ളവരാണെന്ന് തോന്നാറുണ്ട്. താങ്കൾ നോവലുകളിൽ അവരെക്കുറിച്ച് എഴുതിവയ്ക്കുക മാത്രമാണ് ചെയ്യുന്നതെന്നും. സ്വതന്ത്രമായ അസ്തിത്വം അവർക്കുള്ളതായി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?  
ഗ്രാസ്
പുസ്തകം എഴുതാൻ തുടങ്ങുമ്പോൾതന്നെ പലതരത്തിൽ, വ്യത്യസ്തരായ കഥാപാത്രങ്ങളുടെ രൂപരേഖകൾ തയാറാക്കി സൂക്ഷിക്കാറുണ്ട്.  രചന പുരോഗമിക്കുന്നതിനനുസരിച്ച്  ഈ സാങ്കൽ‌പ്പിക കഥാപാത്രങ്ങൾ അവരുടെ സ്വന്തം ജീവിതം നയിക്കാൻ തുടങ്ങും. ഉദാഹരണത്തിന്, എലിയിൽ അറുപതു വയസ്സുള്ള മാറ്റ്സെറത്തിനെ വീണ്ടും കൊണ്ടുവരണമെന്ന് ഞാൻ തീരുമാനിച്ചതല്ല. അയാൾ സ്വയം എനിക്കഭിമുഖമായി വന്നു. എന്നെയും കൂട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. ഞാൻ ഇവിടെതന്നെയുണ്ടെന്നും ഇത് എന്റെ കഥയുമാണെന്നും പറഞ്ഞുകൊണ്ട്. അയാൾക്ക് പുസ്തകത്തിൽ വരണം.  ഈ കഥാപാത്രങ്ങൾ  സ്വന്തം ആവശ്യങ്ങൾ ഉന്നയിക്കാൻ തുടങ്ങും, എന്നെ എതിർക്കും, ഞാൻ അവരെ എന്തിനെങ്കിലും വേണ്ടി ഉപയോഗിക്കുന്നതിനെ വിലക്കാൻ തുടങ്ങും എന്നൊക്കെ വർഷങ്ങൾകൊണ്ട് എനിക്ക് മനസ്സിലായിട്ടുണ്ട്. ഇവർക്കെതിരെ ചിലപ്പോഴൊക്കെ നല്ല ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്. അതേസമയം തീർച്ചയായും, സ്വന്തം മനസ്സാക്ഷിയെ ശ്രദ്ധിക്കുകയും വേണം. ആലോചനകൾ സംഭാഷണമായി തീരാം. ചിലപ്പോൾ വളരെ ചൂടുപിടിച്ച സംവാദമാകും. എഴുത്തിന് അത് സഹായമാണ്.
എലിസബത്ത് ഗ്രാഫ്നെ
തുള്ള പൊക്രിയാഫ്കെ എന്ന കഥാപാത്രം താങ്കളുടെ പല പുസ്തകങ്ങളിലും കടന്നു വരുന്നുണ്ടല്ലോ. അതെന്തുകൊണ്ടാണ്?
ഗ്രാസ്
ആ കഥാപാത്രം മുഴുവൻ വൈരുദ്ധ്യങ്ങൾ നിറഞ്ഞതും മനസ്സിലാക്കാൻ പ്രയാസമുള്ളതുമാണ്. ആ പുസ്തകങ്ങളുടെ രചന എന്നെ വല്ലാതെ സ്പർശിച്ചിരുന്നു. എനിക്ക് അവരെ വിശദീകരിക്കാൻ കഴിയില്ല. വിശദീകരണങ്ങൾ ഞാൻ വെറുക്കുന്നു! ഭാവനയ്ക്കനുസരിച്ച് സ്വയം ചിത്രങ്ങൾ നിർമ്മിക്കാനാണ് ഞാൻ നിങ്ങളെ ക്ഷണിക്കുന്നത്. ജർമ്മനിയിൽ ഹൈസ്കൂൾ കുട്ടികൾ സ്കൂളിൽ വന്ന് നല്ല ഒരു കഥാപുസ്തകം വായിക്കാൻ ആഗ്രഹിക്കുന്നു, ചെമ്പൻ തലമുടിക്കാരായ ആളുകളുള്ള ഒരു കഥാപുസ്തകം. പക്ഷേ അത് അനുവദനീയമല്ല. പകരം അവർക്ക് കവിത വിവർത്തനം ചെയ്യാനാണ് നിർദ്ദേശം നൽകുന്നത്, ഓരോ പുറമായി. എന്താണ് കവി പറയാൻ ഉദ്ദേശിക്കുന്നതെന്ന് കണ്ടെത്തണം. ഈ പരിപാടിയ്ക്ക് കലയുമായി ഒരു ബന്ധവുമില്ല. ഒരു സാങ്കേതിക കാര്യം നിങ്ങൾക്ക് വിശദീകരിക്കാം, അതെങ്ങനെ പ്രവർത്തിക്കുന്നു എന്ന് വിവരിക്കാം. ഒരു ചിത്രത്തിന്, കവിതയ്ക്ക്, കഥയ്ക്ക്, നോവലിന് സാധ്യതകൾ അനേകമാണ്. ഓരോ വായനക്കാരനും വീണ്ടും കവിത നിർമ്മിക്കുകയാണ്. അതാണ് ഞാൻ വിശദീകരണങ്ങളെയും വ്യാഖ്യാനങ്ങളെയും വെറുക്കാൻ കാരണം.  തുള്ള പൊക്രിയാഫ്കെയെ നിങ്ങൾ ഓർമ്മിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. 
എലിസബത്ത് ഗ്രാഫ്നെ
പല വീക്ഷണക്കോണുകളിൽനിന്നാണ് താങ്കളുടെ പുസ്തകത്തിലെ കഥ അവതരിപ്പിക്കപ്പെടുന്നത്. തകരച്ചെണ്ടയിൽ ഓസ്കാർ ഒന്നാം വ്യക്തിയായി നിന്നും (ഉത്തമപുരുഷൻ)  മൂന്നാം വ്യക്തിയായി നിന്നും  (പ്രഥമ പുരുഷൻ) കഥ പറയുന്നുണ്ട്. ശ്വാനവർഷങ്ങളിൽ ആഖ്യാനം മധ്യമ പുരുഷനിൽനിന്ന് പ്രഥമ പുരുഷനിലേയ്ക്ക് മാറുന്നു. അങ്ങനെ. എങ്ങനെയാണ് ഈ രചനാതന്ത്രങ്ങൾ താങ്കളുടെ ലോകവീക്ഷണത്തെ അവതരിപ്പിക്കാൻ സമർത്ഥമാകുന്നത്? 
ഗ്രാസ്
പുതുമയുള്ള വീക്ഷണക്കോണുകൾ എപ്പോഴും അന്വേഷിക്കേണ്ടതുണ്ട്. തകരച്ചെണ്ടയിലെ ഓസ്കാർ മാറ്റ്സെരാത്ത് എന്ന കുള്ളൻ - മുതിർന്നിട്ടും ബാലനായിരിക്കുന്ന ഒരാൾ- അയാളുടെ നിഷ്ക്രിയത്വവും ശാരീരികമായ പ്രത്യേകതയും വച്ചു നോക്കുമ്പോൾ പല വ്യത്യസ്തമായ വീക്ഷണങ്ങൾക്കും യോജിച്ച മാധ്യമമാണ്. ആഡംബരങ്ങളോട് അയാൾക്ക് ഭ്രമമുണ്ട്, അതാണ് അയാൾ ചില സമയം മറ്റൊരാളായിനിന്ന് തന്നോടുതന്നെ സംസാരിക്കുന്നത്. ചെറിയ കുട്ടികൾ ചിലപ്പോൾ അങ്ങനെ ചെയ്യാറുണ്ട്. അയാളുടെ സ്വയം മഹത്വപ്പെടുത്തലിന്റെ ഭാഗമാണത്. ഗംഭീരപ്രഭാവന്മാരായ നമ്മൾ എന്നാണതിന്റെ അർത്ഥം. അകലം സൂക്ഷിക്കാനുള്ള ആഖ്യാന നിലകളാണിതെല്ലാം. ശ്വാനവർഷങ്ങളിൽ മൂന്നു വീക്ഷണക്കോണുകൾ അവലംബിച്ചിട്ടുണ്ട്. നായയുടെ കഥാപാത്രത്തിൽ. ഓരോന്നും വ്യത്യസ്തമാണ്. അപഭ്രംശം വന്ന വീക്ഷണത്തിന്റെ ബിന്ദുവാണ്, നായ.
എലിസബത്ത് ഗ്രാഫ്നെ
രചനയുടെ വർഷങ്ങളിൽ എങ്ങനെയൊക്കെ താങ്കളുടെ താത്പര്യങ്ങൾ മാറിമറിയുകയും ശൈലി വികസിക്കുകയും ചെയ്തിട്ടുണ്ട്?
ഗ്രാസ്
എന്റെ ആദ്യത്തെ പ്രധാന പുസ്തകങ്ങൾ, തകരച്ചെണ്ട, ശ്വാനവർഷങ്ങൾ, ലഘു നോവൽ എലിയും പൂച്ചയും എന്നിവ ഒരേ കാലത്തെയാണ് പശ്ചാത്തലമാക്കുന്നത്. അറുപതുകളെ. രണ്ടാം ലോകമഹായുദ്ധത്തിലെ ജർമ്മൻ അനുഭവങ്ങളാണ് മൂനു പുസ്തകത്തിലെയും കേന്ദ്രസ്ഥാനത്ത്. മൂന്നും ചേർത്ത് ഡാൻസിഗ് ത്രിതയം എന്നു പറയാം. ആ സമയത്ത് എന്റെ രചനകളിൽ നാസി കാലഘട്ടത്തെ പശ്ചാത്തലമാക്കാൻ വിശേഷിച്ചും ഒരു നിർബന്ധം തന്നെ എനിക്കുണ്ടായിരുന്നു. നാസിസത്തിന്റെ കാരണങ്ങളും ശാഖോപശാഖകളായുള്ള അതിന്റെ വളർച്ചയും ഒക്കെ അന്വേഷിക്കാനുള്ള ഒരു ത്വര. കുറച്ചു വർഷങ്ങൾക്കു ശേഷം ഒച്ചിന്റെ ഡയറിയിൽനിന്ന് ഞാൻ എഴുതി. അതിലും യുദ്ധവുമായി ബന്ധമുള്ള പ്രമേയമാണ്, എങ്കിലും എന്റെ ഗദ്യശൈലിയിലും രൂപഘടനയിലും ഉള്ള മാറ്റം പ്രകടമാക്കിയ രചനയായിരുന്നു അത്. കഥ നടക്കുന്നത് മൂന്നു വ്യത്യസ്ത കാലഘട്ടങ്ങളിലാണ് : ഭൂതകാലം  (രണ്ടാം ലോക മഹായുദ്ധകാലം), വർത്തമാന കാലം (1969 ലെ ജർമ്മനി, ഞാൻ ആ നോവലെഴുതാൻ തുടങ്ങിയ കാലം), ഭാവികാലം (എന്റെ കുട്ടികൾ പ്രതിനിധീകരിക്കുന്ന കാലം). എന്റെ തലയിലും പുസ്തകത്തിലും ഈ മൂന്നുകാലവും കൂടിക്കുഴഞ്ഞ് ഒന്നിച്ചായി. വ്യാകരണക്ലാസുകളിൽ പഠിച്ച ക്രിയാകാലങ്ങൾ - ഭൂതം, ഭാവി, വർത്തമാനം- യഥാർത്ഥ ജീവിതത്തിൽ അത്ര ലളിതമല്ലെന്ന് ഞാൻ കണ്ടുപിടിച്ചു. ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോഴൊക്കെ ഭൂതത്തെക്കുറിച്ചും വർത്തമാനത്തെക്കുറിച്ചുമുള്ള അറിവുകൾ അവിടെയെത്തും, ഭാവിയെന്നു വിളിക്കുന്ന കാലത്തെ ബാധിച്ചുകൊണ്ട്. ഇന്നലെ എന്നു പറഞ്ഞത് വാസ്തവത്തിൽ ഭൂതകാലമാവണമെന്നില്ല, അവയ്ക്കു ഭാവിയുമാകാം. മാനസികമായി നമ്മൾ കാലത്തിന്റെ ക്രമത്താൽ നിയന്ത്രിക്കപ്പെട്ടവരല്ല. ഒരേ സമയത്തുതന്നെ പല സമയങ്ങളെക്കുറിച്ച് നമ്മൾ ബോധവാന്മാരാണ്. അതെല്ലാം ഒന്നാണെന്ന മട്ടിൽ. സമയത്തിന്റെയും കാലത്തിന്റെയും അതിരുകൾ പരസ്പരം മുറിയുന്നത് എഴുത്തുകാരൻ എന്ന നിലയിൽ ഞാൻ അറിഞ്ഞിരിക്കണം.  എനിക്കത് അവതരിപ്പിക്കാൻ കഴിയണം. ഈ സമയ വിഷയങ്ങൾ എന്റെ രചനകളിൽ വർദ്ധിച്ച പ്രാധാന്യം നേടിയെടുത്തിട്ടുണ്ട്. ശീർഷകജന്മങ്ങൾ (Headbirths) അഥവാ പുറത്ത് ജർമ്മൻ‌കാർ മരിക്കുകയാണ് (The Germans are Dying Out) - പുതുതായി കണ്ടു പിടിക്കപ്പെട്ട ഒരു കാലത്തിനെ പശ്ചാത്തലമാക്കി ആഖ്യാനം നിർവഹിച്ചിട്ടുള്ള ഒരു രചനയാണ്. അതിനെ ഞാൻ വെർഗെഗെൻ‌കുൻഫ് (Vergegenkunft) എന്നു വിളിക്കും. ഭൂതം, ഭാവി, വർത്തമാനം എന്നീ പദങ്ങളുടെ സങ്കരമാണ് അത്. ജർമ്മനിൽ വാക്കുകൾ കൂട്ടിച്ചേർത്ത് സങ്കരപദങ്ങളുണ്ടാക്കാം. വെർ -ഭൂതം എന്നർത്ഥമുള്ള വെർഗെൻഹെയ്റ്റിൽനിന്നാണ്. വർത്തമാനം എന്നർത്ഥമുള്ള ഗെഗെൻ‌വാർട്ടിൽ നിന്നാണ് ഗെഗെൻ. ഭാവിയെന്നർത്ഥമുള്ള സുകുൻ‌ഫിറ്റിൽ നിന്നാണ് കുൻഫിറ്റ്. ഉരുൾച്ചക്കാരനിലും ഈ പുതിയ സങ്കരകാലമാണ് പശ്ചാത്തലം. ആ പുസ്തകത്തിൽ ആഖ്യാതാവ് നീണ്ട കാലത്തിലൂടെ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുന്നു. അയാളുടെ പലതരത്തിലുള്ള ജീവചരിത്രങ്ങൾ വ്യത്യസ്തമായ പരിപ്രേക്ഷ്യങ്ങൾ സൃഷ്ടിക്കുന്നു. എല്ലാം അവയുടെതായ വർത്തമാന കാലത്തിലാണ്. വർത്തമാനകാലത്തിൽനിന്നു കൊണ്ട് പിന്നിലേക്ക് നോക്കാനും ഇനി വരാനുള്ള കാര്യങ്ങളുമായി ബന്ധം വയ്ക്കാനും കഴിയുന്ന തരത്തിൽ,  പല കാലങ്ങളിലെ വീക്ഷണക്കോണുകളെ  അവലംബിച്ചുള്ള പുസ്തകരചനയ്ക്ക്, പുതിയ രൂപം തന്നെ കൊടുക്കണമെന്ന് എനിക്കു തോന്നി. നോവൽ വളരെ തുറന്ന ഘടനയുള്ള സാഹിത്യഗണമാണ്. അവിടെ എനിക്കേതു രൂപത്തിലേക്കു വേണമെങ്കിലും മാറാം , കവിതയിൽനിന്ന് ഗദ്യത്തിലേക്ക്, അല്ലെങ്കിൽ തിരിച്ച്. അതിനകത്തു നിന്നുകൊണ്ടുതന്നെ.   
എലിസബത്ത് ഗ്രാഫ്നെ
ഒച്ചിന്റെ ഡയറിയിൽനിന്ന് (From the Diary of a Snail)എന്ന നോവലിൽ സമകാലിക രാഷ്ട്രീയത്തെ ഡാൻസിഗിലെ ജൂതസമുദായത്തിന് രണ്ടാം ലോകയുദ്ധകാലത്ത് ഉണ്ടായ സംഭവങ്ങളുടെ ഭാവനാത്മകമായ വിവരണവുമായി കൂട്ടിക്കലർത്തുന്നു. 1969-ൽ വില്ലി ബ്രാൻഡിനു വേണ്ടി താങ്കൾ പ്രസംഗമെഴുതുകയും തെരെഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്ന കാര്യം അറിയാമല്ലോ. അതാണോ പുസ്തക രചനയ്ക്കുള്ള വസ്തുതകളായി മാറിയത്? 
ഗ്രാസ്
എനിക്ക് തെരെഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കു പോകാതെ മറ്റു വഴിയുണ്ടായിരുന്നില്ല. കരാറുണ്ടെങ്കിലും ഇല്ലെങ്കിലും. 1927-ൽ ഞാൻ ജനിച്ചു. ജർമ്മനിയിൽ യുദ്ധം ആരംഭിച്ചപ്പോൾ എനിക്കു 12 വയസ്സ്. 17 വയസ്സുണ്ടായിരുന്നപ്പോൾ അത് അവസാനിച്ചു. എന്റെ തലയിലെ ഭാരം മുഴുവൻ ഈ ഭൂതകാലമാണ്.  ഞാനൊരാൾ മാത്രമല്ല ; മറ്റു പല എഴുത്തുകാർക്കും ഇതേ അനുഭവമാണ്.  ഞാനൊരു സ്വിസ്സോ സ്വീഡിഷോ ആയ എഴുത്തുകാരനായിരുന്നെങ്കിൽ കൂടുതൽ കളിച്ചു നടക്കാനുള്ള ഇടം കിട്ടിയേനേ. തമാശ പറഞ്ഞേനേ, അങ്ങനെ. എന്റെ പശ്ചാത്തലം വച്ച് ഇപ്പോൾ അതൊന്നും സാധ്യമല്ല. എനിക്കു മുന്നിൽ മറ്റൊരു വഴിയില്ല. അറുപതുകളിലെയും എഴുപതുകളിലെയും ആഡനോയർ കാലഘട്ടത്തിൽ രാഷ്ട്രീയക്കാർ ഭൂതകാലത്തെക്കുറിച്ച് സംസാരിക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല. അഥവാ അവർക്ക് സംസാരിക്കേണ്ടി വന്നപ്പോഴൊക്കെ പിശാചുക്കൾ ദീനരും നിസ്സഹായരുമായ ജർമ്മൻ ജനതയെ ചതിച്ചു തറപ്പറ്റിച്ച ആ ആസുരകാലത്തെ ചരിത്രത്തിൽനിന്ന് ഒഴിവാക്കിക്കൊണ്ട് ഒപ്പിച്ചു. അവർ പച്ച കള്ളങ്ങൾ പറഞ്ഞു. പുതിയ തലമുറയ്ക്ക് അതെങ്ങനെ വാസ്തവത്തിൽ സംഭവിച്ചു എന്നു പറഞ്ഞുകൊടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. പകൽ വെളിച്ചത്തിൽ വളരെ പതുക്കെ ആസൂത്രിതമായാണ് അത് സംഭവിച്ചത്. ആ സമയത്ത് എന്താണ് സംഭവിക്കുന്നതെന്ന് കാണാൻ ആർക്കും കഴിയുമായിരുന്നു. ഫെഡറൽ റിപ്പബ്ലിക്കിന്റെ നാല്പതാം വർഷത്തിലുണ്ടായ നല്ല കാര്യമിതാണ്;  നമുക്ക് നാസി കാലത്തെക്കുറിച്ച് സംസാരിക്കാമെന്നായി. യുദ്ധാനന്തര സാഹിത്യം വളരെ വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്, അതങ്ങനെ ആക്കിത്തീർക്കുന്നതിൽ.  
എലിസബത്ത് ഗ്രാഫ്നെ
ഒച്ചിന്റെ ഡയറിയിൽനിന്ന് തുടങ്ങുന്നത് പ്രിയപ്പെട്ട കുട്ടികളേ എന്നു വിളിച്ചുകൊണ്ടാണ്. യുദ്ധാനന്തരം വളർന്നുവന്ന മുഴുവൻ തലമുറയ്ക്കും വേണ്ടിയുള്ള നിവേദനമാണത്. എന്നാൽ സ്വന്തം കുട്ടികളെയും താങ്കൾ ലക്ഷ്യമാക്കുന്നുണ്ട് . ഇല്ലേ?
ഗ്രാസ്
കൂട്ടക്കൊലകൾ നിയമവിധേയമായി നടപ്പാക്കിയതിനെക്കുറിച്ച് കുറച്ച് വിശദീകരണം ആവശ്യമുണ്ട്. യുദ്ധത്തിനു ശേഷം ജനിച്ച എന്റെ കുട്ടികൾക്ക് ഒരു അച്ഛനുണ്ട്, അയാൾ വണ്ടിയോടിച്ച് പ്രചാരണക്യാമ്പുകളിൽ പോകുന്നു, തിങ്കളാഴ്ച രാവിലെ പ്രസംഗിക്കുന്നു, അടുത്ത ശനിയാഴ്ചവരെ തിരിച്ചു വീട്ടിൽ വരുന്നില്ല. എന്തിനാണ് നിങ്ങളിങ്ങനെ ചെയ്യുന്നത്, എന്തിനാണ് നിങ്ങൾ ഞങ്ങളിൽനിന്ന് തുടർച്ചയായി അകന്നു നിൽക്കുന്നത് എന്ന് അവർ ചോദിക്കുന്നു. ഞാനതവർക്ക് വ്യക്തമാക്കിക്കൊടുക്കാൻ ശ്രമിച്ചു, വാക്കാൽ മാത്രമല്ല, ഞാൻ എഴുതിയ വകകളും വച്ചുകൊണ്ട്. ആ സമയത്തെ ഔദ്യോഗിക ചാൻസലർ കർട്ട് ജോർജ്ജ് കിസിംഗർ യുദ്ധകാലത്ത് ഒരു നാസിയായിരുന്നു. അതുകൊണ്ട് ഞാൻ പുതിയ ചാൻസിലർക്കുവേണ്ടി മാത്രമായിരുന്നില്ല പ്രചരണം നടത്തിയിരുന്നത്. മറിച്ച് നാസി ഭൂതകാലത്തിനുമെതിരെയായിരുന്നു. പുസ്തകങ്ങളിൽ കൃത്യമായ വെറും സംഖ്യകൾ എഴുതിടണമെന്ന് എനിക്ക് തോന്നിയില്ല. ഇത്ര- ഇത്രയും ജൂതന്മാർ കൊലചെയ്യപ്പെട്ടു, അറുപതുലക്ഷം മനസ്സിലാക്കാൻ പ്രയാസമുള്ള ഒരു സംഖ്യയാണ്. ഭൌതികമായ ഒരാഘാതമുണ്ടാവണം. അതാണ് ഞാൻ ഉദ്ദേശിച്ചത്. ഡാൻസിഗ് സിനഗോഗിന്റെ ചരിത്രം എന്റെ കഥയുടെ തന്തുവായി തെരെഞ്ഞെടുത്തത് ആ കാരണം വച്ചാണ്. ആ സിനഗോഗ് വളരെ നൂറ്റാണ്ടുകൾ ആ പട്ടണത്തിൽ തലയുയർത്തിപ്പിടിച്ചു നിന്നിരുന്നു, യുദ്ധത്തിൽ നാസികൾ- ജർമ്മൻ‌കാർ നശിപ്പിക്കുന്നതുവരെ. അവിടെ സംഭവിച്ച യാഥാർത്ഥ്യം രേഖയാക്കണമെന്ന് ഞാൻ ആഗ്രഹിച്ചു.  പുസ്തകത്തിലെ അവസാന രംഗം ഞാൻ വർത്തമാന കാലവുമായി ബന്ധപ്പെടുത്തി. ആൽബ്രെഷ്ട് ഡ്യൂറെറുടെ മുന്നൂറാം ജന്മവാർഷികത്തിന് ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് പ്രസംഗിക്കാൻ തയാറെടുക്കുന്നതിനെക്കുറിച്ച് ഞാൻ എഴുതി. ആ അധ്യായം, ഡ്യൂറെറുടെ മെലഞ്ചോളിയ I ന്റെ വിഷാദാത്മകമായ പ്രതിബിംബമായിരുന്നു. വിഷാദത്തിന്റെ സ്വാധീനം മനുഷ്യചരിത്രത്തിനുമേൽ വീണു കിടപ്പുണ്ട്.  വിഷാദത്തിന്റെ വിസ്തൃതമായ ഒരു അവസ്ഥയുടെ സംസ്കാരമാണ്, കൂട്ടക്കുരുതിയ്ക്കു നേരെയുള്ള ജർമ്മൻ‌കാരുടെ ശരിയായ മനോഭാവം എന്നു ഞാൻ സങ്കല്പിക്കാറുണ്ട്. പശ്ചാത്താപവിവശവും ദീനവുമായ ഒരവസ്ഥയാണത്. കൂട്ടക്കുരുതിയുടെ കാരണങ്ങൾ നമ്മുടെ കാലത്തിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത്,  ഒരു പാഠം എന്ന നിലയ്ക്കാണെന്ന് ഉൾക്കാഴ്ചകൾ നമ്മെ അറിയിക്കുന്നു.
എലിസബത്ത് ഗ്രാഫ്നെ
സമകാലിക ലോക സാഹചര്യങ്ങളുടെ അതീവ ദാരുണമായ ചില വശങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് അവതരിപ്പിക്കുന്ന രീതി താങ്കളുടെ പല പുസ്തകങ്ങളിലുമുണ്ട്. മുന്നിൽ കിടക്കുന്ന ഭീകര യാഥാർത്ഥ്യങ്ങളെ ചൂണ്ടുക. പഠിപ്പിക്കുക, താക്കീതു നൽകുക, വായനക്കാരെ ചില പ്രവൃത്തികൾക്കായി ഉത്തേജിപ്പിക്കുക - എന്താണ് യഥാർത്ഥത്തിൽ അവയുടെ ഉദ്ദേശ്യം?
ഗ്രാസ്
ലളിതമായി പറഞ്ഞാൽ എനിക്കവരെ വഞ്ചിക്കാൻ പറ്റില്ല. അവർ അകപ്പെട്ടിട്ടുള്ള സാഹചര്യത്തെ അവതരിപ്പിക്കുകയാണ് എനിക്കു വേണ്ടത്. അവർ മുന്നോട്ടു നോക്കണം. ആളുകൾ ആശ്വാസമില്ലാത്തവരാണ്. എല്ലാ കാര്യങ്ങളും ദാരുണമായതുകൊണ്ടല്ല, മനുഷ്യരായ നമ്മുടെ കയ്യിലാണ് കാര്യങ്ങൾ, മാറ്റം വരുത്താൻ പറ്റും, പക്ഷേ ചെയ്യില്ല എന്നതുകൊണ്ട്. നമ്മുടെ കുഴപ്പങ്ങൾക്ക് കാരണം നമ്മൾ തന്നെയാണ്. നമ്മൾ തന്നെയാണത് തീരുമാനിക്കുന്നത്. പരിഹരിക്കാനുള്ള ആനുകൂല്യവും അവ നമുക്കു നൽകിയിട്ടുണ്ട്. 
എലിസബത്ത് ഗ്രാഫ്നെ
താങ്കളുടെ പ്രവർത്തനങ്ങൾ പരിസ്ഥിതി മുതൽ രാഷ്ട്രീയ പ്രശ്നങ്ങൾ വരെ നീണ്ടു കിടക്കുന്നതാണ്. എഴുത്തിൽ ഇവയെ കൂട്ടിയിണക്കിയിട്ടുമുണ്ട്.
ഗ്രാസ്
കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ ഞാൻ ഒരു പാട് യാത്ര ചെയ്തിട്ടുണ്ട്. ജർമ്മനിയിലും മറ്റു സ്ഥലങ്ങളിലും. മരിച്ചുകൊണ്ടിരിക്കുന്ന വിഷം ബാധിച്ച ലോകങ്ങളെ കാണുകയും വരയ്ക്കുകയും ചെയ്തിട്ടുണ്ട്. ഞാൻ വരച്ച ചിത്രങ്ങളുടെ ഒരു പുസ്തകം കാടിന്റെ മരണം (Death of Wood) അത്തരമൊരു ലോകത്തെക്കുറിച്ചുള്ളതാണ്. ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനിയുടെയും അന്നത്തെ ജർമ്മൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്റെയും അതിർത്തിപ്രദേശത്ത്. അവിടെ, മരിക്കുന്ന കാടുകളുടെ രൂപത്തിൽ വളരെ മുൻപേതന്നെ ഒരു രാഷ്ട്രീയ ഏകീകരണം, ജർമ്മനിയുടെ പുനരേകീകരണം സംഭവിച്ചിരുന്നു. പശ്ചിമ ജർമ്മനിയുടെ അതിർത്തിപ്രദേശത്തെ മലനിരകൾക്കും ചെക്കോസ്ലോവാക്യയ്ക്കും ഇടയിലും ഇതുതന്നെ സംഭവിച്ചു. ഒരു കൊലയാളി നിലവിൽ വന്നതുപോലെ. അവിടെ കണ്ടത് ഞാൻ വരച്ചു. ചിത്രങ്ങൾക്ക് ചുരുങ്ങിയ, അർത്ഥഗർഭങ്ങളായ ശീർഷകങ്ങളുണ്ട്. അവ വിവരണങ്ങളായി ഉദ്ദേശിച്ചിട്ടുള്ളവയാണ്. വിശദീകരണങ്ങളല്ല. പിന്നെ ഒരു പിന്നുരയും. ഈ തരത്തിലുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യാൻ വരകൾക്ക് എഴുത്തിനു തുല്യമായ അല്ലെങ്കിൽ അതിനേക്കാൾ കൂടുതലായ ശക്തിയുണ്ട്.
എലിസബത്ത് ഗ്രാഫ്നെ
ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയ യാഥാർത്ഥ്യങ്ങളെ പ്രകാശിപ്പിക്കാൻ സാഹിത്യത്തിന് മതിയായ കരുത്തുണ്ടെന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ? എഴുത്തുകാരന് ചെയ്യാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ഒരു പൌരൻ എന്ന നിലയ്ക്ക് ചെയ്യാൻ കഴിയുമെന്ന് തോന്നിയതുകൊണ്ടല്ലേ നേരെ താങ്കൾ രാഷ്ട്രീയത്തിലേക്ക് പോയത്?   
ഗ്രാസ്
രാഷ്ട്രീയകക്ഷികൾക്ക് മാത്രമായിട്ടുള്ളതാണ് രാഷ്ട്രീയം എന്നു ഞാൻ വിശ്വസിക്കുന്നില്ല. അത അപകടമാണ്. സാഹിത്യത്തിനു ലോകത്തെ മാറ്റാൻ കഴിയുമോ എന്ന വിഷയത്തിൽ ധാരാളം സെമിനാറുകളും സമ്മേളനങ്ങളും നടന്നു കഴിഞ്ഞു. ഇപ്പോഴും നടക്കുന്നുണ്ട്. സാഹിത്യത്തിനു മാറ്റത്തെ സ്വാധീനിക്കാനുള്ള ശക്തിയുണ്ടെന്നാണ് എന്റെ വിശ്വാസം. കലയ്ക്കും അതേ. ആധുനിക കല നമ്മുടെ കാഴ്ചശീലങ്ങളെ മാറ്റി. നമുക്ക് ആ ബോധ്യമുണ്ട്. കാഴ്ചയുടെ ശക്തി നമുക്ക് മനസ്സിലാക്കിതന്നത് ക്യൂബിസം പോലെയുള്ള കണ്ടെത്തലുകളാണ്. ജെയിംസ് ജോയിസ്,  യുലീസസ്സിൽ പരിചയപ്പെടുത്തിയ ആന്തരിക സ്വഗതാഖ്യാനങ്ങൾ നിലനിൽ‌പ്പിനെ മനസ്സിലാക്കാനുള്ള നമ്മുടെ സങ്കീർണ്ണതകളെ സ്വാധീനിച്ചിട്ടുണ്ട്.  സാഹിത്യത്തിന്റെ സ്വാധീനഫലമായുണ്ടാകുന്ന മാറ്റത്തെ അളക്കാനാവില്ല. പുസ്തകവും വായനക്കാരനും തമ്മിലുള്ള ബന്ധം സമാധാനപരവും, അജ്ഞാതവുമാണ്
പുസ്തകങ്ങൾ എത്രത്തോളം ആളുകളെ മാറ്റിയിട്ടുണ്ട്? നമുക്ക് അധികം കാര്യങ്ങൾ ഇതിനെപ്പറ്റി അറിയില്ല. ആകെ പറയാൻ പറ്റുന്നത് പുസ്തകങ്ങൾ എനിക്ക് നിർണ്ണായകമാണ്. എന്റെ ചെറുപ്പത്തിൽ, യുദ്ധത്തിനു ശേഷം, പ്രിയങ്കരമായിരുന്ന പല പുസ്തകങ്ങളിൽ ഒന്ന് കാമുവിന്റെ സിസിഫസ് പുരാണ (The Myth of Sisyphus) മായിരുന്നു. മലയുടെ മുകളിലേക്ക് നിരന്തരമായി കല്ല് ഉരുട്ടിക്കയറ്റാൻ ശിക്ഷിക്കപ്പെട്ട, പ്രസിദ്ധനായ പുരാണ വീരനായകൻ. ഉരുട്ടിക്കയറ്റിയ കല്ല് ഉരുണ്ട് വീണ്ടും മലയുടെ ചുവട്ടിലെത്തും പാരമ്പര്യസങ്കൽ‌പ്പമനുസരിച്ച് എല്ലാം തികഞ്ഞ ഒരു ദുരന്ത കഥാപാത്രം. എന്നാൽ കാമു അതെനിക്ക് പുതിയതായി വ്യാഖ്യാനിച്ചു തന്നത്, സ്വന്തം വിധിയിൽ സന്തുഷ്ടനായിരിക്കാനാണ്. ഒരു പ്രയോജനവുമില്ലാത്ത കല്ലുരുട്ടി മലമുകളിൽ കയറ്റുക എന്ന പ്രവൃത്തിയുടെ നിരന്തരമായ ആവർത്തനം, വാസ്തവത്തിൽ സ്വന്തം നിലനിൽ‌പ്പിനെ തൃപ്തിപ്പെടുത്താനുള്ള അയാളുടെ ശ്രമമാണ്. അയാളിൽനിന്ന് കല്ല് ആരെങ്കിലും എടുത്തുമാറ്റിയാൽ അയാൾ നിരാശനാകും. വല്ലാത്തൊരു സ്വാധീനമാണ് അത് എന്നിൽ ചെലുത്തിയത്. അവസാന ഫലപ്രാപ്തിയിൽ ഞാൻ വിശ്വസിക്കുന്നില്ല. മലയുടെ മുകളിൽ ഒരിക്കൽ കല്ല് താഴേക്ക് ഉരുളാതെ സ്ഥിരമായി നിൽക്കും എന്നും എനിക്കു തോന്നുന്നില്ല. ജർമ്മൻ ആദർശവാദം ഉൾപ്പടെ എല്ലാത്തരം ആദർശവാദരൂപങ്ങൾക്കും പ്രത്യയശാസ്ത്രങ്ങൾക്കും എതിരെയാണ് ഇതിന്റെ നിലയെങ്കിലും, മനുഷ്യാവസ്ഥയുടെ ഗുണപരമായ ചിത്രീകരണമായി നമുക്ക് ഈ മിത്തിനെ എടുക്കാം. പാശ്ചാത്യമായ എല്ലാ തത്വശാസ്ത്രങ്ങളും ആത്യന്തികമായ ലക്ഷ്യം വാഗ്ദാനം ചെയ്യുന്നുണ്ട്. സന്തുഷ്ടവും നീതിയുക്തവും സമാധാനപരവുമായ സമൂഹം. എനിക്കതിൽ വിശ്വാസമില്ല. നമ്മളൊരു പ്രവാഹത്തിലാണ്. ആ കല്ല് നമ്മളിൽനിന്ന് പിടിവിട്ടു പോവുകയും ഉരുണ്ട് നമ്മുടെ കയ്യിൽതന്നെ തിരിച്ചെത്തുകയും ചെയ്യുമായിരിക്കും. അതാണ് നമുക്ക് ആകെ ചെയ്യാനുള്ളത്. കാരണം കല്ല് നമ്മളുമായി ബന്ധപ്പെട്ടു കിടക്കുകയാണ്.
എലിസബത്ത് ഗ്രാഫ്നെ
മനുഷ്യരുടെ ഭാവിയെ എങ്ങനെ വിഭാവന ചെയ്യുന്നു?
ഗ്രാസ്
നമുക്ക് ആവശ്യമുള്ളിടത്തോളം ഒരു ഭാവി നമുക്കു മുന്നിലുണ്ടാവും. ഏകലോകത്തെപ്പറ്റി ഒരുപാടൊന്നും പറയാൻ എനിക്കു കഴിയില്ല. ഞാനങ്ങനെ ആഗ്രഹിക്കുന്നില്ല. ഒരു പുസ്തകം എഴുതിയിട്ടുണ്ട്. എലി പെണ്ണെലി റാറ്റിസ്സാ. മറ്റെന്താ വേണ്ടത്? അത് നിങ്ങളുടെ ചോദ്യത്തിനുള്ള  നീണ്ട ഉത്തരമാണ്. 

(അവലംബം : പാരീസ് റിവ്യു)