December 15, 2013

കുരങ്ങന്റെ കയ്യിലെ പേന

ലിജോജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആമേനിൽ ഭീരുവും പെട്ടെന്ന് മുറിവേൽക്കുന്നവനും ആത്മവിശ്വാസം കുറഞ്ഞവനുമായ സോളമൻ വാസനാബലം ഒന്നുകൊണ്ടു മാത്രമാണ് ചിത്രാവശാനത്തിലെ ‘വാർഷികപ്പരീക്ഷ‘യ്ക്ക് പ്രശസ്തമായ നിലയിൽ വിജയം കൈവരിക്കുന്നത്. എന്നു വച്ചാൽ സംഗീതമത്സരവും നൃത്തമത്സരവും അഭിനയമത്സരവും എഴുത്തുപരീക്ഷയുമെല്ലാം ഒരു തരത്തിൽ പള്ളിക്കൂടങ്ങളുടെ റെപ്ലിക്കകളാവുമ്പോൾ മത്സരങ്ങളെല്ലാം വാർഷികപ്പരീക്ഷകളാണ്. ഇതേ സ്കൂളുകളാണ് വാങ്മയത്തിൽ സമൂഹത്തിന്റെ പരിച്ഛേദങ്ങളായി മാറുന്നത്.  ജയിലുകളെ അനുകരിച്ച്  പിന്നെയും ഈ ചിഹ്നങ്ങൾ കമ്പനം ചെയ്യുന്ന മറ്റ് അർത്ഥങ്ങൾ നേടിയെടുക്കുന്നു. അപ്പോൾ ആത്യന്തികമായി പരീക്ഷാവിജയം എന്ന ശുഭമായ അന്ത്യം, ഒറ്റയാന്മാരെയും വഴിവിട്ടവരെയും അരാജകവാസനകളെയും മെരുക്കിയെടുക്കാൻ ഭൂരിപക്ഷത്തിന്റെ അബോധത്തിലുള്ള ആഗ്രഹം ചാരിതാർത്ഥ്യമടയുന്നതുകൊണ്ടുള്ള ശുഭത്വമാണ്. പ്രാകൃതാവസ്ഥയിലുള്ള സമൂഹത്തെ നിലനിൽക്കുന്ന വ്യവസ്ഥയിലേയ്ക്ക് മെരുക്കിയെടുക്കുകയാണ്  പള്ളിക്കൂടങ്ങളുടെ പ്രാഥമിക ധർമ്മം. പോലീസിന് അനുവദിച്ചു കൊടുത്തിട്ടുള്ള വിശേഷപ്പെട്ട പീഡകധർമ്മം പ്രത്യേകനിലയിൽ അദ്ധ്യാപകനും സമൂഹം കനിഞ്ഞു നൽകിയിട്ടുണ്ട്. ഏതു കഠിനമായ ശിക്ഷയും കുട്ടിയുടെ ഭാവിനന്മയുടെ ചെലവിലാണ് എഴുതിയിട്ടിരിക്കുന്നത് എന്നതുകൊണ്ട് അതിനൊരു വിശേഷ പരിവേഷമുണ്ട്. ഒപ്പം അതുവഴി ശിക്ഷകൾ ഊട്ടി ഉറപ്പിക്കുകയും നിലനിർത്തുകയും ചെയ്യുന്ന അധീശത്വഘടനയെ പോറലേൽ‌പ്പിക്കാതിരിക്കുകയും ചെയ്യാം.

പഴയ സത്യകാമന്റെ കഥ ഉള്ളിൽ വച്ചു കൊണ്ട്, സംഗീതജ്ഞനായ ശ്രേഷ്ഠ പിതാവിന്റെ മകൻ സംഗീതജ്ഞനാകാതെ തരമില്ലെന്ന മുൻ‌ധാരണയെ ആമേൻ കല്പനാമധുരമാക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്. പള്ളിക്കൂടകഥകളുടെ ഒരു വഴി അതാണ്. വംശമഹിമയും ജാതിമേന്മയും വാസനാബലത്തിന്റെ രൂപത്തിൽ വേഷമാറി വരുന്നതിന് നിരവധി ഉദാഹരണങ്ങൾ ജനപ്രിയ ആവിഷ്കാരങ്ങളിൽ ഉണ്ട്. നേരിട്ട് ക്ലാസ് മുറികളെ അഭ്രപാളിയിലേക്കു കൊണ്ടു വരുന്ന സിനിമകളിലല്ലാതെയും പള്ളിക്കൂടങ്ങൾ സന്നിഹിതമാവുന്ന സിനിമകൾ കൂടി കണക്കിലെടുത്താൽ ഇവയുടെ വലുപ്പം കൂടും. പഠിപ്പിക്കലും (ബോധമുണ്ടാക്കൽ) അതുവഴി മാറ്റമുണ്ടായ ആളുകൾക്ക് അംഗീകാരം നൽകലുമാണ് മിക്ക പള്ളിക്കൂട സിനിമകളുടെയും പ്രത്യക്ഷമായ മുദ്രകൾ. മെരുക്കിയെടുക്കലിനു വേണ്ടിവരുന്ന ശിക്ഷകന്റെ കഷ്ടപ്പാടിലാണ് മിക്ക ചലച്ചിത്രങ്ങളും ഊന്നുന്നതെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നേരിട്ടുള്ള മർദ്ദനമുറകളിൽ നിന്നു മാറി വൈകാരികമായ ചൂഷണം സാധ്യമാക്കുന്നതരത്തിലാണവയുടെ പോക്ക്.  പ്രിയദർശന്റെ ചെപ്പിലും ലോഹിതദാസിന്റെ മുദ്രയിലും ശാസകൻ പ്രേക്ഷകരുടെ വൈകാരികമായ പിന്തുണ നേടുന്നതു കാണാം. അദ്ധ്യാപകൻ എപ്പോഴും പരിഷ്കൃതത്വത്തിന്റെ പ്രതിനിധിയാണെന്ന മുൻ‌ധാരണ നൽകുന്ന ചെലവിലാണ് ഈ സൌജന്യം അരങ്ങു വാഴുന്നത്. അതുകൊണ്ട് അയാൾക്കെതിരെ നിൽക്കുന്നവരൊക്കെ ദുഷ്ടന്മാരാവും. സർക്കാർ സ്കൂളിന്റെ വിജയഗാഥപാടിയ, എം മോഹനന്റെ മാണിക്യക്കല്ല് വഴക്കിയെടുക്കൽ തന്ത്രം വൈകാരികമായ സൂക്ഷ്മതയോടെ പകർത്തി വിജയിപ്പിച്ച ചിത്രമാണ്. സ്കൂളിന്റെ പരാജയം, അതുവരെ പുലർത്തിപ്പോന്നിരുന്ന തന്ത്രങ്ങളുടെ പരാജയമാണ് എന്നാണ് ആ സിനിമ പറഞ്ഞു തന്നത്. ഇരിയെടാ എന്നാക്രോശിക്കുന്നതും, നീ ഇരിക്കില്ലേ മോനേ എന്നു കരയുന്നതും ഫലത്തിൽ രണ്ടു പ്രതികരണങ്ങളാണുണ്ടാക്കുന്നതെങ്കിലും ‘ഇരുത്തുക’ എന്ന ഫലസിദ്ധിയിൽ വ്യത്യാസമില്ലെങ്കിൽ അതിന്റെ രാഷ്ട്രീയമാണ് പള്ളിക്കൂടസിനിമകളുടെ അടിയൊഴുക്ക്. ഫലത്തിൽ വിനയചന്ദ്രൻ പഴയൊരു പ്രതികാരം നിർവഹിക്കുകയായിരുന്നു. വാർഷികപരീക്ഷയിൽ വിജയിച്ചത് അയാളാണ്. അതിനുള്ള അസംസ്കൃതവസ്തുക്കളായിരുന്നു കുട്ടികളും ആ സർക്കാർ സ്കൂളും എന്നും പറയാം.

അധ്യാപകനും നോവലിസ്റ്റുമായ ഫ്രാൻസിസ് ബെഗാദിയോയുടെ രചനയെ ആസ്പദമാക്കി ലോറന്റ് കാന്ററ്റ് സംവിധാനം ചെയ്ത ഫ്രെഞ്ചു ചിത്രം ‘ദ ക്ലാസ്’ നമ്മൾ പരിചയിച്ച പള്ളിക്കൂട ചിത്രങ്ങളെ തലകീഴായി വച്ചു. കുട്ടികൾ അധ്യാപകനെതിരെ പരാതി പറയുന്നതാണ് അതിലെ പ്രമേയം. അതങ്ങനെ വന്നു ഭവിച്ചതാണ്. സത്യത്തിൽ നിരപരാധിയെന്നു തോന്നുന്ന അദ്ധ്യാപകനെതിരെ കൂട്ടികൾക്ക് ഒന്നിച്ചു നിൽക്കാനും അയാളുടെ പണി കളയുന്നതരത്തിൽ പരാതി പറയാനും കഴിയുമെന്നിടത്ത്, ശാസക - ശാസിത സമവാക്യത്തിന്റെ തിരിച്ചിടലുണ്ട്. നേരത്തെ പറഞ്ഞതുപോലെ ക്ലാസ് മുറികൾ വെള്ളം കയറാത്ത നിഷ്കളങ്കമായ പണിയാലകളല്ല. സമൂഹം അവിടെ നിന്നും രൂപപ്പെട്ടു വരുന്നുണ്ട്. ഗുരുവിനെ ആദരിക്കാൻ പഠിക്കുന്നതിലൂടെയാണ് മേൽക്കോയ്മകളെ  ചോദ്യമില്ലാതെ അനുസരിക്കാൻ പൌരൻ പഠിക്കുന്നത്. സർവജ്ഞാനിയായ അദ്ധ്യാപകന്റെ വ്യാഖ്യാനങ്ങളാണ് ഭരണകൂടത്തിന്റെ നിർദ്ദേശങ്ങളായി പിന്നീട് അവർ ശിരസ്സാവഹിക്കേണ്ടത്. ഇവിടെ ശാസകനെതിരെയുള്ള പരാതി അയാളുടെ അപ്രമാദിത്വത്തിനെതിരെയുള്ള വെല്ലുവിളിയാണ്. കുട്ടികളുടേത് കള്ളമാണെന്ന് പറയാൻ പറ്റില്ല. പക്ഷേ സമൂഹത്തിൽ നിലനിൽക്കുന്ന ഒരു തന്ത്രത്തെ അവർ പയറ്റുന്നു എന്നതാണ് സത്യം. കാലാകാലങ്ങളായി ചൂഷണം അനുഭവിച്ചിരുന്ന ജനത പുതുബോധ്യങ്ങൾ നൽകുന്ന വെളിച്ചത്തെ ഉൾക്കൊള്ളാൻ ശ്രമിക്കുന്നതിന്റെ ഫലമാണവ. ആൺകോയ്മ തിമിർത്താടുന്ന സമൂഹത്തിൽ പെട്ടെന്ന്, ഒറ്റസ്ത്രീകളുടെ സമരങ്ങളും വരി തെറ്റിക്കാനുള്ള ശ്രമങ്ങളും അസാധാരണമായ പ്രതികരണങ്ങളും, ലോറന്റിന്റെ ക്ലാസ് മുറിയിലെ അദ്ധ്യാപകനെതിരെ പരാതി പറയുന്ന കുട്ടികളുമായുള്ള (അതും അയാൾ തെറിവാക്ക് പറഞ്ഞു എന്നാണ് കൊച്ചു പെൺകുട്ടിയുടെ പരാതി) സമീകരണം തീർത്തും സാധ്യമാക്കുന്നുണ്ട്.അടിച്ചമർത്തപ്പെട്ടിരുന്ന വർഗം ഉണർന്നെഴുന്നേറ്റ് കൃത്യം ഇരട്ടവരയിൽ കൂടി തന്നെ നടക്കണം എന്നു ഭാവിക്കുന്നത് തീർത്തും അശ്ലീലമാണ്. അത് സാധ്യമാവുകയില്ല, പ്രത്യേകിച്ച് മാറ്റങ്ങളുടെ പകർച്ചാകാലത്ത്.

നേരം പോലെയൊരു ചിത്രം ലോകസിനിമകളിൽ വരുന്ന മാറ്റത്തെ മലയാളി ഉൾക്കൊണ്ടു തുടങ്ങിയതിന്റെ സൂചനയാണെങ്കിൽ ( എന്ന് ഒരു അഭിമുഖത്തിൽ മലയാള സിനിമയുടെ ചരിത്രകാരൻ കൂടിയായ വിജയകൃഷ്ണൻ) ദി ക്ലാസ് എന്ന സിനിമയ്ക്കും നമ്മുടെ സ്കൂൾ സിനിമകളെ ഗുണപരമായ മാറ്റത്തിനു വിധേയമാക്കാൻ ശേഷിയുണ്ടാവില്ലേ?  ജെയിംസ് ക്ലാവെലിന്റെ റ്റു സർ വിത്ത് ലൌവും, (1967ലെ ഈ സിനിമ ബ്രൈത്വൈറ്റിന്റെ ആത്മകഥാപരമായ നോവലിൽ നിന്നുടലെടുത്തതാണ്, വംശീയത രചനയുടെ അടിയൊഴുക്കാണ്. ഈ രണ്ടു കാര്യങ്ങളിലും  ഫ്രഞ്ചു സിനിമ ക്ലാസുമായി ജെയിംസ് ക്ലാവലിന്റെ സിനിമ പങ്കുവയ്ക്കുന്ന സമാനത ആലോചിക്കാവുന്നതാണ്. 1996 ൽ ഇതിനൊരു രണ്ടാം ഭാഗം ഇറങ്ങിയിട്ടുണ്ട്.)  പീറ്റർ വെയറിന്റെ ഡെഡ് പൊയറ്റ്സ് സൊസൈറ്റിയും കൂടെ പറയാൻ പറ്റിയ സിനിമ അല്ലെങ്കിൽ കൂടി, പ്രിയദർശന്റെ ചെപ്പിനു കാരണമായ, മാർക്ക് ലെസ്റ്റർ സംവിധാനം ചെയ്ത   കനേഡിയൻ ത്രില്ലർ ക്ലാസ് ഓഫ് 1984 ഉം പങ്കുവയ്ക്കുന്ന പൊതുവായൊരിടം അധ്യാപകനാൽ പ്രചോദിതരായ കുട്ടികൾ എന്ന ആശയമാണ്. യാഥാസ്ഥിതികമായ ഇടത്തെ സ്വന്തം വ്യക്തിമഹത്വത്താലോ  സ്വഭാവശുദ്ധിയാലോ സാഹസികതയാലോ സത്യസന്ധതയാലോ ആത്മാർത്ഥതയാലോ അങ്ങനെ എന്തൊക്കെയോ കൊണ്ട് മാറ്റിമറിക്കുന്ന ധർമ്മപ്രചാരകനും പതാകാവാഹിയുമാണ് ഇവിടെ അദ്ധ്യാപകൻ. ആദ്യം ആരും ഒന്നും തിരിച്ചറിയുന്നില്ലെങ്കിലും കാര്യം മനസ്സിലാക്കാൻ തക്ക ശേഷിയുള്ള പുതിയ തലമുറ അവസാനം, ആ പന്തം വന്ന് ഏൽക്കുന്നു. ഇതാണ് കാര്യം. ഇതാണ് പരിണാമഗുപ്തി. ലോകത്തെമ്പാടും ജനാധിപത്യപരമായി നടന്നിട്ടുള്ള മുന്നോട്ടുള്ള നീക്കങ്ങളെ പിടിച്ചെടുക്കാനുള്ള ശ്രമമാണ് സാമ്പ്രദായിക പള്ളിക്കൂടസിനിമകൾ അലങ്കാരങ്ങളണിയിച്ച് കാണിക്കുന്നത്. (2008 -ൽ ജനിച്ച  ‘ദ ക്ലാസി‘ന്റെ ഫ്രാൻസിൽ തന്നെയാണ് 1968 -ൽ വിദ്യാലയച്ചുവരുകളിൽ  കുട്ടികൾ എഴുതിവച്ചത്, സാറന്മാരേ, നിങ്ങൾ കിഴവനായിരിക്കുന്നൂ, പഴഞ്ചരായിരിക്കുന്നൂ, ഇനി പുറത്തു പോകൂ..) വിദ്യാഭ്യാസരംഗത്ത് കാലാകാലം വന്നിട്ടുള്ള പരിഷ്കാരങ്ങളെപ്പറ്റി ചലച്ചിത്രങ്ങൾ കുറച്ചു മാത്രമേ സംസാരിച്ചിട്ടുള്ളൂ. അതൊരു പൊതുവഴി അല്ലാത്തതുകൊണ്ടായിരിക്കും.  ഈ വഴിക്കാണ് നമ്മുടെ പ്രാദേശിക ചലച്ചിത്രവണ്ടികളും ഓടിയത്. കണ്ടു പഠിക്കുക, ചെയ്തു പഠിക്കുക എന്ന ആശയത്തെ, മാങ്ങ പറിക്കാൻ മരത്തിൽ കയറിയ സാറ് പിള്ളാരുടെ മുന്നിൽ വച്ച് താഴെ വീണ് കാലൊടിയുന്ന തമാശ കാണിച്ചാണ് ഡി പി ഇ പിയെ ഒരു ശ്രീനിവാസൻ ചിത്രം കളിയാക്കിയത്. റൊജിൻ തോമസും ഷാനിൽ മുഹമ്മദും കൂടി സംവിധാനം ചെയ്ത ഫിലിപ്സ് ആൻഡ് ദ മങ്കിപെൻ പള്ളിക്കൂടസിനിമകളുടെ പതിവുശൈലിയെ ഒന്ന് തിരിച്ചിടുന്നുണ്ട് എന്നു കണ്ടാണ് ഇത്രയും പറഞ്ഞത്. അതയാത് ഇവിടെ മനുഷ്യപ്പറ്റില്ലാത്ത ഒരു അദ്ധ്യാപകൻ - പപ്പൻ സാറ്- ആശാസ്യമായ വിധത്തിൽ മാറുന്നതാണ് കഥ. അയാൾ കുട്ടികളോട് സ്നേഹവും കരുതലും ഉള്ളവനാകുന്നു. അവരെ മുതിർന്നവരെപോലെതന്നെ അംഗീകരിക്കുന്നവനാകുന്നു. അതോടൊപ്പം മറ്റൊരു തരം മാറ്റത്തിനും അയാൾ വിധേയനാവുന്നു. ആ മാറ്റം പരാജയവും ആഘോഷിക്കാമെന്ന സത്യത്തിലേയ്ക്ക് ഉണർന്നുകൊണ്ടാണ് നടപ്പാവുന്നത്. പരീക്ഷയെന്ന ഭീകരമായ മർദ്ദനക്രമത്തിൽ പുലരുന്ന ഒരു സമൂഹത്തിന് താങ്ങാവുന്ന ആഘാതമല്ല, പരാജയവും ശരിയാണെന്ന ആലോചന. അതും കർക്കശക്കാരനായ ഗണിതാദ്ധ്യാപകനിൽ നിന്ന് ! പരമ്പരാഗത സിനിമകൾ ചെയ്തു വന്നതുപോലെ മങ്കിപെൻ വിജയം സ്വായത്തമാക്കുകയോ അദ്ധ്യാപകന്റെ മഹത്വം തിരിച്ചറിയപ്പെട്ട് കുട്ടിസമൂഹം മനഃപരിവർത്തനത്തിനു വിധേയമാവുകയോ ചെയ്യുന്നില്ല. എങ്കിലും  കലാപരമായ നീതീകരണം അതിനകത്തുണ്ട്.  കുസൃതിയും വഴക്കമില്ലാത്തവനുമായ റയാൻ ഫിലിപ്പ് ഏഴു ദിവസം കൊണ്ട് അച്ചടക്കമുള്ളവനാകുന്ന - സമൂഹത്തിനു സ്വീകാര്യമായി തീരുന്ന - തരം മാറ്റത്തിലൂടെയാണത്. സമാന്തരമായ ഈ രണ്ടു മാറ്റങ്ങളെയും പരസ്പരം ബന്ധപ്പെടുത്തുന്ന കണ്ണികൾക്കുള്ള ബലമോ ബലക്കുറവോ ആണ് നമ്മുടെ ആലോചനാവിഷയം.

ഒരു വരയെ ചെറുതാക്കാൻ അതിനടുത്ത് വലിയ വര വരച്ചാൽ മതിയെന്ന ലളിതമായ സൂത്രവാക്യം പ്രായോഗികമായി അവതരിപ്പിച്ചുകൊണ്ടാണ് റയാൻഫിലിപ്പെന്ന പത്തുവയസ്സുകാരൻ സിനിമയുടെ കേന്ദ്രസ്ഥാനത്ത് നിൽക്കുന്നത്. സിനിമയിലുടനീളം ഇത്തരം ചിതറിയ ജീവിതചിന്തകളുണ്ട്. അതിൽ പ്രധാനം സത്യത്തിന്റെ കയ്പ്പിനാണ് നുണയുടെ താത്കാലിക മാധുര്യത്തേക്കാൾ വിലയുള്ളത് എന്നതാണ്. ഇത് പറയുന്നത് റോയി ഫിലിപ്പിന്റെ പിതാവായ ക്യാപ്റ്റൻ റിച്ചാർഡ് ഫിലിപ്പാണ്. അതു തന്നെ റോയി തന്റെ മകനോട് പറയുന്നു. പിതാവും പുത്രനും തമ്മിലുള്ള ബന്ധത്തിന്റെ സ്വരക്കേടുകൾക്കാണ് സത്യത്തിൽ  മങ്കിപെൻ എന്ന മാന്ത്രികപ്പേന പരിഹാരം കാണുന്നത്. സ്ത്രീ, ഇവിടെ ഉമ്മ, ഒരല്പം ഇരുട്ടിന്റെ മറവിലേയ്ക്ക് നീങ്ങി നിൽക്കാൻ കാരണം അതാവണം. ‘പ്ലസ് ടു പെൺകുട്ടിയുടെ പാകതയില്ലായ്മയിൽ നിന്നു വളരാത്തവൾ‘ എന്നൊരു പരാമർശം തന്നെ റോയിയുടെ വകയായി സമീറയ്ക്കു കിട്ടുന്നുണ്ട്. പക്ഷേ  പറഞ്ഞതിനു നേരെ വിപരീതമായി, സത്യത്തിന്റെ കയ്പ്പിനെയല്ല നുണയുടെ വിശിഷ്ടവിഭവത്തെയാണ് സിനിമ മൊത്തത്തിൽ വിളമ്പുന്നത്.  റയാനോട് സംസാരിക്കാൻ ഇടയ്ക്കിടയ്ക്ക് ദൈവം എത്തുന്നുണ്ട്. അതൊരു കള്ളം. റയാൻ ഫിലിപ്പിന്റെ പ്രവൃത്തികളിലെ അസാധാരണത്വമാണ് മറ്റൊരു കള്ളം. പോസ്റ്റൊറൊട്ടിക്കാൻ മതിലുചാടുമ്പോൾ കമ്പി കുത്തിക്കയറി റയാന്റെ കൈത്തലം കീറിയതിനെക്കുറിച്ച് സീനിയർ വിദ്യാർത്ഥി പറയുന്നത് പച്ചക്കള്ളമാണ്. സഹപാഠിയെ പെൻസിൽ കുത്തിക്കയറ്റി മുറിപ്പെടുത്തിയിട്ട് വലിയൊരു കള്ളം കാണിച്ചാണ് റയാൻ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുന്നത്. അദ്ധ്യാപകനെ ഒരു കള്ളം കൊണ്ട് റയാൻ പോലീസിനെക്കൊണ്ട് പിടിപ്പിക്കുന്നുണ്ട്.  ദാമ്പത്യം ഒരു കള്ളമാണെന്നും പ്രേമം കള്ളമാണെന്നും സൂചനയുണ്ട്.  ഇതൊക്കെ കള്ളമാണെന്ന് അറിഞ്ഞുകൊണ്ടാണ് സിനിമയിലെ കഥാപാത്രങ്ങൾ അസ്വാരസ്യങ്ങളില്ലാതെ സ്വീകരിക്കുന്നത്. കൂട്ടത്തിൽ ഏറ്റവും വലുതും കാതലായതും മങ്കിപെൻ എന്ന കള്ളമാണ്. സ്വയം ഗൃഹപാഠങ്ങൾ ചെയ്തു വയ്ക്കുന്ന, നിർദ്ദേശങ്ങൾ നൽകി റയാനെ സമൂഹത്തിനു യോജിച്ചവനാക്കുന്ന, ഈ പുരാവസ്തുവിന്റെ പിന്നിലെ സത്യം സിനിമ ഒരിക്കലും വെളിപ്പെടുത്തുന്നില്ല. അതിന്റെ കലാപരമായ ചാരുത വിടാം. കള്ളം ശരിയല്ലെന്ന ഉപദേശപാഠം നൽകുന്ന ഒരു പള്ളിക്കൂടസിനിമ അതിന്റെ നിലം കണ്ടെത്തിയിരിക്കുന്നത് ഒരു ശൂന്യവസ്തുവിലാണെന്നത്  വലിയ നുണയാണ്.

പേനയുടെ വിശേഷണമായുള്ള മങ്കിയെന്ന ഇംഗ്ലീഷ് പേര് അത്ര നിരുപദ്രവകരമല്ല. ഇംഗ്ലീഷ് മീഡിയം കുട്ടികളുടെ  അതായത് കൊളോണിയൽ പ്രസാദങ്ങളുടെ ഇപ്പോഴും ശേഷിക്കുന്ന അവശിഷ്ടങ്ങളിൽ പെട്ടെന്ന് പ്രചാരത്തിൽ വന്ന ഒരു വീരകഥാപാത്രമാണ് മങ്കിഗോഡെന്ന ഹനുമാൻ ദൈവം. കുട്ടിക്കാലത്ത് തെണ്ടാൻ വന്ന് കുട്ടികളെ ഭയപ്പെടുത്തുമായിരുന്ന പ്രാദേശികനായ ഹനുമാൻ പണ്ടാരങ്ങളിൽ നിന്ന് വ്യത്യസ്തമായ അസ്തിത്വം ഈ മങ്കിഗോഡിനുണ്ട് വർത്തമാനകാലത്ത്. ഹനുമാൻ നിരുപാധികമായ വിധേയത്വത്തിന്റെയും സേവനസന്നദ്ധതയുടെയും പ്രതീകമാണ്.  (വി പി ശിവകുമാർ  സെക്രട്ടറിയേറ്റിനെ ചുറ്റി നിൽക്കുന്ന ഉദ്യോഗസ്ഥവൃന്ദത്തിന്റെ പരമവിധേയത്വത്തെയും ദാസ്യഭാവത്തെയും ശക്തിയോടെ നിരീക്ഷിച്ചിട്ടുണ്ട്, തലസ്ഥാനത്തെ ഹനുമാൻ എന്ന ലേഖനത്തിൽ) ഇടുക്കി ഡാമിനു സ്ഥലം സായ്പ്പവർകൾക്ക് കാണിച്ചു കൊടുത്ത കൊലുമ്പന്റെയും അറിവ് പുറത്തു പോകാതിരിക്കാനായി മരത്തിൽ ചങ്ങലയാൽ തളയ്ക്കപ്പെട്ട് മരിച്ച ആദിവാസിടെയും മറ്റും മറ്റും പുരാവൃത്തങ്ങളെ ഓർമ്മ വച്ചുകൊണ്ട് മങ്കിപെൻ കൊച്ചിയിൽ വെല്ലിങ്ടൺ ദ്വീപ് പണിയാൻ വന്ന റോബർട്ട് ബ്രിസ്റ്റോയ്ക്ക് വഴി കാണിച്ചുകൊടുത്ത കഥ വെളിവാക്കുന്നത് പ്രാദേശികമായ ചില അറിവുകളുടെ സമ്പന്നതയാണ്. സായ്പ്പിനു കുരങ്ങന്മാരെ ഇഷ്ടമായിരുന്നത്രേ.. സായ്പ്പിന്റെ സേവകൻ മൂർത്തിയുടെ തിരഞ്ഞെടുപ്പു തന്നെ അയാൾക്ക് കുരങ്ങനുമായുള്ള സാമ്യമാണെന്ന് സായ്പ്പ് പറയുന്നു. കറുത്തതൊലിയാണ് കുരങ്ങത്തത്തിന്റെ അടിസ്ഥാനം. അറിവ് എവിടെ ഇരിക്കുന്നു എന്നതല്ല, അതിന്റെ പ്രയോഗതലത്തിന്റെ അവകാശം ആർക്കാണെന്നുള്ളതാണ് മേൽക്കോയ്മവ്യവസ്ഥിതിയുടെ പ്രാഥമികമായ കരുതൽ. ഉപാധികൾ മുന്നിൽ വയ്ക്കാത്തതും ചോദ്യം ചെയ്യാത്തതു നിരന്തരമായതും ആയ സേവനദാനമാണ് മേൽക്കോയ്മയെ പരിപാലിക്കുകയും പൊലിക്കുകയും ചെയ്യൂ.

പാകതയില്ലാത്ത (?) കൌമാരപ്രണയത്തിന്റെ ഫലമായ റയാൻ കലഹിച്ചത് പരിഷ്കൃതമായ ഒരു വ്യവസ്ഥയോടാണ്. ക്യാപ്റ്റൻ റിച്ചാർഡ് ഉൾപ്പടെയുള്ളവർ നിൽക്കുന്ന വരിയുടെ നേരെ വിരുദ്ധമായ ചേരിയിലാണ് റയാന്റെയും അവന്റെ മാതാപിതാക്കളുടെയും സ്ഥാനം. ഈ സ്ഥാനം മാറുന്നതാണ് സിനിമയുടെ ശുഭാന്തത്തിന്റെ അടിസ്ഥാനം. ക്യാപ്റ്റന്റെ വകയായ മങ്കിപെൻ എന്ന പുരാവസ്തു തിരുത്തിയത് ആ പ്രാകൃതത്വത്തെയാണ്. ക്യാപ്റ്റൻ എന്ന പേരും അയാളുടെ സഞ്ചാരങ്ങളും മങ്കിപ്പെന്നിനു പിന്നിലുള്ള കെട്ടുക്കഥയും അയാൾ സൂക്ഷിക്കുന്ന പ്രാചീന വസ്തുക്കളുടെ ശേഖരങ്ങളും കോളോണിയൽ കാലത്തിന്റെ അച്ചടക്കമധുരിമയെ പെട്ടെന്ന് മനസ്സിൽ കൊണ്ടു വരും. മുതിർന്നവരോട് പെരുമാറാൻ അറിയാത്തവനായി കുട്ടിയെ വളർത്തിയതിനാണ് അയാൾ സ്വന്തം മകനോട് രണ്ടാമതു കലഹിക്കുന്നത്.  മാണിക്യക്കല്ലിലെ സർക്കാർ സ്കൂളിൽ നിന്ന് ഒറ്റനോട്ടത്തിൽ തന്നെ വ്യത്യസ്തമാണ്  മങ്കിപ്പെന്നിലെ സ്കൂൾ.  അന്താരാഷ്ട്രനിലവാരമുണ്ടെന്ന് ഭാവിക്കുന്ന സ്കൂളുകളുടെ മാതൃകയിലേയ്ക്ക് ഉയരാനാണ് റയാന് പണിപ്പെടേണ്ടത്. അതാണ് അവന്റെ പ്രശ്നം. ഇതിനെ ലഘൂകരിക്കാൻ എല്ലാം അറിഞ്ഞു ചെയ്തു തരുന്ന യന്ത്രത്തെയാണ് അവൻ സ്വപ്നം കാണുന്നത്. ഒരു സോഫ്റ്റ് വെയർ അല്ലെങ്കിൽ ഒരു പെണ്ണ്.  അവന്റെ ആവശ്യം നിർവഹിച്ചുകൊടുത്തത് മങ്കിപ്പെന്നാണ്. പകരം മങ്കിപ്പെന്ന് അവന് അറിവും നൽകി. പ്രായോഗിക വിജ്ഞാനം. അതു സ്വയം വഴി തേടുകയില്ല. അവനിലൂടെ പ്രയോഗത്തിൽ വരുകയും വരുത്തുകയുമാണ് ചെയ്തത്. ബ്രിസ്റ്റോയുടെ പുരാവൃത്തം വെറുതെയായില്ല.
സ്കൂളിലെ റേഡിയോയിലൂടെ റയാൻ പറയുന്ന കാര്യങ്ങൾ അദ്ധ്യാപകരുടെ പ്രകടനത്തിലൂടെ ആവിഷ്കരിക്കപ്പെടുന്നു എന്നത് സിനിമയിലെ പ്രധാനപ്പെട്ട കാര്യമാണ്. കുട്ടിയുടെ നിർദ്ദേശങ്ങൾ അനുസരിച്ചു നോക്കുന്ന അദ്ധ്യാപകർ ! രണ്ടു കാര്യങ്ങളണ് ഇതു മുന്നിൽ കൊണ്ടു വരുന്നത്. 1. പ്രാകൃതത്വത്തിൽനിന്ന് പരിഷ്കൃതത്വത്തിലേയ്ക്കുള്ള റയാന്റെ  മാറ്റം. 2. (അതുവഴി) റയാനു കിട്ടുന്ന മേക്കോയ്മ.  പപ്പൻ എന്ന അദ്ധ്യാപകനിലേയ്ക്ക് ഇപ്പോൾ എത്തിനോക്കിയാൽ കാണാവുന്ന ഒരു കാര്യം അയാൾ സ്വയം മാറിയതല്ല എന്നതാണ്. അയാളുടെ മാറ്റത്തിൽ റയാനു പങ്കുണ്ട്. കള്ള ഫോൺ വിളിയിലൂടെ സാറിനു ശിക്ഷവാങ്ങിക്കൊടുക്കുന്നുണ്ട് അവൻ.  ചൊല്ലിക്കൊട് തല്ലിക്കൊട് എന്ന് പഠിപ്പിക്കലിനെ സംബന്ധിക്കുന്ന പഴയ വായ്ത്താരി.  അവൻ ആദ്യമായി ഹോം വർക്ക് ചെയ്ത ദിവസമാണ് പപ്പനിൽ പ്രകടമായ മാറ്റം ദൃശ്യമാവുന്നത്. മറ്റു സിനിമകളിൽ കണ്ടതുപോലെ സാറ്‌ കുട്ടിയെ അല്ല, കുട്ടി സാറിനെ പരിവർത്തിപ്പിച്ചതിന്റെ സിനിമയാണ് മങ്കിപെൻ. പ്രത്യക്ഷത്തിൽ തിരിച്ചറിയുന്നില്ലെങ്കിലും കൊളോണിയൽ പുനരുദ്ധാരണപ്രക്രിയകൊണ്ടാണിത് സാധ്യമാവുന്നത്.  പരമ്പരാഗതമൂല്യങ്ങളെ പുറത്തു നിർത്തുന്ന പുതിയ കോൺ‌വെന്റുടുപ്പിനെപ്പറ്റിയാണ് കാരണവന്മാർ ഇപ്പോഴും ന്യൂജെനെറേഷൻ സിനിമ തെറി പറയുന്നു എന്നു കലഹിക്കുന്നത്. അതിന്റെ തന്നെ കലാപരമായ രൂപകാതിശയോക്തിയാണ് ഈ സിനിമ. വെള്ളത്തൊലിയിലേയ്ക്ക് കാപ്പിപ്പൊടിനിറക്കാരന്റെ മാറ്റത്തെ ത്വരിതപ്പെടുത്തുന്ന ഒരു രാസവസ്തുവല്ലാതെ മറ്റൊന്നുമല്ല മങ്കിപെൻ. അത് നമ്മുടെ സമൂഹത്തിൽ മേൽക്കോയ്മ നേടിക്കൊണ്ടിരിക്കുന്ന ഒരു ആശയമാണ്. അതു പ്രവർത്തിക്കും, വെറും ഫാന്റസിയല്ല.   


പടം : www.levenger.com

2 comments:

Anonymous said...

ഇതെങ്ങനെ വായിക്കും? വല്ലാത്തൊരു ഭാഷ!

Manoj Vellanad said...

the class ഒഴികെ എല്ലാം കണ്ട സിനിമകള്‍ ആണ്.. അതുകൊണ്ട് തന്നെ നന്നായി തോന്നി..

ക്ലാസ്സ്‌ ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റുമോ എന്ന് നോക്കട്ടെ..