June 14, 2013

ആണുങ്ങൾ പ്രായപൂർത്തിയാവുന്ന ദിവസം





സച്ചിദാനന്ദന് ഓർമ്മകളെ അത്ര പിടുത്തം പോരെന്ന് തോന്നുന്നു. എന്റെ ഓർമ്മ ശരിയാണെങ്കിൽ എന്ന കവിതയുടെ ഒടുക്കം അദ്ദേഹം എഴുതി. എന്റെ ഓർമ്മ ശരിയല്ല, ഭാവനയുടെ പകുതിപോലും എന്ന്. നേരേ വാ നേരേ പോ ശുദ്ധഗതിക്കാർ വിചാരിക്കും സച്ചിദാനന്ദൻ എന്ന കവി ദാ ഓർമ്മയേക്കാൾ ഭാവനയ്ക്ക് പ്രാധാന്യം നൽകുന്നു എന്ന്. മറന്നു വച്ച വസ്തുക്കൾ എന്ന് ഒരു കവിതാസമാഹാരത്തിനു പേരു നൽകിയ വ്യക്തിയാണ്. അദ്ദേഹത്തിനിതു ചേർന്നതു തന്നെ. എന്നാൽ തിരുമാലികൾക്കറിയാം, ഭാവനയെ പുകഴ്ത്തുന്നത് ദന്തഗോപുരവാസികൾക്ക് ഇട്ട് കുത്താനാണെന്ന്. ഓർമ്മകളിൽ നിന്ന് രക്ഷപ്പെട്ട് ഭാവനയിൽ അഭയം തേടുന്നവൻ എന്നാണ് ആർക്കാണ് സ്വീകാര്യനായിട്ടുള്ളത്, അവനെപ്പോലുള്ള വ്യാകുലരായ കാൽ‌പ്പനികർക്കല്ലാതെ? ? എച്ച് ആൻഡ് സി പബ്ലിഷുകാരിൽ  നിന്ന് അടിത്തട്ട് - മേൽ‌പ്പുര സിദ്ധാന്തം പണയമെടുത്തിവിടെ കൊണ്ടു വരികയാണെങ്കിൽ ഓർമ്മകൾ അടിത്തട്ടാണ്. അതില്ലാതെ ഭാവനയുടെ കാലുകൾക്ക് ഊന്നി നിൽക്കാനാവില്ല. ബോളാനോയുടെ നോവലിലെ പോലെ - വിദൂരതാരകം- ചെറിയ ഒരു വിമാനത്തിന്റെ പുക കൊണ്ട് ആകാശത്തിന്റെ കാൻവാസിൽ കവിതയെഴുതുന്നവനായാൽ പോലും. എങ്കിലും ഓർമ്മകളോട് അടുക്കുമ്പോൾ വല്ലാത്തൊരു ആത്മവിശ്വാസക്കുറവുണ്ട് ആനയെപോലെ തലപ്പൊക്കമുള്ള എഴുത്തുകാർക്കും. (ഇടയ്ക്ക് മറ്റൊരു ഓർമ്മ. കാവ്യബിംബങ്ങളെക്കുറിച്ച് വിശദീകരിച്ചു വരുമ്പോൾ കെ പി അപ്പൻ ഉദാഹരണമായി എടുത്തത് ഓർമ്മയെന്ന ചെറിയ പദത്തെയാണ്. ബിംബമാകാനുള്ള യോഗ്യത അതിനില്ല, എങ്കിലും അതു ബിംബമാണെന്ന് അദ്ദേഹം സമർത്ഥിച്ചു. ചിറകുള്ള ഓർമ്മകൾ എന്നു പറയുമ്പോൾ ചലനബിംബമായി, മധുരമുള്ള ഓർമ്മകൾ എന്നു പറയുമ്പോൾ രുചി ബിംബമായി, മാറാല പിടിച്ച ഓർമ്മകളാവുമ്പോൾ കാഴ്ച ബിംബമായി. പതുപതുത്ത ഓർമ്മകളിൽ ശരീരത്തിലെ ഏറ്റവും വലിയ ഇന്ദ്രിയം ജൃംഭിക്കും. ഓർമ്മകൾ കൈവളയും പാദസരവുമൊക്കെ ചാർത്തുമ്പോൾ കാതും ധന്യമാവും....). ഓർമ്മകൾക്ക് അടുക്കും ചിട്ടയുമൊന്നുമില്ല എന്നു പറഞ്ഞാണ് ഉംബെർട്ടോ എക്കോ മലയിടുക്ക് എന്ന നോവൽ തുടങ്ങുന്നത്. നാടവിരയുടെ ഉടൽ പോലെ പല അറകളായി പിരിഞ്ഞ് കൂടിച്ചേർന്നിരിക്കുകയാണവ. നാടവിരയുമായി ഉപമിച്ചപ്പോൾ എക്കോ ഒരു കാര്യം കൂടി സമീകരിച്ചു, ഓർമ്മകളുടെ ഇലാസ്തിക സ്വഭാവം. തൊട്ട് തൊട്ട് വേണ്ടിടത്ത് വലിഞ്ഞ് ചിലപ്പോൾ കുറുകി.
മറവിയ്ക്കെതിരെയുള്ള യുദ്ധത്തെ ഓർമ്മ കൊണ്ടെഴുതാനുള്ള കുന്ദേരയുടെ മുദ്രാവാക്യത്തെയും അതിന്റെ നിഴലിനെ താരാട്ടു പാടുന്ന ഓർമ്മകളുണ്ടായിരിക്കണമെന്ന താക്കീതിന്റെ രാഷ്ട്രീയത്തെയും ക്ലീഷേയുടെ മുഖം കണ്ട ചളിപ്പോടെ തത്കാലം മറക്കാൻ വച്ചവയുടെ കൂട്ടത്തിൽ ഇടാം. അതാണ് രാജൻ സി എച്ചിന്റെ കവിതാസമാഹാരത്തിന്റെ പേര്.   ഏ പി പി നമ്പൂതിരിയുടെ ഓർമ്മശക്തിയെക്കുറിച്ചോർത്ത് വിഷ്ണു നാരായണൻ നമ്പൂതിരി വിഷാദിച്ചതാണ് ഇപ്പോൾ ഓർക്കുന്നത്. ജീവിതത്തിൽ മറക്കേണ്ടതായി പല സംഗതികളും ഉണ്ട്. അവ ഉറക്കമില്ലാതെ എപ്പോഴും നാരങ്ങാവെളിച്ചത്തിൽ പൂത്തുലഞ്ഞു നിന്നാലോ? സംഭവങ്ങളുടെ വൈകാരികമായ ഉള്ളടക്കം കാല ദൂരത്താൽ മങ്ങും എന്നാണ് പ്രകൃതി നിയമം. ഇല്ലെങ്കിൽ ഭ്രാന്തിന്റെ കുഞ്ഞളിയനുമായി നിത്യസഹവാസമായിരിക്കും ഫലം. സ്വസ്ഥത ഒഴിഞ്ഞ നേരമുണ്ടാവില്ല പിന്നെ. പ്രാന്തിന്റെ ഡോക്ടർമാർ, മനസ്സു നേരെയാക്ക്നെന്ന പേരിൽ ഓർമ്മനാശത്തിനായാണല്ലോ കറണ്ട് അടിപ്പിക്കുന്നത്. (സിനിമകളിൽ). എങ്കിലും ഭൂരിപക്ഷം ആളുകളും മറവിയെ നാറാണക്കല്ലിളക്കി  ശപിക്കുന്നതു കാണാം. ഓർമ്മയുടെ അവസാനത്തെ അടരും ഇളകിപോയ തലച്ചോറ്, പരിണാമത്തിന്റെ  വരദാനങ്ങൾ മുഴുവൻ റദ്ദാവുന്ന ശപ്തമായ ഏകാന്തതയുടെ അപാരതീരത്തേയ്ക്കുള്ള പായ്ക്കപ്പലാണ്. മരിക്കുന്നതിനു തൊട്ടുമുൻപിലത്തെ നിമിഷം തലമണ്ടയിലെ കോശങ്ങളെല്ലാം കൂടി ഉത്തേജിതമായിട്ട് അതിവേഗത്തിൽ ജന്മം മുഴുവൻ കണ്ടതും കേട്ടതുമായ വകകളെല്ലാം ഒരു നിമിഷം കൊണ്ട് ഓടി കളിക്കുമോ? അവയിൽ മുഴുകി ശരീരകലകൾ അനുഭൂതിയണിഞ്ഞ് ധന്യമാകുമോ? ആർക്കറിയാം?  വൃദ്ധന്മാർ മരിക്കുന്നതിനു മുൻപ് തന്റെ കുട്ടിക്കാലത്തെക്കുറിച്ച് ഓർക്കും എന്നൊരു ധാരണ എൻ എസ് മാധവൻ, സുരേഷ് മാത്തൻ എന്നൊരു 65 -കാരന്റെ ബുദ്ധിയിൽ പിടിപ്പിച്ചിട്ട് പേടിപ്പിച്ചതോർക്കുന്നു, ഹുമയൂണിന്റെ ശവകുടീരത്തിൽ എന്ന കഥയിൽ. കുട്ടിക്കാലത്ത് അനുമാൻ പണ്ടാരത്തിനെ പോലും ഇത്ര പേടിച്ചിട്ടില്ല. കണ്ടോ കുട്ടിക്കാലത്ത് എത്തിയത് !  ഇത്തിരിയോളം പോന്ന പെണ്ണിന്റെ മുന്നിൽ -ചമേലി -  അയാളെ അനാവൃതനും നിസ്സഹായനും ആക്കി കഥാകൃത്ത് പിന്നെയും അയാളെ ബലാത്സംഗം ചെയ്തു. അതുപോട്ടെ.  ശേഷത്തിലെ മുകുന്ദൻ മരിക്കുന്നതിനു തൊട്ടു മുൻപുള്ള മുഹൂർത്തത്തിൽ തന്റെ ആറുമാസം പ്രായമുള്ള, ചോറൂണിന്റെ ദിവസത്തെ ഫോട്ടോയിൽ നോക്കി പറഞ്ഞ ആത്മഗതത്തിൽ - ഈ കുട്ടിയുടെ മുൻപിൽ, ജീവിതത്തിൽ എന്തെല്ലാം സാധ്യതകൾ ഉണ്ടായിരുന്നു- കഥയിലെ ദുരന്തം മുഴുവൻ ഉണ്ട്. എപ്പോൾ വായിച്ചാലും കണ്ണു നിറയിക്കുന്ന ആ കഥയിലെമ്പാടും ഓർമ്മകൾ അലച്ചുകൊണ്ട് നിൽ‌പ്പാണ്.
 ഇതു സത്യമാണോ? മരണത്തിനു മുൻപ് മനുഷ്യന്റെ മനസ്സ് ബാല്യകാലത്തെ നനവുകളിൽ പിടഞ്ഞെണീക്കുമോ?
അങ്ങനെയെങ്കിൽ ആത്മകഥകളെല്ലാം ഒരു തരം മരണഭീതിയുടെ സന്താനങ്ങളാണ്. തായ് വേരിൽ ഒന്ന് തൊട്ട് നിവരുമ്പോഴേക്കും അതുവരെ ഇല്ലാത്ത ഒരു ഞാൻ, എനിക്കു മുന്നിൽ മൂരി നിവർക്കുന്നു. ആളുകൾ വെറുതെ പതം പറയുന്നതാണ്, ചില സ്വയകഥകളിൽ ഞാൻ മാത്രമേ ഉള്ളൂ എന്നും ചില കഥകളിൽ ഞാൻ തീരെ ഇല്ലയെന്നും. കൊഴിഞ്ഞ ഇലകളിൽ ഇലകൾ പോയിട്ടും ബാക്കിയാവുന്ന വടവൃക്ഷം ഉണ്ട്, ജീവിതപ്പാത തനിക്കുമുന്നിൽ നീണ്ടു നിവർന്ന് ...അങ്ങനെ മടക്കിയിട്ടും മടക്കിയിട്ടും തീരാത്ത വസ്ത്രമാണ്...ജീവിതസമരം താൻ ഉണ്ടാക്കിയെടുത്ത ഇടമാണ്.. കണ്ണീരും കിനാവും എന്റേതു മാത്രമാണ്. എന്റെ റോസാദലങ്ങൾ, എന്റെ കുതിപ്പും കിതപ്പും, എന്നിലൂടെ, എന്റെ സ്മരണകൾ, എന്റെ നാടുകടത്തൽ, എന്റെ..... ഞാൻ... ഞാൻ....അന്യഥാ മറ്റൊന്നാകേണ്ടിയിരുന്ന ജീവിതത്തെ ഞാൻ മൊത്തം നശിപ്പിച്ചു കളഞ്ഞു എന്നു പറയുമ്പോഴും മാഞ്ഞുപോകുന്ന കാൽ‌പ്പാടുകളെ ചൂണ്ടുമ്പോഴും എന്തൊക്കെ സാധ്യതകളായിരുന്നു എനിക്കു മുന്നിൽ എന്നു നെടുവീപ്പിടുമ്പോഴും ഞാൻ, നിങ്ങൾ വിചാരിച്ച പുള്ളിയേ അല്ലായിരുന്നു എന്ന് ചിറി കോണിക്കുമ്പോഴും സംഭവിക്കുന്നത് ഒന്നു തന്നെ.. ചില ആത്മകഥനങ്ങൾ രാമരാജബഹാദൂറിലെ അഴകൻ പിള്ളയെ പോലെ തിരിഞ്ഞ് നിന്ന് ശരി തന്നേയോ അണ്ണാ എന്നു ചോദിക്കുന്നവയാണ്. അവ ഒന്നല്ല, രണ്ടു ഞാൻമാരെ സൃഷ്ടിക്കുന്നു. ശരി തന്നെ കാച്ചൂട് എന്ന് പറയാൻ ഇപ്പറത്ത് മുറിയുടെ ഏകാന്തതയിൽ വെള്ളെഴുത്തു കണ്ണടയുമായി ഇരിക്കുന്ന ഒരു ഞാൻ വേണമല്ലോ. അല്ലെങ്കിൽ എന്തെരെടെയ് ഇത്, നീ ചെയ്തത് ഒട്ടും ശരിയായില്ല കേട്ടാ എന്നു സ്വയം പറഞ്ഞ് മൂക്കു വലുതാക്കുന്ന ഒരുത്തൻ.  അത് അങ്ങനെ അവന്റെയും കൂടി കഥയാണ്.
കാട്ടുമുള്ളങ്കി എന്ന വട്ടപേര് കുട്ടിക്കാലത്ത് ആകസ്മികമായി വീണു കിട്ടിയതു കൊണ്ട് സരമാഗു എന്നാൽ അതാണർത്ഥം- പിന്നീട് തൂലികാ നാമം അന്വേഷിച്ച് മെനെക്കെടേണ്ടി വന്നില്ലെന്ന് അമർത്തിയ ഫലിതം പറയുന്ന ഷൂസേ സരമാഗുവിന്റെ കുട്ടി ഓർമ്മകൾ (small memories) പുസ്തകത്തിന്റെ ഇങ്ങേയറ്റത്തും ഒരു എന്നെ ഉറപ്പാക്കുന്നുണ്ട്. കള്ളു കുടിയനായ ഗുമസ്തൻ സിൽ വിനോ ജനനം രജിസ്റ്റർ ചെയ്യുമ്പോൾ പറ്റിച്ച പണിയാണത്. മദ്യദേവനായ ബാച്ചുസിന്റെ ഇടപെടൽ നന്നായി. അറിയാത്ത ഒരു കുഗ്രാമത്തിലെ കുടുംബത്തിന്റെ ഇരട്ടപ്പേരിന് ലോക പ്രശസ്തി ഉണ്ടായില്ലേ, പിൽക്കാലത്ത്. കുട്ടിക്കാലത്ത് സരമാഗുവിനും പട്ടികളെ പേടിയായിരുന്നു. ഒരു നിമിഷം! ആർക്കാണതില്ലാതിരുന്നത്? ഇടയ്ക്കിടയ്ക്ക് ആ പുസ്തകം കമഴ്ത്തി വച്ച നിലയിൽ നെഞ്ചിലോ മേശപ്പുറത്തോ കാണപ്പെടുന്നതിന്റെ അർത്ഥം ഭൂതകാലയാത്രയ്ക്കായി യാദൃച്ഛിക ടിക്കറ്റ് ധാരാളമായി അത് വച്ചു നീട്ടുന്നതു കൊണ്ടാണ്  . മകന്റെ പേരിനനുസരിച്ച് അച്ഛന് പേരു മാറ്റേണ്ടി വന്ന കഥ പറയുന്ന ബാല്യകാലസ്മരണകളിൽ, കൂടെ ചേർത്തിരിക്കുന്ന ഫോട്ടോകളിൽ, പിന്നീട് എവിടെയോ എത്തിപ്പെട്ട അതി സാധാരണക്കാരനായ  ഒരു ഞാൻ ഇല്ലെന്നല്ല. പക്ഷേ ആ സാധാരണത്വത്തിൽ കലാപരമായി ഊന്നിയ കാരണം, അത് ഒറ്റതിരിഞ്ഞ ഒരു ഞാൻ അല്ലാതായി. ആ ഞാൻ  പോർച്ചുഗല്ലിലെ അസിൻഹാഗയിൽ സവിശേഷബുദ്ധിവൈഭവത്തോടെ അവതരിച്ച  ഒരു ബാല്യത്തിന്റെ അവക്ഷിപ്തമായില്ല. അതേ ബാല്യ കൌമാരങ്ങളാണ് കാരാളി സ്കൂളിനടുത്തെ പറമ്പിൽ അലഞ്ഞു തിരിയുകയും  ചെമ്പക മരക്കൊമ്പുകളെ തീവണ്ടി എഞ്ചിൻ മുറികളാക്കുകയും അയൽ‌പ്പക്കത്തെ സമാനവയസ്കയായ പെൺകുട്ടിയുമായി ചേർന്ന് ജീവിതത്തിന്റെ രഹസ്യങ്ങൾ മിഴിഞ്ഞ കണ്ണുകളുമായി അന്വേഷിക്കുകയും ബാങ്ക് കൊള്ളയടിക്കാൻ പോയ ബാലസംഘത്തിന്റെ അവിചാരിതമായ ഇടപെടലിൽ ഞെട്ടിപ്പിടഞ്ഞ് വസ്ത്രങ്ങളും പൊത്തിപ്പിടിച്ച് പുളിമരച്ചോട്ടിലെ ഏകാന്തമായ ഒരുച്ചയിൽ എഴുന്നേറ്റോടിയ മിഥുനങ്ങളെ നോക്കി അന്ത് വിട്ടു നിൽക്കുകയും  ഒക്കെ ചെയ്തതെന്ന് തിരിച്ചറിയുന്നതിന്റെ സന്തോഷം, പുസ്തകം ഇലയിട്ട് വച്ചു നീട്ടി. ഓരോ പേജിലും അങ്ങനെ സ്വാനുഭവങ്ങളുമായി ലയിക്കാൻ എന്തെങ്കിലുമൊക്കെ ഉണ്ട്. ലക്ഷോപലക്ഷങ്ങളുടെയും ബാല്യകാലാനുഭവങ്ങൾക്കുള്ള അതിസാധാരണത്വം കലയാവുന്നതിന്റെ മറിമായമാണത്. അത് നമ്മുടെ ഓർമ്മപ്പെരുക്കങ്ങളുടെ ചെമ്പൻ തലയിലേയ്ക്കാണ് മഴയായി പെയ്തിറങ്ങുന്നത്! അപ്പോൾ നാം നമ്മളെ ആ കഥയിലേയ്ക്ക് ഇറക്കി നിർത്തും. സരമാഗു ആത്മകഥയ്ക്കും കഥയ്ക്കും തമ്മിലുള്ള വ്യവഹാരശാഠ്യങ്ങളെ  മായ്ചു കളയുന്നതങ്ങനെയാണ്.
  നമുക്കതിലേയ്ക്ക് പിന്നെ വരാം, ഇപ്പോൾ ഞാൻ മുൻപേ പറഞ്ഞു നിർത്തിയ കാര്യം വിശദീകരിക്കാൻ സമയമായെന്നു തോന്നുന്നു എന്നൊക്കെ പറഞ്ഞുകൊണ്ട് ചിരിക്കുന്ന വരികൾ കഥനസ്വഭാവമില്ലാത്ത ഓർമ്മകളുടെ മൂടൽ മഞ്ഞ് എന്നൊക്കെ തലകാഞ്ഞ് ബുൾഗാനി താടി ചൊറിയുന്ന കാൽ‌പ്പനികതയെ നോക്കി കണ്ണിറുക്കുന്നതായാണ് അനുഭവപ്പെട്ടത്. എന്നിട്ടും എന്റെ ഓർമ്മ ശരിയാണെങ്കിൽ എന്ന വാക്യം സരമാഗു ആവർത്തിക്കുന്നു. അദ്ഭുതം! ബ്രഹ്മാവിനും ആയുസ്സിനു പഞ്ഞമോ? ഓർമ്മകളിലുള്ള വിശ്വാസക്കുറവ്  ചിലപ്പോൾ ഭാവനയുടെ ആനത്താരയായേക്കും.

 1924 ൽ സരമാഗുവിന്റെ 4 വയസ്സുള്ള സഹോദരൻ ഫ്രാൻസിസ്കോ മരിച്ചു, ന്യുമോണിയ കാരണം. കുട്ടിക്കാലത്ത് മരിച്ചു പോയ സഹോദരനോടുള്ള ശക്തമായൊരു വികാരമായി ഓർമ്മകളെ ആകെ ബാധിച്ചുകൊണ്ട് നിൽക്കുന്നതു കാണാം. കുഞ്ഞായിരുന്നപ്പോഴുള്ള ഫ്രാൻസിസ്കോയുടെ പടം സരമാഗു കൊടുത്തിട്ടുണ്ട്. അത് തന്റെ ചിത്രമാണെന്ന് പറഞ്ഞാലും വിലപോകുമെങ്കിലും അവനോടുള്ള ബഹുമാനം കൊണ്ട് അതാൻ അങ്ങനെ ഭാവിക്കുന്നില്ലെന്നും പറഞ്ഞ്. സഹോദരനെ തന്റെ അപരസ്വത്വമായി സ്വാംശീകരിക്കുന്ന രീതി വേറൊരിടത്ത് ഒർഹാൻ പാമൂക്കിലും നമ്മൾ കണ്ടതാണ്.  പതിനെട്ടു മാസം പ്രായമുള്ള കുഞ്ഞായി കിടന്നുകൊണ്ട് തന്റെ സഹോദരൻ നിരയലമാരിയിൽ അമ്മയില്ലാത്ത അവസരങ്ങളിൽ വലിഞ്ഞുകയറുന്നത് കണ്ട കാര്യം ഓർമ്മിച്ചുകൊണ്ട് സരമാഗു എഴുതുന്നു : എന്റെ കുഞ്ഞു മസ്തിഷ്കത്തിന്റെ ഒരു ഭാഗത്ത് കാണുന്ന കാര്യങ്ങൾ ഒരു ജീവിതകാലം മുഴുവൻ പിന്നിട്ടതിനുശേഷം നിങ്ങളോട് പറയാനായി രേഖപ്പെടുത്തുന്നുമുണ്ടായിരുന്നു. പതിനെട്ടോ പത്തൊൻപതോ വയസ്സു പ്രായമുള്ളകാലത്ത് ആയിടെ കറങ്ങി നടക്കാൻ തുടങ്ങിയ ഇൽഡാറെയ്സെന്ന പെൺ കൂട്ടുകാരിയ്ക്കു വേണ്ടി സിറാമിക്സ് ഫാക്ടറിയിലെ പെയിന്ററായിരുന്ന ചാവെസ് എന്ന മുതിർന്ന കൂട്ടുകാരൻ ഹൃദയത്തിന്റെ ആകൃതിയിലുള്ള പാത്രത്തിൽ പെയിന്റു ചെയ്തു കൊടുത്ത വരികൾ പുസ്തകത്തിലുണ്ട്. (എതൊരു ഓർമ്മ!) സരമാഗുവിന്റെ ആദ്യ കവിതാശില്പം കൂടി ആയിരുന്നു അത്.
പതുക്കെ,
അല്ലെങ്കിൽ ആരുടെയെങ്കിലും കാതുകൾ അറിയും.
ഞാൻ ഈ രഹസ്യത്തിന്റെ ചുരുളഴിക്കട്ടെ,
ഈ കളിമൺ ഹൃദയം ഞാനിപ്പോൾ നിനക്ക് തരുന്നു
കാരണം എന്റെ ഹൃദയം എന്നേ നിന്റെ കയ്യിലായതാണല്ലോ.

ചാവേസിന്റെ ദാമ്പത്യം സ്വരചേർച്ചയുള്ളതായിരുന്നില്ല. ആ അഭാവത്തിലായിരിക്കും അയാൾ സ്നേഹത്തിന്റെ വരികളെ നിറങ്ങൾ കൊണ്ടലങ്കരിച്ചത്. സരമാഗു പറയും പോലെ ഇത് ആദ്യത്തെ എഴുത്താണെങ്കിൽ അതെന്താണെന്ന് മനസ്സിലാക്കിയ ആദ്യ ആസ്വാദകൻ  ചാവെസാണ്. അത് ഒന്നൊന്നര ആസ്വാദനമായിരുന്നു. അസിൻഹാഗയിലെ കൌമാരക്കാരന്റെ കേവലമായ പ്രണയവരികൾക്ക് ചക്രവാളങ്ങളെ കടന്നു പോകാൻ കഴിവുള്ള ചിറകുകളുണ്ടെന്ന് ഒരു കരകൌശലക്കാരൻ മനസ്സിലാക്കുക. അത്ര സാധാരണമല്ല അത്. ചാവേസ് പിറകേ നടന്ന് പ്രോത്സാഹിപ്പിക്കുമായിരുന്നു എന്ന് സരമാഗു എഴുതുന്നു.

വെള്ളപൂശിയ ചുവരുകൾക്കുള്ളിൽ തടവിലാക്കപ്പെട്ട തയ്യൽക്കാരിയുടെ കഥ അസിൻഹാഗയിലുണ്ടായിരുന്നു. ഞായറാഴ്ച ജോലി ചെയ്തതിനാൽ എന്നെന്നേയ്ക്കുമായി ചുവരിനുള്ളിൽ അടയ്ക്കപ്പെട്ടതാണവൾ. ചുവരുകളുടെ നിഷ്കളങ്ക ശൂന്യതയിൽ നിന്നുണരുന്ന ശബ്ദങ്ങളിൽ ആ പ്രാചീനയായ തടവുകാരി വിധിയ്ക്കെതിരെ പ്രതിഷേധിച്ചുകൊണ്ടിരുന്നത് അമൂമ്മ ചെവി വച്ച് കേൾക്കുന്നതാണ് കുട്ടിയോർമ്മകളിലെ മിഴിവുറ്റ ഒരു ചിത്രം. നമുക്കിവിടെ ശംഖിൽ ചെവിയോർത്താൽ കേൾക്കുന്ന കടലിരമ്പവും, ചിലപ്പോൾ രാത്രിയുടെ ഏകാന്തതയിൽ മലർന്നു കിടന്നുറങ്ങുന്ന പെൺകുട്ടികളുടെ മൂക്കിൽ നിന്ന് അവരെ സംബന്ധം ചെയ്തവരെ കൊല്ലാനായി ഇറങ്ങി വരുന്ന സ്വർണ്ണത്തിളക്കമുള്ള പാമ്പുകളും കട്ടിലിനടിയിൽ ഒളിച്ചിരിക്കുന്ന വിരൾ വലിപ്പമുള്ള കൊച്ചു മനുഷ്യരും. എങ്കിലും ആ പോർച്ചുഗീസ് തയ്യൽക്കാരിയുടെ ആജീവനാന്ത തടവിന്റെ മടുപ്പും അസഹ്യതയും നമ്മുടെ ഒരമ്മൂമ്മക്കഥയ്ക്കും ഇല്ല. സഹനത്തിന്റെ ആൺ രൂപത്തെ സരമാഗു വരയ്ക്കുന്നത് ചന്ദ്രനിലെ മനുഷ്യനെ ചൂണ്ടിയാണ്. അയാളും ഞായറാഴ്ച ജോലി ചെയ്ത ക്രിസ്ത്യാനിയാണത്രെ. അതുകൊണ്ട് അവിടെ നിന്ന് വിറകുകെട്ട് ചുമക്കുകയാണ്. നമ്മളാ സമയം ചന്ദ്രനിൽ മുയലിനെയാണ് കണ്ടത്- ശശാങ്കൻ, പിന്നെ മാനിനെയും ഏണാങ്കൻ. അതിന്റെ കാൽ‌പ്പനികതയൊന്നും പോർട്ടുഗലിലെ അമ്മൂമ്മക്കഥകൾക്കില്ല. അവർ കുട്ടികളുടെ ഭാവനയിൽ പോലും പ്രേതലോകത്തിന്റെ പാപബോധം നിറച്ചു. അത് അതീത ലോകത്തിന്റെ കാര്യം പന്നികളെ വിൽക്കാനും മുളവടിയുമായി ഊരു ചുറ്റാനും പോകുന്ന കുട്ടികളോ അന്ന് ഒരമ്മൂമ്മയും സൂക്ഷിക്കണം എന്ന വാക്കു പറയുമായിരുന്നില്ലെന്ന്  കുട്ടിയോർമ്മകളിലുണ്ട്. അവർ ഈ ലോകത്തെപ്പറ്റി പറഞ്ഞ് കുട്ടികളെ പേടിപ്പിച്ചില്ല. പരലോകം ഭീഷണിയുടേയും പശ്ചാത്താപത്തിന്റെയും ആയിരുന്നു. നമുക്ക് നേരെ തിരിച്ചും.

നമ്മുടെ ആണുങ്ങൾ പ്ലാസ്റ്റിക് ടങ് ക്ലീനർ ഉപയോഗിച്ച് വൈദ്യുതി മീറ്ററിന്റെ കറക്കം കുറച്ച് ബോർഡിനെ പറ്റിച്ചതുപോലെ അസൻഹാഗയിലെ കുടുംബിനികളായ സ്ത്രീകൾ മീറ്ററിനു തൊട്ടു മുൻപ് പൈപ്പ് ലൈനിൽ തുളകളുണ്ടാക്കി അതിൽ നൂലുകെട്ടി ഊർന്നു വീഴുന്ന ജലത്താൽ കുടം നിറച്ച് ജല അതോറിറ്റിയെയും പറ്റിച്ചിരുന്നു. പക്ഷേ ആ പറച്ചിലിൽ മിടുക്കത്തനം ഇല്ല. എന്തുകൊണ്ട് അതു പിടിക്കപ്പെട്ടില്ലെന്നാണ് ആലോചന. അമ്മയുടെ സഹോദരി പുത്രിയുമായുള്ള രാത്രിയുറക്കത്തിനിടയിലെ രഹസ്യസുഖങ്ങൾ കുറ്റബോധം ഒന്നും കൂടാതെ വെളിവാകുകയും ചെയ്യുന്നു. വി ടി ഭട്ടതിരിപ്പാട് കൂട്ടുകുടുംബങ്ങളിൽ പതിവായിരുന്ന സമാനമായ സാഹചര്യത്തെ ഒട്ടൊരു നിന്ദയോടെ എഴുതിയിട്ടുണ്ടെന്ന് ഓർമ്മ വരുന്നു. വളരെ അപൂർവമായി കുട്ടിക്കാലത്തെ പ്രത്യേക അനുഭവം തന്റെ നോവലെഴുത്തുകളിൽ കയറിവന്ന് പരിണമിച്ച കാര്യം സരമാഗു കുറിച്ചു വയ്ക്കുന്നുണ്ട്. ഓർമ്മയാണ് എഴുത്തുകാരന്റെ ഈടുള്ള വിഭവം. ഭാവന അവയ്ക്ക് നിറമുള്ള കുപ്പായം പണിയുന്നേ ഉള്ളൂ. കുട്ടികൾ മുതിർന്നവരേക്കാൾ ക്രൂരരാണെന്ന് ഒരു സാന്ദർഭിക പരാമർശമുണ്ട്. രണ്ടാനമ്മയ്ക്കു സ്തുതിയിലെ കുട്ടിയുടെ -ഫോൺചിറ്റോ എന്ന അൽഫോൺസോ- മങ്ങാത്ത ഒരു ഫോട്ടോഗ്രാഫാണത്. ക്രമരഹിതമാണെന്ന് പുറമേ ഭാവിക്കുന്ന ബോധധാരയുടെ ഇടയിൽ ഇടയ്ക്കിടക്ക് അവന്റെ മിന്നായങ്ങളുണ്ട്. ഒലീവുതോട്ടത്തിനിടയിലുള്ള ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിനരികിൽ ഇണചേരാൻ മുതിർന്ന സ്ത്രീപുരുഷന്മാരെ പിരിച്ചു വിട്ടുകൊണ്ട് ഒലീവുമരത്തിന്റെ ചുവട്ടിലായി ഇരുന്നത് അവനാണ്. അവന് പച്ച അരണയെ നഷ്ടപ്പെട്ടു പോയ ആ ദിവസത്തെ ചൂണ്ടിയാണ് സരമാഗു ഓർമ്മകളെ താത്കാലികമായി നിർത്തുന്നത്. ആൺ കുട്ടികൾ പ്രായപൂർത്തിയാവുന്ന ദിവസത്തെക്കുറിച്ച് ആരോ ചോദിച്ചിരുന്നില്ലേ? അതാണ് ആ ദിവസം എന്നു പറഞ്ഞു തരാനാണ് ഓർമ്മകൾ ഉണ്ടായിരിക്കേണ്ടത് ! എന്തൊരു വ്യത്യാസം, എൻ എസ് മാധവന്റെ ശേഷത്തിലെ വിക്കൻ ചെറുക്കൻ പ്രായപൂർത്തിയാവുന്നത് തന്ത മരിച്ച ദിവസമാണ്. ഒന്നു കൂടി ആലോചിച്ചു നോക്കിയേ. രണ്ടും ഒന്നല്ലേ?

 ഉം !


പ്രലോഭനങ്ങളുടെ പുസ്തകം എന്നായിരുന്നു തന്റെ ആത്മകഥയ്ക്ക് സരമാഗു ആദ്യം കണ്ടു വച്ചിരുന്ന പേര്. സ്വയം സംസാരിച്ചു തുടങ്ങുന്ന ദിവസം പ്രായപൂർത്തിയാവുന്ന അവയ്ക്ക് സ്കൂളിൽ ചേർക്കാൻ നേരം ബാചുസിന്റെ കാരുണ്യത്തിൽ കിട്ടുന്ന വേറെ പേരെന്തിന്?