August 29, 2012

അരയന്നമേ ആരോമലേ


മലയാളത്തിലെ പ്രാചീന സന്ദേശകാവ്യമായ ‘ഉണ്ണുനീലി സന്ദേശ’ത്തിലെ ‘സന്ദേശവും’ കൊണ്ടു കടുത്തുരുത്തി വരെ പോകുന്നത്  തൃപ്പാപ്പൂർ മൂപ്പൻ ആദിത്യവർമ്മയാണ്. വേണാട് രാജവംശത്തിലെ രണ്ടു കൈവഴികളിലിളയതാണ് തൃപ്പാപ്പൂർ. മൂത്തത് ചിറവ. രാജതുല്യപദവിയുള്ള ഒരാളെ തന്നെ അഞ്ചലോട്ടക്കാരനാക്കിയതാണ് ഇവിടത്തെ രസം. അതു ചെയ്യാൻ തക്കവണ്ണം പവറുള്ള ആരായിരിക്കും സന്ദേശകാരൻ എന്നതിനു തെളിഞ്ഞ ഉത്തരമൊന്നും കൃതിയിൽ നിന്നു ലഭിച്ചിട്ടില്ല. അതുകൊണ്ടും കൂടിയാണ് അതൊരു മുഴുത്ത ചിരിയാണെന്ന് കുട്ടികൃഷ്ണമാരാര് പറഞ്ഞത്. ചിരിയോ കാമവിവശതയോ പെണ്ണുകാണലോ? നായിക ദൂതനെ സംശയിക്കാതിരിക്കാൻ സന്ദേശം കൊടുത്തയയ്ക്കുന്ന ആൾ,  ചില അടയാളവാക്യങ്ങൾ പ്രേഷകന് പറഞ്ഞു കൊടുക്കുന്ന പതിവുണ്ട് . ഉണ്ണുനീലി സന്ദേശത്തിൽ നായകൻ കൊടുത്തയക്കുന്ന അടയാളവാക്യങ്ങൾ ഇവയാണ് :  1) ഒരിക്കൽ തളിയിൽ ഒരുവം കൂത്തു (നങ്ങ്യാർ മാത്രം ആടുന്ന കൂത്ത്) കണ്ടുകൊണ്ടിരുന്നപ്പോൾ തപതിയായി നടിച്ച നങ്ങ്യാർ നായകനെ നോക്കി ചിലതെല്ലാം പ്രാകൃതത്തിൽ പറഞ്ഞത്, അതുകേട്ട് പരവശയായി ഓടിയ ഉണ്ണുനീലിയെ പിന്നെ അടുത്തൊന്നും കാണാത്തത്. 2)  വണ്ടിൻ കൂട്ടങ്ങളെ പോലെ കറുത്ത ഭംഗിയുള്ള കടാക്ഷങ്ങൾ ചൊരിയുന്ന ഉണ്ണുനീലി ഒരിക്കൽ ഇതേ നായകനുമൊത്ത് പുഷ്ടിയോടെ വളർന്നു പന്തലിച്ച തേന്മാവിൻ തണലിൽ തളിർച്ചില്ലകൾ ഒരുക്കിയ കിടക്കയിൽ സന്ധ്യമയങ്ങിയ സമയത്ത് ക്രീഡാവിവശരായി കാറ്റുമേറ്റ് ശയിക്കുമ്പോൾ അവളുടെ മാറിൽ വന്നു വീണ മാന്തളിർകുല കണ്ട് പാമ്പാണെന്ന് വിചാരിച്ച് കാട്ടിക്കൂട്ടിയ അതിരു കടന്ന വെപ്രാളം. 3) മഴക്കാലത്തെ ഒരു രാത്രി ‘ചെറിയത് ’എന്ന തോഴിയായി  തെറ്റിദ്ധരിച്ച് നെയ്തൽ പൂവിതൾ പോലെ മൃദുവായ നഖങ്ങളാൽ നായകന്റെ വശങ്ങളിൽ എഴുതുമ്പോൾ അവളുടെ വളർന്നു വരുന്ന ഇളം മുലകൾ താൻ മർദ്ദിച്ചത് .

അളകാപുരിയുടെ നാഥൻ കുബേരനാൽ രാമഗിരി ആശ്രമത്തിലേയ്ക്ക് പ്രവാസത്തിനു ശിക്ഷിക്കപ്പെട്ട യക്ഷൻ പ്രിയാവിരഹം കൊണ്ട് എരിഞ്ഞത് ഒരു വർഷമാണ്. നാലു മാസം കൂടി കഴിഞ്ഞാൽ ( പ്രവാസത്തിന്റെ ആറാം മാസമാണ് മേഘദൂത രചന. മാസം നാലു കഴിഞ്ഞാൽ അനന്തശാലിയായ വിഷ്ണു തല്പത്തിൽ നിന്ന് ഉണരും!) വിരഹത്താൽ ഇരട്ടിച്ചുള്ള അഭിലാഷങ്ങൾ പൂർണ്ണനിലാവുള്ള ശരത്കാല രാത്രികളിൽ നമുക്ക് അനുഭവിച്ചു തീർക്കാം എന്ന് മേഘം വഴി പ്രിയയെ അറിയിക്കുന്ന അയാൾ യക്ഷിണി മേഘത്തെ സംശയിക്കാതിരിക്കാൻ പറഞ്ഞുകൊടുക്കുന്ന അടയാളവാക്യം കാളിദാസൻ ഒരു ശ്ലോകത്തിലാണ് സംഗ്രഹിച്ചിരിക്കുന്നത്. - ഒരിക്കൽ യക്ഷൻ നായികയെ ആലിംഗനം ചെയ്ത് ഉറങ്ങുന്ന സമയത്ത് അവൾ രാത്രിയിൽ പെട്ടെന്നുണർന്ന് നിലവിളിക്കുകയും  ‘വഞ്ചകാ’ എന്ന് ദുഷിക്കുകയും കാരണമന്വേഷിച്ചപ്പോൾ മയക്കത്തിൽ നിന്ന് പൂർണ്ണമായും വിട്ട് ചിരിച്ചുകൊണ്ട് മറ്റൊരു പെണ്ണിനെ രമിപ്പിക്കുന്നതായി സ്വപ്നം കണ്ട് അബദ്ധം പറ്റിപോയ  കാര്യം അറിയിക്കുകയും ചെയ്തതാണത്.

കാളിദാസന് ‘മേഘദൂതം’ എഴുതാൻ പ്രേരണയായത് രാമായണത്തിലെ ഹനുമാന്റെ ദൂതാണെന്ന് ഒരു വാദമുണ്ട്. രാമായണത്തിലെ കാണ്ഡങ്ങളുടെ തലക്കെട്ടുകളിൽ മുഴച്ചു നിൽക്കുന്ന ഒന്നാണ് സുന്ദരകാണ്ഡം. കൂട്ടത്തിൽ മികച്ചതായതുകൊണ്ടല്ല, സുന്ദരന് ദൂതൻ എന്നർത്ഥമുണ്ടെന്നാണ് അതിന്റെ ഒരു ന്യായീകരണം. ഹനുമാന് ചുമതല ഇരട്ടിയാണ്. സീതയെ വിശ്വസിപ്പിക്കാനും തിരിച്ച് രാമനെ വിശ്വസിപ്പിക്കാനും കിണയണം. അശോകവനികയിൽ വച്ച് ചൂഢാരത്നം നൽകിയ ശേഷം സീതപറഞ്ഞ സന്ദേശവാക്യം ചിത്രകൂടത്തിൽ വച്ച് ഇന്ദ്രപുത്രനായ ജയന്തൻ കാക്കയുടെ രൂപത്തിൽ സീതയെ ആക്രമിച്ച കാര്യമാണ്. അപ്പോൾ രാമനും സീതയും ഉറക്കത്തിലായിരുന്നു. ആദ്യം എഴുന്നേറ്റ സീതയുടെ മുലകളെ ഒരു കാക്ക വന്ന് കൊത്തിക്കീറി. പക്ഷി പിന്നെയും പിന്നെയും ഉപദ്രവിച്ചുകൊണ്ടിരുന്നു. സീതയുടെ ചോരവീണ് നനഞ്ഞിട്ടാണ് രാമൻ എഴുന്നേറ്റത്. ‘ഭീരൂ, അഞ്ചു തലയുള്ള നാഗത്തോടാണോ വിളയാടുന്ന’തെന്നും ചോദിച്ച് ദർഭയെടുത്ത് ബ്രഹ്മാസ്ത്രവുമായി യോജിപ്പിച്ച് വിട്ടു. അവസാനം രാമന്റെ കാൽക്കൽ അഭയം യാചിച്ചു വീണ് ജയന്തൻ സ്വന്തം തടി രക്ഷിച്ചെടുത്തു. എടുത്തുചാട്ടവും തരികിടകൈയിലിരിപ്പും സ്ത്രീ പീഡനവ്യഗ്രതയും ഞരമ്പുരോഗവും കൊണ്ട് ജയന്തന് ആകെ നഷ്ടമായത് വലതു കണ്ണു മാത്രം!  വൈലോപ്പിള്ളിയുടെ ‘മാമ്പഴ’ത്തിന് മനശ്ശാസ്ത്രനിരൂപണം എഴുതിയ എം എൻ വിജയൻ ഈ കഥയ്ക്ക് ഒരു അടിവര നൽകിയിട്ടുണ്ട്. മാമ്പഴം ‘മായുടെ പഴം’ തന്നെയാണെന്നതിന് ഒരു തെളിവായി.  സീതയ്ക്ക് തെളിവിനായി സ്വന്തം പേരുകൊത്തിയ മോതിരം ഏൽ‌പ്പിച്ച രാമൻ പറഞ്ഞ അടയാളവാക്യം മൃഢാനന്ദസ്വാമിയുടെ വാല്മീകിരാമായണ തർജ്ജുമയിലില്ല. അതില്ലാതെ ദൂത് പൂർത്തിയാവുന്നതെങ്ങനെ? 1915 ൽ മംഗളോദയത്തിൽ കെ പരമേശ്വരൻ രാമായണത്തിലെ വിവരങ്ങളുടെ ആധികാരികതയെപ്പറ്റി 10 ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ രാമായണത്തെപറ്റിയുള്ള ഗൌരവമുള്ള പഠനങ്ങൾ തുടങ്ങിയിരുന്നില്ല. ( നാലുവശത്തേയ്ക്കും സുഗ്രീവസൈന്യം പോയെങ്കിലും എന്തുകൊണ്ട് തെക്കോട്ടു പോയ ഹനുമാന്റെ പക്കൽ അടയാളവാക്യവും മോതിരവും രാമൻ കൊടുത്തു വിട്ടു?) 1909 ലാണ് രാമായണത്തെ ചരിത്രവുമായി ബന്ധിപ്പിച്ച് അന്വേഷണങ്ങൾ നടത്തിയ സങ്കാലിയയുടെ ജനനം. രാമൻ നൽകിയ മോതിരവും സീത നൽകിയ- ഹനുമാൻ മോതിരം പോലെ ധരിച്ച് കൊണ്ടുപോയി രാമനെ ഏൽ‌പ്പിച്ച- ചൂഢാമണിയും രാവണന്റെ നിശാസദസ്സിലെ പാനോത്സവ വർണ്ണനയും മറ്റും മറ്റും ചരിത്രപരമായി പ്രാധാന്യമുള്ള വച്ചുകെട്ടലുകളെ വെടിപ്പായി കാണിച്ചുതരുന്നുണ്ടെന്ന കാര്യം സങ്കാലിയയുടെ രാമായണ പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.

 ‘അടയാളവാക്യം’ എന്ന ലേഖനത്തിൽ എം എൻ കാരശ്ശേരി, രാമൻ ഹനുമാൻ വശം പറഞ്ഞയച്ച മൂന്ന് അടയാളവാക്യങ്ങൾ എടുത്തെഴുതിയിട്ടുണ്ട്.
1. വനവാസത്തിനു പുറപ്പെടാൻ നേരത്ത് ഞാൻ യാത്ര ചോദിച്ചപ്പോൾ അന്തപ്പുരത്തിൽ സാധാരണവേഷത്തിലിരുന്ന സീത ‘ഞാനും’ എന്നു പറഞ്ഞ് അതേ വേഷത്തിൽ പുറപ്പെടാൻ ഒരുങ്ങി.
2. വനയാത്രയുടെ തുടക്കത്തിൽ ഞങ്ങൾ നഗരം കഴിഞ്ഞ് ഒരു കുറ്റിക്കാട്ടിനടുത്തെത്തിയപ്പോൾ വനവാസം ഇവിടെയായാലും മതിയല്ലോ എന്ന് സീത പറഞ്ഞു.
3. ഒരിക്കൽ കിടപ്പറയിൽ വച്ച്  രാമന്റെ പാദം തലോടിക്കൊണ്ടിരിക്കെ  സ്വന്തം കൈയിൽ കിടന്ന രത്നമോതിരം സീത ഊരി ദൂരെ കളഞ്ഞു. കാരണം ചോദിച്ചപ്പോൾ  പറഞ്ഞത് കരിമ്പാറയിൽ അങ്ങയുടെ പാദം തൊട്ടപ്പോൾ അഹല്യ എന്നു പേരായ ഒരു സുന്ദരിയായി തീർന്നു.  ആ നിലയ്ക്ക് ഈ മോതിരത്തിലെ മനോഹരമായ രത്നം രാമപാദ സ്പർശത്താൽ എത്തരത്തിൽ‌പ്പെട്ട സുന്ദരിയാവില്ലെന്ന് ആരുകണ്ടു? അവൾ നിമിത്തം എനിക്ക് എന്തൊക്കെ നഷ്ടങ്ങൾ വന്നുകൂടാ?

സീതയും നൽകുന്നത് മൂന്ന് അടയാള വാക്യങ്ങളാണ്. ഇവയിൽ ‘ജയന്തൻ കാക്ക’യുടെ ആക്രമണ കാര്യം ഇല്ല. രാമൻ ആദ്യമായി മിഥിലയിൽ വന്ന സമയം. രാമന്റെ തത്സ്വരൂപം കാണാൻ ഉദ്യാനത്തിലേയ്ക്ക് നോക്കിയ സീത അവിടത്തെ കണ്ണാടി പോലുള്ള വെള്ളത്തിൽ തന്റെ മുഖം പ്രതിഫലിച്ചത് നോക്കി നിൽക്കുന്ന രാമനെയാണ് കണ്ടത്. അദ്ദേഹം ഉടനെ തിരിഞ്ഞു നോക്കി സീതയുടെയും രാമന്റെയും കണ്ണുകൾ തമ്മിലിടഞ്ഞു. സ്വയം വരത്തിനു മുൻപ് അതിഥിമന്ദിരത്തിൽ താമസിക്കുകയായിരുന്ന രാമന് സീത തോഴിവശം ഒരു പ്രണയ ലേഖനം  കൊടുത്തയച്ചു. അദ്ദേഹം ഉടൻ മറുപടിയും നൽകി. മറ്റൊരിക്കൽ കിടക്കയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന രാമനെ ചുംബിച്ച സീതയെ അപ്പോൾ ഉണർന്ന അദ്ദേഹം ആലിംഗനം ചെയ്തു.

 സ്വകാര്യനിമിഷങ്ങളിലെ അനുഭവങ്ങളെ ഉദ്ദേശ്യസാധ്യത്തിനായി പുറത്തറിയിക്കുന്നതിന്റെ മുഹൂർത്തങ്ങളാണ് അടയാളവാക്യങ്ങളായി പഴയകൃതികളിൽ കയറിപ്പറ്റിയിരിക്കുന്നത്. ശാരീരികബദ്ധമായ രാഗത്തിന്റെ കൊടിയടയാളങ്ങൾ തന്നെയാണിവ. ആണിന്റെ ഓർമ്മയിലുള്ള സുന്ദരനിമിഷങ്ങളായി ഇവയെ അടയാളപ്പെടുത്തിയിരിക്കുകയാണ്. അവന്റെ ഭയമോ വിഹ്വലതയോ ഒക്കെയാണിവയുടെ അടിസ്ഥാനം. പുറമേയ്ക്ക് അങ്ങനെയല്ല ഭാവമെങ്കിലും. ഉറക്കറയുടെ പശ്ചാത്തലങ്ങളെ ഏകാന്തമായ സ്വകാര്യസ്ഥലങ്ങളും ഉറക്കത്തിന്റെ പരിവേഷങ്ങൾ സ്വപ്നത്തിന്റെ മാധുര്യമുള്ള മായികലോകവുമാണ്. അതുകൊണ്ട് സമാനതകൾ ആകസ്മികങ്ങളല്ല. രാമായണത്തിൽ നിന്ന് തുടങ്ങിയ യാത്ര കാലങ്ങൾ കഴിഞ്ഞ് തെക്കോട്ട് എത്തുമ്പോൾ കാര്യങ്ങൾ കൂടുതൽ മാംസബദ്ധമാവുന്നുണ്ട് എന്നതൊരു പ്രശ്നമല്ല. അന്ന് ചിലർക്കെങ്കിലും കഷ്ടിച്ച് കമിഴ്ന്ന് നീന്താൻ തുടങ്ങിയ പെൺകുഞ്ഞിന്റെ ചേഷ്ടകൾ ഭാവിയിൽ അനുഷ്ഠിക്കാനിരിക്കുന്ന ‘പുരുഷായിത’ത്തിന്റെ മുന്നൊരുക്കങ്ങളായിരുന്നു. അമ്മൂമ്മമാർക്ക് പത്തും പതിനൊന്നും വയസ്സുള്ള പെൺകുട്ടികളെ വശീകരണം പഠിപ്പിക്കുന്ന തിരക്കുണ്ടായിരുന്നു. യുവജനങ്ങൾ മേദിനിവെണ്ണിലാവിനെയും ഇട്ടിയച്ചിയെയും ഉണ്ണിനങ്ങയെയും ചുമലിലെടുത്ത് നടന്നിരുന്നു. അതൊരു കാലം.  വായിച്ചു കളയാവുന്നവയെങ്കിലും അടയാളവാക്യങ്ങളുടെ വിളുമ്പുകളിൽ പരിതപിക്കുന്ന ഹൃദയത്തിനൊപ്പം കാലവും ചരിത്രവും രാജ്യനീതിയും സംസ്കാരവുമൊക്കെ കൂടെ നടക്കുന്നുണ്ട്.

അനു : കൃഷ്ണൻ പണ്ട് ദൂതുമായി ധൃതരാഷ്ട്രരെ കാണാൻ പോയിരുന്നു. അടയാളവാക്കുകളൊന്നും ഇല്ല. മഹാഭാരതത്തിൽ തന്നെ യുധിഷ്ഠിരന് അരക്കില്ലത്തെപ്പറ്റി വിദുരർ മുന്നറിയിപ്പ് നൽകിയത് വളച്ചുകെട്ടിയ വാക്യങ്ങളിലൂടെയാണ്. “ ലോഹം കൊണ്ടു മാത്രമല്ല, ആയുധമുണ്ടാക്കുന്നത്. മഞ്ഞിൽ രക്ഷ നൽകുന്നവൻ തന്നെയാണ് ചിലപ്പോൾ കാടെരിക്കുന്നത്. കാട്ടിൽ കഴിയുന്നവർക്ക് മുള്ളൻപന്നിയിൽ നിന്നു കൂടി പാഠം പഠിക്കേണ്ടി വരും”. ധ്വനിയാണു സംഗതി. കാമുകസവിധത്തിൽ വിശ്വസ്തനായ ദൂതൻ വഴി കാര്യങ്ങൾ തുറന്നു പറയാം. രാജ്യതന്ത്രത്തിൽ വ്യംഗ്യമര്യാദയിലായില്ലെങ്കിൽ തടി രക്ഷപ്പെടില്ല. ഇതും ഒരു അടയാളവാക്യമാണ്.

3 comments:

Echmukutty said...

വായിച്ച് ആഹ്ലാദിച്ചു.....പ്രത്യേകിച്ച് അവസാനവാക്യങ്ങള്‍...

പ്രേമന്‍ മാഷ്‌ said...

ഗംഭീരം; ചിന്താ പരിസരം. ആലോചനാമൃതം. ആഴത്തിലും പരപ്പിലും വിസ്മയിപ്പിച്ചു.

വെള്ളെഴുത്ത് said...

കളിയാക്കിയതാണല്ലേ... :)
എതിർദിശ ഇതുവരെ ഇങ്ങ് എത്തിയിട്ടില്ല