May 13, 2012

മീശയുടെ സ്ത്രീലിംഗം


ബി ഉണ്ണിക്കൃഷ്ണന്റെ ‘ഗ്രാൻഡ് മാസ്റ്റർ’ എന്ന സിനിമയിലും കൊലപാതകം നടത്തുന്ന സ്ത്രീയുണ്ട്.  അവൾക്കായി പോൾ രാജ് പലപ്പോഴായി ചെലവാക്കിയതോ കടം കൊടുത്തതോ ആയ തുക തിരിച്ചു ചോദിച്ചതാണ് പ്രതികാരത്തിനു ഹേതു. കോടീശ്വരനെങ്കിലും ഏകാകിയായ ശ്രീമാൻ പോൾ രാജിനുവേണ്ടി പല അവിഹിതകൃത്യങ്ങൾക്കും കൈങ്കര്യം അനുഷ്ഠിച്ചിട്ടുണ്ട് ശ്രീമതി ചന്ദ്രികാ നായർ. അതിലൊന്ന് പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടിയെ -ബീനയെ- പോളിനായി കൂട്ടിക്കൊടുത്തതാണ്. കൊടുത്തപണം- അതെത്രയാണെന്ന് സിനിമയിൽ വ്യക്തമായി പറയുന്നുണ്ട്, ഒരു കോടി അറുപത്തിയെട്ടു ലക്ഷം- തിരിച്ചു വേണം എന്നു പറയുന്ന പോൾ 18 ലക്ഷം രൂപ ഇതുവരെ ചെയ്ത അവിഹിതങ്ങൾക്കെല്ലാം കൂടി പ്രതിഫലമായി എടുത്തോളാൻ സമ്മതിക്കുന്നുണ്ട്. ബാക്കി ഒന്നരക്കോടിയാണ് അയാൾ തിരിച്ചാവശ്യപ്പെട്ടത്. പണമുണ്ടാക്കാൻ വേണ്ടി അയാൾ ഇതുവരെ അവലംബിച്ച മാർഗങ്ങളൊന്നും അത്രമാന്യമായതല്ല. അതേ മാന്യതയിലായ്മ പണം തിരിച്ചു കൊടുത്തില്ലെങ്കിൽ  പെണ്ണായ ചന്ദ്രികയോടും അയാളെടുക്കും എന്നു വന്ന ഘട്ടത്തിലാണ്, പാവം ഗത്യന്തരമില്ല്ലാതായ ചന്ദ്രിക വിഷം കൊടുത്ത് അയാളെ കൊന്നത്. മാത്രമല്ല, മറ്റൊരു സ്ത്രീയുടെ- ഐ ജി ചന്ദ്രശേഖരന്റെ ഭാര്യയും അഭിഭാഷകയുമായ ദീപ്തിയുടെ - കാതലായ സഹായത്തോടെയാണ് നിയമക്കുരുക്കിൽ നിന്ന് ചന്ദ്രിക രക്ഷപ്പെടുന്നത്. കോടീശ്വരനെപ്പറ്റിച്ചുണ്ടാക്കിയ രൂപ കൊണ്ടും ആ വഴിക്കു കിട്ടിയ അനുഭവജ്ഞാനം കൊണ്ടും പൂർവാധികം സമ്പന്നവും സുരക്ഷിതവുമായ ജീവിതം മുന്നോട്ടു നയിക്കാൻ അതവളെ പ്രാപ്തയാക്കുകയും ചെയ്യുന്നു.

അങ്ങനെ പിൽക്കാലത്ത് വിജയിച്ചരുളിയ ഈ സ്ത്രീയെപ്പറ്റി ഒരു രാത്രിയിൽ ‘ഫ്രോഡാണ്’ എന്ന് പോൾ സ്വന്തം അനുജനോട് ഫോണിൽ പറയുന്നുണ്ട്. ഇവളെ വിവാഹം കഴിക്കാൻ പോൾ തീരുമാനിച്ചിരുന്നതാണ്. പണത്തിന്റെ കാര്യത്തിൽ അവൾ കാണിച്ച ആർത്തിയും അവളുടെ ഭീഷണിയുമാണ് വിവാഹം വേണ്ടെന്ന നിഗമനത്തിൽ പോളിനെക്കൊണ്ടെത്തിച്ചത്. അത് അവസാനിച്ച പോളിന്റെ കൊലയിലും. വഞ്ചിക്കുകയും ചതിക്കുകയും അപമാനിക്കുകയും ഒക്കെ ചെയ്ത പുരുഷനോട് സ്ഥിരമായ പ്രതിപക്ഷ നിലപാട് എടുക്കുകയും വികാരവതിയാവാതെ പ്രതികാരം ചെയ്യുകയും ചെയ്യുന്നത്  ‘യഥാർത്ഥപെണ്ണത്ത’ക്കുറിച്ചുള്ള കാഴ്ചപ്പാടിനെ ഒരല്പം വിപുലപ്പെടുത്തിയിട്ടുണ്ട്. തൊട്ടടുത്തിറങ്ങിയ ‘22കാരി കോട്ടയം’ എന്ന സിനിമയിൽ നിന്നും ഈ പ്രതികാര കഥയ്ക്ക് ചെറിയൊരു വ്യത്യാസമുള്ളത്, സ്ത്രീകളുടെ ആസൂത്രിതമായ ഒരു കൂട്ടായ്മ  നില നിൽക്കുന്നു എന്നുള്ളതാണ്. (പിന്നെയൊരു വ്യത്യാസം ടെസ്സ, ബലാത്സംഗം ചെയ്തവനെ സ്വാഭാവികമായ സാഹചര്യത്തിൽ ചത്തതായി അവതരിപ്പിക്കാൻ പാമ്പിനെ ഉപയോഗിച്ചു. ചന്ദ്രിക എടുത്തുചാടി വിഷം കൊടുത്തു. പത്തുപൈസ കുറവാണ് ചന്ദ്രികയുടെ മസ്തിഷ്കത്തിന്.)  ടെസ്സയ്ക്ക്, ഡി കെ എന്ന പ്രേമിച്ചു തീരാത്ത മദ്ധ്യവയസ്കനെയും രവിയെന്ന രോഗിയെയും പണത്തിനും ആൾബലത്തിനുമായി  ആശ്രയിക്കേണ്ടി വരുന്നു എങ്കിൽ ഇവിടെ ചന്ദ്രിക സ്വതന്ത്രയാണ്. കൊലയ്ക്കു പോലും അവൾക്ക് ഒരു ഗുണ്ടയുടെയും സേവനം ആവശ്യം വന്നില്ല. ചന്ദ്രികയും സ്വന്തമായി കോഫീഷോപ്പും കള്ളക്കച്ചവടവും നടത്തുന്ന ആലീസും പാട്ടുകാരി ബീനയും പിന്നെ ചന്ദ്രികയെ നിയമപരമായി സഹായിച്ചതിന്റെ പേരിൽ ചന്ദ്രശേഖരനിൽ നിന്ന് പിരിഞ്ഞുപോകുന്ന ദീപ്തിയും കൂടിച്ചേർന്ന് ഉണ്ടാകുന്ന ഒരു കമ്മ്യൂൺ ആണ് ‘ഗ്രാൻഡ് മാസ്റ്റർ’ എന്ന ആണത്താധികാര ചിത്രത്തിന് പരഭാഗശോഭ നൽകുന്ന പെൺ‌വശം. പോളിനെ വെള്ളപൂശാൻ സിനിമ ഉപയോഗിക്കുന്ന തന്ത്രത്തിലൊന്ന് അയാൾ ചന്ദ്രികയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു എന്നതാണ്. പോൾ രാജിനെ കൊന്നത്ര ഭീകരത അയാളുടെ അനുജനെ വെടിവെച്ചു കൊല്ലുന്നതിൽ ഇല്ലാത്തത് ഐ ജി ചന്ദ്രശേഖരൻ അതു വഴി രക്ഷപ്പെടുത്തിയെടുത്തത് (തന്റെ) കുടുംബത്തെയാണെന്നതുകൊണ്ടാണ്. കുടുംബം ഭരണകൂടത്തിന്റെ കുഞ്ഞുപതിപ്പാകയാൽ കുടുംബം രക്ഷപ്പെടുത്തിയെടുക്കാൻ വേണ്ടിയുള്ള എല്ലാ അവിഹിതങ്ങളും നീതീകരിക്കപ്പെടേണ്ടതുണ്ട്. ഇല്ലെങ്കിൽ അത് നമ്മളെ അസ്വസ്ഥരാക്കും. സംശയമില്ല.

22 കാരി കോട്ടയം എന്ന സിനിമയിലും പ്രതികാരം ‘പെണ്ണത്ത’ത്തെ ഉറപ്പിക്കുന്നുണ്ടല്ലോ. അതിൽ സിറിളിന് ലിംഗമില്ലാതെയും ടെസ്സയുള്ള ക്യാനഡയിലേയ്ക്ക് പോകാം എന്നു വരുന്നത് കുടുബത്തിന്റെ പാവനതയിലേയ്ക്കുള്ള ഒളിക്കണ്ണയപ്പാണ്. ശരീരത്തോടുള്ള ആസക്തി മോശവും ഇണ ചേരാതെയുള്ളതെങ്കിലും ഭാര്യാഭർതൃബന്ധം പാവനവും ആകുന്നു, നമ്മുടെ നാട്ടിൽ. വേറെയും സമാനമായ  സാഹചര്യങ്ങൾ രണ്ടു സിനിമകളിലും ഉണ്ട്. നോവിച്ചു വിട്ട സ്ത്രീകൾ തിരിച്ചു വരുമ്പോൾ മദ്യവുമായി ഒന്നിച്ചു കൂടാൻ നായകന്മാർ മടി കൂടാതെ ഉത്സാഹിച്ചതാണ് അവയിലൊന്ന്. അന്ന് മദ്യപാനം ഇല്ലാതിരുന്നെങ്കിലോ അവരെ സംശയത്തിന്റെ ദൃഷ്ടിയിൽ നിർത്തിയിരുന്നെങ്കിലോ പെണ്ണുങ്ങളുടെ പ്രതികാരം ‘ശൂ’ എന്ന് ചീറ്റിയേനേ. കാലം മാറിയത് ഈ രണ്ടു കോലന്മാരും അറിഞ്ഞിട്ടില്ലെന്നർത്ഥം. രണ്ടിടത്തും ആണുങ്ങളുടെ ദുരന്തം കടന്നു വരുന്നത് മദ്യത്തോടുള്ള ഒരു വഴക്കത്തിന്റെ അനന്തരഫലമായിട്ടാണെന്നതും ആൺ ദൌർബല്യത്തെപ്പറ്റിയുള്ള പൊതുബോധത്തെ തലോടിക്കൊടുക്കുന്ന ഒരു കാഴ്ചയാണ്.

ബലപ്രയോഗം കൊട്ടേഷൻ കൊടുക്കാതെ സ്ത്രീകൾക്ക് സാധ്യമല്ലെന്നാണ് ‘നവ യാഥാർത്ഥ്യ’സിനിമകളും പറയുന്നത്. അനുരാധയും വിജയശാന്തിയും വാണി വിശ്വനാഥുമൊക്കെ അന്നേ അത്ര പോരായിരുന്നു. കുറച്ചൊക്കെ പിടിച്ചു നിൽക്കാമെന്നല്ലാതെ ആൺ തുണയില്ലാതെ പറ്റില്ലെന്നു തന്നെയാണ് അവർ അവസാനം പറയുന്നത്. ‘ഈറ്റപ്പുലിയും ചാരവലയവും ഗാന്ധാരിയും’ കണ്ടിരുന്നത് പട്ടിയും കുരങ്ങനും പാമ്പും ആനയും ഒക്കെ ദൈവസഹായത്താൽ പ്രതികാരം ചെയ്യുന്ന കാഴ്ച കണ്ട രോമക്കുപ്പായം പുതച്ചുകൊണ്ടല്ലേ? ‘ഗ്രാൻഡ് മാസ്റ്ററിൽ’ തന്നെയുള്ള ഒരു കമ്മീഷ്ണർ സ്ത്രീ, എതിരാളിയുടെ 64 നീക്കങ്ങൾ വരെ മനസ്സിൽ മുൻ‌കൂട്ടി സൂക്ഷിക്കാൻ കഴിവുള്ള ഗ്രാൻഡ് മാസ്റ്ററായ ചന്ദ്രശേഖരന് വാക്കുകൾ കൊണ്ട് ചുമ്മാ ചമ്മിക്കാനുള്ള ചൈനീസ് അലങ്കാര വസ്തുവാണ്. ടി ടൈപ്പ് സിനിമകളിലെ അടി വാങ്ങിക്കാൻ വിധിക്കപ്പെട്ട മസിലാമണി വില്ലന്മാരെ പോലെ തന്നെ. ഉപയോഗം കഴിഞ്ഞാൽ കളയാം. തന്നെ അപമാനിച്ചയാളിനെ ‘ലിസ’ പ്രേതമായി വന്നാണ് മുൻപ് തട്ടിയത്. മണിചിത്രത്താഴിലെ ദാമ്പത്യപ്രശ്നം പരിഹരിക്കാനും പ്രേതമാണ് എത്തിയത്. അങ്ങനെ ഒളിഞ്ഞും മങ്ങിയും പറ്റു വിളിച്ച് കരഞ്ഞും മുടിയഴിച്ചിട്ട് ശപിച്ചും പിന്നെ പ്രേതമായും ഇലക്ഷനിൽ ചോരചിന്താതെ തോൽ‌പ്പിച്ചും ആന്തരികവേദനകളെ പുറത്തേയ്ക്കയച്ചു ജീവിച്ചു വന്ന അന്തപ്പുര സ്ത്രീ ജീവിതങ്ങൾക്ക്  പുതിയ ഭാവമാറ്റം കൈവന്നു എന്നുള്ള  അലമുറയിൽ വല്ല കാര്യവും ഉണ്ടോ?

ആഷിക് അബുവിന്റെ സിനിമയിലെ അവസാന രംഗം കാണികളെ - പ്രത്യേകിച്ചും ആൺ കാണികളെ- കടുത്ത ആശയക്കുഴപ്പത്തിൽ തള്ളി വിട്ടിട്ടുണ്ട്. ലിംഗം നഷ്ടപ്പെട്ട നായകൻ നായികയെ അഭിനന്ദിക്കുന്നതും താൻ ക്യാനഡയിൽ ഒരിക്കൽ അവളെ കാണാനായി വരുമെന്നു പറയുന്നതുമാണത്. ലിംഗ നഷ്ടം, ആൺ എന്ന അയാളുടെ തന്മയെ ചോദ്യം ചെയ്യുന്ന ഒന്നാണെന്നും സമൂഹത്തിൽ ഇനി അയാളുടെ സ്ഥാനമെന്തായിരിക്കുമെന്നും ഉള്ള ആശങ്ക കാണികളിൽ ജനിപ്പിക്കുന്നിടത്താണ് ടെസ്സയുടെ പ്രതികാരത്തിന്റെ ആഴം ഇരിക്കുന്നത്. പുരുഷാധിപത്യസമൂഹത്തിൽ മരണത്തേക്കാൾ ഭയാനകമാണ് അത്. പക്ഷേ അയാളുടെ അവസാന ഭാവങ്ങളിൽ ആറിഞ്ച് അവയവത്തിന്റെ നഷ്ടം ഒരു നഷ്ടമേയല്ലെന്ന് അയാൾ (എന്നിട്ടും ആർ വേണുഗോപാൽ ഒരു കവിതയിൽ പറയുന്നത്, ആടിനെ ആടറിയാതെ മലഞ്ചെരിവിലൂടെ അറവുശാലയിലേയ്ക്ക് നയിക്കുന്നതുകൊണ്ടുള്ള ആത്മസംതൃപ്തിയാണ് സിറിളിനുള്ളതെന്നാണ്. ആണിനെ പിന്നെയും പിന്നെയും പ്രതിസ്ഥാനത്ത് നിർത്താനുള്ള കുത്തിത്തിരിപ്പുമാത്രമാണ് ആ വളച്ചു കെട്ട്. അല്ല, ഈ വേണുഗോപാൽ തന്നെയാണോ ടി സിനിമയിൽ പാട്ടെഴുതിയ വേണുഗോപാൽ?) മാത്രമല്ല, ടെസ്സയും വിശ്വസിക്കുന്നതുപോലെ തോന്നും.  അതുകൊണ്ടവർ പഴയതുപോലെ ‘ പ ഫ ബ ഭ’ പറഞ്ഞു കളിക്കുകയും പരസ്പരാരാധനയോടെ വിടർന്ന കണ്ണുകൾ കൊണ്ട് നോക്കി തലോടുകയും ചെയ്തു. ഒരിക്കൽ ടെസ്സ, താൻ കന്യകയല്ലെന്ന് ഒരു കുമ്പസാരം നടത്തുന്നുണ്ട്. ( ഇതൊരു ഭയങ്കര വിപ്ലവമാണെന്ന് തട്ടി വിടുന്നവർക്ക് നല്ല നമസ്കാരം! ) തന്റെ കവയ്ക്കിടയിൽ നിന്ന് നഷ്ടപ്പെട്ട ഒരു പാൽ‌പ്പാടയ്ക്ക് - എൻ എസ് മാധവന്റെ ഭാഷയിൽ ധൂർത്തടിക്കപ്പെട്ട പൈതൃകസ്വത്ത്-  സമാനമായ ഒരു കൃത്യമാണ് സിറിലിന്റെ ലിംഗ നഷ്ടവും. രണ്ടും അവരവരുടെ ഇച്ഛയ്ക്ക് വിരുദ്ധമായ കടന്നു കയറ്റത്തിന്റെ പ്രവൃത്തിയായതിനാൽ ഇനി അവർക്ക് സമത്വമുണ്ട്, പ്രേമിക്കാം. സ്വത്വങ്ങളുടെ വർഗപരമായ ആലഭാരങ്ങളില്ലാതെ. വളഞ്ഞ വഴിക്കുള്ള ഒരു സമീകരണ പ്രക്രിയയാണ്. പക്ഷേ പൊതുബോധത്തിന്റെ വഴിയതാണ്. കേരളത്തിൽ നിലവിലുള്ള സാഹചര്യത്തിൽ നമ്മുടെ ബോധം ലിംഗത്തെ കുത്തിത്തുളപ്പിനുള്ള ഒരായുധം മാത്രമായിട്ടാണ് കണക്കിലെടുത്തിരിക്കുന്നത്. അതുമാറ്റി വയ്ക്കുന്നതോടെ സാധ്യമായ ഒരു സമീകരണമുണ്ട്. സാഹോദര്യം, സൌഹൃദം. അവയ്ക്കിടയിൽ ഉദ്ധരിച്ചു നിൽക്കുന്ന ലിംഗം ഏതു വഴിയ്ക്ക് നോക്കിയാലും ചീത്തയാണ്. ആ ലിംഗത്തെയാണ് ടെസ്സ മുറിച്ചുമാറ്റിയത്. വികാരം വേണം, കുത്തിത്തുളപ്പു പാടില്ല !

‘മായാമോഹിനി’യിൽ മുഖം കുറെയൊക്കെ അസഹ്യമെങ്കിലും ദിലീപിന്റെ മോഹിനിയെ കണ്ടിരിക്കാൻ തള്ളിക്കയറുന്നത് കൂടുതലും സ്ത്രീകളാണ്. വേഷം കെട്ടിനപ്പുറത്ത് പെണ്മയുമായുള്ള തന്മയീഭാവം ഒരു ലിംഗനഷ്ടത്തിന്റെ ബലമുള്ള ഇഴ നെയ്യുന്നുണ്ട് അബോധത്തിൽ. ചാന്തുപൊട്ടിൽ പകുതിയാക്കി വച്ച ലയനപ്രക്രിയയാണ് ഇതിലൂടെ തുടരുന്നത്. ലൈംഗികഭയം അമിതമായി പിടികൂടിയ ഒരു സമൂഹത്തിൽ പരകായ പ്രവേശങ്ങൾ കൊണ്ടു വരുന്ന സാന്ത്വനങ്ങളാണ് ‘മായാമോഹിനി’യെന്ന സിനിമയുടെ ആകർഷകത്വം. കുടുംബത്തെ, അച്ഛനെ, തറവാടിനെ രക്ഷിച്ചെടുക്കാൻ വേണ്ടിയാണയാളുടെ വേഷം കെട്ടൽ. സ്ത്രീയ്ക്ക് മാത്രം സാധ്യമായതെന്ന് വിശ്വസിക്കപ്പെടുന്ന തന്ത്രങ്ങൾ യാതൊരു കൂച്ചവും കൂടാതെ അയാൾ പയറ്റുന്നുണ്ട് സിനിമയിൽ. കുടുംബിനി എന്ന സങ്കൽ‌പ്പത്തിൽ അയാൾ പലേടത്തും സംശയദൃഷ്ടിയിൽ നിന്ന് രക്ഷപ്പെട്ടു പോവുകയും ചെയ്യുന്നു. ടെസ്സയുടെ താൻ കന്യകയല്ലെന്ന കുമ്പസാരത്തിൽ കുടുംബജീവിയായി വഴക്കമുള്ളവളാവാൻ ഒരു ശ്രമമുണ്ട്. അവളുടെ കന്യകാത്വം ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ ഒരുത്തൻ പറഞ്ഞു പറ്റിച്ച് കൈപ്പറ്റിയതാണ്. അവനെ തന്റെ പ്രതികാരയാത്രയ്ക്കിടയിൽ ഒരിക്കൽ ടെസ്സ ഉപയോഗിക്കുന്നുണ്ട്. ടെസ്സയുടെ ആദ്യകാമുകൻ, ലിംഗാധികാരി നിന്നു വിറയ്ക്കുന്നതായിട്ടാണ് നാം കാണുന്നത്. (സംഘകാല കവിതകളിലൊന്നിൽ ഒരു കവയിത്രി (കവി?) പാടുന്നു, ‘പിന്നെത്രയോ രാത്രികൾ കഴിഞ്ഞു പോയി. പക്ഷേ ആദ്യം എന്നെ പെണ്ണാണെന്ന് അറിയിച്ചവൻ തന്ന സുഖവും സംതൃപ്തിയും നൽകാൻ പിന്നെ ഒരു രാത്രിയ്ക്കും കഴിഞ്ഞിട്ടില്ലെന്ന്.’ ആ രാത്രിയെ ഒന്ന് തിരയേണ്ടതുണ്ട്. ഇടയ്ക്ക് എവിടെയോ വച്ച് നമുക്ക് നഷ്ടപ്പെട്ടു പോയ ഒരു രാത്രിയാണത്.) ടെസ്സ ഉപയോഗിക്കുന്ന വാക്ക് അയാൾ പറഞ്ഞു പറ്റിച്ചു എന്നാണ്. ഒൻപതാംക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയ്ക്ക് ‘ബോധ’മില്ല. അതുകൊണ്ട് പറഞ്ഞു പറ്റിക്കൽ എളുപ്പമാണ്. പക്ഷേ  22-മത്തെ വയസ്സിൽ സിറിളും അവളെ പറഞ്ഞു പറ്റിക്കുകയായിരുന്നു എന്നിടത്ത് ബോധരാഹിത്യം സ്ത്രീയ്ക്ക് സ്ഥായിയാണെന്നാണോ സിനിമയിൽ നിന്നും നാം മനസ്സിലാക്കേണ്ടത്? (അവളെ ബലാത്സംഗം ചെയ്ത ഹെഗ്ഡേയും അവളെ പറഞ്ഞു പറ്റിച്ചതാണ്.) സത്യത്തിൽ ഈ ബോധം ശാരീരികമായ ആഹ്ലാദങ്ങളിൽ സദാചാര സമ്മർദ്ദത്തിന്റെ കടന്നുകയറ്റമാണ്. സിനിമയിലെ സൂചനകളെ വിശ്വസിക്കാമെങ്കിൽ സമാനമായൊരു പറഞ്ഞുപറ്റിക്കൽ ടെസ്സയും നടത്തുന്നുണ്ട്.  ടെസ്സയ്ക്കുവേണ്ടിയുള്ള സഹായസഹകരണങ്ങൾ (അതും എന്തുമാതിരി സഹായ സഹകരണങ്ങൾ!!!) ചെയ്തുകൊടുത്ത സത്താറിനോട് ഒന്നും വെറുതെ വേണ്ടെന്നു പറയുന്ന അവൾ പറ്റിക്കുന്നു എന്ന സൂചന സിനിമയുടെ ആരംഭത്തിലും അവസാനത്തിലും ആവർത്തിച്ചു കാണിക്കുന്ന ‘സിം’ കളയൽ പ്രവൃത്തിയിലുണ്ട്. ആത്മാർത്ഥമായ ഒരു നന്ദികൊണ്ട് അവൾ പ്രശ്നം തീർത്തു. ഒരഭിമുഖത്തിൽ നേഴ്സിംഗ് വിദ്യാർഥികളായ കൂട്ടുകാരികൾ മൂന്നുപേരും തരക്കേടില്ലാതെ താമസിക്കുന്ന ബാംഗ്ലൂരിലെ ഫ്ലാറ്റ് ഡി കെ (സത്താർ) യുടെയായിരുന്നു എന്ന് റീമാ കല്ലിങ്കൽ പറഞ്ഞിരുന്നു. അങ്ങനെയാണെങ്കിൽ ‘ബോധം’ എന്നതിന് പ്രതിഫലമില്ലാതെ സൌകര്യങ്ങൾ അനുഭവിക്കാനുള്ള കൌശലം എന്നാണോ നാം അർത്ഥമെടുക്കേണ്ടത്?

‘ഗ്രാൻഡ് മാസ്റ്ററിൽ’ പ്രായപൂർത്തിയാവാത്തെ പെൺകുട്ടിയെ അനുഭവിക്കുന്ന പോൾ രാജിന്റെ കൊലപാതകത്തിൽ പിന്നീട് ആ പെൺകുട്ടി ബീനയും ഒരു പങ്കാളിയാണ്. കൌശലം അവളെ നില നിർത്തി. പിന്നീട് പ്രണയം വന്നു വിളിച്ചപ്പോൾ അവൾ വികാരവതിയായി. തദ്വാരാ കൊല്ലപ്പെട്ടു.  ലൈംഗികതയ്ക്കുള്ള പ്രായപൂർത്തി, ഒരു നിയമപ്രശ്നം മാത്രമാണ്. നമ്മുടെ ജനപ്രിയ സിനിമകൾ പൊതുവേ ഭരണകൂടങ്ങളിലും നിയമവാഴ്ചാസംവിധാനങ്ങളിലും വലിയ വിശ്വാസം പുലർത്തുന്നവയല്ല. കുറ്റവാളിയല്ലാത്ത ടെസ്സയാണല്ലോ അകത്തായത്. മായാമോഹിനിയിൽ മണ്ടനാണല്ലോ കമ്മീഷ്ണർ. അമ്മാതിരി ഒരു കമ്മീഷ്ണറാണല്ലോ ഗ്രാൻഡ് മാസ്റ്ററിൽ ചന്ദ്രശേഖറിനു കൈയടി വാങ്ങിക്കൊടുക്കുന്നത്. അതേ സമയം സദാചാരപരമായ നിയമവാഴ്ചയോട് അങ്ങേയറ്റം വിധേയത്വം പുലർത്തുന്ന ഇതിവൃത്തവുമായിരിക്കും. അത് തീർത്തും ആന്തരികമാണ്. ഇതാണ് ആ സിനിമകൾ പുലർത്തുന്ന ആശയപരമായ കുഴമറിച്ചിലുകൾക്ക് കാരണം. 22 കാരിയിൽ ഒൻപതാം ക്ലാസുകാരിയെ പ്രേമം പറഞ്ഞു പറ്റിച്ച് കന്യകാത്വം കവർന്നത്  ദോഷവും ഗ്രാൻഡ് മാസ്റ്ററിൽ പ്രായപൂർത്തിയാവാത്ത പെൺ കുട്ടിയുമായുള്ള പ്രണയമില്ലാത്ത വേഴ്ച 18 ലക്ഷം രൂപയ്ക്കകത്ത് ഒതുക്കി തീർക്കാവുന്ന സാരമല്ലാത്ത കാര്യവുമാണ്. പ്രായപൂർത്തിയെന്നതു തന്നെ തികച്ചും സാങ്കേതിക കാര്യമാണ്. മീഡിയകൾ ചെയ്യുന്നതുപോലെ വികാരത്തെ പൊലിപ്പിക്കാൻ അത്തരം ചുവന്നവരകളുടെ സഹായം വേണം.  അതൊരിടത്ത്. മറ്റൊരിടത്ത് ടെസ്സയും ചന്ദ്രികയും മായാമോഹിനിയും നിയമത്തെ തെല്ലും വക വയ്ക്കുന്നില്ലെന്നു മാത്രമല്ല, ടിയാനെ കയ്യിലെടുക്കുന്നുമുണ്ട്. നീതി നടപ്പാക്കുന്നതിൽ കണ്ണാടി പിടിച്ചാൽ കുടുങ്ങും. നീതികേട് ചൂണ്ടിക്കാണിച്ചു പ്രതികാരം ചെയ്യുമ്പോൾ അതിലെ നീതികേടിനു വേറേ ശിക്ഷ ആവശ്യമായി വരില്ലേ? ചോദിച്ചു നോക്കൂ.. സമ്പൂർണ്ണ മൌനമായിരിക്കും ഫലം. മദ്യത്തെയും ലിംഗത്തെയും വേഴ്ചകളെയും പറ്റി സ്ത്രീകൾക്കുണ്ടെന്ന് ആണുങ്ങൾ വിശ്വസിക്കുന്ന ധാരണകളാണ് ഈ സിനിമകളുടെ പശ്ചാത്തലശ്രുതികൾ.  അപമാനവും പ്രതികാരവും പണ്ടേയുള്ളതാണ്. സാമൂഹികസമ്മർദ്ദങ്ങൾക്കനുസരിച്ച് അതിന്റെ രൂപഭാവാദികൾ മാറും. ആണിനെക്കൊണ്ട് പറ്റാത്ത ചിലത് സ്ത്രീകൾക്ക് സാധിക്കും എന്ന ചിന്തയുടെ ഫാൻസിഡ്രസ്സാണ്  ഈ ഇനങ്ങൾ.  ‘22 കാരി കോട്ടയ’ത്തിലെ തടവുകാരി പറയുന്നതുപോലെ ‘സ്ത്രീയുടെ ആയുധ’ത്തിന്റെ ശക്തിയല്ല അത്. മറിച്ച് സ്ത്രീപക്ഷപരമായ നിയമനിർമ്മാണവും മാറിയ സാമൂഹിക സാഹചര്യങ്ങളും ചേർന്ന് സമകാലം ആണ്മനസ്സിൽ വിത്തിട്ടിരിക്കുന്ന ചില ഭയങ്ങളുടെ സാക്ഷാത്കാരത്തെയാണ് ഈ സിനിമകൾ അറിയാതെ പുറത്തിടുന്നത്.

3 comments:

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal..... blogil puthiya post..... HERO- PRITHVIRAJINTE PUTHIYA MUKHAM..... vaayikkane.....

Echmukutty said...

സിനിമകൾ ഒന്നും കണ്ടില്ല. സിനിമകളെക്കുറിച്ച് എല്ലാവരും എഴുതിയത് വായിച്ചു.......ലേഖനത്തിന്റെ അവസാന ഭാഗത്ത് ഈ നവധാരാ സിനിമകളെപ്പറ്റിയുള്ള സത്യമുണ്ടെന്ന് മനസ്സിലായി.....അഭിനന്ദനങ്ങൾ...

Anonymous said...

you are always spoiling the suspense in all your reviews. This seems deliberate.