April 5, 2012

‘കുയിൽക്കൂട്ടിൽ നിന്ന് പറന്നുയരുമ്പോൾ’



കഥകൾ ഉണ്ടാക്കാനുള്ള കഴിവിനെ വിവരദോഷികളല്ലാത്ത ആരും ചോദ്യം ചെയ്യുമെന്നു തോന്നുന്നില്ല. നിരുപദ്രവകരമാണെങ്കിൽ എന്നു കൂടി കൂട്ടിച്ചേർക്കണം. റഷ്യൻ സൈക്യാട്രിസ്റ്റായ കോർസക്കോവ് അപൂർവം ചില മദ്യപാനികളിൽ ഉണ്ടാവുന്ന ഒരു തരം ‘മതിഭ്രമത്തെ’പ്പറ്റി പഠനം നടത്തിയിട്ടുണ്ട്. അടുത്തകാലത്തെ ഓർമ്മയൊക്കെ പോയാലും വിവേചനശേഷികൊണ്ട് അവർ നല്ല അടുക്കുള്ള കഥകൾ മെനയും. കേൾക്കുന്നവർ വിശ്വസിക്കും. അതേ പറ്റൂ. “രാവിലെ തിരുമലയിലെ രവിയേട്ടന്റെ വീട്ടിൽ പോയിരുന്നു അവിടെ നിന്ന് പുട്ടും കടലയും പഴവുമാണ് കഴിച്ചത്. പാലില്ലായിരുന്നു. അതുകൊണ്ട് ചേച്ചി കട്ടങ്കാപ്പിയിട്ടു തന്നു. പിന്നെ രവിയേട്ടൻ തന്നെ ഇവിടെ കൊണ്ടു വിട്ടു.” എന്നാണ് ഒരാഴ്ചയായി ആശുപത്രിയിൽ കിടക്കുന്ന ഒരു രോഗി ഡോക്ടറോട് തട്ടി വിട്ടത്. ഈ കഥയുണ്ടാക്കലിന് - കൺഫാബുലേഷന്- കോർസക്കോവ് സിൻഡ്രോം എന്നാണ് പേര്.** ഇത്രയും വരെ കുഴപ്പമില്ല. പക്ഷേ കഥകൾ ലൈംഗികമായ വിവക്ഷകൾ ഉള്ളതാകുമ്പോഴോ? ഫലശ്രുതി മാറും. അതും വിറ്റാമിൻ ബി1 ന്റെ കുറവുകൊണ്ടു തന്നെയാകുമോ? കള്ളക്കഥകളുണ്ടാക്കി മണിക്കൂറുകളോളം സംസാരിക്കുന്ന ഒരു വ്യക്തിയെ നേരിട്ടറിയാം. അതിലെ മാരകമായ കാര്യം ആ കഥകൾ കൊണ്ട് അവരുണ്ടാക്കുന്ന വ്യക്തിഹത്യകളാണ്. ഓർമ്മക്കുറവ് അടിയ്ക്കടി തന്നെ അലട്ടുന്നുണ്ടെന്ന് സ്വയം ആവർത്തിക്കുന്ന അവർക്ക് അസാധാരണമായ വിധത്തിൽ ലൈംഗികത പ്രശ്നമാണെന്ന് അവരുടെ തന്നെ വാക്കുകളിൽ നിന്ന് തിരിച്ചറിയാൻ വിഷമമില്ല. അതുകൊണ്ടു തന്നെ അത് ഗൌരവമുള്ള സംഗതിയാണ്. പക്ഷേ നമ്മുടെ പതിവനുസരിച്ച് നാം മറ്റേ വശത്തേയ്ക്ക് നോക്കില്ല.

കുറച്ചു നാളുകൾക്കു മുൻപ് വന്ന വാർത്തയാണ്. ഹയർ സെക്കണ്ടറിയുടെ വർഷാവസാന പരീക്ഷ നടക്കുന്ന സമയം. നഗരത്തിലെ ഒരു സ്കൂളിൽ പെൺകുട്ടി പരീക്ഷയെഴുതാൻ എത്തിയില്ല. വീട്ടിൽ നിന്ന് സമയത്തിനു തന്നെ ഇറങ്ങിയ കുട്ടിയാണ്. അന്വേഷണത്തിനൊടുവിൽ സ്കൂളിന്റെ ഏറ്റവും മുകളിലത്തെ നിലയിൽ ടെറസ്സിൽ കൈകൾ ഷാളുകൊണ്ട് ബന്ധിച്ച നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. പരീക്ഷാഡ്യൂട്ടിയ്ക്കു വന്ന ഒരു അദ്ധ്യാപകൻ തന്നെ അവിടെ കൂട്ടിക്കൊണ്ടു വന്നു ബന്ധിച്ചു എന്നാണ് കുട്ടി പറഞ്ഞ കഥ. ബന്ധിച്ചതേയുള്ളൂ. മറ്റൊന്നും സംഭവിച്ചിട്ടില്ല. പറച്ചിലിലെ പൊരുത്തക്കേടുകളും സംഭവത്തിന്റെ ഗൌരവവും കണക്കിലെടുത്ത് കൂടുതൽ ചോദ്യം ചെയ്തപ്പോൾ സംഭവം കുട്ടിയുടെ ഭാവനാസൃഷ്ടിയാണെന്ന് മനസ്സിലായി. പരീക്ഷയോടുള്ള ഭയം ഒരു കഥയായതാണ്. തനിക്ക് അപരിചിതനായ ആളുവന്ന് കെട്ടിയിട്ടാൽ പിന്നെങ്ങനെ പരീക്ഷയെഴുതും? സ്വന്തം കുറ്റബോധത്തിൽ നിന്നും അമിതമായ മാനസിക സമ്മർദ്ദത്തിൽ നിന്നും ഒരു കള്ളക്കഥ മനസ്സറിയാതെ അവളെ രക്ഷിച്ചു. ഭ്രമകൽ‌പ്പന എങ്ങോട്ടേയ്ക്കൊക്കെ വളർന്നിരിക്കും എന്നറിയാൻ പിന്നീടാരും ഉത്സാഹിക്കാത്തതുകൊണ്ട് കഥയ്ക്ക് ബാക്കിഭാഗം ഇല്ല. ഒരു കൌമാരക്കാരിയുടെ ‘കൊച്ചുഭൂകമ്പം’ തുടങ്ങിയടത്തു തന്നെ അവസാനിച്ചിരിക്കണം.

വിനയ തന്റെ ആത്മകഥയിൽ ഒരു സിനിമാ തിയേറ്ററിൽ വച്ച് മുന്നോട്ടു കാൽ നീട്ടിയപ്പോൾ ചെന്നു കൊണ്ട ആന്റി എഴുന്നേറ്റ് കവിളത്തടിച്ച കാര്യം പറയുന്നുണ്ട്. തന്നെ ചവിട്ടിയത് ഒരു പയ്യനാണെന്ന് തെറ്റിദ്ധരിച്ചിട്ടായിരുന്നു അത്. പെണ്ണിന്റെ കാലുവന്നു അറിയാതെ കൊള്ളുന്നതിൽ ലൈംഗികമായ വിവക്ഷകളില്ല. അതുകൊണ്ട് അതു തെറ്റല്ല. തീവണ്ടിയിൽ മുകളിലത്തെ ബെർത്തിൽ കിടന്നുറങ്ങവേ, കിടക്കുന്നത് ആണാണെന്ന് വിചാരിച്ച് തന്റെ കൂടെ വന്നു കിടന്ന് യാത്ര ചെയത് ആണൊരുത്തനെപ്പറ്റിയും വിനയ എഴുതിയിട്ടുണ്ട്. താൻ രാത്രി മുഴുവൻ കിടന്നിരുന്നത് ഒരു സ്ത്രീയോടൊപ്പമായിരുന്നെന്ന് അവൻ അറിഞ്ഞിരുന്നെങ്കിൽ എന്തായിരുന്നേനേ അവന്റെയുള്ളിലെ ഭൂകമ്പം? റയിൽ‌വേ പുതിയ സദാചാരനീതികൾ നടപ്പാക്കിത്തുടങ്ങിയ ‘ഈ അടുത്ത കാലത്തെങ്ങാനും’ പഴയ ഓർമ്മ അവനിലുണർന്നിരുന്നെങ്കിൽ. തീർച്ചയായും ഊളമ്പാറയിലെ ഒരു ഓ പി ടിക്കറ്റ് അവനായി വിറകൊണ്ടേനേ.

കുറേക്കാലം ഒരു പ്ലസ് ടുകാരി ഒരു അദ്ധ്യാപകനോട് ‘ഇന്നു രാവിലെ സാറെന്നെ കണ്ടിട്ട് മിണ്ടാതെ പോയല്ലേ’, എന്നു സ്ഥിരമായി ചോദിക്കുമായിരുന്നു. ഒരിക്കൽ ‘രാവിലെ എപ്പോൾ’ എന്നു ചോദിച്ചപ്പോഴാണ് രസം. ഏഴുമണിക്കാണ്. അതും അവൾ ട്യൂഷനുപോകുമ്പോൾ അവളുടെ വീട്ടിനു നടയിൽ സൈക്കിളിൽ കാവലു നിൽക്കുന്ന അയാൾ, അവളുടെ കൂടെ ട്യൂഷൻ സെന്റർ വരെ പോകും. പക്ഷേ ഒന്നും മിണ്ടുന്നില്ല. സ്കൂളിൽ നിന്ന് വളരെ അകലെ താമസിക്കുന്ന സ്വന്തമായി സൈക്കിളില്ലാത്ത അദ്ധ്യാപകൻ എന്തിനാണ് എന്നും രാവിലെ പെൺകുട്ടിയുടെ വീടിനരികിൽ ചെന്നു കാവലു നിൽക്കുന്നത്? ആദ്യം ഒരു തമാശയായി തോന്നിയെങ്കിലും സംഗതി ആകെ കുഴമറിഞ്ഞതാണെന്ന് അയാൾക്ക് മനസ്സിലാവുന്നത് രണ്ടു ദിവസം കഴിഞ്ഞിട്ടാണ്. അന്ന് കുട്ടി പറഞ്ഞത്, ‘രാവിലെ സാറിനു മുൻപിൽ സൈക്കിളിൽ പോയതാരാണെന്ന് കണ്ടോ? അതാണ് സുജച്ചേച്ചി’ എന്നാണ്. ഈ സുജച്ചേച്ചി ആരാണെന്നല്ലേ, അതേ സ്കൂളിൽ പഠിച്ചിരുന്ന, രണ്ടു വർഷങ്ങൾക്കു മുൻപ് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്ത കുട്ടിയാണ്. ഒരു പിരീഡ് മുടക്കി കുട്ടിയോട് ഒറ്റയ്ക്ക് വിശദമായി സംസാരിച്ചപ്പോഴാണ് കുട്ടിയെ കാണാൻ വരുന്ന, മരിച്ചവരുടെ വിവരം കിട്ടുന്നത്. അതിലൊരാൾ എഞ്ചിനീയറിംഗിന് പഠിച്ചുകൊണ്ടിരിക്കെ ബൈക്ക് അപകടത്തിൽ മരിച്ച ഒരു ‘സജിത്ത്’ആണ്. രാത്രിയാണ് വരിക. ജനാലയ്ക്കപ്പുറത്ത് നിൽക്കും. അന്ന് സ്കൂളിൽ സംഭവിച്ചതും വീട്ടിലുണ്ടായതുമായ മുഴുവൻ വിവരങ്ങളും കേൾക്കും. പറ്റിയാൽ ചില ഉപദേശങ്ങൾ നൽകും. മരിച്ചുകഴിഞ്ഞാൽ ആളുകൾ കടലിനടിയിലെ കൊട്ടാരത്തിൽ പോകുമെന്നും അവിടെ നല്ല രസമാണെന്നും കാണാൻ സുന്ദരനായ ഈ പയ്യനാണ് കുട്ടിയെ അറിയിച്ചത്. വിവാഹം കഴിക്കരുതെന്നും അതു ഭയങ്കര വേദന നൽകുന്ന കാര്യമാണെന്നും കുട്ടി പറഞ്ഞു. കണ്ണീരിനു പകരം പലപ്പോഴും ചോര വരാറുണ്ടെന്നും അത് താൻ കുപ്പിയിലെടുത്ത് സൂക്ഷിച്ചിട്ടുണ്ടെന്നും പറഞ്ഞു. സജിത്തിനെ അവൾക്ക് നേരിട്ടറിയില്ല. പത്രത്തിൽ കണ്ട ഒരു ഫോട്ടൊ മനസ്സിലെടുത്തു വച്ചിരിക്കുകയായിരുന്നു. കാലങ്ങളോളം.

ഭാവനകൾ കാടുകയറുമ്പോഴാണ് മതിഭ്രമങ്ങളാവുക. പുറത്തേയ്ക്കുള്ള വഴിയറിയാതെയും പകല്വെളിച്ചം കാണാതെയും അവിടെ നിന്ന് നട്ടം തിരിയും. സത്യത്തിന്റെയും സ്വപ്നത്തിന്റെയും അതിരുമായുന്നത് എപ്പോഴാണെന്ന് പറയാനാവില്ല. പെൺകുട്ടിയെ സൈക്കിളിൽ പിന്തുടരുന്ന അദ്ധ്യാപകന്റെ സ്ഥിതിയെന്താണ്? കൂടുതൽ സംസാരിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്, അവിടത്തെ പ്രശ്നം കുട്ടിയുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ടതായിരുന്നു എന്നാണ്. അതിസുന്ദരിയായ കുട്ടി ആൺകുട്ടികളിൽ നിന്ന് കമന്റുകളും ലൈംഗിക ക്ഷണങ്ങളും ഏറ്റുവാങ്ങിക്കൊണ്ടിരുന്നു. നിരന്തരം. അതിൽ നിന്നൊഴിയാൻ അവളുടെ മനസ്സുകണ്ടു പിടിച്ച ഉപാധിയാണ്, രാവിലെ ഏറെക്കുറെ വിജനമായ റോഡിൽ അദ്ധ്യാപകന്റെ എസ്കോർട്ട്. അപകടമില്ലാതെ അയാൾ രക്ഷപ്പെട്ടു. പക്ഷേ ആ കല്പന സത്യം തന്നെയാണെന്ന് കുട്ടി എങ്ങനെ വിചാരിച്ചു തുടങ്ങി? അതൊരാളുടെ മാനസികാവൃത്തിയുടെ പ്രശ്നം മാത്രമായി തങ്ങി നിൽക്കാത്തിടത്ത് കുഴപ്പമാണ്. ശരീരഭാഗങ്ങളിൽ തൊട്ടുകളിക്കുന്നതുപോലെ തന്നെ കുഴപ്പമാണ്, ഒരു തൊടൽ എപ്പോഴും എനിക്കു പിന്നാലെയുണ്ടെന്ന അമിതഭയവും. കൌമാരം രണ്ടാം ബാല്യമാണ്. അവിടെ നിന്നും ലഭിക്കുന്ന കോഡുകൾക്ക് ബാക്കി ജീവിതത്തിൽ കാതലായ കാര്യങ്ങൾ ചെയ്യാനുണ്ട്. നാം ഇന്ന് പെൺ കുട്ടികൾക്ക് കൊടുക്കുന്ന പാഠം ആണുങ്ങളെ മുഴുവൻ പീഡകരാക്കിക്കൊണ്ടുള്ളതും ലൈംഗികത എന്ന കൊടും പാപത്തെക്കുറിച്ചുള്ളതുമാണ്. അച്ഛൻ പീഡിപ്പിക്കുന്നതും കൊച്ചുകുഞ്ഞിനെ പിച്ചിച്ചീന്തുന്നതുമായ കഥകളാണ് ഇന്നത്തെ ഗുണപാഠകഥകൾ. സമൂഹത്തിലെ ഭൂരിപക്ഷത്തിനെ സംബന്ധിച്ചും പെൺകുട്ടികൾക്ക് ലൈംഗികതയെന്ന സംഗതിയേ ഇല്ല. വരുന്നതും ഉണ്ടാവുന്നതുമായ എല്ലാം അവരുടെ ഇച്ഛയ്ക്ക് വിരുദ്ധമായുള്ള കുത്തിത്തുളപ്പുകളാണ്. പുറത്തെടുക്കാനാവാത്ത ലൈംഗികതയാണ് പെൺകുട്ടികളുടെ ഫോൺ വിളികളും കൽ‌പ്പനാകാകളികളും മോഷണശ്രമങ്ങളും പരദൂഷണവും അമിതാഭിനയവും മറ്റും മറ്റുമായി മാറിക്കൊണ്ടിരിക്കുന്നത്. (ആൺകുട്ടികളുടെയും. പക്ഷേ അവരെന്തു ചെയ്യുന്നുവെന്നത് സമൂഹത്തിന്റെ ഉറക്കത്തെ അങ്ങനെ കെടുത്തുന്ന കാര്യമല്ല.) കുട്ടികൾക്ക് സംസാരിച്ചാൽ മതി. പക്ഷേ ആരോട്? ‘എന്താ നിനക്കിത്രമാത്രം സംസാരിക്കാൻ’ എന്നാണ് അവർ നേരിടുന്ന ചോദ്യം. പിന്നെ അവരെന്തു ചെയ്യണം? എന്നിട്ടും കൌമാരക്കാരിയുടെ അടിവസ്ത്രത്തിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന മൊബൈൽ ഫോണാണ് നമ്മുടെ ഉറക്കം കെടുത്തുന്ന വസ്തു!

അസാധാരണനായ ധിഷണാശാലിയായിരുന്നു അൽത്തൂസർ. പക്ഷേ ആലോചനാശേഷികൊണ്ട് മനസ്സിന്റെ അലകളെ ഒതുക്കാൻ കഴിഞ്ഞില്ല. 27 വയസ്സുവരെ സ്വയംഭോഗം ചെയ്യാൻ അറിഞ്ഞുകൂടായിരുന്നെന്നും 29 -ലാണ് ആദ്യമായി രതി അനുഭവിച്ചതെന്നും അൽത്തൂസർ എഴുതി. കഠിന വിഷാദമായിരുന്നു ഫലം. ഹെലനുമായുള്ള ആദ്യവേഴ്ചയ്ക്കു ശേഷം അൽത്തൂസർ നേരെ പോയത് വിഷാദരോഗത്തിനുള്ള ചികിത്സയ്ക്കാണ്. കുറ്റബോധം കൊണ്ടും കൂടിയാണത്. വൈകാരികമായി അൽത്തൂസറെ വരിയുടച്ച അമ്മയും കത്തോലിക്കസഭയും കൂടിച്ചേർന്ന് സൃഷ്ടിച്ചതാണ് ഈ കുറ്റബോധം. അതവസാനം എത്തിയത് അങ്ങേയറ്റം സ്നേഹിച്ച ഹെലന്റെ കൊലപാതകത്തിലും. ഫ്രാൻസിൽ ജീവിച്ചിരുന്ന ഒരാളിന്റെ കഥ വച്ച് കേരളീയ ജീവിതത്തിന്റെ പങ്കപ്പാടുകളെ സാമാന്യവൽക്കരിക്കുന്നതിലെ പൊട്ടത്തനം അറിയുമ്പോഴും തലകുലുക്കിസമ്മതിക്കാവുന്ന ചിലതുണ്ട്. അത് ആ ‘വൈകാരികമായ വരിയുടക്കൽ’ പ്രക്രിയയും അതിന്റെ അനന്തരങ്ങളുമാണ്. കൊലയ്ക്കുവേണ്ടിയുള്ള ആർത്തുവിളി നമുക്കിടയിൽ ‘വരേണ്യമായി’ തന്നെ പരന്നിട്ടില്ലേ? പെൺകുട്ടികൾക്ക് ‘അമ്മമാരെപ്പോലുള്ള’ ( അമ്മമാരല്ല, പെൺപള്ളിക്കൂടങ്ങളിലെ പതിവു ആചാരമാണിത്) ആന്റിമാർ നൽകുന്ന ഉപദേശങ്ങൾ എമ്പാടും ഉണ്ട്. അങ്ങനെവേണം എന്ന് നിഷ്കർഷയുണ്ട്. (ആരുടെ വക എന്നു ചോദിക്കരുത്) ഉപദേശം ഏറിയകൂറും ലൈംഗികമായ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ്. ലൈംഗികതയെക്കുറിച്ചുള്ള പ്രാഥമികബോധം പോലുമില്ലാതെ എങ്ങനെ ജാഗ്രതയെക്കുറിച്ചു പറയും? ലൈംഗികബോധം മുളച്ചുവരുന്ന അവസരത്തിൽ സമൂഹത്തിലെ ആൺ വർഗം മുഴുവൻ അവരെ പീഡിപ്പിക്കാൻ നടക്കുകയാണെന്ന് സോദാഹരണപ്രഭാഷണങ്ങൾ കാര്യങ്ങളെ എവിടെ എത്തിക്കും എന്ന് കണ്ടറിയാൻ കുറച്ചുകാലങ്ങൾ കൂടി കാത്തിരിക്കണം. നാമ്പുകൾ മുളപ്പൊട്ടുന്നതിന്റെ ഒച്ച, തീവണ്ടികളിലടക്കം എമ്പാടും ഇപ്പോൾ കേട്ടു തുടങ്ങിയിട്ടുണ്ടെങ്കിലും. ലൈംഗികമായ ഇച്ഛാഭംഗങ്ങളിൽ വീർപ്പുമുട്ടിന്ന ഒരു വലിയ സമൂഹം, അടുത്ത തലമുറയെ വാർത്തെടുക്കുന്ന വിധം വിചിത്രമായിരിക്കുന്നു. എത്ര അസംബന്ധമായാലും, നാം ഉണ്ടാക്കിയെടുക്കുന്ന ആശയങ്ങളുടെ അന്തരീക്ഷത്തിലാണ് നമ്മുടെയൊക്കെ ‘ധന്യ’ ജീവിതം. അറിയാതെയാണെങ്കിൽ പോലും എതിർലിംഗത്തിൽ‌പ്പെട്ടയാളിനെ ഒന്നു തൊടുന്നത് കോഴയെയും കൊലയെയും കൊള്ളിവയ്പ്പിനെയും മായം ചേർക്കലിനെയും കാൾ വലിയ കുറ്റമാവുന്ന ഒരു ലോകം ഇപ്പോൾ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു. ‘അമ്മ അറിയാൻ’ കാലത്ത് രാഷ്ട്രീയ ബോധമുള്ള ചെറുപ്പകാർ സംഘടിച്ചതും പ്രതിഷേധിച്ചതും സാമൂഹികമായ അസമത്വങ്ങൾക്കും പൂഴ്ത്തിവയ്പ്പിനുമെതിരെയായിരുന്നു. ഇന്നോ? അനാശാസ്യം ആരോപിച്ച് വീടിന്റെ വാതിൽ തല്ലിപ്പൊളിക്കാൻ, പെൺ സദാചാരം കാത്തുസൂക്ഷിക്കാൻ, ഉത്സവപരിപാടികൾക്ക് പണം പിരിക്കാൻ, ദുരന്തങ്ങൾക്കു മുന്നിൽ നിന്ന് മൊബൈൽ ക്യാമറകൾ ഓണാക്കാൻ, ഒരു മാപ്പപേക്ഷയ്ക്കും തണുപ്പിക്കാനാവാത്ത മട്ടിലുള്ള കൊലവെറികൾക്ക്...

*കെൻ കെസ്സിയുടെ നോവൽ
** ‘ഓർക്കാനുണ്ട് കുറേ ഓർമ്മകൾ’ - ഡോ. കെ രാജശേഖരൻ നായർ,

അനു:
ഇതും ലൈംഗികമായ ശരണമില്ലായ്മയുടെ ഒരു ആൺപ്പതിപ്പല്ലെന്ന് ആരുകണ്ടു?

12 comments:

Jayesh/ജയേഷ് said...

നല്ല പോലെ പഠിക്കേണ്ട വിഷയം തന്നെ മാഷേ..നന്ദി

Cv Thankappan said...

ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.
ആശംസകള്‍

ajith said...

ശ്രദ്ധിച്ചു വായിച്ചു

ശ്രീനാഥന്‍ said...

നല്ലൊരു കുറിപ്പ്!

Pheonix said...

വിഷയ സംബന്ധിയായ കൂടുതല്‍ കുറിപ്പുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

Echmukutty said...

നല്ലൊരു കുറിപ്പ്...നന്നായി എഴുതി.

Anonymous said...

തനിക്ക് മുഖമില്ലാത്ത ഏതെങ്കിലും ഇടവഴിയില്‍ ഒരു സുന്ദരിയെ കണ്ടാല്‍ ആണ്കാമാര്‍ത്തനാവില്ല എന്ന് ഉറപ്പിച്ചു പറയാനാവുമോ?
പെങ്ങളുടെ ഫോണില്‍ നിരന്തരമായി വരുന്ന അണ്‍നോണ്‍ നമ്പറിലെ കോളും...ആണൊരുത്തന്‍ ഫോണെടുത്താല്‍ കേള്‍ക്കുന്ന തെറിയും എന്റെ ഉപബോധത്തിന്റെ കഥ മെനയലാണോ?

വെള്ളെഴുത്ത് said...

പെങ്ങളും അമ്മയും നമ്മുടെ സ്പോൺസർഷിപ്പിനു കീഴെയാവുന്നതും കാമം ചീത്തയാണല്ലോ എന്ന നൊമ്പരവും വെറും കഥ മെനയലല്ലെന്നല്ലേ പറഞ്ഞു വന്നത്...

Anonymous said...

Nice post all the best "vellezhuthth"

said...

തിരുവനന്തപുരത്തെ പ്രസിദ്ധനായ സൈകട്രിയസ്സ്റ്റ് ആണ് ഡോ :വിജയചന്ദ്രന്‍,സാഹത്യവും ,ബുദ്ധിസ്സവും അദ്ദേഹത്തിന്‍റെ പ്രിയ വിഷയങ്ങള്‍.ഏതു സാഹത്യത്തെ കുറിച്ച് ചോദിച്ചാലും അദ്ദേഹം അത് വിശദികരിച്ചു പറയും ,പലപ്പോഴും അദ്ദേഹത്തിന്‍റെ അറിവ് എന്നെ അത്ഭുതപ്പെടുത്താര്‍ ഉണ്ട് .ഇന്ന എഴുത്തുകാരന്‍റെ പുസ്തകം വായിച്ചിട്ടുണ്ടോ ,അത് വായിച്ചിട്ടില്ലേ ഇന്നി ഇതൊക്കെ ഏതു ജന്മത്തില്‍ ആണ് വായിക്കാന്‍ പോകുന്നത് എന്നൊക്കെ ചോദിക്കും ,പലപ്പോഴും പറയും ഈ ജോലി തിരക്ക് കാരണം ഒന്നും വായിക്കാന്‍ പറ്റുന്നില്ല എന്നൊക്കെ .തിരക്ക് കുറഞ്ഞ ദിവസങ്ങളില്‍ മാത്രമേ ഞങ്ങള്ക് തമ്മില്‍ സംസാരിക്കാന്‍ സമയം കിട്ടുകയുള്ളൂ .എപ്പോഴും സംസാരം ചെന്ന് നില്കുന്നത് പുസ്തകത്തെ കുറിച്ചും ,എഴുത്ത് കാരെ കുറിച്ചും ആകും .സാഹിത്യകുറിച്ച് ഒന്നും അറിയാത്ത ഞാന്‍ നല്ല ഒരു കേള്‍വി കാരി ആകും .ഇന്നും കുറച്ചു സമയം കിട്ടിയപ്പോള്‍ അദ്ദേഹം എന്‍റെ മുറിയില്‍ വന്നു എന്നിട്ട് ചോദിച്ചു ഈ പ്രാവിശ്യത്തെ മാതൃഭൂമി യില്‍ ഒരു ലേഖനം ഉണ്ട് സൈകൊലോജി പരം ആയിട്ടുള്ളതാണ് ,ഏതോ ബ്ലോഗില്‍ നിന്നാണ് ,അത് വായിക്കണം , എഴുത്തുകാരന്‍ ഒരു സൈക്കോലോജിസ്സ്റ്റ് ആണ് എന്ന് തോന്നുന്നു .ഞാന്‍ ചോദിച്ചു അതില്‍ എന്താണ് എഴുതിരികുന്നത് ,അപ്പോള്‍ വിഷയം പറഞ്ഞു ,എനിക്ക് മനസ്സിലായി അത് വെള്ളെഴുത്ത് ആണ് എന്ന് .ഞാന്‍ പറഞ്ഞു ഇത് ഞാന്‍ നേരത്തെ വായിച്ചതു ആണ് ,ഇതില്‍ പറഞ്ഞ സംഭവങ്ങള്‍ എനിക്ക് അറിയാവുന്ന വയാണ് . ഡോക്ടര്‍ ചോദിച്ചു ഇദ്ദേഹത്തെ അറിയുമോ ന്ന്,ജോലി എന്താണ് എന്നും മറ്റും .ഇത് നേരില്‍ അനുഭവിച്ചവര്‍ക് മാത്രമേ ഇങ്ങന്നെ ഈ രിതി യില്‍ എഴുതാന്‍ കഴിയു യെന്ന്‌ .നാം ഇന്ന് പെൺ കുട്ടികൾക്ക് കൊടുക്കുന്ന പാഠം ആണുങ്ങളെ മുഴുവൻ പീഡകരാക്കിക്കൊണ്ടുള്ളതും ലൈംഗികത എന്ന കൊടും പാപത്തെക്കുറിച്ചുള്ളതുമാണ് ഈ പറഞ്ഞത് ഡോക്ടര്‍ക്ക് ഇഷ്ട്ടപ്പെട്ടുവെന്നും ,വെള്ളെഴുത്ത് കാര്യങ്ങള്‍ വളരെ സത്യ സന്ധമായി പറഞ്ഞിരിക്കുന്നു ,നല്ല എഴുത്ത് ,മനശാസ്ത്രത്തെ കുറിച്ച് വളരെ ആഴത്തില്‍ മനസ്സിലാക്കി ഇരിക്കുന്നു വെന്ന് പറഞ്ഞു ഒരുപാടു പുകഴ്ത്തി സംസാരിച്ചു .നമ്മക് വ്യക്തിപരമായി അറിയാവുന്ന വ്യക്തിയെ കുറിച്ച് ആയിരം കണക്കിനു കേസ്സുകള്‍ കൈകാര്യം ചെയ്യുന്ന ഞാന്‍ ബഹുമാനികുന്ന എന്‍റെ പ്രിയ ഡോക്ടര്‍ പറഞ്ഞു കേട്ടപ്പോള്‍ ,വര്‍ഷങ്ങള്‍ ക് മുന്‍പ്പ് വെള്ളക്ക് ഒന്നാം റാങ്ക് കിട്ടി യെന്ന്‌ അറിഞ്ഞപ്പോള്‍ ഉണ്ടായ അതെ സന്തോഷം ഉണ്ടായി ,വെള്ളെഴുത്ത് ന്ന് എല്ലാ വിധ ആശംസകളും

Portrait oil paintings said...

Very good post.I like your blog very much and I will be share it with my friends.Thank you for your good writing.

Roshan PM said...

വളരെ വളരെ വളരെ ഇഷ്ട്ടപ്പെട്ടു. നന്ദി