March 20, 2012

തേവിടിശ്ശി നീയെന്തിനു കഞ്ഞി തേവി വച്ചത്, ചോറെനിക്കില്ലേ?



“അവളും സാധാരണ വേശ്യയും തമ്മിൽ ഒരൊറ്റ വ്യത്യാസമേ ഉള്ളൂ. വേശ്യ കൂലിപ്പണി കാരെപ്പോലെ അവളുടെ ശരീരം അൽ‌പ്പാൽ‌പ്പമായി വിൽക്കുമ്പോൾ മറ്റവൾ എല്ലാം കൂടി ഒറ്റയടിക്ക് വിറ്റ് എന്നെന്നേയ്ക്കുമായി അടിമത്തം വരിക്കുന്നു.”
- എംഗത്സ് - കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം എന്നിവയുടെ ഉത്ഭവം


പുതിയ ഡ്രസ്സ് ഇട്ടു വന്ന 5 വയസ്സുകാരി കൊച്ചു സുന്ദരിയെ ‘സെക്സി’ എന്നു വാത്സല്യത്തൊടെ വിളിച്ചതിന് അതിന്റെ അമ്മ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ കലമ്പിയ ഒരോർമ്മയുണ്ട്. വിളിച്ചത് അത്യാവശ്യം ഇംഗ്ലീഷ് അറിയാവുന്ന ആളാണ്. സെക്സിയെന്നാൽ ‘ബ്യൂട്ടി’ എന്ന അർത്ഥത്തിൽ പ്രചാരമുള്ള വാക്കാണെന്നൊക്കെ പറഞ്ഞിട്ടും അവർക്ക് രുചിച്ചതായി തോന്നിയില്ല. വാക്കുകൾക്ക് പലപ്പോഴും വക്താവ് ഉദ്ദേശിച്ച അർത്ഥം തന്നെ ശ്രോതാവ് എടുക്കണമെന്ന് ശഠിക്കാൻ പൊതുവ്യവസ്ഥയില്ല. ദേശീയ വനിതാകമ്മീഷൻ അദ്ധ്യക്ഷ മമതാ ശർമ്മ ‘സെക്സി’ വിളിയെ നല്ല അർത്ഥത്തിലെടുക്കാനാണ് ജയ്പൂരിൽ വച്ച് പുതുതലമുറക്കാരികളെ ഉപദേശിച്ചത്. അങ്ങനെ ആരും എടുത്തതായി തോന്നുന്നില്ല. താൻ വിശാലമായ അർത്ഥത്തിൽ പറഞ്ഞകാര്യം മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്തതാണെന്ന് അവർ പിന്നീട് വിശദീകരിച്ചു. ഋത്വിക് റോഷനും ജോൺ എബ്രഹാമും റസ്സൽ ക്രോയും എന്തിന് സ്ഥിരം വളഞ്ഞു കുത്തി നിൽക്കുന്ന നമ്മുടെ (മരിച്ചു പോയ) രഘുവരനും വരെ ‘സെക്സി’യാണെന്ന് പറയുന്നത് കേട്ടിട്ടുണ്ട്. ആണുങ്ങളാരും കലഹിക്കാറില്ല. കാരണം ലൈംഗികമായ വിവക്ഷകളുള്ള വിശേഷണങ്ങൾ ആണിന് പൊൻ‌തൂവലും പെണ്ണിന് കാക്കത്തൂവലുമാണ്. ലൈംഗികം ‘ലിംഗ’ത്തെ സംബന്ധിക്കുന്ന സംഗതിയാണല്ലോ. അതിനെ ഇതുവരെ ‘യൌനികം’ കൂടി ആക്കണമെന്ന് ആർക്കും തോന്നാത്തതെന്ത്? ( ഇങ്ങനെ ആരോ എഴുതിയിരുന്നില്ലേ) എങ്കിൽ പോലും അതൊറ്റയ്ക്ക് ഒറ്റയ്ക്ക് തെറിച്ചു നിൽക്കും. ‘സ്വയം ബ്ലോഗങ്ങൾ’ പോലെ. ലിംഗത്തിന്റെ മാത്രം പ്രവൃത്തിയാണ് ‘സെക്സ്’ എന്നമട്ടിൽ ഉറച്ചുപോയ ബോധം അതിന്റെ പിന്നിലുണ്ട്. പരസ്പരനീക്കുപോക്കുകളുടെ ലിംഗാതീതമായ ഒരു വാക്ക് ഇനിയെങ്ങാനും ആ മേഖലയിൽ ഉണ്ടായി വരുമോ എന്ന് കണ്ടറിയണം. ഭാഷയിൽ എത്ര പൊളിച്ചെഴുത്ത് നടന്നതാണ്. ഇക്കാര്യത്തിൽ കൂലംകഷമായ ഒരാലോചനകൂടി നടന്നതായി പോലും അറിവില്ല. തലച്ചോറിനെ ആകെ വട്ടംചുറ്റിപ്പിടിച്ചിരിക്കുകയാണെങ്കിലും അതൊരു ‘വൃത്തികെട്ട’ കാര്യമായി ഇന്നും ബോധത്തിൽ ഉറച്ചിരിക്കുന്നതുകൊണ്ടായിരിക്കും. രതിയെന്നൊരു പദം ലൈംഗികതയ്ക്കു പകരം ഉപയോഗിക്കാറുണ്ട്. രതിനിർവേദത്തിനു ശേഷം ‘രതിച്ചേച്ചി’യെന്ന് ആർത്തു വിളിക്കുന്ന ആൺകൂട്ടം ‘സെക്സി’യെന്ന പദത്തെ മലയാളീകരിക്കുകയാണെന്ന് പറഞ്ഞാൽ ശരിയാവുമോ? സെക്സിനു ‘സുരതം’ എന്നൊരു തറവാടി പരിഭാഷയുണ്ട്. ലൈംഗികം എത്രത്തോളം ആണായിരിക്കുന്നുവോ അത്രത്തോളം പെണ്ണാണ് രതി. സുരതം അത്ര തന്നെ നപുംസകവും. പക്ഷേ അബോധത്തിലെ അടക്കിപ്പിടിച്ച ചാർച്ചകൾ മുഖം മിനുക്കിയ വാക്കുകളെയല്ല തേടിപ്പിടിക്കുക.

സഹപ്രവർത്തകയെ ആവർത്തിച്ച് ‘ബിച്ച്’ എന്നു വിളിക്കുന്നത് അഥവാ പരാമർശിക്കുന്നത്, ലൈംഗിക പീഡനത്തിന്റെ പരിധിയിൽ വരുന്ന കാര്യമാണെന്ന് മദ്രാസ് ഹൈ കോടതി കുറച്ചു ദിവസങ്ങൾക്കു മുൻപ് ഉറപ്പിച്ചു പറഞ്ഞിരുന്നു. എഗ്മോറിലെ ഡോൺ ബോസ്കോ സ്കൂളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ( ടൈംസ് ഓഫ് ഇന്ത്യ, മാർച്ച് 18)പട്ടി എന്ന വിളിയിൽ തന്നെയുണ്ട് നികൃഷ്ടത. അതിനേക്കാൾ അപകൃഷ്ടമാവുന്നു കാര്യങ്ങൾ, അതിൽ ആശാസ്യമല്ലാത്ത ലൈംഗിക സൂചനകൾ കൂടി കലരുമ്പോൾ. പെൺ പട്ടി മറയ്ക്കേണ്ടിടം മറയ്ക്കാതെ, ആർക്കും അനാവൃതയാവുന്നവളാണ്. സംസ്കാരത്തിനു യോജിച്ച ഒരു പ്രവൃത്തിയല്ലിത്. ( ‘അടച്ചു വച്ചിട്ടില്ലീ ഭാജനം, കിടാവിനു കുടിക്കാനുണ്ണാൻ നീ തുറന്നതിൽ പിന്നെ’ എന്ന് മറ്റൊരു തുറന്നു വയ്പ്പിനെപ്പറ്റി ഒളപ്പമണ്ണ സുഫല എന്ന കവിതയിൽ. ഇതാണ് സംസ്കാരത്തിന്റെ പ്രശ്നം. ഒരിടത്ത് തുറന്നു വയ്പ്പ് അശ്ലീലം. മറ്റൊരിടത്ത് തുറന്നു വയ്പ്പ് വരേണ്യം. അമ്മവീടിന് ആഢ്യത്വവും നിഗൂഢതയും ദിവ്യത്വവും കൊടുത്ത് വാ പൊത്തുന്ന അതേ ധർമ്മസംഹിതകൾ തന്നെയല്ലേ ചിന്ന വീടുകളുടെ കതവു ചവിട്ടിപ്പൊളിക്കുന്നതും? ) വിളിയിൽ പക്ഷേ ആ പ്രവൃത്തിയില്ല, പക്ഷേ ആരോപണമുണ്ട്. അതാണ് അപകടം. അങ്ങനെയല്ലാതിരിക്കാൻ ശ്രമിക്കുന്ന ഒന്നിനെ അതാക്കി മാറ്റുക. വാക്കുകൾ കൊണ്ട്. അച്യുതാനന്ദന്റെ ‘അഭിസാരിക’ പ്രയോഗത്തിലും അങ്ങനെയൊരു അർത്ഥമാണ് നാം വായിച്ചെടുത്തത്. ‘മാരശരാതുരയായി’ കാമുകസവിധത്തിലേയ്ക്ക് ഒറ്റയ്ക്ക് നടന്നു പോകുന്ന പെണ്ണാണ് അഭിസാരിക. സ്ത്രീ, ആൺ തുണകൂടാതെ നടന്നു പോകുന്നതും കാമുകനെ കാണുന്നതും തെറ്റാവുന്നത് ചില ധാരണകൾ നമ്മളിൽ ഉറച്ചുപോയതുകൊണ്ടാണ്. എങ്കിൽ കുമാരനാശാന്റെ നളിനിയും ലീലയുമൊക്കെ അഭിസാരികമാരാണ്. രമണന്റെ ആത്മഹത്യയുടെ പ്രേരണാകുറ്റം ചുമത്തപ്പെട്ട ചന്ദ്രികയും ഏറെക്കുറെ അതെ. പക്ഷേ ‘അഭിസാരിക’ വിളിയിൽ അതല്ല സംഭവിച്ചിരിക്കുന്നത് അതിന്റെ വാച്യാർത്ഥങ്ങൾ സസ്പെൻഡ് ചെയ്യപ്പെടുകയും ആ പദം ‘വേശ്യയുടെ’ പര്യായമായി തീരുകയും ചെയ്തതാണ് പ്രശ്നം. (ദേവന്റെ സ്ത്രീയായിരുന്ന തേവിടിച്ചി, ഇന്ന് ചീത്തവാക്കായതുപോലെയൊരു പരിണാമമാണിതും) അപ്പോഴും ബോധം തലകുത്തി നിൽക്കുന്നതിന്റെ ഒരു പ്രശ്നമുണ്ട്. നമ്മുടെ വേശ്യാ സങ്കല്പങ്ങളിൽ കുടിയിരിക്കുന്ന സ്ത്രീ, പുരുഷനെ കറിവേപ്പില പോലെ ഉപയോഗിക്കുകയും സമ്പത്തെല്ലാം ഊറ്റിയശേഷം ഉപേക്ഷിക്കുകയുമാണ് പതിവ്. അതുകൊണ്ടാണ് അവൾ സ്വീകാര്യയല്ലാത്തത്. തീരെ വിശ്വസ്തയല്ല. (മലയാളത്തിലെ പ്രാചീന കാവ്യം ‘വൈശിക തന്ത്രത്തിൽ’ അമ്മൂമ്മ, പെൺകുട്ടിയെ ഉപദേശിക്കുന്നു : ‘പിഴിഞ്ഞു കൊണ്ടീടു ധനം ധനാഢ്യാൻ,കളഞ്ഞീടപ്പാൽ പിഴി വീര പോലെ’) അച്യുതാനന്ദന്റെ വിശേഷണത്തിൽ, പുരുഷന്മാർ ഉപയോഗിച്ച ശേഷം വലിച്ചെറിയപ്പെടുന്നവളായി സ്ത്രീ. ‘അഭിസാരിക’പ്രയോഗത്തിൽ വല്ലാതെ രമിച്ചതുകൊണ്ട് ആ ഭാഗം ആരും ശ്രദ്ധിച്ചുമില്ല.

എങ്ങനെ നോക്കിയിട്ടും കാര്യമില്ല, അർത്ഥം ലൈംഗികതയിൽ ചെന്നാണ് നിൽക്കുന്നതെങ്കിൽ. അതാണു സത്യം. ഭർത്താവിന്റെ ഉണങ്ങിയതും വാതം മൂർച്ചിച്ചതും വേരിക്കോസു വന്നു വികൃതമായതുമായ കാലുകളെ മോക്ഷപദമായി കണക്കാക്കുന്ന കുടുംബിനികളും പതിവ്രതകളും പോലെ തന്നെയുള്ള നിർമ്മിതിയാണ് വേശ്യകളുടെയും. രണ്ടുപേരുടെയും ധർമ്മം ഒന്നു തന്നെ പുരുഷന്റെ സുഖം. പിന്നെ എവിടെയാണ് വ്യത്യാസം? ‘സ്ത്രീയും പുരുഷനും തമ്മിലുള്ള അനുരഞ്ജനമായിട്ടല്ല ഏകദാമ്പത്യം ചരിത്രത്തിൽ പ്രത്യക്ഷപ്പെട്ടതെന്നാണ് ’ ഏംഗത്സ് തീർത്തു പറയുന്നത്. ഒരു ലൈംഗിക വർഗം മറ്റൊന്നിനെ അടിമപ്പെടുത്തുന്നതാണ് അത്. രണ്ടു ലൈംഗിക വർഗങ്ങൾക്കിടയിൽ ഒരു സംഘർഷം സ്ഥാപിക്കാനാണത് ഉപകരിച്ചത്.’ പങ്കാളിത്തത്തിൽ എന്തെങ്കിലും പരിശുദ്ധി നിലനിൽക്കുന്നുണ്ടെങ്കിൽ അത് പ്രണയം വഴി വരുന്ന ആത്മശുദ്ധീകരണമാണ്. അതവസാനിക്കുന്നതോടെ ആത്മാർത്ഥതയും അവസാനിക്കും. അവസരമില്ലായ്മയെ ആത്മാർത്ഥതയായി തെറ്റിദ്ധരിക്കുന്നവരും നമ്മുടെ ഇടയിൽ കുറവല്ല. ആ ശുദ്ധാത്മാക്കളെ നിരുപാധികം വിട്ടയക്കുക. പ്രണയം അസ്തമിച്ചു കഴിഞ്ഞാലും ചാരിത്ര്യവതികളായി തുടരേണ്ടതിനെപ്പറ്റി വാചാലമാണ് മത സംഹിതകൾ “ ഭർത്താവ് എത്രമാത്രം ദുരാചാരമുള്ളവനായാലും പരസ്ത്രീലോലനായിരുന്നാലും പതിവ്രത അവനെ ദൈവത്തെപോലെ പൂജിക്കേണ്ടതാണ്” എന്നും “നിങ്ങൾ അവളെ നോക്കുമ്പോൾ നിങ്ങളെ സന്തോഷിപ്പിക്കുന്നവളും നിങ്ങളുടെ നിർദ്ദേശങ്ങൾ കിട്ടിയ മാത്രയിൽ അവ അനുസരണയോടു കൂടി നിർവഹിക്കുന്നവളും നിങ്ങൾ വിദൂരത്താകുമ്പോഴോ അടുത്തില്ലാതിരിക്കുമ്പോഴോ നിങ്ങളുടെ ധനത്തെയും അവളുടെ പരിശുദ്ധിയെയും കാത്തുരക്ഷിക്കുന്നവളും ആണ് ശരിയായ ഭാര്യ.” എന്നുമൊക്കെയാണ് നമുക്കു ലഭിച്ചിട്ടുള്ള ധാർമ്മിക പാഠങ്ങൾ. കാര്യങ്ങൾക്ക് വലിയ വ്യത്യാസമൊന്നുമില്ല ഇന്നും.

എങ്കിൽ വേശ്യാപര്യായങ്ങൾ മാത്രമായിട്ട് മോശമാവുന്നതെങ്ങനെ? കുലീനയും കുലടയും പുരുഷ നിർമ്മിതികളാണ്. ( കുലീനയുടെ മക്കൾക്ക് അച്ഛനെ ചൂണ്ടിക്കാട്ടാൻ കഴിയും. തന്തയുടെ തനി വിടത്വമുള്ള തവളകൾ. കുലടയുടെ സന്തതികൾക്ക് അതു കഴിയില്ല. അവൾ തന്നിഷ്ടത്താൽ വംശശുദ്ധിയെ തകർത്തു. കൊള്ളാവുന്ന വല്ലഭന്മാർക്ക് ജന്മം നൽകി. അത്രേയുള്ളൂ ആ സങ്കല്പങ്ങളിലെ ദൂരം) പുരുഷന്റെ ഇംഗിതങ്ങൾക്ക് കീഴിൽ അടങ്ങി ഒതുങ്ങി ജീവിക്കാൻ തീരുമാനിച്ച മണ്ണുണ്ണിയെയും ഇരട്ടവരകളിൽ നിന്ന് വിടുതൽ നേടാൻ കുതറുന്ന തന്റേടിയെയും താരത‌മ്യം ചെയ്താൽ ആരാണ് സ്ത്രീസത്തയ്ക്ക് സ്വീകാര്യയാവേണ്ടത്? തീർച്ചയായും സ്വൈരിണിയും പുംശ്ചലിയും അസതിയും ധർഷണിയുമൊക്കെയല്ലേ? വ്യഭിചാരിണികളുടെ നിർവചനങ്ങൾ നോക്കുക. ദുർജ്ജനങ്ങൾ - കള്ളുകുടിക്കുന്നവർ, ചൂതുകളിക്കുന്നവർ - ഇരിക്കുന്നിടത്ത് സ്വയം ചെല്ലുന്നവളാണ് ഇത്വരി. പുരുഷന്റെ മര്യാദയെ കളയിക്കുന്നവളെ ധർഷണി എന്നാണ് വിളിച്ചിരുന്നത്. (ഉണ്ണിയാർച്ച നാദാപുരത്ത് വച്ച് കുഞ്ഞിരാമന്റെ മര്യാദകളയിച്ചെന്നു വേണമെങ്കിൽ പറഞ്ഞുകൂടേ?) ഇഷ്ടം പോലെ പുരുഷന്മാരെ സ്വീകരിക്കുന്നവളാണ് പുംശ്ചലി. മനസ്സിനെ ഭർത്താവിൽ നിന്ന് മാറ്റി അന്യപുരുഷന്മാരിൽ ബന്ധിച്ചിരിക്കുന്നവളാണ് ബന്ധകി. വീട്ടിൽ അടങ്ങി ഒതുങ്ങി ഇരിക്കാതെ തോന്നും പോലെ നടക്കുന്നവളാണ് പാംസുല. (അങ്ങനെ ശരീരത്തിലും വസ്ത്രത്തിലും പറ്റുന്ന പൊടിയായിരിക്കും പേരിടലിനു കാരണമായത്) സ്വൈരിണി തീരുമാനിച്ചിറങ്ങിയവളാണ് സ്വഗൃഹത്തിലും പരഗൃഹത്തിലും വച്ച് അവൾ സംഗം ചെയ്യും. ഭർത്താവിൽ മാത്രം ഉറച്ച അഭിനിവേശം ഉള്ളവളാണല്ലോ സതി. അതില്ലാതെ വരുന്നവളാണ് അസതി. ശ്രദ്ധിച്ചാൽ ഒരു കാര്യം അറിയാം. ലൈംഗികമായി സ്ത്രീയ്ക്കുള്ള സ്വാതന്ത്ര്യമല്ല, പുരുഷനെ ഉപേക്ഷിക്കാനോ വഞ്ചിക്കാനോ ഉള്ള ശ്രമങ്ങളെയാണ് ഇവിടങ്ങളിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. പക്ഷേ ഒരു വഞ്ചന ഒരുപാട് സുഖങ്ങൾക്ക് കാരണമാവുമെന്നതിനാൽ അതും വേണമെന്ന് സമൂഹം അങ്ങ് നിശ്ചയിച്ചു വച്ചതിന്റെ വെളിപാടുകളാണ് ഈ നാമപദങ്ങളെല്ലാം. മാധുര്യം, സുഗന്ധം, രതി സംയോഗ ശീലം, പ്രണയിക്കുമ്പോൾ അയാളിലല്ലാതെ മറ്റൊരാളോട് താത്പര്യം കാണിക്കാതിരിക്കുക, സമ്മാനത്തിനായി ആഗ്രഹമുണ്ടെങ്കിലും അതു പ്രകടമാക്കാതിരിക്കുക, കർത്തവ്യ ബുദ്ധി തുടങ്ങി ആറു ഗുണങ്ങളാണ് വാത്സ്യായനൻ വേശ്യാഗുണങ്ങളായി എടുത്തു പറയുന്നത്. ( വേശ്യാഗുണ ഷൾകം) കുടുംബിനികൾ ഇതിലേതു ഗുണത്തെയാണ് മാറ്റി നിർത്തേണ്ടത്?

പൂവ് പ്രകൃതിയുടെ ജനനേന്ദ്രിയമാണെന്ന് വച്ച് അങ്ങേയറ്റത്തെ കടുത്ത പ്രകൃതിവാദിപോലും ആത്യന്തിക സൌന്ദര്യം വെളിവായിക്കൊള്ളട്ടെ എന്നു തുണിയുരിഞ്ഞുകളഞ്ഞ് നടക്കാത്തതുപോലെ, നമ്മുടെ മുഖംമൂടി ശീലം വാക്കുകളുടെ അർത്ഥം എന്തായാലും കെട്ടിലമ്മയും അഭിസാരികയും ഒരു പോലെയാണെന്ന് പറഞ്ഞു നടക്കാൻ സമ്മതിക്കുമെന്ന് തോന്നുന്നില്ല. എന്നാലും പൊതുബോധത്തിനു വഴങ്ങി വഴങ്ങി നമ്മൾ ചെന്നു കയറുന്നത് അടിസ്ഥാനമില്ലാതെ നിശ്ചയിച്ചു വച്ചിരിക്കുന്ന ‌‌ ഒറ്റാലുകളിലേയ്ക്കാണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയുടെ ‘പീസു കമ്പി’ എപ്പോഴെങ്കിലുമൊക്കെയൊന്ന് കെട്ടിയിട്ടില്ലെങ്കിൽ സ്ഥിരമായി ഇരുട്ടിൽ കഴിയാനായിരിക്കില്ലേ യോഗം!

10 comments:

Haree said...

ഇത്രയും അടയാളപ്പെടുത്തലുകളുണ്ടെന്ന് ഇപ്പോഴാണ്‌ മനസിലായത്.

Echmukutty said...

ഈ കുറിപ്പിനു നന്ദി. ഇതൊക്കെ അറിയാമെങ്കിലും ഇങ്ങനെയൊക്കെയാണെങ്കിലും പെറ്റ കുഞ്ഞിനെ പിടിച്ചുവെയ്ക്കാൻ അവളൊരു തേവിടിശ്ശിയാണ് എന്ന് കോടതിയിൽ പറയുന്ന ഭർത്താക്കന്മാരും കഞ്ഞിക്കിണ്ണം വലിച്ചെറിഞ്ഞ് കൂത്തിച്ചി എന്നലറുന്ന ആൺപിറപ്പുകളും ഫയലിൽ ഇഷ്ടമില്ലാത്ത നോട്ട് കുറിച്ചതിന് ഡേർട്ടി ബിച്ച് എന്ന് പിറുപിറുക്കുന്ന സഹപ്രവർത്തകന്മാരും...ഒക്കെ ഒരു നിമിഷത്തേയ്ക്കെങ്കിലും ബോധശൂന്യരാക്കിക്കളയും...ബോധം വരുമ്പോൾ ആ വാക്കുകൾ ഏൽ‌പ്പിച്ച ആഘാതം ഒരിയ്ക്കലും മാറുകയുമില്ല.

നന്ദി ഈ കുറിപ്പിന്.....

ബ്ലോഗ് മുഴുവൻ വായിയ്ക്കണമെന്നുണ്ട്. ശ്രമിച്ചു നോക്കട്ടെ...

Sunil G Krishnan said...

വാണിഭം എന്നവാക്കും
നമ്മള്‍ ഇതുപോലെ
നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്
നല്ല എഴുത്ത് വെള്ളേ

Cv Thankappan said...

വാക്കുകളുടെ ഓരോരോ മറിമായ്യേ!!!
ആശംസകള്‍

മിടുക്കന്‍ said...

ലിംഗം എന്നത് പുരുഷ സംബന്ധിയായത് എന്ന് എങ്ങനെ തീരുമാനിച്ചു.
പുരുഷനോ , സ്ത്രീയോ എന്നത് പു/ സ്ത്രീ ലിംഗം നോക്കിയല്ലേ തീരുമാനിക്കാന്‍ സാധിക്കു ?

kochumol(കുങ്കുമം) said...

ഇത്രയും അടയാളപ്പെടുത്തലുകള്‍ ഉണ്ടെന്നു എനിക്കും ഇപ്പോളാണ് മനസ്സിലായത്‌ ..

viddiman said...

ചിന്തോദ്ദീപകം.!!

ചന്തു നായർ said...

ഈ നല്ല പോസ്റ്റ് എത്രപേർ വായിക്കും എന്നാണെന്റെ ചിന്ത.ഇത് എഴുതിയ ആളിന്റെ പേർ എനിക്കറിയില്ലാ...എന്നാലും ഒരു വലിയ നമസ്കാരം.പിന്നെ ലൈംഗികത(സെക്സ്) അല്ല സുരതം, സുരതം എന്നാൽ രതിക്രീഡയല്ലേ...അവിടെ ഒന്നുകൂടെ ശ്രദ്ധിക്കുക....എല്ലാ ഭാവുകങ്ങളൂം

rskurup said...

Thanks for the post It was badly needed

tomy jacob said...

"പൊന്നെണ്ണ വേര്‍പെട്ട പൂരുഷകൊപ്രയോ
പിണ്ണാക്ക,പ്പേഷകയന്ത്രത്തിങ്കല്‍"
എന്ന് ഉള്ളൂരും പാടിയിട്ടുണ്ട്‌ (പിങ്ഗള}