June 13, 2011

പുതിയ ചില പരലോകങ്ങൾമറ്റൊരു ലോകത്തിലേയ്ക്ക് അയയ്ക്കപ്പെട്ട സ്വത്വമാണ് പ്രേതം. ‘മരിച്ചവരുടെ ജീവൻ’ എന്നാണ് ആ വാക്കിനർത്ഥം. അതിന് ഭൂതകാലവുമായാണ് ബന്ധമുള്ളത്. അമൂർത്തമായ ആശയങ്ങളെ പരിചയപ്പെടുത്തിക്കൊടുക്കാൻ മൂർത്തമായ വസ്തുക്കളെ കടം കൊള്ളുമ്പോലെയല്ല പ്രേതവും ഭൂതവും തമ്മിലുള്ള ബന്ധം. ഭൂതകാലം എന്ന അമൂർത്തതയെ പ്രേതമെന്ന മറ്റൊരു അമൂർത്തതകൊണ്ട് അടയാളപ്പെടുത്തുക കുഴഞ്ഞുമറിഞ്ഞ കാര്യമാണെങ്കിലും നമുക്കതൊരു ‘കാവ്യാത്മക’മായ ശീലമായിട്ടുണ്ട്. കുടത്തിലെ ഭൂതം കാലം തെറ്റി മുക്കുവനെ പിടികൂടിയ പ്രേതമാണ്. മറ്റൊരു ലോകത്തു നിന്നാണ് അത് കയറി വരുന്നത്. പഴയ നോർവീജിയൻ നാടകകൃത്ത് ഇബസന്റെ ‘ഗോസ്റ്റിന്‘ മലയാളത്തിൽ പ്രേതങ്ങൾ എന്നും ഭൂതം എന്നും രണ്ടു വിവർത്തനങ്ങൾ രണ്ടാണ്. അച്ഛന്റെ വൈകല്യങ്ങൾ മകനിലൂടെ വീണ്ടും ആവിഷ്കാരം നേടുന്നതുകണ്ട് ദുരിതപ്പെടുന്ന സ്ത്രീകളായിരുന്നു അതിലെ പ്രമേയവസ്തുക്കൾ. ചത്തുപോയ അച്ഛൻ തന്നെയല്ലേ മാൿബത്തിനെ വന്നു കണ്ട് വേണ്ടാത്തത് ചെയ്യിക്കുവാൻ കിണഞ്ഞത്? അവന്റെ ജീവിതത്തെ ദുരിതമയമാക്കിയത്? ചത്തവർ ജീവിച്ചിരിക്കുന്നവരെപ്പോലെ പെരുമാറുന്ന ‘പെഡ്രോപരാമോ’യെ സൌകര്യപൂർവം മറക്കാം. അത് ഇതൊന്നുമല്ലല്ലോ. സാമൂഹികവും സാംസ്കാരികവുമായ സകലമാനയിടത്തും കയറിപ്പറ്റിയിരിക്കുന്ന പ്രേതങ്ങളെപ്പറ്റി ‘കോലങ്ങൾ’ എന്ന കവിത പാടുന്നു. അത് രാഷ്ട്രാന്തരീയപ്രേതങ്ങൾക്കുള്ള കേരളീയമായ പാഠഭേദം. ഇനിയുമുണ്ട്. എന്നാലും മൊത്തത്തിൽ പരലോകം ഒരു നല്ല വാക്കല്ല.

പല വഴിക്ക് ആ വഴക്കങ്ങൾ ടി വി ചന്ദ്രന്റെ ‘ശങ്കരനും മോഹനനും’ എന്ന തമാശപ്പടത്തിൽ (എന്നായിരുന്നു വിവരണം) ബോധപൂർവവും അബോധപൂർവവുമായ പല സ്വാധീനങ്ങളും ചെലുത്തി എന്ന് തമാശക്കുവേണ്ടിയെങ്കിലും നമുക്ക് ചിന്തിച്ചുകൂടേ? ഇമ്മാതിരി തമാശകളെ ബുദ്ധിപരമായ തമാശ എന്നുവേണം വിളിക്കാൻ. കാരണം ഇതുവരെ നാം ചർച്ച ചെയ്തുകൊണ്ടിരുന്നത് ജീവിച്ചിരിക്കുന്നവരുടെ പ്രശ്നങ്ങളാണെങ്കിൽ ഈ സിനിമ മരിച്ചവരുടെ പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നുണ്ടെന്ന് സംവിധായകൻ തന്നെ പറയുന്നിടത്തുണ്ട് ഫലിതം. സുരാജ് വെഞ്ഞാറമൂടിന്റെ സ്ത്രീവിരുദ്ധമായ അമിട്ടുകളെപ്പോലെയല്ല, തത്ത്വചിന്താപരമായ അമൃതബിന്ദുക്കൾ. മരിച്ചവരുടെ പ്രശ്നം എന്ന പറച്ചിലിൽ പോലുമുണ്ട് ബുദ്ധിയുള്ള ഫലിതം. മരിച്ചവരുടെ പ്രശ്നങ്ങൾ എങ്ങനെയാണ് ജീവിച്ചിരിക്കുന്നവർ അറിയുക? യുക്തിപരമായി അതിന് സാദ്ധ്യതയൊന്നും ഇല്ല. പിന്നെയുള്ളത് മരിച്ചവർക്ക് ഉണ്ടെന്ന് ജീവിച്ചിരിക്കുന്നവർക്ക് തോന്നുന്ന ചില പ്രശ്നങ്ങളെ സിനിമയിൽ കൊണ്ടു വരികയെന്നുള്ളതാണ്. അതിലൊന്ന് ജനനത്തിന് 9 മാസത്തെ മുന്നറിയിപ്പുകാലം ഉള്ളതുപോലെ മരണത്തിനും 9 മാസം ഒരു ശേഷിപ്പുകാലം ഉണ്ടെന്ന (പുതിയ) സങ്കൽപ്പമാണ്. ഈ ആശയത്തെ അങ്ങനെയങ്ങ് ഉറപ്പിക്കാൻ പറ്റില്ലെന്ന് മരിച്ചുപോയ ശങ്കരനെക്കൊണ്ട് എഴുത്തുകാരനായ ടി വി ചന്ദ്രൻ പറയിക്കുന്നുണ്ട്. മരിച്ചതിനുശേഷം ‘ജീവിക്കാനായി’ പലവേഷങ്ങളിൽ പല സ്ഥലങ്ങളിൽ കറങ്ങുന്ന ശങ്കരന്റെ വേവലാതികളാണ് സിനിമയുടെ പ്രമേയം. വിവാഹപ്പിറ്റേന്ന് പാമ്പുകടിയേറ്റ് മരിച്ചുപോയതുകൊണ്ട് ശങ്കരന് ആശിച്ചുകെട്ടിയ, തന്നേക്കാൾ പ്രായം കുറഞ്ഞ വധുവിനെ വേണ്ട പോലെ സ്നേഹിച്ചു തീരാത്തതിന്റെ പ്രശ്നമാണ് അതിലൊന്ന്. ഇണയെ സ്നേഹിച്ചു തീരാത്തതിന്റെ പ്രശ്നം ആലോചിച്ചാൽ ശരീരവുമായി ബന്ധപ്പെട്ട കാര്യമാണ്. മരിച്ചയാൾക്കാവട്ടെ, ശരീരമില്ലാതായിരിക്കുന്നു താനും. പിന്നെ അയാൾ തന്റെ പെണ്ണ് മറ്റൊരാളെ വിവാഹം കഴിക്കുന്നതിനെക്കുറിച്ചും തന്നെ മറക്കുന്നതിനെക്കുറിച്ചും അവളെ വിവാഹം കഴിക്കാൻ പോകുന്നവനെ ദേഹോപദ്രവം ഏൽ‌പ്പിക്കുന്നതിനെക്കുറിച്ചും വിട്ടൊഴിയാതെ ചിന്തിക്കുന്നതിലുള്ള അയുക്തിയിൽ വേണമെങ്കിൽ കഷ്ടപ്പെട്ട് തമാശ കണ്ടെത്തുകയും ചെയ്യാം.

പ്രായം കുറഞ്ഞ ചേട്ടത്തിയമ്മയോട് അനുജനു തോന്നുന്ന അബോധപരമായ കാമത്തിന്റെ പ്രകടിതരൂപമാണ് ഈ പ്രേതബാധയെന്നൊരു മനശ്ശാസ്ത്രവ്യാഖ്യാനം കൊടുത്ത് യുക്തിയെ പൊടി തട്ടിയെടുക്കാം. അത്തരമൊരു ലളിതയുക്തിയിൽ ആളുകൾ ചെന്നു കയറുമെന്ന് അറിയാവുന്നതുകൊണ്ടാവും സംവിധായകനും തിരക്കഥാകൃത്തുമായ ടി വി ചന്ദ്രൻ ആഖ്യാനവണ്ടിയെ വഴിമാറ്റി ഓടിച്ചത്. പിന്നെ പിന്നെ മരിച്ചവരെല്ലാം സഹായിക്കാനായി മോഹനന്റെ അടുക്കലെത്തുകയാണ്. ശുപാർശ വരുന്നത് സ്വന്തം ചേട്ടൻ, പരേതൻ ശങ്കരൻ വഴിയും. അതായത് ‘വണ്ടി’ അടൂരിന്റെ അനന്തരം വഴി മനോജ് നൈറ്റ് ശ്യാമളന്റെ ‘സിക്സ്ത് സെൻസു’ വരെ പോയി കറങ്ങി വന്ന പ്രതീതി. സിനിമയിലെ പ്രേതങ്ങളുടേത് അടിമുടി ഭൌതികപ്രശ്നങ്ങളാണ്. തന്നെ മറന്ന് മറ്റൊരാളെ ഭാര്യ വിവാഹം കഴിക്കുന്നത്, വീടിന്റെ കടം അടച്ചു തീർക്കാത്തത്, മകളെ കാണാനാവാത്തത്... കൂട്ടത്തിൽ പറയട്ടെ, പല നാട്ടിൽ പലവേഷത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ശങ്കരൻ ഒരിക്കൽ മോഹനന്റെ വീട്ടിൽ പാശ്ചാത്യമായ വേഷവിതാനത്തിൽ മഞ്ഞു നനഞ്ഞ് വന്നു കയറിയിട്ട് സോഫയിലിരുന്ന് കാലുകളുടെ ആയാസം തീർക്കുന്ന ഒരു സീനുണ്ട്. ദേഹിയുടെ (ദേഹത്തിന്റെയല്ല) കായക്ലേശം! ശങ്കരന്റെ അലച്ചിലിൽ തന്നെ പൊരുത്തക്കേടിന്റെ വിഷമസമസ്യയുണ്ട്. നിലനിൽ‌പ്പിനാണെന്നാണ് അയാൾ പറയുന്നത്. മരിച്ചവന്റെ നിലനിൽ‌പ്പ്?വിഷമദ്യദുരന്തത്തിൽ കൂട്ടത്തോടെ മരിച്ചവർ (ബന്ധുക്കളല്ല, മരിച്ചവർ തന്നെ) മോഹനനെക്കണ്ട് വിലപിക്കുന്നതിൽ നിന്നും - അയാൾക്കു മാത്രമേ അവരെ കാണാൻ പറ്റുന്നുള്ളൂ- ഒരു കാര്യം ഉറപ്പാണ്. അടിച്ചമർത്തി വച്ചിരിക്കുന്ന വികാരങ്ങൾ കെട്ടുപൊട്ടിച്ച് ‘തോം തോം തോം’ കളിക്കുന്നിടത്ത് കിടന്ന് കറങ്ങുകയല്ല സംവിധായകന്റെ ഇംഗിതം. മറിച്ച് സമൂഹത്തിന്റെ കാലിൽക്കെട്ടി പിന്നാക്കം വലിക്കുന്ന ചില ശക്തികൾക്ക് ബോധമനസ്സുകൾക്കുമേലുള്ള സ്വാധീനം വ്യക്തമാക്കുകയാണ്. ചിത്രാവസാനത്തിലെ ഒരു വരി - ഫലശ്രുതിപരമായ ഉദ്ധരണി- ഇക്കാര്യത്തെ സംശയമില്ലാത്ത വിധം തെളിയിക്കുന്നുണ്ട്. ‘ഒരു മരണം നമുക്കിടയിലൂടെ കടന്നുപോകുന്നുണ്ടെന്ന്’ ആണ് ആ വാക്യം. ചെയ്തു വച്ചിരിക്കുന്ന കാര്യം വേണ്ടരീതിയിൽ ആളുകൾ മനസ്സിലാക്കാതെ പോകുമോ എന്ന ആശങ്കയാണ് സംവിധായകന്റെ ആത്മവിശ്വാസക്കുറവിനൊപ്പം ആ വരിയിലൂടെ സ്ക്രീനിൽ തെളിയുന്നത് എന്നത് വേറെ കാര്യം.

അപ്പോൾ ഭൂതകാലം വർത്തമാനകാലത്തിനുമേൽ മുറുക്കുന്ന പിടിയെ, കാലഹരണപ്പെട്ട ഒരു ഗ്രാമീണജീവിതത്തിന് ആധുനികമായ ഒരു നാഗരിക ജീവിതത്തിനുമേൽ മരണത്തിനു ശേഷം കൈവരുന്ന സ്വാധീനമായി ആവിഷ്കരിച്ചിരിക്കുന്ന ചിത്രമാണ് ശങ്കരനും മോഹനനും എന്നു വരും. ചിത്രത്തിന്റെ മലയാള ശീർഷകത്തിനുപരിയായി നൽകിയിരിക്കുന്ന ആംഗലേയ തലക്കെട്ട് ‘നിഴലും വെളിച്ചവും‘ എന്നാകുന്നു. ശങ്കരനാണ് പ്രസ്തുതത്തിൽ നിഴൽ. അയാൾ ഒരു പിന്തിരിപ്പനായിരുന്നു എന്നതിന് ചിത്രത്തിൽ തെളിവുണ്ട്. അനുജൻ വിവാഹം ചെയ്തുകൊണ്ടു വന്ന ക്രിസ്ത്യാനിപെണ്ണിനെ വീട്ടിൽ കയറ്റാതെ ന്യായം പറയുന്നുണ്ടയാൾ. കാലം തെറ്റിയ സമയത്തുള്ള അയാളുടെ വിവാഹം തന്നെ പെണ്ണിന്റെ അച്ഛന്റെ വയ്യായ്കയെ ചൂഷണം ചെയ്തുകൊണ്ടുള്ള ഒന്നായി മനസ്സിലാക്കുകയാണെളുപ്പം. മരണശേഷം പോലും അയാൾ മുറുക്കിപ്പിടിക്കുന്ന ‘മമതാബോധം’ (പൊസ്സസ്സീവ്നെസ്സ്) പോലും അയാൾ ഇരുട്ടുപറ്റിയ മനസ്സുകാരനാണെന്നതിന് തെളിവായി എടുക്കാവുന്ന കാര്യമാണ്. അയാളൊരു മാഷാണ്. നിലനിൽക്കുന്ന വ്യവസ്ഥയെ താലോലിച്ചും വ്യാഖ്യാനിച്ചും ആണ് അയാൾ ചോറ് നേടാൻ. വിപരീതദശയിലാണ് ‘ജീവിച്ചിരിക്കുന്ന’ മോഹനന്റെ ഉപസ്ഥിതി. സാമ്പത്തികമായി സ്വതന്ത്രനും നഗരവാസിയും പരിഷ്കാരിയുമായ അയാൾ, ഭാര്യയുടെ സ്വാതന്ത്ര്യത്തിൽ ഇടപെടാതിരിക്കാനാണ് അവളുമായി അകന്നു താമസിക്കുന്നത്. അവൾ സിനിമയിൽ അഭിനയിക്കുന്നതും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതും അയാൾ പ്രശ്നമാക്കുന്നില്ല (‘അനക്കറിയാമെടാ നെന്റെ വെഷമം’ എന്ന് ഭാര്യയുടെ ഷൂട്ടിംഗ് കണ്ടു കൊണ്ട് നിൽക്കുന്നതിനിടയിൽ പ്രത്യക്ഷപ്പെടുന്ന ശങ്കരൻ അനുജനോട് പറയുന്നുണ്ട്. അതയാളുടെ വിഷമം.) അയാളുടെ പാചകജോലികൾ ചെയ്യുന്നത് ഒരു ചെറുപ്പക്കാരനാണ്. നിഴലിന്റെ കാര്യം ഓക്കെ. എന്നാൽ വെളിച്ചം തന്നെയാണോ ടി മോഹനൻ എന്നു ഉറപ്പിച്ചു ചോദിച്ചാൽ കുടുങ്ങും. അടിസ്ഥാനമാലോചിച്ച് തല ചൊറിയേണ്ടി വരും. വെളിച്ചത്തിന്റെ ആപേക്ഷികതയാണ് പ്രശ്നം. മോഹനൻ വെളിച്ചമാണെങ്കിൽ അതിന്റെ നിഴൽ ശങ്കരൻ എന്നോ ജീവിച്ചിരിക്കുന്നവരുടെ നിഴൽ, മരിച്ചവർ എന്നോ പറഞ്ഞ് തത്കാലം തടി തപ്പുക.

സ്ത്രീയുടെ നിസ്സഹായാവസ്ഥയിൽ അവളുടെ രക്ഷാകർത്തൃസ്ഥാനം ഏറ്റെടുക്കുന്നയാളിൽ നിന്നും കൂടുതൽ സ്വതന്ത്രയായ ഒരു സ്ത്രീയുടെ സ്നേഹിതസ്ഥാനത്തേയ്ക്കുള്ള പുരുഷന്റെ അവസ്ഥാന്തരങ്ങളുടെ വച്ചുമാറ്റമാണ് യഥാർത്ഥത്തിൽ പ്രേതബാധയിലൂടെ സംഭവിക്കുന്നത് എന്നു വരാം. താൻപോരിമയുള്ള ഒരു സ്ത്രീയുടെ സ്നേഹിതസ്ഥാനത്തു തുടരുന്നതിൽ മധ്യവർഗപുരുഷനുള്ള അസ്വസ്ഥതകൾ ഈ പ്രേതബാധയിലുണ്ടെന്നു കാണാം. കൂടെ, മരിച്ചവരുടെ മുഴുവൻ അസ്വസ്ഥതകളെ ഉള്ളറിയാനുള്ള കഴിവായി ആ മനഃശല്യത്തെ കഴുകിയെടുക്കാനുള്ള ശ്രമം സിനിമയെ ശിഥിലമായൊരു നെയ്ത്താക്കി അവസാനിപ്പിച്ചു. നാടകസംവിധായകരുടെ ചിട്ടപ്പടിയുള്ള പതിവനുസരിച്ച് സാമൂഹികവിമർശനം മേമ്പൊടിയായി വിതറി കഥാഗതിയെ കനപ്പെടുത്താനുള്ള വിഫലശ്രമം സമകാല മലയാളസിനിമയിൽ കള്ളഗൌരവമായി കടന്നുകൂടിയിട്ടുണ്ട്. ‘ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്‘ എന്ന പ്രിയനന്ദനൻ ചിത്രം മറ്റൊരു ഉദാഹരണം. വിപ്ലവകരമായ ആഖ്യാനരീതികൾക്കുപകരം അന്യഥാ കനപ്പെടുത്താനുള്ള ശ്രമം നമ്മുടെ വൃദ്ധസംവിധായകരെ ബാധിച്ചിട്ടുള്ള മറ്റൊരു പ്രേതബാധയായി കണക്കാക്കുന്നതിൽ തെറ്റൊന്നുമില്ല. കഥാപാത്രങ്ങളുടെ സ്വാഭാവിക വികാസങ്ങൾക്കു വരുന്ന മുടന്തിനേക്കാൾ ഭീതിദമായ ഒരു കാര്യം സിനിമയിലുണ്ട്. ചിട്ടവട്ടങ്ങൾക്കുള്ളിലാവുമ്പോൾ അഭിനേതാക്കൾക്ക് വരുന്ന വൈകല്യവും കൃത്രിമത്വവുമാണത്. സുരാജ് വെഞ്ഞാറമൂടിന്റെ കൂട്ടുകാരൻ നിർജീവമായ അവസ്ഥയിലായതിന് ഇത്തരം സിനിമയുടെ കൃത്രിമമായ ചിട്ടവട്ടങ്ങൾക്ക് നല്ല പങ്കുണ്ട്. ( സുരാജിന്റെ കാട്ടിക്കൂട്ടലുകൾക്കുള്ള ന്യായീകരണമല്ലയിത്. അയാളെ ജനപ്രിയനാക്കുന്നത് ആ കാട്ടിക്കൂട്ടലുകളാണെങ്കിൽ അതൊഴിവാക്കി കള്ളത്തൊണ്ടയിൽ സംസാരിക്കുന്ന ഒരു സുരാജ് എന്തിനാണ് ഇത്തരം ഒരു സിനിമയുടെ അവിഭാജ്യതയാകുന്നത്?) രണ്ടു റോളിലാണെങ്കിലും ജയസൂര്യയും ഫലത്തിൽ ഇതേ അവസ്ഥയിലാണ്. കണ്ണൂർ ഭാഷയുടെ ചടുലതപോലും അരോചകമായി തീരുന്നുണ്ട്, ആവർത്തനത്താൽ. സുരാജിന്റെ തിരുവനന്തപുരം ഭാഷപോലെ തന്നെ. തെക്കും വടക്കും കൂട്ടിക്കെട്ടാനുള്ള ഭാഷാപരമായ ശ്രമവും ഇത്തരം സിനിമകളിലെ ക്ലീഷേകളിലൊന്നായി തീർന്നിട്ടുണ്ട്. (അമിതമായ റിഹേഴ്സലുകൾ അടൂരിന്റെ സിനിമയിലെ അഭിനേതാക്കൾക്കുണ്ടാക്കുന്ന ഒരു തരം യാന്ത്രികമായ പെരുമാറ്റ രീതികളെക്കുറിച്ച്, മങ്കടരവിവർമ്മ എഴുതിയത് വച്ചുകൊണ്ട് ഓർക്കുക). പ്രേതം പിടിച്ച മോഹനന്റെ വീട്ടിലെ ചുവരിൽ പതിച്ചു വച്ചിരിക്കുന്ന ചിത്രം ശ്രദ്ധേയമാണ്. മരിച്ചുപോയ സംവിധായകൻ ജോൺ എബ്രഹാമിന്റേതാണ് അത്. ചിത്രം സമർപ്പിച്ചിരിക്കുന്നത് ജോണിനാണ്. (ടി വി ചന്ദ്രന്, പി എ ബക്കർ ഒരു വിഷയമല്ലാതെയായി പോയത് എന്തുകൊണ്ട്? ആലോചിക്കേണ്ട വിഷയമാണത് ) പരസ്യചിത്രങ്ങളുടെ സംവിധായകനും സിനിമയെടുക്കാൻ നടന്ന് പരാജയപ്പെട്ട് അവസാനം സീരിയലിൽ അഭയം തേടുന്ന സുഹൃത്തിന്റെ സാമ്പത്തിക സ്രോതസ്സുമായ മോഹനന്റെ നഗരത്തിലെ വീട്ടിലെ ആ പടം നമ്മുടെ വിഖ്യാത ‘കലാചിത്രങ്ങളെ’ (സോ കോൾഡ് ആർട്ട്ഫിലിംസ്) ബാധിച്ചിരിക്കുന്ന പ്രേതത്തെക്കുറിച്ച് സൂചനകൾ തരാതിരിക്കുന്നില്ല. ഇനി അതും തമാശയാണോ? എങ്കിൽ അങ്ങനെ.

5 comments:

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

കണ്ടില്ല.. പ്രബുദ്ധരായ പ്രേക്ഷകരും അതിലും പ്രബുദ്ധരായ തീയറ്റര്‍ ഉടമകളും കനിഞ്ഞാല്‍ അടുത്ത ആഴ്ച.

Arun.B said...

ബ്ലോഗന വഴി വായിച്ചു.

mini said...

mathrubhumi vaayichu. ivide ethi. nannayirikkunnu.

Pradeep paima said...

hai...njan... puthiya alla.... pradeep .kusumbu parayanvendi vannatha
edyke enne onnu nokkane...
venamengil onnu nulliko....
nishkriyan

AKA said...

http://ajayaghosh-kumaran.blogspot.com
njan googilil search cheythappol vaayicchu.