May 8, 2011

പട്ടിണികൊണ്ട് മെലിഞ്ഞ്..ഒന്ന്
മറിച്ചു നോക്കിയാലറിയാം, പലതരം ഉപവാസസമരങ്ങൾ നമ്മുടെ പ്രാഗ്ചരിത്രത്തിലുണ്ട്. പഴയകാലത്ത്പ്രണയത്തിന്റെ ആത്മാർത്ഥത തെളിയിക്കാൻ കാമുകൻ നടത്തിയിരുന്ന ഉപവാസമാണ് മടലേറൽ. കാമിനിയുടെ കൺ വെട്ടത്താണ് ഉപവാസം. അവളുടെ കാരുണ്യം പതിഞ്ഞില്ലെങ്കിൽ പട്ടിണിയാൽ മരിക്കുകയേ നിവൃത്തിയുള്ളൂ. പടയിൽ പാതിയ്ക്ക് വച്ച് ഓടിയവനെയും മുതുകിൽ കുന്തം തറച്ചവനെയും പെറ്റത്തള്ള പോലും തിരിഞ്ഞു നോക്കില്ല. പിന്നെ അതേ ഉപവാസം രാജ്യതന്ത്രങ്ങളിലേയ്ക്ക് കടന്നു കയറി. കെ പി പദ്മനാഭമേനോന്റെ കൊച്ചിരാജ്യചരിത്രത്തിൽ രാജശക്തിയെ വരുതിയ്ക്കാക്കിയ പട്ടിണിസമരങ്ങളെക്കുറിച്ചുള്ള വർണ്ണനകൾ ഉണ്ട്. മിക്കപ്പോഴും രാജാധികാരത്തിനെതിരെയുള്ള ബ്രാഹ്മണന്റെ അവസാനത്തെ ആയുധമാണ് പട്ടിണി. സത്യപരിപാലനമെന്ന ഉഗ്രവ്രതത്തോടെ ഒരു ‘ഭൂദേവൻ’ പട്ടിണിയിരിക്കുക, ഏതു പ്രബലന്റെയും ശിരസ്സു താഴ്ത്തുന്ന പരിപാടിയായിരുന്നു. തീവ്രമായ മതബോധത്തിന്റെ കരുത്തിലാണ് പ്രസ്തുതപരിപാടി പൂർവാധികം ശക്തിയായി അരങ്ങേറിയിരുന്നത്. ‘വിശിഷ്ടബ്രാഹ്മണൻ’ പട്ടിണിയിരിക്കുമ്പോൾ മൃഷ്ടാന്നം കഴിക്കാൻ ആർക്കാണു പറ്റുക? ബ്രാഹ്മണശാപത്താൽ കുലഛിദ്രവും വംശനാശവും ഉണ്ടായാൽ? പട്ടിണിയിരിക്കുന്നവന്റെ ആവശ്യങ്ങൾക്ക് എത്രയും പെട്ടെന്നു സമാധാനം കണ്ടെത്തുകയേ പിന്നെ നിവൃത്തിയുള്ളൂ.

ഒറ്റയ്ക്കുള്ള ഉപവാസത്തിനു പൂജാദ്രവ്യങ്ങളും ഹോമവും മന്ത്രങ്ങളും ആവശ്യമില്ല. രണ്ടാമത്തെ തരം, കൂട്ടത്തോടെയുള്ള ഉഅപവാസ സമരത്തിനു അവയുടെയൊക്കെ അകമ്പടിയുണ്ടാവും. ശത്രുസംഹാരമാണ് അതിന്റെ ലക്ഷ്യം. പനമുക്കത്തു കൈമൾ കുട്ടല്ലൂർ പൂരത്തിന് ദേവനെ തോട്ടികെട്ടി വലിച്ചതിന് അവരുടെ കുലം നശിക്കാൻ വേണ്ടി ആ ക്ഷേത്രത്തിൽ കൂട്ടത്തോടെ ഉപവാസം ആരംഭിച്ചതായി ഒരു ഐതിഹ്യമുണ്ട്. ഒറ്റയ്ക്കുള്ള ഉപവാസം നാടുവാഴികൾക്കോ പ്രമാണികൾക്കോ രാജാവിനോ എതിരെയുള്ള ബലം പിടുത്തമായിരുന്നെങ്കിൽ കൂട്ട ഉപവാസം ദൈവത്തിനു തന്നെ നേരെയുള്ള ‘ആരടാ വീരാ’ ആയിരുന്നെന്ന് അർത്ഥം. കൊല്ലം 932 ൽ കോഴിക്കോടു സാമൂതിരി കൊച്ചി രാജ്യം കീഴടക്കി തൃശ്ശൂരിൽ താമസിച്ചു ഭരണം നടത്തിയ കാലത്ത് കൊച്ചിരാജാവ് ശത്രുവിനെ നശിപ്പിക്കാൻ കൂട്ടപ്പട്ടണി നടത്തി. കൊച്ചീരാജാവിന്റെ ഇംഗിതം സാധിച്ചു എന്നാണ് വിശ്വാസം. വടക്കും നാഥക്ഷേത്രത്തിലെ പഴയ പട്ടിണിപ്പുര ഇപ്പോഴും ഉണ്ട്. സീതയെ അന്വേഷിച്ചുപോയ ഹനുമാനും സംഘവും ലക്ഷ്യം സാധിക്കാനാവാതെ ‘’പ്രായോപവേശം’ നടത്താനൊരുങ്ങിയതിൽ എന്തായാലും ബലം പിടിത്തം ഇല്ല. നിരാശാബോധം കൊണ്ടുണ്ടായ ആത്മപീഡനമായിരുന്നു അത്. ചത്താൽ മതി എന്നായിരുന്നു ഹനുമാന്റെ മനസ്സിൽ. യജമാനൻ പറഞ്ഞേൽ‌പ്പിച്ച കാര്യം ചെയ്യാൻ ശേഷിയില്ലാത്ത ഭൃത്യൻ എന്തുതരം ഭൃത്യനാണ്? നിരുപാധികമായ യജമാനഭക്തിയാണ് ഹനുമാന്റെ വ്യക്തിത്വത്തിന്റെ കാതൽ. അഗ്നിപുരാണം വിവരിക്കുന്ന രീതിയിലുള്ള ഉപവാസങ്ങൾ ( പകലുറങ്ങരുത്, പല്ലു തേയ്ക്കരുത്, സ്ത്രീകളെ തൊടരുത്...) ആത്മബലം വർദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ പുരാണകഥകളിൽ അവിടവിടെ ആളുകൾ അനുഷ്ഠിക്കുന്നതു കാണാം. കൂട്ടത്തിൽ രസകരമായി തോന്നിയ ഒന്ന് അസിധാരാവ്രതമാണ്. അശ്വമേധകാലത്ത് യുധിഷ്ഠിരൻ അനുഷ്ഠിച്ചവ്രതമാണ്. ആചരിക്കാൻ ഏറ്റവും പ്രയാസമുള്ളത് എന്നാണ് അതിന്റെ വിവരണം. അലങ്കരിച്ച മുറിയിൽ, സകലകാമോദ്ദീപകങ്ങളുമായി നഗ്നയായ പ്രേയസ്സിയോടൊപ്പം ലൈംഗികക്രിയ കൂടാതെ ശയിക്കുക. അതാണ് വ്രതം. വാളിന്റെ വായ്ത്തലയാണ് അസിധാര. അതിന്റെ മുകളിൽ കിടന്നുറങ്ങും പോലെ തന്നെ. അനങ്ങിയാൽ (വ്രതം) മുറിയും! സൂര്യോദയത്തിൽ ‘അനിഷ്ടം’ ഒന്നും സംഭവിക്കാതെ എഴുന്നേറ്റുവന്നാൽ പുരുഷന്റെ ആത്മബലം പതിനായിരം ആനകൾക്കു തുല്യമാവും. ശുക്ലനഷ്ടം വരാത്തതുകൊണ്ടുള്ള തേജസാണ് പുറമേയുള്ള ബോണസ്സ് ! അപ്പോൾ വേണ്ടത്ര കാരണങ്ങളുണ്ടായിട്ടും നഷ്ടപ്പെടാത്ത ബാങ്ക് ബാലൻസ് അഡീഷണൽ ബോണസ്സ്. ചുമ്മാതാണോ അസിധാര, വ്രതങ്ങളുടെ മയൂരശിഖയായത്!

നിയന്ത്രണങ്ങൾ പരാശ്രയത്വം വർദ്ധിപ്പിക്കും. അതാണ് അധികാരപ്രയോഗത്തിന്റെ മനശ്ശാസ്ത്രം. ഇവിടെ പ്രജ (വാർഡ്) പുറത്തല്ല അകത്താണ്. പറഞ്ഞാൽ കേൾക്കാത്തമനസ്സിനെ വരുതിയിലാക്കിയ സന്തോഷമാണ് വ്രതാനുഷ്ഠാനം വഴിയുള്ള ‘ശുദ്ധി’യായി മതങ്ങൾ ‘ജീവാത്മാക്കൾക്ക്‘ നൽകിയത്. മനുഷ്യൻ മരണാഭിമുഖമായി ചരിക്കുന്ന സത്തയാണല്ലോ. അതിജീവനത്തിനുള്ള ആഗ്രഹത്തെ താത്ത്വികമാക്കിക്കൊണ്ട് മരണം സ്വയം വരിക്കാം. സത്യാഗ്രഹത്തെപ്പറ്റി ഗാന്ധി എഴുതി : “ഭീരുത്വത്തേക്കാൾ അക്രമത്തെയാണ് ഞാൻ ഇഷ്ടപ്പെടുക. അന്യനെ ലേശമെങ്കിലും ഹിംസിക്കാതെ പ്രശാന്തമായി മരണത്തെ സ്വയം വരിക്കാനുള്ള ധൈര്യം വളർത്തുവാനാണ് ഞാൻ ശ്രമിക്കുന്നത്. ഇതു സാധിക്കാത്തവൻ കൊല്ലാനും കൊല്ലപ്പെടുവാനുമെങ്കിലും പര്യാപ്തനായിത്തീരണമെന്നാണ് ഞാൻ ഇച്ഛിക്കുക.” മരണത്തെ സ്വയം വരിക്കുന്നതിലുള്ള ഹിംസമാത്രമല്ല, ആശയങ്ങൾ എത്രയൊക്കെ പൊതിഞ്ഞുകെട്ടുമ്പോഴും ആത്മശുദ്ധിയിൽ എതിരാളിയേക്കാൾ മുകളിലാണ് താൻ എന്ന് പറയാതെ സ്ഥാപിക്കാനുള്ള വ്യഗ്രത സത്യാഗ്രഹത്തിലുണ്ട്. അതിലൊരു അതിജീവനമുണ്ട്, വ്യത്യസ്തമായ തരത്തിൽ. ഉപവാസം സ്ത്രീകൾക്കും നിഷിദ്ധമായിരുന്നില്ല, അവർക്ക് അതിനോട് കൂടുതൽ പഥ്യമുണ്ടായിരുന്നുതാനും. സഹനം പഠിപ്പിക്കാൻ മതങ്ങൾക്ക് ഉപവാസങ്ങളോളം നല്ല ടെക്സ്റ്റുബുക്കുകൾ വേറെ ഏതാണ്? ഗാന്ധിജി തന്നെ അമ്മയോടൊപ്പം കുട്ടിക്കാലത്ത് ആചരിച്ചിട്ടുള്ള ഏകാദശിപോലുള്ള ഉണ്ണാവ്രതങ്ങളിൽ നിന്നാണ് പിൽക്കാല ഉപവാസസമരങ്ങളുടെ അലകും പിടിയും നിർമ്മിച്ചെടുത്തത്. പക്ഷേ പക്ഷേ സ്ത്രീയെ തൊടാതെയിരിക്കുന്നതിലോ? ആഹാരം ഉപേക്ഷിക്കും പോലെയല്ല, സ്ത്രീയെ ഉപേക്ഷിക്കുന്നത്. പുരുഷനെ മാത്രമാണ് അസിധാരപോലുള്ള വ്രതങ്ങൾ ലക്ഷ്യമാക്കിയിട്ടുള്ളത്. സാധാരന നിലയിൽ, പ്രതികാരത്തിനുവേണ്ടിയല്ലെങ്കിൽ ഒരു സ്ത്രീയും ഇമ്മാതിരി ‘വൃത്തികേടു’കൾക്ക് മുതിരുമെന്നു തോന്നുന്നില്ല. അസിധാരപോലുള്ള ആചരണങ്ങളിൽ സ്ത്രീയെ സംബന്ധിച്ചുള്ള പ്രാക്തനഭയം കൂടി കടന്നു കയറിയിട്ടുണ്ടെന്ന് ഉറപ്പാണ്. അതിൽ പേശികുലച്ചു നിൽക്കുന്നത് പൌരുഷത്തെപ്പറ്റിയുള്ള ധാരണകളാണ്. കൂടുതൽ മൂർച്ചയോടെ ഉപയോഗിക്കാനായി പുരുഷഭാവത്തെ കളങ്കം കൂടാതെ രക്ഷിച്ചെടുക്കുന്നതിന്റെ അബോധവഴികളാണ് ഈ ചക്കളത്തിപ്പോരിലുള്ളത്.

രണ്ട്
“ഭീഷണിപ്പെടുത്തി കാര്യം നേടാനുള്ള രാഷ്ട്രീയ അടവായി” ലിൻലിത്ഗോ പ്രഭു വിമർശിച്ച ഗാന്ധിയൻ സമരതന്ത്രം - ഉപവാസം- ഒരു രാത്രി മയക്കത്തിന്റെ ആകസ്മികമായ അവസാനത്തിൽ വെളിപാടുപോലെ ഗാന്ധിജിയ്ക്ക് തുറന്നു കിട്ടിയതാണ്. റൌലറ്റ് ബില്ലുമായി ബന്ധപ്പെട്ട് നടത്തിയ കൂട്ട ഉപവാസത്തിനു മുൻപ്, ചമ്പാരനിൽ അതു പ്രയോഗിച്ചു നോക്കും മുൻപ്, 1911-12 കാലത്ത് ദക്ഷിണാഫ്രിക്കയിൽ വച്ച് ടോൾസ്റ്റോയി ഫാമിലെ കുട്ടികളുടെ സദാചാരവിരുദ്ധമായ പ്രവൃത്തികൾക്ക് സ്വയം ഉത്തരവാദിത്വം ഏറ്റെടുത്തും ഗാന്ധിജി ഉപവാസം അനുഷ്ഠിച്ചിരുന്നു. ഒന്നിനു പിറകെ ഒന്നായി. അതിൽ മനഃശുദ്ധീകരണമാണ് ലക്ഷ്യമായിരുന്നത്. തന്റെയും കുട്ടികളുടെയും. 1919 ഏപ്രിൽ ആറാം തീയതിയിലെ 24 മണിക്കൂർ കൂട്ട ഉപവാസത്തിൽ പ്രതിഷേധം മുഖ്യ അജണ്ടയായി. നല്ല അർത്ഥത്തിൽ ഒരു രാഷ്ട്രീയതന്ത്രമായി. പഴയ കൂട്ടപ്പട്ടിണിയിലെന്നപോലെ അപ്രതിരോധ്യനായ ശത്രുവിനു നേരെയുള്ള ഒരു ബലപ്രയോഗം അതിലുണ്ട്, എത്ര തർക്കിച്ചാലും മായ്ക്കാൻ പറ്റാത്ത വിധത്തിൽ. പട്ടിണിയും അവരോധവും എന്ന പുസ്തകമെഴുതിയ പി ഭാസ്കരനുണ്ണി, സ്വശരീരത്തെ വ്രതാനുഷ്ഠാനങ്ങളാലും ഭക്ത്യുപവാസങ്ങളാലും ധർമ്മക്ഷേത്രമാക്കുന്ന ഗാന്ധിജിയുടെ പ്രവൃത്തി, ആത്യന്തിക വിശകലനത്തിൽ കർമ്മം കൊണ്ടുള്ള ബ്രാഹ്മണപദപ്രാപ്തിയായിതീരുന്നു എന്നു വിലയിരുത്തുന്നുണ്ട്. അതവിടെ നിന്നും കടന്നു. 1970 -ൽ സുശീലാ നായർ വേദ് മെഹ്ത്തയോട് പറഞ്ഞത് താൻ ഗാന്ധിജിക്കൊപ്പം കിടന്നിരുന്നത് ഒരു ഹിന്ദു ദൈവത്തിനോടൊപ്പം എന്ന മട്ടിലാണെന്നാണ്. പഠിക്കാൻ കടൽ കടന്നതോടെ ഗാന്ധിജിയ്ക്ക് ബന്ധുക്കളിൽ നിന്ന് ഏറ്റുവാങ്ങേണ്ടി വന്ന ജാതിഭ്രഷ്ട് വന്നുപോയ മട്ടിലുള്ള പെരുമാറ്റം ഉണ്ടാക്കിയ മാനസിക പ്രതികരണങ്ങളാവാം ഗാന്ധിജിയുടെ പിൽക്കാല ശാരീരിക വിശുദ്ധനിഷ്ഠയ്ക്കുള്ള മനശ്ശാസ്ത്രപരമായ ഒരു അടിസ്ഥാനം. ഇതു മാത്രമല്ല. നിർണ്ണായക നിമിഷങ്ങളിൽ തീരുമാനമെടുക്കാൻ ഗാന്ധിജി പലപ്പോഴും ആശ്രയിച്ചത് സ്വന്തം അന്തർജ്ഞാനപരമായ കഴിവിനെയാണ്. (‘...ഉറക്കത്തിനും ഉണർവിനും മധ്യേയുള്ള ആ മയക്ക സ്ഥിതിയിൽ - അർദ്ധനിദ്രാവസ്ഥയിൽ - ആണ്, ഒരു സ്വപ്നത്തിലെന്നപോലെ, ആ പുതിയ ആശയം എന്നിൽ പെട്ടെന്ന് ഉദിച്ചത്...’ ആത്മകഥയിൽ നിന്നും) കേൾവിക്കാർ മൂക്കത്തു വിരൽ വച്ചുപോകുന്നതരത്തിൽ പുത്തൻ തന്ത്രങ്ങൾ അവതരിപ്പിക്കുമ്പോഴും അവയുടെ വിജയപ്രാപ്തിയിൽ ഗാന്ധിജി സ്ഥിരപ്രത്യയനായിരുന്നു. കാരണം വ്യക്തം. ജനസമൂഹത്തിനും അതീതശക്തിയ്ക്കും ഇടയിൽ ശരിയായ തീരുമാനങ്ങളുടെയും ആത്യന്തിക വിജയത്തിന്റെയും സംശയലേശമില്ലാത്ത പൌരോഹിത്യത്തെയാണ് ഇത്തരം വെളിപാടുകൾ അടയാളപ്പെടുത്തുന്നത്. വെളിപാടുകൾക്ക് അവതരിക്കാൻ - ഇറങ്ങിവരാൻ - തന്റെ ശരീരത്തെ ശുദ്ധമാക്കി വയ്ക്കണമെന്ന കർക്കശ നിഷ്ഠയിൽ നിന്നും വ്രതാനുഷ്ഠാനങ്ങളുടെ പരീക്ഷണങ്ങൾ, ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ഏറെക്കുറെ അസാധാരണവും ഭ്രാന്തവും എന്ന് തീർച്ചയാക്കാവുന്ന അന്വേഷണങ്ങൾ , അദ്ദേഹം നടത്തി.

മൂന്ന്
ഗാന്ധിജി മതത്തിൽ മുഴുകി ജീവിച്ച വ്യക്തിയാണ്. 1921 ഒക്ടോബർ 6 ന് എഴുതിയ പരസ്യമായ വിശ്വാസപ്രഖ്യാപനത്തിൽ തന്റെ മതബോധത്തിന്റെ സ്വഭാവത്തെ അക്കങ്ങളിട്ടാണ് വിവരിച്ചിരിക്കുന്നത്. വേദാന്തങ്ങൾ, പുരാണങ്ങൾ, ശാസ്ത്രങ്ങൾ തുടങ്ങിയ ഹൈന്ദവഗ്രന്ഥങ്ങളിലും അവതാരങ്ങളിലും പുനർജ്ജന്മത്തിലും വർണ്ണാശ്രമധർമ്മത്തിന്റെ യഥാതഥമായ വൈദികാർത്ഥത്തിലും ഗോ സംരക്ഷണത്തിലും വിഗ്രഹാരാധനയിലുമുള്ള തന്റെ വിശ്വാസത്തെ സംശയമില്ലാതെ ഗാന്ധിജി അതിൽ എടുത്തെഴുതിയിട്ടുണ്ട്. ഇവയിലൊക്കെയുള്ള വിശ്വാസം സാധാരണജനങ്ങൾ കാണുന്നതിൽ നിന്ന് തുലോം വ്യത്യസ്തമായ അർത്ഥത്തിലാണെന്ന് അദ്ദേഹം പറയുന്നു. മതത്തെക്കുറിച്ചു പറന്ന കൂട്ടത്തിൽ ശ്രദ്ധേയമായ ഒരു ഉപമ അദ്ദേഹം പ്രയോഗിച്ചിട്ടുണ്ട്, അതിങ്ങനെയാണ്. “ഹിന്ദുമതത്തോട് എനിക്കു തോന്നുന്ന വികാരം എന്റെ സ്വന്തം പത്നിയോടു തോന്നിയിട്ടുള്ളതു തന്നെയാണ്. എന്റെ പത്നിക്കല്ലാതെ ലോകത്തിലെ മറ്റു യാതൊരു സ്ത്രീകൾക്കും എന്റെ മനസ്സിൽ സഹോദരപരമായിട്ടല്ലാതെ വേറെയാതൊരു സ്ഥാനവുമില്ല. എന്റെ പത്നി കളങ്കരഹിതയാണെന്ന് ഞാൻ അഭിപ്രായപ്പെടുന്നില്ല. എനിക്ക് കാണുവാൻ സാധിക്കുന്നതിലധികം കുറ്റം അവർക്കുണ്ടാവാം. എന്നാൽ ഞങ്ങളെ ബന്ധിച്ചിരിക്കുന്ന പാശത്തിന്റെ പിരിമുറുക്കത്തിനു ഇതുകൊണ്ട് യാതൊരു ഹാനിയും തട്ടുന്നില്ല.”

റൊമേൻ റോളണ്ട് ‘മഹാത്മാഗാന്ധി’ എന്ന പുസ്തകത്തിൽ എടുത്തെഴുതിയതാണിത്. 1924 ലാണ് ആ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. 1920 ൽ സ്ഥാപിച്ച ഗുജറാത്ത് വിദ്യാപീഠത്തിലെ അദ്ധ്യാപകർ അനുഷ്ഠിക്കേണ്ട പ്രധാനവ്രതങ്ങളിൽ ബ്രഹ്മചര്യത്തിന്റെ പ്രാധാന്യം ഗാന്ധിജി ഊന്നി പറയുന്നു. ഈ വ്രതമില്ലാതെ സത്യവ്രതവും അഹിംസാവ്രതവും നോക്കുക എളുപ്പമല്ലെന്നും അന്യസ്ത്രീകളെ ശൃംഗാരദൃഷ്ട്യാ നോക്കാതിരിക്കുന്നതിനു പുറമേ വിചാരത്തിൽ കൂടി വികാരമത്തനാവാതെയിരിക്കുന്നതും അത്യാവശ്യമാകുന്നു എന്നുമാണത്. വിവാഹിതനാണെങ്കിൽ സ്വന്തം ഭാര്യയെ ഭോഗോപകരണം മാത്രമായി കരുതാതെ ജീവിതത്തിലെ യഥാർത്ഥ ‘സഹധർമ്മിണി’യായി പരിഗണിച്ച് സമ്പൂർണ്ണമായ പരിശുദ്ധിയെ പാലിക്കണമെന്നാണ് ഗാന്ധിജിയുടെ നിർദ്ദേശം. ഭൃത്യന്റെ സ്ഥാനത്തു നിൽക്കുന്ന ഒരാൾ സ്വന്തം ഭാര്യയെക്കാളും ഉത്തരവാദിത്തത്തോടെ ശുശ്രൂഷ ചെയ്യുന്നുണ്ടെങ്കിൽ അതിനെ ഭാര്യയുടെ സ്നേഹത്തേക്കാൾ വലുതായി കരുതേണ്ടതല്ലേ എന്നൊരു പ്രശ്നമുണ്ട്. ഭാര്യയെ വിഷയഭോഗത്തിനു വേണ്ടി മാത്രം സ്നേഹിക്കുന്നതിൽ എന്തു നന്മയാണുള്ളത്? അതുകൊണ്ടും കൂടിയാണ് അദ്ദേഹം ബ്രഹ്മചര്യദീക്ഷയെടുത്തത്.

മതത്തിൽ മുഴുകി ജീവിക്കുന്നവർ, ബാഹ്യാചാരങ്ങളെ വിട്ട് മതാനുഭവത്തിന്റെ ആഴത്തിലേയ്ക്ക് കൂപ്പുകുത്തുന്ന മിസ്റ്റിക്കുകൾ ഉൾപ്പടെ, സ്വയം ഒരു സ്ത്രീയായും ദൈവത്തെ തന്റെ പുരുഷനായും കാണാനാണ് കൌതുകം കാണിച്ചിട്ടുള്ളത് എന്ന് നമുക്ക് അറിയാം. അവിടെ വിധേയത്വമാണെങ്കിൽ ഗാന്ധിജിയുടെ വാക്കുകളിൽ കാണുന്നത് അധീശത്വമാണ്. മതത്തോടുള്ള വ്യക്തിഗതമായ താത്പര്യത്തെയാണ് ഭാര്യയോടുള്ള സ്നേഹമായി അദ്ദേഹം അടിവരയിടുന്നത് എന്നു മറക്കുന്നില്ല. എങ്കിലും സ്ത്രീയെ കൂടെ ശയിച്ചാലും ‘കളങ്കിത’യാക്കാതിരിക്കുക എന്ന നിഷ്ഠ അതിലുള്ളത് കാണാതിരിക്കേണ്ടതില്ല. ‘അവളുടെ’ വിശുദ്ധി അങ്ങനെ തന്നിലൂടെ വെളിവാക്കപ്പെടുന്നതുപോലെ ദേശത്തിന്റെ വിശുദ്ധിയും അതിലെ ‘ആണുങ്ങൾ’ക്ക് വിളംബരം ചെയ്യാനാവും. ഹിന്ദുരാഷ്ട്രം എന്ന സങ്കൽ‌പ്പത്തെ ഗാന്ധിജി അനുകൂലിച്ചിരുന്നില്ലെങ്കിലും താൻ വിശ്വസിക്കുന്ന മതം ‘വിളിപ്പുറത്തുള്ള സ്ത്രീ’യാണെന്ന ആശയത്തിൽ നിന്ന് ‘ഭാരതമാത’യിലേയ്ക്ക് ഒരു കടൽദൂരമൊന്നും ഇല്ല. ജീവിതത്തിൽ ഉണ്ടാവേണ്ട സമഗ്രബോധത്തെപ്പറ്റിയുള്ള കാഴ്ചപ്പാടിനെപ്പറ്റി പറഞ്ഞു കൊണ്ട് ഗാന്ധിജി മതത്തെയും രാഷ്ട്രീയത്തെയും വേറെ വേറെ കള്ളികളിലാക്കി മാറ്റി നിർത്തുന്നില്ല. അതുകൊണ്ടാണ് ‘രാഷ്ട്രീയയജ്ഞ’ത്തിനെരിക്കാനുള്ള വിറകുകൾ മൊത്തം ഗാന്ധിജി തന്റെ മതവിശ്വാസത്തിൽ നിന്നും കടന്നെടുത്തത്. ‘സമ്പൂർണ്ണ ബ്രഹ്മചാരിയായിരിക്കുന്ന ഒരാളിനേ അഹിംസയുടെ മാർഗദർശിയാവാൻ കഴിയുകയുള്ളൂ’ എന്ന് ഗാന്ധിജി ആവർത്തിച്ചു പറയുന്നുണ്ട്. സ്വന്തം ഭാര്യയുമായി സന്താനോല്പാദനപരമല്ലാത്ത ലൈംഗികബന്ധങ്ങളിൽ ഒരു കാലഘട്ടം മുഴുവൻ ഗാന്ധിയന്മാർ അനുഭവിച്ച കുറ്റബോധത്തിന് കാരണം ഈ ആശയങ്ങളാണ്. സ്ത്രീപുരുഷപ്രണയങ്ങളിൽ ലൈംഗികത കടന്നുവരുന്നതോടെ സ്വാർത്ഥതയും പകയും പോലുള്ള വികാരങ്ങളാൽ ബന്ധത്തിന്റെ വിശുദ്ധി കെട്ടുപോകുന്നതിനെപ്പറ്റി ഗാന്ധിയൻ എന്നവകാശപ്പെടുന്ന സുകുമാർ അഴീക്കോടിനെ പോലുള്ളവർ ഇക്കാലത്തും എഴുതുന്നതു കാണുക. (അഴീക്കോടിന്റെ ആത്മകഥ)

റോളണ്ടിന്റെ ജീവചരിത്രത്തിന്റെയും ഗുജറാത്ത് വിദ്യാപീഠത്തിലെ നിർദ്ദേശത്തിന്റെയും കാലത്തെയും പറ്റി തൊട്ടു മുൻപ് എഴുതിയത് വെറുതെയല്ല. അവിടങ്ങളിൽ കണ്ടതിൽ നിന്നു വ്യത്യസ്തമായി പിൽക്കാലത്തുണ്ടായ പഠനങ്ങളിലെ ഗാന്ധിയുടെ തുറന്നു പറച്ചിലുകൾ ‘ഗാന്ധിജിയും സ്ത്രീയും’ എന്ന വിഷയത്തെ പലതരത്തിൽ അപനിർമ്മിക്കലിനു വിധേയമാക്കിയിട്ടുണ്ട്. രാജ് മോഹൻ ഗാന്ധിയുടെ ‘മോഹൻ‌ദാസിൽ’ സരളാദേവിയുമായുണ്ടായിരുന്ന ഗാന്ധിജിയുടെ ബന്ധം കസ്തൂർബായ്ക്കുണ്ടാക്കിയ ശക്തമായ മാനസികവേദനകളെക്കുറിച്ച് പറയുന്നുണ്ട്. കാലം 1919-20. ഗാന്ധിജിയും സരളാദേവിയും ആത്മീയദമ്പതികളായിരുന്നു. ആഭയ്ക്കും മനുവിനും മുൻപ് ‘അസിധാരാ’ പരീക്ഷണത്തിനു ഗാന്ധിജിയുടെ ഇണ സരളാദേവിയായിരുന്നു. ഇന്നത്തെ ആൾദൈവാശ്രമങ്ങളുടെ പ്രഭാവലയം അന്ന് ഗാന്ധിജിയുടെ ജീവിതപരിസരത്തുണ്ടായിരുന്നു എന്നു വേണം മനസ്സിലാക്കാൻ. മിലിഗ്രഹാം പൊള്ളാക്ക്, സോഞ്ചാ ഷ്ലെസിൻ, ഈസ്റ്റർ ഫാറിംഗ്, നില്ല ക്രാം കുക്ക്, മർഗരറ്റ് സ്പീഗൽ, മീര ബെൻ എന്ന മാഡ്‌ലിൻ സ്ലെഡ്.. അദ്ദേഹത്തെ വലയം ചെയ്തു നിന്ന വിദേശസ്ത്രീകളുടെ നിരയ്ക്കു പുറമേയാണ് സരളാദേവിയുടെയും പ്രഭാവതിയുടെയും കഞ്ചൻ ഷായുടെയും സുശീലാ നായരുടെയും മനു ആഭാമാരുടെയും കൂട്ടിനെക്കുറിച്ചുള്ള വിവരങ്ങൾ. മനുവിനോടൊപ്പം പൂർണ്ണനഗ്നനായി കിടക്കുന്ന ഗാന്ധിയെ കണ്ടിട്ട് അദ്ദേഹത്തിന്റെ സ്റ്റെനോഗ്രാഫർ പുരുഷോത്തം രാജിവച്ചു പോയ ഒരു കഥയുണ്ട്. മനുവിനെ തന്റെ ബ്രഹ്മചര്യം പരീക്ഷിക്കാനുള്ള വസ്തുവായി സ്വയം തെരെഞ്ഞെടുത്ത ഗാന്ധി, തന്റെ പരീക്ഷണങ്ങളിൽ അവർക്കെന്തായിരുന്നു അനുഭവം എന്ന് തുറന്നെഴുതാൻ, നല്ലവണ്ണം നിർബന്ധിച്ചിരുന്നു. ഗാന്ധിജിയുടെ മരണത്തിനു നേർ സാക്ഷിയായിരുന്ന മനു, ദേവദാസ് ഗാന്ധിയോടൊപ്പം റെയിൽ‌വേ സ്റ്റേഷനിലേയ്ക്ക് പോവുന്നതാണ് അവസാന കാഴ്ച. അവരുടെ ഭാഗത്തു നിന്നുള്ള ഒരെഴുത്ത് പിന്നീട് ഉണ്ടായില്ല. കൌമാരകാലത്തുണ്ടായ ലൈംഗിക പരീക്ഷണങ്ങൾ അവരുടെ വ്യക്തിത്വത്തെ എന്താക്കി മാറ്റിയെന്നും വ്യക്തമല്ല. നവഖാലിയിലെ തീയണയ്ക്കാനുള്ള യജ്ഞത്തിനിടയ്ക്കാണ് ഗാന്ധിജി മനുവിനെ വിളിച്ചു വരുത്തി ‘അസിധാരവ്രതം’ കൈക്കൊണ്ടത്. ഒരു തരത്തിലും അണക്കാൻ പാറ്റാതെ ആളിക്കത്തിക്കൊണ്ടിരുന്ന വർഗീയതയുടെ ജ്വാലകളെ അണയ്ക്കാനുള്ള മാനസികശേഷി ഗാന്ധിജി നേടിയെടുത്തത് ആ സഹനത്തിലൂടെയാണ്. അവർ പരസ്പരം അമ്മ കളിക്കുകയായിരുന്നു എന്ന് കെ അരവിന്ദാക്ഷൻ എഴുതുന്നു. അങ്ങനെയൊരു പാരസ്പര്യം അവിടെ ഉണ്ടെങ്കിൽ, അതൊരു പാരസ്പര്യമായിരുന്നെങ്കിൽ സ്വശരീരം ക്ഷേത്രമായി ഉപയോഗിച്ച ഗാന്ധിജിയുടെ നഗ്നതയിൽ നവഖാലി ശാന്തമായതു പോലെ മനുവിൽ നിന്നും എന്തെങ്കിലും ഉണ്ടാവേണ്ടതായിരുന്നില്ലേ? എന്താണ് ഈ പരീക്ഷണങ്ങളുടെ ഒക്കെ ഫലമായി അവരിൽ നിന്ന് രാജ്യത്തിന് അല്ലെങ്കിൽ സ്വന്തം ജീവിതത്തിനു് കിട്ടിയ മിച്ചം? ഈ വ്രതത്തെ തന്നെ അസിധാരയെന്ന് ഇനിയും വിവക്ഷിക്കുന്നതിൽ ഒരു യുക്തിഭംഗം ഉണ്ട്. സകലകാമത്തോടെയും സ്ത്രീയെ സമീപിച്ച് ക്ലീബമായി രാത്രി തീർക്കുന്നതാണ് അസിധാരയുടെ സ്വഭാവം. ‘അമ്മയുടെ നഗ്നതയ്ക്കു മുന്നിൽ കുഞ്ഞിന്റെ നഗ്നത’ എന്ന മട്ടിലാണ് വ്യാഖ്യാതാക്കൾ ഗാന്ധിജിയുടെ പരീക്ഷണത്തെ കൊണ്ടു നടക്കുന്നത്. അത്തരമൊരു ‘ഭാവത്തിന്റെ’ പരകോടിയിൽ ആത്മബലം, പരിശുദ്ധി, സുതാര്യത തുടങ്ങിയവ ഏതു വഴിയിലൂടെ ഒഴുകി നിറയും എന്നൊരു അന്വേഷണത്തിനു പുറപ്പെടുന്നവർ വഴിയാധാരമാവും. എഴുന്നേറ്റു നിൽക്കാൻ ശേഷിയില്ലാത്തവന്റെ അഹിംസയും പിറന്നു വീണ കുഞ്ഞിന്റെ ആത്മനിയന്ത്രണവും അല്ലല്ലോ വിഷയം.


മതം നൽകിയ വിറകായിട്ടും ഉപവാസങ്ങൾ അതിന്റെ പെരുമയോടെ ഇപ്പോഴും ഗാന്ധിജിയെ ഓർത്തും ഓർക്കാതെയും രാജ്യതന്ത്രങ്ങളിൽ നില നിൽക്കുന്നുണ്ട്. അതിനേക്കാൾ കടുത്ത ആത്മീയ പരീക്ഷണമായി നിലനിൽക്കേണ്ട ‘അസിധാര’ കുറ്റിയറ്റു പോയി. ലൈംഗികാതിക്രമങ്ങൾ ഒരു ക്രമവുമില്ലാതെ കൂടുന്ന ആസുരകാലത്തെങ്കിലും ആൺ സ്വഭാവശുദ്ധിയുടെ അഗ്നിപരീക്ഷമായി അതു തിരിച്ചു വരേണ്ടതല്ലേ? അങ്ങനെ ചിന്തിക്കുന്നതിനെ പോലും നോക്കി ഇങ്ങനെ അശ്ലീലചിരി ചിരിച്ചാൽ പിന്നെങ്ങനെയാണ്?
Post a Comment