March 6, 2011

കാക്കിയ്ക്കുള്ളിലെ ഹൃദയം : ചേങ്ങിലയും കൈമണിയും



ഒന്ന്
2007-2010 കാലയളവിൽ 157 കസ്റ്റഡി മരണങ്ങൾ കേരളത്തിൽ നടന്നിട്ടുണ്ടെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ കണക്ക്. അതു കണക്ക്. പലപ്പോഴും ആശുപത്രിയിൽ വച്ചുള്ള പ്രതികളുടെ മരണവും സ്വാഭാവിക ജീവിതം സാധ്യമല്ലാത്ത വിധത്തിലുള്ള കൊടിയ മർദ്ദനത്തെ തുടർന്നുള്ള ജീവിതവും ‘അവകാശത്തിനെതിരെ’യുള്ള പട്ടികയിൽ പലപ്പോഴും കടന്നുകയറാറില്ല. ബീമാപള്ളി - ചെറിയതുറ വെടി വയ്പ്പുപോലുള്ള കുരുതികളും ഇക്കൂട്ടത്തിൽ വരില്ല. തിരുവനന്തപുരത്തെ, കരമന പോലീസ് സ്റ്റേഷനിൽ ലോക്കപ്പിലുണ്ടായിരുന്ന പ്രതി വിഷം കുടിച്ചാണ് മരിച്ചത്. അതും പോലീസു പിടിച്ചതിന്റെ അടുത്ത ദിവസം, ടോയിലെറ്റിൽ വച്ച്. ‘അസാധാരണമായ ക്രാന്തദർശിത്വമുള്ള’ പ്രതി, പോലീസ് പിടിക്കുമ്പോഴേ കൈയിൽ വിഷം കരുതിയിരുന്നു. അടിവസ്ത്രം മാത്രം ധരിച്ച് നിൽക്കുമ്പോഴും അതാരും കാണാതെ ഒളിപ്പിച്ചു വച്ചിരുന്നു. കസ്റ്റഡിയിലുള്ളവർ ടോയിലെറ്റിൽ പോകുമ്പോൾ വാതിലടയ്ക്കാൻ പാടില്ലെന്ന് നിയമമുണ്ട്. സാരമില്ലെന്നു കരുതി അതടയ്ക്കാൻ സമ്മതിച്ച ‘മനുഷ്യത്വ’ത്തിനു കണക്കിനു തിരിച്ചടി കിട്ടി. പോലീസ് സേനയ്ക്കു നാണക്കേടുണ്ടാക്കിക്കൊണ്ട് സ്റ്റേഷനിൽ ഒരു മരണം കൂടി നടന്നു. - ഇതാണ് പോലീസ് ഭാഷ്യം. രണ്ടാഴ്ചയ്ക്കു മുൻപ് ഇറച്ചിചോദിച്ചപ്പോൾ കറി കൊടുത്തില്ലെന്നും പറഞ്ഞ് ഒരു പോലീസുകാരൻ കൂട്ടുകാരോടൊപ്പം ചേർന്ന് ഒരു വഴിയോര ഹോട്ടൽ അടിച്ചു തകർത്ത് ഭക്ഷണസാധനങ്ങൾ വാരി വലിച്ച് പുറത്തിട്ടത് ഇതേ പ്രദേശത്താണ്. കള്ളും കുടിച്ചു വന്ന് മര്യാദയ്ക്ക് ‘കറിയുണ്ടോ’ എന്നു വിനയത്തോടെ ചോദിച്ച പോലീസുകാരനെ ഹോട്ടൽ തൊഴിലാളികൾ വളഞ്ഞു വച്ചു മർദ്ദിക്കുകയായിരുന്നു എന്നാണ് ആശുപത്രിയിൽ പ്രവേശനം സിദ്ധിച്ച അദ്ദേഹം പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. തൊഴിലാളികൾക്കെതിരെ വധശ്രമത്തിനു കേസെടുത്തുകൊണ്ട് പോലീസ് പ്രതികരിച്ചു. പോലീസുകാരുടെ ആത്മവീര്യം തകർക്കുന്ന പരിപാടി ഏതു ഭാഗത്തുനിന്നുണ്ടായാലും അതു വക വച്ചു കൊടുക്കാൻ പറ്റില്ല. രണ്ടു സംഭവത്തിലും പതിവുപോലെ ജനം ഹർത്താലു നടത്തി. കൂട്ടം കൂടി. ഒന്നോ രണ്ടോ സസ്പെൻഷനുകൾ സംഭവിച്ചു. ഇതുപോലെ എന്തൊക്കെ കണ്ട നാടാണ് കേരളം! സമയമാം രഥം ഒന്നും വകവയ്ക്കാതെ യാത്ര തുടരുന്നു.

പോലീസ് ഭാഷ്യങ്ങൾ എന്നാൽ പ്രത്യേക വ്യവഹാരരൂപം എന്നാണ് അർത്ഥം. ആടൊക്കെ പട്ടിയും പൂച്ചയും എലിയും ഒച്ചുമൊക്കെ തരാതരം പോലെയാവും. കഴക്കൂട്ടത്ത് ഒരു പോലീസേമാൻ സ്ഥിരമായി രണ്ടാം കിട മൂന്നാം കിട ജ്വലറിക്കാരെ വിരട്ടി (ഒന്നാം കിടക്കാരെ വിരട്ടാൻ ഇത്തിരി പുളിക്കും) പണം വാങ്ങിച്ചിരുന്നത്, ഏതു കള്ളനെ പിടിച്ചാലും അവൻ മോഷ്ടിച്ച സ്വർണ്ണം ടി കടയിൽ വിറ്റിട്ടുണ്ടെന്ന് പറയിച്ചാണത്രേ. കുടുങ്ങിയില്ലേ? അതൊഴിവാക്കാൻ കുറച്ചു പണം പോയാലെന്താ എന്ന് അവരും വിചാരിച്ചു. അമേരിക്കയിൽ നിന്ന് ഒഴിവുകാലം ചെലവഴിക്കാൻ വന്ന ഒരു മനുഷ്യന്റെ വീടിനു മുന്നിൽ പാർക്കു ചെയ്ത ജീപ് മാറ്റണമെന്ന് ആവശ്യപ്പെട്ട മനുഷ്യന് ചെകിടത്താണ് പോലീസ് മുദ്ര കിട്ടിയത്. പേരൂർക്കടയ്ക്കടുത്ത് കുറച്ചുകാലങ്ങൾക്കു മുൻപ് നടന്ന സംഭവമാണ്. അടിച്ചത് കുറഞ്ഞ ഉദ്യോഗസ്ഥനൊന്നുമല്ല. പ്രവാസികൾക്ക് ഒരു പ്രത്യേകതയുണ്ട്. രണ്ടു ഭൂപ്രദേശത്തിന്റെ ഇടയ്ക്കാണ് വാസം എന്നുള്ളതുകൊണ്ട് അതോ ഇതോ എന്ന ആശയക്കുഴപ്പം കാതലായി ഉണ്ടാവും. പരാതി തള്ളിപ്പോയി. കാരണം ചെകിട്ടത്ത് അടിച്ചു എന്നു പറയപ്പെടുന്ന ഉദ്യോഗസ്ഥൻ, അടിച്ചു എന്നു പറയുന്ന സമയത്തിങ്കൽ ഈ പ്രദേശത്തൊന്നും ഉണ്ടായിരുന്നില്ല, കണ്ണൂരിലോ മറ്റോ ഔദ്യോഗികാവശ്യത്തിനു പോയിരിക്കുകയായിരുന്നു (എന്നായിരുന്നു പോലീസ് ഭാഷ്യം! തെളിവുണ്ട്. ബ്രഹ്മാവിന്നുണ്ടോ ആയുസ്സിനു പഞ്ഞം!!). പിന്നെ അടിച്ചതാര്? ആ..? അമേരിക്കക്കാരൻ പൂർവാധികം നാണിച്ചു വിമാനം കയറിക്കാണും. കൂടുതൽ മൂപ്പിച്ചാൽ അയാൾ വിമാനം കേറാതിരിക്കാനുള്ള വിദ്യ, കാക്കിസേന ഒപ്പിച്ചേനേ. നിയമവാഴ്ച ചില്ലറക്കാര്യമല്ല. തമ്പാനൂർ പോലീസ് ഹെൽമറ്റ് വേട്ടയ്ക്കിടെ പോലീസ് തന്നെ ഉപദ്രവിച്ചു എന്ന പരാതിക്കാരനെക്കൊണ്ട് നിരുപാധികം പരാതി പിൻ വലിപ്പിപ്പിച്ചത് അയാളുടെ സകല ബന്ധുക്കളുടെയും വണ്ടികളെ റോഡിലിറങ്ങാൻ സമ്മതിക്കില്ല എന്നു വിരട്ടിയിട്ടാണെന്ന് മാതൃഭൂമി പത്രം എഴുതി. രണ്ടു മൂന്നു ദിവസം പത്രങ്ങളിൽ നിറഞ്ഞു നിന്ന വാർത്തയായിരുന്നു. പോലീസ് സേനയ്ക്കെതിരെ ഒരു യഥാർത്ഥ സുരേഷ് ഗോപിയുടെ ഒറ്റയാൾ പോരാട്ടം. കാര്യമില്ല, അത് നനഞ്ഞ പടക്കമായി. സിനിമയല്ല ജീവിതം.

പോലീസ്, ഭരണകൂടത്തിന്റെ ‘പ്രത്യക്ഷ’രൂപമാണ്. അതുകൊണ്ടാണല്ലോ കൂട്ടം കൂടുമ്പോൾ അവർക്കിട്ട് കല്ലെറിയുന്നതും ഒരു താരത‌മ്യത്തിലൂടെ അവരുടെ പേരിൽ സമരസഖാക്കൾ പുല്ലുകൾക്ക് സാഫല്യം പ്രദാനം ചെയ്യുന്നതും. ഭരണകൂടം പൌരാവകാശങ്ങൾക്കുമേൽ എങ്ങനെ മേയ്ക്കിട്ടു കേറാൻ ആഗ്രഹിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് പോലീസിന്റെ ചെയ്തികൾക്ക് അർത്ഥവും അനർത്ഥവും വരുന്നത്. അതുകൊണ്ട് പോലീസിനെ കണ്ട് ആളുകൾ വിരണ്ടോടി മരിച്ച സംഭവങ്ങളിൽ ചില ധ്വനികളുണ്ട്. അത് കാണാതെ പോകുന്നവർ, ‘പോലീസെന്താ മനുഷ്യരല്ലേ, അവർക്കു നൊന്താൽ അവരും തല്ലുമെന്ന’ കാരണവർ സിദ്ധാന്തത്തിന്റെ സ്കൂളിൽ പഠിക്കുന്നവരാണെന്നതിനു വേറെ തെളിവുവേണോ? പ്രതിപക്ഷത്തിന്റെ സ്ഥിരം ആരോപണങ്ങളിലൊന്ന് പോലീസിനെ കയറൂരി വിടുക എന്നതാണല്ലോ നമ്മുടെ നാട്ടിൽ. പോലീസിന്റെ ആത്മവീര്യം തകർക്കാതിരിക്കാൻ വല്ലാതെ ശ്രദ്ധിച്ചിരുന്ന കരുണാകരൻ പോലീസ് സേനയുടെ ഓമനപ്പുത്രനായി വിരാജിച്ചിരുന്നത് വെറുതേയാണോ? അടിയന്തിരാവസ്ഥക്കാലത്ത് സൈക്കിൾ ലൈറ്റിൽ കറുത്തപ്പൊട്ടില്ലെന്ന ഒറ്റകാരണംകൊണ്ട് തല്ലി എല്ലൊടിച്ച സംഭവമുണ്ടെന്ന് നമുക്കറിയാം, മോഷ്ടാവല്ലാത്ത ഒരു വനെ ഉരുട്ടിക്കൊല്ലുന്നതിൽ അവിടെ നിന്ന് ഒട്ടും ദൂരമില്ലെന്ന കാര്യം നമുക്കറിയുകയുമില്ല. ‘ജനാധിപത്യത്തിലെ പോലീസ്’ ഒട്ടും വളരുന്നില്ല. അവർ മറ്റെന്തിനെയോ പ്രതിനിധീകരിച്ചുകൊണ്ട് നിലകൊള്ളുകയാണ്. കൊടുമൺ സ്റ്റേഷനിൽ വച്ച് പോലീസ് മർദ്ദിച്ച കൊടുമൺ സ്വദേശി രാജന്, 10,000 രൂപ നഷ്ടപരിഹാരം നൽകാൻ സംസ്ഥാനമനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടത് ഇന്നലെയാണ്. ആളുമാറി പിടിച്ചിട്ടായിരുന്നു ഈ മർദ്ദനം.

കരമനയിൽ ഇറച്ചിക്കറി കിട്ടത്തതിന്റെ ചൊരുക്കാണല്ലോ വധശ്രമമായത്, 20 വർഷം മുൻപ് എ കെ ജി സെന്റർ വെടിവയ്പ്പിലേയ്ക്ക് നയിച്ച ആക്രമണക്കേസ് എഴുതിത്തള്ളിയതായി വാർത്ത രണ്ടു ദിവസം മുൻപ് കണ്ടു. സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ അനുവദിക്കുന്നതിനെതിരെ സിപി എം, എസ് എഫ് ഐ, ഇടതുപക്ഷ പ്രവർത്തകർ നടത്തിയ സമരത്തിനിടയിൽ സ്പെഷ്യൽ ബ്രാഞ്ച് സി ഐ രാജനെ വലിച്ചിഴച്ച് എകെജി സെന്ററിലേയ്ക്ക് കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന കേസാണ് (അങ്ങനെയുള്ള പല കേസുകൾക്കുമൊപ്പം) ഇപ്പോൾ തള്ളിയത്. പ്രതികൾ എം എ ബേബി, കടകം പള്ളി സുരേന്ദ്രൻ, മുൻ കോന്നി എം എൽ എ പദ്മകുമാർ, പള്ളിച്ചൽ സദാശിവൻ (മരിച്ചു) മുൻ മേയർ ജയൻ ബാബു, മുൻ എം എൽ എ ആർ പരമേശ്വരപിള്ള തുടങ്ങി കണ്ടാലറിയുന്ന 87 പേരും പിന്നെ അറിയാത്ത 400 പേരുമുണ്ടായിരുന്നു പ്രതികൾ. തെളിഞ്ഞില്ല ആ കേസ്. സംഗതികൾ താനേ തിരിയുകയും മറിയുകയും ചെയ്യുമെന്നർത്ഥം. കണ്ണുരുട്ടിയാലും അതു വധശ്രമമാവും. വധശ്രമം, ആട്ടെ പോട്ടെ ഇരിക്കട്ടേ എന്നുമാവും. വർഗീസും രാജനും ഇന്നും അണയാത്ത ദീപങ്ങളായി ഉണ്ട്. ഏറ്റെടുക്കാൻ ആളില്ലാത്ത നിരവധി അത്തപ്പാടികളുടെ കാര്യം തരാതരം പോലെ നാം മറക്കുകയും ചെയ്തു. മുൻപൊരിക്കൽ വഞ്ചിയൂർ സ്റ്റേഷനിൽ ഒരു ലോക്കപ്പ് കൊലയുടെ വാർത്തകേട്ടറിഞ്ഞ് സ്റ്റേഷനിലേയ്ക്ക് ഇരച്ചെത്തിയ ജനക്കൂട്ടത്തിനു നേരെ വെടിവച്ച് പോലീസ് ഒരാളെ കൊന്നിരുന്നു. ഒരേ ദിവസം രണ്ടു കൊല. ആരും തിരിഞ്ഞു നോക്കാനില്ലെങ്കിൽ കൊലപാതകങ്ങളെല്ലാം ‘നിയമവാഴ്ച’യ്ക്കെതിരെയുള്ള ശ്രമങ്ങളായി മാറും. രാഷ്ട്രീയമായ ഏറ്റെടുക്കലുണ്ടായാൽ കഥമാറും. പലപ്പോഴും പോലീസ് നടത്തുന്ന കൊലപാതകങ്ങൾ ഭരണകൂടത്തിനെതിരെയുള്ള ആയുധങ്ങളാണ്. രാജൻ കൊല, കരുണാകരന്റെ കസേര തെറിപ്പിച്ചില്ലേ? ഇപ്പോഴത്തെ എൽ ഡി എഫ് സർക്കാർ തെരെഞ്ഞെടുപ്പിന് കാര്യമായി തന്നെ ഉപയോഗിച്ച ഫോർട്ട് സ്റ്റേഷനിലെ ഉരുട്ടിക്കൊലക്കേസും (2005 സെപ്തംബറിൽ നടന്നത്) റിമ്മിടിച്ച് മുന്നോട്ടു പോവുകയാണ്. അധികാരത്തിലെത്തിയാൽ പോലീസിനെതിരെയുള്ള ഏതു ചെയ്തിയും മലർന്നു കിടന്നു തുപ്പും പോലെയാവും. അതുകൊണ്ടാണ് പ്രതിപക്ഷത്തിരിക്കുമ്പോൾ പോലീസ് നയങ്ങളെ എത്രിക്കാൻ അരയും തലയും മുറുക്കുന്നവർ ഭരണപക്ഷത്തെത്തുമ്പോൾ പോലീസിനെതിരെ തുമ്മിയാൽ പോലും കണ്ണുരുട്ടി കാണിക്കുന്നത്. അപ്പോഴത് വെറും പോലീസല്ല, നമ്മൾ തന്നെയാണ്. (അല്ലെങ്കിലും ‘ഞങ്ങടെ പോലീസ് ഞങ്ങളെ കൊന്നാൽ നിങ്ങൾക്കെന്താ...’എന്ന നയമാണല്ലോ കക്ഷി രാഷ്ട്രീയത്തിന്.) തിരുവനന്തപുരത്തെ ഭുവനചന്ദ്രൻ കൊലക്കേസ്, ഐസക് കൊലക്കേസ്, പത്തനം തിട്ടയിലെ ജോസ് സബാസ്റ്റ്യൻ കൊലക്കേസ്, പുളിങ്കുന്ന് കൊലക്കേസ് എന്നിവിടങ്ങിളിലൊക്കെ പോലീസ് പ്രതിസ്ഥാനത്തുണ്ട്. പോലീസ് സ്റ്റേഷനിൽ ബോംബുണ്ടാക്കി ഭരണപക്ഷത്തെ താഴെയിറക്കുമെന്നൊക്കെ വീമ്പു പറയാൻ പ്രതിപക്ഷത്തിനവസരമുണ്ടെങ്കിലും സന്ദർഭത്തിനൊത്ത് ഉയരാൻ അവർക്കെന്തോ ഒരു വൈക്ലബ്യം. ഇങ്ങേപ്പുറത്തുള്ളതുപോലെ ചരിത്രത്തിൽ വേണ്ട പിടിപാടില്ലാത്തതു മാത്രമായിരിക്കില്ല കാരണം. ഹെൽമറ്റ് പ്രശ്നം രൂക്ഷമായപ്പോൾ (കോടതി നിഷ്കർഷിച്ചപ്പോൾ) പോലീസ് അത്ര ഊർജ്ജസ്വലതയൊന്നും ഇക്കാര്യത്തിൽ കാണിക്കേണ്ടന്ന് നിലവിൽ ആഭ്യന്തരമന്ത്രി തന്നെ പറഞ്ഞിരുന്നു. രാഷ്ട്രീയത്തിൽ വെറും പറച്ചിലിന് നാളിതുവരെയുള്ള അനുഭവം വച്ച് എന്തെങ്കിലും അർത്ഥം ഉണ്ടോ? എങ്കിലും പറയുകയെങ്കിലും ചെയ്തല്ലോ. ചാരിതാർത്ഥ്യത്തിനവകാശമുണ്ട്.. ബാലകൃഷ്ണപിള്ള എന്താ ചെയ്തത്?

നിയമവാഴ്ചയെക്കുറിച്ചൊക്കെ വിജ്ഞാപനം ഇറക്കുമ്പോൾ നമ്മളിതൊക്കെ ആലോചിക്കുമോ എന്തോ? ഒരു സംഭവം അതിനു മുൻപുള്ള നിരവധി സംഭവങ്ങളുടെ അന്തരീക്ഷത്തിലേയ്ക്കാണ് ചെന്നു കയറുന്നത്. എല്ലാം കൂടി ചേർന്നു നിർമ്മിക്കുന്ന വൈകാരികാനുഭവമാണ് നിയമത്തിന്റെ മൂല്യം നിശ്ചയിക്കുന്നത്. അല്ലാതെയൊന്നും കണ്ണും കെട്ടി എടുത്തുപിടിച്ചങ്ങനെ നിൽക്കുയാണെന്നൊക്കെയുള്ളത് വെറും ഭാവനയാണ്

രണ്ട്
ബീഡിയും വലിച്ച് ചരിത്രത്തിലേയ്ക്ക് നടക്കാൻ പോയാൽ രസമാണ്. 1940 സെപ്റ്റംബർ 15 ന് മൊറാഴയിലെ പ്രതിഷേധപ്രകടനത്തിനിടയിൽ കൊല്ലപ്പെട്ടത് കുട്ടി കൃഷ്ണൻ നായർ എന്ന സബ് ഇൻസ്പെക്ടർ. മട്ടന്നൂരിൽ മറ്റൊരു പോലീസുകാരൻ. 1941-ലെ കയ്യൂർ സമരം ഒരു പോലീസുകാരനോട് ജനക്കൂട്ടം കാണിച്ച ക്രൂരതയുടെ കഥയും കൂടിയാണ്. കേസന്വേഷിക്കാൻ വന്ന ഒരു പോലീസുകാരനെ ഘോഷയാത്രക്കാർ അണിയിൽ പിടിച്ചു നിർത്തി കൊടി പിടിപ്പിച്ചു മുദ്രാവാക്യം വിളിപ്പിച്ചു. രക്ഷപ്പെടാൻ അയാൾ അടുത്തുകണ്ട പുഴയിൽ ചാടി. ജാഥക്കാർ കല്ലെറിഞ്ഞെന്നും ഇല്ലെന്നും വാദമുണ്ട്. ഇത്രയും ചെയ്യാമെങ്കിൽ പിന്നെ കല്ലെറിയാതിരുന്നിട്ടെന്തിനാ? എന്തായാലും ചീത്ത പേരായി. പിന്നെ നടന്ന നരനായാട്ടിൽ മരിച്ച പോലീസുകാരനു വേണ്ടി ജീവൻ കൊടുക്കേണ്ടി വന്നത് 4 സഖാക്കൾക്കാണ്. പി സി ജോഷി എഴുതി : “നിങ്ങളെ നഷ്ടപ്പെടുകയല്ല, പാർട്ടിയ്ക്ക് നാലു രക്തസാക്ഷികളെ കിട്ടുകയാണ്.” സഖാവ് കൃഷ്ണപിള്ള പറഞ്ഞു :“കയ്യൂർ സഖാക്കളുടെ മരണത്തിൽ നാം സങ്കടപ്പെടുന്നില്ല.” - എന്തുകൊണ്ടാണെന്ന് വ്യക്തം ഇവിടങ്ങളിൽ പോലീസ്, വെറും പോലീസല്ല ഭരണകൂടം തന്നെയാണ്. വ്യവസ്ഥിതിയുടെ ദുഷിച്ച ചോരയൊഴുക്കിലാണ് ചരിത്രം. അതിന്റെ ആണിക്കല്ലിളക്കാൻ വേണ്ടിയുള്ള ഏതു ശ്രമവും വെറും ശ്രമമല്ല, കണ്ണീരിൽ നനയ്ക്കാനുള്ളതുമല്ല. ശരിയല്ലേ?

പക്ഷേ ചരിത്രത്തിന് വാർപ്പു മുഖവുമായിരിക്കാൻ പറ്റില്ലല്ലോ. 25% ബോണസിനായി പണിമുടക്കുസമരം ചെയ്യുകയായിരുന്ന തോട്ടം തൊഴിലാളികൾക്കു നേരെ 1958 ഒക്ടോബർ 20 നു രാവിലെ 8 മണിക്ക് മൂന്നാറിലെ ഗുഡറാലിൽ വെടിവയ്പ്പുണ്ടായി. പാപ്പമ്മാൾ എന്ന ഗർഭിണി തത്ക്ഷണം മരിച്ചു; മാരകമായ പരിക്കേറ്റ ഹസൻ റാവുത്തർ ആശുപത്രിയിൽ വച്ചും. ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ് സർക്കാർ. പെട്ടെന്ന് പോലീസ് ഭരണകൂടത്തിന്റേതല്ലാതായി. സർക്കാരിനെയല്ല, തോട്ടം മുതലാളിമാരെയാണ് വെടിവയ്പ്പിന് കുറ്റപ്പെടുത്തേണ്ടത് എന്ന് സഖാവ് സുഗതൻ പ്രസംഗിച്ചു. ഏ കെ ജി പറഞ്ഞത് ‘വെടിവയ്പ്പിനുത്തരവാദി എസ് പി മരിയാർപൂതമാണെന്നും തോട്ടം മുതലാളിമാരിൽ നിന്ന് കൈക്കൂലി വാങ്ങിയിട്ടാണ് അയാൾ വെടിവയ്പ്പു നടത്തിയതെന്നു’ മാണ്. ഏ കെ ജിയ്ക്കെതിരെ മരിയാർ പൂതം മാനനഷ്ടക്കേസു കൊടുത്തു. ആലപ്പുഴ മജിസ്ട്രേറ്റ് 500 രൂപ പിഴ ശിക്ഷ വിധിച്ചു. അല്ലെങ്കിൽ ആറുമാസം തടവ്. ഏ കെ ജി പിഴ അടക്കാൻ പോയില്ല. വക്കീലായിരുന്ന എസ് ഈശ്വരയ്യർ പണം അടച്ച് സഖാവിനെ ശിക്ഷയിൽ നിന്ന് ഒഴിവാക്കി.

എന്നാൽ 1959 ജൂൺ 13 നു ഏഴുപേരെ കൊന്ന അങ്കമാലിയിലെയും (അവർ സ്റ്റേഷൻ ആക്രമിക്കാൻ ചെന്നവരായിരുന്നു എന്ന് സർക്കാർ പത്രക്കുറിപ്പ്) അതേ വർഷം ജൂലായിൽ ഗർഭിണിയായ ഫ്ലോറി ഉൾപ്പടെ മൂന്നുപേരെ കൊന്ന ചെറിയതുറയിലെയും വെടിവയ്പ്പിന്റെ പൂർണ്ണമായ ഉത്തരവാദിത്വം സർക്കാരിനായിരുന്നു. ഇടയ്ക്കിടയ്ക്ക് പോലീസ് ഇങ്ങനെ സർക്കാരിന്റെയും മറ്റുവല്ലവരുടെയും ഒക്കെ മാറി മാറി ആയിക്കൊണ്ടിരിക്കുന്ന അവസ്ഥയെയാണോ ‘എന്തതിശയമേ’ എന്നു വിശേഷിപ്പിക്കേണ്ടത് എന്നാലോചിച്ചു നോക്കുന്നത് നന്നായിരിക്കും. പക്ഷേ അതു റോഡരികിൽ നിന്നാവരുത്..

7 comments:

SHANAVAS said...

Your post is good and worth reading.
this will go on and on.because we are in a democracy.

യാത്രികന്‍ said...

പോലീസുകാരും മനുഷ്യരാണ്
പോലീസുകാരോടുള്ള സമൂഹത്തിന്റെ സമീപനവും ഒട്ടും മെച്ചപ്പെട്ടതല്ല. പോലീസുകാര്‍ സമരം ചെയ്യാന്‍ പാടില്ല, അവര്‍ക്ക് ഡ്യൂട്ടി സമയം 8 മണിക്കൂര്‍ എന്ന ഒരു പരിപാടി ഇല്ല, മുകളിലുള്ളവര്‍ എന്ത് തോന്ന്യവാസം പറഞ്ഞാലും ഒന്നും തിരിച്ചു ചോദിക്കാനുള്ള അവകാശം ഇല്ല. ഇതൊന്നും പോരാഞ്ഞു, കിട്ടുന്നതോ മുക്കാ-ച്ചക്രം. പോലീസുകാരും മനുഷ്യരാണ്. അവര്‍ക്കും കുടുംബം ഉണ്ട്. കേരള സമൂഹം പോലീസുകാരെ മനുഷ്യരെപ്പോലെ കരുതുന്ന ഒരു കാലം വന്നാല്‍, അവര്‍ തിരികെ മനുഷ്യരെപ്പോലെ പെരുമാറാന്‍ തുടങ്ങും.

യാത്രികന്‍ said...

കേരളത്തിലെ പോലീസിനെ മെച്ചപ്പെടുത്താന്‍ കുറച്ചു നിര്‍ദേശങ്ങള്‍
1 . പോലീസുകാരുടെ ശമ്പളം വര്‍ധിപ്പിക്കുക. ഒരു സാദാ പോലീസുകാരന്റെ തുടക്ക ശമ്പളം ഒരു average high സ്കൂള്‍ അധ്യാപകന്റെ ശമ്പളത്തിന്റെ പോലെ ആക്കുക.
2 . ഡ്യൂട്ടി സമയം 8 മണിക്കൂര്‍ (weekly 40 മണിക്കൂര്‍) ആക്കി നിജപ്പെടുത്തുക.
3. പറ്റുന്നത്ര വീടിന്റെ അടുത്ത് തന്നെ ജോലി ചെയ്യാനുള്ള അവസരം ഉണ്ടാക്കുക. ഒരു തിരുവനന്തപുരംകാരന്‍ പോലീസുകാരന്‍ ഒരു കണ്ണൂര്‍ക്കാരനെ ഇടിക്കുന്ന അത്ര ശക്തിക്ക് ഏതായാലും ഒരു തിരുവനന്തപുരംകാരനെ ഇടിക്കില്ല. പോലീസുകാര്‍ അനാവശ്യ transfer നെ പേടിച്ചു ഡ്യൂട്ടി മറക്കുന്ന കാര്യങ്ങള്‍ സിനിമ യില്‍ മാത്രമല്ല, നിത്യ ജീവിതത്തിലും സുലഭം.

ജീവിക്കാന്‍ ആവശ്യത്തിനു വരുമാനമില്ലാത്ത, സ്വന്തം ജീവിതത്തിനു വലിയ അര്‍ഥം ഒന്നും ഇല്ലാത്ത പോലീസുകാരന്‍ സമൂഹത്തിനു ആപത്താണ്. അതാണ് ഇന്നത്തെ കേരള പോലീസ്.

yousufpa said...

തെറ്റു ചെയ്താൽ അത് പോലീസായാലും ശിക്ഷിക്കപ്പെടണം.അവിടെ നിയമത്തിന്റെ പഴുതുകൾ തുറക്കാതിരിക്കുക.പെരുമാറ്റ ചട്ടം കർശനമാക്കുക.പോലീസുകാരുറ്റെ ജീവിതനിലവാരം ഉയർത്തുക.ഫിറ്റല്ലാത്ത പോലീസുകാരെ സേനയിൽ നിന്ന് മാറ്റി, യോഗ്യത ഉള്ളവനാണെങ്കിൽ ഓഫീസ് പോലുള്ള ഡ്യൂട്ടികൾക്ക് ഉപയോഗിക്കുക.

SUJITH KAYYUR said...

nalla post

Tom Sawyer said...

ബീഡി വലിക്കാതെ ചരിത്രത്തിലേക്ക് നടന്നപ്പോള്‍ കിട്ടിയത് - പുന്നപ്ര -വയലാര്‍ സമരത്തില്‍ വാരിക്കുന്തവുമായി ആര്‍ത്തലച്ച് വന്ന ജനക്കൂട്ടത്തിന് നേരെ വെടി വെക്കാന്‍ ഡ്യൂട്ടിയിലുണ്ടാ‍യ കോണ്‍സ്റ്റബിള്‍മാര്‍ തുനിഞ്ഞപ്പോള്‍ അരുതെന്ന് വിലക്കി ജനങ്ങളോട് സമാധാനം പ്രസംഗിക്കാന്‍ പോയതിന് വാരിക്കുന്തം കൊണ്ട് കുത്തേറ്റ് കൊലപ്പെട്ട സത്യനേശന്‍ എന്ന പോലീസ് ഇന്‍സ്പെക്ടറുടെ കഥ .പറഞ്ഞത് അന്ന് ജീവന്‍ ബാക്കിയായ ഒരു ഇന്‍സ്പെക്ടര്‍ .

പുസ്തകങ്ങള്‍ - വയലാര്‍ നേരും നുണയും& കുന്തക്കാരന്‍ പത്രോസ് [രണ്ടും നല്ല പോലെ ഇടത് പക്ഷ വിരുദ്ധം :) ]

ജനക്കൂട്ടത്തിന് ബുദ്ധിയില്ല എന്നത് ഏലിയാസ് കാനെറ്റിയാണ് പറഞ്ഞത് .പോലീസുകാര്‍ പലപ്പോഴും ബലിയാടാവുകയാണ് ചെയ്യുന്നത് .

Tom Sawyer said...

ക്ഷമിക്കുക - കൊല്ലപ്പെട്ട ഇന്‍സ്പെക്ടറുടെ പേര് - വേലായുധന്‍ നാടാര്‍ എന്നാണ് ,ഓര്‍മ്മയില്‍ നിന്നായത് കൊണ്ടാണ് ,ഓര്‍മ്മശക്തി കഷ്ടിയാണ്