December 20, 2010

സ്വപ്നങ്ങളുടെ ഓടുന്ന കുതിരകൾക്കു പിന്നാലെപതിനഞ്ചാമത് IFFK യുടെ ഫെസ്റ്റിവൽ ബുക്കിലും ആദ്യ ഷെഡ്യൂളിലും അരവിന്ദന്റെ ആദ്യചിത്രം ‘ഉത്തരായണം’ ഉണ്ട്. പക്ഷേ 1974 -ൽ പുറത്തിറങ്ങിയ ആ ചിത്രത്തിന്റെ സ്ഥാനത്ത് -ഉച്ചപ്പടങ്ങളുടെ വിഭാഗത്തിൽ - ധന്യ തിയേറ്ററിൽ പ്രദർശിപ്പിക്കപ്പെട്ടത് ‘വാസ്തുഹാര’യാണ്. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. കൈയെത്തുന്ന ദൂരത്ത് നിന്നുപോലും ഒരു ഫിലിം പെട്ടിയ്ക്ക് ഫെസ്റ്റിവലിനെത്താനുള്ള കടമ്പകളെ മൂടൽമഞ്ഞിലെന്നപോലെ ഇതു മുന്നിൽ കാണിച്ചു തരുന്നില്ലേ? അതുകൊണ്ട് നേരത്തെ പ്രഖ്യാപിച്ചതാണെങ്കിലും ഗോദാർദ്ദിന്റെ പുതിയ ചിത്രം ‘സോഷ്യലിസം’ പ്രദർശിപ്പിക്കാനാവാതെ (ഇവിടെ കാണാനാവാതെ) പോയതിൽ അത്ര നിരാശയ്ക്കവകാശമില്ല. ആദ്യ ദിവസം മുതൽ കാത്തിരുന്ന ഒരു ഒറ്റ ഷോട്ട് ഹൊറർ ചിത്രം, എത്തിയത് അവസാനദിവസത്തെ അവസാനഷോയ്ക്കാണ്. ഫെസ്റ്റിവലിന്റെ മുഖ്യസംഘാടകരിലൊരാളായ ബീനാപോൾ ഫെസ്റ്റിവലിൽ അവശ്യം കണ്ടിരിക്കേണ്ട പത്തുപടങ്ങളുടെ കൂട്ടത്തിൽ‌പ്പെടുത്തിയിരുന്ന ഈ ഉറുഗ്വൻ ചിത്രം കണ്ടില്ലെങ്കിലും വലിയ കുഴപ്പമൊന്നും ഇല്ലായിരുന്നു എന്ന് പരസ്പരം പറഞ്ഞുകൊണ്ടാണ് ആളുകൾ തിയേറ്റർ വിട്ടത്. ടൈറ്റിലുകൾക്കു ശേഷവും ഏതാണ്ട് അഞ്ചുമിനിട്ടോളം സിനിമയുണ്ടായിരുന്നു എന്ന സത്യമാണ് തിയേറ്ററിൽ നൊസ്റ്റാൾജിയയോടെ സീറ്റു വിടാൻ മടിപ്പിടിച്ചിരുന്നവർക്ക് കിട്ടിയ ആകെ നിർവൃതി. ആ സിനിമാമിച്ചമാകട്ടെ, വളരെ പ്രധാനപ്പെട്ടതാണെന്ന് സംവിധായകൻ ഗുസ്താവോ ഹെർണാണ്ടസ് വിചാരിക്കുന്നുണ്ടെന്ന് തോന്നുന്നു. നാൽ‌പ്പതുകളിൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി നിർമ്മിച്ച സിനിമയിലെ നായിക ലാറ, അവൾ നടത്തിയ കൊലപാതകങ്ങൾക്കു ശേഷം എങ്ങോട്ടു പോയി കാണാതാവുന്നു എന്നാണ് ആ ഭാഗം കാണിച്ചു തരുന്നത്. ഇല്ലാത്ത മകളെ കൊഞ്ചിച്ചും വിരൽ പിടിച്ചും കടുത്ത മാനസികരോഗത്തിനു പിന്നാലെ അവൾ ചക്രവാളസീമയിളേയ്ക്കു നടന്നു മറയുന്നു. അവളെ നരകക്കുഴിയിൽ നിന്നു രക്ഷപ്പെടുത്താനും കൊലപാതകങ്ങൾ ഒഴിവാക്കാനും അവിടെ ഒരു ഡോ. സണ്ണിയില്ലെന്ന ദുഃഖത്തോടെ ഒരാഴ്ചത്തെ ഇരുട്ടുമുറിവാസം അവസാനിപ്പിച്ച് ആളുകൾ മൂരി നിവരുന്നു, കണ്ണു തിരുമ്മുന്നു.

എങ്കിലും കഥാമിച്ചം വീണു കിട്ടിയ കുറച്ചുപേർക്കു സന്തോഷമുണ്ട്. മറ്റുള്ളവർ കാണാത്തതാണല്ലോ വിചാരിച്ചിരിക്കാതെ അവർക്കു കിട്ടിയത്. ആസ്വാദനത്തിൽ മാത്രമല്ല സൃഷ്ടിയിലും ഈ ‘അപൂർവത’ നിസ്സാര കാര്യമല്ല. മുൻപില്ലാത്തത് ( അ - പൂർവം) എന്നു വച്ചാൽ ഇതുവരെ ആരും ചെയ്യാത്തത് എന്നും കൂടി ആലോചിച്ച് ആലോചിച്ച് സംവിധായകർ വശപ്പിശകാകുന്നു എന്ന് നമുക്ക് അറിയാം. മേള തുടങ്ങും മുൻപേ വിവാദമായ ‘ചിത്രസൂത്രം’ (വിപിൻ വിജയ്) മലയാള സിനിമകൾക്കിടയിൽ ഒരപൂർവതയായിരുന്നതുകൊണ്ടാണ് ആളുകൾ കലഹിച്ചത്. കൊള്ളാമോ കൊള്ളില്ലയോ? മുൻപൊരിക്കൽ ഇദ്ദേഹത്തിന്റെ ‘ഒപ്പുചിത്രത്തെ ആളുകൾ കൂട്ടായി കൂവി തോത്പിച്ചതാണ്. അന്നും കാണികൾ രണ്ടായി പിരിഞ്ഞു. കഴിഞ്ഞ വർഷത്തെ ഉത്സവത്തിൽ നിന്ന് ഒഴിവാക്കിയ ചിത്രത്തെ ഈ വർഷം മന്ത്രി ബേബി നേരിട്ട് ഇടപെട്ട് കൂട്ടത്തിൽ കൂട്ടിയതാണെന്ന്, മറ്റാരുമല്ല ബേബി തന്നെ പറഞ്ഞതും അതിനു തലമൂത്ത സംവിധായകർ ‘അതു ശരിയല്ലല്ലോ’ എന്നും പറഞ്ഞ് കുണുങ്ങിയതുമാണ്. ‘അതീതലോകത്തേയ്ക്കും സ്വത്വാന്വേഷണത്തിലേയ്ക്കുമുള്ള സാമ്പ്രദായികമല്ലാത്ത നോട്ടമാകുന്ന’ ഈ ചിത്രം ഗംഭീരമായ പരീക്ഷണമാണെന്ന് ലാൽ ജോസെഴുതി. ആദിമധ്യാന്തങ്ങൾ അവയവപ്പൊരുത്തത്തോടെ പീലിവിരിച്ചാടുന്ന കഥയും കാത്ത് തിയേറ്ററിലെത്തുന്ന ബഹുഭൂരിപക്ഷം എന്തു ചെയ്യണം? ഈ അതീതലോകം സിനിമയിൽ ഇപ്പോൾ ഒരു ആഖ്യാനവഴിയോ ആവിഷ്കാരരീതിയോ പുത്തൻ ചുവടുവയ്പ്പോ ഒക്കെയാണ്. ഈ വർഷം കാനിൽ സമ്മാനിതമായ അപിചാത്പോങ് വീരസെതാക്കുളിന്റെ സിനിമയിൽ ( അങ്കിൾ ബൂണ്മി ഹു ക്യാൻ റീക്കാൾ ഹിസ് പാസ്റ്റ് ലൈവ്സ്) ബൂണ്മിയുടെ മരിച്ചുപോയ ഭാര്യയും കുരങ്ങന്മാരുടെ ആത്മാവിനൊപ്പം ജീവിച്ച് അതുപോലെയായ മകനും ഒക്കെ വന്നിരുന്ന് ദീർഘദീർഘമായ സംഭാഷണത്തിൽ ഏർപ്പെടുന്നുണ്ട്. ചിത്രത്തിന്റെ അവസാനത്തിൽ ബുദ്ധസന്ന്യാസി കാവി വസ്ത്രം ഒക്കെ ഒഴിവാക്കി ജീൻസും ധരിച്ച് അമ്മായിയുമായി പുറത്തിറങ്ങി പോകുന്നുണ്ട്. അതേസമയം ഹോട്ടൽ മുറിയിലിരുന്ന് ടി വി കാണുന്നുമുണ്ട്.

ഇറാനിയൻ സിനിമകൾ തുടക്കത്തിൽ ഉണ്ടാക്കിയ വിസ്മയത്തിന്റെ ഏകതാനതയിലേയ്ക്കാണ് അപിചാത്പോങിനെപ്പോലുള്ള ഏഷ്യയുടെ വ്യത്യസ്തമായ ആഖ്യാനങ്ങൾ പുതി വഴി വെട്ടുന്നത്. പതിഞ്ഞ ശൈലിയും മങ്ങിയ വെളിച്ചവുമാണ് ബൂണ്മി അമ്മാവന്റെ അന്തരീക്ഷം. അങ്ങനെ എടുത്തുപറയാൻ ഒരു കഥയില്ല. നമുക്കും അപരിചിതമാകാൻ ഇടയില്ലാത്ത ഒരു പാട് ചിത്രങ്ങൾ ഉണ്ടു താനും. (ചിത്രത്തിന്റെ ആദ്യത്തിലെ ആ പോത്ത് അല്ലെങ്കിൽ ഇങ്ങനെ നമ്മളെ തന്നെ നോക്കി നിൽക്കുകയില്ലായിരുന്നു.) എല്ലാം കൂടി കൂട്ടി വച്ച് നമ്മളുണ്ടാക്കുന്നതാണ് മൊത്തത്തിൽ സിനിമ. സാഹിത്യം പ്രസവിക്കുന്നതല്ല സിനിമ എന്നു പറയും പോലെ സിനിമയും സാഹിത്യത്തെ പ്രസവിക്കേണ്ടതില്ലെന്ന് അതിനു പറയാം. പോർട്ടുഗീസു സംവിധായകൻ മാനുവൽ ഒലിവേരയുടെ (പുള്ളിയ്ക്ക് പ്രായം നൂറിലധികമായി ) ആഞ്ചലിക്കയിലും - ദ സ്ട്രെയിഞ്ച് കേസ് ഓഫ് ആഞ്ചലിക്ക- ആത്മാവിന്റെ സഞ്ചാരമുണ്ട്. മരിച്ച യുവപ്രഭ്വിയുടെ ചിത്രമെടുക്കാൻ നിയുക്തനായ യുവാവ് അവളുടെ ആത്മാവുമായി പ്രണയത്തിലായി ഒടുവിൽ ‘ഭൌതികമായി’ മരിക്കുന്നതാണ് കഥ. കഴിഞ്ഞ വർഷം ഇതേ സംവിധായകന്റേതായി പ്രദർശിപ്പിക്കപ്പെട്ട സിനിമ - ‘എക്സൻ‌ട്രിസിറ്റീസ് ഓഫ് എ ബ്ലോണ്ട് ഗേൾ’ ആയിരുന്നു. പേരിനു തന്നെയുണ്ട് തുടർച്ച. ആഞ്ചലിക്കയിൽ ഒരു സമാധാനമുള്ളത് മരിച്ചു കിടന്ന സ്ത്രീയുടെ അസാധാരണമായ സൌന്ദര്യത്തിൽ വീണുപോയ യുവമനസ്സിന്റെ ഭ്രമാത്മകമായ അവസ്ഥയായി വ്യാഖ്യാനിക്കാനുള്ള പഴുത് സംവിധായകൻ കനിഞ്ഞു നൽകിയിട്ടുണ്ടെന്നുള്ളതാണ്. സംസ്കാരത്തിന്റെ അടിവേരുകളിൽ നിന്ന് കാഴ്ചയുടെ പദാർഥങ്ങൾ വലിച്ചെടുക്കാൻ പ്രതിഭകളുടെ അബോധം തുനിയുമ്പോൾ ആസ്വാദനം കൂടുതൽ ജാഗ്രതകൾ ആവശ്യപ്പെട്ടു തുടങ്ങുന്നു.

ആഞ്ചലിക്കയുടെ ഭൂതകാലമല്ല, അങ്കിൾ ബൂണ്മിയുടെ. (മറ്റൊരു സമാനത. രണ്ടും കാനിലുണ്ടായിരുന്നു, ന്യൂയോർക്കിലും, ടൊറൊന്റോയിലും മെൽബോണിലും ഉണ്ടായിരുന്നു) ആഞ്ചലിക്കയുടെ ഫോട്ടോഗ്രാഫർ നഷ്ടപ്പെട്ടലയുന്നതുപോലെയൊരു കാലത്തിന്റെ കയത്തിലല്ല ബൂണ്മി നഷ്ടപ്പെട്ടു കിടക്കുന്നത്. പല ലയറുകൾ തീർത്തുവച്ച കാലമാണ് ബൂണ്മിയുടെ ജീവിതം ഉള്ളിത്തൊലിപോലെ പിരിച്ച് അവതരിപ്പിക്കുന്നത്. മേളയിലെ ഉച്ചപ്പട വിഭാഗത്തിലെ കബനീനദി ചുവന്നപ്പോൾ എന്ന സിനിമയിലെ മലയാളിയുടെ ഭൂതകാലവും ഫ്യൂഡൽ ഭൂതകാലത്തെ ചീത്തപറഞ്ഞുകൊണ്ടുള്ള നമ്മുടെ ‘സോദ്ദേശ്യ’സിനിമകളും കുഞ്ചാക്കോ കാലഘട്ടത്തിലെ വടക്കൻ വീരഗാഥകളും ചേർത്തുവച്ചാൽ രസകരമായ സമീകരണങ്ങൾക്ക് ദിശാസൂചികൾ കിട്ടും. അങ്ങനെയുള്ള കോപ്പുകൾ കൂടി തരുന്നുണ്ട് ചില സിനിമകൾ.

ഒരു കലാസൃഷ്ടി നമ്മെ സന്തോഷിപ്പിക്കുന്നില്ലെന്നത് അതിന്റെ നിലവാരത്തകർച്ചയുമായി ഏതെല്ലാം തോതിൽ ബന്ധപ്പെട്ടിരിക്കുന്നു എന്നത് ശാസ്ത്രീയമായി ആലോചിക്കേണ്ട കാര്യമാണ്. ‘അവാർഡു തുക വർദ്ധിപ്പിച്ചു, അതിനനുസരിച്ചുള്ള മെച്ചം ഉണ്ടാവണേ സംവിധായകന്മാരേ.. ’എന്ന് മനോരമയുടെ സിനിമാപ്പേജ് പായാരം പാടിയിരുന്നു. ഒരു കണക്കിനു ശരിയാണ്, പതിനഞ്ചു വയസ്സു പ്രായമുള്ള ഒരു മേളയിൽ മത്സരിക്കാൻ ‘അഹമഹമികയാ’ ലോകോത്തര സിനിമകൾ വന്നു ക്യൂ നിൽക്കും എന്നു വിചാരിക്കാനൊക്കുമോ? 78 രാജ്യങ്ങളിൽ നിന്ന് 220 ഓളം ചിത്രങ്ങളിൽ കൊള്ളാവുന്ന കുറെ കാണണമെന്നുണ്ടെങ്കിൽ ചിലതൊക്കെ ഒഴിവാക്കണം. എളുപ്പം മത്സര സിനിമകൾ ഒഴിവാക്കുകയാണ്. പക്ഷേ അതോടെ അടഞ്ഞു പോകുന്നത് നവാഗതതെളിച്ചങ്ങളെ അടുത്തറിയാനുള്ള ഒരവസരമായിരിക്കും. മേളകൾ പൊലിക്കേണ്ടത് അന്യഥാ പ്രശസ്തരായ വ്യക്തികളെയാണോ തിരിച്ചറിയേണ്ട പുതുനാമ്പുകളെയാണോ എന്നൊരു ചോദ്യമുണ്ട്. ഗോദാർദ്ദിനെയോ ക്രിസ്റ്റി പിയുവിനെയോ ഇനാറിറ്റുവിനെയോ അറിയാൻ ഇനി ഈ ഡിവിഡികാലത്ത് മേളകളുടെ സന്നാട്ടകൾ ആവശ്യമില്ല. പക്ഷേ കാർലോസ് ഗാവിറിയയുടെ ‘പോട്രൈറ്റ് ഇൻ എ സീ ഓഫ് ലൈസോ’ ജൂലിയ സോളമെനോഫിന്റെ ‘ദ ലാസ്റ്റ് സമ്മർ ഓഫ് ലാ ബോയിറ്റയോ മറ്റെവിടെ നാം ഇനി ഓർത്തെടുത്തു കാണാൻ പോകുന്നത്? മത്സര സിനിമകൾ തലയ്ക്കടിച്ച അനുഭവങ്ങളുണ്ട്. ഡീഗോ ഫ്രീഡിന്റെ ‘വൈൻ’ എന്ന അർജന്റീനിയൻ ചിത്രം കൊള്ളാവുന്ന തലവേദനകേസുകെട്ടാണെന്ന് കിംവദന്തി പരന്നിരുന്നു. ക്യാമറ അടങ്ങിയിരിക്കാതെ ഓടി നടന്നാൽ ചിത്രീകരണത്തിൽ വൈവിധ്യമാകും പക്ഷേ ഇരുട്ടുമുറിയിൽ അഞ്ചാമത്തെ സിനിമയ്ക്കായി നഖം കടിക്കുന്ന മ്ലാനമുഖമുള്ള കാണിയുടെ സ്ഥിതിയെന്താവും? പക്ഷേ, ജെ ദേവിക പറഞ്ഞത് തനിക്ക് ഇഷ്ടപ്പെട്ട പടമാണത് എന്നാണ്. ലൈംഗികജീവിതത്തെയും പ്രണയത്തെയും സിനിമ വ്യാഖ്യാനിക്കുന്ന രീതിയുടെ പുതുമകൊണ്ടാണത് എന്നും. മത്സരചിത്രങ്ങളിൽ ആളുകൾ ഇടിച്ചു കയറിയത് ഒരു വലിയ വീടിന്റെ നിലവറയ്ക്കുള്ളിൽ -അതു വേലക്കാരികളുടെ താമസമുറിയായിരുന്നു-ഒളിച്ചു താമസിക്കുന്ന 3 സ്ത്രീകളുടെ കഥ പറയുന്ന ‘ബറീഡ് സീക്രട്ടി’നാണ്. പുരുഷലോകത്തിന്റെ ചതിയിൽനിന്നും വക്രതയിൽ നിന്നും ഒഴിഞ്ഞുമാറി ജീവിക്കുന്ന സ്ത്രീകളുടെ സ്വകാര്യലോകമാണെന്ന് നമ്മൾ തിരിച്ചറിയുന്നു. പക്ഷേ അതത്ര ശുദ്ധലോകവും അല്ല. ആധിപത്യവും ക്രൂരതയും മറ്റൊരുതരത്തിൽ അവിടെയും നടമാടുന്നുണ്ട്. അലങ്കാരങ്ങളും ലൈംഗിക പ്രണയസുഖങ്ങളും നിഷേധിക്കപ്പെട്ട ഒരു ലോകത്തിൽ നിന്നും ‘മമ്മ’യെ കൊന്ന് അയിഷ പുറം ലോകത്ത് സാകൂതം നടന്നെത്തുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. വാസനകളുടെ നിഷേധത്തെ പ്രതിഷേധാത്മകമായി തന്നെ സമീപിച്ചിരിക്കുകയാണ് ടുണീഷ്യൻ സംവിധായിക രാജ അമരി. സ്ത്രീകൾ ആൺ ലോകവുമായി ബന്ധപ്പെടുന്ന രണ്ടിടത്തും - അവർ നെയ്യുന്ന അലങ്കാരവസ്ത്രങ്ങൾ വിൽക്കാൻ കൊണ്ടു പോകുന്നിടത്തും കാമുകിയെ കാണാനില്ലാതെയാവുമ്പോൾ കൂട്ടുകാരന്റെ പ്രണയിനിയുമായി കിടക്കയിലേയ്ക്കു പോകുന്ന സ്വന്തം കാമുകനെ, സ്ത്രീകൾ പുതുതായി തട്ടിക്കൊണ്ടു വന്ന പെൺകുട്ടി കാണുന്നിടത്തും - സാമ്പത്തികവും വൈകാരികവുമായ തറകളിൽ- തങ്ങളുടേതിൽ നിന്ന് വേറിട്ട ലോകത്തിന്റെ - ഉപരി ലോകത്തിന്റെ - നെറിയില്ലായ്മ അമരി എടുത്തു കാണിച്ചിട്ടുണ്ട്. പക്ഷേ അവ സ്ത്രീകളുടെ ഇരുണ്ട ലോകത്തിന്റെ സാധൂകരണമായിട്ടല്ല, അതിനു സമാന്തരമായി നില നിൽക്കുന്നു എന്നതാണ് സിനിമ നൽകുന്ന സൂചന. ഒന്നു മറ്റൊന്നിനേക്കാൾ മെച്ചമല്ലെന്ന്. ആൺ ലോകം ഈ സിനിമയ്ക്കു ഇടിച്ചു കയറുന്നതിന്റെ പ്രേരണകൾ വ്യക്തമാണ്.

പലതരത്തിൽ നമുക്കിടയിൽ ആവിഷ്ടമായിരിക്കുന്ന ലോകങ്ങളെ സിനിമകൾ കൈകാര്യം ചെയ്യുന്ന വിധം തിയേറ്ററിൽ നിന്ന് തിയേറ്ററിലേയ്ക്കുള്ള യാത്രയ്ക്കിടയിൽ ചിലപ്പോൾ വന്നു തൊടും. വാസ്തവമോ അതീതമോ ഗർഭിതമോ സമാന്തരമോ ഒക്കെയായ പലലോകങ്ങൾ. സിനിമയുടെ വിഭ്രാത്മകതകൾക്ക് മാത്രം കഴിയുന്ന വിലോഭനീയതയോടെ. തൊട്ടടുത്തുണ്ടായിരുന്നിട്ടും പലപ്പോഴും നാം ചെന്നിടിച്ച് മൂക്കു മുറിഞ്ഞ ആ കണ്ണാടിലോകങ്ങൾ.. ! അതല്ലേ എല്ലാം. ഉം. ശരിയാണ്.. എങ്കിലും നമ്മുടെ ഗതികിട്ടാത്ത ആലോചനകളെ തിരക്കി തിരശ്ശീലയിൽ നിന്നും ഇറങ്ങിവരുന്ന കൈകുലുക്കങ്ങളെ ഇനിയും നിങ്ങൾ, സ്തുതിഗീതങ്ങൾ എന്നാണോ വിളിക്കുന്നത് ? ഇരുട്ടുമുറിയിലായതു കൊണ്ട് ആരും കാണില്ലെന്നു വച്ച് ? മോശം തന്നെ.

അനു :
“കൊള്ളാം താങ്കൾ പറഞ്ഞ ആ കേവലം കഥ പറച്ചിൽ ഉണ്ടല്ലോ, അതു തന്നെ ഒരു സിനിമയ്ക്ക് ധാരാളമാണ്.”
- വെർണർ ഹെർസോഗ്

4 comments:

പ്രേമന്‍ മാഷ്‌ said...

ഒന്നാമത്തെ തേങ്ങ ഇത്തവണ എന്റെ വക.
IFFK 2010 നന്നായിരുന്നു. മത്സര വിഭാഗം സിനിമകളും ലോക സിനിമാ വിഭാഗവും നിരാശപ്പെടുത്തിയില്ല. അഞ്ചു ദിവസം ഇരുപതു സിനിമകള്‍ . ഒന്ന് മാത്രം ഒന്നേകാല്‍ മണിക്കൂറു കണ്ടപ്പോഴേക്കും അഞ്ചുപടം മുഴുവന്‍ കണ്ട പ്രതീതിയായത് കൊണ്ട് ഇറങ്ങിവന്നു; ചിത്രസൂത്രം. ചില അനുഭവങ്ങള്‍ വിശദമായി എഴുതേണ്ടത് കൊണ്ട് ഇവിടെ കൂടുതല്‍ നില്‍ക്കുന്നില്ല.

vasanthalathika said...

അവലോകനം നന്നായി

റ്റോംസ് | thattakam.com said...

വിശദമായ അവലോകനം നന്നായിരിക്കുന്നു.

എന്‍.ബി.സുരേഷ് said...

സ്വകാര്യമായ ചില പ്രശ്നങ്ങൾ കാരണം എനിക്ക് ഫെസ്റ്റിവലിന് വരാൻ പറ്റിയില്ല്ല. അതിനാൽ ഇങ്ങനെ എഴുതുന്നത് വായിച്ച് നിരാശ മാറ്റുന്നു.