October 27, 2010

യന്തിരചരിതം രണ്ടാം ദിവസം



പട്ടാളത്തിലെ ആളെക്കൊല്ലി ഏർപ്പാടിനൊരു പരിഹാരം എന്ന നിലയ്ക്കാണ്, ഒരു പുരുഷായുസ്സ് ഹോമിച്ച് വശി എന്ന ശാസ്ത്രജ്ഞൻ ചിട്ടി എന്ന അമാനുഷികമായ കഴിവുകളുള്ള യന്ത്രത്തിനു ജന്മം നൽകിയത്. യന്ത്രത്തിന്റെ അപരിമിതമായ ശേഷിയ്ക്കും കൃത്യതയ്ക്കും ഒപ്പം മാനുഷികമായ വൈകാരികാനുഭൂതികളും നിർബന്ധത്തിനു വഴങ്ങി പിന്നീട് കൂട്ടിച്ചേർത്തപ്പോൾ ചിട്ടിക്ക് സങ്കീർണ്ണമായ ഒരു ഘടന കൈ വരുന്നു. അപരിമിതമായ അതിന്റെ കർമ്മശേഷി വികാരത്താൽ നിയന്ത്രിക്കപ്പെടുന്നു എന്ന ഒരു തരം പുതിയ കൈനില. പതിനായിരക്കണക്കിനായുധങ്ങൾ കണിശതയോടെ കൈകാര്യം ചെയ്യാനായി പ്രോഗ്രാം ചെയ്യപ്പെട്ട യന്ത്രം ഒരു പൂവിനെ നോക്കിയിരുന്ന് പ്രണയ വാചകങ്ങളുരുവിട്ട് നിഷ്കാമകർമ്മിയാവുന്നതിൽ തന്റെ ആയുഷ്കാലസ്വപ്നം മുഴുവൻ പൊലിഞ്ഞു പോകുന്നതു കണ്ടാണ് വശി, തന്റെ തന്നെ സൃഷ്ടിയായ ചിട്ടിയെ തകർത്ത് കച്ചടയിൽ കളഞ്ഞത്. തകർക്കുമ്പോൾ അയാൾ പറയുന്നുണ്ട്, സ്വന്തം മകനായിരുന്നു അതെന്ന്. പിന്നീട് കാമുകിയോടൊപ്പമുള്ള കാർ യാത്രയിലും അയാളാവാക്യം ആവർത്തിക്കുന്നുണ്ട്.

പക്ഷേ വീട്ടിൽ പരിചയപ്പെടുത്തുമ്പോഴും കാമുകിയോടൊപ്പം അവളെ സഹായിക്കാനായി അയക്കുമ്പോഴും ആ യന്തിരൻ വശിഗറിന്റെ അതേ മാതൃകയിലുള്ള, എന്നാൽ അയാളുടെ ശാരീരികമായ പരിമിതികളെ ലംഘിക്കാൻ ശേഷിയുള്ള സഹോദരനാണ്. ഒരു മലക്കം മറിച്ചിലിൽ ഹോർമോണുകൾ കൂടിച്ചേർന്ന്, തന്റെ സൃഷ്ടാവിന്റെ കാമുകി സന, അയാളിൽ ഉൾപുളകങ്ങൾ സൃഷ്ടിക്കുമ്പോഴും അയാൾ വശിയുടെ മകനല്ല, മറിച്ച് സഹോദരനായ അപരൻ ആണ്. ആൾട്ടർ ഈഗോ. ഒരാൾ ഒരേ സമയം അച്ഛനും സഹോദരനുമായിരിക്കുക എന്ന അതിപ്രാചീനമായ കൊടിയ പാപം നേരിട്ട് ചെന്നു മുട്ടി വിളിക്കുന്നത് മാതൃത്വത്തിന്റെ ഗർഭഗൃഹത്തിലാണ്. ഇതേ പാപത്തിന്റെ കത്തുന്ന ഭാരത്തെ ഈഡിപ്പസ് നേരിട്ട വിധം നമുക്കറിയാവുന്നതാണ്. ഒടുവിൽ ഒളിമ്പസ് മലമുകളിലെ ദൈവങ്ങൾ നേരിട്ട് ഇടപെട്ട് പാപവിമുക്തി നൽകി. അയാൾ മരിച്ചു വീണ സ്ഥലത്തെ പുണ്യഭൂമിയാക്കി. സ്ഫിംഗ്സ് പോലുള്ള ഭീകര മായികരൂപങ്ങൾ മനസ്സിനെ വിഭ്രമിപ്പിക്കുന്ന രീതിയിൽ തിമിർത്താടിയ പഴയ അലംഘനീയമായ വിധിവിഹിത കഥയുടെ പുനരാവർത്തനമായിരിക്കുന്നതിൽ ‘യന്തിരന്’ ഏതൊക്കെയോ നിലയിൽ ചാരിതാർത്ഥ്യങ്ങളുണ്ട്. ജനകീയമായ നീക്കുപോക്കുകളുമുണ്ട്. എന്നാൽ നമ്മെ സംശയാലുക്കളാക്കിക്കൊണ്ട് പാപത്തെ ഊട്ടിഉറപ്പിക്കത്തക്കവിധത്തിൽ ‘ജക്കോസ്റ്റ’ ഇവിടെ അദൃശ്യയാണ്. കാണാനാവുന്നില്ലെന്നതിനർത്ഥം, അവൾ ഇല്ലെന്നല്ല. യന്ത്രത്തെ വച്ച് വശി കാണുന്നതുപോലൊരു സ്വപ്നം സ്വയം ചിന്താശേഷി നേടി വളർന്ന ചിട്ടിയും കാണുന്നുണ്ട്. അത് യന്ത്രവും മനുഷ്യനുമായി ചേർന്നുൽ‌പ്പാദിപ്പിക്കുന്ന ഒരു ഭാവി തലമുറയെക്കുറിച്ചാണ്. റോബോസാപ്പിയൻസ്! വശി യന്ത്രത്തെ വച്ചു കണ്ടതോ, ചിട്ടി മനുഷ്യനെ വച്ചു കണ്ടതോ ആയ രണ്ടു സ്വപ്നങ്ങളും പൂവണിഞ്ഞില്ല. എന്നു വച്ചാൽ മാനുഷികമായ പരിമിതിയിലേയ്ക്കുള്ള മടക്കം എന്ന ആത്യന്തികമായ ശരിയിലാണ് സിനിമ അവസാനിക്കുന്നത്. തന്റെ തകർച്ചയ്ക്കു കാരണം താൻ ചിന്തിക്കാൻ ആരംഭിച്ചതാണെന്ന് (ഒപ്പം വികാരം കൊള്ളുവാനും എന്നു നാം കണക്കിലെടുക്കണം) മ്യൂസിയം പീസായി ഇരിക്കുന്ന തന്നെ കാണാൻ വരുന്ന പെൺകുട്ടിയോട് ചിട്ടി പറയുന്നതായി നാം കേൾക്കുന്നുണ്ട്. യന്ത്രത്തിന്റെയാണോ, മനുഷ്യന്റെ( ആ പെൺകുട്ടിയുടെ) തന്നെയാണോ ആ നാടകീയ സ്വഗതാഖ്യാനം എന്നുള്ളത് വലിയ ആശയക്കുഴപ്പമുള്ള സംഗതിയല്ല. കാരണം മാനുഷികമായ പരിമിതികളെ ലംഘിക്കാൻ കഴിയുമോ എന്ന മനുഷ്യന്റെ ഭ്രാന്തൻ അന്വേഷണങ്ങളാണ് അവന്റെ നിർമ്മിതികളിൽ എന്നപോലെ ആ നിർമ്മിതികളെക്കുറിച്ചുള്ള സ്വപ്നങ്ങളിലും വിരാജിക്കുന്നത് എന്ന് ഏതു കൊച്ചുകുട്ടിയ്ക്കും മനസ്സിലാവുന്ന കാര്യമാണ്.

എന്നാൽ ചിട്ടിയുടെ ദുരന്തത്തിനു കാരണമായ സന ഏതു തരത്തിലാണ് വിശകലനത്തിനു വഴങ്ങി തരുക എന്നത് ആലോചിക്കേണ്ട വിഷയമാണ്. സന ഒരർത്ഥത്തിൽ ചിട്ടിയുടെ അമ്മയാണ്. സൃഷ്ടാവിന്റെ കാമുകി. അവൾക്ക് പാഠം പറഞ്ഞു കൊടുത്ത് പരീക്ഷയ്ക്ക് സഹായിക്കുമ്പോഴും തെരുവിൽ ചെന്ന് അവൾക്കു വേണ്ടി ആളുകളെ വിരട്ടുമ്പോഴും അവൾക്കായി ഭക്ഷണം പാകം ചെയ്യുമ്പോഴും നൃത്തം ചെയ്ത് അവളെ രസിപ്പിക്കുമ്പോഴും അവളുടെ ആജ്ഞാനുവർത്തിയായി മറ്റുള്ളവരെ സഹായിക്കുമ്പോഴും സ്ത്രീയുമായുള്ള പുരുഷന്റെ വിവിധ ബന്ധങ്ങളുടെ കുടമാറ്റങ്ങൾ അയാളിലുണ്ട്. തീവണ്ടിയിലെ കൊടുമ്പിരി കൊണ്ട സംഘർഷത്തിൽ അയാൾ അവളുടെ ചാരിത്ര്യസംരക്ഷകനുമാണ്. യന്ത്രത്തിന് മകനോ സഹോദരനോ കൂട്ടുകാരനോ പിതാവോ ഗുരുവോ ആയിരിക്കാൻ എളുപ്പമാണെങ്കിലും കാമുകനാവുക എന്നതിന്റെ മാനുഷികതയെ യാന്ത്രികതയ്ക്കൊപ്പം വയ്ക്കാൻ പറ്റാതെ പോകുന്നതിന്റെ പൊരുത്തക്കേടാണ് യന്തിരനിലെ ഈഡിപ്പസ് ഘടനയിൽ കുടിയിരിക്കുന്ന പാപം. വശി പൊളിച്ചുകളഞ്ഞ കച്ചടയിൽ നിന്ന് രണ്ടാം ജന്മം നേടി വരുന്ന ചിട്ടിബാബു, ഉൽ‌പ്പാദനാവയവങ്ങൾ പോലുമുള്ള യന്ത്രമാണെന്ന (സ്വന്തം) പരാമർശം ഒരിടത്തുണ്ട്. അയാളുടെ രണ്ടാം ജന്മം മറ്റൊരു തരത്തിലുള്ള സാക്ഷാത്കാരമാണ് എന്ന് അർത്ഥം. അതായത് അയാളിൽ കുടികൊള്ളുന്ന സർവശേഷിയും വൈകാരികമായ പാര‌മ്യവും കൊണ്ട് അയാൾക്ക് ഒരിടത്തേയ്ക്ക് മാത്രമേ പോകാനുള്ളൂ, അത് സനയിലേയ്ക്കാണ്. ഇത്രയധികം ശേഷിയുള്ള യന്തിരന്, നശിച്ചിട്ടും ആഗ്രഹമൂർച്ഛയാൽ നശിക്കാൻ കൂട്ടാക്കാതിരിക്കുന്നതരം യാന്ത്രിക ഇച്ഛാശക്തിയുടെ അസാധാരണമായ ശേഷിയ്ക്ക് എന്തുകൊണ്ട് താരത‌മ്യേന നിസ്സാരമായൊരു ആഗ്രഹസഫലീകരണം സാധ്യമാവാതെ പോയി? മറ്റൊരർത്ഥത്തിൽ ആ ഒരു കഴിവുകേട് അയാളുടെ അമാനുഷികമായ ശേഷിയെ എല്ലാം സംശയത്തിന്റെ നിഴലിൽ നിർത്തുകയല്ലേ ചെയ്യുന്നത്?

അയാളെ അപ്രസക്തമാക്കുന്ന ഘടകം അതു തന്നെയാണ്. അതിശയോക്തിപരമായി സിനിമ അയാളിൽ ഏതെല്ലാം സിദ്ധികളുണ്ടെന്ന് കാണിക്കുന്നോ അതെല്ലാം ഒരൊറ്റ ലക്ഷ്യത്തിലേയ്ക്ക് കുതിക്കുന്ന മുനകൂർത്ത അമ്പാണെന്ന് മനസ്സിലാക്കാൻ ഒട്ടും പ്രയാസമില്ല. സുന്ദരിയും അപ്രാപ്യയുമായ സ്ത്രീയെ കൈവശപ്പെടുത്തുക എന്നതാണ് ആ ലക്ഷ്യം. അതു സാധ്യമല്ലാതെ വന്നാൽ തകർച്ചയാണു ഫലം. എന്തുണ്ടായിട്ടെന്ത്, ആഗ്രഹിച്ച പെണ്ണിനെ പ്രാപിക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്ന സാമാന്യ(ആണത്ത)ധാരണയുടെ നെടുവീർപ്പാണ് ഇവിടത്തെയും ദുരന്തഭൂമിക. ഞാൻ ചിന്തിക്കാൻ ആലോചിച്ചു എന്നുള്ള ചിത്രാവസാനത്തിലെ ഏറ്റുപറച്ചിൽ പോലും അയാൾ ചെയ്തത് ഗുരുതരമായ തെറ്റാണെന്ന് സൂചിപ്പിക്കുന്നുണ്ടല്ലോ. എന്തായിരുന്നു അയാളുടെ ചിന്ത എന്നാലോചിച്ചാൽ അയാൾ സുന്ദരിയായ പെണ്ണിനെ കൈവശപ്പെടുത്താൻ നോക്കുകയും അതിനുള്ള വഴി തടസ്സപ്പെടുന്നു എന്നു കണ്ടപ്പോൾ ആക്രമണകാരിയായിതീരുകയും ചെയ്തതാണ്. അയാളുടെ തകർച്ചയുടെ വമ്പിച്ച ഒച്ചയ്ക്കു വേണ്ടിയുള്ള ഒരുക്കൂട്ടലുകളാണ് അമാനുഷികസിദ്ധിവിശേഷങ്ങളെപ്പറ്റിയുള്ള വാ പിളർന്ന ദൃശ്യവിവരണകോലാഹലങ്ങൾ. ഇതു തന്നെയല്ലഏ പത്തു തലയുള്ള രാവണനിൽ കാലാന്തരങ്ങൾ വായിച്ചെടുത്തുകൊണ്ടിരിക്കുന്ന ദുരന്തവും!

ഇക്കണ്ട സിദ്ധി വിശേഷങ്ങളെല്ലാം കൂടി കുത്തിച്ചെലുത്തി വച്ചിട്ടു വേണമായിരുന്നോ അയാളെ തറപറ്റിക്കാൻ എന്നാലോചിക്കുന്നത് രസകരമാണ്. അസാധാരണമായ ശേഷികൾ ഉള്ളയാൾ എന്ന നിലയ്ക്ക് അസാധാരണമായ ഒരു പ്രണയ(മനുഷ്യനും യന്ത്രവും)കഥയിലെ കൂടി നായകത്വം കൽ‌പ്പിച്ചുകൊടുക്കാൻ എന്തായിരുന്നു തടസ്സം? പറ്റില്ല എന്നാണുത്തരം. അതു നാം വിചാരിക്കുന്നതുപോലെ അയാൾ യന്ത്രമായതുകൊണ്ടല്ല. മറിച്ച് അത് ഒരു വഴിവിട്ട ബന്ധമാകുമെന്നതുകൊണ്ടാണ്. സിമെട്രിക്കലായി സനയുടെ ചാരിത്ര്യം സംരക്ഷിക്കുന്ന രണ്ടു രംഗങ്ങൾ രണ്ടിടത്തായി സംവിധായകൻ വിന്യസിച്ചിട്ടുണ്ട്. അതിലൊന്ന് അതിവേഗത്തിൽ ചലിച്ചുകൊണ്ടിരിക്കുന്ന തീവണ്ടിയിൽ വച്ച് ഒരു തെമ്മാടിക്കൂട്ടത്തിൽ നിന്ന് വളരെ പ്രയാസപ്പെട്ട് യന്തിരൻ ചിട്ടി, സനയുടെ പരിശുദ്ധി രക്ഷിച്ചെടുക്കുന്ന വേളയാണ്. രണ്ടാമത്തെ ഊഴം വശിയുടെയാണ്. ഒരു നാൾ ബോയിഫ്രണ്ടാകാൻ ചെന്നു മുട്ടിയ പച്ച മനുഷ്യൻ ആക്രമണകാരിയായപ്പോൾ അയാളിൽ നിന്ന് വശി സനയെ രക്ഷിക്കുന്നതിൽ ആദ്യത്തെ കൊടുങ്കാറ്റൊന്നുമില്ല. മണ്ണുവാരി എതിരാളിയുടെ കണ്ണിലിട്ടു, പെണ്ണിന്റെ കൈയ്യും പിടിച്ച് കുഞ്ഞൊരു ഓട്ടം ഓടി രക്ഷപ്പെട്ടു. അത്രേയുള്ളൂ. നായിക അവസാനം വരെ പരിശുദ്ധയായിരിക്കുക, അവളുടെ സംരക്ഷകത്വം നിസ്സംശയം നായകനിൽ നിക്ഷിപ്തമായിരിക്കുക തുടങ്ങിയ ജനപ്രിയ ഫോർമുലയുടെ പ്രവർത്തനത്തോടൊപ്പം തന്നെ രണ്ടാമത്തെ സംഭവത്തിനു പ്രത്യേകമായും ചിലതു കൂടി പറഞ്ഞു തരാനുണ്ട്. മലയാളിയുടെ സ്വന്തമായ നളചരിതം കഥകളിയിൽ നിന്ന് നേരിട്ട് ഇറങ്ങി വന്നൊരു സന്ദർഭമാണോ എന്നു സംശിക്കത്തക്ക സന്ധിബന്ധങ്ങളുള്ള ഒരു രംഗമാണത്. ജാതീയമായ/ വർണ്ണപരമായ ഉച്ചനീചത്വങ്ങളെ സംബന്ധിക്കുന്ന പ്രശ്‌നം അതിലുണ്ട്. കാട്ടിൽ വച്ച് ദമയന്തിയെ പാമ്പിൽ നിന്ന് രക്ഷിക്കുന്ന കാട്ടാളന്റെ ദുരന്തം അയാളുടെ അതിരു വിടുന്ന കാമമാണെന്ന് സാമ്പ്രദായിക ചിന്ത പറയുന്നത്. ദമയന്തിയെ വച്ചൊരു കുടുംബം സ്വപ്നം കാണുക മാത്രമാണ് അയാൾ ചെയ്യുന്നത്. രക്ഷിച്ചവനെങ്കിലും ഇഷ്ടക്കേടിനു വിധേയനായതുകൊണ്ട് അയാൾ ദമയന്തീകോപത്താൽ എരിഞ്ഞു കരിഞ്ചാമ്പലടിച്ചു പോയി. കുലകന്യകയുടെ പാതിവ്രത്യഭംഗത്തിനിച്ഛിച്ചതു മാത്രമല്ല, ആഗ്രഹിക്കാൻ പാടില്ലാത്തതു പ്രതീക്ഷിച്ചതും കൂടിയാണ് അയാളുടെ ദുരന്തഹേതു. കലാഭവൻ മണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ഒന്നുകൂടി പറയാനുണ്ട്. അയാളുടെ ഇച്ഛാഭംഗത്തിന് യന്തിരന്റേതുമായുള്ള സാമ്യമാണ് അത്. രണ്ടുപേരും സനയാൽ ആദ്യം പ്രചോദിതരായി തീരുകയും നിശ്ചയിക്കപ്പെട്ട അതിർത്തികളെ സ്വത്വബലം കൊണ്ട് ലംഘിക്കുകയും ചെയ്തവരാണ്. ഒരാൾ കണ്ണിൽ മണ്ണുവാരിയിട്ടാൽ ഒഴിവാക്കാവുന്ന രീതിയിൽ നിസ്സാരനായിരിക്കുകയും മറ്റേയാൾ വമ്പിച്ച നാശം ഉണ്ടാക്കി വച്ചുകൊണ്ട് കനപ്പെട്ടിരിക്കുകയും ചെയ്യുന്നു.

യന്തിരൻ സത്യത്തിൽ അരുത്താത്ത ബന്ധത്തിനായുള്ള ഇച്ഛയുടെയും അതിന്റെ തകർച്ചയുടെയും കഥയാണ്. ‘മനസ്സാൽ ചെയ്യപ്പെട്ട പാപമേ ഗുരുതരം’ എന്നു പറഞ്ഞുറപ്പിച്ച് കൺ‌തിളക്കിയെടുത്ത സാമൂഹികപാഠങ്ങൾ വിധിച്ച ദണ്ഡനീതി യന്തിരന്റെ സ്വയം നാശത്തിലുണ്ട്. അതു നടപ്പിലാക്കാൻ കഴിഞ്ഞു എന്നതാണ് യന്തിരന്റെ ശുഭപര്യവസായിത. കാലാന്തരങ്ങളിൽ കുറ്റബോധത്തിന്റെ ഉമിത്തീയിൽ എരിയാനാണ് അതിനു യോഗം എന്ന തീർപ്പിൽ അഗ‌മ്യഗമനത്തെപ്പറ്റിയുള്ള ഉത്കണ്ഠകളെ ശമിപ്പിക്കുന്ന ഇളം കാറ്റുണ്ട്. മാനസാന്തരം വന്ന ഈഡിപ്പസിനെ പുണ്യവാനാക്കുന്നതുപോലെയുള്ള ഒന്ന്. പൂർവ നിശ്ചിതമായ സാംസ്കാരിക ഘടനയ്ക്കകത്ത് അതിന്റെ അതിരുകളുമായി സമരസപ്പെട്ടും ഒട്ടി നിന്നും കൂടി പ്രവർത്തിക്കുമ്പോൾ യന്തിരന്റെ അബോധഘടന സദാചാരപരമായും സാമൂഹികപരമായും കൂടുതൽ ബലമുള്ളതായി തീരുന്നു.

5 comments:

Haree said...

• "യന്ത്രത്തിന് മകനോ സഹോദരനോ കൂട്ടുകാരനോ പിതാവോ ഗുരുവോ ആയിരിക്കാൻ എളുപ്പമാണെങ്കിലും..." - അതെങ്ങിനെയാണ്‌ എളുപ്പമാവുക. ഇവരോടൊക്കെയും ഒരാള്‍ക്കുള്ള ബന്ധത്തിന്‌ വൈകാരികത ഇല്ലെന്നാണോ?

• "അയാൾ ദമയന്തീകോപത്താൽ എരിഞ്ഞു കരിഞ്ചാമ്പലടിച്ചു പോയി. കുലകന്യകയുടെ..." - ദമയന്തിക്ക് കാട്ടാളനോട് കോപമൊന്നുമില്ല. സ്വന്തം രക്ഷയ്ക്ക് അമരേന്ദ്രന്റെ വരമുണ്ട് എന്നു മാത്രമേ ദമയന്തി ചിന്തിക്കുന്നുള്ളൂ, രക്ഷ കാട്ടാളന്റെ നാശത്തിലൂടെവേണമെന്നു പോലുമില്ല. (കോപം തോന്നുവാനുള്ളത്രയും പോലും സ്പേസ് ദമയന്തിയുടെ മനസില്‍ കാട്ടാളനുണ്ടായിരുന്നില്ല, അവിടെ നളന്‍ മാത്രം എന്നര്‍ത്ഥത്തില്‍...)

സത്യത്തില്‍ ചിട്ടി എന്ന യന്ത്രമനുഷ്യന്‍ വേറിട്ടു നില്‍ക്കേണ്ടിയിരുന്നത്, ഒരു ഭാവഭേദവും കൂടാതെ സനയെ ഓര്‍മ്മയില്‍ നിന്നും മായ്ക്കുവാന്‍ കഴിയുന്ന അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ചിന്തിക്കുവാന്‍ പ്രാപ്തനായ ഒന്നായായിരുന്നു. പക്ഷെ, അങ്ങിനെയായാല്‍ കഥ എങ്ങിനെ ഈ രീതിയില്‍ മുന്നോട്ടു പോകുവാന്‍ സാധിക്കും?
--

shaji.k said...

വെള്ളെഴുത്തിന്റെ പോസ്റ്റുകള്‍ എല്ലാം വളരെ താത്പര്യത്തോടെ വായിക്കാറുണ്ട്, കമന്റുന്നത് വളരെ ഭയത്തോടെയാണ്,ചിലപ്പോള്‍ ജാള്യത തോന്നും കമന്റ്‌ വീണ്ടും വായിക്കുമ്പോള്‍ , ഞാന്‍ വളരെ ഉപരിപ്ലവമായി ചിന്തിക്കുന്നോ മണ്ടത്തരം ആണോ എന്നൊക്കെ...വായനാനുഭവം അത്രയ്ക്ക് ശുഷ്കമാണെ:))-. ഈ സിനിമ ഞാനും കണ്ടതാ പക്ഷെ ഇതേ പോലെ ഒരു ആസ്വാദനം എനിക്ക് കഴിഞ്ഞില്ല, ഇത് വളരെ രസകരമായിരിക്കുന്നു. കാമിനി മൂലം എന്ന പഴം ചൊല്ലിലേക്ക് യന്തിരനും എത്തുന്നു.യാന്ത്രിക ശക്തിയുടെ മഹാശേഷികൊണ്ട് ഒരു പെണ്‍കുട്ടിയുടെ മനസ്സ് കീഴടക്കാന്‍ കഴിയില്ലെന്നുള്ള സത്യം ഉള്ളത് കൊണ്ട് യന്തിരന്റെ ശേഷിയെ സംശയത്തില്‍ നിര്‍ത്തുന്നില്ല.അല്ല ഇങ്ങിനെയും ആവാലോ:))

Tom Sawyer said...

ലേഖനം കളറായിട്ട് ണ്ട്ട്ടാ ഗഡ്യെ [-ഇന്നലെയാണ് പ്രാഞ്ചിയേട്ടന്‍ കണ്ടത് അതിന്റെ ഹാങ്ങ് ഓവറില്‍ ]


ചാരു നിവേതിതയുടെ ഒരു ലേഖനം വായിച്ചിരുന്നു

എന്നെ നാട് കടത്തൂ രജനീ കാന്തെ “ എന്ന് പറഞ്ഞ് കൊണ്ട് .അതേ അഭിപ്രായം തന്നെ എനിക്കും .

എങ്ങനെയാണ് ആളുകള്‍ ഇത് ബ്രഹ്മാണ്ട പടമാക്കി വിജയിപ്പിക്കുന്നതെന്ന് ഒരു പിടീമില്ല

അംബരീഷ് തേവള്ളി said...

"യന്തിരചരിതം രണ്ടാം ദിവസം" എന്നാ വെള്ളെഴുത്തിന്റെ എഴുത്ത് വളരെ നന്നായിടുണ്ട്.
ഒരുപക്ഷെ എന്തിരന്‍ എന്ന സിനിമ ഇത്ര ക്രിടിസിസ് ചെയ്തത് വെള്ളെഴുത്ത് ആയിരിക്കും.ഈ സിനിമയുടെ വലിയ പ്രോബ്ലം എന്ന് പറയുന്നത് കഥ നടക്കുന്ന പീരീഡ്‌ ആന്നു ,ശങ്കെരിന്റെ കതപരചിച്ചില്‍ ചിട്ടിയുടെ പീരീഡ്‌ മയീ ഒത്തുപോകുനില്ല.
എന്നുവച്ചാല്‍ സാങ്കേതികമായ മാറ്റം ദാര്‍ശനികവും സാംസ്കാരികവുമായ തലങ്ങളില്‍ വെക്തമായ ചലനം സൃഷ്ടിക്കുന്നു. ഈ ഒരു അവസ്ഥയെ പറ്റീ അസിമോവും ഓ.വ വിജയനെ പോലുള്ള ദര്‍ശനികന്മാര്‍ പറയുന്നത് മനുക്ഷ്യന്റെ വികാരവിചാരങ്ങളെ നിയത്രിക്കുനത് ടെക്നോളജി യില്‍ വരുന്ന മാറ്റം വളരെ വലുതാണ്. സിനിമയില്‍ കഥ പഴയതുതനെ (പഴയ വീഞ്ചു പുതിയ കുപ്പിയില്‍ ) അതുകൊണ്ടാണ് ദമയന്തി യുടെ കഥയും എന്തിരനും സാമ്യം തോനുന്നത്.
വെള്ളെഴുത്തിന്റെ നല്ല എഴുത്ത് പ്രതിഷിച്ചുകൊണ്ട് ......

ഷാരോണ്‍ said...

ഹാ..കൊള്ളാം..ഇതിപ്പോഴാ വായിച്ചത്..ക്ഷമി..

നമ്മുടെ വിജയന്‍ മാഷിന്റെ മാമ്പഴനിരൂപണം ഓര്‍മ്മവന്നു.