September 21, 2010

നഷ്ടവസന്തത്തിൻ തപ്തനിശ്വാസമേ...മുൻപ്, എന്നു പറയുമ്പോൾ കരമനയിൽ ആദ്യത്തെ കോൺക്രീറ്റുപാലം വരുന്നത്ര പഴക്കമുള്ള കാലത്തല്ല, ബ്ലോഗുകളിൽ ഇതാരുടെ വീട്, ആരുടെ കണ്ണ്, ആരുടെ തല എന്നൊക്കെയുള്ള ഇവന്റുകൾ കമ്പിനുകമ്പിനു അർമ്മാദിക്കുന്ന കാലത്താണ്, ഇഷ്ടപ്പെട്ട പത്തുപാട്ടുകളുടെ പട്ടിക ചോദിച്ചുകൊണ്ടൊരു മെയിലു കിട്ടിയത്. പാട്ടുകളെഴുതി അയച്ചു. പിന്നെയൊരു വീണ്ടു വിചാരത്തിൽപ്പെട്ട് ലിസ്റ്റ് തിരുത്തിയും അയച്ചു. ബ്ലോഗുടമയ്ക്ക് മടുത്തുപോയിട്ടാവണം അല്ലെങ്കിൽ തയാറെടുപ്പുകൾ നടന്നപ്പോഴേയ്ക്കും ഇവന്റുകൾ ക്ലീഷേയായി തീർന്നതുകൊണ്ടാവണം, ബ്ലോഗുപുലികളുടെ ഇഷ്ടഗാനങ്ങൾ പ്രസിദ്ധീകരിച്ചു അവിടെ കണ്ടില്ല. മാധ്യമം ആഴ്ചപ്പതിപ്പ് പാട്ടോർമ്മ എന്ന പംക്തിയൊക്കെ തുടങ്ങുന്നത് അതിനും എത്ര ശേഷമാണ്. അന്ന് അയച്ചുകൊടുത്ത പാട്ടുകൾ വെറുതേ ഒന്നു നോക്കുമ്പോഴുണ്ട് ചിരി വന്നു. അവ എന്തുകൊണ്ടിഷ്ടപ്പെട്ടു എന്ന് ഇപ്പോഴത്തെ മൂഡിൽ ആരെങ്കിലും ചോദിച്ചാൽ നിന്നു ഇളിക്കുകയേ നിവൃത്തിയുള്ളൂ. പാട്ടുകളെപ്പോലെ തന്നെ വ്യക്തിഗതമായ പാട്ടിഷ്ടത്തിനും കാലമുണ്ട്. അതുമാറിമാറി വരും. മാധ്യമത്തിലെ ‘പാട്ടോർമ്മ’ കളിലൂടെ കടന്നുപോയാലറിയാം, ആർക്കും ഒരു പാട്ടിനെക്കുറിച്ച് എഴുതാൻ കഴിയുന്നില്ല. ഒന്നൊഴിയാതെ എല്ലാവരുടെയും ഓർമ്മകളിൽ കുറേ പാട്ടുകൾ കടന്നു വരുന്നു. കൂടിക്കുഴയുന്നു. എന്നിട്ട് ഒന്നിലെത്തി കുറ്റബോധത്തോടെ വിരമിക്കുന്നു. ഈ ഒന്ന് ജീവിതത്തിലെ ഏതെങ്കിലും പ്രധാനസംഭവവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നായിരിക്കും. ഓർമ്മ അതിനെ പശ്ചാത്തലസംഗീതമായി സ്വീകരിച്ച് ‘ആർക്കൈവാ’ക്കി സൂക്ഷിച്ചു വച്ചിരിക്കുന്നതിനെയാണ് പാട്ടോർമ്മ എന്നു വിളിച്ചു പോകുന്നത്.

വളരെ അപൂർവമായി ജീവിതത്തിലൊരിക്കലും മറക്കാൻ കഴിയാത്ത ഗാനം എന്ന് അവകാശപ്പെടാൻ ചിലർക്ക് ചില ‘പാട്ട്’ (പാട്ടുകൾ അല്ല) ഉണ്ടാവില്ലേ? കൂടെ പഠിച്ചിരുന്ന ഹരീഷ് ഒരു പാട്ടു മാത്രം പാടുന്നതേ ഞാൻ കേട്ടിട്ടുള്ളൂ. തരംഗിണിയുടെ പഴയ ഓണപ്പാട്ടുകളിൽ ഉണ്ടായിരുന്ന ‘നാലുമണിപ്പൂവേ..’ അതവന്റെ ജീവിതത്തെ മറ്റൊരു തരത്തിലാക്കി. പ്രണയം, പഠനം, ജോലി, വിവാഹം എന്നിവയെക്കുറിച്ചുള്ള സങ്കൽ‌പ്പങ്ങളെയാകെ ആ പാട്ടു തുറന്ന വഴി, മാറ്റിമറിച്ചു. ഒരു സയന്റിസ്റ്റിന്റെ ജോലിത്തിരക്കിനിടയിലും ആരെങ്കിലും നിർബന്ധിച്ച് ഇഷ്ടഗാനത്തെക്കുറിച്ചെഴുതാൻ പറഞ്ഞാൽ അവൻ ഈ പാട്ടിനെക്കുറിച്ച് മാത്രമേ എഴുതുകയുള്ളൂ എന്ന് ഏറെക്കുറെ ഉറപ്പായി എനിക്ക് പറയാൻ കഴിയും. പാട്ടിന്റെ ആന്തരാർത്ഥങ്ങളെക്കുറിച്ചായിരിക്കില്ല, മറിച്ച് ആ പാട്ട് ആമുഖമായി തീർന്ന തന്റെ ജീവിതത്തെക്കുറിച്ച് ആയിരിക്കും ആ എഴുത്ത്. ഇതുവച്ച് പാട്ടോർമ്മകളെല്ലാം സ്വന്തം ആത്മകഥയുടെ അവതാരികകളാണെന്ന് വേണമെങ്കിൽ ഒരു സിദ്ധാന്തം ഉണ്ടാക്കാം. ഗാനമേളകളുടെ തുടക്കത്തിൽ യേശുദാസ് ആവർത്തിക്കുന്ന പാട്ട് ‘ഇടയകന്യകേ പോകുക നീ...’ സിനിമയിൽ (മണവാട്ടി, രചന - വയലാർ) എങ്ങനെയാണെന്ന് ഇതുവരെ കേൾക്കാൻ കഴിഞ്ഞിട്ടില്ല. എന്തുകൊണ്ടാണ് താൻ അത് ആവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഈ അനന്തമായ ജീവിതവീഥിയിൽ ഇടറാതെ, കാലിടറാതെ പോകാനുള്ള ആശംസയാലാണത്രേ അദ്ദേഹത്തിന് ആ ഗാനം പ്രിയതരമാക്കി തീർന്നത്. ഏതോ ഒരു നിസ്സഹായയായ ഇടയകന്യകയോട് യേശുദാസ് എന്ന ആൺശബ്ദത്തിലൂടെ വയലാർ എന്ന കവി ശബ്ദം പറയുന്നു എന്നമട്ടിലാണ് നാം അതുകേട്ടുവന്നത്. യേശുദാസിന്റെ ഏറ്റുപറച്ചിലാവട്ടെ, തന്നെ സ്വയം ഇടയകന്യകയായി കണ്ടുകൊണ്ടുള്ളതും. അദ്ദേഹമത് വേദികൾ തോറും ആവർത്തിക്കുന്നത് തനിക്കുള്ള ആശംസയും സാന്ത്വനവുമായാണ്..( ഉൾക്കണ്ണുകളാലെ കണ്ടെത്തും നീ മനുഷ്യപുത്രനെ ഇന്നല്ലെങ്കിൽ നാളെ, നിന്നാത്മാവിൽ ഉയിർത്തെണീക്കും കണ്ണീരൊപ്പും നാഥൻ..) പാട്ടിഷ്ടങ്ങളുടെ തലക്കുത്തിമറിച്ചിലാണിത്.

ബഷീർ ദ മാൻ എന്ന ഡോക്യുമെന്ററിയിൽ തലയോലപ്പറമ്പിൽ നിന്ന് പുറപ്പെട്ടു പോകുന്ന ബഷീറിന്റെ പരാമർശം വരുന്നിടത്ത് എം എ റഹ്മാൻ ചേർത്തു വച്ചത് ‘ബാവുൽ മോരാ’ എന്ന തീവ്രദുഃഖത്തിന്റെ പ്രവാസഗാനമാണ്. സൈഗൾ പാടിയത്. ബഷീറിനെക്കുറിച്ച് സങ്കൽ‌പ്പിക്കുന്ന ചിത്രത്തിൽ വലിയ വാവട്ടമുള്ള ആ ഗ്രാമഫോണുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ കേൾക്കുന്ന ഗാനം ‘സോജാ രാജകുമാരി സോജാ..’ ആയിരിക്കും. ഓ എൻ വി, ബഷീർ സ്മരണയായി കവിതയെഴുതിയപ്പോൾ തലക്കെട്ട് നൽകിയതും ഈ ഗാനമായിരുന്നല്ലോ. ഷാഹിനയുടെ പിതാവായാണോ കായി അബ്ദുറഹിമാന്റെയും കുഞ്ഞാച്ചുമ്മയുടെയും മകനായാണോ ബഷീർ ഈ ഗാനം ഇഷ്ടപ്പെട്ടിരിക്കുക?കിട്ടിയ വാത്സല്യമാണോ കൊടുത്താലും തീർക്കാനുള്ള വാത്സല്യമാണോ ആ പാട്ടിന് ബഷീറിന്റെ മനസ്സിൽ ശ്രുതിച്ചേർത്തിരിക്കുക? ശബ്ദം ആണിന്റെ പാടിയുറക്കുന്നത് രാജകുമാരിയെ.. മനശ്ശാസ്ത്രം പ്രയോഗിച്ചാൽ ഉമ്മയെ പാടിയുറക്കുന്ന ഒരു മകനെ കാണാം ആ പാട്ടോർമ്മയിൽ. താരാട്ടുകൾ ഇഷ്ടപ്പെടുന്ന അനേകരുണ്ട്. സീതയിലെ ‘പാട്ടുപാടി ഉറക്കാം ഞാൻ’ (പാടിയത് പി ലീല) ആരൊക്കെയോ രോമാഞ്ചത്തോടെ എടുത്തുപറയുന്നത് കേട്ടിട്ടുണ്ട്. ‘ഒന്നുമുതൽ പൂജ്യം വരെ’യിലെ ‘ വിണ്ണിൽ മന്ദാരങ്ങൾ മണ്ണിൽ ..” (പാടിയത് ജി വേണുഗോപാൽ) എന്ന ‘നിലവിളി‘ താരാട്ടിന്റെ ലേബലിലായാലും ഏതെങ്കിലും കുട്ടിയ്ക്ക് ഉറങ്ങാൻ പറ്റുമോ എന്നും ഉറങ്ങുന്ന കുട്ടിപോലും ഈ കാറിച്ച കേട്ടാൽ ഞെട്ടി വിളിച്ചുണർന്ന് അലറിക്കരയുകയല്ലേ ചെയ്യുകയെന്നും ഈർഷ്യ പറയുന്നതും കേട്ടിട്ടുണ്ട്. പക്ഷേ ഓർമ്മയിലെ രണ്ടുകാലങ്ങളാണവ എന്ന് എനിക്കു തോന്നുന്നു. ആദ്യത്തേതിൽ ഗ്രാമീണനിശ്ശബ്ദതയും നല്ല കാലങ്ങളുടെ ഭാവി നാക്കും. രണ്ടാമത്തേതിൽ നഗരത്തിലെ പേടിസ്വപ്നങ്ങളുടെ പനിക്കാലവും ആശങ്കകളും. താരാട്ടുകൾ ഇഷ്ടപ്പെടുന്നവർ ഇന്നും കുഞ്ഞായിരിക്കണം. അത് ഇഷ്ടപ്പെടാത്തവർ വീടുവിട്ട് പോകാൻ കുതറുന്ന അരാജകവാസനകളുടെ ഉണ്ണികളും.

അരാജകവാസനകളുടെ ഉണ്ണികളാണ് പാട്ടുകളിൽ നിന്ന് ‘രണ്ടാമത്തെ അർത്ഥം’ കണ്ടെടുക്കുന്നത്. ആ വഴിക്കും പാട്ടിഷ്ടപ്പെടുന്നവരുണ്ട്. അതും വെറും ഇഷ്ടമല്ല. മനസ്സിൽ കൂടുകെട്ടുന്ന ലൈംഗിക ഉണർച്ചകളെപ്പറ്റിയുള്ള ബോധ്യമാണ്. ‘കാട് കറുത്ത കാട് മനുഷ്യൻ ആദ്യം പിറന്ന വീട്’ എന്ന പാട്ടിന്റെ ‘മറ്റേ അർത്ഥം’ ഒൻപതാം ക്ലാസിൽ വച്ച് ജഹാംഗീർ പറഞ്ഞുതന്നിട്ടുണ്ട്. ആ പാട്ടിനോട് അന്നുമില്ല കൂറ്. ഈണവും ആത്മാവിൽ പറ്റിപ്പിടിച്ചിട്ടില്ല. പക്ഷേ അത് എപ്പോൾ കേട്ടാലും ഒരു കാലം മുന്നിൽ വന്നു നിൽക്കും. “ഓടക്കുഴൽ വിളി ഒഴുകി ഒഴുകി വരും ഒരു ദ്വാപരയുഗസന്ധ്യയിൽ” (പഴയ ലളിതഗാനം) “ഏഴുസ്വരങ്ങളും തഴുകി..” (ചിരിയോചിരി) “ ജാനകീ ജാനേ...” (ധ്വനി) “പാതിരാമഴയേതോ..”(ഉള്ളടക്കം) ‘ആറ്റിറമ്പിലെ (കാലാപാനി) ടെലഫോൺ മണിപോൽ..(ഇന്ത്യൻ) തുടങ്ങിയ പാട്ടുകളെയൊന്നും കഴിഞ്ഞുപോയകാലങ്ങളുമായി ബന്ധപ്പെടുത്തിയല്ലാതെ കേൾക്കാൻ കഴിയില്ല. മനസ്സിന്റെ മണ്ണിനടിയിൽ നിന്ന് അവ ആരും വിളിക്കാതെ എഴുന്നേറ്റു വരും. പറഞ്ഞു വന്നത് അതല്ല. ‘തേൻ കിണ്ണം.. പൂങ്കിണ്ണം താഴെ കാട്ടിലെ താമരക്കുളമൊരു പൂങ്കിണ്ണം’....എന്ന പാട്ടിനുമുണ്ടായിരുന്നു അന്ന് രണ്ടർത്ഥം. മയിലാടും കുന്നിലെ ‘താലിക്കുരുത്തോലയിലെ’ ഏറ്റവും സജീവമായ ചിത്രം ‘പൊന്നോല വെട്ടീ പൂപ്പന്തു കെട്ടീ പണ്ടീ മാറിലെറിഞ്ഞു ചിരിച്ചൊരു പന്തുകളിക്കാരനെ’ക്കുറിച്ചുള്ള ഓർമ്മയാണ്. പന്തുവേണോ... എന്നാണ് ലീലയുടെ നാദിയായ (ഹസ്കി) ശബ്ദം ചോദിക്കുന്നത്. ‘മാറത്തു മറുകുള്ള മന്ദാരപ്പൂവിന്റെ ചേലൊന്നു കണ്ടോട്ടെ ഞാൻ’ എന്ന് നായകന് പാട്ടിൽ ചോദിക്കാമെന്നത് അദ്ഭുതമാണ്. പ്രണയം വിലക്കിയ ഒരു കാലത്തിലൂടെ ആണുങ്ങളുടെ (സ്വവർഗം) മാത്രം ക്ലാസിലിരുന്ന് പഠിച്ചതുകൊണ്ടുണ്ടായ ഇണ്ടലായിരിക്കും ഈ അദ്ഭുതങ്ങളെ ഇന്നും ഓർക്കാപ്പുറത്ത് ഉണർത്തി ലയം കൊള്ളിച്ചു വിടുന്നത്. കവിതയുടെ ധ്വനിയും വക്രതയും സൂചിത സൂചകങ്ങളും ഒന്നും പഠിച്ചില്ലെങ്കിലും വാക്കുകളുടെ ദിശാസൂചി ഇക്കാര്യത്തിൽ എത്തേണ്ടിടത്ത് തന്നെ കൊണ്ടെത്തിക്കും. ശകുന്തളയെ ഓർമ്മിക്കാൻ വയലാർ ‘ശംഖുപുഷ്പത്തിനു തന്നെ കണ്ണ് എഴുതിച്ചത്’ ചില കാര്യങ്ങൾക്ക് അടിവയിടാനാണെന്ന് മുതിർന്ന ശേഷം ഉം... ഉം എന്നു മൂളിക്കൊണ്ട് സമ്മതിച്ചു കൊടുത്തിട്ടുണ്ട്. തിളക്കത്തിലെ ‘കാലിൽ കയറിയ ചോണനുറുമ്പ്..’ തട്ടിയിട്ടും പോകാത്തതെന്താണെന്ന് ഇപ്പോഴറിയാം. മുരളിയുടെ ഒരു കഥയിൽ ഇതേ ഉറുമ്പ് ഈ വഴിയിലൂടൊക്കെ സഞ്ചരിക്കുന്നുണ്ട്. പാട്ടിനു മാത്രമല്ല ഈ കിതപ്പ്. അയ്യപ്പപ്പണിക്കർ എഴുതി: “അല്പം തടിച്ചപാദങ്ങൾ കിതയ്ക്കുന്നു, കട്ടിച്ചെരുപ്പിൽ. അവിടെ നിന്നും... ജയസ്തംഭങ്ങൾ, ഹേമന്തരാജസസ്വപ്നങ്ങൾ എങ്ങോട്ടു പോകുന്നു..? എവിടെ ലയിക്കുന്നു... ? പോക താഴോട്ട് മനസ്സേ മതിയിനി...” ഓർമ്മയിലിതൊക്കെയുണ്ട് എന്നതിനർത്ഥം കൌമാരം മറവിനപ്പുറം നിന്ന് ഇപ്പോഴും ഒളിച്ചു കളിക്കുന്നു എന്നാണ്.

കൌമാരത്തെ ഇക്കിളിപ്പെടുത്തുന്നത് മറഞ്ഞിരിക്കുന്ന അർത്ഥങ്ങളുടെ ഭാവനയാണ്. ആസുഖം തുറന്നു വച്ച ലൈംഗികചിത്രങ്ങൾക്കില്ല. എങ്കിലും ‘പൂമെത്തപുറത്തു ഞാൻ നിന്നെ കിടത്തും’ എന്ന് തിക്കുറിശ്ശി ഗാനത്തെ ഇഷ്ടപ്പെടുന്നവരെ കണ്ടിട്ടുണ്ട്.. കാളിദാസശ്ലോകത്തിന്റെ, ‘ഭൂമിദേവി പുഷ്പിണിയായി’യിലെ വിസ്താരം ‘പനിനീർമഴ..പൂമഴയ്ക്കും’ ആ സുഖം തോന്നിയിട്ടില്ല. പിന്നെയുള്ളത് കാത്തിരിപ്പുകളാണ്. സിനിമാപ്പാട്ടുകളിൽ ആകെ കാത്തിരിപ്പുകളാണ്. സംഭോഗ ശൃംഗാരങ്ങൾക്കു പോലും വിപ്രലംഭത്തെ ഒന്നു തൊട്ടുതലോടാതെ പാട്ടുചരിത്രത്തിൽ കാതരമായ നിലനിൽ‌പ്പ് അസാദ്ധ്യം. ‘താഴമ്പൂ മണപ്പുള്ള തണുപ്പുള്ള രാത്രിയിൽ തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരിയെ’ (അടിമകൾ) ഭാവനചെയ്യുന്ന “മഞ്ഞലയിൽ മുങ്ങിത്തോർത്തി ധനുമാസചന്ദ്രിക വന്നിട്ടും നീ മാത്രം വരാത്തതിന്റെ (കളിത്തോഴൻ) നൊമ്പരത്തിൽ‌പ്പെട്ട് ഉഴലുന്ന നായകത്വങ്ങൾ നമ്മുടെ പാട്ടുകളിലെമ്പാടുമുണ്ട്. വാക്കുകൾ കൊണ്ട് പ്രണയസംഗമവേദികളൊരുക്കാൻ വയലാറിനുള്ളത്ര വിരുത് മറ്റാർക്കുമില്ല. ത്രിവേണിയിലെ ‘സംഗമം സംഗമം..’ ഗന്ധർവക്ഷേത്രത്തിലെ ‘വസുമതീ..’ ‘സന്ധ്യമയങ്ങും നേരം, ഗ്രാമച്ചന്ത പിരിയും നേരം, കാട്ടുത്താറാവുകൾ ഇണകളെ തേടുന്ന കായലിനരികിലൂടെയുള്ള ബന്ധുരയുടെ വരവിന് വല്ലാത്തൊരു ഭംഗിയാണ്. രവിവർമ്മച്ചിത്രങ്ങൾക്ക് രതിഭാവം ഉണ്ടായാലും ഇല്ലെങ്കിലും ഇതുമാതിരിയുള്ള ഗാനങ്ങൾക്ക് നിശ്ചയമായും അത് ഉണ്ട്. സ്ത്രീയുടെ ശരീരത്തെ(മാത്രം) പുരുഷൻ നിരന്തരമായി ഓർമ്മിച്ചിരുന്ന കാലത്തിൽ നിന്ന് ( അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല, പാവാടപ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ താമരമൊട്ടായിരുന്നു നീ) മറ്റു തുറസ്സുകളിലേയ്ക്ക് പാട്ടുകൾ വഴിമാറിയൊഴുകിപ്പോയിരുന്നു. ‘ഉൾക്കടലി’ൽ ആദ്യത്തെ പ്രണയിനിയുടെ ചുടു നിശ്വാസധാര, വേനലും, നിർവൃതി, പൂക്കാലവും അവളുടെ ജലക്രീഡാലഹരി, വർഷവും അവളുടെ ഉടലിന്റെ കുളിർ ഹേമന്തവുമായി മാറുന്നതുകാണാം. (ഓ എൻ വിയുടെ ‘ചത്തവേരുകൾ’ എന്ന കവിതയാണ് ഈ ഗാനത്തിന്റെ അടിസ്ഥാനം) അവൾ റൌക്കയുടെയും ശംഖുംഞൊറിയിട്ട ചേലയുടെയും അരഞ്ഞാണച്ചരടിന്റെയും അതിൽ കുടുങ്ങിയ മുടിയിഴകളുടെയും ഏലസ്സിന്റെയും പിന്നെ കരിവള, കണ്മഷികളുടെയും ഒക്കെ ഒതുക്കത്തിൽ നിന്ന് പ്രകൃതിയിലേയ്ക്ക് വികസിച്ചു. കുറച്ചുകാലം. പിന്നെ പച്ചമാങ്ങയും ചോക്ലേറ്റുമൊക്കെയായി അവൾ തിരിച്ചു വന്നു. പ്രണയത്തിന്റെ പാട്ടുചരിത്രം, വായ്ക്കുരുചികളുടെ ചരിത്രം കൂടിയാണെന്നു തോന്നുന്നു.

പ്രണയത്തെക്കുറിച്ചു പറയുമ്പോൾ മരണത്തെക്കുറിച്ചു മറന്നുപോകുന്നു. ഉത്തരായണത്തിലെ ‘ഹൃദയത്തിൻ രോമാഞ്ചം സ്വരരാഗ ഗംഗയായ്..’ ഇഷ്ടമായിരുന്നത് അതിനൊരു മരണത്തിന്റെ ഗന്ധമുണ്ടായിരുന്നതുകൊണ്ടാണ്. ‘ശ്രാന്തമംബരം’ എന്ന അഭയത്തിലെ പതിഞ്ഞമട്ടുള്ള സംസ്കൃതബഹുലമായ പദരാശിക്കുമുണ്ട് മരണത്തിന്റെ മുദ്ര. പ്രണയം പ്രണയത്തെപ്പോലെ സുന്ദരമല്ലാത്തതുകൊണ്ടാവാം അതിനു മരണത്തിന്റെ അനുസാരികൾ. ‘നഷ്ടവസന്തത്തിന്റെ തപ്തനിശ്വാസത്തെ’ സംബോധന ചെയ്തുകൊണ്ടൊരു പാട്ടില്ലേ ഉൾക്കടലിൽ? ഭദ്രദീപവും മുത്തുകുടയും ഒരുക്കിവച്ച് ചുനിശ്വാസത്തെ കാത്തിരിക്കുന്നതിൽ നിന്ന് കുറച്ചുകൂടി ലാളിത്യമുണ്ട് പരസ്പരത്തിലെ ‘കിളുന്തുതൂവലും തഴുകി’യുള്ള കാത്തിരിപ്പിന്. നിമിഷപ്പാത്രങ്ങൾ ഉടഞ്ഞുപോകുന്നതിനെക്കുറിച്ച് അതിലൊരു കൽ‌പ്പനയുണ്ട്. കാത്തിരിപ്പിലെ സ്ത്രീപുരുഷവ്യത്യാസങ്ങളാണോ എന്തോ അവകളിൽ അടയാളപ്പെട്ട് കിടക്കുന്നത്. മുത്തുക്കുടയും കുഞ്ചലങ്ങളുമായി അമ്പലമുറ്റത്തും അങ്കണത്തിലും കിടന്നു കറങ്ങുമ്പോഴും തപ്തനിശ്വാസത്തെ അഭിസംബോധന ചെയ്യുന്ന ഗാനത്തിൽ ഷാരോൻ താഴ്വരയുമുണ്ട്. സാധാരണ സിനിമാപ്പാട്ടുകൾ സാധാരണക്കാരെയാണ് ലക്ഷ്യമാക്കുന്നത് എന്നുള്ളതുകൊണ്ട് ലാളിത്യമുഖമുദ്രയാക്കിയിരിക്കും. പി ഭാസ്കരൻ നല്ല പാട്ടെഴുത്തുകാരനാവുന്നത് ലാളിത്യം കൊണ്ടാണ്. പെണ്ണുകെട്ടിനു കുറിയെടുക്കുമ്പോൾ ഒരു നറുക്കിനു ചേർക്കാൻ പറയാൻ അത്ര സിമ്പ്ലിസിറ്റി അവകാശപ്പെടാൻ കഴിയുന്ന മറ്റു പാട്ടെഴുത്തുകാർ ചുരുങ്ങും. മറ്റൊരു തരത്തിൽ ശിവാജിയിൽ രജനീകാന്ത് പറയും പോലെ “കൂൾ”!!. ‘ഉയരും ഞാൻ നാടാകെ’ എന്ന സിനിമയിലെ “മാതളത്തേനുണ്ണാൻ..” എന്നു തുടങ്ങുന്ന ഗാനത്തിനിടയിൽ (പി ഭാസ്കരൻ) ‘കുന്നിമണിമാലയിട്ടു നിൽക്കുമ്പം നിന്നഴക് പൊന്നിന്നില്ല പൂവിനില്ല’എന്നൊരു വരിയുണ്ട്. കുന്നിമണിമാലയാണ് അവളുടെ അലങ്കാരമെങ്കിൽ എന്തായിരിക്കും അവളുടെ ദാരിദ്ര്യം!. പ്രകൃതിയുടെ മകൾക്ക് പ്രകൃതിക്കാഴ്ചകളാണ് ഉപമാനങ്ങൾ എന്ന പ്രത്യേകതയുമുണ്ട് ആ പാട്ടിന്. പറയാനുള്ളതു പറഞ്ഞുകൊണ്ടു തന്നെ ധ്വനിനിപ്പിക്കാനുള്ളതു ധ്വനിപ്പിക്കുകയും.

കാതരമായൊരു വിഷാദത്തിന് തോത്പിക്കാനായി നിന്നു കൊടുക്കുക എന്നാണ് പാട്ടോർമ്മയെന്നാൽ അർത്ഥം. ഒരു പാട്ടിന്റെ ഓർമ്മയിൽ ഒതുക്കാനാവില്ല എത്ര അർത്ഥരഹിതമെങ്കിലും നടന്നുവന്ന ജീവിതത്തിന്റെ പശ്ചാത്തല ഈണം. ആര് ഓടിക്കുന്ന റീലായാലും ഇതുതന്നെയാണ് സ്ഥിതി, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും. പാട്ടെന്നാൽ ഈണമോ വരികളോ എന്ന കാര്യം തീർപ്പാക്കണമെങ്കിൽ ഇനിയും എഴുതണം.

11 comments:

ശ്രീനാഥന്‍ said...

നല്ല ലേഖനം, ചലച്ചിത്ര ഗാനങ്ങളിലെ കാൽ‌പ്പനികത മലയാളിയെ വല്ലാതെ വികാരപരവശനാക്കിയിട്ടുണ്ട്. വയലാർ രചനകളിൽ രണ്ടർഥ കുസൃതികൾ ധാരാളം കാണാം, ഭജ ഗോവിന്ദശങ്കരം!

Baiju Elikkattoor said...

"‘സന്ധ്യമയങ്ങും നേരം, ഗ്രാമച്ചന്ത പിരിയും നേരം, കാട്ടുത്താറാവുകൾ ഇണകളെ തേടുന്ന കായലിനരികിലൂടെയുള്ള ബന്ധുരയുടെ വരവിന് വല്ലാത്തൊരു ഭംഗിയാണ്."

വളരെ ശരിയാണ്. ഗ്രാമഭംഗിയുടെ വലിയ ഒരു കാന്‍വാസ് പെട്ടെന്ന് മനസ്സില്‍ വിരിയും ഓരോ തവണ ഈ ഗാനം കേള്‍ക്കുമ്പോഴും.

ഇരയമ്മതമ്പിയുടെ 'പ്രാണനാഥ'നെ അപേക്ഷിച്ച് തിക്കുറിശ്ശി ഗാനം ഭേതം എന്ന് പറയാം. പീ ഭാസ്കരന്‍ എഴുതിയ 'ചെണ്ട'യിലെ 'താളത്തില്‍, താളത്തില്‍.....' കൂടുതല്‍ ആസ്വാദ്യകരം ആണ്.

ലേഖാവിജയ് said...

“മഞ്ഞലയിൽ മുങ്ങിത്തോർത്തി ധനുമാസചന്ദ്രിക ..
chithram kalithozhan aanu :)

A Bystander said...

നടന്നുവന്നവഴികളിൽ പാട്ടുകളും പുസ്തകങ്ങളും കൂട്ടിനുണ്ടായിരുന്നതോർമ്മിപ്പിച്ചു. നന്ദി. പുസ്തകങ്ങളിൽ കൊച്ചുപുസ്തകങ്ങളും ഓർത്തെടുക്കുക.. ജഹാംഗീർ വിശദീകരിച്ചുതന്ന പാട്ടും, താലിക്കുരുത്തോല, പാവാടപ്രായത്തിൽ പോലെയുള്ളതുമൊന്നും പോരാഞ്ഞിട്ട്, തിക്കുറിശ്ശി 'പച്ചക്ക്' തന്നെയെഴുതിയ, ‘കസ്തൂരിപ്പൊട്ടു മാഞ്ഞൂ, നിന്റെ കാർകൂന്തൽകെട്ടഴിഞ്ഞൂ’ എന്ന പാട്ട് ഈണഭംഗികൊണ്ടൊന്നുമല്ല ഇന്നുമോർക്കുന്നത്; വളിച്ച മൂരിശൃംഗാരം കാരണമാണ്.
അതിലെ കിഴങ്ങൻ നായകൻ ചോദിക്കുന്നു:
"ചുണ്ടിലെങ്ങനെ ചോരപൊടിഞ്ഞൂ ?" അപ്പോൾ ലവള് കൊഞ്ചിക്കൊണ്ട്: " പരയൂല്ല, ഞാൻ പരയൂല്ല..." ചിരിക്കാതെന്തുചെയ്യും സാർ.

വീട്ടിൽ ആദ്യമായെത്തിയ ട്രാൻസിസ്റ്റർ റേഡിയോയിൽ നിന്നും ആദ്യം കേട്ട പാട്ട് ഇന്നും ഓർമ്മയിൽ മധുരിക്കുന്നു:
"കൽപനയാകും യമുനാനദിയുടെ അക്കരെയക്കരെയക്കരെ.."

കാൽപനികമായൊരു സ്വത്വനിർമ്മിതിയും അതിലൂടെ സംവേദനക്ഷമമായൊരു ഭാവുകത്വവും ഒരുതലമുറക്ക് നൽകിയ എത്രയെത്ര പാട്ടുകൾ.

shajiqatar said...

നന്നായിട്ട് എഴുതി.ശരിയാണ്,ചിലപാട്ടുകള്‍ നമ്മുടെ ജീവിതത്തിലെ ചില സന്ദര്‍ഭങ്ങളെ ഓര്‍മ്മപെടുത്തുന്നത് കൊണ്ടായിരിക്കാം കൂടുതല്‍ ഇഷ്ടപെടുന്നത്.എന്റെ ഇഷ്ടഗാനം ഏതായിരിക്കും?!!ഏതായിരിക്കും!! കുഴപ്പിച്ചല്ലോ.

വെള്ളെഴുത്ത് said...

ലേഖാവിജയ്, നന്ദി. അതു മാറ്റിയിട്ടുണ്ട്.

നജൂസ്‌ said...

തീർപ്പാക്കണം..

ഹരിത് said...

“പാട്ടുപാടി ഉറക്കാം ഞാന്‍“ പീ. സുശീലയുടെ ആദ്യത്തെ മലയാളം പാട്ടാണെന്നാണ് ഓര്‍മ്മ...

ആല്‍ക്കെമിസ്റ്റ് said...

പുതുതലമുറക്കാരനായത് കൊണ്ടോ കാല്പനിക വിഡ്ഡിയായത് കൊണ്ടോ ഒക്കെ
“മെല്ലെ മെല്ലെ മുഖപടം “ ഓ എന്‍ വി
“ഓ മൃദുലെ “ സത്യന്‍ അന്തിക്കാട്
“കനക മുന്തിരികള്‍ “ ഗിരീഷ് പുത്തഞ്ചേരി[ സിനിമാപ്പാട്ടല്ലാ എന്ന് തോന്നുന്നു ]
എത്രയോ ജന്മമായി നിന്നെ ഞാന്‍ തേടുന്നു .
ഒരു രാത്രി കൂടി വിട വാങ്ങവെ “

ഇതൊക്കെയാണ് എപ്പോഴും മനസ്സില്‍ വല്ലാത്ത ഓര്‍മ്മകളുണ്ടാക്കുന്നത് , ജീവിതത്തിന്റെ ചില പശ്ചാത്തലങ്ങളില്‍ സ്വാധീനം ചെലുത്തിയത് കൊണ്ടായിരിക്കണം കൂടുതല്‍ അടുപ്പം

poor-me/പാവം-ഞാന്‍ said...

ചിന്തിപ്പിച്ചു...

വെള്ളെഴുത്ത് said...

കനകമുന്തിരികൾ പുനരധിവാസത്തിലെ പാട്ടാണ് !