September 13, 2010

എന്മകജെയിലെ സാക്കീജാലുകൾ*



തലമുറയായി കൈമാറിക്കിട്ടിയ വിശ്വാസങ്ങൾക്കു മേൽ യാതൊരു ശങ്കയും കൂടാതെ തലചായ്ച്ചു പുലരുന്ന ജനസമൂഹം, സ്വന്തം ശിരസിൽ പതിക്കുന്ന പ്രതികൂലമായ കാലികയാഥാർത്ഥ്യങ്ങൾക്കു പോലും മിത്തിക്കലായ സ്വഭാവം നൽകും. ദുരന്തങ്ങൾക്കു നേരെ പ്രതികരിക്കാനുള്ള ശേഷി സ്വാഭാവികമായി ഇല്ലാതാവുന്ന ഇത്തരം ഇടങ്ങളിലാണ് ലാഭക്കൊതിയുടെയും ചൂഷണത്തിന്റെയും അധികാരത്തിന്റെയും അധിനിവേശങ്ങൾ ആത്മാവില്ലാത്ത ശാസ്ത്രത്തിന്റെ വിരലുകളും പിടിച്ച് കൂസലില്ലാതെ കൂത്താടാൻ വേണ്ടിയുള്ള താവളങ്ങൾ തുറക്കുന്നത്. കാസർകോട്ടെ എൻ‌ഡോസൾഫാൻ ദുരന്തം തലമുറകളിൽ അനുഭവിച്ച ജനത, അതു ദൈവശാപമായി ഏറ്റുവാങ്ങിയാണ് നിശ്ശബ്ദരായിരുന്നത്. ഇരുപതിലധികം വർഷം. കീടനാശിനിയുടെ മാരകമായ പ്രത്യാഘാതങ്ങൾ പുറത്തുവന്ന സമയത്തുപോലും നമ്മുടെ ‘സ്ഥാപനങ്ങൾ’ അവലംബിച്ച കുറ്റകരമായ അനാസ്ഥയും ഉത്തരവാദിത്വങ്ങളിൽ നിന്ന് രക്ഷപ്പടാൻ കാട്ടിയ തത്രപ്പാടുകളും ദുരന്തങ്ങളെപ്പോലും ന്യായീകരിക്കാൻ ഇറക്കിവിട്ട പച്ച നുണകളും ഓർത്തുപോകുന്നു.

എൻ‌ഡോസൾഫാൻ ദുരന്തത്തിൽ‌പ്പെട്ടവർക്ക് ലഭിച്ച മാധ്യമശ്രദ്ധയാണ് ഇക്കാര്യത്തിൽ അധികാരസ്ഥാപനങ്ങളുടെ കണ്ണുതുറപ്പിച്ചത്. എസ്പാക്കും തണലും ശ്രീ പഡ്രെയും ലീലാകുമാരിയമ്മയും എം എ റഹ്മാനുമൊക്കെ ഇക്കാര്യത്തിൽ ചിലതൊക്കെ ചെയ്യാനായി മുന്നിട്ടിറങ്ങിയവരാണ്. എന്നാൽ പോലും ഇന്ത്യയിൽ ഇന്നും പലപേരുകളിൽ ഈ വിഷലായനിയുടെ നിർമ്മാണയൂണിറ്റുകളുണ്ടെന്ന കാര്യം ഞെട്ടലുളവാക്കുന്നതാണ്. ഉപയോഗിക്കാനാണല്ലോ നിർമ്മിച്ചുകൊണ്ടിരിക്കുന്നത്. കാസർകോട്ടു നിന്നുള്ള വാർത്തകളും ചിത്രങ്ങളും ഫിലിപ്പൈൻസ് പോലുള്ള രാജ്യങ്ങൾ എൻഡോസൾഫാൻ കീടനാശിനീപരിവാരത്തെ സംശയത്തിനു വകയില്ലാത്ത വിധം ഒഴിവാക്കിയ ചരിത്രത്തിനു ശേഷവും നില നിൽക്കുന്ന ഇന്ത്യൻ യാഥാർത്ഥ്യമാണിത്. പാപികളായ പൂർവികർക്കായി ദൈവശാപം സഹിക്കാൻ തയ്യാറെടുക്കപ്പെട്ട ജനതകൾ ഇനിയും ധാരാളം ഇന്ത്യൻ ഗ്രാമങ്ങളിലുണ്ടെന്ന് പണത്തെ പ്രത്യക്ഷദൈവമാക്കിയിട്ടുള്ളവർക്ക് അറിയാം എന്നർത്ഥം. ശാപത്തിന് വിധേയമാവുന്നവർക്ക് മോക്ഷത്തിനായി ഒരു രക്ഷകനെ കാത്തിരിക്കുകയല്ലാതെ വേറെ നിവൃത്തിയില്ലെന്ന സന്ദേശം നമ്മുടെ കാലം ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ട്. (അല്ലെങ്കിൽ ഭോപ്പാൽ വിഷവാതക ഇരകളുടെ വിധി ഈ വിധമാകുമോ?) ആലോചിച്ചാൽ അയുക്തികമായ വിശ്വാസങ്ങൾക്ക് പച്ചക്കുടപിടിക്കുന്നത് ഇതുപോലുള്ള നിരാലംബത്വങ്ങളാണ്. കാസർകോട്ടെ എൻഡോസൾഫാൻ ദുരന്തത്തിന്റെ വാസ്തവങ്ങളെ അടിസ്ഥാനമാക്കി അംബികാസുതൻ മാങ്ങാട് എഴുതിയ ‘എന്മകജെ’ എന്ന നോവൽ പണക്കൊതിയുടെ സാമ്രാജ്യങ്ങൾ ഉൾനാടൻ ഗ്രാമജീവിതങ്ങളെ മാത്രമല്ല പ്രകൃതിയെയും എങ്ങനെ തകർക്കുന്നു എന്നതിന്റെ നേർക്കാഴ്ചകൾ പകർന്നു തരുന്ന പുസ്തകമാണ്. വസ്തുനിഷ്ഠമായ ആധാരങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ട് നോവൽ എന്ന സർഗാത്മകസ്ഥലി എത്രത്തോളം വിമർശനാത്മകമാവണം എന്ന ചോദ്യം പുസ്തകം ഉയർത്തുന്നുണ്ട്. എന്മകജെ എന്ന ഗ്രാമം നേരിട്ട വിഷലായനിയുടെ ഉഷ്ണാനുഭവങ്ങളെ കഥയുടെ ചട്ടക്കൂടിലൂടെ അവതരിപ്പിക്കുമ്പോൾ തന്നെ നോവലിന്റെ പശ്ചാത്തലം ഐതിഹ്യങ്ങളും കെട്ടുകഥകളും അയുക്തികമായ വിശ്വാസങ്ങളും നിറഞ്ഞ ഗ്രാമീണമനസ്സിന്റെ അബോധമാണ്. ജടാധാരിമലയിൽ നിന്നും കെട്ടഴിച്ചു വിട്ട ഭൂതങ്ങളാണ് എന്മകജെ എന്ന ഗ്രാമത്തിലെ ജനങ്ങളുടെ വിശ്വാസത്തിൽ, തങ്ങൾക്കുമേൽ പതിച്ചിരിക്കുന്ന അത്യാഹിതങ്ങളുടെ ഹേതു. പെരുവിരലോളം മാത്രം ഉയരമുള്ളവരും നിതാന്തമായ തപസ്സിൽ ആഴ്ന്നു കിടക്കുന്നവരുമായ ബാലഖില്യരും ശിവപാർവതിമാരും മലദൈവങ്ങളും സംസാരിക്കുന്ന ഗുഹയും സ്വർണ്ണനിറമുള്ള സർപ്പവും പുലിദൈവവും ചേർന്നു സൃഷ്ടിക്കുന്ന മിത്തിക്കൽ അന്തരീക്ഷമാണ് നോവലിനെ ആകെ പൊതിഞ്ഞു നിൽക്കുന്നത്. സമാന്തരമായി ദുരന്തം മനുഷ്യസൃഷ്ടിയാണെന്നു് തിരിച്ചറിയുന്ന സാമൂ‍ഹികബോധമുള്ള മനസ്സുകളുടെ കൂടിച്ചേരലും കോർപ്പറേറ്റ്-ബ്യൂറോക്രാറ്റിക് -രാഷ്ട്രീയ അവിശുദ്ധകൂട്ടുകെട്ടുകളെക്കുറിച്ചുള്ള നേർ സൂചനകളും നോവലിൽ ആവിഷ്കാരം നേടുന്നുണ്ടെങ്കിൽ പോലും.

എൻഡോസൾഫാൻ ദുരന്തഫലങ്ങളെക്കുറിച്ചുള്ള അന്വേഷണവും അതിനെതിരായുള്ള പ്രവർത്തനവും വസ്തുനിഷ്ഠമായി തന്നെ പിന്തുടരുന്നതിലാണ് നോവൽ വിമർശനാത്മകയുക്തിയെ സ്വാംശീകരിച്ചിരിക്കുന്നത്. നാഗരിക ജീവിതത്തിലും മനുഷ്യനിലുമുള്ള വിശ്വാസം നഷ്ടപ്പെട്ട നീലകണ്ഠനിലും നിരവധി ചൂഷണങ്ങളുടെ വടുകെട്ടിയ ദേഹവുമായി മലകയറിയ ദേവയാനിയിലും ചില ആദിരൂപങ്ങളുണ്ട്. പ്രകൃതിയിലേയ്ക്ക് മടങ്ങാനുള്ള പ്രകടമായ സന്ദേശമാണ് നീലകണ്ഠന്റെ പാത്രസൃഷ്ടിയിലുള്ളത്. അതേ സമയം അയാൾക്ക്, കുട്ടികൾ വേണ്ടെന്നും മറ്റാളുകളോട് സഹവാസം പാടില്ലെന്നുമുള്ള ശാഠ്യവുമുണ്ട്. പ്രാകൃതികവും ഉത്പാദനപരമല്ലാത്തതുമായ കാർക്കശ്യത്തെ ദേവയാനിയുടെയും അവൾ എടുത്തുകൊണ്ടു വരുന്ന വളർച്ചയില്ലാത്ത, ദേഹം മുഴുവൻ വ്രണങ്ങളുള്ള കുഞ്ഞിന്റെയും സാമീപ്യമാണ് മാറ്റുന്നത്. ആത്മാവില്ലാത്ത ശാസ്ത്രത്തിനു പകരം ആത്മാവില്ലാത്ത പ്രാകൃതികതയല്ലെന്ന് വ്യക്തം. ഉത്പാദനപരമല്ലാതിരിക്കുക എന്നതിന്റെ പൊരുൾ ബസവ എന്ന കാളയുടെ ബിംബത്തിലൂടെയും നോവലിസ്റ്റ് വെളിവാകുന്നുണ്ട്. എന്മകജെയിലെ ജീവജാതികൾക്ക് പൊതുവേ ബാധിച്ച അത്യാഹിതങ്ങൾ ബാധിക്കാത്ത ശരീരമാണ് ഈ കാളയ്ക്ക്. അത് നിശ്ശബ്ദനായി പൊന്തകളിൽ മദിച്ച് നടന്നുപോകുന്നു. വിശ്വാസമനുസരിച്ച് അതു വിശുദ്ധമൃഗമാണ്. അതുകൊണ്ട് അതിന് ലൈംഗികത അനുവദനീയമല്ല. നിശ്ശബ്ദത ഷണ്ഡീകരിക്കപ്പെട്ട അവസ്ഥയാണ്. അതിന്റെ കാവ്യാത്മകമായ പ്രതീകമാണ് ബസവ.

എന്മകജെ എന്ന വാക്കിനർത്ഥം ‘എട്ടു സംസ്കൃതികളുടെനാട്’ എന്നാണ്. നാട്ടുവിശ്വാസമനുസരിച്ച് എട്ടുഭൂതങ്ങളാണ് ആ ഗ്രാമത്തിന്റെ കാവൽ ദേവതമാർ. ഇവർക്കുമേലെയാണ് കീടനാശിനി വിഷലിപ്തമായ പുതപ്പ് വിരിച്ചിട്ട് പുതുനാമ്പുകളെ ഒക്കെയും കരിച്ചത്. ഈ കടന്നുകയറ്റത്തെ പ്രകൃതിയിലേയ്ക്കുള്ള നിരുപാധികമായ പിൻമടക്കം കൊണ്ട് പ്രതിരോധിക്കുകയാണ് നോവൽ ചെയ്തിരിക്കുന്നത്. ശാസ്ത്രത്തിന്റെ കെടുതിയെ ആവിഷ്കരിക്കുന്ന ഒരു നോവലിൽ പ്രകൃതി, അതിന്റെ തരളതകളോടെ മറുപുറത്തു നിൽക്കും, സ്വാഭാവികമായിതന്നെ. എന്മകജെയിൽ പ്രചരിക്കുന്ന നിരവധി ഐതിഹ്യങ്ങളുടെ കൂട്ടത്തിൽ, അതിരില്ലാത്ത ദാനത്തിന്റെ ചക്രവർത്തിയായ മഹാബലിയുടെ കഥകൾക്ക് പ്രത്യേകതയുണ്ട്. എന്തും കൊടുത്തു ശീലിച്ച ഒരു ജനതയ്ക്ക് പകരമായി ലഭിക്കുന്നത് നോവുകളും ദുരിതങ്ങളുമാണെന്ന വാസ്തവത്തെ നിറച്ചാർത്തുള്ളതാക്കാൻ മഹാബലി മിത്തിന്റെ വിന്യാസത്തിനു നോവലിൽ കാര്യമായ പങ്കുണ്ട്. ദേവയാനിയും നീലകണ്ഠനും ജടാധാരി മലയിലെ സംസാരിക്കുന്ന ഗുഹയിൽ, മൃഗങ്ങളും ജന്തുക്കളും എല്ലാം അടങ്ങിയ ചരങ്ങളുടെ സംഗമസ്ഥലത്ത് അഭയം തേടുകയാണ് കഥയുടെ അവസാനം. ദൈനംദിനാവശ്യങ്ങൾക്കപ്പുറത്ത് ആർത്തികളില്ലാത്ത മൃഗജീവിതം മാത്രമേ സമാധാനം കൊണ്ടു വരികയുള്ളൂ എന്നാണ് സൂചന. ഒരു ചുവടു കൂടി മുന്നോട്ടു വച്ചാൽ സ്ത്രീയും പുരുഷനും ഈ പ്രപഞ്ചത്തിലെ അനന്തകോടി ജീവവൈവിദ്ധ്യങ്ങളിൽ ഒന്നുമാത്രമാണെന്ന്- അത്ര മാത്രമേ ആകുന്നുള്ളൂ- എന്ന് എന്ന മുഴക്കം നിറഞ്ഞ പ്രവചനം കേൾക്കാം. ബലിയുടെ കഥ അപ്പോൾ ഒരു വ്യക്തിമഹത്വത്തെപ്രകീർത്തിക്കുന്ന ഒന്നല്ല. അതു നിരന്തരപരിണാമിയായ പ്രകൃതിയാണ്. അതു സ്വയം നശിച്ചും കൊടുത്തുകൊണ്ടേയിരിക്കുകയാണ്. മഹാബലി കഴുതയായി ജനിക്കുന്നതിനെക്കുറിച്ച് ഒരു കഥയുണ്ടത്രേ അവിടങ്ങളിൽ. ഗുഹയിൽ അഭയം തേടിയ ജീവജാതികൾ കേൾക്കുന്ന ശബ്ദം കഴുതയുടെയാണ്. അതു സംസാരിക്കാൻ തുടങ്ങുമ്പോൾ സർവ ചരാചരങ്ങളും നിശ്ശബ്ദമാവുന്നു.

പുതിയൊരു ഉത്പത്തിചരിത്രത്തിൽ അവസാനിക്കുന്ന നോവൽ, 2000 വരെയുള്ള കാസർകോടൻ ഗ്രാമത്തിന്റെ ദുരന്തചരിത്രത്തെ സംക്ഷിപ്തമാക്കിയിരിക്കുന്നു.

* സത്യപ്പടികൾ
----------------------------------------------------
എന്മകജെ
നോവൽ
അംബികാസുതൻ മാങ്ങാട്
ഡി സി ബുക്സ്
വില 110 രൂപ

2 comments:

ശ്രീനാഥന്‍ said...

കുറച്ചു ദിവസങ്ങൾക്ക് മുൻപ് അംബികാസുതൻ ഒരവാർഡ് സ്വീകരിച്ചു കൊണ്ട് എന്മകജെയെക്കുറിച്ചു സംസാരിക്കുന്നതു കേട്ട്പ്പോഴാണ്‌ ഇതിന്റെ മുഴുവൻ ഭീകരതയും ബോധ്യമായത്‌

Teuvo Vehkalahti said...

Hello everyone, I'm looking for new readers to visit Teuvo pictures on the blog. Would you be kind and came to see you blog photos Teuvo www.ttvehkalahti.blogspot.com and allow there to command. Thank You Teuvo Vehkalahti Suomi Finland