September 7, 2010

മുയലും ആമയും : പൂർവകഥിത പുരാവൃത്തത്തിന്റെ തനിയാവർത്തനം



മുയലും ആമയും തമ്മിൽ മുൻപൊരിക്കൽ നടത്തിയ ഓട്ടമത്സരത്തിൽ, തിരിഞ്ഞുനോക്കുമ്പോൾ സാമാന്യബുദ്ധിയ്ക്കു നിരക്കാത്ത ചില പൊരുത്തക്കേടുകൾ വന്നു ഭവിച്ചിട്ടുണ്ട്. മത്സരത്തിനായുള്ള നിർദ്ദേശവും നിർബന്ധവും വന്നത് മുയലിന്റെ ഭാഗത്തു നിന്നായതുകൊണ്ട് ഇക്കാര്യത്തിൽ ആമയെ ഒരു പരിധിയ്ക്കപ്പുറം കുറ്റപ്പെടുത്താൻ സാധ്യമല്ല. നിഷ്ക്രിയമായ നിലപാടാണ് ആമയുടെ ഭാഗത്തു നിന്നുണ്ടായത്. പരാജയം ഉറപ്പായ ഒരു കാര്യത്തിൽ ലവലേശം ആത്മനിന്ദ കൂടാതെ നിന്നുകൊടുത്തു എന്നിടത്ത് ആമയ്ക്ക് ഒരു മഹത്വം ഉണ്ട്. വിധി കൂടി ഒത്തുകളിച്ചതുകൊണ്ട് അപ്രതീക്ഷിതവിജയം തലയിലായ ആമയുടെ വ്യക്തിത്വം ഇരട്ടി ആകർഷണീയമായി തീർന്നിട്ടുണ്ട്. മെല്ലെപോവുക എന്ന സ്വന്തം പരിമിതിയെയാണ് ആമ വിജയമാക്കിത്തീർത്തത്. സ്ലോ ആൻഡ് സ്റ്റെഡി എന്ന ആഭാണകം ആ വഴിയ്ക്ക് പ്രചോദനാത്മകസാഹിത്യത്തിനു മുതൽക്കൂട്ടായി കിട്ടി! കഥയിൽ അന്യഥാ കോമാളിയാകേണ്ടിയിരുന്ന ആമ താരമായി. കഴിവില്ലാത്തവനും (?) ഉയരാം, വിജയിക്കാം എന്നിടത്ത് കഴിവു കുറഞ്ഞവർ താദാത്മ്യപ്പെട്ടു. വേഗത്താൽ നായകനാവേണ്ടിയിരുന്ന മുയൽ ഇടയ്ക്കുണ്ടായ ഉറക്കം കാരണം ബഫൂണായി. ‘ഇളിഭ്യനായി’ എന്നാണ് കഥാവസാനം. ഇങ്ങനെ സ്വന്തം നേതൃത്വത്തിൽ അരയും തലയും മുറുക്കിച്ചെന്ന് ‘ഞാനൊന്നുമറിഞ്ഞില്ലേയ്’ എന്ന മട്ടിൽ മണ്ണുചാരിയിരിക്കുന്ന നിഷ്ഗുണപരബ്രഹ്മങ്ങളുടെ കൈയ്യിൽ നിന്ന് ചവിട്ട് വാങ്ങി ദുരന്തകഥാപാത്രമായി തീരുന്നവരുടെ എണ്ണം നമ്മുടെ കഥാസാഹിത്യത്തിൽ തീരെ കുറവാണെന്ന് പറയാൻ പറ്റില്ല. എങ്കിലും മുയലിന്റെ കാര്യം ഒന്നു പ്രത്യേകമാണ്.

ആലോചിച്ചുനോക്കിയാൽ ഈ മത്സരം യുക്തിപൂർവമായി സംഘടിക്കപ്പെട്ട ഒന്നല്ല എന്നു മനസ്സിലാവും. ‘ഞാൻ ഞാൻ മാത്രം’ എന്ന മുദ്രാവാക്യമല്ലാതെ മറ്റൊന്നും ആ സമയം തലയിൽ തിരിയാത്തതുകൊണ്ടാവണം, തികച്ചും ഏകപക്ഷീയമായ ഒരു എടുത്തുച്ചാട്ടം മുയലിന്റെ മത്സരസംഘാടനത്തിലുണ്ട്. വേഗത മുയലിന്റെ പ്രതിരോധ തന്ത്രമാണ്, ആമയ്ക്കത് ശരീരത്തിലെ കവചമാണ്. കൂർത്തപല്ലുകളുള്ള ഒരു പൊതുശത്രുവിനെ ആമയും മുയലും നിരായുധരായി എങ്ങനെ അഭിമുഖീകരിക്കും എന്നൊരു മത്സരം, ആമ മുന്നോട്ടു വച്ചാൽ ഫലം എന്തായിരിക്കും എന്നൂഹിക്കാം. മുയലിന് അതൊരിക്കലും സമ്മതിക്കാൻ സാധ്യമല്ലാതെ വരും. രക്ഷാതന്ത്രം എന്ന നിലയ്ക്ക് പരിഗണിച്ചാൽ ശരീരത്തിന്റെ കവചമായി ശരീരം നിലനിൽക്കുന്നതിനേക്കാൾ മേന്മയുണ്ടോ ശാരീരികക്ഷമതയായ വേഗതയ്ക്ക്? യുദ്ധത്തിൽ എന്നപോലെ മത്സരത്തിലും എതിരാളിയുടെ കുറവല്ല, സ്വന്തം മികവാണ് ജയത്തിനു മാനദണ്ഡമാവേണ്ടത്. അത് സാമാന്യമായ നീതിയാണ്. ആ ധാർമികത പരിപാലിക്കപ്പെട്ടിട്ടില്ല ഇവിടെ. എന്നിട്ടും എന്തുകൊണ്ട് ആമയുടെ കഴിവിനെ നോക്കി പല്ലിളിക്കുന്ന ഒരു മത്സരത്തിനു് അയാൾ സമ്മതം മൂളി? കഥ പറഞ്ഞു നിർത്തിയിട്ട് അമിത(ആത്മ)വിശ്വാസം ആപത്തെന്ന ഗുണപാഠത്തിനായി നാം ചൂണ്ടുന്നത് മുയലിന്റെ നേർക്കാണ്. അതായത് കഥയിൽ അമിതമായ ആത്മവിശ്വാസം കാണിച്ചത് മുയലല്ല, ആമയാണ്. അയാൾ എന്തുകൊണ്ടായാലും വിജയിക്കുകയും ചെയ്തു. മുയലിന് സത്യത്തിൽ ആത്മവിശ്വാസമല്ല ഉണ്ടായിരുന്നത്. താരമ്യേന ആമയ്ക്ക് മുയലിനെ അപേക്ഷിച്ച് കൂടുതൽ ആയുസ്സുണ്ട്. അതിന്റെ പ്രവർത്തന മേഖല കര മാത്രമല്ല, ജലാശയങ്ങളുമാണ്. ഉഭയജീവിതം അയാൾക്ക് സാധ്യമാണ്. ഈ സൌകര്യമൊന്നുമില്ലാത്ത പാവമാണ് മുയൽ. മാത്രമല്ല അയാളുടെ ‘ഫതുഫതുത്ത’ മേനി പ്രകൃതിയുടെ വിശാലഭൂമികയിൽ ആക്രമണവിധേയമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ ആത്മവിശ്വാസത്തകർച്ചയിൽ നിന്നുമാണ് അതിന്റെ മത്സരനിർദ്ദേശം വരുന്നത്. എന്നിട്ടും നമ്മളെന്തിനാണ് മുയലിന്റെ ആത്മവിശ്വാസത്തെ ചൂണ്ടി ഗുണപാഠമുണ്ടാക്കുന്നത് എന്നല്ലേ? സ്വന്തം അസ്തിത്വത്തിന്റെ തനിമ തേടുക അത്ര എളുപ്പമുള്ള പണിയല്ലാത്തതുകൊണ്ട്. മനുഷ്യന് (കഥയിൽ മുയലിന്) താൻ എന്താണോ അതല്ലെന്ന് ഭാവിക്കാനും താൻ എന്തല്ലയോ അതാണെന്ന് നടിക്കാനും പ്രത്യേക വാസനയുണ്ട്. അതിന്റെ പേര് ആത്മവഞ്ചനയെന്നാണ് (ബാഡ് ഫെയിത്ത്) ഈ ആത്മവഞ്ചന ഒരു സംത്രാസം ഉണ്ടാക്കിക്കൊണ്ടിരിക്കും. ഫലം ഓരോരുത്തരും അന്യനെ ഭയക്കും, അവനെ കീഴ്പ്പെടുത്താൻ നോക്കും, ‘അന്യവത്കരണം’( ഏലിയനേഷൻ) അനുഭവിക്കുന്നവനാകും. അന്യൻ നരകമാകും.

താൻ ഈ ലോകത്തിൽ എറിയപ്പെട്ടവനാണ്, (ത്രോൺ ഇന്റു ദിസ് വേൾഡ്) ഉപേക്ഷിക്കപ്പെട്ടവനാണ് എന്ന കഠിനമായ ബോധത്തിൽ നിന്നാണ് ആത്മശൈഥില്യം വരുന്നത്. ഈ ബോധത്തിന് ഭീതി (ടെറർ) എന്നും സംത്രാസം (ആങ്‌ഗ്വിഷ്) എന്നും സംഭീതി (ഡ്രെഡ്) എന്നുമൊക്കെ പേരുണ്ട്. ഇതു സാധാരണരീതിയിലുള്ള ഭയമല്ല (ഫിയർ). കാരണം ഭയം പുറത്തുള്ള ഒരു വസ്തുവിൽ നിന്നുണ്ടാകുന്നതാണ്. സംത്രാസമാകട്ടെ ലോകം എന്ന പ്രതിഭാസത്തിന്റെ ഫലമായി ഉള്ളിൽ സൃഷ്ടിക്കപ്പെടുന്നതാണ്. ഇതിനു നേരെ വിരുദ്ധമായ മറ്റൊരു അവസ്ഥയുണ്ട്. ലോകത്തിന്റെ ഔപചാരികതകൾക്കുള്ളിൽ നിന്നുകൊണ്ട് അതിന്റെ നിയമങ്ങൾക്കു വഴങ്ങി ജീവിക്കുക. ഇത് തനിമയില്ലാത്ത ജീവിതമാണെന്ന് (ഇം‌പേഴ്സണൽ എക്സിസ്റ്റൻസ്) ആളുകൾ പറയും. ആമ തന്റെ സ്ഥിതിയെ അതിവർത്തിക്കാൻ ശ്രമിച്ചില്ല. അയാൾ എന്താണോ അതു തന്നെയായിരുന്നു മത്സരത്തിലും. മുയലിനെ സംബന്ധിച്ചിടത്തോളം ആമ ഒരു ഉപകരണമായിരുന്നു. ഒരു വസ്തു ഉപകരണമാവുമ്പോഴാണ് അതിന് അർത്ഥമുണ്ടാവുന്നത്. ഇതാണ് സർവഥാ ഭിന്നരായ ആമയും മുയലും തമ്മിലുള്ള ബന്ധം. ഒരു വസ്തുവും വെറുതേ കിടക്കുന്ന വസ്തുവല്ല. അവയ്ക്കെല്ലാം അന്യവസ്തുക്കളുമായി ബന്ധമുണ്ട്. ഒരാൾ, താൻ ഉപയോഗിക്കുന്ന വസ്തുക്കളിലൂടെയാണ് പരിപാടികൾ (പ്രോജക്ടുകൾ) നടപ്പിൽ വരുത്തുന്നത്. ലോകത്തിൽ ജീവിക്കുക എന്നു പറഞ്ഞാൽ ഇങ്ങനെ ലോകത്തുള്ള അസംഖ്യം വസ്തുക്കളുമായി പുലർത്തുന്ന പലതരത്തിലുള്ള ബന്ധമാകുന്നു.
മുയലിന് തന്നേക്കാൾ രക്ഷാതന്ത്രത്തിൽ ഏറെ മുന്നോട്ടു പോയിട്ടുള്ള ആമയെ തന്റെ സവിശേഷമായ ശേഷി ഉപയോഗിച്ച് മത്സരത്തിൽ തോത്പിക്കണമെന്ന ആഗ്രഹം ഉണ്ടായി. അത് ഉള്ളിൽ നിന്നു വന്ന ഇച്ഛാശക്തിയാണ്. ഇതിനെ അസ്തിത്വത്തിന്റെ ആത്മപ്രകാശനം എന്നു വിളിക്കാം. ഇത്തരമൊരു പ്രവൃത്തിയിലൂടെയാണ് അസ്തിത്വം(ഞാൻ ഉണ്ട് എന്ന അവസ്ഥ) അതിന്റെ സാധ്യതയിലേയ്ക്ക് (പൊട്ടെൻഷ്യാലിറ്റി) നീങ്ങുക. സ്വന്തം ‘സ്ഥിതി’ (വസ്തുസ്ഥിതി - ഫാക്ടിസിറ്റി) യെ അതിജീവിക്കുക. സ്വന്തം സ്ഥിതിയിൽ നിന്ന് സാധ്യതയിലേയ്ക്കുള്ള (മനുഷ്യ) ബോധത്തിന്റെ ചലനത്തെയാണ് മുയൽ ഓട്ടമത്സരമാക്കിയത് ( അല്ലെങ്കിൽ നാം, മുയലിന്റെ ഓട്ടമത്സരമാക്കി വിവരിച്ചത്). മുയലിന് എപ്പോഴും ‘മുയൽ’ ആയിരിക്കുക എന്ന അവസ്ഥയേക്കാൾ ഈ ലോകത്തിൽ താൻ ആയിത്തീരേണ്ട അവസ്ഥയെന്താണ് എന്നതിനെപറ്റി ഉത്കണ്ഠയുണ്ട്. ‘കെയർ’ എന്നു വിളിപ്പേരുള്ള ഈ ഉത്കണ്ഠയ്ക്ക് 3 ഘടകങ്ങളുണ്ട്. 1. താൻ എന്തായി തീരും എന്നത് 2. താൻ ലോകത്തിന്റെ മധ്യത്തിലാണല്ലോ എന്നത്. 3. ഇവിടെ എന്തു ചെയ്യുന്നതും ഉത്കണ്ഠയ്ക്ക് കാരണമാവുമല്ലോ എന്നത്.

പൊലിപ്പിച്ചെടുത്ത ഈ സംഭീതിയും ഉത്കണ്ഠയും അനിവാര്യമായ ഒരവസ്ഥയിലാണ് ഒരാളെകൊണ്ടു ചെന്ന് പറ്റിക്കുന്നത്. മരണത്തിന്റെ അഭിമുഖീകരണത്തിൽ. മരണം നിഷേധിക്കാനാവാത്ത ഒരു സാധ്യതയാണ്. അതിനെ അവിടെ നിർത്തിക്കൊണ്ട് ജീവിക്കുമ്പോൾ അർത്ഥമില്ലാത്തതിനെ അർത്ഥമില്ലാത്തതായി തിരിച്ചറിയാൻ കഴിയുന്നു. മരണത്തെ അഭിമുഖീകരിക്കുക എന്നാൽ ആത്മഹത്യയിൽ അഭയം പ്രാപിക്കുക എന്നല്ല അർത്ഥം. ജീവിച്ചുകൊണ്ടു തന്നെ ജീവിതത്തിന്റെ അർത്ഥരാഹിത്യത്തെ തിരിച്ചറിയുക എന്നാണ്. താൻ വലുത് എന്നു ഇത്രനാളും കരുതിയതന്തോ അതിന്റെ ഫലരാഹിത്യം മനസ്സിലാക്കുക എന്ന്. ഉള്ളുലയ്ക്കുന്ന പരിപാടിയാണത്. അതിന്റെ ഫലം നിസ്സംഗതയാണ്. മത്സരത്തിനിടയിൽ മുയൽ ഉറങ്ങി എന്നു നമുക്കറിയാം. അതു തളർച്ചയോ അമിതവിശ്വാസമോ എന്ന് ഇത്രകാലവും നമ്മൾ തർക്കിച്ചല്ലോ അതു മതിയാവും. ആ ഉറക്കം സ്വാഭാവികമാണ്. മരണത്തിന്റെ കൊച്ചു പതിപ്പുകളാണ് ഉറക്കങ്ങൾ എന്നും മരണാഭിമുഖമായി ചരിക്കുന്ന സത്തയെന്നും മറ്റും മറ്റുമുള്ള കാര്യങ്ങൾ മനസ്സിൽ വച്ചുകൊണ്ട് മുയൽ നേടിയ ബോധോദയമായി കൂടി ഉറക്കത്തെ വായിക്കാം. ഫോട്ടോഗ്രാഫർ എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രം സർവവും മറന്നുറങ്ങുന്ന ഇങ്ങനെയൊരു അവസ്ഥയ്ക്ക് വിധേയനാവുന്നുണ്ട്. അയാൾ അയാളെ ഉലയ്ക്കുന്ന സംത്രാസത്തിൽ നിന്ന് രക്ഷപ്പെടുന്നത് ആ ഉറക്കത്തിനു ശേഷമാണ്. ആദിവാസികളെ സഹായിക്കാനും രക്ഷിക്കാനുമായി തുനിഞ്ഞിറങ്ങിയ മനുഷ്യൻ സർവതും മറന്നുള്ള നീണ്ട ഉറക്കത്തിൽ നിന്ന് ഉണരുന്നത് തന്റെ നിസ്സഹായത കൊണ്ടുള്ള ശുഭാന്തത്തിലേയ്ക്കാണ്. അയാളുടെ വേവലാതികൾ അവിടെ തീരുന്നു. പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ലെങ്കിലും. (മുയലുകളെക്കുറിച്ച് പറയുന്നിടത്ത് ആദിവാസികളുടെ കാര്യം വരുന്നത് ബോധപൂർവമാണോ എന്തോ?) അതുകൊണ്ട് പഴയകഥയിൽ പരാജിതനായ മുയൽ അപ്രത്യക്ഷനായത് സോദ്ദേശ്യമാണ്. അസ്തിത്വത്തെക്കുറിച്ചുള്ള പൊരുളുകൾ തിരിഞ്ഞുകിട്ടിയ അയാൾ ഒരുപക്ഷേ ജർമ്മനിയിലെ ബ്ലാക്ക് ഫോറസ്റ്റ് പ്രദേശത്തെ പർവതമുകളിൽ സ്കീയിംഗിനുപയോഗിച്ചിരുന്ന ചെറിയ കുടിലിൽ ഏകാകിയായി ശിഷ്ടകാലം കഴിച്ചുകൂട്ടിക്കാണും. ഹിറ്റ്ലർ പറഞ്ഞയച്ച ആളെ പോലും കാണാൻ കൂട്ടാക്കാതെ. അല്ലെങ്കിൽ...

അനു:
പക്ഷേ എൻ എസ് മാധവന്റെ ‘മുയൽ വേട്ട’യിലും പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ‘മുയലുകളുടെ നിലവിളി’യിലും മുന്നറിയിപ്പില്ലാതെ തിരിച്ചു വന്ന് കയറിക്കൂടിയ ‘മുയൽ’ ടോർച്ചു വെളിച്ചത്തിൽ പകച്ചു നിൽക്കുന്ന മന്ദനും മുച്ചുണ്ടിൽ ദൈന്യം ഒളിപ്പിച്ച പരാജിതനും ഇളിഭ്യനുമായ ‘ഇര’യാണ്. ആർക്കുവേണമെങ്കിലും തോത്പിക്കാം, ഏതു സമയത്തും. മത്സരത്തിൽ തോറ്റ മുയലിന്റെ പ്രാദേശികപ്പതിപ്പുകളാണ് അവ. ഓരോയിടത്ത് ഓരോരോ (പുനർ)ജന്മങ്ങൾ!!

4 comments:

Sandeep said...

really a nice article about existentialism. eeyide enne kashtapeduthiyirunna chinthakallodu nerittu samvadichu ee vakkuka. Oru vidhathil oru consolation aayitt

R. said...

വെള്ളെഴുത്തേ,
ഉത്തരപാദം വളരെ ഇഷ്ടപ്പെട്ടു.

അസ്തിത്വത്തെ സംബന്ധിച്ചിടത്തോളം സംത്രാസമുളവാക്കുന്ന പുറംലോകത്തെ 'സദാ നിമിഷവും' അഭിമുഖീകരിക്കുക എന്നതല്ലേ മരണമെന്ന അനിവാര്യമായ 'ഒരു നിമിഷത്തെ' അഭിമുഖീകരിക്കുന്നതിനേക്കാള്‍ ഭീതികരം?

ഓഫ്: പിറ്റേന്ന് കാലത്ത് 5:00 മണിക്കെഴുന്നേല്‍ക്കണ്ടതായിരുന്നിട്ടും, രാത്രി 2:00 മണി വരെ പിടിച്ചിരുത്തിയ പടമായിരുന്നു ഫൊട്ടോഗ്രാഫര്‍.

ഭൂമിപുത്രി said...

കുറേക്കാലമായി ഇങ്ങോട്ടൊക്കെ വന്നിട്ട്...സന്ദീപാണ് വീണ്ടും പറഞ്ഞുവിട്ടത്.
ഓവർസ്മാർട്ട് കളിച്ചുനടക്കുന്ന പലരും ഉള്ളിന്റെയുള്ളിൽ ഒരുപാട് ‘സന്ത്രാസ‘ങ്ങളും അരക്ഷിതബോധങ്ങളുമൊക്കെ അനുഭവിക്കുന്നവരാകുമെന്ന ഒരു സിമ്പിൾ തിയറിയിൽ സംഭവം ഒതുക്കാമായിരിക്കും,അല്ലേ?

സുജനിക said...

നല്ല വിശകലനം. പക്ഷെ,
1. ആമയും മുയലും തമ്മിലുള്ള മത്സര കഥ അശാസ്ത്രീയം. മത്സരങ്ങളുടെ പ്രാഥമികമായ അടിസ്ഥാനം...തുല്യർ തമ്മിലേ മത്സരം നടക്കൂ.
2. ആമക്കും മുയലിനും തമ്മിൽ ഒരു കാര്യത്തിലും തുല്യതയില്ല.
3. വിവിധ തരം മത്സരങ്ങൾ ഉണ്ടല്ലോ. ഓട്ടം, തീറ്റ, ക്വിസ്സ്, രചന....അതിൽ ഓട്ടം തന്നെ തെരഞ്ഞെടുത്തത് ആ‍മയോ മുയലോ ആയിരിക്കില്ല. ദുരുദ്ദേശത്തോടെ കഥാകാരനാണ്.
4. ഇതിനെ ഓട്ടമത്സരം എന്ന വിഭാഗത്തിൽ പെടുത്താനാവില്ല. ഭാഗ്യപരീക്ഷണം എന്ന ഇനത്തിൽ പെടുത്താം. ആമ ജയിച്ചതിൽ ഭാ‍ഗ്യത്തിന്റെ അംശം മാത്രമേഉള്ളൂ.
5. ഓട്ടത്തിൽ ആമ എത്രതന്നെ ശ്രദ്ധപുലർത്തിയാലും , മുയൽ എത്രത്തോളം മണ്ടനായാലും ഒക്കെ ശരി...വിജയിച്ചത് ആമയുടെ ഭാഗ്യമാണ്
6. പരിണാമത്തിൽ മുയലിനേക്കാൾ ഒന്നോരണ്ടോപടി പിന്നിലായ (?) ആമ വിജയിക്കുന്നു എന്നു കാണുന്നത്...ജീവ-സാമൂഹ്യ പരിണാമങ്ങളിൽ പിന്നിൽ പെട്ടുപോയവർ ഭാഗ്യം കൊണ്ടും അതിജീവിക്കുന്നു എന്നു സൂചിപ്പിക്കാനാവും കഥാകാരൻ ശ്രമിച്ചത്.
7. ശക്തനും അശക്തനും ഒരേ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിലെ അയുക്തി ചൂണ്ടിക്കാണിക്കാനാകും കഥാകാരൻ ശ്രമിച്ചത്.
8. സമൂഹത്തിലെ ഏതോശക്തനെ-അധികാരിയെ തോൽ‌പ്പിക്കുന്നതിലെ ഭാവന ഇതിൽ ഉണ്ടാകാം.
9. കഥാകാരന്റെ നില അശക്തനോടൊപ്പം ആയിരിക്കും തീർച്ച.
10.പൂച്ചക്ക് മണികെട്ടിയ കഥയും ഇയാൾ തന്നെ പറഞ്ഞതായിരിക്കും.എലി പൂച്ചയെ (ശക്തനെ) ഭാവനയിൽ മറികടക്കുകയാണല്ലോ.

വായിച്ചപ്പോൾ പെട്ടെന്ന്തോന്നിയ ചിലത് എഴുതീന്ന് മാത്രം. അഭിനന്ദനം.