July 10, 2010

സർക്കാർ സ്കൂളുകൾ എന്ന വൂവുസേലകൾ?



ഇക്കഴിഞ്ഞ ഹയർ സെക്കണ്ടറി പരീക്ഷയിൽ കഴിഞ്ഞ വർഷത്തേക്കാൾ 10% കുറച്ച് വിജയം നേടിയ തിരുവനന്തപുരം നഗരത്തിലെ പെൺകുട്ടികൾക്കു മാത്രമായുള്ള ഒരു സ്കൂൾ ജൂൺ 5 -ന് പരിസ്ഥിതിദിനാഘോഷം നടത്തിയത് മറ്റൊരു രീതിയിലും കൂടിയാണ്. മറ്റൊരു രീതിയിലും കൂടി എന്നു പറയാൻ കാരണമുണ്ട്. മരത്തണലിൽ ഒന്നിച്ചു കൂടിയിരിക്കുകയും ശിവൻ കുട്ടി എം എൽ എ യെക്കൊണ്ട് ചെടി നടുവിക്കുകയും തണൽ എന്ന സംഘടനയുടെ എക്സിക്യൂട്ടീവ് അംഗം ജയകുമാർ മുഖ്യപ്രഭാഷണം നടത്തുകയും ഭൂമിയെ സ്നേഹിക്കാൻ ആഹ്വാനം ചെയ്യുന്ന വരികൾ വിവിധ ഭാഷയിലെഴുതിയ പ്ലക്കാർഡുകളും പിടിച്ച് ബോധ വത്കരണയാത്ര നടത്തുകയും ചെയ്ത അന്നാണ്, സ്കൂളിൽ പി ടി എ യുടെ നേതൃത്വത്തിൽ ശബ്ദമലിനീകരണത്തിന്റെ പേരിൽ ഹൈക്കോടതി നിരോധിച്ചിട്ടുള്ള രണ്ടു കോളാമ്പിസ്പീക്കറുകൾ സ്ഥാപിച്ചത്. ഇതു ചൂണ്ടിക്കാണിച്ചപ്പോൾ പി ടി എ അംഗവും മുതിർന്ന അദ്ധ്യാപകരും ഇതൊക്കെ ഇത്രവലിയ കാര്യമാണോ എന്നാണ് തിരക്കിയത്.. വെളുക്കുവോളം വെള്ളം കോരിയിട്ട് കലമിട്ടുടയ്ക്കുന്ന ശൈലിയ്ക്ക് ഇതിനേക്കാൾ നല്ല ശിക്ഷാ അഭിയാൻ വേറെ എവിടുന്നു കിട്ടാനാണ്!

കോമൺ സെൻസ് അത്ര കോമണല്ലെന്ന് അറിയാൻ നമ്മുടെ സ്കൂളുകളിൽ കയറി ഇറങ്ങണം. പക്ഷേ എന്തുകൊണ്ടോ അതിനുള്ളിൽ നടക്കുന്ന കാര്യങ്ങൾ സർക്കാരാപ്പീസുകളിലെ കൈക്കൂലി കാര്യങ്ങൾ പോലെ അത്ര വിമർശന വിധേയമാവാറില്ല. അധ്യാപകരുടെ തലയ്ക്കു ചുറ്റും പൌരാണികകാലം മുതൽ മുനിഞ്ഞു കിടക്കുന്ന പരിവേഷത്തിന്റെ ചൂടിനാലായിരിക്കും. ബസ്സിലെ ഒരു പോസ്റ്റിൽ കണ്ടതുപോലെ (റാണി രജനി) ‘മുഖക്കുരു വരാതിരിക്കാൻ ആർത്തവരക്തം നനഞ്ഞ പാഡു കൊണ്ട് മുഖം തുടച്ചാൽ മതിയെന്നു ആത്മാർത്ഥമായി പെൺകുട്ടികളെ ഉപദേശിക്കുന്ന ഗസറ്റഡ് പോസ്റ്റിൽ വിരാജിക്കുന്ന അദ്ധ്യാപകരും ഇതിനിടയിൽ ഉണ്ടെന്നറിയുക. വായനാദിനത്തോടനുബന്ധിച്ച് പുതിയ പരിപാടികൾ എന്തെങ്കിലും ആസൂത്രണം ചെയ്യാൻ വിളിച്ചുകൂട്ടിയ യോഗത്തിൽ നല്ലൊരു നിർദ്ദേശം ഉണ്ടായി. വായനയുടെ പ്രാധാന്യത്തെപ്പറ്റി നെടുങ്കൻ പ്രസംഗം ആരെങ്കിലും എഴുതി തയ്യാറാക്കി വായിക്കുന്നതിനേക്കാൾ അദ്ധ്യാപകർ അവരവരുടെ വിഷയത്തിലെ പുതിയ അല്ലെങ്കിൽ രസകരമായ ഒരു പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് സംസാരിക്കുക. പാഠപുസ്തകത്തിനുപുറത്തുള്ള ലോകം അസംബ്ലിയിലേയ്ക്ക് നേരിട്ട് ഇറങ്ങി വരും. “ഓ ഇനി പുസ്തകം വായിക്കാത്ത കൊറവേയുള്ളൂ’ എന്നായിരുന്നു ഒരു അദ്ധ്യാപികയുടെ കമന്റ്. അവരു പഠിപ്പിക്കുന്ന വിഷയമാകട്ടേ, ലോകഭാഷയായ ഇംഗ്ലീഷും! അക്ഷരം എഴുതാൻ അറിയാത്ത കുട്ടികളോടുള്ള പുച്ഛവും അവരെ വേറുതേ ജയിപ്പിച്ചുവിടുന്ന പദ്ധതികളോടുള്ള അതൃപ്തിയുമാണ് സ്ഥായീഭാവം. തനിക്ക് ഒരക്ഷരവും തെറ്റാറില്ലെന്ന് നിരവധിപ്രാവശ്യം അവർ തുറന്നു പറഞ്ഞിട്ടുണ്ട്. ഇംഗ്ലീഷ് നിഘണ്ടുവിൽ വാക്കുകൾ പത്തുലക്ഷം കഴിഞ്ഞകാര്യം പാവം അറിഞ്ഞിട്ടുണ്ടോ എന്തോ?

അടിയന്തിരമായി സ്കൂളുകളിൽ മൂത്രപ്പുരകൾ പണിയാനും കുടിവെള്ളം ലഭ്യമാക്കാനും കോടതി നിർദ്ദേശം നൽകിയത് ഈ അടുത്തകാലത്താണ്. മൂത്രപ്പുരകൾ ഉണ്ടായിട്ടെന്താകാര്യം എന്നൊരു ചോദ്യമുണ്ട്. വിശദീകരിക്കാം. രാവിലെ 9.30 മുതൽ 4.15 വരെയാണ് പ്ലസ് വൺ പ്ലസ് ടു ക്ലാസുകളുടെ അംഗീകൃതസമയം. 40 മിനിട്ടുകൾ വീതമുള്ള 8 പിരീഡുകൾ. പ്രാദേശികമായ സൌകര്യങ്ങൾ കണക്കിലെടുത്ത് സമയത്തിൽ ചില നീക്കുപോക്കുകൾ ആകാമെന്നുണ്ട്. വന്നു വന്ന് നീക്കുപോക്കുകളേ ഉള്ളൂ എന്നായിട്ടുണ്ട്. നഗരത്തിൽ എത്ര സ്കൂളുകളാണ് കൃത്യമായി ഈ സമയം പാലിക്കുന്നത് എന്ന് അന്വേഷിച്ചാൽ കുടുങ്ങിപ്പോകും. യു പി/ഹൈ സ്കൂളുകളുടെ സമയം 3.30 വരെ ആയതുകൊണ്ട് ഒരു സ്കൂളിലെ ഡ്രൈവർമാർ ബസ്സ് 3.20 ആകുമ്പോൾ സ്റ്റാർട്ടു ചെയ്തിടും. ‘ജനഗണമന’ കഴിഞ്ഞാലുടൻ ആരു വന്നാലും വന്നില്ലേലും ബസ്സു സ്കൂൾ പരിസരം വിട്ടു പോകും. 4.15 വരെ ക്ലാസിൽ അടങ്ങിയിരിക്കേണ്ട കുട്ടികൾ എന്തു ചെയ്യണം? അവർ ക്ലാസുകളഞ്ഞ് ബസ്സുകയറാൻ ഓടും. അദ്ധ്യാപകർക്ക് നേരത്തേ വീട്ടിൽ പോകാം. എന്നു വച്ചാൽ പി ടി എ ശമ്പളം കൊടുക്കുന്ന ഡ്രൈവർമാർ തീരുമാനിക്കുന്നു ക്ലാസ്സുകൾ എപ്പോൾ തീരണമെന്ന്. ആൺകുട്ടികൾ മാത്രം പഠിക്കുന്ന ഒരു സ്കൂളിൽ ക്ലാസ് മൂന്നിനും മൂന്നരയ്ക്കുമൊക്കെ തോന്നിയതു പോലെ വിടും ക്ലാസുകൾ. അദ്ധ്യാപകർക്ക് പൊതുവേ ഉച്ചയ്ക്കു ശേഷമുള്ള ക്ലാസുകളിൽ പോകാൻ മടിയാണ്. എന്തോ ഒരാലസ്യം. ഓ.. നമ്മളൊക്കെ പഠിപ്പിച്ചിട്ടാണോ ഇവനൊക്കെ ജയിക്കുന്നത്.. അവന്മാര് വല്ല പെണ്ണുങ്ങളെയുമൊക്കെ വായി നോക്കി നേരത്തേ കാലത്തൊക്കെ വീടു പറ്റട്ടെന്ന്..’ എന്നും പറഞ്ഞാണ് ഒരു മുതിർന്ന അദ്ധ്യാപകൻ സംഗതിയെ നിസ്സാരവത്കരിച്ചത്! ഇതൊന്നുമല്ല, ആദ്യം പറഞ്ഞ പെൺപള്ളിക്കൂടത്തിന്റെ കാര്യം. അവിടെ 3.40 -നു സ്കൂളു തീരുന്നത് സമയത്തിൽ ഒരു തിരിമറി നടത്തിയിട്ടാണ്.. ഉച്ചഭക്ഷണത്തിനുള്ള ഒരു മണിക്കൂർ ഇടവേള, അരമണിക്കൂറായി ചുരുക്കി. രാവിലെയും ഉച്ചയ്ക്കുമുള്ള ഇടവേളകൾ 5 മിനിട്ടുകളാക്കി. പരമസുഖം. അധ്യാപകർക്ക് നേരത്തേ വീടു പറ്റാം. പക്ഷേ ഒന്നാലോചിച്ചു നോക്കുക. 360 കുട്ടികൾ പഠിക്കുന്ന 5 ടോയ്ലെറ്റ് മുറികളും 6 വാഷ് ബെയിസിനുകളും മാത്രമുള്ള, കൈവരിയുടെ അരികിൽ നിന്ന് പുറത്തേക്ക് നോക്കാൻ പോലും സ്വാതന്ത്ര്യമില്ലാത്ത (പ്രായം അതല്ലേ വഴിതെറ്റി പോയാലോ!) ഒരു സ്കൂളിൽ ഈ അരമണിക്കൂറുകൊണ്ട് ഊണുകഴിച്ച്, കാര്യങ്ങൾ നിർവഹിച്ച്...തിരിച്ചെത്തണം. അതും ആഴ്ചയിൽ ആറുദിവസം. കോടതി നിർദ്ദേശമനുസരിച്ച് സ്കൂളുകൾക്ക് മൂത്രപ്പുരകൾ ഉണ്ടായിട്ടെന്താണ്, ഒന്നു ശ്വാസം വിടാൻ അവർക്ക് സമയം കൊടുക്കുന്നില്ലെങ്കിൽ? ഒരദ്ധ്യാപകൻ/പിക അല്പം വൈകി ക്ലാസിൽ നിന്നിറങ്ങിയാൽ കുട്ടികൾക്ക് നഷ്ടമാകുന്നത് ഒരു ദിവസത്തെ, ആകെയുള്ള 5 മിനുട്ട് ഇടവേളയാണ്.. കൌമാരക്കാരെ നാം പുഴുക്കിയെടുക്കുന്ന ഒരു രീതിയാണ് ഇത്.. പെൺപള്ളിക്കൂടങ്ങളിൽ ലീഡർമാർ അദ്ധ്യാപകർക്ക് ചായ വിളമ്പാനും അവർ കുടിച്ച ഗ്ലാസുകൾ കഴുകി വയ്ക്കാനുമുള്ള സ്കൂൾ ജോലിക്കാർ കൂടിയാണ്. അച്ചടക്കത്തോടെ അവർ ആ പണിയിൽ മുഴുകുന്നതു കണ്ട് മാതാപിതാക്കൾ തന്നെ കുളിരണിഞ്ഞ സന്ദർഭങ്ങളും ഉണ്ട്. എന്തൊരടക്കം, എന്തൊരു വിനയം, എന്തൊരു കാര്യപ്രാപ്തി. എന്നാൽ സ്കൂൾ പാർലമെന്റ് ഉൾപ്പടെയുള്ള പ്രഹസനങ്ങളിൽ കുട്ടികളുടെ റോൾ എന്താണെന്ന് നോക്കണം. പല സ്കൂളുകളിലും ഇത്തരമൊരു പരിപാടി തന്നെയില്ല.

ഫൈൻ എന്ന് ഓമനപ്പേരിലറിയപ്പെടുന്ന അച്ചടക്ക നടപടി തലസ്ഥാനത്തെ ഒരുമാതിരിപ്പെട്ട പെൺപള്ളിക്കൂടങ്ങളിലൊക്കെയുണ്ട്. വൈകി വരുന്നവർക്ക് 10 രൂപ ഫൈൻ. അതു കൊടുക്കാൻ കഴിയാത്ത 4 കുട്ടികളെ തറയിൽ ഇരുത്തി ശിക്ഷിച്ചതിനെപ്പറ്റി ഇതിനു മുൻപ് എഴുതിയിട്ടുണ്ടായിരുന്നു. 10 രൂപ ഫൈൻ കൊടുക്കാൻ കഴിയാത്തവരെ ‘തറ’യിലല്ലാതെ മറ്റെവിടെ ഇരുത്താനാണ്? ഇതു പ്രിൻസിപ്പാൾ വക ഫൈനാണെങ്കിൽ വൈകിയതു കൊണ്ട് രണ്ടുരൂപ ക്ലാസ് ടീച്ചറിനും കൊടുക്കേണ്ടതുണ്ട് കുട്ടികൾ. കിഴക്കേക്കോട്ടയ്ക്കു സമീപമുള്ള പ്രശസ്തമായ പെൺസ്കൂളിലെ ഫൈൻ വിവരം ലീഡർമാർ എഴുതി ചുവരിൽ പതിപ്പിച്ചു വച്ചിട്ടുള്ളത് ഇങ്ങനെ : കറുത്ത ബൺ ഇടാത്തത് - 1 രൂപ, ഐ ഡി കാർഡ് ഇടാത്തതിന് - 5 രൂപ, തല കെട്ടാത്തതിന് - 2 രൂപ, രണ്ടു വശവും പിന്നിക്കെട്ടാത്തതിന് - 1 രൂപ, ബണ്ണിടാത്തതിന് - 1 രൂപ, ഫുൾ യൂണിഫോമിൽ വരാത്തതിന് - 1 രൂപ. ഇതിനു താഴെ ഏതോ കുട്ടി ക്ലാസിൽ ഉറങ്ങുന്നതിന് - 20 രൂപ എന്നും കൂടി എഴുതി വച്ചിരിക്കുന്നതു കണ്ടു ചിരി പൊട്ടിപ്പോയി. അപ്പോൾ പെൺകുട്ടികൾക്കിടയിലും കലാപകാരികളുണ്ട്. ഏകജാലകം വഴി പ്രവേശനോത്സവം കൊടിപിടിച്ച് നടക്കുകയാണല്ലോ. 25.6.2007 ലെ ഉത്തരവു പ്രകാരം രക്ഷാകർത്താവിൽ നിന്ന് പിരിച്ചെടുക്കാവുന്ന പരമാവധി തുക 500 ആണ്. അതും നിർബന്ധിക്കാൻ പാടില്ലത്രേ. പക്ഷേ 500 രൂപ സ്കൂളുകാർ നിർബന്ധിതമാക്കി. കൂടെ മറ്റൊരു ആയിരവും. രണ്ടിനും രണ്ടു രസീത്. ഒന്നിൽ സ്വന്തം ഇഷ്ടപ്രകാരം സ്കൂളിനായി നൽകുന്നത് എന്ന് നേരത്തെ എഴുതി വച്ചതിൽ ഒപ്പിട്ടു കൊടുക്കണം. അതു കഴിഞ്ഞ് ഫീസ്. പിന്നെ യൂണിഫോം. (വിവരമില്ലാത്ത മാതാപിതാക്കൾ പലസ്ഥലങ്ങളിൽ ചെന്ന് തുണിയെടുത്ത് സ്കൂളിന്റെ അന്തസ്സ് കൊളമാക്കും, അതുകൊണ്ട് സ്കൂളിൽ നിന്നു തന്നെ അതു വാങ്ങണം. നല്ലത്!) അതുകഴിഞ്ഞ് ക്ലബ് ഫണ്ട്. ഇതെന്തു കുന്തമാണെന്ന് ചോദിക്കുന്നവരെ പുളുന്താന്മാരാക്കി പറഞ്ഞു വിടും. കൂടുതൽ പിരിക്കാത്തത് നീയൊക്കെ പിച്ചക്കാരാണെന്ന് അറിയാവുന്നതുകൊണ്ടാണെന്ന് പറഞ്ഞാൽ 200 എങ്കിൽ 200 കൊടുത്ത് മാനം രക്ഷിക്കാനേ മക്കളോടു സ്നേഹമുള്ള അച്ഛനമ്മമാർ ശ്രമിക്കൂ. ഏകജാലകമായതുകൊണ്ട് അടുത്ത അലോട്ട്മെന്റിന് കുട്ടിയ്ക്ക് മറ്റൊരു സ്കൂളിൽ ചേരേണ്ടി വരും. അപ്പോൾ ഈ കൊടുത്ത തുകകൾ കിട്ടിയാൽ കിട്ടി എന്നേ പറയാൻ പറ്റൂ. അധ്യാപകർ ചുഴിഞ്ഞു നോക്കും വിരട്ടിയാൽ വിരളുന്ന അത്തപ്പാടികളാണെങ്കിൽ ഫീസിന്റെ അഡ്ജസ്റ്റ്മെന്റൊഴികെ മറ്റൊന്നും കിട്ടാൻ പോകുന്നില്ല. അല്ലെങ്കിൽ കുറച്ചെങ്കിലും പി ടി എ ഫണ്ട് പിടിച്ചു വയ്ക്കാൻ നോക്കും. എന്തായാലും രസീതില്ലാത്ത, ക്ലബ് ഫണ്ടെന്ന എന്തോ ഒരു ഫണ്ട് പോയതു തന്നെ. പണം ഇല്ലാത്തതിന്റെ പേരിൽ രാവിലെ അഡ്മിഷനുവേണ്ടി വന്ന ഒരു കുട്ടി, അതിന്റെ അമ്മ വീട്ടിൽ പോയി പണം എടുത്തുകൊണ്ടു വരുന്നതുവരെ -ഏതാണ്ട് 3 മണി വരെ - പുറത്തുള്ള ബഞ്ചിൽ ഏകാകിയായി ഇരുന്നതിനു സാക്ഷിയാണിതെഴുതുന്നത്. അകത്തപ്പോൾ പ്രവേശനത്തിന് കഠിനാദ്ധ്വാനം ചെയ്ത അദ്ധ്യാപകർക്ക്, കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് കൂടുതൽ തുക പിരിച്ചെടുക്കാൻ കഴിഞ്ഞതിലുള്ള അഭിനന്ദനവും സന്തോഷവും ഒരു മിച്ച് പങ്കിട്ട് സ്കൂൾ വക ബിരിയാണി സദ്യ നടക്കുകയായിരുന്നു. കമ്മലു വിറ്റാണ് ഫീസടക്കാൻ കൊണ്ടു വന്നത്, സാറു പറഞ്ഞ് എങ്ങനെയെങ്കിലും തുകയൊന്നു കുറച്ചു തരണം എന്ന് പറഞ്ഞ സ്ത്രീയോട് മറുപടിയൊന്നും പറയാനില്ലാതിരുന്ന വിഡ്ഢിയാണിതെഴുതുന്നത്.

നിസ്സാരമായ തുകകളാണെന്ന് തോന്നുന്നെങ്കിലും ഇതിന്റെയൊക്കെയുള്ളിൽ മനുഷ്യത്വരഹിതമായ ഒട്ടേറെ അടരുകൾ പതുങ്ങിക്കിടപ്പുണ്ട്. പി ടി എ തുക എത്രപിരിക്കണമെന്ന് വ്യവസ്ഥയുണ്ടാക്കേണ്ടത് സർക്കാരാണ്. അല്ലാതെ സ്കൂളിലെ മേലാളന്മാരല്ല. സർക്കാരുത്തരവിനെ മറികടക്കാൻ അവർ കാട്ടിക്കൂടുന്ന തന്ത്രങ്ങളാവട്ടേ അങ്ങേയറ്റത്തെ അശ്ലീലവുമാണ്. ഈ ചെറിയ തുകകൾ കൊണ്ട് ആരെങ്കിലും വീടു വയ്ക്കുന്നു എന്നോ എസ്റ്റേറ്റുകൾ വാങ്ങിക്കൂട്ടുന്നു എന്നോ ആരോപിക്കുകയല്ല. സർക്കാർ സ്കൂളിൽ പഠിക്കാൻ വരുന്ന കുട്ടികൾ ഏതു സാഹചര്യത്തിൽ നിന്നാണ് വരുന്നതെന്ന് കണ്ടു മനസിലാക്കണം. ( 12 പേർ അദ്ധ്യാപകരായുള്ള പ്രസ്തുത സ്കൂളിലെ 4 അദ്ധ്യാപകരുടെ മക്കൾ പഠിക്കുന്നത് കേന്ദ്രീയവിദ്യാലയത്തിലാണ്. രണ്ടുപേരുടെ ചെറുമക്കൾ സ്വകാര്യ സ്കൂളുകളിലും. സർക്കാർ സ്കൂളിൽ പഠിക്കാനെത്തുന്ന കുട്ടികളോട് പുച്ഛം സ്വാഭാവികമായി തന്നെ ഉണ്ടാവുനതാണ്, നമ്മുടെ തരക്കാർക്ക് ചേർന്നതാണോ ഇവരൊക്കെ എന്നമട്ട് !) ഒരു ചെറു എതിർപ്പുപോലും അവരിൽ നിന്ന് ഉയരാത്തതിന്റെ കാരണം അവരുടെ അപകർഷം നിറഞ്ഞ അജ്ഞതയാണ്. അത്തരക്കാരെ ചൂഷണം ചെയ്യുന്ന പ്രവണത എന്തായാലും ആശാസ്യമല്ല. അതിനെതിരെ കണ്ണടയ്ക്കുന്ന രീതിയും നല്ലതല്ല. എത്ര ചെറുതായാലും ഫൈൻ തുകകൾ, ക്ലബ് ഫണ്ടുകൾ എന്നിവ എവിടെ പോകുന്നു എന്ന് നിലവിൽ ആരെയും ബോധിപ്പിക്കേണ്ടതില്ല. കഴിഞ്ഞ വർഷം നഗരത്തിലെ ഒരു സ്കൂളിൽ പിരിച്ചെടുത്ത തുക നോക്കുക. (പ്രവേശനസമയത്തെ മേൽ‌പ്പറഞ്ഞ പിരിവിനു പുറമേ) രണ്ടാം വർഷം പി ടി എ അംഗത്വ ഫീസ് - 100 (ഈ വർഷം ഒറ്റയടിക്ക് അതു 300 ആക്കി, ഫീസു കൊടുക്കേണ്ടതില്ലാത്ത എസ് സി/ എസ് ടി കുട്ടികൾക്കുൾപ്പടെ നിർബന്ധിതമാണിത്), സ്കൂളിൽ നടത്തുന്ന പരീക്ഷയ്ക്കുള്ള ചോദ്യപ്പേപ്പറിന്- 15 രൂപ, റവന്യൂ കലോത്സവം - 10 രൂപ, പ്ലസ് വൺ മാർക്ക് ലിസ്റ്റിന്- 2 രൂപ, ഹാൾ ടിക്കറ്റിന്- 2 രൂപ, ഫോട്ടോ എടുപ്പ് - 20 രൂപ, സോഷ്യൽ നടത്താൻ - 50 രൂപ, ഐ ഡി കാർഡ്- 25 രൂപ, വാർഷികത്തിന്- 10 രൂപ, മോഡൽ പരീക്ഷാ ചോദ്യപ്പേപ്പർ - 15 രൂപ, ലാബിൽ നഷ്ടം വരുത്തിയതിന് കൂട്ടായി - 5000 രൂപ( എന്തു നഷ്ടമുണ്ടായി എന്ന് ആരെയും ബോധിപ്പിക്കേണ്ടതില്ല) ഇത്രയും തുക വേറീട്ട് പിരിക്കാനാണെങ്കിൽ പ്രവേശനസമയത്ത് പിരിക്കുന്ന പി ടി എ എന്തിനാണെന്ന് ഒരു ചോദ്യമുണ്ട്. ഇതിനൊക്കെ പുറമേ ക്ലാസുകളിൽ ചായയും വടയും കൊടുക്കാനെന്ന പേരിൽ പുറത്തുപോയും പിരിച്ചു. ഒരു ഫിലിം ഷോ നടത്താൻ ആളുവന്നാൽ 10 രൂപ വച്ച് പിടിച്ചു വാങ്ങിയാണ് നമ്മുടെ സ്കൂളുകൾ സിനിമയൊക്കെ തുടങ്ങിയ കാലത്തേയ്ക്ക് കുട്ടികളെ കൊണ്ടു പോകുന്നത്. കുട്ടികളിൽ നിന്ന് പിരിച്ചു കിട്ടുന്നതിന്റെ പകുതി കമ്മീഷനാണ്. അതാണേ സിനിമാപ്രേമത്തിന്റെ കാതൽ. പ്രദർശിപ്പിക്കുന്ന സിനിമ ഏതു തരത്തിലുള്ളതാണെന്ന് തിരിച്ചറിയാൻ കഴിയാത്തവരാണ് കുട്ടികളെ സിനിമകാണിച്ചുകൊടുത്തെന്ന പേരിൽ ചരിതാർത്ഥരാവുന്നത്. (പുതിയ സിനിമ സതീർത്ഥ്യൻ - കൌമാരപ്രായക്കാർ വഴിതെറ്റാതിരിക്കാനുള്ള ഒരു പാട് മരുന്നടങ്ങിയത്) കൂട്ടത്തിൽ പിന്നെയുമുണ്ട് സ്വകാര്യസ്ഥാപനങ്ങളിൽ നിന്ന് പരീക്ഷ നടത്താൻ വരുന്നവർ. അവർക്കു വേണ്ടത് കുട്ടികളുടെ മേൽ വിലാസമാണ്. അതിനുള്ള തന്ത്രമാണ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്. നടത്തിക്കാൻ നിൽക്കുന്ന അധ്യാപികയ്ക്കും പ്രിൻസിപ്പാളിനും ഒരു തുകയുണ്ട്..

പലപ്പോഴും കാണാം പല സ്കൂളുകൾക്കു മുകളിൽ ചത്തും ചാവാതെയും കാലഹരണപ്പെട്ട കോളാമ്പി സ്പീക്കറുകൾ. ആലോചിച്ചു നോക്കിയാൽ ഈ സ്കൂളുകൾക്ക് പറ്റിയ ചിഹ്നങ്ങൾ കോളാമ്പി സ്പീക്കറുകൾ തന്നെയല്ലേ. ഉള്ളുപൊള്ളയാവുമ്പോഴും ഒച്ച കിടുക്കുന്നതായിരുന്നാൽ പരിവേഷങ്ങൾ നിലനിൽക്കും. ഉണ്ടാക്കിവക്കുന്ന വിനകളിലേയ്ക്ക് പെട്ടെന്നൊന്നും ശ്രദ്ധ എത്തുകയുമില്ല.

19 comments:

Calvin H said...

എല്ലാം കൊള്ളാം. പക്ഷേ ഈ പ്രശ്നങ്ങളപ്പടി പ്രത്യേകിച്ചും ഫൈനെന്ന ഭീകരതയൊക്കെ സര്‍ക്കാര്‍ സ്കൂളിന്റെ മാത്രം പ്രശ്നമാണെന്ന് ഒരു ധ്വനി ലേഖനത്തില്‍ അറിഞ്ഞോ അറിയാതെയോ കടന്നുകൂടുന്നുണ്ട്.

കോമണ്‍ സെന്സിന്റെ കാര്യത്തില്‍ എന്തുകൊണ്ടും ഭേദം കേരളസ‌‌ര്‍ക്കാര്‍ സ്കൂളുകളും അനുബന്ധസ്ഥാപനങ്ങളുമൊക്കെത്തന്നെയായിരിക്കും.

ആരോടാണെന്ന് കരുതിയിട്ടാണ് വെള്ളെഴുത്തീയിടെ നടത്തുന്ന ഈ നിഴല്‍യുദ്ധം? സംഗതി പരമബോറാവുന്നുണ്ട്.

കമന്റ് അസ്ഥാനത്താണെന്ന് തോന്നിയാല്‍ ഡിലീറ്റാം

Roby said...

കാല്‍‌വിന്‍ പറഞ്ഞ ധ്വനി എനിക്കു തോന്നിയില്ല.

വ്യവസ്ഥിതിയോടുള്ള ഈ വിമര്‍ശത്തില്‍ നിസ്സഹായതയും ആത്മാര്‍ത്ഥതയും കാണാന്‍ സാധിക്കുന്നുണ്ട്. അതുകൊണ്ട്‍, വെള്ളേ, നിങ്ങളിനിയും നിഴല്‍യുദ്ധങ്ങള്‍ നടത്തണം.

vasanthalathika said...

ഈ എഴുതിയത് വളരെ വളരെ വാസ്തവമാണ്.''അധ്യാപകരുടെ തലയ്ക്കു ചുറ്റും പൌരാണികകാലം മുതൽ മുനിഞ്ഞു കിടക്കുന്ന പരിവേഷത്തിന്റെ ചൂടിനാലായിരിക്കും'' ആത്മാര്‍ഥതയും വിവരവും സാമൂഹ്യബോധവും ഉള്ള അദ്ധ്യാപകര്‍ക്ക് ഇതുണ്ട്.ഈ പരിവേഷം..ഇല്ലാത്തവര്‍ ഇതുന്റെന്ന ഭാവത്തില്‍ കാണിക്കുന്ന അവിവേകങ്ങള്‍ എതിര്‍ക്കപ്പെറെന്ടവ തന്നെ..മുഖക്കുരു മാറാനുള്ള ഉപദേശം ഗംഭീരം.വെറുതെയല്ല സ്കൂള്‍ കുട്ടികള്‍ക്ക് പോകാന്‍ തോന്നാത്ത ഇടമായിട്ടും കുറേക്കൂടി സ്വാതന്ത്ര്യം കിട്ടുന്ന കോളേജു സ്വര്‍ഗമായിട്ടും തോന്നുന്നത്.

അനില്‍@ബ്ലോഗ് // anil said...

തലക്കെട്ടിൽ “തലസ്ഥാനത്തെ” എന്നൊരു പദം കൂടി ചേർക്കണമായിരുന്നു, വെള്ളെഴുത്തെ.
താങ്കൾ ഈ പറഞ്ഞ കാര്യങ്ങളേറെയും അവിടെക്കാണ് ഇണക്കാനാവുക. മാന്യമായ രീതിയിൽ പ്രവർത്തിക്കുന്ന മഹാഭൂരിപക്ഷം വരുന്ന സർക്കാർ സ്കൂളുകളേയും ഒന്നിച്ച് കരിയോയിൽ അടിക്കാനുള്ള ശ്രമം മാത്രമാണ് ഈ പോസ്റ്റെന്ന് തോന്നുന്നു.

വെള്ളെഴുത്ത് said...

സർക്കാർ സ്കൂളിന്റെ ഭീകരതമാത്രം എന്നാരു പറഞ്ഞു. സ്വകാര്യസ്കൂളിൽ പോകുന്നയാൾക്ക് തെരെഞ്ഞെടുപ്പിന്റെ സ്വാതന്ത്ര്യം ഉണ്ട്. ഇവിടെ പഠിക്കണമെങ്കിൽ ഇതൊക്കെ അനുസരിക്കേണ്ടി വരും എന്നു പറഞ്ഞാണ് അവർ രക്ഷാകർത്താക്കളെ നിശ്ശബ്ദരാക്കുന്നത്. പല സർക്കാർ സ്കൂളിലെയും മേലാളർ പറയുന്ന ന്യായം അവിടെ നിങ്ങൾക്ക് അത്ര കൊടുക്കാമെങ്കിൽ ഇവിടെ ഇത്രയും തന്നാലെന്താ എന്നാ? ഇതാണോ നടക്കേണ്ടത് എന്നാണ് ചോദ്യം. നിഴൽ യുദ്ധമാവുക എന്നതല്ല ശരിക്കുമുള്ള യുദ്ധം ആവുക എന്നതാണ് പ്രധാനം. അതുവേണമെങ്കിൽ ഒരുമപ്പെടൽ ആവശ്യമുണ്ട്.. അതു നടക്കില്ല. ഇതൊക്കെ ഇങ്ങനെ തന്നെയാണെന്ന ഉദാസീനതയാണ് കമന്റുകളിലെന്നപോലെ സ്കൂളുകളിലും കാണുന്നത്..ഇവിടെ ഇങ്ങനെ നടക്കുന്നു എന്നു ചൂണ്ടിക്കാണിച്ചാൽ എല്ലായിടത്തും അങ്ങനെയാണ് എന്നാണോ അർത്ഥം? ഞാൻ സർക്കാർ സ്കൂളുകൾക്ക് എതിരൊന്നുമല്ല, എന്നാൽ അവിടെയിരുന്ന് ചിലർ കാട്ടിക്കൂട്ടുന്ന വിക്രിയകൾക്ക് എതിരാണ്.. അതു തിരുത്തപ്പെടുകതന്നെ വേണം...

Suraj said...

സാമാന്യവൽക്കരണത്തിന്റെ ചില കല്ലുകടികൾ തോന്നിയെങ്കിലും വളരെ ഗൌരവമുള്ള കാര്യങ്ങൾ തന്നെ. അനിൽ @ ബ്ലോഗ് പറഞ്ഞതിൽ കാര്യമുണ്ടെന്ന് തോന്നുന്നു.... കണ്ണൂരും കാസർഗോഡുമൊക്കെയുള്ള സ്കൂളുകളിൽ തലസ്ഥാനത്തുള്ളത്ര ചൂഷണം കണ്ടിട്ടില്ല. ചുരുങ്ങിയ പക്ഷം പി.ടി.ഏ പിടിച്ചുപറികളുടെ കാര്യത്തിലെങ്കിലും (വ്യക്തിപരമായ നിരീക്ഷണമാണ്, സ്ഥിതിവിവരം അറിയില്ല).

ഏതൊരു കോണ്വെന്റ് സ്കൂളിനോടും കിടപിടിക്കുന്ന ഡിമാൻഡ് ഉള്ള തിരുവനന്തപുരത്തെ കോട്ടൻ ഹിൽ സ്കൂൾ ഈ പിടിച്ചുപറിയുടെ നോട്ടപ്പുള്ളി ഉദാഹരണമാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി അവിടെ അഡ്മിഷൻ കിട്ടുന്ന കുട്ടികളുടെ സാമൂഹ്യ-സാമ്പത്തിക പശ്ചാത്തലം ഇതിൽ കാര്യമായ പങ്കുവഹിച്ചിട്ടുണ്ടെന്നു തന്നെയാണ് തോന്നുന്നത്.

A Bystander said...

“ഓ ഇനി പുസ്തകം വായിക്കാത്ത കൊറവേയുള്ളൂ’

ആ ടീച്ചറ്‌ പറഞ്ഞതാണതിന്റെ ശരി.

നിങ്ങളുടെ പ്രശ്നം, എനിക്ക്‌ തോന്നുന്നത്‌, കണ്ണിക്കണ്ടതൊക്കെ വായിക്കുക, പിന്നെ വേണ്ടാത്തതോരോന്ന്‌ ചിന്തിച്ച്‌ കൂട്ടുക എന്നതാണ്‌.

Hulking giantsഎന്ന്‌, സാർ, നിങ്ങൾക്ക്‌ തോന്നുന്നത്‌, വെറും സാധാരണ, അല്ല, സർവ്വസാധാരണമായ കാറ്റാടികളല്ലേ?

*******

"വൂവുസേല"യാണ്‌ ആഫ്രിക്കൻ ചൊൽവഴക്കം.

Prasanna Raghavan said...

വേണ്ട്, മലയാളദേശത്തു മുഴുവന്‍ അങ്ങനെ നടക്കണമെന്നില്ല്. ഒരു ദേശത്ത് ഒരു സ്കൂളില്‍ ഇങ്ങനെ നടക്കുന്നുണ്ടോ? എങ്കില്‍ അതിനെതിരെ ശബ്ദം ഉയര്‍ത്തേണ്ടതില്ലേ?

ഇല്ലങ്കില്‍ പിന്നെ ആര്‍ക്കും എന്തും ചെയ്യാമല്ലോ?
കുറ്റമന്നോ ഈ പിള്ളാര്‍ക്കൊക്കെ ഇത്ര മത്സരബുദ്ധി.

വെള്ളെഴുത്ത് said...

വൂവുസേല, ആക്കി മാറ്റി.. വാവുസെലയ്ക്ക് കുറേകൂടി മലയാളിത്തം ഉണ്ടായിരുന്നു.. ചിക്കുൻ പോലെ കിടക്കട്ടേ ഇതും..

ടോട്ടോചാന്‍ said...

എയിഡഡ് സ്കൂളുകളും അണ്‍എയിഡഡ് സ്കൂളുകളും കാണിച്ചു കൂട്ടുന്ന പോക്രിത്തരങ്ങളുടെ മുന്നില്‍ ഇതു പോലും നിസ്സാരം മാത്രം. സര്‍ക്കാര്‍ സ്കൂളുകളെ അടച്ചാക്ഷേപിക്കരുത്. ഒന്നോ രണ്ടോ സര്‍ക്കാര്‍ സ്കൂളിലെ വിവരമില്ലാത്ത അധ്യാപകര്‍ ചെയ്ത കാര്യങ്ങളെ അതിശയോക്തി കലര്‍ത്തി പറഞ്ഞതായി മാത്രമേ എനിക്ക് തോന്നുന്നുള്ളൂ. പി.ടി.എ ഫണ്ടിന്റെ കാര്യത്തില്‍ ഒരു പരിധി വരെ ഈ കാര്യം ശരിയാണ്. 500 മുതല്‍ 2000 വരെ രൂപ പല സ്കൂളുകളും വാങ്ങാറുണ്ട്. പക്ഷേ അതേ സമയം തന്നെ തൊട്ടടുത്ത അണ്‍എയിഡഡ് ഹയര്‍സെക്കന്ററികള്‍ വാങ്ങുന്ന തുകകള്‍ പലപ്പോഴും 2000 ആണ് ആരംഭിക്കുന്നതു തന്നെ.
മൂത്രപ്പുരകളുടെ കാര്യത്തില്‍ ഭൂരിഭാഗം സര്‍ക്കാര്‍ സ്കൂളുകളും മറ്റേത് വിദ്യാലയങ്ങളേക്കാളും മുന്നിലാണിന്ന്. മൂത്രപ്പുരകളുടെ എണ്ണം കൂടിയതാണിപ്പോള്‍ പ്രശ്നം എന്നും പറഞ്ഞാണ് പലരും നടക്കുന്നത്.
സര്‍ക്കാര്‍ സ്കൂളുകള്‍ ഉയര്‍ന്ന് വരുന്നത് തങ്ങളുടെ നിലനില്‍പ്പിന് പ്രശ്നമാണ് എന്ന് തിരിച്ചറിഞ്ഞ അണ്‍എയിഡഡ്-എയിഡഡ് സ്കൂളുകളിലെ അധികൃതര്‍ നടത്തുന്ന പ്രചരണങ്ങളുടെ തനിപ്പകര്‍പ്പോ അതിനേക്കാള്‍ കൂടുതലോ ആയിപ്പോയി വെള്ളെഴുത്തിന്റെ ഈ പോസ്റ്റ് എന്ന് പറയാതെ വയ്യ. എയിഡഡിനെക്കുറിച്ചും അണ്‍എയിഡഡിനെക്കുറിച്ചും ഒരക്ഷരം പറയാതെ അവരെ വെള്ളപൂശി വിടുന്ന ഒന്നായിപ്പോയി ഇത്..

Calvin H said...

അതു തന്നെ ടോട്ടോചാന്‍!

കമന്റിന് +1

ഒരു പക്ഷേ മലബാര്‍ മേഖലയിലെ സര്‍ക്കാര്‍ സ്കൂളുകളെയാണ് അടുത്ത് പരിചയം എന്നതിനാലാവാം.


ഒരു ആള്‍ദൈവത്തിന്റെ പേരില്‍ നടത്തുന്ന സ്കൂളില്‍ ജോലി ചെയ്യുന്ന ഒരു അദ്ധ്യാപികയുടെ ദുരനുഭവം നേരിട്ടറിയാം. കൊടുക്കുന്ന ശമ്പളത്തിന്റെ 80% (അതിശയോക്തിയല്ല), ആള്‍ദൈവത്തിന്റെ ട്രസ്റ്റിനു സ്വന്തം ഇഷ്ടപ്രകാരം നല്‍കുന്നു എന്ന് എഴുതിവാങ്ങി തുച്ഛമായ ശമ്പളമാണ് കയ്യില്‍ കൊടുക്കുക. തൊഴിലില്ലായ്മ കൊടുമ്പിരിക്കൊള്ളുന്ന നമ്മടെ നാട്ടില്‍ അനുസരിക്കാനല്ലേ അവര്‍ക്കും പറ്റൂ. ഇവിടെയൊക്കെ വിദ്യാര്‍ത്ഥികളോടും പട്ടാളച്ചിട്ടയാണ്.

ഇതിന്റെയൊക്കെ മുന്നില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ഒരു കുഴപ്പവും തോന്നിയിട്ടില്ല. ഇനി വല്ലതും ഉണ്ടെങ്കില്‍ തന്നെ പ്രൈവറ്റ് മേഖലയുമായി താരതമ്യം ചെയ്താല്‍ ഒന്നുമല്ല.

സ്വകാര്യസ്കൂളില്‍ പോകുന്നയാള്‍ക്ക് തെരെഞ്ഞെടുപ്പിന്റെ സ്വാതന്ത്ര്യം ഉണ്ട്.

ഇതിന്റെയൊക്കെ അര്‍ഥം എന്താണെന്ന് മനസിലാവുന്നില്ല. പ്രൈവറ്റ് സ്കൂളുകളില്‍ ചേരുന്നത് തിരഞ്ഞെട്ടുപ്പിന്റെ പ്രശ്നം. സര്‍ക്കാര്‍ സ്കൂളുകളോട് എന്ത് മോശം ആറ്റിറ്റ്യൂഡൂം ആവാം അല്ലേ. എന്തിനു സര്‍ക്കാര്‍ സ്കൂളില്‍ പോണു. പ്രൈവറ്റ് തന്നെ അങ്ങ് തിരഞ്ഞെടുത്താല്‍ പോരേ?

എന്തിനും ഡെമോക്രസിയെയും ബ്യൂറോക്രസിയെയും കുറ്റം പറയുന്നത് പരമബോറാണ്.

Anonymous said...

"ഇതിന്റെയൊക്കെ അര്‍ഥം എന്താണെന്ന് മനസിലാവുന്നില്ല. പ്രൈവറ്റ് സ്കൂളുകളില്‍ ചേരുന്നത് തിരഞ്ഞെട്ടുപ്പിന്റെ പ്രശ്നം. സര്‍ക്കാര്‍ സ്കൂളുകളോട് എന്ത് മോശം ആറ്റിറ്റ്യൂഡൂം ആവാം അല്ലേ."

What to do that is Vella. പ്രൈവറ്റ് സ്കൂളില്‍ "ബോറത്തരം"പോലും തെരഞ്ഞെടുക്കാന്‍ സ്വാതന്ത്രമുണ്ട്. സര്‍ക്കാര്‍ സ്കൂളില്‍ അങ്ങനെ ആണോ. ചോയ്സ്, ചോയ്സേ, അതില്ല.

Nidhin Jose said...

ഒരു സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകന്‍ ആയ എന്നെ വേദനിപ്പച്ചു ഈ പോസ്റ്റ്. ഒരു സാമാന്യവല്‍കരണ ശ്രമം ഇവിടെ നടന്നിട്ടുണ്ട്. അത് ഒട്ടും ശരിയല്ല. അണ്‍എയ്ഡഡ് ഭീമന്മാര്‍ നടത്തുന്ന കൊള്ളയൊന്നും വെള്ളെഴുത്തു കാരണം കാണാന്‍‌ കഴിയുന്നില്ലേ .... ??

ഒരു പാവം സര്‍ക്കാര്‍ ഹൈ സ്കൂളിലെ ഒരു അധ്യാപനാണ് ഞാന്‍. 50 രൂപയാണ് പിടിഎ ഫീസ്. ഒരു വീട്ടില്‍ നിന്ന് 2 പേരില്‍ കൂടുതലുണ്ടെങ്കില്‍ അവരേട് 100 രൂപയില്‍ കൂടുതല്‍ വാങ്ങാറുമില്ല. തീരെ നിവര്‍ത്തിയില്ലാത്തവരോട് ആ കാര്യത്തിലും കണ്ണടയ്ക്കുകയാണ് പതിവ്. ഒരുവിധം നന്നായി തന്നെ ദിനാചരണങ്ങളും മറ്റും നടത്താറുമുണ്ട്. 2 വര്‍ഷം തുടര്‍ച്ചയായി സംസ്ഥാന ശാസ്ത്രമേളയില്‍ ഞങ്ങളുടെ കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്. പരമാവധി എല്ലാ രീതിയിലും കുട്ടികളെ സഹായിക്കുന്ന നിലപാടുകളാണ് സ്വീകരിച്ച് വരുന്നത്. സന്നദ്ധ സംഘനകളില്‍ നിന്നും മറ്റും ലഭിക്കുന്ന സഹായങ്ങള്‍ കുട്ടികള്‍ക്ക് എത്തിച്ച് നല്‍കാന്‍ ആത്മാര്‍ത്ഥമായിതന്നെ ശ്രിക്കുന്നുമുണ്ട്. വാര്‍ഡു മെമ്പറുടെ സഹായത്തോടെ നല്ലവരായ നാട്ടുകുടെ സഹായങ്ങളും സ്കൂളിന് ലഭിക്കാറുണ്ട്. കുട്ടികളെ ഞെക്കി പിഴിയാന്‍ ഒരിക്കലം ശ്രമിക്കാറില്ല.

എല്ലാവരെയും അടക്കി ആക്ഷേപിച്ചപ്പോള്‍ വല്ലാത്ത വിഷമം തോന്നി......

കുടുംബസ്നേഹി said...

അത്ഭുതമില്ല. സർക്കാർ എന്നു മുന്നിൽ ചേർത്തതാണ് കുഴപ്പമായത്. സ്കൂളുകളിൽ എന്തു നടന്നാലും.. സർക്കാർ ആരുടെയാണ്? നമ്മുടെ. അപ്പോൾ സ്കൂളിനെ വിമർശിക്കുക എന്നു പറഞ്ഞാൽ സർക്കാരിനെ വിമർശിക്കുമ്പോലെയല്ലേ? ഇനി മുതൽ ഇതുപോലുള്ള സില്ലികാര്യങ്ങൾ എഴുതരുത്!! സ്കൂളിനെപ്പറ്റി എഴുതുമ്പോൾ എല്ലാ സ്കൂളിനെയും അടച്ചാക്ഷേപിക്കുക. അല്ലെങ്കിൽ സർക്കാർ സ്കൂളിൽ നടക്കുന്ന നല്ല കാര്യങ്ങൾ മാത്രം എഴുതുക. അല്ലാതെ ഒരുമാതിരി.. നാളെ ഞങ്ങടെ സ്കൂളിൽ സിനിമാപ്രദർശനം. സ്ലൈഡ് ഷോ.. പിള്ളാരിൽ നിന്ന് 10 രൂപാ വച്ച് പിരിച്ച് പ്രൈവറ്റ് പാർട്ടിയാണ് സിനിമ നടത്തുന്നത്. രാവിലെ ക്ലാസില്ല. ഭാര്യ എന്നൊരു സിനിമയ്ക്കു ശേഷം മറ്റൊന്നും കണ്ടിട്ടില്ലാത്ത പ്രിൻസിപ്പാളമ്മയാണ് സിനിമ തെരെഞ്ഞെടുത്തത്. പിള്ളാരുടെ കാര്യം കട്ടപൊഹ..

ബിനോയ്//HariNav said...

അനില്‍ പറഞ്ഞതുപോലെ മലബാറിലെ സര്‍ക്കാര്‍ സ്കൂളുകളുടെ നിലവാരം താരതമ്യേന ഭേദമാണെന്ന് തോന്നുന്നു.
വെള്ളെഴുത്ത് പറഞ്ഞിരിക്കുന്നത് പ്രസക്തമായ വിഷയങ്ങള്‍ തന്നെ. പിന്നെ സാമാന്യവല്‍ക്കരണം.. സ്വകാര്യ സ്കൂളുകള്‍ പണ്ടേ ഇങ്ങനെയൊക്കെത്തന്നെ എന്ന ഒരദൃശ്യലിഖിതം ലേഖനത്തിലുള്ളതായി സങ്കല്പ്പിച്ച് തൃപ്തിപ്പെടാം. (കോണ്‍ഗ്രസ്സുകാര്‍ പണ്ടേ അങ്ങനെയൊക്കെയാണ്. അതുകൊണ്ട് കല്ലേറ് മൊത്തം ഇടതിനു പോകട്ടെ എന്ന് പറയും‌പോലെ) :)

പ്രേമന്‍ മാഷ്‌ said...

"സർക്കാർ സ്കൂളുകൾ എന്ന വൂവുസേലകൾ"
എന്ന ശീര്‍ഷകം പോസിറ്റീവായ ഒരു ചൂളം വിളിയായാണ് പ്രതീക്ഷിച്ചത്. പക്ഷെ "പലപ്പോഴും കാണാം പല സ്കൂളുകൾക്കു മുകളിൽ ചത്തും ചാവാതെയും കാലഹരണപ്പെട്ട കോളാമ്പി സ്പീക്കറുകൾ. ആലോചിച്ചു നോക്കിയാൽ ഈ സ്കൂളുകൾക്ക് പറ്റിയ ചിഹ്നങ്ങൾ കോളാമ്പി സ്പീക്കറുകൾ തന്നെയല്ലേ. ഉള്ളുപൊള്ളയാവുമ്പോഴും ഒച്ച കിടുക്കുന്നതായിരുന്നാൽ പരിവേഷങ്ങൾ നിലനിൽക്കും. ഉണ്ടാക്കിവക്കുന്ന വിനകളിലേയ്ക്ക് പെട്ടെന്നൊന്നും ശ്രദ്ധ എത്തുകയുമില്ല" എന്നിടത്തു എത്തിയപ്പോള്‍ 'ഓതാന്‍ പോയി ഉള്ള പുത്തിയും പോയി' എന്ന നിലയിലായി. പൊതുവില്‍ സത്യസന്ധമായാണ് നഗരത്തിലെ സ്കൂളുകളുടെ സ്ഥിതി അവതരിപ്പിച്ചത് എന്ന് തോന്നുന്നു. പക്ഷെ മൊത്തത്തില്‍ സര്‍ക്കാര്‍ സ്കൂളുകളുടെ അവസ്ഥയെ എടുക്കുമ്പോള്‍ ഇത്തിരി കടുപ്പമായില്ലേ എന്ന് വര്‍ണ്യത്തില്‍ ആശങ്ക.

തീര്‍ച്ചയായും പി ടി എ ഫണ്ടിന്റെ പേരില്‍ നടക്കുന്ന ക്രൂരമായ അപമാനിക്കലുകള്‍ തടയുക തന്നെ വേണം. അതോടൊപ്പം തന്നെ സ്കൂളിന്റെ സര്‍വ സാധ്യതകളെയും അതിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്താന്‍ കഴിയണം. സ്കൂളിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നു താത്പര്യമുള്ള രക്ഷകര്‍ത്താക്കളെ, ഏതെങ്കിലും ഒരു പദ്ധതിയുമായി ബന്ധപ്പെട്ടു സമീപിച്ചാല്‍ അവര്‍ മുഖം തിരിക്കുമെന്ന് തോന്നുന്നില്ല.
കുട്ടികളുടെ ഇടവേളകള്‍ വെട്ടിച്ചുരുക്കലുകള്‍, ഫൈന്‍ പിരിച്ചെടുക്കള്‍, മൂത്രപ്പുരകള്‍ സ്ഥാപിക്കാതിരിക്കല്‍ എന്നിവ ആര് നടത്തിയാലും അതിശക്തമായ നടപടികള്‍ തന്നെ വേണം. ഇക്കാര്യത്തില്‍ എന്റെ ചില നിരീക്ഷണങ്ങള്‍ നേരത്തെ ഇവിടെ അവതരിപ്പിച്ചിരിക്കുന്നു.മൂത്രപ്പുരകള്‍ ഉണ്ടാകുന്നത്. പക്ഷെ ഇത് പ്രധാനമായും നഗരത്തിലെ സര്‍ക്കാര്‍ സ്കൂളുകളുടെഅവസ്ഥയായിരിക്കുമെന്നു തോന്നുന്നു. മലബാറിലൊക്കെ പ്ലസ് ടു വിനു നല്ല സര്‍ക്കാര്‍ സ്കൂളില്‍ ( ഭൌതിക സാഹചര്യത്തിന്റെ കാര്യത്തിലും അധ്യാപകരുടെ ആത്മാര്‍ഥമായ പ്രവര്‍ത്തനം കാരണവും ഉയര്‍ന്ന നിലവാരത്തില്‍ നില്‍കുന്ന എത്രയോ സര്‍ക്കാര്‍ സ്കൂളുകള്‍ ഈ ഭാഗത്തുണ്ട് ) കിട്ടണമെങ്കില്‍ ഉയര്‍ന്ന സ്കോര്‍ തന്നെ നേടണം.
അത്തരം സ്കൂളുകള്‍ ഉള്ളു പൊള്ളയല്ലെന്നു മാത്രമല്ല പുറം പൂച്ചില്‍ മാത്രം മിടുക്ക് കാണിക്കുന്ന അണ്‍ എയിഡഡ് വിദ്യാലയങ്ങളെക്കാള്‍, ആന്തരികമായ കരുത്തു നമ്മുടെ കുട്ടികള്‍ക്ക് പ്രധാനം ചെയ്യുന്ന 'പരിശീലന ഗ്രൌണ്ടുകളും' ആണ്.

ഷൈജൻ കാക്കര said...

ഏത്‌ തരം വിദ്യാലയമായാലും നടത്തിപ്പുകാരുടെ ഏറ്റവും വലിയ ചൂക്ഷണതന്ത്രം കുട്ടികൾ ഇതേ വിദ്യാലയത്തിൽ പഠിക്കേണ്ടതിനാൽ മാതാപിതാക്കൾ കണ്ണടക്കും എന്നതാണ്‌...

വെള്ളെഴുത്ത് said...

അപ്പോൾ ആ വാക്യമാണ് സാമാന്യവത്കരണമായി തെറ്റിദ്ധരിക്കപ്പെട്ടത്!! സർക്കാർ സ്കൂളുകൾ നല്ലതാവണം എന്നു തന്നെയാണ് ആഗ്രഹം.. ആവർത്തിച്ചു പറയുന്നു അതിനു തടസ്സം നിൽക്കുന്നവരെ മുന്നിൽ കൊണ്ടുവരാനുള്ള ശ്രമങ്ങളാണില്ലാതെ പോകുന്നത്.. കെട്ടുക്കാഴ്ചകൾക്ക് ഉദാഹരണങ്ങൾ -അതെത്ര ഒറ്റപ്പെട്ടതാണെന്നു വാദിച്ചാലും- ഇഷ്ടം പോലെ ഉണ്ട്. ഇത് ആർക്കും വേണ്ടിയുമുള്ള പ്രമോഷൻ അല്ല. നിൽക്കുന്ന ഇടം വൃത്തിയാക്കാൻ ശ്രമിച്ച് പലപ്പോഴും പരാജയപ്പെടുമ്പോഴുള്ള ആത്മാലാപനം മാത്രം..കഴിവുകേടു തന്നെ !!!

വെള്ളെഴുത്ത് said...

ഇതും ഒരു സർക്കാർ സ്കൂളാണ്..കാണാൻ സമയം കിട്ടിയാൽ ഒന്നു നോക്കണേ..
http://www.youtube.com/watch?v=7NWqBp3DdsE&feature=youtu.be