May 16, 2010

വെയിലും ഉപ്പും
മുസാഫിറിന്റെ ‘ഡേറ്റ് ലൈൻ : ജിദ്ദ’ എന്ന പുസ്തകം പത്രപ്രവർത്തകരുടെ പദകോശങ്ങളിലൊന്നുപയോഗിച്ചു വിശേഷിപ്പിച്ചാൽ ‘സ്റ്റോറി’ കളുടെ സമാഹാരമാണ്. ഇന്ത്യയ്ക്ക് പുറത്തുനിന്ന് പ്രസിദ്ധീകരണമാരംഭിച്ച ആദ്യത്തെ സമ്പൂർണ്ണ മലയാളപത്രമായ ‘മലയാളം ന്യൂസിൽ‘ അച്ചടിച്ചു വന്ന കുറിപ്പുകളാണ് ഇവയിൽ ഏറെയും. പലതരത്തിൽ വ്യത്യസ്തമായ ജീവിത‘കഥ’കളുടെ വായനയും ആഖ്യാനവും കൂടിക്കുഴയുന്ന തരത്തിൽ കോറിയിട്ടിട്ടുള്ള ഇരുപതു രചനകൾ. കഥയെന്ന വ്യവഹാരരൂപിയുടെ നിർദ്ദിഷ്ടമായ അർത്ഥപരിധികൾ ലംഘിക്കപ്പെട്ടുപോകുന്ന ഒരു പരിസരമാണിത്, ഒറ്റ നോട്ടത്തിൽ തന്നെ. പത്രമാധ്യമത്തിന്റെ സാമൂഹികമായ ധർമ്മത്തെ മുൻ‌നിർത്തുന്നതിനാൽ വസ്തുസ്ഥിതികഥനത്തിൽ ഭാവനയുടെ നിറമുള്ള വെള്ളം തീരെ കടന്നിട്ടില്ലാത്ത രചനകളാണ് ഈ പുസ്തകത്തിൽ. അതേസമയം ഏതു ഭാവനാത്മകലോകത്തെയും കവച്ചു നിൽക്കുന്ന അനുഭവലോകത്തിന്റെ തീക്കാറ്റുകൾ വട്ടം ചുറ്റി കടന്നു പോകുന്ന ഇടവും ഇതാണ്. ഉള്ളടക്കങ്ങളെ കുറിച്ചുള്ള വിചാരങ്ങൾ തീണ്ടിയാണ് 'ജീവിതവും കഥയും ഒന്നാകുന്നതിനെപ്പറ്റി’ നാം വിമ്മിട്ടപ്പെട്ടുകൊണ്ടിരുന്നത്. ശീർഷകത്തിനു താഴെ വ്യവഹാരരൂപത്തിന്റെ പേരെഴുതി വയ്ക്കാത്ത ഒരു സമാഹാരം അതിന്റെ ആഖ്യാനവഴിയിൽ സ്വാംശീകരിച്ചിരിക്കുന്നത് ഇതേ ഒന്നാകലിന്റെ സൂക്ഷ്മമായ പ്രത്യയശാസ്ത്രമാണ് എന്നും പറയാം. അതിരുകല്ലുകളെ അപ്രസക്തമാക്കുന്ന വഴിയുടെ തത്ത്വശാസ്ത്രത്തെ.

പ്രവാസാനുഭവങ്ങൾ അവയുടെ ബാലാരിഷ്ടതകൾ പിന്നിട്ട് ധാരാളമായി ആവിഷ്കാരസാധ്യത നേടിക്കഴിഞ്ഞു മലയാളത്തിൽ. ആ രചനകൾ മുഖ്യമായും ലക്ഷ്യം വച്ചത് കേരളത്തിലെ പൊതുസമൂഹത്തെയാണ്. അപരിചിതമായ മേഖലയിൽ നിന്നുള്ള പറയപ്പെടാത്തകഥകൾ എന്ന അപൂർവതയിലാണ് പ്രവാസക്കുറിപ്പുകൾ മലയാളത്തിൽ സ്വീകാര്യത നേടിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഈ പുസ്തകത്തിലുള്ള കുറിപ്പുകൾ ഏറിയകൂറും - മുഖ്യധാരാമാധ്യമങ്ങൾക്കുവേണ്ടി എഴുതിയ ഒന്നോ രണ്ടോ ലേഖനങ്ങളെ ഒഴിച്ചു നിർത്തിയാൽ- പ്രവാസികളെ തന്നെ അഭിസംബോധന ചെയ്യുന്നവയാണ്. ആ വ്യത്യാസം രചനകൾക്കുണ്ട്. ഒരു വിസ തട്ടിപ്പിനിരയായവരെക്കുറിച്ചായിരുന്നു ഗൾഫിലെത്തിയ ശേഷം മുസാഫിർ എഴുതിയ ആദ്യ സ്റ്റോറി. അതേ വിസതട്ടിപ്പിന്റെ ഇരയായിരുന്നു താനും എന്ന് യാതൊരു ഗൃഹാതുരത്വവും കൂടാതെ അദ്ദേഹം ‘ഡേറ്റ് ലൈൻ : ജിദ്ദ’ എന്ന സ്മരണക്കുറിപ്പിന്റെ ആദ്യഭാഗത്ത് എഴുതിയിടുന്നുണ്ട്. റിപ്പോർട്ടർ തന്നെ റിപ്പോർട്ടിലെ കഥാപാത്രമായിരിക്കുക എന്ന പ്രത്യേകതയ്ക്കാണ് അവിടെ അടിവര ലഭിക്കുന്നത്. അതിലൊരു നൊമ്പരമുണ്ട്. അതിനേക്കാളേറെ വേറിട്ടജീവിതങ്ങൾ തന്നിൽ നിന്ന് അത്ര വേറിട്ടു നിൽക്കുന്നതല്ലെന്ന ഫലശ്രുതിയും അതിൽ നിഹിതമാണ്. ‘പുറപ്പെട്ടു പോക്ക്’ എന്ന വസ്തുത ഭൂമിശാസ്ത്രപരം മാത്രമല്ലെന്നും സ്വത്വസംബന്ധിയായ അടരുകൾ അവയിൽ അതിസൂക്ഷ്മങ്ങളായ പ്രകമ്പനങ്ങളെ ഉൾച്ചേർക്കുന്നുവെന്നും നാമറിയുന്നു. ആദിമാതാവായ ഹവ്വാ ഉമ്മയുടെ ഖബറിനടുത്ത് മണ്ണട്ടിയ്ക്കുള്ളിൽ ഉറങ്ങിക്കിടക്കുന്ന തന്റെ രണ്ടു കുരുന്നുകളെക്കുറിച്ച് ഓർമ്മിച്ചുകൊണ്ടും ഫ്ലാറ്റിന്റെ ബാൽക്കണിയിൽ ഭാര്യ സെലീന നട്ടു വളർത്തിയ തെച്ചിയെയും മല്ലികയെയും കറ്റാർ വാഴയെയും പാവലിനെയും ചീരകളെയും പരാമർശിച്ചുകൊണ്ടും മുത്തശ്ശി എന്നർത്ഥമുള്ള ‘ജിദ്ദ’ എന്ന പട്ടണം തന്റെ ജീവിതത്തിലെ സജീവമായ വർഷങ്ങൾക്ക് ചൂടും തണുപ്പും നൽകി സാന്നിദ്ധ്യമായതിനെ അനുഭവിച്ചു കൊണ്ടും 28 വർഷം കഴിഞ്ഞും നീളുന്ന പ്രവാസജീവിതത്തെ ഏതാനും വരികൾ മാത്രമുപയോഗിച്ച് നിർമമത്വത്തോടെ സംഗ്രഹിച്ചിട്ടുണ്ട് മുസാഫിർ. ‘ആശകൾക്ക് ശമനം ലഭിക്കാത്ത ആതുരമായ സ്വപ്നങ്ങളുടെ തടവുകാര’നായി സ്വയം വിശേഷിപ്പിക്കുമ്പോഴും പുറപ്പെട്ടെത്തിയ മരുഭൂമിയുടെ വാത്സല്യം കൈവിടാൻ ഒരുക്കമല്ലെന്നു മുസാഫിർ എഴുതുന്നു. തന്നെ ഇനി വേണ്ടെന്ന് സൌദി അറേബ്യ പറയുന്നതുവരെ. (അങ്ങനെയൊരു കാലം വിദൂരമല്ലാതെ ഉണ്ടെന്ന വിഷാദത്തോടെ തന്നെ) വിട്ടുപോന്ന നാടിനെക്കുറിച്ചുള്ള തേങ്ങലുകൾ അസ്തമിക്കുകയും എത്തിച്ചേർന്ന പ്രദേശത്തോട് ഉള്ളിണങ്ങിപ്പോയ നിസ്സഹായതയുടെ നക്ഷത്രങ്ങൾ വിടരുകയും ചെയ്യുന്ന ആകാശച്ചെരിവാണിത്. ഗൃഹാതുരമായിരുന്ന പ്രവാസിതയുടെ ഒരു സംക്രമണ ഘട്ടം.

തീവണ്ടിയാത്രയിൽ നിന്നും പുറത്തേയ്ക്കു നോക്കുമ്പോഴുള്ള യാത്രികന്റെ കാഴ്ചാ വൈചിത്ര്യമാണ് കഷ്ണങ്ങളായി മുറിച്ചു തുന്നിയ വിവരണക്കുറിപ്പുകൾ പ്രത്യക്ഷത്തിൽ നൽകുന്ന വായനാനുഭവം. ഈ സമാഹാരത്തിൽ നിറയുന്ന വ്യക്തിചിത്രങ്ങൾ നിരവധിയാണ്. ബ്രഷ് കടിച്ചു പിടിച്ച് ചിത്രം വരയ്ക്കുന്ന ജസ്ഫർ, കനത്ത ദാരിദ്ര്യത്തിലും അമ്മയുടെ രോഗത്തിനും ഇടയിലും കൈവിടാതെ കലയുടെ കൈപിടിച്ചു നടക്കുന്ന റൂബിയ, നോവലിസ്റ്റ് ജ്യോതി മേനോൻ, ഖുറാനും ആയിരത്തൊന്നു രാവുകളും ശുദ്ധമായ പദ്യത്തിൽ മലയാളത്തിലാക്കിയ കെ ജി രാഘവൻ നായർ, മലയാളം ടെലിവിഷൻ ചരിത്രത്തിലെ ആദ്യ വാർത്താവായനക്കാരനും ചലച്ചിത്രകാരനുമായ കണ്ണൻ, ചൂളയായിരുന്നപ്പോഴും സ്വജീവിതം കൊണ്ട് ഭൂവിന് വെണ്മയുളവാക്കാൻ വെമ്പിയ, ചുവന്ന എഴുപതുകളിലെ സമരസഖാക്കൾ, സ്കൂളിനു തീവച്ച് നാടു വിട്ട് ഗവർണ്ണറായി തിരിച്ചെത്തിയ വി പി മേനോൻ, മദിരാശിയിൽ നിന്ന് നാടുകാണാനുള്ള കൌതുകത്തോടെ കറാച്ചിയിലെത്തി പാകിസ്താൻ രാഷ്ട്രീയത്തിൽ നിർണ്ണായകമായ സ്ഥാനം നേടിയെടുത്ത മലപ്പുറത്തെ ബിയ്യാത്തുൽ മൊഹിയുദീൻ കുട്ടി എന്ന ബി എം കുട്ടി, ബംഗാളിന്റെ ദത്തുപുത്രനായിരുന്ന കാർട്ടൂണിസ്റ്റ് (ശങ്കരൻ) കുട്ടി ... വ്യക്തിചിത്രങ്ങളിൽ ഉരുവങ്ങൾക്കല്ല, പ്രവർത്തനങ്ങൾക്കും വ്യക്തിത്വസവിശേഷതകൾക്കുമാണ് ഊന്നൽ. പുസ്തകക്കുറിപ്പുകളായി പദ്മരാജന്റെ തിരക്കഥകളും സതീഷ് കെ സതീഷിന്റെ നാടകങ്ങളും സേതുമാധവൻ മച്ചാടിന്റെ ‘മകൾ’ സ്ക്രിപ്റ്റും ബാബു കുഴിമറ്റത്തിന്റെ എഴുപതുകളുടെ പുസ്തകവും കടന്നു വരുന്നു. മലയാളികളാണ് തെരെഞ്ഞെടുക്കപ്പെട്ടവരിൽ ഭൂരിഭാഗവും. എങ്കിലും പ്രവാസിയുടെ വികാരവായ്പ്പോടേ കേരളം കരകവിയുന്നില്ല, ഒരിടത്തും. നീണ്ടകാലത്തെ പത്രപ്രവർത്തനം നൽകിയ മിതത്വവും ഒരു കാരണമാണ്. എങ്കിലും ബി എം കുട്ടിയുമായി സംസാരിച്ചിരിക്കവേ നിങ്ങളുടെ നാടെന്ന അദ്ദേഹത്തിന്റെ പരാമർശത്തെ പിടിച്ച് ‘ഞങ്ങളുടെ നാടോ, തിരൂരിനെയും വൈലത്തൂരിനെയും മലബാറിനെയും ഒക്കെ അത്രവേഗം താങ്കൾക്ക് മറക്കാൻ കഴിയുമോ’ എന്ന് മുസാഫിർ ചോദിക്കുന്നുണ്ട്. (തിരൂർ മുതൽ ലാഹോർ വരെ)

കരുണാനിധിയുടെ മേയ്ദിനപ്രസംഗം വരയ്ക്കുക എന്ന ഉദ്ദേശ്യത്തോടെ തൃശ്ശിനാപ്പള്ളിയിലെത്തിയ കാർട്ടൂണിസ്റ്റ് ഉണ്ണിയെ തമിഴ്നാട് പോലീസ് കൈകാര്യം ചെയ്ത വിധം വിവരിക്കുന്ന കത്താണ് ഒരു ലേഖനം. (ഒരു കാർട്ടൂണിസ്റ്റിനെ തമിഴ്നാട് പോലീസ് കൈകാര്യം ചെയ്ത വിധം) ഉമ്മയോടൊപ്പം മെക്കയിൽ ഹജ്ജിനായെത്തിയ സംഗീത ഇതിഹാസം ഏ ആർ റഹ്മാനെ കണ്ടതിന്റെ വർണ്ണനയുണ്ട് പുസ്തകത്തിൽ. വളരെ ഹൃസ്വമായ ഒരു ജീവചരിത്രക്കുറിപ്പോടെ അദ്ദേഹത്തിന്റെ എളിമ എന്ന ഗുണത്തിനു പ്രാധാന്യം നൽകിക്കൊണ്ട്. പാകിസ്താൻ രാഷ്ട്രീയം പകയോടെ ഇരയാക്കിയ കിഴക്കിന്റെ പുത്രി ബേനസീർ ഭൂട്ടോയെപ്പറ്റി എഴുതുന്നത് അതീവ ആർദ്രമായും അതിലേറെ ആത്മരോഷത്തോടും കൂടിയാണ്.(ബാഗ്ദാദിലെ ചോര) മാധവിക്കുട്ടിയെ വർഷങ്ങൾക്കു മുൻപ് തിരുവനന്തപുരത്തു വന്ന് കണ്ടതിനെക്കുറിച്ച് ഹൃദ്യമായ വിവരണമാണ് ‘മഞ്ഞണിഞ്ഞ മഞ്ഞരളിപ്പൂക്കൾ’. സൌദിയിൽ രാഷ്ട്രീയ അഭയം നേടിയ ഉഗാണ്ടയിലെ ഏകാധിപതി ഇദി അമീനെ മുസാഫിർ ഒരിക്കൽ കാണുകയും സംസാരിക്കുകയുമുണ്ടായി. നാളത്തെ ഉഗാണ്ട ഇദി അമീന്റെയാണെന്ന സ്വപ്നം ഫലപ്രാപ്തിയിലെത്താതെ ആ ഏകാധിപതി അവസാനശ്രമവും പാളി സൌദി അറേബ്യൻ മണ്ണിൽ തന്നെ ഒടുവിൽ ഉറങ്ങി. വ്യക്തികളെപോലെ മിഴിവുള്ള ചിത്രങ്ങളായി തെളിയുന്ന രണ്ടു നഗരങ്ങൾ കൂടിയുണ്ട് കുറിപ്പുകളിൽ. എന്നു വച്ചാൽ ദില്ലിയിലെയും സൌദി അറേബ്യയിലെയും പേരറിയാവുന്നതും അറിയാത്തതുമായ നിരവധി ജീവിതങ്ങൾ.

പരിചിതമായവയിൽ പോലും കുടിയിരിക്കുന്ന അപരിചിതത്വമാണ് മുസാഫിർ വരച്ചിടുന്ന വ്യക്തിചിത്രങ്ങളുടെ ആകർഷണീയത. അവരെത്ര പരിചിതരായിരുന്നാലും, അല്ലെങ്കിലും. കുഴമറിഞ്ഞതും ദുരൂഹവുമായ ജീവിതത്തിന്റെ സ്ഥലപരമായ രൂപകമാണ് മരുഭൂമിയുടെ മട്ടിൽ കാനൽ ജലങ്ങളുമായി വന്നു നിന്ന് പ്രലോഭിപ്പിക്കുന്ന ഭൂമിശാസ്ത്രമേഖലകൾ. അകവും പുറവും പൊള്ളിക്കുന്ന മരുഭൂമിയിൽ യൌവനം കുരുതികൊടുക്കുന്നവർക്കായി സമർപ്പിച്ചിട്ടുള്ളതാണ് ഈ പുസ്തകം. തന്റെ സജീവമായ വർഷങ്ങൾ മണൽജീവിതത്തിനിടയിൽ തൂവൽ പോലെ കൊഴിഞ്ഞുപോയതിനെക്കുറിച്ച് മുസാഫിർ ഒരിടത്ത് എഴുതുന്നുണ്ട്. ഒരർത്ഥത്തിൽ പ്രവാസിയായ തനിക്കും കൂടിയാണ് തന്നെയാണ് തന്റെ അനുഭവങ്ങൾ എഴുത്തുകാരൻ സമർപ്പിക്കുന്നത് എന്നും പറയാം. നേരത്തെ പറഞ്ഞതുപോലെ റിപ്പോർട്ടർ തന്നെ കഥാപാത്രമാകുന്ന ‘സ്റ്റോറി’കൾക്ക് നിർവഹിക്കാനുള്ള ദൌത്യം പ്രവാസജീവിതത്തിന്റെ സൂക്ഷ്മശ്രുതിയായ അന്യത്വത്തെ മറയില്ലാതെ മുന്നോട്ടു കൊണ്ടു വരിക എന്നതാണ്. ഏതു നിമിഷവും ഇറങ്ങി പുറപ്പെടാൻ വിതുമ്പി നിൽക്കുന്ന ഒരാൾ നമ്മളിൽ ഒളിച്ചിരിക്കുന്നിടത്തോളം കാലം ഈ ആൾക്കൂട്ടങ്ങൾക്കിടയിൽ എവിടെയോ നമ്മുടെ മുഖം മിന്നി മറഞ്ഞതായി തോന്നിയാൽ അദ്ഭുതപ്പെടാനില്ല. അങ്ങനെ കഥയും ജീവിതവും പിന്നെയും ഒന്നാകുന്നു. നമ്മൾ കൊള്ളുന്ന വെയിലാണല്ലോ നമ്മുടെ വിയർപ്പിലെ ഉപ്പ്.
--------------------------------------------------
ഡേറ്റ് ലൈൻ : ജിദ്ദ
മുസാഫിർ
വില : 100
വോയ്സ് ബുക്സ്
മഞ്ചേരി
Post a Comment