May 11, 2010

‘ഞാൻ ദൈവത്തെ കാണുന്ന അതേ കണ്ണു കൊണ്ടാണ് ദൈവം എന്നെ കാണുന്നതും’




‘എഴുതിയതിനു ശേഷം 100 വർഷമെങ്കിലും ഒരു പുസ്തകം നിലനിൽക്കുന്നുണ്ടെങ്കിൽ അതിനെ ക്ലാസിക്കായി കണക്കാക്കാം’ എന്ന ഒരു ക്ലാസിക് നിർവചനം പഴയ റോമൻ സാഹിത്യവിമർശകൻ ഹോരസ്സി(Horace)ന്റേതായി ഉണ്ട്. ‘ആഴ്സ് പൊയറ്റിക്ക’യുടെ കാലം ക്രിസ്തുവിനും മുൻപാണ്. (ബി സി 15-ൽ) ഒരു ജനത അബോധപൂർവം ഒരു കൃതിയിൽ ഒളിഞ്ഞിരിക്കുന്ന അർത്ഥങ്ങളെ കാലാകാലം താലോലിക്കുമ്പോഴാണ് കൃതി തലമുറകൾ മാറി നിലനിൽക്കുന്നത്. കോളിൻ വില്യംസ് നമ്മുടെ ധാരണകളിലുള്ള ആ പഴയ കൃതികളെയാണ് ക്ലാസിക് എന്നു വിളിച്ചത്. അവയുടെ പശ്ചാത്തലം വിശാലമായിരുന്നു. അതിരുകളില്ലാത്ത ആഴക്കടലിൽ കുതിചു പുളയുന്ന സ്രാവുകളെപ്പോലെയാണ് അവയിലെ ഇതിവൃത്തങ്ങൾ. അപ്പോൾ പുതിയ സാഹിത്യമോ? സ്വീകരണമുറിയിലെ ഇടുങ്ങിയ കണ്ണാടി ടാങ്കിലെ വർണ്ണമത്സ്യങ്ങൾ. ഒരൊറ്റ കാഴ്ചമാത്രം സംഭാവന നൽകി അവ സ്വന്തം പ്രസക്തിയെ ചുരുട്ടിക്കൂട്ടും. അതല്ല കടലിൽ സ്രാവുവേട്ടയ്ക്കിറങ്ങുമ്പോഴുള്ള അനുഭവം. ക്ലാസിക്കുകളിലേയ്ക്ക് മനുഷ്യർ വീണ്ടും വീണ്ടും തിരിയുന്നതിന്റെ കാരണം അനുഭവധാരാളിത്തമാണ്. അവയ്ക്ക് വിനിമയം ചെയ്യാൻ കഴിയുന്ന അർത്ഥവൈവിദ്ധ്യമാണ്. അലകൾക്കെതിരെ നീങ്ങുന്ന ചങ്ങാടം പോലെ കാലഘട്ടത്തിന്റെ അഭിരുചികളെ കടന്ന് കൃതികൾ നിലനിൽക്കുന്നതിന് മറ്റൊരു വ്യാഖ്യാനമാണ് ജെ എം കൂറ്റ്സി നൽകുന്നത്, അദ്ദേഹത്തിന്റെ ‘സ്ട്രെയിഞ്ചെർ ഷോഴ്സ്’ എന്ന പുസ്തകത്തിൽ. ക്ലാസിക്കുകൾ സ്വയം നിർവചിക്കാൻ ഉപയോഗിക്കുന്ന അതേ തത്ത്വം വച്ചാണ് അതിന്റെ അതിജീവനം ഉറപ്പാക്കുന്നത്. എന്നു വച്ചാൽ ഷേക്സ്പിയറുടെ കൃതികൾ ക്ലാസിക്കാവുന്നത് എന്തുകൊണ്ടാണോ അതേ തത്ത്വത്തെ അങ്ങനെ പ്രയോഗിക്കാൻ പറ്റില്ല, നമുക്ക് ഡാനിയൽ ഡീഫോയിൽ, കാഫ്കയിൽ, ജെയിംസ് ജോയ്സിൽ... കൃതികൾ കാലത്തെ അതിജീവിക്കുന്നതുകൊണ്ട് അവ സ്വയം നിർവചിക്കുന്നു. സ്വയം നിർവചിക്കുന്നതു കൊണ്ട് അവ കാലത്തെ അതിജീവിക്കുന്നു.

മുന്നിലുള്ളത് സ്രാവാണോ വെറും മാനത്തുകണ്ണിയാണോ എന്നെങ്ങനെ ‘തിരിച്ചറിയും’ എന്നൊരു പ്രശ്നമുണ്ട്. ‘തിരിച്ചറിവിന്’ നമ്മൾ വിചാരിക്കുന്നതിനേക്കാൾ ആഴമുള്ള ഒരർത്ഥമുണ്ട്. അതായത് ‘ഉണ്ടായിരുന്ന ഒരറിവിലേയ്ക്കാണ് നാം ചെല്ലുന്നതെന്ന്’. അതവിടെ ഉണ്ടായിരുന്നു. നമ്മളത് അറിഞ്ഞില്ലെന്നു മാത്രം. ആരെങ്കിലും മറനീക്കി കാണിച്ചു തരുമ്പോഴാണ് ആഹാ.. ഇതാണോ എന്ന് ‘തിരിച്ചറിയുന്നത്’..വിമർശനങ്ങൾ അത്തരമൊരു മറനീക്കൽ പ്രക്രിയയാണത്രേ. കൂറ്റ്സി പറയുന്നത് ‘ക്ലാസിക്കുകളെ ചോദ്യം ചെയ്യാനുള്ള ചുമതല ഏറ്റെടുക്കുന്ന പ്രക്രിയയാണ് വിമർശനം’ എന്നാണ്. ഒരു കൃതിയിലേയ്ക്ക് കേന്ദ്രീകരിച്ചിരിക്കുന്ന സാമാന്യബോധത്തെ ഘടകങ്ങളാക്കുകയാണ് വിമർശനം ചെയ്യുന്നത്. ഈ പ്രവൃത്തി ക്ലാസിക്കിനെ ക്ലാസിക്കല്ലാതെയാക്കിമാറ്റാനാണ്. വിമർശനങ്ങളെയും അതിജീവിച്ച് പിന്നെയും സ്വയം നിർവചിക്കുന്ന കൃതികൾക്ക് മാത്രമേ നിലനിൽക്കാനാവൂ. അങ്ങനെയാണ് വിമർശനം ചരിത്രത്തിന്റെ ഭാഗമാവുന്നത്. ശരിയായ ഒന്നിനെ അതിജീവനത്തിന് സഹായിക്കുന്നതുകൊണ്ടും അങ്ങനെയല്ലാത്തതിനെ സ്വയം വിധിയ്ക്കു വഴങ്ങാൻ പ്രേരിപ്പിക്കുന്നതുകൊണ്ടും ചരിത്രത്തിന്റെ കൌശലത്തിനുള്ള ഉപകരണങ്ങളിലൊന്നാണ് (cunning of History) വിമർശനം എന്നാണ് കൂറ്റ്സിയുടെ നിലപാട്. കൌശലങ്ങളല്ലേ ഗൌരവത്തെ പൊളിക്കുന്നത്? ബുദ്ധിയുള്ള കൌശലങ്ങൾ ഉറച്ച ഗൌരവങ്ങളെ തകർക്കുന്നു. ക്ലാസിക്ക് എന്നു വിശ്വസിക്കുന്നവയെ പൊളിച്ചു കാട്ടി ക്ലാസിക്കല്ലാതെയാക്കുന്നു. അവയെ കാലഹരണപ്പെടുത്തുന്നു.

കൃതികളിൽ അതുവരെ വിരാജിച്ചുകൊണ്ടിരുന്ന ഈഡിപ്പസുകളെ പിരിച്ചു വിട്ടുകൊണ്ടാണ് റൊളാങ് ബാർത്ത് എഴുതുന്ന ആളിന്റെ കസേരയ്ക്കൊപ്പം കസേര പിടിച്ചിട്ടിട്ട്,മുഖമില്ലാത്ത വായിക്കുന്ന ആളിനെയും കൈകൊടുത്ത് വിളിച്ചിരുത്തിയത്.
എല്ലാ ആഖ്യാനവും ഒരു പിതാവിന്റെ അരങ്ങേറ്റത്തെക്കുറിക്കുന്നു എന്നു വിശ്വസിക്കുന്നവർ ഉണ്ട്. പുസ്തകം അർത്ഥം നിർമ്മിക്കുന്നു, ഈ അർത്ഥം ജീവിതം നിർമ്മിക്കുന്നു എന്നാണ് വാദം. ഓരോ പുസ്തകവും അർത്ഥത്തെ ജനിപ്പിക്കുന്നതിനാൽ ‘കഥ പറച്ചിലിലൂടെ’ കഥാകാരൻ(കാരി) കൈകാര്യം ചെയ്യുന്നത് മാതൃശരീരത്തെയാണ്. അതിനെ മഹത്വപ്പെടുത്തലാണ് ആ ആളുടെ ഇംഗിതം. ഈ സങ്കൽ‌പ്പം എഴുത്തിന്റെ ലക്ഷ്യം എന്താണെന്നും അതിന്റെ ‘കുടുംബഘടന’ എന്താണെന്നും ‘നഗ്നതയുടെ നിരോധനം’ എന്താണെന്നും വിശദീകരിക്കും. കാരണം ‘അച്ഛനി’ല്ലെങ്കിൽ ‘കഥ’യുടെ ആവശ്യമില്ല. (if there is no father why telling stories?)എല്ലാ ആഖ്യാനവും സ്വന്തം ഉത്പത്തിയെക്കുറിച്ചുള്ള അന്വേഷണമാണ്. വിമർശനം ഒരു ഒളിഞ്ഞുനോട്ടം ആവുന്നത് അതുകൊണ്ടാണ്. വിലക്കപ്പെട്ട അനുഗ്രഹമാണ് ഒരാൾ മനസ്സിൽ വഹിക്കേണ്ടി വരുന്നത് എന്നതിനാൽ വരികൾക്കിടയിലൂടെ അല്ലാതെ അതു പറയാൻ സാധ്യമല്ല എന്ന് ലക്കാൻ. മനുഷ്യശരീരത്തിലെ ലൈംഗികചോദകമായ ഭാഗങ്ങൾ, വസ്ത്രം മൂടാതെ വിടുന്ന സ്ഥലങ്ങളായിരിക്കുന്നതു പോലെ പറയാത്ത (വെളിപ്പെടാത്ത) കാര്യങ്ങൾ, ചുഴിഞ്ഞുകയറി കണ്ടുപിടിച്ചു വേണം, വായനയുടെ ആനന്ദാനുഭൂതിയിലെത്താൻ. (the intermittence of skin flashing between two articles of clothing, it is this flash it self which seduces or rather the staging of an appearance) കഥയുടെ അവസാനം അറിയാനുള്ള ആഗ്രഹം, ഫലത്തിൽ ലൈംഗികാവയവത്തെ കാണാനുള്ള ആഗ്രഹം തന്നെയാണ്. അതാണ് വായനയുടെ ആനന്ദം. ബാർത്ത് നിഷേധിച്ചത് ഈ വീക്ഷണക്കോണിനെയാണ്.

ഉച്ചരിച്ചുകഴിഞ്ഞ വാക്കിനുമുകളിൽ ചാടി വീഴാൻ രണ്ടു പോലീസുകാരെ - രാഷ്ട്രീയ പോലീസുകാരനെയും മനോവിശകലന പോലീസുകാരനെയും - സദാ ചാടി വീഴ്ത്താൻ സന്നദ്ധരാക്കി നിർത്തുന്നത് സന്ദർഭമനുസരിച്ച് യഥേഷ്ടം പ്രജാപതിയും നിരീക്ഷകനും ശിശുവും ഒക്കെ ആയി മാറാൻ കഴിവുള്ള ഒരു ‘സ്രഷ്ടാവ്’ അനന്തമായി സന്നിഹിതനാവുന്നതുകൊണ്ടാണ്. ഒരു കഥയിലൂടെ ‘യാഥാർത്ഥ്യ’വും അതെഴുതിയ ആളിന്റെ ‘ലക്ഷ്യ’വും വ്യക്തമാവും എന്നും അവ വായിക്കുന്നവർക്ക് വ്യക്തമാക്കിക്കൊടുക്കാനുള്ള ഉപകരണമാണ് ഭാഷയെന്നും ആരെങ്കിലും പറഞ്ഞാൽ ഉത്തര ഘടനാവാദികൾ അപ്പോൾ അടിക്കും. (അദ്ധ്യാത്മരാമായണം, കൂട്ടുകൃഷി, അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക്, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഭഗവാൻ കാലുമാറുന്നു, ക്രിസ്തുവിന്റെ ആറാം തിരുമുറിവ്...ഇവയുടെയൊക്കെ അർത്ഥം എന്താണ്? അവ രചിക്കപ്പെട്ടത് എന്തിനു വേണ്ടിയാണ്? കഠിനമായി ചിന്തിക്കൂ...) അർത്ഥത്തിനു പ്രത്യേകിച്ച് ഒരു കേന്ദ്രമില്ലെന്നാണ് അവർ വാദിച്ചത്. ‘കൃതി’ വേറെ. ‘പാഠം’ വേറെ. ഒരാൾ എഴുതിയ/ സൃഷ്ടിച്ച ‘ചെയ്ത്’(വർക്ക്) ആണ് കൃതി. അത് കഥയോ കവിതയോ നാടകമോ ചിത്രമോ ആകാം. വായനയുടെ സമയത്ത് ഉണ്ടാകുന്ന അർത്ഥസംഹിതയാണ് ‘പാഠം’. ഒരു കൃതിയ്ക്ക് സ്ഥിരമായ ഒരു പാഠം ഉണ്ടാവില്ല. പാഠം നിർമ്മിക്കപ്പെടുന്നത് വായിക്കുന്ന ആളിന്റെ മനോ- സാംസ്കാരിക- സാമൂഹിക- ചരിത്ര-രാഷ്ട്രീയ മണ്ഡലങ്ങളുടെ സഹായത്തോടെ ആയതുകൊണ്ട്, എഴുതിയ ആളിന്റെ ആധികാരികത തകർന്ന് മറ്റൊരു വായിക്കുന്ന ആൾ അധികാരിയായി രൂപം മാറുകയാണ്. ഗ്രന്ഥകർത്താവ് ഏതു വഴി നടക്കണം എന്ന ചില സൂചനകൾ നൽകുന്നില്ലേ എന്ന് ചോദിക്കാം. പക്ഷേ ആ സൂചനകൾ വയലിലെ മുളയ്ക്കാൻ കിടക്കുന്ന വിത്തുകൾ പോലെയും ആകാശത്തിലെ നക്ഷത്രങ്ങളെ പോലെയും ആകെ ഒന്നു മറ്റൊന്നിനോട് കെട്ടു പിണഞ്ഞും സങ്കീർണ്ണമായും കിടക്കുകയാണ്. ആ വഴിക്കും നിസ്സഹായനാണ് പാവം എഴുത്താളൻ.

ബാർത്തിനു സാഹിത്യം മരണാനന്തരസംഗതിയാണ്. സാഹിത്യം ഫോസ്ഫറസ് പോലെ പുറത്തെടുത്താൽ മുഴുവൻ ശക്തിയോടെയും കത്തിതീരുന്ന സംഗതിയാണെന്നൊരു ഉപമ ‘റൈറ്റിംഗ് ഡിഗ്രി സീറോ’ എന്ന ആദ്യപുസ്തകത്തിൽ ബാർത്ത് എഴുതിയിട്ടിട്ടുണ്ട്. ആ ഊർജ്ജസ്വലമായ ആളിക്കത്തൽ നേരത്തേ പറഞ്ഞ സൂചനകളാണ്. പക്ഷേ ചത്തു കഴിഞ്ഞ ഒന്നിലേയ്ക്ക് പിന്നെ ആരാണ് ജീവശ്വാസം ഊതിക്കയറ്റുന്നതെന്നതാണ് വിഷയം. ജീവന്റെ അധികാരി ആരാണെന്ന പഴയ വേതാളകഥയിലെ പ്രശ്നം തന്നെ. ഒരു കൃതിയെ നാം (വായനക്കാർ) സാമ്പത്തിക ശാസ്ത്രജ്ഞന്മാരായോ ചരിത്രകാരന്മാരായോ ഭാഷാശാസ്ത്രജ്ഞന്മാരായോ അല്ല വായിക്കുന്നത്. മറിച്ച് തത്ത്വചിന്തകരായാണ്. അതുകൊണ്ടാണ് വളരെ വ്യത്യസ്തമായ ഒരു ചോദ്യം ചോദിച്ചുകൊണ്ട് അതു വായിക്കാൻ നമുക്കു സാധിക്കുന്നത്. ചോദ്യം ഇതാണ് : ആ പുസ്തകം കൈകാര്യം ചെയ്യുന്ന ‘വസ്തു’വുമായി അതിനുള്ള ബന്ധം എന്താണ്‌? അതു വിവരിക്കൻ എന്തിനാണ് ഈ വഴി കൃതി തെരെഞ്ഞെടുത്തത്? ‘മൂലധനം’ എന്ന പുസ്തകത്തിന്റെ കാര്യത്തിലും നമ്മളിതാണ് ചെയ്യുന്നത്. നേരെ മറിച്ച് പുസ്തകത്തിന്റെ ആഖ്യാനരീതിയെ അതുപോലെ പിന്തുടരുന്ന മറ്റൊരു തരം വായനയും നിലവിലുണ്ട്. ഇതാണ് ‘നിഷ്കളങ്കമായ വായന’. പക്ഷേ നിഷ്കളങ്കമായ വായനയ്ക്ക് ‘അറിവിന്റെ ചരിത്രത്തിൽ നമ്മൾ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം, ഏതു സ്ഥലമാണ് കൈയാളുന്നതെന്നു’ പറഞ്ഞു തരാൻ കഴിയില്ല. അതുകൊണ്ട് നിഷ്കളങ്കമായ വായനയ്ക്കു നേരെ വിപരീതമാണ് തത്ത്വചിന്താപരമായ വായന. ‘എന്താണ് ഇതിലുള്ളത് ഇത്ര വായിക്കാൻ’ എന്ന വെറും നിഷ്കളങ്കചോദ്യം ചോദിച്ചുകൊണ്ട്, നിഷ്കളങ്കമായ വായനയുടെ മുഖം മൂടി പിച്ചിച്ചീന്തുന്നത് ഈ പറഞ്ഞ തത്ത്വചിന്താപരമായ വായനയാണെന്ന് പറയുന്നത് അൽത്തൂസറാണ് ( from capital to Marx's philosophy, reading capital)

ഹോരസ്സിനെ ഓർമ്മിച്ചുകൊണ്ടാണല്ലോ തുടങ്ങിയത്. പിന്നെയും അവിടെ തന്നെ വരുന്നു. ആരാണ് ക്ലാസിക്കുകൾ നിർമ്മിക്കുന്നത്?

Roland Barth - The Pleasure of the Text
J M Coetzee - Stranger Shores
Colin Wilson -The Craft of the Novel
Ed. Julian Wolfreys - Readings - Act of close reading in literary theory
Susan Sontag - Where the stress falls

ചിത്രം : മാധ്യമം ആഴ്ചപ്പതിപ്പ്

6 comments:

A Bystander said...

താങ്കൾ ഭാഷാന്തരമല്ല എഴുതിയതെന്നറിയാം, എന്നാലും

“the intermittence of skin flashing between two articles of clothing, it is this flash itself which seduces or rather the staging of an appearance”

ഈവരികളുടെ താത്പര്യം നിശ്ഛയമായും ഇങ്ങനെയല്ലല്ലോ വെള്ളെഴുത്തേ,

“മനുഷ്യശരീരത്തിലെ ലൈംഗികചോദകമായ ഭാഗങ്ങൾ, വസ്ത്രം മൂടാതെ വിടുന്ന സ്ഥലങ്ങളായിരിക്കുന്നതു പോലെ” !!!

പോരാത്തതിന്,
“കഥയുടെ അവസാനം അറിയാനുള്ള ആഗ്രഹം, ഫലത്തിൽ ലൈംഗികാവയവത്തെ കാണാനുള്ള ആഗ്രഹം തന്നെയാണ്”
എന്നൊരു താങ്ങും....
ഉച്ചപ്പടത്തിന് 'ബിറ്റ്' കാണാൻ കേറുന്നവനാണോ വായനക്കാരൻ?
ഒന്നുകൂടി ആലോചിക്കുമല്ലോ.

****

അദ്ധ്യാത്മരാമായണം, കൂട്ടുകൃഷി, അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക്, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഭഗവാൻ കാലുമാറുന്നു, ക്രിസ്തുവിന്റെ ആറാം തിരുമുറിവ്...ഇവയുടെയൊക്കെ അർത്ഥം എന്താണ്? അവ രചിക്കപ്പെട്ടത് എന്തിനു വേണ്ടിയാണ്? കഠിനമായി ചിന്തിക്കൂ..

അദ്ധ്യാത്മരാമായണം ബാലൻസ് ചെയ്യുന്നില്ലല്ലോ. കൂട്ടുകൃഷിക്ക് ഒരു റോളുമില്ല..വെറുതേ വയ്ക്കോൽ ചവക്കുന്നതുപോലെയിരിക്കും. സാമൂഹ്യപാഠത്തിലെ ഒരു ഫുട്നോട്ടെന്നതിൽപരം ഒരു പ്രാധാന്യവും അടുക്കളയ്ക്കില്ലെന്നാണെന്റെ തോന്നൽ. പിന്നെ മറ്റേമൂന്നെണ്ണം- വെറും ചലമ്പൽ വാചകങ്ങളും, പ്രോസീനിയം വേദിയുടെ പഴഞ്ചൻ ചിട്ടക്കൊത്ത രംഗപാഠവും (അതും സംശയം) മാത്രമുള്ള വെറും തകരച്ചെടികളല്ലേ ഇവ? രചിതപാഠമെന്നനിലയിൽ ആരെങ്കിലും ഈ സൈസ് ചരക്കുകളെ സമീപിക്കുമോ?

എന്നാൽ താങ്കൾ പറഞ്ഞതുപോലെ കഠിനമായി ചിന്തിക്കേണ്ട ഒരുസംഗതിയൂണ്ട്:

കൈത്തഴക്കമുള്ള കവി എന്തിനാ ഭക്തിപ്രസ്ഥാനത്തിന്റെ ചാണകത്തൊഴുത്തിൽപോയിക്കിടന്നത്? കൾസടിച്ച് ലവലായതിനാലായിരിക്കുമോ എന്തോ.
ഇന്നിപ്പോ പാരായണമെന്നവാക്കുപോലും സവർണബിംബകൽപനയായിമാറിയിരിക്കുന്നു.

രണ്ടെണ്ണംവിട്ടിട്ട് പോയി "നിന്റെ വാപ്പയോട് മതപരമായി ഷംഷാരിക്കണം" എന്ന് പറയുന്ന ബഷീറിന്റെ കഥാപാത്രത്തെപ്പോലെ, നമ്മൾ വായനക്കാർ എടപെടണം..

Calicocentric കാലിക്കോസെന്‍ട്രിക് said...

“the intermittence of skin flashing between two articles of clothing, it is this flash itself which seduces or rather the staging of an appearance”
എന്നത് അസംബന്ധമാണെന്നു മനസ്സിലാക്കാന്‍ കഴിയാതെ ബാര്‍ത്തിനെക്കുറിച്ച് എങ്ങനെ പറയും?
ലീലാവതിയെപ്പോലുള്ള plagiarists ഇവരെക്കുറിച്ചുള്ള കൊച്ചുപുസ്തകങ്ങള്‍ സംസ്കൃതത്തിലേക്കു പരിഭാഷിച്ചതു വായിച്ചോ? (ബാര്‍‌ത്തിനെപ്പറ്റി Culler എഴുതിയ(?) Fontana Masters ശ്രീമതി പരിഭാഷിച്ചത് പത്തുപന്ത്രണ്ടു കൊല്ലം മുമ്പ് സ്വന്തം കൃതിയായി ഭാഷാപോഷിണിയില്‍ വന്നിരുന്നു)
മുകളിലെ ഉദ്ധരണി കാര്യപ്പെട്ട ഭാഗം വിട്ടുപോയതിനാല്‍ അസംബന്ധമാണെന്നു മനസ്സിലാക്കാന്‍ ബാര്‍ത്തിനെ അറിയേണ്ട. അത്യാവശ്യം ഭാഷാജ്ഞാനം മതി. പക്ഷേ ബാര്‍ത്തിനെ വായിക്കാന്‍ സാമാന്യം നല്ല ഇംഗ്ലീഷ് പരിജ്ഞാനവും പിന്നെ വേറെ പലതും വേണം.
this is gravely symptomatic
അത്രയേ പറയാനാവൂ.

വെള്ളെഴുത്ത് said...

വരികൾ വിവർത്തനം ചെയ്തതല്ല, അതിനുമുൻപുണ്ടായിരുന്ന ആശയം (ഞാൻ മനസ്സിലാക്കിയത്)വിശദീകരിച്ചതാണ് അതിന്റെ തുടർച്ചയായി വന്ന വരികൾ എഴുതിയിട്ടെന്നുമാത്രം.. (ആശയക്കുഴപ്പം കാരണം തന്നെയാണ്, അതിംഗ്ലീഷിൽ എഴുതിയത്!) ബ്രാക്കറ്റുകളിട്ട് ഹൈപ്പർ ടെക്സ്റ്റു രീതിയിൽ മുറിച്ചെഴുത്താണ് ‘പ്ലഷർ ഓഫ് ടെക്സ്റ്റിൽ‘ മുഴുവൻ. അതങ്ങനെ തന്നെ എഴുതാൻ നോക്കി......:(
കാലിക്കോ, ബാർത്തിനെ അവതരിപ്പിക്കലായിരുന്നില്ല ലക്ഷ്യം. പക്ഷേ ഇത്ര ചെറിയ പരാമർശത്തിൽ പോലും നമ്മുടെ ധാരണയ്ക്ക് പിടിതരാത്ത രീതിയിൽ, അപ്പുറം നിൽക്കുന്ന ഒരാളെപ്പറ്റി (അങ്ങനെ വരുന്നത് കൂടുതൽ ഉൾക്കൊള്ളാൻ വേണ്ട പരിസരം ഇവിടെ നിർമ്മിക്കപ്പെട്ടിട്ടില്ലാത്തതു കൊണ്ടാവാം, അടിസ്ഥാനമില്ലാത്ത മഹത്വാഘോഷങ്ങളുമാവാം.) കൂടുതൽ പേർ പറയാതിരുന്നതാണ് നമ്മുടെ പ്രശ്നം. ധാരണകൾ വിശദമാവണമെങ്കിൽ കൂടുതൽ കൂട്ടിച്ചേർക്കലുകൾ വേണം. വിമർശനത്തെ തലകുനിച്ച് ഏറ്റു വാങ്ങുന്നു, അതേ സമയം യഥാർത്ഥത്തിൽ എങ്ങനെയാണ് ഈ കോണ്ടെക്സ്റ്റിൽ ബാർത്തിനെ മനസ്സിലാക്കേണ്ടിയിരുന്നത് എന്നു(വരികൾ അർത്ഥമാക്കുന്നതെന്താണ് എന്നും) താങ്കൾ വിശദീകരിച്ചിരുന്നു എങ്കിൽ കൂടുതൽ ഉപകാരപ്രദമാവുമായിരുന്നു.

Calicocentric കാലിക്കോസെന്‍ട്രിക് said...

"staging of an appearance as disappearance"
എന്നതാണ് കാര്യം. സിദ്ധാന്തത്തെക്കുറിച്ചു പറയാന്‍ ഞാനില്ല. ഈ flashing fetishism ഇങ്ങോര്‍ വേറെയിടത്തും പറഞ്ഞുകണ്ടിട്ടുണ്ട്. French theorists ന് പതിവുള്ള വസ്തുതകളെ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു വളച്ചൊടിക്കുന്ന മട്ടില്‍‌തന്നെ. വെര്‍ട്ടര്‍ നോവലിനെ ധാരാളമായി പരാമര്‍ശിക്കുന്ന Lover's Discourse ല്‍ വെര്‍ട്ടര്‍ ചാര്‍ലറ്റിനെ ആദ്യമായി കാണുന്നത് കാറ്റില്‍ പറന്ന ഒരു തിരശ്ശീലയുടെ വിടവിലൂടെയാണെന്നു പറഞ്ഞിരിക്കുന്നു. സത്യത്തില്‍ ആ നോവലില്‍ അങ്ങനെയൊരു തിരശ്ശീല പറക്കലില്ല. Goethe യുടെ വേര്‍ഷനിലായാലും, ഫ്രാന്‍സില്‍ പ്രചരിച്ച വേര്‍ഷനിലായാലും അതിന്റെ കാര്‍ലൈല്‍ പരിഭാഷയിലായാലും.
അമേരിക്കക്കാര്‍ കാര്‍ജാലകത്തിനു നേരേ പുറം തിരിഞ്ഞ് ട്രൌസറു താഴ്ത്തി ചന്തി വലിച്ചുകാട്ടുന്ന mooning എന്ന ഏര്‍പ്പാടുകൊണ്ട് ഇദ്ദേഹത്തിന്റെ ഈ ഫെറ്റിഷിന് ഒരു parody നല്കും.

A Bystander said...

വെർട്ടറെ വെറും വെർതറാക്കിയ മറ്റൊരു വേർഷനുണ്ട്.... ഇ.എം.ജെ.വെണ്ണിയൂർ എന്നൊരു പഴയകക്ഷിയുടെ വിവർത്തനം -"വെർതറുടെ ദു:ഖങ്ങൾ” ഇനി അതിലെങ്ങാനുമുണ്ടോ ഈ ശീലമാറ്റം? :)

Calicocentric കാലിക്കോസെന്‍ട്രിക് said...

പേരുകേട്ടിട്ട് Sorrows of Young Werther എന്ന Carlyle പരിഭാഷയാവണം അദ്ദേഹം മലയാളീകരിച്ചത്. Sorrows അല്ല ക്രിസ്തുവിനെ ഓര്‍‌മ്മിപ്പിക്കുന്ന Sufferings ആണ് ശരിയെന്നാണ് പില്‍ക്കാല പരിഭാഷ പറയുന്നത്. വെണ്ണിയൂര്‍ വലിയ ഭാഗങ്ങള്‍ മുറിച്ചു കളഞ്ഞിട്ടുണ്ടാണ് എന്നാണ് ഓര്‍മ്മ. ചാര്‍ലോട്ടീ എന്ന വിളി ഉണ്ടാക്കിയ disgust ആണ് കാര്യമായ ഓര്‍മ്മ.