April 14, 2010

ഗാനലോകവീഥിയിലെ ആട്ടിടയർ
പാടാനുള്ള കഴിവാണ്, പി എസ് വാര്യരുടെ നാടകസംഘത്തിലെ അംഗമായിരുന്ന കെ കെ അരൂരിനെ (കെ കുഞ്ചുപിള്ളയെ) ബാലൻ എന്ന ആദ്യത്തെ സംസാരിക്കുന്ന മലയാള ചിത്രത്തിലെ നായകനാക്കിയത്. നായിക എം കെ കമലവും സബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതരുടെ സഹോദരൻ ആലപ്പി വിൻസന്റും ഉൾപ്പടെ നടീനടന്മാർ ഏറിയകൂറും അതിൽ പാട്ടുകാരായിരുന്നു. അവർ അതിൽ പാടിക്കൊണ്ട് അഭിനയിച്ചു. എല്ലാ അർത്ഥത്തിലും റിയാലിറ്റി ഷോ. ജ്ഞാനാംബികയിലും പ്രഹ്ലാദയിലും ഷൂട്ടിംഗ് പൂർത്തിയാവാത്ത ഭൂതരായറിലും വാദ്യസംഘം പാട്ടുകാരോടൊപ്പം നടന്നുകൊണ്ടാണ് ഗാനചിത്രീകരണരംഗങ്ങൾ കൊഴുപ്പിക്കാൻ യത്നിച്ചത്. എന്തായിരുന്നിരിക്കും അക്കാലത്തെ ബുദ്ധിമുട്ടുകൾ ! പ്ലേ ബാക്ക് എന്ന സാങ്കേതിക വിപ്ലവം മലയാളത്തിലേയ്ക്ക് കടന്നുവന്നത് പിന്നെയും പത്തു വർഷം കഴിഞ്ഞാണ്. പി വി കൃഷ്ണയ്യർ സംവിധാനം ചെയ്ത നിർമ്മലയിലൂടെ ആ മഹാദ്ഭുതം മലയാളത്തിൽ യാഥാർത്ഥ്യമായി. ജി ശങ്കരക്കുറുപ്പാണ് നിർമ്മലയിലെ പാട്ടുകൾ എഴുതിയത്. പി എസ് ദിവാകറും ഇ കെ വാര്യരും കൂടി അവയ്ക്ക് ഈണം നൽകി. നിർമ്മലയിൽ ആദ്യം റിക്കോഡ് ചെയ്തത് ‘കരുണാകരപീതാംബര’ എന്നു തുടങ്ങുന്ന ഒരു ഗാനമാണ്. പാടിയത് സി. സരോജിനി. സിനിമയിലെ ആൺ ഗായകസ്വരത്തിന്റെ ഉടമ, ടി കെ ഗോവിന്ദറാവുവും സരോജിനിയും ആദ്യസിനിമയ്ക്കു ശേഷം പിന്നണിഗാനം നിർത്തിയിരിക്കാനാണിട. സിനിമയിലെ മറ്റൊരു ഗായിക പി ലീല പക്ഷേ ഒരു കാലഘട്ടം മുഴുവൻ നിറഞ്ഞു നിന്ന ശബ്ദമായി. തുടക്കത്തിൽ തന്നെ മലയാലഗാനലോക വീഥി രണ്ടു കൈവഴികൾ തുറന്നിട്ടു എന്നർത്ഥം. രക്ഷപ്പെടാനൊരു വഴി, പാദമുദ്രകൾ പോലും അവശേഷിപ്പിക്കാതെ നടന്നുപോയി നിഴലിൽ മറയാൻ മറ്റൊരു വഴി.

1962 - ലാണ് യേശുദാസ് ആദ്യം ഒറ്റയ്ക്കു പാടിയ ‘കാൽ‌പ്പാടുകൾ’ എന്ന സിനിമ പുറത്തു വരുന്നത്. എം ബി ശ്രീനിവാസനായിരുന്നു അതിലെ സംഗീത സംവിധായകൻ. ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന നാരായണഗുരുശ്ലോകമാണ് അദ്ദേഹം ആദ്യം പാടിയതെങ്കിലും പി ഭാസ്കരൻ എഴുതിയ ‘അറ്റൻഷൻ പെണ്ണേ..’ എന്ന ഹാസ്യഗാനവും( ശാന്താ പി നായരോടൊപ്പം) ‘പണ്ടുത്തര ഹിന്ദുസ്ഥാനിൽ’ എന്നു തുടങ്ങുന്ന ചണ്ഡാലഭിക്ഷുകിയിലെ വരികളും യേശുദാസ് ആ സിനിമയിൽ ആലപിച്ചിട്ടുണ്ട്. അന്നു തൊട്ട് നമ്മുടെ മാനകശബ്ദം ഏതാണെന്നതിന് മലയാളിയ്ക്ക് ആലോചിച്ചു നിൽക്കേണ്ടി വന്നിട്ടില്ല. വൈറ്റ് ഹെഡ് പ്ലേറ്റോയെക്കുറിച്ചു പറഞ്ഞതുപോലെ പിന്നീട് നമ്മുടെ ഗായകശബ്ദങ്ങളുടെയെല്ലാം ഉരകല്ല് യേശുദാസിന്റെ നാദമായി. മറ്റു പുരുഷശബ്ദങ്ങൾ അടിക്കുറിപ്പുകൾ മാത്രമായി. പി പി രാമചന്ദ്രന്റെ ഭാഷയിൽ “മലയാളിയുടെ സൌ‌മ്യകാമുകശബ്ദം..” പക്ഷേ ചലച്ചിത്ര പിന്നണിഗാനത്തിന്റെ തുടക്കത്തിൽ തന്നെ കണ്ടതുപോലെ ചിലർ കാലത്തിന്റെ കുത്തൊഴുക്കിൽ പിടിച്ചു നിന്നു. കാരണമെന്തായാലും കൂടുതൽ പേരും കൊഴിഞ്ഞുപോയി. സർവതും ആഗിരണം ചെയ്തൊഴുകിയ യേശുദാസിന്റെ 45 വർഷത്തോളം നീണ്ട സ്വരകാകളിയ്ക്കിടയിൽ വേറിട്ട ശബ്ദങ്ങൾ പലതും തിളങ്ങി മിന്നിപ്പൊലിഞ്ഞ് പോയിട്ടുണ്ട്. (ജാനകിയുടെയും സുശീലയുടെയും ശബ്ദങ്ങളും യേശുദാസിനോളം വരികയില്ലെങ്കിലും മലയാളിയുടെ സ്വരഭാവുകത്വത്തെ നന്നായി തന്നെ സ്വാധീനിച്ചിട്ടുണ്ട്) പലരെയും പലപ്പോഴായി നമ്മൾ മറന്നു. അപൂർവം ചിലർ വീണ്ടും ഓർമ്മിക്കപ്പെട്ടു. അവരുടെ എണ്ണം അത്ര നിസ്സാരമല്ല. കെ പി ഉദയഭാനു, കമുകറ പുരുഷോത്തമൻ, പി ലീല, യേശുദാസ്, പി ജയചന്ദ്രൻ, സുശീല, ജാനകി, വാണിജയറാം, മാധുരി തലമുറയിൽ നിന്ന് ചിത്ര, എം ജി ശ്രീകുമാർ, ജി വേണുഗോപാൽ, ഉണ്ണിമേനോൻ, ജാസിഗിഫ്റ്റ്, വിധുപ്രതാപ്, മധുബാലകൃഷ്ണൻ, ജീമോൻ, രഞ്ജിത്ത്, കാർത്തിക്, മിന്മിനി, മഞ്ജരി, ഗായത്രി, ശ്വേത..................... തുടങ്ങിയ പുതുനിരയ്ക്കിടയിലുള്ള ഒരു കാലത്തെയാണുദ്ദേശിക്കുന്നത്.

രണ്ടാമത്തെ ശബ്ദചിത്രമായ ജ്ഞാനാംബികയിലെ (1940) പ്രധാനപാട്ടുകാർ എന്നുവച്ചാൽ നടീ നടന്മാർ സബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞുഭാഗവതരും കെ കെ അരൂരും മാവേലിക്കര പൊന്നമ്മയും സി കെ രാജവുമായിരുന്നു. ജയരാമ അയ്യരുടെ സംഗീതത്തിൽ ഭാഗവതർ പാടിയ ‘കഥയിതു കേൾക്കാൻ സഹജരേ വാ... ’ എന്ന ഗാനം കൂട്ടത്തിൽ പ്രസിദ്ധമാണ്. പക്ഷേ അദ്ദേഹത്തെ പെട്ടെന്ന് ഓർമ്മയിലെത്തിക്കുന്നത് ‘ജീവിതനൌക’(1951)യിലെ ‘ആനത്തലയോളം വെണ്ണതരാമെടാ ആനന്ദശ്രീകൃഷ്ണാ വാമുറുക്ക്..’ ‘എന്ന ഗാനമാണ്. ഭാഗവതരും മകൾ പുഷ്പവും ചേർന്നാണ് ആ ഗാനം പാടിയിരിക്കുന്നത്. നവലോകം എന്ന സിനിമയിൽ പുഷ്പം പാടിയ ‘കറുത്തപെണ്ണേ കരിങ്കുഴലീ’ എന്ന നാടൻ പാട്ട് ഉൾപ്പെടുത്തിയിട്ടുണ്ട്. ഉദയാസ്റ്റുഡിയോയുടെ ആദ്യ ചിത്രം വെള്ളിനക്ഷത്രം, നല്ലതങ്ക, ചിദംബരനാഥ് സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ച സ്ത്രീ, ശശിധരൻ, ചേച്ചി, ലളിതപദ്മിനി രാഗിണിമാർ (തിരുവിതാംകൂർ സഹോദരിമാർ) ആദ്യമായി മുഖം കാണിച്ച പ്രസന്ന, പി ഭാസ്കരൻ ഗാനരചയിതാവായി രംഗപ്രവേശം ചെയ്ത ചന്ദ്രിക എന്നീ ചിത്രങ്ങളാണ് തുടർന്ന് വരുന്നത്. യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫ് പാടി അഭിനയിച്ചിട്ടുണ്ട് നല്ലതങ്കയിൽ. വക്കം മണിയാണ് അതിലെ മറ്റൊരുപാട്ടുകാരൻ. ‘ഇമ്പമേറും ഈണത്തിൽ ആമ്പലമ്പിളിയെ നോക്കാൻ’ എന്ന മനോഹരമായ ഗാനം പി ലീലയുമായി ചേർന്ന് അദ്ദേഹം പാടിയിട്ടുള്ളത് ആ സിനിമയിലാണ്.

1952 ലിറങ്ങിയ ആത്മശാന്തി എന്ന ചിത്രത്തിൽ പി കോമള പാടിയിട്ടുണ്ട്. അഭയദേവ്- ടി ആർ പാപ്പ ടീമാണ് അതിൽ ഗാനങ്ങൾ തീർത്തത്. പോർട്ടർ കുഞ്ഞാലിയിലെ ‘കട്ടുറുമ്പിന്റെ കാതുകുത്ത്’കോമളയുടെ പ്രസിദ്ധമായ ബാബുരാജ് ഗാനമാണ്. കുട്ടിക്കുപ്പായത്തിലെ ‘വെളുക്കുമ്പോൾ കുളിക്കുവാൻ..’ , ലൈലമജ്നുവിലെ ‘കൂട്ടിനിളം കിളി, കണ്ടാൽ നല്ലൊരു..’ തുടങ്ങുന്ന ഗാനങ്ങളിൽ ശാന്താ പി നായർ, പി ലീല എന്നിവരോടൊപ്പം കോമളയുടെ ശബ്ദവുമുണ്ട്. യേശുദാസിനെ ആദ്യകാലത്ത് ശക്തമായി വിമർശിച്ച ഗായിക, കവിയൂർ രേവമ്മ ‘അച്ഛൻ’ എന്ന സിനിമയിൽ ‘ദൈവമേ കരുണസാഗരമേ’ എന്ന ഒരു ഗാനം കോഴിക്കോട് അബ്ദുൾ ഖാദറിനൊപ്പം പാടിയിട്ടുണ്ട്. പി എസ് ദിവാകറായിരുന്നു ചിത്രത്തിന്റെ സംഗീതസംവിധായകൻ ‘ചേച്ചി’യെന്ന ചിത്രത്തിലെ ആശ തകരുകയോ’ എന്ന ഗാനമാണ് രേവമ്മ പാടിയ മറ്റൊന്ന്. മുടിയനായ പുത്രനിലെ ‘മയിലാടും മല മാമല’ ബാബുരാജ്, രേവമ്മയെക്കൊണ്ടാണ് പാടിച്ചത്. ബാബുരാജിന്റെ ആദ്യചിത്രമായ ‘മിന്നാമിനുങ്ങിൽ’ ‘ആരു ചൊല്ലിടും’ എന്ന ഗാനം പാടിയത് മച്ചാട്ടു വാസന്തിയും മീനാ സുലോചനയും ചേർന്നാണ്. അമ്മു (കുഞ്ഞിപ്പെണ്ണിന് - ജാനകിയോടൊപ്പം) കുട്യേടത്തി ( ചിത്രലേഖ പ്രിയംവദ- ലീലയോടൊപ്പം) ഓളവും തീരവും (മാരൻ തന്നത് - യേശുദാസിനോടൊപ്പം) തുടങ്ങിയ ചിത്രങ്ങളിലും വാസന്തി പാടിയിരുന്നു. സുബൈദയിലെ ‘ഒരു കുടുക്ക പൊന്നുതരാം’ എന്ന സുപ്രസിദ്ധഗാനത്തിൽ എൽ ആർ ഈശ്വരിയെയും സഹോദരിയായ എൽ ആർ അഞ്ജലിയെയും ബാബുരാജ് ഒന്നിച്ചു പാടിച്ചിട്ടുണ്ട്. എൽ ആർ ഈശ്വരിയ്ക്കൊപ്പം ഗാനങ്ങൾ മലയാളത്തിൽ ലഭിച്ചില്ല അഞ്ജലിയ്ക്ക്. വേനലിൽ ഒരു മഴയിലെ ‘അയല പൊരിച്ചതുണ്ട് കരിമീൻ വറുത്തതുണ്ട്..’ ആണ് ഈശ്വരിയുടെ ഒരു ജനപ്രിയഗാനം.

എം എൽ വസന്തകുമാരിയും (കൂടപ്പിറപ്പ്, കാഞ്ചന, പ്രസന്ന, ആശാദീപം) ശാന്താ പി നായരും (തിരമാല, നീലക്കുയിൽ, അനിയത്തി, ന്യൂസ്പേപ്പർ ബോയ്, ഹരിശ്ചന്ദ്ര) ബി വസന്തയും (അനാർക്കലി, കള്ളിപ്പെണ്ണ്, കായംകുളം കൊച്ചുണ്ണി, കാട്ടുമല്ലിക, തറവാട്ടമ്മ, കറുത്തരാത്രികൾ, അശ്വമേധം) രേണുകയും (മണവാട്ടി, ലില്ലി, തറവാട്ടമ്മ, അർച്ചന) അമ്പിളിയും (നഗരം സാഗരം, ശബരിമല ശ്രീ ധർമ്മശാസ്താവ്, പഞ്ചവടി, പാവങ്ങൾ പെണ്ണുങ്ങൾ, കാമം ക്രോധം മോഹം, മണിയറ) താരത‌മ്യേന കൂടുതല്‍ ചിത്രങ്ങളിൽ പിന്നണിഗാനം പാടിയവരാണ്. ഒന്നോരണ്ടോ സിനിമകളിൽ മാത്രം പാടി അരങ്ങൊഴിഞ്ഞ ഗായികമാരും കൂട്ടത്തിലുണ്ട്. സി എസ് രാധാദേവി (മന്ത്രവാദി) വസന്ത ഗോപാലകൃഷ്ണൻ (ചതുരംഗം) കോട്ടയം ശാന്ത (ഡോക്ടർ) ശൂലമംഗലം രാജലക്ഷ്മി (മുതലാളി) കമല (ലൌ ഇൻ കേരള, വിദ്യാർത്ഥി) മഹാലക്ഷ്മി (ലൌ ഇൻ കേരള) അരുണ (പിഞ്ചുഹൃദയം, മുത്തശ്ശി) കൌസല്യ (ശരവർഷം, പുഴയൊഴുകും വഴി) തങ്കം തമ്പി (മിന്നുന്നതെല്ലാം പൊന്നല്ല, അമ്മു) പി തങ്കം (ഖദീജ) സുശീലാദേവി (സ്വർണ്ണമത്സ്യം) ജെൻസി ( ചൂള, ഹർഷബാഷ്പം, വേഴാമ്പൽ)... നിര വലുതാണ്. പലർക്കും ഒറ്റയ്ക്ക് പാടാൻ അവസരം പോലും ലഭിച്ചില്ല. കൂട്ടത്തിലോ യുഗ്മമോ പാടി അവസാനിച്ചുപോയ ഗായികാജന്മങ്ങളാണ് കൂടുതലും. പിൽക്കാലത്ത് അവരുടെ പാട്ട് മറ്റാരുടേയെങ്കിലും പേരിൽ അറിയപ്പെടുകയും ചെയ്തു. ചിലമ്പിലെ ‘താരും ' ശ്രീകൃഷ്ണപരുന്തിലെ ‘നിലാവിന്റെ തേന്മാവിൽ’ അമരത്തിലെ ‘പുലരെ പൂങ്കോടിയിൽ’ കാതോടു കാതോരത്തിലെ ‘കാതോടു കാതോരം, നീ എൻ സർഗ സൌന്ദര്യമേ..’തുടങ്ങിയ പാട്ടുകൾ പാടിയ ലതികയുടെ ഗാനങ്ങൾ പലപ്പൊഴും എസ് ജാനകിയുടെയോ ചിത്രയുടേയോ സമാഹാരങ്ങളുടെ കൂടെയാണ് എഴുതി ചേർക്കപ്പെടുന്നത്. ‘കാനകപ്പെണ്ണ് ചമ്മരത്തി’ പാടിയ ഉഷാരവിയുടെ പേര് തമ്പിനു പുറമേ ഡിക്ടറ്റീവ് 909 കേരളത്തിൽ,ആഗമനം, ആമ്പൽ‌പ്പൂവ്, അരിക്കാരി അമ്മു, മഞ്ഞ്, വേനൽ തുടങ്ങിയ സിനിമകളുടെ ക്രെഡിറ്റുകളിലും ഉണ്ട്. തുലാവർഷം, തോമാസ്ലീഹ, കാമലോല, ഒഴുക്കിനെതിരെ, അഗ്നിപുഷ്പം, ഇനിയവർ ഉറങ്ങട്ടെ, ഓണപുടവ, സൌന്ദര്യം, വ്യാമോഹം, ഉൾക്കടൽ, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, യവനിക തുടങ്ങിയവയാണ് സെൽമാ ജോർജ്ജിന്റെ പ്രധാനചിത്രങ്ങൾ.

1977 -ൽ ഇറങ്ങിയ ‘സുജാത’ പിന്നണിഗാനചരിത്രത്തിൽ പ്രത്യേക അധ്യായം എഴുതിച്ചേർത്ത ചലച്ചിത്രമാണ്. ഹിന്ദിയിലെ പ്രസിദ്ധരായ രണ്ടു ഗായികമാർ ആ ചിത്രത്തിൽ പാടി. ‘ ആശ്രിതവത്സലനേ കൃഷ്ണാ..’എന്ന ഗാനം ഹേമലതയും ‘സ്വയം വര ശുഭദിനമംഗളങ്ങൾ..’ ആശാഭോൺസ്ലേയും. രവീന്ദ്രജയിനായിരുന്നു ചിത്രത്തിന്റെ സംഗീതസംവിധായകൻ. സലിൻ ചൌധരിയുടെ സംഗീതത്തിൽ ലതാമങ്കേഷ്കർ പാടിയ 'കദളി ചെങ്കദളി..’ (നെല്ല്) സുവിദിതമായ ഗാനമാണ്. മിസ്റ്റർ സുന്ദരി എന്ന സിനിമയിൽ യശോദരയോടൊപ്പം ‘മാൻപേട ഞാനൊരു മാൻപേട, എന്നൊരു ഗാനം കൂടി പാടിയിട്ടുണ്ട് ഹേമലത. ബാബുരാജ് ഈണം നൽകിയ രണ്ടുഗാനങ്ങൾ (‘സാഗരകന്യക’, ‘മൂകമാം അധരം’ ) മഹേന്ദ്ര കപൂർ ‘പ്രിയ’ സിനിമയ്ക്കുവേണ്ടി ആലപിച്ചിട്ടുണ്ട്. തളിരിട്ട കിനാക്കളിൽ ജിതിൻ ശ്യാമിന്റെ സംവിധാനത്തിൽ മുഹമ്മദ് റാഫി പാടിയ ‘ഷബാബ് ലേക്കെ’ എന്ന ഹിന്ദി ഗാനം, അയോധ്യയിലെ ‘എ ബി സി ഡി ചേട്ടൻ കെഡി അനിയനു പേടി’ എന്ന കിഷോർകുമാർ ഗാനം, മന്നാഡേയുടെ ‘മാനസമൈനേ വരൂ’ (ചെമ്മീൻ) ചെമ്പാ ചെമ്പാ (നെല്ല്) എന്നീ ഗാനങ്ങൾ. ദ്വീപിൽ ബാബുരാജിന്റെ ഈണത്തിൽ തലത്ത് മെഹ്‌മൂദ് പാടിയ 'കടലേ നീലക്കടലേ...' ഉത്തരേന്ത്യൻ ഗായകരെ വച്ച് മലയാളം നടത്തിയ പരീക്ഷണങ്ങൾ ഒരു ഘട്ടത്തോടെ അവസാനിച്ചുപോയതല്ല. അതിനു തുടർച്ചയുണ്ട്. ഈ വർഷത്തെ വിഷു റിലീസായ പാപ്പിയിലും അപ്പച്ചനിലും ഉദിത് നാരായണൻ പാടുന്നുണ്ട്.

കാട്ടുതുളസിയിലെ ‘തിന്താരെ തിന്താരേ’യും അമ്മുവിലെ ‘തേടുന്നതാരെ’ യും സുബൈദയിലെ ‘പൊട്ടിതകർന്ന കിനാവിന്റെ മയ്യത്തും’ മൂടുപടത്തിലെ ‘മൈലാഞ്ചി തോപ്പിലും..’ പാടിയത് സംവിധായകനായ മുഹമ്മദ് സബീർ ബാബുരാജു തന്നെ. ഉമ്മിണിത്തങ്കയിലും ജ്ഞാനസുന്ദരിയിലും ശ്രീ ഗുരുവായൂരപ്പനിലും സ്വന്തം സംഗീതത്തിന് ദക്ഷിണാമൂർത്തിയും നാദരൂപം നൽകിയിട്ടുണ്ട്. പിന്നണിഗായകരായ സംഗീതസംവിധായകരുടെ കൂടെ ഉൾപ്പെടുത്തേണ്ട മറ്റൊരു പേര്, മലയാളത്തിലെ ന്യൂറിയലിസത്തിന്റെ സദ്ഫലങ്ങളിലൊന്നായ ന്യൂസ്പേപ്പർ ബോയിയിൽ ‘പഴയയുഗങ്ങൾ പണിതൊരു വഴിയിൽ..’ എന്ന നാടകാവതരണഗാനരീതിയിലുള്ള പാട്ട് പാടിയ വിജയനാണ്. വിജയനും രാമചന്ദ്രനും ചേർന്നാണ് ആ ചിത്രത്തിൽ സംഗീതം നിർവഹിച്ചിരുന്നത്. ദേവത, അനാർക്കലി, ഗാനം, അദ്ധ്യായം, പൂജക്കെടുക്കാത്ത പൂക്കൾ, സന്ധ്യയ്ക്കെന്തിനു സിന്ദൂരം, കാവേരി, ഇന്ദുലേഖ, സ്വാതിതിരുന്നാൾ തുടങ്ങിയ ചിത്രങ്ങളിൽ ബാലമുരളീകൃഷ്ണ പാടി. 1955 മുതൽ 1980 വരെയുള്ള കാലഘട്ടത്തിൽ പി ബി ശ്രീനിവാസ് മലയാളത്തിനു നൽകിയ ഗാനങ്ങൾ പലതും മികച്ചവയാണ്. (ഇണക്കുയിലേ..ഇണക്കുയിലേ - കാട്ടുതുളസി, മാമലകൾക്കപ്പുറത്ത് - നിണമണിഞ്ഞകാൽ‌പ്പാടുകൾ, കരളിൻ കണ്ണീർ - ബാല്യകാലസഖി) 1990 ലിറങ്ങിയ ജെസിയുടെ പുറപ്പാട് എന്ന സിനിമയിലും അദ്ദേഹത്തിന്റെ ഒരു ഗാനം ഉൾപ്പെടുത്തിയിട്ടുണ്ട്. ‘ദൂരെ ദൂരെ..’. പി എസ് ദിവാകറിന്റെ സംഗീതത്തിൽ അച്ഛനിലെ (1952) ഒരു ഗാനം പാടിക്കൊണ്ടാണ് എ എം രാജ മലയാളത്തിലേയ്ക്ക് വരുന്നത്. എഴുപതുകളിൽ രാജ വളരെക്കുറച്ചുമാത്രമേ മലയാളത്തിൽ പാടിയിട്ടുള്ളൂ. എങ്കിലും ഭാര്യയിലെ ‘പെരിയാറേ..’, അടിമകളിലെ ‘താഴമ്പൂ മണമുള്ള..’ ഉണ്ണിയാർച്ചയിലെ ‘അന്നു നിന്നെ കണ്ടതിൽ പിന്നെ..’ പാലാട്ടു കോമനിലെ ‘ചന്ദനപ്പല്ലക്കിൽ...’റബേക്കയിലെ ‘കിളിവാതിലിൽ മുട്ടി വിളിച്ചത്..’ ലോറാ നീ എവിടെയിലെ ‘ കിഴക്കെ മലയിലെ വെണ്ണിലാവൊരു കൃസ്ത്യാനിപ്പെണ്ണ്..’ കുപ്പിവളയിലെ ‘കണ്മണി നീയെൻ കരം പിടിച്ചാൽ..’ തുടങ്ങിയ ഗാനങ്ങൾ തീർത്തും ഗൃഹാതുരമാണ്. നീലക്കുയിലിലെ ‘എങ്ങനെ നീ മറക്കും കുയിലേ’ ആണ് കോഴിക്കോട് അബ്ദുൾ ഖാദറെ ഗാനലോകത്ത് അവിസ്മരണീയനാക്കിയതെങ്കിലും ഒരുക്കൂട്ടം നല്ല ഗാനങ്ങൾ അദ്ദേഹം മലയാളത്തിനു സമ്മാനിച്ചിട്ടുണ്ട്. തിരമാലയിൽ ശാന്താ പി നായരോടൊപ്പം പാടിയ ‘ഹേ കളിയോടമേ, നവലോകത്തിലെ ‘പരിതാപമിതേ..’ മാണിക്യക്കൊട്ടാരത്തിലെ ‘നക്ഷത്രപുണ്ണുകൾ ആയിരം’തുടങ്ങിയവ. അനിയത്തി, മിന്നാമിനുങ്ങ്, പുള്ളിമാൻ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു സിനിമകൾ. ഇതിനിടയ്ക്ക് ബ്രദർ ലക്ഷ്മണന്റെ സംഗീതത്തിൽ ‘അനിയത്തി’യിൽ ‘ബഹു ബഹു സുഖമാം’ എന്ന ഒരു ഗാനം പാടി അപ്രത്യക്ഷനാവുന്ന ഒരു ഗായകനുണ്ട്. പേര് കൊച്ചിൻ അബ്ദുൾഖാദർ.

മെഹബൂബിനെ ജനപ്രിയനാക്കുന്ന ഒരുപാട് ഗാനങ്ങളുണ്ട്. ജീവിതനൌകയിൽ ‘സുഹാനി രാത്തി’ന്റെ ഈണത്തിൽ ‘അകാലേ ആരും കൈവിടും’ (സംഗീതം ദക്ഷിണാമൂർത്തി) എന്ന ഗാനത്തിനൊപ്പം തോർന്നീടുമോ കണ്ണീർ എന്ന ശോകഗാനവും അദ്ദേഹം പാടി. പക്ഷേ പിന്നീട് ഹാസ്യരസപ്രധാനങ്ങളും വേഗമുള്ളവയുമായ പാട്ടുകളാണ് അദ്ദേഹത്തിന് മേൽച്ചാർത്തായി കിട്ടിയത്. എസ് പി പിള്ളയുടെയും ബഹദൂറിന്റെയും ഗായകസ്വരമായിരുന്നു മെഹബൂബ്. അപവാദങ്ങളായി ഒന്നോ രണ്ടോ ഉണ്ടെങ്കിലും. നീലക്കുയിലിലെ ‘മാനെന്നും വിളിക്കില്ല’, രാരിച്ചൻ എന്ന പൌരനിലെ ‘പണ്ട് പണ്ട് പണ്ട് നിന്നെ കണ്ട നാളിലാ..’ നായരു പിടിച്ച പുലിവാലിലെ ‘ഹാലു പിടിച്ചൊരു പുലിയച്ചൻ..’ ‘കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം’, നീലിസാലിയിലെ ‘നയാപൈസയില്ല..’ കണ്ടം വച്ച കോട്ടിലെ ‘കണ്ടബച്ച കോട്ടാണ്..’ ഓടയിൽ നിന്നിലെ ‘ഓ റിക്ഷാവാലാ’ തുടങ്ങിയവ ഉദാഹരണങ്ങൾ. കമുകറ പുരുഷോത്തമനും കെ പി ഉദയഭാനുവും യേശുദാസിന്റെ പ്രഭാവകാലത്തിലാണ് അണിയറയിലേയ്ക്ക് നീങ്ങിയത്. 2010-ൽ താന്തോന്നിയിൽ ഉദയഭാനു വീണ്ടും പാടി. ലൈലാമജ്നുവിലെയും രമണനിലെയും ഗാനങ്ങൾ ഉദയഭാനുവിനെ ശോകഗായകരുടെ ഇടയിൽ പ്രതിഷ്ഠിച്ചിട്ടുണ്ടെങ്കിലും നായരുപിടിച്ച പുലിവാലിലെ ‘എന്തിനിത്ര പഞ്ചസാര പുഞ്ചിരിപ്പാലിൽ’ , (ഈ ഗാനം മെഹബൂബിനാണ് പലപ്പോഴും ചാർത്തിക്കൊടുത്തു കണ്ടിട്ടുള്ളത്!) കാത്തിരുന്ന നിക്കാഹിലെ ‘ പച്ചക്കരിമ്പുകൊണ്ട് പടച്ചോൻ തീർത്തൊരു പെണ്ണ്..’ തുടങ്ങിയ പാട്ടുകളിലൂടെ ശൃംഗാരവും ഹാസ്യവും തന്റെ ശബ്ദത്തിനു വഴങ്ങുന്നതാണെന്ന് ഉദയഭാനു തെളിയിച്ചതാണ്. അവയ്ക്കു തുടർച്ചയുണ്ടായില്ലെങ്കിലും. ശോകഗാനങ്ങളാണ് കമുകറയെയും മലയാളത്തിന്റെ പ്രിയഗായകനാക്കിയത്. ഭാർഗവി നിലയത്തിലെ ‘ഏകാന്തതയുടെ അപാരതീര’മാണ് അദ്ദേഹത്തെ ഓർമ്മയിൽ എടുത്തു വയ്ക്കുന്ന പാട്ട്. ഹരിശ്ചന്ദ്രയിലെ ‘ആത്മവിദ്യാലയമേ..’ തറവാട്ടമ്മയിലെ ‘മറ്റൊരു സീതയെ കാട്ടിലേയ്ക്കയക്കുന്നു..’ തുടങ്ങിയ പാട്ടുകളിൽ ശോകത്തിന്റെ ആർദ്രതയേക്കാൾ ദർശനത്തിന്റെ പാകതയാണ് ശബ്ദത്തിൽ മുന്നിട്ടു നിൽക്കുന്നത്. മൂന്നുദശാബ്ദക്കാലം അദ്ദേഹത്തിന്റെ ശബ്ദം വെള്ളിത്തിരകളിൽ നിറഞ്ഞു നിന്നു. കാലം മാറുന്നു, ബാല്യസഖി, സി ഐ ഡി, ഭക്തകുചേല, സ്നേഹദീപം , കാട്ടുമൈന തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹം പാടി. 1955 -ൽ റിലീസ് ചെയ്ത ‘കാലം മാറുന്നു’ എന്ന സിനിമയിലൂടെയാണ് ഗായികയായി കെ പി എസ് സി സുലോചനയും ഗാനരചയിതാവായി ഓ എൻ വി കുറുപ്പും ചലച്ചിത്രരംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. ചതുരംഗം, പാലാട്ട് കോമൻ, മുടിയനായ പുത്രൻ, പുതിയ ആകാശം പുതിയ ഭൂമി, ലൈലാമജ്നു, മുറപ്പെണ്ണ് തുടങ്ങിയ സിനിമകളിൽ കെ എസ് ജോർജ്ജ് പാടി. ഒറ്റയ്ക്കു പാടി തുടങ്ങിയെങ്കിലും പിന്നെ പിന്നെ കൂടുതലും കോറസ് പാടാനായിരുന്നു അദ്ദേഹത്തിനു യോഗം. രോഗമായിരുന്നിരിക്കണം അദ്ദേഹത്തിന്റെ കാര്യത്തിൽ വില്ലൻ. മയിലാടും കുന്നിലെ ‘പാപ്പി അപ്പച്ചാ’, കാവിലമ്മയിലെ ‘വാർഡു നമ്പർ ഏഴിലൊരു വല്ലാത്ത രോഗി’, എന്നിങ്ങനെയുള്ള തമാശപ്പാട്ടുകൾക്കൊപ്പം ദാഹത്തിലെ ‘പടച്ചവനുണ്ടെങ്കിൽ പടച്ചവനുണ്ടെങ്കിൽ’, കുടുംബിനിയിലെ ‘വീടിനു പൊന്മണി നീ’ ‘മധുരിക്കും ഓർമ്മകളേ..(നാടകഗാനം) തുടങ്ങിയ ഗൌരവമുള്ള പാട്ടുകളും പാടിയ ആന്റോ ജീവിതാവസാനം കോറസ് പാടിയാണ് കഴിഞ്ഞത്. ആദ്യകാലങ്ങളിൽ ആന്റോയ്ക്ക് കോറസ് പാടാൻ വന്നിരുന്നത് യേശുദാസായിരുന്നത്രേ. ‘കിഴക്കുണരും പക്ഷി’ അഭിമന്യു, ഹേ ഓട്ടോ തുടങ്ങിയ സിനിമകളിൽ യേശുദാസിന്റെ ഗാനത്തിന് ആന്റോ കോറസ്സ് പാടി. കേരളസംഗീത നാടക അക്കാദമിയുടെ ആ വർഷത്തെ അവാർഡ് വാങ്ങാൻ നിൽക്കാതെ 2001-ൽ അദ്ദേഹം മരിച്ചു.

പിന്നണിഗാനചരിത്രത്തിന്റെ ഏടുകൾ മറിച്ചാൽ അറിയപ്പെടുന്നവരേക്കാൾ ഒന്നോരണ്ടോ ഗാനങ്ങൾ പാടി അരങ്ങൊഴിഞ്ഞവരുടെ എണ്ണപ്പെരുപ്പം നമ്മെ അദ്ഭുതപ്പെടുത്താതിരിക്കില്ല. സംസ്കാരചരിത്രങ്ങളെല്ലാം മുഖമില്ലാതെ അണിയറയിൽ മറയുന്നവരുടെ സംഖ്യയും കണക്കിൽ വച്ചുകൊണ്ടായിരിക്കാം സ്വയം കനപ്പടുന്നത്.

(തീരുന്നില്ല)
സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ - കെ ശ്രീകുമാർ
ബാബുരാജ് സ്വരരാഗങ്ങളുടെ മുന്തിരിപ്പാത്രം - എഡി. ജയൻ ശിവപുരം
വയലാർകൃതികൾ
മലയാള സിനിമയുടെ കഥ - വിജയകൃഷ്ണൻ
http://www.malayalasangeetham.info

14 comments:

rskurup said...

aIts not A P Udayabhanu but its K P Udayabhanu.A P Udayabhanu was freedom fighter journalist and writer of beutiful malayalam prose
r s kurup

വെള്ളെഴുത്ത് said...

നന്ദി. അതു തിരുത്തി. ശ്രദ്ധിക്കാതെ പറ്റിയതാണ്. ഏ പിയുടെ ലേഖനങ്ങൾ പഠിച്ചതാണ്.. എട്ടാം ക്ലാസുമുതൽ. ‘ഓരോമലരിലും... കൊച്ചു ചക്കരച്ചി, ആനയും അല്പം തെലുങ്കും, രോഗവും ചികിത്സയും ആപത്തും..‘

Baiju Elikkattoor said...

നല്ല ലേഖനം. ബ്രഹ്മാനന്ദനെ പരാമര്‍ശിക്കാഞ്ഞതു കുറവായി തോന്നി.

"മാമ്പൂക്കള്‍ പൊട്ടി വിരിഞ്ഞു ഞാന്‍ ഒരു മാമ്പഴം തിന്നാന്‍ കൊതിച്ചു."

ഈ മനോഹര ഗാനം ഏതു ചിത്രത്തില്‍ ആര് പാടി എന്നറിയാമോ?

അതുപോലെ "ഒരു ചില്ലി കാശും എനിക്കും ഏകിയതില്ലല്ലോ",
"ഒന്നിച്ചു കളിച്ചു വളര്‍ന്നൊരു ഉമ്മറു കാക്ക..." ആരൊക്കെ ആണ് പാടിയിരിക്കുന്നത്.

മൂര്‍ത്തി said...

മാമ്പൂക്കള്‍ പൊട്ടി വിരിഞ്ഞു ഞാന്‍ ഒരു മാമ്പഴം തിന്നാന്‍ കൊതിച്ചു

ഒ.എന്‍.വി, ദേവരാജന്‍, സുലോചന - മുടിയനായ പുത്രന്‍
(http://malayalamsongslyrics.com/mal_lyrics/lyrics.php?id=9216)

ഒന്നിച്ചു കളിച്ചു വളര്‍ന്നൊരു ഉമ്മറു കാക്ക

തിക്കുറിശ്ശി, ദക്ഷിണാമൂര്‍ത്തി, പി.ലീല - ഉര്‍വശി ഭാരതി എന്ന് കാണുന്നു

ഒരു ചില്ലിക്കാശുമെനിക്കു കിട്ടിയതില്ലല്ലോ

പൂവച്ചൽ ഖാദർ,എം എസ് ബാബുരാജ്,എം എസ് ബാബുരാജ് - ചുഴി
(http://www.malayalamsongslyrics.com/ml/node/16960)

വെള്ളെഴുത്ത് said...

ബിജു, ലേഖനം തീർന്നിട്ടില്ല.. തുടരുന്നുണ്ട്.. ബ്രഹ്മാനന്ദൻ മാത്രമല്ല, ‘ഇതിഹാസങ്ങൾ ജനിക്കും മുൻപേ... ‘ശ്രീകാന്ത്, ‘മാതളതേനുണ്ണാൻ... ‘ വിടി മുരളി..അങ്ങനെയെത്രപേർ.. മൂർത്തി ഈ ലിങ്കിനു പ്രത്യേക നന്ദി . കാര്യങ്ങളെ ഒന്നടുക്കാൻ പല സൈറ്റിലും കയറിയതാണ്.. മലയാളം സോങ് ലിറിക്സിനെ നോക്കിപ്പോയതല്ലാതെ അങ്ങനെയങ്ങ് ശ്രദ്ധിച്ചില്ല.
മറ്റൊന്നു കൂടി മൂർത്തി/ബിജു പറഞ്ഞത് നാടകത്തിലെ ഗാനമാണ്. ചിത്രത്തിലെ അല്ല. (മാമ്പൂക്കൾ..) ‘മുടിയനായ പുത്രൻ‘ സിനിമയിൽ പി ഭാസ്കരൻ, ബാബുരാജ് ടീമായിരുന്നില്ലേ ഗാനങ്ങളും സംഗീതവും ?

Baiju Elikkattoor said...

"കടലേ...നീലക്കടലേ.." എന്ന ഗാനം കേള്‍ക്കുമ്പോള്‍ ഒക്കെ ഇത് തലത് അല്ലെ അല്ലെ എന്ന് തോന്നിയിട്ടുണ്ട്, അദ്ദേഹം മലയാളത്തില്‍ പാടിയതായി അറിയില്ലായിരുന്നൂ. താങ്കളുടെ ലേഖനം ആ സംശയം തീര്‍ത്തു തന്നു, നന്ദി.

Baiju Elikkattoor said...

മൂര്‍ത്തി, ലിങ്കുകള്‍ക്ക് നന്ദി.

പാമരന്‍ said...

great. thanks!

Rammohan Paliyath said...

ഹായ്.

മാരീചന്‍‍ said...

കെ പി ഉദയഭാനു, കമുകറ പുരുഷോത്തമൻ, പി ലീല, യേശുദാസ്, പി ജയചന്ദ്രൻ, സുശീല, ജാനകി, വാണിജയറാം, മാധുരി തലമുറയിൽ നിന്ന് ചിത്ര, എം ജി ശ്രീകുമാർ, ജി വേണുഗോപാൽ, ഉണ്ണിമേനോൻ, ജാസിഗിഫ്റ്റ്, വിധുപ്രതാപ്, മധുബാലകൃഷ്ണൻ, ജീമോൻ, രഞ്ജിത്ത്, കാർത്തിക്, മഞ്ജരി, ഗായത്രി, ശ്വേത

റിമി ടോമിയെന്ന പേരു കൂടി എഴുതിയാല്‍ പുളിക്കുമോ....

എതിരന്‍ കതിരവന്‍ said...

എൽ. ആർ ഈശ്വരിയുടെ ആലാപനസൌഭഗം വേണ്ടവണ്ണം ഉപയോഗപ്പെടുത്തിയിട്ടില്ല. “കാക്കക്കുയിലേ ചൊല്ലൂ കൈനോക്കാനറിയാമോ” യേശുദാസിനോടൊപ്പം ഒന്നാന്തരമായി പാടിയിട്ടുണ്ട്. “ഓമനപ്പാട്ടുമായ് ഓണപ്പൂമാലയുമായ്..’ വേറൊന്ന്. അവരെ ഒപ്പന/ശൃംഗാരതീവ്ര ഗാനങ്ങളിൽ ഒതുക്കി.

എതിരന്‍ കതിരവന്‍ said...

“തേടുന്നതാരെ ശൂന്യതയിൽ” എസ്. ജാനകിയുടെ പ്രസിദ്ധ് പാട്ടാണ്. ഈ ഗാനം ബാബുരാജ് പാടിയത് അമ്മു എന്ന ആ സിനിമയ്യിൽ ഇല്ലെന്നാണു തോന്നുന്നത്. എന്നാൽ റെക്കൊർഡ് ചെയ്ത ബാബുരാജ്പാട്ട് വിപണിയിൽ ഇറങ്ങിയിരുന്നു.

എം. എൽ. വസന്തകുമാരി, അമ്പിളി.....മുതലായവരുടെ കൂട്ടത്തിൽ ശാന്ത പി. നായരെ പെടുത്താൻ പറ്റില്ല. സിനിമയിൽ ഒരുകാലത്ത് അവർ സജീവസാന്നിദ്ധ്യമായിരുന്നു.
http://ethiran.blogspot.com/2008/08/blog-post.html

ഹരിയണ്ണന്‍@Hariyannan said...

വളരെ നല്ല ലേഖനം.

ഉള്‍ക്കടല്‍ എന്ന സിനിമയില്‍ പാടിയ സല്‍മ ജോര്‍ജ്ജും നല്ല ശബ്ദമായിരുന്നു.

ലതിക തിരിച്ചറിയപ്പെടാന്‍ തുടങ്ങിയത് അടുത്തകാലത്താണല്ലോ.

മിന്മിനിയെ മറന്നതാണോ?

ഷാജി.കെ said...

മലയാള സിനിമാ ഗാന ചരിത്രം ഇഷ്ടപ്പെട്ടു.
ലേഖനം തീര്‍ന്നിട്ടില്ല എന്നല്ലേ പറഞ്ഞത് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. നന്ദി.

ഷാജി ഖത്തര്‍.