April 8, 2010

വരിക കാണുക..

‘ആയിരത്തിലൊരുവൻ’ അന്വേഷിച്ചുകൊണ്ടിരുന്നപ്പോഴാണ് ശ്രീലങ്കയിലെ വശീയഹത്യകളെപ്പറ്റി ‘സാക്ഷികളില്ലാത്ത യുദ്ധം’ എന്ന തമിഴ് നാഷണൽ കോമിന്റെ ഡോക്യുമെന്ററി കണ്ണിൽ‌പ്പെട്ടത്. (http://www.youtube.com/watch?v=9nwQaZ2tXAs) 2009 ആഗസ്റ്റിൽ അപ്‌ലോഡു ചെയ്ത ഡോക്യുമെന്ററിയിലെ പശ്ചാത്തലഗാനം ആയിരത്തിലൊരുവനിലെ ഒരു ശോകഗാനമാണ്. ‘പെമ്മാനേ...’ മനുഷ്യക്കുരുതിയുടെ ശ്രീലങ്കൻ അദ്ധ്യായം കണ്ടിരിക്കാൻ തക്കവണ്ണം കരളുറപ്പുണ്ടെങ്കിൽ യൂ ട്യൂബിൽ Pemmane എന്ന വാക്കിൽ തിരഞ്ഞാൽ മതി. 2007-ൽ അമേരിക്കൻ പട്ടാളക്കാർ ഇറാക്കിൽ നടത്തിയ കൂട്ടക്കൊലയുടെ വീഡിയോ ക്ലിപ്പാണ് മറ്റൊന്ന്. ദില്ലിപോസ്റ്റിൽ (http://dillipost.blogspot.com/2010/04/2007-12.html) ഈ വീഡിയോയെപ്പറ്റി ഒരു കുറിപ്പുണ്ട്. (http://wikileaks.org). ഛത്തീസ്ഗഡിലെ ദന്തവാഡേയിൽ നിരത്തിക്കിടത്തിരിരിക്കുന്ന 72 ശവശരീരങ്ങളാണ് ഇതിലടുത്ത് നമ്മുടെ സംഭാവന. പൊട്ടിത്തെറിയ്ക്ക് ഇവിടെയും സാക്ഷികളില്ല. ശവശരീരങ്ങൾക്ക് നമ്മൾ സാക്ഷി! ചോരതെറിപ്പിച്ച് അസ്തമിക്കുന്നത് നിർബന്ധിതസാഹചര്യങ്ങളുടെ ഇരകളാണ്. ഒരു മൈൻ പൊട്ടുമ്പോൾ 72 ജീവനുകൾ മാത്രമല്ല പിടയുന്നത്. “എന്തുകൊണ്ടാണ് മൃതദേഹം മരിച്ചുവെന്ന് നിങ്ങൾ ഘോഷിച്ചത്?’ എന്ന് അമേരിക്കക്കതിരെ എഴുതിയ ലേഖനത്തിൽ ‘മരണം’ എന്ന സ്വന്തം കവിതയിലൂടെ ഹെരോൾഡ് പിന്റർ ആക്രോശിച്ചു. മരിച്ചവരൊക്കെ മരിച്ചോ?

കൊലകളെപ്പറ്റി വാചാലരാവുന്നതുപോലെയല്ല ഏതെങ്കിലും വിധത്തിൽ അവയ്ക്കു സാക്ഷ്യം നിൽക്കുന്നത്, നേരിട്ടോ ക്യാമറക്കണ്ണുകളിലൂടെയോ കാന്തിക നാടകളിലൂടെയോ നോക്കിക്കാണുന്നത്. ഇറാക്കിവീഡിയോയിലെ ഒന്നുമറിയാത്ത ഇരകളെ ആകാശത്തു നിന്നും ടാര്‍ഗറ്റ് ചെയ്യുന്ന സാങ്കേതികക്കണ്ണിലെ കുരിശ് അതിഭീകരമായ ഒരു കറുത്ത തമാശയാണ്. പുലികൾ ഒരു തമാശയാണ്. പ്രഭാകരനെക്കൊന്ന് വെടിപ്പാക്കിയ ലങ്ക ഒരു തമാശയാണ്. ഛത്തീസ്ഗഡിൽ ഒഴുകി ഒടുങ്ങിയത് വ്യവസ്ഥയുടെ ദുഷിച്ചരക്തമാണെന്നത് ഒരു തമാശയാണ്. മൈനുകളായിട്ടാണെങ്കിലും തോക്കുകളായിട്ടാണെങ്കിലും റോക്കറ്റുകളായിട്ടാണെങ്കിലും അങ്ങോട്ടും ഇങ്ങോട്ടും ഒഴുകി നടക്കുന്ന ആയുധങ്ങൾ തമാശയാണ്.
അവയുടെ പിന്നിലെ പണവും തലച്ചോറും മാത്രമാണ് അത്ര തമാശയല്ലാത്തത്.

“കൊള്ളക്കാർ വിമാനങ്ങളും നങ്കൂരങ്ങളുമായി
കൊള്ളക്കാർ മോതിരങ്ങളും പ്രഭ്വികളുമായി
കൊള്ളക്കാർ ആശിസുകൾ തെറിപ്പിക്കുന്ന
കറുത്തപുരോഹിതന്മാരുമൊത്ത്
കുട്ടികളെക്കൊല്ലാൻ വാനിലൂടെയെത്തി
കുട്ടികളുടെ രക്തം തെരുവിലൂടെയൊഴുകി
ഇടതടവില്ലാതെ
കുട്ടികളുടെ രക്തം പോലെ തന്നെ”

- ‘ഞാൻ ചില കാര്യങ്ങൾ വിശദീകരിക്കുന്നു’ എന്ന കവിതയിൽ നെരൂദ ആവർത്തിച്ചെഴുതി. “വരിക കാണുക ഈ തെരുവുകളിലെ രക്തം...വരൂ കാണൂ ഈ തെരുവുകളിലെ....”പരമാധികാരസ്പെയിനിലെ തെരുവുകളിലേയ്ക്കുള്ള ദന്തഗോപുരവാസികൾക്കുള്ള ക്ഷണമായിരുന്നു. ഇപ്പോൾ ആര് ആരെ ക്ഷണിക്കുന്നു എന്നറിയില്ല. പ്രകരണത്തിൽ ‘കുട്ടികൾ’ മനുഷ്യർ എന്നായിരിക്കുന്നു.
ചോര ഇപ്പോൾ തെരുവുകളിൽ മാത്രമല്ല ഒഴുകുന്നതും.

5 comments:

Devadas V.M. said...

ഓഫ്.ടോ
കൊലയെന്നത് കൊല്ലപ്പെടുന്നവനേക്കാളേറെ കൊലപാതകിയെ ബാധിക്കുന്ന അവസ്ഥയായിരിക്കണം. പ്രത്യേകിച്ചും 'മരണവെപ്രാളം' എന്നൊരു അവസ്ഥയുണ്ടെങ്കില്‍ അതിനു ശേഷം. ഈ ദയനീയ ദൃശ്യങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ്‌ മനുഷ്യന്‍ ആയുധങ്ങള്‍ കൊണ്ട് തനിക്കും-അവനും ഇടയില്‍ ദൂരം സൃഷ്ടിച്ചത്. ഒരുത്തന്റെ കയ്യില്‍ ഒരു കത്തി കൊടുത്ത് വിട്ടാല്‍ അവന്‌ എത്രപേരെ കൊല്ലാനാകും എന്നതില്‍ സംശയമുണ്ട്. കുത്ത്, ചോര, അവയവഭംഗം, പിടച്ചില്‍, തേങ്ങല്‍, മരണം.... അതില്‍ നിന്നെന്നാല്‍ അതിജീവനം തേടിയാകണം ആദ്യത്തെ സോഫിസ്റ്റിക്കേറ്റഡ് വെപ്പന്‍ ആയ അസ്ത്രം കണ്ട് പിടിച്ചത്. ലക്ഷ്യവും,കൊലപാതകിയും ദൂരെ ദൂരെ... പിടച്ചില്‍ കാണേണ്ട, മരണവും... ദൂരത്തില്‍ ക്രൗഞ്ചപ്പക്ഷിയെ അമ്പെയ്ത കാട്ടാളനും, അടുത്ത് ചെന്ന് അതിന്റെ മരണം കണ്ട കവിയ്ക്കും ഒരേ മാനസികവ്യാപാരമല്ല തന്നെ.


കൂട്ടക്കുരുതിയ്ക്ക് ശേഷം മനം മാറാന്‍ എല്ലാവരും Leonard Cheshire.മാരല്ല തന്നെ :(

Anonymous said...

കൊലയെന്നത് കൊല്ലപ്പെടുന്നവനേക്കാളേറെ കൊലപാതകിയെ ബാധിക്കുന്ന അവസ്ഥയായിരിക്കണം. പ്രത്യേകിച്ചും 'മരണവെപ്രാളം' എന്നൊരു അവസ്ഥയുണ്ടെങ്കില്‍ അതിനു ശേഷം.

അതൊരു ഒന്നര ബാധിക്കലായിരിക്കും.പാവം കൊലപാതകി. :)

സ്വന്തം തടിക്ക് കേടു പറ്റാതെ ഏറ്റവും കുറഞ്ഞ പരിശ്രമത്തില്‍ ഏറ്റവും അധികം പേരെ ഏറ്റവും ഉറപ്പില്‍ കൊല്ലാ‍നായിരിക്കണം സോഫിസ്റ്റിക്കേഷന്‍ വന്നത്. ഒരു പക്ഷേ, കുറഞ്ഞ ചിലവില്‍ക്കൂടി.

Calicocentric കാലിക്കോസെന്‍ട്രിക് said...

വരൂ ഈ തെരുവിലെ രക്തം കാണൂ എന്ന് എസ് എഫ് ഐക്കാര്‍ കേമ്പസുകളില്‍ വോട്ടു കാലത്ത് പറയുന്ന സൂത്രവാക്യമാണ്.
Bandits with planes and Moors,

മൂറുകള്‍ ആഫ്രിക്കയില്‍നിന്നുള്ള കൂലിപ്പട്ടാളക്കാരാണ്.
കൃഷ്ണവാര്യര്‍ എന്ന മരമണ്ടന്‍ എഡിറ്റുചെയ്ത രാമലിംഗം ഉപയോഗിക്കുന്ന രോഗമുണ്ടോ?

വെള്ളെഴുത്ത് said...

ദന്തേവാഡയിൽ മാവോയിസ്റ്റുകളെ സന്ദർശിച്ച അരുന്ധതി റോയിയുടെ ഔട്ട്ലുക്ക് ലേഖനം ഇത്തവണത്തെ ‘മലയാളത്തിലുണ്ട്’. (..അല്ലെങ്കിൽ ഈ കൊല്ലപ്പെട്ട പട്ടാളക്കാർ ആദിവാസികളെ കൊല്ലുമായിരുന്നു)
@കാലിക്കോ.. കാമ്പസ്സിൽ മറ്റൊന്നുകൂടി നിറഞ്ഞു നിന്നിരുന്നു. ..ഓട്ടോ റെനെ കാസ്റ്റിലോയുടെ ”..ഏറ്റവും പാവപ്പെട്ട ആളുകളാൽ ചോദ്യം ചെയ്യപ്പെടുന്നതിനെപ്പറ്റിയുള്ളത്.. ഈ തർജ്ജമ പിന്ററെ വിവർത്തനം ചെയ്ത (ഫേബിയനിലെ) ബിജുരാജിന്റെയാണ്..

ഷൈജൻ കാക്കര said...

എന്റെ പോസ്റ്റിൽ നിന്ന്‌

"ജവാന്മാരെ കൂട്ടക്കൊല ചെയ്ത മാവോയിസ്റ്റുകളുടെ നടപടി ക്രൂരമാണെന്ന്‌ പറയുന്ന അതേ ശ്വാസത്തിൽതന്നെ നമുക്ക്‌ പറയേണ്ടി വരുന്നില്ലേ ഈ മേഖലയിൽ മവോയിസ്റ്റുകൾ സമാന്തരഭരണം നടത്തുന്നുണ്ടെങ്ങിൽ അല്ലെങ്ങിൽ മാവോയിസ്റ്റുകൾക്ക്‌ സ്വാധീനം വർദ്ധിക്കുന്നുണ്ടെങ്ങിൽ അതിന്റെ മുഖ്യകാരണം അവിടത്തെ പിന്നോക്കാവസ്ഥയാണ്‌, ചൂക്ഷണമാണ്‌, അങ്ങനെ എന്തെല്ലാം കാരണങ്ങൾ... അത്‌ തന്നെയല്ലെ നമ്മുടെ കുറ്റസമ്മതം...