March 25, 2010

വേനൽക്കാല സന്ധ്യയ്ക്ക് ജനാലയ്ക്കരുകിൽ, സങ്കീർത്തനങ്ങളുമായി.

- യഹൂദാ അമിക്കായി (ഹീബ്രു കവിത)

ഭൂതകാലത്തെ
ചികയുന്നതു നിർത്താം.

മഹായുദ്ധങ്ങൾക്കു മുൻപുള്ള
ശതാബ്ദത്തിലെ
ആത്മാക്കളെപ്പോലെ
മനസ്സും
എന്റെ ഉള്ളിൽ പിടയുന്നത് ഞാനറിയുന്നു.
ജാലകം തുറക്കുന്ന നിമിഷത്തിൽ
സ്വതന്ത്രയാവാൻ
കുതറുന്ന തിരശ്ശീല പോലെ.

ചുടു നിശ്വാസങ്ങളാൽ
നാം നമ്മെ ആശ്വസിപ്പിക്കുന്നു
ഓട്ടത്തിനു ശേഷവും കിതപ്പാറുന്നതു പോലെ.
പൂർണ്ണ ആരോഗ്യത്തോടെ,
ഹൃദയം നിറഞ്ഞ്
മരണത്തിലെത്താനാണ് നമുക്ക് കൊതി.
ചികിത്സിച്ച ശേഷം മാത്രം
തൂക്കുമരത്തിലേയ്ക്കു കൊണ്ടു പോകാൻ
ന്യായാധിപൻ കരുതൽ കാണിച്ച,
ദേഹമാസകലം മുറിവേറ്റ
കൊലയാളിയെ പോലെ.

ഞാൻ ആലോചിക്കുകയാണ് :
തളം കെട്ടിയ എത്ര ജലാശയങ്ങൾക്ക്
കേവലം ഒരു രാത്രിയുടെ നിശ്ചലതയെ
പിടിച്ചു വയ്ക്കാനാവും?
മരുപ്പരപ്പിനേക്കാളും വിസ്തൃതമായ
എത്ര പച്ച പുൽത്തകിടികൾക്ക്
ഒരു നാഴികയുടെ
നിശ്ശബ്ദതയെ ഉൾക്കൊള്ളാനാവും?
എത്ര മരണങ്ങളുടെ നിഴൽ വീണ താഴ്വാരങ്ങൾ
നമുക്കു വേണം,
തിളച്ചു തൂവുന്ന സൂര്യനു താഴെ
ആർദ്രമായൊരു തണലു വീഴ്ത്താൻ.

ജാലകത്തിനു പുറത്തേയ്ക്കു നോക്കുമ്പോൾ,
നൂറ്റൻപതു സങ്കീർത്തനങ്ങൾ
നാട്ടുവെളിച്ചത്തിലൂടെ കടന്നുപോകുന്നു.
വലുതും ചെറുതുമായ
നൂറ്റൻപതു സങ്കീർത്തനങ്ങൾ.
എത്ര മഹത്തും
പ്രഭാവിയും
ക്ഷണികമായ
ഒരു കൂട്ടം !

ഞാൻ പറയുന്നു :
ജാലകം ദൈവമാണ്.
വാതിൽ അവന്റെ പ്രവാചകനും.യഹൂദാ അമിക്കായി - ആധുനിക ഇസ്രയേലി കവിയായി അറിയപ്പെടുന്നു. ജനനം ജർമ്മനിയിൽ. 1924-ൽ. നാസികൾ അധികാരത്തിൽ വന്നതിനെ തുടർന്ന് കുടുംബം പാലസ്തീനിലേയ്ക്ക് കുടിയേറി. ‘ഇപ്പോഴും മറ്റു ദിവസങ്ങളിലും’ (ACHSHAV UBAYAMIN NA'ACHERIM-1955) എന്ന കവിതാപുസ്തകമാണ് ആദ്യകൃതി. A Life of Poetry, Exile at Home, Love Poems, Not of this Time, Not of this Place, Songs of Jerusalem and Myself, The World Is a Room and Other Stories,Open Closed Open തുടങ്ങിയവ ഇംഗ്ലീഷിൽ ലഭ്യമായ രചനകൾ. 76-മത്തെ വയസ്സിൽ ക്യാൻസർ ബാധിതനായി മരിച്ചു.
-------------------------------------------------------------------------------------

വേനൽക്കാല സന്ധ്യയ്ക്ക് സങ്കീർത്തനങ്ങളുമായി, ജാലകത്തിനരുകിൽ - 2

പൊയ്പോയകാലത്തെ
അടുത്തുവച്ച് ചികയുകയാണ്.

എന്റെ പ്രാണൻ ഉള്ളിൽ പിടയുന്നത്,

മഹായുദ്ധങ്ങൾക്കു മുൻപുള്ള
ശതാബ്ദത്തിലെ
ആ പഴയ ആത്മാക്കളെപ്പോലെയും
തുറന്നിട്ട ജാലകത്തിലൂടെ സ്വാതന്ത്ര്യം പിടിച്ചെടുത്ത്
പറന്നുപോകാൻ കുതറുന്ന തിരശ്ശീലയെപ്പോലെയുമാകുന്നു.

ചെറു നിശ്വാസങ്ങളാൽ
നാം നമ്മെ ആശ്വസിപ്പിക്കുന്നു.
ഓരോ ഓട്ടത്തിനു ശേഷവും
എത്ര വേഗം കിതപ്പാറുന്നു.
ആരോഗ്യത്തോടെ
ഹൃദയപൂർവം
മരണത്തിലെത്താൻ
നാം കൊതിക്കുന്നു.
തൂക്കുക്കയറിലേറും മുൻപ്
പൂർണ്ണമായും സുഖപ്പെടുത്താൻ
ന്യായാധിപർ നിഷ്കർഷിച്ച
മുറിവേറ്റ
കൊലയാളിയെ പോലെ.

ഞാൻ ആലോചിക്കുകയാണ് :
തളം കെട്ടിയ ജലത്തിന്
കേവലമൊരു രാത്രിയുടെ നിശ്ചലതയെ
നൽകാൻ കഴിയുമോ?
മരുഭൂവിനേക്കാൾ വിസ്തൃതമായ
പച്ചപുൽത്തകിടികൾക്ക്
വെറും ഒരു നാഴികയുടെ
നിശ്ശബ്ദത നിർമ്മിക്കാൻ കഴിയുമോ?
മൃതിയുടെ നിഴൽ വീണ താഴ്വാരങ്ങൾ
എത്ര നമുക്കു വേണം,
തിളച്ചു തൂവുന്ന സൂര്യനു താഴെ
ആർദ്രമായൊരു തണലു വീഴ്ത്താൻ?

ജാലകത്തിനു പുറത്തേയ്ക്കു നോക്കുമ്പോൾ,
നൂറ്റൻപതു സങ്കീർത്തനങ്ങൾ
നാട്ടുവെളിച്ചത്തിലൂടെ കടന്നുപോകുന്നു.
വലുതും ചെറുതുമായ
നൂറ്റൻപതു സങ്കീർത്തനങ്ങൾ.
എത്ര മഹത്തും
തേജോമയവും
ക്ഷണികമായ
ഒരു കൂട്ടം !

ഞാൻ പറയുന്നു :
ജാലകം ദൈവമാണ്.
വാതിൽ അവന്റെ പ്രവാചകനും.

- യഹൂദ അമിക്കായി (1924 - 2000)

അനു :
കാലിക്കോസെൻ‌ട്രിക്കിന്റെയും ലതീഷിന്റെയും നിർദ്ദേശമനുസരിച്ച് മാറ്റി എഴുതിയ പരിഭാഷയാണിത്. പഴയത് മറ്റൊരു പോസ്റ്റായി നിലനിർത്തുന്നത് ഒരു താരത‌മ്യത്തിനായാണ്. വിവർത്തനം കേവലമൊരു വാക്കിന്റെ പകരം വയ്പ്പല്ല, മറിച്ച്, ഒരാശത്തെ പിന്തുടരലാണ്. അതൊരു വായനയാണ്. നെരൂദയുടെ ‘I can write saddest poem tonight' എന്ന കവിതയുടെ ആദ്യവരികൾ ചുള്ളിക്കാട് വിവർത്തനം ചെയ്തതിൽ നിന്ന് വ്യത്യസ്തമായ അർത്ഥത്തിലാണ് സച്ചിദാനന്ദൻ പരിഭാഷപ്പെടുത്തിയത്. “രാവുചിതറിത്തെറിച്ചുപോയ്, നീലിച്ച താരകള്‍ ദൂരെ വിറയ്ക്കുന്നു’ ഇങ്ങനെ മാരുതന്‍ പാടുന്നു” എന്ന സച്ചിദാനന്ദന്റെ വരികൾ ചുള്ളിക്കാടിൽ “ ശിഥിലമായ് രാത്രി, നീലനക്ഷത്രങ്ങൾ അകലെയായ് വിറകൊള്ളുന്നു - ഇങ്ങനെ.” എന്നായി. അതായത്. ആദ്യത്തേതിൽ കാറ്റു പാടുകയാണ്. രണ്ടാമത്തേതിൽ കവി തനിക്കെഴുതാൻ കഴിയുന്ന വരികൾ എന്താണെന്ന് പറയുകയാണ്.. എന്തു വ്യത്യാസം ! അതുകൊണ്ടാണ് പരിഭാഷ വായനയുടെ പ്രശ്നമാണെന്ന് പറയുന്നത്. സ്രോതഭാഷ അറിയാത്തവർക്ക് മനസ്സിലാക്കിക്കൊടുക്കാനുള്ള സംഗതി എന്ന നിലയ്ക്കല്ല, സ്വന്തംഭാഷയുടെ ശേഷിയെക്കുറിച്ചുള്ള വീണ്ടുവിചാരത്തിനു വഴിയൊരുക്കുന്നത് എന്ന നിലയ്ക്കാണ് പരിഭാഷകളെ കാണുന്നത്. അതുകൊണ്ട് അതു നിരന്തരമായി സംഭവിക്കേണ്ടതുണ്ട്.. പലയിടത്തായി. നിരന്തരം തിരുത്തി എഴുതപ്പെടേണ്ടതുണ്ട്...
പ്രത്യേക നന്ദി, കാലിക്കോയ്ക്കും ലതീഷിനും.
Post a Comment