March 18, 2010

ദേവി ദി സൂപ്പർസ്റ്റാർ
സമൂഹത്തെ ആധുനികവത്കരിക്കുന്നതിൽ അച്ചടിമാധ്യമങ്ങൾ വഹിച്ച പങ്കിനെപ്പറ്റി പഠനങ്ങൾ നിരവധിയുണ്ട്. അതിലൊന്ന് കനേഡിയൻ മാധ്യമചിന്തകനായ ഹരോൾഡ് ഇന്നിസിന്റെയാണ്. ആധുനികതയുടേതെന്ന് നാം വിശ്വസിക്കുന്ന സാംസ്കാരിക അനുഭവങ്ങളും രാഷ്ട്രീയമാറ്റങ്ങളും അച്ചടിമാധ്യമത്തെ കേന്ദ്രീകരിച്ച് ഉണ്ടായതാണെന്ന് ഇന്നിസ് വാദിച്ചു. സമകാല(ഉത്തരാധുനിക)സമൂഹത്തിന്റെ രൂപപ്പെടലിൽ ടെലിവിഷൻ തുടങ്ങിയുള്ള ദൃശ്യമാധ്യമങ്ങളുടെ പങ്കിനെക്കുറിച്ച് അന്വേഷിച്ച് മാർഷൽ മൿലൂഹനും ബോദിലാർദും റെയ്മണ്ട് വില്യംസും ഇതേ ആശയത്തെ വികസിപ്പിച്ചുകൊണ്ട് വളരെ മുന്നോട്ടു പോയി. സാങ്കേതികതയും വൈകാരികതയും ഒന്നിച്ചിണക്കുന്ന സാംസ്കാരികപ്രതിഭാസമാണ് ഇക്കൂട്ടത്തിൽ ടെലിവിഷൻ. അത് വ്യവസായമാണ്. സാമൂഹികവും രാഷ്ട്രീയവുമായ പ്രതിഭാസമാണ്. അതേ സമയം പാഠം(ടെൿസ്റ്റു്)വുമാണ്. മാധ്യമം, സാങ്കേതികത, സംസ്കാരം - മൂന്നുതരം പഠനങ്ങളും ടിവിയെ മുൻ‌നിർത്തി സാധ്യവുമാണ്. സിനിമയിൽ നിന്ന് ടെലിവിഷനുള്ള ഏറ്റവും വലിയ വ്യത്യാസം സിനിമ സമൂഹത്തിന്റേതായിരിക്കുമ്പോൾ ടെലിവിഷൻ കുടുംബത്തിന്റെയാകുന്നു എന്നുള്ളതാണ്. സിനിമ ആൾക്കൂട്ടത്തെ ത്രസിപ്പിക്കുന്നിടത്ത് ടിവി അതേ പ്രത്യയശാസ്ത്രത്തിന്റെ ഉള്ളടക്കങ്ങളെ അടുത്തു വന്നു നിന്ന് കാതിൽ ചൊല്ലുകയാണ് ചെയ്യുന്നത്. കൂറേക്കൂടി ആഴമുള്ള സ്വാധീനം വ്യക്തികളിൽ ഉണ്ടാക്കാൻ സിനിമയേക്കാളേറെ ഫലപ്രദം ടിവി സെറ്റുകളാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. കൈയെത്തിതൊടാവുന്ന കാഴ്ചകളായാണ്, തൊട്ടയൽ‌പ്പക്കത്തെ കാഴ്ചകളായാണ് ടി വി കുടുംബാംഗങ്ങളെ വശീകരിക്കുന്നത്. സാമൂഹികാചാരത്തിന്റെ പകിട്ടോടെ വളരെപേർ ഒന്നിച്ചിരുന്ന് കാണുകയും പങ്കെടുക്കുകയും ചെയ്യുന്ന കലാപരിപാടികളും കായികോത്സവങ്ങളും ഉത്സവങ്ങളും വ്യക്തിപരമാക്കി, ആത്മനിഷ്ഠമാക്കി ടി വി സമക്ഷത്ത് വച്ചുകൊടുത്തു. ഫലം വെയിലോ മഞ്ഞോ കൊള്ളാതെ തീർപ്പുകളിലെത്താം എന്നുള്ളതാണ്.

മറ്റു സംസ്ഥാനക്കാരെ അപേക്ഷിച്ച് അന്തർമുഖത കൂടിയ മലയാളി ടി വിയെ അതിരുകടന്ന് ആശ്രയിക്കുന്നതിന്റെ ഒരു കാരണം ആത്മരതിയ്ക്കുള്ള സൌകര്യമാണ്. കേരളത്തിലെ ടി വി പ്രേക്ഷകരിൽ ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകളാണ് വീട്ടുമൂലയിൽ ഇരിക്കുന്ന ഈ വിചിത്രജീവിയുടെ സ്വാഭാവികമായ ഇരകൾ. ടിവിയുടെ അവതരണം നടന്ന 80- അവസാനത്തോടെ നമ്മുടെ സുപ്രസിദ്ധമായ സിനിമപ്രബുദ്ധതയുടെ അസ്തമയകാലമായെന്ന കാര്യം പ്രത്യേകം ഓർക്കുന്നത് നന്നായിരിക്കും. സാംസ്കാരിക വികാസം എന്ന പ്രതിബദ്ധത അവസാനിക്കുന്നത് അവിടെയാണ്. കണ്ണീരും ഹിംസയും ഭക്തിയും കോമാളിത്തവും വിൽ‌പ്പനച്ചരക്കുകളായി വന്നുകൊണ്ടിരിക്കുന്ന കാഴ്ചയാണ് പിന്നെ നാം കാണുന്നത്. മാത്രമല്ല സ്ഥിരം വിഭവങ്ങളിൽ നിന്ന് ഒരിഞ്ചു മുന്നോട്ട് നീങ്ങുന്നതുമില്ല. ഉത്തമസ്ത്രീകളെ/കുടുംബിനികളെ വാർത്തെടുക്കാനുള്ള ആദ്യകാല-ഇടക്കാല സിനിമകളിലെ പരിശ്രമങ്ങൾ ഇപ്പോൾ ചെന്നു ചേക്കേറിയിരിക്കുന്നത് സമകാല ടി വി സീരിയലുകളിലാണെന്ന് ശാരദക്കുട്ടി നിരീക്ഷിക്കുന്നു. (ഭാഷാപോഷിണി) പഴയ ജ്ഞാനാംബികമാരും നിർമ്മലമാരും ജ്ഞാനസുന്ദരികളും മാനസപുത്രിയും പാരിജാതവും കാവ്യാഞ്ജലിയും മറ്റൊരുവളും മിന്നുകെട്ടുമൊക്കെയായി സീരിയലുകളിൽ ചെന്നു പറ്റി. നായകരും വില്ലരും സ്ത്രീകളായിരിക്കുകയും പുരുഷന്മാർ അവർക്കു വേണ്ട ഒത്താശകളുമായി കറങ്ങുകയും ചെയ്യുന്ന സീരിയലുകളൊന്നും രചനയിലോ നിർമ്മാണത്തിലോ സ്ത്രീകളുടെ പങ്കാളിത്തത്തോടെ തയാറാക്കപ്പെടുന്നവയല്ലെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.

അങ്ങനെ സിനിമ എന്ന പൊതു ഇടത്തുനിന്ന് നിഷ്കാസനം ചെയ്യപ്പെട്ട സ്ത്രീയെ ഇറക്കിക്കൊണ്ടുവന്ന് പണ്ടേ പറഞ്ഞുറപ്പിച്ചിട്ടുള്ള വീടിനുള്ളിലെ സ്വകാര്യ ഇടത്തിൽ പ്രതിഷ്ഠിച്ചു എന്നാണ് ആകെ കൂടി ഇതിൽ നിന്നു ലഭിക്കുന്ന അർത്ഥം. പൊതുപ്രവർത്തനം, സാക്ഷരത, തൊഴിൽ പങ്കാളിത്തം, രാഷ്ട്രീയപ്രവർത്തനം തുടങ്ങിയവയിലൂടെ കൈവരേണ്ട വളർച്ച അതോടെ അസ്ഥാനത്തായി. തൊഴിൽ മണ്ഡലത്തിനും വീടിനുമപ്പുറത്തുള്ള ‘ഇട’ത്തെക്കുറിച്ച് വേവലാതി വേണ്ടാത്ത വിധത്തിലാണ് ടി വി മലയാളിസ്ത്രീകളെ കാലുകെട്ടിയത്. അതോടൊപ്പം മൂല്യവിചാരങ്ങളിലും സദാചാരസങ്കൽ‌പ്പങ്ങളിലും ടി വി ഉണ്ടാക്കിവക്കുന്ന കുഴമറിച്ചിൽ സങ്കൽ‌പ്പിക്കാവുന്നതിനും അപ്പുറത്താണ്. 90 നു ശേഷം ലൈംഗികതയെ സംബന്ധിച്ചും മതത്തെ സംബന്ധിച്ചും മലയാളിമനസ്സിൽ വികലമായ ധാരണകൾ ഉറപ്പിക്കുന്നതിനു പിന്നിൽ ടി വി കാഴ്ചകൾക്ക് വ്യക്തമായ കൈയുണ്ട്. മകരവിളക്കുപോലുള്ള ഒരു തട്ടിപ്പുപരിപാടി 1996-ൽ പ്രക്ഷേപണം ചെയ്തുകൊണ്ട് സൂര്യയാണ് പ്രാദേശികമായ ഉത്സവങ്ങളെ വച്ച് മതാത്മകമായ വൈകാരികത ഉണർത്തിവിടുന്ന രീതിയ്ക്ക് തുടക്കം കുറിച്ചത്. ചാനലുകളുടെ ഇടപെടലില്ലായിരുന്നെങ്കിൽ ആറ്റുകാൽ പൊങ്കാല ഇത്രയധികം ജനശ്രദ്ധ പിടിച്ചുപറ്റുമായിരുന്നോ എന്നു സംശയം. ദേശീയ രാഷ്ട്രീയത്തിൽ രാമായണ മഹാഭാരത സീരിയലുകൾ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് നടത്തിയ പഠനങ്ങൾ അതേ ഗൌരവത്തോടെ പ്രാദേശിക ഉത്സവങ്ങളുടെ തൽസമയ സം‌പ്രേക്ഷണങ്ങളെക്കുറിച്ചും ഉണ്ടാവേണ്ടതുണ്ട്. കലാപരമോ സാംസ്കാരികമോ ( പഞ്ചാരി, തായമ്പക, പൂരക്കളി, പറണേറ്റ്, കാളിയൂട്ട്) ആയ പ്രത്യേകതകൾക്കല്ല ഈ പ്രക്ഷേപണങ്ങളിൽ മുൻ‌തൂക്കം. മറിച്ച് യുക്തിയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലാത്ത ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കുമാണ്. വികാരത്തെ ഉണർത്തി ലയം കൊള്ളിക്കലിനപ്പുറം യാതൊരു പ്രതിബദ്ധതയും ഈ മായക്കാഴ്ചകൾക്കില്ല.

ഭക്തിയെന്ന വികാരത്തിന്റെ ചൂഷണം വ്യക്തമായ ഉദ്ദേശ്യലക്ഷ്യങ്ങളെ മുൻ‌നിർത്തിയുള്ളതാണെന്ന് ആലോചിച്ചാൽ മനസ്സിലാവും. ഇടങ്ങൾ പരിമിതപ്പെട്ടുപോയ സ്ത്രീയുടെ അടിച്ചമർത്തിയ വികാരങ്ങൾക്കുള്ള പ്രശമന ഔഷധമായും കൂടി ഭക്തിയ്ക്കു പ്രവർത്തിക്കാൻ ശേഷിയുണ്ട്. (സ്വതവേ സ്ത്രീയ്ക്കു സ്വന്തമായി ലൈംഗികാഭിലാഷങ്ങളില്ലെന്ന് മലയാളി പുരുഷനും (അതു വഴി സ്ത്രീകൾക്കു തന്നെയും) ഒരു ധാരണയുണ്ട്. അങ്ങനെ വല്ലതും തോന്നി ചീത്തയായാൽ ആരോടും പറയാതെ സ്ത്രീയ്ക്കു സ്വയം തല പൂഴ്ത്താനുള്ള ഒരു വഴിയാണ് ചാനലുകൾ തുറന്നിട്ടിരിക്കുന്നത്. ഭക്തി. അതിൽ പ്രചോദിതരായിക്കഴിഞ്ഞാൽ പിന്നെ വികാരത്തിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ച് ആൾദൈവങ്ങളുടെ അടുത്തേയ്ക്കും പോകാം. കേരളത്തിലെ സ്ത്രീകൾക്ക് വീടും തൊഴിലിടവുമല്ലാതെ സമൂഹം അനുവദിച്ചു നൽകിയിട്ടുള്ള മൂന്നാമത്തെയിടം ആശ്രമങ്ങളോ ക്ഷേത്രങ്ങളോ ആണ്. മതത്തിന്റെ വലിയ ഗുണങ്ങളിലൊന്ന് നാവുവച്ചുയരുന്ന അനവധി ചോദ്യങ്ങളെ ഇല്ലാതാക്കാൻ അതു സഹായിക്കും എന്നുള്ളതാണ്. അപൌരുഷമായ (വ്യക്തിയിൽ നിന്ന് അല്ലാത്ത) സനാതന നിയമങ്ങളാണ് അതിന്റെ കാതൽ. അതിനു അനുസരണം മാത്രം മതി. ‘പൊങ്കാല’ സുവർണ്ണകാലത്തെക്കുറിച്ചുള്ള ഒരു പ്രതീക്ഷയാണല്ലോ. പൊരിവെയിലത്ത് ആറ്റുകാൽ ക്ഷേത്രത്തിന്റെ ഏതാണ്ട് ആറു കിലോമീറ്റർ ചുറ്റളവിൽ റോഡിലും ഓടയുടെ ഓരത്തും ഇരുന്ന് കഷ്ടപ്പെട്ട് അരിവയ്ക്കുന്ന സ്ത്രീകൾ അടുക്കളയാണ് തങ്ങളുടെ മുഖ്യമായ പ്രവൃത്തിമേഖല (ലാവണം എന്തായാലും.....പൊങ്കാലയിട്ട പ്രമുഖരുടെ പടം ടിവിയിൽ ആവർത്തിച്ചു വരും പത്രങ്ങളിലും കാണാം. അതിൽ താരങ്ങളുണ്ട്. ഐ പി എസ് ഉള്ള പോലീസ് ഓഫീസറുമുണ്ട്) എന്ന് ലോകത്തിന്റെ മുന്നിൽ ആവർത്തിച്ചു സ്ഥാപിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. ഏറ്റവും മഹത്തായ ഒരു ഉത്പ്പന്നമാണ് മതം എന്നു നാം അറിയുന്ന അസുലഭ സന്ദർഭങ്ങളിലൊന്നാണ് ഇത്. സ്വർണ്ണവും സോപ്പും പ്രമോട്ട് ചെയ്യുന്നതുപോലെ ടി വി ഇതും പ്രോത്സാഹിപ്പിച്ചു കൊടുത്താൽ എന്താണു കുഴപ്പം എന്നു ബില്ലി ഗ്രഹാമിനെ പ്പോലെ നമുക്കും ചോദിക്കാം. ടെലിവാഞ്ചലിസം എന്നു വിളിക്കപ്പെടുന്ന, സാങ്കേതികതയുടെ ഒത്താശയോടെ നടത്തിവരുന്ന ഈ മതപ്രചരണ/അനുഭൂതി ഉറപ്പിക്കൽ പരിപാടി വെറും തത്സമയ പ്രക്ഷേപണങ്ങളോടെ അവസാനിച്ചു പോകുന്നില്ല. സ്വാമി അയ്യപ്പനും ശ്രീ ഗുരുവായൂരപ്പനും മഹാഭാഗവതവും അൽഫോൺസാമ്മ തുടങ്ങിയ തുടരനുകളുടെ ഉദ്ദേശ്യം മതത്തെ കമ്പോളവത്കരിക്കുകയാണ്. ദേവാലയങ്ങളുമായി ബന്ധപ്പെട്ട കൊടുക്കൽ വാങ്ങലുകൾ, തീർത്ഥയാത്രകൾ, വഴിപാടുകൾ എന്നിവ കുത്തനെ വർദ്ധിപ്പിക്കാൻ ഇവ സഹായിക്കുന്നുണ്ട്. പ്രാദേശികക്ഷേത്രങ്ങൾക്കുമുണ്ടാവും ചില്ലറ ഉണർവുകൾ. മുൻപൊക്കെ മതസമ്മേളനം എന്ന പേരിൽ ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ച് നടത്തുന്ന പരിപാടിയിൽ സാരോപദേശകരും ഇതിഹാസ-പുരാണ ഗ്രന്ഥങ്ങളിൽ പാണ്ഡിത്യമുള്ളവരുമാണുണ്ടായിരുന്നതെങ്കിൽ ഇന്ന് ചാനലുകളിലെ പുരാണ സീരിയലുകളുടെ സംവിധായകനോ നടീനടന്മാരോ ഒക്കെ പ്രധാന അതിഥികളായെത്തുന്നു.

സുബ്രഹ്മണ്യം എന്റെർപ്രൈസസിന്റെ സാമ്പത്തിക മേൽനോട്ടത്തിൽ സിനിമാസംവിധായകനായ വിജി തമ്പി അണിയിച്ചൊരുക്കി ഏഷ്യാനെറ്റ് തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ പ്രക്ഷേപണം ചെയ്യുന്ന ‘ദേവീമാഹാത്മ്യം’ മെഗാസീരിയൽ ആറ്റുകാൽ പൊങ്കാലയുടെ അടുത്തസമയങ്ങളിൽ പൊങ്കാലമഹത്വത്തെക്കുറിച്ചുള്ള ഉദ്ഘോഷണങ്ങളാൽ സമ്പന്നമായിരുന്നു. പറയുന്നത് താടിക്കാരനായ ഒരു പുരോഹിതനാണ്. പതിനെട്ടു മുഖ്യപുരാണങ്ങളിലൊന്നായ മാർക്കണ്ഡേയപുരാണത്തിന്റെ ഭാഗമാണ് ദേവീമാഹാത്മ്യം എന്ന പുസ്തകം. ആലപ്പുഴയിലെ വിദ്യാരംഭം പ്രസ്സ് കുറഞ്ഞ വിലയ്ക്ക് അച്ചടിച്ച് കേരളമൊട്ടാകെ വിറ്റഴിച്ച ഗ്രന്ഥമാണത്. മാർക്കണ്ഡേയമുനി ക്രോഷ്ടുകിയോട് വിവരിക്കുന്ന മട്ടിലാണ് കഥ. വിഷ്ണുവിനെപ്പോലും മോഹിപ്പിക്കുന്ന മഹാമായയുടെ മഹത്വത്തെ അറിയാൻ ഉത്സാഹം കാണിച്ച സുരഥൻ എന്ന രാജാവിനും വൈശ്യൻ എന്ന സഹചരനും സുമേധസ്സ് എന്ന മഹർഷി പറഞ്ഞുകൊടുക്കുകയാണ് ദേവിയുടെ കഥ. തുടർന്നു മഹിഷാസുരന്റെയും ചണ്ഡമുണ്ഡന്മാരുടെയും രക്തബീജന്റെയും സുംഭനിസുംഭന്മാരുടെയും കൊലപാതകവർണ്ണനകളാണ്. മധുകൈടഭന്മാർ, ദുർഗൻ തുടങ്ങി കൊല്ലാനുള്ള അസുരന്മാരുടെ പേരു വിവരം എണ്ണി പറയുന്നുമുണ്ട്. വിപ്രചിത്തിയുടെ പുത്രന്മാരെ തിന്ന് തന്റെ പല്ലുകൾ മാതളപ്പഴത്തിന്റെ അല്ലികൾ പോലെ ചുവക്കുമെന്ന് പറഞ്ഞ് ദേവി ദേവന്മാരെ പുഞ്ചിരിപ്പിക്കുന്നു. പുരാണങ്ങളുടെ രചനാകാലം ഏതാണ്ട് ഏഡി 600 നും 800 നും ഇടയ്ക്കാവാനാണ് സാധ്യത. ഭവിഷ്യപുരാണത്തിൽ മുഗൾ ചക്രവർത്തിമാരുടെ കഥകളുള്ളത് ഇക്കൂട്ടത്തിലെ അപവാദമാണെന്ന് വിചാരിച്ചാൽ മതിയാവും. പതിനെട്ടു പുരാണങ്ങളുടെ കൂട്ടത്തിൽ ഒരു ‘വിഷ്ണുപുരാണം’ ഉള്ള സ്ഥിതിക്ക് പിന്നെയൊരു ഭാഗവതം ആവശ്യമില്ലെന്നും അതുകൊണ്ട് അക്കൂട്ടത്തിൽ കാണുന്ന ഭാഗവതം ‘ദേവീഭാഗവതം അഥവാ ദേവീപുരാണ’മാണെന്നും വിശ്വസിക്കുന്നവരുണ്ട്. അതെ സമയം ദേവീപുരാണം ഉപപുരാണം മാത്രമാണെന്ന അഭിപ്രായവുമുണ്ട്. ദേവീ പുരാണം ‘മാഹാത്മ്യത്തെ’ അപേക്ഷിച്ച് കുറേക്കൂടി വിപുലമാണ്. മഹാഭാരത-രാമായണ- പുരാണകഥകൾ അതിൽ സംഗ്രഹിച്ചിരിക്കുന്നു. ലക്ഷ്മിയും ശാരദയും സതിയും പാർവതിയും സീതയും ഗംഗയും എല്ലാം ഒന്നുതന്നെ എന്ന ‘അദ്വൈത’ കൽ‌പ്പനയാണതിന്റെ വേര്. നാരദന് ശിവൻ പറഞ്ഞുകൊടുക്കുന്ന രഹസ്യം ഗ്രന്ഥകാരനായ വ്യാസൻ ശിഷ്യൻ ജൈമിനിയ്ക്ക് പകർന്നു കൊടുക്കുന്ന മട്ടിലാണ് ദേവീഭാഗവതത്തിന്റെ ആരംഭം. പ്രപഞ്ചത്തിന്റെ ഉത്പത്തികാരണത്തെ ‘അമ്മ’യിലേയ്ക്ക് കൊണ്ടുവരുന്നു എന്നത് ഒരു വ്യത്യാസമാണ്. പുരാണകൃതികളുടെ കാര്യത്തിൽ സ്ത്രീ സംവരണം പേരിനുമാത്രമാണ്. ഭാഗവത്തെ അംഗീകരിച്ചാൽ പിന്നെ ഉപപുരാണമായ കാളികവും കൂടി മാത്രമേ ഉള്ളൂ കൂട്ടത്തിൽ സ്ത്രീനാമധാരികളായ ഗ്രന്ഥങ്ങൾ. ദേവീമാഹാത്മ്യത്തിലെ കൊടും ഹിംസയുടെ കെട്ട് സ്ത്രൈണമായ അനുഭവ വൈചിത്ര്യത്താൽ ഒന്നയഞ്ഞിട്ടുണ്ട് ദേവീപുരാണത്തിൽ, എങ്കിലും ഊന്നൽ അസുരനിഗ്രഹത്തിനു തന്നെ.

ഹിംസാത്മകവും ഭീഷണവുമായ ഒരു ഭൂതകാലത്തിന്റെ നേരവതരണമല്ല നാം ടി വി പരിപാടിയായി കാണുന്ന ദേവീമാഹാത്മ്യത്തിലുള്ളത്. ‘സർവമംഗളമംഗല്യേ..’ എന്ന ശ്ലോകത്തിലൊതുങ്ങുന്നു മെഗാസീരിയലിനു മാർക്കണ്ഡേയ പുരാണവുമായുള്ള ബന്ധം. (ഈ ശ്ലോകം അസുരനിഗ്രഹം നടത്തിയ ദേവിയെ കീർത്തിച്ച് ദേവന്മാർ പാടുന്നതാണ്) മലയാളിയുടെ പൊതുബോധത്തിലുള്ള അമ്മ സങ്കൽ‌പ്പവുമായി യോജിച്ചു പോകുന്നതല്ല ദേവീപുരാണ-ദേവീമാഹാത്മ്യങ്ങളിലെ ദേവീ സങ്കല്പം. അതുകൊണ്ടായിരിക്കാം, രാമായണ-ഭാരത- ഭാഗവത കഥകൾ സ്വീകരിച്ചതിൽ നിന്നും വ്യത്യസ്തമായ സമീപനമാണ് ‘ദേവീമാഹാത്മ്യം’ എന്ന മെഗാ സീരിയലിനുള്ളത്. വളർന്നു വരുമ്പോൾ അധികാരത്തിലെത്താൻ സാധ്യതയുണ്ടെന്ന് പ്രവചിക്കപ്പെട്ട (അധികാരം ഒരാൾക്ക് കിട്ടുന്നത് എതിർമേഖലയിൽ നിൽക്കുന്നവർക്ക് ദുഷിച്ചകാലമാവുമല്ലോ) ഒരു കുഞ്ഞിനെ കൊല്ലാൻ വേണ്ടിയുള്ള അരമന ഉപജാപങ്ങളും ദേവിയുടെ സമയോചിതമായ ഇടപെടൽ കൊണ്ടുള്ള രക്ഷപ്പെടലുമാണ് സീരിയൽ വലിച്ചു നീട്ടിപ്പരത്തിയ ആഖ്യാനങ്ങളിലൂടെ കാട്ടിക്കൊണ്ടിരുന്നത്. ദേവീ ക്ഷേത്രങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത് എന്ന കാര്യം ശ്രദ്ധേയം. പഞ്ചമി, മീനാക്ഷി എന്നീ ബാലികമാരെ സഹനത്തിന്റെ പരമാവധിയിലെത്തിച്ചിട്ട് നിർണ്ണായക നിമിഷത്തിൽ രക്ഷിക്കുക എന്നതാണ് ആവർത്തിച്ചു വരുന്ന മറ്റൊരിനം. പിൻ കുടുമയും മേൽ‌വസ്ത്രവും പരിഷ്കാരം തീണ്ടാത്തവഴികളും (ദുഷ്-സദ്) പ്രഭുത്വവും ഒക്കെ പശ്ചാത്തലമാവുന്ന ഭൂതകാലത്തിലാണ് കഥ. അതേ സമയം കാലം അധികം വിദൂരവുമല്ല. വഴിയറിയാതെ ഒറ്റപ്പെട്ടു പോയ ബാലികയെ ഒരു മുത്തശ്ശിയമ്മ അല്ലെങ്കിൽ ഐശ്വര്യവതിയായ ഒരു സ്ത്രീ വീട്ടിലെത്തിച്ചിട്ട് മറയുന്ന ഐതിഹ്യം ദേവീക്ഷേത്രങ്ങളെ ചുറ്റിയുള്ള വാമൊഴിമാഹാത്മ്യങ്ങളിൽ ചെറിയവ്യത്യാസങ്ങളോടെ കാണാം. ഈ ഐതിഹ്യത്തിന്റെ വിപുലീകരിച്ചെടുത്തിരിക്കുകയാണ് ദേവീമാഹാത്മ്യത്തിൽ. ഭൂമിയിലേയ്ക്കിറങ്ങി വന്ന് നിസ്സഹായരെ, ദരിദ്രരെ, നിഷ്കളങ്കരെ, അവർണ്ണരെ (കേരളത്തിന്റെ സമീപഭൂതത്തിലൊന്നുമില്ലാത്ത അവർണ്ണ രക്ഷ, മതസൌഹാർദ്ദം തുടങ്ങിയവ നമ്മുടെ ചരിത്ര-പുരാണസീരിയലുകളിൽ (സിനിമകളിലും) നിറയുന്നത് പ്രത്യേകം പഠിക്കേണ്ട സംഗതിയാണ്) രക്ഷിക്കുന്നത്, എവിടുന്നു വരുന്നു എന്നും എങ്ങോട്ടു മറയുന്നു എന്നും കഥാപാത്രങ്ങൾ അറിയാത്തതും, പ്രേക്ഷകർ അറിയുന്നതുമായ ‘കോവിലമ്മ’യാണ്.

ഭൂതകാലത്തെ എട്ടാവട്ടത്തേയ്ക്ക് പരിമിതപ്പെടുത്തുന്നതിലൂടെ സീരിയൽ രക്ഷപ്പെടുന്നത് ‘പൌരാണികമായ അകലം’ (എപിക് ഡിസ്റ്റൻസ്) എന്ന കടമ്പയിൽ നിന്നാണ്. ദൈവമാഹാത്മ്യകഥകളിലെ അയുക്തികളെ നെറ്റി ചുളിക്കാതെ ആളുകൾ ഉൾക്കൊള്ളുന്നതിനുള്ള ഒരു കാരണം ഈ അകലമാണ്. കാലം സത്യസന്ധമായി ആവിഷ്കരിച്ചാൽ കുറെ കുഴപ്പങ്ങളുണ്ട്. നേരത്തെ ചൂണ്ടിക്കാണിച്ചതുപോലെ പുരാണത്തിലെ ദേവി ഏതു നിലയ്ക്കും കാലികമായ അമ്മ/ ദേവി സങ്കല്പവുമായി ഒത്തുപോകുന്നതല്ല. രണ്ടാമത്തെ പ്രശ്നം അതി വിദൂരമായ ഭൂതകാലത്തിന്റെ ചിത്രീകരണത്തിന് ഭക്തിരസപ്രധാനമായ സ്വാധീനം ഉണ്ടാക്കാൻ കഴിയില്ലെന്നതാണ്. വേഷവിതാനം പശ്ചാത്തലം തുടങ്ങിയവ പുനഃസൃഷ്ടിക്കുന്നതിനുള്ള പ്രയാസം വേറെയും. കേരളത്തിലെ ദേവീക്ഷേത്രങ്ങൾക്ക് വർദ്ധിച്ചു വരുന്ന ജനപ്രീതിയെ ഫലപ്രദമായി ഉപയോഗിക്കുകയാണ് സീരിയലുകൾക്ക് യഥാർത്ഥത്തിൽ ചെയ്യാനുള്ളത്. ഇതു പരസ്പരം പുറം ചൊറിയൽ പ്രക്രിയയാണ്. സീരിയലുകൾ വഴി ക്ഷേത്രങ്ങൾക്കും ക്ഷേത്രങ്ങൾ വഴി സീരിയലുകൾക്കും ചില മെച്ചങ്ങളുണ്ട്. ദേവീമാഹാത്മ്യത്തിലെ ഒരു എപ്പിസോഡിൽ ‘പവിത്രമോതിരം’ ദേവി തന്നെ ഒരു സ്ത്രീയ്ക്ക് അണിയിച്ചു കൊടുക്കുന്നതും ഏതു ദശാസന്ധിയിലും അത് ഊരി മാറ്റരുതെന്ന് ഉപദേശിക്കുന്നതുമായിരുന്നു. മോതിരം, മാല, ലോക്കറ്റുകൾ, ഏലസ് തുടങ്ങിയവയുടെ വിൽ‌പ്പന അതതു ദേവസ്വങ്ങൾ പരസ്യം ചെയ്ത് ഓർഡറുകൾ ശേഖരിക്കുന്ന കാലത്ത് ഈ എപ്പിസോഡിന്റെ പ്രാധാന്യം അത്ര കുറച്ചുകാണേണ്ടതില്ല. പ്രസാദങ്ങളുടെ മഹത്വാഘോഷം ഏറിയും കുറഞ്ഞും മിക്കവാറും എപ്പിസോഡുകളിൽ കാണാം. ഉള്ളിൽ പോയ വിഷം പോലും നിർവീര്യമാക്കി തീർക്കുന്നതാണ് പാൽ‌പ്പായസം പോലുള്ള ‘വഴിപാട് പ്രസാദ’ങ്ങളുടെ ശക്തി. വിലപിടിപ്പുള്ള കാണിക്കകൾ കുറ്റബോധത്തെ അകറ്റാൻ ആളുകളെ വഴിവിട്ടു സഹായിക്കുന്നു. കൈക്കൂലിയ്ക്കും ബദൽ കൈക്കൂലി. പൊങ്കാലയുടെ പ്രാധാന്യത്തെപ്പറ്റിയുള്ള പ്രസംഗത്തെപ്പറ്റി നേരത്തെ പറഞ്ഞു. പ്രാദേശിക ക്ഷേത്രങ്ങളിലെ പോലും പൊങ്കാലയുത്സവങ്ങളിൽ പങ്കെടുക്കാൻ സ്ത്രീകളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യങ്ങളുടെ പ്രളയമാണ് ഈയിടെ മലയാളക്കരയിൽ. ടിവിക്കാഴ്ചകൾ തുടങ്ങി വച്ച കാഴ്ചയുടെ ആഘോഷത്തെ ക്ഷേത്രനോട്ടീസുകളിലെ ബഹുവർണ്ണചിത്രങ്ങൾ അടിവരയിടുന്നു. ഭക്തി കൂട്ടുപിടിച്ച സാങ്കേതികത നിർമ്മിച്ചുകൊടുത്ത മികവാണിത്.

പക്ഷേ സാങ്കേതികതയുടെ വളർച്ച ഏതെങ്കിലും തരത്തിൽ മനുഷ്യസമൂഹത്തെ പുരോഗമനപരമാക്കുന്നുണ്ടോ എന്ന ചോദ്യത്തിനു പെട്ടെന്നൊരുത്തരം സാധ്യമല്ലാതാവുന്നത് ഇത്തരം ചില കുരുക്കുകൾക്കു മുന്നിലാണ്. ‘പുരോഗമനം’ എന്ന വാക്കിന്റെ അർത്ഥസന്ദിഗ്ദ്ധത മാത്രമല്ല പ്രശ്നം. ആലോചിച്ചാൽ അദ്ഭുതം തോന്നും തികഞ്ഞ യുക്തികൊണ്ടും പരീക്ഷണം കൊണ്ടും പ്രാവർത്തികതലത്തിലെത്തിയ ശാസ്ത്രം മനുഷ്യൻ ഉപയോഗിക്കുന്നത് കഴിഞ്ഞു വന്നതിനേക്കാൾ പിന്നിലേയ്ക്ക് പോകാനാണ്. ‘റോഡുമുറിച്ചുകടക്കാൻ പഠിക്കുന്നതിനു മുൻപു തന്നെ കുഞ്ഞിന് ലോകത്തെ മുന്നിൽ കൊണ്ടു വന്നു കാണിച്ചു കൊടുക്കുന്നു’ എന്ന വിശേഷണം നേടിയെടുത്തിട്ടുള്ള ടിവി, ടെലിവാഞ്ചലിസത്തിലൂടെ സമൂഹത്തെ നയിക്കുന്നത് അന്ധവിശ്വാസങ്ങളിലേയ്ക്കും ഉപാധിയില്ലാത്ത വിധേയത്വത്തിലേയ്ക്കും മതപരമായ സങ്കുചിതത്വത്തിലേയ്ക്കുമല്ലേ? ‘പാഠം’ എന്ന നിലയ്ക്ക് ദേവി മാഹാത്മ്യത്തെ വിശകലനം ചെയ്താൽ അത് സ്ത്രീകളുടെ സഹനത്തെ ആവർത്തിച്ചു മഹത്വവത്കരിക്കുന്ന ഒരു നില കൈയാളിയിരിക്കുന്നതു കാണാം. പ്രശ്നങ്ങളുടെ എല്ലാം ആത്യന്തിക പരിഹാരം ദേവിയുടെ കൈയ്യിലാണെന്നു വന്നാൽ വിമർശനം, വിശകലനം, വിമോചനം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് പ്രസക്തിയില്ലാതാവും. വിശ്വാസമാവും എല്ലാം. എന്നിട്ട് ആ വിശ്വാസത്തെ വസ്തുക്കളിലേയ്ക്ക് ചുരുട്ടിക്കെട്ടുന്നു. മോതിരം ഐശ്വര്യം കൊണ്ടു വരുന്നു. മന്ത്രിച്ച തകിട് കടം നീക്കുന്നു. ഏലസ്സ് ശത്രു നിഗ്രഹം നടത്തി കൊടുക്കുന്നു. നല്ല മനുഷ്യരുടെ ജോലി, എല്ലാം ദേവിയെ ഏൽ‌പ്പിച്ച് സഹനത്തിന്റെ നെല്ലിപ്പലകയിൽ ചമ്രം പടിഞ്ഞിരിക്കുക എന്നതുമാത്രമാണ് എന്നാണ് തുടരൻ പഠിപ്പിക്കുന്നത്. അവസാനം ദേവി ഏതെങ്കിലും രൂപത്തിൽ പ്രത്യക്ഷപ്പെട്ട് ദുഷ്ടജന സംഹാരവും ശിഷ്ടജന രക്ഷണവും സാധ്യമാക്കും. ക്ഷമിച്ചിരിക്കുന്നവർ മാത്രമാണ് സദ്ജനങ്ങൾ എന്നും ഇത് പറഞ്ഞുവയ്ക്കുന്നുണ്ട്. പാറയുടെ മുകളിൽ നിന്ന് വലിച്ചെറിഞ്ഞ കൈക്കുഞ്ഞിനെ താഴെ നിന്ന് ദേവി കോവിലമ്മയുടെ രൂപത്തിൽ പിടിച്ചെടുത്തതായിരുന്നു ഒരു എപ്പിസോഡിലെ കഥ. വലിച്ചെറിഞ്ഞ കിങ്കരന്മാരെ ഒരു പാമ്പ് ഓട്ടിച്ചിട്ട് കടിച്ച് കൊല്ലുകയും ചെയ്യുന്നു. സർപ്പത്തിന്റെ നിയന്ത്രണാധികാരം ദേവിലാണെന്നതുകൊണ്ട് പ്രാണഭീതിയോടെ കിങ്കരന്മാർ ഓടുന്നതിനിടയ്ക്ക് ദേവിയുടെ ഭാവങ്ങൾ ഇടയ്ക്കിടയ്ക്ക് കാണിച്ച് കാണികളായ ഭക്തർക്ക് ചാരിതാർത്ഥ്യത്തിനുള്ള അവസരം സംവിധായകൻ ഒരുക്കിക്കൊടുക്കുന്നുണ്ട് ഇതിനിടയിൽ. ഈ കുഞ്ഞിനെ നിരന്തരമായി രക്ഷിക്കുക എന്നത് ദേവിയുടെ ബാധ്യത ഏറ്റെടുത്ത് കുഞ്ഞിനു പിന്നാലെ കറങ്ങുന്ന ദേവി തന്റെ അഭൌമികമായ ശക്തികൊണ്ട് കുഞ്ഞിന്റെ വിധി മാറ്റുന്നുമില്ല. മറ്റൊന്നിൽ സ്ത്രീയെ ഉപദ്രവിക്കുകയും അവളുടെ മോതിരം ഊരിമാറ്റാൻ (ദേവി തന്നെ വിളിപ്പുറത്തുള്ളപ്പോൾ മോതിരമെന്തിന്?) ശ്രമിക്കുകയും ചെയ്ത ദുഷ്ടനായ ഒരു വൃദ്ധന്റെ ഊന്നു വടി തെന്നിത്തെറിച്ചു പോകുന്നതായിരുന്നു. (അചേതനവസ്തുക്കൾക്കുമേലും ദേവിയുടെ സ്വാധീനം വിശ്വാസത്തെ വഴിപാട് വസ്തുക്കളിലേയ്ക്ക് വച്ചുമാറാൻ ഉദ്ദേശിച്ചുള്ളതാണെന്ന് നേരത്തെ നമ്മൾ കണ്ടു) വാർദ്ധക്യം നന്മ ചെയ്യാനുള്ളതാണെന്ന മട്ടിൽ ഉപദേശപ്രസംഗവുമായി ദേവി കോവിലമ്മയുടെ രൂപത്തിൽ അവിടെ പ്രത്യക്ഷപ്പെടുന്നു. (മംഗലശ്ശേരി നീലകണ്ഠന്റെ മകൻ, വൃദ്ധനായ മുണ്ടക്കൽ ശേഖരനോട് പറഞ്ഞ അതേ ശക്തിയോടെ, സാഹിത്യഭേദത്തോടെ....) രക്ഷകധർമ്മം വ്യക്തിയിലേയ്ക്ക് കേന്ദ്രീകരിക്കുന്ന സൂപ്പർസ്റ്റാർ ചിത്രങ്ങളുടെ അന്ധമായ അതേ ഘടനയാണ് ദേവീമാഹാത്മ്യത്തിനും. ചലച്ചിത്രങ്ങളിൽ താരങ്ങൾക്കുള്ള അസാധാരണമായ കരുത്തും മാനറിസങ്ങളും സമർത്ഥമായി ഇവിടെയും ഉപയോഗിച്ചിട്ടുണ്ട്. ശാരീരികമായ കരുത്തിനുപകരം ദേവിക്ക് അചേതനങ്ങളെ വരെ നിയന്ത്രിക്കാനുള്ള അഭൌമമായ ശക്തി. സാധാരണക്കാരിലൊരാളായി നിലകൊള്ളുന്നു എന്ന തോന്നലുണ്ടാക്കിക്കൊണ്ട് പ്രവൃത്തിയിലും പ്രകടനത്തിലും വ്യത്യസ്തത. (ദേവിയുടെ ചലനങ്ങൾ മിക്കപ്പോഴും സെമി സ്ലോമോഷനിലാണ്. നിലകളിലും (പോസ്) നോട്ടത്തിലും പ്രത്യേകതകാണാം. ഡിസൈനർ സാരിയും ഫ്രില്ലുവച്ച ബ്ലൌസുമാണ് ദേവിയുടെ വേഷം. പത്തിന്റെ പൈസ കൈയ്യിലില്ലെന്ന് അഭിനയിക്കുമ്പോഴും രജനീകാന്തും വിജയും ആയിരങ്ങളുടെ പപ്പാസ് ഇട്ടിരിക്കുന്നതുപോലെ..? ) ദൈവിക മൂല്യങ്ങളുടെയും സനാതന നിയമത്തിന്റെയും ചെലവിൽ സാമൂഹികമായ ജഡാവസ്ഥയെ ഊട്ടി ഉറപ്പിക്കാനുള്ള ശ്രമം പ്രകടമായും ഭക്തി സീരിയലുകൾ ഉള്ളടക്കി വച്ചിട്ടുണ്ട്. ഇത്തരം ഗിമ്മിക്കുകളിലൂടെ ദേവീമാഹാത്മ്യം നേടുന്ന ജനപ്രീതിയെ കേവലഭക്തിയുടെ ചെലവിൽ എഴുതി തള്ളുന്നത് ശരിയായിരിക്കില്ല.

പുസ്തകം : ടെലിവിഷന്‍ കാഴ്ചയും സംസ്കാരവും - ഷാജി ജേക്കബ്
Post a Comment