March 9, 2010

ഗോതമ്പുപാടങ്ങൾക്കു മാത്രമോ മഞ്ഞ?കുഞ്ഞുങ്ങൾ വരയ്ക്കുന്ന ലാൻഡ് സ്കേപ്പുകളിൽ ഒട്ടു മുക്കാലിനും മണ്ണിന് മഞ്ഞനിറമായിരിക്കും എന്നാണ് അനുഭവം. മറ്റിടപെടലുകൾ ഇല്ലെങ്കിൽ. ചെറുപ്രായത്തിനുള്ളിൽ അവന്റെ/അവളുടെ പാരിസ്ഥിതികാവബോധത്തെ ആകെ തകരാറിലാക്കുന്നതരം പരിസരത്തിലും ഇരുട്ടിലുമല്ല ആ കുഞ്ഞിന്റെ ജീവിതമെങ്കിൽ. ഇത് മണ്ണിനെ സംബന്ധിക്കുന്ന തത്ത്വമല്ല. കാഴ്ചയെ സംബന്ധിക്കുന്ന കാര്യമാണ്. കാഴ്ചയുടെ കലാപരമായ വിവർത്തനമാണ് ചിത്രം. മഞ്ഞ അടിസ്ഥാനനിറമാണ്. അതിലൊരു സുരക്ഷിതത്വമോ ആഹ്ലാദമോ കുഞ്ഞ് അനുഭവിക്കുന്നുണ്ടോ? നിറങ്ങളുടെ ശൈശവാനുഭൂതിയെക്കുറിച്ച് വെറുതേ പറഞ്ഞതല്ല. നാടോടി ചിത്രരചനാസമ്പ്രദായത്തിൽ മണ്ണിനെ അഥവാ പൃഥ്വിയെ മഞ്ഞകൊണ്ട് അടയാളപ്പെടുത്തണം എന്നാണ് നിഷ്കർഷിച്ചിരിക്കുന്നത്. പഞ്ചഭൂതാത്മകമായ പ്രകൃതിയെ (ഭൂമി, ജലം, അഗ്നി, വായു, ആകാശം) ചിത്രീകരിക്കുന്നതിന് അതിൽ ഓരോന്നിനും ഓരോ നിറം എന്നാണ് കണക്ക്. അതനുസരിച്ച് വായുവിന് ചുമപ്പാണ്. അഗ്നിയ്ക്ക് കറുപ്പും. ഈ സങ്കീർണ്ണതയ്ക്കുള്ളിലും ഭൂമിയ്ക്ക് മഞ്ഞയെന്ന ലാളിത്യമാണ്. മനുഷ്യസമൂഹത്തിന്റെ ബാല്യാവസ്ഥയാണ് നാടോടി സംസ്കാരങ്ങളിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നതെന്ന് പറയാമല്ലോ. വ്യാപിക്കുക എന്ന അർത്ഥമുള്ള ‘വിഷ്’ ധാതുവിൽ നിന്നാണ് ‘വിഷ്ണുവിന്റെ’ - ത്രിമൂർത്തികളിൽ സ്ഥിതികാരനായ ദൈവത്തിന്റെ - പേരുണ്ടായത്. വിഷ്ണു മഞ്ഞ വസ്ത്രധാരിയും നീല നിറമുള്ള ശരീരമുള്ളവനുമാണ്. ഉടയാടയുടെ മഞ്ഞ ഭൂമിയെയും ശരീരത്തിന്റെ നീല, ആകാശത്തെയും പ്രതിനിധീകരിക്കുന്നു എന്നാണ് ‘ഈശ്വരന്റെ രൂപകൽ‌പ്പനയിലെ ചമത്കാരം’ എന്ന പുസ്തകം പറയുന്നത്. ഈ പൈതൃകമാണ് കൃഷ്ണനെയും പീതാംബരധാരിയാക്കിയത്, അതിന്റെ ചമത്കാരം എന്തായാലും. മണ്ണ് ജീവജാലത്തിന്റെ തടമായതിനാൽ സൃഷ്ടിയുടെ നിറമാണ് മഞ്ഞ എന്നങ്ങനെ ഉറപ്പിച്ചു പറഞ്ഞുകൂടാ. മരിച്ച ഇലകൾക്കും മഞ്ഞ നിറമാണ്. ഭരതന്റെ നാട്യശാസ്ത്രത്തിൽ മഞ്ഞയ്ക്ക് വീരരസവുമായാണ് ബന്ധം. സംഗീതത്തിലെ സപ്തസ്വരങ്ങളിൽ ‘ഗ’ എന്ന ഗാന്ധാരമാണ് മഞ്ഞ. ല മുതൽ സ വരെയുള്ള അക്ഷരങ്ങൾക്ക് പൊൻ നിറമാണെന്ന് ആർഷജ്ഞാനം. അവ മഞ്ഞയാണ്. തിളങ്ങുന്ന മഞ്ഞയായി മനസ്സിൽ പതിയുന്നവയാണെന്നായിരിക്കും അഭിമതം.

മനുഷ്യസമൂഹം അമ്മിഞ്ഞപ്പാലോലുന്ന ചോരിവാ കൊണ്ടാണ് നിറങ്ങളുടെ പേരുകൾ നിർമ്മിച്ചത്. സംശയമുണ്ടെങ്കിൽ അവയൊന്ന് ഉറച്ച് ഉച്ചരിച്ചു നോക്കുക. പച്ച, മഞ്ഞ, ചെമപ്പ്.... (ചെം ആണ് പ്രാചീന രൂപം ചെംചുണ്ട്, ചെമ്മാനം, ചെന്തെങ്ങ്... പരിഷ്കാരം വിമ്മിട്ടം എന്ന ശരിപദത്തെ വിമ്മിഷ്ടം എന്ന് തെറ്റാക്കിയതുപോലെയാണ് ചുവപ്പിന്റെയും ചുകപ്പിന്റെയും കാര്യം!) നീല, കറുപ്പ്.... കാഴ്ച, പ്രാഥമികമായ അനുഭവമായതുകൊണ്ടായിരിക്കണം, നിറങ്ങളുടെ പേരുകൾക്കീ തനിമ. മഞ്ഞയ്ക്ക് ‘മഞ്ഞളിന്റെ നിറം’ എന്നാണ് നിഘണ്ടുവിലെ അർത്ഥം. (ഉണ്ണിയാർച്ചയെ പഴയ കവി വർണ്ണിച്ചത് ‘വയനാടൻ മഞ്ഞൾ മുറിച്ചതുപോലെ’ ‘കുന്നത്തെ കൊന്നയും പൂത്തപോലെ’ എന്നൊക്കെയല്ലേ. പ്രകാശവുമായി ഏറ്റവും അടുത്ത നിറം അടിസ്ഥാനവികാരവുമായി പരിണയത്തിലെത്തുന്ന സുന്ദരസുരഭിലസന്ദർഭമാണ് വടക്കൻപാട്ടിലെ മേൽ‌പ്പടി വരികൾ.) മുട്ടയാണൊ കോഴിയാണോ എന്നതുപോലെ മഞ്ഞളാണോ മഞ്ഞയാണോ ആദ്യം? കായ്ക്കും പൂവിനും തീയ്ക്കും അർത്ഥം മലയാളത്തിൽ പറയാൻ പറ്റാത്തതുപോലെ മഞ്ഞയ്ക്കും അർത്ഥം പറയാൻ സാധ്യമല്ലെന്നാണ് മഞ്ഞൾകൊണ്ടുള്ള വിവരണത്തിൽ നിന്നും മനസ്സിലാവുന്നത്. അത്രയ്ക്ക് പ്രാചീനമാണ് ആ വാക്ക്. സംസ്കൃതം കുറേകൂടി പരിഷ്കരിക്കപ്പെട്ടതാണ് പീതം. ‘കുടിച്ചത്’ എന്ന് അർത്ഥഭംഗി. എന്നുവച്ചാൽ ‘മനസ്സിനെ പാനം ചെയ്യുന്ന നിറം’. മറ്റു നിറങ്ങളെ പാനം ചെയ്യുന്ന നിറം’ എന്നു കൂടി ഒരു അർത്ഥാന്തരം ഈ വാക്കിന് നിഘണ്ടൂകാരൻ എഴുതി വച്ചിട്ടുണ്ട്. മഞ്ഞയ്ക്കുള്ള മേൽക്കോയ്മയാണ് വിവക്ഷിതം. ചിത്രകാരന്മാരുടെ നിറവ്യാഖ്യാനത്തിൽ മഞ്ഞ ഊർജ്ജത്തെയും ഉത്സാഹത്തെയും ബുദ്ധിയെയും സന്തോഷത്തെയുമാണ് കാണിക്കുന്നത്. ചൈനയിൽ രാജഭക്തിയും അന്തസ്സുമാണ് മഞ്ഞ. ‘മഞ്ഞവർഗക്കാർ’ അങ്ങനെ കരുതിയില്ലെങ്കിലേ അദ്ഭുതമുള്ളൂ. ചൈനാക്കാർക്ക് മഞ്ഞചക്രവർത്തിയും ദീനമുഖമുള്ള മഞ്ഞനദിയും ഉണ്ട്. അമേരിക്കക്കാർക്ക് മഞ്ഞ ഭീരുത്വമാണ്. ‘മഞ്ഞവയറൻ’ (യെല്ലോ ബെല്ലി) വിശ്വസിക്കാൻ കൊള്ളാത്ത ഭീരുവാണ്. ‘മഞ്ഞചിരി’ രാജ്യദ്രോഹവും ചതിയും വഞ്ചനയുമൊക്കെയാണ് വിദേശത്ത്. മുതലാളിത്തം മഞ്ഞയെ ‘കുട്ടിത്ത’ നിറമായിട്ടാണ് കണക്കാക്കിയിരിക്കുന്നത് എന്നത് നേരത്തെ പറഞ്ഞ കാര്യങ്ങൾക്ക് അടിവരയാവുന്ന സംഗതിയാണ്. കളിപ്പാട്ടങ്ങളും കുട്ടികളെ ആകർഷിക്കാനുദ്ദേശിച്ചുള്ള പരസ്യങ്ങളും മഞ്ഞയിൽ തീർത്താൽ ഫലപ്രദമാവും എന്നാണ് കമ്പോളവിശ്വാസം. മഞ്ഞസാരി ഉടുത്ത സുന്ദരി ഓക്കെ. മഞ്ഞപാന്റിട്ട ഒത്ത പുരുഷനെ കണ്ടിട്ടുണ്ടോ? മഞ്ഞപ്പക്കി എന്ന വിമാനം പറത്തിക്കളിക്കാൻ കൊള്ളാമെന്നല്ലാതെ എയർബസ്സിന്റെ ഗൌരവമുണ്ടോ? കമ്പോളത്തിന് സമൂഹത്തെ കുട്ടികളായി കാണാനാണ് ഇഷ്ടം എന്നുള്ളതിന് വാണിജ്യസ്വഭാവമുള്ള ‘മഞ്ഞപ്പേജുകളെ’(യെല്ലോ പേജസ്) നോക്കിയാൽ മതിയല്ലോ. അവയുടെ ഉത്പത്തിചരിത്രം ഇനി ഒരിടത്തും തിരയണ്ട. ഇറ്റലിയിൽ കുറ്റവാളിക്കഥകളായിരുന്നു ‘മഞ്ഞപ്പത്ര’ങ്ങളിൽ അച്ചടിച്ചു വന്നിരുന്നത്. നമ്മുടെ നാട്ടിൽ വ്യഭിചാരകഥകളും. (‘ഒരു അപവാദകഥയുടെ മഞ്ഞ ഉത്സാഹം’ എന്ന് കെ ജി ശങ്കരപിള്ള ഒരു കവിതയിൽ) നിറങ്ങൾ പ്രാകൃതവാസനകളും അടിസ്ഥാന പ്രവണതകളുമായി അടുത്തു നിൽക്കുന്നതിന്റെ ചരിത്രം ‘നീലച്ചിത്രങ്ങളും ചുവന്ന തെരുവുകളും മഞ്ഞപത്രങ്ങളും പച്ചകാമവും’ തരുന്നുണ്ട്. മുന്നറിയിപ്പിന്റെ സ്വഭാവവുമുണ്ട്, ഇരുണ്ട മഞ്ഞയ്ക്ക്. കളിയ്ക്കിടയിൽ ‘മഞ്ഞകാർഡു്’ ഒരു താക്കീതാണല്ലോ. ‘കോളറാകാലത്തെ പ്രണയത്തിൽ’ അപ്പൂപ്പനെയും അമ്മൂമ്മയെയും കയറ്റിയ കപ്പലിൽ ഒരു മഞ്ഞകൊടി ഉയർത്തിക്കെട്ടിയിരുന്നു, മാർക്വേസ്. ശമനമില്ലാത്ത പ്രണയവും കോളറപോലെ സാംക്രമികസ്വഭാവമുള്ളതാണ്. അസുഖത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ് കെ ആർ മീരയുടെ ‘മോഹമഞ്ഞ’ ഓർത്തുപോയത്. അതിലും പ്രണയവും രോഗവുമാണല്ലോ. നാരായണഗുരുവിനു നാം പുതച്ചു കൊടുക്കുന്ന മഞ്ഞയ്ക്ക് മ്ലാനമുഖമുള്ള എന്തൊക്കെയോ അർത്ഥവിവക്ഷകളില്ലേ?

ഉത്സാഹിയായൊരു മഞ്ഞയുടെ മറുവശമാണിത്. ചീയലിന്റെയും അസൂയയുടെയും രോഗത്തിന്റെയും മഞ്ഞ. മഞ്ഞപ്പിത്തത്തിന്റെയും മഞ്ഞക്കാമാലയുടെയും മഞ്ഞ. മസൂരിയുടെ ഓർമ്മയാണ് ജമന്തിയുടെ മഞ്ഞയ്ക്കും മണത്തിനും. ഷെർലോക് ഹോംസിന്റെ ‘മഞ്ഞമുഖം’ എന്ന കഥ ഓർമ്മയില്ലേ? ഹോംസ് പരാജയപ്പെട്ട അപൂർവം ചില സംഭവങ്ങളിൽ ഒന്നാണത്. നാണം കെട്ടാലും മഞ്ഞയെ നാം കൂട്ടു പിടിക്കും. കുറച്ച് നിറങ്ങൾ തന്നിട്ട് അവയുമായി നിങ്ങൾക്ക് പരിചയമുള്ള ആളുകളെ ബന്ധപ്പെടുത്താൻ പറഞ്ഞാൽ മഞ്ഞയെന്നു കേട്ടപ്പോൾ നിങ്ങൾക്ക് ഓർമ്മ വന്ന ആൾ, നിങ്ങൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ആളായിരിക്കുമെന്ന് മനശ്ശാസ്ത്രം പറയുന്നു. വിഷു മഞ്ഞയുടെ ഒരു ഉത്സവമാണ്. കണി വെള്ളരി മഞ്ഞയാണ്, കൊന്നയും പകരക്കാരനായ ഉറക്കംതൂങ്ങിയും മഞ്ഞയാണ്. മഞ്ഞക്കോടി പക്ഷേ ഓണവുമായി ബന്ധപ്പെട്ടതാണ്. നീണ്ട പകലാണ് വിഷു. ചിത്രം വരപ്പുകാർക്ക് വെളിച്ചം ഒരു നിറമാണ്. എങ്കിൽ വെയിൽ മഞ്ഞയാണ്. സംശയമില്ല. വിഷുവും ഓണവും വെയിലുത്സവങ്ങളാണ്. ‘മഞ്ഞതെച്ചിപൂങ്കുലപോലെ മഞ്ജിമ വിടരുന്ന പുലർകാല’ത്തിലാണ് ചങ്ങമ്പുഴയുടെ ‘മനസ്വിനി’ വന്ന് നിറഞ്ഞു തുളുമ്പി നിന്നത്. മഞ്ഞതെച്ചി ! അയ്യപ്പന്റെ ‘വെയിൽ തിന്നുന്ന പക്ഷി’യും ഒരു ചിത്രം തന്നെ. മഞ്ഞയോടുള്ള കടുത്തപ്രിയമായിരിക്കുമോ മലയാളിയെ സ്വർണ്ണത്തിന്റെ ആരാധകരാക്കിയത്? പ്രതിവർഷം കൊച്ചുകേരളം കൈകാര്യം ചെയ്യുന്ന സ്വർണ്ണത്തിന്റെ അളവ് 200 ടൺ ആണ് ഔദ്യോഗികകണക്ക്. ഔദ്യോഗികമല്ലാത്തതും കൂടി ചേർന്നാലോ? സ്വർണ്ണപ്രണയത്തിന്റെ മനശ്ശാസ്ത്രവശത്തെ കോപ്രോഫീലിയയുമായി ബന്ധപ്പെടുത്തിയാണ് മുൻപ് എം എൻ വിജയൻ വ്യാഖ്യാനിച്ചത്. അനൽ ഇറോട്ടിസത്തിന്റെ ഭാഗമായി. അങ്ങനെ ആലോചിച്ചുപോയാലും നമ്മൾ ചെന്നു നിൽക്കുക കുട്ടികളുടെ സവിധത്തിലായിരിക്കും. അപ്പോൾ മാനസികമായി നമ്മളിതുവരെ വളർന്നില്ലെന്നാണോ?

‘പച്ചിലയുടെ ഖേദവും വിധിയുടെ നിറവും മഞ്ഞ’യാണെന്നെഴുതിയ സച്ചിദാനന്ദനാണ് പ്രണയകവിതകളിലൊരിടത്ത് ഗോഗെന്റെ - ഹെൻ‌‌ട്രി പോൾ ഗോഗെന്റെ- ചിത്രങ്ങളിലെ തവിട്ടു നിറത്തെക്കുറിച്ച് പരാമർശിക്കുന്നത്. അതേ കവിതയിൽ വാൻ‌ഗോഗുമുണ്ട്. ഗൊഗെന്റെ ഗന്ധർവദ്വീപിനുപകരം വാൻ‌ഗോഗ് പ്രണയികൾക്ക് നൽകുന്നത് സൂര്യകാന്തിതടത്തിലെ സ്വർണ്ണധൂളികളാണ്. ഇതു രണ്ടും പ്രണയത്തിന്റെ കാഴ്ചയാണ്. വാൻ‌ഗോഗിന്റെ മഞ്ഞ, അച്ചാലും മുച്ചാലും കണ്ണിൽ കുത്തുന്ന രോഗാതുരമായ മഞ്ഞയാണ്. പിരുന്ന് പിരുന്ന് സിരകളിൽ അരിച്ചുകയറുന്ന തരം മഞ്ഞ. ഗോഗെനും മഞ്ഞയുമായി കടുത്ത ബന്ധമുണ്ടായിരുന്നു. ഒരിടയ്ക്ക് രണ്ടു പോസ്റ്റ് ഇമ്പ്രഷണിസ്റ്റു ചിത്രകാരന്മാരും ചേർന്ന് ആർ‌ളിൽ ഒരു വീടെടുത്ത് ഒന്നിച്ചു താമസിച്ചു. ഏതാണ്ട് 9 ആഴ്ച. എന്നിട്ട് ചിത്രങ്ങളെപ്പറ്റിയും വരകളെപറ്റിയും പറഞ്ഞു പറഞ്ഞ് അടിച്ചു പിരിഞ്ഞു. മഞ്ഞയുടെ അപ്പോസ്തലന്മാർ ഒന്നിച്ചു താമസിച്ച വീടിന്റെ പേരാണ് രസം, ‘യെല്ലോ ഹൌസ്’. അവിടത്തെ കിടപ്പുമുറിയാണ് പിന്നീട് ലോകപ്രസിദ്ധമായ ‘കിടപ്പുമുറി’ എന്ന ചിത്രമായത്. മുറിയിലെ കട്ടിൽ ആദ്യം ചുവപ്പു കൂടുതൽ കലർത്തിയാണ് വാൻ‌ഗോഗ് വരച്ചത്. മിനുക്കുംതോറും മഞ്ഞ കൂടി. പ്രതിഭയും രോഗവും കൂടുന്ന രീതി മഞ്ഞയുടെ പ്രയാണവഴിയിലൂടെ കണ്ടെടുക്കാം. സൂര്യകാന്തിപ്പൂക്കളുടെ മഞ്ഞയ്ക്കും ആർ‌ളിലെ ‘നക്ഷത്രാകീർണ്ണമായ രാത്രിയ്ക്കും’ നിലവിലുള്ള ഒരു മഞ്ഞയുമായും ബന്ധമില്ല. അവ വേറെ എന്തോതരം മഞ്ഞകളാണ്. കണ്ട് കണ്ണു ചെടിച്ചിട്ട് പ്രകൃതിയിലെ മഞ്ഞലകൾക്കു നേരെ നെറ്റിചുളിച്ചാൽ ആർക്കു പോയി? പിന്നെ എത്ര ചിത്രങ്ങളിൽ വാൻ‌ഗോഗിന്റെ പനി പിടിച്ച മഞ്ഞ നാം കണ്ടു! ആർ‌ളിലെ ‘കഫേയുടെ രാത്രിക്കാഴ്ച’യിൽ, ഗിനോക്സിന്റെയും ഗാചെറ്റിന്റെയും രൂപമാതൃകകളിൽ, ഡൌബിഗ്നിയുടെ ഉദ്യാനത്തിൽ, പഴയ മില്ലിൽ, അസൈലത്തിന്റെ പ്രവേശനദ്വാരത്തിൽ, കാക്കകൾ നിറഞ്ഞ ഗോതമ്പുപാടത്തിൽ, തരസ്കോറിലേയ്ക്കുള്ള വഴിയിലെ ചിത്രകാരനിൽ... എല്ലാം മഞ്ഞ. ‘വിതക്കാരൻ’ എന്ന ചിത്രത്തിൽ വേറൊരു രസമുണ്ട്. അവിടെ ആകാശമാണ് മഞ്ഞ. ഭൂമിയല്ല. ചുമ്മാതല്ല ഗോഗിൻ വാൻ‌ഗോഗിനെ വരച്ചപ്പോൾ മഞ്ഞ കശക്കി വരച്ചത്. എന്തൊരു മഞ്ഞ. ഗോഗെന്റെ മഞ്ഞരൂപങ്ങൾ പിശാചുകളാണെന്നാണ് പറയുന്നത്. പക്ഷേ ‘എവിടെ നിന്നാണ് നാം വന്നത്, എങ്ങോട്ടാണ് പോകുന്നത്’ എന്ന ചിത്രത്തിലെ ആശങ്കാകുലരായ മഞ്ഞശരീരികൾ പിശാചുക്കളാണോ? ഗോഗിന്റെ പ്രസിദ്ധമായ മറ്റൊരു ചിത്രം ‘മഞ്ഞക്രിസ്തു’വിന്റെയാണ്. ‘പച്ചക്രിസ്തു’ പാരിസ്ഥിതികമായ അവബോധത്തിന്റെ സന്ദേശമാണെങ്കിൽ ഈ മഞ്ഞയേശു എന്താണ്? ലത്തീൻ വിശ്വാസമനുസരിച്ച് ദൈവം വിലക്കിയ കനി മഞ്ഞ ‘നാരങ്ങയാണ്’ ചുവന്ന ആപ്പിളല്ല. ഗോഗിന്റെ ഒരു നിശ്ചലജീവിതചിത്രത്തിലിരുന്ന് വലിപ്പമുള്ള രണ്ടു നാരങ്ങകൾ തുറിച്ചു നോക്കുന്നത് എന്തിനാണെന്ന് ഇപ്പോൾ മനസ്സിലാവുന്നു. നാരങ്ങകളുടെ എടുത്തുപിടിച്ചുള്ള ഇരിപ്പിൽ/കിടപ്പിൽ എന്തൊക്കെയോ പ്രലോഭനങ്ങളുണ്ട്. മഞ്ഞയ്ക്ക് ചുവപ്പുമായി രക്തബന്ധമുണ്ട്. രണ്ടും തമ്മിലറിയാതെ ചേരും.കെട്ടിമറിയും. മറിച്ചാണ് കറുപ്പിന്റെ സ്ഥിതി. രാവും പകലും പോലെ. നേരെ വിപരീതം. എങ്കിലും ഉള്ളിണക്കത്തിലല്ല പരസ്പരവൈരുദ്ധ്യത്തിന്റെ ഒത്തിരിപ്പിലാണ് നമ്മൾ സൌന്ദര്യം കാണുന്നത്. അതുകൊണ്ട് കറുപ്പിലെ മഞ്ഞയും മഞ്ഞയിലെ കറുപ്പും നന്നായിട്ടുണ്ടെന്ന് നമ്മൾ തട്ടി വിടും. കറുത്തശരീരത്തിൽ വിയർപ്പിൽ ഒലിച്ചിറങ്ങുന്ന മഞ്ഞപ്പൊടിയും അതിന്റെ നീറ്റവും തലവെട്ടിപിളർന്ന ചോരയും ചേർന്ന് കൊടുങ്ങല്ലൂർ ഭരണിയെ ഭീഷണ ചിത്രമാക്കും. മാർഷൽ ദുഷാമ്പിന്റെ ‘കോവണിയിറങ്ങുന്ന നഗ്ന’ എന്ന ചിത്രത്തെക്കുറിച്ചുള്ള കവിതയിൽ സച്ചിദാനന്ദൻ പഴയ പ്ലേറ്റു മാറ്റി. ഇപ്പോൾ പ്രണയികളില്ല. അവർക്ക് ഉറങ്ങി ഉണരാൻ ദ്വീപുകളും സൂര്യകാന്തിപ്പാടങ്ങളും വേണ്ട. ദുഷാമ്പിന് മഞ്ഞയും കറുപ്പും ചാലിച്ചു കിട്ടുന്ന തവിട്ടായിരുന്നു പഥ്യം. ചിത്രത്തിലെ കോവണിയെയും പെണ്ണിനെയും പോലെ ദുഷാമ്പ് നഗ്നനാണെങ്കിൽ ഇപ്പോൾ പിക്കാസോ അവനു നീലയും വാൻ‌ഗോഗ് മഞ്ഞയും ഗൊഗെൻ ഇളം തവിട്ടും സെസാൻ തന്റെ പച്ചയും മത്തീസ് ചുകപ്പും നൽകുന്നു’ എന്ന് കവിത കാഴ്ചയുടെ കാഴ്ചയെ പകർത്തി. വാൻ‌ഗോഗ് മഞ്ഞയിൽ ചുവപ്പു കലക്കിയപ്പോൾ ഗോഗെൻ അതിൽ കറുപ്പു ചാലിച്ചു തുടങ്ങിയത് സിരകളിൽ ലയിച്ചു തുടങ്ങിയ ഉന്മാദത്തിന്റെ തരികൾ കൂടി ചേർത്താണ്. “ഞാനതും നേരെ ചൊവ്വേ ചെയ്തില്ല ഡോക്ടർ” എന്ന് സ്വന്തം വയറിൽ നിന്ന് പടരുന്ന ചോരയിലേയ്ക്കും കൈയിലിരിക്കുന്ന തോക്കിലേയ്ക്കും നോക്കിക്കൊണ്ട് വാൻ‌ഗോഗ് നിരാശയോടെ, ഡോ. ഗാഷേയോട് പറഞ്ഞു. 1890 ജൂലൈ 27-ന്. പിറ്റേന്ന് മരിച്ചു. വർഷങ്ങൾക്കുശേഷം ഗോഗെനും അതു തന്നെ ചെയ്തു. തോറ്റു. പിന്നെ സ്വയം പുച്ഛിച്ച്, നിറങ്ങൾ വേണ്ടെന്നു വച്ച് ഇരുട്ടിൽ കഴിഞ്ഞു 1903 വരെ.

മഞ്ഞ, ഉന്മാദത്തിന്റെ നിറം കൂടിയാണ്.

ചിത്രം : KPTA
Post a Comment