February 16, 2010

ശേഷം കാഴ്ചയിൽ

2008 ഡിസംബറിലാണ്, താഴേയ്ക്കു കൂപ്പുകുത്തുന്ന മലയാളം സിനിമയെ രക്ഷിക്കാൻ നിർമ്മാതാക്കളെല്ലാം ചേർന്ന് അരപ്പട്ട മുറുക്കാൻ പോവുകയാണെന്ന സൂചന നൽകിക്കൊണ്ട് കെ എഫ് പി എ യുടെ കാര്യദർശി സാബു ചെറിയാൻ പത്രസമ്മേളനം നടത്തിയത്. ഒന്നരക്കോടിയിൽ തീരുന്ന മട്ടിൽ 6 സിനിമകൾ വരും വർഷം (അതായത് 2009-ൽ) നിർമ്മിക്കാൻ നിർമ്മാതാക്കളുടെ സംഘം തയാറെടുക്കുകയാണെന്നും അതിൽ അഭിനയിക്കുന്നതെല്ലാം പുതുമുഖങ്ങളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു സൂപ്പർ സ്റ്റാറിനെ വച്ച് സിനിമയെടുത്താൽ ഏതാണ്ട് 3.5 മുതൽ 4 കോടി വരെയാണ് ചെലവ്. അതിൽ പകുതിയിലേറെ താരത്തിനാണ് പോവുക. സൂപ്പർ താരവും രണ്ടാംകിട നടന്മാരും തമ്മിൽ ഫീൽഡിൽ നിലനിൽക്കുന്ന വ്യത്യാസം ഭീകരമാണ്. തനി മുതലാളിത്തമട്ടിലാണ് മലയാളസിനിമയുടെ ലോകത്തെ സാമ്പത്തികവ്യവസ്ഥ. ‘ഉള്ളവരായ’ മഹാന്യൂനപക്ഷം വീണ്ടും വീണ്ടും പണം കൊണ്ടു കൊഴുക്കുമ്പോൾ, കഴിവുള്ള മഹാഭൂരിപക്ഷം അവസരത്തിനായി വെള്ളിത്തിരയിലെ ആൾദൈവങ്ങളുടെ കാൽതൊട്ട് കുമ്പിട്ടു നിന്നാലെ പറ്റൂ. ഒരഭിമുഖത്തിൽ രാജൻ പി ദേവ് പറഞ്ഞത് ‘മമ്മൂട്ടിയ്ക്ക് നൃത്തം ചെയ്യാൻ അറിഞ്ഞുക്കൂടാത്തതല്ല, അതറിയാവുന്ന മമ്മൂട്ടി തനിക്കത് അറിയില്ലെന്ന മട്ടിൽ അഭിനയിക്കുന്നതാണ് അദ്ദേഹത്തിന്റെ വൈഭവം എന്നാണ്. തൊമ്മനും മക്കളും എന്ന സിനിമയിൽ ‘തൊമ്മൻ’ നായകനായ മമ്മൂട്ടിയല്ല. സിനിമയ്ക്ക് അങ്ങനെ പേരിടാൻ സമ്മതിച്ചതു തന്നെ മമ്മൂട്ടിയുടെ വലിയ മനസ്സിനെയാണത്രേ കാണിക്കുന്നത് ! സാധാരണ കാര്യങ്ങൾ തുറന്നു പറയാൻ മടികാണിക്കാത്ത സലീം കുമാർ ഒരഭിമുഖത്തിനിടയിൽ പറഞ്ഞു, ഫ്ലെക്സിബിലിറ്റി എന്ന കഴിവ് മമ്മൂട്ടിയ്ക്കാണ് കൂടുതൽ, മോഹൻ ലാലിനല്ല എന്ന്. വ്യക്തിപരമായ അഭിപ്രായപ്രകടനം എന്ന നിലയിൽ ഇതൊന്നും അത്രകാര്യമാക്കേണ്ടതില്ല. എന്നാൽ മമ്മൂട്ടി മോഹൻലാൽ ദിലീപ് പ്രഭൃതികളുടെ സിനിമകൾ എടുത്തുവച്ചുനോക്കുക. അവയിൽ ഉപഗ്രഹങ്ങളായി ചുറ്റുന്നത് സ്ഥിരം ചില നടൻമാരാണ്. അപ്പോൾ അഭിപ്രായപ്രകടനങ്ങൾ ആത്മനിഷ്ഠമായി ഒരിടത്തേയ്ക്ക് ചാഞ്ഞിരുന്നല്ലേ പറ്റൂ. ബി ഉണ്ണികൃഷ്ണൻ (സംവിധായകൻ) മോഹൻലാലിന്റെ നാവായാണ് അറിയപ്പെടുന്നത്. ഒരിക്കൽ ഒരു പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിലപിച്ചത്, ‘കൊച്ചിൻ ഹനീഫ, സലീംകുമാർ, ഹരിശ്രീ അശോകൻ, സുരാജ് വെഞ്ഞാറമ്മൂട്.... തുടങ്ങിയർ ഒരിടത്ത് താമസിച്ചിരുന്നെങ്കിൽ തന്റെ പണി എളുപ്പമായേനേ’ എന്ന്. ഒരു കൂട്ടം ഒന്നിച്ചാണ് ഒരു സിനിമയിൽ. ദിലീപിന്റെ സിനിമയിൽ നോക്കുക, ഒരു കൂട്ടം. മോഹൻ ലാലിന്റെ സിനിമയിൽ മറ്റൊരു കൂട്ടം, മമ്മൂട്ടിച്ചിത്രത്തിൽ വേറെ കൂട്ടം. ഇവരെ ഒന്നിച്ചു കൊണ്ടു വരികയും പോവുകയും ചെയ്താൽ എക്സിക്യൂട്ടീവിനു പണി കുറയും. നിർമ്മാതാവിന് ആവകയിൽ കുറച്ചു ലാഭവും കിട്ടും. കഥാപാത്രങ്ങൾ പ്രസക്തമല്ല. നടന്മാരും പക്ഷപാതങ്ങളുമാണ് മലയാള സിനിമയെ ഭരിക്കുന്നത്. പിന്നെ അതിന്റെ കലാപരമായ ഗ്രാഫ് താഴോട്ടു പോകാതെന്തു ചെയ്യും?

2008 -ൽ നിർമ്മിച്ച 54 പടങ്ങളിൽ നാലെണ്ണമാണ് വിജയിച്ചത്. 2009 -ലെ 37 സിനിമകളിൽ ഹരിഹര നഗർ 2-ഉം ഭാഗ്യദേവതയുമാണ് ബോക്സ് ഓഫീസ് കടന്നു കൂടിയത്. (കണക്കുകൾ സാബു ചെറിയാന്റെ വക) കേരളത്തിലെ ചലച്ചിത്ര വിതരണക്കാരുടെ അസോസ്സിയേഷൻ പ്രസിഡന്റ് ജി ജയകുമാറും സമാന അഭിപ്രായം വച്ചു പുലർത്തുന്ന ആളാണ്. മൊത്തം നിർമ്മാണച്ചെലവിന്റെ 10% മാത്രമേ പരസ്യത്തിനായി നിർമ്മാതാവിന് മുടക്കാൻ പറ്റൂ. പ്രധാനപത്രത്തിൽ സിനിമാപരസ്യം ഒരു പ്രാവശ്യം വരാൻ നിലവിൽ രണ്ടു ലക്ഷം രൂപ കൊടുക്കണം. ഇങ്ങനെ എത്ര പരസ്യം കൊടുക്കാൻ നിർമ്മാതാക്കൾക്കു ഇപ്പോൾ പറ്റും? പിന്നെ ടി വി, ഫ്ലക്സ്, വാൾപോസ്റ്ററുകൾ... (താരത്തിനുള്ള ഫ്ലക്സുകൾ പാലഭിഷേകം തുടങ്ങിയവ ഫാൻസുകാരുടെ വകയാണ്) ഇതുകൊണ്ടൊക്കെയാണ് മലയാളം സിനിമയെ അങ്ങേയറ്റം പോയാൽ 3.5 കോടിയിൽ ഒതുക്കിയിടണം എന്ന് നിർമ്മാതാക്കളെല്ലാം കൂടി നിശ്ചയിച്ചത്. അതിനപ്പുറം ഒരണ ചെലവാക്കാൻ നിൽക്കരുതെന്നാണ് അന്ത്യശാസനം. കൂടെ വേറെയുമുണ്ട് നിയമങ്ങൾ. 45 ദിവസം കൊണ്ടവസാനിക്കണം ഷൂട്ടിംഗ്. സെറ്റിൽ നിർമ്മാതാവിനല്ലാതെ മറ്റാർക്കും മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവാദം നൽകരുത്. കൃത്യം ഏഴു മണിക്ക് ഷൂട്ടിംഗ് ആരംഭിച്ചിരിക്കണം. 60 അസംസ്കൃത ഫിലിം റോളുകൾ മാത്രമേ മൊത്തം ഷൂട്ടിംഗിനായി ഉപയോഗിക്കൻ പാടുള്ളൂ. നിർമ്മാതാക്കളും സാങ്കേതികക്കാരും വിതരണക്കാരുടെ നേതാക്കളും കൈയ്യടിച്ചു പാസാക്കിയെങ്കിലും ഈ അഞ്ചിനപരിപാടി വിജയത്തിലെത്തുന്ന കാര്യം സംശയമാണ്. സാബു ചെറിയാൻ 2009 -ലെ പ്രോജക്ട് ആയി അവതരിപ്പിച്ച 6 സിനിമകളിൽ ഒന്നിന്റെയെങ്കിലും ആരവം എങ്ങാനും കേൾക്കാനുണ്ടോ? ഒന്നു കാതോർത്തു നോക്കിക്കേ. ഇതിപ്പോൾ 2010 ആയി. അങ്ങും ഇങ്ങും തൊടാതെ മോഹൻലാൽ പറഞ്ഞത് ‘പ്രതിഫലം വാങ്ങുന്നത് കൂടുതലാണെന്ന് തോന്നുന്നെങ്കിൽ എന്നെ വിളിക്കണ്ട. മറ്റാരെയെങ്കിലും വച്ച് സിനിമ ചെയ്തോളാൻ’. പുള്ളിയ്ക്ക് സ്വന്തമായി ഒരു നിർമ്മാണക്കമ്പനിയുണ്ട്. കൊള്ളാമെന്നു തോന്നുന്ന തിരക്കഥയെല്ലാം ആന്റണി പെരുമ്പാവൂരിനാണ് എന്ന കിംവദന്തി പണ്ടേ ഫീൽഡിലുള്ളതാണ്. (ദശരഥത്തിന്റെയും ഹിസ് ഹൈനസ്സ് അബ്ദുള്ളയുടെയും കഥ ഒന്നിച്ചു കേട്ടിട്ട് ദശരഥം, കഥ കേൾപ്പിക്കാൻ വന്നവനു കൊടുത്തു. കണ്ണടച്ചിരുന്നിട്ട് ഹൈനസ്സ് ഇങ്ങെടുത്തു..ദശരഥം എട്ടു നിലയിൽ പൊട്ടി, ഹൈനസ്സോ...) മമ്മൂട്ടിയും തുടങ്ങിയിട്ടുണ്ട് ഒരു വിതരണക്കമ്പനി. ചന്തുമാരെ തോത്പിക്കാൻ ആർക്കും പറ്റില്ല മക്കളേ. പിന്നെയുള്ള ഭീഷണി ഡബ്ബു ചെയ്തതും ചെയ്യാത്തതുമായ മറ്റു ഭാഷാചിത്രങ്ങൾ പണം വാരിക്കൊണ്ടു പോകുന്നതാണ്. ‘കോട്ടിട്ട കൊമ്പന്മാരെ’ (സി എസ് വെങ്കിടേശ്വരന്റെ പ്രയോഗം) എത്ര എന്നു വച്ച് ജനം കണ്ടു കൊണ്ടിരിക്കും. മോഹൻലാൽ അതിനും മറുപടി പറഞ്ഞു. വിദേശഭാഷാചിത്രങ്ങൾ നിരോധിക്കുകയോ നിയന്ത്രണം വയ്ക്കുകയോ വേണം. മൂന്നു മൂന്നരക്കോടി പ്രബുദ്ധമലയാളം സ്വന്തം മുരിങ്ങച്ചോട്ടിലെ കാഴ്ചകൾ കണ്ടേച്ചാൽ മതി. കൂടുതൽ സ്വപ്നങ്ങൾ മാണ്ട. ഇനി സാബു ചെറിയാൻ പറഞ്ഞതുപോലെ 3.5 കോടിയുടെ ബഡ്ജറ്റിലേയ്ക്ക് ചുരുങ്ങാൻ തുടങ്ങിയാൽ സീരിയലുകളേക്കാൾ ഗതികെട്ട സാധനങ്ങളായിരിക്കും സിനിമയെന്ന പേരിൽ ഇവിടെ ഉടലെടുക്കാൻ പോകുന്നത്. അതിന്റെ ലാഞ്ഛനകളുണ്ട്. പത്തും ഇരുന്നൂറും ഒക്കെ കടന്ന് 1000 കോടികളുടെ ഇംഗ്ലീഷ് തമിഴ് തെലുങ്കു ബ്രഹ്മാണ്ഡങ്ങൾ തട്ടു പൊളിക്കുന്നിടത്താണ് മൂന്നരക്കോടിയുടെ തനതു ചെവിതോണ്ടി! ഇതറിയാവുന്നതു കൊണ്ടാണ് ക്രാന്തദർശിയായ ലാലേട്ടൻ ഒരു മുഴം നീട്ടി എറിഞ്ഞത്. അന്യഭാഷാചിത്രങ്ങൾ നിരോധിക്കണം!!

പരിവേഷങ്ങൾക്ക് പ്രഭ കൂടുതലായതുകൊണ്ടും വീരാരാധന പല തരത്തിൽ കിടന്നു കറങ്ങുന്ന മേഖലയായതുകൊണ്ടും ചലച്ചിത്രമേഖലയിൽ ഈഗോകൾ തമ്മിൽ കൂട്ടിയിടിക്കും. (എം ജി ആറിനെയും ലതാമങ്കേഷ്കറെയും പറ്റി എത്ര കഥകളാണ്) അതു മുൻപും ഇവിടെ ഉണ്ടായിട്ടുണ്ട്. രണ്ടു സൂപ്പർസ്റ്റാറുകളുടെ പടത്തിലും കുറെക്കാലമായി ഞാനില്ലല്ലോ എന്ന് ജഗതി ശ്രീകുമാർ ഒരിക്കൽ തുറന്നടിച്ചിരുന്നു. പിന്നീട് അതെങ്ങനെയോ ര‌മ്യതയിലായതാണ്. സെറ്റിൽ മമ്മൂട്ടി വന്നപ്പോൾ സിഗററ്റു കുത്തിക്കെടുത്തിയില്ലെന്ന പേരിൽ സുകുമാരന് കുറേക്കാലം സിനിമകളൊന്നും ഇല്ലായിരുന്നത്രേ. ജയൻ മരിച്ച വേളയിൽ സുകുമാരന്റെ വാലായിട്ടായിരുന്നു മമ്മൂട്ടിയുടെ മുഖ്യധാരാ രംഗപ്രവേശം. സിനിമ സ്ഫോടനം. അപ്പോൾ സ്വാഭാവികമായും സുകുമാരൻ പൊട്ടിത്തെറിച്ചിരിക്കും. ഫലം തത്കാല വിശ്രമം! പത്തുമുപ്പതുവർഷമായി ഫീൽഡിൽ ഉള്ളതുകൊണ്ട് എനിക്കറിയാം എന്തുചെയ്യണമെന്ന് എന്നാണ് താരങ്ങളുടെ പൊതുമനോഭാവം. ക്യാമറയും ലൈറ്റും ഒക്കെ ഉറപ്പിച്ച് സംവിധായകൻ കാത്തിരിക്കുന്നു. താരം കാറിൽ വന്നിറങ്ങി മറ്റൊരിടത്ത് പോയി നിൽക്കുന്നു. അതായത് സംവിധായകനും ക്യാമറാമാനും കൂടി നിശ്ചയിച്ചിടത്തല്ല താരത്തിനു താത്കാലികമായി തോന്നിയ ഇടത്തു വച്ചേ അങ്ങേർ അഭിനയിക്കൂ. ക്യാമറയും കിടുപിടിയും ഉപദംശങ്ങളും തൂക്കി വിദഗ്ദ്ധർ പിന്നാലെ ഓടണം. സമയ നഷ്ടം, മാനഹാനി ഇതൊക്കെയാണ് വിനീതവിധേയനല്ലാത്ത പുതുമുഖസംവിധായകന്റെ വിധി. മുഖം മുറിഞ്ഞാൽ പിന്നീട് ആ പാവം പച്ച തൊടുകയുമില്ല. അതും സംഭവിക്കുന്നുണ്ട്, മലയാളസിനിമയിൽ. ‘മഹാസമുദ്രം’ എടുത്ത ഡോ.ജനാർദ്ദനനൊക്കെ എന്തായി?

നിർമ്മാതാക്കൾ പറയുന്നതു മാത്രം കേട്ട് കാര്യങ്ങൾ തീരുമാനിക്കേണ്ടതില്ലെന്നും ഒരു പറച്ചിലുണ്ട്. സൂപ്പർസ്റ്റാറിന്റെ ഡേറ്റാണ് നിർണ്ണായകമായ സംഗതി. അതുകാണിച്ചാൽ തിയേറ്ററുടമകൾ നൽകുന്ന അഡ്വാൻസ് വച്ച് സിനിമയെടുക്കാം. ചാനലുകൾ, വിദേശവിപണി, സിഡി റൈറ്റ് തുടങ്ങിയവയാൽ മിനിമം ഗ്യാരന്റിയുള്ള കച്ചവടമാണ് സിനിമ എന്നാണ് ജനസംസാരം. പുതിയ നിർമ്മാതാക്കളെ ചാക്കിലാക്കാനുള്ള അടവുനയമാണോ ഈ പ്രചരണമെന്നും സംശയിക്കണം. കാരണം സിനിമാനിർമ്മാണം ജീവിതവ്രതമാക്കിയ സ്ഥിരം ബ്രാൻഡുകൾ ഇപ്പോൾ നിലവിലില്ല. (മഞ്ഞിലാസ്, ചന്ദ്രതാരാ, മെരിലാൻഡ്, ഗൃഹലക്ഷ്മി, സെഞ്ചുറി...) ഉണ്ടെങ്കിൽ തന്നെ ഉദാസീനതയാണ് അവയുടെ മുഖമുദ്ര. വിദേശങ്ങളിൽ മടച്ചുകിട്ടിയ പണം കൊണ്ട് പടമെടുത്ത് കൈയ്യും വായും പൊള്ളി പടം മടക്കിയവരാണ് ഇപ്പോൾ കൂടുതൽ. പുതുപ്പണക്കാരും. മിനിമം ഗ്യാരന്റിയുണ്ടെങ്കിൽ ആരെങ്കിലുമൊക്കെ ഉറച്ചു നിൽക്കണ്ടേ ഇവിടെ? നിൽക്കുന്നവരാവട്ടെ തായം കളിക്കാൻ അറിയാവുന്നവരുമാണ്. പടമെത്ര പൊളിഞ്ഞാലും സൂപ്പർ സ്റ്റാറുകൾക്കു മാത്രം സാമ്പത്തികമായി ഒരുവാട്ടവും ഇല്ല. അത്രയൊന്നും സൂപ്പറല്ലാത്ത ഒരു സ്റ്റാർ ഓരോ പടവും പൊളിയുമ്പോൾ അഞ്ചു ലക്ഷം വച്ചു റേറ്റു കൂട്ടിക്കൊണ്ടിരുന്നെന്ന് ഗോസിപ്പു കേട്ടിട്ടുണ്ട്. മറ്റൊരു സ്റ്റാർ കാണാൻ വരുന്നവരോട് ഡേറ്റില്ലെന്നു പറയും. അന്നോ അടുത്തദിവസമോ താരത്തിന്റെ സിൽബന്ദി നിർമ്മാതാവിനെ കാണും. ഡേറ്റു തരമാക്കിക്കൊടുക്കാം പക്ഷേ ഇത്ര രൂപ കൊടുക്കേണ്ടി വരുമെന്നറിയിക്കും. തിരക്കുള്ള താരത്തെ കിട്ടിയ സന്തോഷത്തിൽ പുത്തൻ നിർമ്മാതാവ് തലകുലുക്കും. പടമില്ലാതെ ഈച്ചയടിച്ചിരിക്കുമ്പോഴും താരപദവികൾ എഴുന്നള്ളത്തിനിറങ്ങുന്നത് അമ്പലം വിഴുങ്ങികളായ സിൽബന്ധികളുടെ ഊർജ്ജസ്വലതയിലാണ് എന്നതാണീ കഥയുടെ ഗുണപാഠം. സൂപ്പർ സ്റ്റാറുകൾ മലയാളം സിനിമയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് കുറെ നാളായി ആവർത്തിക്കുന്നത് തിലകൻ അടുത്തകാലത്ത് ഒന്നുകൂടി ഉറപ്പിച്ചതിന്റെ പശ്ചാത്തലത്തിൽ ഓർത്തുപോയതാണിതൊക്കെ. തിലകൻ ഇല്ലാത്ത ഒരു ശത്രുവിനെ സൃഷ്ടിച്ച് നിഴൽ യുദ്ധം നടത്തുകയാണെന്നാണ് എതിർവാദം. കുറെകാലം മുൻപ് നെടുമുടി വേണുവായിരുന്നു തിലകന്റെ എതിരാളി. അപ്പോൾ ജാതിയായിരുന്നു പ്രശ്നം. കൂടെ അതേ ജാതിയിൽ‌പ്പെടുന്ന ഒരു സൂപ്പർസ്റ്റാറുമുണ്ടെന്നു പറഞ്ഞിരുന്നു. ഇപ്പോഴത് മമ്മൂട്ടിയിലേയ്ക്ക് കൂടുതൽ തിരിഞ്ഞിരിക്കുന്നതു കൊണ്ട് ജാതിക്കെർവിന്റെ പട്ടികയിൽ‌പ്പെടുത്തി താഴെയിടാൻ പറ്റില്ല. തിലകൻ ഉന്നയിച്ച ചോദ്യത്തെ അവയിലെ പതിരും പുകയും ഊതിപ്പാറ്റിയാൽ ജാഗ്രതയുള്ള മനസ്സുകൾ കൈക്കൊള്ളാനായി ചിലതെല്ലാമുണ്ട്. ആരുടെ സിനിമയിൽ അഭിനയിക്കണം, ആരുടെ സിനിമയിൽ അഭിനയിക്കണ്ട എന്നൊക്കെ പറയാൻ അഭിനേതാക്കളുടെ സംഘടനയ്ക്ക് അവകാശമുണ്ടോ എന്നതാണ് തിലകന്റെ ഒന്നാമത്തെ ചോദ്യം. രണ്ടാമത്തേത് ഒരാളെ താനുള്ള സിനിമയിൽ അഭിനയിപ്പിക്കണ്ടെന്നു പറഞ്ഞു വിലക്കാനും സിനിമകളിൽ താരനിർണ്ണയം നടത്താനും സൂപ്പർസ്റ്റാറുകൾക്ക് എന്തവകാശം എന്നതാണ്. മൂന്ന്, കോടികൾ സൂപ്പർസ്റ്റാറുകൾക്കായി മാറ്റിവയ്ക്കുന്ന മലയാളം സിനിമ സാമ്പത്തികമായി വർഷാവർഷം താഴേയ്ക്ക് കൂപ്പു കുത്തുകയാണ്. ഇത് സിനിമയെ ഉപജീവിക്കുന്ന നിരവധിപേരുടെ കഞ്ഞികുടി മുട്ടിക്കുന്ന ഏർപ്പാടായതുകൊണ്ട് വിലക്കപ്പെടേണ്ടതല്ലേ?

കളിക്കാവുന്നിടത്തോളം കളിക്കാനേ മിടുക്കന്മാർക്കു തോന്നൂ. തിലകൻ അങ്ങനെ പറഞ്ഞതുകൊണ്ട് മാനസാന്തരപ്പെട്ട് താരങ്ങൾ നല്ലവരാവും എന്നും അവർ പുതു തലമുറകൾക്കും ഇതുവരെ തങ്ങളെ ചുറ്റിയ ഉപഗ്രഹങ്ങൾക്കുമായി സ്വയം കാറിൽ നിന്നിറങ്ങി വാതിൽ തുറന്നുകൊടുക്കും എന്നും ചിന്തിച്ചു സായൂജ്യമടയാൻ ശുദ്ധഗതിക്കാർക്കേ സാധിക്കൂ. ശരി തന്നെ. നമുക്ക് കാത്തിരിക്കാം, ആര് ആരെ വിലക്കാൻ പോകുന്നു എന്നു കാണാൻ. നാടുനീളെ നടന്ന് സൂപ്പർസ്റ്റാറുകളെ തെറി പറയുന്നതിന് തിലകനോട് ‘അമ്മ’ വിശദീകരണം ചോദിച്ചിട്ടുണ്ട്. ഫലം എന്താവുമെന്നറിയാൻ അധികം മെനയേണ്ടതില്ല. നടപടിയുണ്ടാവും. നിലവിലെ സാഹചര്യം വച്ച് അവിടവും ഇവിടവും ശരിയാക്കാം എന്ന് സംഘടനയ്ക്ക് തോന്നാൻ ഇടയില്ല. സ്വാഭാവികമായി തന്നെ അതൊന്ന് ചായും. സാംസ്കാരികവകുപ്പു മന്ത്രിയുടെ സ്വരത്തിൽ പോലും പഴയ കമ്മ്യൂണിസ്റ്റുകാരനായ തിലകനെതിരെ ഒരു മുനയുണ്ട്. എല്ലാക്കാലത്തും എല്ലാവരും മിണ്ടാതിരിക്കില്ലെന്ന് തിരിച്ചറിയാനെങ്കിലും ഭ്രാന്തമായ ചില വാക്കുകൾ വഴി വക്കുന്നത് നല്ലതാണ് എന്ന് ആരും മനസ്സിലാക്കാതെ പോകുന്നതാണ് അദ്ഭുതം. തിലകന്റെ വാക്കുകളെ പിൻപറ്റി ക്രിസ്ത്യൻബ്രദേഴ്സിന്റെ സെറ്റിലേയ്ക്ക് ഒരു കൂട്ടം ഇരച്ചു കയറി അലമ്പുണ്ടാക്കി എന്ന് വാർത്തയുണ്ടായിരുന്നു. കേരളം മൊത്തം ഫാൻസുകാരല്ലെന്നതിനു ഒരു തെളിവായി. വെള്ളിത്തിരയിലെ പ്രകാശം മാത്രം നോക്കിയിരുന്നാൽ മതിയോ ഇടയ്ക്കൊക്കെ, ഇരിക്കുന്നത് ഇരുട്ടിലാണെന്ന് നമ്മൾ തിരിച്ചറിയണ്ടയോ?

അനു :
ഉയരത്തിലുള്ള ഒരാളുടെ പ്രതിച്ഛായ തകർക്കുക എന്ന ഗൂഢോദ്ദേശ്യം തിലകന്റെ ആരോപണങ്ങൾക്ക് പിന്നിലുണ്ടെന്ന് ആർക്കുവേണമെങ്കിലും സമർത്ഥിക്കാവുന്നതാണ്. ഒപ്പം വിവാദങ്ങളിലൂടെ കുറച്ചു മൈലേജും കിട്ടുമല്ലോ എന്ന് പഴമനസ്സിൽ തോന്നാമെന്ന്. വീരാരാധന എന്ന ഉത്തരകാൽ‌പ്പനികമനോഭാവം കൂടെക്കൊണ്ടു നടക്കുന്നവരായതുകൊണ്ട്, സമീപകാലത്ത് അതു കൂടി കൂടി വരുന്നതുകൊണ്ട് രാഷ്ട്രീയമാവട്ടേ സിനിമയാവട്ടേ അങ്ങനെയും പ്രതിരോധങ്ങൾ വരാം.
Post a Comment