January 22, 2010

ഒരു സിസക്കിയന്‍ വൈകുന്നേരത്ത്ഫ്രോയിഡിലേയ്ക്ക് മടങ്ങാന്‍ പറഞ്ഞ ലകാനെപ്പറ്റി എഴുതിയതു വായിച്ചപ്പോള്‍ സിസക്ക് - സ്ലാവോനിയന്‍ ചിന്തകനായ സ്ലാവോജ് സിസക്ക് - കൊള്ളാലോ എന്നൊരു പുഞ്ചിരി വെണ്‍ചന്ദ്രികയ്ക്കു നിറം കൂട്ടുമാറ് തെളിഞ്ഞിരുന്നു, എന്റെ മുഖത്ത്. അന്ന്. സൈക്കോ അനാലിസിസിന്റെ പശ്ചാത്തലത്തില്‍ ഹോളിവുഡ് ക്ലാസിക് കാസാബ്ലാങ്കയെ സിസക്ക് വായിച്ച രീതിയായിരുന്നു മറ്റൊരു പ്രചോദനം. ബഷീറിനെപ്പറ്റി അത്ര നല്ലതല്ലാത്ത കാര്യങ്ങള്‍ പറഞ്ഞശേഷം ശ്രീജന്‍ മാതൃഭൂമിയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സിസക്കിനെ പരാമര്‍ശിച്ചിരുന്നതോര്‍ക്കുന്നു. സര്‍ഗാത്മകസാഹിത്യമല്ലാത്ത നാല്‍പ്പതിലധികം പുസ്തകങ്ങള്‍ അതും പല വിഷയങ്ങളെപ്പറ്റി ചില്ലറ കളിയല്ല. രാഷ്ട്രാന്തരീയ പുസ്തകമേളയില്‍ ഒരു പുസ്തകം വാങ്ങാന്‍ ശ്രമിച്ച് ഞാനൊരിക്കല്‍ അമ്പേ പരാജയപ്പെട്ടിട്ടുണ്ട്. The Fragile Absolute എന്നാണ് ലതിന്റെ പേര്. 900 രൂപ. അതുപോലെ ഞെട്ടിയത് ബാര്‍ത്തിന്റെ സിനിമയെക്കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ വില കണ്ടപ്പോഴാണ് 1200 രൂപ! പക്ഷേ ചരിത്രത്തിന്റെ ഒരു കളി നോക്കണേ. ഹെഗലു പറഞ്ഞതു പോലെ അത് ആവര്‍ത്തിക്കും. ഇപ്പോഴെന്റെ മേശമേല്‍ ബാര്‍ത്തിന്റെ The Pleasure of the Text നടുത്ത് കിടക്കുന്ന പുസ്തകം സിസക്കിന്റെ first as tragedy, then as farce -ആണ്. പുസ്തകങ്ങളെയല്ലെങ്കിലും എഴുത്തുകാരെ ഞാന്‍ ഒപ്പിച്ചു ! ഹ ഹ ഹ.. ! ചരിത്രം ആവര്‍ത്തിക്കുകയല്ലേ? എന്നു വച്ചാല്‍ (ച്ചാല്‍ ) പുതിയ പുസ്തകത്തിന്റെ ശീര്‍ഷകത്തിലൂടെ സിസക്കും പറയുന്നത്, അതാണ് ചരിത്രം ആവര്‍ത്തിക്കും എന്ന്‌ ; ആദ്യം ദുരന്തമായി, പിന്നെ തമാശയായി !

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകമാണ് 2009-ലിറങ്ങിയ പുതിയ പുസ്തകത്തിലെ വിശകലന വിഷയം. 2001-ലെ 9/11 എന്ന അമേരിക്കന്‍ ദുരന്തത്തിലാണ് തുടക്കം. 2008 ലെ സാമ്പത്തികമാന്ദ്യത്തില്‍പ്പെട്ട് നട്ടം കറങ്ങി അതങ്ങനെ ഏന്തിയും വലിഞ്ഞും മുന്നേറുകയാണ്. ഈ രണ്ടു സന്ദര്‍ഭങ്ങളിലും ജനങ്ങളെ അഭിസംബോധന ചെയ്ത അമേരിക്കന്‍ പ്രസിഡന്റ് ബുഷ് ഉപയോഗിച്ച വാക്കുകളിലെ അദ്ഭുതകരമായ സാമ്യം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് സിസക്ക് പുസ്തകം തുടങ്ങുന്നത്. ഹെഗലിന് ഒരു കൂട്ടിച്ചേര്‍പ്പുമായി, ‘ചരിത്രം ആവര്‍ത്തിക്കുന്നു ആദ്യത്തെ തവണ ദുരന്തമായി, അടുത്ത തവണ കോമാളിക്കളിയായി. ഈ ജനുവരി 9-ന് എറണാകുളത്തെ ഇ എം എസ് ടൌണ്‍ ഹാളില്‍ നിന്നു കൊണ്ട് ജലദോഷം പിടിച്ചതുപോലെ മൂക്കു ഇടയ്ക്കിടയ്ക്ക് തുടച്ച്, ശരീരം മൊത്തം ഇളക്കി സിസക് ചോദിച്ചത് ‘wither left’ എന്നാണ്. ‘ഇടതുപക്ഷം ഇല്ലാതായോ? ഉണങ്ങിക്കരിഞ്ഞോ?’ അന്നേദിവസം രാവിലെ നടന്ന സെഷനുകളില്‍ പ്രത്യേകിച്ച് പ്രഭാത് പട്നായിക്കിന്റെ ‘പരിഷ്കരണവാദമോ സോഷ്യലിസമോ’ എന്ന പ്രഭാഷണത്തിനു ശേഷം നടന്ന ചര്‍ച്ചയില്‍ , കൂടുതല്‍ സമയമെടുക്കുന്നതില്‍ അടിയ്ക്കടി ക്ഷമാപണം നടത്തിക്കൊണ്ട് ദേഹം മൊത്തം കുലുക്കി, സകലശക്തിയോടെയും താന്‍ ‘ഇടപെടുക തന്നെയാണെന്ന്’ സദസ്സിനെ മുഴുവന്‍ ബോധ്യപ്പെടുത്തിക്കൊണ്ട് തര്‍ക്കിച്ച സിസക്ക് തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്, ‘നമ്മുടെ സമയമാണിനി’ എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ്. നമ്മള്‍ എന്നാല്‍ വിമര്‍ശനാത്മക ഇടതുപക്ഷം. സ്റ്റാലിന്‍ തുടങ്ങിയുള്ള ഭൂതകാല അസ്വസ്ഥതകള്‍ മുഴുവന്‍ എതിര്‍പക്ഷത്തിന്റെ മാത്രം വേദനയാണെന്ന് അദ്ദേഹം സംശയമില്ലാതെ പറഞ്ഞു. പുതിയ പുസ്തകത്തില്‍ അദ്ദേഹം എഴുതുന്നു : ക്ഷമാപണങ്ങള്‍ മറ്റേ വശത്തു നിന്നും ആരംഭിച്ചു തുടങ്ങട്ടേ, നമ്മുടെ പക്ഷത്തിന് ഇനി അതിന്റെ ആവശ്യമില്ല. വിശാല-ജനാധിപത്യ ആദര്‍ശാത്മക ഭീഷണികളുടെ കാലം കഴിഞ്ഞിരിക്കുന്നു !

താന്‍ ഒരു ലെനിനിസ്റ്റാണെന്ന് ഉറക്കെപ്രഖ്യാപിക്കുന്ന സിസക്കിന് (എന്നാല്‍ ഇരുപതാം നൂറ്റാണ്ടിലെ കമ്മ്യൂണിസം ചരിത്രത്തിലെ ഏറ്റവും വലിയ വംശീയ രാഷ്ട്രീയ ദുരന്തമാണെന്നും ഫാസിസത്തേക്കാള്‍ അതു ക്രൂരമായിരുന്നെന്നും വിശ്വസിക്കുന്ന സിസക്ക്, വീട്ടില്‍ സ്റ്റാലിന്റെ പടം സ്വീകരണമുറിയില്‍ ചില്ലിട്ടു വച്ചിട്ടുണ്ട്, തന്നെ കാണാന്‍ വരുന്നവരെ ഞെട്ടിക്കാന്‍ ) ഹോളിവുഡും പഥ്യമായതിന് ഒരു കാരണമുണ്ട്. കുഴഞ്ഞുമറിഞ്ഞ രൂപത്തില്‍ സദാ പ്രത്യക്ഷപ്പെടുന്ന യാഥാര്‍ത്ഥ്യത്തെ അമേരിക്കന്‍ സിനിമകള്‍ വാറ്റിയെടുത്ത് അങ്ങനെതന്നെ ഉപയോഗിക്കാവുന്നരീതിയിലാണത്രേ നമുക്കു മുന്നില്‍ വച്ചു തരുന്നത്. സെയിത്സ്മാന്‍‌മാര്‍ മിണ്ടാത്തതുകൊണ്ട് മറ്റൊരിടത്തും 916 ആയി വാസ്തവങ്ങള്‍ നമുക്കു മുന്നില്‍ പ്രത്യക്ഷമാവുന്നില്ല, ഇതുപോലെ. വാട്ട് ഡിസ്നി കാര്‍ട്ടൂണുകളില്‍ മലയിടുക്കുപോലുള്ള സ്ഥലങ്ങളില്‍ നടന്ന് നടന്ന് വീണുപോകുന്ന കഥാപാത്രങ്ങളെ ഉദാഹരിച്ചുകൊണ്ടാണ് യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയുന്നതിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചത്. നില്‍ക്കുന്നതു ശൂന്യതയിലായാലും ആ കഥാപാത്രങ്ങള്‍ പിന്നെയും മുന്നോട്ടു നീങ്ങും, വന്നതിന്റെ ആയത്തില്‍ . പിന്നെ താഴേയ്ക്ക് നോക്കി താഴെ താങ്ങാന്‍ ഒന്നുമില്ലെന്ന സത്യം മനസ്സിലാക്കി നടുങ്ങിയിട്ടാണ് ശൂ.. എന്ന് താഴേയ്ക്ക് പോരുന്നത്. ‘ലകാനെക്കുറിച്ച് നിങ്ങള്‍ അറിയാന്‍ ആഗ്രഹിച്ചതെല്ലാം, എന്നാല്‍ ഹിച്ച്കോക്കിനോട് ചോദിക്കാന്‍ വല്ലാതെ ഭയപ്പെട്ടവയും’ എന്നാണ് ഒരു പുസ്തകത്തിന് സിസക്ക് നല്‍കിയ തലക്കെട്ട്. ഫുക്കുയാമയുടെ ‘ചരിത്രത്തിന്റെ അന്ത്യം’ ലോകമെങ്ങുമുള്ള ഇടതുപക്ഷചിന്തകര്‍ രണ്ടാമതൊരു ചിന്തയ്ക്ക് കോപ്പില്ലാത്തത് എന്ന മട്ടില്‍ തള്ളിക്കളയുമ്പോഴും ആ ആശയത്തെ ഭൂരിപക്ഷം ഉള്ളില്‍ കൊണ്ടു നടക്കുന്നുണ്ടെന്നാണ് സിസക്ക് പറയുന്നത്. മാത്രമല്ല കണ്ണടച്ച് സ്വയം തിരിച്ചറിയാതെ അതിനെ പിന്‍ പറ്റുന്നുമുണ്ട്. ലോകനാശത്തെക്കുറിച്ചുള്ള ഹോളിവുഡ് സിനിമകളുടെ ഉത്കണ്ഠകളുടെ നിഴലുകള്‍ നീളം വയ്ക്കുന്നത് അത്തരം വെയിലുകള്‍ കൂടി ഏറ്റിട്ടാണ്. പക്ഷേ സിസക്കിനു സംശയമില്ല. ലോകത്തിന്റെ അന്ത്യമെന്നത് മറ്റെന്തിനെക്കാളും മുതലാളിത്തതിന്റെ അന്ത്യമാണ് അദ്ദേഹത്തിന്. സാമ്പത്തികമാന്ദ്യത്തിനെതിരെ പ്രതിരോധവുമായി മുന്നിട്ടിറങ്ങുന്നവരെ സൂക്ഷിച്ചു നോക്കിയിട്ട് അദ്ദേഹം പറയുന്നു. ഒക്കെ ശരി. പക്ഷേ ഒരു ബദലും മുന്നോട്ടു വയ്ക്കാന്‍ ഇവര്‍ക്കാകുന്നില്ലല്ലോ. കാരണം വ്യക്തമാണ്, മാനുഷികമുഖമുള്ള ആഗോളമുതലാളിത്തതിലാണ് ഭൂരിപക്ഷത്തിന്റെയും താത്പര്യങ്ങള്‍ കിടന്ന് വട്ടം കറങ്ങുന്നത്. എങ്കിലും ലോകത്ത് ആത്യന്തിക വിജയം കമ്മ്യൂണിസത്തിനു തന്നെയാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നു. ഒരടവും ഇല്ലാത്ത ശബ്ദത്തില്‍ . ഇവിടെ വച്ചാണ് വിട്ടുവീഴ്ചയും വച്ചുകെട്ടുമില്ലാത്ത ഇടതുപക്ഷ നിലപാടാണ് സ്ലാവോജ് സിസക്കിന്റേതെന്നു നാം തിരിച്ചറിയുന്നത്. സിസക്ക് പറയുന്നു, “നമ്മുടെ സമയമാണ് വീണ്ടും ആഗതമായിരിക്കുന്നത്.... ”

പതിനഞ്ചാം നൂറ്റാണ്ടിലെ ഒരു സംഭവത്തെക്കുറിച്ചുള്ള വേദനിപ്പിക്കുന്ന ഒരു തമാശയുണ്ട്, first as tragedy, then as farce എന്ന പുസ്തകത്തിന്റെ തുടക്കത്തില്‍ . മംഗോളിയര്‍ റഷ്യയെ ആക്രമിച്ചു കീഴടക്കിയ സമയം. ഒരു പാവം കര്‍ഷകനും അയാളുടെ ഭാര്യയും കൂടി പൊടിപിടിച്ച റോഡിലൂടെ നടക്കുന്നത് കുതിരപ്പുറത്തു വന്ന ഒരു മംഗോളിയന്‍ പടയാളി കണ്ടു. കുതിര നിര്‍ത്തി താഴെയിറങ്ങി അയാള്‍ കര്‍ഷകനോട് പറഞ്ഞു, ഞാന്‍ നിന്റെ ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ പോവുകയാണ്. അത്രയും സമയം എന്റെ വൃഷണങ്ങള്‍ തറയില്‍ കിടന്നിഴഞ്ഞ് പൊടിപറ്റാതെ നോക്കുകയാണ് നിന്റെ ജോലി. മംഗോളിയന്‍ കാര്യം നടത്തി പോയിക്കഴിഞ്ഞ ഉടനെ കര്‍ഷകന്‍ ആര്‍ത്തു വീണു കിടന്ന് ചിരിക്കാന്‍ തുടങ്ങി. മുന്നില്‍ വച്ച് സ്വന്തം ഭാര്യ ഈ വിധം ആക്രമിക്കപ്പെട്ടതിനു ശേഷവും അയാള്‍ക്കെങ്ങനെ ചിരിക്കാന്‍ കഴിയുന്നു എന്ന് സാധു സ്ത്രീ ഭര്‍ത്താവിനോട് ചോദിച്ചു. ‘ നിനക്കറിയില്ല’ അയാള്‍ പറഞ്ഞു.’ഞാനവനെ കുടുക്കി. അവന്റെ ജനനേന്ദ്രിയം മുഴുവന്‍ പൊടിപറ്റി കൊളമായിപ്പോയിട്ടുണ്ട്.’ വിമര്‍ശനവാദവുമായി മുന്നോട്ടു വരുന്നവര്‍ അകപ്പെടുന്ന ആശയക്കുഴപ്പത്തിന് സിസക്ക് ഉദാഹരിച്ചതാണ് ഈ പഴയ തമാശ. ഗൌരവമുള്ള എന്തോ കാര്യവുമായി തങ്ങള്‍ മുന്നോട്ടുപോവുകയാണെന്ന ആത്മാര്‍ത്ഥതയാണവര്‍ക്ക്. ഭരണവര്‍ഗമാവട്ടേ ജനങ്ങളെ ബലാത്സംഗം ചെയ്യുന്നത് തുടരുകയുമാണ്. അവരുടെ വൃഷണങ്ങളെ ചെളിയില്‍ നനക്കുകയല്ലാതെ.....

അനു :
കൂട്ടത്തില്‍ പറയട്ടെ, ഈ തമാശയെ വിമര്‍ശിച്ചുംകൊണ്ടും കൂടിയാണ് ഉഷാസക്കറിയാസ് സിസക്കിന്റെ പ്രഭാഷണത്തിനു ശേഷമുള്ള തര്‍ക്കം തുടങ്ങിയത്. കമ്മ്യൂണിസത്തിന്റെ സ്ത്രീ വിരുദ്ധ, പരിസ്ഥിതി വിരുദ്ധ നിലപാടുകളെയാണ് ഉഷ ഉച്ചയ്ക്കു നടന്ന സെഷനില്‍ ('Left interventions and Self-reflection in Art, Literature and Academic writing') വിമര്‍ശനവിധേയമാക്കിയിരുന്നു. കൊച്ചിന്‍ ലൈഫ് എന്ന സംഘടന ജനുവരി 8, 9 തിയതികളില്‍ ‘ചിന്തയെ പൊതുജനങ്ങളിലേയ്ക്ക് കൊണ്ടുപോവുക’ എന്ന ലക്ഷ്യത്തോടെ നടത്തിയ ദ്വിദിന സെമിനാറില്‍ പങ്കെടുക്കാനാണ് സിസക്ക് ‌സംഘാടകരുടെ ഭാഷയില്‍ ‘സ്ലാവോജ് ഷീഷാക്- വന്നത്. ബാംഗ്ലൂരിലെ ഐടി വ്യവസായം പോലെയുള്ള ആധുനികരീതികളെയും ആഗോളവത്കരണത്തിന്റെ കാലത്തെ വൈരുദ്ധ്യങ്ങള്‍ക്കിടയില്‍ പാരമ്പര്യവഴിയ്ക്കുള്ള ജീവിതങ്ങളുടെ നിലനില്‍പ്പിനെയുംക്കുറിച്ച് അന്വേഷിക്കുകയായിരുന്നു തന്റെ ഇന്ത്യയിലേയ്ക്കുള്ള വരവിന്റെ ലക്ഷ്യം എന്നാണ് സിസക് പറഞ്ഞത്. രണ്ടു ദിവസത്തെ പരിപാടിയില്‍ പങ്കെടുത്തവര്‍ ശശികുമാര്‍ , ദിലീപ് രാജ് (സംഘാടകരായി) സി അയ്യപ്പന്‍ (കഥാകൃത്ത്), അകീല്‍ ബില്‍ഗ്രാമി, ഗെയില്‍ ഓംവെദ്, തേജസ്വിനി നിരജ്ഞന, പ്രഭാത് പട്നായിക്, ഗോപാല്‍ ഗുരു, കുമാര്‍ സഹാനി, അന്നപൂര്‍ണ്ണ ഗരിമെല്ല, ഉഷാ സക്കറിയാസ്, ജാവേദ് അലം എന്നിവര്‍ . കാഴ്ചക്കാരായി രവീന്ദ്രന്‍ , സദാനന്ദമേനോന്‍ , മുരളി നാഗപ്പുഴ, ബാബു ഭരദ്വാജ് ...... അങ്ങനെ കുറെപേര്‍ . മുപ്പതുകളിലെയും നാല്‍പ്പതുകളിലെയും ഇന്ത്യയെ അടയാളപ്പെടുത്തിയ പഴയ ഫോട്ടോഗ്രാഫര്‍ സുനില്‍ ജാനായുടെ 500 -ഓളം ചിത്രങ്ങളെ മള്‍ട്ടി മീഡിയയുടെ സഹായത്തോടെ രാം റഹ്‌മാന്‍ അവതരിപ്പിച്ചതാണ് ആ ദിവസങ്ങളിലെ മറക്കാനാവാത്ത മറ്റൊരു അനുഭവം. ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്നു സുനില്‍ ജാന. സ്വാതന്ത്ര്യപൂര്‍വ- അനന്തര കാലത്തെ പല ചിത്രങ്ങളും ജാനയുടേതെന്നറിയാതെ ഇന്നും നമുക്കിടയിലുണ്ട്. നെഞ്ചില്‍ തൂക്കുന്ന ക്യാമറയുമായി സാധാരണമല്ലാത്ത കാഴ്ചകള്‍ വരും കാലത്തിനായി പാത്തു വച്ച സുനില്‍ ജാന പക്ഷേ ഇപ്പോള്‍ അന്ധനാണ്.

ചിത്രം : തുളസി
Post a Comment