January 3, 2010

ലജ്ജിക്കാനുള്ള കാര്യങ്ങള്‍1993-ലാണ് തസ്ലീമ നസ്രീന്റെ വിവാദ നോവല്‍ ‘ലജ്ജ’ പുറത്തിറങ്ങുന്നത്. ഇന്ത്യയില്‍ മതമൌലികവാദികളാല്‍ ബാബറി മസ്ജിത്ത് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്നുള്ള പതിമൂന്നു ദിവസങ്ങളില്‍ ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗമായ ഹിന്ദുകള്‍ക്ക് നേരെയുണ്ടായ അക്രമങ്ങളും അവരനുഭവിച്ച അരക്ഷിതമായ അവസ്ഥയുമാണ് സുരഞ്ജന്റെയും കുടുംബത്തിന്റെയും കഥയിലൂടെ തസ്ലീമ ചിത്രീകരിച്ചത്. പത്രവാര്‍ത്തകളെയും യഥാര്‍ത്ഥ സംഭവങ്ങളെയും പശ്ചാത്തലമാക്കികൊണ്ടാണ് നോവല്‍ രചിച്ചതെങ്കിലും പ്രധാനകഥാപാത്രമായ സുരഞ്ജന്‍ ഭാവനാസൃഷ്ടിയായിരുന്നു. ജനിച്ചു വീണ മണ്ണിനോട് ചേര്‍ന്നു നില്‍ക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യന് സ്വന്തം നാടു തന്നെ അറവുശാലയായി പരിണമിച്ചാല്‍ എന്താണ് ചെയ്യേണ്ടത് എന്ന ചോദ്യമാണ് നോവല്‍ ഉടനീളം മുഴക്കിയത്. ലോകത്തെവിടെയും മതന്യൂനപക്ഷങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റങ്ങള്‍ക്ക് ക്രൂരതയുടെയും യുക്തിരാഹിത്യത്തിന്റെയും ഭീഷണമായ മുഖമാണുള്ളത്. എന്തൊക്കെ സംഭവിച്ചാലും സ്വന്തം മണ്ണുവിട്ടോടി പോകുന്നത് ഭീരുത്വമാണെന്ന് ഉറച്ച ബോധമുള്ള ഡോ. സുധാമൊയ് ദത്ത(സുരഞ്ജന്റെ പിതാവ്) തങ്ങളുടെ അഭയസ്ഥാനം ഇന്ത്യായാണെന്ന് സമ്മതിക്കുകയും അവിടേയ്ക്ക് പോകാന്‍ തയ്യാറാവുകയും ചെയ്യുന്നിടത്താണ് തസ്ലീമ ‘ലജ്ജ’ അവസാനിപ്പിച്ചത്. മാനുഷികത, മതങ്ങളുടെ പര്യായമായി മാറേണ്ടതിന്റെ ആവശ്യകതയിലേയ്ക്ക് ചൂണ്ടുന്ന സന്ദേശം പ്രകടമായി തന്നെ നോവലില്‍ കുടിയിരുത്തിക്കൊണ്ട്.

2009-ല്‍ ലജ്ജയുടെ തുടര്‍ച്ചയെന്നു വിശേഷിപ്പിക്കപ്പെടാവുന്ന ‘വീണ്ടും ലജ്ജിക്കുന്നു’ പുറത്തിറങ്ങുമ്പോള്‍ കാര്യങ്ങള്‍ ഒരുപാട് മാറി കഴിഞ്ഞിരിക്കുന്നു. പതിനാറു വര്‍ഷങ്ങള്‍ക്കിടയില്‍ നോവലിസ്റ്റ് എന്ന നിലയില്‍ തസ്ലീമ കടന്നുപോയ അനുഭവങ്ങള്‍ തീര്‍ച്ചയായും പുതിയ നോവലിന്റെ വാസ്തുശാസ്ത്രത്തില്‍ ഉപസ്ഥിതി നേടിയിട്ടുണ്ട്. ലജ്ജാകരമായ അനവധി അനുഭവങ്ങളിലൂടെ ഇക്കാലം കൊണ്ട് നോവലിസ്റ്റ് യാത്ര ചെയ്തു കഴിഞ്ഞു. മതമൌലികവാദികളുടെ ഭീഷണി കാരണം സ്വീഡനിലേയ്ക്കു പലായനം ചെയ്യേണ്ടി വന്നു. അവിടുന്ന് അഭയം തേടി ഇന്ത്യയിലേയ്ക്കു വന്ന അവരെ കാത്തിരുന്നത് കടുത്ത അപമാനങ്ങളാണ്. വീണ്ടും അഭയാര്‍ത്ഥിയായി ന്യൂയോര്‍ക്കിലേയ്ക്ക്. നോവല്‍ എന്ന നിലയ്ക്ക് ‘ലജ്ജ’ മുന്നോട്ടു വച്ച പ്രതീക്ഷയുടെ സങ്കല്പങ്ങളാകെ തകര്‍ന്നു തരിപ്പണമായ ഊഷരഭൂമിയാണ് ‘വീണ്ടും ലജ്ജിക്കുന്നു’വിന്റെ നിര്‍മ്മാണപരിസരം. വാഗ്ദത്ത ഭൂമിയിലേയ്ക്കുള്ള പുറപ്പാടിനെ രൂപകം എന്ന നിലയില്‍ ‘ലജ്ജ’ഉപയോഗിച്ചിരുന്നു. അതാണ് ഇന്ത്യയിലേയ്ക്കുള്ള സുരഞ്ജന്‍ കുടുംബത്തിന്റെ യാത്ര. മനുഷ്യത്വത്തിലധിഷ്ഠിതമായ മതാത്മകതയെക്കുറിച്ചുള്ള ശുഭചിന്തകള്‍ നേരിയ വെളിച്ചം പോലും അവശേഷിപ്പിക്കാതെ പൊലിഞ്ഞു പോയതിന്റെ നേര്‍സാക്ഷ്യമാണ് ‘വീണ്ടും ലജ്ജിക്കുന്നു’. ഇരയ്ക്കും വേട്ടക്കാരനും ഇടയിലുള്ള ദൂരം ആളെണ്ണത്തിന്റെയും ഭൂമിശാ‍സ്ത്രത്തിന്റെയും അടിസ്ഥാനത്തില്‍ ഏതുസമയവും റദ്ദായിപ്പോവാം. മാനുഷികമായ മുഖം എന്നെങ്കിലും കൈവന്നാല്‍ പോലും മതം ഏതു നിലയ്ക്കും ഒരഭയസ്ഥാനമല്ല -പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്- എന്ന കണ്ടെത്തലിലേയ്ക്ക് നോവല്‍ നീങ്ങുന്നത്. മനുഷ്യാവകാശചിന്തയില്‍ നിന്നും കുറച്ചുകൂടി മുന്നോട്ടു പോയി സ്ത്രീകള്‍ക്കു മാത്രമായൊരു ബദല്‍ അന്വേഷിക്കേണ്ട സാഹചര്യത്തെ നോവല്‍ മുന്നില്‍ കൊണ്ടു വയ്ക്കുന്നു.

നോവലിസ്റ്റായ തസ്ലീമ സ്വയം ‘വീണ്ടും ലജ്ജിക്കുന്നു’വിലെ ഒരു പ്രധാന കഥാപാത്രമാണ്. ശാന്തി കെട്ട മനസ്സുമായി സുരഞ്ജന്‍ അവരെ കാണാന്‍ വരുന്നിടത്തു നിന്നാണ് നോവല്‍ തുടങ്ങുന്നത്. സുരഞ്ജനോടുള്ള നോവലിസ്റ്റിന്റെ മമത പീഡനം താറുമാറാക്കിയ ആത്മാവിനോടുള്ള കരുതലാണ്. അയാളില്‍ ശക്തമായി തന്നെ മതബോധം കുടിയിരിക്കുന്നത് നോവലിസ്റ്റ് കാണിച്ചു തരുന്നുണ്ട്. തന്റെ മാത്രമല്ല, സ്വന്തം സഹോദരിയുടെയും പ്രണയത്തോട് അയാള്‍ വിമുഖനാവുന്നത് കവിയുന്ന മതബോധം കൊണ്ടു തന്നെ. നോവലിന്റെ കേന്ദ്രസ്ഥാനം എന്ന നില വിട്ട് അയാളിതില്‍ നിരീക്ഷണവസ്തുവാണ്. അയാളുടെ അലച്ചിലും മടിയും തീരുമാനങ്ങളെടുക്കാനുള്ള കഴിവില്ലായ്മയും ആന്തരികമായ അരക്ഷിതത്വത്തിന്റെ അടയാളപ്പെടുത്തല്‍ എന്ന മട്ടിലാണ് ആവിഷ്കാരം നേടുന്നത്. എന്തില്‍ നിന്നാണോ അയാള്‍ ഓടി പോന്നത് അതിനൊക്കെ അയാള്‍ നിമിത്തമാകുന്നുണ്ട്. മഹബത്ത് ഹസനോടുള്ള പ്രതികാരം തീര്‍ക്കാന്‍ അയാളുടെ ഭാര്യ സുലേഖയെ കൂട്ടുകാരോടൊപ്പം തട്ടിക്കൊണ്ടു വന്ന് ബലാത്സംഗത്തിനു മുതിരുന്നു. തന്റേതല്ലാത്ത തെറ്റിന് നശിച്ചുപോയത് അവളുടെ ജീവിതമാണ്. മഹബത്ത് അവളെ തലാക്ക് ചൊല്ലി വേറെ നിക്കാഹ് ചെയ്തു. മകനെ അവള്‍ക്കു വിട്ടു കൊടുത്തില്ല. സുരഞ്ജന്റെ സഹോദരി മായ (നീലാഞ്ജന) മൌലികവാദികളാല്‍ മാത്രമല്ല ബലാത്സംഗം ചെയ്യപ്പെട്ടത്, ശങ്കര്‍ഘോഷും അവളെ ഉപദ്രവിക്കുന്നുണ്ട്. പീഡിപ്പിക്കപ്പെട്ട പെണ്ണിന് പിന്നെ ജീവിതമില്ലെന്ന് അവള്‍ വിവാഹം ചെയ്ത മദ്യപാനിയായ തപന്‍ മണ്ഡലിലൂടെ നോവല്‍ തെളിവു തരുന്നു.

സുരഞ്ജന്റെ അമ്മ കിരണ്മയിയും നോവലിസ്റ്റുമുള്‍പ്പടെ നോവലിലൂടെ നാം കടന്നുപോകുന്ന സ്ത്രീകഥാപാത്രങ്ങളെല്ലാം പുരുഷനിര്‍മ്മിതമായ ഒരു ലോകത്തിന്റെ ദയാദാക്ഷണ്യങ്ങളില്ലാത്ത നിയമങ്ങള്‍ ഏറ്റു വാങ്ങി ക്ഷീണിതരായവരാണ്. ആണുങ്ങള്‍ തമ്മിലുള്ള മത്സരങ്ങള്‍ പോലും സ്ത്രീപീഡനരൂപത്തിലാണ് വിജയപരാജയങ്ങളായി കലാശിക്കുന്നത്. മായയ്ക്കും സുലേഖയ്ക്കും സമാനമാണ് അനുഭവങ്ങള്‍ . അപമാനത്തിനു വിധേയയായതിന്റെ പേരില്‍ ശരീരം വില്‍ക്കാനാണ് മായ ആലോചിച്ചതെങ്കില്‍ ഉപദ്രവിക്കാന്‍ ശ്രമിച്ച ആണിനെ സ്നേഹിക്കുകയും ന്വീണ്ടും അവന്റെ അവഹേളനം ഏറ്റു വാങ്ങേണ്ടി വരികയും ചെയ്തവളാണ് സുലേഖ. കാമുകി സുദേഷ്ണയെ സുരഞ്ജന്‍ ഉപേക്ഷിക്കുന്നുണ്ട്. . മതവിദ്വേഷങ്ങള്‍ ഉപരിതലത്തിലെ കുമിളകള്‍ മാത്രമാണെന്ന രീതിയില്‍ മാറിയ നോവലിസ്റ്റിന്റെ വീക്ഷണം, മായയുടെ മുസ്ലീം വിദ്വേഷം സൊബ്‌ഹാന്റെ നല്ല പെരുമാറ്റത്തിലൂടെ ഇല്ലാതാവുന്നതില്‍ നിന്നും തിരിച്ചറിയാം. ‘ലജ്ജ’യിലെ ആണ്‍മുസ്ലീമിനെക്കുറിച്ചുള്ള വിമര്‍ശനപരമായ ചിത്രണങ്ങള്‍ക്ക്, ഈ നോവലിലെ സോബ്‌ഹാന്‍ എന്ന തിളക്കമുള്ള കഥാപാത്രം പകരമാണ് എന്നു പറയാം. ‘ലജ്ജ‘യിലെ ഡോ. സുധാമൊയ് ദത്തയെപ്പോലെ ( ഈ നോവലില്‍ ) ആകര്‍ഷണീയമായ വ്യക്തിത്വമുള്ള ഏക ആണ്‍കഥാപാത്രമാണ് സോബ്‌ഹാന്‍. ഒരു തിരിനാളത്തിനു കൂരിരുട്ടില്‍ ചെയ്യാനാവുന്നത് സോബ്‌ഹാനും കഴിയുന്നുണ്ട്. തന്റെ കഥാപാത്രമായ സുരഞ്ജനെ വീട്ടില്‍ ഇറക്കിവിട്ടിട്ട് തസ്ലീമ കാറോടിച്ച് ചെന്നു കയറുന്ന ഹോസ്റ്റലില്‍ വച്ച് പുതിയ പെണ്‍കൂട്ടായ്മയായ ‘സാഹസിനി’യെക്കുറിച്ച് അറിവു ലഭിക്കുന്നത്. അവിടെ മതവൈരങ്ങള്‍ ഇല്ലാതെ കുറച്ചുപേര്‍ ഒത്തുച്ചേരാനുള്ള തയാറെടുപ്പിലാണ്. വീട് എന്ന സങ്കല്പത്തിനു പകരം ഹോസ്റ്റലിനെ വിഭാവന ചെയ്യുന്നിടത്ത് പൊളിച്ചെഴുത്തുണ്ട്. ആണുങ്ങളില്ലാത്ത ഒരു കമ്മ്യൂണിലാണ് ഇനി പ്രതീക്ഷ. തുരുമ്പെടുത്തു തുടങ്ങിയ ശരീരത്തെ രക്ഷപ്പെടുത്തണമെന്ന നോവലിസ്റ്റിന്റെ ആത്മഗതത്തോടെ നോവല്‍ അവസാനിക്കുന്നു. യാത്രയ്ക്കുള്ള തയാറെടുപ്പാണത്. പുനരുജ്ജീവനത്തിനായുള്ള മുഴക്കമുള്ള ആന്തല്‍ ഈ വരികളിലുണ്ട്. സ്ഥലകാലഭേദമില്ലാതെ ലജ്ജിക്കുവാന്‍ മാത്രമുള്ള കാര്യങ്ങള്‍ ചുറ്റും നടമാടുന്ന കാലത്ത് പ്രതീക്ഷാനിര്‍ഭരമായ നെടുനിശ്വാസങ്ങള്‍ക്കും ചിലതൊക്കെ ചെയ്യാനുണ്ടാവും.

------------------------------------------------------------------

വീണ്ടും ലജ്ജിക്കുന്നു
നോവല്‍
തസ്ലീമ നസ്‌റിന്‍
ഗ്രീന്‍ ബുക്സ്

5 comments:

ഉപാസന || Upasana said...

Thaslima maathamalla Culcutta yil ninne avare kuTiyiRakkiyappOl nammaLUm lajjichchillE ???
:-(

അരുണ്‍ said...

ഹൈദരാബാദില്‍ വെച്ച് ചില ജനപ്രതിനിധികള്‍ അവരെ ഉപദ്രവിച്ചു. അപ്പോളും നമ്മള്‍ നാണം കെട്ടു.ഒരു അഭയാര്‍ഥിയ്ക്ക് സംരക്ഷണം കൊടുക്കാന്‍ പോലും കഴിയാത്തവന്റെ ലജ്ജ !

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

നന്നായി ഈ പരിചയപ്പെടുത്തല്‍.
മതമൌലികവാദികളും, കപട ബുദ്ധിജീവികളും, ശിഖണ്ഡി രാഷ്ട്രീയക്കാരും ഭരിക്കുന്ന ഇന്ത്യയില്‍ നിന്നും അവര്‍ക്ക് അപമാനം ഏറ്റീല്ലെങ്കിലേ അത്ഭുതമുള്ളു.
ധീരമായി ചെറുത്തു നില്ക്കാനുള്ള തസ്ലീമയുടെ അപാരമായ കഴിവിനെ അനുമോദിക്കാതെ വയ്യ.
പ്രത്യേകിച്ചും അവരൊരു സ്ത്രീ കൂടിയാകുമ്പോള്‍.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

നല്ല അവലോകനം വെള്ളെഴുത്ത്, പുസ്തകം വായിച്ചില്ല, വായിക്കാന്‍ ഇതു പ്രേരിപ്പിക്കുന്നു..ആശംസകള്‍

premanmash said...

സ്വന്തം മുറ്റത്ത് നടക്കുന്ന ലജ്ജയില്ലാത്ത കാര്യങ്ങളെയോര്‍ത്ത് ലജ്ജിക്കുകയല്ലാതെ എന്തുചെയ്യാന്‍. പ്രത്യേകിച്ചും പയ്യന്നൂരുകാര്‍. നല്ലറിവ്യൂ