March 23, 2009

നാടകമേ ഉലകം !



തിരുവനന്തപുരത്തു നടന്ന ദേശീയ നാടകോത്സവം (മാര്‍ച്ച് 2 മുതല്‍ 12 വരെ) മാറിയിരുന്ന് ചിന്തിക്കാന്‍ പറഞ്ഞ് തലയില്‍ ചില കിഴുക്കുകളും താക്കോല്‍ പ്രയോഗങ്ങളും നടത്തിയിട്ടുണ്ട്. ഇതു തികച്ചും വ്യക്തിപരമാണ്. മനസ്സിലായില്ല എന്ന്‌ ഒറ്റവാക്കില്‍ പറഞ്ഞു തള്ളിക്കളഞ്ഞ കുറച്ചധികം ആളുകളെ നാടകാവതരണത്തിന്റെ പരിസരപ്രദേശങ്ങളില്‍ കണ്ടു. അതിലൊരാള്‍ നാടകം റിപ്പോര്‍ട്ടു ചെയ്യാനായി വന്ന ഒരു മുഖ്യപത്രത്തിന്റെ ലേഖകനാണ്. ‘നീ എഴുതുന്നതും അവതരിപ്പിക്കുന്നതും എനിക്കു മനസ്സിലാവാനാനുള്ളതാണ്’ എന്ന മട്ടില്‍ രണ്ടാമതൊരു ചിന്തയില്ലാതെ കവികളെക്കാള്‍ അതീവ കാല്‍പ്പനികരായി, ഭൂമിയുടെ തന്നെ ന്യൂക്ലിയസ്സായി, ചാരുകസേരയിലുന്ന് ആടുന്ന സ്വഭാവക്കാരാണ് നമ്മളില്‍ പലരും. ഉള്ളിലുള്ള ധാരണയുടെ സ്കെയിലുകള്‍ വികസിച്ചില്ലെങ്കില്‍ മനസ്സിലാവല്‍ ഉണ്ടാവില്ലെന്നുറപ്പായവരും പറയും, മനസ്സിലായില്ലെന്ന്. ധാരണ വികസിക്കുന്നത് പരിശീലനത്തിന്റെ/അനുശീലനത്തിന്റെ/വിദ്യാഭ്യാസത്തിന്റെ/ ഇതിന്റെയെല്ലാം കൂടി ഭാഗമായുമാണ്. അപ്പോള്‍ നാടകങ്ങളില്‍ പലതും തീരെ സംവേദനക്ഷമമല്ലാതെ മാറി നിന്നത്, നാടകങ്ങളുടെ കുറ്റമാണെന്നു പറയാന്‍ ഒന്നാലോചിക്കണം. മാറിയ കാലത്തെ നാടകങ്ങളെ സംബന്ധിച്ച് സ്വന്തം ധാരണകളെ പുതുക്കാന്‍ നമ്മള്‍ എന്താണ് ചെയ്തിട്ടുള്ളത് എന്ന ചോദ്യം ചോദിക്കാനാണ് ഈ നാടകോത്സവം ഉപകരിച്ചതെന്നു പറഞ്ഞാല്‍ ഏറെക്കുറെ ശരിയാവും. സത്യമല്ലേ? അമ്പലപ്പറമ്പുകളിലെ നാടകാവതരണങ്ങള്‍ക്ക് ചെന്നിരുന്ന് പാതിയുറക്കത്തില്‍ മണ്ണുവാരിക്കളിച്ചിരുന്ന കാലം കഴിഞ്ഞാല്‍ പിന്നെ കോളെജുകളില്‍ നിന്ന് കാളിദാസന്‍, ഷേക്സ്സ്പിയര്‍, ഷാ, ഇബ്സന്‍, ശ്രീകണ്ഠന്‍ നായര്‍, പുളിമാന, എന്‍ കൃഷ്ണപിള്ള....എന്നിവരുടെ വായനക്കാലം. മലയാളംകാര്‍ കുറെകൂടി ഭാഗ്യമുള്ളവരാണ് അവര്‍ക്കു ഭാസനെയും ഭവഭൂതിയെയും ജി ശങ്കരപിള്ളയെയുമൊക്കെ ‘വായിക്കാന്‍’ കിട്ടും. ഇംഗ്ലീഷുസാഹിത്യക്കാര്‍ക്കും കിട്ടും ബെക്കറ്റ്, ബെക്ക്റ്റ്, ദാരിയോ ഫോ.. ബാക്കിയുള്ളവരെന്തുചെയ്യും?

നല്ല നാടകങ്ങള്‍ ടി വിയില്‍ പോലും കാണാറില്ല. മുന്‍പ് ഏതോ ഒരു വിദേശചാനലില്‍ സ്ഥിരമായി നാടകം വന്നിരുന്നതോര്‍ക്കുന്നു. ഭാഷപോലും പിടിയില്ല എന്നാലും അര്‍ദ്ധരാത്രിയ്ക്കൊക്കെ കണ്ടിരിക്കാന്‍ സുഖമായിരുന്നു. നാടകത്തിന്റെ ഭാഷ നമ്മുടെ വ്യവഹാരഭാഷതന്നെയാണോ? നൃത്തത്തിന്റേതുപോലെ നാടകത്തിന് ശരീരത്തിന്റെ കൂടി ഭാഷയില്ലേ? ഷേക്സ്പിയര്‍ നാടകങ്ങള്‍ അവതരിപ്പിച്ച് ലോകം മുഴുവന്‍ ചുറ്റി നടക്കുന്ന ഫൂട്സ് ബാണ്‍ (അവരില്‍ പലരാജ്യക്കാരുണ്ട്) കാരുടെ വാമൊഴികളെയോ കാവാലത്തിന്റെ സംസ്കൃതം നാടകങ്ങളിലെ കഥാപാത്രങ്ങളെയോ തിരിച്ചറിയാന്‍ ഒരു വിഷമവുമില്ല അരങ്ങില്‍. കാരണം നാടകം കൈയും കലാശവും കാട്ടി മറ്റൊരു ഭാഷ സംസാരിക്കുന്നതുകൊണ്ടല്ലേ? വിദേശസിനിമകള്‍ പോലെ സബ് ടൈറ്റിലിനു സ്കോപ്പില്ല ഈ കലാരൂപത്തില്‍. വേണമെങ്കില്‍ പണ്ടു സിനിമയ്ക്കൊക്കെ വിദേശങ്ങളില്‍ ചെയ്തിരുന്നതുപോലെ ഓരോ സംഭാഷണത്തിനു ശേഷവും സദസ്സിലിരിക്കുന്ന ഒരാളിനു ഉറക്കെ പരിഭാഷ വിളിച്ചു പറയാം. അപ്പോള്‍ ഏലിയനേഷന്‍ തിയറിയ്ക്ക് വേറെ അവതരണം വേണ്ടാതാവും. നാടകം നോക്കുക. താഴെ പരിഭാഷകനെ നോക്കുക. ടെന്നീസുകളി കാണും പോലെ അങ്ങോട്ടും ഇങ്ങോട്ടും ആടുന്ന പ്രേക്ഷകതലകള്‍!! പുസ്തകത്തിലോ സിനിമയിലോ മനസ്സിലാവാതെ പോയ ഒരു വരിയോ ആശയമോ ഒരു രംഗമോ തിരിച്ചുപോയി ഒന്നുകൂടി കണ്ടു മനസ്സിലാക്കാനാനുള്ള സൌകര്യമുണ്ട്. നാടകത്തിലാവട്ടെ അതുമില്ല. അത്രത്തോളം ഏകാഗ്രത ആവശ്യപ്പെടുന്ന കലാരൂപം ആയതുകൊണ്ടാവും അതിന്റെ വിമോചനമൂല്യങ്ങളില്‍ ആളുകള്‍ക്ക് സംശയമില്ലാത്തത്. സിനിമയൊക്കെ കൊടുമ്പിരി കുത്തിയാലും നാടകം എന്നു ഉച്ചരിക്കുമ്പോള്‍ ഉള്ളിലെവിടെയോ ഒരു തരളത!

ഭാഷയുടെ കാര്യം പറയുമ്പോഴാണ്, രാജീവ് കൃഷ്ണന്‍ സംവിധാനം ചെയ്ത ‘സംഗതി അറിഞ്ഞാ’ ഓര്‍മ്മ വരുന്നത്. ആ നാടകം ബഷീര്‍കൃതികളുടെ ഒരവിയലാണ്. ഏഴുകഥകളുടെ സാഹസികമായ മിശ്രണം. തലയോലപ്പറമ്പിന്റെ പരിസരങ്ങളില്‍ നിന്ന് ബഷീര്‍ കണ്ടെടുത്ത കഥാപാത്രങ്ങള്‍ സംസാരിക്കുന്നത് തമിഴ് ചുവയുള്ള മലയാളി ഇംഗ്ലീഷ്. അവതരിപ്പിച്ച ഗ്രൂപ്പ് മദിരാശിയില്‍ നിന്നുള്ളവര്‍ (പെര്‍ച്ച്, ചെന്നൈ) മേഘാലയയിലെ ആദ്യത്തെ നാടകം എന്ന് സംവിധായകന്‍ പരിചയപ്പെടുത്തിയ ‘എ ചിക് എ സോങ്ങി’ന്റെ ഭാഷ ‘ഗാരോ’ ആണ്. നാടകഗ്രൂപ്പിലെ അംഗങ്ങള്‍ക്കല്ലാതെ ഒരക്ഷരം ആര്‍ക്കും മനസ്സിലായിട്ടുണ്ടാവില്ല.. ഗാരോ കുന്നുകളിലെ കലാപത്തിന്റെ കഥയാണ് നാടകം. വൈലോപ്പിള്ളിയുടെ ‘സഹ്യന്റെ മകന്‍’ അവതരിപ്പിച്ചത് ജാപ്പാനീസ് നടിയായ മികാരിയാണ്. സംവിധായകനായ ശങ്കര്‍ വെങ്കിടേശ്വരന്‍ ആദ്യം വേദിയില്‍ കവിത ചൊല്ലും. അതും ‘ആന വിരണ്ടേ‘ എന്ന ഇടയ്ക്കുള്ള ആര്‍ത്തനാദവും വെടിയൊച്ചയുമല്ലാതെ മലയാളത്തില്‍ പിന്നൊന്നുമില്ല. മികാരി സംസരിച്ചതെല്ലാം ജാപ്പാനീസാണ്. മാത്രമല്ല, സഹ്യന്റെ മകന്‍, ചില നിമിഷങ്ങളില്‍ സഹ്യന്റെ മകളായി പരിണമിക്കുന്ന അതീവ ഹൃദ്യമായ ഒരനുഭവവുമായി മികാരിയുടെ ആന. പ്രത്യേകിച്ചും ഓര്‍മ്മയില്‍ കുഞ്ഞിനെക്കൊഞ്ചിക്കുന്ന ഘട്ടത്തില്‍ ആനയെത്തിയപ്പോള്‍. ‘നിഗ്രഹോത്സുകമെങ്കിലും സ്നേഹവ്യഗ്രം.’ പ്രകൃതിയ്ക്കും സ്ത്രീയ്ക്കും മാത്രം സമഗ്രതയില്‍ സവിശേഷമായുള്ളത് എന്ന് അഭിമാനിക്കാവുന്ന ഭാവം.

ഇതൊന്നുമല്ല, തലക്കു കിഴുക്കിയത് മറ്റുചില നാടകഭാഗങ്ങളാണ്. എന്നാല്‍ ഇവയിലില്ലാത്തതുമല്ല അവ. ജാപാനീസ് അഭിനേത്രി ‘മികാരി’ സ്റ്റേജില്‍ കിടന്നുരുണ്ട് ഇഴഞ്ഞ് മറിഞ്ഞ് തലപ്പോക്കത്തോടെ പീഠത്തില്‍ കയറിനിന്ന് ആകെ ചടുലവും ഉത്സവപ്രായവുമാക്കിയ അതേ സ്റ്റേജ് ‘-നാലുപാടും തുറസ്സായ,കല്യാണിക്കുട്ടിയമ്മ വേദി- ‘ഹാരുകി മുറകാമി’ എഴുതിയ ഒരു ചെറുകഥയുടെ (എന്തൊരു ആകസ്മികത അതും ജപ്പാന്‍!) നാടകാവിഷ്കാരത്തിനായി ദില്ലിയിലെ ‘പെര്‍ഫോമേഴ്സ് അറ്റ് വര്‍ക്ക്‘ ഉപയോഗിച്ചിരുന്നു. സുലേഖാ ചൌധരി സംവിധാനം. അഭിനയിക്കുന്നത് ഒരേ ഒരാള്‍. മനീഷ് ചൌധരി. “വളരെ മനോഹരമായ ഏപ്രില്‍ പ്രഭാതത്തില്‍ 100% പെര്‍ഫെക്ടായ ഒരു പെണ്‍കുട്ടിയെ കാണുമ്പോള്‍’ എന്നാണ് മുറകാമിയുടെ ചെറുകഥയുടെ പേര്. നാടകത്തിന്റേത് ‘ഓണ്‍ സീയിങ്’ എന്നും. മധ്യവയസ്സോടടുത്ത ഒരാള്‍ തെരുവില്‍ വച്ച് ഒരു പെണ്‍കുട്ടിയെ കാണുന്നു. 100% സമ്പൂര്‍ണ്ണയായ ഒരുവളെയാണ് താന്‍ കണ്ടത് എന്ന് അയാള്‍ക്കു തോന്നുന്നു. അവളെ ഓര്‍ക്കാന്‍ പറ്റുന്നില്ല. ഇനി കാണുമ്പോള്‍ വിവാഹിതരാവാം എന്ന വ്യവസ്ഥയില്‍ പിരിഞ്ഞ കാമുകിയാണോ അവള്‍ എന്നും അയാള്‍ക്കു സംശയമുണ്ട്. ഒരു മണിക്കൂറിലധികം നീണ്ട നാടകം മുഴുവന്‍ അയാളുടെ ആത്മാലാപനങ്ങളാണ്. വേദിയില്‍ കയറിയിരുന്ന് നടനോടൊപ്പം പ്രേക്ഷകരും നീങ്ങണം. വേദി, സദസ്സ് എന്ന തരം തിരിവിവിടില്ല. ആകെ ഒരു ടേപ്പ് റിക്കോഡറാണ് പശ്ചാത്തലത്തില്‍. അതിലും അയാളുടെ പിറുപിറുക്കലുകളാണ്. ഇടയ്ക്കിടയ്ക്ക് പോയി ഓണ്‍ ചെയ്യുന്നതും ഓഫ് ചെയ്യുന്നതും അയാള്‍ തന്നെ. വേദിയില്‍ ലൈറ്റുകളിട്ടിരുന്നതും സാമ്പ്രദായികരീതിയെ തകര്‍ക്കുന്നമട്ടിലാണ്. കനം കുറഞ്ഞ ട്യൂബ് ലൈറ്റുകള്‍ മുകളിലും താഴെയും വശത്തും....തോന്നിയതുപോലൊക്കെ വച്ച്. നടന്റെ അയാളുടെ ഭാവവും ശ്രദ്ധിച്ച് കൂടെ നടക്കുന്ന ജനം അവയില്‍ ചിലതെല്ലാം ചവിട്ടിപ്പൊട്ടിച്ചു. ‘ഠേ..... ടിച്ച് ’എന്നൊക്കെയുള്ള ശബ്ദത്തോടെ. അതും നാടകത്തിന്റെ ഭാഗം തന്നെ. ഒന്നു തിരിയാന്‍ ആദ്യം പത്തു മിനിട്ടോളം എടുത്തു. ഗംഭീരന്‍ സ്ലോ മോഷന്‍. അസാധാരണമായ പരിശീലനത്തിന്റെ ഭാഗമായിട്ട് മാത്രം കഴിയുന്ന കാര്യമാണ്. തലകുത്തനെ നിന്നും അയാള്‍ സംസാരിക്കുന്നുണ്ട്. ത്രികോണാസനത്തില്‍ നിന്നും സംസാരിക്കുന്നുണ്ട്. സംസാരം മുഴുവന്‍ തന്നോടാണ്. ഇടയ്ക്ക് രണ്ടു പ്രാവശ്യം അയാള്‍ തുണിയെല്ലാം ഉരിഞ്ഞു വച്ചു. ജട്ടി മാത്രമുണ്ട്. അതു മാത്രം ഇട്ടുകൊണ്ടു വീണ്ടും സര്‍ക്കസ്. സ്ലോ മോഷന്‍. ആത്യന്തികമായി നാടകം ഒരിടത്തും തുടങ്ങുന്നില്ല. അതുപോലെ അവസാനിക്കുന്നുമില്ല. നാടകം കാണാനായിട്ട് ആളുകള്‍ വന്നു തുടങ്ങിയതു മുതല്‍ അയാള്‍ ആ വേദിയില്‍ നില്‍പ്പുണ്ടായിരുന്നു. നാടകം കഴിഞ്ഞിട്ടും..(?) ‘കഴിഞ്ഞോ ഇനിയുണ്ടോ’ എന്നൊക്കെ ചോദിച്ച ആളുകള്‍ അന്തം വിട്ടു നില്‍ക്കുന്നതുകണ്ടു..

ശീലങ്ങള്‍ പിടികൂടിയിരിക്കുന്നതുകൊണ്ട് നമ്മുടെ തലച്ചോറിന് ഇമ്മാതിരി പരീക്ഷണങ്ങളെ ഒന്നിലധികം പ്രാവശ്യം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നു വരില്ല. ( ഈ പരീക്ഷണങ്ങളൊക്കെ കാലത്തെ അതിജീവിക്കുമോ എന്ന് ചോദിച്ചുകൊണ്ട് ഒരു മലയാളനാടക രചയിതാവായ ബുദ്ധിജീവി കാറിത്തുപ്പിക്കൊണ്ട് ചീറി, എന്റെ വണ്ടിയുടെ പിറകിലിരുന്ന്.) എങ്കിലും അതിഭാവുകത്വത്തിന്റെ സംഭാഷണ എറ്റലുകളില്‍ മാത്രമല്ല നാടകം എന്നു പറഞ്ഞു തരാനും, മാറി ചെന്നിരുന്ന് ഇതെന്താണെന്ന് ചിന്തിക്കാനും പരീക്ഷണ നാടകങ്ങള്‍ എപ്പോഴും ഉണ്ടാവില്ലേ, ഉണ്ടാവണ്ടേ എന്നൊക്കെയോര്‍ത്തായിരുന്നു എന്റെ പുരികക്കൊടികള്‍ ഉയര്‍ന്നു തന്നെയിരുന്നത്. മായകൃഷ്ണറാവു സംവിധാനം ചെയ്യുകയും അവതരിപ്പിക്കുകയും ചെയ്ത ‘ലേഡി മാക്‍ബത്ത് റീവിസിറ്റെഡ്’ ഇതുപോലെ ശീലം കൊണ്ട് രസിക്കാന്‍ ചെന്നിരുന്ന ഭാവനയെ നോവുന്നതരത്തില്‍ കശക്കിവിട്ട നാടകമാണ്. എന്തൊരു കശക്കല്‍!! ആകെ ഒരാള്‍ മാത്രമാണ് നാടകത്തില്‍. ലേഡി മാക്‍ബത്ത്. അവരാകട്ടെ പിറുപിറുത്തുകൊണ്ടേയിരിക്കുന്നു. മാക്‍ബത്തിലെ ക്രൂരയായ ‘ലേഡി’യുടെ (അവര്‍ക്ക് പേരുപോലുമില്ല. അഭിനയ അവതരിപ്പിച്ച ഉദ്ഘാടന നാടകമായ ‘മാക്‍ബത്തി’ല്‍ (സംവിധാനം ജ്യോതിഷ്) ആ സ്ത്രീയെ അവതരിപ്പിച്ചത് പുരുഷനാണ്..) സ്ത്രീപക്ഷാവതരണമാണ് ദില്ലി വിസ്മയ അവതരിപ്പിച്ച നാടകം. രണ്ടു ഷേക്സ്പിയര്‍ നാടകങ്ങളും കമ്പ്യൂട്ടര്‍ സാങ്കേതികതയെ സ്വാംശീകരിച്ച വിധം അമ്പരപ്പിക്കുന്നതാണ്. അഭിനയയുടെ ‘മാക്‍ബത്തി’ല്‍ സ്റ്റേജിന്റെ രണ്ടു വശത്തായി ചതുരക്കണ്ണുകള്‍ മനസ്സിന്റെ വെളിപ്പെടലായി, കഠാരയുള്‍പ്പടെയുള്ള പ്രതീകങ്ങളെ മിന്നിതെളിച്ചുകൊണ്ട് വേദിയ്ക്ക് കൊഴുപ്പു കൂട്ടി. മായാകൃഷ്ണറാവുവിന്റെ ‘ തിരിച്ചു വരുന്ന പെണ്‍‌മാക്‍ബത്തി’ല്‍ കൂറച്ചുകൂടി വിശാലമായി ഉപയോഗിച്ചിരിക്കുന്നു കമ്പ്യൂട്ടറിന്റെയും ക്യാമറയുടെയും സാദ്ധ്യതകള്‍. സ്റ്റേജിന്റെ പകുതിയോളം കൈവശപ്പെടുത്തിയിരിക്കുന്നത് വലിയൊരു സ്ക്രീനാണ്. വേദിക്ക് പുറം തിരിഞ്ഞിരുന്നാലും അഭിനയിക്കുന്ന ആളിന്റെ മുഖം കാണാം. ചെറിയ ചെയ്തികള്‍ വലുതായി അനുഭവിക്കാം. മാക്‍ബത്തിലെ പ്രസിദ്ധമായ വാചകങ്ങള്‍ പുനര്‍വിചാരണ ചെയ്യപ്പെടുകയായിരിക്കാം അവരുടെ ആത്മഗതങ്ങളിലൂടെ. ‘സ്വയം തിരിച്ചറിയാത്ത കാലം ക്രൂരമാണെന്ന’ വാക്യത്തിന് പുകയുഴിഞ്ഞുകൊണ്ടാണ് നാടകം ആരംഭിക്കുന്നതു തന്നെ. സ്വയം അടയാളപ്പെടുത്താന്‍ നിര്‍വാഹമില്ലാതെ കുഴങ്ങുന്ന സ്ത്രീയായിരുന്നോ ലേഡി മാക്‍ബെത്ത്? ആയിരിക്കണം. ‘മുലകുടിക്കുന്ന കുഞ്ഞ് എന്നെ നോക്കി ചിരിക്കാന്‍ ശ്രമിച്ചാല്‍ അവന്റെ തൊണ്ണുകളില്‍ നിന്ന് എന്റെ മുലക്കണ്ണ് വലിച്ചെടുത്തിട്ട്, തറയിലടിച്ച് അവന്റെ ഞാന്‍ തകര്‍ക്കും’ എന്ന പ്രസിദ്ധമായ വാക്യത്തിലെ പക മറ്റെന്തൊക്കെയോ ആയി മാറുകയാണ് നാടകത്തില്‍. അരവരെയുള്ള ഭാഗത്തെ വസ്ത്രം നീക്കിപുറം തിരിഞ്ഞിരിക്കുന്ന ലേഡി മാക്‌ബത്തിലാണ് നാടകം അവസാനിക്കുന്നത്. പഞ്ചാബിയായ നീലം മാന്‍സിംഗ് ചൌധരി സംവിധാനം ചെയ്ത ഇംഗ്ലീഷ്/പഞ്ചാബി/ഹിന്ദി നാടകം ‘സ്യൂട്ടി’ലും ശരീരങ്ങള്‍ പ്രാധാന്യത്തോടെ എഴുന്നു നില്‍ക്കുന്നതു കണ്ടു. ഭാര്യാഭര്‍ത്താക്കന്മാര്‍ നിരന്തരം വസ്ത്രം മാറ്റുകയും ധരിക്കുകയും ചെയ്തു, വേദിയില്‍. കുളിച്ചു. വ്യായാമം ചെയ്തു വിയര്‍ത്തു. ശരീരത്തെ എണ്ണയിട്ടു മിനുക്കി. ആണ്‍ശരീരത്തെ അതിമനോഹരമായി അവതരിപ്പിച്ച നാടകം കൂടിയാണ്‌ ‘സ്യൂട്ട്’‍. വസ്ത്രം തന്റെ തൊലിയാണെന്നാണ് നായിക നാടകാവസാനം പ്രഖ്യാപിക്കുന്നത്.

മുന്‍പൊരിക്കാല്‍ ‘ആയുസ്സിന്റെ പുസ്തകത്തി’ന്റെ നാടകാവിഷ്കാരത്തിലാണ് രംഗത്ത് തുണിയില്ലാതെ നില്‍ക്കുന്ന ഒരാളെ കാണുന്നത്. മലയാളസിനിമകളില്‍ ഇന്നും സാദ്ധ്യമാവാത്ത കാര്യമാണ് ഇപ്പോള്‍ നാടകങ്ങള്‍ ചെയ്യുന്നത്. ശരീരം തന്നെ ഞെട്ടിക്കലിനുള്ള ഒരുപാധിയാണ്. അത് അടച്ചു വയ്ക്കുകയോ തുറന്നുകാട്ടുകയോ ചെയ്താലുണ്ടാകുന്ന അസ്വസ്ഥതകളെ സമര്‍ത്ഥമായി വിനിയോഗം ചെയ്തും കലയ്ക്ക് അതിന്റെ വിമോചനദൌത്യം നിര്‍വഹിക്കാം. ശരീരം സ്വയമേവ ഒരു തിയേറ്ററാണ്. ഇലകളുടെ ചലനത്തെ വെറുതെ അനുകരിച്ചുകാണിക്കുകയല്ല, ആ ചലനത്തെ ചലനമായി ആത്മാവില്‍ ഉള്‍ക്കൊള്ളണമെന്ന് ഇസഡോറ ഡങ്കന്‍ എഴുതി വച്ചിരുന്നു. മിക്കവാറും നഗ്നയായിട്ടായിരുന്നു അവരുടെ പ്രകടനങ്ങള്‍. അതിനെ വിമര്‍ശിച്ചവരുണ്ട്, അതിനെ ഉള്‍ക്കൊണ്ടവരുമുണ്ട്. കാബറെ എന്ന കലാരൂപത്തെ ഇക്കിളിയായി കൈക്കൊണ്ട് നിരോധിപ്പിച്ചവരാണ് നമ്മള്‍. അപ്പോള്‍ അതായിരിക്കണം ‘ഫിസിക്കല്‍ തിയേറ്റര്‍’ ഉള്ളിലേയ്ക്കെടുക്കാന്‍ നാം പെടുന്ന പാട്. . അതും അതുപോലെയുള്ള പുത്തന്‍ സങ്കല്പങ്ങളും ഏതു വിധത്തിലാണ് കലാലോകത്തെ നവീകരിക്കുന്നതെന്ന് ആലോചിച്ചു നോക്കാനെങ്കിലും പ്രേരിപ്പിക്കുമെങ്കില്‍ മസാലക്കൂട്ടുകള്‍ കൊണ്ട് രസമുകുളങ്ങള്‍ വെന്തുപോയ പഴഞ്ചന്‍ ഭാവുകത്വത്തെ ശാസിച്ചൊതുക്കിക്കൊണ്ടാണെങ്കില്‍ പോലും പരീക്ഷണങ്ങള്‍ക്കായി കുറച്ചുനേരം അടങ്ങിയിരിക്കാം എന്നു ഞാന്‍ തീരുമാനിച്ചിട്ടുണ്ട്.

അതാണ് നാടകോത്സവം തന്ന ക്ലാസ്!

March 16, 2009

കഥ എഴുതുമ്പോള്‍



"ജീവിതമത്രയും ഞാന്‍ മരിച്ചു തീര്‍ക്കുകയാണ്. അവസാനനിമിഷത്തില്‍ എനിക്കു ശിഷ്ടം വരിക ജീവിതം മാത്രമാണ്.”
-ഒ.വി. വിജയന്‍ (സംവാദം എന്ന കഥയില്‍)



അഞ്ചല്‍ എന്ന സ്ഥലത്ത് കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പ് കുളത്തില്‍ ചാടി രണ്ടു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ അറസ്റ്റിലായവരുടെ ചിത്രവും വിവരങ്ങളും മാര്‍ച്ച് 10 -നുള്ള പത്രങ്ങളിലുണ്ടായിരുന്നു. വിവരങ്ങളെല്ലാം പോലീസു നല്‍കിയതാണ് എന്ന് പത്രങ്ങള്‍ പ്രത്യേകം എടുത്തെഴുതിയിട്ടുണ്ട്. ലിബി എന്ന പെണ്‍കുട്ടിയെ മുന്‍പ് സ്നേഹിച്ചിരുന്ന ഷിബുവും അയാളുടെ കൂട്ടാളി സിദ്ദിക്കും പെണ്‍കുട്ടിയുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയതു വഴിയുണ്ടായ മാനസികസമ്മര്‍ദ്ദമാണ് ആത്മഹത്യയ്ക്കുള്ള കാരണം. അറസ്റ്റു ചെയ്തതായി കൊടുത്തിരിക്കുന്നത് മൂന്നുപേരുടെ ചിത്രമാണ്. അതില്‍ മേല്‍പ്പറഞ്ഞ രണ്ടുപേരെയും കൂടാതെയൊരാള്‍ ലിബിയുടെ ഇപ്പോഴത്തെ കാമുകനായ പ്രകാശാണ്. പ്രകാശ് ചെയ്ത കുറ്റം ലിബിയെ കല്യാണം കഴിക്കണമെന്ന് ആവശ്യപ്പെട്ടു എന്നതാണ്. മറ്റൊന്നും പത്രത്തിലില്ല. അപ്പോള്‍ 18 വയസ്സായ ഒരു പെണ്‍കുട്ടിയെ ഒരാള്‍ കല്യാണം കഴിക്കണമെന്ന് ആവശ്യപ്പെടുന്നത് ക്രിമിനല്‍ കുറ്റമാണോ? ലിബിയുടെ കൂടെ മറ്റൊരു പെണ്‍കുട്ടിയും ആത്മഹത്യ ചെയ്തിരുന്നു. നിലവില്‍ അതിനു ഭീഷണിയുണ്ടായിരുന്നതായോ മാനസികപീഡനം അനുഭവിച്ചിരുന്നതായോ ഒന്നും വാര്‍ത്തയിലില്ല. ആത്മാര്‍ത്ഥയോടെ, കൂട്ടുകാരിക്ക് മരണത്തിനും കൂട്ടുപോയതാണ് 15 വയസ്സുള്ള ഒരു പെണ്‍കുട്ടി. ആ സ്വയം നശിപ്പിക്കലിന്റെ കാരണം മറ്റെവിടെയും തേടാനില്ലാത്തതുകൊണ്ട് സ്വാഭാവികമായും കുറ്റവാളികള്‍ രണ്ടു മരണത്തിന്റെയും ഉത്തരവാദികളാകുന്നു എന്ന മട്ടിലാണ് പോലീസ് വിശദീകരണത്തിന്റെ പോക്ക്.

അമ്പലപ്പുഴയിലെ മൂന്നു പെണ്‍കുട്ടികളുടെ ആത്മഹത്യയ്ക്കും ഇതിനും ചില സമാനതകളുണ്ട്. ഇപ്പറഞ്ഞ കാരണങ്ങളൊക്കെ അവിടെയും പ്രവര്‍ത്തിച്ചിരുന്നു. മാനഹാനിയെക്കുറിച്ചുള്ള ഭീതിയും അതില്‍ നിന്നുണ്ടായ മാനസിക സമ്മര്‍ദ്ദവും പെണ്‍കുട്ടികളെ ആത്മഹത്യയിലെത്തിച്ചു എന്നാണ് മാധ്യമങ്ങള്‍ പറഞ്ഞു തന്ന പാഠം. മൂന്നു പെണ്‍കുട്ടികള്‍ക്കും ആത്മഹത്യയല്ലാതെ മറ്റു മാര്‍ഗമില്ല എന്ന തീരുമാനത്തിലെത്താന്‍ തക്കവണ്ണം ഒരേ തോതായിരുന്നുവോ മാനസികസമ്മര്‍ദ്ദങ്ങള്‍ക്ക്? ഒരാള്‍ക്കുപോലും മറിച്ചെന്തുകൊണ്ട് തോന്നിയില്ല? എങ്കില്‍ അതെങ്ങനെ ഉണ്ടായി എന്നല്ലേ ആലോചിക്കേണ്ടിയിരുന്നത്? ക്യാമറയുള്ള മൊബൈല്‍ഫോണുകള്‍ സ്കൂളുകളില്‍നിരോധിക്കണമെന്ന് പെണ്‍കുട്ടികളെല്ലാം ഒരേ സ്വരത്തില്‍ ശക്തമായി ആവശ്യപ്പെട്ട ഒരു ക്ലാസിലെ കുട്ടികളോട് സംസാരിക്കവേ അവര്‍ പറഞ്ഞത് തങ്ങളുടെ അശ്ലീലചിത്രങ്ങള്‍ ആണ്‍കുട്ടികള്‍ പരസ്യപ്പെടുത്തും എന്നാണ്. എന്നാല്‍ എവിടെ പരസ്യപ്പെടുത്തും എന്നവര്‍ക്കറിയില്ല. ഒരു പക്ഷേ ഇന്റെര്‍നെറ്റ് ഗ്രൂപ്പുകളിലോ മറ്റോ വന്നാല്‍ തന്നെ അത്രയ്ക്ക് മാനഹാനി സംഭവിച്ചുപോകുന്നതരത്തില്‍ വൃത്തികേടാണോ അവര്‍ പോലും അറിയാതെ ചിത്രീകരിച്ച അവരുടെ ശരീരഭാഗങ്ങള്‍ എന്ന ചോദ്യത്തിന് ഉത്തരമില്ല. ശരീരം അശ്ലീലമാണോ എന്ന ചോദ്യത്തിന് ഉത്തരമില്ല. ഇനി ആരെങ്കിലും അശ്ലീലചിത്രം കൈയിലുണ്ടെന്ന് വീരവാദം പറഞ്ഞാല്‍ തന്നെ അവനെ നിയമത്തിനു മുന്നില്‍ കൊണ്ടു വന്ന് ഒറ്റപ്പെടുത്തേണ്ടതെങ്ങനെ എന്നവര്‍ക്ക് അറിയില്ല. അതിനുള്ള ആത്മവിശ്വാസം അവര്‍ക്കില്ല.

എന്തുകൊണ്ട്? പെണ്‍കുട്ടികളുടെ ചിന്താശേഷിയെ മുഴുവന്‍ പിടിച്ചു വാങ്ങിയിട്ട് അവര്‍ക്കുവേണ്ടി നമ്മള്‍ ചിന്തിക്കുന്ന മട്ടിലാണ് കാര്യങ്ങള്‍ പോകുന്നത്. തങ്ങളുടെ നനഞ്ഞൊട്ടിയ ശരീരങ്ങള്‍, സഹപാഠികളായ ആണുങ്ങള്‍ കാണുമല്ലോ എന്നോര്‍ത്ത് കടലില്‍ കുളിക്കുന്നതിന്റെ രസം ഉപേക്ഷിച്ച് വിഷമത്തോടേ മാറി നില്‍ക്കുന്ന പെണ്‍കുട്ടികളെക്കുറിച്ച് വിനയ ആത്മകഥയില്‍ എഴുതിയിരുന്നതോര്‍ക്കുന്നു. തന്റെ ശരീരം മറ്റുള്ളവര്‍ കാണുമെന്നുള്ള അമിതമായ വേവലാതിയെ ആവുന്നവിധത്തിലൊക്കെ പ്രോത്സാഹിപ്പിച്ച്, അത് അവസാനം ആത്മനാശകമായി, കൌമാരപ്രായക്കാരെ കൊന്നൊടുക്കി തുടങ്ങിയിട്ടും നമ്മളിപ്പോഴും മോബൈല്‍ ഫോണ്‍ നിരോധനം പോലുള്ള തൊലിപ്പുറത്തുള്ള അച്ചുകുത്തലും നിയമനിര്‍മ്മാണവുമായി തിന്തിന്നം കളിക്കുകയാണ്. ശരീരം മറ്റുള്ളവര്‍ കണ്ടു പോയാല്‍ മരണമല്ലാതെ മറ്റൊന്നും അവശേഷിക്കുന്നില്ലെന്ന പാഠം തന്നെയല്ലേ നമ്മുടെ ആനുകാലികങ്ങളിലെ തുടരനുകളും ഒരര്‍ത്ഥത്തില്‍ ഓതിക്കൊടുക്കുന്നത്? ‘പെണ്‍കുട്ടികള്‍ പറയുന്നത്’ എന്ന പേരില്‍ മാതൃഭൂമി പത്രത്തില്‍ സിസി ജേക്കബ് എഴുതിയ തുടരന്‍ ഫീച്ചര്‍ ഇങ്ങനെ ഇങ്ങനെ കേരളത്തിലങ്ങോളമിങ്ങോളമുള്ള പെണ്‍കുട്ടികളുടെ പുറത്തു പറയാന്‍ വയ്യാത്ത നടുക്കുന്ന കഥകള്‍ കൊണ്ട് സമ്പന്നമാണ്. (ഏതാണ്ടിതേ സമയത്തു തന്നെ ‘കന്യക’യിലും കൌമാരപ്രായക്കാര്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ അക്കമിട്ട് നിരത്തിയ ലേഖനം വന്നു.) ഫീച്ചറിന്റെ സ്വഭാവത്തിനനുസരിച്ച് ഇടയ്ക്കിടയ്ക്ക് സ്വന്തം കക്ഷികളുടെ കഥകളുമായി സൈക്യാട്രിസ്റ്റുകളും സൈക്കോളജിസ്റ്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. അനുഭവസാക്ഷ്യം ഉള്ളസ്ഥിതിയ്ക്ക് സംഭവങ്ങളെല്ലാം വാസ്തവമല്ലെന്ന് ആരും പറയില്ല. പക്ഷേ ഒന്നുണ്ട്. മനസ്സുമായി ബന്ധപ്പെടുന്ന മനോരോഗ വിദഗ്ദ്ധര്‍ക്ക് പറയാന്‍ അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളുടെ കഥയാണുണ്ടാവുക എന്ന വാസ്തവം നമ്മുടെ സാമാന്യബോധം കണക്കിലെടുക്കാതെ പോകുന്നു എന്നൊരു പ്രശ്നമുണ്ട്. ശുചീകരണപ്രവൃത്തിയുമായി ബന്ധപ്പെട്ടവര്‍ക്ക് നഗരത്തിലെ മാലിന്യത്തിന്റെ തോത് വര്‍ദ്ധിച്ചതിനെപ്പറ്റിയാവും പറയാനുണ്ടാവുക. ചുമട്ടു തൊഴിലാളികള്‍ക്ക് വിവിധതരത്തിലുള്ള ചുമടുകളുടെ ഭാരത്തെപ്പറ്റിയും. ആ അഭിപ്രായങ്ങള്‍ മാത്രം വച്ച് കേരളത്തില്‍ മാലിന്യം മാത്രമേ ഉള്ളൂ എന്നും ചുമടുകളുടെ ഭാരം വര്‍ദ്ധിക്കുന്നു എന്നും എഴുതിവിടുന്നതുപോലെ അസംബന്ധം ഉണ്ട് മനോരോഗകഥകളുടെ പെരുപ്പത്തിനും. പൊതുവേ മനോരോഗവിദഗ്ദ്ധര്‍ ഒരേ കഥകള്‍ പ്രത്യേക ലക്ഷ്യത്തെ മുന്‍ നിര്‍ത്തി ആവര്‍ത്തിക്കാറുണ്ട്. രഹസ്യസ്വഭാവം നിലനിര്‍ത്തുന്നതിനു വേണ്ടി, പേരോ സ്ഥലമോ പറയേണ്ടതില്ലാത്തതിനാല്‍ ഒരു കഥയ്ക്കു തന്നെ പല പതിപ്പുകള്‍ ഉണ്ടാവും. മനശ്ശാസ്ത്രജ്ഞര്‍ ഊന്നല്‍ നല്‍കുന്ന ഘടകത്തെ പാടെ ഒഴിവാക്കിയാണ് ഫീച്ചറെഴുത്തുകാര്‍ അതിനെ കഥയാക്കുന്നത്.

സത്യത്തില്‍ ഫീച്ചറുകളും പ്രചാരം നേടുന്ന കഥകളും പ്രത്യേക മാനത്തോടെ ബോധപൂര്‍വം തയ്യാറാക്കുന്ന വാര്‍ത്തകളും മറ്റും മറ്റും ചേര്‍ന്ന് ചൂഷണം ചെയ്യുന്നത് കേരളത്തിന്റെ മധ്യവര്‍ഗത്തിന്റെ സദാചാര തത്പരതയെയല്ലേ എന്നൊരു സംശയമുണ്ട്. നമ്മുടെ കുട്ടികളുടെ ലൈംഗികമായ താത്പര്യങ്ങളെക്കുറിച്ച്, ഉണര്‍വിനെക്കുറിച്ച് ആശ്ചര്യകരമായ അജ്ഞതയാണ് ഇവയുടെ മുഖമുദ്ര. പ്രായപൂര്‍ത്തിയോടമുബന്ധിച്ച് എതിര്‍ലിംഗത്തില്‍പ്പെടുന്നവരോടു സ്വാഭാവികമായ താത്പര്യം ഉണ്ടാവും എന്നും അതിന്റെ സ്വാഭാവികമായ പരിണതിയാണ് പ്രണയവും ശാരീരികബന്ധവും എന്ന തിരിച്ചറിവില്ലാതെ വരുമ്പോഴുള്ള മാനസിക സംഘര്‍ഷമാണ് കുട്ടികളെ ആത്മഹത്യയിലെത്തിക്കുന്നത്. മുതിര്‍ന്നവരെ ഞരമ്പുരോഗികളുമാക്കുന്നത്. പ്രണയമോ ഭീഷണിയോ അല്ല നമ്മുടെ പെണ്‍കുട്ടികളെ കുഴപ്പത്തിലാക്കുന്നത്, സമൂഹത്തിന്റെ അമിത സംരക്ഷണപ്രവണതയാണ്. ജനിച്ചത് പെണ്‍കുട്ടിയാണെങ്കില്‍ അമ്മമാരെല്ലാം സ്വാഭാവികമായി ചെന്നു പെടുന്ന പ്രത്യേക മാനസികാവസ്ഥയാണിത്. സാമൂഹിക മനശ്ശാസ്ത്രത്തിന്റെ ഭാഗം എന്ന നിലയ്ക്ക്, അതിന്റെ വിവിധഘട്ടങ്ങള്‍ പ്രത്യേകം പഠിക്കേണ്ടതാണെന്നു തോന്നുന്നു. (ഒന്നിനും കൊള്ളാത്ത ചില അദ്ധ്യാപികമാര്‍ കെട്ടിയാടുന്ന എറ്റവും മനോഹരമായ നാട്യങ്ങളിലൊന്ന് അമ്മ വേഷമാണ്) പെണ്‍കുട്ടിയാണെങ്കില്‍ അത് സംരക്ഷിക്കപ്പെടേണ്ട എന്തോ ആണെന്ന ചിന്ത രൂഢമൂലമാണ് സമൂഹത്തില്‍. സംരക്ഷിക്കാന്‍ സമൂഹം എത്രത്തോളം വെമ്പുമോ അത്രത്തോളം പെണ്‍കുട്ടികള്‍ നിശ്ശബ്ദരും നിഷ്ക്രിയരും ആയിത്തീരും. വിവാഹം കഴിയുന്ന രാത്രിയില്‍ പൊടുന്നനെ പെണ്‍കുട്ടിയില്‍ ഉടലെടുക്കുന്ന ഒന്നല്ല ലൈംഗികമായ ഉണര്‍ച്ചകള്‍. പക്ഷേ അവള്‍ക്കത് വിവാഹത്തിനു മുന്‍പ് - ചിലപ്പോള്‍ വിവാഹം കഴിഞ്ഞു പോലും- പുറത്തെടുക്കാന്‍ സാദ്ധ്യമല്ല. പ്രണയം കുറ്റകരമാവുന്ന ഒരവസ്ഥ അങ്ങനെ ഉണ്ടാവുന്നതാണ്. പ്രണയിക്കുന്ന ഒരു പെണ്ണിനും ഇന്ന് (കേരളീയ) സമൂഹത്തില്‍ മാന്യതയില്ല. (ഭര്‍ത്താവിനു കിട്ടുന്ന ജോലിയെ ആശ്രയിച്ചാണ് പ്രണയവിവാഹങ്ങളുടെ ജയപരാജയങ്ങള്‍ സമൂഹദൃഷ്ടിയില്‍. പൂര്‍ണ്ണമായും പ്രയോജനപരതയില്‍ അധിഷ്ഠിതം‍) ഉഭയസമ്മതത്തോടെ നടത്തുന്ന ലൈംഗികബന്ധങ്ങള്‍ പോലും പീഡനമായി തീരുന്ന അവസ്ഥ ഇന്നു കേരളത്തിലുണ്ട്. ഇത് പരോക്ഷമായി സ്ത്രീകളെ വസ്തുവത്കരിക്കുന്നതിന്റെ ഭാഗമാണ്. അവള്‍ കൂടി പങ്കാളിയായ തീര്‍ത്തും സന്തോഷകരമാവേണ്ട ഒരു മുഹൂര്‍ത്തത്തെയാണ് സമൂഹവും മാധ്യമങ്ങളും പോലീസ് തുടങ്ങിയ പിതൃരൂപങ്ങളും ചേര്‍ന്ന് കടന്നുകയറ്റവും അതു വഴി കുറ്റകൃത്യവുമാക്കുന്നത്. അതിലെ സ്ത്രീ വിരുദ്ധത അധികം ആരും ശ്രദ്ധിച്ചിട്ടില്ലെന്നു തോന്നുന്നു. പെണ്ണ് തന്റെ ലൈംഗിക താത്പര്യങ്ങളും ഇഷ്ടാനിഷ്ടങ്ങളും തുറന്നു പറയുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കാലം വരെ പിടിച്ചടക്കാനും പങ്കുവയ്ക്കാനും കിട്ടുന്ന അവസരം മുതലാക്കാനും ഉപയോഗിച്ചിട്ട് വലിച്ചെറിയാനും ശ്രമിക്കുകയും ചെയ്യുന്ന ‘ആണത്ത’ത്തിന്റെ വിധ്വംസകമായ രീതികള്‍ക്ക് മാറ്റം വരില്ലെന്നത് സ്വാഭാവികമായ കാര്യമല്ലേ?

സമൂഹത്തെ ശിക്ഷണാധികാരിയായ ഭര്‍ത്താവായാണ്, ശാരദക്കുട്ടി ഒരു ലേഖനത്തില്‍ നിരീക്ഷിച്ചത്. എന്നാല്‍ പെണ്‍കുട്ടികളുടെ കാര്യത്തില്‍ സമൂഹത്തിന് നേരത്തെ പറഞ്ഞ അമ്മയുടെ രൂപകമാണ് കൂടുതല്‍ ഇണങ്ങുന്നത്. അമ്മയുടെ മുന്നില്‍ നല്ലകുട്ടിയായിരിക്കാനുള്ള ശ്രമം തന്റേതല്ലാത്ത കാരണത്താല്‍ പാളുമ്പോഴാണ് ആത്മഹത്യ അഭയസ്ഥാനമായി കുട്ടിയ്ക്ക് തോന്നുന്നത്. നല്ല കുട്ടിയായിരിക്കുക എന്നതിനര്‍ത്ഥം ലൈംഗികതാത്പര്യങ്ങള്‍ സ്വപ്നത്തില്‍ പോലും ഇല്ലാതിരിക്കുക എന്നാണര്‍ത്ഥം. തുണിയഴിഞ്ഞ നിലയില്‍ തന്നെ കാണുക എന്നതിന് ലൈംഗികമായ സന്നദ്ധതയോടേ കാണുക എന്ന അര്‍ത്ഥമുണ്ട്. അതുകൊണ്ടാണ് ആണുങ്ങളുടെ പ്രധാനഭീഷണി നഗ്നചിത്രം പരസ്യപ്പെടുത്തുമെന്നാവുന്നതും അതു സഹിക്കാന്‍ വയ്യാതെ പെണ്‍കുട്ടികള്‍ ആത്മഹത്യയില്‍ ചെന്നെത്തുന്നതും. സ്വന്തം മനസ്സിന്റെയും ശരീരത്തിന്റെയും ചോദനകളെ സത്യസന്ധമായി തിരിച്ചറിയാനുള്ള വിവേകമാണ് കുട്ടിയില്‍ നിറയേണ്ടത്. പകരം നിറയുന്നത് കുറ്റബോധവും അവഹേളനപരമായ അധമബോധവുമാണ്. പെണ്‍കുട്ടികളുടെ കൂട്ടത്തോടെയുള്ള ആത്മഹത്യകളെ ‘പീഡനത്തിന്റെ ഇര’ എന്ന നിലയ്ക്കു മാത്രം പരിശോധിച്ച് വിധിയെഴുതുമ്പോള്‍ കാണാതെ പോകുന്ന വാസ്തവമാണിത്.

ഈ പോസ്റ്റ് :
എന്നെ ആണ്‍കുട്ടികളെല്ലാം ഒരു മാതിരി നോക്കുന്നത് ഞാന്‍ ചീത്തക്കുട്ടിയായതു കൊണ്ടല്ലേ ‍ എന്ന് നിറഞ്ഞ കണ്ണുകളോടെയും അങ്ങേയറ്റത്തെ നിഷ്കളങ്കതയോടെയും ചോദിച്ച അതിസുന്ദരിയായ ഒരു പെണ്‍കുട്ടിയ്ക്ക്.

March 9, 2009

കര്‍മ്മണി പ്രയോഗങ്ങള്‍ !


വളരെ മുന്‍പ് നടന്ന കഥയാണ്. സുന്ദരിയും ബുദ്ധിശാലിയുമായ ഒരു രാജകുമാരി, അതിസുന്ദരനെങ്കിലും വെറുമൊരു സാധാരണക്കാരനെ പ്രേമിച്ചത് മന്ത്രിമാര്‍ വഴി രാജാവ് അറിഞ്ഞു. കുറ്റം രാജ്യദ്രോഹമാണ്. പറഞ്ഞു വന്നാല്‍ നാണക്കേടുമാണ്. അതുകൊണ്ട് കൊലയില്‍ കുറഞ്ഞ ഒന്നും തന്റെ നിലയറിയാതെ പ്രേമിക്കാന്‍ പോയവന്‍ അര്‍ഹിക്കുന്നില്ല. അവന്‍ കവിയായാലെന്ത്, ഗായകനായാലെന്ത്? അതു രാജനീതി. പോരാത്തതിന് ഇവിടെ കലങ്ങിയ കണ്ണുകളോടെ സ്വന്തം മകളും. രാജാവൊരു കാര്യം ചെയ്തു. മകളുടെ കാമുകന്റെ അനിവാര്യമായ വിധി അവന്റെ തന്നെ തീരുമാനത്തിന്റെ ചുമലില്‍ വച്ചുകെട്ടാന്‍ തീരുമാനിച്ചു. അവന്റെ കാവല്‍ ദൈവം (അങ്ങനെഒന്നു ഉണ്ടെങ്കില്‍ ) പ്രണയത്തിന്റെ പേരില്‍ അവനെ വധിച്ച രാജാവിനോട് അപ്പോള്‍ കലഹിക്കേണ്ട കാര്യവുമില്ല. തുറന്ന മൈതാനത്ത് രണ്ടു വാതിലുകളുള്ള മേല്‍ക്കൂരയില്ലാത്ത ഒരു അറയില്‍ അവനെ അടച്ചിടും. ഒരു വാതില്‍ തുറന്ന് ചെന്നാല്‍ അവനെത്തുക, നവനീത കോമളാംഗിയായ യവനസുന്ദരിയുടെ അറയിലാണ്. പിന്നെ രാജകീയ ഘോഷങ്ങളോടെ വിവാഹം. അതു കുറ്റവാളിയുടെ നിഷ്കളങ്കതയ്ക്കുള്ള സമ്മാനമാണ്. രണ്ടാമത്തെ വാതില്‍ തുറന്നാല്‍ വരുന്നത്, വിശന്നു വലഞ്ഞ സിംഹങ്ങളാണ്. അതവന്റെ വിധി. ബലിയനുഷ്ഠാനം കാണുന്ന തിമിര്‍പ്പോടെ ജനം ആ ചോരക്കളി തീരും വരെ കണ്ടു നില്‍ക്കും. തനിക്കു മുന്നില്‍ എഴുന്നു നില്‍ക്കുന്ന വാതിലുകളില്‍ ജീവിതമേത് മരണമേത് എന്ന് അവനറിയില്ലെങ്കിലും ഈ ചടങ്ങു കാണാന്‍ മുകളിലെ ഗാലറികളില്‍ ആകാംക്ഷയോടെ ഇരിക്കുന്ന ജനങ്ങള്‍ക്കെല്ലാം അറിയാം. പക്ഷേ അവരവനെ സഹായിക്കില്ല. അതു രാജകോപവും ദൈവകോപവും ഒരുപോലെ ക്ഷണിച്ചുവരുത്തുന്ന പരിപാടിയായതുകൊണ്ട്. കരഞ്ഞുകലങ്ങിയതും ഉറക്കമില്ലാത്തതുമായ കണ്ണുകളോടെ താന്‍ സ്നേഹിക്കുന്ന പുരുഷനെ കാണാനെത്തിയ രാജകുമാരിയ്ക്ക് പക്ഷേ അവനെ സഹായിക്കാനാവും. അല്ലെങ്കില്‍ തന്നെ അവളവനെ സഹായിക്കണ്ടേ? അവനെത്തിപ്പെട്ടിരിക്കുന്ന പ്രഹേളികയുടെ കുരുക്ക് അറിഞ്ഞുകൊണ്ടല്ലെങ്കിലും അവളും കൂടിച്ചേര്‍ന്ന് നിര്‍മ്മിച്ചു കൊടുത്തതാണല്ലോ. പക്ഷേ താന്‍ സ്നേഹിച്ച ശരീരം സിംഹങ്ങള്‍ വലിച്ചുകീറുന്ന കാഴ്ച പോലെ തന്നെ ഹൃദയഭേദകമല്ലേ മറ്റൊരു സ്ത്രീയുമായി അവന്‍ ജീവിതം പങ്കുവയ്ക്കാന്‍ ആരംഭിക്കുന്നതും? അപ്പോള്‍ അവള്‍ എന്തു ചെയ്യണം? തനിക്കില്ലാത്തത് ആര്‍ക്കും കിട്ടരുതെന്നു വയ്ക്കുകയല്ലേ വേണ്ടത്?

രാജകുമാരിയെ മാത്രം ഉറ്റു നോക്കിനിന്ന യുവാവിനു ഒടുവില്‍ ഒരു സൂചന ലഭിച്ചു. പ്രണയം ജീവിതത്തേക്കാള്‍ മേലെയായതിനാല്‍ യാതൊരു സംശയവും കൂടാതെ അവന്‍ അവള്‍ ചൂണ്ടിയ വാതിലിനു നേരെ നീങ്ങുകയും ചെയ്തു. അമേരിക്കന്‍ എഴുത്തുകാരന്‍ ഫ്രാങ്ക് ആര്‍ സ്റ്റോക്ടണ്‍ എഴുതിയ ഒരു കഥയുടെ ഏകദേശ വിവര്‍ത്തനമാണിത്.* (1882-ല്‍ സെഞ്ചുറി മാഗസീനിലാണ് ഇത് പ്രസിദ്ധീകരിച്ചു വന്നത്. കഥയില്‍ കടുവയാണ് മരണം.) ജീവിതത്തിന്റെ അനിശ്ചിതത്വത്തിനു നേരെ നോക്കി പുഞ്ചിരിച്ചുകൊണ്ട് എഴുത്തുകാരന്‍ പരിണാമഗുപ്തി വെളിപ്പെടുത്താതെ കഥ അവസാനിപ്പിച്ചതു കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതായത് വായനക്കാര്‍ക്കാണ്. അവരിളകി. ബാക്കിഭാഗം പറഞ്ഞില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. എന്തു കാര്യം? കഥകളെ പൂരിപ്പിക്കുന്നത് എഴുത്തുകാര(രിയുടെ)ന്റെ ഭാവനയല്ല, അനുഭവിക്കുന്നവരുടെ യുക്തികളാണ്. തടവറയില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരാള്‍ക്ക് ഒരു ചോദ്യം കാവല്‍ക്കാരോട് ചോദിക്കാം എന്ന് മറ്റൊരു കഥയുണ്ട്. രണ്ട് കാവല്‍ക്കാരാണ് തടവറയ്ക്കുള്ളത്. ഒരാള്‍ കള്ളം പറയുന്ന ആള്‍, മറ്റേയാള്‍ സത്യം പറയുന്നവനും. പതിവുപോലെ തടവറയ്ക്ക് രണ്ടു വാതില്‍. മരണത്തിലേയ്ക്കും ജീവിതത്തിലേയ്ക്കും. പക്ഷേ സത്യം പറയുന്നതാര്, കള്ളം പറയുന്നതാര് എന്നു നിങ്ങള്‍ക്കറിയില്ല. ആകെ ഒരു ചോദ്യമേ ഉള്ളൂ. ജീവിതത്തിന്റെ അന്തരാളഘട്ടങ്ങള്‍ പലപ്പോഴും ഇങ്ങനെ ഒരു വാക്യത്തിന്റെ വാലില്‍ തൂങ്ങി നിന്ന് പിടയുന്നതു നാം അറിയാത്തതല്ല. കളികളൊന്നും അപ്പോള്‍ വെറും കളികളല്ല ! ജര്‍മ്മന്‍ സംവിധായകന്‍, വെര്‍ണര്‍ ഹെര്‍സോഗിന്റെ ‘ദ എനിഗ്മ ഓഫ് കാസ്പര്‍ ഹൂസര്‍’ എന്ന സിനിമയില്‍ ഇതേ ചോദ്യം മറ്റൊരു രീതിയില്‍, ഒരു പ്രഫസര്‍ കാസ്പറോട് ചോദിക്കുന്നുണ്ട്. 1828-ല്‍ ‘എന്‍’ എന്ന നഗരത്തില്‍ കയ്യില്‍ ഒരു കത്തും പിടിച്ച് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതാണ് കാസ്പറെ. ജനിച്ച ഉടന്‍ അയാളെ ഒരു ഇരുട്ടറയില്‍ ബന്ധിപ്പിക്കുകയായിരുന്നു. അതിനുമുന്‍പൊരിക്കലും അയാള്‍ മനുഷ്യനെയോ മരത്തെയോ വീടുകളെയോ കണ്ടിട്ടില്ല. നടക്കാന്‍ അറിയില്ല സംസാരിക്കാനറിയില്ല, ഒന്നോരണ്ടോ വാക്യങ്ങള്‍ ഉരുവിടാനല്ലാതെ. രണ്ടു വര്‍ഷം കൊണ്ട് കാസ്പര്‍ മാറി. താന്‍ ഇങ്ങനെ ചിന്തിക്കുന്നു എന്നു പറയാന്‍ അയാള്‍ക്കു കഴിയുന്നു. പിയാനോ വായിക്കാന്‍ അയാള്‍ക്കു കഴിയുന്നു. പക്ഷേ സമൂഹം അയാള്‍ക്കൊരു പ്രശ്നം തന്നെയായിരുന്നു. കാരണം കാസ്പര്‍ പിന്‍പറ്റിയത് സ്വന്തം മനസ്സിനെയാണ്, പ്രാകൃതമായ വാസനകളെ. അതേ രൂപത്തില്‍.

കാസ്പര്‍ എങ്ങനെ ചിന്തിക്കുന്നു എന്നായിരുന്നു പ്രഫസര്‍ക്ക് അറിയേണ്ടിയിരുന്നത്. കള്ളം മാത്രം പറയുന്ന ഗ്രാമത്തില്‍ നിന്ന് ഒരാള്‍, സത്യം മാത്രം പറയുന്ന ഗ്രാമത്തില്‍ നിന്ന് ഒരാള്‍. ഇവര്‍ക്കു നടുവില്‍ നിന്നുകൊണ്ട്, കള്ളം പറയുന്നതാര് സത്യം പറയുന്നതാര് എന്നൊരു പിടിയുമില്ലാത്ത കാസ്പര്‍, കള്ളം പറയുന്നവരുടെ ഗ്രാമം ഏതാണെന്ന് കണ്ടുപിടിക്കണം. ഒരേയൊരു ചോദ്യമേ പാടുള്ളൂ. മുന്നില്‍ കാണുന്ന ഒരാളോട്, കള്ളന്മാരുടെ ഗ്രാമം ഏതാണെന്നു ചോദിച്ചാല്‍ മറ്റേയാള്‍ എന്തു പറയും എന്ന് ആരായുക. അപ്പോള്‍ അയാള്‍ പറഞ്ഞേക്കാവുന്ന ഉത്തരത്തിന്റെ വിരുദ്ധമായ ഗ്രാമമായിരിക്കും കള്ളന്മാരുടെ ഗ്രാമം. ഈ വിഷമപ്രശ്നത്തിന് അങ്ങനെയൊരു ഉത്തരം മാത്രമേ ഉള്ളൂ എന്നാണ് പ്രഫസറുടെ നിലപാട്. പ്രഫസര്‍ പറയുന്നത്, തുടര്‍ച്ചയായ രണ്ടു നിഷേധങ്ങള്‍ (നെഗറ്റീവുകള്‍)‍, ഒരാളിന്റെ ശരിയായ വ്യക്തിത്വത്തെ വെളിപ്പെടുത്താന്‍ സഹായിക്കുമെന്നാണ്. അതാണ് ഒരു നിര്‍മ്മാണശക്തിയായി നിന്ന് സത്യം എന്താണെന്ന് അറിയാന്‍ നമ്മെ സഹായിക്കുന്നത്. പക്ഷേ കാസ്പറിനു പറയാന്‍ മറ്റൊരുത്തരമുണ്ടായിരുന്നു. വളരെ ലളിതമായത്. വരുന്നവനോട് ‘നീ മരത്തവളയാണോ’ എന്നു ചോദിക്കുക. അവന്‍ ‘അതെ’ എന്നു പറയുകയാണെങ്കില്‍ (കള്ളം മാത്രം പറയുന്നവന് മറ്റെന്തു പറ്റും?) അവന്‍ കള്ളന്മാരുടെ ഗ്രാമത്തില്‍ നിന്നാണെന്ന് ഉറപ്പിക്കാമല്ലോ. യുക്തിയ്ക്ക് ആ ഉത്തരം സ്വീകാര്യമല്ല യുക്തിചിന്തയിലും ഗണിതത്തിലും മനസ്സിലാക്കലിനല്ല ഒന്നാം സ്ഥാനം, അഭ്യൂഹങ്ങള്‍ക്കാണ്. കാസ്പര്‍ മരിച്ചു കഴിയുമ്പോള്‍ ശവപരിശോധന നടത്തുന്നവര്‍ കണ്ടെത്തുന്ന ഒരു കാര്യം ശ്രദ്ധേയമാണ്. അയാളുടെ തലച്ചോറിന്റെ ഒരു ഭാഗവും (തീര്‍ച്ചയായും അതു കണക്കുക്കൂട്ടലുകളുടെ ഭാഗമാണ്) കരളിന്റെ ഒരു ഭാഗവും ചീത്തയായിരുന്നു എന്നതാണ്. പരിഷ്കൃതമായ ഒരു സദസ്സില്‍ അയാളെ പരിചയപ്പെടുത്താന്‍ വേണ്ടി കൊണ്ടു വരുമ്പോള്‍ സ്ത്രീകള്‍ പിറുപിറുക്കുന്നത് .. ‘ദാ വിശുദ്ധനായ കിരാതന്‍’ എന്നാണ്. ഫ്രാങ്കിന്റെ കഥയില്‍ ‘അര്‍ദ്ധ കിരാതന്‍’ (സെമി ബാര്‍ബേറിയന്‍) എന്ന വാക്ക് നിരവധി തവണ ആവര്‍ത്തിക്കുന്നുണ്ട്. രാജാവ് കിരാതനാണ്. അയാളുടെ മകള്‍ അതാണ്. ജനങ്ങള്‍ അതാണ്. പറഞ്ഞു പറഞ്ഞ് നമ്മളിപ്പോള്‍ മറ്റൊരു ചോദ്യത്തിന്റെ മുന്നിലാണ്, ആരാണ് കൂടുതല്‍ ശരി? കിരാതനോ പരിഷ്കാരിയോ? നാടോ കാടോ? കാസ്പറൊ പ്രഫസറോ? മനസ്സോ തലച്ചോറോ? വികാരമോ ചിന്തയോ?

ഈ കഥയ്ക്കുള്ള മറ്റൊരു വെര്‍ഷനില്‍ കള്ളം പറയുന്നവനെയും സത്യം മാത്രം പറയുന്നവനെയും കൂടാതെ കള്ളവും സത്യവും മാറിമാറി പറയുന്ന മറ്റൊരാളുകൂടി കടന്നു വരുന്നതു കാണാം. ജീവിതം എന്ന പ്രഹേളികയുടെ ഉത്തരം തന്നെ നേരെ കണ്ടെത്താന്‍ വയ്യാതെ, അട്ടം നോക്കി കുഴങ്ങിക്കിടക്കുന്നവന്റെ ബാദ്ധ്യത വര്‍ദ്ധിപ്പിക്കാനായിട്ട് ! അല്ലാതെന്ത്! പഴയ കഥയില്‍ നിന്ന് സിനിമയില്‍ എത്തുമ്പോള്‍ വന്ന ഒരു മാറ്റം ജീവിതമാര്‍ഗം എന്ന വിഷമപ്രശ്നത്തില്‍ നിന്ന് ജീവിക്കാനാവശ്യമായ യുക്തിചിന്ത എന്നിടത്തേയ്ക്കെത്തി എന്നതാണ്. കള്ളവും സത്യവും ഇടവിട്ടു പറഞ്ഞുകൊണ്ട് വേറൊരുത്തന്‍ കൂടി ഇടയില്‍ കയറി നില്‍ക്കുമ്പോള്‍ അതു തീര്‍ത്തും ബുദ്ധിപരമായ വ്യായാമമായി. ജീവിതത്തില്‍ നിന്ന് യുക്തി വഴി ബുദ്ധിയിലേയ്ക്ക്. കാടത്തത്തില്‍ നിന്ന് സംസ്കാരം വഴി പരിഷ്കാരത്തിലേയ്ക്ക്.

ഒരു കൂട്ടത്തില്‍ 98 ശതമാനവും ചിന്തിക്കുന്നത് ഒരേ തരത്തിലായിരിക്കും എന്നൊരു കണക്കുണ്ട്. ബാക്കിയുള്ള 2% -ത്തെയാണ് വിഗ്രഹഭഞ്ജകര്‍ എന്നു വിളിക്കുന്നത്. പക്ഷേ അവരുടെ ഇടപെടലാണ് ഒരു കൂട്ടത്തിന്റെ ചലനാത്മകത- മൊബിലിറ്റി- നിശ്ചയിക്കുന്നത്. മറ്റൊരു തരത്തില് പറഞ്ഞാല്‍‍, കൂട്ടത്തെ സമൂഹമാക്കുന്നത്. ( അതു മറ്റൊരു വിഷയം. ഇവിടെ നിര്‍ത്തുന്നു) 15 പേര്‍ 24 ദിവസം കൊണ്ട് ഒരു മതിലുകെട്ടിയെങ്കില്‍ അതേ മതില്‍ 18 ദിവസം കൊണ്ടു കെട്ടാന്‍ എത്ര ജോലിക്കാര്‍ വേണം എന്നൊരു ചോദ്യത്തിന് അംശബന്ധം ഉപയോഗിച്ച് ക്രിയ ചെയ്ത് ജോലിക്കാരുടെ എണ്ണത്തെ 'x' ആക്കി അവസാനം 20 എന്ന് കണ്ടെത്താം. ഇതൊന്നും വേണ്ട, സമാന്തരമായി ചിന്തിക്കുന്നവന്. ‘കെട്ടി തീര്‍ത്തമതില്‍ പിന്നെ കെട്ടേണ്ട ആവശ്യമില്ലെന്നു’ എഴുതി അവന്‍ പേപ്പറു മടക്കും. ‘പുകവലി പാടില്ല’ എന്നു പറഞ്ഞാല്‍ 98% ആളുകള്‍ക്കും പുകവലി നിരോധിതമേഖലയാണ് അതുകൊണ്ട് സിഗററ്റ്, ബീഡി ഇത്യാദികള്‍ പുകയ്ക്കരുത് എന്നാണെങ്കില്‍ മറ്റേ രണ്ടു ശതമാനം ‘പുകവലിക്കാന്‍ ഒരു പാടുമില്ല’ എന്നാണ് കണക്കിലെടുക്കുക. നമ്മള്‍ മൂക്കത്തു വിരല്‍ വച്ചുകൊണ്ടു അതു സമ്മതിക്കും! ‘പരസ്യം പാടില്ലെന്ന’ ചുവരെഴുത്തിന് എന്നാല്‍ ‘രഹസ്യം പാടുണ്ടെന്ന’ അര്‍ത്ഥം തിരിച്ചറിയുന്ന തിരുമാലികളല്ലേ സ്കൂളിലെ മൂത്രപ്പുരയില്‍ ‘വസുന്ധരച്ചേച്ചിയും പി.ടി. സാറും തമ്മില്‍ ഡിം ഡിം’ എന്നെഴുതി വച്ചത് ! നമ്മളതന്ന് അത്ര കടന്ന് ആലോചിച്ചില്ലെന്നേയുള്ളൂ. അല്ലെങ്കില്‍ എപ്പോഴാണ് നമ്മള്‍ ആലോചിച്ചിട്ടുള്ളത്? എത്ര നാളായി കേള്‍ക്കുന്നു, കുട്ടികള്‍ നാളത്തെ പൌരന്മാരാണെന്ന്. ആര്‍ക്കെങ്കിലും തോന്നിയോ അവര്‍ ഇന്നത്തെ പൌരന്മാരല്ലേ എന്നു ചോദിക്കാന്‍ !

അങ്ങനെ എത്ര എത്ര ഉയരാത്ത ചോദ്യങ്ങളുടെ ശ്മശാനങ്ങളാണ് കഴിഞ്ഞുപോകുന്ന നമ്മുടെ ഓരോ പരിഷ്കൃത ദിനങ്ങളും !!

അനു:
നാന്‍സെന്‍ പറഞ്ഞു :
മനസ്സിലായി എന്നു പറയുന്നത് ഒരു തോന്നലാണ്. മനസ്സിലായില്ല എന്നു പറയുന്നത് അജ്ഞതയും. അതിനാല്‍ സംശയങ്ങളില്ലാത്ത പാതയാണ് താങ്കളുടെ ലക്ഷ്യമെങ്കില്‍ താങ്കള്‍ താങ്കളുടെ മനസ്സിനെ ആകാശത്തിന്റെ സ്വാതന്ത്ര്യത്തിനു വിടണം. അതിനെ ശരിയായ പാത തെറ്റായ പാത എന്നൊന്നും വിളിക്കരുത് !