December 20, 2009

കടലിനപ്പുറത്തും നിന്റെ തൊലിക്കടിയിലും*



സിനിമാക്കാഴ്ചകള്‍ 4

ഇന്തൊനേഷ്യന്‍ ചിത്രം ജെര്‍മലിനും ഇറാന്‍ ചിത്രം എബൌട്ട് എല്ലിയ്ക്കും സുവര്‍ണ്ണ ചകോരത്തെ പരാതിയില്ലാതെ വീതിച്ചു നല്‍കിക്കൊണ്ട് പതിനാലാമതു കേരള ചലച്ചിത്രോത്സവം അവസാനിച്ചു. താജിക്കിസ്താന്‍ ചിത്രമായ ‘ട്രൂനൂണിനെ’യാണ് നല്ല ചിത്രമായി പ്രേക്ഷകര്‍ തെരെഞ്ഞെടുത്തത്. രാജ്യത്തിന്റെ അതിരുവഴക്കുകള്‍ , ഇതൊന്നുമറിയാതെ ജീവിച്ചുപോകുന്ന ഗ്രാമീണരില്‍ പടര്‍ത്തുന്ന നിഴലുകളെയും നഷ്ടങ്ങളെയും പറ്റിയാണ് സിനിമ. ഒരു ത്യാഗമാണ്, ബലിദാനമാണ് സിനിമയുടെ കാമ്പ്. ഗ്രാമത്തിലെ സുന്ദരിക്കുട്ടി നിലൂഫറിന്റെ വിവാഹം അയല്‍ഗ്രാമത്തിലെ അസീസുമായി നടത്തിക്കൊടുക്കാന്‍ ഉത്സാഹിച്ച മനുഷ്യന്‍ മൈനില്‍ ചവിട്ടി മരിക്കുന്നിടത്താണ് കഥ തീരുന്നത്. മത്സരവിഭാഗത്തിലുണ്ടായിരുന്ന ചില സിനിമകള്‍ക്ക് ട്രൂനൂണിനേക്കാള്‍ ആഴമുള്ള തത്ത്വചിന്തയുടെ പിന്‍ബലമുണ്ടായിരുന്നു. ബന്ധങ്ങളുടെ ഊഷ്മളതയും ആര്‍ജവവുമാണ് താജിക്കിസ്താന്‍ സിനിമയില്‍ അവതരിപ്പിക്കപ്പെടുന്നതെങ്കില്‍ ദെയര്‍ എന്ന തുര്‍ക്കി ചിത്രത്തില്‍ കുടുംബബന്ധങ്ങള്‍ക്കിടയിലെ സങ്കീര്‍ണ്ണതയായിരുന്നു പ്രശ്നം. അച്ഛന്‍ , അമ്മ, രണ്ടു മക്കള്‍ (ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ ജോലിയുള്ള മൂത്ത പെണ്‍കുട്ടിയും പാരീസില്‍ ഗവേഷണത്തിലേര്‍പ്പെട്ടിരിക്കുന്ന അനുജനും) എന്നിവരാണ് ‘ദെയറി’ലെ കഥാപാത്രങ്ങള്‍ . പരസ്പരം പിരിഞ്ഞു താമസിക്കുന്നവരാണ് സിനിമയിലെ നാലു കഥാപാത്രങ്ങളും. വൃദ്ധസദനത്തിലായിരുന്ന അമ്മയുടെ തടാകത്തില്‍ വീണുള്ള മരണത്തെതുടര്‍ന്ന് -അതൊരു ആത്മഹത്യയായിരുന്നു- അച്ഛന്‍ താമസിക്കുന്ന ഏകാന്തദ്വീപില്‍ മകനും മകളും സന്ദര്‍ശിക്കുന്നതാണ് സിനിമ. മകളുടെ ബാഗില്‍ മരണത്തിനു മുന്‍പ് അമ്മ എഴുതിയ പൊട്ടിയ്ക്കാത്ത ഒരു കത്തുമുണ്ട്. വീണ്ടും ഒന്നിച്ചു ചേരുന്ന ഈ കുടുംബത്തിന്റെ ഭൂതവും വര്‍ത്തമാനവും കൂടിക്കുഴഞ്ഞ 24 മണിക്കൂറുകളാണ് സിനിമയിലുള്ളത്. മനസ്സിലാക്കുക എന്ന പ്രശ്നം (ആര്‍ക്ക് ആരെ മനസ്സിലാവാനാണ്) കുടുംബബന്ധങ്ങളിലെ ഏറ്റവും അടുത്തകണ്ണികളെപ്പോലും ഭീദിതമായ രീതിയില്‍ ആവേശിച്ചിരിക്കുന്നതെങ്ങനെ എന്ന് ചിത്രം പറയുന്നു.

അര്‍ജന്റീനയുടെ ‘ഫ്ലൈ ഇന്‍ ദ ആഷസ്’മത്സരവിഭാഗത്തില്‍പ്പെട്ട സുന്ദരമായ സിനിമയായിരുന്നു. ഉള്‍നാട്ടില്‍ നിന്ന് ജോലിയുടെ പേരില്‍ ചതിക്കപ്പെട്ട് ബ്യൂണസ് അയേഴ്സിലെ വേശ്യാലയത്തില്‍ എത്തുന്ന നാന്‍സി, പാറ്റോ എന്നീ ഉറ്റ കൂട്ടുകാരുടെ കഥയാണതില്‍ . വിഡ്ഢി എന്ന് പലപ്പോഴും പാറ്റോയില്‍ നിന്ന് ശകാരം കേള്‍ക്കാറുള്ള, വിശേഷ ബുദ്ധിയില്ലാത്തതിനാല്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ അസാധാരണമായ കഴിവുള്ള, സുന്ദരിയല്ലാത്ത നാന്‍സി മരണത്തിന്റെ കുടുക്കില്‍ നിന്ന് തന്റെ കൂട്ടുകാരിയെയും അതോടൊപ്പം വേശ്യാലയത്തില്‍ കുടുങ്ങിപ്പോയ കൂട്ടുകാരികളുടെയും ജീവിതം അതിസാഹസികമായി രക്ഷിക്കുകയാണ് സിനിമയില്‍ . ചലനമറ്റ ഈച്ചയെ വീണ്ടും ജീവിപ്പിക്കാന്‍ ചാരത്തില്‍ മൂടിയാല്‍ മതിയെന്ന വിശ്വാസത്തെ സിനിമ ശക്തമായി ദൃശ്യവത്കരിക്കുന്നുണ്ട്. ചാരത്തില്‍ നിന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്നൊരര്‍ത്ഥവും ഉണ്ട് ശീര്‍ഷകത്തിന്. La Mosca la Ceniza എന്ന് അതിന്റെ സ്പാനിഷ് തലക്കെട്ട്. ചലച്ചിത്രോത്സവത്തിന്റെ അവസാന ദിനങ്ങളിലായിരുന്നു കൂടുതല്‍ പ്രദര്‍ശനം എന്നുള്ളതുകൊണ്ട് അധികം കാണികള്‍ക്ക് ഈ സിനിമ കാണാനുള്ള അവസരം ഉണ്ടായി കാണില്ല. അല്ലെങ്കില്‍ നല്ല ചിത്രങ്ങളുടെ പ്രേക്ഷകതെരെഞ്ഞെടുപ്പില്‍ ‘ഫ്ലൈ ഇന്‍ ദ ആഷസ്’ ‘ട്രൂ നൂണു’മായി സമ്മാനം പങ്കു വച്ചേനേ എന്നു തോന്നുന്നു. മധു കൈതപ്രം സംവിധാനം ചെയ്ത മധ്യവേനലും പ്രിയനന്ദനന്റെ സൂഫി പറഞ്ഞ കഥയും മത്സരത്തിനു കൊച്ചുകേരളത്തിന്റെ വിഹിതമായിരുന്നെങ്കിലും ആരും ആ സിനിമകളെപ്പറ്റി കമാ എന്നൊരക്ഷരം മിണ്ടുന്നതു കേട്ടില്ല. ഇനി കേള്‍ക്കാത്തതാണോ എന്തോ..തിയറ്ററില്‍ നിന്ന് തിയേറ്ററിലേയ്ക്കോടി ഭ്രാന്തെടുത്തതുപോലെ കണ്ടു നടന്ന് ഒടുവില്‍ സിനിമകള്‍ ഒഴിഞ്ഞദിവസം വീട്ടിലെ കട്ടിലില്‍ അട്ടം നോക്കി കിടക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ബാക്കിയാവുന്നതെന്തെന്നതിനെ കുറിച്ചാലോചിക്കാന്‍ പ്രേക്ഷക അവാര്‍ഡ് സിനിമകള്‍ സാഹചര്യം ഒരുക്കുന്നുണ്ട്. ഓരോ വര്‍ഷവും പ്രേക്ഷക അവാര്‍ഡ് നേടുന്ന സിനിമകള്‍ കളക്ടീവായ അവബോധത്തിന്റെ സാക്ഷ്യപത്രമാണ്. ഒരു പ്രത്യേക ഫിലിം ഫെസ്റ്റിവല്‍ വര്‍ഷാവര്‍ഷം ആ അവബോധത്തിന്റെ നവീകരണം എത്രമാത്രം നടത്തിക്കൊടുക്കുന്നുണ്ട് അഥവാ ഫെസ്റ്റ് അങ്ങനെ നടത്തിക്കൊടുക്കേണ്ടതുണ്ടോ അതാണോ അതിന്റെ പ്രാഥമികമായ കര്‍ത്തവ്യം എന്നൊക്കെ ചിന്തിച്ചുകൂടേ?

സിനിമകളുടെ ഉത്സവം ആരംഭിക്കുന്നതിനു മുന്‍പ് മാതൃഭൂമി സിനിമാക്കാര്യത്തില്‍ സാമര്‍ത്ഥ്യവും ആലോചനയുമുള്ള ചിലരോട് അഭിപ്രായം ചോദിച്ച് IFFK 2009-ല്‍ കാണേണ്ട 10 സിനിമകളുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. 1. ആങ് ലീയുടെ അമേരിക്കന്‍ സിനിമ ‘ടേക്കിംഗ് വുഡ്സ്റ്റോക്ക് 2. സനൂസിയുടെ പോളിഷ് സിനിമ റിവിസിറ്റഡ് 3 വൈദയുടെ പോളിഷ് സിനിമ സ്വീറ്റ് റഷ് 4 കിം കി ഡുക്കിന്റെ കൊറിയന്‍ ചിത്രം ഡ്രീംസ് 5 ജോര്‍ജ് ഒവാഷിലിയുടെ കസാക്ക് - ജോര്‍ജിയ ചിത്രം ദ അദര്‍ ബാങ്ക് 6. അകി കരിസ്മാക്കിയുടെ ജര്‍മ്മന്‍ പടം ലൈറ്റ്സ് ഇന്‍ ദ ഡസ്ക് 7. റോള്‍ പെക്കിന്റെ അമേരിക്കന്‍ ചിത്രം മൊളൊക്ക് ട്രോപ്പിക്കല്‍ 8. ഹാതെം അലിയുടെ സിറിയന്‍ ചിത്രം ദ ലോങ് നൈറ്റ് 9. കിയരോസ്താമിയുടെ ഇറാനിയന്‍ സിനിമ ഷിറിന്‍ 10. മാര്‍ഗരറ്റ് വോണ്‍ ട്രോട്ടയുടെ ജര്‍മ്മന്‍ സിനിമ വിഷന്‍. ഇവയില്‍ ദ ലോങ് നൈറ്റ് ഇത്തവണ പ്രദര്‍ശനത്തിനുണ്ടായിരുന്നില്ല. പെട്ടി എത്തിയില്ല. ഈ കൂട്ടത്തില്‍ ഇടം കിട്ടാതെ പോയ ഒരു സിനിമയാണ് ഏലിയ സുലൈമാന്റെ ‘ ടൈം ദാറ്റ് റിമൈന്‍സ് . ഗോവയില്‍ പോയവര്‍ കണ്ടപടമാണെങ്കിലും മാതൃഭൂമി തെരെഞ്ഞെടുപ്പില്‍ അതു കയറിയില്ല എങ്ങനെയോ എന്തോ? ലോസ് അബ്രാസോസ് ലൊട്ടോസിന്റെ സ്പാനിഷ് സിനിമ ബ്രോക്കണ്‍ എംബ്രേസസ്, കെന്‍ ലോച്ചിന്റെ ഇംഗ്ലീഷ് സിനിമ ലുക്കിംഗ് ഫോര്‍ എറിക്, പല സംവിധായകര്‍ ചേര്‍ന്നു ചെയ്ത റൊമാനിയന്‍ സിനിമ ടെയിത്സ് ഫ്രം ദ ഗോള്‍ഡന്‍ ഏജ്, ഓപ്പറാന്‍സാ ദുനാജിന്റെ പോളിഷ്-ചെക്ക് സിനിമ ഓപ്പറേഷന്‍ ഡാന്യൂബ്.. ഇവയ്ക്കും കയറി ഇരിക്കാം വേദിയില്‍ . മികച്ചതാണെന്ന അര്‍ത്ഥത്തില്‍ എടുത്തെഴുതിയതല്ല. നല്ല സിനിമ എന്ന അഭിപ്രായപ്രകടനത്തെ കാഴ്ചശീലം അറിയാതെ ചെടുപ്പിക്കാതിരിക്കാന്‍ ഇങ്ങനെയുള്ള വഴിവിട്ട സിനിമാരീതികളെയും പിന്‍ പറ്റേണ്ടതുണ്ട് എന്നതിനാല്‍ .

അനു :
രമ്യയില്‍ രാത്രി മഴയത്ത് ഉറൂഗ്വേയുടെ സിനിമ ബാഡ് ഡേ ടു ഗൊ ഫിഷിങ് കാണാന്‍ കാത്തിരിക്കുമ്പോള്‍ മുന്നില്‍ ചെളി പറ്റിയ പടിയില്‍ നാലുക്കൊപ്പം ഷേവു ചെയ്യാത്ത് മുഖവുമായി ആഷിഷ് വിദ്യാര്‍ത്ഥിയും ഇരിക്കുന്നുണ്ട്. കൈയ്യിലെ മൊബലില്‍ ഞെക്കി കളിച്ചുകൊണ്ട്, പഴയ ആ ‘ദ്രോഹകാലി’ലെ ഭാവങ്ങള്‍ മിന്നി മറയുന്ന മുഖവുമായി. പഴശിരാജയുടെ വൈകുന്നേരത്തെ പ്രദര്‍ശനം സമയബോധമില്ലാതെ ചിട്ടപ്പെടുത്തിയകാരണമാണ് രാത്രിയുള്ള സിനിമ തുടങ്ങാന്‍ പറഞ്ഞതില്‍ നിന്നും അരമണിക്കൂറും കഴിഞ്ഞ് നീണ്ടത്. അപ്പോള്‍ തോളില്‍ നീലസഞ്ചി തൂക്കിയിട്ടിരിക്കുന്ന യുവാവായ ഒരു സിനിമാപ്രേമി ഇളിക്കുന്ന മുഖവുമായി വന്ന് ആഷിഷിന്റെ ചുമലില്‍ തോണ്ടി പച്ചമലയാളത്തില്‍ ‘നിങ്ങളൊരു നടനല്ലേ, ഇവിടെ ഇരിക്കേണ്ട ആളാണോ ഹേ’ എന്ന് ഒരു ചോദ്യം. എന്നിട്ട് സിനിമ കാണാന്‍ അക്ഷമരായി നില്‍ക്കുന്നവരെയൊക്കെ നോക്കി ഇളിച്ചു. ഞാനെങ്ങനെയുണ്ടെന്ന മട്ടില്‍ . ഒന്നു മുഖമുയര്‍ത്തി നോക്കിയിട്ട് മലയാളം മനസ്സിലാവാത്തതുകൊണ്ടും തോണ്ടിയവന്റെ ചിരി അത്ര പന്തിയല്ലാത്തതുകൊണ്ടും ആവണം വീണ്ടും മൊബൈലിലേക്ക് കൂപ്പു കുത്തിയ ആഷിഷിനെ ടിയാന്‍ പിന്നെയും തോണ്ടിയിട്ട് ചോദ്യം ആവര്‍ത്തിക്കുന്നതു കണ്ടു. ദേഹത്ത് തോണ്ടരുത് എന്ന് ആഷിഷ് പറഞ്ഞിട്ടും മറ്റുള്ളവരെ നോക്കി പെരുച്ചാഴി ഉപ്പുകണ്ട ഒരു ചിരി ചിരിച്ചിട്ട് വീണ്ടും തോണ്ടാന്‍ കൈയുയര്‍ത്തിയ നീലസഞ്ചിക്കാരനെ കൂടെ നിന്ന ആരോ ശക്തമായി തടഞ്ഞതുകൊണ്ടാണ് പതുക്കെ വലിഞ്ഞ് കൂട്ടത്തില്‍ ചേര്‍ന്നത്. അപ്പോളും ചിരിയും കോക്രിയും അവസാനിച്ചിരുന്നില്ല. മഹത്തായ ഏതോ സംഭവം ചെയ്ത പ്രതീതിയായിരുന്നു പാവത്തിന്റെ മുഖത്ത്.
തോണ്ടല്‍ ഒരു സാര്‍വലൌകിക പ്രതിഭാസമാകുന്നു.

*ഫിന്നിഷ് സംവിധായിക ലെന്‍‌ക ഹെല്‍സ്റ്റെഡിന്റെ സിനിമയുടെ പേര്

6 comments:

Martin Tom said...

Inspiring, wish to see a few. Festival linethan othilla ini DVD saranam. Great observations.

Haree said...

വീതുവെയ്ക്കല്‍ സ്വഭാവം വളരെ പ്രകടമാണ്. ‘മൈ സീക്രട്ട് സ്കൈ’യ്ക്കും നിരാശപ്പെടേണ്ടി വന്നില്ല. മികച്ച നവാഗതസംവിധായകനുള്ള പുരസ്കാരം ‘മൈ സീക്രട്ട് സ്കൈ’ യുടെ സംവിധായകനു ലഭിച്ചു. ഫിപ്രസിയിലൂടെ ‘ഫ്ലൈ ഇന്‍ ദി ആഷസി’നും ഒരാവര്‍ഡ് കൊടുക്കുവാനായി. ‘ദെയര്‍’ അത്ര മികച്ച ചിത്രമായൊന്നും തോന്നിയില്ല. ഒടുവിലെ ചില ഭാഗങ്ങളൊഴികെ മറ്റൊന്നും ആ ചിത്രത്തില്‍ നിന്നും എടുക്കുവാനില്ല. ഷേവിംഗ്, മൃതദേഹത്തെ കുളിപ്പിക്കുന്നത് - ഇതൊക്കെ ഇങ്ങിനെ നീട്ടിവലിച്ചു കാണിക്കുന്നതെന്തിനാണ്? അര്‍ജന്റീനിയന്‍ ചിത്രങ്ങള്‍ എത്തിയത് വളരെ വൈകിയാണ്. എന്തുകൊണ്ട് പ്രിന്റുകള്‍ നേരത്തേ തന്നെ (അതും മത്സരവിഭാഗത്തിലുള്ള ചിത്രങ്ങളുടെ പോലും) എത്തിക്കുവാന്‍ സാധിച്ചില്ല? മാതൃഭൂമി പറഞ്ഞ ചിത്രങ്ങളില്‍ പലതും കാണുവാന്‍ കഴിഞ്ഞില്ല. മറ്റു ചിലതൊക്കെ കാണുകയും ചെയ്തു.

അനു: ഓരോരോ ജന്മങ്ങള്‍! നടന്മാരൊന്നും മനുഷ്യരല്ല എന്നു തോന്നും ചിലരുടെ പെരുമാറ്റം കാണുമ്പോള്‍.
--

Devadas V.M. said...

ജെനറല്‍ നീലിനെ മറന്നോ വെള്ളേ???

Devadas V.M. said...

വെള്ളേ,
ചെന്നൈ ഫിലിം ഫെസ്റ്റില്‍ വെച്ച് കണ്ട ചില സിനിമകളെക്കുറിച്ച് ഇവിടെ കുറിച്ചിട്ടുണ്ട്

എതിരന്‍ കതിരവന്‍ said...

ആഷിഷ് വിദ്യാർത്ഥി പകുതി മലയാളി ആണ്. ബെംഗാളി-മലയാളി ദമ്പതികളുടെ മകൻ. സ്വൽ‌പ്പം മലയാളം മനസ്സിലാകും.

വെള്ളെഴുത്ത് said...

സ്വല്പമല്ല കക്ഷി കഴിഞ്ഞതവണ ഗോപി ചെയ്ത കാവാലത്തിന്റെ ഒറ്റയാന്‍ നാടകം കനകക്കുന്നില്‍ വച്ച് ചെയ്തിരുന്നു മലയാളം സംസാരിക്കുമ്പോലെ ഇംഗ്ലീഷിലും ഹിന്ദിയിലും ആയിരുന്നു പ്രകടനം. എങ്കിലും ലോക്കല്‍ മലയാളവും പരിഹാസവും മനസ്സിലാക്കാന്‍ ഒരാള്‍ ശ്രമപ്പെടുമോ?
ജനറല്‍ നില്‍ കളഞ്ഞത് ഒളിവേരയുടെ ‘ബ്ലോണ്ട് പെണ്ണിന്റെ അരക്കിറുക്കുകള്‍ക്കു’ വേണ്ടിയായിരുന്നു മറന്നോ?