December 4, 2009

മാലാഖമാരും പിശാചുക്കളും


നമ്മുടെ പെണ്‍കുട്ടികളുടെ മേല്‍ രണ്ടുകണ്ണല്ല മിനിമം നാലുകണ്ണെങ്കിലും വേണമെന്ന കാര്യത്തില്‍ ഇപ്പോള്‍ ഏതാണ്ട് തീരുമാനമായിട്ടുണ്ട്. മനോരമമാത്രമല്ല മാതൃഭൂമിയും ഇക്കാര്യത്തിലുള്ള തങ്ങളുടെ വൈകാരിക ഉത്കണ്ഠ വ്യക്തമാക്കിയിട്ടുണ്ട്. പൊതുജനജിഹ്വകള്‍ ഇങ്ങനെയായതു കൊണ്ട് പൊതുജനത്തിന്റെ അഭിപ്രായമറിയാന്‍ ഇനി എസ് എം എസ് സന്ദേശങ്ങള്‍ പ്രത്യേകം അന്വേഷിക്കണമെന്നില്ല. അപ്പോള്‍ സ്കൂളുകളില്‍ വൈകിയെത്തുന്ന പെണ്‍കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന ചിന്ത അക്കാദമിക് വിഷയത്തേക്കാള്‍ പൌരസമൂഹത്തെ അലട്ടുന്നതില്‍ തെറ്റ് കാണുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അയാള്‍ക്കാണ് തകരാറ്. വൈകി വരുന്ന കുട്ടികളെ -പെണ്‍കുട്ടികളെ - അവര്‍ വന്ന സമയം വച്ച് എന്തുകൊണ്ടു വൈകി എന്ന് എഴുതിക്കുകയും ഇനി വൈകില്ലെന്ന് എഴുതി വാങ്ങുകയും ചെയ്യുന്നതാണ് സ്കൂളുകളില്‍ അനുവര്‍ത്തിച്ചു വരുന്ന ഒരു രീതി. എന്നിട്ടും വൈകുന്നവരെ ഒരു പാഠം പഠിപ്പിക്കാനായി പിഴ ഈടാക്കാന്‍ തുടങ്ങുന്നു. എല്ലാ കുട്ടികളും പിഴ നല്‍കാന്‍ കഴിവുള്ളവരല്ല. അപ്പോള്‍ അവരെ എന്തു ചെയ്യണം. തലസ്ഥാനത്തെ ഒരു പെണ്‍പള്ളിക്കൂടം ഒരു ദിവസം പതിനാറും പതിനേഴും വയസ്സുള്ള വിദ്യാര്‍ത്ഥിനികളെ പ്രിന്‍സിപ്പാളിന്റെ റൂമിലെ തറയില്‍ ഇരുത്തി. അവിടെ കയറി ഇറങ്ങിയവരൊക്കെ പിച്ചക്കാരെപ്പോലെ നാലു പ്രായപൂര്‍ത്തിയായ കുട്ടികള്‍ തറയിലിരിക്കുന്നതു കണ്ടു ചിരിച്ചു. സ്കൂള്‍ അഡ്മിനിഷ്ട്രേഷന്‍ കാര്യത്തില്‍ പ്രിന്‍സിപ്പാളി -അവര്‍ സ്ത്രീയാണ്- നുള്ള ശുഷ്കാന്തി കണ്ട് ഉള്ളാലെ സന്തോഷിച്ചു.

നടന്ന കഥയാണ്. കഷ്ടിച്ച് ഒരാഴ്ചയ്ക്കു മുന്‍പ്. കൌമാരക്കാരായ കുട്ടികളുടെ പ്രശ്നം ചര്‍ച്ച ചെയ്യാനും പരിഹരിക്കാനുമായി ഒരു സൈക്കോളജിസ്റ്റിനെ വിളിക്കുന്നതിന്റെ ഭാഗമായി ഇക്കാര്യം സൂചിപ്പിക്കാനിടയായി. ഇത്തരം ശിക്ഷണനടപടികള്‍ ഉണ്ടായാല്‍ കുട്ടികളുടെ മനസ്സിനെ ബാധിക്കാത്ത തരത്തില്‍ അവര്‍ക്ക് കൌണ്‍സിലിംഗ് നല്‍കുകയാണ് വേണ്ടത് എന്നായിരുന്നു അവരുടെ ആദ്യപ്രതികരണം. പറഞ്ഞയാളും സ്ത്രീയാണ്. അപ്പോഴും പിന്നീട് ചര്‍ച്ചാ വിഷയമായപ്പോഴും നാലുകുട്ടികളുടെ മാനുഷികമായ അവകാശം എന്തിന്റെ പേരിലായാലും അവഹേളിക്കപ്പെട്ടത് (അതിലൊരു കുട്ടി വൈകിയത് സുഖമില്ലാത്ത അമ്മയുമായി ആശുപത്രിയില്‍ പോയതുകൊണ്ടാണെന്ന് അമ്മ വന്ന് പറയേണ്ടി വന്നു) ഒരു വിഷയമാവുന്നതേയില്ല. കുറ്റങ്ങള്‍ മുഴുവന്‍ കുട്ടികളുടെ, അതും പെണ്‍കുട്ടികളുടെ ആയി തീരുന്ന വിചിത്രമായ സാമൂഹികാവസ്ഥയാണ് നമ്മുടേത് എന്ന് ഒന്നു കൂടി ഉച്ചത്തില്‍ വിളിച്ചു പറയുന്നു ഈ സംഭവം. നീതികേടിനെതിരെ വിരല്‍ ചൂണ്ടുക എന്നത് ആരുടെയും ബാധ്യതയല്ലേ? നീതികേടുമായി രഞ്ജിപ്പിലെത്തി ജീവിച്ചുപോകാനാണ്, പരിശീലനം ഔദ്യോഗികമായി തന്നെ വേണ്ടതെന്ന ചിന്ത പ്രാമാണ്യം നേടിയിരിക്കുകയാണ് ഇപ്പോള്‍ . വൈകി വരുന്ന പെണ്‍കുട്ടികളെല്ലാം ആണ്‍കുട്ടികളുമായി കറങ്ങാന്‍ പോയിട്ട് കറക്കം കഴിഞ്ഞു എന്നാലിനി കുറച്ചു പഠിച്ചുകളയാം എന്ന ലാസ്യഭാവത്തോടെ സ്കൂളില്‍ വരുന്നവരാണോ? ജപ്പാന്‍ കുഴിയും സമയക്രമമില്ലാത്ത സര്‍ക്കാര്‍ - സ്വകാര്യ ബസ്സുകളും തോന്നിയ സമയത്ത് കുട്ടികളെക്കൊണ്ടിറക്കിയാലും വൈകിയതിന്റെ പേരില്‍ ഒരു നേരത്തെ ആഹാരം വേണ്ടെന്നു വച്ച് അല്ലെങ്കില്‍ വൈക്കേരം വീട്ടിലേയ്ക്ക് നടക്കാമെന്നു വച്ച് ആ പണം പിഴയായി ഒടുക്കേണ്ടവരാണോ നമ്മുടെ പെണ്‍കുട്ടികള്‍ ?

സ്കൂളുകളില്‍ അപൂര്‍വമായി ഭാവന വിടന്നു വിലസുന്ന ഇടമാണ് ബ്ലാക്ക് ബോഡുകള്‍ ‍, ഒരു സ്കൂളില്‍ വന്നവരും വരാത്തവരുമായ കുട്ടികളുടെ എണ്ണം അടയാളപ്പെടുത്തിയിരിക്കുന്നിടത്ത് ഇത്തരമൊരു ഭാവന പൂത്തുലഞ്ഞു നില്‍ക്കുന്നതു കാണാന്‍ ഇടയായി. ക്ലാസില്‍ പ്രസന്റായവരെല്ലാം മാലാഖമാര്‍ (ഏഞ്ചത്സ്) വരാത്തവര്‍ (ആബ്സെന്റ്സ്) , പിശാചുകള്‍ (ഡെവിള്‍സ്). ഏതു ചെറിയ കാര്യത്തിലും നമ്മളുദ്ദേശിക്കാത്ത മുന്‍‌ധാരണകളും വിദ്വേഷങ്ങളും കേറി മനസ്സുകളെ കൈയ്യേറ്റം ചെയ്യുമെന്നുള്ളതുകൊണ്ട് നിരുപദ്രവകരവും അതിലേറേ തമാശയുള്ളതും എന്നു നാം തെറ്റിദ്ധരിക്കുന്ന ഈ ബോഡെഴുത്ത് അപകടകരമായ ഒരു മുന്‍‌വിധിയെ മുന്നോട്ടു വയ്ക്കുന്നു. +2 -ലെ ശ്രീകല എന്ന 18 കാരി പെണ്‍‌കുട്ടിയ്ക്ക് അച്ഛനും അമ്മയും ഇല്ല. ഉള്ളത് ഒരു അമ്മൂമ്മയാണ്.(അമ്മയുടെ അമ്മ) അവര്‍ നിത്യ രോഗിയും. സര്‍ക്കാര്‍ ലാവണത്തില്‍ തൂപ്പുകാരിയായിരുന്ന അവര്‍ വയ്യാത്തകാലത്ത് ഒരു പെണ്‍കുട്ടിയ്ക്ക് ചെലവിനു കൊടുക്കുന്നതും സ്വന്തം കൂരയിലെ കട്ടിലിനു താഴെ ഉറങ്ങാന്‍ അനുവദിക്കുന്നതും മോക്ഷം കിട്ടുമെന്ന ചിന്തകൊണ്ടല്ല. മറിച്ച് കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ വയ്യാത്ത അവര്‍ക്കൊരു സഹായമാവുമെന്നു വച്ചിട്ടാണ്. ശുശ്രൂഷ, വീട്ടു ജോലി, പഠനം ഇവയെല്ലാം പലപ്പോഴും കൂട്ടിതൊടുവിക്കാന്‍ പറ്റാത്തതു കൊണ്ട് ശ്രീകല മിക്കവാറും സ്കൂളില്‍ വരാറില്ല. കൊണ്ടു വിടാന്‍ അച്ഛനോ അമ്മയോ ഒക്കെയുള്ള, ട്യൂഷനുപോകുന്ന, ക്ലാസിലുള്ള ബാക്കി 59 കുട്ടികള്‍ക്കു മുന്നില്‍ ഇടയ്ക്കിടയ്ക്ക് ഡെവിളാകുന്ന, എന്നിട്ടൊടുവില്‍ മോചനമില്ലാതെ സ്ഥിരം ‘പിശാചായി’ എന്നെന്നേയ്ക്കുമായി എങ്ങോട്ടോ മറഞ്ഞ ഒരു കുട്ടി ഈ ശ്രീകലയാണ്.

ടെക്നോപാര്‍ക്കില്‍ ഈയിടെ ജോലിക്കു ചേര്‍ന്ന ഒരു പെണ്‍കുട്ടി ബസ്സില്‍ മുപ്പത്തഞ്ചിലധികം പ്രായം തോന്നാത്ത ഒരു മനുഷ്യന്റെ അടുത്തു ചെന്നിരുന്നപ്പോള്‍ അയാള്‍ തീയില്‍ തൊട്ടതുപോലെ ചാടിയെണീറ്റ് ചീത്ത വിളിച്ചത്രേ. അയാളുടെയും അയാളുള്‍പ്പെട്ട സമൂഹത്തിന്റെയും സ്വച്ഛവും മാന്യവുമായ ഒരു സംസ്കാരത്തെ ജീന്‍സിട്ട പെണ്ണ് തകര്‍ത്തു കളഞ്ഞു! സമാനമായ ഒരു സംഭവത്തില്‍ ഉത്തരേന്ത്യന്‍ പയ്യന്റെ ചെകിട്ടത്തടിച്ചത് 40-ലധികം പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയാണ്. മലയാളി മദ്ധ്യവയസ്കര്‍ ഉള്ളില്‍ പേറി നടക്കുന്നത് ടണ്‍ക്കണക്കിനു ലൈംഗികമാലിന്യമാണ്. ഒരിടത്തും ഇറക്കി വയ്ക്കാന്‍ അവന്റെ/അവളുടെ മാന്യത അനുവദിക്കുന്നില്ല. അതിന്റെ അപകൃഷ്ടത മലയാളിയുടെ വാക്കിലും നോക്കിലും കപടനാട്യങ്ങളിലും ഉണ്ട്. തൊട്ടടുത്തിരിക്കുന്നത് വ്യക്തിത്വമല്ല, ലൈംഗികാവയവങ്ങളാണെന്ന് മാത്രം ഉറച്ചുപോയ ബോധം ഉള്ളതുകൊണ്ടാണ് ഈ പാവങ്ങള്‍ ഞെട്ടുന്നത്. ആരുടെ കുറ്റം? അങ്ങനെയല്ലാതെ മറ്റൊന്നും ചിന്തിക്കാന്‍ സമൂഹം അവര്‍ക്ക് അവസരം നല്‍കിയിട്ടില്ല. വൈകി വരുന്ന പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ കൂടെ കറങ്ങാനാണ് പോയതെന്നല്ലാതെ മറ്റൊന്നും പൊതു സമൂഹത്തിന്റെ (അദ്ധ്യാപകര്‍ക്ക്/സമൂഹത്തിന്/ പോലീസിന്/പത്രങ്ങള്‍ക്ക്/ മാതാപിതാക്കള്‍ക്ക്) തലയ്ക്കുള്ളില്‍ പൊടിക്കുന്നില്ലെന്നുള്ളത് നാം ജീവിക്കുന്ന ജീവിതത്തിന്റെ നരകക്കുഴിയെ വെടിപ്പായി വെളിവാക്കി തരുന്നുണ്ട്. (അല്ലാ, ഇവര്‍ ഇഷ്ടമുള്ളവരോടൊപ്പം കറങ്ങി നടന്നാല്‍ എന്തു സംഭവിക്കും? ലോകം 2012-നു മുന്‍പ് വെടി തീരുമോ?) ഈ ലൈംഗികപരിശുദ്ധീനിര്‍മ്മാണത്തിന്റെ ആത്യന്തികമായ ലക്ഷ്യം എന്താണ്? ഇവരെ വിശ്വാസത്തിന്റെ ആഭരണങ്ങളും പട്ടുസാരിയും ധരിപ്പിച്ച് ‘കൊള്ളരുതാത്ത’ ഒരുത്തന്റെ കൂടെ കെട്ടിച്ചു വിടാനോ? എന്നിട്ട്? മുന്‍പ് അച്ഛനമ്മമാരുടെ മാത്രം വേദനയായിരുന്ന ഉത്തരവാദിത്വമാണ് സമൂഹം ഒന്നടങ്കം ഏറ്റെടുത്ത് കൊണ്ടാടുന്നത് അതും നഖം നനയാതെ! നമ്മുടെ പെണ്‍ കുട്ടികള്‍ സ്വയം ചിന്തിക്കരുത്, സ്വന്തം ശരീരത്തില്‍ പോലും അവകാശം കാണിക്കരുത്, വിമര്‍ശനം അരുത്, ആത്മവിശ്വാസം ഒട്ടും അരുത്, ആശ്രയമില്ലാതെ ഒന്നും പ്രവര്‍ത്തിക്കരുത്, ഇഷ്ടമുള്ളത് ചെയ്യരുത്. സമ്പൂര്‍ണ്ണവിധേയത്വമുള്ള അടിമയായിരിക്കുക. എന്നാല്‍ ഒരു കുഴപ്പവും ഇല്ല. ലോകത്തിനു സുഖം വരും ! ഇങ്ങനെയാണ് സമൂഹം മാലാഖമാരെ സൃഷ്ടിക്കുന്നത്. പിശാചുക്കളുടെ എണ്ണം കുറയുകയാണ്. ഭൂമിമലയാളം നന്നാവുന്നതിന്റെ ലക്ഷണമായിരിക്കും !

ചിത്രം : www.smh.com.au

51 comments:

Anoni Malayali said...

ഇവിടെ ഇതെല്ലാം സംഭവിക്കും. ഇവിടെ തീരുമാനങ്ങള്‍ സ്വന്തം എടുക്കാന്‍ സമ്മതിക്കില്ല. മാതാപിതാക്കളാണ്‌ പഠിക്കേണ്ടുന്ന കോഴ്സ്‌ തീരുമാനിക്കുന്നത്‌. അഭിരുചിക്കൊന്നും യാതൊരു പ്രാധാന്യവുമില്ല. അവര്‍ തന്നെ ഒരു വരനേയും "വാങ്ങി"ക്കൊടുക്കും. കാമ്പസ്സുകളില്‍ രാഷ്ട്രീയം നിരോധിച്ചപ്പോള്‍ ഉണ്ടായ ശൂന്യതയില്‍ ഇന്നു ജാതിക്കോമരങ്ങള്‍ കയറി നിരങ്ങുകയാണ്‌. എന്തിനു പറയുന്നു വേണ്ടാതെ പ്രണയത്തില്‍ കുടുങ്ങി കിട്ടാനുള്ള ലക്ഷങ്ങളും സ്വര്‍ണ്ണവും (ആവൂ, എന്താവില) നഷ്ടപ്പെടുത്താന്‍ കുമാരന്മാരും തയാറല്ല. ഒരു തവണ ചായയുമായി മുന്നില്‍ നിന്ന് ആണല്ലോ ജീവിതകാലം മുഴുവന്‍ കൂടെക്കിടക്കുന്നവനെ തീരുമാനിക്കുന്നത്‌. അച്ചന്മാരും മുക്രികളും കരയോഗക്കാരും കാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ ഇങ്ങനെയെല്ലാം നടക്കും. എന്തിനവരെപറയുന്നു. നമ്മള്‍ തന്നെയല്ലേ ചിന്താശൂന്യരായി എല്ലാം അവര്‍ക്ക്‌ ഏല്‍പ്പിച്ചുകൊടുത്തത്‌?

Calvin H said...

അനോണി മലയാളി പറഞ്ഞതിനു കീഴെ ഒരൊപ്പ്

Kuttyedathi said...

Valare nannayirikkunnu. Valyoru comment type cheythathu, google vizhungi.

Unknown said...

കേരളത്തിനു്/ഭാരതത്തിനു് കുറേ Diogenes-കളെ ആവശ്യമുണ്ടു്. സമൂഹത്തിലെ എല്ലാത്തരം കപടസദാചാരവിഴുപ്പുകെട്ടുകളുടെയും മുഖത്തേക്കു് മൂത്രമൊഴിക്കാൻ... അവരുടെയൊക്കെ മുന്നിൽ നിന്നു് masturbate ചെയ്യാൻ... അവരുടെ വിശുദ്ധസ്ഥലങ്ങളിൽ പരസ്യമായി മലവിസർജ്ജനം ചെയ്യാൻ...

"എന്റെ ശരീരം എന്റേതാണു്" എന്നു് പറഞ്ഞു് അടിവസ്ത്രങ്ങൾ ഊരി സമൂഹത്തിന്റെ മുഖത്തേക്കെറിഞ്ഞ അറുപതു്-എഴുപതുകളിലെ പാശ്ചാത്യവനിതകളുടെ മാതൃകയിൽ നൂലുബന്ധമില്ലാതെ തെരുവിലൂടെ നടന്നു് പ്രതിഷേധിക്കാൻ തന്റേടവും ആത്മവിശ്വാസവുമുള്ള പ്രായപൂർത്തിയായ കുറെ സ്ത്രീകളും കേരളസമൂഹത്തിനു് ഗുണം ചെയ്തേനെ! സ്ത്രീശരീരത്തിന്റെ കളക്റ്റീവ്‌ ഉത്തരവാദിത്വം സ്വമേധയാ ഏറ്റെടുത്തിരിക്കുന്ന സദാചാരപ്രഭുക്കൾ പീരങ്കിയും നീട്ടിക്കൊണ്ടു് വന്നാൽ കയ്യോടെ പറ്റെച്ചെത്തി നിരപ്പാക്കാൻ നല്ല മൂർച്ചയുള്ള ഓരോ അരിവാളും കൂടി കയ്യിൽ കരുതണം എന്നേയുള്ളു. പക്ഷേ, 'പാവശുത്തിയുള്ള' ഭാരതസ്ത്രീകൾക്കു് പ്രാർത്ഥനയും ധ്യാനവും, ഗർഭവും പ്രസവവും കഴിഞ്ഞിട്ടു് അതിനൊക്കെ എവിടെ നേരം?

O.T.
ഭോപ്പാൽ ദുരന്തത്തിന്റെ ഇരുപത്തഞ്ചാം വാർഷികം 'ആഘോഷമായി' കൊണ്ടാടിക്കൊണ്ടിരിക്കുകയല്ലേ നമ്മൾ! അന്നു് പ്രാർത്ഥനയുടെ ഒരു കുറവുണ്ടായിരുന്നു എന്നതു് നമ്മുടെ വലിയ തെറ്റു്. നമ്മൾ അനുഭവത്തിൽ നിന്നും പഠിക്കുന്ന ബുദ്ധിമാന്മാരായതിനാൽ മുല്ലപ്പെരിയാർ ഡാം പൊട്ടാതിരിക്കാൻ ഒരു പ്രാർത്ഥനായജ്ഞം നടത്തുകയോ, ഡാമിന്റെ ചീഫ്‌ എഞ്ചിനിയർ ഒരു തുലാഭാരം അർപ്പിക്കുകയോ, അന്യന്റെ അമൃതത്തിൽ ആനന്ദിക്കുന്ന അമ്മയെക്കൊണ്ടു് ഡാമിനെ ഒന്നു് കെട്ടിപ്പിടിപ്പിക്കുകയോ ചെയ്യുന്നതു് ഉചിതമായിരിക്കുമെന്നു് തോന്നുന്നു.

ത്രിശ്ശൂക്കാരന്‍ said...

എന്താണ് സദാചാരം?

ആരുടെ സദാചാരം?

അയല്‍ക്കാരന്‍ said...

സമാനമായ ഒരു വിഷയത്തില്‍ താങ്കളുടെ നിലപാടുകളില്‍ നിന്ന് അല്പം അകന്നുനില്‍ക്കുന്ന ചില അഭിപ്രായങ്ങള്‍ പണ്ട് ഞാന്‍ ഇവിടെ കുറിച്ചിരുന്നു, അവിടെ നിന്നും തുടരട്ടെ.

കുട്ടി സമൂഹത്തിന്റെ ഭാഗമാണ്. കാലഘട്ടത്തിനൊപ്പം നടക്കാനും തെറ്റായ സാമൂഹികനിയമങ്ങളുണ്ടെങ്കില്‍ അവയെ എങ്ങനെ തിരുത്തണമെന്ന് മനസ്സിലാക്കിയെടുക്കാനും കുട്ടിക്ക് അദ്ധ്യാപകരുടെ സഹായം അത്യാവശ്യമാണ്. ഒരദ്ധ്യാപികയെ സംബന്ധിച്ചിടത്തോളം തന്റെ ഫോക്കല്‍ പോയിന്റ് കുട്ടികളായിരിക്കണം. സമൂഹത്തിലെ എല്ലാവര്‍ക്കും നല്ല വഴി കാട്ടിക്കൊടുക്കാന്‍ അവര്‍ക്കായെന്നുവരില്ല. അതുകൊണ്ടുതന്നെ അവര്‍ തന്നെ വിദ്യാര്‍ത്ഥികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

കേരളത്തിലെ അദ്ധ്യ്യപികമാരുടെ ഈ മന:സ്ഥിതി നല്ലതാണെന്നും സമൂഹം ഇത്രയെങ്കിലും നന്നായി നിലനിന്നുപോകുന്നത് അവരുടെ കാര്യക്ഷമതയുടെ സൂചകമാണെന്നും കരുതുന്ന ഒരാളാണ് ഞാന്‍. അതിനവര്‍ ഉപയോഗിക്കുന്ന ഉപായങ്ങള്‍ ശരിയല്ലയെങ്കില്‍ അതിനെ തിരുത്താന്‍ വിദ്യാഭ്യാസവിചക്ഷണന്മാര്‍ക്ക് കഴിയണം. പക്ഷെ ഇന്നത്തെ നിലയില്‍ ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുന്നു.

വൈകിവരുന്നതിലുള്ള ആപത്തുകളെന്തെന്ന് ഏതെങ്കിലും ലേഖനങ്ങളിലുള്ള ഉദാഹരണങ്ങള്‍ വായിക്കാതെ തന്നെ എല്ലാവര്‍ക്കും കഴിയും. പിന്നെ താങ്കളുടെ മറ്റു പല നിഗമനങ്ങളോടും യോജിക്കുന്നു.

Calvin H said...

അയൽക്കാരൻ,

അദ്ധ്യാ‍പകരും രക്ഷിതാക്കളും അടങ്ങുന്ന സമൂഹം ‘എ’ എന്ന നിലപാട് എടുക്കുക/അടിച്ചേൽ‌പ്പിക്കുക, അത് കാരണം ‘ബി‘ എന്ന അവസ്ഥ സമൂഹത്തിൽ സംജാതമാകുക. അതിനു ശേഷം താങ്കൾ പറയുന്നു ‘ബി’ എന്ന അവസ്ഥ സമൂഹത്തിൽ ഉള്ളത് കൊണ്ട് അദ്ധ്യാപകർ ‘എ’ എന്ന നിലപാട് തുടർന്നും സ്വീകരിക്കണമെന്ന്. അപാരലോജിക് തന്നെ!

പോസ്റ്റിലേക്ക്,
വെള്ളെഴുത്തേ ഇത്തരം പോസ്റ്റുകളിൽ ഏത് സ്കൂളിലാണ് ഈ സംഭവം നടന്നതെന്നും ആരാണ് ചെയ്തതെന്നുമൊക്കെ കൃത്യമായി പറയുകയാണ് കൂടുതൽ ഭംഗി. സ്കൂൾ ഏതാണ് എന്നതിനു ഇവിടെ പ്രസക്തിയില്ലെങ്കിലും “ഒരു സ്കൂളിൽ” എന്നൊക്കെ പറയുന്നതിനു ഒരു ഔചിത്യക്കുറവുണ്ട്. മാത്രമല്ല ഇത്തരം പ്രശ്നങ്ങളിൽ സംഭവം നടന്ന് സ്കൂളിന്റെ സോഷ്യോ-പൊളിറ്റിക്കൽ-എകണോമിക്കൽ ബാക്ഗ്രൌണ്ട് ഒക്കെ അതിപ്രധാനമാണ്.

ഇന്ത്യയിൽ ആദ്യം വേണ്ടത് ജെൻഡർ സ്പെസിഫിക് സ്കൂളുകളും കോളേജുകളും ബോംബിട്ട് തകർക്കുകയോ അടച്ചു പൂട്ടുകയോ മിക്സഡ് ആക്കുകയോ ചെയ്യുക എന്നതാണ്. ഗേൾസ്/ബോയ്സ് ഓൺലിയിൽ പഠിച്ച വിദ്യാർത്ഥികൾ വ്യത്യസ്തമായ ഒരു ചുറ്റുപാടിലേക്കെത്തുമ്പോൾ ഉണ്ടാകുന്ന മാനസികവ്യതിയാനങ്ങളെക്കുറിച്ച് ശാസ്ത്രീയമായ പഠനങ്ങൾ ഇതുവരെ നടന്നിട്ടില്ലെങ്കിൽ ഉടൻ തന്നെ സർക്കാർ നേരിട്ട് അതിനു ഏർപ്പാട് ചെയ്യുകയും അത്തരം സ്കൂളുകളെ മിക്സഡ് സ്കൂളുകൾ ആക്കുവാൻ നിയമനിർമാണം നടത്തേണ്ടതും ഉണ്ട്.

യാരിദ്‌|~|Yarid said...

മലയാളത്തിലാണല്ലൊ ഇത്തവണ പോസ്റ്റ്. എന്ത് പറ്റി വെള്ളെഴുത്തെ...:)

★ Shine said...

ഇന്ന്‌ മുതിർന്നവരായാലും, കുട്ടികളായാലും കൂടുതൽ അറിയുന്നതെവിടെ നിന്നാണ്‌? എന്താണ്‌ അവരുടെ ചിന്താ ഗതികളെ സ്വാധീനിക്കുന്ന ഘടകം? അവിടെയല്ലേ തിരുത്തു വേണ്ടത്‌?

എന്റെ നോട്ടത്തിൽ അത്‌ media ആണ്‌- ചാനലുകളും, പത്രങ്ങളും, മാസികകളും...

പിന്നെ media ക്ക്‌ കേരളീയ സമൂഹത്തിനെ നശിപ്പിക്കണമെന്ന് മന:പൂർവ്വമായ ആഗ്രഹം കാണില്ല.

അപ്പോ അവരെന്തിനാ അങ്ങനെയൊക്കെ എഴുതുന്നതും പറയുന്നതും, കാണിക്കുന്നതും?

കാണാനും, കേൾക്കാനും ആളുണ്ടായിട്ടു തന്നെ..!

അതെന്താ അളുകളിങ്ങനെ? ഇതൊക്കെ അറിയാനും, കാണാനും കേൾക്കാനും ഇത്ര താൽപര്യം?

അതു media നമ്മളെ അങ്ങനെ ഇക്കിളി കൂട്ടുകാരാക്കി...

ഇതിങ്ങനെ സ്വന്തം വാലിൽ കടിക്കാൻ നോക്കുന്ന പട്ടിയെപ്പോലെ കറങ്ങുന്ന പ്രശ്നമാണ്‌...

പതുക്കെ മാറ്റം വരാം, media കൂട്ടയി തീരുമാനിക്കുകയോ, അല്ലെങ്കിൽ നമ്മുടെ Censorship ഒന്നു പുന: പരിശോധിക്കുകയോ ചെയ്യണം.

അയല്‍ക്കാരന്‍ said...

സമൂഹത്തിന്റെ നിലയും അതിന്റെ കാരണങ്ങളുമൊക്കെ ഒറ്റ വേരിയബിളില്‍ കൊള്ളിക്കാമെന്നുള്ള ധാരണകളും മിക്സഡ് സ്കൂള്‍ ബോബിട്ടുകളഞ്ഞാല്‍ സമൂഹം നന്നാകും എന്ന നിലയിലുള്ള ആശയങ്ങളുമൊക്കെ കാണുമ്പോള്‍ കേരളത്തിലെ വിദ്യാഭ്യാസരംഗത്തെക്കുറിച്ച് പേടി ഉള്ളില്‍ ഉളവിടുന്നുവെങ്കിലും ഇതൊരുപക്ഷെ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും വ്യക്തിപരവുമായ കാരണങ്ങളാല്‍ നല്ല വിദ്യാഭ്യാസം സിദ്ധിക്കാനാവാതെ പോയവരുടെ അസൂയ നിറഞ്ഞ ജല്പനങ്ങളാവാനാണ് കൂടുതല്‍ സാധ്യത എന്നു തിരിച്ചറിയുമ്പോള്‍ നേരത്തേ മനസ്സിലങ്കുരിച്ചിരുന്ന ഭയം സഹതാപമായിമാറുകയാണ്. അറിവ് എവിടെനിന്നും കിട്ടും, പക്ഷെ മൂല്യബോധം മൂല്യങ്ങളറിയുന്നവരില്‍‌നിന്ന് മാത്രമേ കിട്ടൂ. പുതിയ മൂല്യങ്ങള്‍ സൃഷ്ടിക്കണമെങ്കില്‍ നിലവിലിരിക്കുന്ന മൂല്യങ്ങളെ മനസ്സിലാക്കുകയും അവയിലെ അപാകതകളെ കണ്ടത്തുകയും വേണമെന്ന് കുട്ടികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്നവരാണ് കേരളത്തിലെ മികച്ച അദ്ധ്യാപകരില്‍ പലരും. പണ രാഷ്ട്രീയ ഭീകരതകള്‍ ഇല്ലെന്നല്ല, മറ്റു പല മേഖലകളെക്കാളും കുറവാണെന്നാണ് എന്റ്റെ കാഴ്ച....

Calvin H said...

അയൽക്കാരൻ,
അങ്ങിനെ ഒറ്റമൂലികൾ കൊണ്ടൊന്നു പ്രശ്നം തീരുമെന്ന് ഇവിടെ ആരും പറഞ്ഞില്ല. താങ്കളെപ്പോലെ ഇമോഷനൽ ആയ ഒരു ഷോർട് ടെം പരിഹാരത്തേക്കാൾ (ലോങ്ങ് ടേമിൽ കൂടുതൽ പ്രശ്നം ഉണ്ടാ‍ക്കുന്നത്), ലോംഗ് ടേം ആയ ഒരു പൊളിറ്റക്കൽ സൊലൂഷനിനാണ് കൂടുതൽ ഊന്നൽ നൽകേണ്ടത് എന്നാണ് ഉദ്ദേശിച്ചത്... എന്തോ മൂല്യത്തെക്കുറിച്ചൊക്കെപ്പറഞ്ഞല്ലോ.. താങ്കളെപ്പോലുള്ള മാലാഖമാർ വെച്ചുപുലർത്തുന്ന കപടസദാചാരബോധമല്ല യഥാർത്ഥമൂല്യങ്ങൾ എന്ന് വെള്ളെഴുത്ത് വിശദമായും വ്യക്തമായും എഴുതിയത് വായിച്ചിട്ടും മനസിലായില്ലേ?

അയല്‍ക്കാരന്‍ said...

ടം പടം കപടം തുടങ്ങിയ വിധികല്പനകളൊക്കെ നമ്മള്‍ നില്‍കുന്ന തറയുടെ ചെരിവിന്റെ അളവുകളാണ് സോദരാ. മാലാഖ എന്ന സംബോധന്യ്ക്ക് നന്ദി.

|santhosh|സന്തോഷ്| said...

കുഞ്ഞ് ജനിച്ചു വീഴുമ്പോഴേ തുടങ്ങുന്നല്ലോ ഈ വേര്‍തിരിവുകള്‍. ‘നീ അച്ഛന്റെ കൂടെ പൊക്കോ, അച്ഛനെ കൂട്ടി ചെയ്തോ’ എന്നു ആണ്‍ കുട്ടിയോടും “ നീ അമ്മേടെ കൂടെ പോടി, അമ്മയെ വിളീച്ച് ചെയ്യടീ” എന്ന് പെണ്‍കുട്ടീകളോടും ചെറൂപ്പം മുതല്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞ് ചെയ്യിക്കുകയല്ലേ.. ഈ അകല്‍ച്ച അല്ലെങ്കില്‍ പരസ്പരം തങ്ങള്‍ മാറി നിക്കേണ്ടത്/ഇരിക്കേണ്ടത്/നടക്കേണ്ടത് എന്നുള്ള വൃത്തിക്കെട്ട ബോധം കുഞ്ഞുന്നാളിലേ ഊട്ടീയുറപ്പിക്കുകയല്ലേ... മദ്ധ്യവയസ്ക്കര്‍മാത്രമല്ല, ചാവുന്നതുവരെ,ശ്വാസം നിലക്കുന്നതുവരെ സകല മലയാളിയും ലൈംഗീക മലം പേറുകയാണ്. അവന്റെ ശ്വാസത്തിനും നിശ്വാസത്തിനും അതിന്റെ രൂക്ഷഗന്ധം.

പണ്ട് കുടീപ്പള്ളിക്കുടങ്ങളിലും നിലത്തെഴുത്തുപുരയിലും സവര്‍ണ്ണ-അവര്‍ണ്ണ ഭേദമുണ്ടായിരുന്നു. കൃസ്ത്യന്‍ മിഷിണറിമാരുടെ വരവോടെ സകലര്‍ക്കും വിദ്യാഭ്യ്യാസം എന്നു വന്നെങ്കിലും മുന്‍പ് പറഞ്ഞതിനേക്കാള്‍ ഭീകരമായ ആണ്‍-പെണ്‍ വകഭേദം അവര്‍ ചെയ്തു. വിദ്യാഭ്യാസത്തിനു അവര്‍ ഒരു പാട് സംഭാവനകള്‍ ചെയ്തിരിക്കാം പക്ഷേ, മിഷിനറിമാരുടെ ‘ആണും പെണ്ണും വേര്‍തിരിഞ്ഞിരുന്ന് പഠിക്കുക’ എന്ന നയം കേരള സമൂഹത്തെ അതിഭയങ്കരമായി ബാധിച്ചിട്ടുണ്ട്.

|santhosh|സന്തോഷ്| said...

പറയാന്‍ മറന്നു ലേഖനം വളരെ നന്നായി.

Haree said...

"അദ്ധ്യാ‍പകരും രക്ഷിതാക്കളും അടങ്ങുന്ന സമൂഹം ‘എ’ എന്ന നിലപാട് എടുക്കുക/അടിച്ചേല്‍‌പ്പിക്കുക, അത് കാരണം ‘ബി‘ എന്ന അവസ്ഥ സമൂഹത്തില്‍ സംജാതമാകുക. അതിനു ശേഷം താങ്കള്‍ പറയുന്നു ‘ബി’ എന്ന അവസ്ഥ സമൂഹത്തില്‍ ഉള്ളത് കൊണ്ട് അദ്ധ്യാപകര്‍ ‘എ’ എന്ന നിലപാട് തുടര്‍ന്നും സ്വീകരിക്കണമെന്ന്. അപാരലോജിക് തന്നെ!" - :-)
cALviN::കാല്‍‌വിന്‍ പറഞ്ഞതുപോലെ ആരാണ്, എന്താണ് എന്നൊക്കെക്കൂടി പറയുമെങ്കില്‍ കൂടുതല്‍ നന്നായേനേ എന്ന് മുന്‍പൊരു പോസ്റ്റില്‍ ഞാനും സൂചിപ്പിച്ചിരുന്നു.

ആദ്യം ചെയ്യേണ്ടത്, എല്‍.കെ.ജി. മുതല്‍ക്ക് രണ്ടായി തിരിച്ചിരുത്തുന്ന രീതി (മിക്സഡ് ആക്കിയതു കൊണ്ടു മാത്രമായില്ല...) മാറ്റുകയാണ്. ആണാണിനെ തൊടുന്നതുപോലെ / പെണ്ണു പെണ്ണിനെ തോടുന്നതുപോലെ കുഴപ്പമില്ലാത്തതാണ് ആണ് പെണ്ണിനെയും പെണ്ണ് ആണിനെയും തൊടുന്നത് എന്നു പഠിച്ചു വരട്ടെ.
--

ഗൗരിനാഥന്‍ said...

ഈ രീതികള്‍ പണ്ട് ഉണ്ടായിരുന്നേല്‍ എന്റെ സ്കൂള്‍ലിലെ ഡെവിള്‍ ഞാനായിരുന്നേനെ. കാലം മുന്നോട്ട് പോകും തോറും മലയാളികള്‍ കൂടുതല്‍ സംശയാലുക്കള്‍ ആകുന്നു എന്നല്ലാതെ വിവേകം വെക്കുന്നില്ല..നമ്മുടെ പെണ്‍‌കുട്ടികളെ മാറുന്ന സാഹചര്യങ്ങള്‍ സ്വയം പര്യാപ്തതയോടെ വളര്‍ത്തേണ്ടതിനു പകരം ഈ സംശയത്തിനു കീഴില്‍ വളര്‍ത്തിയാല്‍ അവര്‍ ആ ലോകത്തേക്ക് തന്നെ ഓടി പോകില്ലെ..കേരളത്തിലൂടെ ദേഹം മുഴുവന്‍ മൂടി നടന്നാലും മനുഷ്യരുടെ നോട്ടം കൊണ്ടത് ഇല്യാതാകും..അത്രക്ക് തുറിച്ച് നോട്ടമാണ്..ഇവിടത്തെ ഗ്രാമമങ്ങളില്‍ പോലും അത്തരം നോട്ടം കണ്ടിട്ടില്ല..വിദ്യാസന്‍പന്നരാണ് പോലും കേരളീയര്‍, ഞാന്‍ പറയും, YES LITERATES BUT NOT EDUCATED... നമുക്കിപ്പോഴും സ്ത്രീയും പുരുഷനും എന്നാല്‍ രണ്ട് ശരീരങ്ങള്‍ മാത്രമാണ്, ആ ബോധമാണ് നാം വളര്‍ന്ന് വരുന്ന ഈ കുഞ്ഞുങ്ങളിലും അടിച്ചേല്‍പ്പിക്കുന്നത് ഇത്തരം നിയമങ്ങളിലൂടെ....അനോണീ മലയാളി പറഞ്ഞ ഒരു പ്രധാന്‍ കാര്യമുണ്ട്, കാമ്പസുകളിലെ രാഷ്ടീയ നിരോധനം..അതു വഴി ഒരുപാട് അനാചാരങ്ങള്‍ നടക്കുന്നുണ്ട്..രാഷ്ടീയമുണ്ടായിരുന്നപ്പ്പോള്‍ ടീച്ചര്‍മാര്‍ക്ക് ഇതൊക്കെ കാണിക്കാന്‍ ഒരു ഭയമുണ്ടായിരുന്നു..

Calvin H said...

ഗൌരീനാഥൻ പറഞ്ഞത് ശരിയാണ്. തുറിച്ചുനോട്ടങ്ങൾക്കിരയാകാതെ നോട്ടിലൂടെ നടക്കാൻ കഴിയും എന്ന് മനസിലായത് കേരളത്തിനു പുറത്തെ വിദ്യാഭ്യാസം കുറഞ്ഞ സംസ്ഥാനങ്ങളിൽ ജീവിച്ചപ്പോഴാണ്.

അന്യന്റെ പ്രൈവറ്റ് ലൈഫിൽ എത്തിനോക്കാൻ ഇത്രയും ത്വര മാലാഖമാർക്കെന്തിനാണെന്ന് പിടികിട്ടുന്നില്ല.

nandakumar said...

ഉചിതമായ ലേഖനം. ചിന്തനീയം

കാല്‍വിന്‍, ഹരീ, ഗൌരീനാഥന്‍ എന്നിവരുടെ അഭിപ്രായങ്ങളോട് യോജിക്കുന്നു. ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും തരംതിരിച്ചിരുത്തി പഠിപ്പിക്കുന്ന രീതിയേ മാറേണ്ടിയിരിക്കുന്നു. എന്റെ സ്ക്കൂള്‍ കാലത്തെ അനുഭവം പറയാം. ഇരിങ്ങാലക്കുട രൂപതക്കു കീഴിലെ ഒരു പള്ളി സ്ക്കൂളിലാണ് 6 മുതല്‍ 10 വരെ പഠിച്ചത്. പരസ്പരം മിണ്ടുന്നതും ചിരിക്കുന്നതും ഇടപഴകുന്നതും ‘പാപം’ എന്ന ധാരണയിലാണ് അന്ന് അദ്ധ്യാപകര്‍ പെരുമാറിയിരുന്നത്. വിദ്ധ്യാര്‍ത്ഥി ക്ല്ലാസ്സില്‍ കുസൃതികാട്ടിയാലോ പാഠഭാഗം പഠിച്ചുവന്നില്ലെങ്കിലോ അദ്ധ്യാപകര്‍ ചെയ്തിരുന്ന അന്നത്തെ ഏറ്റവും വലിയ ‘ശിക്ഷാവിധി‘ പെണ്‍കുട്ടിയാണെങ്കില്‍ ആണ്‍കുട്ടികളുടെ ബെഞ്ചില്‍ കൊണ്ടിരുത്തുക എന്നതായിരുന്നു. നേരെ തിരിച്ചും. ആണ്‍കുട്ടികളുടെ ബെഞ്ചില്‍ വന്നിരിക്കേണ്ടി വരുന്ന പെണ്‍കുട്ടിക്ക് ‘ആണ്‍കുട്ടികളുടെ ഒപ്പം ഇരിക്കേണ്ടി വരുന്നു‘ എന്നത് (നേരെ തിരിച്ചും)ഏറ്റവും ഹീനമായ-അപമാനകരമായ ഒന്നാണെന്ന് വരുത്തിതീര്‍ക്കാന്‍ അന്നത്തെ അദ്ധ്യാപര്‍ക്ക് കഴിഞ്ഞിരുന്നു. അപകര്‍ഷതാബോധത്തിന്റെ ആഴങ്ങളില്‍ വീണല്ലാതെ ഒരു കുട്ടിക്കും തന്റെ 5 വര്‍ഷം അവിടെ നിന്നും പഠിച്ചിറങ്ങാനായിട്ടില്ല (പലരും അപവാദങ്ങളായുണ്ടെങ്കിലും)

Babu Kalyanam said...

വളരെ നന്നായി :-)

രാജ് said...

ലൈംഗികതയെ കുറിച്ചുള്ള പാപബോധങ്ങള്‍ പെരുപ്പിച്ചുകൊണ്ടു നടക്കുന്നതു മദ്ധ്യവയസ്കര്‍ മാത്രമല്ല. സത്യത്തില്‍ മദ്ധ്യവയസ്കര്‍ എന്നു ജനറേഷന്‍ ഗ്യാപ്പിനെ കുറിച്ചു പറഞ്ഞുപോകാതെ ഈ കൂട്ടരെ എസ്റ്റാബ്ലിഷ്‌മെന്റുകളായി അബ്സ്ട്രാക്റ്റ് ചെയ്തെടുക്കുമ്പോള്‍ കാര്യങ്ങള്‍ കുറേകൂടെ വ്യക്തമാവേണ്ടതാണ്‌. അല്ലെങ്കിലും മദ്ധ്യവയസ്കര്‍ മാത്രമല്ലല്ലോ, ടൈറ്റ് ജീന്‍സിട്ട പെണ്‍കുട്ടിയെ അസന്മാര്‍ഗിയെന്നു വിധിയെഴുതിപ്പോന്നിട്ടുള്ളത്, ബ്ലോഗില്‍ തന്നെ അനവധി ചെറുപ്പക്കാര്‍ എഴുതിവച്ച ഉദാഹരണങ്ങള്‍ കാണാമല്ലോ. നേരത്തെ പറഞ്ഞ അബ്സ്ട്രാക്ഷനില്‍ സൂക്ഷ്മായി നിരീക്ഷിക്കുവാന്‍ കഴിയുന്ന ഒന്ന് ഇത്തരം സമീപനങ്ങള്‍ അധികാരവുമായി ബന്ധപ്പെട്ടതാണ്‌. ആരെ ഭരിക്കുവാനാണോ ഈ കൂട്ടം ആഗ്രഹിക്കുന്നത് അവരെ നേരിടുവാനുള്ള സമീപനമാണ്‌ സമൂഹത്തില്‍ നിന്ദ്യമെന്നു കരുതുന്ന ഒരു നിലയിലേയ്ക്ക് അവരെ താഴ്ത്തിക്കെട്ടുവാനും അധികാരം പ്രകടിപ്പിക്കുവാനും ശ്രമിക്കുന്നതില്‍ അന്തര്‍ലീനമായിട്ടുള്ളത്. നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ഇവളെ കല്ലെറിയുക എന്നു യേശു പറഞ്ഞതോര്‍ക്കുക, സത്യത്തില്‍ പാപത്തെ കുറിച്ചോര്‍മ്മിപ്പിച്ച് യേശു ജനക്കൂട്ടത്തെ പിന്തിരിപ്പിക്കുന്നത് അവര്‍ പ്രകടിപ്പിക്കുന്ന അധികാരത്തെ വെല്ലുന്ന ദൈവം എന്ന അധികാരത്തിന്റെ ബലത്തിലാണ്‌.

contd.

രാജ് said...

സ്കൂള്‍ ടീച്ചര്‍ എന്തുകൊണ്ടോ തന്റെ നിലനില്പ് കുട്ടികളെ ഭരിക്കുന്നതിലാണെന്നു തെറ്റിദ്ധരിച്ചുപോയിരിക്കുന്ന സമൂഹമാണ്‌ കേരളത്തിലേത്. കുട്ടികളില്‍ അധികാരം സ്ഥാപിച്ചെടുക്കേണ്ടത് തങ്ങളുടെ നിലനില്പിന്റെ തന്നെ ഭാഗമാണെന്ന് അവര്‍ ധരിച്ചുപോകുന്നു. അതിനാലാണ്‌ വിദ്യാര്‍ത്ഥി അസന്മാര്‍ഗികമായെന്തോ ചെയ്യുന്നുവെന്നു പ്രത്യക്ഷത്തില്‍ തന്നെ ഒരു നിലപാടെടുക്കുന്നത്, അതിലൂടെ അവഹേളിക്കപ്പെടുന്ന വിദ്യാര്‍ത്ഥിയില്‍ തങ്ങളുടെ അധികാരം സ്ഥാപിച്ചുകിട്ടുക എളുപ്പമാണെന്നും അവര്‍ക്കറിയാം. ഇതു അദ്ധ്യാപഗ്കരില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല, കൈരളി ടിവി സമരപ്പന്തലില്‍ ഉമ്മകൊടുത്തെന്നു ദൃശ്യമായും ശബ്ദമായും ആവര്‍ത്തിക്കുവാന്‍ ശ്രമിച്ചതോര്‍ക്കുന്നില്ലേ, നേരിട്ട് സമരക്കാരില്‍ പ്രയോഗിക്കുവാന്‍ കഴിയാതിരുന്ന അധികാരത്തെ അവരെ സാമൂഹികമായി അധഃപതിച്ചവരെന്നു കാഴ്ചകാരില്‍ ബോധം ജനിപ്പിച്ചുകൊണ്ടു പ്രകടിപ്പിക്കുവാനാണ്‌ അവര്‍ ശ്രമിക്കുന്നതും.

contd.

രാജ് said...

പ്രായമായവര്‍ പലപ്പോഴും പറയുന്നതു കേട്ടിട്ടില്ലേ, പുതിയ ചെറുപ്പക്കാര്‍ക്ക് ബഹുമാനമില്ലെന്നു്‌. ബഹുമാനം അവര്‍ ചെറുപ്പക്കാരില്‍ തങ്ങള്‍ക്കുണ്ടാവണമെന്നു ആശിക്കുന്ന അധികാരത്തിന്റെ സാക്ഷ്യമാണ്‌. പുതിയ കാലത്തെ കുട്ടികളുടെ അവരുടെ പ്രവര്‍ത്തികള്‍ ശീലങ്ങള്‍ എന്നിവ സമൂഹത്തിനു നിരക്കാത്തതാണെന്നു സ്ഥാപിക്കുവാന്‍ അവര്‍ നിരന്തരം ശ്രമിക്കുന്നതിന്റെ ഉദാഹരണമാണ്‌ ബസ്സില്‍ രേഖപ്പെടുത്തിയ സംഭവം. സമാനമായി പലതുമുണ്ട്. പെണ്ണുങ്ങളില്‍ അനിയന്ത്രിതമാവിധം അധികാരം തങ്ങള്‍ക്കുണ്ടാവണം എന്നു ആഗ്രഹിക്കുന്നവരാണ്‌ മിക്കപ്പോഴും അവരെ ടൈറ്റ് ജീന്‍സിന്റേയും സ്ലീവ്‌ലെസ്സിന്റേയും ചുവന്ന ചുണ്ടിന്റേയും പേരിലെല്ലാം മോശപ്പെട്ടവരെന്നു പറഞ്ഞുശീലിക്കുന്നത്. അവരുടെ അനക്കവും പെരുമാറ്റവും ശ്ലീലാശ്ലീലങ്ങളായ് കള്ളിചേര്‍ത്തു പരിപാലിച്ചുപോരുന്നത്.

ആത്യന്തികമായി മനുഷ്യന്‍ മറ്റൊരു മനുഷ്യനോട് സാമൂഹികമായി നടത്തുന്ന എല്ലാ ഇടപെടലുകളും (behaviour transactions) ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ അധികാരം നിര്‍ണ്ണയിക്കുന്ന ചില പ്രോട്ടോക്കോളുകളുടെ മേല്‍നോട്ടത്തിലാണ്‌.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇത് സ്കൂളിന്റെ മാത്രം പ്രശ്നമല്ല വെള്ളെഴുത്തേ...നമ്മുടെ സമൂഹം തന്നെ മാറിയിരിക്കുന്നു.തന്റെ അപമാനിക്കാനോ ഇഷ്ടമില്ലാതെ സപര്‍ശിക്കാനോ തുനിയുന്നവരുടെ മേല്‍ ചെരുപ്പൂരി അടിക്കാനാണു പെണ്‍കുട്ടികളെ പഠിപ്പിക്കേണ്ടത്..അതിനു പകരം വീടുകളില്‍ അടച്ചിട്ട് ഇരിക്കാന്‍ നമ്മള്‍ അവരോട് പറയുന്നു.ആണ്‍കുട്ടികള്‍ക്കും പെണ്‍ കുട്ടികള്‍ക്കും പ്രത്യേകം വിദ്യാലയം എന്ന സങ്കല്പം തന്നെ പൊളിച്ചെഴുതേണ്ടതാണു.പണ്ടൊക്കെ വിദ്യാര്‍ത്ഥി സംഘടനകള്‍ ഇത്തരം പ്രശ്നങ്ങളില്‍ ഇടപെടുമായിരുന്നു.ഇപ്പോള്‍ നമ്മളവരെ അടിച്ചോടിച്ചു.പകരം നമുക്കിഷ്ടപ്പെട്ടവരെ കുടിയിരുത്തി.രാഹുല്‍ ഗാന്ധി വരുമ്പൊള്‍ മത്സരിച്ച്, അദ്ദേഹത്തിന്റെ കൈയില്‍ പിടിക്കേണ്ടത് എങ്ങനെയെന്ന് , താമസിച്ചു വന്ന കുട്ടികളെ നിലത്തിരുത്തി ശിക്ഷ നല്‍കിയ നമ്മള്‍ തന്നെ,അവര്‍ക്ക് കാണിച്ചു കൊടുത്തു.

പിന്നെ ഇതൊക്കെ ആരോടു പറയാന്‍?

നന്ദന said...

ok
nandana

Baiju Elikkattoor said...

mixed schoolil 2il padikkunna ente molude friends ellam penkuttikal! aankuttil aarum ninakku friends ille ennu chodichappol "illa" ennu aval thalayatti!!

enthu thonnu?

kichu / കിച്ചു said...

മലയാളിക്കാണ് ഈ ആണ്‍ പെണ്‍ വിവേചനം ഏറ്റവും കൂടുതല്‍ എന്നാണെന്നാ എനിക്കു തോന്നുന്നത്. മറ്റു സംസ്ഥാനങ്ങളിലൊന്നും ഇത് ഇത്ര രൂക്ഷമല്ല. തനിച്ച് ഒരു ഫ്ലാറ്റില്‍ താമസിച്ച് തലസ്ഥാന നഗരിയില്‍ ഒരു ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്തിരുന്ന ഒരു പെണ്‍കുട്ടിയ്ക്ക് വീട്ടില്‍ അവളെ കാണന്‍ വരുന്ന ആള്‍കാരുടെ പേരില്‍ ഫ്ലാറ്റിന്റെ സദാചാര നട ത്തിപ്പുകാരില്‍ നിന്ന് അനുഭവിക്കേണ്ടി വന്ന മാനസികപീഡനങ്ങള്‍ മുന്‍പ് വായിച്ചതോര്‍ക്കുന്നു.

കുടുംബത്തിലാണ് മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കേണ്ടത്. “അവള്‍ പെണ്ണല്ലേ.. അത്ര മതി“ ആ ചിന്ത തന്നെ മാറണം.
സ്വയം പ്രതിരോധിക്കാന്‍ അവളെ പ്രാപ്തയാക്കണം.എങ്കിലേ കപട സദാചാരത്തിന്റെ കാവല്‍ക്കാരില്‍ നിന്ന്‍ അവള്‍ക്ക് അല്‍പ്പമെങ്കിലും രക്ഷയുള്ളൂ.

അയല്‍ക്കാരന്‍ said...

കേരളത്തിനു പുറത്തുള്ള പല സ്കൂളുകളിലും ഇതിലും കര്‍ശനമായ ചിട്ടകളും ക്രൂരമായ ശിക്ഷകളുമുണ്ട്. അവിടങ്ങളില്‍ നിന്നു പഠിച്ചിറങ്ങിയവര്‍ ലൈംഗികമനോരോഗികളാവുന്നില്ല, പൊതുവില്‍ മലയാളി അങ്ങനെയാകുന്നു എന്നു തോന്നുന്നുവെങ്കില്‍ കുറ്റം ഈ സ്കൂളുകളുടേതല്ല, പൊതുസമൂഹത്തിന്റേതാണ്. അതുകൊണ്ടുതന്നെ കേരളത്തിലെ (അഥവാ ഇന്‍ഡ്യയിലെ തന്നെ) സ്കൂളുകളെ തെരഞ്ഞുപിടിച്ച് എതിര്‍ക്കുന്നതില്‍ അര്‍ത്ഥമുണ്ട് എന്നു തോന്നുന്നില്ല. ഇതൊക്കെ ചില സംസ്കാരങ്ങളുടെ, ജീവിതരീതികളുടെ ബാക്കിപത്രമാണ്. ആ സംസ്കാരങ്ങളില്‍ കുടഞ്ഞുകളയേണ്ട പലതുമുണ്ടെന്ന് തിരിച്ചറിയുന്ന ക്ഷോഭിക്കുന്ന ബ്ലോഗ് യുവത്വം യഥാര്‍ത്തത്തില്‍ കാത്തുസൂക്ഷിക്കേണ്ടവയെപ്പറ്റിയും ബോധവാന്മാരാകണം. ചാണകം വലിച്ചെറിയുക, പാല്‍ ഉപയോഗപ്പെടുത്തുക.

ശക്തമായ സ്കൂള്‍ രാഷ്ട്രീയം നിലനിന്നിരുന്ന കാലത്തും നമ്മുടെ സ്കൂളുകളിലെ ആണ്‍‌പെണ്‍‌വ്യത്യാസം ഇങ്ങനൊക്കെത്തന്നെയായരുന്നില്ലേ? അത്തരം സ്കൂളുകളില്‍ പഠിച്ചുവന്നവര്‍ തന്നെയല്ലേ ഇന്നത്തെ മിക്ക രക്ഷിതാക്കളും? ഒരുപക്ഷെ ശിക്ഷയുടെ കാഠിന്യം കുറഞ്ഞേനെ എന്നതിനപ്പുറം രാഷ്ട്രീയത്തിന്റെ സാന്നിദ്ധ്യം മറ്റെന്തെങ്കിലും നേട്ടമുണ്ടാക്കുമായിരുന്നോ?

ഓ.ടോ: എ, ബി കഥ പറഞ്ഞവരോട്. ടെന്‍‌ഡുല്‍കര്‍ സെഞ്ചുറിയടിച്ചു, ഇന്‍ഡ്യ തോറ്റു എന്നിവയ്ക്കിടയില്‍ ഞാന്‍ ചേര്‍ക്കുക "എന്നിട്ടും" എന്ന കണക്റ്ററാണ്. "അതുകൊണ്ട്" എന്ന്‍ അര്‍ത്ഥം കല്പിക്കുന്നത് അവരവരുടെ രാഷ്ട്രീയം

Jayesh/ജയേഷ് said...

എല്ലാവരുടേയും അഭിപ്രായങ്ങളോട് യോജിക്കുന്നു.
പെണ്‍കുട്ടികള്‍ ...ഗോ റ്റു യുവര്‍ ക്ലാസ്സസ്സ്

Calvin H said...

ടെണ്ടുൽക്കർ സെഞ്ച്വറി അടിക്കുന്നുണ്ട്, ബാ‍ക്കിയെല്ലാവരും മോശമായി കളിച്ചു അതു കൊണ്ട് ഇന്ത്യ തോറ്റു, ബാക്കിയുള്ളവർ മോശമായി തന്നെ കളിക്കട്ടെ എന്ന് അയൽക്കാരനും.. യേത്? വേണമെങ്കിൽ ഭൂരിഭാഗവും മോശമായല്ലേ കളിക്കുന്നത് ടെണ്ടുൽക്കർക്ക് മൂല്യമില്ല അങ്ങോരെന്തിനാ നന്നായി കളിക്കുന്നത് എന്നും അയൽക്കാരനെപ്പോലുള്ളവരുടെ വാദം വന്നേക്കും :)

അയല്‍ക്കാരന്‍ said...

ഞാന്‍ സ്കൂളുകളെക്കുറിച്ചാണ് പറഞ്ഞത്, അവ നന്നായി പ്രവര്‍ത്തിച്ചിട്ടും സമൂഹം നന്നാവുന്നില്ല എന്ന്. മറ്റുള്ളവര്‍ മോശമായി കളിക്കുന്നതും പ്രശ്നം തന്നെ. ആരെങ്കിലും മോശമായി കളിക്കണമെന്ന് ഞാന്‍ പറഞ്ഞില്ല. സ്വയമായി ഒന്നും പറയാനില്ലാതെ മറ്റുള്ളവരുടെ നാവില്‍‌ക്കേറിയിരുന്ന് സംസാരിക്കുന്നതും ഞാനല്ല.

★ Shine said...

A യും, Bയും ഒക്കെ ഒന്നു മാറ്റിവെച്ചിട്ട്‌ (തലവേദന എടുക്കുന്നു മാഷെ :-), ഇവിടെ സുനിൽകൃഷ്ണനും,Baiju Elikkattoorഉം പറഞ്ഞത്‌ ക്ഷമയോടെ വായിച്ചിട്ട്‌ കാൽവിൻ ഒരു അഭിപ്രായം പറയാമോ?

Raj മുന്നോട്ടു വെക്കുന്ന സ്വതന്ത്ര ചിന്താഗതി കൊള്ളാം - സ്വയ നിയന്ത്രണവും, ചിന്താശേഷിയുമുള്ള ഒരു സമൂഹത്തിൽ! അപക്വമായ ഒരു സമൂഹത്തിൽ സ്വതന്ത്ര ചിന്താഗതി ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

അയൽകാരാ, താങ്കൾ ഈ പറഞ്ഞതിനോടു 100% യൊജിക്കുന്നു. - "ഇതൊക്കെ ചില സംസ്കാരങ്ങളുടെ, ജീവിതരീതികളുടെ ബാക്കിപത്രമാണ്. ആ സംസ്കാരങ്ങളില്‍ കുടഞ്ഞുകളയേണ്ട പലതുമുണ്ടെന്ന് തിരിച്ചറിയുന്ന ക്ഷോഭിക്കുന്ന ബ്ലോഗ് യുവത്വം യഥാര്‍ത്തത്തില്‍ കാത്തുസൂക്ഷിക്കേണ്ടവയെപ്പറ്റിയും ബോധവാന്മാരാകണം."


എന്തായാലും, ഒരു വ്യക്തിയുടെയ്യൊ, സമൂഹത്തിന്റെയോ മനോനിലയെക്കുറിച്ചുള്ള പഠനങ്ങളും പരിഹാരവും അതിൽ പ്രാവീണ്യമുള്ളവർ തന്നെ ചെയ്യുന്നതായിരിക്കും നല്ലത്‌!

അവസാനമായി ഒരു ചോദ്യം - "ഞാനുൾപ്പെടുന്ന കപടസദാചാരക്കാർ (അതെ, എനിക്കു സ്വയം അങ്ങനെ വിശേഷിപ്പിക്കാനാണിഷ്ടം) ഇല്ലായെങ്കിൽ കേരളത്തിലെ പെൺകുട്ടികളെല്ലാം മാലാഖമാരായിത്തീരുമോ?

വാൽക്കഷ്ണം: കപടസദാചാരത്തെ ഘോരഘോരം എതിർത്ത്‌, സ്വതന്ത്ര പ്രഖ്യാപനം നടത്തി നടന്ന ഒരുവളോട്‌ ഒന്നിച്ചു ജീവിക്കാം എന്നൊരു ചങ്ങാതി പറഞ്ഞപ്പോൾ കിട്ടിയ മറുപടി -"ആദ്യം Registration, അതുകഴിഞ്ഞ്‌ no problem!

Slooby Jose said...

സ്വന്തം ശരീരം, വികാരം, & sexuality - യെപ്പറ്റി ഇന്‍ഫോംഡ് ഡിസിഷന്‍ എടുക്കാന്‍ ശേഷിയുള്ളവര്‍ക്ക് അവരവരുടെ വഴി. അത് വേ ഇത് റേ. സ്കൂളില്‍ താമസിച്ചുവരാന്‍ തയ്യാറുള്ള പെണ്‍കുട്ടികള്‍ക്ക് നല്ല മാര്‍കറ്റുള്ള കാലമല്ലേ. അവ്യക്തമായ കാരണത്തിന്റെ പേരില്‍ സ്കൂളിലല്ല എവിടെ താമസിച്ചു ചെല്ലുന്നതും ലോജിക്കലല്ല. താമസിച്ചുവരുന്ന പെണ്‍കുട്ടികളെല്ലാം വഴി തെറ്റിപ്പൊകുന്നെന്ന് ചിന്തിക്കുന്നില്ല. പക്ഷേ, gender barrier ഒഴിവാക്കി സ്വാതന്ത്ര്യമായി ഇടപഴകാന്‍ കേരളം വളരെ വൈകിയിരിക്കുന്നു, especially in public transportation.

പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയതിനേക്കാള്‍ കേരളം പുരോഗമിച്ചിട്ടുണ്ട് എന്നാണു തോന്നുന്നത്.

★ Shine said...

എന്റെ "സദാചാര വീക്ഷണം":
ഞാൻ അത്ര വലിയ സദാചാരിയൊന്നുമല്ലെങ്കിലും, സദാചാരത്തിനു വിലയുണ്ടെന്നാണ്‌ എന്റെ വിശ്വാസം. എന്നു വെച്ച്‌ മുൻപ്‌ നന്ദകുമാർ പറയുന്ന "പാപബോധത്തിന്റെ" ആളൊന്നുമല്ല! അത്‌ ഭാവിയിൽ "പാപബോധം" വിറ്റ്‌ പുട്ടടിക്കാനായി ചെരുപ്പത്തിലേ മനുഷ്യരെ train ചെയ്യുന്നതിന്റെ ഭാഗമാണ്‌! അത്തരം കാപട്യങ്ങോളോട്‌ എനിക്കും പുഛ്ഛമാണ്‌; വെറുപ്പും! അതൊക്കെ ചില സാറന്മാർക്കും മനസ്സിലാക്കി കൊടുക്കേണ്ടതുണ്ട്‌..പക്ഷെ ആര്‌?

Haree said...

ഇങ്ങിനെ കമന്റ് വായിച്ചു വായിച്ചു വന്നപ്പോഴാണ്... “ആദ്യം Registration, അതുകഴിഞ്ഞ്‌ no problem!” - സ്വാതന്ത്ര്യം പ്രസംഗിച്ചു നടക്കുന്ന സ്ത്രീകള്‍ നിയമാനുസൃതമല്ലാത്ത (അങ്ങിനെയൊരു നിയമം വേണ്ട എന്നാണോ ആ പെണ്‍കുട്ടി പറഞ്ഞിരുന്നത്?) ഒരു ബന്ധത്തിനു കൂട്ടുനില്‍ക്കണമെന്നാണോ? ചങ്ങാതി കൊള്ളാല്ലോ. കപടസദാചാരമെന്നാല്‍ ഇന്ത്യന്‍ ഭരണഘടന നിര്‍വ്വചിച്ചിരിക്കുന്ന രീതിയില്‍ വിവാഹം കഴിച്ച് ജീവിക്കുന്നതിനെയാണോ? (അതിനെ എതിര്‍ത്തു പറഞ്ഞ പെണ്‍കുട്ടി രജിസ്റ്റര്‍ ചെയ്യാതെ തന്നോടൊത്തു ജീവിക്കണം എന്നായിരുന്നല്ലോ ചെങ്ങാതിയുടെ താത്പര്യം! എന്നിട്ട് ചെങ്ങാതി രജിസ്റ്റര്‍ ചെയ്തോ? ;-)

അയല്‍ക്കാരന്‍ പറഞ്ഞതിനോട് യോജിക്കുന്നു. കടഞ്ഞു കളയേണ്ടതിനൊപ്പം, കാത്തുസൂക്ഷിക്കേണ്ടവയുമുണ്ട്. പക്ഷെ, കാത്തുസൂക്ഷിക്കുവാനുള്ളവയുടെ പേരില്‍ കടഞ്ഞു കളയേണ്ടതിനേയും സൂക്ഷിക്കേണ്ടതില്ല.

രാജിന്റെ ഒടുവിലെ നിര്‍വ്വചനവും വളരെ നന്നായി. പക്ഷെ, അതങ്ങിനെയല്ലാതെയാകുവാന്‍, പ്രോട്ടോക്കോളുകള്‍ ചിലതെങ്കിലും മാറ്റിയെഴുതുവാന്‍ സാധിക്കുകയില്ലേ?

ഓ.ടോ: A യും, Bയും ഒക്കെ ഒന്നു മാറ്റിവെച്ചിട്ട്‌ (തലവേദന എടുക്കുന്നു മാഷെ :-) - @ shine | കുട്ടേട്ടന്‍ - കാല്‍‌വിന്‍ പറയുന്ന ഉദാഹരണങ്ങളില്‍ ഈസിയായി മനസിലായ ഒന്നാണത്... അപ്പോ മറ്റ് സംഭവങ്ങളൊക്കെ വായിച്ചിരുന്നെങ്കില്‍ എന്തു പറഞ്ഞേനേ? ;-) :-D
--

★ Shine said...

പ്രോട്ടോകോളുകൾ മാറ്റിയെഴുതാൻ തുനിഞ്ഞിറങ്ങിയ ഒരു പെൺകുട്ടിയുടെയും, അവളുടെ സുഹ്രുത്തിന്റെയും ജീവിതത്തിൽ നടന്ന കാര്യമാണു ഹരീ പറഞ്ഞിരിക്കുന്നത്‌.

പ്രോട്ടോകോളുകൾ തിരുത്താൻ നടക്കുന്ന അവൾ open relationship ന്റെ നിർഭയത്വത്തിലും വിശ്വസിക്കുന്നുവേന്ന് എന്റെ ചങ്ങായി വിശ്വസിച്ചുപോയെങ്കിൽ കുറ്റം പറയാമോ?!! (സത്യം പറയാമല്ലോ, പെണ്ണുങ്ങൾ അങ്ങനെയൊന്നുമല്ലെന്ന് ഞാൻ അവനോടു പറഞ്ഞതാ..കേട്ടില്ല!)

പറഞ്ഞിരിക്കുന്ന സ്ത്രീ വിദ്യാഭ്യാസമുള്ളവളാണെങ്കിലും (എൽ.എൽ.ബി), തൊഴിലില്ലാത്തവളായിരുന്നു. ചിലപ്പോ, ഇന്ത്യയൻ ഭരണഘടന താലിയുള്ളവർക്ക്‌ കൊടുക്കുന്ന നിയമസുരക്ഷയാരിക്കും അവളാഗ്രഹിച്ചേതെന്നു ഞാൻ തെറ്റായി വിചാരിച്ചതായിരിക്കും.

പിന്നെ A യും Bയും- എല്ലാം വായിച്ചു... ശരിയാ എനിക്കത്രക്കങ്ങോട്ടു മനസ്സിലാവുന്നില്ല...ബുദ്ധിക്കുറവുകൊണ്ടാവും.

കുഞ്ഞുണ്ണീ മാഷ്‌ പറഞ്ഞതൊന്നു മാറ്റിപ്പിടിച്ചാൽ - "ബുദ്ധിയില്ലായ്മയാണെന്റെ ബുദ്ധി!" :-)

★ Shine said...

എന്തായാലും സ്വന്തം അച്ചനുമമ്മയും പോലും അനുവാദം ചോദിക്കാതെ സ്വന്തം Bedroomൽ ഒന്നു കയറിപ്പോയാൽ ലോകം തിരിച്ചു വെക്കുന്ന, സ്വതന്തൃയവും, ആത്മാഭിമാനവുമുള്ള തലമുറ, പത്തറുപത്‌ വർഷം മുൻപെഴുതിയ ഇന്ത്യൻ ഭരണഘടനെയെങ്കിലും അംഗീകരിച്ചു ജീവിക്കുന്നതു തന്നെ വലിയ കാര്യം... :-)

വിപ്ലവങ്ങൾ നല്ലതാണു, കാരണം- പെയ്തൊഴിയുന്ന വിപ്ലവങ്ങൾ കാണിച്ചു തരും നടന്നു വന്ന വഴികൾ, ഒരു വിപ്ലവുമില്ലാതെ എത്ര സ്വാഭാവികമായി, കാലത്തിനനുസരിച്ച്‌ മാറുന്നുവെന്ന്; അതുപോലെ തന്നെ പഴമൊഴികൾ തെറ്റാറില്ലെന്നും!

off topic: ഇത്രയുമെഴുതിയെതു കൊണ്ട്‌, വെള്ളെഴുത്തിന്റെ post നെ ഞാൻ എത്തിർക്കുന്നുവേന്നർഥമില്ല. തെട്ടുകൾ തിരുത്തപ്പെടുക തന്നെ വേണം. പക്ഷെ, ക്ഷമയൊടെ പഠിച്ച്‌ ആഴത്തിൽ ചിന്തിച്ചു വേണം അതു ചെയ്യാൻ എന്നു മാത്രം.

★ Shine said...

ഒരു കാര്യവും കൂടി മാത്രം പറയാനാഗ്രഹിക്കുന്നു. എല്ലാവരും ഒരു പോലെ ബുദ്ധിജീവികളല്ല. അതുകൊണ്ടാൺ എല്ലാ സംസ്കാരങ്ങളിലും എഴുതപ്പെട്ടതും, "എഴുതപ്പെടാത്തതുമായ" നിയമങ്ങൾ ഉണ്ടായി വന്നതും. ബുദ്ധിയുള്ള ഒരു കൂട്ടർക്കു, പല നിയമങ്ങളും അനാവശ്യമാണെന്നു തോന്നും. പക്ഷെ ബുദ്ധിയുടെ കൂടെ വിവേകവുമുള്ളവർ പൊതുനന്മയെക്കരുതി നിയമത്തിന്റെ കാർക്കശ്യത്തിനു "ഒരു പരിധി" വരെ നിന്നു കൊടുക്കും. നിയമങ്ങളുടെ ദുരുപയോഗത്തെയാണു തടയേണ്ടത്‌, നിയമങ്ങളെ അല്ല.

നമ്മുടെ ഇന്ത്യൻ നിയമസംഹിത ഒക്കെ എഴുതിയവർ അതൊക്കെ മനസ്സിലാക്കി തന്നെയാണു എഴുതിയത്‌. പിന്നെ എഴുതപ്പെടാത്ത നിയമങ്ങൾ ഉണ്ടായി വരുന്നത്‌ എവിടെ നിന്ന് എന്നുള്ളതാൺ നമ്മൾ അന്വേഷിക്കേണ്ടത്‌. അങ്ങനെ ഞാൻ ചിന്തിച്ചതിന്റെ ഫലമാണു ഇവിടുത്തെ എന്റെ ആദ്യത്തെ comment. (അക്കൂട്ടത്തിൽ commercial advertisment കളെക്കൂടി ഉൾപ്പെടുത്തണം. പിന്നെ, ഒരു യാത്ര കാരണം ഇനി ചർച്ചയിൽ തുടരാൻ കഴിയില്ല.)

Anonymous said...

individualist എന്നതിന്റെ വിപരീതമായ നിലപാടുള്ള ഒരു സമൂഹമാൺ നമ്മുടേത്. ഞാൻ നിന്റെ കാര്യത്തിൽ ഇടപെടും, നീ എന്റെ കാര്യത്തിൽ ഇടപെട്ടോ എന്ന നിലപാട് വളരെ ശക്തമാൺ, വ്യക്തവുമാൺ.(എനിയ്ക്ക് അറിയാവുന്ന ധാരാളം പേറ്ക്ക് ഇത് തുറന്നുസമ്മതിയ്ക്കാൻ മടിയില്ല) അപ്പോൾ പെൺകുട്ടിയുടെ പ്രവൃത്തിയെ ഉയറ്ന്ന വിസിബിലിറ്റി ഉള്ളതും കുടുംബത്തിന്റെ സാമൂഹ്യനിലനിൽ‌പ്പിന്റെ പ്രസ്നമായതും ആയി രക്ഷിതാക്കൾ കരുതുന്നെങ്കിൽ തെറ്റ് പറയാമ്പറ്റില്ല.അങ്ങിനെത്തന്നെയാണത്.

‘ഇളം പ്രായക്കാരുടെ മെക്കിട്ട് കേറൽ‘ ചൈൽഡ് അബ്യൂസിന്റെയൊക്കെ മൈൽഡറ് വേറ്ഷനായി നല്ല അളവിൽ സമൂഹത്തിലുണ്ട്. ഇതിന്റെ മനശ്ശാസ്ത്രവശം ഞാൻ കുറേ വിക്കിയിൽ നോക്കി, കണ്ടില്ല. ഇത് എന്താൺ എന്ന് കൃത്യമായി മനസ്സിലായിട്ടില്ല. താരുണ്യത്തോട് ഉള്ള അസൂയയാണോ,അധികാരത്തിനും ഇരകൾക്കും വേണ്ടിയുള്ള തിരച്ചിലാണോ മറ്റെന്തെങ്കിലുമാണോ എന്താണോ എന്തോ.

Anonymous said...

നാസറ്, ഭരത്, ശരണ്യ എന്നിവറ് അഭിനയിച്ച ഒരു തമിഴ് ചിത്രത്തിൽ നാസർ ഏകദേശം ഇത്തരമൊരു മനശ്ശാസ്ത്രത്തെ (മനോഹരമായി) അവതരിപ്പിയ്ക്കുന്നുണ്ട്. പടത്തിന്റെ പേർ ഓറ്മ്മ വരുന്നില്ല.

രാജ് said...

മധുസൂദനൻ നിരീക്ഷിക്കുന്ന സംഗതികൾ പലപ്പോഴും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എന്റെ അറിവിൽ പെട്ട ഒരു ബാങ്കുദ്യോഗസ്ഥനും കുടുംബവും (കുട്ടികൾ ഇല്ല, റീസന്റലി മാരീഡ്) ചെറുപ്രായത്തിലുള്ള കുട്ടികൾക്ക് ട്യൂഷനെടുക്കുന്നുണ്ട്. ഇതിൽ സ്ത്രീ ആണ് റ്റ്യൂഷനും മറ്റും നടത്തുന്നതെങ്കിലും പുരുഷൻ കുട്ടികളെ പതിവായി മെരട്ടുന്നതും ഉച്ചത്തിൽ അവരോടു സംസാരിക്കുന്നതും ശ്രദ്ധിച്ചിട്ടുണ്ട്. തീരെ ചെറിയ കുട്ടികളാണ് സബ്ജക്റ്റ്സ്, 2-5 വയസ്സ് വരെ പ്രായം. കുറേകൂടെ ശ്രദ്ധിച്ച് നിരീക്ഷിച്ചപ്പോൾ ഈ പതിവുകൾ ഏറെക്കുറെ ചൈൽഡ് അബ്യൂസോളം എത്തുന്നുണ്ട്. കുട്ടി അനുസരിക്കുവാൻ തുടങ്ങുമ്പോൾ അവരെ നെഞ്ചത്തുകിടത്തി ഉറക്കുകയും ഭക്ഷണം കൊടുക്കുകയും ചെയ്യുന്നുണ്ടെങ്കിലും, പലപ്പോഴും കളിയെന്ന മട്ടിൽ കാര്യമായി ഉപദ്രവിക്കുന്നതും കാണാം. നിരുപദ്രവമെന്നു തോന്നുന്ന പല കളികളിലും ലൈംഗികത പ്രകടമാകുന്നുണ്ടോയെന്നും സംശയിക്കാവുന്നതാണ്, ചെറിയ ആൺകുട്ടികളുടെ ട്രൗസർ പെട്ടെന്ന് വലിച്ചൂരുക, പെൺകുട്ടികളുടെ മേൽ വസ്ത്രം ഉയർത്തുക എന്നിങ്ങനെയുള്ള കളികളിൽ കളി എത്രത്തോളമുണ്ടെന്നു നിർണ്ണയിക്കുക വയ്യ.

മധുസൂദനൻ സംശയിക്കുന്ന രണ്ടുകാരണങ്ങളിൽ ഒന്നായ ‘താരുണ്യത്തോടുള്ള അസൂയ’ എന്നതിനെ വലിയ ക്യാൻ‌വാസിൽ നോക്കുകയാണെങ്കിൽ പ്രകൃതിയോടുള്ള അസൂയയാണ്, സ്പ്രിങ് സമ്മറിൽ കിം കിഡുക്കിന്റെ കഥാപാത്രം കാണിക്കുന്ന പോലെ ഒന്ന്. അവർ കുറേ കൂടെ അബ്യൂസർ ആകുവാൻ സാധ്യതയുണ്ടെന്നു തോന്നുന്നു. എന്റെ അനുഭവത്തിലെ ഈ കക്ഷി ഒരു ചെറിയ അക്വേറിയം കൃത്യതയോടെ പരിപാലിക്കുന്നുണ്ട്, അതുകൊണ്ടു തന്നെ താരുണ്യം തിയറിയിൽ സബ്സ്‌ക്രൈബ് ചെയ്യാനാവുന്നില്ല.

Anonymous said...

രാജ്
നന്നായി പഠിയ്ക്കുന്ന കുട്ടികളെ കൂടുതൽ തല്ലുന്ന മാഷമ്മാരെക്കുറിച്ച് പുരാണത്തിൽ വായിക്കുക മാത്രമല്ല ചെയ്തിട്ടുള്ളത്, ജീവിതത്തിൽകേട്ടിട്ടുമുണ്ട് ഒന്നുരണ്ട് പ്രാവശ്യം. സ്ഫടികം സിനിമയിൽ തിലകന്റെ കഥാപാത്രമനശ്ശാസ്ത്രം സങ്കീറ്ണ്ണമാൺ.(‘നമുക്കുപാറ്ക്കാ‘നിലെ തിലകനെയാൺ മനസ്സിലാക്കാൻ എളുപ്പം) വേറെയുമുണ്ടാകണം ഉദാഹരണങ്ങൾ ജീ‍വിതത്തിൽനിന്നും കഥയിൽനിന്നും.

കുറച്ചുകൂടി ഒബ്വിയസ് ആയ നേരിട്ടുള്ള സാഡിസത്തെപ്പോലെയോ റേപ്പിസത്തെപ്പോലെയോ ഒന്നും നാം പഠിച്ചിട്ടില്ലാത്ത ഒരു (ഇരുണ്ട) മനശ്ശാസ്ത്രമാൺ ഈ മുതിറ്ന്നവറ്ക്ക് പ്രായത്തിൽക്കുറഞ്ഞവരോടുള്ള അസഹിഷ്ണുത. വൈവാഹിക പീഡനങ്ങളിൽ സംഭവിയ്ക്കുന്നതുപോലെ പലപ്പോളും സൈകൊലോജികൽ വയലൻസിന്റെ സ്ഥിതിയിലേയ്ക്ക് വഴിതെറ്റാറുണ്ട് മാഷ്-വിദ്യാറ്ത്ഥി, അച്ഛൻ-മകൻ, ബോസ്-സബോറ്ഡിനേറ്റ് പോലുള്ള പല ക്രിട്ടിക്കൽ ബന്ധങ്ങളിലും ഇത്. അതുകൊണ്ടുതന്നെ ഇത് പഠിയ്ക്കപ്പെടേണ്ടതാണെന്നും പഠനങ്ങൾ കുറച്ചുകൂടി എക്സ്പോസ് ചെയ്യപ്പെടേണ്ടതാണെന്നും എനിയ്ക്കുതോന്നുന്നു.

വേറൊന്ന് ഈ സംഗതി മനസ്സിലാക്കാൻ ബുദ്ധിമുട്ടാവുന്നത് ഇതിൽ പ്രകടമായ ലൈംഗികത ഇല്ലാതിരിയ്ക്കുമ്പോളാൺ എന്നതാൺ. അല്ലാത്തപക്ഷം വിശദീകരണം കൂടുതൽ എളുപ്പമായേനെ.

അപ്പൂട്ടൻ said...

എല്ലാം ഒരു മാസ്‌-ഇസത്തിന്റെ ഭാഗമാണ്‌. മാസ്‌ പ്രൊഡക്ഷൻ എന്നൊക്കെ പറയുന്നതുപോലെത്തന്നെ മാസ്‌ എഡ്യൂക്കേഷൻ.
എല്ലാം ഒരേ അച്ചിൽ വാർത്തെടുത്തതുപോലെ ഉണ്ടായിരിക്കണം. അങ്ങിനെ പല ഗ്രൂപ്പുകൾ, അത്രമാത്രം. ഈ ഗ്രൂപ്പുകൾക്കുള്ളിൽ പെടുന്ന എല്ലാം അതാത്‌ ഗ്രൂപ്പിന്റെ സവിശേഷതകൾ ഉള്ളവയായിരിക്കണം. ചെറിയ ചില്ലറ വ്യതിയാനങ്ങൾ പോലും പ്രസ്തുത വസ്തുവിന്റെ ഉപയോഗയോഗ്യതയ്ക്ക്‌ എതിരാണ്‌. ഒരു യെസ്‌, അല്ലെങ്കിൽ നൊ. സ്വീകരണം അല്ലെങ്കിൽ തിരസ്കരണം, അതിനിടയിൽ ഒന്നുമില്ല. റീസൈക്കിൾ ചെയ്യാവുന്നതാണെങ്കിൽ വീണ്ടും ഉരുക്കിപ്പഴുപ്പിച്ച്‌ വീണ്ടും അതേ പ്രോസസിലൂടെ അതേ അച്ചിലിട്ട്‌ വാർക്കും.
പഠിപ്പിക്കുന്നതെല്ലാം ഒന്നുതന്നെ, അപ്പോൾ പഠിച്ചിരിക്കേണ്ടതും ഒന്നുതന്നെ. അവിടെ സ്വന്തം ചിന്തകൾക്കോ വ്യക്തിത്വത്തിനോ സാഹചര്യങ്ങൾക്കോ ഒന്നിനും സ്ഥാനമില്ല. ക്ലാസിൽ എല്ലാദിവസവും വരണം എന്നുപറഞ്ഞാൽ വന്നിരിക്കണം (ഭാഗ്യത്തിന്‌ മെഡിക്കൽ സർട്ടിഫിക്കറ്റ്‌ ഒപ്പിച്ചാൽ ചില്ലറ ഇളവുകൾ കിട്ടിയേക്കും). കൃത്യസമയത്തെത്തണം എന്നുപറഞ്ഞാൽ എത്തിയിരിക്കണം. ഹോംവർക്ക്‌ ചെയ്യണം എന്നുപറഞ്ഞാൽ ചെയ്തിരിക്കണം. തന്റെ ഗ്രൂപ്പിൽ മാത്രം ഇരിക്കണം എന്നുപറഞ്ഞാൽ അവിടെ മാത്രമേ ഇരിക്കാവൂ.
ഇതിൽ പെടാത്തതെല്ലാം ഡിഫക്റ്റീവ്‌ ഐറ്റം മാത്രം. റീസൈക്കിൾ സൈക്കിളുകളിലൂടെ ഉരുകിയൊലിക്കാൻ മാത്രം ചില ജന്മങ്ങൾ.

Anonymous said...

Madu uncle said :കുറച്ചുകൂടി ഒബ്വിയസ് ആയ നേരിട്ടുള്ള സാഡിസത്തെപ്പോലെയോ റേപ്പിസത്തെപ്പോലെയോ ഒന്നും നാം പഠിച്ചിട്ടില്ലാത്ത...


ഒബ്വിയസ് : OK
സാഡിസത്തെ : OK

Here comes..

റേപ്പിസത്ത : What is this RAPISM ?

Anonymous said...

മാസ്‌-ഇസത്തിന്റെ ?

What is this Ism

Anonymous said...

ഇസങ്ങള്‍ക്കങ്ങേപ്പുറം...

Anonymous said...

A paraphilia in which the patient is aroused by rape, i.e. forcing somebody into sexual acts against his or her will-rapism

Anonymous said...

അനോണീ, ഐ സജസ്റ്റ്. ;)

ഞാനൊരു നിയൊലൊജ്സ്റ്റാൺ.

Anonymous said...

///A paraphilia in which the "patient" is aroused by rape///

only -patient-can be aroused ? Why Not DOCTOR ?

Anonymous said...

ഇസങ്ങള്‍ക്കങ്ങേപ്പുറം...

That is ചക്കര വാളം...Horizon.
...again മാസ്‌-ഇസത്തിന്റെ ?

വെള്ളെഴുത്ത് said...

കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് മറുപടി വേണ്ടെന്നു വിചാരിച്ചാണ് ഒന്നും എഴുതാത്തത്. ഒരു വീക്ഷണം മാത്രമാണ് ശരിയെന്നു പറയാനാവില്ലല്ലോ. എങ്കിലും തറയിലിരുത്തുന്നതും വൈകിവന്നതിനു പണം പിരിക്കുന്നതും അതിനെ ഉളുപ്പില്ലാതെ ന്യായീകരിക്കുന്നതും തെറ്റാണെന്നതിന് രണ്ടു പക്ഷം ഉണ്ടാവുമോ? സ്കൂള്‍ , നഗരത്തിലെ തന്നെയാണ്.. പേരു പറഞ്ഞാല്‍ പ്രയോജനമെന്തെങ്കിലും ഉണ്ടാവുമെന്ന് ഉറപ്പു തന്നാല്‍ പറയുന്നതില്‍ വിഷമമില്ല. അല്ലെങ്കില്‍ കെട്ടിച്ചമച്ച കഥയായി വീണ്ടും പഴി കേള്‍ക്കേണ്ടി വരും. ഇതില്‍ പറയുന്ന പ്രശ്നം ഇപ്പോഴും പുകഞ്ഞു തീര്‍ന്നിട്ടില്ല. തെറ്റു ചൂണ്ടിക്കാട്ടിയവരെ പ്രതിക്കൂട്ടില്‍ കയറ്റി നിര്‍ത്താന്‍ വ്യവസ്ഥപിതമായ ഘടനയ്ക്ക് വല്ലാത്ത ഉത്സാഹം ഉണ്ട്.. അതേപ്പറ്റി മുന്‍പൊരു പോസ്റ്റില്‍ എഴുതിയിരുന്നു.

kottooraan said...

vaaaaaasthavam