November 16, 2009

ബുദ്ധിജീവികളുടെ സംസ്ഥാനസമ്മേളനം



ഒരിക്കല്‍ ഒരു പ്രസിദ്ധകവിയെ സഭ്യമല്ലാത്ത ഒരിടത്ത് വച്ച് ഒരു ആരാധകന്‍ കണ്ടുമുട്ടി. അപ്പോള്‍ കവിയ്ക്ക് ചുറ്റും സ്വതവേ ഉള്ള പ്രഭാവലയം ഉണ്ടായിരുന്നുമില്ല. ആരാധകന് ആകെ അദ്ഭുതമായി. കാരണം തിരക്കിയപ്പോള്‍ കവി പറഞ്ഞത് തന്റെ പ്രഭാവലയം ആള്‍ക്കൂട്ടത്തില്‍ തിക്കിതിരക്കുന്നതിനിടയില്‍ താഴെ വീണു പോയി എന്നാണ്. തിരക്ക് അസാധാരണമായിരുന്നതിനാല്‍ കുനിഞ്ഞെടുക്കാന്‍ പറ്റിയില്ല. ചീറി പാഞ്ഞു വരുന്ന വാഹനങ്ങള്‍ ഏതു സമയവും ഇടിച്ചിട്ടേക്കാം എന്നു തോന്നി. പ്രഭാവലയത്തേക്കാള്‍ വലുതല്ലേ ജീവന്‍ . അതു നന്നായെന്ന് ഇപ്പോള്‍ തോന്നുന്നു. കാരണം പ്രഭാവലയം ഇല്ലാത്തതുകൊണ്ടല്ലേ ഇതുമാതിരിയുള്ള സ്ഥലങ്ങളില്‍ വരാന്‍ കഴിഞ്ഞത്. മാത്രമല്ല. ഏതെങ്കിലും രണ്ടാം കിടകവിയ്ക്ക് അതു കിട്ടുമായിരിക്കും. അയാള്‍ അര്‍ഹതയില്ലാതെ അതും തലയില്‍ ചൂടി നടക്കുന്ന കാഴ്ച കണ്ട് ഗൂഢമായി ആനന്ദിക്കാനുള്ള അവസരവും ഇനി കിട്ടുമല്ലോ..!

പ്രസിദ്ധീകരണയോഗ്യമല്ലെന്നു പറഞ്ഞ് തള്ളിക്കളഞ്ഞതും എഴുത്തുകാരന്റെ മരണശേഷം വെളിച്ചം കണ്ടതുമായ ഒരു കഥയാണ് മുകളില്‍ കൊടുത്തത്. എഴുതിയത് ലോകമെമ്പാടുമുള്ള സിംബലിസ്റ്റുകളുടെ പ്രിയകവി ബോദ്‌ലയര്‍ . ദൈവത്തിന്റെ ഭാവന അത്ര പോരെന്ന് തുറന്നടിച്ച ഫ്രഞ്ചുകാരന്‍. ഈ കഥയെ ഇല്ല്യൂമിനേഷന്‍സ് എന്ന വിഖ്യാത പുസ്തകമെഴുതിയ വാള്‍ട്ടര്‍ ബെഞ്ചമിന്‍ സാമൂഹികശാസ്ത്ര ദൃഷ്ട്യാ വ്യാഖ്യാനിച്ചിട്ടുണ്ട്. ഏതുതരം പരിവേഷവും ഒരു വച്ചുകെട്ടാണ് എന്ന ബോധ്യം നിസ്സാരമായ കാര്യമല്ല. എന്നാലും അതല്ല, കഥയുടെ അവസാനഭാഗത്തെ പരിഹാസമാണ് കുറച്ചുകൂടി ഗൌരവം അര്‍ഹിക്കുന്നത് എന്നാണെന്റെ തോന്നല്‍ . ഈ കഥ പങ്കുവയ്ക്കുന്ന ഭാവന, ഭയപ്പെടുത്തുന്ന തരം ഭൂരിപക്ഷ അജ്ഞതയെ സംബന്ധിച്ചും കൂടിയുള്ളതാണ്. ഈസോപ്പിന്റെ കഥയിലെ കുരങ്ങന്മാരെ ഉപദേശിക്കാന്‍ പോയ കുരുവിയുടേതിനു സമാനമായ ഏകാകിതയുടെയും പീഡനാനുഭവത്തിന്റെയും ഭാവതലമാണത്. ദൈനംദിനാനുഭവങ്ങളുടെ ഉപരിതലം മാത്രമാണ് സാധാരണജനം അറിയുന്നത്. അനുഭവഘടനകളുടെ ആഴം കവികള്‍ക്ക് പ്രത്യേകിച്ച് സര്‍ഗാത്മക എഴുത്തുകാര്‍ക്ക് മാത്രം പ്രാപ്യമായ സംഗതിയാണ്. അനുഭവത്തെ നിര്‍വ്യക്തികവും സാര്‍വജനീനവുമാക്കുന്നത് ഈ ആഴക്കാഴ്ചകളാണ്. ആ നിലയ്ക്കാണ് കവിയും ബുദ്ധിജീവിയാകുന്നത്. പഠനമനനങ്ങളിലൂടെ സവിശേഷമായി ആര്‍ജ്ജിച്ച ജ്ഞാനരൂപങ്ങളെ സാമൂഹികമോ സാംസ്കാരികമോ സാമ്പത്തികമോ രാഷ്ട്രീയമോ ആയ പ്രശ്നങ്ങളുടെ വിശകലനത്തിനും പരിഹാരനിര്‍ദ്ദേശത്തിനുമായി പ്രയോഗിക്കുന്ന ഒരാളാണ് ബുദ്ധിജീവി. സമൂഹത്തെ മുന്നോട്ടു നയിക്കാന്‍ കെല്‍പ്പുള്ള ഉന്നതമായ ചിന്തകള്‍ക്കും ദിനസരികളില്‍പ്പെട്ട് നട്ടം തിരിയുന്ന സാമാന്യഭൂരിപക്ഷത്തിനും ഇടയില്‍ പാലം പണിയുന്നത് എണ്ണത്തില്‍ കുറഞ്ഞ ഈ അനംഗീകൃത നിയമനിര്‍മ്മാതാക്കളാണ് എന്നൊരു പരമ്പരാഗത വിശ്വാസമുണ്ട്. പക്ഷേ ബുദ്ധിജീവിയ്ക്ക് വ്യാപകമായി ഒരു മഹിമാ പരിവേഷമില്ല. പ്രബുദ്ധകേരളത്തില്‍ ഒട്ടും ഇല്ല. കുളിക്കാത്ത, താടി വളര്‍ത്തിയ, പ്രത്യേകതരം വസ്ത്രം ധരിക്കുന്ന, അലസതയും പരാന്നജീവിതവും വ്രതമാക്കിയ, കടിച്ചാല്‍ പൊട്ടാത്ത വിചിത്രഭാഷയില്‍ സംസാരിക്കുന്ന ജീവിവര്‍ഗമായാണ് കേരളത്തിലെ സവിശേഷമായ സാംസ്കാരികാന്തരീക്ഷത്തില്‍ ബു.ജീ. ചിത്രങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഇതിനൊരു കാരണം ചലനാത്മകതയുടെ കൂമ്പെന്നോ അടഞ്ഞുപോയ കേരളീയസമൂഹത്തില്‍ നിലനില്‍ക്കുന്ന ബുദ്ധിജീവികള്‍ വെറും പകര്‍പ്പുകള്‍ മാത്രമാണ് ഒര്‍ജിനലല്ല എന്ന പൊതുബോധത്തിന്റെ ശക്തമായ വിശ്വാസമാണ്. അപ്പോള്‍ മിമിക്രിയ്ക്കു കിട്ടുന്ന കൈയ്യടിയേ ഏതു ബുദ്ധിജീവി നാട്യത്തിനും ലഭിക്കൂ എന്നു വരുന്നു. രണ്ടാമത്തെകാരണം നിലവിലുള്ള ബുദ്ധിജീവികളുടെ, കാലത്തിനു ചേരാത്ത പെരുമാറ്റ രീതികള്‍ (ബുദ്ധിജീവികള്‍ വരും കാലത്തോടാണല്ലോ സംവദിക്കുന്നത്) സ്വതവേ പരിഹാസവും പരപുച്ഛവും മുഖമുദ്രയാക്കിയ ആള്‍ക്കൂട്ടത്തിനു രുചിക്കാതെ പോകുന്നതാവാം.

കാരണമെന്തായാലും ബുദ്ധിജീവി എന്നത് ഒരു കളിപ്പേരും തമാശയുമൊക്കെയാണ്. ഏതു നിലയ്ക്കായാലും ഇതൊരു ഭീകരമായ അജ്ഞതയുടെ ഫലമാണ്. ഒന്നുകില്‍ നമ്മുടെ സമൂഹത്തില്‍ ഒരു ധൈഷണിക വിഭാഗം ഇല്ലെന്നു മനസ്സിലാക്കാനുള്ള വിവേകം ബഹുഭൂരിപക്ഷം കൈയ്യാളണം. അല്ലെങ്കില്‍ ഉള്ളതെന്തായാലും അവരെ തിരിച്ചറിയാനും കൊള്ളാനും തള്ളാനും തക്കവിധത്തിലുള്ള ഒരു വിവര്‍ത്തനസമൂഹം രൂപപ്പെടുകയും അതുമായി നീക്കുപോക്ക് സാദ്ധ്യമായി വരികയും വേണം. ഇതു രണ്ടും സംഭവിക്കുന്നില്ല. ഈ വിടവാണ് നമ്മുടെ സാംസ്കാരികവും രാഷ്ട്രീയവുമായ വിനിമയങ്ങളെ എല്ലാം ഉള്ളുപൊള്ളയാക്കുന്നത്. ബൌദ്ധികനാട്യങ്ങള്‍ക്ക് കുറവൊന്നുമില്ല. പക്ഷേ ബൌദ്ധികതയുടെ ആധികാരികതയെക്കുറിച്ച് നമുക്ക് സംശയങ്ങള്‍ മാത്രമേ ഉള്ളൂ. അതെന്താ അങ്ങനെ? നിഖില്‍ പദ്ഗാവോങ്കറുമായി നടത്തിയ അഭിമുഖത്തില്‍ ഇരുപതാം നൂറ്റാണ്ടിലെ സ്വതന്ത്ര ചിന്തകരില്‍ പ്രമുഖന്‍ എന്നു പേരുകേട്ടയാളും ഓറിയന്റലിസം എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ കര്‍ത്താവുമായ എഡ്വേഡ് സെയ്ദ് മനുഷ്യാവകാശലംഘനത്തിനും അനീതിയ്ക്കുമെതിരെ ഉണര്‍ന്നിരിക്കുക എന്നതാണ് ബുദ്ധിജീവികള്‍ എന്നു വിളിക്കപ്പെടുന്ന ധൈഷണികരുടെ ഒന്നാമത്തെ ചുമതല എന്നു തീര്‍ത്തു പറഞ്ഞു. നീതിയും അനീതിയും ആര്‍ക്കും എളുപ്പം തിരിച്ചറിയാനാവും. സാഹചര്യത്തോടുള്ള സവിശേഷമായ ബന്ധത്തില്‍ നിന്നാണ് ചരിത്രബോധം ആവശ്യപ്പെടുന്ന സത്യത്തിലേയ്ക്ക് ഒരാള്‍ക്ക് നടന്നു കയറാന്‍ പറ്റൂ.. ഈ സാഹചര്യം വ്യക്തിപരമോ സ്വന്തം സമൂഹത്തിന്റെയോ പരിമിതികളുടെയൊക്കെയോ ആവാം. സാഹചര്യങ്ങളെക്കുറിച്ചുള്ള ചിന്തയില്‍ മുഴുകിയിരിക്കുന്നതിനാല്‍ ബുദ്ധിജീവി ഒരിക്കലും സന്ദേഹമില്ലാത്തവനായി തീരില്ല. ഇതാണ് അയാള്‍ക്ക്/അവള്‍ക്ക് ശത്രുക്കളെ സമ്പാദിച്ചുകൊടുക്കുന്ന ഘടകം. അതേസമയം ദൈവത്തെ ആരാധിക്കുന്ന ബുദ്ധിജീവികളെ താനെന്നും ശക്തമായി തന്നെ എതിര്‍ക്കുമെന്നും സെയ്ദ് കൂട്ടിച്ചേര്‍ത്തു. സ്ഥായിയായ ഒരു മൂല്യബോധമാണ് ബുദ്ധിജീവിയെ ഭരിക്കേണ്ടത്. അതതുകാലത്തെ വീക്ഷണങ്ങള്‍ തങ്ങളുടെ കാഴ്ചപ്പാടിനെ തീണ്ടാതിരിക്കാന്‍ അവര്‍ ശ്രദ്ധിക്കണം. സത്യമെന്നതു ഒരിക്കലും കണ്ടെത്തുകയില്ലെങ്കിലും എന്താണു സാധ്യമെന്നതിനെക്കുറിച്ച് ഒരു അവബോധം എപ്പോഴും ഉണ്ടായിരിക്കേണ്ടതാണ്.

സെയ്ദ് നിര്‍ദ്ദേശിക്കുന്ന ബുദ്ധിജീവിചര്യകള്‍ ചില സംശയങ്ങള്‍ ന്യായമായും ഉണ്ടാക്കുന്നുണ്ട്. മൂല്യങ്ങളുടെ സ്ഥിരതയില്‍ ഊന്നുന്ന സെയ്ദ് എന്തിനു ദൈവം എന്ന മൂല്യസഞ്ചയത്തെ തള്ളിക്കളയുന്നു എന്നതാണ് ഒന്നാമത്തെ ചോദ്യം. എങ്കിലും, ധാര്‍മ്മിക ബോധത്തോടെയും ബുദ്ധിപരമായ ഉണര്‍വോടെയും ഇങ്ങനെയൊരു ബുദ്ധിജീവിയായിരിക്കുന്നതില്‍ എന്താണ് തകരാറ്‌? ഭാഷാശാസ്ത്രത്തിലും രാഷ്ട്രീയത്തിലും ഒരുപോലെ വിപ്ലവകരമായ ഇടപെടലുകള്‍ നടത്തിയ നോം ചോംസ്കി ഒരഭിമുഖത്തില്‍ അറുത്തു മുറിച്ചു പറഞ്ഞു : “ഞാന്‍ ഒരു ബുദ്ധിജീവിയല്ല, ഭാഷാശാസ്ത്രജ്ഞനും മനുഷ്യനുമാണ്. ലോകരാഷ്ട്രീയ പ്രശ്നങ്ങളിലും സാമൂഹികപ്രശ്നങ്ങളിലും എന്റെ നിലപാടുകള്‍ മനുഷ്യനെന്ന നിലയ്ക്കുള്ളതാണ്. ” ഭാഷാശാസ്ത്രജ്ഞന്‍ എന്ന നിലയ്ക്കുള്ള സ്വാധീനത്തെ മറ്റു മേഖലയില്‍ പ്രയോഗിച്ചിട്ടില്ലെന്നും അതിനു പ്രത്യയശാസ്ത്ര പ്രതിഫലനങ്ങളില്ലെന്നും ചോംസ്കി പറയുന്നതിനെ സൂക്ഷിച്ച് വായിച്ചാല്‍ ബുദ്ധിജീവിയുടെ ചോംസ്കിയന്‍ നിര്‍വചനം നമുക്ക് തെളിഞ്ഞു കിട്ടും. ചോംസ്കി ബുദ്ധിജീവിയല്ലെങ്കില്‍ മറ്റാരാണ് ബുദ്ധിജീവി? മാര്‍ക്സ് തന്റെ നിര്‍വചനമനുസരിച്ച് താന്‍ ശരിയായ മാര്‍ക്സിസ്റ്റല്ലെന്നു പറഞ്ഞതുപോലെ ചോംസ്കി തന്റെ തന്നെ നിര്‍വചനത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നു രക്ഷപ്പെട്ട് സത്യസന്ധനാവാനായിരിക്കും വിനയാന്വിതനാവുന്നത്. ബുദ്ധിജീവി നിര്‍വചനത്തിന്റെ പരിധികളെ വലുതാക്കിയ ചിന്തകന്‍ അന്തോണിയോ ഗ്രാംഷിയാണ്. ബുദ്ധിജീവികള്‍ സ്വതന്ത്രമായ ഒരു വര്‍ഗ്ഗമാണോ ഓരോ സാമൂഹിക വര്‍ഗ്ഗത്തിനും പ്രത്യേകം പ്രത്യേകം ബുദ്ധിജീവികളുണ്ടോ എന്നാണ് ഗ്രാംഷി അന്വേഷിച്ചത്.

സാഹിത്യകാരന്മാരോ ദാര്‍ശനികരോ കലാകാരന്മാരോ പത്രപ്രവര്‍ത്തകരോ പുരോഹിതന്മാരോ മാത്രമല്ല ഒരു സമൂഹത്തിലെ ബുദ്ധിജീവിവൃന്ദം. ഗ്രാംഷിയുടെ അഭിപ്രായത്തില്‍ സമൂഹത്തിലെ എല്ലാവരും ബുദ്ധിജീവികളാണ്. പക്ഷേ ബുദ്ധിജീവികള്‍ക്ക് സമൂഹത്തിലുള്ള കര്‍ത്തവ്യം എല്ലാവര്‍ക്കും ഇല്ലെന്നു മാത്രം. നമ്മളെല്ലാം ചിലപ്പോഴെങ്കിലും മുട്ട പൊരിക്കുകയോ പിന്നിക്കീറിയ തുണി തയ്ക്കുകയോ ചെയ്യാറുണ്ടല്ലോ. എന്നു വച്ച് നമ്മളെ ആരും പാചകക്കാരായോ തുന്നല്‍ക്കാരായോ കണക്കാക്കാറില്ല. ബുദ്ധിപരമായ ഇടപെടലുകള്‍ തീര്‍ത്തും ഒഴിവാക്കാവുന്ന ഒരൊറ്റ മാനുഷികപ്രവര്‍ത്തനവും ഇല്ല. അതുകൊണ്ട് ലോകത്തെക്കുറിച്ച് ഇന്നത്തെ ധാരണ നിലനിര്‍ത്തുന്നതിലോ അതു മാറ്റുന്നതിലോ പുതിയ ചിന്താസരണികള്‍ വെട്ടി തുറക്കുന്നതിലോ ഓരോരുത്തരും അവരുടേതായ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കും. പിന്നെ എവിടെയാണ് വ്യത്യാസം? രണ്ടുതരം ബുദ്ധിജീവികളുണ്ടെന്ന് ഗ്രാംഷി. സമൂഹത്തിന്റെ പുരോഗതിയ്ക്ക് സഹായകമായ നിലപാടെടുക്കുന്നവരോട് ഒത്തുപോകുന്ന ജൈവം (ഓര്‍ഗാനിക്) എന്ന സംഘവും നേരത്തെ പറഞ്ഞ തരത്തിലുള്ള എഴുത്തു തൊഴിലാളികളും തൊണ്ട തൊഴിലാളികളും മാത്രം അടങ്ങിയ പരമ്പരാഗത (ട്രഡിഷണല്‍ ) സംഘവും. ഇവര്‍ തമ്മിലുള്ള സംഘര്‍ഷം ചരിത്രത്തിന്റെ സന്ധികളിലെല്ലാം ഉണ്ട്. അധികാരവുമായി ബന്ധപ്പെട്ട് എപ്പോഴും രൂപം കൊള്ളുന്ന പരമ്പരാഗതവിഭാഗങ്ങളെ കൂടെകൂട്ടാനും തങ്ങളുടെ ആശയഗതിയ്ക്കനുസരിച്ച് സ്വാധീനിക്കാനും ജൈവസംഘങ്ങള്‍ക്ക് കഴിഞ്ഞപ്പോഴൊക്കെയാണ് പല സമൂഹങ്ങളിലും വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടായത്.

ലോകത്തെക്കുറിച്ചുള്ള ധാരണയുടെ അടിത്തറ, ചിന്തയും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തമാണ്. പേശീ-നാഡീ സന്തുലിതാവസ്ഥ എന്നാണിതിനെ ഗ്രാംഷി വിളിക്കുന്നത്. ഈ പ്രവര്‍ത്തനമാണ് ഭൌതികലോകത്തെയും സാമൂഹിക ലോകത്തെയും തുടര്‍ച്ചയായി മാറ്റിക്കൊണ്ടിരിക്കുന്നത്. പുതിയ സാങ്കേതിക വിദ്യ അഭ്യസിക്കപ്പെട്ട തൊഴിലാളിയും പുത്തന്‍ ബുദ്ധിജീവിസങ്കല്‍പ്പത്തിന്റെ അടിത്തറയാണെന്ന് പറയുന്നത് അതുകൊണ്ടാണ്. ചിന്ത ഒരിടത്തും പ്രവര്‍ത്തനം മറ്റൊരിടത്തുമായി കേന്ദ്രീകരിക്കപ്പെട്ട് വ്യത്യസ്തമായ ദിശകളിലേക്ക് നീങ്ങിയാല്‍ സമൂഹത്തിന്റെ ചലനാത്മകത (മൊബിലിറ്റി) പ്രശ്നസങ്കുലമാവും എന്നു തന്നെയാണ് ചുരുക്കം. തീര്‍ത്തും പുരോഗമനപരമല്ലെന്ന് പറയാവുന്ന സമൂഹത്തിന്റെ കാപട്യങ്ങളില്‍ ഒരു വിള്ളല്‍ കാര്യമായി തന്നെ കാണാം. ചിന്താപ്രക്രിയ ഒരിക്കലും നശിക്കുന്നില്ല. ഇല്ലാതെയാവുന്നത് ശരിയായ ഒരു വിനിമയമാണ്. മനസ്സിലാകായ്ക. മനസിലാക്കാന്‍ വേണ്ടിയുള്ള ഉത്സാഹമില്ലായ്മ, മറുവശത്ത്, മനസ്സിലാക്കാന്‍ വേണ്ടിയുള്ള കാതലില്ലായ്മ. അതുകൊണ്ടുള്ള കപടനാട്യങ്ങള്‍ . ഈ രണ്ടാം പ്രത്യേകതകള്‍ തിരിച്ചറിയണമെങ്കില്‍ തന്നെ ബൌദ്ധികജാഗ്രതയും ധ്യാനമനസ്കതയും വേണമല്ലോ. അതു തിരിച്ചറിയിക്കാന്‍ പ്രാപ്തിയുള്ള ഏകാഗ്രമായ ഒരു ന്യൂനപക്ഷസമൂഹം ഉണര്‍ന്നിരിക്കണമല്ലോ. നമ്മളെത്ര വലിയ വിഷമസന്ധിയ്ക്കു നടുവിലാണെന്ന് തിരിച്ചറിയാന്‍ ഇത്രയും പോരേ? ആര്, ആരാവാനാണ് ശ്രമിക്കുന്നതെന്നൊരു പ്രശ്നം ഇവിടെയുണ്ട്. ബുദ്ധിപരമായ ഉയര്‍ച്ചയ്ക്കും സാമാന്യജനത്തിന്റെ പ്രവൃത്തികള്‍ക്കും ഇടയിലുള്ള പാലം പൊളിഞ്ഞ് അത് ഒരു ചരിത്രവസ്തുവായി ആദരിക്കപ്പെടുന്നതിന്റെ ഉത്സവാഘോഷങ്ങളാണ് സമൂഹത്തില്‍ പൊതുവേ കാണുന്ന ലാഘവമനോഭാവം. അതങ്ങനെ കൂക്കുവിളികളായി, തെറികളായി, ഭീഷണികളായി, ആക്രോശവും കാറിത്തുപ്പലുകളുമായി.. അങ്ങനെ അങ്ങനെ ...

വൈകുന്നേരത്തെ നാട്ടുക്കൂട്ടങ്ങളില്‍ പ്രാദേശിക ബുദ്ധിജീവി എന്ന വിശേഷണം ഇടയ്ക്കിടയ്ക്ക് നിറയുന്നതു കാണാം. ഇല്ലാത്ത ഒന്നിനു രൂപം നല്‍കുകമാത്രമല്ല ഗ്രേഡു നിശ്ചയിക്കുകയും കൂടി ചെയ്യുന്നിടത്തേയ്ക്ക് നീങ്ങിയിരിക്കുന്നു കാര്യങ്ങള്‍ . എടുത്തണിയാന്‍ എത്ര എത്ര പരിവേഷങ്ങളാണ് റോഡരികില്‍ നിന്നും നമുക്ക് കിട്ടുന്നത് ! കൂട്ടത്തില്‍ പറയട്ടേ, ഗ്രാംഷിയെ വിവര്‍ത്തനം ചെയ്യുകയും വ്യാഖ്യാനിക്കുകയും ചെയ്യുമ്പോള്‍ പി ഗോവിന്ദപിള്ളയും ഇ എം എസും ബുദ്ധിജീവി എന്ന പേരിനെ മാറ്റി ‘ധൈഷണികര്‍ ’എന്ന വാക്കാണ് ഉപയോഗിച്ചത്. ഒരു വാക്കിനു വന്ന അപചയത്തിനു വ്യക്തമായ ഉദാഹരണം ! ഫിലിമോത്സവം തുടങ്ങുകയാണ്. വര @തല സുജിത്തിന്റെ കാര്‍ട്ടൂണുകളില്‍ ഇനി ബുജികള്‍ തലങ്ങും വിലങ്ങും നിറയും. എന്നാല്‍ പോലും ഇതൊന്നുമല്ല, ഈ പോസ്റ്റിന്റെ യഥാര്‍ത്ഥകാരണം. ഇതിനകം ബൂലോകത്ത് പലപാട് പ്രസിദ്ധമായി കഴിഞ്ഞ, അനോനിയുടെ കമന്റിലെ ആ പ്രസിദ്ധ വാചകമാണ്.

“ബുദ്ധിജീവിയാണത്രേ ബുദ്ധിജീവി....”

ചിത്രം : ടി കെ സുജിത്തിന്റെ വര@തലയിലെ ബുജി കാര്‍ട്ടൂണ്‍

43 comments:

Dinkan-ഡിങ്കന്‍ said...

ആരാണ്‌ ബുദ്ധിജീവി എന്ന ചോദ്യം അടുത്ത കാലത്ത് കൂടുതല്‍ തോതില്‍ ഉയരുന്നുണ്ട്. കാര്‍ട്ടൂണുകളിലും, കാരിക്കേച്ചറലുകളിലും കാണുന്ന (ഗിറ്റാര്‍ ഒഴിവാക്കിയ)"അപ്പിഹിപ്പി"കോലത്തിലുള്ള മുഷിഞ്ഞു നാറിയ ജുബ ധരിച്ച എന്തൊ 'സാധന'മാണ്‌ ബുജിയെന്ന് ഒരു പൊതുബോധം നമുക്കുണ്ട്. ഉടല്‍ രൂപത്തിന്റെ പ്രോട്ടോടൈപ്പുകളില്‍ (അത് വ്യാജനിര്‍മ്മിതിയെങ്കില്‍ കൂടെ) ഒരു ഹിപ്പിയിസം അതിനെ പൊതിഞ്ഞു നില്‍ക്കുന്നുണ്ട്. അരാജകത്തോളം വളരുന്ന സ്വാതന്ത്ര്യബോധം നിലവില്‍ വരുത്താന്‍ ശ്രമിച്ച ഹിപ്പികള്‍ തന്നെ അമേരിക്കന്‍ ഭരണകൂടത്തിന്റെ വ്യാജനിര്‍മ്മിതികളെന്നും വ്യാഖ്യാനമുണ്ട്. തൊള്ളായിരത്തി അമത്തിന്റെ അവസാനം തുടങ്ങിയ വിയറ്റ്നാം യുദ്ധത്തിനെതിരെ അമേരിക്കന്‍ യുവത്വം "ബുദ്ധിപരമായ" ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ തുടങ്ങിയതോടെ അവരെ ലഹരിയിലേക്കും, മിഥ്യാസ്വാതന്ത്ര്യത്തിലേക്കും തള്ളി വിടാനുള്ള ഒരു ഉപാധിയായിരുന്നു അന്നതെ ഹിപ്പി-ഇന്റലക്‌ച്വലിസം. പിന്നീട് സെമിറ്റിക് പാപബോധം/സ്റ്റേറ്റ് നിയമം/വൈയക്തിക കടന്നു കയറ്റം എന്നിവയിലേക്കുള്ള സമരപാതയില്‍ പാശ്ചാത്യസംഗീതത്തിന് തലയിളക്ക-അകമ്പടി പോലെ കൂട്ടായതും ഒരു പക്ഷേ ഹിപ്പിയിസം ആകാം...(അപ്പോള്‍ അന്ന് യുദ്ധങ്ങള്‍ക്കെതിരെ നേര്‍ക്കു നേരേ നിന്ന് ചോദ്യം ചോദിച്ച ബുജികള്‍?????)

അറുപതുകള്‍ മുതല്‍ എണ്‍പതുകളുടെ പാതിവരെ സമാന്തര പൊതുബോധമായി നിന്ന ആശയത്തിന്റെ വ്യാജനിര്‍മ്മികള്‍ പിന്നീട് സൃഷ്ടിക്കപ്പെടുകയോ, ആ വിധത്തില്‍ തെറ്റിധരിക്കപ്പെടുകയോ ചെയ്തിരിക്കാം. അബ്ട്രാക്റ്റ് ചെയിന്റ് ചെയ്യുന്നവന്‍ മുടി നീട്ടിയാല്‍, ചര്‍ച്ചകളിലെവിടെയോ ലെക്കാനെന്നോ/ഫൂകോയെന്നോ/ബോദ്രിയാര്‍ദ്ദെന്നോ/സിസെക്കെന്നോ മിണ്ടിപ്പോയാല്‍, സിനിമകളില്‍ ബെനുവലെന്നോ, തര്‍ക്കോവ്സ്ക്കിയെന്നോ ഉച്ചരിച്ചാല്‍ ഒക്കെയും "ജനപ്രിയത"യില്‍ നിന്നും, ഒരുപരിധിവരെ 'തങ്ങളുടെ തന്നെ വ്യാജനിര്‍മ്മിതിപ്പതിപ്പുകളോടുള്ള' കളിയാക്കലുകളില്‍ നിന്നും ആക്രമണം ഏറ്റുവാങ്ങാന്‍ തുടങ്ങി. എന്നാണ്‌ തോന്നുന്നത്. താന്‍ ബുദ്ധിജീവിയല്ല എന്ന ചോംസ്കീയന്‍ നിലപാടില്‍ നിന്ന് വ്യക്തമാകുന്ന ഒന്നുണ്ട്. "എന്തല്ല, എങ്ങനെയല്ല... എന്നു മാത്രമേ പറയാനാകൂ, എന്താണെന്ന് നിര്‍‌വ്വചിച്ചു കഴിഞ്ഞാല്‍ പിന്നെ അതിന്റെ ഭാഗമായി വിമര്‍ശനസാധ്യതകളില്ലാതെ നിന്നേ മതിയാകൂ" എന്ന പ്രമാണപ്രകാരമാകണം ചോംസ്കി താന്‍ ബുജിയല്ലെന്ന് പറയുന്നത്. :)

അതുകൊണ്ട് തന്നെയാണ്‌ സെയ്ദ് ബുദ്ധിജീവി സമൂഹത്തിന്റെ, ചിന്തകരുടെ സമൂഹ ചുമതലകളെക്കുറിച്ച് ഓര്‍മ്മിപ്പിക്കുമ്പോഴും ഇന്ത്യന്‍ ബുജികളില്‍ മികച്ചവരിലൊരാളായ ഗായത്രി ചക്രവര്‍ത്തി സ്പിവക്കിന്റെ ഇന്റര്‍‌വ്യൂവിന്റെ തലക്കെട്ടു തന്നെ "Not Really a Properly Intellectual Response" എന്നായി മാറുന്നത്. തമ്മില്‍ തമ്മില്‍ ഐറണിയുടെ ഐയ്യരുകളികളിലൂടെ ആണ്‌ ഏകപക്ഷീയമല്ലാത്ത വിധം ചിന്തകരും, ചിന്തകളും മുന്നോട്ട് പോകുന്നത്. അതുകൊണ്ട് തന്നെ മുഷിഞ്ഞു നാറിയ ജുബ്ബകള്‍ ഇട്ട് കുളിയും‌ നനയുമില്ലാതെ വ്യാജ പതിപ്പുകള്‍ ഇറങ്ങിയാലും, രൂപഘടനയോടും ആശയത്തോടും കളിയാക്കുന്ന വിധം ഇടപെടലുകള്‍ ഉണ്ടായാലും, ആശയം-ചിന്ത എന്നത് സാധ്യമായ സാഹചര്യ സാധുതയെങ്കില്‍ (എല്ലാ കാലത്തും ന്യൂനപക്ഷമായിരുന്ന) അതിന് നിലനില്പ്പുണ്ടാകുക തന്നെ ചെയ്യും.

chithrakaran:ചിത്രകാരന്‍ said...

ഈ പോസ്റ്റിന്റെ പ്രചോദനമെന്നു പറയാവുന്ന സുജിത്തിന്റെ കാര്‍ട്ടൂണിന് ആ ബുജിയാലിറ്റി വേണ്ടവണ്ണം ഉള്‍ക്കൊള്ളാനായിട്ടില്ല.ആ ചങ്ങായി കുറച്ചു കൂടി ബുജി നിരീക്ഷണം നടത്തേണ്ടിയിരിക്കുന്നു.
ഒന്നാമത് അല്‍പ്പമെങ്കിലും ബുദ്ധിയുള്ള ഒരു ബുജിയും ആ ക്ലോസപ്പ് ചിരി ചിരിക്കില്ല. കോഴിമുട്ടപോലുള്ള കണ്ണുകളും ബുജിയുടേതല്ല.ധ്യാനനിമഗ്നമായ ..ഏതാണ്ട് ബുദ്ധന്റെ കണ്ണുകളെപ്പോലെ മുക്കാഭാഗവും അടഞ്ഞ കണ്ണുകളായിരിക്കും ബുജിയുടെത്. ബുജിയായി വേഷം കെട്ടുന്നവര്‍ ഈ ലക്ഷണങ്ങള്‍ കുറച്ചുകൂടി തന്മയത്വമായി
അഭിനയിച്ചു ഫലിപ്പിക്കാന്‍ ശേഷിയുള്ളവരായിരിക്കും.
അതുകൊണ്ടുതന്നെ ബുദ്ധിജീവിക്ക് തറവില നിശ്ചയിച്ചാല്‍പ്പോലും സുജിത്തിന്റെ ബുജി പൊറത്തായിരിക്കും :)

കേരളത്തിലെ പറംബുകളില്‍ സാധാരണ കാണപ്പെടുന്ന നാടന്‍ ബുജികളെ കരയോഗം ബുജികള്‍, ശാസ്ത്രജ്ഞബുജി(കരയോഗം ഇനം), പാര്‍ട്ടി ബുജികള്‍(ബൈഹാര്‍ട്ട് ബുജികള്‍ എന്നും പറയും), അധ്യാപക ബുജികള്‍(പലവക-പിഡിയോ തെറാപ്പി ബുജിഅടക്കം), പെരുവഴി ബുജികള്‍,കലാകാര ബുജികള്‍(വിശ്വകര്‍മ്മ ,കൊശവ,നംബൂതിരി ഇനങ്ങള്‍),ആദ്ധ്യാത്മിക ബുജികള്‍,ദൈവശാസ്ത്ര ബുജികള്‍,മൊല്ലാക്ക ബുജികള്‍,ആല്‍ത്തറ ബുജികള്‍,ഐ.എ.എസ്/ഐ.പി.എസ് ബുജികള്‍,
ഇസ്ലാമിക മനുഷ്യാവകാശ ബുജികള്‍,പ്രകൃതി ബുജികള്‍,ചാനല്‍ ബുജികള്‍.... തുടങ്ങിയ ഇനങ്ങളായി തിരിക്കുകയോ തിരിക്കാതിരിക്കുകയോ ചെയ്യാവുന്നതാണ്.അംബലപ്പറംബുകള്‍,പള്ളിത്തൊടികള്‍,സ്കൂള്‍ മൈതാനങ്ങള്‍,സമരപ്പന്തലുകള്‍ എന്നിവിടങ്ങളിലാണ് മേല്‍ക്കാണിച്ച ബുജികളുടെയെല്ലാം ആവാസകേന്ദ്രം എന്നതിനാല്‍ പൊതുവേ നമ്മുടെ ബുജികളില്‍ 99.99 ശതമാനവും മൂത്ത ദൈവവിശ്വാസികളോ പാര്‍ട്ടി വിശ്വാസികളോ ആയിരിക്കും. അതുകൊണ്ടുതന്നെ വെള്ളെഴുത്ത് സൂചിപ്പിച്ച (ശൂന്യമായ) പുരോഗതിയിലേക്ക് പാലമായി നിലകൊള്ളുന്ന ഇടത്തട്ട് ബുജികളാണിവര്‍.ഇവറ്റകളെ വിശ്വസിച്ച് പാലത്തിലൂടെ ജനം ഇരച്ചു കയറിയാല്‍ താഴെ അറബിക്കടലില്‍ വീഴുമെന്ന് ജനത്തിനു ബോധ്യമുള്ളതുകൊണ്ടാണ് സ്ഥായിയായ പുച്ഛരസം ജനം ബുജിക്കുനേരെ വച്ചുപുലര്‍ത്തുന്നത്.

മന്ദബുദ്ധികളേയും,ഭ്രാന്തന്മാരേയും,ആഭാസന്മാരേയും,ദൈവദോഷികളേയും,ജാതിഭ്രാന്തന്മാരേയും ബുജിയായി അംഗീകരിക്കുംബോള്‍ വിവരമറിയിക്കണേ... ഒരു ബുജിക്കുപ്പായം തയ്ക്കാന്‍ കൊടുക്കാനായിരുന്നു :)

മൂര്‍ത്തി said...

ഒരു നാള്‍ അരാഷ്ട്രീയ ബുദ്ധിജീവികള്‍ ചോദ്യം ചെയ്യപ്പെടും എന്ന കവിതയും ഓര്‍മ്മിക്കാം.

Calvin H said...

ഇന്റലിജെന്റ് പേഴ്സണും ഇന്റലക്ച്വൽ പേഴ്സണും തമ്മിലുള്ള വ്യത്യാസം ഇന്റലക്ച്വൽ തന്നെ ഇന്റലിജൻസ് സാമൂഹ്യമായ ഇടപെറ്റലുകൾക്കു കൂടെ ഉപയോഗിക്കുന്നു എന്നതതത്രേ.

ബുജിയെന്ന് വിളിക്കുന്നത് കൂടുതലും ബുജി നാട്യക്കാരെയായതു കൊണ്ടും, അതിനാൽ അതൊരു മോശം അഭിസംബോധനയായി ബുജികൾ പോലും കരുതുന്നത് കൊണ്ടും കേരളത്തിൽ ബുജിയെന്നത് ഒരു തരം ചീത്തവിളിപ്പേരായി മാറിപ്പോയി...

കാളിയമ്പി said...

കുമ്പസാരം:
ഒരു ബുദ്ധിജീവിയാകാന്‍ ഭീകരമായി ആഗ്രഹമുള്ളവനാണിവന്‍.ഇടയ്ക്കിടയ്ക്ക് സ്വയം ബുദ്ധിജീവിയാണെന്ന് തോന്നുകയും ചെയ്യും.ഒരു പാവം ചെവി കിട്ടിയാല്‍ പ്രത്യേകിച്ചും.

ബ്ലോഗ്ഗ് അതിലൊരു വലിയ സാധ്യതയാണ് തുറന്ന് തന്നത്.പുശ്ചം ഒരു സ്ഥായിയായ സ്വഭാവമായി നിലനില്‍ക്കുന്നില്ല എന്നൊരു വലിയ ദോഷവുമുണ്ട്.. അതില്ലെങ്കില്‍ ഞാനും ഒരു പരമ ബുദ്ധി ജീവി തന്നെ.

സൂരജ് പറഞ്ഞത് എന്നെയല്ല.:)

ഇവിടെ കുമ്പസരിയ്ക്കാന്‍ ഞാരാരാടാ പാതിരിയോ എന്നൊരു ചോദ്യം ഞാന്‍ കേട്ടു. പരസ്യമായി കുമ്പസരിയ്ക്കുന്നത് പാപമാണോ ഡോക്ടര്‍ വൈറ്റ് റൈറ്റിംഗ്?

Anonymous said...

സത്യത്തില്‍ ഒരു ശരിക്കും ബുദ്ധിജീവിയെ കണ്ട കാലം മറന്നു..എവിടെയെങ്കിലും കിട്ടാനുണ്ടോ? ( ബ്ലോഗിലെ അപ്പി ഹിപ്പി സാധനങ്ങളെ വേണ്ട)

Suraj said...

"ഭാഷാശാസ്ത്രജ്ഞന്‍ എന്ന നിലയ്ക്കുള്ള സ്വാധീനത്തെ മറ്റു മേഖലയില്‍ പ്രയോഗിച്ചിട്ടില്ലെന്നും അതിനു പ്രത്യയശാസ്ത്ര പ്രതിഫലനങ്ങളില്ലെന്നും ചോംസ്കി പറയുന്നതിനെ [...]. ചോംസ്കി ബുദ്ധിജീവിയല്ലെങ്കില്‍ മറ്റാരാണ് ബുദ്ധിജീവി ?"

പറക്കാനുള്ള യന്ത്രം ഡിസൈന്‍ ചെയ്യുന്ന അതേ ധിഷണയാല്‍ അനുപമമായ മോനാലിസച്ചിരിക്ക് ചായം തേയ്ക്കുന്ന യൂണിവേഴ്സല്‍ ബു.ജികളുടെ കാലമല്ല ഇത്. പുതിയ ലോകത്ത് ഓരോ ഏരിയയിലും സ്പെഷ്യലൈസ് ചെയ്യുന്ന ബുദ്ധിജീവികളുണ്ട് എന്നിരിക്കെ (അത് ഒരു യൂട്ടിലിറ്റേറിയന്‍ സമൂഹത്തിന്റെ സൃഷ്ടിയായിരുന്നാല്‍ത്തന്നെയും) നമുക്ക് എല്ലാ ബു.ജികളും ഒറ്റ വര്‍ഗമാണ്. ആ ധാരണയെ വെള്ളെഴുത്തും പിന്‍പറ്റുന്നില്ലേ എന്ന് തോന്നി മുകളിലെ ഭാഗം വായിച്ചപ്പോള്‍.

ചോംസ്കിയുടെ ലിംഗ്വിസ്റ്റിക് തിയറികളെ വെല്ലുവിളിക്കാന്‍ വേണ്ടുന്ന വിജ്ഞാനമോ ധിഷണയോ അല്ല അദ്ദേഹത്തിന്റെ സാമ്രാജ്യത്വരാഷ്ട്രീയ സംബന്ധിയായ ചിന്തകളെ നേരിടാന്‍ വേണ്ടത്. പക്ഷേ നമ്മുടെ ബുജികള്‍ ഒരു കൈകൊണ്ട് കൃഷ്ണന്റെയും രാധയുടെയും പ്രേമത്തെപ്പറ്റി കവിതപടയ്ക്കും, മറ്റേ കൈകൊണ്ട് ഗുണ്ടാശല്യത്തെപ്പറ്റിയും ക്വട്ടേഷന്‍ സംഘത്തെപ്പറ്റിയും എഡിറ്റ് പേജില്‍ ലേഖനമെഴുതും - സാമൂഹ്യ വിമര്‍ശനത്തിന്റെ ഒന്നാം പാഠം സ്റ്റാറ്റിസ്റ്റിക്കല്‍ അനാലിസിസ് ആണെന്ന സാദാ വിവരം പോലുമില്ലാതെ (eg: സുഗതകുമാരി). ഉപനിഷത്ത് സാരത്തെപ്പറ്റി ബൃഹദാഖ്യാനങ്ങള്‍ ചമയ്ക്കുന്ന അതേ തലകൊണ്ട് മന്തുഗുളികവിതരണത്തെ എതിര്‍ത്തെഴുതും, പത്തുപൈസയുടെ വൈദ്യവിജ്ഞാനമില്ലാതെ (eg: അഴീക്കോട്). നോവലെഴുതിയ വിവരവും വച്ച് അവരു സാന്റ്രോക്കാറില്‍ ചെന്നിറങ്ങി നികത്തിയ പാടത്ത് 'പ്രതീകാത്മക' വിത്തെറിയല്‍ നടത്തി കൃഷിഭൂമി സം‌രക്ഷണം പ്രഖ്യാപിക്കും (eg: സാറ ജോസഫ്). സിനിമാപ്പാട്ടെഴുതുന്നവന്‍ പൊലീസ് കേസുകള്‍ ശാസ്ത്രീയമായി അന്വേഷിക്കുന്നതിനെപ്പറ്റി ജനത്തിനു 'ക്ലാസെടുക്കും' (eg: യുസഫലി കേച്ചേരി). കഥയെഴുതുന്ന ലാഘവത്തില്‍ അവര്‍ അണുബോംബുപൊട്ടിച്ചത് ലഡുകൊടുത്താഘോഷിക്കും, പിന്നെ ഇന്റര്‍‌വ്യൂകളില്‍ വിളമ്പി കുളിരുകോരിക്കും (eg: സുരയ്യ)...

നമ്മുടെ മാധ്യമങ്ങള്‍ക്കും ഈ സൈസ് സര്‍‌വജ്ഞാനികളെയാണ് പഥ്യം. നാട്ടില്‍ പേപ്പട്ടിവിഷബാധയെ സംബന്ധിച്ചായാലും മെഡിക്കല്‍ കോളെജില്‍ റെഫറല്‍ സം‌വിധാനത്തെ പള്ള് പറയാനായാലും സ്മാര്‍ട്ട് സിറ്റി ഉയര്‍ത്തുന്ന പരിസ്ഥിതി പ്രശ്നത്തെപ്പറ്റി ഉപന്യാസം ചമയ്ക്കാനാണെങ്കിലും ഒരു ഫോണ്‍ കോളും ആയിരമോ രണ്ടായിരമോ കൈയ്യില്‍ വച്ചുകൊടുക്കലും മതി. സാധനം റെഡി. ഊതിപ്പെരുക്കിയ 'പ്രഭാവലയം' ഉള്ളതുകൊണ്ട് ജനം തൊള്ളതൊടാതെ വിഴുങ്ങേം ചെയ്യും. സ്പെഷ്യലൈസേഷന്‍ എന്നത് അവരും ഭയക്കുന്ന സംഗതിയാണ്, കാരണം പത്രപ്രവര്‍ത്തനം തന്നെ 'ബുജിത്വത്തിലേക്കുള്ള' പ്രഥമ പടിയാകുന്നു നമ്മുടെ പൊട്ടക്കിണറ്റില്‍ ;))

താന്‍ ["പരമ്പരാഗത" അര്‍ത്ഥത്തിലെ] ബുദ്ധിജീവിയല്ലന്ന് ചോംസ്കി പറയുന്നതുതന്നെയാണ് സത്യം. അദ്ദേഹം ഒരു ലിംഗ്വിസ്റ്റിക് സൈക്കോളജി പ്രഫസറും ഗവേഷകനുമാണ്. Universal Grammar-ഉം inherent logic of language-ഉമൊക്കെ വിശകലിക്കുന്നതിലാണ് അദ്ദേഹത്തിന്റെ ബുജിത്വം. Fateful Triangle-ഉം Turning the Tide-ഉം എഴുതുന്ന ചോംസ്കി താന്‍ ജീവിക്കുന്ന സമൂഹത്തെപ്പറ്റിയുള്ള ആകുലതകള്‍ പങ്കുവയ്ക്കുന്ന ചോംസ്കിയാണ് ... എത്രയേറെ പഠനന മനനങ്ങള്‍ക്ക് ശേഷമാണ് അവ സമൂഹമനസ്സിനുമുന്നില്‍ വയ്ക്കുന്നത് എന്നത് അദ്ദേഹത്തിന്റെ ശാസ്ത്രത്തിലെ പ്രഫഷനലിസത്തെ അടയാളപ്പെടുത്തുന്നുവെങ്കിലും ...

simy nazareth said...

ഞാനൊരു (ബ്ലോഗിലെഴുതുന്ന) ബുദ്ധിജീവിയാണ്.

Anonymous said...

നോമും ഒരു പൊടിക്ക് ബുദ്ധിജീവിയാണ്‌. കണ്ടാ തോന്നില്യാന്നെയുള്ളൂ. ചിത്രോ, അവിടുന്ന് ബുജിക്ക് വേണ്ടി പ്രത്യേകം കുപ്പയമൊന്നും തയ്പ്പിക്കണ്ട. നോമിന്റെ(ബുദ്ധിജീവിയായ നോമിന്റെ) പഴേ കോണകം ഒന്നുണ്ട്. അതങ്ങട് തരാം. എന്തേയ്‌.

ലത said...

കുളിച്ചിട്ട് കോളേജില്‍ വരുന്നവരെ, കാഫ്‌ക വായിക്കാത്തവരെ, സിഡ്നി ഷെല്‍ഡന്‍ വായിക്കുന്നവരെ, വിത്തൗട്ട് കാപ്പി കുടിക്കാത്തവരെ, ജയനെപ്പൊലെ മസിലുവളര്‍ത്തിയവരെ, ജലജയെപ്പോലെ മുടിനീട്ടിവളര്‍ത്തിയ പെണ്‍‌കുട്ടികളെ, മുടി നീട്ടിവളര്‍ത്താഞ്ഞ ആണ്‍‌കുട്ടികളെ, കഞ്ചാവ് വലിക്കാത്തവരെ, ജോണ്‍ ഏബ്രഹാമിനെ അനുകരിക്കാതിരുന്നവരെ, അനന്തരം മനസ്സിലാകാഞ്ഞവരെ, അമൃതം ഗമയ കണ്ടു കയ്യടിച്ചവരെ, നെരൂദയും ദെരീദയും കുന്ദേരയും ബീഡിപ്പുകയാക്കാഞ്ഞവരെ, ചാരായം കുടിക്കാത്തവരെ, കള്ളുകുടിക്കുന്നവരെ, മനോരമ വായിച്ചവരെ, അച്ഛനെ അച്ഛാ എന്നു തന്നെ വിളിച്ചവരെ, ഇരക്കാതെ ജീവിക്കാന്‍ ശ്രമിച്ചവരെ

- ഞങ്ങളെയൊക്കെ വിളിക്കാന്‍ ബുജികളൊരു പേരിട്ടു "മബു" മന്ദബുദ്ധി. ഞങ്ങളെയും ജീവിക്കാനനുവദിക്കൂ എന്നു മാത്രമേ അപേക്ഷയുള്ളൂ.

മബു, ബുജി എന്നീ വിളിപ്പേരുകളും അവയുടെ പൂര്‍ണ്ണരൂപങ്ങളും ജെന്‍‌ഡര്‍ ന്യൂട്രല്‍ ആയി എന്നത് മലയാളത്തിന്റെ വലിയ തമാശ. മബുക്കള്‍ക്ക് ജെന്‍‌ഡര്‍ ന്യൂട്രല്‍ എന്നതിന്റെ മലയാളം അറിയില്ല എന്നത് അതിലും വലിയൊരു നിരാശ

Anonymous said...

കയ്യൊപ്പ്. സൂരജിനും ചിത്രകാരനും.
നമ്മുടെ മുഖ്യധാര മാധ്യമ പൊട്ടക്കിണറിനെ കുറിച്ചു സൂചിപ്പിച്ചത് നൂറു ശതമാനം ശരി. ചാനല്‍ ചര്‍ച്ചാ 'വിദഗ്ദര്‍' അടക്കം.

"ധ്യാനനിമഗ്നമായ ..ഏതാണ്ട് ബുദ്ധന്റെ കണ്ണുകളെപ്പോലെ മുക്കാഭാഗവും അടഞ്ഞ കണ്ണുകളായിരിക്കും ബുജിയുടെത്. ബുജിയായി വേഷം കെട്ടുന്നവര്‍ ഈ ലക്ഷണങ്ങള്‍ കുറച്ചുകൂടി തന്മയത്വമായി അഭിനയിച്ചു ഫലിപ്പിക്കാന്‍ ശേഷിയുള്ളവരായിരിക്കും.........
അതുകൊണ്ടുതന്നെ വെള്ളെഴുത്ത് സൂചിപ്പിച്ച (ശൂന്യമായ) പുരോഗതിയിലേക്ക് പാലമായി നിലകൊള്ളുന്ന ഇടത്തട്ട് ബുജികളാണിവര്‍.ഇവറ്റകളെ വിശ്വസിച്ച് പാലത്തിലൂടെ ജനം ഇരച്ചു കയറിയാല്‍ താഴെ അറബിക്കടലില്‍ വീഴുമെന്ന് ജനത്തിനു ബോധ്യമുള്ളതുകൊണ്ടാണ് സ്ഥായിയായ പുച്ഛരസം ജനം ബുജിക്കുനേരെ വച്ചുപുലര്‍ത്തുന്നത്."
ഈ ചിത്രകാരന്‍ വാക്കുകളും ബുജി ഡയലോഗിന് അപ്പുറത്തെ വസ്തുത വിളിച്ചോതുന്നു.

Anonymous said...

രണ്ടുതരം ബുജികളുണ്ട്. എക്സും വൈയ്യുമായ ജീവിതത്തെക്കുറിച്ച് ചിന്തിച്ച് സെഡിൽ എത്തിച്ചേറ്ന്നവറ്, സെഡിൽനിന്ന് ചിന്തിച്ചുതുടങ്ങി എക്സും വയ്യും കണ്ടുതുടങ്ങുന്നവർ.അഇൻസ്റ്റെയിന്റെ(ശാസ്ത്രേതരമായ) എഴുത്തുകൾ വായിക്കുമ്പോൾ മനസ്സിലാവുന്ന ഒരു കാര്യം അദ്ധേഹം നോക്കുന്നത് ഫിസിക്സിൽനിന്ന് ജീവിതത്തിലേയ്ക്കാൺ, തിരിച്ചല്ല എന്നതാൺ.ജീവിതത്തിൽനിന്ന് ഫിസിക്സിലേയ്ക്കും ഗണിതത്തിലേയ്ക്കും വാനശാസ്ത്രത്തിലേയ്ക്കുമൊക്കെ നോക്കിയിട്ടുണ്ട് വീകേയെന്നും ബിൽ വാട്ടേറ്സനുമൊക്കെ. രണ്ടുതരം പ്രവറ്ത്തനങ്ങളാണവ.

വലിയ ഒരു ബ്രാകറ്റാൺ ഈ ബുജി എന്നത്. പണ്ഠിതൻ(ഈയെമ്മെസ്), അകാദമിക്(സുകുമാറ് അഴീക്കൊട്), മൌലികബുദ്ധി(ശ്രീനിവാസൻ),പരിശോധനാബുദ്ധി(ആനന്ദ്), കലാകാരൻ(ബാലചന്ദ്രൻ ചുള്ളിക്കാട്), വിഷയവിദഗ്ധൻ(സന്തോഷ് ശിവൻ), വിഷയപണ്ഠിതൻ(മാധവൻ നായറ്)എന്നിങ്ങനെ പെട്ടെന്ന് തോന്നുന്നവ തൊട്ട് ഉപവിഭാഗങ്ങൾ ധാരാളമുണ്ട്.

താടി/മുടി/കുടി/വാചകമടി പ്രച്ഛന്നബുജികൾ അത്രയൊന്നും പ്രസക്തമായ ഒരു പ്രശ്നമല്ല. അത്തരം വിഷയങ്ങളുടെ ചീപ് സെൻസേഷണലിസത്തിൽ ആറ്മാദിയ്ക്കുന്നത് കടൽക്കരയിൽ നിൽക്കുമ്പോളും ബിസലറി ബോട്ടിൽ മാത്രം കാണാനാകുന്നതരം ബുദ്ധിപരമായ അന്ധതയാൺ. ഉത്സവസ്ഥലമാകുമ്പോൾ മുച്ചീട്ടുകളിക്കാരും കാണും, അതിലൊന്നും വലിയ കാര്യമില്ല. നേരമ്പോക്കിനു വേണമെങ്കിൽ ചറ്ച്ചചെയ്യാമെന്നു മാത്രം. മുകളിൽ ലിസ്റ്റ് ചെയ്ത മലയാളിയുടെ ആഘോഷിയ്ക്കപ്പെട്ട ബുജികൾക്കൊന്നും ഇപ്പറഞ്ഞ നാട്യങ്ങളൊന്നുമില്ല, ഇല്ലായിരുന്നു. അവരെ നാമെന്തുവിളിയ്ക്കും?

ഭാഷാസങ്കേതത്തിൽ ചിന്തിയ്ക്കുമ്പോൾ സാങ്കേതികപദങ്ങൾക്ക് ഭാവം പാടില്ല, അറ്ത്ഥം മാത്രമേ പാടൂ(‘പ്രണയം‘ എന്നു പറഞ്ഞാൽ ഭാവവുമുണ്ട്, ‘സ്ക്രൂ‘ എന്നതിൽ അറ്ത്ഥം മാത്രമേയുള്ളൂ). അത്തരത്തിൽ സറ്കാസമോ ഹാസ്യമോ കലറ്ന്നുപോയ ‘ബു.ജി.‘ ഇനി ഒരു സാങ്കേതികപദമായി ഉപയോഗിയ്ക്കുക അസാദ്ധ്യമായി വരുന്നു.

വെള്ളെഴുത്തിന്റെ ‘ധൈഷണികൻ’നല്ലൊരു പദം തന്നെ.

പൊന്നപ്പന്‍ - the Alien said...

ആരെന്തിന്‌ ബുദ്ധിജീവിയാവണം? ലേബലിങ്ങ് എന്ന പ്രക്രിയ ഒരു കോണ്‍ഫിഗറേഷന്‍ വിദഗ്ധന്‍ ഒരു സിസ്റ്റത്തിന്റെ ആവശ്യമനുസരിച്ചു ചെയ്യുന്നതാണ്, അല്ലെങ്കില്‍ ആവണം. ഏതോ സാമൂഹ്യ ഘടനക്കുള്ളില്‍ എന്തിനോ വേണ്ടി രൂപീകരിക്കുന്ന ലേബലുകള്‍ എടുത്തണിയുന്നവര്‍ ഒന്നുകില്‍ ആ സിസ്റ്റത്തിന്റെ ഗിയറിങ്ങ് സിസ്റ്റത്തില്‍ ഉള്‍പ്പെടുന്നവരാണ്, അല്ലെങ്കില്‍ ആ സിസ്റ്റത്തിനെ പറ്റി ഒരു ചുക്കും അറിയാത്തവരാണ്. രണ്ടായാലും വിമര്‍ശനാത്മകമായി ആ സിസ്റ്റത്തിനെ പരിശോധിക്കുന്നവര്‍ ലേബലുകളെക്കാളേറെ ശ്രദ്ധിക്കേണ്ടത് അവ പ്രതിനിധാനം ചെയ്യുന്ന ധര്‍മ്മങ്ങളെയാണ്. ബുദ്ധിജീവി എന്ന പദം അതു കൊണ്ടു തന്നെ ഏതു സമൂഹത്തിലെ ഏതു വ്യക്തിയെ ആരു സൂചിപ്പിക്കുന്നു എന്നതനുസരിച്ചു നാനാര്‍ഥങ്ങള്‍ കൈക്കൊള്ളുന്നു. പേരു വിട്ടു കളഞ്ഞിട്ട് ബുദ്ധിയോടെ ജീവിക്കുന്നതാവില്ലേ കുറച്ചു കൂടി ബുദ്ധി?

★ Shine said...

ബുദ്ധിജീവികൾ എന്നു വിളിച്ചിരുന്നത്‌, വെറും ബുദ്ധി മാത്രമുള്ളവരെയാണോ? തങ്ങളുടെ കർമ്മ മണ്ഢലങ്ങളിൽ നിന്നും മാറി സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടാൻ ധൈര്യം കാണിച്ചവരെ അല്ലേ?

സൂരജ്‌ പറയുന്നത്‌ ശ്രദ്ധിക്കേണ്ട കാര്യമാണു. പക്ഷെ പൊതുസമൂഹത്തിന്റെ ബുജി സങ്കൽപം ഇപ്പോഴും Universal ബു. ജി. പരിവേഷത്തെ ചുറ്റിത്തന്നെയല്ലേ?

ശരിക്കും ആരാണു ബുദ്ധിജീവി? സമൂഹത്തിന്റെ ego യെ വ്രണപ്പെടുത്താതെ, സ്ഥിരം സുഖിപ്പിക്കൽ ശൈലിയിൽ , ഒരു comedy പോലെ പ്രതികരിക്കുന്നവരോ? (അവർ എല്ലാവർക്കും പ്രീയപ്പെട്ടവർ) അതോ, സ്വന്തം നിലനിൽപ്പുപോലും മറന്നു സമൂഹത്തിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടുന്നവരോ? (ഒരു പത്രത്തിലും വരില്ല, ആരും അറിയുകയുമില്ല. അതുകൊണ്ടുതന്നെ അയാളുടെ വാക്കുകൾ കഴമ്പുള്ളതാണെങ്കിൽ പോലും ആരും അറിയാതെ പോകും), ഇതൊന്നുമല്ലാതെ എല്ലാം അറിഞ്ഞുകൊണ്ട്‌ പൊട്ടൻ കളിക്കുന്നവരോ?

അതിനുത്തരം പറയുന്നതിനു മുൻപ്‌ നമ്മൾ ക്രുത്യമായി അറിയണം - ആരാണിന്നു സമൂഹത്തിനു വേണ്ടി ലാഭേച്ചയില്ലാതെ പ്രവർതിക്കുന്നത്‌? അങ്ങനെയുള്ള ആളുകൾ ഉണ്ടെങ്കിൽ അവർക്കു സമൂഹത്തിന്റെ മുഖ്യധാരയുമായി യോജിച്ചു പോകാൻ കഴിയുന്നുണ്ടോ? അയാൾ മറ്റുള്ളവർക്ക്‌ വിടുപണി ചെയ്യാതെ, സ്വന്തം ജീവിതം മാന്യമായി നയിക്കാൻ കഴിയുന്ന ആളാണോ? അങ്ങനെ ഒരാളെ കണ്ടാൽ പറയണെ, ഞാൻ അയാളെ എഴുന്നേറ്റു നിന്നാദരിക്കും. എന്റെ നോട്ടത്തിൽ അയാളാണു നമുക്കിന്നു വേണ്ട ബുദ്ധിജീവി.

ആദ്യം അവനവനോടുള്ള കടമകളും, ഉത്തരവാദിത്വങ്ങളും ചെയ്യണം, പിന്നെ വീട്‌, പിന്നെ നാട്‌...അതല്ലേ നല്ലത്‌?

ഒളിച്ചൊടിവരുന്ന ബുദ്ധിജീവികളെ നമുക്കിനി വേണോ?

Anonymous said...

സമൂഹം എന്നുപറയുന്ന സിസ്റ്റത്തിന്റെ കൊൺഫിഗറേഷനിൽ അടിസ്ഥാനഘടകം തന്നെയാൺ നോൺ ലിനിയാറ് തിങ്കിങ്ങിന്റെ ആഘോഷമായ സ്വതന്ത്രബുദ്ധിപ്രവറ്ത്തനങ്ങളും. അത് അനാവശ്യമെന്ന് പറയാനാവുമോ? പ്രോബ്ലംസ് ഉണ്ടെങ്കിൽ പ്രോബ്ലം സോൾവിങ്ങിൻ സഹായിക്കുന്നതരം ബുദ്ധിശേഷികൾ വികസിപ്പിയ്ക്കേണ്ടതും ആവശ്യം തന്നെ.

ഇനി ഇങ്ങിനെയൊക്കെ അങ്ങ് പോയാൽ‌പ്പോരേ എന്ന മിഡിയോക്രസി ആൺ പ്രഖ്യാപിതനിലപാടെങ്കിൽ ഇതൊന്നും ആവശ്യമില്ലതാനും. കൌബോയ് പ്രൊവെറ്ബിൽ‌പ്പറയുന്ന മാതിരി ഒരു കുതിരയും ഒരു തോക്കും ഒരു പെണ്ണും മാത്രം മതിയാകും:)

ഏതായാലും ആളുകൾ അവനന്വന്റെ കാര്യം മാത്രം നോക്കി ജീവിയ്ക്കുന്ന കാലം തന്നെയാൺ വരുന്നത്. പെട്ടിയ്ക്ക് പുറത്തേയ്ക്ക് ചിന്തിയ്ക്കുന്നവരെയൊക്കെ കുറച്ചുകാലം കൂടിയേ കാണാനുണ്ടാവൂ.

Anonymous said...

ബുജിവര്‍മ്മ ഫ്രം ബ്ളോഗ്‌...

സൂരജ്‌ രണ്ടാമത്തെ കമെന്‍റ്റില്‍ എഴുതാന്‍ വിട്ടുപോയ ഒരു കാര്യം ഇതാ, വൈദ്യ സാങ്കേതിക വിദ്യ മാത്രം പ്രാക്ടീസ്‌ ചെയ്യുന്ന തലകൊണ്ടു ചിലര്‍ ക്വാണ്ടം ഫിസിക്സിനെയും ക്ളാസ്സിക്കല്‍ ഫിസിക്സിനെയും അപഗ്രഥിക്കും, നമ്മുടെ ബ്ളോഗിനും ഈ ടൈപ്പ്‌ സര്‍വവിജ്ഞാനികളെയാണു ഇഷ്ടം. ഇതും കൂടി ചേര്‍ത്തു സൂരജിന്‍റ്റെ ഒന്നാമതെ കമെന്‍റ്റ്‌ വായിക്കുമ്പ്ളാണ്‍ അതിന്‍റ്റെ അര്‍ത്‌ഥവ്യാപ്തി മനസ്സിലാകുന്നതു

അനില്‍@ബ്ലോഗ് // anil said...

ബുജി? !!
അങ്ങിനെ ഒന്നിന് ഇന്ന് പ്രസ്കതിയുണ്ടോ എന്നതാണ് എന്റെ സംശയം.ചരിത്ര ഗ്രന്ധങ്ങളും സാഹിത്യവുമെല്ലാ സാധാരണക്കാരന് അപ്രാപ്യമോ അവ സൃഷ്ടിക്കുന്ന ഇമേജുകളില്‍ ഭയപ്പെട്ടിട്ടോ ഇവയുമായി സാധാരണക്കാരന്‍ ദൂരം പാലിച്ചിരുന്ന കാലഘട്ടത്തില്‍, ഇവയെടുത്ത് പെരുമാറാനോ വിശകലനം ചെയ്ത് പൊതുജനത്തെ ബോധവല്‍ക്കരിക്കാനോ തയ്യാറായ ഒരു വിഭാഗത്തെ ബുദ്ധി ജീവികളെന്ന് വിളിച്ചിരുന്നതായി കരുതാം.എന്നാല്‍ എന്തും ഏതും ആര്‍ക്കും പ്രാപ്യമായ കേരളീയ സാഹചര്യങ്ങളില്‍, തന്റെ മുന്നില്‍ തെളിയുന്ന ചിത്രത്തെ വികലമായി അവതരിപ്പിച്ചേക്കാവുന്ന (അവന്റെ കാഴ്ചപ്പാടിലെങ്കിലും) ബു.ജീ സംഘത്തിന് മിമിക്രി ട്രൂപ്പിലെ താരത്തിന്റെ വിലയെ ഉണ്ടാവുകയുള്ളൂ.

Anonymous said...

എന്തിനും ഏതിനും ഒറ്റ സ്റ്റെപ്പിൽ പ്രത്യക്ഷമായ ഒരു ബിസിനസ്സ് മോഡൽ ഉണ്ടായിരിയ്ക്കണം എന്നത് ഒരു ക്യാപിറ്റലിസ്റ്റ് അന്ധവിശ്വാസമാൺ. പണം വരുന്നതിന്റെ ഹരത്തിലും അമേരിക്കയുടെ നാൾക്കുനാൾ വളരുന്ന ഇമേജിലും രസം പിടിച്ചുനിൽക്കുന്ന നാം തൽക്കാലം ക്യാപിറ്റലിസത്തെ ഒരു വ്യവസ്ഥ എന്ന നിലയിൽ നിരീക്ഷിച്ച് തെറ്റുകുറ്റങ്ങൾ സൂചിപ്പിയ്ക്കാനുള്ള മൂഡിലല്ല.

ക്യാപിറ്റലിസത്തിന്റെ വിമറ്ശകറ്(നോട് നെസെസെറിലി ലെഫ്റ്റിസ്റ്റ്സ്) എടുത്തുകാണിയ്ക്കുന്ന ചില പ്രശ്നങ്ങളിൽ ഒന്ന് അത് വാല്യൂ എന്നത് പണത്തിന്റെ രൂപത്തിൽ ക്വാണ്ടിഫയബിൾ ആയി മാത്രം കാണപ്പെടണം എന്ന് ഏകാധിപത്യപരമായി നിഷ്കറ്ഷിയ്ക്കുന്നു എന്നതാൺ. ഈ നിലപാട് സ്വാഭാവികമായും സ്പിരിച്വൽ സ്വഭാവമുള്ള ആനന്ദങ്ങളെ ഒന്നടങ്കം നിഷേധിയ്ക്കുകയും തീറ്ത്തും ഫിസികൽ ആയ വിനോദങ്ങളെ മാത്രം പ്രൊമോട് ചെയ്യുകയും ചെയ്യും, പത്തുരൂപ ചെലവുള്ള ആനന്ദം, പതിനായിരം രൂപ ചെലവുള്ള ആനന്ദം എന്നിങ്ങിനെ..

ഇത്തരത്തിലുള്ള മെറ്റീരിയലിസത്തിന്റെ/കൺസ്യൂമറിസത്തിന്റെ അധിനിവേശം ഇന്റലെക്ച്വൽ/സ്പിരിച്വൽ ചായ്‌വുകളുള്ള ന്യൂനപക്ഷത്തെ എങിനെ ഫ്രസ്റ്റ്രേറ്റ് ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള സൂചനകൾ അമേരിക്കക്കാരൻ തന്നെയായ വാട്ടേർസൻ എൺപതുകളിൽ വരച്ച കാല്വിൻ ആൻഡ് ഹൊബ്സിൽ പലയിടത്തും കാണാം.

ആളുകൾക്ക് വേണ്ടത് നിങ്ങൾക്ക് കൊടുക്കാനാവുന്നില്ലെങ്കിൽ നിങ്ങളുടെ കൈയ്യിലുള്ളതാൺ അവറ്ക്ക് വേണ്ടത് എന്ന് അവരെ തെറ്റിദ്ധരിപ്പിയ്ക്കുക എന്ന് പരസ്യകലയിലും വിൽ‌പ്പനാശാസ്ത്രത്തിലുമൊക്കെ പലപ്പോഴും പറയാറുണ്ട്.

ഏതായാലും അമേരിക്കൻ മോഡൽ ക്യാപിറ്റലിസത്തിന്റെയും അതിന്റെ തെരുവുകച്ചവടത്തിന്റെ ബുദ്ധിനിലവാരമുള്ള സാമാന്യവത്കരണങ്ങളുടെയും ഒക്കെ കാലം തന്നെയാൺ വന്നുകൊണ്ടിരിയ്ക്കുന്നത്. ഇഷ്ടപ്പെടാത്തവറ്ക്ക് ഹിറ്റ്ലറുടെ യൂറോപ്പിൽ ജൂതനായി ജനിച്ചില്ലല്ലോ എന്നൊക്കെ സന്തൊഷിക്കാം.

★ Shine said...

Madhusudanan Perati, താങ്കളുടെ കുറിപ്പ്‌ അടിസ്ഥാന പ്രശ്നം വളരെ വ്യക്തമായി തുറന്നു കാണിച്ചിരിക്കുന്നു. shoba de യുടെ Sultry days എന്ന, അത്ര മേന്മയൊന്നും പറയാനില്ലാത്ത പുസ്തകത്തിലുള്ള dev എന്ന കഥാപത്രം നമ്മുടെ നാട്ടിലുണ്ടായ ബുജി transformation ന്റെ യഥാർത്ഥ മുഖം കാണിച്ചു തരുന്നുവേന്ന് എനിക്കു തോന്നിയിട്ടുണ്ട്‌. എഴുതിയ പുസ്തകങ്ങളിലെ നായകന്മാരിൽ നിന്നും വ്യത്യസ്ഥമായി നമ്മുടെ ഒ.മുകുന്ദനും real lifeൽ അതു കാണിച്ചു തന്നു!

ഭിഷഗ്വരവര്‍മ്മ said...

ഹിഹിഹിഹിഹിഹി

Anonymous said...

അമൂറ്ത്തസമ്പ്രദായത്തിൽ കമന്റുകളുമോ?!

ബിജു കോട്ടപ്പുറം said...

മധുസൂധനന്‍,
ലളിതമായിപ്പറഞ്ഞാല്‍ ബുദ്ധിജീവികളെ കാറ്റഗറിക്കലി ഡിഫറന്‍ഷിയേറ്റ് ചെയ്യാന്‍ ഇത്തരം ഒരു അറ്റംപ്റ്റ് എത്രമാത്രം സഫിഷ്യന്റിലി സിഗ്നിഫികന്റ് ആണെന്നു ഡിസ്കസ് ചെയ്യുന്നത് ഒരു ഡിഫിക്കല്‍റ്റ് പ്രൊപ്പൊസിഷനാണ്. അതേസമയം ഒരു റേഷനലിസ്റ്റിനെപ്പോലെ പൂര്‍ണ്ണമായും വസ്തുനിഷ്ഠമാകാന്‍ ശ്രമിക്കാതെ താന്‍ പഠിക്കുവാന്‍ ശ്രമിക്കുന്നതിന്റെ തന്നെ ഭാഗമാണ് താനെന്ന ഫാക്റ്റ്ച്യല്‍ റിയാലിറ്റി മറക്കുന്നവനല്ല യഥാര്‍ത്ഥ ബുദ്ധിജീവി. പഠിക്കുകയും അനുഭവിക്കുകയും പ്രവര്‍ത്തിക്കുകയും സോഷ്യലി റിയാക്റ്റ് ചെയ്യുകയും സമൂഹത്തില്‍ സ്വന്തം അന്യത്വത്തെക്കുറിച്ചുള്ള ദ്രവ്യമായ ഒരു പ്രവാഹവസ്ഥ അഥവാ സ്റ്റേറ്റ് ഓഫ് ഫ്ലക്സ് സ്വന്തം പ്രജ്ഞയില്‍ ഉരുത്തിരിക്കാന്‍ ശ്രമിക്കുന്നതോടൊപ്പം വസ്തുതകളുടെ ഡിഫറന്റ് പെര്‍സ്പെക്റ്റീവ് ഒബ്സേര്‍വ് കെയ്യുക എന്നതു ബുദ്ധിജീവികളുടെ പരിധിയില്‍ വരും. ഈ ഇന്റലച്ച്വല്‍സിന്റെ വിചാരധാരകള്‍ പൊതെവേ ശരിയായി ഗ്രഹിക്കാന്‍ ഡിസ്കോഴ്സ് എന്ന സങ്കല്പനം ഉപയോഗപ്പെടുത്തേണ്ടത് ഒരു നെസസിറ്റി ആയി വരുന്നു എന്നതാണ് പ്രശ്നം. ആശയങ്ങളുടേയും പ്രത്യയശാസ്ത്രങ്ങളുടേയും സംഗരഭൂമിയായ പൗരസമൂഹത്തില്‍ നിന്ന് (രാഷ്ട്റീയാധികാരം കൊണ്ട് സംഘടിതമായ പൊളിറ്റിക്കല്‍ സൊസൈറ്റിയില്‍ നിന്ന് വ്യത്യസ്ഥമായ സിവില്‍ സൊസൈറ്റി) കൊളോണിയല്‍ പ്രത്യയശാസ്ത്രത്തിന് ഹെജമനി അഥവാ മേല്‍ക്കൈ നേടുക ആവശ്യമാണ് എന്ന ഗ്രാംഷിയന്‍ ഉള്‍ക്കാഴ്ച സെയ്തിനെപ്പോലുള്ള പലരും എടുത്തു കാണിച്ചിട്ടുണ്ടല്ലോ. മറ്റൊന്ന് പാഠവിമര്‍ശന സിദ്ധാന്തത്തിലെ ആവിഷ്കര്‍ത്താവിന്റെ സ്ഥലകാലബന്ധം ആവിഷ്കൃതവസ്തുവിനെ എങ്ങിനെ രൂപപ്പെടുത്തുന്നു എന്ന് മര്‍കസ് തൊട്ട് ഫൂക്കോ വരെയുള്ളവരുടെ കണ്ടെത്തലും ഇഗ്നോര്‍ ചെയ്യാന്‍ പറ്റില്ല എന്നതാണ്. അല്ലാതെ ഓണ്‍ഗ്രമറ്റോളജിയില്‍ ദരീദ ആവിഷ്കരിക്കുന്ന അപനിര്‍മ്മാണ (ഡീകണ്‍സ്ട്റക്ഷന്‍) മാര്‍ഗ്ഗവും സെയ്ദ് ഉപയോഗിച്ച ഓറിയന്റിലിസ്റ്റ് പാഠങ്ങളും മനസ്സിലായില്ല എന്നുപറഞ്ഞൊഴിയുന്ന പുവര്‍ കോമണ്‍മാന് ഇപ്പറഞ്ഞതൊക്കെ ഇന്റലക്ച്വല്‍ പ്രിട്ടന്‍ഷന്‍സ് എന്നു തോന്നിയങ്കില്‍ അത്ഭുതമില്ല.

Anonymous said...

bijooo :) athu kalakki

Anonymous said...

ദാരപ്പാ ഈ ദരീദ?

വെള്ളെഴുത്ത് said...

തിരുത്ത്, കൂട്ടിച്ചേര്‍പ്പ്, പ്രതിഷേധം ഇവയെല്ലാം തലകുലുക്കലിനേക്കാള്‍ പ്രയോജനം ചെയ്യും.. ചെയ്തുകൊണ്ടിരിക്കുന്നു. ആരും അന്യരല്ലാ... കൂക്കുവിളി പ്രതിഷേധമാണെങ്കില്‍ അതിനു ചില നീതികരണങ്ങളുണ്ട്.. പക്ഷേ കുളിമുറിപ്പാട്ടുപോലെ സ്വന്തം ഒച്ചയും മാറ്റൊലിയും കേള്‍ക്കാനുള്ളതാണെങ്കില്‍ (മറ്റുള്ളവരെ കേള്‍പ്പിക്കുക എന്ന ഒറ്റയര്‍ത്ഥമാണതിനുള്ളതെങ്കില്‍ ..) അതിലുള്ള ‘ആത്മാരാമത്വം’ അത്ര നല്ലഗുണമല്ല. (കാണുന്നവര്‍ക്ക്.. അശ്വത്ഥാമാവിന് എന്തായാലെന്ത്..!) അപ്പോള്‍ പറഞ്ഞു വന്നത് വീട്ടില്‍ ഓരോ പ്രവൃത്തിയ്ക്കും ഓരോ ഇടമുണ്ടെന്നാണ്.. ആവേശം മൂത്ത് നമ്മുക്കിനി അതും തിരിയാതെ പോകുമോ?
മൂര്‍ത്തി ഓട്ടോ റെനേ കാസ്റ്റിലോയുടെ കവിതയിലെ ബുദ്ധിജീവി അധികാരത്തോടോട്ടി നിന്ന ആളാണ്.. അതിലെ കാല്‍പ്പനികമാറ്റി നിര്‍ത്തിയാല്‍ പോലും അര്‍ത്ഥം അത്ര വ്യക്തമാണ്.. എന്നു വച്ചാല്‍ തീര്‍ന്നൂ നമ്മുടെ മാമ്പഴക്കാലം !
പേരാട്ടി ധൈഷണികന്‍ പി ഗോവിന്ദപിള്ളയുടെ വിവര്‍ത്തനമാണ്..സൂരജേ, വിഷയവിദഗ്ദനെ ബുജിയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നാണ് ഗ്രാംഷി പറയുന്നത്.. എല്ലാം ഒന്നല്ല. തന്റെ സിദ്ധാന്തങ്ങള്‍ക്ക് പ്രത്യയശാസ്ത്രപ്രതിഫലനമില്ലെന്നാണ് ചോംസി പറഞ്ഞത് (അഭിമുഖവാചകങ്ങളെയും സിദ്ധാന്തങ്ങളെയും ഒന്നിച്ചുകോര്‍ക്കുന്നതിന്റെ പൊരുത്തക്കേടിനെക്കുറിച്ച് അറിയാതെയല്ല..) എന്നാല്‍ അതുള്‍ലതുകൊണ്ടാണ് ചോംസ്കി ബുദ്ധിജീവിതന്നെയല്ലേ എന്നു ചോദിച്ചത്.. പൊന്നപ്പാ, പേരുകള്‍ മനസ്സിലാക്കിയെടുക്കുന്നതിന്റെ ഭാഗമാണ്.. സമനിരപ്പുകളില്‍ ജീവിക്കുന്നത് ഒന്ന്.. കുണ്ടും കുഴികളും നോക്കി താരതമ്യം ചെയ്യുന്നത് മറ്റൊന്ന്.. എല്ലാ ജീവിതങ്ങളും ഒരു പോലുള്ള മാനസികഭാവത്തെ പിന്‍ പറ്റണമെന്ന ശാഠ്യം എന്തിന്? ഗ്രാംഷിയന്‍ നിര്‍വചനമനുസരിച്ചയാലും..
പേരാട്ടി, കുറച്ചുകാര്യങ്ങള്‍ കൂടി ആലോചിക്കാന്‍ വഴിതന്നു കമന്റുകള്‍ . ഡിങ്കാ കാല്‍ വിന്‍ ഷൈന്‍ ലതാ അനില്‍ ചിത്രകാരാ കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് നന്ദി..(ഇത് വേണ്ടെന്നു വിചാരിച്ചിരുന്നതാണ്.. ഹോ.. സാമ്പ്രദായികത്വമേ...)

ഇന്നലെ കമന്റിട്ട ഒരു അനോണി said...

വെള്ളെഴുത്തേ,
അനാവശ്യകമന്റുകള്‍ ഡിലീറ്റിയതു നന്നായി. ‘ഭിഷഗ്വരൻ ഭിക്ഷക്കാരനാവുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ’ എന്നുതുടങ്ങുന്ന അനോണി കമന്റ് ഇവിടെ ഗൌരവമായി കമന്റിട്ട ഒരു വ്യക്തിയെ അവഹേളിക്കാനിട്ട കമന്റാണെന്ന് മനസ്സിലായിട്ടും മനപ്പൂര്‍വ്വം ഡിലീറ്റ് ചെയ്യാതിരുന്നതാണൊ?

Anonymous said...

ബുദ്ധിജീവികളുടെ സംസ്ഥാനസമ്മേളനം ഇപ്പോ ഇവിടെയാണല്ലേ, എന്തോരം ബുദ്ധിജീവികളാ..

പൊന്നപ്പന്‍ - the Alien said...

പേരാട്ടി, സമൂഹത്തിന്റെ കോണ്‍ഫിഗറേഷന്‍ ഒരു കേവലമായ വസ്തുതയല്ല. നോണ്‍ലീനിയര്‍ തിങ്കിങ്ങിന്റെ ആഘോഷമായ സ്വതന്ത്രബുദ്ധിപ്രവറ്ത്തനങ്ങള്‍ സമൂഹമെന്ന സിസ്റ്റത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് താങ്കള്‍ പറയുമ്പോള്‍ ഒന്നിലധികം ചോദ്യങ്ങള്‍ക്ക് കൂടി നമ്മള്‍ ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ആദ്യമായി ഏതു സമൂഹമെന്ന ചോദ്യം ? നെസ്റ്റഡ് ആയോ മറ്റു നോണ്‍ ലീനിയര്‍ രൂപാന്തരങ്ങളിലോ ആണ്‌ മിക്ക സമൂഹങ്ങളും വളരുന്നതും നിലനില്ക്കുന്നതുമെന്ന് പൊതുവേ മനസ്സിലാക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്‌. സമൂഹമെന്ന നിര്‍വചനം പോലും പലപ്പോഴും പരസ്പര വിരുദ്ധമായിത്തന്നെ പരാമര്‍ശിക്കപ്പെടാറുണ്ട്. വ്യക്തികളെ സമൂഹവുമായി കൂട്ടിച്ചേര്‍ക്കുന്ന പരിസരം , സമൂഹത്തിന്റെ വ്യക്തിത്വം ഒരു സമൂഹ്യ വ്യവസ്തിതിയുടെ പ്രധാന ഘടകമായ ആന്തരിക ബന്ധന രൂപങ്ങള്‍ എന്നിവയൊക്കെ പലപ്പോഴും ഒരു പൊതു നിര്‍വചനത്തിന്റെ ഉള്ളിലേക്കൊതുക്കുവാനാകാത്ത വിധം സങ്കീര്‍ണ്ണമാണ്‌. സമൂഹമെന്നത് വിശ്വാസബന്ധിതമാകാം , ഭൌതിക സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാവാം, സാമൂഹിക, സാമ്പത്തിക, ശാസ്ത്ര ഘടനകളില്‍ നിന്നു രൂപപ്പെടുന്നതാവാം, കമ്പോളങ്ങളുടെ ഉപോല്പന്നങ്ങളാകാം, കമ്പോളങ്ങള്‍ തന്നെയുമാവാം, രാഷ്ട്രങ്ങളില്‍ നിന്നും രാഷ്ട്രീയ വ്യവസ്ഥകളില്‍ നിന്നും പ്രത്യയ ശാസ്ത്രങ്ങളില്‍ നിന്നും എന്തിനേറെ പറയുന്നു, വൈകാരിക ഭാവങ്ങളില്‍ നിന്നു വരെ രൂപപ്പെടുന്നതാവാം. അതു കൊണ്ടു തന്നെ സമൂഹത്തിന്റെ കോണ്‍ഫിഗറേഷന്റെ അടിസ്ഥാന ഘടകം എന്നു പറയുമ്പോള്‍ ഏതു സമൂഹത്തിന്റെ ആരുള്‍പ്പെടുന്ന സമൂഹത്തിന്റെ ആരല്ലെങ്കില്‍ എന്തു നിര്‍വചിക്കുന്ന സമൂഹത്തിന്റെ എന്നു പറയേണ്ടി വരുന്നു. പ്രധാനമായും മനസ്സിലാക്കേണ്ട ഒരു വസ്തുത, സമൂഹങ്ങള്‍ മിക്കപ്പോഴും പ്രൊപ്രൈറ്റൊറി കൂടി ആണ്‌ എന്നതാണ്. അതിന്റെ ഉടമസ്ഥാവകാശം ആരില്‍ അല്ലെങ്കില്‍ ഏത് സാമൂഹിക ഘടന(മിക്കപ്പോഴും അതു മറ്റൊരു സമൂഹവും ആകാം)യില്‍ ഉണ്ട് എന്നതും അതിന്റെ കോണ്‍ഫിഗറേഷനേയും അതിന്റെ കണ്‍സ്റ്റ്റക്ട്‌സ് ന്റെ അര്‍ത്ഥത്തേയും നിര്‍ണയിച്ചിരിക്കും.
രണ്ടാമത്തെ ചോദ്യം സ്വതന്ത്ര ബുദ്ധി പ്രവര്‍ത്തനങ്ങള്‍ എന്നാലെന്ത് എന്നതാണ്? ആരാണ്‌ ഇത്തരം ഒരു മാനകം നിര്‍വചിക്കുന്നത്? എന്തില്‍ നിന്ന് സ്വതന്ത്രമായാണ്‌ ബുദ്ധി പ്രവര്‍ത്തിക്കേണ്ടത്? ഔട്ട് ഓഫ് ദ ബോക്സ് എന്നതിലെ ബോക്സിന്റെ നീളവും വീതിയും ഏത് തച്ചന്റെ അളവാണ്‌? (ഔട്ട് ഓഫ് ദ ബോക്സ് സങ്കല്‍പനത്തിന്‌ ഒരു ബോക്സ് റഫറന്‍സ് ആയി വേണം എന്ന വാദത്തോടെതിര്‍പ്പില്ലെന്ന് കരുതട്ടെ). ഘടനാപരമായി ഇത്തരം ഒരു തീരുമാനമെടുക്കാന്‍ കഴിയുന്നത് ആ പെട്ടിയുടെ ആര്‍ക്കിടെക്റ്റിനു തന്നെയാവണം. അപ്പോള്‍ ഔട്ട് ഓഫ് ദ ബോക്സ് എന്ന രൂപകം തന്നെ പെട്ടിയുടേതായി വരുന്നു. തനിക്കുള്ളിലെ ചലന നിയമങ്ങളെ പോലെ തന്നെ തനിക്കു പുറത്തെ ചലന നിയമങ്ങളേയും പെട്ടി നിര്‍വചിക്കുന്നു. പേരിടുന്നു. അവയെ തമ്മില്‍ നിയതമായ മീറ്റിങ്ങ് പോയിന്റുകളേയും വ്യവഹാര മാതൃകകളേയും കൊണ്ട് ബന്ധിക്കുന്നു. പേരുകള്‍ ആവശ്യമായി വരുന്നത് ഘടനകള്‍ക്കുള്ളിലാണ്. സ്വതന്ത്ര ചിന്ത എന്നത് നിര്‍ഭാഗ്യകരമെന്നു പറയട്ടെ ഒട്ടും സ്വതന്ത്രമല്ലാത്ത(കേവലമല്ലാത്ത) ഒരു വസ്തുതയാണ്. നിങ്ങള്‍ പെട്ടിയെ കാണുന്നു എങ്കില്‍ അതില്‍ നിന്നു പുറത്താണ്‌ എന്ന് ആശ്വസിക്കുകയോ നിരാശപ്പെടുകയോ ചെയ്യുന്നുവെങ്കില്‍ നിങ്ങള്‍ പെട്ടി എന്ന വ്യവഹാരത്തിനുള്ളിലാണ്‌. അതിനെ പറ്റി നിങ്ങള്‍ രൂപീകരിക്കുന്ന ഒരു ചിന്തയും സ്വതന്ത്രമല്ല.

വെള്ളെഴുത്ത്,
എല്ലാ ജീവിതങ്ങളും ഒരു പോലെയുള്ള മാനസിക ഭാവങ്ങളെ പിന്‍പറ്റണമെന്ന ശാഠ്യം എനിക്കില്ല. പേരുകള്‍ അവയുടെ തന്നെ വ്യാപ്തി () നിര്‍വചിക്കുന്നു എന്നു പറയാനാണ്‌ ഞാന്‍ ശ്രമിച്ചത്. ഉദാഹരണത്തിന്‌ ഒരു സ്കൂള്‍ എന്ന സമൂഹത്തിലെ പ്യൂണ്‍ എന്ന പേരുകാരന്‍ സമയ മണിക്കും ചായ ഗ്ലാസ്സുകള്‍ക്കും കോപ്പി ബുക്ക് ലോജിസ്റ്റിക്സ് നും ഇടയില്‍ ചുരുങ്ങിപ്പോകുന്നു. ഹെഡ് മാസ്റ്റര്‍ക്ക് ആ പേരു കാരണമെങ്കിലും കുട്ടികളോടൊത്ത് സൊറ പറഞ്ഞ് സമയം കളയുന്നതിന്‌ അസൌകര്യമുണ്ടാകുന്നു. ഇതൊന്നും തെറ്റെന്ന് ഞാന്‍ പറയില്ല. ആ സിസ്റ്റം ഇതൊക്കെ ഇതു പോലെ തന്നെ നടക്കാന്‍ രൂപീകരിച്ച പേരുകളാണവ. "സ്വതന്ത്ര ബുദ്ധിയുടെ" ?(അതെന്തു തന്നെയായാലും !) ആഘോഷപ്രവര്‍ത്തികളില്‍ അഭിരമിക്കേണ്ടവര്‍ ചുരുങ്ങിയ പക്ഷം പേരുകളില്‍ നിന്നെങ്കിലും ഒഴിഞ്ഞു നില്‍ക്കണം എന്നേ ഞാന്‍ പറഞ്ഞുള്ളൂ. അല്ലെങ്കില്‍ എന്താണ്‌ ആ പേരിന്റെ വ്യാപ്തി എന്നെങ്കിലും മനസ്സിലാക്കുക. ഒന്നു കൂടി - പേരുകളെ ജെനറലൈസ് ചെയ്യുന്നത് അത്ര ശരിയാണോ എന്നറിയില്ല. പാട്ടുകാരന്‍ ഹരിക്കും "പാറപ്പുറം" ഹരിക്കും ഒരേ എസ്സെമ്മെസ്സ് അയക്കുന്നത് ഒരു നല്ല ഐഡിയ സ്റ്റാര്‍ സിങ്ങറല്ല...

Anonymous said...

പ്രിയ വെള്ളെഴുത്തേ കടിച്ചാൽ പൊട്ടാത്ത ഈ എഴുന്നെള്ളിപ്പിനു മുന്നേ ചിലരെ തലപരിശോധിക്കാനെഴുതൂ. അല്ലങ്കിൽ ഈ ബുദ്ധിജീവികളെ കൊണ്ടെന്തു പ്രയോജനം

മിനിഞ്ഞാന്ന് കമന്റിട്ട ഒരനോണി said...

പൊന്നപ്പന്‍ പറഞ്ഞത് തീര്‍ച്ചയായും ശരിയാണ്, എന്ന് വെച്ച് മുഴുവനും മനസ്സിലായി എന്നല്ല.

പിന്നെ നമ്മുടെ ഭിഷഗ്വരന്‍, അങ്ങേര് ചില്ലറക്കാരനല്ല. തറ/തെറികളുടെ പെരുന്തച്ചന്‍ കൂടിയാ ഹെന്റമ്മോ..

Anonymous said...

പൊന്നപ്പൻ,
താങ്കളുടെ കമന്റ്റിലെ ചില സൂചനകൾ അവ്യക്തമായിത്തോന്നി. മനസ്സിലാക്കിയത് വെച്ച് ഒരു മറുപടി നീളം കൂടിയതുകാരണം ഇവിടെ:

http://panchasarabharani.blogspot.com/2009/11/blog-post_20.html

Suraj said...

പ്രിയ വെള്ളെഴുത്തേ,

ഒരു കാര്യം ശ്രദ്ധയില്‍ കൊണ്ടുവരാനാണ് ഈ കമന്റ് :

പോസ്റ്റുവായിച്ച് കമന്റിടുമ്പോള്‍ എന്റെ പേരില്‍ ഒരു തള്ളയില്ലാ കമന്റ് ഇവിടെക്കിടക്കുന്നത് കണ്ടിരുന്നില്ല. മുകളില്‍ (5th Comment )എന്റെ പ്രൊഫൈലില്‍ നിന്ന് ഇട്ടതും എന്നാല്‍ എന്റെ പ്രൊഫൈല്‍ പടം തെളിയാത്തതുമായ ഒരു കമന്റുണ്ട്. അത് ഞാനിട്ടതല്ല.[ഞാനിവിടെ ഇട്ട ഒരേയൊരു കമന്റ് 8-ആമതായി (അംബിയണ്ണന്റെ കമന്റിനു ശേഷമുള്ള രണ്ടാം കമന്റ്) ഇട്ടത് മാത്രമാണ്. ആ കമന്റില്‍ മാത്രമേ എന്റെ ഒറിജിനല്‍ പ്രൊഫൈല്‍ പടവും ഉള്ളൂ.]

ആ കമന്റിലെ അനോണിപ്രൊഫൈല്‍ ലിങ്ക് ക്ലിക്കിയാല്‍ പോകുന്നത് എന്റെ പ്രൊഫൈലിലിലേയ്ക്കാണ് പോകുന്നത്. അത് എന്റെ അഭിപ്രായവുമല്ല, ആ ഭാഷ ഇവിടെ അസ്ഥാനത്ത് ഉപയോഗിക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ല.

എന്റെ കമന്റല്ലാത്തതിനാല്‍ അത് ഡിലീറ്റാന്‍ എനിക്ക് പറ്റില്ല. വെള്ളെഴുത്തിന് വേണമെങ്കില്‍ ഡിലീറ്റാവുന്നതാണ്.(ഇനി അതവിടെകിടന്നാലും എനിക്കൊരു ചുക്കുമില്ല. അതേപ്പിടിച്ച് ഇവിടെ ചില്ലറ ബഹളം ഉണ്ടായതു കൊണ്ട് എഴുതിയെന്നേയുള്ളൂ.)

Suraj said...

ഓ, ഇപ്പഴാണ് ശ്രദ്ധിച്ചത് : കിരണ്‍ തോമസ് തോമ്പില്‍ എന്ന ബ്ലോഗറുടെ പേരില്‍ വന്നിരിക്കുന്ന ഈ കമന്റും അനോണിയായി വേറാരൊ ഇട്ടിരിക്കുന്നതാണ്.

അനോണിമസ് ഓപ്ഷന്‍ കൊണ്ടുള്ള ഓരോരോ തമാശകളേ !

വെള്ളെഴുത്ത് said...

സൂരജ്,
രണ്ടു കമന്റുകളും എടുത്തുകളഞ്ഞു. ആ ഒരൊറ്റവാക്യത്തെ മുന്‍ നിര്‍ത്തിയായിരുന്നു കുറെ കൂക്കുവിളികള്‍ വഴിതിരിഞ്ഞുപോയത്. അതിന്റെ പിന്നാലെ പോയവരെ ഒരര്‍ത്ഥത്തില്‍ കുറ്റം പറയാന്‍ പറ്റില്ലല്ലോ..ഒരു കണക്കിനു ചതിയാണ്.. ഒരിക്കല്‍ മറ്റെവിടെയോ എന്റെ പേരിലും ഉണ്ടായിരുന്നു, ഒരു കമന്റ്. അത് തമാശയെന്നെങ്കിലും പറയാം. ഇതോ? എന്തു ചെയ്യാനാ? അനോനികമന്റ് ഓപ്ഷന്‍ എന്നിട്ടും എടുത്തുകളയാന്‍ തോന്നുന്നില്ല. ഒന്നുരണ്ടു ചവിട്ടു കൂടി കിട്ടട്ടേ എന്നിട്ടു മാറ്റാം..

Suraj said...

കൂക്കുവിളിയില്‍ പരാതികളില്ല വെള്ളെഴുത്തേ.

കമന്റ് വരുന്നത് അനോണിയായാണോ സ്വന്തം പ്രൊഫൈലില്‍ നിന്നാണോന്നറിയാന്‍ ആരും അങ്ങനെയിങ്ങനെ മെനക്കെടുകയുമില്ല. മുന്‍പ് മാരീചനും ഒരിക്കല്‍ വെള്ളെഴുത്തിനും ഇങ്ങനെ ഇടാത്ത കമന്റ് ചാര്‍ത്തിക്കിട്ടിയതറിയാം.

അനോണി ഓപ്ഷന്‍ കൊണ്ട് സീരിയസ് പോസ്റ്റിന്റെ മൂട്ടില്‍ ഓരിയീടല്‍ വരുന്നു എന്നത് ഒരു പ്രശ്നമാണെങ്കിലും, പല നല്ല [വിമത]കമന്റുകളും അനോണിയായി വരുന്നത് കണ്ടിട്ടുണ്ട്.

ഓഫ് :
“ആ ഭാഷ”യില്‍ പ്രതികരിക്കേണ്ടി വരുന്ന സാധനങ്ങളുണ്ട്, പക്ഷേ ഭാഷാസദാചാരങ്ങളെപ്പറ്റി പലര്‍ക്കും പല ആശയമാണുള്ളതെന്ന് അംഗീകരിക്കുന്നതിനാല്‍ വേറൊരു ബ്ലോഗില്‍ പോയി ഞാനങ്ങനെ എഴുതില്ല. അങ്ങനെ എഴുതാന്‍ തികട്ടിവരുമ്പോള്‍ അത് സ്വന്തം ബ്ലോഗിലേ ഛര്‍ദ്ദിക്കാറുള്ളൂ. ആ ഭാഷയില്‍ എഴുതാന്‍ ഒരു അനോനിമസ് ഐഡിയുടെ ആവശ്യവും എനിക്കില്ല.

Anonymous said...

പ്രിയ ശിവൻ,
താങ്കളുടെ ബ്ലോഗ് വായിക്കാൻ വരുന്നതും അതിൽ ഒരു കമന്റ് ഇടുന്നതും നെറ്റിൽ ചുമ്മാ സമയം കൊല്ലാനിരിക്കുമ്പോൾ ആരെയെങ്കിലും ഒന്നു സുഖിപ്പിച്ചേയ്ക്കാമെന്നു കരുതിയല്ല . മറിച്ച് എന്റെ പോസ്റ്റിനു സ്മൈയ്ലി കമന്റ് കൂട്ടാമെന്നു കരുതിയുമല്ല.സീരിയസ്സായി എഴുതുന്ന ചുരുക്കം ബ്ലോഗറിൽ ഒരാളാണ് താനെന്ന ബോധത്തിലാണ്.( പാണ്ഡിത്യ ധ്വനിതരുന്ന അല്പം നാട്യം താങ്ങളൂടെ ഭാഷയ്ക്കുണ്ടെങ്കിലും- അത് കൂടുതൽ അറിയുമ്പോൾ മാറിക്കോളും). അനോനി കമന്റ്കൾ മായ്ക്കുകയായിരുന്നു ലക്ഷ്യമെങ്കിൽ അതിന്റെ ഓപ്ഷൻ ഒഴിവാക്കി വേണമായിരുന്നു. സഭ്യതയാണ് പ്രശ്നമെങ്കിൽ അതിൽ രണ്ട് തരം സ്വഭാവം കാട്ടിയത് തന്റെ വ്യക്തിത്വത്തിനു ചേർന്നതാണോയെന്നു പുനരാലോചിക്കണം. ഞാനിട്ട അനോണികമന്റ് മായ്ക്കുമ്പോൾ സൂരജിന്റെ പേരിൽ എഴിതിയ തെറി അതിലുണ്ടായിരുന്നു. സൂരജ് ഇന്ന് അതിന്റെ പിതൃത്വം നിഷേധിച്ചിട്ടുണ്ട്. നല്ലത് പ്ക്ഷേ അത് ആദ്യകമന്റ് ഇടാൻ വന്ന സമയം സൂരജ് കണ്ടതല്ലേ അപ്പോൾ നിഷേധിച്ചില്ലല്ലോ? ഇത്രയുമായപ്പോൾ അത് ഞാനല്ലയെന്നു പറയുന്നതിലേ സത്യസന്ധത വിശ്വസിക്കാൻ പ്രയാസമുണ്ട്. മാത്രമല്ല അയാൾ അങ്ങനെ മാത്രം പ്രതികരിക്കുന്ന തരത്തിൽ കുറച്ചുകാലമായി മാറിപ്പോയിരിക്കുന്നു. വ്യക്തിത്വത്തിന്റെ ശിദ്ദിലീകരണം എന്ന് നമ്മൾക്ക് അതിനെ വിളിക്കാം . തെറിപറഞ്ഞാൽ എല്ലാം നശിച്ചു പൊകും എന്നല്ല അതും ഭാഷയുടെ ഒരു വെളിപ്പെടൽ രീതിതന്നെ എന്നാൽ എപ്പോഴും അതിൽ കയറി സഞ്ചരിച്ചാൽ നേരത്തേകിട്ടിയതുപോലുള്ള കല്ലുവച്ച ഐറ്റങ്ങൾ പാർസലായിവരും.അതുകൊണ്ട് ശിവൻ താങ്ങൾ മായ്ക്കുകയും സ്റ്റാന്റേർഡ് നിലനിർത്താൻ ശ്രമിക്കുകയും ചെയ്യുമ്പോൾ ഒരു വ്യക്തുത്വം നിലനിർത്തേയ്ക്കണം അല്ലങ്കിൽ തിരികെ ചെന്നു നോക്കുമ്പോൾ ആകെ മാറിയിരിക്കുന്നതായി കാണും .പിന്നെ ഒന്നും ചെയ്യാനാവില്ല. മായ്ചത് പലതും സ്ഥിരമായി പതിഞ്ഞതിലാണ് എന്ന് മറക്കാതിരിക്കുക. മറ്റൊന്നുകൂടി എന്റെ ബ്ലോഗ്ഗിൽ എനിക്ക് ഇഷ്ടപ്പെട്ടത് ചെയ്യും എന്നാണെങ്കിൽ ബ്ലോഗ് എന്ന മാധ്യമത്തിന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്താവുന്ന ഒരു തുറന്ന വാതിലും പബ്ലിഷ് ചെയ്യുന്ന ടെക്സ്റ്റ് എഴുത്ത്കാരനെ കവിഞ്ഞു നിൽക്കുന്നുവെന്ന പുതിയകാഴ്ചയും എല്ലാം താങ്കൾ നിരാകരിക്കുന്നു. സാഹിത്യവിമർശനത്തിൽ മാത്രമല്ല സിദ്ധാന്തങ്ങൾ അത് ജീവിതത്തിന്റെ സമസ്തമേഖലകളെയും ചൂഴ്ന്ന് നിൽക്കുന്ന അല്ലങ്കിൽ നിൽക്കേണ്ടുന്ന ഒന്നാണെന്ന് മറക്കരുത്.

വെള്ളെഴുത്ത് said...

പാണ്ഡിത്യ ധ്വനിതരുന്ന അല്പം നാട്യം താങ്ങളൂടെ ഭാഷയ്ക്കുണ്ടെങ്കിലും- അത് കൂടുതൽ അറിയുമ്പോൾ മാറിക്കോളും)

മനുഷ്യന്റെ സ്വാഭാവികമായ പെരുമാറ്റരീതിയാണ് സ്വയം ന്യായീകരണം. രണ്ടുപേരു മുഖാമുഖം നോക്കിയിരുന്ന് ന്യായീകരിക്കാന്‍ തുടങ്ങുമ്പോള്‍ തര്‍ക്കമുണ്ടാവും. കൂടുതല്‍ അറിയാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പോസ്റ്റുകള്‍ (എന്തറിയാന്‍..? അറിഞ്ഞിട്ടെന്ത്.....?) ഒന്നും മറിയിക്കാത്ത ഒച്ചകളോ? ബാക്കി വിശദീകരണങ്ങള്‍ക്ക് ചുരുങ്ങിയ തോതില്‍ മറുപടി മുന്‍പത്തെ കമന്റുകളിലുണ്ട്.. വീടിന്റെ മുന്നിലെ കാടും പടലും വെട്ടിക്കളഞ്ഞാല്‍ വീട്ടില്‍ മാലിന്യങ്ങളെ ഇല്ലെന്ന് സ്വയം ബോധമുള്ള ആരും വിചാരിക്കില്ല. അതിനൊരു സിദ്ധാന്തവും ആവശ്യമില്ല. അതുകൊണ്ട് കമന്റുകള്‍ ഡിലീറ്റു ചെയ്ത ഉടനെ ഞാന്‍ മാന്യനായി എന്നൊരു വിചാരവും എനിക്കില്ല. ചീത്തവിളികളില്‍ ഒരു കൂച്ചവും തോന്നാത്തതുകൊണ്ടാണ് അനോനിഓപ്ഷന്‍ ഇപ്പോഴും കളയാത്തത്. എന്നും വച്ച് അതു കഴുത്തില്‍ കെട്ടിത്തൂക്കി നടക്കണമെന്നില്ലലോ ആരു പറഞ്ഞാലും.. മറ്റൊരാളോടുള്ള വ്യക്തിവിരോധം തീര്‍ക്കാന്‍ മറ്റൊരു ബ്ലോഗിലെ കമന്റ് ഓപ്ഷനുകള്‍ ഉപയോഗിക്കുന്നത് അത്ര നല്ല ഏര്‍പ്പാടല്ല. (അതു നേരെത്തെയും ഒഴിവാക്കിക്കളഞ്ഞിട്ടുണ്ട്. അടിസ്ഥാനമില്ലാത്ത തെറികളെയും അത് എന്റെ പ്രതികരണരീതി) എന്നിപ്പോള്‍ തോന്നുന്നു. അഭിപ്രായം മാറുമ്പോള്‍ പിന്നെയും കാര്യങ്ങള്‍ മാറാം.. മാറ്റമില്ലാത്തതു മാറ്റത്തിനുമാത്രമാണല്ലോ !

Anonymous said...

മാറ്റത്തിനൊരുക്കമാണെന്ന മുങ്കൂർ ജ്യാമ്യത്തിനു സ്വാഗതം. ഒരു നിലപാട് എടുക്കുമ്പോൾ ആർ എന്നതിനേക്കാൾ എന്ത് എന്ന് നോക്കുന്നതാണ് വെള്ളെഴുത്താണെങ്കിൽ ചേരുക അല്ലങ്കിൽ മഞ്ഞ എഴുത്തെന്നോ,നീലയെഴുത്തെന്നോ, കറുപ്പെഴുത്തെന്നോ പറയുന്നതാവും ഉത്തമം . പുറം വൃത്തിയാക്കുക മാത്രമാവരുത് ലക്ഷ്യം. അകവും പിടിയും മാറ്റുന്ന പാരഡൈം ഷിഫ്റ്റ് ഉണ്ടാകണം അതിനായി കാത്തിരിക്കുക. ചുവടിളക്കുന്ന ഒരു കൊറ്റുങ്കാറ്റ് വരാതിരിക്കില്ല.

സുലൈമാൻ said...

പാരഡൈം ഷിഫ്ട്.. !
രണ്ടുണ്ട !!
സുരേഷ്ഗോപി സിനിമയില്‍ ‘ഷിഫ്ടിന് അക്ഷരം മാറ്റിയാണ് ഉപയോഗിക്കുന്നത്.. അതാണ്‍ഊ വേണ്ടിയിരുന്നത്. പരുന്തിന്റെ മേളില്‍ കയ്യറിയിരുന്നാല്‍ എന്നെയും എന്നെ പരുന്തിനെക്കാള്‍ മേലെ പറക്കുന്നവനെന്നു വിചാരിച്ചുകൊള്ളും എന്നാണ് ചില അണ്ണന്മാരുടെ വിചാരം.. ബോറന്മാര് !

Anonymous said...

അങ്ങനെ പറക്കുന്നവന്റെ മുകളിൽ കയറി പറക്കുന്നവനെയാണ് നീ കാണേണ്ടത്, അത് അസാദ്ധ്യ അനുഭവമാണ്കേട്ടോ? അനോണി ഒരു അവസ്ഥയാണ് അത് ഒരു നീല തലക്കെട്ടിൽ മാറുന്നതല്ല. അനാഥനും സനാഥനും ഇടയ്ക്ക് യത്തീംഖാനയിൽ കഴിയുന്നവരെ കുറിച്ചാണെന്റെ സങ്കടം

Suraj said...

വെള്ളെഴുത്ത് മാഷേ, വിഷയം പൂര്‍ണമായും മാറിപ്പോകുന്നു; മുട്ടന്‍ ഓഫിനു ക്ഷമ, ഇത് ലാസ്റ്റ് -

അത് ആദ്യകമന്റ് ഇടാൻ വന്ന സമയം സൂരജ് കണ്ടതല്ലേ അപ്പോൾ നിഷേധിച്ചില്ലല്ലോ? ഇത്രയുമായപ്പോൾ അത് ഞാനല്ലയെന്നു പറയുന്നതിലേ സത്യസന്ധത വിശ്വസിക്കാൻ പ്രയാസമുണ്ട്. മാത്രമല്ല അയാൾ അങ്ങനെ മാത്രം പ്രതികരിക്കുന്ന തരത്തിൽ കുറച്ചുകാലമായി മാറിപ്പോയിരിക്കുന്നു. വ്യക്തിത്വത്തിന്റെ ശിദ്ദിലീകരണം എന്ന് നമ്മൾക്ക് അതിനെ വിളിക്കാം .

അനോനി അണ്ണാ,

മറ്റുള്ളവരുടെ കമന്റു വായിച്ചിട്ടല്ല ഞാന്‍ ഈ പോസ്റ്റിനു മറുപടിയെഴുതിയത്. റീഡറില്‍ പോസ്റ്റു വായിച്ചു, ഒരു കമന്റിടണമെന്ന് തോന്നി, കമന്റുകള്‍ നോക്കാതെ താഴെപ്പോയി കമന്റ് ബോക്സ് തുറന്ന് പോസ്റ്റി. അത്രതന്നെ. അതുകൊണ്ട് എന്റെ പേരില്‍ ഒരു അനോണി കമന്റ് കണ്ടും ഇല്ല.

നെയ്ം-യു.ആര്‍.എല്‍ എന്ന ബോക്സില്‍ ആരുടെ പേരും എഴുതിയിട്ട് അവരുടെ ബ്ലോഗ്ഗര്‍ പ്രൊഫൈല്‍ യു ആര്‍ എല്‍ ആയി ഇട്ടാല്‍ അയാളിട്ട കമന്റാണെന്ന് തോന്നിക്കാവുന്നതേയുള്ളൂ. Original IDയില്‍ നിന്ന് അതിടുമ്പോള്‍ പ്രൊഫൈല്‍ ചിത്രം കൂടി സൈഡില്‍ വരും, അല്ലെങ്കില്‍ ബ്ലോഗ്ഗര്‍ ചിഹ്നമായ ഓറഞ്ച് പശ്ചാത്തലത്തില്‍ ഒരു ‘B‘. അനോണിയായി താങ്ങുമ്പോള്‍ അത് വരില്ല, അതാണ് വ്യത്യാസം. അത്തരമൊരനുഭവം വെള്ളെഴുത്തിനു തന്നെ മുന്‍പുണ്ടായിട്ടുണ്ട് എന്നതിനാല്‍ പുള്ളിക്ക് അതു മനസ്സിലായി.

ആ ഒരു അനോണിക്കമന്റില്‍ പിടിച്ച് ഇവിടെ ചര്‍ച്ചയേ വഴിമാറുന്നത് ഒരാള്‍ മെയിലില്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് തിരികെ വന്ന് നോക്കിയതും വെള്ളെഴുത്തിനെ അനോണിപ്പണി അറിയിക്കണമെന്ന് തോന്നിയതും. അല്ലാതെ ആരെയും ബോധ്യപ്പെടുത്തി സത്യസന്ധതയുടെയോ പേഴ്സനാലിറ്റിയുടെയോ ബ്ലോഗ്-സര്‍ട്ടിഫിക്കറ്റ് വാങ്ങി വയ്ക്കാനല്ല.

പിന്നെ, ഈയുള്ളവന്റെ വ്യക്തിത്വവും അതിന്റെ ശിഥിലീകരണവുമൊക്കെ നോക്കിയിരിക്കാന്‍ ഇത്രോം അനോണിമാമന്മാരുള്ളതു കണ്ട് അടിയന്‍ ധന്യനായി.

Anonymous said...

ആരാണീ ശിവന്‍? ഒരനോനി അങ്ങനെ സംബോധന ചെയ്തു കണ്ടതിനാല്‍ ഈ ചോദ്യത്തിന് ഹേതുവായതാണേ...

Pradeep Kumar said...

അസാദ്ധ്യ സാധനം തന്നെ, ഗോപാൽ ജി ! എൻ്റെ നടുക്കുറ്റി തിരിച്ചെന്നു പറഞ്ഞാൽ മതിയല്ലോ !