October 4, 2009

മുനയില്ലാത്ത ഒരു ആണിയുടെ പേരില്‍




ഒട്ടകത്തിന് അഭയം കൊടുത്തിട്ട് ഒടുവില്‍ പുറത്തായിപ്പോയ അറബിയെപ്പറ്റിയൊരു കുട്ടിക്കഥയുണ്ടല്ലോ. ശുദ്ധഗതിയും ആശ്രിത വത്സലത്വവും ചിലപ്പോള്‍ സ്വയം പാരയാവും എന്നാണ് ഈ കഥ പറഞ്ഞു വയ്ക്കുന്നത്. ഒട്ടകത്തിന്റെ ഭാഗത്തു നിന്നാണ് നോക്കുന്നതെങ്കില്‍ പ്രായോഗികബുദ്ധി നിശ്ശബ്ദമായി ലക്ഷ്യം നേടുന്നതെങ്ങനെ എന്നും കാണാം. പ്രത്യക്ഷത്തില്‍ സമാനതയുള്ള മറ്റൊരു നാടോടിക്കഥ അറബ് സാഹിത്യത്തില്‍ പ്രചാരത്തിലുണ്ടായിരുന്നു. ‘മിസ്മര്‍ ഗോഹ’ എന്നാണ് കഥയുടെ പേര്. ‘ഗോഹയുടെ ആണി’ എന്ന് മലയാളത്തിലാക്കാം. മൊറോക്കോയില്‍ ‘ജെഹ’ എന്നാണ് കഥാപാത്രത്തിന്റെ പേര്. പാലസ്തീനിലും സിറിയയിലും ഇയാള്‍ ‘ജുഹ’യാണ്. ഗോഹ ഒരിക്കല്‍ തന്റെ വീട് ഒരു ഉപാധി വച്ചുകൊണ്ട് മറ്റൊരാള്‍ക്ക് വിറ്റു. ഉപാധി ഇതാണ് വീടിനകത്തെ മുറിയില്‍ ഒരാണി തറച്ചിട്ടുണ്ട്. അതിന്റെ ഉടമസ്ഥാവകാശം മാത്രം എപ്പോഴും ഗോഹയ്ക്കായിരിക്കും. സംഭവം തമാശയാണെന്ന മട്ടില്‍ വീടു വാങ്ങിയ ആള്‍ സസന്തോഷം ആ ഉപാധി അനുവദിച്ച് കരാറുണ്ടാക്കി. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഗോഹ വിറ്റവീടിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടു. തന്റെ ആണിയുടെ സുരക്ഷ പരിശോധിക്കലാണ് ഉദ്ദേശ്യം. ആണി ക്ഷേമത്തില്‍ തന്നെയാണെന്ന് ബോദ്ധ്യപ്പെട്ട് മടങ്ങിയ ആള്‍ വീണ്ടും ആഴ്ചകള്‍ക്കുശേഷമുള്ള ഒരു രാത്രിയില്‍ മടങ്ങി വന്നു. ഇത്തവണ കയ്യില്‍ ഒരു കമ്പിളിപ്പുതപ്പുമുണ്ട്. തണുത്തകാറ്റുള്ളതിനാല്‍ പുതപ്പുകൊണ്ടു മൂടി ആണിയെ സംരക്ഷിച്ചുകൊണ്ട് രാത്രി അവിടെ കഴിഞ്ഞു. തന്റെ അസാന്നിദ്ധ്യത്തില്‍ എന്തും സംഭവിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് ആണിയുടെ സുരക്ഷിതത്വം മുന്‍‌നിര്‍ത്തി വിറ്റ വീട്ടില്‍ ഗോഹ സ്ഥിരതാമസമാക്കുന്നിടത്താണ് കഥ അവസാനിക്കുന്നത്. ഒട്ടകകഥയുടെ പടുതിയല്ല സത്യത്തിലിതിനുള്ളത്. കണ്ടാല്‍ അതുപോലെയിരിക്കുമെങ്കിലും. അതു വഴിയേ..

ഈ കഥ വീണ്ടും പ്രചാരത്തിലായതിനൊരു ചരിത്രമുണ്ട്. ഈജിപ്തില്‍ നിന്നും ഒഴിഞ്ഞു പോകാമെന്നു സമ്മതിച്ച ബ്രിട്ടീഷുകാര്‍ സൂയസ് കനാലിലിന്റെ മേലുള്ള ആധിപത്യം പക്ഷേ തുടരും എന്ന മട്ടില്‍ ഒരു ഉടമ്പടി നിര്‍ദ്ദേശം മുന്നോട്ടു വച്ചപ്പോള്‍ അതിനെ അനുകൂലിച്ച ഈജിപ്തിന്റെ നിലപാടിനെ കളിയാക്കിക്കൊണ്ട് ഫിക്രിഅബ്ബാസ 1950-ല്‍ എഴുതിയ പത്രാധിപക്കുറിപ്പിലാണ് പഴയ അറബി നാടോടിക്കഥയിലെ ‘ഗോഹ’ എന്ന രൂപകം ശക്തമായ രാഷ്ട്രീയധ്വനികളോടെ വീണ്ടും അവതരിച്ചത്. ഫിക്രി ഒരു ഈജിപ്ഷ്യന്‍ പത്രപ്രവര്‍ത്തകനായിരുന്നു. ആ കല്‍പ്പന ഈജിപ്തില്‍ മാത്രം തങ്ങുന്നതല്ല. മധ്യപൌരസ്ത്യദേശങ്ങളില്‍ ഉണ്ടായ നിരവധി പാശ്ചാത്യ രാഷ്ട്രീയ ഇടപെടലുകളിലൊക്കെ വന്ന് കുടിയിരിക്കാന്‍ ശക്തമായൊരുതരം ഭാവനയുടെ ഊര്‍ജ്ജം ‘ഗോഹ’യ്ക്ക് ലഭിച്ചിട്ടുണ്ട്. സാംസ്കാരികമായ ആശ്രിതത്വത്തിനെതിരെ അറബ് ലോകം നേരിടുന്ന വെല്ലുവിളികളിലും ഒരു ഗോഹ കുടിയിരിക്കുന്നുണ്ട്. അറബ് വീടുകള്‍ക്കുള്ളില്‍ ഇപ്പോഴും മറ്റാരുടെയൊക്കെയോ പലതരം ആണികള്‍ തറഞ്ഞിരിപ്പാണ്. ഏതു നിമിഷവും അടഞ്ഞു കിടക്കുന്ന വാതിലില്‍ നിന്നും അധികാരസ്വരത്തോടെയുള്ള ഒരു തട്ട് പ്രതീക്ഷിക്കാം.

ഈ വിഷയത്തില്‍ ലേഖനമെഴുതിയ ബാര്‍ബറാ ഹാര്‍ലോ പറഞ്ഞതുപോലെ ഒരു പഴംകഥയ്ക്ക് ആധുനിക സാമൂഹിക സാഹചര്യങ്ങളില്‍ വരുന്ന പലതലങ്ങള്‍ അറബ് ലോകത്ത് മാത്രം, അതും രാഷ്ട്രീയ മേഖലകളിലും സാംസ്കാരികലോകത്തും മാത്രം, ചിറകു വിരിക്കുന്ന ഒന്നാവണമെന്നില്ല. നവചരിത്രവാദത്തിന്റെ വഴിവിട്ട് മാറി നടന്നു നോക്കാം. ഒന്നാലോചിച്ചാല്‍ എത്ര അപരിചിത ആണികള്‍ തറഞ്ഞു നില്‍ക്കുന്ന ചുമരുകളുമായാണ് നമ്മളിങ്ങനെ ശ്വസിച്ചു ജീവിക്കുന്നത് ! ഉടമസ്ഥരാരാണെന്നു പോലും അറിയാത്ത ആണികള്‍ . അല്ലെങ്കില്‍ എത്ര മനസ്സുകളുടെ വാതിലിലാണ് നാം ചെന്നു ആധികാരികതയോടെ ചെന്നു മുട്ടുന്നത്, നമ്മുടെ ആണിയുടെ സുരക്ഷിതത്വം ഉറപ്പാക്കാനെന്ന വ്യാജേന. വിധേയത്വത്തെ ആലങ്കാരികമായ ഭംഗിയോടെയും ഉന്മാദത്തോടെയും കോറിയിട്ട ഷെനെ- സാത്രിന്റെ ഭാഷയില്‍ വിശുദ്ധനായ ഷെനെ- ‘തീവ്സ് ജേണലി’ന്റെ അവസാനം, കഴിച്ചുകൂട്ടിയ ജയില്‍ മുറികളോടു് തന്റെ ശരീരത്തിനുള്ള അടുപ്പത്തെക്കുറിച്ച് പറഞ്ഞ് പറഞ്ഞ് തന്റെ ഉള്ളില്‍ തന്നെയുള്ള ഒരു ജയിലിനെ കണ്ടെത്തുന്നു. ബാഹ്യലോകം കെട്ടിയേല്‍പ്പിച്ച ആ ആണി അവിടെയുണ്ടെന്ന തിരിച്ചറിവിലാണ് ഷെനെ അതിസാധാരണത്വത്തില്‍ നിന്നും അസാധാരണത്വത്തിലേയ്ക്ക് നടക്കുന്നത്. (നമ്മുടെ സാധാരണത്വമാകട്ടെ ഉള്ളിലെ ആണികളുടെ ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ള തിരിച്ചറിവില്ലായ്മയില്‍ നിന്ന് ഉണ്ടാവുന്നതും) മറ്റാരുടെയോ ഉടമസ്ഥതയിലുള്ള ആന്തരികജയിലിനെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വമാണ് അയാളുടെ വിധേയത്വഭാവം. നളിനി ജമീലയും തസ്കരന്‍ മണിയന്‍ പിള്ളയും പൊക്കുടനും മുഖ്താര്‍ മായിയും പറഞ്ഞതെന്തായാലും അതിനുള്ളില്‍ ഒരു ആണിയുടെ സാന്നിദ്ധ്യം അനുഭവേദ്യമാണ്. സമൂഹത്തിന്റെ സദാചാരഭാവങ്ങള്‍ തറച്ചതാണ് അവയെ. തിരിച്ച് അവരുടെ തുറന്നു പറച്ചിലുകള്‍ നമ്മുടെ ഉള്ളില്‍ തറച്ചിരിക്കുന്ന ആണികളെ കാണിച്ചു തരുമ്പോഴും നമ്മള്‍ അസ്വസ്ഥരാവുന്നു. (വീട്) നമ്മുടേത് മാത്രം എന്നു വിചാരിച്ച് നെഞ്ചും വിരിച്ച് നടക്കുന്നതിനിടയിലാണ് അകത്തെ ആണിക്കായി തലകുനിപ്പിക്കത്തക്കവിധത്തില്‍ ആരുടെയോ ഒരു മുട്ട്. സ്പെഷ്യല്‍ റഫറന്‍സിനായി കോഴിക്കോട് സര്‍വകലാശാല നിര്‍ദ്ദേശിച്ച പേരുകള്‍ എന്ന നിലയ്ക്ക് നളിനിയും മണിയന്‍ പിള്ളയും കേട്ടെഴുതിയ ആളിന്റെ രാഷ്ട്രീയം മേല്‍ക്കൈ നേടിയതുകൊണ്ട് രണ്ടാമതൊരു ആത്കഥ തയ്യാറാക്കിക്കൊണ്ട് പൊക്കുടനും കൊടിയ അപമാനത്തെ തുറന്നുപറയാന്‍ തുനിഞ്ഞത് രാഷ്ട്രത്തിന്റെ പേരു ചീത്തയാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണെന്ന വിമര്‍ശനത്തില്‍ മായിയും വീണ്ടും വിവാദത്തിലായതുകൊണ്ടും കൂടി കണക്കിലെടുത്തുകൊണ്ടാണ് ഈ പേരുകള്‍ . ഇതിവിടെ അവസാനിക്കുന്നതൊന്നുമല്ല.

അനു:
നഗരത്തില്‍ പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്കൂളില്‍ പുതുതായി ചാര്‍ജ്ജെടുത്ത പ്രിന്‍സിപ്പാളിന്റെ പ്രാഥമിക ചുമതല, കുട്ടികളുടെ കൂട്ടുകാരില്‍ നിന്നും തന്ത്രപൂര്‍വം അവര്‍ ശേഖരിച്ചെടുത്ത ആണ്‍‌കൂട്ടുകാരുടെ (അവര്‍ ട്യൂഷന്‍ ക്ലാസുകളില്‍ പഠിക്കുന്നവരോ വീടിനടുത്തുള്ളവരോ തൊട്ടടുത്ത വിദ്യാലയങ്ങളിലെ സമപ്രായക്കാരോ ആരുമാകട്ടെ) പേരു വിവരങ്ങളടങ്ങിയ ലിസ്റ്റു വച്ച് കുട്ടികളെ ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയുമാണോ? അവരുടെ മാതാപിതാക്കളെ വിളിച്ചു വരുത്തി സദാചാരപ്രസംഗം നടത്തി അച്ചടക്ക നിഷ്ഠയില്‍ തനിക്കുള്ള താന്‍ പോരിമ വിളംബരം ചെയ്യലാണോ? വര്‍ഷങ്ങളായി ചുമന്നുകൊണ്ടു നടക്കുന്ന ആ തുരുമ്പിച്ച ആണിയില്‍ പിടിച്ചുകൊണ്ട് ‘അല്ലെന്ന്’ പറയാന്‍ എത്രപേര്‍ക്കാവും? ഉള്ളില്‍ തറച്ചു വച്ചിരിക്കുന്ന ഒരാണിയുടെ പേരില്‍ നമ്മുടെ മനസ്സുകളില്‍ പൊറുതി ആര്‍ക്കും ഏതു സമയവും തുടങ്ങാം എന്നല്ലേ അതിന്റെ അര്‍ത്ഥം.
അധിനിവേശങ്ങള്‍ എത്ര എളുപ്പമാണിക്കാലങ്ങളില്‍ !
Post a Comment