September 6, 2009

സ്വപ്നം - ജോര്‍ജ് ലൂയി ബോര്‍ഹസ്



ഇറാനിലെ
ഏകാന്തമായ മണല്‍പ്പരപ്പില്‍
ഒരിടത്ത്
അധികം കിളരമില്ലാത്ത
ഒരു കല്‍ഗോപുരം.
അത്;
അറയോ
തടവുമുറിയോ
വാതിലുകളോ
എഴുത്തുകാരനോ
രചനകളോ
തടവുകാരോ.
ആകാം.

വരണ്ട് തരിശായ ഇറാനിലൊരിടത്ത്
അധികം പൊക്കമില്ലാത്ത ഒരു കല്‍ഗോപുരത്തില്‍
വാതിലോ ജനാലകളോ ഇല്ലാത്ത
അതിലെ ഒറ്റമുറിയുടെ
പൊടിനിറഞ്ഞ
വട്ടത്തിലുള്ള
തറയില്‍
ഒരു മേശയും പഴയ ബെഞ്ചും.
അതിലിരുന്ന് എന്നെപ്പോലൊരുവന്‍
എഴുതിക്കൊണ്ടിരിക്കുന്നു.

അയാള്‍ വൃത്താകൃതിയുള്ള മറ്റൊരു തടവറയില്‍ അതുപോലെ വൃത്താകാരത്തിലുള്ള വേറൊരു കാരാഗൃഹത്തിനുള്ളില്‍ കവിത കുറിക്കുന്ന മനുഷ്യനെപ്പറ്റിയാണ് എഴുതിക്കൊണ്ടിരിക്കുന്നത്.
ആ നീണ്ട കവിത എനിക്കു മനസ്സിലാവുകയില്ല.

ആ കവിത അതുപോലെ വട്ടത്തില്‍ തറയുള്ള കാരാഗൃഹത്തിലെ ബെഞ്ചില്‍ അതേ ആകൃതിയുള്ള വേറൊരു തടവറയിലെ കവിതയെഴുതുന്ന മനുഷ്യനെപ്പറ്റിയാണ്. അയാള്‍ വേറൊരു തടവുമുറിയിലെ കവിത എഴുതുന്ന മനുഷ്യന്‍ എഴുതുന്ന കവിതയിലെ അതുപോലെതന്നെയുള്ള മറ്റൊരു മുറിയിലെ...

ഒരിക്കലും അവസാനിക്കാത്ത ചെയ്തികള്‍ .
ആര്‍ക്കും മനസ്സിലാക്കാന്‍ പറ്റാത്ത കുറിപ്പുകള്‍ .


-ജോര്‍ജ് ലൂയി ബോര്‍ഹസ് (1914-1986)

13 comments:

Dr.Subin.S said...

"ഒരിക്കലും അവസാനിക്കാത്ത ചെയ്തികള്‍ .
ആര്‍ക്കും മനസ്സിലാക്കാന്‍ പറ്റാത്ത കുറിപ്പുകള്‍ "
...touching.

simy nazareth said...

റിക്കര്‍ഷന്‍ (വട്ടത്തിലോടുക) ബോര്‍ഹസിന്റെ ഇഷ്ടപ്പെട്ട ഒരു തീമാണെന്നു തോന്നുന്നു.. നല്ല ഒരു ചെറുകഥയുണ്ട്, The circular ruins എന്ന പേരില്‍, ഇതേ തീം പുള്ളി കഥയായി എഴുതിയത്..

സജീവ് കടവനാട് said...

രണ്ടു കണ്ണാടികള്‍ക്കു നടുവിലിരുന്ന് പ്രതിബിംബത്തെ നോക്കിയിരിക്കുന്ന പ്രതിബിംബത്തെ നോക്കിയിരിക്കുന്ന
പ്രതിബിംബത്തെ നോക്കിയിരിക്കുന്ന
പ്രതിബിംബത്തെ നോക്കിയിരിക്കുന്ന
പ്രതിബിംബത്തെ നോക്കിയിരിക്കുന്ന ......

Jayesh/ജയേഷ് said...

ഇപ്പോഴത്തെ കവിതകള്‍ വായിച്ചാല്‍ തോന്നുന്നത്..

sree said...

chuang tzus who dont wake up from their dreams

വെള്ളെഴുത്ത് said...

അതുതന്നെ. നൂലാമാല എന്നു വിളിക്കുന്ന ലാബിറണ്ട്.. സമുദ്രതീരത്ത് (ദ്വീപില്‍) വച്ച ഒരു കണ്ണാടിയെപ്പറ്റിയും ഒരു കഥയുണ്ട്. പ്രതിബിംബങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടുമായി വാസ്തവമേതാണെന്ന് തിരിച്ചറിയാന്‍ പറ്റാത്ത സിമുലാക്രകള്‍ സിദ്ധാന്തമായി ഉരുത്തിരിയുന്നതൊക്കെ ഇതില്‍ നിന്നല്ലേ.. കഥകള്‍ മുന്‍പേ നടക്കുന്നു. ജയേഷേ.. മനുഷ്യനെപ്പറ്റി എഴുതുന്ന കുറിപ്പുകളായതു കൊണ്ട് ആര്‍ക്കും മനസ്സിലാവില്ലെന്നും കവിതയിലെ വരികള്‍ക്ക് അര്‍ത്ഥമുണ്ട്. നമ്മളത് നേര്‍ വിപരീതത്തിലെടുക്കുന്നു. ചുവാങ് സു...ഒരിക്കല്‍ എവിടെയോ വായിച്ചതാണ്.. ഇവിടെ തന്നെയാണ്.. ഞാന്‍ ഏതു ചിത്രശലഭത്തിന്റെ സ്വപ്നമാണ്...

വികടശിരോമണി said...

അടുത്ത തിരമാലയ്ക്കുള്ള റിഹേഴ്സലിനെയാണ് നാം തിരമാല എന്നു പറയുന്നത്..

The Prophet Of Frivolity said...

വെള്ളെഴുത്ത് ആ കമന്റില്‍ പറയുന്നതെന്താണെന്ന് പിടികിട്ടിയില്ല. ഈ പരിഭാഷയും Labyrinth-ഉം തമ്മില്‍ ബന്ധിപ്പിക്കുന്നതെങ്ങനെയാണ്? Labyrinth എന്നത് ഫ്യൂച്ചര്‍ കണ്‍ടിന്‍ജന്റ് എന്ന പ്രാചീന ദാര്‍ശനികപ്രശ്നത്തിന്റെ ബോര്‍ഹേസിയന്‍ കാഴ്ചയല്ലേ. ഇനി ഇത് സിമുലാക്രയുമായി ചേര്‍ത്താല്‍, അതായത് മാപ് ഈസ് നോട്ട് ദി റ്റെറിറ്ററിയുമായി ഒന്നായാല്‍ ഈ കവിത നല്‍കുന്ന വലിയൊരു വെളിച്ചം പോകില്ലേ? ബോര്‍ഹേസ് സാധാരണ സാഹിത്യകാരന്മാരെപ്പോലെ പരത്തിവിശകലനം ചെയ്യാന്‍ പറ്റുന്ന ആളാണോ. കാരണം പുള്ളി എഴുതിയതിന്ന് അടിത്തട്ടിലെല്ലാം കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ദര്‍ശനങ്ങളാണ്, അതും ഒരു അനാലിറ്റിക്കല്‍ രീതിയില്‍.

sree said...

നൂലാമാല=labyrinth? സത്യത്തില്‍ ലാബിറിന്ത് രണ്ടു തരമുണ്ടെന്ന് കേട്ടിട്ടുണ്ട്. ariadne-theseus മിത്തിലേതുപോലെ ഒരു നൂലും കൊണ്ട് ഇറങ്ങിയാല്‍ പുറത്തുകടക്കാവുന്നവ. അതായത് ഉള്ളില്‍ അര്‍ത്ഥമുണ്ടെന്നും, വഴിയേ ഉള്ളു അറിയാത്തത് എന്നും ധാരണയോടെ അകത്തേക്കു കടക്കാവുന്നവ. മറ്റത്, maze,വഴി മാത്രേ ഉള്ളു. രഹസ്യങ്ങളുടെ നൂലുകളും കൊണ്ട് പൊകുന്നവരെകാത്ത് അകത്ത്, അറ്റത്ത്, ഒന്നുമില്ലായ്മയും പോലും ഇല്ല എന്ന്‍. ( garden of forking paths, Deleuze's rhizome etc work on this mazian principle, ie, no periphery, no exit, no centre) തീരത്തുവച്ച കണ്ണാടിയുടെ പ്രതിബിംബവും (ബിംബം ഉണ്ടെന്ന് വിവക്ഷ)സിമുലാക്രയും ഒന്നാവില്ല എന്നു തന്നെ. അതായത്, ബോര്‍ഹെസും ഴാങ്ങ് ബോദ്രിയാറും, പിന്നീട് ദെല്യുസും പറയുന്ന ‘സിമുലാക്രം‘ പ്രതിബിംബം-ബിംബം എന്ന് ചുരുക്കാനാവാത്ത ഹൈപ്പര്‍ റിയാലിറ്റിയെക്കുറിച്ചാണ്.

ബോര്‍ഹെസിന്റെ ഒരു കഥയിലെ ജനങ്ങളെപ്പോലെ രാജ്യത്തോളം വലിയ ഭൂപടം വരച്ച് ഭൂപടത്തില്‍ ജീവിക്കുന്നവര്‍ക്ക് ഭൂപടമാണ് രാജ്യം, അപ്പോപിന്നെ അവരുടെ രാജ്യത്തിന്റെ ഭൂപടമാണിത് എന്ന് പറഞ്ഞാലെങ്ങനെ?

chuang tsu ഉണരാതിരിക്കുമ്പോള്‍ സ്വപ്നവും വാസ്തവവും വെവ്വേറെ ഉണ്ടാവില്ലല്ലോ എന്നാണ്...

വെള്ളെഴുത്ത് said...

അയ്യോ ! കവിതയും കമന്റും അതിന്റെ മറുപടിയും കൂടിയെല്ലാം കുഴഞ്ഞോ. എന്നാലങ്ങനെ. സിമുലാക്രകള്‍ സിദ്ധാന്തമായി ഉരുത്തിരിയുന്നത് ഇതില്‍ നിന്നല്ലേ എന്നു ചോദിച്ചു എന്നു മാത്രം.. ഞാന്‍ ബന്ധിപ്പിച്ചില്ല. അതു കവിതയെ വിശദീകരിച്ചതോ ആശയം പറഞ്ഞ് പരത്തിയതോ ഒന്നുമല്ല അതും സിമി പറഞ്ഞതും ദ്വീപിലെ കണ്ണാടിയും വച്ചു വായിക്കുമ്പോള്‍..എന്നുറക്കെ ചിന്തിച്ചതാണ്...
-അതായത് മാപ് ഈസ് നോട്ട് ദി റ്റെറിറ്ററിയുമായി ഒന്നായാല്‍ ഈ കവിത നല്‍കുന്ന വലിയൊരു വെളിച്ചം പോകില്ലേ? കവിതയുടെ വെളിച്ചം പോകും എന്നു ഫ്രിവോ പറഞ്ഞത് വിശദീകരിച്ചാല്‍ നന്നായിരുന്നു. അപ്പോള്‍ രണ്ടാശയവും കുറേക്കൂടി മനസ്സിലാക്കുന്നതുകൊണ്ട് എന്തെങ്കിലും തകരാറുണ്ടോ?
ബോര്‍ഹസ് ആരായാലും നമ്മള്‍ നമ്മുടെ ധാരണവച്ചല്ലേ ഫ്രിവോ മനസ്സിലാക്കുന്നത്. കയ്യിലിരിക്കുന്നതു മില്ലിമീറ്റര്‍ സ്കെയിലായതുകൊണ്ട് അതുവച്ചളക്കുന്നു, കിലോമീറ്റര്‍ ടേപ്പുള്ളവരാണെങ്കില്‍ അതു വച്ച്, ...കിഴക്കന്‍ പടിഞ്ഞറന്‍ ദര്‍ശനങ്ങളെ അനാലിറ്റിക്കല്‍ രീതിയില്‍ ഒരു സര്‍ഗാത്മകകൃതി ഉള്‍ക്കൊള്ളുന്നതെങ്ങനെ എന്നതിനു വേറൊരു നീണ്ട വിശദീകരണം പറയേണ്ടതുണ്ട്. അതു പിന്നെ..
ശ്രീ..ലാബിറന്റിന്റെ വിശദീകരണത്തിനു നന്ദി. നമ്മുടെ നൂലാമാല തമ്മില്‍ കുരുങ്ങി അറ്റം തിരിച്ചറിയാന്‍ വയ്യാതെ പോകുന്ന നൂല്‍ക്കെട്ടാണ്.. കയറു വയറ്റില്‍ക്കെറ്റീ ഗുഹലിറങ്ങുന്നതുമായി ബന്ധപ്പെടുത്തി ചിന്തിച്ചതല്ല. ഈ പ്രയോഗം മുന്‍പുണ്ടായിരുന്നതാണ് ‘രാവണന്‍ കോട്ടയ്ക്ക്‘ പകരം. രാവണന്‍ കോട്ടയില്‍ പൌരാണികകഥാപാത്രത്തിന്റെ പേരുള്ളതുകൊണ്ട് ഒരു നിര്‍മ്മിതിയാണെന്ന തോന്നലാണുണ്ടാവുക. ഒരു പരിഹാരം എവിടെയോ ഉണ്ടെന്ന പ്രതീതിയും അതല്ല മലയാളത്തില്‍ നൂലാമാല എന്നു പ്രയോഗിച്ചാല്‍ ലഭിക്കുന്ന പ്രതീതി. നൂലാമാല ഒരു പൊറുതികേടാണ്. കുഴമറിച്ചില്‍. ആ പൊറുതികേടല്ല സിമുലാക്രയിലുള്ളത്. എങ്കിലും അവിടെ ഒരു കുഴമറിച്ചില്‍ നില നില്‍ക്കുന്നു. മുന്‍പൊരു നിരൂപണത്തില്‍ അതിനെ ഒരു ബ്രൂസ്ലി ചിത്രത്തിലെ അവസാന രംഗത്തോട് താരതത്മ്യം ചെയ്തിരുന്നു. ഇനി ദ്വീപിലെ കണ്ണാടിയെ അങ്ങനെയങ്ങ് അതല്ല ഇതല്ല. എന്നു നിര്‍ണ്ണയനത്തിലെത്തിക്കണ്ട. പരസ്പരം പിടിച്ച കണ്ണാടിയില്‍ യാഥാര്‍ത്ഥ്യം ഏത്? വൃത്താകൃതിയിലുള്ള തടവുമുറിയിലെ ഏതു തടവുകാരനാണ് ബിംബം? പിന്നീട് വികസിച്ചു വന്ന സങ്കല്‍പ്പനങ്ങളുടെ ചില ബീജങ്ങള്‍ സര്‍ഗാത്മക കൃതികളില്‍ ഉണ്ടാവും എന്ന് ആലോചിക്കുന്നതില്‍ എന്താണു തെറ്റ്.. ആവോ..?
-അപ്പോപിന്നെ അവരുടെ രാജ്യത്തിന്റെ ഭൂപടമാണിത് എന്ന് പറഞ്ഞാലെങ്ങനെ?-
ഇതു മനസ്സിലായില്ല. (ഇതാരു പറഞ്ഞത്?)

ഞാന്‍ വിചാരിച്ചത് ചാങ് സു പഴയ ചിത്രശലഭത്തെക്കുറിച്ച് സ്വപ്നം കണ്ട സെന്‍ ഗുരു വാണെന്നാണ്. സോറി.
പക്ഷേ -
chuang tsu ഉണരാതിരിക്കുമ്പോള്‍ സ്വപ്നവും വാസ്തവവും വെവ്വേറെ ഉണ്ടാവില്ലല്ലോ എന്നാണ്... ആര്‍ക്ക് ഉണ്ടാവില്ലെന്ന് ? എന്ന് ആരു പറയുന്നു?
ഒന്നുകൂടി ഒന്ന് ആലോചിച്ചു നോക്കിയേ..

sree said...

എന്റെ വെള്ളെ...ഒടുക്കത്തീന്ന് തുടങ്ങാം...ആദ്യ പടി അധികം ആലോചിക്കാതിരിക്കുക എന്നാണ്...സത്യം ;)

ഉണര്‍ന്ന സുവാങ് സൂവിന്റെ സ്വപ്നം വിശകലനം ചെയ്യാനുള്ള ശ്രമമാണ് സെന്‍ സ്റ്റോറി. ഞാന്‍ മുകളില്‍ ആദ്യം ഇട്ട കമെന്റില്‍ ഇതിന്റെ ഉറക്കത്തിലെ തന്നെ സാധ്യതയെക്കുറിച്ചാണ് പറഞ്ഞത്. അതായത് എഴുത്ത്, കവിത എന്നീ വിഷയങ്ങളുമായി ചേര്‍ത്തു നോക്കുമ്പോള്‍ സ്വപ്ന ജീവിതം എന്നത് ഒരു പ്രതീതിയല്ല എന്ന്. ബിംബങ്ങളെ പുറമേനിന്ന് നോക്കുന്നവനാണ് കുഴമറിച്ചില്‍, പക്ഷെ ഉള്ളില്‍, കണ്ണാടിക്കൂട്ടില്‍ ഇരിക്കുന്നവന് സംശയമില്ല താന്‍ ആരാണെന്ന്. ഉവ്വോ? എന്നാല്‍ ലാബിറന്തില്‍ , വഴി- സബ്ജെക്റ്റ് തന്നെയാണ് കുഴമറച്ചില്‍ .ബിംബം എന്നത് റിഫ്ലക്ഷന്‍ ആണെങ്കില്‍ സിമുലാക്രം എന്നത് സബ്ജെക്റ്റ് ആണ്. അവിടെയാണ് സിമുലാക്രം, ലാബറിന്ത് തുടങ്ങിയവയുടെ വ്യത്യാസവും. അതില്‍ പോകുന്നവന്‍, ഉള്ളിലുള്ളവന്‍ , സ്വപ്നം കാണുന്നവന്‍ ഈ പറഞ്ഞ നൂലാമാലയ്ക്കകത്താണ്, അല്ലെങ്കില്‍ അതുതന്നെയാണ്‍. being the labyrinth/dream. ( ബോഹെസിന്റെ കവിതയില്‍ ഈ വര്‍ച്വല്‍ ഫീല്‍ ശരിക്കും അനുഭവപ്പെടുന്നുമുണ്ട്. ) വര്‍ച്വാലിറ്റിയെ നിര്‍വചിക്കാന്‍ കഴിയില്ല എന്ന് ബോദ്രിയോ പറഞ്ഞത് അതുകൊണ്ടുംകൂടെയായിരിക്കണം. നിര്‍വ്വചനങ്ങളെയും, വ്യാഖ്യാനങ്ങളെയും വര്‍ച്വല്‍ ആക്കിക്കളയും അത്. ഒന്നിനോടും സാമ്യമില്ലാത്ത സിമുലാക്രത്തെപ്പോലെ ( ദൈവത്തോടാണ് താരതമ്യം, ലതിന്റെ‘ഇല്ലായ്മ‘യാണ് ലതിനെ ദൈവമാക്കുന്നത് എന്നതു തന്നെ.)

ഭൂപടം- map precedes the territory എന്ന ബോദ്രിയന്‍ ആശയം ബോര്‍ഹെസിന്റെ മേല്‍പ്പറഞ്ഞ കഥയില്‍ നിന്ന് inspired ആണെന്നു കേട്ടിട്ടുണ്ട്. ( ഒറ്റ പരഗ്രാഫ് കഥയാണ് ഇവിടെ വായിക്കാം.)

ലാബറിന്ത് മിത്തിലെ സ്പൈറലിന്റെ നടുക്ക് ‘ഉണ്ടെന്ന് പറയപ്പെടുന്ന’ minotaur എന്ന ദുര്‍ഭൂതതെപ്പോലെ, ‘വാസ്തവം’, ‘സത്യം‘ എന്നൊക്കെ പറയുന്നത് ചില ധാരണകള്‍ മാത്രമാണെന്ന ചിന്ത തുടങ്ങിവച്ചത് നീഷെ ആണെന്നാണ് തോന്നുന്നത്. അതായത് കഥയ്ക്കും മുന്‍പേ ചില കഥയില്ലായ്മകള്‍ നടന്നിട്ടുണ്ട് എന്ന് ;) ഏതായാലും, ‘പിന്നീട് വികസിച്ചു വന്ന സങ്കല്‍പ്പനങ്ങളുടെ ബീജങ്ങള്‍ സര്‍ഗ്ഗാത്മകകൃതികളില്‍...” എന്ന നിലയ്ക്കല്ല എല്ലാ സങ്കല്‍പ്പനങ്ങളും ഒരു നിലയ്ക്ക് സര്‍ഗ്ഗാത്മകമാണല്ലോ എന്ന നിലയ്ക്കാണ് ഞാന്‍ ഇതു മനസ്സിലാക്കുന്നത്.

കവിത,പ്രത്യേകിച്ച് ബോര്‍ഹെസിന്റെത്, ‘മനുഷ്യനെക്കുറിച്ച് എഴുതുന്നതുകൊണ്ട് മനസ്സിലാവാതെ‘ പോകുന്നവയാണെന്ന് തോന്നുന്നില്ല. മനസ്സിലാവുക എന്നാല്‍ ‘വീക്ഷണം‘, observation, എന്നൊക്കെയുള്ള പരമ്പരാഗത തലത്തില്‍ നിന്നും, മനസ്സിലാവുക എന്നാല്‍ അനുഭവിക്കുക, സൃഷ്ടിക്കുക എന്നൊക്കെയാവുന്ന ഒരു തലത്തിലേക്ക് മാറ്റുന്ന എഴുത്താണ് ഇത്തരത്തിലുള്ളവ. has to be in there, not out here എന്നൊക്കെയാണ് എനിക്കു തോന്നുന്നത്. ഇനിയും വ്യക്തമാക്കിയാല്‍ i'll be negating what i am saying :) അതുകൊണ്ട് സുല്ല്.

ഓഫ്, പഠിച്ചുകൊണ്ടിരിക്കുന്ന വിഷയമായതുകൊണ്ടുള്ള ആവേശമാണ്. എനിക്ക് ഏതാണ്ടൊക്കെ അറിയാംന്നല്ല, അറിയണം എന്നാണേ സ്ഥായി...മറിച്ച് തോന്നിയെങ്കില്‍ അഹങ്കാരമായിട്ട് തള്ളിയേക്കു ;)

വെള്ളെഴുത്ത് said...

കമ്മ്യൂണിക്കേഷന്‍ ഒരു വലിയ പ്രശ്നമാണല്ലോ.. (എന്റെ ആത്മഗതം)

ശ്രീ, ഇപ്പം. എനിക്കെല്ലാം മനസ്സിലായി. ഇതാദ്യമേ പറഞ്ഞിരുന്നെങ്കിലോ. വെറുതേ മറുപടി പറഞ്ഞ് ചമ്മി. :( എന്നെക്കൊണ്ട് ഞാന്‍ തോറ്റു!

(ഇനി അല്പം ഗൌരവത്തില്‍)
‘(ഇപ്പോഴത്തെ കവിതകള്‍ ‍) മനസ്സിലാവാത്തത് മനുഷ്യനെ പ്പറ്റിയായതുകൊണ്ടാണെന്ന്‘ ജയേഷിനു കൊടുത്ത മറുപടിയാ. അല്ലാതെ ബോര്‍ഹസ്സിന്റെ കവിതകളെ സാമാന്യവത്കരിച്ചതല്ല. അതൊരു സാധാരണ സംഭാഷണഭാഗമാണ്, അല്ലാതെ സിദ്ധാന്തമല്ല. അതിനും ഡിബേറ്റു വേണോ?

കമ്മ്യൂണിക്കേഷന്‍ ഒരു വലിയ പ്രശ്നമാണല്ലോ.. (എന്റെ കുറച്ചുകൂടി ഉറക്കെയുള്ള ആത്മഗതം)

തത്തനംപുള്ളി said...

ഒരിക്കലും അവസാനിക്കാത്ത ചെയ്തികള്‍ .