September 2, 2009

കാണുന്നീല ഒരക്ഷരവും


സന്തോഷ് ഏച്ചിക്കാനത്തിന്റെ പുതിയ പ്രണയക്കഥ- മിലൂപ്പ എന്ന കുതിര-യിലെ നായകന്‍ തന്റെ മൂക്കിനെ ഉപമിക്കുന്നത് ‘ന’ എന്ന മലയാള അക്ഷരത്തോടാണ്. മൂക്കിന്റെ സ്ഥാനത്ത് ദൈവം ‘ന’ എന്നെഴുതിവച്ചിരിക്കുകയാണെന്നും പറഞ്ഞ്. അങ്ങനെ അപകര്‍ഷപ്പെടുന്നത് കഥയിലെ ആറുവയസ്സുകാരനാണെങ്കിലും ദൈവത്തിന്റെ ലിപി മലയാളത്തിന്റേതാണെന്ന് അബോധത്തില്‍ ആഖ്യാതാവ് ഉറപ്പിച്ചിട്ടുണ്ടെന്നും കൂടി, കഥയുടെ കല്പിതാംശത്തെ അതില്‍ നിന്ന് ഒട്ടും കുറയ്ക്കാതെ നിലനിര്‍ത്തിക്കൊണ്ടു തന്നെ വായിച്ചെടുക്കാം. സുഭാഷ് ചന്ദ്രന്റെ ‘മനുഷ്യന് ഒരാമുഖം എന്ന നോവലിലെ കാമം എന്ന അധ്യായത്തില്‍ ’ കണങ്കാലിന്റെ അസാമാന്യസൌന്ദര്യം കൊണ്ട് ആണ്‍കുട്ടികളുടെ തൊണ്ടമുഴയെ വേദനിപ്പിച്ചിരുന്ന ഒരു പെണ്‍കുട്ടിയുടെ അടിവസ്ത്രത്തിന്റെ നിറം വെളിപ്പെടുത്താമെന്ന് പന്തയം വച്ച ജിതന്റെ ചെയ്തിയെ വര്‍ണ്ണിക്കുന്നത് ഇങ്ങനെയാണ് ; ‘വയനാട്ടില്‍ നിന്നു വന്ന് ഹോസ്റ്റലില്‍ താമസിക്കുന്ന കൂട്ടുകാരന്‍ കൊടുത്ത കഞ്ചാവിന്റെ പുക നല്‍കിയ ആത്മവിശ്വാസത്തില്‍ പതിനേഴുകാരനായ അവന്‍ ആ സുന്ദരിയുടെ പാവാട പിന്നില്‍ നിന്ന് വലിച്ചുപൊക്കി ഇളം നീല നിറത്തിന്റെ ഒരു ‘ധ’കാരം കൂട്ടുകാര്‍ക്കു മുന്നില്‍ പ്രത്യക്ഷമാക്കി.’ അനന്ത വിചിത്രങ്ങളായ നാനാതരം സ്വനങ്ങളെ ചിട്ടപ്പെടുത്തി ഉപ്പിലിട്ടു സൂക്ഷിക്കാനുള്ള ഉപായമായിട്ടാണ് ലിപികളെ ഭാഷകള്‍ കൊണ്ടു നടക്കുന്നത്. ഭരണികളുടെ ജോലിയാണവയ്ക്ക്. അതുകൊണ്ടാണ് ഭരണി ഏതായാലെന്ത് എന്നൊരു ചോദ്യം വരുന്നത്. പറഞ്ഞുവരുമ്പോള്‍ നമ്മുടെ രാഷ്ട്രഭാഷയായ ഹിന്ദിയ്ക്ക് സ്വന്തമായി ലിപിയില്ല. ലോകഭാഷയായ അംഗ്രേസിയ്ക്കുമില്ല സ്വന്തം ഭരണികള്‍ . അങ്ങനെയെത്ര സാരസ്വതങ്ങള്‍ ! എങ്കിലും അവയില്‍ ചിലതിന്റെ സ്വനങ്ങള്‍ ഭദ്രമായിരിക്കുന്നത്ര സുരക്ഷിതമല്ലല്ലോ പറമ്പും പുരയും തിരുമുറ്റവും നാലുകെട്ടും തോണിയും ഒക്കെയുള്ള മലയാളത്തിന്റെ സ്ഥിതി. അതു മറ്റൊരു വിഷയമാണ്. ഭാവനയ്ക്ക് കൂടുപണിയാന്‍ ആരുടെയൊക്കെയോ കൂട്ടായ ഉത്സാഹത്തില്‍ ഉരുത്തിരിഞ്ഞു വന്ന ലിപികള്‍ തിരിച്ച് ഭാവനയുടെ ചേരുവകളിലൊന്നായി തീരുന്നതിനെക്കുറിച്ചാണ് ഓര്‍ത്തുപോയത്. ഒന്നു ശ്രദ്ധിച്ചാല്‍ അറിയാം പരന്ന് വിലക്ഷണമായ മൂക്കിന്റെ ‘ന’ യും സുഭഗമായ ഒരു പെണ്‍ചന്തിയുടെ ‘ധ’യും എങ്ങനെ മറ്റൊരു ഭാഷയിലേയ്ക്ക് വിവര്‍ത്തനം ചെയ്യും? അക്ഷരങ്ങള്‍ പ്രചോദിതോപാധികളായി മാറുന്നതില്‍ ഭാഷയുടെ സ്വത്വത്തോളം ചെല്ലുന്ന വാസ്തവങ്ങളില്ലേ?

ബ്രാഹ്മിയില്‍ നിന്ന് വട്ടെഴുത്തും കോലെഴുത്തും നാനം മോനവുമൊക്കെയായി പരിണമിച്ചു് ഇപ്പോള്‍ 5.1 -ല്‍ എത്തിയ മലയാള മലയാള അക്ഷരങ്ങളുടെ ചിത്രവടിവ് പലതരത്തിലാണ് നമ്മുടെ എഴുത്തിനെ തെരുപ്പിടിപ്പിച്ചിട്ടുള്ളത്. ചങ്ങമ്പുഴയുടെ ‘മയക്കത്തില്‍ ’ എന്ന കവിതയില്‍ (സ്വരരാഗസുധ) കുറേ കൂട്ടക്ഷരങ്ങള്‍ അര്‍ദ്ധനഗ്നോജ്ജ്വലാംഗികളായി മദാലസകളായി വന്ന് കവിയെ പ്രലോഭിപ്പിക്കുന്നതു കൌതുകമുള്ള കാഴ്ചയാണ്. (മലയാളത്തിലെ അച്ചടിലിപിയുടെ അവ്യവസ്ഥ കാരണം ചങ്ങമ്പുഴ എഴുതിയ അക്ഷരങ്ങള്‍ തന്നെയാണ് പുസ്തകത്തില്‍ നൃത്തം ചെയ്യുന്നതെന്ന് ചില സംശയങ്ങളുണ്ട്. അച്ചടി- പൂര്‍ണ്ണ പ്രസാധകര്‍ , കോഴിക്കോട്) അക്ഷരങ്ങള്‍ ഇവയാണ് : മഞ്ഞില്‍ നീന്തുന്ന മൃദുശശി ലേഖയായി ‘ഞ്ജ’. പാതിരാപ്പൂവിന്റെ പുഞ്ചിരിപോലെ വാതില്‍ മറഞ്ഞ് അമൃതാംഗിയായി ‘ന്ദ’. സ്വര്‍ഗലോകത്തിലെ മദത്തിന്റെ സ്വപ്നം ഉടലാര്‍ന്നതുപോലെ ‘ങ്ഗ’ പുളകപ്രസന്നയായി കലാജലകന്യ ‘ണ്ഡ’. ചുംബനത്തിനായി ചുണ്ടുപിളര്‍ത്തി ‘മ്ബ’. ഇവരെല്ലാം സ്ത്രീകളാണ്. ശബ്ദസാഗരകന്യമാരാണ്. പുളകോദ്ഗമകാരികളായ പെണ്ണുടലുകളാണ്. അവര്‍ അര്‍ദ്ധമയക്കത്തിലാണ് കവിയുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. യഥാര്‍ത്ഥലോകം പുരുഷാക്ഷരങ്ങളുടേതാണെന്ന് (പരുഷാക്ഷരങ്ങള്‍ ?), അസ്ഥിമാല ധരിച്ച സത്വങ്ങളുടെതാണെന്ന് കവിതയില്‍ സൂചനയുണ്ട്. പല നിലയ്ക്കും ആധുനികനായിയിരുന്ന ചങ്ങമ്പുഴ ചില അക്ഷരങ്ങളുടെ ചിറകിലേറി തന്റെ കാല്പനികമായ ദന്തഗോപുരത്തിലേയ്ക്ക് രക്ഷപ്പെട്ടതാണ്. വണ്ടും തണ്ടാരും നിലാവും വെള്ളിച്ചിറകിനുമൊപ്പം അക്ഷരങ്ങളും കൂട്ടു വന്നതാണ് ഇവിടത്തെ കൌതുകക്കാഴ്ച. ‘അക്ഷരങ്ങള്‍ ’ ഓ എന്‍ വിയുടെ കാവ്യജീവിതത്തിന്റെ തന്നെ പ്രകടിതപത്രികയാകുന്നു (അക്ഷരങ്ങള്‍ എന്ന സമാഹാരം). വെള്ളത്താളില്‍ വിടര്‍ന്ന പുഷ്പവും പൊരുളറിയാത്ത ചിത്രവും മേലേക്കാവിലെ പൂരവും എഴുന്നള്ളിച്ച ആനയുടെ ഉണ്ണിക്കിടാവും ആരും കൈച്ചൂണ്ടുന്ന കശുമാവണ്ടിയും മുത്തശ്ശിയുടെ കാതിലെ തക്കയും മുറ്റത്തു പതിഞ്ഞ കിളിക്കാലുകളും കാളവണ്ടിയുടെ ചക്രവും പിച്ചവച്ചെത്തുന്ന ചന്ദ്രക്കലയും കിങ്ങിണിയും വാല്‍ക്കിണ്ടിയും പൊല്‍ച്ചങ്ങലവിളക്കും പാല്‍ക്കിണ്ണവുമൊക്കെയാണ് അദ്ദേഹത്തിന് അക്ഷരങ്ങള്‍ . ഏതൊക്കെ അക്ഷരങ്ങളാണെന്ന് എടുത്തുപറയാതെ അവര്‍ണ്ണ്യങ്ങളെ ചൂണ്ടിയൊരു രൂപകാതിശയോക്തി! തന്റെ ജീവിതം തന്നെയായി ഈ അക്ഷരങ്ങള്‍ പരിണമിക്കുന്നതായി അദ്ദേഹം കവിതയുടെ ഒടുവില്‍ എഴുതുന്നു. സത്യമല്ലേ? ചേര്‍ത്തുവച്ചാല്‍ ഒരു ജീവിതത്തിന്റെ ചിത്രം ലഭിക്കും. സംശയമില്ല.

പിന്നീടങ്ങോട്ടു പോകുംതോറും ലിപികള്‍ തീര്‍ത്തും വ്യക്തിഗതമായ ജീവിതചിത്രണത്തിനുള്ള ഉപാധികള്‍ എന്ന നിലവിട്ടുയരാന്‍ തുടങ്ങി. അയ്യപ്പപ്പണിക്കരുടെ ‘ഴ’ എന്ന കവിത ഴ എന്ന ദ്രാവിഡാക്ഷരം ചേര്‍ന്ന മലയാള വാക്കുകളുടെ സൌന്ദര്യത്തെക്കുറിച്ചുള്ള കുസൃതിയാണ്. (മൊഴിയും വഴിയും) അതൊരു വഴി. സ്വന്തം ഡയറിയിലെ അക്ഷരങ്ങള്‍ കണ്ട് അന്ധാളിച്ചതിനെപ്പറ്റി തത്ത്വം പറയുന്ന ‘അക്ഷരങ്ങളുടെ കാലം’ എന്ന കവിത ചോദിക്കുന്നത് ‘എന്തിനാണ് വാക്കുകള്‍ ? അക്ഷരമാല തന്നെ അധികം. സാക്ഷരതയ്ക്ക് അക്ഷരം മതിയോ? പോരേ?’ എന്നാണ്. ‘മുയല്‍ ’ എന്ന കവിതയില്‍ ‘ഫ’യ്ക്ക് വല്ലാത്തൊരൂന്നലുണ്ട്. മുയലിന്റെ ഫതുഫതുഫ്പിന്റെ ഫുതഫ്പ്പിനുള്ളില്‍ കയറിയാണ് ആഖ്യാതാവിന്റെ അന്വേഷണം. എവിടെയാണ് മുയല്‍ ? കവിതയിലെ ‘ഫ’ കളില്‍ ഉച്ചാരണത്തിന്റെ സുകുമാര കാപട്യങ്ങള്‍ക്കൊപ്പം ‘ഫ!’ എന്ന് അവജ്ഞയുടെ ആട്ടിതുപ്പലുമുണ്ട്. ‘ഫതുഫതുത്ത’ ഒരു അക്ഷരത്തിന്റെ രണ്ടു സാമൂഹികവശങ്ങള്‍ ഭാവനകൊണ്ടുമാത്രം തിരിഞ്ഞുകിട്ടിയതാവുമോ? അ-ആ എന്നീ അക്ഷരങ്ങള്‍ തമ്മിലുള്ള സംവാദമാണ് കവിതാ ബാലകൃഷ്ണന്റെ ഒരു കവിത. പേര് ‘അ-ആ’ (ഞാന്‍ ഹാജരുണ്ട്). തനിക്കൊരു പുള്ളി വേണമെന്നാണ് ‘അ’ പറയുന്നത്. പുള്ളിയിട്ടാല്‍ നിനക്കെന്ത് അര്‍ത്ഥമുണ്ടാവാനാണെന്ന് ദീര്‍ഘമായ ‘ആ’. ലിംഗസംബന്ധിയായൊരു പ്രശ്നമാണ് അ-ആ സംവാദത്തിനിടയില്‍ ഉരുത്തിരിയുന്നത്. തുമ്പില്‍ ഇറേസറുള്ള പെന്‍സില്‍ കൊണ്ട് ആ എന്ന ദീര്‍ഘത്തിന്റെ വാലുകളഞ്ഞാണ് അ നിര്‍മ്മിക്കപ്പെട്ടതെന്ന് ആ -യുടെ അവകാശവാദമുണ്ട് കവിതയില്‍ . മായ്ചുകളഞ്ഞത് ഉത്പത്തി പുസ്തകത്തിലെ വാരിയെല്ലായാലും ഫ്രോയിഡിന്റെ നിര്‍വചനത്തില്‍പ്പെട്ട് പെണ്‍കുട്ടികള്‍ക്ക് ഇല്ലാതെ പോയ ലിംഗമായാലും അടുത്തടുത്തുള്ള രണ്ടക്ഷരങ്ങളില്‍ കുടിയിരിക്കുന്ന സ്വത്വവേവലാതികളെ കുറഞ്ഞവാക്കുകളില്‍ പറയാതെ പറഞ്ഞു വച്ചു, അ-ആ എന്ന കവിത. അപൂര്‍വമായ ഒരക്ഷരത്തിന്റെ നിസ്സാഹായാവസ്ഥയെ കാലികമായ വേവലാതികളിലേയ്ക്ക്, സ്വത്വസന്ത്രാസത്തിലേയ്ക്ക് പരിണമിപ്പിക്കുന്ന ഒരു കവിതയാണ്, വിഷ്ണുപ്രസാദിന്റെ ‘ഝഷം’ (ചിറകുള്ള ബസ്സ്). ‘ഝ’ എന്ന അക്ഷരം പഠിക്കാന്‍ വേണ്ടിയാണ് കവി ആ വാക്ക് പഠിച്ചത്. പിന്നെ ഒരിക്കലും ജീവിതത്തില്‍ ഉപയോഗിക്കേണ്ടി വന്നിട്ടില്ലാത്ത ഒരു വാക്ക്. എങ്കിലും ബാലപാഠത്തിലും ശബ്ദതാരാവലിയിലും അതുണ്ട്, ഇപ്പോഴും തന്നില്‍ ചെറുതിനെ ഇരയാക്കാന്‍ കാത്തിരിക്കുന്ന മട്ടിലുള്ള ഒന്നായി . സങ്കല്പത്തിലെ ഭീകരതയൊന്നും യഥാര്‍ത്ഥത്തില്‍ അതിനില്ല. ചരിത്രത്തില്‍ ഒരു ഇടിമുഴക്കവും ഉണ്ടായില്ല. ഒറ്റപ്പെട്ടുപോയ ഝഷത്തിനു ഒന്നിനെയും ഇരയാക്കാനും കഴിഞ്ഞില്ല. അതിവേഗം സാമൂഹികമായ പൊതുധാരയുമായി പൊരുത്തപ്പെട്ട നക്സലൈറ്റായ പൌലോസ് മാഷിന്റെ പര്യായോക്തത്തിലൂടെ ഝഷത്തിന്റെ ആന്തരാര്‍ത്ഥം കവിത വെളിപ്പെടുത്തുന്നു. അക്ഷരക്കൂട്ടത്തിനിടയ്ക്ക് ഝ എന്ന ലിപിയുടെ ഒറ്റപ്പെട്ട അവസ്ഥയും സമാനം തന്നെയാണ്. അതിനൊപ്പം പോകാന്‍ കൂട്ടാരുണ്ട്? ഏതാശയത്തെ കൂടെകൂട്ടാന്‍ അതിനിപ്പോള്‍ കെല്‍പ്പുണ്ട്? അതിന്റെ സ്ഥാനം എവിടെയാണ്?

ക്രിസ്പിന്‍ ജോസഫിന്റെ ‘തൂക്കം’ (ഷറപ്പോവ) അക്ഷരങ്ങളുടെ ചിത്രഭംഗിയെ ഇന്ദ്രിയാനുഭവത്തിന്റെ തലത്തിലേയ്ക്ക് ഉയര്‍ത്തിപ്പിടിക്കുന്നൊരു രീതി കൊണ്ടാണ് പ്രത്യേകത നേടുന്നത്. അമ്മ -യിലെ അ’ -യ്ക്ക് മൂന്നു നെല്ലിക്കയുടെ വലിപ്പവും മ്മ’ -യ്ക്ക് രണ്ടു നാരങ്ങാ തൂക്കവുമാണെന്ന് കവിത പറയുന്നു. ഭാരക്കൂടുതല്‍ കൊണ്ട് ‘മ്മ’ കൈയ്യാളിയിരിക്കുന്ന അധികാരഭാവമാണ് അ-യ്ക്ക് ഇത്രയേറെ ഒടിവും ചതവും നല്‍കിയത്. അമ്മ വിചാരങ്ങള്‍ക്കുള്ളിലെ ചവര്‍പ്പ്, പുളിപ്പ്, നേര്‍ത്ത ഇനിപ്പ്, വ്യാകുലത, പീഡാനുഭവം എല്ലാത്തിനെയും കവിത ‘അമ്മ’ എന്ന രണ്ടക്ഷരത്തിന്റെ പ്രതീതിവിചാരങ്ങള്‍ കൊണ്ട് കൈയ്യടക്കി. രണ്ടറ്റവും തുറന്ന വായുള്ള ‘ഹ’യുടെ സന്തുലിതാവസ്ഥയെപ്പറ്റി എം എസ് ബനേഷിന്റെ ഒരു കവിതയുണ്ട്. ‘ഹ’ (നെഞ്ചും വിരിച്ച് തലകുനിക്കുന്നു). ഹായ് എന്ന ആഹ്ലാദത്തിലെ ‘യ്’ പോയാല്‍ പിന്നെ നേരെ വിപരീതമായ കരച്ചിലാണെന്നതുപോലെ ‘വൂ’ എന്ന കൂട്ട് വന്നു ചേരുമ്പോള്‍ (ഹാവൂ) ആശ്വാസമാകുന്നു. ഭാഷയുടെ പ്രാചീനമായ ഉറക്കുമുറിയില്‍ ഇങ്ങനെയാണ് ഒരക്ഷരം അനുഭവങ്ങളുടെ തുലാസാവാന്‍ ഇരുന്നു കൊടുക്കുന്നത്.

വിഷ്ണുവിന്റെ കവിതയിലെ ഝ -യുടേതുപോലെ ഒരൊറ്റപ്പെട്ട ജീവിതം ഋ എന്ന അക്ഷരത്തിനുമുണ്ട്. മലയാളത്തിലെ ഏറ്റവും വിചിത്രവും ചിത്രാത്മകവുമായ അക്ഷരമായ ‘ഋ’-നുള്ളിലെ അമ്മജീവിതത്തെ, മറ്റൊരര്‍ത്ഥത്തില്‍ പെണ്‍ശരീരത്തെയാണ് ലതീഷ് മോഹന്‍ കണ്ടടുക്കുന്നത് (പള്‍പ് ഫിക്ഷന്‍), ‘ഋ’ എന്ന് പേരിട്ടിട്ടുള്ള കവിതയില്‍ . അച്ഛന്റെ നിര്‍ദ്ദേശപ്രകാരം മകന്‍ പരശുരാമന്‍ അറുത്തെറിഞ്ഞ രേണുകയുടെ ശിരസ്സില്ലാത്ത ഉടലാണ്, ഋ. കേരളത്തെ പണിതു വച്ച ഋഷിയായതുകൊണ്ട് അവിടെ മാത്രം മലയാളം ഇപ്പോഴും എഴുതി ശീലിച്ചുകൊണ്ടിരിക്കുന്ന ആ ഋകാരം (‘ഋഷഭം’ നമ്മളെന്നേ കളഞ്ഞു) നമ്മുടെ പൈതൃകത്തെ കുറിച്ച് ഇടയ്ക്കിടയ്ക്ക് ഓര്‍മ്മിപ്പിച്ച് ജീവിതത്തെ ആശങ്കാകുലമാക്കിക്കൊണ്ടിരിക്കുന്നു. പുത്രനുവേണ്ടി പിതാവിനാല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട ശിരസ്സ് ഇപ്പോള്‍ ഋ -വില്‍ ഇല്ല. ഏകപക്ഷീയമായ രീതിയില്‍ കാമാതുരമായാണ് കാര്യങ്ങളുടെ പോക്ക്. പ്രതികരണം കാക്കാത്ത(അത്യാവശ്യമല്ലാത്ത) ഭോഗത്തെ, ശവഭോഗത്തെ ശവയോഗമാക്കി, സിദ്ധിയാക്കി തീര്‍ക്കുന്നു ശീലം.നമതു കാലം. ‘രണ്ടു കുന്നും ഒരു കുഴിയുമാണ് പെണ്ണുങ്ങള്‍ ’ എന്നാണ് അജീഷ് ദാസന്‍ ‘അണ്‍സാറ്റ്സിസ്ഫൈഡ് അങ്കിള്‍സ് ആന്‍ഡ് ആന്റീസ് ക്ലബ്’ (ക്യാന്‍സര്‍ വാര്‍ഡ്) എന്ന കവിതയില്‍ പറയുന്നത് ഈ ശീലകാലങ്ങളെപ്പറ്റിയാണ്. അപ്പോള്‍ ‘ആണുങ്ങളുടെ പണി കുന്നിടിക്കലും കുഴി നികത്തലും’ ആകുന്നു. ആ രീതിയില്‍ നമ്മുടെ സമൂഹത്തിന്റെ ധാരണ മാറിയിരിക്കുന്നതിനാല്‍ ഋ നല്‍കുന്ന നടുക്കത്തിനു മാനങ്ങള്‍ വേറെയാണ്. അതുകൊണ്ട് റിഷി എന്നെഴുതാമോ എന്നാണ് വിനീതമായി കവിത ചോദിക്കുന്നത്, ഋഷി എന്നതിനു പകരം. അഭിമുഖീകരണത്തിന്റേതായ ഈ ദാര്‍ശനികമാനമല്ല ലിപി പരിഷ്കരണത്തിനുവേണ്ടിയുള്ള ഭാഷാപണ്ഡിതരുടെയും സാങ്കേതികവിദഗ്ദ്ധരുടെയും അജണ്ടകളിലുള്ളത്. ആവശ്യപ്പെടുന്നത് ഒന്നുപോലുള്ള കാര്യങ്ങളാണെങ്കിലും.

‘സ എന്ന അക്ഷരത്തെ കാണാനില്ല’ എന്ന പി എന്‍ ഗോപീകൃഷ്ണന്റെ(മടിയരുടെ മാനിഫെസ്റ്റോ) കവിതയില്‍ സ വെറുമൊരു അക്ഷരമല്ല. സിന്ധുവിനെ ഹിന്ദു വാക്കുന്നതും വിസയെ വിഷമാക്കുന്നതും വ്യാസകവിയെ വ്യാജകവിയാക്കുന്നതും ‘സ’യുടെ അഭാവമാണ്. അതിന്റെ സാന്നിദ്ധ്യമാണ് തന്ത്രത്തെ ‘സ്വാതന്ത്ര്യ’മാക്കുന്നത്. ധനത്തെ ‘സാധന’മാക്കുന്നത്. ക്യാമ്പുകളെ ‘ക്യാമ്പസു’കളാക്കുന്നത്. രിഗമപധനി എന്ന വരിയൊത്ത ചിട്ടയെ മുന്നിലും പിന്നിലും ചെന്നു നിന്നു തള്ളി ഘെരാവോ ചെയ്യുന്നത്. മനം’ എന്ന ഒഴുക്കന്‍ വാക്കിനെ ‘മനസ്സ്’ എന്ന് ആഴത്തിലാക്കുന്നത്. ഓരം പറ്റിയതും ചെറുതുകളുമായ ജീവിതത്തിലേയ്ക്കാണ് ഗോപിയുടെ നോട്ടം പലപ്പോഴും ചെന്ന് അണയുന്നത്. സ നടുവൊടിഞ്ഞ് തകര്‍ന്നടിഞ്ഞ അക്ഷരമാണെന്ന് കവിതയിലുണ്ട്. അതിന്റെ ആയുസ്സിനെക്കുറിച്ച് ശങ്കിക്കാവുന്നമട്ടില്‍ . അപ്പോഴത് ഒരിക്കലും തിരിച്ചു വരാത്തമട്ടിലൊരു അപ്രത്യക്ഷത്തിനാണോ വിധേയമായിരിക്കുന്നത് എന്ന് ന്യായമായും സംശയിക്കാം. കവിതയ്ക്കുള്ളിലെ രണ്ടു ആഖ്യാനസ്വരങ്ങളില്‍ രണ്ടാമത്തേത് ‘സ’ ഇല്ലാതെയും ജീവിച്ചുകൂടേ എന്ന മട്ടില്‍ അറിഞ്ഞുകൊണ്ടു തന്നെ സാമാന്യബോധത്തിന്റെ കൂടെ നിന്ന് പരിഹസിക്കുകയാണ്. സാമൂഹികാവസ്ഥയെ പൊളിച്ചു കാണിക്കാനല്ല, സോഷ്യല്‍ മെക്കാനിസത്തില്‍ വെളിച്ചം വീഴ്ത്താനാണ് ആ പരിഹാസം. കവിതയും സ്വയം ഏല്‍ക്കുന്നുണ്ട് അത്. അക്ഷരം കാണാതാവുന്നതിനെക്കുറിച്ചുള്ള വേവലാതിയേക്കാള്‍ ഒരു കവിയെ ആഴത്തില്‍ സ്വാധീനിക്കാന്‍ പോന്നതെന്താണ്? അതും തനിക്ക് ആവിഷ്കരിക്കാനുള്ളതിനെ അടിപടലേ അടയാളപ്പെടുത്താന്‍ കെല്‍പ്പുള്ള ഒരക്ഷരം. ‘കാണുന്നീലൊരക്ഷരവും’ എന്ന പൊയ്കയില്‍ അപ്പച്ചന്റെ പാട്ടില്‍ കറുത്ത് ഇരുളാണ്ടു പോയ ഒരു ജനത മുഴുവന്‍ ഉണ്ടായിരുന്നില്ലേ? ഇപ്പോഴത് കുറച്ചു കൂടി സാര്‍വത്രികമായിട്ടുണ്ടെന്നു പറയണം. കാണാതാവുന്ന അക്ഷരങ്ങളെക്കുറിച്ചുള്ള ആലോചന ഒഴുക്കന്‍ മട്ടില്‍ പോരേ, ആഴത്തില്‍ വേണോ എന്നു തന്നെ നാം വീണ്ടും വീണ്ടും ചോദിക്കുന്നു. കൌതുകകരങ്ങളും കേവലങ്ങളുമായ രൂപകങ്ങളായല്ല ലിപികള്‍ , സ്വരൂപത്തില്‍ കവിതകളില്‍ തെളിയുന്നത് എന്ന് ഇത്രയൊക്കെ വച്ച് പറയാം. സാമൂഹികമായ സൂക്ഷ്മതല സ്വത്വങ്ങളായാണ്. മനുഷ്യാവസ്ഥയെക്കുറിച്ച് സാമൂഹികമോ രാഷ്ട്രീയമോ ആയ നേരിട്ടുള്ള ചിന്തകള്‍ക്ക് പറഞ്ഞു തരാനാവുന്ന കാര്യങ്ങളെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ അവയുടെ വേരുകളില്‍ മണ്ണായി പറ്റിപ്പിടിച്ചിരിക്കുന്നു. അതിനാകട്ടേ മലയാളത്തിന്റേതല്ലാതെ മറ്റൊരു മണവുമില്ല.

ഭാഷ ആശയവിനിമയത്തിനുള്ള ഒരു ഉപകരണം മാത്രമല്ല. അതിനു സംസ്കാരവുമായി ആഴമുള്ള നീക്കുപോക്കുകളുണ്ട്. സൂക്ഷമായ സംവേദനസ്പര്‍ശികളുള്ളതിനാല്‍ സര്‍ഗാത്മകഭാവനകള്‍ ചോരാതെ അവയില്‍ ചിലതെല്ലാം കണ്ടെടുക്കുന്നു. എന്നല്ലേ ആകെകൂടി ഇതിന്റെയൊക്കെ അര്‍ത്ഥം? പക്ഷേ ആരോടു പറയാനാണ്?

11 comments:

Rammohan Paliyath said...

രണ്ട് പ്രഥമന്‍ കൂട്ടി ഉണ്ട സദ്യയ്ക്കു പിന്നാലെയുള്ള മയക്കത്തെപ്പോലും ഉണര്‍ത്തുന്ന വിധം സ്റ്റിമുലേറ്റിംഗ്. ഇതാണ് ഇക്കൊല്ലത്തെ ഓണസദ്യ. ക്ഷ്യായി.

വിശാഖ് ശങ്കര്‍ said...

എഴുത്തിലുമുണ്ട് ഒരു ക്യൂബിസം, അല്ലേ...

Anonymous said...

ഒരക്ഷരം കൂടുതലായുള്ള ഒരു നാടന്‍ പ്രയോഗമുണ്ട്. ഇത്തിരി അശ്ലീലം പൊറുക്കുക.

“സ്പഷ്ടവും സ്ഫുടവുമായി സ്ഫടികം സ്ഫടികം പോലെ പറയുക. സ്പട്ടിയുടെ സ്പറി.“

ഉച്ചാരണശുദ്ധിയെ സംബന്ധിച്ച ശാസനകളെ പരിഹസിക്കുന്നതായിരിക്കാം. അപ്പനെ “അപ്ഫ“നാക്കിയതിനൊരു പാരഡിയായിരിക്കാം.

?

ജ്യോനവന്‍ said...

കക്ഷത്തിലെ ക്ഷ
പക്ഷിക്കതു കൊത്തണം
ഭിക്ഷക്കാരനു പക്ഷേ
പക്ഷത്തതു വേണം.

കക്ഷത്തിലെ ക്ഷ
പക്ഷി കൊത്തി.
കൊത്തിയതും പോയി
കാത്തതും പോയി.
കൊരങ്ങനു്‌
പിന്നേം 'പൂമാല!'
(കപി)

പാലിയത്താശാന്‍ ‘ക്ഷ’ യായതു കണ്ടപ്പോള്‍ തോന്നിയതാണ്.
മാപ്പു തരൂ. ഇല്ലെങ്കില്‍ ഭിക്ഷ തരൂ.:)
ദൈവം വെള്ളെഴുത്തു് കണ്ടുപിടിച്ചതുകൊണ്ട് ഈ കണ്ണടകള്‍ ഞങ്ങള്‍ക്കുപകരിച്ചു!

മാണിക്യം said...

ഇന്ന് ഏറ്റവും കൂടുതല്‍ നേരമെടുത്ത്
വായിച്ച പോസ്റ്റ് ആണിത് ഒന്നല്ല രണ്ടൂ വട്ടം വായിച്ചു ഒട്ടും നഷ്ടമില്ല ഇത്രയും സമയം ചിലവിട്ടതില്‍...
അതെ മലയാളിയുടെ 'ന'യും , 'ധ'യും നമുക്ക് മാത്രം സ്വന്തം:)

ഈ തവണത്തെ ഓണസദ്യയിലെ പ്രഥമന്‍
"കാണുന്നീല ഒരക്ഷരവും" തന്നെ!!

വികടശിരോമണി said...

ജോർ!
ന്നാലും ന്റെ ജ്യോനവാ:)

Zebu Bull::മാണിക്കന്‍ said...

ഭയങ്കരം തന്നെ; സമ്മതിച്ചിരിക്കുന്നു.

അക്ഷരങ്ങള്‍ കൊണ്ട് കുറച്ചൊക്കെ കസര്‍‌ത്തുകള്‍ കാട്ടാറുണ്ടായിരുന്ന വേറൊരാള്‍ കുഞ്ഞുണ്ണിമാഷാണ്‌. മാഷിന്റെ ഒരെണ്ണം മാഷിന്റെ ഓര്‍‌മ്മയ്ക്ക്:

"രകാരമില്ലാത്തൊരു നായരല്ലേ
വളഞ്ഞ വാലാട്ടി വരുന്നു നേരെ
കുരച്ചിടാത്തെന്തിത്, പാര്‍‌ട്ടി വിട്ടോ
തെരഞ്ഞെടുപ്പിന്നൊരു കാന്‍‌ഡിഡേറ്റോ?"

sree said...

സര്‍ഗാത്മകഭാവന എവിടെയും അര്‍ത്ഥം നിറയ്ക്കും..ഏതൊഴിഞ്ഞ പേജിലും.അതുപോലെ അര്‍ത്ഥമില്ലായ്മ വാക്കുകളിലും നിറയ്ക്കും. പക്ഷെ “എഴുത്ത്“/ലിപി ഉണ്ടാവുന്നതിനുമുന്നെ കവികള്‍ ഉണ്ടായിരുന്നില്ലെ? ഭാഷയ്ക്കുമുന്നെ ചിന്തയുണ്ടായിരുന്നില്ല എന്ന് ഭാഷാശാസ്ത്രജ്ഞര്‍ . ഇനി ലിപിക്കുമുന്നെ കവിതയുമില്ലായിരുന്നു എന്നാണോ വെള്ളേ? വരയും തിരയും ഒക്കെ ആയി മാറിയ മൊഴിയില്‍ കവിതയുണ്ടായിരുന്നില്ലെ? മൊഴിയേതുമില്ലാതെ...ശരിക്കും ഒന്നുമുണ്ടായിരുന്നില്ലെ...ഹോ വല്ലാത്ത കണ്‍ഫ്യൂഷന്‍ ആയി.

Dinkan-ഡിങ്കന്‍ said...

http://dinkan4u.blogspot.com/2009/06/blog-post_09.html

നമിക്കിലുയരാം...
നടുകില്‍ തിന്നാം
(നടുക്ക് തന്നെ തിന്നണം)

കാതിക്കോടന്‍ said...

അന്‍പത്തൊന്നക്ഷരപ്പെരുമയെ തൊട്ടോരു വിചാരം ....
ഭേഷ് ,

Kavya | മിണ്ടാപ്പൂച്ച said...

'ക്ല' എന്ന അക്ഷരത്തെ പേടിക്കുന്നൊരു സര്‍ക്കാര്‍ ഗുമസ്തനെക്കുറിച്ചെഴുതിയിടുണ്ട് കക്കട്ടില്‍ മാഷ്...
'ക്ല' നിത്യജീവിതത്തില്‍ ഉപയോഗിക്കാറെയില്ലല്ലോ എന്ന് കരുതി വായിച്ചു തുടങ്ങിയതാരുന്നേലും വയിച്ചു തീര്‍ന്നപ്പോള്‍ ഇത്രയേറെ 'ക്ല'കാരഓപയോഗം നമുക്കുണ്ടല്ലോയെന്നോര്‍ത്ത് ഞെട്ടിയത്..