July 1, 2009

വിശുദ്ധമുട്ടകള്‍

സിനിമ

ഉത്കണ്ഠയാണ് കോഴിയമ്മയുടെ കടുകുമണിപോലെയുള്ള കണ്ണുകളിലെ സ്ഥായി. ചിലപ്പോള്‍ അതില്‍ വിഷാദം വന്നു നിറയും. വെളുത്തമേല്‍പ്പാടകൊണ്ട് കണ്ണുകള്‍ അപ്പോള്‍ പകുതി മൂടിയിരിക്കും‍‍. ചിലപ്പോള്‍ മാത്രം. ഏതു വിഷമത്തിലും ജീവിതം ഇങ്ങനെയൊക്കെ തന്നെയല്ലേ എന്ന തത്ത്വചിന്ത ഏതു കോഴിക്കും മുന്നോട്ടു നടക്കാനുള്ള മൂലധനമാണെന്ന് നമ്മള്‍ അപ്പോള്‍ ഉള്‍ക്കിടിലത്തോടെ തിരിച്ചറിയും. നമ്മളെത്ര പിടക്കോഴികളെ കണ്ടതാണ് ! ജോലി ചെയ്യാത്ത എലിമക്കളെ മണ്ണുതിന്നാന്‍ പറഞ്ഞു ശകാരിച്ചുവിട്ട പഴയ രണ്ടാം ക്ലാസിലെ കോഴിയമ്മയില്‍ തുടങ്ങി കടമ്മനിട്ടയുടെ, കെ ജി എസ്സിന്റെ, സച്ചിദാനന്ദന്റെ.... ഒടുവില്‍ പി പി രാമചന്ദ്രന്റെ ‘ലളിത’ത്തിലെ അത്ര പെണ്ണല്ലാത്ത കോഴിയുടെ അസ്തിത്വവ്യഥവരെ. അങ്ങനെ ചിരപരിചിതയായ ഒരു കോഴിയമ്മയാണ് ഒരു ചീമ്പന്‍ മരത്തിനു കീഴെ അടയിരിക്കുന്നത്. നല്ല മുഖപരിചയം ആ വഴിയ്ക്ക് വണ്ടികേറി വന്നതാണ്. അടയിരിക്കുന്ന കോഴിയ്ക്ക് വേനലുമില്ല മഴയുമില്ല. മഞ്ഞ് ഒട്ടും ബാധിക്കില്ല. തീയില്‍ മുളച്ച മാതൃകമാണ് (പൈതൃകത്തിന്റെ സ്ത്രീലിംഗം) പണ്ടേ പെണ്‍കോഴികളുടേത്. എങ്കിലും ഉത്കണ്ഠാകുലമായ കടുകുമണിക്കണ്ണുകളും തലയും ഇളകിക്കൊണ്ടിരിക്കും. ആ ഇരിപ്പിന്റെ ചൂട്‌ മുട്ടകളെ വിരിയിക്കുന്നതില്‍ ഒരദ്ഭുതവുമില്ല.

അവസാനം വിരിയാതെ ബാക്കിക്കിടന്ന ഒന്നിനെ കൊത്തിപൊട്ടിച്ചു് എല്ലാത്തിനെയും നിര നിരയായി പിന്നില്‍ നിര്‍ത്തി കോഴിയമ്മ നടക്കാനിറങ്ങുന്നിടത്തു നിന്ന് ജീവിതം തുടങ്ങുന്നതായി നാം അറിയുന്നു. അപ്പോള്‍ ഒന്നിനും ഒരു നിശ്ചയമില്ല. ജീവിതം ആകസ്മിക ദുരന്തങ്ങളുടെ ആകത്തുകയാണ്. നടത്തയുടെ തുടക്കത്തില്‍ തന്നെ എവിടുന്നോ ഒരു ക്രിക്കറ്റ് ബോള്‍ വന്നു വീണ് ഒരു കുഞ്ഞ് മലക്കുന്നു. മറ്റൊന്ന് കൈശോര കൌതുകം കൊണ്ട് എതിര്‍ വശത്തു നിന്നു വന്ന ഒരു സൈക്കിളിന്റെ മള്‍ഗാഡില്‍ ചാടികേറി എങ്ങോട്ടോ പോയി. മലവാരത്തില്‍ ചുറ്റിപ്പിണഞ്ഞു കിടന്ന പാമ്പ് തഞ്ചത്തില്‍ ഒരു കുഞ്ഞിനെ വായിലാക്കി. ഒരു കാടന്‍ പൂച്ച ലാക്കു നോക്കി ഒന്നിനെ തട്ടിയെടുത്തു. ആകാശത്തു നിന്നും പരുന്ത് പറന്നു വരുന്നതുകണ്ട് കോഴിയമ്മ കുഞ്ഞുങ്ങളെ ചിറകിനടിയില്‍ ഒളിപ്പിച്ചതാണ്. ഒന്നു പറന്നുയര്‍ന്നിട്ട് പിന്നെയും താഴെ വന്ന് അത് ഒരു കോഴിക്കുഞ്ചിനെ റാഞ്ചിക്കൊണ്ടു ദാ പോകുന്നു. യാത്രയെന്നു പറഞ്ഞാല്‍ നേര്‍ രേഖയില്‍ ഒരു യാത്രയല്ലല്ലോ. ആകെ മിച്ചം വന്ന ഒരു കുഞ്ഞ് വളര്‍ന്ന് ഒത്തൊരു പൂവനാവുമ്പോഴും യാത്രതന്നെ. കോഴിയമ്മ ഒരു വയലിനരികെ കാലു മലച്ചു വീണ് ചത്തു. പൂവങ്കുഞ്ഞ് പിന്നെയും നടന്ന് നടന്ന് ഒടുവില്‍ വെളുക്കചിരിമായി നില്‍ക്കുന്ന ഒരു ഹോട്ടല്‍ അടുക്കളപാചകക്കാരന്റെ കയ്യില്‍ പറന്നു കയറി. അയാള്‍ തട്ടത്തില്‍ അലങ്കരിച്ചു വച്ച പൊരിച്ച കോഴിയുമായി നമുക്ക് പുറം തിരിഞ്ഞു നടക്കുന്നതിനിടയില്‍ എട്ടു മിനിട്ടുള്ള ആനിമേഷന്‍ ചിത്രം ‘വിശുദ്ധ മുട്ടകള്‍’ തീര്‍ന്നു പോയിരുന്നു എങ്കില്‍ പക്ഷി ജീവിതത്തിന്റെ കാര്‍ട്ടൂണ്‍ ആവിഷ്കാരത്തിലൂടെ ‘നരജീവിതമായ വേദനയ്ക്ക്’ ഒരടിവരകൂടി ലഭിച്ചതില്‍ നൊന്ത് നാം നെടുവീര്‍പ്പിട്ടേനേ. ലളിതമെങ്കിലും എത്ര അര്‍ത്ഥപൂര്‍ണ്ണം. “ഇതിലേറെ ലളിതമായി എങ്ങനെയാവിഷ്കരിക്കുന്നു പക്ഷികള്‍.....“ പക്ഷേ അപ്പോഴേയ്ക്കും ഒരു ചുവരെഴുത്തു വരുന്നു. ‘സത്യം എന്നൊന്നില്ല. ഉള്ളത് വ്യാഖ്യാനങ്ങള്‍ മാത്രം’. എന്നും പറഞ്ഞ്. പറഞ്ഞത്, നീഷേയാണ്. ഒരു മലക്കം മറിച്ചിലില്‍ കഥ പിന്നെയും തുടങ്ങുന്നു. വിരിഞ്ഞ കോഴിക്കുഞ്ഞുങ്ങളുമായി നടക്കാന്‍ ഇറങ്ങുന്ന കോഴിയമ്മയുടെ യാത്രാചരിതത്തില്‍ നിന്ന്. അപ്പോള്‍ ക്രിക്കറ്റ് ബാള്‍ വീണ് കുഞ്ഞ് മരിച്ചില്ല. അതിനെ ഒരു ബാലന്‍ കൈയിലെടുത്തുകൊണ്ടുപോയി ഒടിഞ്ഞ കാലു വച്ചുകെട്ടി ശുശ്രൂഷിച്ച് വീട്ടില്‍ ഓമനയായി വളര്‍ത്തുന്നു. ഒടിഞ്ഞ കാലും വച്ച് ഉമ്പിടി സ്ട്രക്ചറില്‍ തത്തിതത്തിച്ചാടുന്ന കോഴിക്കുഞ്ഞിന്റെ ഹൃദയാവര്‍ജ്ജകമെങ്കിലും ആഹ്ലാദദായകമായ ദൃശ്യം ആരുടെയും കണ്ണുകളെ ഈറനണിയിക്കും. സൈക്കിളില്‍ ചാടിക്കയറിപ്പോയ ഇളക്കക്കാരി(കാരന്‍) കോഴിക്കുഞ്ഞ് സുരക്ഷിതയായി മറ്റൊരു വീട്ടിലെത്തി ടി വിയും കണ്ട് സുഖിച്ചിരിക്കുന്നു. പൂച്ചയും പാമ്പും പരുന്തും തട്ടിയെടുത്ത കുഞ്ചുകളൊന്നും കഥയവസാനിപ്പിച്ചില്ല അതതു ജന്തുക്കളുടെ സമപ്രായക്കാരായ പിള്ളാരോടൊപ്പം കളിച്ചു തിമിര്‍ക്കുന്നു. എന്തിന് ഹോട്ടലില്‍ ചെന്നു കയറിയ പൂവങ്കോഴി പോലും അടുക്കളയില്‍ പൊരിഞ്ഞു തീര്‍ന്നില്ല. നല്ലവനായ പാചകക്കാരന്റെ കൃപാവാത്സല്യങ്ങളാല്‍ വീട്ടിലെ കുട്ടികള്‍ക്ക് പ്രിയങ്കരനായി വീട്ടില്‍ ആളുകളെ കൂകിയുണര്‍ത്തുന്ന ഒരൊന്നാന്തരം അങ്കവാലനായി തലനീട്ടിപ്പിടിച്ചു നില്‍ക്കുകയാണ്. അപ്പോള്‍ തട്ടത്തില്‍ തലയില്ലാത്തവനായി പൊരിക്കപ്പെട്ട നിലയില്‍ നാം മറ്റേ പകുതിയില്‍ കണ്ടതോ? അതു മറ്റേതോ ചാവാലി. ഭാഗ്യദോഷി.. ഹി ഹി ഹി ! കഥയുടെ പരിണാമ ഗുസ്തി!!

രണ്ടാമതു രാഷ്ട്രാന്തരീയ ഡോക്യുമെന്ററി ഷോട്ട് ഫിലിം മേളയില്‍ ഏറ്റവും നല്ല ആനിമേഷനുള്ള സിനിമയ്ക്കുള്ള അവാര്‍ഡ് നേടിയ ചിത്രമാണ് കെ പി മുരളീധരന്‍ സംവിധാനം ചെയ്ത ‘വിശുദ്ധമുട്ടകള്‍’. കുത്തിവരച്ചതു പോലുള്ള ചിത്രങ്ങള്‍ കൊണ്ടാണ് ദുരന്തവും ശുഭാന്തവുമായ ജീവിതാഖ്യാനങ്ങളുടെ പക്ഷിഗാഥയ്ക്ക് സംവിധായകന്‍ ജീവനും പശ്ചാത്തലവും നല്‍കിയത്. (ആനിമേറ്റര്‍ - ദിലീപ്) വാസ്തവത്തെ കവച്ചു വയ്ക്കുന്ന ദൃശ്യയാഥാര്‍ത്ഥ്യമായി ആനിമേഷനുകള്‍ തുള്ളിക്കളിക്കുന്ന കാലത്താണല്ലോ നമ്മുടെയൊക്കെ ജീവിതം. അങ്ങനെയൊരു മികവും അനുഭിപ്പിക്കാന്‍ കെല്‍പ്പില്ലാത്ത (വല്ലതുമുണ്ടെങ്കില്‍ അതു ഭാവവ്യഞ്ജകമായ വരകളുടെ മിഴിവുമാത്രം) കുത്തിവരകളുടെ ലോകം നേടിയ ‘മികച്ച ആനിമേഷന്‍’ എന്ന ബിരുദം നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ടെങ്കില്‍ അത് മറ്റെന്തിന്റെയോ പേരിലാണ്. (കൂട്ടത്തില്‍ പറയട്ടേ, കെ പി ശശിയുടെ ആദിവാസി ചെറുത്തു നില്‍പ്പിന്റെ നോവ് അനുഭവിപ്പിക്കുന്ന ‘ഗാവോന്‍ ചോടബ് നഹീന്‍ ’ ആണ് മേളയില്‍ പുരസ്കാരം നേടിയ സംഗീതചിത്രം..പരാതി ഉണ്ടാവേണ്ട കാര്യമില്ല. സംഗീതത്തിന്റെ മികവല്ല (സംഗീതം സന്തോഷ് നായര്‍) ചിത്രത്തിന്റെ മികവ്. മാനദണ്ഡങ്ങള്‍ വേറെയാവുന്നു.) അതു പോലെയൊന്ന്...‘വിശുദ്ധമുട്ടകള്‍ക്കും’ സംഭവിച്ചിട്ടുണ്ട്. ഞാന്‍ ആലോചിക്കുന്നത്, ജീവിതത്തിന്റെ ചിരിയെന്നും കരച്ചിലെന്നുമുള്ള രണ്ടു മൂലകങ്ങളെയും ആ ഹ്രസ്വചിത്രം സത്യസന്ധമായി പ്രതിനിധീകരിക്കുന്നുണ്ടോ? ശുഭാപ്തിവിശ്വാസങ്ങള്‍ക്കു നേരെയുള്ള വെടലച്ചിരിയല്ലേ ഈ കാര്‍ട്ടൂണ്‍ ചിത്രം‍? നീഷേയുടെ വാക്യത്തെ പൊളിക്കാതെ തന്നെ നമുക്കതിനകത്ത് പ്രവേശിക്കാം. അപ്പോള്‍ മംഗളകരമായതിനെക്കുറിച്ചുള്ള പ്രതീക്ഷകളൊക്കെ ഒരു തരം വ്യാഖ്യാനങ്ങളാണെന്ന് മനസ്സിലാവും. പലപ്പോഴും നാം നെടുവീര്‍പ്പുകളിട്ട് എരിച്ചു തീര്‍ക്കുന്ന ജീവിതവുമായി നൂല്‍ ബന്ധമില്ലാത്തത് ! ജീവിതത്തെ ആകെ പൊതിഞ്ഞു നില്‍ക്കുന്നത് എന്തുകൊണ്ടും ദുരന്തം തന്നെ. അപ്പോള്‍ രക്ഷപ്പെട്ട കോഴിക്കുഞ്ഞുങ്ങളോ ‍? തൂക്കുക്കയറില്‍ പിടഞ്ഞു തീരാറായവന്റെ അവസാനത്തെ ശ്വാസമെടുപ്പ് കണ്ട നിറമുള്ള സ്വപ്നം. ഇരുട്ടിന്റെ നെഗളിപ്പുള്ള ഒരു പരിഹാസ ചിരി. ആ ചിരിയും കൂടി ചേര്‍ന്നല്ലേ സാര്‍, ജീവിതം ഇങ്ങനെ ഏണും കോണുമില്ലാതെ അന്ധാളിക്കുന്നത്...?

ചിത്രം :www.drawingcoach.com

9 comments:

രാജ് said...

എഴുതിയെഴുതി നന്നായിപ്പോയീ കേട്ടോ :-)

Haree | ഹരീ said...

ഒന്നും മനസിലായില്ല... കാണാത്തതു കൊണ്ടാവും... കുറേ ഫിലിമുകള്‍ കാണുവാന്‍ കഴിഞ്ഞുവോ? എങ്ങിനെയുണ്ടായിരുന്നു? മനസില്‍ തങ്ങി നില്‍ക്കുന്ന എന്തെങ്കിലും?
--

വെള്ളെഴുത്ത് said...

‘മള്‍ഗാഡെന്നത്’ തിരോന്തരം സ്ലാങ്ങാണ്.. മഡ്ഗാഡാണ് ശരിയെന്ന് ഗുപ്തന്‍.. മള്‍ഗാഡെന്ന വാക്ക് സ്വയമ്പനാണ്..അതു ആളുകള്‍ പറയുന്ന രീതിയില്‍ തന്നെ പ്രയോഗിച്ചതാണ്..ഇനി കോഴിക്കുഞ്ഞ് കയറിപ്പോയത് മഡ്ഗാഡിലുമല്ല, പിന്നിലത്തെ കാരിയറിലാണ്.. അതിനൊരു വാക്കു കിട്ടുന്നുമില്ലാ...
ഹരീ അവാര്‍ഡു കിട്ടിയ ചിത്രങ്ങള്‍ നല്ലതായിരുന്നു.. ഒറ്റയ്ക്കും തെറ്റയ്ക്കും കണ്ടതില്‍ കുറെ ഇഷ്ടപ്പെട്ടു.. ആധാരചിത്രങ്ങള്‍ കൊള്ളിലെന്നു പറയുന്നതില്‍ തെറ്റുണ്ട്.. കാണം’ എന്ന പരിസ്ഥിതിപ്രശ്നത്തെ അവതരിപ്പിക്കുന്ന സിനിമ സുന്ദരമായിരുന്നു. പ്രിയപ്പെട്ട കിം.. എന്നൊരു സിനിമയെപ്പറ്റി നല്ല അഭിപ്രായം കേട്ടു.. പിന്നെ നന്ദലാലയുടെ നരകം.. ജമ്പ് എന്ന ആനിമേഷന്‍..ശോഭനാപരമേശ്വരന്‍ നായരെപ്പറ്റിയുള്ള ഡോക്യു..സിനിമയുടെ കാല്‍പ്പാടുകള്‍.....പിന്നെ ബിലാല്‍...
രാജേ.. അപ്പോള്‍ നന്നാവുന്നതേയുള്ളോ?

ഗുപ്തന്‍ said...

ആഹാ എന്റെ മഹത്തായ കണ്ടുപിടുത്തം കമന്റിലിട്ടാ ? പിന്നിലത്തെ കാരിയറിന്റെ പേര് തന്നെ കരിയറ്. അല്ലാണ്ടെന്ത്. അളിയാ കരിയറിലോട്ട് കേറളിയാ എന്നത് കേട്ട് അധികം കുളിരരുത്. സൈക്കിളിന്റെ പിന്നില്‍ കയറുന്ന കാര്യാണ്. മാന്ദ്യകാലമാണെന്ന് ഓര്‍മവേണം.

വെള്ളെഴുത്ത് എഴുതിവന്നത് വച്ചുനോക്കുമ്പോള്‍ കൂമങ്കടവ് പാലവുമായുള്ള കൂട്ടിക്കെട്ടല്‍ ചിന്തയുടെ ഒന്നാം പടിയും രണ്ടാം പടിയും കടന്ന് മലയാളിയുടെ സഹജമായ ദുരന്താഭിമുഖ്യവുമായുള്ള നീറ്റ് കോമ്പ്രമൈസ് ആണെന്ന് തോന്നി. ചിത്രം പരിഹസിക്കുന്നത് ആ ദുരന്താഭിമുഖ്യത്തെ തന്നെ അല്ലേ എന്നും. വഴിയിലെങ്ങാണും ആംബുലന്‍സിന്റെ ബഹളം കേട്ടാല്‍ അത് സ്വന്തം ശവം കൊണ്ടുപോകാന്‍ വന്നതാണെന്ന് സംശയിച്ച് കയ്യെത്തുന്നൊരു പൂ പറിച്ച് നെഞ്ചത്ത് വച്ച് വടിയായി കിടന്നുകളയും മലയാളി. അത്രക്കുണ്ട് ദുരന്തത്തിനു കീഴടങ്ങാനുള്ള കൊതി.

എക്സിസ്റ്റെന്‍ഷ്യല്‍ തേങ്ങാക്കൊലയൊക്കെ മൂന്നാം ലോകത്തേക്ക് കയറ്റിയച്ച് സായിപ്പ് ഗാംഗ് വാര്‍ മുതല്‍ കോസ്മിക് വാര്‍ വരെയുള്ള ആധുനിക പയറ്റുവിദ്യകളില്‍ ജീവിതാഭിമുഖ്യത്തിന് പുതിയ ഭാഷ്യങ്ങള്‍ എഴുതിത്തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. എന്നിട്ടും മലയാളി തലമുറ തലമുറ കൈമാറി അലക്കാതെയുടുക്കുന്ന കോണകമായ ആത്മാന്വേഷണം ചെന്നുതീരുന്നത് ആത്മഹത്യയിലാണ്. നല്ലൊരു ശതമാനത്തിന് സംഗതി നടപ്പിലാക്കാനുള്ള ധൈര്യമില്ലാത്തത് (നിര്‍)ഭാഗ്യം.

വാല്‍: വാര്‍ എന്നെഴുതിയത് മംഗ്ലീഷ് സ്ലാംഗ് ആണെന്ന് ഉള്ളിലൊരുത്തന്‍ ഇരുന്നു ചുരണ്ടുന്നു. രക്ഷയില്ലാശാനേ. മലയാളത്തില്‍ ഇംഗ്ലീഷ് എഴുതിയാല്‍ War and Peace ഉം whore and piece ഉം ഒന്നന്നെ!

ജാമ്യം : അവസാനം എഴുതിയ വാചകം അന്നാ കരെനീനയെക്കുറിച്ചാണെന്ന് വ്യഖ്യാനിച്ച് ഫെമിനിസ്റ്റോള് അടിക്കാന്‍ വരല്ല്. അല്ല.

Anonymous said...

ഗുപ്തോ,
ആ നെലവിളി ശബ്ദമിടോ.. എന്ന് ഉണ്ണൂണ്ണിച്ചായന്‍ നിലവിളിക്കണ അത്രേം വരോ ;)

ഇറ്റലീല്‍ എങ്ങനെണ്ട് സുഖം ?

Anonymous said...

ഇങ്ങള് ആഗ്നസ് വെര്‍ദേനെ കാണാതെ ഇത്തരം അലമ്പു പിടിച്ച് നടക്കാര്‍ന്നു, അല്ലേ?
ശ്മോശം

Anonymous said...

:)

Anonymous said...

ആഫ്:

എക്സിസ്റ്റെന്‍ഷ്യല്‍ തേങ്ങാക്കൊലയൊക്കെ മലയാളിയും ഉപേക്ഷിച്ചിട്ട് കാലം കുറെയായില്ലല്ലേ? ദുരന്താഭിമുഖ്യം ചുമ്മാ ജനറലൈസേഷന്‍. കാമ്പില്ല.

വെള്ളെഴുത്ത് said...

ശ്രീ പോര്‍ക്കിലീ ഭഗവതീ.. അനോനികള്‍ വര്‍ദ്ധിക്കുകയാണല്ലോ, ഒരു കാര്യവുമില്ലാതെ !എക്സിസ്റ്റന്‍ഷ്യം മലയാളി ഉപേക്ഷിച്ചെന്നൊക്കെ പറയാറായിട്ടില്ല. വരട്ടെ. പ്രതീകാത്മകമൂലധനം വിട്ടൊരു കളി നമുക്കിപ്പോഴും ഇല്ല. കീറിയ ഷര്‍ട്ടു തന്നെ ബ്രാന്‍ഡ്..
ആഗ്നസ് വെര്‍ദേനെ ഒരു നോക്ക് കണ്ടു.. ഇത്രയധികം പടങ്ങള്‍ വന്നു നിരന്നു നില്‍ക്കുമ്പോള്‍ റെട്രോ വേണോന്ന് ചിന്തിച്ച് ചിന്തിച്ച് വശം കെട്ട് കൈരളിയില്‍ തന്നെ വീണ്ടും ചെന്നു കയറി. നമുക്കതിനത്രമാത്രം സമയമില്ലല്ലോ..