June 25, 2009

ഏകവചനങ്ങളുടെ കൂടാരം 8


ഒരു ദശാബ്ദത്തിനു മുന്‍പ് തനിക്ക് ജന്മം നല്‍കിയ കൊട്ടാരം വിട്ട് അവള്‍ ഒരിടത്തും പോകാറുണ്ടായിരുന്നില്ല. സൃഷ്ടാവും പ്രിയതമനുമായ തന്റെ പുരുഷനു മുന്നില്‍ ഒരു യുവതിയായിട്ടാണ് അവള്‍ ജനിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയാണവള്‍, അദ്ദേഹം ജനിപ്പിച്ച കുഞ്ഞും. കൊട്ടാരത്തില്‍ നിന്ന് പുറത്തിറങ്ങിയാല്‍ അവളെ നിലനിര്‍ത്തുന്ന ആഭിചാരം തകരുമെന്ന് അവള്‍ ന്യായമായും സംശയിച്ചു. അവള്‍ ഇല്ലാതാവും. വിശ്വാസത്തിന്റെ ബലവുമായി ചക്രവര്‍ത്തി അവളോടൊപ്പം ഇതുപോലെ അവിടെയുമുണ്ടാവുമെങ്കില്‍ ചിലപ്പോള്‍ അവള്‍ നിലനില്‍ക്കും. പക്ഷേ ഒറ്റയ്ക്കാണെങ്കില്‍ അതിന് അവസരമില്ല. ഭാഗ്യത്തിന്, അവള്‍ക്ക് അവിടം വിട്ടുപോകാന്‍ ഒരാഗ്രഹവുമില്ല. ചുവരുകളും തിരശ്ശീലകളും അതിരിട്ട, കൊട്ടാരസമുച്ചയത്തിലെ പല മന്ദിരങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന സങ്കീര്‍ണ്ണമായ ഇടനാഴികള്‍ അവള്‍ക്കാവശ്യമുള്ള യാത്രയുടെ സാദ്ധ്യതകള്‍ മുഴുവന്‍ നിറവേറ്റിക്കൊടുത്തു. ഇതാണ് അവളുടെ ചെറിയ പ്രപഞ്ചം. മറ്റൊരിടവും കീഴടക്കി സ്വന്തമാക്കാനവള്‍ക്ക് താത്പര്യമില്ല. ബാക്കി ലോകം മുഴുവന്‍ മറ്റുള്ളവരുടേതായിരിക്കട്ടേ. ത്രസിച്ചുനില്‍ക്കുന്ന ഈ കല്‍ച്ചതുരം മാത്രം അവളുടേത്.

ജോധ ഭൂതകാലമില്ലാത്ത ഒരു സ്ത്രീയായിരുന്നു. ചരിത്രത്തില്‍ നിന്ന് വേറിട്ടവള്‍. തനിക്കായിമാത്രമുള്ള ചരിത്രത്തെ സന്തോഷത്തോടെ കൈയാളുന്നവള്‍. മറ്റു റാണിമാര്‍ വെറുപ്പോടെ എതിര്‍ത്തത് അതിനെയാണ്. അവള്‍ക്ക് സ്വതന്ത്രമായ നിലനില്‍പ്പുണ്ടോ എന്ന ചോദ്യം അവളുടെ ഇഷ്ടം നോക്കിയും അല്ലാതെയും പല തവണ ആവര്‍ത്തിക്കപ്പെട്ടു. ദൈവം സ്വന്തം സൃഷ്ടിയില്‍ നിന്ന് മുഖം തിരിച്ചാല്‍, മനുഷ്യന് - വെറും മനുഷ്യന് - അതു പൂര്‍ത്തിയാക്കാന്‍ കഴിയുമോ?

ചോദ്യത്തിന്റെ വിശാലവും സാമാന്യവുമായ അര്‍ത്ഥം അതാണെന്നു പറയാം. എങ്കിലും സ്വകാര്യവും സങ്കുചിതവുമായ അര്‍ത്ഥമായിരുന്നു അവളെ കൂടുതല്‍ അസ്വസ്ഥയാക്കിയത്. അവളെ ഉണ്മയിലേയ്ക്കു കൊണ്ടുവന്ന പുരുഷനില്‍ നിന്നും അവളുടെ മനസ്സ് സ്വതന്ത്രമായിരുന്നോ? അവളുടെ നിലനില്‍പ്പിന്റെ സാദ്ധ്യതകളെക്കുറിച്ച് അദ്ദേഹത്തിനുള്ള വിശ്വാസത്തിന് ഇളക്കം തട്ടാത്തതു കൊണ്ട് മാത്രമല്ലേ അവള്‍ ജീവിക്കുന്നത്? അദ്ദേഹം മരിച്ചാലും അവളുടെ ജീവിതം നീണ്ടുപോകുമോ?

തന്റെ ശ്വാസമിടിപ്പ് വര്‍ദ്ധിക്കുന്നതായി അവളറിഞ്ഞു. എന്തോ സംഭവിക്കാന്‍ പോവുകയാണ്. എങ്കിലും മനസ്സിന്റെ കരുത്തും ഉറപ്പും പെട്ടെന്ന് തിരിച്ചെത്തി. സംശയങ്ങള്‍ പറന്നകന്നു.
ആ....അദ്ദേഹം വരികയാണ്.

കൊട്ടാരസമുച്ചയത്തിനുള്ളില്‍ ചക്രവര്‍ത്തി കാലെടുത്തു വച്ചപ്പോള്‍ തന്നെ തന്റെ അടുത്തേയ്ക്ക് വന്നുകൊണ്ടിരിക്കുന്ന ആവശ്യങ്ങളുടെ ശക്തി അവള്‍ക്ക് അനുഭവിക്കാന്‍ കഴിഞ്ഞു. അതെ. എന്തോ സംഭവിക്കാന്‍ പോവുകയാണ്. ആ കാലൊച്ചകള്‍ അവള്‍ രക്തത്തില്‍ അറിഞ്ഞു. അടുക്കുന്തോറും വലുതായിക്കൊണ്ടിരിക്കുന്ന മട്ടില്‍ തന്നില്‍ അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞു. അവളായിരുന്നു അദ്ദേഹത്തിന്റെ കണ്ണാടി. അവളെ അദ്ദേഹം സൃഷ്ടിച്ചിരിക്കുന്നത് അങ്ങനെയാണ്. അവള്‍ അദ്ദേഹത്തിന്റെ ആവശ്യങ്ങളാണ്, എന്നാല്‍ അവള്‍ അവളുമാണ്. അങ്ങനെ സൃഷ്ടിയുടെ പ്രവര്‍ത്തനം ഇപ്പോള്‍ പൂര്‍ത്തിയാവുന്നത്. ചക്രവര്‍ത്തി നിര്‍മ്മിച്ച അവള്‍ സ്വതന്ത്രവ്യക്തിയാണ്. എന്തായിരിക്കണം എന്നും എന്താണ് ചെയ്യേണ്ടത് എന്നും സ്വഭാവത്തില്‍ എഴുതിവച്ചിട്ടുള്ള എല്ലാതിനെയും പോലെ , സ്വതന്ത്ര. ചോരത്തിളപ്പും വേഗവും കൊണ്ട് കരുത്തുറ്റവള്‍. അദ്ദേഹത്തിന് അവളിലുള്ള ശക്തി അപരിമിതമാണ്. ആകെ വേണ്ടത് സമ്പൂര്‍ണ്ണമായൊരു പൊരുത്തപ്പെടലാണ്. ഇതിനേക്കാള്‍ കൂടിയ ഐക്യത അവള്‍ക്കൊരിക്കലും അനുഭവപ്പെട്ടിട്ടില്ല. ഇരച്ചു പൊങ്ങിയ തിരമാലകള്‍ പോലെ സ്വന്തം പ്രകൃതം അവളില്‍ ഇരമ്പി നിന്നു. അവള്‍ വിധേയയല്ല. അദ്ദേഹം സമര്‍പ്പിതയായി കാല്‍ക്കല്‍ കിടക്കുന്ന പെണ്ണിനെ ഇഷ്ടപ്പെടുന്നില്ല.

അവള്‍ അദ്ദേഹത്തെ ശകാരിക്കും. ഇത്രനാള്‍ അകന്നു നില്‍ക്കാന്‍ എങ്ങനെ തോന്നി? അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ ഒരുപാട് തന്ത്രങ്ങളുമായി അവള്‍ക്ക് ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ട്. ഇവിടെ വിശ്വസിക്കാന്‍ കൊള്ളാവുന്നവരായി ആരുമില്ല. ഓരോ ചുവരും കുശുകുശുക്കല്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. എല്ലാവരെയും തോത്പിച്ച് ചക്രവര്‍ത്തി മടങ്ങി വരുന്ന ദിവസത്തിനായി അവള്‍ കൊട്ടാരം സുരക്ഷിതമാക്കി വച്ചു. വിശ്വാസഘാതകരായ ചെറിയ ജീവികളെ അവള്‍ തുരത്തി. ചുവരുകളില്‍ പറ്റിപ്പിടിച്ചിരുന്ന് ചാരപ്രവര്‍ത്തനം നടത്തുന്ന പല്ലികളെ വഴിതെറ്റിച്ചു. ഗൂഢാലോചനക്കാരായ എലികളുടെ പരക്കം പാച്ചിലുകളെ നിശ്ചലമാക്കി. ഇതൊക്കെ ചെയ്ത് ചെയ്ത് അവള്‍ തളര്‍ന്നു. അതിജീവനത്തിനുവേണ്ടിയുള്ള വെറും യുദ്ധം പോലും അവളുടെ മനസ്സിന്റെ മുഴുവന്‍ ശക്തിയുടെയും അഭ്യാസം ആവശ്യപ്പെടുന്നുണ്ട്. മറ്റു റാണിമാര്‍... ഇല്ല.. അവള്‍ മറ്റു റാണിമാരെക്കുറിച്ച് പറഞ്ഞുകൂടാ. മറ്റു റാണിമാര്‍ നിലനില്‍ക്കുന്നില്ല. അവള്‍ മാത്രമാണ് സത്യം. അവളും ഒരു മന്ത്രവാദിനിയായിരുന്നു. തനിക്കായി മാത്രമുള്ള മായാവിനി.

അവള്‍ക്ക് രസിപ്പിക്കാന്‍ ഒരാളുമാത്രമേയുള്ളൂ‍. അദ്ദേഹം ഇതാ ഇവിടെയാണ്. മറ്റു റാണിമാരുടെ അടുത്തേയ്ക്ക് അദ്ദേഹം പോകുന്നില്ല. തനിക്ക് സന്തോഷം തരുന്നതിലേയ്ക്ക് അദ്ദേഹം വരുന്നു. അവള്‍ക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ ദാഹമാണ് അവള്‍. അവള്‍ മുഴുവനായും അദ്ദേഹത്തിന്റെ ദാഹമാണ്. അവളാണ്, അദ്ദേഹത്തിന്റെ ആവശ്യങ്ങളുടെ കൈവശാവകാശക്കാരി. അവള്‍ക്ക് അറിയാന്‍ വയ്യാത്തതായി അദ്ദേഹത്തില്‍ ഒന്നുമില്ല.

വാതിലു തുറന്നു. അവളുടെ ജീവിതം തുടരും. അവള്‍ അനശ്വരയാണ്. കാരണം പ്രണയം കൊണ്ടാണ് അവളെ നിര്‍മ്മിച്ചിരിക്കുന്നത്.

- സല്‍മാന്‍ റഷ്ദി
Post a Comment